അസഹിഷ്ണുതയുടെ മെഴുകുരൂപങ്ങൾ (കഥ)

6973 Views

വാരാന്ത്യത്തിലെ ഒരു സായാഹ്നം.

നഗരത്തിലെ  ആഡംബരകെട്ടിടത്തിലെ ഒരു ഫ്ലാറ്റിൽ അഞ്ചു സ്ത്രീകൾ ഒത്തുകൂടിയിട്ടുണ്ട്. എല്ലാവരും ചിരപരിചിതർ. എന്തൊക്കെയോ ചില ദുഃഖങ്ങൾ മറക്കാൻ ഒന്നിച്ചു കൂടിയതാണെന്നു അവരുടെ മുഖം പറയുന്നുണ്ട്.

അവിടെ അസഹിഷ്ണുതയുടെ ദുർഗന്ധം വമിക്കുന്നു.

അവരുടെ വസ്ത്രങ്ങൾ വില കൂടിയതായിരുന്നു. ഉപയോഗിച്ചിരുന്ന സൗന്ദര്യ വർധക വസ്തുക്കൾ ബ്രാൻഡഡ് ആയിരുന്നു. ചായം തേച്ചു ചുളിവ് മാറ്റിയ മുഖങ്ങളിൽ സന്തോഷത്തിന്റെയും ചിരിയുടെയും കൃത്രിമത്വം നിറഞ്ഞു കാണുന്നു.

വിലകൂടിയ  സുഗന്ധം വമിക്കുന്ന  വോഡ്ക മദ്യം അവർക്കു മധ്യത്തിൽ സ്പടിക ഗ്ളാസുകളിൽ നിറഞ്ഞിരിക്കുന്നു.

എല്ലാവരും ഒന്നിച്ചൊരു ചിയേർസ് പറഞ്ഞാൽ  തുടങ്ങാമായിരുന്നു.

“ചിയേർസ്”.

അഞ്ചു പേരും അഞ്ചു തരത്തിൽ പറഞ്ഞപ്പോൾ അതിൽ ഒരു പൊരുത്തം തോന്നിയില്ല. എന്നാലും അഞ്ചിൽ നാലുപേരും  ഗ്ലാസ് ചുണ്ടോടു ചേർത്ത്‌ ആദ്യ ‘സിപ്’ കുടിച്ചത്  ഒരേ സമയത്തായിരുന്നു. ഒരു നിമിഷത്തിന്റെ പോലും വൈകിപ്പിക്കൽ ആർക്കും ഉണ്ടായില്ല. ക്ഷമാശീലത്തിന് പേരുകേട്ട സ്ത്രീകൾ അവിടെ തീരെ ക്ഷമ കാണിക്കാത്തതുപോലെ തോന്നിച്ചു.

“നോക്കണം ഹേമ, ഇത് ഇടയ്ക്കു കുറച്ചു കഴിക്കുന്നതിൽ ഒരു പ്രശ്നവും ഇല്ല”. വോഡ്ക പതുക്കെ നുണഞ്ഞു കുടിക്കുന്നതിനിടയിൽ ഡെയ്സി പറഞ്ഞു.

ഹേമ ചെറുപ്പമാണ്. അവളുടെ അമ്മയുടെ കൂട്ടുകാരികൾ ആയിരുന്നു ആ നാല് പേരും. അറുപതു കടന്ന വൃദ്ധകൾ. അമ്മ മരിച്ചപ്പോൾ ഹേമ അവർക്കു കൂട്ടുകാരിയായി. ഹേമയുടെ വിവാഹം കഴിഞ്ഞു മൂന്നു വർഷങ്ങൾ ആയി. ഹേമ അറിയപ്പെടുന്ന ഒരു വക്കീൽ കൂടിയാണ്.

“വേണ്ട ചേച്ചി. നിങ്ങൾ കഴിച്ചോളൂ”. ഹേമ സ്നേഹത്തോടെ നിരസിച്ചു.

“കുറച്ചു ചിക്കൻ കുരുമുളക് ചേർത്ത് പൊരിക്കാൻ വെച്ചിട്ടുണ്ട്.  പിന്നെ രാജാമണി ചേച്ചി ഓർഡർ ചെയ്ത പിസ വരാനുമില്ലേ”. ഹേമ ഓർമിപ്പിച്ചു.

ഡെയ്‌സിയുടെ ഭർത്താവു  ആർമിയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥൻ ആയിരുന്നു. ഇപ്പോൾ കുറെ നായ്ക്കളെയും നോക്കി വീട്ടിൽ തന്നെ ഇരിക്കുന്നു. ചെവിയും കണ്ണുമെല്ലാം പിന്നോട്ടാണ്. മക്കൾ ഇല്ല. ഭർത്താവ് പട്ടികളെയും, ഡെയ്‌സി ഡെയ്‌സിയേയും നോക്കി ദിവസങ്ങൾ തള്ളി നീക്കുന്നു. വീട്ടിലിരുന്നാൽ ആരോടും ഒന്നും പറയാനില്ല. ചെവി കേൾക്കാത്ത കേണലിനോട് എന്ത് പറയാൻ. ഒരു വേലക്കാരി വന്നു ഭക്ഷണമെല്ലാം ഉണ്ടാക്കി വെച്ച് പോകും. തോന്നുമ്പോൾ എടുത്തു കഴിക്കും. ചിലപ്പോൾ കഴിക്കില്ല. കേണൽ പട്ടികളോട്  ഉച്ചത്തിൽ സംസാരിക്കും, ചിരിക്കും, ആജ്ഞാപിക്കും, ചിലപ്പോൾ തോക്കെടുത്തു പേടിപ്പിക്കുകവരെ ചെയ്യും. പക്ഷെ ഡേയ്സിയോട് ഒന്നും പറയാറില്ലത്രേ.

“ഇഞ്ചിനീരിന്റെ വോഡ്ക  ആണ്. വയറിലെ ഗ്യാസിനും നല്ലതാ. ഞാനും കേണലും പണ്ട് ഗോവയിൽ ആയിരുന്ന സമയത്തു ഇടയ്ക്കിടെ കുടിക്കാറുണ്ടായിരുന്നു.  ഹേമ,  നോക്ക് ഇത് ഒരു മരുന്നായി മാത്രം കണ്ടാൽ മതി”.  ഡെയ്സി അടുത്ത ‘സിപ്പി’നായി ഗ്ലാസ് വീണ്ടും എടുത്തു.

“എന്നിട്ടും ഡെയ്‌സി, നിന്റെ ഹസ്സിനു ഗ്യാസിന് കുറവൊന്നുമില്ലല്ലോ, ആ നായ്ക്കളെ സമ്മതിക്കണം അല്ലെ, അതുങ്ങളുടെ കുര അതിനേക്കാൾ ഭേദമാണ്”.  പറഞ്ഞത് മല്ലിക.

വൃദ്ധകൾ പൊട്ടിച്ചിരിച്ചു.

 “ശരിയാണ് മല്ലികേ, ശരിയാണ്. മല്ലിക പറഞ്ഞത് ശരി തന്നെ”. ചിരിക്കിടയിൽ  വോഡ്ക താഴെ പോകാതെ ഡെയ്സി രണ്ടു കൈ കൊണ്ടും ഗ്ലാസ് മുറുക്കെ പിടിച്ചു.

“ഡെയ്സി ചേച്ചി പറയുന്നത് ശരി തന്നെ. പക്ഷെ എന്തോ എനിക്ക് കുടിക്കാൻ തോന്നുന്നില്ല ചേച്ചി. പിന്നെ മോഹനൻ ചേട്ടന് അതിഷ്ടവുമില്ല”. ഹേമയുടെ ഭർത്താവു മോഹനൻ കഴിഞ്ഞ മൂന്നു വർഷങ്ങളായിട്ടു അമേരിക്കയിൽ ആണ്. ഹേമയെ വിവാഹം ചെയ്തു പോയതിനു ശേഷം അയാൾക്ക് നാട്ടിലേക്ക് വരാൻ സാധിച്ചിട്ടില്ല.

മല്ലിക അറിയപ്പെടുന്ന ഒരു നടി ആണ്.  രണ്ടു കല്യാണം കഴിച്ചു പിരിഞ്ഞു. മകൻ ഒരാളുള്ളത് ഇടക്കെപ്പോഴെങ്കിലും അമ്മയെ കാണാൻ എത്താറുണ്ടെന്നു മല്ലിക പറയാറുണ്ട്. പക്ഷെ അത് പണം വാങ്ങാൻ വേണ്ടി മാത്രമാണെന്നാണ് ആ ഫ്ലാറ്റിൽ ഉള്ള സകലരും പറയുന്നത്. മകൻ വരുന്ന ദിവസങ്ങളിൽ അവരുടെ വീട്ടിൽ നിന്ന് നല്ല ബഹളം കേൾക്കാറുണ്ടെന്നു അയൽവാസികൾ പറയാറുണ്ട്.  ഒരിടക്ക് കുറെ ഓടി നടന്നു അഭിനയിച്ചിരുന്നു. അന്ന് കുടുംബം നോക്കാതെ പൈസക്ക് വേണ്ടി പാഞ്ഞു. ഇപ്പോൾ ആ ഫ്ലാറ്റിൽ ഒറ്റയ്ക്ക്. മുട്ടുവേദന അധികമാണ്. നടക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടുതന്നെ ആരും ഇപ്പോൾ അഭിനയിക്കാൻ വിളിക്കുന്നില്ല.

 “വഴക്കുണ്ടാക്കാനെങ്കിലും ആ ചെക്കനൊന്നു വന്നാൽ മതിയായിരുന്നു”. ആരോടെന്നില്ലാതെ മല്ലിക പറഞ്ഞു,

“ഇത് നമ്മുടെ സങ്കടങ്ങൾ പറയാനുള്ള വേദിയല്ല മല്ലിക ചേച്ചി”. ഹേമ ഓർമ്മിപ്പിച്ചു.

ഒരു കൂട്ടച്ചിരി.

രാജാമണി തന്റെ തടിച്ച ശരീരവും വച്ച് കുലുങ്ങി ചിരിക്കുന്നു.

ചിരിക്കിടയിൽ എല്ലാവരുടെയും ഗ്ലാസ്സുകളിൽ രാജാമണി അടുത്ത ‘പെഗ്’ ഒഴിച്ചു.  രാജാമണിയാണ് അളവൊപ്പിച്ചു ഒഴിക്കുന്നതിൽ പഴക്കമുള്ളവൾ. ഒട്ടുപോലും ആർക്കും കൂടുകയുമില്ല, കുറയുകയുമില്ല. വിരുന്നു തുടങ്ങിയാൽ ഇരിക്കുന്ന രാജാമണി പിന്നെ എല്ലാം കഴിഞ്ഞേ അവിടുന്ന് എഴുന്നേൽക്കുള്ളു. ഇരിക്കാനും, എഴുന്നേൽക്കാനും ഒരാളുടെ സഹായം വേണമെന്ന് മാത്രം.

രാജാമണി നഗരത്തിലെ പ്രശസ്തയായ ഒരു ഗൈനക് ആയിരുന്നു. ആവുന്ന കാലത്തു കൈക്കൂലി വാങ്ങുന്നതിൽ ഒരു മടിയുമുണ്ടായില്ല. ഭർത്താവും ഡോക്ടർ ആയിരുന്നു. മരിച്ചുപോയി. മകൻ അമേരിക്കയിൽ ഡോക്ടർ ആണ്. ഇടക്കെപ്പോഴെങ്കിലുമുള്ള ഫോൺ വിളി ഒഴിച്ചാൽ മകനും അമ്മയും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് പറയാം. സഹായത്തിനു ഒരു അകന്ന ബന്ധു കൂടെയുണ്ട്.

“എവിടെ, പവിഴത്തിന്റെ ഗ്ലാസ് വന്നില്ലല്ലോ, കാലിയാക്കി വേഗം വെക്കു. അല്ലെങ്കിലും പവിഴം ഈയിടെയായി കുറച്ചു പിന്നോട്ടാണല്ലോ.” രാജാമണി ചിരിച്ചുകൊണ്ട് പറഞ്ഞു. ചിരിക്കിടയിൽ അവർ കിതക്കുന്നുമുണ്ടായിരുന്നു. “ഇന്ന് മകൻ വിളിക്കുമോ. അറിയില്ല. ഇപ്പോൾ വിളിച്ചിട്ടു ഒരു മാസമാവുന്നു. താൻ വിളിച്ചാലോ, അവൻ ഓരോ തിരക്കിലുമായിരിക്കും”. രാജാമണി ആലോചിച്ചു.

‘അമ്മ എപ്പോഴും എന്നെ വിളിക്കണ്ട, ഞാൻ ഫ്രീ ആകുമ്പോൾ അമ്മയെ വിളിക്കാം.” അവസാനം  പറഞ്ഞത് അങ്ങിനെ ആയിരുന്നു.

“ഹ, അവനു സൗകര്യം കിട്ടുമ്പോൾ വിളിക്കട്ടെ”. രാജാമണി ചിരിക്കിടയിൽ പറഞ്ഞത് ആരും കേട്ടില്ല.

രാജാമണി വീണ്ടും വീണ്ടും പൊട്ടി ചിരിച്ചു, വെറുതെ.

പവിഴം ഒറ്റയിറക്കിന് കുടിച്ചു ഗ്ലാസ്സ് രാജാമണിയുടെ മുന്നിൽ വെച്ചു. ഇല്ലെങ്കിൽ ഒരു ‘റൌണ്ട്’ താൻ അവർക്കു പിന്നിൽ ആയിപ്പോകും.

“ഹോ,  പതുക്കെ മതി പവിഴം. അവളുടെയൊരു തിരക്കേ”. ഡെയ്‌സി പൊട്ടിചിരിച്ചുകൊണ്ടു പറഞ്ഞു. “ഇത് നമുക്കുള്ളതല്ലേ, നമുക്ക് മാത്രം”. വോഡ്ക കുപ്പിയെ പതിയെ തലോടി ആശ്വാസത്തോടെ  ഡെയ്‌സി പറഞ്ഞു.

പവിഴമല്ലി ഐ എ എസ് എന്ന് കേട്ടാൽ ഒരു കാലത്തു എല്ലാവർക്കും ബഹുമാനമായിരുന്നു. ഉദ്യോഗത്തിനോടുള്ള ആത്മാർത്ഥതയിൽ ജീവിതം പോലും വേണ്ടെന്നു വെച്ചവൾ.  ബഹുമതികളും, പ്രശംസകളും ആവോളം ലഭിച്ച ജീവിതം. തമിഴ്‌നാട്ടിലെ ഒരു ടൗണിൽ നിന്നും വന്നു കേരളത്തിൽ തന്നെ ജീവിക്കാമെന്ന് തീരുമാനിച്ച പവിഴം പക്ഷെ ജോലിയിൽ നിന്നും വിരമിപ്പിച്ചപ്പോൾ ഒറ്റപ്പെട്ടുപോയി. ഇപ്പോൾ ഈ കൂട്ടുകാരികൾ മാത്രമാണ് അവർക്കു സ്വന്തമായുള്ളത്.

“കളിയാക്കാതെ ഡെയ്സി, നിന്നെയൊക്കെ വിശ്വസിച്ചിരുന്നാൽ എന്റെ ‘കോട്ട’ എനിക്ക് മിസ്സ് ആകും”. വലിയ വായിൽ ചിരിച്ചു കൊണ്ട് പവിഴം എല്ലാവരും കേൾക്കെ പറഞ്ഞു.

ഇപ്പോഴും ഉടയാത്ത ശരീരം ആയിരുന്നു പവിഴത്തിനു.  ശബ്ദത്തിനുമാത്രം ഒരു വലിവ് വന്നപോലെ. ചെറിയ ഒരു ശ്വാസം മുട്ടൽ.  “അല്ലെങ്കിൽ തന്നെ ഞാനെന്തിന് പിന്നിലാവണം. ഇത് കുടിച്ചാൽ കുറച്ചെങ്കിലും സമാധാനമായി ഒന്ന് കിടന്നുറങ്ങാം”. ചിരിക്കിടയിലൂടെ പവിഴം മനസ്സിൽ പറഞ്ഞു.

“ഹേമ, ചിക്കനിൽ കുറച്ചു കുരുമുളകുകൂടി കൂടി ആവാമായിരുന്നു. എനിക്കാണെങ്കിൽ കുറച്ചു എരുവും, പുളിയുമൊക്കെ നിർബന്ധമാ. അടുത്ത തവണ ഞാൻ കുറച്ചു ബീഫ് പച്ച കുരുമുളക് ചേർത്ത് നന്നായി ഉലത്തിയെടുക്കാം. നല്ല കറുത്ത നിറത്തിൽ. രാജാമണിക്കു അത് നല്ല ഇഷ്ടമാ അല്ലെ”. പരിമളം ഒരു പ്രത്യേക താളത്തിൽ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഡൈ ചെയ്തു കറുപ്പിച്ച തലമുടി മുടി ആരും കാണാതെ പരിമളം  ചൊറിഞ്ഞു.

“നിന്റെ താരൻ മാറിയില്ലെടി പരിമളം”.  രാജാമണി ചോദിച്ചു.

“നല്ല കുറവുണ്ട് രാജാമണി. എന്നാലും കുളിക്കാത്ത ദിവസങ്ങളിൽ നല്ല ചൊറിച്ചിലാ”. പരിമളം പറഞ്ഞു.

“അപ്പോൾ നീ ഒരിക്കലും കുളിക്കാറില്ലേ പരിമളം”. ഡെയ്സി ചോദിച്ചിട്ടു ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു.

അവിടെ കൂട്ടച്ചിരി മുഴങ്ങി.

ഹേമയുടെ ചിരി ആരും കാണില്ല, കേൾക്കില്ല. കൈകൾ മുഖത്ത് മറച്ചുപിടിച്ചു നാണത്തോടുകൂടി തല കുനിച്ചു പിടിച്ചു ചിരിക്കുകയാണോ, കരയുകയാണോ എന്നറിയാൻ പ്രയാസം.

പരിമളം അറിയപ്പെട്ടിരുന്ന ഒരു ഫാഷൻ ഡിസൈനർ ആയിരുന്നു. കഠിനാധ്വാനത്തിലൂടെ സ്വന്തം പേര് നേടിയെടുത്ത ഒരു ട്രാൻസ്‌ജെൻഡർ. ബോളിവുഡിൽ സ്വന്തമായി ഒരു ഐഡന്റിറ്റി അവർക്കുണ്ടായിരുന്നു. നാട്ടിൽ വന്നു എന്തെങ്കിലും ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമാകാനായിരുന്നു ആഗ്രഹം. പക്ഷെ ഇവിടെ ഇപ്പോഴും തന്നെ താനായി കാണാൻ ശ്രമിക്കാത്ത ഒരു കൂട്ടം ജനങ്ങൾ ആണ് ഉള്ളതെന്ന് അവർ മനസ്സിലാക്കി. പതുക്കെ പതുക്കെ തന്റെ ഫ്ലാറ്റിന്റെ ചുമരുകൾക്കുള്ളിൽ ഒതുങ്ങി വരുമ്പോഴാണ് അപ്രതീക്ഷിതമായി ഈ കൂട്ടുകെട്ടിലെത്തിയത്. ഹേമയുടെ അമ്മയാണ് പരിമളത്തെ ഈ ഗ്രൂപ്പിൽ പരിചയപ്പെടുത്തിയത്.  പരിമളത്തെ എല്ലാവർക്കും ഇഷ്ടവുമാണ്. ഹേമക്കു അമ്മയോടുള്ള സ്നേഹമാണ് പരിമളത്തോടുള്ളത്. പരിമളത്തിനു ഹേമ സ്വന്തം മകളെപ്പോലെയും. തനിക്കു നഷ്ടപ്പെട്ടുപോയ പരിഗണന ഇപ്പോൾ ലഭിക്കുന്നു. പരിമളം ഹാപ്പിയാണ്.

“ഒന്ന് നിർത്തുന്നുണ്ടോ എന്റെ ഡെയ്സി. ഇങ്ങനെ ചിരിച്ചാൽ തൊണ്ട വേദനയാകില്ലേ”. ഡെയ്സിയുടെ തുടയിൽ പതുക്കെ അടിച്ചു പരിമളംചിരിച്ചു കൊണ്ട്  പറഞ്ഞു.

ആരും കാണാതെ തല ചൊറിയാൻ ശ്രമിച്ച പരിമളം കൈവിരലുകളിലെ നഖങ്ങൾ ചേർത്ത് അമർത്തി മാന്തി.

എല്ലാവരും പൊട്ടിച്ചിരിച്ചു. പരിമളവും.

ചകിരിനാരുപോലെ കിടക്കുന്ന മുടികൾക്കിടയിലൂടെ വെളുത്ത താരൻ പരിമളത്തിന്റെ വോഡ്ക ഗ്ലാസ്സിലേക്കു വീഴുന്നത് കണ്ടപ്പോൾ ഹേമയുടെ ചിരി നിന്നു.

“സുലോചന ഉണ്ടായിരുന്നെങ്കിൽ” പരിമളം മനസ്സിൽ പറഞ്ഞു. ഹേമയുടെ അമ്മയായിരുന്നു സുലോചന. പരിമളം ആത്മഹത്യയുടെ വക്കിൽ എത്തി നിൽക്കുമ്പോഴാണ് സുലോചനയെ കാണുന്നത്. പരിമളത്തെ അവർ അനിയത്തിയെ പോലെയാണ് കണ്ടത്. സുലോചനയെപ്പറ്റി ഓർക്കുമ്പോഴൊക്കെ പരിമളത്തിന്റെ കണ്ണ് നിറയാറുണ്ടായിരുന്നു.

ഗ്ലാസിലെ ബാക്കി വന്ന വോഡ്ക പരിമളം ഒറ്റവലിക്ക് കുടിച്ചു.

“തന്റെ കുടുംബത്തിലുള്ളവരേക്കാൾ എത്ര നല്ലവരാ ഇവർ”, പരിമളം പൊട്ടിച്ചിരിക്കിടയിൽ ഓർത്തു. “എന്തൊക്കെ അനുഭവിച്ചു, സഹിച്ചു. തെറ്റ് എന്റേതായിരുന്നോ”. അവൾ മനസ്സിൽ ചോദിച്ചു.

ഹേമ പരിമളത്തിന്റെ പിന്നിൽ വന്നു തോളിൽ അമർത്തി പിടിച്ചു. അവൾ കണ്ടിരുന്നു പരിമളത്തിന്റെ കണ്ണുകൾ നിറയുന്നത്. പരിമളം ഗ്ലാസ്, ടേബിളിൽ വെച്ചിട്ടു രണ്ടു കൈകൾ കൊണ്ടും ഹേമയുടെ കൈകൾ പിടിച്ചു.  ഹേമ തന്റെ താടി പരിമളത്തിന്റെ തലയിൽ മുട്ടിച്ചു കുനിഞ്ഞു നിന്നു ആരും കേൾക്കാതെ പറഞ്ഞു,”മമ്മി, കരയരുത്”. ഹേമ പരിമളത്തെ മമ്മി എന്നായിരുന്നു വിളിച്ചിരുന്നത്.

“തലേ ദിവസത്തെ പുളിച്ച കഞ്ഞിവെള്ളം തലയിൽ പിടിപ്പിച്ചു കുളിച്ചാൽ മതി.” വോഡ്ക ഒരിറക്ക് കുടിച്ചു പവിഴമല്ലി പറഞ്ഞു.

എണ്ണതേച്ചു അമർത്തി ചീകിയൊതുക്കി അതിനു മുകളിൽ മുല്ലയും, കനകാംബരവും കൂട്ടിപിന്നിയ ഒരു മുഴം മാലയും ചുറ്റി കറുത്ത് മെലിഞ്ഞു നീണ്ട  പവിഴമല്ലി തന്റെ വെറ്റിലക്കറ പിടിച്ച പല്ലു കാൺകെ ഉറക്കെ പറഞ്ഞു. “ഞാനും ആഴ്ചയിലൊരിക്കലെ തല നനക്കു. പക്ഷെ എന്നെ കണ്ടാൽ പറയുമോ. നോക്ക് ഹേമേ, എന്നും കുളിക്കാൻ എനിക്കും മടിയാ”. ഐ എ എസ് ജാടയൊന്നുമില്ലാതെ പവിഴം ബാക്കി വന്ന വോഡ്ക കുടിച്ചു ഗ്ലാസ് രാജാമണിക്കു മുന്നിലേക്ക് നീക്കിവെച്ചു.

ഹേമയൊഴികെ എല്ലാവരും വെറുതെ പൊട്ടിച്ചിരിച്ചു, എന്തിനെന്നറിയാതെ.

“എടി രാജാമണി, നീ പുതിയ മൊബൈൽ വാങ്ങിയെന്നു പറഞ്ഞിട്ട്, എവിടെ കാണിച്ചില്ലല്ലോ”. ചോദിച്ചത് മല്ലിക.

രാജാമണി ബ്ലൗസിനിടയിൽ തിരുകിവെച്ച പുതിയ മൊബൈൽ എടുത്തു ഉയർത്തിക്കാട്ടി. “നോക്ക് മല്ലിക, കഴിഞ്ഞ ആഴ്ചയാണ് വാങ്ങിയത്. മോൻ അമേരിക്കയിൽ നിന്നു കാഷ് അയച്ചു തന്നിട്ട് അമ്മക്ക് ഇഷ്ടമുള്ളത് വാങ്ങാൻ പറഞ്ഞു. എനിക്കാണെങ്കിൽ ഇതിനെ പറ്റി ഒന്നും അറിയില്ലെന്ന് നിങ്ങൾക്ക് അറിയാമല്ലോ. എന്റെ ഓപ്പോസിറ്റ് ഫ്ളാറ്റിലെ  ആ പ്രൊഫസറുടെ മകളില്ലേ, അവളാണ് വാങ്ങി കൊണ്ട് തന്നത്.  ഫോൺ വന്നാൽ എങ്ങിനെ എടുക്കണം എന്നത് മാത്രം ഇപ്പോൾ അറിയാം.” ഒരുകാലത്തു ഒരുപാട് ‘പേറുകൾ’ തന്റെ കൈകൊണ്ടു എടുത്ത രാജാമണി ഒരു കുഞ്ഞിനെയെടുക്കുന്ന  കരുതലോടെ മൊബൈൽ  വീണ്ടും ബ്ലൗസിനിടയിൽ തിരുകി അടുത്ത റൌണ്ട് ഒഴിക്കാനായി തിരക്ക് കൂട്ടി. മല്ലിക അതൊന്നു നോക്കാമെന്നു കരുതി നീട്ടിയ കൈ ആരും കാണാതെ പിൻവലിച്ചു.

“നോക്ക് ഹേമ”, ഡെയ്സി എന്തോ കാര്യമായി ചോദിക്കാനെന്നമട്ടിൽ ഗ്ലാസിലെ വോഡ്ക വലിച്ചു കുടിച്ചു.

“നിന്റെ ഹസ്സ്‌ വരാറായില്ലേ. അവൻ മാരിയേജ് കഴിഞ്ഞു പോയിട്ട് മൂന്നു വർഷം കഴിഞ്ഞല്ലോ. വേറെ എന്തെങ്കിലും പ്രശ്നമുണ്ടോ ഹേമ. സുലോചനയുടെ സ്ഥാനത്തല്ലേ നിനക്ക് ഞങ്ങൾ”.  എല്ലാ ആഴ്ചയിലും ഇതുപോലെ ഒരു ചോദ്യം ഹേമ പ്രതീക്ഷിക്കാറുണ്ടായിരുന്നു. ആ വൃദ്ധകളെ സങ്കടപ്പെടുത്താൻ ഹേമക്കു ഇഷ്ടമുണ്ടായിരുന്നില്ല.

ഹേമയുടെ മുഖത്ത്  ഉണ്ടാക്കിവെച്ചിരുന്ന പ്രസരിപ്പ് അറിയാതെ ഒന്ന് മങ്ങി. എന്നാലും അത് പുറത്തു കാണിക്കാതെ അവൾ പറഞ്ഞു,” ശരിയാ ഡെയ്സി ചേച്ചി,  ഇന്നലെ വിളിച്ചപ്പോളും പറഞ്ഞു. അവിടെ മൂപ്പരാണ് എല്ലാം നോക്കി നടത്തുന്നത്. അവിടുന്ന് മാറി നിന്നാൽ എല്ലാം തകിടം മറിയും. അടുത്തകൊല്ലം അവിടേക്കു പോകാം എന്നാ മോഹനൻ ചേട്ടൻ പറയുന്നത്. നിങ്ങളെ ഓരോരുത്തരേയും പേരെടുത്തു മോഹനൻ ചേട്ടൻ ചോദിച്ചിരുന്നു. “

ഹേമ ഒരു ചിരി വരുത്തിയമട്ടിൽ പറഞ്ഞു.

ഹേമയുടെ അമ്മ  സുലോചന ജഡ്ജിയായി വിരമിച്ച  സ്ത്രീയായിരുന്നു. അച്ഛൻ ഒരു താഴ്ന്ന കുടുംബത്തിലെ വക്കീലും. ആറുകൊല്ലം സ്നേഹിച്ചാണ് അവർ വിവാഹം ചെയ്തതെങ്കിലും  രണ്ടു കൊല്ലം ജീവിച്ചു അവർ പിരിഞ്ഞു. ഹേമ അമ്മയുടെ കൂടെയാണ് വളർന്നത്.  അച്ഛൻ മരിച്ചു എന്ന് മാത്രമറിയാം. അമ്മക്ക് പറ്റിയ അബദ്ധം മോൾക്ക് ഉണ്ടാവരുതെന്നു വാശിയായിരുന്നു സുലോചനക്ക്. നല്ല കുടുംബത്തിൽ നിന്നും ഒരു ചെക്കനെ കണ്ടുപിടിച്ചു വിവാഹം ചെയ്യിപ്പിച്ചു. അതായിരുന്നു ആ  അമ്മ ഹേമയോട് ചെയ്ത തെറ്റും.

അയാൾക്ക് അമേരിക്കയിൽ ഒരു ഭാര്യയും രണ്ടു മക്കളും ഉണ്ടെന്ന സത്യം അറിയുന്നതിന് മുൻപേ സുലോചന മരിച്ചു. ഹേമ അത് എല്ലാവരിൽ നിന്നും രഹസ്യമാക്കി വെച്ചു.

എന്നാലും മോഹനനെ അവൾ ഇഷ്ടപ്പെടുന്നു. സ്വന്തം എന്ന് പറയാൻ പേരുകൊണ്ട് അയാൾ മാത്രമേ ഉള്ളു. അതുകൂടി നഷ്ടപ്പെടരുത് എന്നവൾക്കാഗ്രഹം ഉണ്ട്.

വിവാഹം കഴിഞ്ഞ അന്ന് തന്നെ മോഹനൻ ആ രഹസ്യം ഹേമയോട് പറഞ്ഞിരുന്നു. “വീട്ടുകാരുടെ നിർബന്ധത്തിനു വേണ്ടി മാത്രമാണ്  ഹേമയെ വിവാഹം ചെയ്തത്. എന്നോട് ക്ഷമിക്കണം.”

ഹേമ കരഞ്ഞില്ല. അവൾ ആരോടും പറഞ്ഞില്ല. പറയാമായിരുന്നു. പക്ഷെ അമ്മയെ ഒരു പരാജിതയായി കാണാൻ ഹേമ ഇഷ്ടപ്പെട്ടിരുന്നില്ല. മോഹനൻ ലീവ് കഴിഞ്ഞു തിരിച്ചുപോയി.

വാക്കുകൊണ്ടോ, നോട്ടംകൊണ്ടോ, സ്പര്ശനം കൊണ്ടോ അയാൾ ഹേമയുടെ ചാരിത്ര്യം കവർന്നില്ല. രണ്ടുപേരും തമ്മിലുള്ള ഒരു പരസ്പരധാരണയിൽ ആരും അറിയാതെ ഒളിപ്പിച്ചുവെച്ച ആ രഹസ്യവും ഉള്ളിൽ വെച്ചുകൊണ്ട് ഹേമ ഒറ്റയ്ക്ക് താമസിക്കുന്നു.

എന്നും സുമംഗലിയായിരിക്കാനുള്ള അത്യാഗ്രഹം.

“നോക്ക് ഹേമ, ഇടയ്ക്കു ഇതൊരു ഗ്ലാസ് കുടിച്ചാൽ ഒരു റിലാക്സ് ആണ്. അവൻ അവിടെയിരുന്നു പൈസ ഉണ്ടാക്കട്ടെ. നീയെന്തിനാണ് നിന്റെ സുഖങ്ങൾ വേണ്ടെന്നു വെക്കുന്നത്. മാത്രമല്ല മോഹനൻ ചേട്ടൻ വരുമ്പോൾ ഒരു കോഫി  വോഡ്ക കൊണ്ടുവരാൻ കൂടി പറയണം.” പവിഴമല്ലി  കുടിക്കുന്നതിനിടയിൽ ഹേമയോട് പറഞ്ഞു.

ഹേമ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

വൃദ്ധകൾ ഉച്ചത്തിൽ പൊട്ടി ചിരിച്ചു.

ഹേമ മൊബൈലിലിൽ പതുക്കെ തലോടി. ഒരു മെസ്സേജ് വന്നതിന്റെ ടോൺ അവിടെ മുഴങ്ങി. ഹേമ അത് വായിച്ചു.

“ഡൈവേഴ്‌സ് പെറ്റീഷൻ അയക്കുന്നു. ദയവു ചെയ്തു കൈപ്പറ്റണം. ഇല്ലെങ്കിൽ എന്റെ കുടുംബം എനിക്ക് നഷ്ടപ്പെടും.” . മോഹനൻറെ മെസ്സേജ് ആയിരുന്നു.

“ഹേമക്കു ഭർത്താവില്ലെങ്കിലും ആ ഫോണുണ്ടല്ലോ. എപ്പോഴും അവൻ അടുത്തുള്ളപോലെയല്ലേ ഹേമ സുന്ദരിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്നത്.” മല്ലിക രാജാമണിയുടെ തുടയിൽ പതുക്കെ  നുള്ളി ഹേമയെ നോക്കുവാൻ ആംഗ്യം കാട്ടി.

നാലുപേരും  ആർത്തു ചിരിച്ചു.

ഹേമ ശബ്ദമില്ലാതെ മുഖം പൊത്തി ചിരിച്ചു. പക്ഷെ അവൾ കരയുകയായിരുന്നു. ആ വൃദ്ധകൾക്കതു മനസ്സിലായില്ല.

“കുപ്പി കാലിയാകുന്നു. ഇനിയുള്ളത് നമുക്ക് അഞ്ചാക്കി പകരാം”. രാജാമണി ഒന്ന് ഇളകിയിരുന്നു പറഞ്ഞു.

“പക്ഷെ ഹേമ കഴിക്കില്ലല്ലോ രാജം” മല്ലിക പറഞ്ഞു. “നമ്മൾ എന്നു കാണുന്നതാണ്  ഹേമയെ”. എല്ലാ പാർട്ടിയിലും അവസാന റൌണ്ട് എത്തുമ്പോളുള്ള പതിവ് ചോദ്യവും ഉത്തരവും  ആയിരുന്നു അത്.

വൃദ്ധകൾ വെറുതെ ചിരിച്ചു.

ഹേമ മൊബൈലിൽ നിന്നു കണ്ണുകളുയർത്തി. നിരാശയിൽ നിഴലിച്ച അവളുടെ കണ്ണുകളിൽ ഒരു തുള്ളി കണ്ണുനീരിന്റെ തിളക്കം  പരിമളം ഒഴികെ ആരും കണ്ടില്ല.

“ഇന്ന് ഞാനും നിങ്ങൾക്കൊപ്പം ചേരാം, എനിക്കും പകർന്നോളൂ”. ഹേമ പറഞ്ഞു.

പെട്ടന്ന് അവിടെ ഒരു നിശബ്ദത പടർന്നു.

“നോക്ക് ഡെയ്സി, പവിഴം, രാജം നമ്മൾ എന്താണീ കേൾക്കുന്നത്. ഹേമ, എന്ത് പറ്റി എന്റെ കുട്ടിക്ക്”. പരിമളം എഴുന്നേറ്റു ഹേമയുടെ തലയിൽ പതുക്കെ തലോടിക്കൊണ്ട് ചോദിച്ചു.

രാജാമണി തടിച്ച ശരീരവും വച്ച് എങ്ങിനെയൊക്കെയോ എഴുന്നേറ്റു ഹേമയെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു

“ഞാൻ ബാക്കിയുള്ള ചിക്കൻ കൂടി എടുത്തിട്ടുവരാം, ഇപ്പോളതു നല്ല പോലെ മൊരിഞ്ഞിട്ടുണ്ടാകും. “. ഹേമ രാജാമണിയെ പതുക്കെ കസേരയിലേക്കിരുത്തിയിട്ടു അടുക്കളയിലേക്കോടി.

പരിമളം അവൾക്കു പിന്നാലെ ചെന്നു.

“ഹേമ, എന്ത് പറ്റി മോളെ”

“മമ്മി, എന്നോടൊന്നും ചോദിക്കല്ലേ., ഞാനൊന്നു പൊട്ടി കരഞ്ഞോട്ടെ”. ഹേമ അതുംപറഞ്ഞു പരിമളത്തെ കെട്ടിപ്പിടിച്ചു ഉച്ചത്തിൽ കരഞ്ഞു.

അപ്പുറത്തെ മുറിയിലെ വൃദ്ധകളുടെ പൊട്ടിച്ചിരികളിൽ ഹേമയുടെ കരച്ചിൽ അലിഞ്ഞു ചേർന്നു.

ഹേമയും, പരിമളവും വരുമ്പോൾ അഞ്ചു ഗ്ലാസ്സുകളിലും കൃത്യമായി രാജാമണി ഒഴിച്ച് വെച്ചിട്ടുണ്ടായിരുന്നു. ഹേമ ഒരു കസേര വലിച്ചിട്ടു അവർക്കു നടുവിലേക്ക് തലയുയർത്തി ഇരുന്നു, പണ്ട് സുലോചന ഇരുന്നപോലെ.

“ഇതാ, നമ്മുടെ സുലോചന തിരിച്ചു വന്നിരിക്കുന്നു. അല്ലെ പവിഴം.” രാജാമണി ഹേമയെ തലോടിക്കൊണ്ട് പറഞ്ഞു.

കൂട്ടച്ചിരി മുഴങ്ങി. ഹേമ കൈകൾ വച്ച് മുഖം പൊത്താതെ ഉറക്കെ ചിരിച്ചു. നഷ്ടപ്പെടലിന്റെ അട്ടഹാസം.

“ചിയേർസ്”, ഗ്ലാസ്സുകൾ തമ്മിൽ കൂട്ടിമുട്ടിച്ചു ആ വൃദ്ധകൾ സന്തോഷത്തോടെ അന്നത്തെ അവസാന ‘പെഗ്’ വോഡ്കയും കുടിച്ചു,  ഹേമ ആദ്യത്തേതും.

മടുപ്പിന്റെ, നിരാശയുടെ, വിവേചനത്തിന്റെ, ഒറ്റപ്പെടലിന്റെ മെഴുകുരൂപങ്ങൾ  തൽക്കാലത്തേക്ക് അവിടെ അലിഞ്ഞില്ലാതെയായി.

——————

സുധേഷ്‌ ചിത്തിര

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply