സൗഹൃദത്തിന് ഭാഷയില്ല, ജാതിയില്ല, മതമില്ല

5928 Views

friendship story

ഞാനും വിനുവും നല്ല സുഹൃത്തുക്കളായിരുന്നു.ആറാം ക്ലാസ്സിൽ പഠിക്കുന്ന ഞങ്ങളിരുവരും ക്ലാസ്സിൽ ഇരിക്കുന്നതും തൊട്ടടുത്ത് തന്നെ.എന്‍റെ ഇടതു വശം വിനു.അതിനപ്പുറത്തു ഹമീദ്. ങാ,ഞാനാരാണെന്നല്ലേ?എന്‍റെ പേര് അഖിൽ.പഠനകാര്യത്തിൽ ഹമീദും വിനുവും ഒരുപോലെ മെച്ചപ്പെട്ടു നിൽക്കും.ഞാനവരുടെ കൂടെ മുന്നിലത്തെ ബെഞ്ചിൽപ്പെട്ടതിനു ഒറ്റ കരണമേയുള്ളൂ-ഇംഗ്ലീഷ് അധ്യാപികയായ സാറ ടീച്ചർ.ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അത്യധികമായതു കൊണ്ട് തന്നെ കുറച്ചു കൂടി ശ്രദ്ധ എന്നിൽ പതിപ്പിക്കാമെന്നുദ്ദേശിച്ചു ടീച്ചറിന്‍റെ മൂക്കിന്‍റെ തൊട്ടു താഴെ തന്നെ കൊണ്ടിരുത്തിയതാണ്.

സ്കൂൾ തുറന്നിട്ട് ഒരു മാസത്തോളമായി.പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ലാതെ ദിവസങ്ങൾ കടന്നു പോയി. ദിവസേനയുള്ള പാഠഭാഗം വായിപ്പിക്കലും,വാക്യങ്ങളെഴുതിക്കലും….ടീച്ചറിന്‍റെ ഈ ഏർപ്പാട് എനിക്ക് പാരയായിരുന്നു.ഇപ്പോഴും വാക്കുകൾ പെറുക്കി പെറുക്കി വായിക്കുമെന്നല്ലാതെ ഒരൊറ്റ വാക്യം പോലും മര്യാദക്ക് വായിക്കാൻ എനിക്കറിയില്ല.എഴുത്തിന്‍റെ കാര്യം പിന്നെ പറയണോ?

“The students have to be part of the survey “എന്ന് വായിച്ചു വന്നപ്പോൾ Survey ക്കു പകരം സുർവേ ആയി. “Bunny” ക്കു ബുണ്ണി എന്നും “Rise” നു റിസ്‌ എന്നുമൊക്കെ പലപ്പോഴായി വായിച്ചിട്ടുണ്ട്. എന്‍റെ പേരിന്‍റെ കൂടെ ഇത്തരത്തിലുള്ള അബദ്ധ വാക്കുകൾ മറ്റു കുട്ടികൾ കൂട്ടിച്ചേർത്തു വിളിച്ചു കളിയാക്കാറുമുണ്ട്. ആകെ ഒരാശ്വാസം വിനുവാണ്‌.അവൻ പറയും.”ടാ,നീ ഇതൊന്നും കാര്യാക്കണ്ടാ.നീ കേട്ടിട്ടിട്ടില്ലേ? കപിൽ ദേവ് ,ഹർഭജൻ സിംഗ് –
ഇവരൊക്കെ ഇംഗ്ലീഷ് പറഞ്ഞിട്ടാണോ വലിയ കളിക്കാരായത്? കളിക്കാരായതിനു ശേഷമാണു ഇവരൊക്കെ ഇംഗ്ലീഷ് പഠിച്ചത് തന്നെ .അതുകൊണ്ട് കളിയാക്കുന്നോര് കളിയാക്കട്ടെ.”ഹമീദാകട്ടെ ഒരു പാവം നിരുപദ്രവകാരിയാണ് കേട്ടോ ?കളിയാക്കേം ഇല്ല,ആശ്വസിപ്പിക്കേം ഇല്ല”.

ഞാനിടയ്ക്കു അമ്മയോട് ചോദിക്കും.”എന്തിനാമ്മേ,എന്നെ ഇംഗ്ലീഷ് മീഡിയത്തിൽ ചേർത്തത്?അത് കൊണ്ടല്ലേ ഞാനീ കിടന്ന് കഷ്ടപ്പെടുന്നത് ?”അതിനമ്മയ്ക്ക് ഒരൊറ്റ ഉത്തരമേയുള്ളൂ.”മോനേ,എനിക്കും നിന്‍റെ അച്ഛനും വേണ്ടത് പോലെ പഠിക്കാൻ പറ്റിയിട്ടില്ല.അതുകൊണ്ടാണ് പാവം അങ്ങേർക്കു ഗൾഫിൽ ആ ചൂടത്തു കിടന്നു പണിയെടുക്കേണ്ടി വന്നത് .

നീ ഒരിക്കലും എവിടെയും പുറകോട്ടവരുത്,ഞങ്ങൾക്ക് കിട്ടാത്തത് നിനക്കെങ്കിലും കിട്ടണം-ഒരു നല്ല ജോലി .അതിനു ഭാഷ ഒരു പ്രശ്നാവരുത് “.ഇത്രയും പറയുമ്പോഴേക്കും തന്നെ അമ്മേടെ മൂക്ക് ചുവന്നു വിറക്കുന്നുണ്ടാവും .കണ്ണുകൾ തുളുമ്പാനും .കാര്യം പന്തിയല്ലെന്ന് തോന്നുമ്പോൾ ഞാൻ മെല്ലെ
മാറിപ്പോവും.സത്യത്തിൽ ആഗ്രഹല്യഞ്ഞിട്ടല്ലാലോ,എത്രയൊക്കെ ശ്രമിച്ചിട്ടും ഇംഗ്ലീഷ് ഭാഷ മുന്നിലൊരു വെല്ലുവിളിയായിട്ടു തന്നെ തുടരുന്നു.അന്നെന്തോ പതിവിലും കൂടുതൽ നേരം സന്ധ്യാദീപം ചൊല്ലിക്കഴിഞ്ഞിട്ടും വിളക്കിന്‍റെ മുന്നിലിരുന്നു മനസ്സുരുകി തന്നെ ഞാൻ പ്രാർത്ഥിച്ചു.ദൈവേ,എങ്ങനേങ്കിലും എന്നെ നീ രക്ഷിച്ചേ പറ്റൂ,എനിക്കിങ്ങനെ കുട്ട്യോൾടെ മുന്നില് തല താഴ്ത്താൻ വയ്യ.

പിറ്റേ ദിവസം ടെസ്റ്റ് പേപ്പർ ആണ് .പ്യൂൺ ചേട്ടൻ ബെല്ലടിച്ചതും ഹമീദും വിനുവും ബുക്കും പെനുമൊക്കെയെടുത്തു റെഡിയായി.മുഴുവൻ മാർക്കും വാങ്ങാനുള്ള ഇരിപ്പാണ് .കണ്ടാലറിയാം.ഹും.എന്‍റെ ഹൃദയം പടപടേന്ന് വേഗത്തിൽ മിടിക്കാനും തുടങ്ങി.കയ്യില് രണ്ടു ബുക്കും പിടിച്ചു വരുന്ന സാറടീച്ചർടെ കൂടെ ഇന്നിപ്പോ ആരാ പുതിയൊരു കുട്ടി?രണ്ടാളും കയറി വന്നു.

ടീച്ചർ അവളെ ഞങ്ങൾക്ക് പരിചയപ്പെടുത്തി.”This is Vidya Ramamurthy. She is from Chennai. She will be with us during this year”. വിദ്യേടെ അച്ഛൻ ബാങ്ക് മാനേജർ ആണത്രേ.ബാങ്കിൽ നിന്നും ഒരു വർഷത്തേക്കുള്ള പോസ്റ്റിങ്ങ് ആണ്.ഹമീദിനെ തൊട്ടു പുറകിലോട്ടു മാറ്റിയിരുത്തി എന്‍റെ അടുത്തേക്ക് വിരൽ ചൂണ്ടി ടീച്ചർ അവളോട് ഇരുന്നോളാൻ പറഞ്ഞു. ബ്രേക്ക് ടൈം ആയപ്പോൾ ആ കുട്ടി ഞങ്ങളോട് പേര് ചോദിച്ചു.ടെസ്റ്റും കഴിഞ്ഞു ,മാർക്കും കിട്ടി .പ്രത്യേകിച്ച് അദ്ഭുതമൊന്നും സംഭവിച്ചില്ല.

പിന്നേം എന്തൊക്കെയോ പറഞ്ഞു-ഇംഗ്ലീഷിൽ.വിനു ചിലതിനൊക്കെ മറുപടി പറയുന്നുണ്ട്.തലേന്ന് ഇത്രയധികം പ്രാർത്ഥിച്ചതൊക്കെ ഇതിനായിരുന്നോ ഭഗവാനേ? തൊട്ടടുത്ത് ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന പെൺകുട്ടി.എന്‍റെ മുഖഭാവത്തിൽ നിന്ന് വിനുവിന് കാര്യം പിടി കിട്ടി.എന്നേം വിളിച്ചു അവൻ പുറത്തേക്കിറങ്ങി.എന്നിട്ടു ചിരിയോ ചിരി.”ങാ,നീ ചിരിക്ക്.എന്‍റെ പാട് എനിക്കറിയാം”.

തിരിച്ചു ക്ലാസ്സിലോട്ട് ചെന്നപ്പോഴോ?വിദ്യ എല്ലാരോടും എന്തൊക്കെയോ സംസാരിക്കുന്നു.അവൾക്കു ചുറ്റും ഒരു കൂട്ടം കുട്ട്യോളുണ്ട്. അല്ലാ,കഴിഞ്ഞ ആറ് വർഷം എന്‍റെ കൂടെ തന്നെയല്ലേ ഇവരെല്ലാരും പഠിച്ചത്?കളിയാക്കാനല്ലാതെ ഒരൊറ്റ ആള് പോലും ഇത് പോലെ ചിരിച്ചൊന്നു സംസാരിച്ചിട്ടില്ല.ചോറുണ്ണുന്ന സമയത്ത് അവളുടെ ചോറ്റുപാത്രത്തിൽ നിന്നും നല്ല ബേസൻ ലഡു എടുത്തു എനിക്കും വിനുവിനും തന്നു.തിരിച്ചിപ്പൊ എന്താ കൊടുക്കാന്ന് ആലോചിച്ച ഞാൻ
ഓംലെറ്റിന്‍റെ ഒരു കഷ്ണം എടുത്തു കൊടുത്തു.വേണ്ടാന്ന് തലയാട്ടികൊണ്ടവൾ പറഞ്ഞു. ഐ ആം എ വെജിറ്റേറിയൻ.ഓഹോ ! ഇനി എന്‍റെ ഓംലെറ്റിന്‍റെ മണം അവൾക്കൊരു പ്രശ്നം ആവണ്ടാന്ന് കരുതി ഞാൻ വിനുവിനോട് ചേർന്നിരുന്നു.

അത് മനസ്സിലാക്കി കൊണ്ടെന്നോണം അവൾ വീണ്ടും പറഞ്ഞു.പറവാല,എനിക്കിന്ത നോൺ-വെജ് സ്മെൽ ഒന്നും പ്രച്ഛന്നമല്ലൈ .നീങ്ക കവലപ്പെടാതുങ്കോ. പറഞ്ഞത് മുഴുവൻ മനസ്സിലായില്ലെങ്കിലും കാര്യം പിടികിട്ടി.ഒന്നുമില്ലെങ്കിലും തമിഴ് നമ്മുടെ അയൽ ഭാഷയല്ലേ.ആ ഒരു സ്നേഹം ഉണ്ടാവൂലോ.

ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു-ഒരു മാറ്റോം ഇല്ലാതെ.കുട്ട്യോൾടെ കളിയാക്കൽ,ടീച്ചർമാരുടെ ഉപദേശം,മാർക്ക് കിട്ടാത്തതിന് അമ്മേടെ സങ്കടം പറച്ചിൽ,ഗൾഫീന്നു വിളിക്കുമ്പോഴുള്ള അച്ഛന്‍റെ സൈക്കിൾ ഓഫർ-ഇക്കൊല്ലേലും നല്ല മാർക്ക് വാങ്ങിയാൽ ഒരടിപൊളി സൈക്കിൾ-ഓഫർ ഒക്കെ കൊള്ളം-അങ്ങനെ നാണക്കേടിന്‍റെ പര്യായമായിപ്പോയോ ഞാനെന്ന് എനിക്ക് തന്നെ തോന്നി തുടങ്ങിയ സമയം.

പതിവില്ലാതെ ഒരു ദിവസം ഉച്ച സമയത്ത് വിദ്യ എന്നെ അടുത്ത് പിടിച്ചിരുത്തി.ബാക്കിയുള്ളോരോട് ഇംഗ്ലീഷിൽ ആണ് സംസാരിക്കാറുള്ളതെങ്കിലും എന്നോടും വിനുവിനോടും തമിഴിലാണ് വർത്തമാനം പറയുക.ഞങ്ങൾ തിരിച്ചു മലയാളത്തിലും.കാര്യങ്ങളുടെ ഗതിയൊക്കെ ഏകദേശം മനസ്സിലാക്കീട്ടാവണം-ഇനി അവളായിട്ടു കൂടി ഇംഗ്ലീഷ് പറഞ്ഞെന്നെ ബുദ്ധിമുട്ടിക്കണ്ടാന്നു കരുതി കാണും.

പെട്ടെന്നവൾ ചോദിച്ചു “ഇംഗ്ലീഷ് മട്ടും താൻ ഉനക്ക് പ്രച്ഛന്നമല്ലൈയാ , ഏൻ ഇവ്വളവ് ഭയം?എനക്ക് തെരിയും.ഒരു കാര്യം പുരിയുമാ?നമുക്കെതുവാ ഭയം,അതിനെ നാം ഡിഫീറ്റ് പണ്ണണം.അതുക്ക് അതിനെ ഫേസ് പണ്ണി താനാകണം.നീ എൻ ഫ്രണ്ട് താനേ.നാൻ ഉന്നൈ ഹെൽപ് പൺറേ൯. ആനാ, യു ഹാവ് ടു ലിസ൯ ടു മി .ഓക്കേവാ?ഒന്നുമാലോചിക്കാതെ ഞാൻ തലയാട്ടി.

ബാഗിൽ നിന്നും ഒരു ചെറിയ ഇംഗ്ലീഷ് സ്റ്റോറി ബുക്ക് എടുത്തു തന്നിട്ട് അവൾ പറഞ്ഞു. യു ഹാവ് ടു റീഡ് ദിസ്‌ ആൻഡ് റൈറ്റ് എ സ്മാൾ പാരഗ്രാഫ് എബൌട്ട് ഇറ്റ് ആൻഡ് ബ്രിങ് വൈൽ യു കം ടുമോറോ.ഐ വിൽ ഗെറ്റ് യു മോർ ബുക്ക്സ് ലൈക് ദിസ്.ആൻഡ് ഹിയറാഫ്റ്റർ ടോക്ക് ടു മി ഒൺലി ഇൻ ഇംഗ്ലീഷ്.പിന്നേം കുറെ പറഞ്ഞു.

പുറത്തെവിടെ പോവുമ്പോഴും കണ്മുന്നിൽ കാണുന്ന വേർഡ്സ്,സെന്‍റെൻസസ് ഒക്കെ വായിക്കാൻ;എഴുതാൻ;അങ്ങനെ കുറെയേറെ.ആദ്യ ദിവസത്തെ എന്‍റെ പാരഗ്രാഫ് കണ്ട് അവളു പോലും ഞെട്ടി.പക്ഷെ പാവം,വീണ്ടും വീണ്ടും എന്നെ കൊണ്ടെഴുതിച്ചു.ക്രമേണ ഇംഗ്ലീഷ് ഭാഷയോടുള്ള ആ പഴയ പേടി മാറിക്കിട്ടി.എനിക്കും ആ ഭാഷ വഴങ്ങി തുടങ്ങി.ഒടുവിൽ ക്രിസ്മസ് പരീക്ഷയ്ക്ക് അത്യാവശ്യം നല്ല മാർക്കും കിട്ടി.

സത്യത്തിൽ എന്താണ് ചുറ്റും സംഭവിക്കുന്നത് ? സാറ ടീച്ചറതാ എന്‍റെ ഇംപ്രൂവ്മെ൯റ് കണ്ട് ബാക്കി കുട്ടികളോട് എന്നെ അഭിനന്ദിച്ചു സംസാരിക്കുന്നു.എന്‍റെ മനസ്സിന്‍റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.വിനുവും ഹാപ്പി.അമ്മയോട് പറഞ്ഞു ഒരു ദിവസം നല്ല അരിയുണ്ട ഉണ്ടാക്കി വിദ്യക്കും വിനുവിനും കൊണ്ട് കൊടുത്തിട്ടു ഞാൻ പറഞ്ഞു,”വിദ്യാ,താങ്ക്സ്”.അതിന്‍റെ മറുപടി അവളൊരു വാക്കിലൊതുക്കി.”ഫ്രണ്ട്സുക്കുള്ള താങ്ക്സ് എല്ലാം തേവയാ”?

വർഷാവസാനമായി.ഒരാഴ്ച കൂടി കഴിഞ്ഞാൽ സ്കൂൾ അടയ്ക്കും.ഇന്ന് പഴയ കളിയാക്കലില്ല,തല താഴ്ത്തിയുള്ള നടപ്പില്ല,അഭിമാനത്തോടെ എല്ലാരോടും സംസാരിക്കാം.സൈക്കിൾ ഉടനടി വീട്ടിലെത്തും.എല്ലാത്തിനും കാരണക്കാരി ആയ വിദ്യ ഒരാഴ്ച കഴിഞ്ഞു ചെന്നൈക്ക് മടങ്ങി പോകും.

അവസാന ദിവസം അവൾക്കു കൊടുക്കാൻ ഞാനൊരു പദ്യമെഴുതി- ഒരെട്ട് വരി-ഇംഗ്ലീഷിൽ.അവൾക്കത് കണ്ട് വല്യ സന്തോഷായി.സ്കൂൾ വിട്ട് പുറത്തു കാത്തു നിന്നിരുന്ന അച്ഛന്‍റെ കൂടെ ഞങ്ങളോട് ബൈ യും ബെസ്റ്റ് വിഷെസുമൊക്കെ ‌പറഞ്ഞു അവൾ കാറിൽ കയറി പോയി.

എന്‍റെ പ്രാർത്ഥനയ്ക്ക് ദൈവം തന്ന മറുപടി ആയിരിക്കാം വിദ്യ എന്ന ആ പാവം കുട്ടി.സൗഹൃദത്തിന് ഭാഷയില്ല,ജാതിയില്ല,മതമില്ല.മറ്റാർക്കും ചെയ്യാൻ പറ്റാത്തത്-മനസ്സിലാക്കാൻ പറ്റാത്തത് ചിലപ്പോളെങ്കിലും ഒരു സുഹൃത്തിനു കഴിയും.അതെ,ഒരുപാടു സുഹൃത്തുക്കൾ ഇനിയങ്ങോട്ടുള്ള എന്‍റെ ജീവിതത്തിൽ വന്നു പോകാം.പക്ഷെ,വിദ്യ എന്ന ഈ സുഹൃത്തിനെ ഞാനൊരിക്കലും മറക്കില്ല.

അവരുടെ കാറ് കണ്മുന്നിൽ നിന്നും മറയുന്നത് വരെ ഞങ്ങൾ നോക്കി നിന്നു.കണ്ണീരൊലിപ്പിക്കാൻ പാടുപെട്ടു ഞാൻ തിരിഞ്ഞു നോക്കിയപ്പോ വിനുവതാ എന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്നു.സൗഹൃദങ്ങളങ്ങനെയാണ്.അവന്‍റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു ഞാൻ പറഞ്ഞു.”കവലപ്പെടാതെ,നമ്മ വെക്കേഷൻ കൊണ്ടാട പോറേ൯”.ഒരു ചെറു ചിരിയോടെ ഞങ്ങളിരുവരും വീടുകളിലേക്ക് നടന്ന് നീങ്ങി.

 

കൂടുതൽ കഥകൾ ഇവിടെ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക


Malayalam Story: Friendship Story – Friendship has no language, no caste, no religion by Simi Konoor – Aksharathalukal Online Malayalam Story

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply