ദേവൂട്ടിയേ ഇന്നും വൈകി അല്ലേ.,കഴിഞ്ഞില്ലേ നിന്റെ നീരാട്ട്.. ………കുളപ്പടവിലേക്ക് ഇറങ്ങിവന്ന കാർത്യായനിയമ്മ ദേവികയെ നോക്കി ഉറക്കെ വിളിച്ചു ചോദിച്ചു…
ചെമ്പരത്തി താളി ഒക്കെ പതപ്പിച്ചു നിന്നാൽ നിന്റെ ബസ് പോകും കേട്ടോ… കാർത്യായനിയമ്മ കല്പടവിലേക്ക് വന്നിരുന്നു കൊണ്ട് പറഞ്ഞു..
അവരെ കണ്ടുകൊണ്ട് ദേവിക മുഖമുയർത്തി നോക്കി…
സമയം എത്രയായി മുത്തശ്ശി….. ദേവിക തളിപതപ്പിച്ചത് എല്ലാം ഒരു ഓട്ടുപാത്രത്തിലേക്ക് പകർന്നു…
7മണി കഴിഞ്ഞിരിക്കുന്നു കുട്ട്യേ, ശാരദ അവിടെ കിടന്നു ബഹളം വെക്കുന്നുണ്ട്, നീ അങ്ങോട്ട് ചെല്ല്… അവർ ദേവികയെ നോക്കി പറഞ്ഞു..
മുത്തശ്ശി എന്താ ഈ വയ്യാത്ത കാലും വെച്ചു ഇന്ന് നേരത്തെ കുളിക്കാൻ ഇറങ്ങിയത്, ഇന്നലെ വൈകിട്ടും കൂടി ഞാൻ കൊട്ടൻചുക്കാദിതൈലം ഇട്ടു ചൂട് പിടിച്ചു തന്നതല്ലേ,…. ദേവിക ചെറുതായി ശുണ്ഠിയെടുത്തു…
ഇന്ന് പ്രദോഷം ആണ് എന്റെ കുട്ട്യേ…. അതോണ്ടല്ലേ.. എത്ര വയ്യെങ്കിലും ഈ ശീലം മാത്രം തെറ്റിക്കാൻ മുത്തശ്ശിക്കാവില്ല മക്കളെ… കാർത്യായനിയമ്മ ഭക്തിപൂർവ്വം പറഞ്ഞു…
ചെമ്പരത്തിതാളിയുടെ മെഴുക്കെല്ലാംമുടിയിൽ നിന്ന് ചെറുപയർ പൊടി ഇട്ടു കഴുകി കളഞ്ഞിട്ടു ദേവിക വേഗം തലതുവർത്തി കയറി…
മതി മതി നിന്റെ കുളിയും തേവാരവും എല്ലാം, വേഗം ചെല്ലാൻ നോക്ക്…. ഇല്ലെങ്കിൽ ഇന്നും ബസ് കിട്ടില്ല കേട്ടോ…..മുത്തശ്ശി പറഞ്ഞതുകേട്ട് കൊണ്ട് അവൾ വേഗം ഓടി…
വേഗം ആവട്ടെ ദേവു, നീ ഇന്നും താമസിച്ചു ചെല്ലാൻ ആണോ ഭാവം…. ശാരദ മകൾ വരുന്നത് കണ്ടുകൊണ്ട് പറഞ്ഞു…
ഇത് ശ്രീദേവിക…കിഴക്കേടത്തു മാധവവാര്യരുടെയും ശാരദയുടെയും ഇളയ മകൾ… ഡിഗ്രി ചെയ്യുകയാണ് അവൾ, ഇവൾക്ക് മൂത്തതായി ഒരു മകൾ കൂടി ഉണ്ട് മാധവവാര്യർക്കും ശാരദയ്ക്കും.. ശ്രീലക്ഷ്മി….. എം ബി എ ചെയ്കയാണ് അവൾ,.. ദേവികയെ കാൾ സുന്ദരിയാണ് ലക്ഷ്മി, വിളഞ്ഞ ഗോതമ്പിന്റെ നിറം ആണ് അവൾക്ക്, തോളൊപ്പം വെട്ടിയ, കളർ ചെയ്ത മുടി ആണ് ലെച്ചുവിനെങ്കിൽ പനങ്കുല പോലെ കറുകറുത്ത മുടി ആണ് ദേവൂനു….പരിഷ്കാരി ആണെങ്കിലും ആരും മോഹിക്കുന്ന സൗന്ദര്യം ആണ് പക്ഷെ ലെച്ചുവിന്.. ദേവിക തനി നാട്ടിൻപുറത്തുകാരിയും….
അമ്മേ…. ഇന്നെന്താ കാപ്പിക്ക്..ഈറൻ മുടിയിൽ നിന്നും ഇറ്റിറ്റു വീഴുന്ന വെള്ളം പിഴിഞ്ഞുകളഞ്ഞു കൊണ്ട് ദേവിക അടുക്കളയിലേക്ക് ചെന്ന്..
ദ, നിനക്കുള്ള ദോശ എടുത്തു വെച്ചിട്ടുണ്ട് കെട്ടോ, അതെടുത്തു കഴിച്ചിട്ട് വേഗം ഇറങ്ങാൻ നോക്ക്… ശാരദ ഭർത്താവിന്നുള്ള ചായയും ആയി വന്നുകൊണ്ട് പറഞ്ഞു…
അമ്മേ, നിക്ക് ഈ ദോശ ഒന്നും വേണ്ട, കുറച്ചു ചൂട് ചോറ് എടുക്ക്, ആ നെയ് ് ഇത്തിരി കടുക്, കറിവേപ്പില ഇട്ടു വറുത്തു മീതെ ഒഴിച്ചാൽ മതി… ചായ ഞാൻ അച്ഛന് കൊടുകാം…. ദേവിക അമ്മയുടെ കൈയിൽ നിന്നും അച്ഛന് കൊടുക്കാനുള്ള ചായ മേടിച്ചുകൊണ്ട് പറഞ്ഞു…
ഈ കുട്ടീടെ ഒരു കാര്യം.. അവർ കറിവേപ്പില എടുക്കാനായി മുറ്റത്തേക്ക് ഇറങ്ങി..
വാര്യരെ…. അകത്തേക്കു നോക്കി അവൾ വിളിച്ചു..
നിനക്കു കളി ഇത്തിരി കൂടുന്നുണ്ട് കേട്ടോ.. അയാൾ വാത്സല്യപൂർവ്വം മകളുടെ ചെവിയിൽ പിടിച്ചു…
അച്ഛാ ഇന്നെന്താ നേരത്തെ റെഡി ആയോ ഓഫീസിൽ പോകുവാനായി… ദേവിക അച്ഛനോടായി ചോദിച്ചു..
ഇന്ന് നമ്മുടെ ബാലകൃഷ്ണന്റെ മോൾടെ വിവാഹനിശ്ചയം ആണ്, കാലത്തേ അവിടെ ചെന്ന് ഒന്ന് മുഖം കാണിക്കണം, ഇന്ന് ഓഫീസിൽ പോകാതിരിക്കാനും കഴിയില്ല മോളെ, ഒരു മീറ്റിങ് ഉണ്ട് ചായ മേടിച്ചു ചുണ്ടടിപ്പിച്ചുകൊണ്ടായാൽ പറഞ്ഞു…
മാധവവാര്യർ അടുത്തുള്ള സഹകരണബാങ്കിൽ ക്ലാർക്ക് ആയിട്ട് ജോലി ചെയ്യുകയാണ്, ബാലകൃഷ്ണൻ അയാളുടെ അടുത്ത സുഹൃത്താണ്….
ആഹ് നീലിമ ചേച്ചി എന്നോട് പറഞ്ഞായിരുന്നു, ഇന്നാണല്ലേ അത്,…എനിക്ക് ഇന്ന് എക്സാം ഉണ്ട്… അച്ഛനോട് ചായകപ്പ് മേടിച്ചുകൊണ്ട് അവൾ പറഞ്ഞു..
അമ്മ നെയ് മൂപ്പിക്കുന്ന മണം വരുന്നുണ്ടല്ലോ, നി ദോശയുമായി ഇന്നും സമരം ആണല്ലേ… വാര്യരു മണം പിടിക്കുന്നത് കണ്ടവൾ വേഗം അടുക്കളയിലേക്ക് പോയി…
നീലിമയ്ക്കും ലെച്ചുനും ഒരേ പ്രായം ആണ്,അവളുടെ കല്യാണം ആയി, ഇവിടൊരുത്തിക്ക് അത് പറയുമ്പോൾ ഹാലിളകും,,, ശാരദ മകളുടെയും ഭർത്താവിന്റെയും മുഖത്തേക്ക് മാറി മാറി നോക്കി കൊണ്ട് പറഞ്ഞു…
ലച്ചൂന്റെ പഠനം ഈ മാസം കൊണ്ട് തീരുമല്ലോ, വരട്ടെ എന്നിട്ട് നോക്കാം… വാര്യർ അതും പറഞ്ഞു ഭാര്യയെ സമാധാനിപ്പിച്ചു…
ഈ കളർ ചേരുമോ അമ്മേ,.. വയലറ്റ് നിറം ഉള്ള ഒരു ചുരിദാറും പിടിച്ചുകൊണ്ട് ദേവൂ അമ്മയുടെ അരികിലേക്ക് വന്നു…
ചേരും മോളെ, നിനക്ക് അത്രക്ക് കളർ കുറവൊന്നും ഇല്ല… ശാരദ പറഞ്ഞു..
ദേവൂ ആ ചുരിദാറും ആയിട്ടു അകത്തേക്ക് പോയി..
ദേവൂട്ടിക്ക് എപ്പോളും നിറം കുറവായതിന്റെ സങ്കടം ആണ്…എല്ലാ കളറും ചേരില്ലന്നു ഒക്കെ ആണ് കുട്ടീടെ തോന്നൽ. ശാരദ ഭർത്താവിനെ നോക്കി പറഞ്ഞു…
അത് അയാൾക്കും അറിയാം… ലച്ചൂന് മാതാപിതാക്കളുടെ ഛായ ആണെങ്കിൽ ദേവൂന് വാര്യരുടെ അമ്മയുടെ മുഖം ആണ് കിട്ടിയത്, ഇരുനിറം ആണെങ്കിലും ഐശ്വര്യവും കുലീനതയും ദേവൂട്ടിക് ആവോളം ഉണ്ട്….പക്ഷെ എത്ര പറഞ്ഞാലും അവൾക്ക് ചേച്ചിടെയും അച്ഛന്റെയും അമ്മയുടെയും നിറം കിട്ടിയില്ലാ എന്ന പരാതി മാത്രമേ ഒള്ളു…..
മുത്തശ്ശിയേ… ഞാൻ ഇറങ്ങുവാ കേട്ടോ.. ദേവൂട്ടി ബാഗും എടുത്ത് പോകാനായി ഇറങ്ങി..
ഒന്ന് നിക്ക് എന്റെ കുട്ട്യേ, ദ ഇപ്പോൾ വരാം… ശാരദെയ് ഈ നേര്യതിന്റെ തുമ്പ് ഒന്ന് എടുത്തൊന്നു തന്നേ.. കാർത്യായനിയമ്മ വേഗം തന്നേ ദേവൂട്ടിക്ക് ഒപ്പം പോകാനായി ഇറങ്ങി വന്നു..
ചിക്കു ഇപ്പോൾ പോയി കാണും എന്റെ കൃഷ്ണാ.. ദേവൂ ബഹളം വെയ്ക്കാൻ തുടങ്ങി..
നീ താളിയും പതപ്പിച്ചു ഇരുന്നിട്ട് അല്ലേ, എന്നിട്ട് ഇപ്പോൾ എനിക്കായി കുറ്റം ….ശാരദെയ് ഞാൻ ഇറങ്ങുവാട്ടോ… . പാരാകൺ ചെരുപ്പും ഇട്ട് മുത്തശിയും അവൾക്കൊപ്പം ഇറങ്ങി നടന്നു,.
കണ്ണെത്താ ദൂരത്തോളം കിടക്കുന്ന നെൽപ്പാടങ്ങൾക്ക് നടുവിലൂടെ ഉള്ള ചെമ്മൺ പാത ലക്ഷ്യമാക്കി അവർ രണ്ടുപേരും നടന്നു.
കൊയ്ത്തു അടുക്കാറായി അല്ലേ മുത്തശ്ശി…. ?ദേവു കാർത്യായനി അമ്മയെ നോക്കി…
മ്…. കണ്ടില്ലേ.. എല്ലാം സ്വർണവർണത്തിൽ കിടക്കുവല്ലേ കുട്ടി… അവർ വിളവൊത്തു കിടക്കുന്ന നെല്കതിരുകളിലേക് നോക്കി…
പണ്ട് മുത്തശ്ശൻ ഉള്ള കാലത്തു കൊയ്ത്തു അടുക്കുമ്പോൾ എന്തൊരു ഉല്സവം ആയിരുന്നു,
എന്ത് മാത്രം വേലക്കാർ ആയിരുന്നു, ചമയൽ കിടത്തന്റെ പെണ്ണിന്റെ പാട്ടു കേൾക്കാൻ നീയും ലെച്ചുവും കൂടി അപ്പൂപ്പന്റെ പിറകിൽ വന്നു നിൽക്കും, ചിരുത എന്നാണ് ആ പെണ്ണിന്റെ പേര്.. എന്തൊരു ഈണത്തിൽ ആണ് ആ പെണ്ണ് പാടുന്നത്…….
ഗതകാലസ്മരണകൾ ഉരുവിട്ടു നടക്കാതെ വേഗം വരിക…. ചിക്കു പോകും, ദേവു മുത്തശിയെ ശകരിച്ചുകൊണ്ട് നടന്നു.
മുത്തശ്ശി അമ്പലത്തിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു പോയി,ദേവു ബസ് സ്റ്റോപ്പിലും…
നിറയെ ആളുകളെയും കുത്തിനിറച്ചുകൊണ്ട് ചിക്കു വരുന്നുണ്ട്,… ഒരുതരത്തിൽ ദേവുട്ടിയും അതിൽ വലിഞ്ഞു കയറി…
കോളേജിൽ എത്തിയപ്പോൾ ഇത്തിരി താമസിച്ചിരുന്നു, ഹരി സാർ എത്തിയിരുന്നു ക്ലാസിൽ…
ശ്രീദേവിക ലേറ്റ് ആയി പോയോ ഇന്നും, അകത്തേക്ക് വരാൻ കൈ കാണിച്ചുകൊണ്ട് സാർ ഉറക്കെ ചോദിച്ചു …
ബസ് താമസിച്ചതാണ് സാർ,,,,,, അവൾ പറഞ്ഞു.. ആ നാട്ടിൽ കൂടി ഓടുന്ന ഏക ബസ് ആണ് ചിക്കു… അതിന്റെ ഉടമസ്ഥൻ കൂടി ആണ് ഹരി സാർ… ചെറുപ്പക്കാരൻ ആയ സാർ ആണ് എല്ലാ പെൺകുട്ടികളുടെയും ആരാധനാമൂർത്തി.. ഈ മാസം കൊണ്ട് ക്ലാസ് തീർന്നു പോകുന്നതിന്റെ വിഷമം മാത്രമേ ഒള്ളു പെൺകുട്ടികൾക്ക്….
അങ്ങനെ ദിവസങ്ങൾ പിന്നിട്ടു…..ലെച്ചുവിനും ദേവുനും പരീക്ഷാതിരക്കുകൾ ആണ്… രണ്ടുപേർക്കും ഈ ആഴ്ച കൊണ്ട് ക്ലാസ്സ് തീരും..
നീലിമചേച്ചിടെ കല്യാണത്തിന് നീ വരില്ലേ ലെച്ചുട്ടി… ഒരു ദിവസം ലെച്ചു വിളിച്ചപ്പോൾ ദേവു ചോദിച്ചു…
കല്യാണത്തിന്റെ തലേന്ന് എന്റെ എക്സാം തീരും,
നീ ചുരിദാർ എടുക്കുന്നില്ലെടി, ലെച്ചു അനുജത്തിയോട് ചോദിച്ചു…
ചേച്ചി വന്നിട്ട് എടുക്കാം എന്നോർത്തായിരുന്നു, ഇനി എങ്ങനെ ആകും ആവോ, ദേവു ആലോചനയിൽ ഇരുന്നു…
നീ അമ്മയെയും കൂട്ടി പോയി എടുക്ക് കുട്ടി, എന്റെ ആ മെറൂൺ ചുരിദാറിന്റെ അളവിൽ എനിക്ക് കൂടി തൈപ്പിച്ചാൽ മതി…. ലെച്ചു പറഞ്ഞു
മ്.. ഞാൻ അമ്മയോട് പറയാം ചേച്ചി, അവൾ ഫോൺ വെച്ചു….
തുടരും…….
(പുതിയൊരു കഥയുമായി എത്തിയതാണ്, വായിച്ചിട്ട് അഭിപ്രായം പറയുക )
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
Daily 2 part idaan pattumo??