മോനേ….. നീ എന്താ ഈ പറഞ്ഞു വരുന്നത്… സരസ്വതി മകനെ തന്നെ സൂക്ഷിച്ചു നോക്കി…..
നന്ദൻ അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു….
അവർക്കറിയാം മകൻ ഒരു കാര്യം തീരുമാനിച്ചാൽ അതിൽ നിന്ന് വ്യതിചലിക്കില്ലന്നു,,,
മറ്റൊരുവനെ മനസ്സിൽ താലോലിച്ചു കൊണ്ട് നടന്നതും, നീയും ആയിട്ട് ഉള്ള വിവാഹത്തിൽ നിന്ന് പിന്മാറിയതും ഈ പാവം കുട്ടി അല്ല, ഇവളുടെ ലെച്ചു ചേച്ചി ആണ്… അവർ മകനെ നോക്കി പറയുകയാണ്…
ഇവൾ ചെയ്ത ഒരേ ഒരു തെറ്റ് എന്താന്ന് നിനക്ക് അറിയാമോ, ഗുപ്തൻ നായർ മകനോട് ചോദിച്ചപ്പോൾ അവൻ അയാളെ നോക്കി….
സരസ്വതിയും ദേവുട്ടിയും ഒരുപോലെ അയാളെ നോക്കി..
നിന്റെ വാക്കുകൾ വിശ്വസിച്ചുകൊണ്ട്, നിന്റെ മുൻപിൽ കഴുത്തു നീട്ടി തന്നു, ആ ഒരു തെറ്റ് ആണ് അവൾ ചെയ്തത്… അതിനു നീ ഈ പാവം കുട്ടിയെ വേദനിപ്പിക്കരുത്,,,, അച്ഛന്റെ വക്കുകൾ കേട്ടു നിൽക്കുകയാണ് നന്ദൻ….
കുറെ ഏറെ കാര്യങ്ങൾ അവർ പറഞ്ഞെങ്കിലും നന്ദൻ അതൊന്നും ചെവികൊണ്ടില്ല…..
മാത്രമല്ല തനിക്ക് ഉറങ്ങണം എന്നും പറഞ്ഞുകൊണ്ട് നന്ദൻ അകത്തേക്ക് പോകുകയും ചെയ്തു…
തകർന്നു നിൽക്കുകയാണ് ദേവു….
അവളെ ആശ്വസിപ്പിക്കണം എന്നുണ്ട് സരസ്വതി അമ്മക്ക്, പക്ഷേ അവർ ഒന്നും പറയാതെ ഇറങ്ങി പോയി…
നന്ദൻ ഫോണിൽ നോക്കി കൊണ്ട് കിടക്കുകയാണ്…..
ദേവുട്ടിയുടെ ഫോൺ കുറെ സമയം ആയി ചിലക്കാൻ തുടങ്ങിയിട്ട്,അവൾ വന്നു അത് എടുത്തു നോക്കിയപ്പോൾ ലെച്ചു ചേച്ചി ആണ് വിളിക്കുന്നത്….
ഹലോ ചേച്ചി,ഇല്ല കിടക്കാൻ തുടങ്ങുവായിരുന്നു, സുഖം ചേച്ചി, ആ കിടന്നു, നാളെ ഇപ്പോൾ ഇറങ്ങുമെന്ന് അറിയില്ല,,,, നാളെ കാണാം… ഗുഡ് നൈറ്റ്,, അവൾ ഫോൺ വെച്ചു…
വിവാഹം കഴിഞ്ഞിട്ടുള്ള നാലാം വിരുന്നാണ് നാളെ, ലെച്ചു ചേച്ചി താൻ എപ്പോൾ വരും എന്നറിയുവാനായി വിളിച്ചതാണ്,
എന്തൊക്കെ പ്രതീക്ഷകളുമായി ആണ് താൻ ഈ വീട്ടിലേക്ക് കയറി വന്നത്,,, നന്ദേട്ടനും ആയുള്ള വിവാഹജീവിതം സ്വപ്നം കണ്ട താൻ…….
തന്റെ കൂടപ്പിറപ്പ് അവളുടെ പ്രണയം വിജയിപ്പിക്കുവാനായി ശ്രമിച്ചപ്പോൾ തന്റെ ജീവിതം ആണ് പടുകുഴിയിലേക്ക് മുഖം പൂഴ്ത്തി വീണത്…
ഈശ്വരാ…. ആ പാവം ഹരിസാറിന്റെ ശാപം ആണോ തനിക്ക് ഇങ്ങനെ ഒരു വിധി നേടി തന്നത്…… ദേവൂട്ടി നിറഞ്ഞു തൂകിയ കണ്ണുകൾ തുടച്ചു….
എടി, വന്നു ലൈറ്റ് കെടുത്തിയിട്ട് കിടക്കെടി, നന്ദന്റെ ശബ്‌ദം കേട്ടപ്പോൾ ആണ് പാവം ദേവൂട്ടി ഓർമകളിൽ നിന്നു ഉണർന്നത്…..
അവൾ വേഗം കണ്ണുകൾ തുടച്ചിട്ട് വന്നു കിടന്നു,,,
കിടക്കയുടെ ഒരു വശത്തായി ഒതുങ്ങിക്കൂടി കിടന്നപ്പോൾ അവൾക്ക് തോന്നി തങ്ങൾ ഇനി ഒരിക്കലും ഒന്നാകില്ലെന്ന്, അത്രമാത്രം നന്ദേട്ടന്റെ മനസ്സിൽ വെറുക്കപ്പെട്ട സ്ഥാനം ആണ് തനിക്കും തന്റെ കുടുംബത്തിനും…
ഹോസ്പിറ്റലിൽ നിന്നുള്ള ഫോൺ കാൾ ആണ് നന്ദനെ ഉറക്കത്തിൽ നിന്നുണർത്തിയത്….
എമർജൻസി ആയിട്ട് സർജറി ഉണ്ട് സാർ, വേഗം വരണം…….. ഡോക്ടർ ദേവ് വിളിച്ചപ്പോൾ നന്ദൻ കിടക്ക വിട്ടെഴുന്നേറ്റു..
കുളിച്ചു റെഡി ആയി അവൻ താഴെ വന്നപ്പോൾ അമ്മയെ അവിടെയൊന്നും കണ്ടില്ല…
അവൻ അടുക്കളയിൽ ചെന്നപ്പോൾ ദേവു മാത്രം ആണ് അവിടെ ഉള്ളത്…
കുളികഴിഞ്ഞു ഈറൻ മുടി തോർത്ത് കൊണ്ട് ചുറ്റികെട്ടി വെച്ചിരിക്കുക ആണ്, അനുസരണ ഇല്ലാത്ത വെള്ളത്തുള്ളികൾ അവളുടെ പിന്കഴുത്തിലൂടെ ഒലിച്ചിറങ്ങുന്നുണ്ട്,
അമ്മ എവിടെ…… നന്ദന്റെ ശബ്ദം കേട്ടതും ദേവിക ഞെട്ടി തിരിഞ്ഞു നോക്കി…
അമ്മയോട് ഞാൻ ഹോസ്പിറ്റലിൽ പോയിന്നു പറഞ്ഞേക്ക്.. നന്ദൻ തിരിഞ്ഞു നടന്നു…
കോഫി എടുക്കട്ടേ ഏട്ടാ,,,,,, ദേവു പെട്ടന്ന് ചോദിച്ചു..
അവൻ പക്ഷെ അത് കേട്ടതായി പോലും ഭാവിച്ചില്ല……
അയ്യോ…. മോൻ കാലത്തെ പോയോ,,,, അപ്പോൾ ഇന്ന് മോൾടെ വീട്ടിൽ പോകണ്ടേ,,,, നന്ദൻ പോയന്ന് പറഞ്ഞപ്പോൾ സരസ്വതി അന്താളിച്ചു….
കുറച്ചു കഴിഞ്ഞിട്ട് ഞാൻ അവനെ വിളിക്കാം….. അവർ ദേവുട്ടിയോട് പറഞ്ഞു..
മോൾ വിഷമിക്കേണ്ട കേട്ടോ, ഇന്നലെ അവൻ പറഞ്ഞത് ഒന്നും കാര്യമാക്കേണ്ട കുട്ടി, കുഞ്ഞിലേ മുതൽ അവൻ ഇങ്ങനെ ആണ്,,,, പിടിവാശി കൂടുതലാണ്, കുറച്ചു കഴിഞ്ഞാൽ അതൊക്കെ അവൻ മറക്കും, അതുപോലെ ആണ് ഇതും… സരസ്വതി സമാധാനവാക്കുകൾ പറഞ്ഞെങ്കിലും ദേവൂട്ടിക്ക് അറിയാം നന്ദന് അവളെ കണ്ടുകൂടെന്നു…..
എങ്ങനെ എങ്കിലും വീടെത്തിയാൽ മതിയെന്ന് അവൾ ഓർത്തു…
ഈ വീട്ടിൽ ശ്വാസംമുട്ടി കഴിയുകയാണ് താൻ…..
പതിനൊന്നു മണി മുതൽ മാറി മാറി സരസ്വതിയും, ഗുപ്തൻ നായരും വിളിച്ചിട്ടും, നന്ദനോട് സംസാരിക്കുവാൻ അവർക്ക് കഴിഞ്ഞില്ല…
ഉച്ച ആയപ്പോൾ നന്ദന്റെ കാർ വന്നു നിന്നു….
മോനേ നന്ദാ, നിന്നെ എത്ര നേരം ആയി വിളിക്കുന്നു, നീ എന്താ ഫോൺ എടുക്കാഞ്ഞത്….
അവൻ വണ്ടിയിൽ നിന്നിറങ്ങിയതും സരസ്വതി ചോദിച്ചു..
തിരക്കായിരുന്നു അമ്മേ,,,,, ആകെ മടുത്തു..
ദേവൂന്റെ വീട്ടിൽ പോകണ്ടേ മോനേ, അവർ ചോദിച്ചു
പോകാം അമ്മേ എന്ന് പറഞ്ഞുകൊണ്ട് അവൻ റൂമിലേക്ക് പോയി
നന്ദൻ റൂമിൽ എത്തിയപ്പോൾ ദേവൂട്ടി എല്ലാം പാക്ക് ചെയ്യുന്നതാണ് അവൻ കണ്ടത്..
കുളികഴിഞ്ഞു അവൻ ഇറങ്ങി വന്നപ്പോൾ അമ്മയിരുന്നു കരയുന്നു……
എന്ത് പറ്റി…… അമ്മ കരയുകയാണോ… നന്ദൻ അവർക്കരികിലേക്ക് വന്നു..
മോനേ….. ദേവൂട്ടി പോകുകയാണ് എന്ന് പറയുവാ, ini ഇങ്ങോട്ട് വരുന്നില്ലെന്ന്.. കണ്ടില്ലേ എല്ലാം പാക്ക് ചെയ്തു കഴിഞ്ഞു എന്റെ കുട്ടി….. സരസ്വതി അമ്മ വിതുമ്പി…
നന്ദനും പെട്ടന്നൊന്നു പകച്ചു… ഇത്ര പെട്ടന്നു ദേവു മടങ്ങാൻ തീരുമാനിക്കുമെന്ന് അവനും കരുതിയില്ല..
ഞാനും വരുന്നുണ്ട് നിങ്ങളുടെ കൂടെ, ദേവുട്ടിയില്ലാതെ ഞാൻ ഇങ്ങോട്ട് വരില്ല എന്നും പറഞ്ഞു സരസ്വതി പുറത്തേക്ക് പോയി…
ദേവിക ഒന്നും മിണ്ടാതെ നിലത്തു മിഴികളൂന്നി നിന്നു..
നന്ദന്റെ കൂടെ നീ ഇവിടുന്നു ഇറങ്ങിയാൽ തിരിച്ചു കൊണ്ടുവരാനും ഈ എനിക്ക് അറിയാം…. അത്കൊണ്ട് വെറുതെ ഇവിടെയൊരു സീൻ ഉണ്ടാക്കേണ്ട… നന്ദൻ അതും പറഞ്ഞു നേരെ ഡ്രസിങ് റൂമിലേക്ക് പോയി…
ഞാൻ ഇന്നോളം എല്ലാവരെയും അനുസരിച്ചിട്ടേ ഒള്ളു, പക്ഷേ ഇന്ന് ഞാൻ നന്ദേട്ടൻ പറയുന്നത് കേൾക്കില്ല, കാരണം എനിക്ക് ഇനി ഇവിടെ തുടരാൻ കഴിയില്ല… ദേവുട്ടിയുടെ ശബ്ദം കനത്തു…
നിന്റെ കഴുത്തിൽ താലി കെട്ടിയത് ഞാൻ ആണെങ്കിൽ നീ എന്റെ കൂടെ ഇവിടെ തിരിച്ചു വരും, നന്ദൻ അവളെ വെല്ലുവിളിച്ചു..
അപ്പോളേക്കും സരസ്വതി അമ്മയും ഒരുങ്ങി വന്നു, അവർക്കൊപ്പം ഇറങ്ങുവാനായി….
അമ്മ ഇതെങ്ങോട്ടാ, ഇവിടെ അച്ഛൻ തനിച്ചല്ലേ ഒള്ളു,..? നന്ദൻ ചെറുതായി അമ്മയോട് ദേഷ്യപ്പെട്ടു…
ദേവൂട്ടി ആണ് ഇപ്പോൾ മറ്റെന്തിനേക്കാളും എനിക്ക് വലുത്, ഞാനും വരും…അവർ മകന്റെ അടുത്തേക്ക് ചെന്നു..
ഇവൾ തിരിച്ചു വന്നാൽ പോരെ, അപ്പോൾ അമ്മക്ക് പ്രശ്നാം ഇല്ലാലോ …..നന്ദൻ അമ്മയെ നോക്കി….
അത് മതി, എനിക്ക് നിങ്ങളുടെ കൂടെ വരാൻ ആഗ്രഹമുണ്ടായിട്ടല്ല, ദേവു ഇനി വരില്ലെന്ന് ഓർത്തുകൊണ്ടാണ്… സരസ്വതി മന്ദഹസിച്ചു..
എങ്കിൽ ഇനി വൈകിക്കേണ്ട, ഇറങ്ങിക്കൊള്ളുക രണ്ടാളും… ഗുപ്തൻ നായർ പറഞ്ഞു..
നന്ദനും ദേവുട്ടിയും കൂടി അവളുടെ വീട്ടിലേക്ക് പോകാനായി ഇറങ്ങി…
ദേവൂട്ടി, നന്ദന്റെ കൂടെ നീയും വരണം തിരിച്ചു, ആ ഉറപ്പിലാണ് അമ്മ ഇവിടെ നിന്നും നിന്നെ പറഞ്ഞു അയക്കുന്നത്….. സരസ്വതി അമ്മ അവരെ യാത്ര ആക്കി…
നീ എന്താടി ഓർത്തത്, നിനക്ക് തോന്നുമ്പോൾ ഇറങ്ങി പോകാം എന്നോ…. അത് എന്റെ വീട്ടിൽ ഈ നന്ദന്റെ മുൻപിൽ നടക്കില്ല,,,, നീ എന്നെ അനുസരിക്കില്ലെന്നോ, നിന്നെ അനുസരിപ്പിക്കാൻ ഈ നന്ദനെ അറിയം …. നന്ദൻ അതും പറഞ്ഞു വണ്ടി വേഗത്തിൽ പായിച്ചു….
ദേവു ഒരക്ഷരം പോലും പറഞ്ഞില്ല,
അവർ വീട്ടിൽ എത്തിയപ്പോൾ നേരം ഇരുട്ടിയിരുന്നു…
എല്ലാവരും അവരെ നോക്കി ഉമ്മറത്തിരിപ്പുണ്ടായിരുന്നു….
എന്താ എന്റെ കുട്ടി താമസിച്ചത്,എത്ര നേരമായി ഞങ്ങൾ കാത്തിരിക്കുന്നു…. വാര്യർ മകളോട് വാത്സല്യത്തോടെ ചോദിച്ചു…..
എനിക്ക് ഡ്യൂട്ടി ഉണ്ടായിരുന്നു അച്ഛാ….. കാറിൽ നിന്ന് ഇറങ്ങിയ നന്ദൻ വിനയത്തോടെ പറഞ്ഞു..
അയ്യോ, ഇവൾ അങ്ങു കോലം കെട്ടി ല്ലേ അമ്മേ നാലു ദിവസം കൊണ്ട്….. ലെച്ചു അനുജത്തിയെ നോക്കി മൂക്കത്തു വിരൽ വെച്ചു…
നന്ദന്റെ മുഖം ഇരുണ്ടുവരുന്നത് ദേവു കണ്ടു. .
ഒന്നു മിണ്ടാതിരിക്കു ലെച്ചു, നന്ദൻ കേൾക്കും… അമ്മുമ്മ ലെച്ചുവിനെ വഴക്ക് പറഞ്ഞു….
നന്ദൻ കസേരയിൽ ഇരുന്നു അശോകിനോട് ഓരോ കാര്യങ്ങൾ സംസാരിക്കുകയാണ്,,,,
ദേവൂട്ടി എന്ത് പരിപാടി ആണ് കാണിക്കുന്നത്, നിങ്ങൾ ഇപ്പോൾ പോകുവാ അല്ലേ,നന്ദന് കുടിക്കുവാൻ വെള്ളവും ആയി വന്ന ദേവികയോട് അശോക് ചോദിച്ചു…
അവൾക്ക് ഒന്നും മനസിലായില്ല,..
ഏഹ് പോകുകയോ, അതും ഈ രാത്രിയിൽ വാര്യർ മക്കളെ രണ്ടാളെയും മാറി മാറി നോക്കി..
നാളെ കാലത്തെ എനിക്ക് മുംബൈക്ക് പോകണം അച്ഛാ,മീറ്റിംഗ് ആണെങ്കിൽ മുൻകൂട്ടി പ്ലാൻ ചെയ്തതാണ്…. ടു വീക്സ്നുള്ളിൽ ഓണം വരുവല്ലേ, സൊ എല്ലാവരെയും അങ്ങോട്ട് ക്ഷണിക്കുന്നു, നമ്മൾക്ക് അവിടെ കൂടാം, നന്ദൻ എല്ലാവരോടുമായി പറഞ്ഞു..
ദേവു നിശബ്ദയായി നിന്നതേ ഒള്ളു….
ദേവൂട്ടിക്ക് അതാണ് അല്ലെ വന്നപ്പോൾ മുതൽ ഇത്ര സങ്കടം….. അശോക് വലിയൊരു കണ്ടുപിടുത്തം നടത്തിയ മട്ടിൽ അവളെ നോക്കി…
അത്താഴം കഴിച്ചു കഴിഞ്ഞു കുറെ നേരം കൂടി സംസാരിച്ചു ഇരുന്നിട്ട് ദേവു നന്ദനോടൊപ്പം പോകാൻ തയ്യാർ ആയി…..
ദേവു എന്നാൽ രണ്ട് ദിവസം നില്ക്കു, നന്ദൻ നാളെ മുംബൈക്ക് പോകുവല്ലേ…. ലെച്ചു അനുജത്തിയെ നോക്കി…..
അടുത്ത തവണ വരുമ്പോൾ നിൽകാ ചേച്ചി, ഇന്ന് പോകുവാ….ദേവു അമ്മയെയും ചേച്ചിയെയും നോക്കി പറഞ്ഞു…..
നന്ദന്റെ ഒപ്പം കാറിൽ വന്നു കയറിയപ്പോൾ ദേവൂട്ടിക്ക സങ്കടം സഹിക്കാൻ പറ്റാവുന്നതിലും അപ്പുറം ആയിരുന്നു, പക്ഷെ അവൾ കടിച്ചമർത്തി ഇരുന്നു…
ഓണം അവിടെ ആണ് കെട്ടോ, വേറെ പ്രോഗ്രാം ഒന്നും പിടിക്കരുത് ആരും, കാർ സ്റ്റാർട്ട് ചെയ്തു കൊണ്ട് നന്ദൻ പറഞ്ഞു
നീ നന്ദനെ അനുസരിക്കില്ല അല്ലേടി, ഈ നന്ദൻ ആരാണെന്നു നീ അറിയാൻ പോകുന്നതേ ഒള്ളു…. അവൻ ദേവൂട്ടിയെ നോക്കി പറഞ്ഞു…
നാളെ ഞാൻ മുംബൈക്ക് പോകുമെന്ന് ഞാൻ നുണ പറഞ്ഞതാ, നിനക്ക് മനസിലായി കാണുമല്ലോ അല്ലേ, നന്ദൻ ചോദിച്ചു…
അവൾ മറുപടി ഒന്നും പറഞ്ഞില്ല..തിരിച്ചു വീടെത്തും വരെ അവർ പരസ്പരം ഒന്നും സംസാരിച്ചില്ല…
അയ്യോടാ ഇതെന്താ മക്കളെ ഈ രാത്രിയിൽ നീ വന്നത്, അർദ്ധരാത്രിയിൽ മക്കളെ മുൻപിൽ കണ്ട സരസ്വതി അന്താളിച്ചു..
ദേവികയ്ക്ക് അമ്മയെ കാണാണ്ട് ഉറക്കം വരുന്നില്ലെന്ന് പറഞ്ഞു, അതുകൊണ്ട് പോന്നത് ആണ്, നന്ദൻ ആണ് മറുപടി കൊടുത്തത്…
എന്താ മക്കളെ നിങ്ങൾ അവിടെ നിൽക്കാതെ പോന്നത്, ദേവുവിനെ നോക്കി സരസ്വതി അമ്മ ചോദിച്ചു…
നന്ദേട്ടന് നാളെ ഒരു യാത്ര ഉണ്ടെന്നു പറഞ്ഞു അമ്മേ, അത്കൊണ്ട് മടങ്ങി.. ദേവു അകത്തേക്ക് കയറികൊണ്ട് പറഞ്ഞു…
ദിവസങ്ങൾ പിന്നിട്ടിട്ടും നന്ദന്റെ സ്വഭാവത്തിൽ ഒരു മാറ്റവും വന്നില്ല..തരം കിട്ടുമ്പോൾ എല്ലാം അവൻ അവളെ ഓരോ വാക്കുകൾ കൊണ്ട് കുത്തി നോവിക്കുമായിരുന്നു…
ഓണത്തിന്l എല്ലാവരെയും കൃഷ്ണമങ്ങളത്തേക്ക് ക്ഷണിച്ചിരുന്നു….
തലേ ദിവസം നന്ദൻ ഗംഭീരമായ ഷോപ്പിംഗ് ആണ് നടത്തിയത്, എല്ലാവർക്കും ഓണക്കോടി എടുക്കണം എന്ന് സരസ്വതി പ്രത്യേകം മകനോട് പറഞ്ഞിരുന്നു……
ദേവികയും സരസ്വതി അമ്മയും കൂടി എല്ലാം പൊട്ടിച്ചു കാണുകയാണ്….നന്ദൻ ആരെയോ ഫോൺ വിളിക്കുക ആണ്..
ഇതെല്ലാം ഭവാനി വല്യമ്മക്കും, ധന്യ ചേച്ചിക്കും കുഞ്ഞിനും ഒക്കെ ഉള്ളതാണ്… ദേവിക അമ്മയെ കാണിച്ചുകൊണ്ട് പറഞ്ഞു..
സരസ്വതി ഓരോന്നായി എടുത്തു മാറ്റി വെച്ചു….
പക്ഷെ അവർ തിരഞ്ഞത് മുഴുവൻ ദേവികയ്ക്ക് എന്താണ് തന്റെ മകൻ മേടിച്ചത് എന്നാണ്…
ഇതാർക്കാണ് മോനേ, ഒരു കവർ എടുത്തുകൊണ്ടു സരസ്വതി മകനെ നോക്കി…
ലെച്ചുവിനും അശോകിനും ആണ് അത് അമ്മേ,അവൻ പറഞ്ഞു…
ദേവൂട്ടിക്ക് നീ എന്താണ് മേടിച്ചത്… അമ്മ വീണ്ടും അവനെ നോക്കി…
ആഹ് ഈ പെണ്ണുങ്ങൾക്ക് മേടിക്കുന്നതൊന്നും എനിക്ക് അറിയില്ല അമ്മേ…. നന്ദൻ അലക്ഷ്യമായി അമ്മയോടായി പറഞ്ഞു…
ധന്യയും ലെച്ചുവും പെണ്ണുങ്ങൾ ആണെന്ന് എനിക്കറിയില്ലായിരുന്നു…. അവർ കോപത്തോടെ മകനെ നോക്കി…
അമ്മേ, എനിക്ക് എത്ര ചുരിദാർ ആണ് ഇരിക്കുന്നത്,വിവാഹം കഴിഞ്ഞിട്ട് ഇത്ര ദിവസം അല്ലേ ആയുള്ളൂ, അപ്പോൾ എടുത്തതെല്ലാം ഇനിയും ഇരിക്കുക ആണ്…. .നന്ദേട്ടൻ ഇപ്പോൾ വാങ്ങാഞ്ഞത് നന്നായി അമ്മേ…. ദേവിക കൈയിൽ ഇരുന്ന കവറുകൾ മേശയിൽ വെച്ചിട്ട് അവരോടായി പറഞ്ഞു…
ദേവൂട്ടി, മോളെ…. .
ഓമനകുഞ്ഞമ്മ വന്നു അമ്മേ എന്നും പറഞ്ഞു ദേവിക വെളിയിലേക്ക് ഓടി…. .
ഇവൾക്കെന്താ ഇത്രക്ക സന്തോഷം, നന്ദൻ നെറ്റി ചുളിച്ചു…
ദേവു അപ്പോൾ അകത്തേക്ക് വന്നു, ഒക്കത്തു ധന്യ ചേച്ചിടെ മകൾ . മൂന്നു വയസുകാരി കുഞ്ഞാറ്റയും ഉണ്ട്….
ദേവികയ്ക്ക് തുരുതുരെ കവിളിൽ ഉമ്മ കൊടുക്കുകയാണ് ആ കുരുന്നു… .
എന്റെ നന്ദ,,,,,നീ ഈ കൊച്ചിനെ കെട്ടിയില്ലായിരുന്നെങ്കിൽ എന്റെ കാര്യം ഇപ്പോൾ കഴിഞ്ഞേനെ…. ഓമനവല്യമ്മ നന്ദനെ നോക്കി പറഞ്ഞു
വല്യമ്മക്ക് എന്താ പറ്റിയത്,? നന്ദൻ അവരോടായി ചോദിച്ചു..
ഉണ്ണുമ്പോളും ഉറങ്ങുമ്പോളും നടക്കുമ്പോളും കിടക്കുമ്പോളും എല്ലാം കുഞ്ഞാറ്റക്ക് ദേവുചിറ്റേ മാത്രം മതി….അവർ ചിരിച്ചു കൊണ്ട് പറഞ്ഞു….
ഇത്തിരി വെള്ളം കുടിക്കട്ടെ എന്നും പറഞ്ഞുഅവർ അടുക്കളയിലേക്ക് നടന്നു..
എല്ലാവർക്കും എന്റെ കുഞ്ഞിനെ കാര്യം ആണ്, എന്റെ മകനൊഴികെ…സരസ്വതി സ്വയം പറഞ്ഞെങ്കിലും മകൻ അത് കേട്ടഭാവം പോലും നടിക്കാതെ എഴുനേറ്റു പോയി.. .
തുടരും
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission