എന്റെ ചിതയിൽ നിന്ന്..

1634 Views

എന്റെ ചിതയിൽ നിന്ന്

ഞാനൊന്ന് ഉറങ്ങി പോയി. ശരീരത്തിനും മനസിനും വല്ലാത്ത ഭാരം അനുഭവപ്പെടുന്നു.

 

എന്റെ കുഞ്ഞിന്റെ കരച്ചിൽ. ഇതെന്താ ഇവൻ കരഞ്ഞിട്ടും എന്നെ ആരും വിളിക്കാഞ്ഞേ….? വിശക്കുന്നുണ്ടാകും… പോയി നോക്കാം.

 

കണ്ണ് തുറന്നപ്പോൾ ആദ്യം കണ്ടത് കാർമേഘങ്ങൾ കൂടി ഇരുണ്ട ആകാശം. ഞാൻ എങ്ങനെ ഇവിടെ…… അനങ്ങാൻ കഴിയുന്നില്ല. ഭാരമുള്ള എന്തോ ഒന്ന് പുറത്തു വച്ചതു പോലെ ഉണ്ട്.

 

ചുറ്റിനും ഞാനൊന്നു കണ്ണോടിച്ചു. എന്താ ഇവിടെ നടക്കുന്നതെന്ന് അറിയാൻ. കുറേ പരിചിതമായ മുഖങ്ങൾ ഉണ്ട്. കൂട്ടത്തിൽ ന്റെ ഏട്ടനും. കണ്ണുകൾ കലങ്ങി നിൽക്കുന്ന ഏട്ടനെ ഞാൻ ആദ്യമായാണ് കാണുന്നത്. ആ തലയെടുപ്പും ഗാംഭീര്യം കലർന്ന പുഞ്ചിരിയും ഒന്നും ഇല്ല ആ മുഖത്ത്. അച്ഛനും ആങ്ങളമാരും അതുപോലെ തന്നെ….

 

എവിടെ എന്റെ കുഞ്ഞ്. അവനെ കാണാൻ ഇല്ല. അനങ്ങാൻ പറ്റുന്നുമില്ല. ശരീരത്തിലെ ഭാരം കൂടി കൂടി വരുന്നു. കഴുത്തറ്റം മുങ്ങിയ അവസ്ഥ. എന്താ ഇങ്ങനെ എന്ന് ഓർത്ത് കിടക്കുമ്പോൾ ആരോ പറയുന്നത് കേട്ടു…

 

“അവസാനമായിട്ട് കാണണേൽ കണ്ടോളു. മുഖം മറക്കാൻ പോവാ. ” ഇവരെന്താ പറയുന്നെന്ന് മനസിലാകാതെ ഞാൻ നോക്കി.

 

ആങ്ങളയുടെ കയ്യിൽ മുറുകെ പിടിച്ച് ഏട്ടൻ എന്റെ അടുത്തേക്ക് വന്നു. എന്നെ തന്നെ നോക്കി നിന്നു. ഞാനും അങ്ങനെ നോക്കി കിടന്നു.

 

“എന്തിനാ ഭാമേ ഇത്ര വേഗം നീ പോയത്. കുഞ്ഞുട്ടനെ ആരാ ഇനി.. നീ ഇല്ലെങ്കിൽ അവൻ ആഹാരം കഴിക്കില്ലെന്ന് അറിയില്ലേ നിനക്ക്… നിന്റെ പിണക്കങ്ങളും പരിഭവങ്ങളും ഇല്ലാതെ ഞാൻ…. ”

 

ഏട്ടന്റെ വാക്കുകൾ മുറിഞ്ഞു പോയിരുന്നു. കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ട്.. എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു ആ കണ്ണുനീരിന്റെ ചൂട്.

 

 

“എന്തിനാ ഏട്ടാ… ഞാൻ എവിടേം പോയില്ലല്ലോ. ഇവിടെ തന്നില്ലേ. ഇങ്ങനെ കരയാൻ മാത്രം എന്താ ഇവിടെ….. ”

 

പറഞ്ഞു തീരും മുൻപേ എന്റെ നെറ്റിയിൽ ഏട്ടൻ ചുംബിച്ചിരുന്നു. ആ ചുംബനത്തിന്റെ കുളിരിൽ ഞാൻ കണ്ണൊന്നു അടച്ചു തുറന്നപ്പോഴേക്കും ഏട്ടൻ അകലേക്ക്‌ മാറി നിന്നു.

 

ആരോ ഒരാൾ വന്ന് ഭാരമേറിയ രണ്ടു വിറകു കൊള്ളികൾ എന്റെ മുഖം മറച്ചു വച്ചു. എന്തോ ഒന്ന് ഉടഞ്ഞ ശബ്ദം കേട്ട് വിറകുകൊള്ളികൾക്കിടയിലൂടെ ഞാൻ നോക്കി. എന്റെ കുഞ്ഞുട്ടൻ.. അവന്റെ തലയിൽ ഒരു മൺകുടം പൊട്ടി വെള്ളം ഒഴുകുന്നുണ്ട്.

 

“നനയല്ലേ മോനെ.. പച്ചവെള്ളം നിനക്ക് പറ്റില്ലാന്ന് അറിയില്ലേ. ജ്വരം വരും. ”

 

അവനതു കേൾക്കാത്ത പോലെ കുടവുമായി എനിക്ക് ചുറ്റും നടന്നു.. നിലത്തേക്ക് വീണ കുടം ചിന്നി ചിതറുന്ന ഒച്ചയിൽ ഞാൻ മനസിലാക്കി…

 

ഞാനെന്റെ ചിതയിൽ ആണ്. അവരൊക്കെ എന്നെ യാത്രയാക്കാൻ വന്നവരും. സ്നേഹിച്ചു തീർന്നിട്ടില്ല ഞാൻ എന്റെ കുഞ്ഞിനെ. അവനു നൽകേണ്ടിയിരുന്ന സ്നേഹവും വാത്സല്യവും ആണ് മനസ് നിറയെ. ഏട്ടന്റെ പുറകേ നടന്നു പരിഭവങ്ങളും പരാതിയും പറയുമ്പോൾ പ്രണയം കലർന്ന ഒരു ദേഷ്യഭാവം ഉണ്ടാകും ആ മുഖത്ത്, കണ്ടു മതിയായിട്ടില്ല.

 

എന്റെ ശരീരത്തിൽ ഒരു തുള്ളി ചോര പൊടിഞ്ഞാൽ കണ്ണ് നിറയുന്ന അച്ഛനും ആങ്ങളമാരും ആണ് ഇന്ന്‌ എന്റെ ജീവനറ്റ ശരീരത്തിനടുത്തു നിശ്ചലരായി നിൽക്കുന്നത്. സ്ത്രീകൾക്ക് പ്രവേശനം ഇല്ലല്ലോ ചിതയ്ക്കടുത്തേക്ക്. പെറ്റമ്മയും പ്രസവിക്കാതെ തന്നെ എനിക്കമ്മയായ ഏട്ടന്റെ അമ്മയും എന്റെ എല്ലാ കുരുത്തക്കേടുകൾക്കും കൂടെ നിന്ന നാത്തൂനും.. അവരവിടെ എനിക്ക് വേണ്ടി കണ്ണുനീർ ഒഴുക്കുന്നുണ്ടാകും. അവസാനമായി ഒന്ന് കാണാൻ കഴിഞ്ഞില്ല…

 

“ഇനി കത്തിച്ചോളു… ”

 

എന്റെ കാൽക്കൽ ചൂടനുഭവപ്പെടുന്നുണ്ട്. തീ എന്നത് എനിക്ക് പണ്ടേ പേടിയാണ്. നാലുപാടും കത്തി തുടങ്ങി. മങ്ങിയ കാഴ്ചകൾ ആണ് ചുറ്റും. പുകപടലത്തിനിടയിലൂടെ ഞാൻ കണ്ടു കുഞ്ഞുട്ടനെ കെട്ടി പിടിച്ച് കരയുന്ന എന്റെ ഏട്ടനെ.. അവൻ കരയുന്നില്ല.. അറിയേണ്ട പ്രായം ആയിട്ടില്ല എന്റെ കുഞ്ഞിന്. അമ്മയ്ക്ക് ചുറ്റും ആണ് താൻ തീ കൊളുത്തിയതെന്ന് പോലും അവനറിയുന്നുണ്ടാവില്ല. അവന്റെ കണ്ണിൽ വിശപ്പ് കാണാം എനിക്ക്.

 

കത്തിയമർന്നു തുടങ്ങി ഞാൻ. ഒന്നും കാണാൻ കഴിയുന്നില്ല. പറഞ്ഞു തീരാത്ത എന്റെ പരിഭവങ്ങളും സ്വപ്നങ്ങളും സന്തോഷങ്ങളും മാറോടു ചേർത്ത് മേഘങ്ങൾക്കിടയിലേക്ക് ഒരു യാത്ര.

 

ഒടുവിലത്തെ വാക്കുകൾ എന്ന പോലെ ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു…

 

“എന്റെ കുഞ്ഞിന് വിശക്കുന്നുണ്ട് ഏട്ടാ.. വീട്ടിൽ എത്തിയാൽ ഉടനെ ഭക്ഷണം കൊടുക്കണം….”

 

 

പക്ഷേ ആരും കേട്ടില്ല ഞാനും എന്റെ വാക്കുകളും പുക പടലതോടൊപ്പം മേഘങ്ങൾക്കിടയിലേക്ക് മറഞ്ഞു……

 

✍️ലങ്ക ലക്ഷ്മി

 

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Tags:

Leave a Reply