മാന്ത്രിക പരിഹാരം

855 Views

homam pooja

ഈ കഥയിലെ സംഭവങ്ങൾ നടക്കുമ്പോൾ കേരളത്തിലെ ഒരു കൊച്ചു പട്ടണത്തിൽ ജീവിക്കുകയായിരുന്നു ഞാൻ. കോളജ് വിദ്യാർത്ഥിയായിരുന്ന കാലം. ഒരു ചെറിയ കുറ്റം ചെയ്തയാളെ എന്റെ കസിനായ വിജയൻ മാന്ത്രികവിദ്യയുപയോഗിച്ചു് കണ്ടെത്തിയ കഥയാണു് ഞാനിവിടെ വിവരിക്കുന്നതു്.

വിജയനു് എന്നെക്കാൾ ഏതാണ്ടു് ഒരുവയസ്സുമാത്രമേ അധികം പ്രായമുണ്ടായിരുന്നുള്ളൂ. അദ്ദേഹമൊരു മന്ത്രവാദിയായിരുന്നില്ല, കുറ്റകൃത്യം അത്രവലിയതുമായിരുന്നല്ല എന്നു് ആദ്യമേ പറയട്ടെ. പിന്നീടു് പല വലിയ കുറ്റകൃത്യങ്ങളുടെയും ഉത്തരവാദികളെ കണ്ടെത്തുന്നതിൽ പങ്കാളിയായെങ്കിലും ഞാനിവിടെ വിവരിക്കുന്നതു് ഒരു ചെറിയ മോഷണക്കുറ്റം മാത്രമാണു്.

കൃത്യമായി പറഞ്ഞാൽ, എന്റെയൊരു അമ്മാവന്റെ കടയിൽനിന്നു് പതിവായി ചെറിയ തുകകൾ മോഷണംപോകുന്ന പ്രശ്നമാണു്. പൊലീസിൽ പരാതിപ്പെട്ടാൽ അതു് കൂടുതൽ പണച്ചെലവിനും മറ്റുപ്രശ്നങ്ങൾക്കും കാരണമാകുകയേയുള്ളൂ എന്നു് അമ്മാവൻ വിശ്വസിച്ചു, അല്ലെങ്കിൽ ഏതോ സുഹൃത്തുക്കൾ വിശ്വസിപ്പിച്ചു.

അതുകൊണ്ടു് ഒരു നല്ല മന്ത്രവാദിയെ വിളിക്കുകയാണു് നല്ലതെന്നു് അമ്മാവനെ ആരോ പറഞ്ഞു ധരിപ്പിച്ചു. അത്തരം കാര്യങ്ങളിൽ വിശ്വാസമുണ്ടായിരുന്ന അമ്മാവൻ അങ്ങനെതന്നെ ചെയ്യാൻ തീരുമാനിച്ചു. അതിലൊന്നും വിശ്വാസമില്ലായിരുന്ന ഞാൻ അതുപോലെതന്നെ അവിശ്വാസിയായിരുന്ന വിജയനോടു് അക്കാര്യം പറയാനിടയായി. അതിനു പറ്റിയ ഒരാളെ സംഘടിപ്പിക്കാം എന്ന വിജയന്റെ മറുപടി കേട്ടു് ഞാൻതന്നെ അത്ഭുതപ്പെട്ടുപോയി.

അസാമാന്യമായി കുസൃതികാട്ടുകയും ചിലപ്പോഴൊക്കെ പ്രായോഗികഫലിതങ്ങൾ നടത്തുകയും ചെയ്യുമെങ്കിലും മറ്റുള്ളവരെ സഹായിക്കുന്നതിൽ വലിയ ഉത്സാഹം കാണിച്ചിരുന്ന വ്യക്തിയാണു് വിജയൻ. അതുകൊണ്ടു് മന്ത്രവാദിയെ കണ്ടുപിടിക്കുന്ന ഉത്തരവാദിത്തം വിജയൻ ഏറ്റു എന്ന കാര്യം ഞാൻ അമ്മാവനോടു് പറഞ്ഞു.

അങ്ങനെ ഒരുദിവസം വിജയൻ എന്റെകൂടെ അമ്മാവന്റെ വീട്ടിൽ വരികയും തന്റെ സുഹൃത്തിനു് ഈ പ്രശ്നം പരിഹരിക്കാനാകും എന്നു് അമ്മാവനെയും അമ്മായിയെയും വിശ്വസിപ്പിക്കുകയും ചെയ്തു.

തന്റെ സുഹൃത്തിനു് ഹിമാലയത്തിൽനിന്നു പഠിച്ച ഇന്ത്യൻ മാന്ത്രികവിദ്യകൾ മാത്രമല്ല ഇംഗ്ലണ്ടിലായിരുന്നപ്പോൾ അവിടെ ആർതർ ചക്രവർത്തിയുടെ സഭയിലെ പ്രശസ്ത മാന്ത്രികനായ മെർലിന്റെ ശിഷ്യപരമ്പരയിൽനിന്നു പഠിച്ച ചില വിദ്യകളും അറിയാമെന്നു പറഞ്ഞപ്പോൾ അമ്മാവനു് സന്തോഷമായി. ആ സുഹൃത്തു് ഭാഗ്യത്തിനു് കേരളത്തിൽ ഉണ്ടു് എന്നുംകൂടി പറഞ്ഞപ്പോൾ അമ്മാവനു് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല.

പറഞ്ഞതുപോലെ, ഞാൻ മുമ്പു് കണ്ടിട്ടില്ലാത്ത ഒരു മനുഷ്യനെയുംകൂട്ടി വിജയൻ അടുത്തൊരുദിവസംതന്നെ എത്തി. അദ്ദേഹത്തിനു് തോളുവരെ നീണ്ടുകിടക്കുന്ന മുടിയും അതിനുചേരുന്ന താടിമീശയുമുണ്ടായിരുന്നു എന്നതുകൊണ്ടു് അദ്ദേഹത്തിന്റെ മുഖം കാര്യമായിട്ടൊന്നും കാണാനില്ലായിരുന്നു.

സ്വാമി അത്ഭുതാനന്ദ എന്ന പേരിൽ പരിചയപ്പെടുത്തിയ അദ്ദേഹം ഇംഗ്ലിഷും സംസ്കൃതവും പാലിഭാഷയും മാത്രമേ സംസാരിക്കൂ എന്നും വിജയൻ പറഞ്ഞു. അതുകൊണ്ടു്, കാര്യമായി ഇംഗ്ലിഷ് മനസ്സിലാകാത്ത അമ്മാവനും അമ്മായിക്കുംവേണ്ടി വിജയൻതന്നെയാണു് സ്വാമിയുമായി സംസാരിച്ചതു്. പൂജയുടെ സമയത്തും അങ്ങനെയേ പറ്റൂ എന്നു് വിജയൻ പറഞ്ഞു. അതിൽ ആർക്കും പ്രശ്നമുണ്ടായിരുന്നില്ല. സ്വാമി സംസാരിച്ചതു് നല്ല ഒന്നാംതരം ബ്രിട്ടിഷ് ഇംഗ്ലിഷിലാണു്. അതു് വിജയൻ അപ്പപ്പോൾ തർജ്ജമചെയ്തു.

താനും സ്വാമിയും ഞായറാഴ്ച വരുമെന്നും അന്നു് ഉച്ചതിരി‍ഞ്ഞു നടക്കുന്ന പൂജയിൽ പതിവായി കടയിൽ വരുന്നവരും പണമെടുക്കാൻ സാദ്ധ്യതയുള്ളവരും നിർബ്ബന്ധമായി പങ്കെടുക്കണമെന്നും വിജയൻ പറഞ്ഞു. അഥവാ ആരെങ്കിലും വരാൻ വിസമ്മതിച്ചാൽ അതുതന്നെ കുറ്റസമ്മതത്തിനു തുല്ല്യമാണെന്നും വിജയൻ പറഞ്ഞു. മാത്രമല്ല, സ്വാമിക്കു് പണമൊന്നും വേണ്ടെന്നും പൂജയുടെ ചെലവുകൾമാത്രം വഹിച്ചാൽ മതിയെന്നും അതുതന്നെ അഞ്ഞൂറു രൂപയിൽ താഴെമാത്രമേ ആകൂ എന്നും വേണ്ട വസ്തുക്കളെല്ലാം താൻ കൊണ്ടുവന്നുകൊള്ളാം എന്നും വിജയൻ ഏറ്റപ്പോൾ അമ്മാവനും അമ്മായിക്കും സന്തോഷമായി.

പതിവായി കടയിൽ വരുന്നവരെ പൂജയ്ക്കു് ക്ഷണിക്കുക എന്നതു് എന്റെയുംകൂടി ഉത്തരവാദിത്തമായിരുന്നു. അതിനായി പലരെയും പോയി കണ്ടപ്പോൾ, എങ്ങനെയാണു് സ്വാമി പൂജനടത്തി കുറ്റകൃത്യം തെളിയിക്കാൻപോകുന്നതു് എന്നു് ചിലർക്കെങ്കിലും അത്ഭുതമായി. ചിലർ വരാൻ മടിക്കുന്നതായി തോന്നി, എന്തെന്നാൽ പൂജ നടത്തുന്നതു് അവിടെ നിൽക്കുന്നവർക്കു് ദോഷംചെയ്യില്ലേ എന്ന സംശയം അവരുയർത്തി. അതൊന്നും ഉണ്ടാകാതെ സ്വാമി നോക്കിക്കൊള്ളും എന്നു് ഞാൻ ഉറപ്പുകൊടുത്തപ്പോൾ അവരും വരാമെന്നേറ്റു.

ഞായറാഴ്ച ഉച്ചതിരിഞ്ഞു് അഞ്ചുമണിക്കുതന്നെ വിജയനും സ്വാമിയും എത്തി. ആറുമണിക്കാണു് പൂജ തുടങ്ങാൻ നിശ്ചയിച്ചിരുന്നതു്. അതിനായി ആപ്പീസിൽത്തന്നെ സൗകര്യപ്രദമായ ഒരു ചെറിയ മുറി ഒരുക്കിയിരുന്നു. സംഭവം നടന്ന പരിസരത്തുതന്നെവേണം പൂജയും നടത്താനെന്നു് സ്വാമി നിഷ്ക്കർഷിച്ചിരുന്നു. അതുകൊണ്ടു് കടയിൽത്തന്നെ അതു് നടത്തേണ്ടതുണ്ടായിരുന്നു.

അല്ലെങ്കിൽ കുറേക്കൂടി സൗകര്യമായി വീട്ടിൽ നടത്താവുന്നതായിരുന്നു. വിജയൻ ഒരു ഭാണ്ഡക്കെട്ടുമായിട്ടായിരുന്നു വന്നതു്. അതു് മുറിയിൽ വച്ചശേഷം എല്ലാവരും പുറത്തിറങ്ങണം എന്നാവശ്യപ്പെട്ടു. പൂജയ്ക്കാവശ്യമായ ഒരുക്കങ്ങൾ ചെയ്യാനുണ്ടു് എന്നതായിരുന്നു ന്യായം. എല്ലാവരും എത്തിയശേഷം മാത്രമേ വിളിക്കാവൂ എന്നും അപ്പോൾ വാതിലിൽ തട്ടിയാൽമതി എന്നുമായിരുന്നു നിർദ്ദേശം. ഈ കർത്തവ്യം അമ്മാവൻഏൽപ്പിച്ചതു് എന്നെയായിരുന്നതുകൊണ്ടു് ഞാനാ വാതിൽക്കൽത്തന്നെ നിലയുറപ്പിച്ചു.

അഞ്ചരയായപ്പോൾ വിജയൻ പുറത്തുവന്നു. ഒരു കോടിനിറമുള്ള മുണ്ടും അരയിലൊരു ചെമന്ന തുണിയുമായിരുന്നു വേഷം. സ്വാമിക്കു് ഇനിയും ചില പണികളുണ്ടെന്നും എല്ലാവരും എത്തിയശേഷമേ വിളിക്കാവൂ എന്നും യാതൊരു കാരണവശാലും അതിനുമുമ്പു് വിളിക്കരുതെന്നും വിജയൻ നിർദ്ദേശിച്ചു.

ഏതാണ്ടു് അഞ്ചേമുക്കാലായപ്പോൾ അമ്മാവൻ വന്നു പറഞ്ഞു എല്ലാവരും എത്തിക്കഴിഞ്ഞെന്നും പൂജ തുടങ്ങാമെന്നും. എന്നാലും സ്വാമിയെ വിളിക്കണോ വേണ്ടയോ എന്നു് എനിക്കപ്പോഴും സംശയമായിരുന്നു, വിശേഷിച്ചു് വെറുതെ വിളിക്കരുതെന്നു് വിജയൻ പറഞ്ഞിരുന്നസ്ഥിതിക്കു്. എന്തായാലും, എന്റെ പ്രശ്നത്തിനു് പരിഹാരമുണ്ടാക്കിക്കൊണ്ടു്, ഞങ്ങൾ സംസാരിച്ചുനിൽക്കുന്നതിനിടയിൽ വിജയൻതന്നെ വാതിൽതുറന്നു് പുറത്തുവന്നു.

എല്ലാവരും എത്തിയോ എന്നറിയാനായിരുന്നു വിജൻ വന്നതു്. അമ്മാവൻ പറഞ്ഞതു് ഞാൻ വിജയനോടു് പറയുകയും അതുകേട്ടയുടനെ തിരികെ മുറിയിലേക്കു് പോകുകയും ചെയ്തു. ഉടനെതന്നെ ഉള്ളിൽനിന്നു് മണിയടിയുടെയും മന്ത്രോച്ചാരണത്തിന്റെയും ശബ്ദം കേട്ടുതുടങ്ങുകയുംചെയ്തു. അതോടൊപ്പം സാമ്പ്രാണിയും മറ്റും പുകയ്ക്കുന്നതിന്റെ മണം കതകിനടിയിലെ ചെറിയ വിടവിൽനിന്നു് ഒഴുകാൻതുടങ്ങിയതോടെ പൂജ കാര്യമായി തുടങ്ങി എന്നു വ്യക്തമായി.

കുറച്ചുകഴിഞ്ഞപ്പോൾ വാതിൽ തുറക്കുകയും സ്വാമിയും വിജയനും പുറത്തുവരികയും ചെയ്തു. ഒരു കാവിമുണ്ടും അരയിലൊരു ചെമന്ന തുണിയും പിന്നെ കഴുത്തിൽ തൂക്കിയിട്ടിരുന്ന കറുത്ത തോർത്തുമായിരുന്നു വേഷം. കൂടാതെ എന്തെല്ലാമോ കോർത്തുണ്ടാക്കിയ മാല കഴുത്തിലുണ്ടായിരുന്നു, നെറ്റിയിൽ ഭസ്മവും കുങ്കുമവും പിന്നെ തലയിൽ ഒരു ചെമന്ന തലക്കെട്ടുംകൂടി ആയപ്പോൾ ഒരു അസാധാരണരൂപമായി, ചിലരെ ഭയപ്പെടുത്തുന്ന രൂപം. മൊത്തത്തിൽ, എല്ലാവരെയും സ്വാധീനിക്കുന്ന രൂപംതന്നെ. അമ്മാവനും അമ്മായിയും തൊഴുകൈകളോടെ നിൽക്കുന്നതും മറ്റുള്ളവരും ഭയഭക്തിബഹുമാനങ്ങൾ മുഖത്തു് പ്രകടമാക്കി നിൽക്കുന്നതും എനിക്കു് കാണാമായിരുന്നു. എന്തായാലും, ആദ്യരംഗം ആധുനികഭാഷയിൽ പറഞ്ഞാൽ കലക്കി.

പൂജ തുടങ്ങാൻപോകുകയാണെന്നും കടയിൽ പതിവായി വരാറുള്ളവർ എത്തിയിട്ടുണ്ടോ എന്നും സ്വാമി ചോദിച്ചതായി വിജയൻ പറഞ്ഞു. ഉണ്ടു് എന്നു് അമ്മാവൻ പറഞ്ഞപ്പോൾ പണമെടുത്തയാൾ സന്നിഹിതനാണോ എന്നു് ആദ്യമായി സ്വാമി പരീക്ഷിക്കാൻപോകുകയാണു് എന്നും വിജയൻ പറഞ്ഞിട്ടു് അവിടെ ചുറ്റിലും നോക്കിയപ്പോൾ മേശപ്പുറത്തു കിടക്കുന്നതായി കണ്ട ഒരു ചരടെടുത്തു് സ്വാമിയുടെ കൈയിൽ കൊടുത്തു.

എന്നിട്ടു് അമ്മാവനോടു് വിജയൻ ചോദിച്ചു, കടയിലെ വരുമാനത്തിൽനിന്നു് മേടിച്ച എന്തെങ്കിലും ചെറിയ സ്വർണ്ണം കൈവശമുണ്ടോ? ഒരു ചെറിയ മോതിരംമതി.” എന്നു്. അമ്മാവൻ കയ്യിൽനിന്നു് ഒരു ചെറിയ മോതിരം ഊരി വിജയനു് കൊടുത്തപ്പോൾ വിജയനതു് ആ ചരടിന്റെ ഒരറ്റത്തു് കെട്ടി. കയ്യിലുണ്ടായിരുന്ന ഒരു വടിയുടെ അറ്റത്തു് വിജയൻ മറ്റേയറ്റം കെട്ടിയിട്ടു് എല്ലാവർക്കും കാണാനായി ഉയർത്തിപ്പിടിച്ചു. എന്നിട്ടു് ആ നൂലിന്റെ താഴത്തെ ഭാഗം കത്തിക്കാൻ വിജയൻ എന്നോടാവശ്യപ്പെട്ടു.

എന്താണുദ്ദേശ്യം എന്നു് എനിക്കു് മനസ്സിലായില്ലെങ്കിലും ഞാൻ അപ്രകാരം ചെയ്തു. തീ സാവധാനത്തിൽ കത്തി മുകളിലേക്കുയർന്നു. എങ്കിലും ആ ചാരം അതേരൂപത്തിൽ അവിടെത്തന്നെ നിന്നു, ആ മോതിരവും! ചിലർ ആശ്ചര്യപ്പെടുന്നതു് എനിക്കു് കേൾക്കാനാകുമായിരുന്നു. മോതിരം വീണില്ല എന്നതു് കാണിക്കുന്നതു് പണെടുത്തയാൾ അവിടെയുണ്ടെന്നാണു് എന്നു് വിജയൻ പ്രഖ്യാപിച്ചു.

മുറിയുടെ മദ്ധ്യത്തിൽ ഇഷ്ടികകൊണ്ടു് ഒരു ചതുരം സൃഷ്ടിച്ചിരുന്നു. അതിനുള്ളിൽ കരിയുണ്ടായിരുന്നു. ഒരുവശത്തു് ഒരു വിളക്കും അതിനരികിൽ സ്വാമിക്കിരിക്കാനായി ഒരു പായും വിരിച്ചിരുന്നു. ചതുരത്തിന്റെ ഒരുവശത്തായി സാമ്പ്രാണിയും മറ്റും പുരയുന്നുണ്ടായിരുന്നു, അതിനപ്പുറത്തു് കുറേ മഞ്ഞ, ചെമപ്പു്, നിറമുള്ള പൂക്കളും, പിന്നെ സ്വാമിയുടെ ഇരിപ്പിടത്തിനരികിൽ ഒരു കിണ്ടിയിൽ വെള്ളവും അതിൽ കുറച്ചു് തുളസിയിലയും മറ്റും ഉണ്ടായിരുന്നു. അതിനു സമീപത്തും തുളസിയിലകൾ കൂട്ടിയിട്ടിരുന്നു.

സ്വാമി ഇരുന്നുകഴിഞ്ഞയുടനെ എല്ലാവരോടും അകത്തുവരാൻ ആംഗ്യംകാണിച്ചു. എല്ലാവരും അകത്തു വന്നുകഴിഞ്ഞപ്പോൾ അവരുടെ നേരെ തുറന്ന കൈനീട്ടി അതിൽ എന്തോ പിടിക്കുന്ന രീതിയിൽ ചുരുട്ടിയശേഷം നെഞ്ചോടു ചേർത്തു. ഇതദ്ദേഹം പലതവണ ആവർത്തിച്ചു, അവിടെയുള്ളവരുടെ മനസ്സുകളെ ആവാഹിക്കുകയോ മറ്റോ ചെയ്യുന്നതുപോലെ. പിന്നീടു് അദ്ദേഹം ചുരുട്ടിയ കൈ നെഞ്ചോടു ചേർത്തുവച്ചു് എന്തൊക്കെയോ ജപിച്ചു. എല്ലാവരും പണ്ടേ വലിയ വിശ്വാസികളായിത്തീർന്നിരുന്നു. ഇതുംകൂടി കണ്ടപ്പോഴേക്കു് ചിലരുടെയെങ്കിലും ഹൃദയസ്പന്ദനം വേഗത്തിലായി എന്നു് അവരുടെ മുഖം കാണിച്ചു.

ഒരുമിനിറ്റോ മറ്റോ ഇതു് തുടർന്നതിനുശേഷം സ്വാമി എഴുന്നേറ്റു് എന്തോ മന്ത്രം ഉറക്കെ ജപിച്ചിട്ടു് കിണ്ടിയിലെ ജലം കയ്യിലെടുത്തു് ശക്തിയോടെ കരിയിലേക്കൊഴിച്ചു. ഇതു് രണ്ടുമൂന്നുതവണ ആവർത്തിച്ചപ്പോൾ പെട്ടെന്നു് കരി കത്താൻതുടങ്ങി! വെള്ളം വീണപ്പോൾ തീ കെടുന്നതിനുപകരം ആളിക്കത്തുന്നതായി കണ്ടപ്പോൾ ജനങ്ങളിൽനിന്നു് ഞെട്ടലിന്റെ ഒരു ശബ്ദമുയർന്നു. ഇതു് കുട്ടിച്ചാത്തൻതന്നെ, സംശയമില്ല!എന്ന രീതിയിൽ ചിലരെങ്കിലും പതുക്കെ പറഞ്ഞു. വല്ലാത്ത ഒരന്തരീക്ഷം ഉണ്ടായിക്കഴിഞ്ഞിരുന്നു. പക്ഷെ സ്വാമിയും വിജയനും ഇതൊക്കെത്തന്നെയാണു് പ്രതീക്ഷിച്ചതു് എന്നു തോന്നി അവരുടെ മുഖം കണ്ടപ്പോൾ.

തുടർന്നു് സ്വാമി കിണ്ടിയെടുത്തു് അതിൽനിന്നു് അൽപ്പം വെള്ളം കയ്യിലെടുത്തു് സ്വന്തം തലയിൽ തളിക്കുകയും കുടിക്കുകയും ചെയ്തു. എന്നിട്ടു് സ്വാമി അതു് മറ്റുള്ളവരുടെ തലയിലും ലഘുവായി തളിച്ചു, അവർക്കു് കുടിക്കാനും കൊടുത്തു. ആദ്യം വിജയനായിരുന്നു കൊടുത്തതു്, പിന്നീടു് എനിക്കും. എല്ലാവരിലും വിശ്വാസമുണ്ടാക്കാനാണു് അങ്ങനെ ചെയ്തതു് എന്നുതോന്നുന്നു. എന്തായാലും ഞാനും അൽപ്പം വെള്ളം മേടിച്ചു കുടച്ചു. എന്നാൽ ചിലർ അതിനു വിസമ്മതിച്ചു. അങ്ങനെ ചെയ്തവരെ സ്വാമി പ്രത്യേകം മനസ്സിൽ കുറിച്ചിട്ടതായി തോന്നി. കിണ്ടിയിൽ അവശേഷിച്ചിരുന്ന വെള്ളം സ്വാമിതന്നെ കുടിച്ചിട്ടു് തന്റെ ഇരിപ്പിടത്തിൽ ഇരുന്നു. മൂലയിലിരുന്ന ഒരു കൂജയിൽനിന്നു് വിജയൻ കിണ്ടി വീണ്ടും നിറച്ചിട്ടു് വിജയനും തന്റെ സ്ഥാനത്തേക്കു് തിരികെപ്പോയി.

അപ്പോൾ സ്വാമി ഏതോ ഭാഷയിൽ ഉറക്കെ എന്തോ പറഞ്ഞതു് വിജയൻ തർജ്ജമചെയ്തു, പണമെടുത്ത വ്യക്തി അതു് തിരികെ കൊടുക്കാൻ തയാറാണോ എന്നാണു് സ്വാമി ചോദിക്കുന്നതു്. ഒരുകാര്യം ഓർക്കുക, സ്വാമി പൂജ പൂർത്തിയാക്കിയാൽ പണമെടുത്ത വ്യക്തിക്കു് ഗൗരവതരമായ പ്രശ്നങ്ങളാണു് നേരിടേണ്ടിവരിക. ഓരോ ഘട്ടത്തിലും സ്വാമി ചോദിച്ചേ തുടരൂ. അവസാനഘട്ടംവരെ, കാരണം ഒരാൾക്കു് വലിയ പ്രശ്നമുണ്ടാക്കുന്നതു് സ്വാമിജിക്കു് ഇഷ്ടമല്ല.”

ആരും ഒന്നും പറഞ്ഞില്ല, പക്ഷെ എല്ലാവരിലും ഭയമുണ്ടായി എന്നതു് വ്യക്തമായിരുന്നു. പരസ്പരം താഴ്ന്ന സ്വരത്തിൽ പിറുപിറുത്തിരുന്നതുപോലും ഇല്ലാതെയായി. ഇതിനിടയ്ക്കു് സ്വാമി പൂജ വീണ്ടും തുടങ്ങിയിരുന്നു. അദ്ദേഹം എന്തോ ഭാഷയിൽ മന്ത്രമോതിക്കൊണ്ടു് പൂക്കൾ തീയിലേക്കിടുകയും ഇടയ്ക്കു് വെള്ളം തളിക്കുകയും എല്ലാം ചെയ്തുകൊണ്ടിരുന്നു. ഇടയ്ക്കു് കുറച്ചു് സാമ്പ്രാണിയും തീയിലേക്കു് എറിഞ്ഞതുകൊണ്ടു് മുറിയിൽ ധാരാളം പുകയും നിറഞ്ഞുവന്നു. എന്തോ സംഭവിക്കാൻപോകുന്നു എന്ന തോന്നൽ എല്ലാവരിലും ഉണ്ടായി.

ഈ സമയത്തു് സ്വാമി പാത്രം ചെവിയോടടുപ്പിച്ചു, എന്തോ കേൾക്കാനെന്ന ഭാവത്തിൽ. തുടർന്നു് ഒരു ഫോണിലേക്കു് സംസാരിക്കുന്നവണ്ണം പാത്രത്തിലേക്കു് എന്തോ പറഞ്ഞു. എന്നിട്ടു് പാത്രം വീണ്ടും ചെവിയോടടുപ്പിച്ചു. എന്തോ കേട്ടശേഷം സ്വാമി തലയുയർത്തി വിജയനോടു് എന്തോ മനസ്സിലാകാത്ത ഭാഷയിൽ ചോദിച്ചു. വിജയൻ അടുത്തുചെന്നു് അദ്ദേഹത്തോടെന്തോ പറഞ്ഞു. അവർതമ്മിൽ ഒരു തർക്കം നടക്കുന്നതുപോല തോന്നിയതിന്റെ ഒടുവിൽ വിജയൻ സ്വാമിയോടു് എന്തോ യാചിക്കുന്നതുപോലെ തോന്നി. സ്വാമി ദേഷ്യത്തിൽ എന്തോ പറഞ്ഞപ്പോൾ വിജയൻ തന്റെ പഴയ സ്ഥാനത്തേക്കുതന്നെ തിരികെ പോയി. എന്നിട്ടു് എല്ലാവരോടുമായി വിജയൻ പറഞ്ഞു, കുറ്റവാളിയെ ഉപദ്രവിക്കരുതു്, പണം തിരികെക്കൊടുക്കാൻ ഒരവസരംകൂടി നൽകണം എന്നു് ഞാൻ പറയുകയായിരുന്നു.

വിജയൻ പറഞ്ഞു, “കുട്ടിച്ചാത്തനെ ഈ ആവശ്യത്തിനു് ഉപയോഗിച്ചതിനാൽ അതു് പൂർത്തിയാക്കണമെന്നാണു് കുട്ടിച്ചാത്തൻ പറയുന്നതു്, വെറുതെ നോക്കിയിരിക്കരുതു് എന്നു്. ചാത്തൻ കോപിതനാണു്. പണമെടുത്തയാൾ അതു് തിരികെ കൊടുത്തില്ലെങ്കിൽ കാര്യമായ പ്രശ്നങ്ങൾ അയാൾക്കുണ്ടാകും. ഇല്ലെങ്കിൽ ചാത്തന്റെ കോപം സ്വാമിയുടെ മേലാവും വീഴുക. അതെനിക്കു് അനുവദിക്കാനാവില്ല. എന്നാൽ തൽക്കാലം സ്വാമി സമ്മതിച്ചിരിക്കുകയാണു്. അതിന്റെ ഫലം സ്വാമിതന്നെ നേരിടേണ്ടിവരും. നാളെ രാവിലെയോടുകൂടി പണം തിരികെ കൊടുത്തില്ലെങ്കിൽ അയാൾക്കു് കാര്യമായ രോഗമെന്തെങ്കിലുമുണ്ടാകും എന്നതിനു് സംശയമില്ല.” 

ഇതിനിടയിൽ സ്വാമി എഴുന്നേറ്റു് പാത്രത്തിലെ ജലം തീയിലേക്കു് ഒഴിക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോഴേക്കു് ജലം മാറി രക്തമാകുന്നതു് എല്ലാവർക്കും കാണാമായിരുന്നു! സദസ്സ് ഒരുമിച്ചുതന്നെ അത്ഭുതപ്പെട്ടു, “ഹൊ!”

വിജയൻ പറഞ്ഞു, ചാത്തൻ കോപത്തിലാണു്. ദാ കണ്ടില്ലേ, സ്വാമിയുടെ രക്തമെടുത്തിരിക്കുകയാണു്!ചിലരെല്ലാം തിടുക്കത്തിൽ മുറിവിട്ടു. സ്വാമിയുടെ ശരീരം തളരുന്നതുപോലെ അദ്ദേഹം നിലത്തേക്കു് പതിച്ചു. വിജയൻ എല്ലാവരോടും പുറത്തുപോകാൻ പറഞ്ഞിട്ടു് മുറി അടച്ചു. ഞാൻ കൂടെനിന്നു് സഹായിക്കാം എന്നു പറഞ്ഞിട്ടും വിജയൻ സമ്മതിച്ചില്ല. അവർ ഏതാണ്ടു് അരമണിക്കൂർ അതിനുള്ളിലായിരുന്നു. അതുകഴിഞ്ഞു് വിജയൻ പുറത്തുവന്നു പറഞ്ഞു, സ്വാമി നല്ല ക്ഷീണത്തിലാണു്. തന്നെ പുറത്തുവരുന്നതുവരെ ശല്ല്യപ്പെടുത്തരുതു്” എന്നു്. അപ്പോഴും അവശേഷിച്ചിരുന്ന ചിലർ അത്ഭുതംകൂറി. ചിലർ വിജയനോടു് സ്വാമിയെപ്പറ്റി ചോദിച്ചു. തങ്ങളുടെ വീട്ടിൽ പൂജ നടത്താൻ ഈ അസാമാന്യ പ്രതിഭയെ കിട്ടുമോ എന്നെല്ലാം ചോദിച്ചു. എന്തായാലും ഈ സംഭവം നാട്ടിലെ പ്രധാന വാർത്തയാകും എന്നതിൽ സംശയമുണ്ടായില്ല.

അടുത്തദിവസം കാലത്തു് ഒമ്പതുമണിയോടെ അമ്മാവൻ എന്നെ വിളിച്ചു. ഞാനവിടെ ചെന്നപ്പോൾ അമ്മാവൻ പറഞ്ഞു കടയിലുള്ള ഒരു ഔസേപ്പച്ചൻ പണമെടുത്തതായി സമ്മതിച്ചു എന്നും ക്ഷമിക്കണമെന്നു പറഞ്ഞു എന്നും. വിവരം ഒരു കുറിപ്പായി കൊടുത്തയയ്ക്കുകയായിരുന്നു. തലേന്നു് വൈകിട്ടുതന്നെ അസുഖം തോന്നുകയും രാത്രിയോടെ ആശുപത്രിയിൽ പോകുകയും ചെയ്തു എന്നും ഇപ്പോൾ ആശുപത്രിയിലാണു് എന്നും അമ്മാവൻ അറിയിച്ചു. സ്വാമിയോടും വിജയനോടും കാര്യങ്ങൾ പറയണമെന്നും അവർക്കായി സമ്മാനങ്ങൾ നൽകുമെന്നും അമ്മാവൻ പറഞ്ഞു.

ഇക്കാര്യങ്ങളെല്ലാം അന്നുതന്നെ ഞാൻ വിജയനെ അറിയിച്ചു. സമ്മാനങ്ങളൊന്നും വേണ്ടെന്നും ചെലവുമാത്രം തന്നാൽമതി എന്നും വിജയൻ പറഞ്ഞു. മാത്രമല്ല, താനും സ്വാമിയുംകൂടി വൈകിട്ടു് അഞ്ചുമണിക്കു് അമ്മാവനെ കാണാനെത്തും എന്നും പറഞ്ഞു. അതനുസരിച്ചു് ഞാൻ നാലുമണിക്കുതന്നെ അമ്മാവന്റെ വീട്ടിലെത്തി. അമ്മാവൻ മധുരപലഹാരങ്ങളും പായസവും മറ്റും തയാറാക്കിയിരുന്നു. അങ്ങനെ ഞങ്ങൾ കുറേശ്ശെ പായസവും നുണഞ്ഞിരിക്കുമ്പോൾ വിജയനും സ്വാമിയും വന്നു. സ്വാമി ആകപ്പാടെ മാറിയിരിക്കുന്നു. കാഷായവസ്ത്രവുമില്ല ചെമന്ന മുണ്ടുമില്ല, പകരം നല്ല പാന്റ്സും ഷർട്ടുമാണു് വേഷം. താടിമീശയും മുടിയും മാത്രമാണു് സ്വാമിയെ തിരിച്ചറിയാൻ സഹായിച്ചതു്.

എല്ലാവരും ഇരുന്നു് മധുരപലഹാരങ്ങളും ചായയും മറ്റും കൊണ്ടുവന്നു വച്ചുകഴിഞ്ഞപ്പോൾ അമ്മാവൻ വിജയനോടു് ചോദിച്ചു, സ്വാമിയോടു് വിവരങ്ങളെല്ലാം പറഞ്ഞോ എന്നു്.  അതിനു് ഉവ്വു് എന്നു് മറുപടി പറഞ്ഞശേഷം വിജയൻ ചോദിച്ചു പണമെടുത്ത തൊഴിലാളിയെ എന്തുചെയ്യാൻ ഉദ്ദേശിക്കുന്നു എന്നു്. “പണം തിരികെ കിട്ടിയശേഷം പിരിച്ചുവിടും എന്നു പറയാൻ അമ്മാവനു് സംശയമുണ്ടായില്ല. എന്നാൽ വിജയനു് വിയോജിപ്പുണ്ടായിരുന്നു. വിജയൻ ചോദിച്ചു, അയാൾക്കു് ചെറുപ്പമാണു്, മാത്രമല്ല സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടു്. അയാളിനി മോഷ്ടിക്കില്ല എന്നുറപ്പാണു്, അയാളോടു് ക്ഷമിച്ചുകൂടേ? ഒരവസരംകൂടി കൊടുത്തുകൂടേ?

എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടു് നല്ല മലയാളത്തിൽ സ്വാമി പറഞ്ഞു, “എനിക്കും അങ്ങനെതന്നെയാണു് തോന്നുന്നതു്. അവനെ എനിക്കറിയാം. എന്തോ സാഹചര്യത്തിൽ അവൻ എടുത്തുപോയതാണു്. പക്ഷെ ആളു് കുഴപ്പക്കാരനല്ല. മാത്രമല്ല, ഇപ്പോൾ അവൻ ശരിക്കും ഭയന്നിട്ടുണ്ടു്. ഇനി അവൻ അങ്ങനെയൊന്നും ചെയ്യില്ല എന്നെനിക്കുറപ്പാണു്.” എന്നു്.

ഇതുകേട്ടു് എല്ലാവരും അവിശ്വസനീയമായി നോക്കിനിന്നുപോയി. ഞാനാണു് ആദ്യം അതിൽനിന്നു് പുറത്തുവന്നതു്. ഒരുപക്ഷെ, ഇതുപോലെയെന്തെങ്കിലും വിജയൻ ചെയ്യും എന്നു് എനിക്കു് പണ്ടേ സംശയമുണ്ടായിരുന്നതുകൊണ്ടാകാം. അതുകൊണ്ടു് ഞാൻ (എല്ലാവർക്കുംവേണ്ടി) ചോദിച്ചു, “അപ്പൊ, സ്വാമി മലയാളവും സംസാരിക്കുമോ?എന്നു്.

വിജയനാണു് മറുപടി പറഞ്ഞതു്, “സ്വാമിയോ, എന്തു് സ്വാമി? ഇതെന്റെ ഫ്രണ്ട് ജോർജ്ജ് മാത്യുവാണു്. നമ്മുടെ കോളജിൽ ഷേക്ക്സ്പിയർ നാടകങ്ങളിൽ അഭിനയിച്ചിരുന്ന ജോർജ്ജ് മാത്യു! ഞാനിക്കാര്യം പറഞ്ഞപ്പോഴേ ജോർജ്ജ് താൽപ്പര്യം കാട്ടി. എന്തായാലും ഉഗ്രനായില്ലേ?

തീർച്ചയായും, എനിക്കും ജോർജ്ജ് മാത്യുവിനെ അറിയാമായിരുന്നു. ഷേകേകേസ്പിയർ നാടകങ്ങളിൽ പല സാറന്മാരെക്കാൾ നന്നായി അഭിനയിക്കുകയും നല്ല ഇംഗ്ലിഷ് രീതിയിൽത്തന്നെ ഉച്ചരിക്കുകയും ചെയ്യുന്ന ജോർജ്ജിനെ കോളജ് മുഴുവനും അറിയുമല്ലോ! ഉടനെ സ്വാമി താടിമീശയും മുടിയും ഊരിമാറ്റി. അതായിരിക്കുന്നു ജോർജ്ജ് മാത്യു! അതു് അവിശ്വസനീയമായ മാറ്റമായിരുന്നു. അമ്മാവനു് മിണ്ടാനാവാത്ത അവസ്ഥ! തന്നെ പറ്റിച്ചതിനു് ദേഷ്യപ്പെടണോ സഹായിച്ചതിനു് സന്തോഷിക്കണോ എന്നറിയാത്ത അവസ്ഥ.

ഒടുവിൽ വിക്കിവിക്കി അമ്മാവൻ ചോദിച്ചു, അ…അ…അപ്പോ ആ അത്ഭുതമൊക്കെ എങ്ങനെയാ കാണിച്ചെ?

എന്തത്ഭുതം?” എന്നായി വിജയൻ! “നിനക്കു് എല്ലാമറിയാമായിരിക്കണമല്ലോ!” അതു് എന്നോടായിരുന്നു. എനിക്കു് അജ്ഞത അംഗീകരിക്കേണ്ടിവന്നു. “എന്നാലും ആ ചരടു് കത്തിച്ചപ്പോഴും എങ്ങനെയാ അതിൽ ആ മോതിരം തൂങ്ങിക്കിടന്നതു്?”

ഉത്തരം വിജയൻതന്നെ തന്നു, “അതെളുപ്പമല്ലേ? കട്ടിയുള്ള ചരടു് ഉപ്പുവെള്ളത്തിൽ നല്ലവണ്ണം മുക്കിവച്ചിട്ടു് ഉണക്കിയെടുത്താൽമതി. അതു് കത്തിച്ചാലും ആ ചാരം ചെറിയ ഭാരമൊക്കെ താങ്ങും.

“എന്നാലും അതു് വീണിരുന്നെങ്കിൽ എന്തു ചെയ്തേനെ?” എന്നായി ഞാൻ.

“വിശേഷിച്ചു് കുഴപ്പമൊന്നും ഉണ്ടാവില്ലായിരുന്നു. ഇത്രയും അത്ഭുതകരമാവില്ലായിരുന്നു എന്നേയുള്ളൂ. ഞാൻ ഞാനതുപോലെതന്നെ പറഞ്ഞേനെ.”

“എന്നാലും വള്ളംതളിച്ചപ്പോൾ തീയുണ്ടായതെങ്ങനെയാണു്?” ഇത്തവണ അമ്മാവനായിരുന്നു സംശയം.

“ഓ, അതു് വളരെ എളുപ്പമല്ലേ? അതു് നിനക്കറിയാമായിരിക്കുമല്ലോ. ഒടുവിലത്ത ഭാഗം എന്നെ നോക്കിയാണു് പറഞ്ഞതു്. ഞാൻ സ്വൽപ്പം സോഡിയം നമ്മുടെ ലാബിൽനിന്നു് അടിച്ചുമാറ്റി ഒരു ഫിൽറ്റർപേപ്പറിൽ വച്ചു. അതിനുചുറ്റിലും കുറച്ചു് കർപ്പൂരവുംകൂടി. അതിന്റെയെല്ലാം മുകളിലാണു് കരിനിരത്തിയതു്. വെള്ളം സോഡിയത്തിലെത്തിയപ്പോൾ അതു് ഒരുപാടു് ചൂടുണ്ടാക്കി. അങ്ങനെ കർപ്പൂരവും കടലാസും കത്തിത്തുടങ്ങി, അത്രേയുള്ളൂ. ഉണ്ടാക്കുന്ന അന്തരീക്ഷം ഫലപ്രദമായിരിക്കണം എന്നേ എനിക്കുണ്ടായിരുന്നുള്ളൂ.

“ഇനി ഈ കഥയെല്ലാം രഹസ്യമായിരിക്കട്ടെ. ഞങ്ങൾ ആയിരം രൂപയെങ്കിലും ലാഭം ഉണ്ടാക്കിയിട്ടുണ്ടാവില്ലേ? അതുകൊണ്ടു് ഞങ്ങൾ പൊയ്ക്കോട്ടെ? അടുത്ത നാടകത്തിന്റെ ഡയലോഗ് ജോർജ്ജിനു് കാണാതെപഠിക്കാനുണ്ടു്.” എന്നു വിജയൻ പറഞ്ഞപ്പോൾ അമ്മാവൻ അഞ്ഞൂറുരൂപ കൊടുത്തിട്ടു് പറഞ്ഞു, “നിങ്ങൾ പോയി ആഘോഷിച്ചോ. പക്ഷെ, ഒരുകാര്യംകൂടി, ആ വെള്ളം രക്തമായതെങ്ങനെയാണു്?

“നിങ്ങൾക്കിവിടെ ഒരു ശാസ്ത്രവിദ്യാർത്ഥിയുണ്ടല്ലോ, അവൻ പറഞ്ഞുതരും. പിന്നെ, അതു് ശുദ്ധമായ വെള്ളമല്ലായിരുന്നു, അൽപ്പം ചുണ്ണാമ്പു കലക്കിയതായിരുന്നു.

ആ പാത്രത്തിൽ മഞ്ഞൾപ്പൊടിയുണ്ടായിരുന്നിരിക്കണം. ചുണ്ണാമ്പുമായി ചേരുമ്പോൾ അതിനു് ചെമപ്പുനിറം കൈവരുമല്ലോ. ഈ അനുഭവത്തിനുശേഷം മാന്ത്രികവിദ്യ എന്നും മറ്റും പറഞ്ഞു് പലരും കാട്ടുന്ന വിദ്യകളുടെ പിന്നിൽ എന്താണെന്നു് എനിക്കു് ഉറപ്പായി.

 

കൂടുതൽ കഥകൾ ഇവിടെ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply