“അഭി… നിനക്ക് ഇന്നെന്താടാ സ്കൂൾ ഒന്നും ഇല്ലേ… ചക്ക വെട്ടിയിട്ടത് പോലെ കിടന്ന് ഉറങ്ങിക്കോളും ചെക്കൻ.. രാത്രി മുഴുവനും പഠിച്ചിട്ട് കിടക്കുകയാണ് എന്നാണ് അവന്റെ ഭാവം….ഏട്ടൻ വിളിക്കട്ടെ പറയുന്നുണ്ട്.. ചെറുക്കന് കൂട്ടുകെട്ട് കുറച്ചു കൂടുന്നുണ്ട് എന്ന് … എഴുന്നേറ്റ് സ്കൂളിൽ പോകാൻ നോക്കെടാ……” രാവിലെ തന്നെ ശകാരത്തോടെ ഉള്ള അമ്മയുടെ വിളി കേട്ടാണ് അവൻ എഴുന്നേറ്റത്..
എഴുന്നേറ്റോ ഇല്ലയോ., അമ്മയെ ശപിച്ചുകൊണ്ട് ആണ് അഭി കിടക്കയിൽ നിന്നും എഴുന്നേറ്റത് ‘ഈ അമ്മയ്ക്കിത് എന്തിന്റെ കുഴപ്പം ആണ്. ദിവസവും രാവിലെ തന്നെ തുടങ്ങിക്കോളും. എല്ലാ ദിവസവും ഇതേ ശകാരത്തോടെ ഉള്ള വിളി. പിന്നെ എങ്ങനെ ആണ് ഞാൻ നന്നാകുക’.
അമ്മയ്യ്ക് അമ്മയുടെ പണി നോക്കി പോയാൽ പോരെ…
സ്വന്തം മകന്റെ അടുത്തുനിന്നു ഇങ്ങനെ കേൾക്കുമ്പോഴും അമ്മയുടെ കണ്ണുകൾ അറിയാതെ നിറയുന്നുണ്ടായിരുന്നു… എന്നിരുന്നാലും ഒരിക്കൽ പോലും ഒന്നും തന്നെ അവനോട് അമ്മ പറഞ്ഞിരുന്നില്ല… അച്ഛൻ ഉപേക്ഷിച്ചു പോയതിനു ശേഷം പല വീടുകളിലും അടുക്കള പണിയും മറ്റും എടുത്താണ് അവനെയും ചേട്ടനെയും വളർത്തിയിരുന്നത്.. അനിയനെ നല്ല രീതിയിൽ വളർത്തുവാനായിട്ടാണ് ചേട്ടനും സ്വന്തം കാര്യങ്ങൾ പോലും മറന്നു രാപകലില്ലാതെ മാർക്കറ്റിൽ ജോലിക്ക് പൊയ്ക്കൊണ്ടിരുന്നത്….
നാളുകൾ ഏറെ കഴിഞ്ഞു….
അങ്ങനെ അഭി എസ് എസ് എൽ സി പരീക്ഷ വന്നെത്തി. പരീക്ഷ പാസാക്കാൻ ആണോ അഭിയോടുള്ള സ്നേഹംകൊണ്ട് ആണോ എന്നറിയില്ല അമ്മയും ചേട്ടനും അഭിക്ക് മുൻപിൽ ഒരു ഓഫർ വെച്ചു. ”പഠിത്തത്തിൽ വളരെ മോശമായ നീ ഈ വരുന്ന എസ് എസ് എൽ സി പരീക്ഷയിൽ നല്ല മാർക്ക് വാങ്ങി ജയിച്ചാൽ നീ ഏറ്റവും കൂടുതൽ പ്രാവിശ്യം പറഞ്ഞ മൊബൈൽ ഫോൺ വാങ്ങി തരാം”. പരീക്ഷ വരും പോകും നമ്മക്കെന്ത് എന്ന് കരുതി ഇരുന്ന അഭിയുടെ മനസിലും ഒരു ലഡു പൊട്ടി.. എന്നാലും പരീക്ഷ.. അതൊരു ചോദ്യചിഹ്നം ആയി തന്നെ അവന്റെ മനസ്സിൽ ഉണ്ടായിരുന്നു എങ്കിലും പുറമെ കാണിക്കാൻ നിന്നില്ല. കേട്ട പാതി അവൻ ഡീൽ ഉറപ്പിച്ചു.. കൂടെ ഒരു ഡയലോഗും… ”പറഞ്ഞു പറ്റിക്കാൻ ആണ് ഭാവമെങ്കിൽ…. എന്നെ പിന്നെ കാണില്ല”…
ഭാഗം 2
എങ്ങനെ തുടങ്ങും… ഏത് വിഷയം പഠിക്കും.. അങ്ങനെ പല ചോദ്യങ്ങൾ സ്വയം ചോദിച്ചു കൊണ്ട് അവൻ തന്റെ മുറിയിലേക്ക് നടന്നു….
” എങ്ങനെ എങ്കിലും ഒന്ന് ജയിച്ചാൽ മതിയായിരുന്നു… വലിയ വിലകൂടിയ ഫോൺ ഒന്നും വാങ്ങി കൊടുക്കേണ്ട കേട്ടോ അത്യാവശ്യം വിളിക്കുവാൻ കഴിയുന്ന ഒന്ന് മതി. ഞാൻ വക്കീൽ സാറിന്റെ വീട്ടിൽ പണിക്ക് പോകുകയാ ഭക്ഷണം എടുത്തു കഴിച്ചോ ” ഏട്ടനോടായി പറഞ്ഞു അമ്മയും ഇറങ്ങി..
തന്റെ കീറിയ ഷർട്ടിന്റെ പോക്കറ്റിൽ തപ്പിയപ്പോൾ ചേട്ടൻ ആയ വിഷ്ണുവിന് കിട്ടിയത് വിയർപ്പിന്റെ ഗന്ധം നിറഞ്ഞു മുഷിഞ്ഞ ഒരു 50 രൂപ മാത്രം ആയിരുന്നു.. തന്റെ കൈയിൽ ആകെ ഉള്ള ആ രൂപയും എടുത്തു അവൻ അഭിയുടെ മുറിയുടെ മുൻപിൽ എത്തി. മുറിയിലേക്ക് നോക്കിയ വിഷ്ണുവിന്റെ മുഖം പുഞ്ചിരിയിൽ വിടർന്നു അതിലേറെ അവന്റെ മനസും.. ഇതുവരെ കളിച്ചു നടന്ന തന്റെ അനിയൻ പഠിക്കാൻ ആയി തയാറെടുക്കുന്നു… ആ കാഴ്ചയിൽ തന്റെ എല്ലാ വേദനകളും വിഷ്ണു മറന്നിരുന്നു…
ഉച്ചവരെ യാതൊരു കുഴപ്പവും ഇല്ലാതെ അഭി പഠിക്കുന്നു.. “ഒരു മൊബൈൽ ഫോണിന് ഇത്രയും ശക്തി ഉണ്ടായിരുന്നോ” എന്ന് മനസ്സിൽ ഓർത്ത് വിഷ്ണു അടുക്കളയിലേക്കായി നടന്നു. അമ്മ ഉണ്ടാക്കിയ ഭക്ഷണം അവൻ രണ്ടു പേർക്കുമായി വിളമ്പി.
അഭി…. വന്നു ഭക്ഷണം കഴിക്ക്.. ഇന്ന് നമുക്ക് ഒരുമിച്ചു കഴിക്കാം… എത്ര കാലം ആയി നിന്റെ കൂടെ ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിച്ചിട്ട്..
ഓ പിന്നെ.. ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിക്കാൻ വിളമ്പി വെച്ചത് ബിരിയാണി ഒന്നും അല്ലല്ലോ. ദിവസവും ഉള്ളത് പോലെ വല്ല പരിപ്പ് കറിയും ചോറും അല്ലേ.. തന്നെ ഇരുന്ന് അങ്ങ് കഴിച്ചാ മതി.
ദേഷ്യത്തോടെ ഉള്ള മറുപടി പലപ്പോഴും കേട്ടിട്ടുണ്ട് എങ്കിലും ഒരിക്കൽ പോലും അമ്മയോ വിഷ്ണുവോ അഭിയോട് ദേഷ്യപ്പെട്ടിരുന്നില്ല. എന്നാൽ ഇന്നവന്റെ മറുപടി കേട്ടപ്പോൾ അറിയാതെ വിഷ്ണുവിന്റെ കണ്ണുകൾ നിറഞ്ഞു. ആ നിറഞ്ഞ കണ്ണുകളോടെ ഭക്ഷണം കഴിച്ചെന്നു വരുത്തി അവൻ വീട്ടിൽ നിന്നും ഇറങ്ങി.
ഒരു ദിവസം എങ്കിലും തന്റെ അനിയന്റെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കണം… അത് അവന് ഇഷ്ട്ടം ഉള്ള ഭക്ഷണം ആയിരിക്കണം.. എന്നാൽ കൈയിൽ ഉള്ളത് കൊണ്ട് എന്ത് ചെയ്യാൻ ആണ്.. മനസ്സിൽ ചോദ്യങ്ങളും അതിനേക്കാൾ ആഗ്രഹവും കൊണ്ട് പോകുന്നതിന് ഇടയിൽ ആണ് വർക്കിച്ചേട്ടൻ ആരെയോ ശകാരിക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്. നാട്ടിലെ അറിയപ്പെടുന്ന പണക്കാരൻ ആണ് വർക്കി, എന്നാൽ അതിലേറെ പിശുക്കനും. ഇതെല്ലാം ചിന്തിച്ചു നിൽക്കുമ്പോഴാണ് വർക്കിച്ചേട്ടന്റെ വിളി..
ഡാ വിഷ്ണു… നീ ഒന്നിങ്ങോട്ട് വന്നേ…
എന്തെങ്കിലും പണിയുണ്ടെങ്കിൽ ചെയ്താൽ വല്ലതും തരാതിരിക്കില്ല.. എന്ന് മനസ്സിലോർത്തു വിഷ്ണു വർക്കിയുടെ അടുത്തെത്തി.
ആ… എടാ വിഷ്ണു… അടുത്ത ദിവസം മോളും ഭർത്താവും വരുന്നുണ്ട്. വീടെല്ലാം ഒന്ന് ശരിയാക്കി ഇടണം. അതിനായിട്ട് പുറത്തെ ജോലിക്ക് വിളിച്ചതാണ് ഇവനെ. പക്ഷേ ഉച്ചമുതൽ വൈകീട്ട് വരെ ജോലി ചെയ്യുന്നതിന് ഇവന് അഞ്ഞൂറ് രൂപ വേണം പോലും.. ഒരു ഇരുന്നൂറ്റി അൻപത് രൂപ കൊടുക്കാമെന്നു പറഞ്ഞിട്ട് ഇവൻ സമ്മതിക്കുന്നുമില്ല. നിനക്ക് അറിയുന്ന ആരെങ്കിലും ഉണ്ടോ ഒന്ന് വരാൻ…
അതെങ്കിലും കിട്ടിയാൽ അഭിക്ക് ഇഷ്ട്ടപെട്ട ഭക്ഷണം വാങ്ങി കൊടുക്കാൻ ആകുമല്ലോ എന്നായിരുന്നു കേട്ട ഉടനെ അവന്റെ മനസ്സിൽ വന്നത് ഉടനെ തന്നെ ഞാൻ ചെയ്യാമെന്നും വർക്കിയോട് പറഞ്ഞു.. കേട്ട ഉടനെ വർക്കിയും സന്തോഷിച്ചു. കാശ് അത്രയും കുറഞ്ഞല്ലോ.
“എന്നാ പിന്നെ വേഗം ആയിക്കോട്ടെ.. വൈകുന്നേരം ആകുമ്പോഴേക്കും തീർക്കണം ” എന്നൊരു താകീത് സ്വരത്തിൽ പറഞ്ഞു വർക്കി വീട്ടിലേക്ക് കയറി പോയി. ചിലവ് കാശ് പോലും തന്നില്ലല്ലോ എന്ന് ഓർത്ത് വർക്കിയെ മനസ്സിൽ ചീത്ത വിളിച്ചു വന്ന പണിക്കാരനും സ്ഥലം വിട്ടു.. എന്നാൽ ഇതൊന്നും വിഷ്ണുവിന്റെ കണ്ണിൽ കണ്ടിരുന്നില്ല.. അവൻ ജോലികൾ ചെയ്യാൻ തുടങ്ങി..
ഭാഗം 3
ഒരു തുള്ളി വെള്ളം കുടിക്കുവാൻ പോലും സമയം കളയാതെ
നല്ല പൊരിവെയിലത്ത് നിന്നവൻ ജോലികൾ എല്ലാം ചെയ്തു തീർത്തു… വൈകുന്നേരം ആയപ്പോൾ ബീഡിയും വലിച്ചു കൊണ്ട് വർക്കിയും എത്തി..
“വിഷ്ണു.. എന്തായെടാ.. കഴിഞ്ഞോ…
അതോ നീയും തട്ടിക്കൂട്ടിയ പണി ആണോ.”.
” അയ്യോ അല്ല.. പറഞ്ഞ പണിയെല്ലാം തീർന്നു.. ”
ആ.. ശരി ഇന്നാ നിന്റെ കൂലി.. ഇരുന്നൂറ് രൂപ ഉണ്ട്, ഇത് വെച്ചോ.. ഇടയ്ക്കെല്ലാം പണി വരുമ്പോൾ വിളിക്കാം കേട്ടോ.
“വർക്കി ചേട്ടാ.. ഇത്… ഇരുന്നൂറ്റി അൻപത് ആയിരുന്നു തരാമെന്ന് പറഞ്ഞിരുന്നത്….” ഇടറിയ ശബ്ദത്തിൽ അവൻ പറഞ്ഞൊപ്പിച്ചു.
‘ അത് അവനോട് പറഞ്ഞിരുന്നത് അല്ലേടാ.. നമ്മളെല്ലാം അത് പോലെ ആണോ.. ഇനിയും കാണേണ്ടവർ അല്ലേ.. അപ്പോൾ നോക്കാം ‘ ചോദ്യം പ്രതീക്ഷിച്ചത് പോലെ തന്നെ വിഷ്ണുവിന്റെ ചോദ്യത്തിനുള്ള ഉത്തരവും വർക്കിയുടെ കൈയിൽ തയാറായിരുന്നു. കൂടുതൽ ഒന്നും പറയാതെ തന്റെ നേരെ നീട്ടിയ രൂപ വാങ്ങി വിഷ്ണു നേരെ പോയത് ടൗണിലേക്ക് ആയിരുന്നു…
നടത്തം നിന്നെത്തിയത് ആദ്യം കണ്ട ഹോട്ടലിന് മുൻപിൽ ആയിരുന്നു.
‘ചേട്ടാ ബിരിയാണി ഉണ്ടോ.. ‘ എത്രരൂപ ആണ്.
നൂറ്റി അൻപത് രൂപ ആണ്.. എത്ര വേണം..?
“ഒരെണ്ണം മതി ചേട്ടാ.”
കടക്കാരൻ അകത്തേക്ക് പോയി.. അനിയനോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുന്നതും സ്വപ്നം കണ്ടു വിഷ്ണു അവിടെ കാത്തു നിന്നു. അൽപ്പ സമയത്തിന് ശേഷം കടക്കാരൻ വിഷ്ണുവിന്റെ മുൻപിൽ വന്നു കൈയിൽ ഒരു പൊതി ബിരിയാണിയുമായി.. “മോൻ എങ്ങനെ ആണ് ഇതുവരെ വന്നത് ” വിഷ്ണുവിനോടായി കടക്കാരൻ ചോദിച്ചു.
‘നടന്നാണ് വന്നത്.. എന്താണ് ചോദിച്ചത്.. ‘
‘ നിന്റെ കാലിൽ നിന്നും ചോര ഒലിക്കുന്നുണ്ടല്ലോ.. നീ അത് ശ്രദ്ധിച്ചിരുന്നില്ലേ.. ദേ.. ആ കാണുന്ന കടയുടെ പുറകിൽ ഒരു ഡോക്ടർ ഉണ്ടാകും.. വേഗം പോയി കാണിച്ചേക്ക്.. ‘
അപ്പോഴാണ് തന്റെ കാലിലേക്ക് വിഷ്ണു ശ്രദ്ധിച്ചത്. ശരിയാണ്.. നന്നായി മുറിഞ്ഞിട്ടുണ്ട്.. പണികിടയിൽ തൂമ്പ കൊണ്ടത് ആയിരിക്കാം.. കൈയിൽ ആകെ ഉള്ളത് ഇരുന്നൂറ് രൂപ ആണ്. ഡോക്ടറെ കാണിച്ചാൽ അവർക്ക് ഫീസ് കൊടുക്കേണ്ടേ.. അപ്പോൾ അനിയന്റെ ഭക്ഷണം….?
“കുഴപ്പം ഇല്ല ചേട്ടാ.. അത് ഒരു ചെറിയ മുറിവ് അല്ലേ.. വീട്ടിൽ എത്തിയിട്ട് മരുന്ന് വെച്ചോളാം.. ഇതാ ഭക്ഷണത്തിന്റെ കാശ് ” കടക്കാരന് നേരെ തന്റെ കീശയിൽ നിന്നും ഇരുന്നൂറ് രൂപ എടുത്തു നീട്ടികൊണ്ട് വിഷ്ണു പറഞ്ഞു.
കടകാരനിൽ നിന്ന് ബാക്കി തുകയും പൊതിയും വാങ്ങി വിഷ്ണു വീട്ടിലേക്ക് നടന്നു.. തന്റെ മുറിഞ്ഞ കാലിൽ ഒലിക്കുന്ന ചോരയുമായി….
വീട്ടിൽ എത്തുമ്പോഴേക്കും വിഷ്ണു നന്നായി ക്ഷീണിച്ചിരുന്നു. എന്നാലും അത് പുറമെ കാണിച്ചിരുന്നില്ല. വീടിന് മുൻപിൽ തന്നെ അമ്മ ഉണ്ടായിരുന്നു അവനെ കാത്ത്.
“നിനക്ക് അല്ലേടാ കഴിഞ്ഞ ദിവസം മാർക്കറ്റിൽ ജോലിക്കിടയിൽ എന്തോ പറ്റി നടക്കാനും ഒന്നും ആകുന്നില്ല നടു വേദന ആണെന്ന് എല്ലാം പറഞ്ഞു എല്ലാരും കൂടെ ഇവിടെ കൊണ്ടുവന്നു ആക്കിയത്., എന്നിട്ട് നീ അടങ്ങി ഇരിക്കാതെ എവിടെ പോയതാണെടാ…? ഭക്ഷണം പോലും അത് പോലെ ഉണ്ടല്ലോ…”? നിന്റെ കാലിൽ ഇതെന്തു പറ്റി..?
ശരിയാണല്ലോ ശരിക്ക് നടക്കുവാൻ പോലും വിഷമിച്ചിരുന്ന താൻ ഇന്ന് പണിക്ക് പോയിരിക്കുന്നു…എങ്ങനെ.. ! അപ്പോൾ ആണ് വിഷ്ണു പോലും തനിക്ക് വയ്യാതിരുന്നത് ഓർത്തത്.
“അമ്മേ… അഭിയുടെ കൂടെ ഇരുന്നു ഭക്ഷണം കഴിച്ചിട്ട് എത്ര നാളായി.. ഇന്ന് അവനോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാമെന്നു കരുതി ഞാൻ അവനെ വിളിച്ചിരുന്നു.. എന്നാൽ കൂടെ ഇരുന്നു സന്തോഷത്തോടെ കഴിക്കാൻ ബിരിയാണി ഒന്നും അല്ലല്ലോ എന്നാണ് ചോദിച്ചത്.. അവന് ഇഷ്ട്ടം ഉള്ളത് അതാണെങ്കിൽ എങ്ങനെ എങ്കിലും വാങ്ങിയാൽ എനിക്ക് അവനോടൊപ്പം ഇരുന്നു ഒരുനേരത്തെ ആഹാരം കഴിക്കാമല്ലോ എന്നോർത്ത് അതിനായി പോയത് ആണ്. ഇത് അവന് കൊടുക്കാം രാത്രി. അടുക്കളയിലേക്ക് വെച്ചോ. ”
നിന്റെ കൈയിൽ കാശ് ഒന്നും ഇല്ലായിരുന്നല്ലോ.. പിന്നെ ഇതിനുള്ള കാശ് എവിടുന്ന് കിട്ടി..
അത് ഒരു സുഹൃത്ത് തന്നത് ആണ്. അമ്മ ഇതെടുത്ത് വെച്ചേ.. ചെല്ല്..
കൂടുതൽ ചോദ്യങ്ങൾ ഒഴിവാക്കുവാൻ കള്ളം പറഞ്ഞു വിഷ്ണു അമ്മയുടെ മുൻപിൽ നിന്ന് ഒഴിവായി.. പറഞ്ഞത് കള്ളം ആണെന്ന് മനസിലായി എങ്കിലും അമ്മയും അവനോട് ഒന്നും ചോദിക്കാൻ നിന്നില്ല. ഭക്ഷണ പൊതി അടുക്കളയിൽ വെച്ചിട്ട് മരുന്നും എടുത്തു വന്നു അവന്റെ മുൻപിൽ വെച്ചു.
“മുറിവ് കഴുകി മരുന്ന് വെച്ചേക്ക് നീ.. എന്നിട്ട് കുറച്ചു നേരം പോയി കിടക്ക്.. വയ്യാതിരിക്കുമ്പോൾ പണിക്ക് പോയാൽ വേദന കൂടുകയാണ് ചെയ്യുക.. ”
തന്റെ കള്ളം അമ്മ മനസ്സിലാക്കിയിരിക്കുന്നു.. ഒരു ചെറിയ ചിരി അമ്മയ്ക്കായി നൽകി അവൻ മുറിവ് വെച്ചു കെട്ടാൻ തുടങ്ങി.. നിറ കണ്ണുകളോടെ അമ്മ അകത്തേക്ക് പോയി..
ഭാഗം 4
മുറിവ് വെച്ചു കെട്ടി വിഷ്ണു അൽപ്പം നേരം ഉറങ്ങി പോയിരുന്നു. രാത്രി ആയപ്പോൾ അമ്മ എല്ലാവർക്കും ഭക്ഷണം വിളമ്പി
“അഭി.. വന്നു ഭക്ഷണം കഴിക്ക്, വിഷ്ണുവിനെ കൂടെ വിളിച്ചോ.. ”
‘ അവന് എന്താണ് വിശപ്പ് ഉണ്ടെങ്കിൽ കഴിക്കാൻ അറിയില്ലേ… പോയി വിളിച്ചാലെ വരൂ എന്നുണ്ടോ.. ‘ എനിക്ക് കഴിച്ചിട്ട് പഠിക്കാൻ ഉണ്ട്. നാളെ ആണ് പരീക്ഷ തുടങ്ങുന്നത്.. എന്റെ ഭക്ഷണം തന്നേക്ക്.. ”
“എടാ.. നിന്റെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കുവാൻ എത്ര ആഗ്രഹം ഉണ്ടെന്ന് അറിയുമോ അവന്… നിന്റെ ചേട്ടൻ അല്ലേ.. നീ എന്താണ് അന്യരോട് എന്നപോലെ.. ഞാൻ അവനെ കൂടെ വിളിക്കട്ടെ എന്നിട്ട് നമുക്ക് ഒരുമിച്ചു കഴിക്കാം ”
“എന്ത് കഷ്ട്ടം ആണ് ഇത്… അവൻ വന്നെങ്കിൽ മാത്രമേ ബാക്കി ഉള്ളവർക്ക് വല്ലതും കഴിക്കാൻ തരൂ… എങ്കിൽ നിങ്ങൾ ഇരുന്നു കഴിച്ചാൽ മതി..”അഭിയുടെ മറുപടിയും മുന്നിൽ ഇരുന്ന ചോറും കറിയും കൈ കൊണ്ട് തട്ടി തെറിപ്പിക്കലും ഒരുമിച്ചു ആയിരുന്നു.. ശബ്ദം കേട്ട് വിഷ്ണു എഴുന്നേൽക്കുമ്പോൾ കാണുന്നത് ചോറും കറികളും നിലത്ത് കിടക്കുന്നത് ആയിരുന്നു.
ഇതുവരെ അവനോട് ദേഷ്യപ്പെട്ട് ഒന്നും പറയാതിരുന്ന അമ്മയുടെ മുഖം ദേഷ്യംകൊണ്ടും സങ്കടം കൊണ്ടും നിറഞ്ഞു…
“ഡാ.. നീ എന്താണ് ഈ ചെയ്തത്.. ഇതിലെ ഓരോ വറ്റുകളും ഉണ്ടാക്കാൻ ഞാനും നിന്റെ ഏട്ടനും കഷ്ട്ടപ്പെടുന്നത് എത്ര ആണെന്ന് നിനക്ക് അറിയാമോ ” കൈയിൽ കിട്ടിയ തവിയുമായി അടിക്കാൻ കൈ നീട്ടികൊണ്ട് അമ്മ അവന്റെ അടുത്തേക്ക് ചെന്നു.
അമ്മേ… മതി നിർത്ത്.. അടിക്കാൻ മാത്രം അവൻ എന്ത് തെറ്റാണ് ചെയ്തത് എന്ന് ചോദിച്ചു വിഷ്ണു അമ്മയെ തടഞ്ഞു
“അവൻ ചെയ്തത് നീ കണ്ടില്ലേ വിഷ്ണു… നിന്നെ വിളിച്ചിട്ട് ഒരുമിച്ചു ഇരുന്നു കഴിക്കാം എന്ന് പറഞ്ഞതിനാണ് ഇവൻ… എന്നിട്ട് അവന്റെ ഇരിപ്പ് കണ്ടില്ലേ… നിനക്ക് വേണ്ടി വയ്യാതെ ഇരുന്നിട്ടും ഇവൻ”…..”അമ്മ നിർത്തിയെ” അത് പറഞ്ഞു മുഴുമിക്കുവാൻ വിഷ്ണു അമ്മയെ സമ്മതിച്ചില്ല.
‘ രാവിലെ മുതൽ ഇരുന്നു പഠിക്കുക അല്ലേ അവൻ.. നാളെ പരീക്ഷ തുടങ്ങുകയും ചെയ്യും.. അവന് വിശപ്പ് ഉണ്ടാകില്ലേ, അതിനു ഇടയിൽ ആണോ എന്നെ കാത്തു നിൽക്കാൻ പറയുന്നത്.. അമ്മ അവന് ഭക്ഷണം വിളമ്പി കൊടുക്ക്.. അഭി.. നീ ഭക്ഷണം കഴിക്കേടാ… അമ്മ പറഞ്ഞത് കാര്യം ആക്കണ്ട… ‘ മനസ്സിൽ കരഞ്ഞുകൊണ്ട് അമ്മ അവന് വിഷ്ണു കൊണ്ടു വന്ന പൊതിയിൽ നിന്നും ഭക്ഷണം എടുത്തു നൽകി. യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ അവൻ ആ ഭക്ഷണം കഴിക്കുന്നത് നോക്കികൊണ്ട് വിഷ്ണുവും അവന്റെ അടുത്ത് ഇരുന്നു..
“എന്തൊരു വിയർപ്പിന്റെ മണം ആണ് നിനക്ക്.. ഞാൻ കഴിക്കാതെ ഇരിക്കാൻ വേണ്ടി ആണോ ഭക്ഷണം കഴിക്കുമ്പോൾ ഇങ്ങനെ അടുത്ത് വന്ന് ഇരിക്കുന്നത്.. എത്രയോ കാലത്തിനു ശേഷം ആണ് ഒരു നല്ല ഭക്ഷണം കിട്ടിയത്.. ഞാൻ ഇത് ഒന്ന് കഴിച്ചോട്ടെ ഒന്ന് മാറി ഇരുന്നൂടെ നിനക്ക്.. ”
മുഖത്തു അടി കിട്ടിയത് പോലെ ആയിരുന്നു വിഷ്ണുവിനും അമ്മയ്ക്കും അഭിയുടെ ആ ചോദ്യം..
“അത്… ഞാൻ പുറത്തു പോയിരുന്നു… ക്ഷീണം കാരണം കിടന്നപ്പോ ഉറങ്ങി പോയതാ.. നീ കഴിച്ചിട്ട് കിടന്നോ.. ഞാൻ കുളിക്കട്ടെ..” അതും പറഞ്ഞു വിഷ്ണു എഴുന്നേറ്റ് വരാത്തയിലേക്ക് പോയി..
നിലത്ത് ചിതറി കിടന്ന വറ്റുകൾ അമ്മ ഒരു പത്രത്തിൽ ഇട്ടു വിഷ്ണുവിന്റെ അടുത്തേക്ക് നടന്നു.
മോനേ…. എന്താണെടാ ഇവൻ ഇങ്ങനെ.. ദേഷ്യപ്പെടാതെ വളർത്തിയത് തെറ്റായി പോയല്ലോ… നിന്നെ പോലും മനസിലാക്കുന്നില്ലല്ലോ അവൻ.. നിനക്ക് ദേഷ്യപെടുകയോ അടിക്കുകയോ ചെയ്തൂടെ അവനെ..
അമ്മ എന്താണ് ഈ പറയുന്നത്.. അവൻ എന്റെ കുഞ്ഞനുജൻ അല്ലേ…. ഇതെല്ലാം അവന്റെ പ്രായത്തിന്റെ ആണ്.. അവന് നമ്മളോട് സ്നേഹം എല്ലാം ഉണ്ട്… ഞാൻ അവന്റെ ചേട്ടൻ മാത്രം അല്ലല്ലോ.. അച്ഛന്റെ സ്ഥാനം കൂടി ഇല്ലേ എനിക്ക്..
‘അതെല്ലാം ശരിയാണ്… എന്നിരുന്നാലും ശാസിക്കാതെ വളർത്തിയിട്ട്… ‘
“ഒന്നും ഇല്ല അവൻ നമ്മുടെ അല്ലേ.. തെറ്റായി ഒന്നും ചെയ്യില്ല.. നമ്മളോട് അല്ലാതെ വേറെ ആരോടാണ് അവൻ ദേഷ്യപ്പെടുകയും അടി ആക്കുകയും ചെയ്യുക… ”
‘നിനക്ക് വിശക്കുന്നില്ലേ വിഷ്ണു.. ഉണ്ടായിരുന്ന ഭക്ഷണം നിലത്തും വീണാലോ.. ഞാൻ ചോറ് വെക്കട്ടെ വേറെ’..?
വേണ്ട.. ആ ചോറ് തന്നാൽ മതി.. ഞാൻ കഴിച്ചോളാം. അമ്മയുടെ കൈയിൽ ഇരുന്ന ചോറ് അവൻ വാങ്ങിച്ചു.
അവൻ കഴിച്ചു കഴിഞ്ഞോ..?
മം.. അവൻ കിടന്നു എന്ന് തോന്നുന്നു.. വേറെ ഭക്ഷണം വെക്കാം ഞാൻ.. ഇതിൽ മുഴുവനും പൊടി ആണ്..
സാരമില്ല.. നമുക്ക് ഇത് കഴിക്കാമെന്നേ.. ഇത്രയും ചോറ് വെറുതെ കളയണ്ടല്ലോ..
അതും പറഞ്ഞു അവൻ ആ ചോറ് കഴിക്കുവാൻ തുടങ്ങി. അതെ പത്രത്തിൽ നിന്നും അമ്മയും… കറികൾ ഒന്നും ഇല്ലെങ്കിൽ പോലും അവരുടെ കണ്ണിൽ നിന്നും ഇറ്റു വീണ കണ്ണീരിന്റെ ഉപ്പ് രസം ആ ചോറിൽ ഉണ്ടായിരുന്നു.. അപ്പോഴും ഒരു ആശ്വാസം ഇരുവരുടെ മനസിലും ഉണ്ടായിരുന്നു… അഭി.. അവൻ പഠിക്കുവാൻ തുടങ്ങിയിരിക്കുന്നു.. അവൻ എങ്കിലും നല്ല രീതിയിൽ ജീവിക്കും…
ഭാഗം 5
പരീക്ഷ ദിവസം രാവിലെ അഭിയുടെ വിളി കേട്ട് ആണ് അടുക്കളയിൽ നിന്നും അമ്മ ഓടി എത്തിയത്
“അമ്മേ… അമ്മേ… ഈ വീട്ടിൽ ഒരു സാധനം വെച്ചാലും കാണില്ലല്ലോ…. എന്റെ പേന കണ്ടായിരുന്നോ.. അതോ അതും അടുപ്പ് കത്തിക്കാനായി എടുത്തോ.. ”
‘നീ എന്തിനാ അഭി രാവിലെ തന്നെ ബഹളം ഉണ്ടാക്കുന്നത്.. നിന്റെ പേന ആരെടുക്കാൻ ആണ്.. നീ പോകുമ്പോ ഒരു പേന പുതിയത് വാങ്ങിച്ചോ പൈസ ഞാൻ തരാം…’
എങ്കിൽ ഒരു അൻപത് രൂപ താ.. എനിക്ക് നേരം വൈകുന്നു..
അൻപത് രൂപയോ.. നിനക്ക് പേന അല്ലേ ആവിശ്യം..
നല്ല പേന വാങ്ങാതെ പരീക്ഷ എഴുതി തോൽക്കാൻ ആണോ.. നിങ്ങൾക്ക് തരാൻ ആകുമോ..
“അഭി.. ഇന്നാ അൻപതു രൂപ.. നീ നന്നായിട്ട് പരീക്ഷ എഴുതണം..” വിഷ്ണു തന്റെ കൈയിൽ ശേഷിച്ച അൻപതു രൂപയും അഭിയുടെ കൈയിൽ വെച്ച് കൊടുത്തു..
അങ്ങനെ അതും വാങ്ങി അഭി സ്കൂളിലേക്ക് യാത്രയായി.. പിന്നീടുള്ള എല്ലാ പരീക്ഷകൾക്കും വിഷ്ണുവും അമ്മയും ആഗ്രഹിച്ചത് പോലെ തന്നെ അഭി നന്നായി പഠിക്കുകയും പരീക്ഷകൾ എഴുതുകയും ചെയ്തു. അങ്ങനെ അവസാനത്തെ പരീക്ഷയും കഴിഞ്ഞു സ്കൂൾ പൂട്ടി..
ഒരു ദിവസം രാത്രി ഭക്ഷണം കഴിഞ്ഞു വിഷ്ണു അമ്മയോടായി പറഞ്ഞു…
അമ്മേ.. അഭി നന്നായി പഠിച്ചു പരീക്ഷ എഴുതിയിട്ടുണ്ട്. അവൻ എന്തായാലും ജയിക്കും.. നമ്മൾ ആഗ്രഹിച്ചത് പോലെ നല്ലൊരു നിലയിൽ അവൻ എത്തും… അതിനായി അവന് നൽകിയ വാക്കും എനിക്ക് പാലിക്കണം. ഇപ്പോൾ എന്തായാലും സ്കൂൾ പൂട്ടിയത് കൊണ്ട് അവൻ ഇവിടെ ഉണ്ടല്ലോ…ഞാൻ നാളെ മുതൽ ജോലിക്ക് പോയാലോ എന്നാണ്.. കുറെ ആയി പോകാത്തത് കൊണ്ട് കടയിൽ വേറെ ആളായിട്ടുണ്ട്.. കടയിലേക്ക് സാധനം കൊണ്ടുവരാൻ പോകുന്ന വണ്ടിയിൽ വേണമെങ്കിൽ കയറാൻ മുതലാളി പറഞ്ഞിരുന്നു.. രണ്ട് ആഴ്ച ആകും പോയി വരാൻ..
നിനക്ക് ഈ വയ്യാതെ ഇരിക്കുമ്പോൾ തന്നെ പോകണോ.. അവനോട് കാര്യം പറയാം.. ഇല്ലെങ്കിൽ ഞാൻ ആരോടെങ്കിലും കുറച്ചു പണം കടമായി വാങ്ങിക്കാം..
അത് വേണ്ട അമ്മേ… ഞാൻ അനിയന് കൊടുത്ത വാക്ക് അല്ലേ അത്.. എനിക്ക് ഇപ്പോൾ വയ്യായിമ ഒന്നും ഇല്ല.. വണ്ടിയിൽ പോകുന്നതാണ് കുറച്ചു കൂടി നല്ലത്.. സാധനം കയറ്റാനും ഇറക്കാനും സഹായിച്ചാൽ കുറച്ചു കൂടി കൂലി തരാതിരിക്കില്ല.. നാളെ വെളുപ്പിനെ പോകണം… ഞാൻ ഇല്ലെന്ന് കരുതി ഇന്നലത്തെ പോലെ അവനെ തല്ലാനും ദേഷ്യപ്പെടാനും നിക്കരുത്…
ശരി.. നീ പോയി കിടന്നോ.. ഞാൻ രാവിലെ നിനക്ക് കഴിക്കാൻ എന്തെങ്കിലും ആക്കി തന്നുവിടാം…
ഒന്നും വേണ്ട.. സമയം ഉണ്ടാകില്ല.. ഞാൻ എഴുന്നേറ്റ് ഉടനെ പോകും.. അതിനായ് അമ്മ രാവിലെ എഴുന്നേൽക്കണ്ട.. ഞാൻ പൊക്കോളാം… കുറച്ചു ഉറങ്ങട്ടെ… അമ്മയും കിടന്നോ..
അമ്മയോട് മുൻപേ യാത്രയും പറഞ്ഞു വിഷ്ണു തന്റെ പായ ലക്ഷ്യം വെച്ചു നടന്നു… പുറകെ അമ്മയും തന്റെ മുറിയിലേക്ക് പോയി.
രാവിലെ അലാറം അടിച്ചു തുടങ്ങിയപ്പോൾ തന്നെ വിഷ്ണു എഴുന്നേറ്റു അമ്മയുടെയും അനിയന്റെയും ഉറക്കം കളയാതെ അലാറം മുഴുമിക്കാൻ നിൽക്കാതെ ഓഫ് ചെയ്തു.. മുറിയിൽ ലൈറ്റ് പോലും ഇടാതെ അവൻ യാത്ര ആകുവാൻ തയാറായി… അമ്മയും ഈ സമയം എഴുന്നേറ്റിരുന്നു..
“വിഷ്ണു.. കട്ടൻ ആക്കി തരട്ടെ നിനക്ക്.. രാവിലെ അതെങ്കിലും കുടിച്ചിട്ട് പൊക്കോ.. ”
വേണ്ട… സമയം ആയി.. ഇനി മാർക്കറ്റ് വരെ നടന്നെത്തേണ്ടത് അല്ലേ.. ” അതും പറഞ്ഞു അവൻ അഭിയുടെ മുറിയുടെ വാതിലിന്റെ അടുത്തെത്തി പതുക്കെ വാതിൽ തുറന്നു അവന്റെ അടുത്ത് ചെന്നിരുന്നു… കുറച്ച് നേരം അവനെ നോക്കിയിരുന്നതിനു ശേഷം അമ്മയോട് യാത്ര പറഞ്ഞു വിഷ്ണു വീട്ടിൽ നിന്നും ഇറങ്ങി..
‘അഭി… വിഷ്ണു രാവിലെ പണിക്ക് പോയി.. രണ്ട് ആഴ്ച്ച കഴിഞ്ഞു ആണ് വരുക. നീ നല്ല ഉറക്കത്തിൽ ആയത് കൊണ്ട് ആണ് ഇന്നലെ വിളിക്കാതിരുന്നത്.. ‘ രാവിലെ എഴുന്നേറ്റു വന്ന അഭിയോടായി അമ്മ പറഞ്ഞു..
“ആ.. നന്നായി വിളിക്കാതിരുന്നത്… പിന്നെ. പരീക്ഷയുടെ റിസൾട്ട് വരാനും രണ്ട് ആഴ്ച്ച ആണ് ഉള്ളത്.. മോൻ വിളിച്ചാൽ ഫോൺ വാങ്ങി തരാൻ ഉള്ളത് പറഞ്ഞോണം. അല്ലാതെ അതിൽ നിന്നും രക്ഷപെടാൻ ആയിരുന്നു ഈ പണിക്ക് പോയത് എങ്കിൽ ഇനി ഇങ്ങോട്ട് തിരിച്ചു വരണ്ട എന്നും പറഞ്ഞേക്ക്.. ” അതും പറഞ്ഞു കൂട്ടുകാരോടോപ്പം അഭി കളിക്കുവാൻ പോയി. എന്ത് മറുപടി നൽകുമെന്ന് അറിയാതെ അമ്മയും എല്ലാം കണ്ണീരിൽ ഒളിപ്പിച്ചു….
ദിവസങ്ങൾ പലതും കഴിഞ്ഞു… ഒരു ദിവസം രാത്രി വാതിൽ മുട്ടുന്ന ശബ്ദം കേട്ട് ആണ് അമ്മ ഉറക്കം ഉണർന്നത്…
“വിഷ്ണു ആയിരിക്കും.. ” മനസ്സിൽ പറഞ്ഞുകൊണ്ട് അമ്മ വാതിൽ തുറന്നു.. വിഷ്ണുവിന്റെ മുതലാളി നിസാറും അടുത്ത വീടുകളിലെ ആളുകളും ആയിരുന്നു വന്നത്.
“എന്താണ് നിസാറിക്ക ഈ രാത്രി എല്ലാവരും കൂടെ.. വിഷ്ണു വന്നില്ലല്ലോ.. ”
അമ്മയുടെ ചോദ്യത്തിന് എന്ത് മറുപടി നൽകണം എന്ന് അറിയാതെ എല്ലാവരും പരസ്പരം നോക്കി നിന്നു. വീണ്ടും അമ്മ ചോദ്യം ആവർത്തിച്ചു.. എന്നാൽ വീണ്ടും ചോദിച്ചപ്പോൾ അമ്മയുടെ ശബ്ദം ഇടറിയിരുന്നു..
” നിസാറിക്ക.. എന്താ ആരും ഒന്നും പറയാതെ.. വിഷ്ണു എവിടെ.. എന്റെ മോന്… അവൻ എവിടെ..? ”
അമ്മേ നിങ്ങളോട് എങ്ങനെ പറയണം എന്ന് അറിയില്ല.. എന്നിരുന്നാലും അറിയിക്കേണ്ടത് ഉണ്ടല്ലോ.. ലോഡുമായി തിരിച്ചു വരുന്ന വഴിക്ക് ലോറി നിർത്തി ഒരു മൊബൈൽ വാങ്ങുവാൻ ആയി പോയി വരുമ്പോൾ… വിഷ്ണുവിന് ആക്സിഡന്റ് ആയി… അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും….
അത് പറഞ്ഞു തീരുന്നതിനു മുൻപേ അമ്മ നിലവിളിച്ചു കരയുവാൻ തുടങ്ങിയിരുന്നു…
” വിഷ്ണു… എന്റെ മോനേ……. അമ്മയെ തനിച്ചാക്കി നീ പോയല്ലോടാ…. ഇതിനായിരുന്നോ അമ്മയോട് യാത്ര പറഞ്ഞു ഒരു തുള്ളി വെള്ളം പോലും കഴിക്കാൻ നിൽക്കാതെ നീ പോയത്…. ”
അമ്മയുടെ കരച്ചിൽ കേട്ട് ഞെട്ടി ഉണർന്നു വന്ന അഭി കാണുന്നത് അലമുറയിട്ട് കരയുന്ന അമ്മയെയും വീടിനു മുൻപിൽ വന്ന നാട്ടുകാരെയും ആയിരുന്നു.. കുറച്ചു നേരത്തേക്ക് അവന് ഒന്നും മനസ്സിലായിരുന്നില്ല.. പതിയെ അമ്മയുടെ കരച്ചിലിന്റെ കാരണം അവനും മനസിലാക്കി കഴിഞ്ഞിരുന്നു… തന്റെ ചേട്ടൻ മരിച്ചു എന്ന്…..
ഒന്ന് അനങ്ങുവാൻ പോലും കഴിയാതെ ആ വാതിൽ പടിയിൽ അവൻ നിന്നു.. ഒരക്ഷരം ഉരിയാടാതെ.. നിസാറിക്ക അവനെ ചേർത്ത് പിടിച്ചു കൊണ്ട് അവനോട് പറഞ്ഞു ‘അമ്മയ്ക്ക് ഇനി നീ മാത്രം ആണ് ഉള്ളത്.. ‘
അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു… എന്നാലും അവൻ ഒന്നും മിണ്ടിയില്ല.. ഒരു ജഡം കണക്കെ നിന്നു… അപ്പോഴും അകലെ നിന്നും തന്റെ വീട് ലക്ഷ്യമാക്കി വരുന്ന ശബ്ദം അവന്റെ ചെവിയിൽ കേട്ടിരുന്നു… അതോടൊപ്പം ഉയർന്നു വരുന്ന അമ്മയുടെ കരച്ചിലും… അതെ… വിഷ്ണു… താൻ ഇത് വരെ ചേട്ടൻ ആയി കാണാതിരുന്ന ചേട്ടനെ കൊണ്ടുവന്നിരിക്കുന്നു… വെള്ള തുണിയിൽ പൊതിഞ്ഞു കെട്ടിയ ഒരു ശരീരമായി…….
നാലഞ്ചു ആളുകൾ ചേർന്ന് വിഷ്ണുവിനെ വീടിന്റെ വരാന്തയിൽ കിടത്തി… അമ്മയുടെ നിലവിളി ശബ്ദത്തിന്റെ ശക്തി കൂടിയിരിക്കുന്നു.. നെഞ്ചു മുറിഞ്ഞുള്ള കരച്ചിൽ… അവിടെ നിന്നവർക്കെല്ലാം ആ കണ്ണുനീർ അമ്മയുടെ നെഞ്ചിൽ നിന്നും വീഴുന്ന രക്തമായിട്ടായിരുന്നു തോന്നിയിരുന്നത്… ആ അമ്മയുടെ കരച്ചിൽ കണ്ടു നിൽക്കാൻ കഴിയാതെ ആയിരിക്കാം.. ആ രാത്രിയിൽ ആകാശം മഴമേഘങ്ങളാൽ മൂടി ശക്തമായ ഇടിയോട് കൂടിയ മഴ ഭൂമിയിൽ പഠിക്കുവാൻ തുടങ്ങി…. എങ്കിലും ഒരു അനക്കവും ഇല്ലാതെ ആ വരാന്തയിൽ ചേർന്ന് അഭി ഇരുന്നു.. ഇമ വെട്ടാതെ തന്റെ ചേട്ടനെ നോക്കികൊണ്ട്… ആ രാത്രി മുഴുവനും… ഇതിനിടയിൽ നാട്ടുകാർ പലരും വന്നു അവനും അമ്മയ്ക്കും ആശ്വാസവാക്കുകളാലെ… എന്നാൽ അവരുടെ വാക്കുകളോ
അവരെ പോലുമോ അവൻ കണ്ടിരുന്നില്ല….അവന്റെ കണ്ണുകളും നിർത്താതെ ഒഴുകുന്നുണ്ടായിരുന്നു…..
ഭാഗം 6
ആരൊക്കൊയോ ചേർന്ന് വിഷ്ണുവിനായി ചിത ഒരുക്കുന്നു… കരഞ്ഞു തളർന്നു അവന്റെ അടുത്ത് കിടക്കുന്ന അമ്മ… കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും ചേർന്ന് വിഷ്ണുവിനെ ചിതയിലേക്ക് വെച്ചു.. കരയാനുള്ള ശക്തി അപ്പോഴും അമ്മയിൽ ഉണ്ടായിരുന്നു…. ഒരു സ്വപ്നം പോലെ എന്താണ് നടക്കുന്നത് എന്നറിയാതെ ആരോ തന്റെ കൈയിൽ ഒരു തീപ്പന്തം തന്ന് ആ ചിത കത്തിക്കുന്നു… അതെ.. അവന്റെ ചേട്ടനെ യാത്രയാക്കുന്നു… ഓർമകളുടെ ചിപ്പിയിൽ ഇനി വിഷ്ണു..
ദിവസങ്ങൾ ഏറെ കഴിഞ്ഞു…. അതിനിടയിൽ പരീക്ഷ റിസൾട്ട് വന്നതും നല്ല മാർക്കോടെ അഭി ജയിച്ചതും ഒന്നും അവൻ അറിഞ്ഞിരുന്നില്ല… ഏതോ സ്വപ്ന ലോകത്തിൽ എന്ന പോലെ ആയിരുന്നു അവൻ… ഇനി എന്ത് എന്നറിയാതെ അമ്മയും.. അങ്ങനെ ഇരിക്കെ ആണ് അടുത്ത അധ്യായന വർഷത്തെ ക്ലാസുകൾ തുടങ്ങിയത്.. അഭിയുടെ അദ്ധ്യാപകർ അവനെ ക്ലാസ്സിൽ കാണാത്തതു കൊണ്ട് അന്വേഷിച്ചു വീട്ടിൽ വന്നത്..
“അമ്മേ… നിങ്ങൾ കൂടെ ഇങ്ങനെ തളർന്നു ഇരുന്നാൽ എങ്ങനെ ആണ്.. ഞങ്ങൾ ആരും തന്നെ കരുതിയതല്ല അഭി ഇത്രയും മാർക്ക് വാങ്ങി ജയിക്കും എന്ന്.. ഇപ്പോൾ തന്നെ ക്ലാസുകൾ തുടങ്ങിയിട്ട് ഇത്രയും ദിവസങ്ങൾ ആയില്ലേ.. അഭി ആണെങ്കിൽ ക്ലാസ്സിലും വന്നിട്ടില്ല.. അവന് ഇതിൽ നിന്നെല്ലാം പുറത്ത് വരുവാൻ സ്കൂൾ അന്തരീക്ഷം കൂടെ സഹായം ആകും… അവനെ സ്‌കൂളിലേക്ക് കൂട്ടാൻ ആണ് ഞങ്ങൾ വന്നത്. ” അഭിയുടെ കൈയിൽ പിടിച്ചുകൊണ്ടു ഭാസ്കരൻ മാഷ് അമ്മയോട് പറഞ്ഞു.. അമ്മയുടെ സമ്മതവും വാങ്ങിയ ശേഷം അവന്റെ പുസ്തകങ്ങളും എടുത്ത് സ്കൂളിലേക്ക് യാത്രയായി..
കൂട്ടുകാരുടെ ഇടപെടലുകൾ കൊണ്ടും സ്കൂൾ അന്തരീക്ഷം കൊണ്ടും പതിയെ അഭി എല്ലാം മറന്നു തുടങ്ങിയിരുന്നു… അവനായി അമ്മയും എല്ലാം മനസ്സിൽ ഒതുക്കി ജോലിക്ക് പോകുവാനും തുടങ്ങി.. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം അഭിയുടെ ജീവിതത്തിലെ താളം വീണ്ടും തെറ്റുവാൻ കാരണമായി ക്ലാസ്സിലേക്ക് ഒരു കുട്ടി കൂടെ വന്നത്.. അർഷാദ്.. ബിസ്സിനസ്സുകാരായ അൻവറിന്റെയും ആരിഫയുടെയും മകൻ. നാട്ടിലെ തന്നെ ഏറ്റവും വലിയ പണക്കാരുടെ ലിസ്റ്റ് എടുത്താൽ ഒന്നാമത് നിൽക്കുന്ന കുടുംബം..
അതിന്റെതായ യാതൊരു ഭാവവും അവന്റെ മുഖത്തുണ്ടായിരുന്നില്ല.. അവന്റ ക്ലാസിലെ സ്ഥാനവും അവൻ തന്നെ കണ്ടെത്തി.. അഭിയുടെ അടുത്ത് തന്നെ. കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ അവരുടെ സൗഹൃദം നന്നായി വളർന്നു.. അഭിയുടെ പഠിത്തത്തിൽ ഉള്ള ശ്രദ്ധയും കുറഞ്ഞു.. ക്ലാസ്സിൽ കയറാതെ ഉള്ള കറക്കം.. മറ്റു സ്കൂളുകൾക്ക് മുന്നിൽ ഉള്ള നിൽപ്പ് അങ്ങനെ എല്ലാം കൊണ്ടും വീണ്ടും അവന്റെ ശ്രദ്ധ മാറുന്നത് ഭാസ്കരൻ മാഷ് അറിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ അടുത്ത ദിവസം ക്ലാസ്സിൽ ഇരുവരുടെയും സീറ്റ് മാറ്റി എങ്കിലും ഇതേ അവസ്ഥ തന്നെ തുടങ്ങി. ഒന്ന് രണ്ട് പ്രാവിശ്യം അഭിയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുവാൻ ശ്രമിച്ചിരുന്നെങ്കിലും കാര്യമുണ്ടായിരുന്നില്ല… പിന്നീട് ഈ കാര്യങ്ങൾ കുറേശ്ശേ ആയി കണ്ടില്ലെന്ന് മാഷ് തന്നെ നടിച്ചു തുടങ്ങിയിരുന്നു….
അങ്ങനെ സ്കൂൾ കലോത്സവത്തിന്റെ ദിവസം ഒരു മൊബൈൽ ഫോണും ആയിട്ട് ആണ് അർഷാദ് അഭിയുടെ മുൻപിൽ എത്തിയത്. അന്ന് ആയിരുന്നു അർഷാദ് അഭിയുടെ മുൻപിൽ മറ്റൊരു പുതിയ ലോകം ആയ സോഷ്യൽ മീഡിയയുടെ വാതിൽ തുറന്നത്….
“അളിയാ അഭി.. നിന്റെ എഫ് ബി ഐഡി എന്താടാ.. കുറെ ഫ്രണ്ട്സ് ഉണ്ടോ നിനക്ക് ”
ആ ചോദ്യത്തിൽ ആയിരുന്നു തനിക്ക് ഒരു ഫോൺ ഉണ്ടായിരുന്നത് പോലും അഭി ഓർത്തത്.. പണ്ട് തന്റെ ചേട്ടൻ തനിക്കായി നൽകിയ അവസാനത്തെ സമ്മാനം.. എന്നാൽ ഇത് വരെ അവൻ അത് തുറന്നു പോലും നോക്കിയിരുന്നില്ല..
” ഫോൺ ഉണ്ടെടാ… എന്നാൽ ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല.. ”
‘അയ്യേ.. നീ എന്തൊരു പഴഞ്ചൻ ആണെടാ.. ഇപ്പോൾ ഇതെല്ലാം ഉപയോഗിക്കാതെ എന്ത് ജീവിതം ആണ്.. മോശം..നീ ഇത് കണ്ടോ എന്റെ എഫ് ബി അക്കൗണ്ട് ആണ്.. ഇവർ എല്ലാവരും എന്റെ ഫ്രണ്ട്സ് ആണ്.. ഇതിൽ നമുക്ക് ആരോടും സംസാരിക്കാം എവിടെ ഉള്ളവരുമായും കൂട്ട് കൂടാം.. ഫോണും കൈയിൽ വെച്ചിട്ട് ഇതൊന്നും ചെയ്തില്ലെന്ന് പറയുന്നത് തന്നെ നാണക്കേട് ആണ്… ”
“എനിക്ക് അങ്ങനെ ഇതുവരെ ഫോൺ ഉപയോഗിക്കേണ്ടി വന്നിട്ടില്ലെടാ.. അതുമല്ല ഫോണിന്റെ കാര്യം തന്നെ നീ ഇപ്പോൾ പറഞ്ഞപ്പോൾ ആണ് ഞാൻ ഒരുമിച്ചത് പോലും… ഇനി നീ ഉണ്ടല്ലോ.. പഠിപ്പിച്ചു തന്നാൽ മതി ”
” ഇങ്ങനെ ഒരു പൊട്ടനെ ആണല്ലോ ഞാൻ കൂടെ കൂട്ടിയത്…. ശരി നീ നാളെ വരുമ്പോൾ ആ ഫോൺ കൂടെ എടുത്തോ.. നാളെ തന്നെ തുടങ്ങാം… ”
‘നാളെയോ.. സ്കൂളിൽ ആരെങ്കിലും പറഞ്ഞു കൊടുത്താൽ പ്രശ്നം ആകില്ലേ’..?
നീ അതിനു ഞാൻ ഇന്ന് ഫോൺ കൊണ്ടുവന്നേ എന്ന് പറഞ്ഞു നടക്കണ്ടല്ലോ.. അതെല്ലാം ഞാൻ നോക്കിക്കോളാം. രാവിലെ ഫോൺ കൊണ്ടുവന്നു എനിക്ക് തന്നാൽ മതി. കേട്ടല്ലോ..?
ശരി.. ഞാൻ കൊണ്ടുവരാം….
അന്ന് വീട്ടിൽ എത്തിയ ഉടനെ അഭി തിരഞ്ഞത് ആ ഫോണിന് ആയിരുന്നു..
വിഷ്ണു തന്റെ ജോലിക്ക് ആയി കൊണ്ടു പോകുന്ന കവറിൽ നിന്നും അവന് ആ സമ്മാനപ്പൊതി കിട്ടി..
വർണ്ണ കടലാസിൽ പൊതിഞ്ഞ ഒരു കവർ.. അത് തുറന്നപ്പോൾ അതിൽ ഒരു ചെറിയ എഴുത്ത് കൂടെ ഉണ്ടായിരുന്നു.. “ചേട്ടന്റെ പ്രിയപ്പെട്ട അനിയന്.. ഒരായിരം സ്നേഹം നിറഞ്ഞ സമ്മാനം.. ” അതിൽ കൂടുതൽ ചിന്തിക്കുവാൻ അഭിക്ക് സമയം ഉണ്ടായിരുന്നില്ല.. കൂട്ടുകാരൻ നാളെ പറഞ്ഞു തരുന്ന പുതിയ ലോകത്തിന്റെ മയക്കത്തിൽ ആയിരുന്നു അവന്റെ ചിന്ത മുഴുവനും. അതുകൊണ്ട് തന്നെ ആ എഴുത്തിന്റെ സ്ഥാനം വീടിന്റെ മൂലയിൽ ഒതുങ്ങി. തന്റെ പുസ്തകങ്ങൾക്കൊപ്പം ഫോണും അവൻ അപ്പോൾ തന്നെ ബാഗിൽ സൂക്ഷിച്ചു വെച്ചു..
ഭാഗം 7
പിറ്റേന്ന് രാവിലെ സ്കൂളിൽ പോകുവാൻ എന്തെന്നില്ലാത്ത തിരക്ക് ആയിരുന്നു അവന്. രാവിലെ അമ്മ വിളമ്പി വെച്ച ആഹാരം പോലും കഴിക്കാതെ ബാഗും എടുത്ത് അവൻ സ്കൂളിലേക്ക് ഇറങ്ങി..
“ഈ ചെക്കന് ഇതെന്താ പറ്റിയത്… എന്നും ഇല്ലാത്ത തിരക്ക് ആണല്ലോ ഇന്ന് സ്കൂളിൽ പോകാൻ.. ” ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് അമ്മ തന്റെ ജോലികൾ തുടർന്നു. സ്കൂൾ തുടക്കുന്നതിന് മുൻപേ തന്നെ അഭി സ്കൂളിൽ എത്തിയിരുന്നു..അവനെ കാത്ത് അർഷാദും.
ഡാ നീ ഫോൺ കൊണ്ടുവന്നോ.. അതോ മറന്നോ…?
ഇല്ലെടാ.. കൊണ്ടുവന്നിട്ടുണ്ട്.. പ്രശ്നം ആകുമോ.?
എന്ത് പ്രശ്നം ആകാൻ ആണ്.. നീ ഫോൺ എടുക്ക്.. ഞാൻ വെച്ചോളാം.. കുറച്ചു കാര്യങ്ങൾ ചെയ്യാൻ എല്ലാം ഉണ്ട്. എന്നിട്ട് ഞാൻ എല്ലാം പറഞ്ഞു തരാം നിനക്ക്.
‘ശരി.. നീ വെച്ചോ.. ‘ ബാഗിൽ നിന്നും പുസ്തകങ്ങൾക്ക് ഇടയിൽ ഒളിപ്പിച്ച ഫോൺ അവൻ കൂട്ടുകാരന് കൈമാറി.. അപ്പോൾ തന്നെ അത് അവൻ ബാഗിൽ വെക്കുകയും ചെയ്തു..
“എടാ.. ദേ ആ കണക്ക് മാഷ് പട്ടാളം വരുന്നു. ക്ലാസ്സ് തുറന്നിട്ടുണ്ടാകും വാ ക്ലാസിലേക്ക് പോകാം.. ” അവർ രണ്ടും മാഷുടെ കണ്ണിൽ പെടാതെ ക്ലാസ്സിലേക്ക് ഓടി കയറി. അല്പ സമയം കൊണ്ട് തന്നെ കുട്ടികളും അധ്യാപകരും വന്നു തുടങ്ങി.
പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ സാധാരണ പോലെ നടന്നു.. എന്നാൽ ഇതിന്റെ ഇടയിലും അർഷാദ് തന്റെ ഫോണിൽ എന്തൊക്കെയോ ചെയ്യുന്നത് ശ്രദ്ധിച്ചാണ് അഭിയുടെ ഇരിപ്പ്. അധ്യാപകർ മാറി വന്നതും ബെൽ അടിച്ചതും അഭി ശ്രദ്ധിച്ചിരുന്നില്ല.. ഇന്റർ ബെൽ ആയപ്പോൾ അഭി എഴുന്നേറ്റു കൂട്ടുകാരന്റെ അടുത്തെത്തി..
‘ഡാ നീ എന്തൊക്കെ ആണ് ചെയ്തത്.. പറഞ്ഞു താടാ.. ഗെയിം എല്ലാം ചെയ്തിട്ടുണ്ടോ.. ‘
“പിന്നെ ഗെയിം.. എടാ പൊട്ടാ.. അതെല്ലാം കുഞ്ഞിപ്പിള്ളേർ കളിക്കുന്നത് ആണ്. ഞാൻ നിനക്ക് ഇതിൽ പുതിയ ഫേസ്ബുക്, വാട്ട്സ് ആപ്പ്, ടെലിഗ്രാം എന്ന് വേണ്ടത് എല്ലാം ചെയ്തിട്ടുണ്ട്… ”
“ഇതെല്ലാം എന്തിനുള്ളത് ആണ് എന്ന് കൂടെ പറഞ്ഞു താടാ.. കേട്ടിട്ടുണ്ട് എന്നല്ലാതെ ഇതൊന്നും ചെയ്യേണ്ടത് എനിക്ക് അറിയില്ല എന്ന് ആദ്യമേ പറഞ്ഞത് അല്ലേ നിന്നോട്. ”
അഭിയെ കളിയാക്കി കൊണ്ടും ദേഷ്യം കാണിച്ചു കൊണ്ടും അഭിയുടെ കൈയിൽ ഫോൺ കൊടുത്തു കൊണ്ട് അർഷാദ് പറഞ്ഞു. …
” ഇവനെ കൊണ്ട്… നീ ഇത്രയും കാലം ഏത് കാട്ടിൽ ആയിരുന്നെടാ.. നിനക്ക് ടൈപ്പ് ചെയ്യാൻ അറിയില്ലേ.. ഇതിൽ എല്ലാം നിന്നെ അറിയാത്ത, ഏതോ നാട്ടിൽ എല്ലാം ഉള്ള ആളുകൾ ഉണ്ടാകും.. അവരെ എല്ലാം ഫ്രണ്ട്സ് ആക്കി നിനക്ക് അവരോട് സംസാരിക്കാം..ഇതിൽ ഞാൻ കുറച്ചു ആളുകളെ ഫ്രണ്ട്സ് ആക്കിയിട്ടുണ്ട്.. നീ വീട്ടിൽ പോയിട്ട് നോക്കിക്കോ.. ”
അഭി ഉടനെ തന്നെ ആരും കാണാതെ ഫോൺ വീണ്ടും ബാഗിൽ ഒളിപ്പിച്ചു വെച്ചു..
ബെല്ലുകൾ മാറി മാറി ശബ്‌ദിച്ചു.. അധ്യാപകരും ക്ലാസ്സുകളും നടന്നു…ക്ലാസിൽ പഠിപ്പിക്കുന്നതിനേക്കാൾ അവന്റെ മനസ് കൊതിച്ചത് അർഷാദ് തനിക്കായി നൽകിയ കാര്യങ്ങൾ ചെയ്തു പഠിക്കുവാൻ ആയിരുന്നു.. ക്ലാസ്സ് അവസാനിച്ച ഉടനെ കൂട്ടുകാരെ കാത്തുനിൽക്കാതെ അവൻ വീട്ടിലേക്ക് ഓടി..
‘ഇന്നെന്താടാ നേരത്തെ ആണല്ലോ ‘
“നേരത്തെ വന്നത് ആണോ ഇപ്പോൾ കുറ്റം ആയത് എങ്കിൽ നാളെ മുതൽ നേരം വൈകി വന്നേക്കാം ” അമ്മയുടെ ചോദ്യത്തിന് എതിരും പറഞ്ഞുകൊണ്ട് അഭി തന്റെ മുറിയിലേക്ക് നടന്നു മുറിയുടെ വാതിൽ അടച്ചു. ബാഗിൽ നിന്നും തന്റെ ഫോൺ പുറത്തെടുത്തു. ഇത്രയും നേരം കൈയിൽ ഉണ്ടായിരുന്നു എങ്കിലും അതിന്റ ഭംഗി ഇപ്പോൾ ആണ് അവൻ ശരിക്കും ആസ്വദിക്കുന്നത്. അവൻ ആ ഫോണിൽ കൂട്ടുകാരൻ കാണിച്ചു തന്ന ഓരോ അപ്ലിക്കേഷൻസും തുറന്നു നോക്കി.. ഓരോ കാര്യങ്ങൾ നോക്കുമ്പോഴും അവന്റെ കണ്ണുകളിൽ എന്തെന്നില്ലാത്ത ആകാംഷയുടെ തിളക്കം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ സമയം പോകുന്നത് ഒന്നും അവൻ അറിഞ്ഞില്ല. അമ്മയുടെ ശബ്ദം കേട്ട് ആണ് അവൻ ആ കൗതുക ലോകത്തു നിന്നും ഉണർന്നത്.
” അഭി.. മതി വാതിൽ അടച്ചു ഇരുന്നു പഠിച്ചത്… വന്ന് ഭക്ഷണം കഴിക്ക്. ”
വന്നിട്ട് താൻ ഇതുവരെ ഡ്രസ്സ് പോലും മാറ്റിയിട്ടില്ല എന്ന് അപ്പോൾ ആണ് അവൻ ഓർത്തത്. വേഗം തന്നെ ഡ്രസ്സ് മാറ്റി ഫോൺ ബാഗിൽ തന്നെ ഒളിപ്പിച്ചു ഒരു പുസ്തകവും തുറന്നു വെച്ചിട്ട് അവൻ വാതിൽ തുറന്നു..
‘ സമയം പോയത് അറിഞ്ഞില്ല.. കുറെ പഠിക്കാൻ ഉണ്ടായിരുന്നു.. വേഗം ഭക്ഷണം തന്നെ എനിക്ക്. ‘ എന്ന് പറഞ്ഞുകൊണ്ട് മുന്നിൽ വിളമ്പി വെച്ചിരുന്നു ഭക്ഷണം അവൻ കഴിച്ചെന്നു വരുത്തി എഴുന്നേറ്റു..
‘ എനിക്ക് കുറച്ചു കൂടി പഠിക്കാൻ ഉണ്ട്.. ഞാൻ മുറിയിൽ പോകുക ആണ് ഇനി വിളിക്കണ്ട ‘ എന്ന് അമ്മയോടായി പറഞ്ഞു അഭി മുറിയിൽ കയറി വീണ്ടും വാതിൽ അടച്ചു.. മകൻ നന്നായി പഠിക്കുന്നുണ്ട് എന്ന സമാധാനത്തോടെ അമ്മയും പണികൾ ഒതുക്കി ഉറങ്ങാൻ തയാറായി..
രാത്രി ഏറെ വൈകി എന്നാലും അഭി ഉറങ്ങാതെ ഫോണിൽ തന്നെ കളിച്ചുകൊണ്ടിരുന്നു.. ഈ സമയം ആയിരുന്നു ഫോണിൽ നിന്നും ഒരു ചെറിയ ശബ്ദം കേട്ടത്.. തന്റെ കൂട്ടുകാരൻ രാവിലെ അയച്ച ഫ്രണ്ട് റിക്വസ്റ്റ് ആരോ സ്വീകരിച്ചു തനിക്ക് മെസ്സേജ് അയച്ചിരിക്കുന്നു.. തന്റെ ഫോണിലെ ആദ്യത്തെ മെസ്സേജ്… വിസ്മയ ലോകത്തിലെ തന്റെ ആദ്യത്തെ ഫ്രണ്ട്.. അഭിയുടെ കൗതുകങ്ങളുടെ ചിറകുകൾ വീണ്ടും ശക്തിയോടെ പറക്കുവാൻ തുടങ്ങി.. ആ മെസ്സേജ് അവൻ പതിയെ തുറന്നു നോക്കി വായിച്ചു… അതിൽ ഇങ്ങനെ എഴുതിയിരുന്നു..
” ഹലോ അഭി.. ഉറങ്ങാൻ സമയം ആയില്ലേ.. നിന്റെ പ്രൊഫൈൽ ഫോട്ടോ നന്നായിട്ടുണ്ട് കേട്ടോ. ”
എന്ത് മറുപടി അയക്കണം എന്ന് സംശയിച്ചു നിൽക്കുമ്പോൾ ആയിരുന്നു അടുത്ത മെസ്സേജ്..
ഹലോ… നീ ഇവിടെ ഉണ്ടോ.. സംസാരിക്കുന്നില്ലെങ്കിൽ ഞാൻ പോകുക ആണ്..
ഇപ്രാവശ്യം ധൈര്യം സംഭരിച്ചു അഭി മറുപടി അയച്ചു.
‘ഹലോ.. ഇയാൾക്കു എന്റെ പേര് എങ്ങനെ അറിയാം.. തന്റെ പേര് എന്താണ്.? ‘ മറുപടി കിട്ടേണ്ട താമസം..
‘അത് കൊള്ളാമല്ലോ നിന്റെ പേര് ഇതിൽ തന്നെ ഉണ്ടല്ലോ.. പിന്നെ എന്റെ പേര് പ്രിയ.. വീട് എറണാകുളം ആണ്. ‘
എറണാകുളം നിന്ന് ആണ് തന്റെ ആദ്യത്തെ ഫ്രണ്ട്… ഇത്രയും ദൂരെ ഉള്ളവർ ഇതിൽ ഉണ്ടാകുമോ..? അറിയാതെ അവൻ തന്നോട് തന്നെ ചോദിച്ചു.. ഈ സമയം ഫോൺ വീണ്ടും ശബ്‌ദിച്ചു.
‘ നീ ഓൺലൈൻൽ ഉണ്ടോ….? അതോ പോയോ…?
“ഞാൻ ഇവിടെ ഉണ്ട്.. പറഞ്ഞോളൂ….. ”
ആ സംസാരം പിന്നീട് രാത്രി മുഴുവനും തുടർന്നു….കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അത് മാത്രം ആയി അവന്റെ ലോകം… വീട്ടിൽ ഉള്ള സംസാരം കുറഞ്ഞു…. പഠനം എന്നത് പതിയെ അവനിൽ നിന്നും അകലാൻ തുടങ്ങി… തന്റെ കൂട്ടുകാരനിൽ നിന്നു പോലും മാറി സ്വപന ലോകത്തിൽ എന്നപോലെ നടക്കുവാൻ തുടങ്ങി.. രാത്രിയുടെ നിശ്ശബ്തയിൽ പോലും അവന്റെ കാതുകളിൽ നിറഞ്ഞിരുന്നത് അവളുടെ മെസ്സേജുകളുടെ ശബ്ദം ആയിരുന്നു…
ദിവസങ്ങൾ ഓടി മറഞ്ഞു…. വർഷവും ശിശിരവും മാറി വന്നു.. എന്നാലും അവരുടെ സംസാരം ദിനംതോറും കൂടി വന്നു.. പതിയെ ആ സൗഹൃദം ഇരുവരിലും പ്രണയം എന്ന വാതിൽ തുറന്നു… അതുകൊണ്ട് തന്നെ അവരുടെ സംസാരങ്ങളുടെ ദൈർഗ്യം കൂടികൊണ്ട് വന്നു…അത്രയും നാൾ വെറും മെസ്സേജുകളിൽ ഒതുങ്ങിയ സംസാരം നമ്പറുകൾ കൈമാറുന്നതിലേക്കും അതിലൂടെ ഫോൺ സംഭാഷണങ്ങളിലേക്കും വീഡിയോ കോളുകളിലേക്കും വഴിമാറി.. പതിയെ അവരുടെ സംസാര വിഷയങ്ങൾ അതിരുകൾ കടന്നു തെറ്റായ വഴികളിലേക്കും മറ്റുമായി.. ഇതിനിടയിൽ തന്നെ എല്ലാ കാര്യങ്ങളും അവർ പരസ്പരം പങ്കുവെച്ചിരുന്നു..
ഈ കാലങ്ങളിൽ അഭിയുടെ ഒന്നാം വർഷം പരീക്ഷ കഴിയുകയും ആയതിന്റെ റിസൾട്ട് വരുകയും ചെയ്തു. നന്നായി പഠിച്ചുകൊണ്ടിരുന്ന.. ക്ലാസ്സിൽ തന്നെ ഒന്നാം സ്ഥാനക്കാരൻ ആയിരുന്ന അഭിയിപ്പോൾ ക്ലാസ്സിലെ ഏറ്റവും മാർക്ക് കുറഞ്ഞ വിദ്യാർത്ഥി ആയിരിക്കുന്നത് കണ്ടു അമ്മയും അധ്യാപകരും ഒരു പോലെ ആശ്ചര്യപ്പെട്ടു.. ഇരു കൂട്ടർക്കും അഭിയ്ക്ക് എന്താണ് പറ്റിയത് എന്ന് മനസിലാക്കുവാൻ കഴിഞ്ഞില്ല… അന്ന് രാത്രി….
“അഭി.. നിന്റെ ക്ലാസ്സ് ടീച്ചർ വിളിച്ചിരുന്നു.. നിന്റെ പരീക്ഷയുടെ മാർക്ക് പറയാൻ.. നിനക്ക് എന്താ പറ്റിയത്..? ക്ലാസിൽ ശ്രദ്ധിക്കാറില്ലെന്നും ഇപ്പോൾ ക്ലാസിലെ ഏറ്റവും പഠിക്കാൻ മോശം ആയ ഒരു കുട്ടി നീ ആണെന്നും ആണ് പറയുന്നത്.. നീ എപ്പോഴും റൂം അടച്ചിരുന്നു പഠിക്കുന്നത് അല്ലേ.. പിന്നെ എന്താ മാർക്ക് കുറയാൻ..? ”
അമ്മയുടെ ചോദ്യം കേട്ടില്ല എന്ന മട്ടിൽ അഭി വീണ്ടും വാതിൽ അടച്ചു.. അന്ന് രാത്രി ആയിരുന്നു അഭിയുടെ ജീവിതത്തിലെ ആ കറുത്ത രാത്രികളുടെ തുടക്കം…അന്നത്തെ ദിവസങ്ങളിൽ അവളുടെ ഫോണുകളും മെസ്സേജുകളും ഒന്നും തന്നെ ഉണ്ടായിരുന്നില്ല.. എന്ത് സംഭവിച്ചു എന്നറിയുവാൻ അവളുടെ നമ്പറിൽ വിളിക്കുവാൻ അഭി ശ്രമിച്ചു…. എന്നാൽ അവളുടെ നമ്പർ നിലവിൽ ഇല്ല എന്ന മറുപടി ആയിരുന്നു അവന് ലഭിച്ചിരുന്നത്..
ഭാഗം 8
കുറച്ചു നേരത്തിനു ശേഷം അഭിയും ഉറക്കത്തിലേക്കു വീണ്ടും. ആ സമയത്ത് ആയിരുന്നു അവന്റെ ഫോൺ ബെല്ലടിച്ചത്. ഒരു പ്രൈവറ്റ് നമ്പർ ആയിരുന്നു അത്.
“അവൾ ആയിരിക്കും… എടുത്തു നോക്കാം.. ” മനസ്സിൽ പറഞ്ഞുകൊണ്ട് അഭി കോൾ സ്വീകരിച്ചു..
“ഹലോ…
“ഹലോ… അഭി അല്ലേ ഇത്… ”
‘അതെ… നിങ്ങൾ ആരാണ്..? എനിക്ക് മനസിലായില്ല.. ‘
“ഞാൻ ആരാണ് എന്ന് നിനക്കു മനസിലാകും.. നിന്റെ ഫോണിൽ കുറച്ചു കാര്യങ്ങൾ ഞാൻ അയച്ചിട്ടുണ്ട്.. എടുത്തു നോക്ക്.. ഞാൻ എന്നിട്ട് വീണ്ടും വിളിക്കാം. ” അതും പറഞ്ഞു അയാൾ കോൾ അവസാനിപ്പിച്ചു.. ഉടനെ തന്നെ അഭിയുടെ വാട്സാപ്പ് നോട്ടിഫിക്കേഷനിൽ ഒരു മെസ്സേജും പ്രത്യക്ഷപെട്ടു.. അല്പം ഭയത്തോടു കൂടി തന്നെ അവൻ ആ മെസ്സേജ് തുറന്നു നോക്കി.. അത് അവനെ കൂടുതൽ ഭയപ്പെടുത്തുന്നത് ആയിരുന്നു.. ഇത്രയും നാൾ അവൻ സ്നേഹിച്ച.. പ്രണയമെന്നു വിശ്വസിച്ചു അവൾക്ക് അയച്ച പല മെസ്സേജുകളും ആയിരുന്നു അതിൽ ഉണ്ടായിരുന്നത്.. അവയെല്ലാം നോക്കിയപ്പോൾ തന്നെ അവന്റെ മുഖത്ത് ഭയം നിഴലിച്ചിരുന്നു.. ഓരോന്നായി നോക്കുന്നതിന് ഇടയിൽ തന്നെ അവ ഓരോന്നായി തനിയെ ഡിലീറ്റ് ആകുന്നതും അവൻ അറിഞ്ഞിരുന്നു.. ലാസ്റ്റ് മെസ്സേജും ഡിലീറ്റ് ആയതും വീണ്ടും അവന്റ ഫോൺ റിംഗ് ചെയ്തതും ഒരുമിച്ചു ആയിരുന്നു.. വിറച്ചുകൊണ്ട് അവൻ ആ കോൾ അറ്റൻഡ് ചെയ്തു..
“എന്താടാ.. കണ്ടോ നിന്റെ മെസ്സേജുകൾ.. ”
……. അൽപ്പ നേരം എന്ത് പറയണം എന്ന് അറിയാതെ അഭി ഫോൺ പിടിച്ചു നിന്നു.. എന്നാൽ അയാൾ വീണ്ടും തന്റെ ചോദ്യം തന്നെ ആവർത്തിച്ചു.. പക്ഷേ ഈ പ്രാവിശ്യം അയാളുടെ ശബ്ദത്തിൽ ഭയപ്പെടുത്തുന്ന മാറ്റം ഉണ്ടായിരുന്നു..
” എന്താടാ… നിനക്കു മറുപടി ഇല്ലേ.. ഒരു പെൺ കുട്ടിക്ക് അയക്കേണ്ട മെസ്സേജുകൾ ആണോ നീ അവൾക്ക് അയച്ചത്…? ഇതെല്ലാം കൂടെ ഞാൻ പോലീസിന് ഏൽപ്പിക്കുവാൻ പോകുക ആണ്.. നിന്റെ അസുഖം ഞാൻ ഇന്നത്തോടെ തീർത്തു തരാം.. ”
ഈ പ്രാവിശ്യം അഭി ശരിക്കും പേടിച്ചിരുന്നു… അവന്റെ തൊണ്ട വരണ്ടു പോയിരുന്നു.. എങ്കിലും അവൻ അയാളോട് ചോദിച്ചു..
“നിങ്ങൾ ആരാണ്… എങ്ങനെ ഇതെല്ലാം നിങ്ങളുടെ കൈയിൽ കിട്ടി..? “അവൾ എവിടെ..?
“ഞാൻ ആരാണെന്നു നീ എന്തിനു അറിയണം.. നിന്നെ ഇങ്ങനെ ആണോ വീട്ടിൽ വളർത്തുന്നത്.. ഞാൻ ഇത് പോലീസിൽ അറിയിക്കുക ആണ്.. ഇതോടെ നീ തീർന്നു.. ഇനി അഴി എണ്ണി അകത്തു കിടക്കാം നിനക്ക്.. ”
അതുകൂടെ കേട്ടപ്പോഴേക്കും അഭി നന്നായി പേടിച്ചു അരണ്ടിരുന്നു… കരഞ്ഞു കൊണ്ട് അവൻ അയാളോടായി അപേക്ഷിച്ചു..
“ചേട്ടാ… ഉപദ്രവിക്കരുത്… ഞാൻ അറിയാതെ ചെയ്തു പോയത് ആണ്.. എന്ത് വേണമെങ്കിലും ചെയ്യാം.. ഇത് പ്രശ്നം ആക്കരുത്..”
“ശരി… ഞാൻ ഇത് എല്ലാം ഡിലീറ്റ് ചെയ്യാം.. നിനക്ക് വേണമെങ്കിൽ ആവിശ്യം ഉള്ള പണവും തരാം.. പകരം നീ എനിക്ക് വേണ്ടി ഒരു കാര്യം ചെയ്യണം.. കഴിയുമോ..? ഇല്ലെങ്കിൽ ഞാൻ നിന്നെ കുടുക്കും. ”
അപ്പോൾ ആണ് ഏതോ കുടുക്കിൽ ആയിരുന്നു താൻ കുടുങ്ങിയത് എന്ന് അവന് മനസിലായത്..
അയാൾ വീണ്ടും അവനോട് ചോദ്യം ആവർത്തിച്ചു.. എന്നാൽ ഈ പ്രാവിശ്യം അത് മുഴുവൻ കേൾക്കുവാൻ അഭിയ്ക്ക് സാധിച്ചിരുന്നില്ല.. പേടി കൊണ്ട് അവൻ ഫോൺ കട്ട് ചെയ്തു.. അന്നേ ദിവസം അവന് ഉറങ്ങുവാനായി സാധിച്ചില്ല.. രാത്രി മുഴുവനും പേടിച്ചു അവൻ ആ റൂമിന്റെ മൂലയിൽ ചുരുണ്ടിരുന്നു… അവന്റെ കണ്ണുകളിൽ ഭയം നിഴലിച്ചിരുന്നു………
രാവിലെ പോലീസ് വന്നു തന്നെ അറസ്റ്റ് ചെയ്യുന്നത്… തന്റെ അമ്മ മറ്റുള്ളവരുടെ മുൻപിൽ ഹൃദയം പൊട്ടി നിൽക്കുന്നത്… കൂട്ടുകാരുടെയും, നാട്ടുകാരുടെയും അറപ്പോടെ ഉള്ള നോട്ടവും അഭിപ്രായങ്ങളും.. താൻ ജയിലിൽ കിടക്കുന്നതും… അങ്ങനെ അവന്റെ മനസിലേക്ക് പേടി നിറച്ചു കൊണ്ട് ചിന്തകൾ കടന്നു വന്നുകൊണ്ടിരുന്നു…
ആ രാത്രി അവൻ ഉറങ്ങാതെ തള്ളി നീക്കി.. പിറ്റേന്ന് അമ്മയോട് ഒന്നും പറയാൻ നിൽക്കാതെ അവൻ സ്കൂളിലേക്ക് യാത്ര ആയി..
“ഈ ചെക്കന് ഇത് എന്താ പറ്റിയത്… ഇന്നലെ മുതൽ ഒരു സംസാരവും ഇല്ലല്ലോ… ചിലപ്പോൾ അത്രയും കഷ്ടപ്പെട്ട് പഠിച്ചിട്ടും മാർക്ക് കുറഞ്ഞതിന്റെ ആയിരിക്കും….” മനസ്സിൽ ചോദ്യവും അതിനുള്ള ഉത്തരവും അമ്മ തന്നെ കണ്ടെത്തി..
സ്കൂളിൽ എത്തി എങ്കിലും അഭിയുടെ മനസിൽ നിറയെ രാത്രി നടന്ന കാര്യങ്ങളും അവനെ അന്വേഷിച്ചു പോലീസ് എത്തുന്നതും ആയിരുന്നു.. വൈകുന്നേരം വരെ എങ്ങനെയോ അവൻ സ്കൂളിൽ പേടിച്ചു കഴിച്ചു കൂട്ടി.. ഒരു വാഹനത്തിന്റെ ശബ്ദം കേൾക്കുമ്പോഴും അഭിയുടെ ഹൃദയമിടിപ്പ് കൂടി വന്നിരുന്നു.. സ്കൂൾ വിട്ട് ആർക്കും മുഖം നൽകാതെ അവൻ വീട്ടിൽ എത്തി തന്റെ റൂമിൽ വാതിൽ അടച്ചു ഇരുന്നു…. അവന്റെ കാതുകളിൽ ആരുടെയൊക്കെയോ ശബ്ദങ്ങൾ മുഴങ്ങി കേട്ട്കൊണ്ടേ ഇരുന്നു… രാത്രി ഭക്ഷണം കഴിക്കുവാൻ അമ്മ വന്നു വിളിച്ചപ്പോൾ പോലും അവൻ വാതിൽ തുറന്നിരുന്നില്ല…
ആരോടെങ്കിലും തന്റെ വിഷമം പറയണം എന്നും..തന്നെ രക്ഷപ്പെടുത്തണം എന്നും പറയണം എന്ന് അവൻ അതിയായി ആഗ്രഹിച്ചിരുന്നു….. അമ്മയോട് പറഞ്ഞാൽ അത് അമ്മയ്ക്ക് താങ്ങുവാൻ കഴിയില്ല… മാത്രവും അല്ല പിന്നീട് അയാൾ വിളിച്ചിരുന്നോ എന്ന് അറിയില്ല.. അന്ന് ഓഫ് ചെയ്ത ഫോൺ പിന്നെ അവൻ ഓൺ ആക്കിയിരുന്നില്ല.. അഥവാ അയാൾ പറഞ്ഞത് പോലെ പോലീസിൽ അറിയിചില്ല എങ്കിൽ….? എന്നാൽ അങ്ങനെ സമാധാനിക്കുവാനും അവന് സാധിച്ചില്ല….
അവന്റ കാതുകളിൽ പോലീസ് വണ്ടിയുടെ ശബ്ദം മുഴങ്ങി കേട്ടു അവ തന്റെ നേരെ വരുന്നതായി അവന് തോന്നി തുടങ്ങിയിരിക്കുന്നു … ഹൃദയമിടിപ്പിന്റെ വേഗത കൂടി.. പതിയെ അവന് തന്റെ മനസ് കൈ വിട്ടു തുടങ്ങി… അവന്റ കൈകൾ വിറച്ചു തുടങ്ങിയിരിക്കുന്നു… ആ സമയം ആയിരുന്നു അവന്റ കൈയിൽ ഒരു കഷ്ണം കടലാസ് കിട്ടിയത്… അന്ന് അവൻ ഫോൺ എടുത്തപ്പോൾ ചുരുട്ടി എറിഞ്ഞ വിഷ്ണുവിന്റെ…. തന്റെ ചേട്ടന്റെ… തനിക്കു വേണ്ടി എഴുതിയ അവസാനത്തെ വാക്കുകൾ.. ആ നിമിഷം ആയിരുന്നു ഇതുവരെ ഉള്ള അഭിയുടെ ജീവിതത്തിൽ ആദ്യമായി അവൻ തന്റെ ചേട്ടന്റെ സ്നേഹം തിരിച്ചറിഞ്ഞത്… ചേട്ടൻ കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചത്… അവന്റ മരണത്തിന് താൻ ആണ് കാരണം എന്ന് കൂടെ ഉള്ള ചിന്ത അവന്റെ മനസ്സിൽ നിറഞ്ഞു…
ഇതിനിടയിൽ ആണ് അവന്റെ മനസിലേക്ക് ആ ചിന്ത കടന്നു വന്നത്….തന്നെ ഇത്രയേറെ സ്നേഹിച്ച അമ്മയുടെയും ചേട്ടന്റെയും സ്നേഹം വാങ്ങിച്ചു കൊണ്ട് തന്നെ മരിക്കണമോ..? അതോ അമ്മയുടെയും ലോകത്തിന്റെയും മുൻപിൽ മോശക്കാരൻ ആയി നിൽക്കണമോ..?
ആ ചിന്തയിൽ തന്നെ അഭിക്ക് അവന്റെ മനസിന്റെ കടിഞ്ഞാൺ കൈ വിട്ടു പോയിരുന്നു.. അതുകൊണ്ട് തന്നെ അവൻ ഒരു കയറിൽ അവന്റെ ആദ്യത്തെ തീരുമാനം തന്നെ സ്വീകരിച്ചു… അതിനു മുൻപേ അവൻ തന്റെ ചുമരിൽ ഇങ്ങനെ എഴുതി
” അന്യർ ആയി നമ്മുടെ ഇടയിലേക്ക് വന്നു നമ്മുടെ ജീവിതത്തിൽ സ്ഥാനം പിടിക്കുന്ന പല മുഖങ്ങളെയും മനസിലാക്കുവാൻ എനിക്ക് സാധിച്ചില്ല…. നിങ്ങൾക്ക് എങ്കിലും എന്റെ അവസ്ഥ വരാതിരിക്കട്ടെ…. “
സോഷ്യൽ മീഡിയ സൗഹൃദങ്ങൾ എല്ലാം മോശം ആണ് എന്ന് ഞാൻ ഇതിലൂടെ പറയുവാൻ ആഗ്രഹിക്കുന്നില്ല… എന്നാൽ അതു കാരണം ഉണ്ടായ നഷ്ട്ടങ്ങൾ ഒരു പക്ഷേ അന്വേഷിച്ചാൽ കാണാൻ സാധിക്കുന്നതാണ്… ഒരു പക്ഷേ നമുക്കിടയിൽ ഇന്നും ഉണ്ടാകാം അഭിയെ പോലെ ചിലർ എങ്കിലും..ആൺ /പെൺ വ്യത്യാസം ഇല്ലാതെ വേട്ടയാടപ്പെടുന്നവർ.. ഇനി അഥവാ ഇല്ലെങ്കിൽ ഇനി ഉണ്ടാകാതിരിക്കട്ടെ… ഈ കഥ വെറും കഥയായി തന്നെ മാറട്ടെ..
കൂടുതൽ കഥകൾ ഇവിടെ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Malayalam Story: Online Suicide Story by SUDHEESH N – Aksharathalukal Online Malayalam Story
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission