Skip to content

കെട്ടിയോനാണെൻ്റെ ‘മാലാഖ’

കെട്ടിയോനാണെൻ്റെ 'മാലാഖ'

ഷെബ്നാ…. നീ ഇന്ന് ഡ്യൂട്ടിയിൽ ഉണ്ടോ…

ആഹ്.. ഉണ്ടല്ലോ… എന്തേ ടീ….

ഞാനിവിടെ താഴെ കാഷ്യലിറ്റിയിൽ ഉണ്ട്.. തിരക്കൊഴിയുമ്പോ ഒന്നിങ്ങോട്ട് വരണേ…

ആ .. ഓക്കെ ടീ…. ഞാൻ വരാ….

ഓമനയാണ് വിളിച്ചത്…
കല്യാണത്തിന് മുമ്പ് കുറച്ച് ദിവസം ഞാനൊരു മെഡിക്കൽ ഷോപ്പിൽ നിന്നിരുന്നു.
അവിടെ വെച്ചാണ് ഓമനയെ പരിചയപ്പെടുന്നത്…
എന്തിനും ഏതിനും ഇച്ചിരി ധൃതി കൂടുതലാണ് ഓമനക്ക്..

ആൾക്കൂട്ടത്തിലൊക്കെ പെട്ടന്ന് ശ്രദ്ധിക്കുന്ന വ്യക്തിത്വം…

വല്യ ഒച്ചേലാ സംസാരിക്കാ…
നടക്കുമ്പോ മുമ്പില് തോക്ക് പിടിച്ച് ബ്ലാക് ക്യാറ്റ്സുണ്ടെന്നും ബാക്കില് എസ്കോർട്ടുണ്ടെന്നും ചുറ്റിലും പത്രക്കാർ ഉണ്ടെന്നും ഉള്ള ഭാവമാണ്…

കണ്ണട എപ്പളും തലൻ്റെ മേലെയേ വെക്കുളളൂ…
തലവേദന ഉള്ള പോലെ…

വേണ്ടോട്ത്തും വേണ്ടാത്തോട്ത്തും ചാടിക്കേറി അഭിപ്രായം പറയും…
ചുരുക്കി പറഞ്ഞാ ഒരു അരപ്പിരി ലൂസാന്ന് കാണ്ന്നോര്ക്ക് തോന്നും….

പക്ഷേ കുറച്ച് ദിവസത്തെ പരിചയം കൊണ്ട് തന്നെ എനിക്ക് ഓമനയെ വല്ലാണ്ടങ്ങ് ഇഷ്ടപ്പെട്ടു..
അവള് ഇഷ്ട്ടപ്പെടുന്നോർടെ കാര്യത്തില് വല്ലാത്തൊരു ആത്മാർത്ഥത കാണിക്കും….

ഓമനേൻ്റെത് ലൗ മാരേജ് ആയിരുന്നു…
രതീഷ്…. ചെറുപ്പം തൊട്ടേ അറിയുന്ന ആളാണ്…

വീട്ടുകാർക്ക് സമ്മതം ഇല്ലാഞ്ഞിട്ട് രണ്ടാളൂടി ഒളിച്ചോടിയതാ….

ഇപ്പോ ഒരു മോളുണ്ട്….
ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൻ്റെ പരിസരത്ത് എവിടെയോ ആണ് വീട്…

ഇടക്കെന്നെ കാണാൻ വരും….
വരുമ്പോ എന്തേലൊക്കെ കഴിക്കാൻ കൊണ്ട് തരും….
ഒന്നൂല്ലെങ്കില് പത്ത് രൂപൻ്റെ മിച്ചർ പാക്കറ്റെങ്കിലും കൊണ്ടോരും…

രതീഷുമായി ഇടക്ക് വഴക്ക് കൂടുമ്പോ സങ്കടം പറയാൻ എൻ്റെ ട്ത്ത് വരും….
മുഖത്ത് ഫൗണ്ടേഷനും ലിപ്സ്റ്റിക്കും ഒക്കെ ഇട്ടിട്ടാണ് വരാ…
നിസാര പ്രശ്നങ്ങൾക്കായിക്കും കച്ചറ കൂടാ…

ഓനെൻ്റെ അച്ഛന് പറഞ്ഞ്… അമ്മേനെ പറഞ്ഞ്… ഓനെ യെന്താ ബാലരമേന്ന് വെട്ടിയെടുത്തതാണോ.. അച്ഛനും അമ്മേം ഒന്നും ഇല്ലേ…
ഞാനും വിളിച്ച് ഓൻ്റെ അമ്മനേം അച്ഛനേം വല്യച്ഛനേം എല്ലാരേം….

പൊന്നാര ഓമനേ….
‘ഓന്’ എന്നൊന്നും പറയല്ല….
അന്നെ പടച്ചോൻ നരകത്തിലിടും….
ഓരെ ഞമ്മള് ബഹുമാനിക്കണം…
അപ്പോ അന്നോട് സ്നേഹണ്ടാവും…. മുണ്ടുമ്പളേക്കും ഞ്ഞി തറുതല പറയല്ല….
അങ്ങനെ പറയാൻ മുട്ടുമ്പോ വായില് വെള്ളം ആക്കി വെച്ചാ മതി…
തുപ്പരുത്..ട്ടോ….

എൻ്റെ മണ്ടൻ തലേല് വരുന്ന ആശയങ്ങള് പറഞ്ഞ് കൊടുത്ത് ഓളെ സമാധാനിപ്പിക്കും….

അല്ലേലും കെട്ടിയോൻമാരെ ഓനെന്നൊക്കെ പറയാൻ…. പാട്വോ..

ൻ്റെ കല്യാണം കയിഞ്ഞിട്ട് പതിമൂന്ന് കൊല്ലായി….
ഇത് വരെ ഇക്കാന്നോ ഷംസുക്കാന്നോ വിളിച്ചിട്ടില്ല….

ഓയ്…ദോക്കി…..ങ്ങട്ടോക്കി…. ങ്ങളെവ്ടെ… ഇങ്ങനേ പറഞ്ഞിട്ടുള്ളൂ…..
എടാ പോടാ ന്നൊക്കെ വിളിക്കാൻ പൂതില്ലായിറ്റല്ല….

നരകത്തില് ഒറ്റക്ക് കെടക്കാൻ പേടിയായി റ്റാ…

എന്താണേലും ഇന്നത്തെ കേസ് എന്താണെന്ന് പോയി നോക്കീറ്റ് വരാം….

കൂടെയുള്ളവരോട് ഇപ്പോ വരാന്നും പറഞ്ഞ് ഞാൻ കഷ്യാലിറ്റിൻ്റെ മുമ്പില് പോയോക്കി…

അതിൻ്റെ അടുത്തുള്ള വിശ്രമ മന്ദിരത്തിൽ ഇരുന്ന് യൂറ്റ്യൂബില് മഞ്ചു വാര്യരെ കിം കിം ഡാൻസ് കണ്ടോണ്ടിരിക്കാണ് ഓമന….

എന്നെ കണ്ടപ്പോ വേഗം ചാടി എണീറ്റ്…
ഇന്ന് മേക്കപ്പൊന്നുല്ല…
കണ്ണട തലക്ക് മേലെ തന്നെയുണ്ട്…

“ഇതെന്താ ഫാർമസീക്ക് വരാണ്ട് ഇവിടെ തന്നെ ഇരുന്നത്…. കഷ്യാലിറ്റില് ആരേലും ണ്ടോ.”

“ഉം…. രതീഷ് ണ്ട്… നെറ്റീലൊരു മുറിവ്… അഞ്ച് സ്റ്റിച്ച് ണ്ട്…. ഇപ്പോ ഡ്രിപ്പിട്ട് കിടക്കാ…. ”

പടച്ചോനെ… ന്നിട്ടാണോ യ്യി ഇവിടിരുന്ന് വീഡിയോ കാണ്ണത്….
എങ്ങനെ പറ്റിതാ.. ന്നിട്ടെന്താ അന്നക്കൊരു ടെൻഷനില്ലാത്തെ…. തലകറങ്ങിയതാണോ…. പ്രഷറ് ണ്ടോ…..

” ഇത് അതൊന്നും അല്ല…
ഇന്നുച്ചക്ക് ഞാൻ കുളിക്കുമ്പോ ആണ് മൂപ്പര് വന്നത്….
ബെല്ലടിച്ചു… ഞാൻ കേട്ടില്ല… മോള് റ്റി വി കാണായിരുന്നു…. ഓളും കേട്ടില്ല….
കുളി കഴിഞ്ഞപ്പോ വാതില് തല്ലി പൊളിക്കുന്ന ശബ്ദം…
വേഗം ചെന്ന് വാതില് തൊറന്നതും തുടങ്ങി ചീത്ത വിളി…..
ഞാനും തിരിച്ച് പറഞ്ഞു…. അതില് എൻ്റെ മുടിക്ക് കുത്തി പിടിച്ച് ചെവിക്കിട്ട് ഒന്ന് പൊട്ടിച്ചു….
ഞാൻ മാസം കണ്ട് പോയി…. പിന്നൊന്നും നോക്കീല… മൂപ്പരെ കൈ പിടിച്ച് വട്ടം കറക്കി ചുമരിനടുത്തേക്ക് ഉന്തിയിട്ടു…. വാതിൽ കട്ടിൽൻ്റെ കൂർത്ത ഭാഗം നെറ്റിക്ക് ഇടിച്ച് മുറിയായി……
ചോര കണ്ടപ്പോ ഞാൻ തന്നെയാ വാരിക്കെട്ടി ഇങ്ങോട്ട് കൊണ്ടോ ന്നത്….. ”

ഇത്രേം കേട്ട് കണ്ണും തള്ളി നിക്കുന്ന എൻ്റെ മുമ്പില് ഇത്രേ ഞാൻ ചെയ്തുള്ളൂ എന്ന ഭാവത്തില് നിക്കുന്ന ഓമനയെ നോക്കി സല്യൂട്ടടിക്കണോ ഊരക്കിട്ട് ഒരു ചവിട്ട് കൊടുക്കണോന്ന് അറിയാണ്ട് അന്തം വിട്ട് നിന്ന് പോയി….

“എടീ…. ന്നാലും… കെട്ടിയോന്മാരെ തല്ലാന്നൊക്കെ പറയുമ്പോ … മോശല്ലേ… മോള് കാണൂലേ…. ഒന്നൂല്ലേലും ഓളെ അച്ഛനല്ലേ…. ”

“നിനക്കത് പറയാം….. നമ്മള് പെണ്ണുങ്ങള് ഭർത്താക്കൻമാർ ഒരു അര ഗ്ലാസ് ചായ ചോദിച്ചാ ഒരു ഗ്ലാസ് കൊടുക്കും….
ഒരു മ ത്തി പൊരിച്ചാ തല ഭാഗം നമ്മളെട്ത്ത് വാൽക്കഷണം അവർക്ക് കൊടുക്കും….
കറി വെച്ചാ കൂടുതല് അവർക്ക് മാറ്റി വെക്കും….
നമ്മളെ മുഴുവനായിറ്റ് ഓര് ചോദിക്കുമ്പോ അതും നമ്മള് കൊടുക്കും….
പിന്നെ നമ്മളെ തല്ലുമ്പോ മാത്രം അവർക്ക് തിരിച്ച് കൊടുക്കാൻ പറ്റൂലാന്ന് പറയുന്നത് എവിടുത്തെ ന്യായാണ്…
മൂപ്പരെന്നെ വിളിച്ചിറക്കി കൊണ്ടോരുമ്പോ പറഞ്ഞതെന്താന്നോ…. സുഖാണേലും ദുഃഖാണേലും നമുക്കൊരുമിച്ച് അനുഭവിക്കാന്നാ….
അനുഭവിക്കട്ടെ….. ”

ഇതൂടി കേട്ടപ്പോ ആരും കാണുന്നില്ലല്ലോന്ന് ഉറപ്പ് വരുത്തി ഒരു സല്യൂട്ടും കൊടുത്ത് ഞാൻ തിരിച്ച് പോന്നു….

അവനവൻ്റെ ശരികൾ മറ്റുള്ളവർ അറിയുമ്പോഴാണല്ലോ തെറ്റുകളാവുന്നത്….

Shabna shamsu❤️

 

കൂടുതൽ കഥകൾ ഇവിടെ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക


Malayalam Story: Story by Shabna shamsu – Aksharathalukal Online Malayalam Story

4.3/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “കെട്ടിയോനാണെൻ്റെ ‘മാലാഖ’”

  1. I love you sooo much with your writing. Enikk chiri nirthan pattunnilla. sharikkum nadanna karyamano. nalla rasamayitta ezhuthiyirikkunnath. ente ettavum favourite ezhuthu kariya Shabna. Basheerinte katha vayikkunna polulla rasam. Thank you for the this kind of writing.

Leave a Reply

Don`t copy text!