അന്ന് വൈകുന്നേരം തന്നെ ശ്രദ്ധയെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവന്നു. എല്ലാമറിഞ്ഞെങ്കിലും അഭി മാത്രം അങ്ങോട്ട് പോവുകയോ അവളെ കാണാൻ ശ്രമിക്കുകയോ ചെയ്തിരുന്നില്ല. ജീവിതത്തിന്റെ ഒഴുക്കിനനുസരിച്ച് നീങ്ങാൻ അവൻ മനസ്സിനെ സ്വയം പാകപ്പെടുത്തിയിരുന്നു. അങ്ങനെ ഒരാഴ്ചകൂടി കടന്നുപോയി.
അപ്പോഴേക്കും കേരളത്തിലെ ഉത്സവങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജാനകിയുടെ ജന്മനാട് കൂടിയായ തൃപ്പൂണിത്തുറയിൽ നടക്കാറുള്ള വൃശ്ചികോൽസവത്തിന് കൊടിയേറിയിരുന്നു. ജാനകിയുടെയും അഭിയുടെയും വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ ഉത്സവമായത് കൊണ്ട് തന്നെ ശ്രീമംഗലത്തുള്ള എല്ലാവരെയും മഹാദേവൻ തറവാട്ടിലേക്ക് ക്ഷണിച്ചിരുന്നു. എല്ലാവർക്കും ഒഴിവുള്ളദിവസമായത് കൊണ്ട് തന്നെ ഉത്സവത്തിന്റെ നാലാംദിവസമായ തൃക്കേട്ടപുറപ്പാടിന്റെയന്നായിരുന്നു ശ്രീമംഗലത്ത് നിന്നും എല്ലാവരും കൂടി തൃപ്പൂണിത്തുറയ്ക്ക് പുറപ്പെട്ടത്.
ഉച്ചയോടെ അവരുടെ കാർ ജാനകിയുടെ തറവാട്ട് വീടായ മാവിലാലിൽ വീടിന്റെ മുന്നിൽ വന്ന്നിന്നു. കാറിന്റെ ശബ്ദം കേട്ടതും മഹാദേവൻ പുറത്തേക്കിറങ്ങി വന്നിരുന്നു.
” അച്ഛാ….. “
അയാളെ കണ്ടതും കാറിൽ നിന്നിറങ്ങിയ ജാനകി ഒരു കൊച്ചുകുഞ്ഞിന്റെ ആഹ്ളാദത്തോടെ ഓടിച്ചെന്ന് അയാളുടെ കഴുത്തിൽ തൂങ്ങിക്കൊണ്ട് വിളിച്ചു. അവളുടെയാ മാറ്റം കൗതുകത്തോടെ നോക്കിയിരിക്കുകയായിരുന്നു അഭിയപ്പോൾ.
” ആഹാ എല്ലാവരും വന്നകാലിൽ നിൽക്കാതെ കേറിവന്നേ “
പുറത്തെസംസാരം കേട്ടുകൊണ്ട് അങ്ങോട്ട് വന്ന സിന്ധു നനഞ്ഞ കൈകൾ സാരിത്തുമ്പിൽ തുടച്ചുകൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു. എല്ലാവരും ചിരിയോടെ അകത്തേക്ക് കയറുമ്പോൾ ജാനകി തിരിഞ്ഞ് പിന്നാലെ വന്ന അഭിയെ നോക്കി.
” മ്മ്മ് ??? “
അവളുടെ നോട്ടം കണ്ട് പുരികമുയർത്തിക്കോണ്ട് അവൻ ചോദിച്ചു. അവൾ ഒന്നുമില്ലെന്ന അർഥത്തിൽ മിഴികൾ ചിമ്മിക്കാണിച്ചിട്ട് മഹാദേവന്റെ കയ്യിൽ ഒന്നുകൂടി തൂങ്ങി.
” മുത്തശ്ശിയെവിടെ അച്ഛാ??? “
അകത്തേക്ക് നടക്കുന്നതിനിടയിൽ മഹാദേവനോടായി ജാനകി ചോദിച്ചു.
” മുത്തശ്ശി പുലർച്ചെ മുതൽ അടുക്കളയിൽതന്നെയാ മോൾക്കിഷ്ടമുള്ളതൊക്കെ ഉണ്ടാക്കുന്ന തിരക്കിലാ “
ചിരിയോടെ അയാൾ പറഞ്ഞു.
” മുത്തശ്ശി….. “
അപ്പോഴേക്കും വിളിച്ചുകൊണ്ടവൾ അടുക്കളയിലേക്കോടിയിരുന്നു.
” എന്റെ മോളേ ഒന്ന് പതിയെപ്പോ “
പിന്നിൽ നിന്നും ശ്രീജ വിളിച്ചുപറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.
” സ്വന്തം വീട്ടിലെത്തിയപ്പോ ഇവൾക്ക് നമ്മളെയൊന്നും വേണ്ടല്ലോ “
ചിരിയോടെ അപർണയും പറഞ്ഞു.
ജാനകി അടുക്കളയിലേക്ക് ചെല്ലുമ്പോൾ മാമ്പഴപ്പുളിശ്ശേരിക്ക് കടുക് പൊട്ടിച്ചുകൊണ്ട് നിൽക്കുകയായിരുന്നു വിലാസിനി. സെറ്റും മുണ്ടുമുടുത്ത് പഞ്ഞിപോലെ നരച്ചമുടിയിൽ തുളസിക്കതിർ ചൂടി നെറ്റിയിൽ ചന്ദനക്കുറിതൊട്ട അവരെയവൾ പിന്നിലൂടെ ചെന്ന് കെട്ടിപിടിച്ചു.
” ആഹ് എത്തിയോ എന്റെ കാന്താരി ??? “
പുഞ്ചിരിയോടെ തിരിഞ്ഞുകൊണ്ട് അവർ ചോദിച്ചു.
” പിന്നെ വരാതിരിക്കാൻ പറ്റുമോ എന്റെ മുത്തശ്ശിക്കുട്ടീടെ സ്പെഷ്യൽ മാമ്പഴപ്പുളിശ്ശേരിടെ മണമങ്ങ് തിരുവനന്തപുരത്ത് വരെ എത്തിയില്ലേ “
” പോടീ കാന്താരി…. “
അവളുടെ കവിളിൽ ചെറുതായി നുള്ളിക്കൊണ്ട് വിലാസിനി ചിരിച്ചു.
” മുത്തശ്ശിടെ കിലുക്കാംപെട്ടിക്കവിടെ സുഖാണോ ??? “
” പരമസുഖാ മുത്തശ്ശി…. “
അവരുടെ കയ്യിൽപ്പിടിച്ച് ചിരിയോടെ അവൾ പറഞ്ഞു.
” കഴിഞ്ഞില്ലേ മുത്തശ്ശിടേം കൊച്ചുമോളുടെയും വിശേഷം പറച്ചിൽ ??? “
ശ്രീജയ്ക്കും അപർണയ്ക്കും ഒപ്പം അങ്ങോട്ട് വന്നുകൊണ്ട് സിന്ധു ചോദിച്ചു. അതുകേട്ട് ജാനകിയും വിലാസിനിയും അങ്ങോട്ട് നോക്കി.
” കൊച്ചുമോളേ കിട്ടിയപ്പോ മുത്തശ്ശിക്ക് നമ്മളെയൊന്നും കണ്ടഭാവമില്ല “
അവരുടെ അടുത്തേക്ക് വന്ന്കൊണ്ട് അപർണ പറഞ്ഞു.
” ഇവിടെ വാടീ കുശുമ്പിപ്പാറൂ…. “
വിലാസിനി മറുകൈകൊണ്ട് അവളെയും തന്നിലേക്ക് ചേർത്ത് നിർത്തി മൂർധാവിൽ ചുംബിച്ചു.
” ആഹ് മതി മുത്തശ്ശിയോട് കിന്നാരം പറഞ്ഞത്. ഇതുകൊണ്ടെല്ലാർക്കും കൊടുത്തേ “
ഇഞ്ചിയും കറിവേപ്പിലയുമൊക്കെയിട്ട സംഭാരം ഗ്ലാസുകളിൽ പകർന്ന് ജാനകിക്ക് നേരെ നീട്ടിക്കൊണ്ട് സിന്ധു പറഞ്ഞു. അവളതുമായി ഉമ്മറത്തേക്ക് വരുമ്പോൾ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് മേനോനും മഹാദേവനും അഭിയും കൂടി അവിടെയിരുന്നിരുന്നു. അവർക്ക് രണ്ടാൾക്കും സംഭാരം നൽകി അവൾ അഭിയുടെ മുന്നിലേക്ക് ചെന്നു. പുറത്തേക്ക് നോക്കിയിരുന്ന അവന്റെ കണ്ണുകൾ പൊടുന്നനെ അവളുടെ മുഖത്തേക്ക് പാളിവീണു. ഇന്നലെ വരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി വല്ലാത്തൊരുൻമേഷം അവളിൽ നിറഞ്ഞിരുന്നു. പണ്ടത്തെ അതേ പുഞ്ചിരിയും കുസൃതിയുമൊക്കെ അവളിലേക്ക് തിരിച്ചുവന്നത് പോലെ അവന് തോന്നി.
” എന്താ ഇങ്ങനെ നോക്കുന്നേ ??? “
പെട്ടന്നുള്ള അവളുടെ ചോദ്യം കേട്ട് അവൻ അവളിൽ നിന്നും നോട്ടം മാറ്റി. പിന്നെ പതിയെ ട്രേയിൽ നിന്നും ഗ്ലാസ് കയ്യിലെടുത്തു. ചുണ്ടിലൊരു കുസൃതിച്ചിരിയോടെ അകത്തേക്ക് പോകുന്ന അവളെത്തന്നെ നോക്കിയിരുന്ന് അവൻ ഗ്ലാസ് ചുണ്ടോടടുപ്പിച്ചു. പിന്നെ കുറേ സമയത്തേക്ക് അവളെ പുറത്തേക്കൊന്നും കണ്ടിരുന്നില്ല.
” എല്ലാവരും വാ ഊണ് കഴിക്കാം. “
ഒന്നരയോളം കഴിഞ്ഞപ്പോൾ സിന്ധു വാതിൽക്കൽ വന്നുനിന്ന് വിളിച്ചു.
” വാ മോനേ…”
അകത്തേക്ക് പോകാനെണിക്കുമ്പോൾ അഭിയുടെ നേരെ നോക്കി മഹാദേവൻ വിളിച്ചു. അവർ മൂന്നുപേരും ചെല്ലുമ്പോഴേക്കും അകത്തളത്തിലെ വലിയ വീട്ടിത്തടിയിൽ തീർത്ത ഡൈനിങ് ടേബിളിൽ വിഭവങ്ങൾ നിരന്നുകഴിഞ്ഞിരുന്നു. എല്ലാവരും ഇരുന്നുകഴിഞ്ഞതും സിന്ധുവും ജാനകിയും കൂടി ഓരോന്നായി വിളമ്പിത്തുടങ്ങി. അപ്പോഴും ഉത്സാഹത്തോടെ ഓടിനടന്ന് വിളമ്പുന്ന ജാനകിയിലായിരുന്നു അഭിയുടെ കണ്ണുകൾ. വന്ന വേഷത്തിൽ തന്നെയായിരുന്നു അവളപ്പോഴും. മുടി മാത്രം പിന്നിലുരുട്ടിക്കെട്ടിയിരുന്നു. ഉടുത്തിരുന്ന സാരിയുടെ മുന്താണി ഇടുപ്പിൽ കുത്തിവച്ച് നിന്ന് വിളമ്പുന്ന അവളെയവൻ വെറുതെ നോക്കിയിരുന്നു.
” മോളേ കുറച്ച് വെള്ളമിങ്ങെടുത്തേ… “
അഭിയുടെ തൊട്ടരികിലായി നിന്ന ജാനകിയെ നോക്കി മേനോൻ പറഞ്ഞതും അവൾ ടേബിളിന്റെ നടുവിലായി വച്ചിരുന്ന വെള്ളം നിറച്ച ജഗ്ഗിന് നേരെ കൈ നീട്ടി. അപ്പോഴാണ് സാരിക്കിടയിലൂടെ ദൃശ്യമായ അവളുടെ വെളുത്ത വയറിലേ കുന്നിക്കുരുമറുകിലേക്ക് അഭിയുടെ നോട്ടം പാളി വീണത്. അറിയാതെ അവന്റെ ചുണ്ടിലൊരു കുസൃതിച്ചിരി വിരിഞ്ഞു. അവന്റെ മുന്നിലിരുന്ന ഗ്ലാസിലേക്ക് വെള്ളമൊഴിക്കുന്നതിനിടയിൽ അവന്റെ നോട്ടം ശ്രദ്ധിച്ച ജാനകിയൊന്ന് വല്ലാതെയായി . അവൾ വേഗം സാരി അല്പം കൂടി വലിച്ചിറക്കി. അതുകൂടി കണ്ടതും അവൻ വീണ്ടും ചിരിച്ചു.
” മോൻ വേണെങ്കിൽ കുറച്ച് കിടന്നോ വൈകുന്നേരമല്ലേ ക്ഷേത്രത്തിലേക്ക് പോണുള്ളൂ “
ഉച്ചയൂണെല്ലാം കഴിഞ്ഞ് വീണ്ടുമെല്ലാവരും കൂടി ഉമ്മറത്ത് കൂടിയിരുന്ന് സംസാരിക്കുന്നതിനിടയിൽ തൂണിൽ ചാരിയിരുന്നുറക്കം തൂങ്ങുന്ന അഭിയോടായി വിലാസിനി പറഞ്ഞു.
” വാ അഭിയേട്ടാ …. “
വിലാസിനി പറഞ്ഞത് കേട്ട് അവന് നേരെ നോക്കി ജാനകി വിളിച്ചു. അവൻ വേഗമെണീറ്റ് അവൾക്കൊപ്പം മുകളിലേക്ക് ചെന്നു. പഴയ തറവാടായത് കൊണ്ടുതന്നെ ആ വീടിന്റെ നിർമാണം മുക്കാലും തടിയിൽത്തന്നെയായിരുന്നു. മുകളിലേക്കുള്ള സ്റ്റെപ്പുകൾ പോലും വീട്ടിത്തടികൊണ്ട് നിർമ്മിച്ചതായിരുന്നു. സ്റ്റെപ്പ് കയറിമുകളിലെത്തുമ്പോൾ ആദ്യം കണ്ട മുറിയിലേക്ക് അവൾക്ക് പിന്നാലെ അവൻ കയറി.
” അഭിയേട്ടൻ കുറച്ചുനേരം കിടന്നോ “
പറഞ്ഞിട്ടവൾ പുറത്തേക്ക് പോയി. മുറിയുടെ നടുവിലായി കിടന്നിരുന്ന കട്ടിലിലേക്കിരുന്നുകൊണ്ട് അവൻ മുറിയാകെ കണ്ണോടിച്ചു. ഒരു സൈഡിൽ വലിയൊരുതടിയലമാരയും ഡ്രസ്സിങ് ടേബിളും മറുസൈഡിൽ വലിയൊരു മേശയും കിടന്നിരുന്നു. ചുവരിൽ നിറയെ പല പോസിലുള്ള ജാനകിയുടെ ഫോട്ടോസ് ഫ്രെയിം ചെയ്ത് വച്ചിരുന്നു. അതിലോരോന്നിലൂടെയും കണ്ണോടിച്ചുകൊണ്ട് അവൻ പതിയെ ബെഡിലേക്ക് കിടന്നു. എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.
നാല് മണിയോടെ എല്ലാവരും ക്ഷേത്രത്തിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ജാനകിയും മുറിയിലെത്തി കുളിക്കാനായി തലമുടി കോതിക്കോണ്ടിരിക്കുമ്പോഴാണ് ഉറങ്ങിക്കിടക്കുന്ന അഭിയിലേക്ക് അവളുടെ നോട്ടം ചെന്ന് വീണത്. അവന്റെയരികിലായി ബെഡിലിരുന്ന അവൾ പെട്ടന്നെന്തോ ഒരുൾപ്രേരണയാലവന്റെ നെറ്റിയിലേക്ക് വീണുകിടന്ന മുടിയിഴകൾ മാടിയൊതുക്കി കുനിഞ്ഞാനെറ്റിയിൽ ഉമ്മ
വച്ചു. അവളുടെ ചുണ്ടുകളുടെ തണുപ്പവനിലേക്കരിച്ചിറങ്ങിയതും അവൻ ഞെട്ടി കണ്ണുകൾ തുറന്നു. ഒരു ഞെട്ടലോടെ അവളും പിൻവലിഞ്ഞു.
” എന്താ ??? “
ബെഡിനരികിലായി നിന്നിരുന്ന ജാനകിയെ നോക്കി അവൻ ചോദിച്ചു.
” എന്തോന്ന് ??? “
” നീയെന്നെ ഉമ്മ
വച്ചോ ??? “
പെട്ടന്നുള്ള അവന്റെ ചോദ്യം കേട്ട് അവളൊന്ന് പരുങ്ങി.
” ഓ പിന്നേ…. ഉമ്മ
വെക്കാൻ പറ്റിയൊരുമുതല്. എനിക്ക് വേറൊരു പണിയുമില്ലല്ലോ “
അവനെ നോക്കി ചുണ്ടുകൾ കൂർപ്പിച്ച് കണ്ണുരുട്ടിക്കോണ്ടവൾ പറഞ്ഞു. അവൻ വീണ്ടും സംശയത്തോടെ നെറ്റിയിൽ തലോടി. അവനെ ഒളികണ്ണിട്ട് നോക്കിയിട്ട് ജാനകി വേഗം ബാത്‌റൂമിലേക്ക് കയറി ഡോറടച്ചു. അഭി വീണ്ടും ബെഡിലേക്ക് കിടന്ന് കണ്ണുകളടച്ചു. ജാനകി കുളി കഴിഞ്ഞ് വരുമ്പോഴും അവൻ ഉറക്കത്തിൽ തന്നെയായിരുന്നു. അവൾ പതിയെ അവനെയുണർത്താതെ ഡ്രസ്സിങ് ടേബിളിന് മുന്നിലേക്ക് ചെന്ന് റെഡിയാവാൻ തുടങ്ങി. വീതിയിൽ കസവുള്ള മയിൽപീലിയൊക്കെ പ്രിന്റ് ചെയ്തൊരു സെറ്റ് സാരിയായിരുന്നു അവളുടെ വേഷം. കയ്യിൽ മാച്ചിങ് വളകളും കഴുത്തിൽ താലിമാലയും നെറുകയിലൽപ്പം സിന്ദൂരവുമിട്ട് അവൾ ഒരുങ്ങിയിറങ്ങി. അപ്പോഴേക്കും സമയം അഞ്ചരയോളമായിരുന്നു. അവൾ വേഗം അഭിയുടെ അരികിൽ ചെന്ന് അവനെ കുലുക്കി വിളിച്ചു.
” അഭിയേട്ടാ ….. എണീക്ക് എല്ലാവരും റെഡിയായി പോയിക്കുളിക്ക്. “
അഭിജിത്ത് പതിയെ കണ്ണ് ചിമ്മിത്തുറന്നു. പിന്നെ കിടന്നകിടപ്പിൽ തന്നെ കണ്ണുമിഴിച്ചവളെ നോക്കി.
” കണ്ണും മിഴിച്ച് കിടക്കാതെ വേഗം പോയിക്കുളിക്ക്. സമയായി. “
പറഞ്ഞിട്ടവൾ അലമാരക്ക് നേരെ തിരിഞ്ഞു. അതിൽ നിന്നും അവന് ധരിക്കാനായി തേച്ചുവച്ച മുണ്ടും ഷർട്ടുമെടുത്ത് കിടക്കയിലേക്ക് വച്ചു.
” അഭിയേട്ടൻ വേഗം ഫ്രഷായിട്ട് താഴേക്ക് വന്നേക്ക്. “
പറഞ്ഞിട്ടവൾ താഴേക്ക് പോയി. അവൾ കുളിച്ചിട്ട് കസേരയിൽ വിരിച്ചിരുന്ന നനഞ്ഞ തോർത്തുമെടുത്ത് അഭി പതിയെ ബാത്‌റൂമിലേക്ക് കയറി. അകത്ത് കയറിയ ശേഷം അവനാതോർത്ത് വെറുതെയൊന്ന് മുഖത്തോടടുപ്പിച്ചു. അതിലപ്പോഴും ജാനകിയുപയോഗിക്കാറുള്ള ഷാംപൂവിന്റെ സുഗന്ധം തങ്ങി നിന്നിരുന്നു.
” ഷവറിൽ നിന്നും വെള്ളം ശിരസ്സിലേക്ക് ചീറ്റിയൊഴുകുമ്പോഴും മനസ്സ് നിറയെ അവളായിരുന്നു. വിവാഹം കഴിഞ്ഞിത്ര നാളിനോടിടയിൽ ഒരിക്കൽ പോലും തോന്നാത്ത ഒരാകർഷണം ഇന്നവളിലുണ്ടായിരുന്നു. ഇന്നാദ്യമായിരുന്നു അവളുടെ ചുവന്ന മുഖക്കുരു നിറഞ്ഞ കവിളിലൊളിഞ്ഞിരുന്ന നുണക്കുഴികൾ കണ്ണിൽ പെട്ടത്. ആ കുഞ്ഞിനുണക്കുഴിയും വയറിലെയാ ചെറിയ കറുത്ത മറുകുമൊക്കെ എന്നെയവളിലേക്ക് വലിച്ചടുപ്പിക്കും പോലെ. എന്റെ തൊട്ടടുത്തുണ്ടായിരുന്നിട്ടും ഇന്നാദ്യമായിരുന്നു അവളെ ഞാനൊന്ന് ശ്രദ്ധിച്ചത്. അവളുടെ കണ്ണിന്റെ കാന്തശക്തിയും പുഞ്ചിരിയിലൊളിപ്പിച്ച കുറുമ്പുമൊക്കെ അവൾപ്പോലുമറിയാതെ ഞാനിന്ന് നോക്കിക്കണ്ടു.
കുളി കഴിഞ്ഞവൾ പുറത്തേക്ക് വരുന്നത് കണ്ടപ്പോൾ എന്തുകൊണ്ടോ വീണ്ടും കണ്ണടച്ചുറക്കം നടിച്ചുകിടക്കാനാണ് തോന്നിയത്. ഞാനുറങ്ങുകയാണെന്ന ധാരണയിൽ അവൾ കണ്ണാടിക്ക് . മുന്നിൽ നിന്ന് തലയിലെ ഈറൻ തോർത്തുമ്പോഴും മിഴികളിൽ കരിയെഴുതുമ്പോഴും സീമന്തരേഖയിൽ സിന്ദൂരമിടുമ്പോഴും ഒളികണ്ണാലവളെ നോക്കിക്കിടക്കാൻ ഒരു പ്രത്യേക സുഖമായിരുന്നു. ഒരുക്കമൊക്കെ കഴിഞ്ഞ് വന്ന് വിളിച്ചുണർത്തുമ്പോൾ എന്താ പെണ്ണിന്റെയൊരു ഭംഗി . ഇഷ്ടമില്ലാതെ എന്നിലേക്ക് വന്നവളാണെങ്കിലും കൈവിട്ടുകളയാൻ തോന്നാത്ത ,
ചേർത്ത്പിടിക്കാൻ ഹൃദയം വെമ്പൽ കൊള്ളുന്ന എന്തോ ഒന്ന് അവളിലുണ്ട്.
” അഭിയേട്ടാ എല്ലാവരും കാത്തുനിൽക്കുന്നു…..ഒന്ന് വേഗം വാ “
പെട്ടന്ന് പുറത്തുനിന്നും അവളുടെ വിളികേട്ട് വേഗത്തിൽ തോർത്തി പുറത്തേക്കിറങ്ങി. അവൾ ബെഡിൽ തന്നെയിരുന്നിരുന്നു. പെട്ടന്ന് തന്നെ അവളെടുത്ത് വച്ച ഡ്രസ്സെടുത്തിട്ട് റെഡിയായി അവളോടൊപ്പം താഴേക്ക് ചെന്നു. ജാനകി പറഞ്ഞത് ശരിയായിരുന്നു. എല്ലാവരും ക്ഷേത്രത്തിലേക്ക് പോകാൻ തയാറായി പൂമുഖത്ത് തന്നെ നിന്നിരുന്നു.
” എന്നാപ്പിന്നെ നമുക്കിറങ്ങാം ??? “
താഴേക്ക് വന്നതും കാറിന്റെ ചാവിയുമായെണീറ്റുകൊണ്ട് ദേവനങ്കിൾ ചോദിച്ചു. ഒപ്പം എല്ലാവരും മുറ്റത്തേക്കിറങ്ങി. ഞങ്ങൾക്കൊരു പ്രൈവസി കിട്ടിക്കോട്ടെയെന്ന് കരുതിയിട്ടാകും ജാനകിയെമാത്രം എന്റെ കൂടെ വിട്ടിട്ട് മറ്റുള്ളവരെല്ലാം ദേവനങ്കിളിന്റെ കാറിലായിരുന്നു കയറിയത്. പതിനഞ്ചുമിനിറ്റ് കൊണ്ട് തന്നെ ക്ഷേത്രത്തിലെത്തി. വൃശ്ചികോൽസവത്തിൽ ഏറ്റവും പ്രധാനമായ തൃക്കേട്ടപുറപ്പാട് ദിവസമായത് കൊണ്ട്തന്നെ ക്ഷേത്രവും പരിസരവുമെല്ലാം ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. അതിനിടയിലൂടെ നടക്കുമ്പോഴും അവളിൽ നിന്നും കണ്ണുകൾ പറിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. തിരക്കിനിയും കൂടും മുന്നേ തൊഴുതിറങ്ങാമെന്ന് കരുതി എല്ലാവരും കൂടി ക്ഷേത്രത്തിനുള്ളിലേക്ക് കയറി. തിരക്ക് വളരെ കൂടുതലായിരുന്നത് കൊണ്ട് അപ്പു എന്റെ കയ്യിലും ജാനകി ദേവനങ്കിളിന്റെ കയ്യിലും പിടിച്ചായിരുന്നു നടന്നിരുന്നത്. എങ്ങനെയൊക്കെയോ ശ്രീകോവിലിന് മുന്നിലെത്തി തൊഴുത് മുന്നോട്ട് നടക്കുന്നതിനിടയിൽ കൈവെള്ളയിലിരുന്ന പ്രസാദമവൾ വിരലിൽ തൊട്ടെടുത്ത് ഞാൻ കെട്ടിയ താലിയിൽ തൊടുമ്പോൾ എന്തുകൊണ്ടോ അവളെയൊന്ന് ചേർത്തുപിടിക്കാൻ ഞാൻ വല്ലാതെ മോഹിച്ചിരുന്നു.
പെട്ടന്നായിരുന്നു തിരക്കിനിടയിൽ പെട്ട് ബാലൻസ് തെറ്റിയ ജാനകി താഴേക്ക് വീണത്. അടുത്ത് നിന്നിരുന്നെങ്കിലും അവൾ നീട്ടിയ കൈയ്യിലൊന്ന് പിടിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അപ്പോൾ ദേവനങ്കിൾ.
” ജാനകീ…. “
ഒരു നിലവിളിയോടെ അവൾ താഴേക്ക് വീഴുന്നത് കണ്ടതും വിളിച്ചുകൊണ്ട് എങ്ങനെയൊക്കെയോ ഓടിച്ചെന്നവളെ പിടിച്ചുയർത്തുമ്പോഴും ഒരുതരം അമ്പരപ്പായിരുന്നു ആ മിഴികളിൽ.
” വല്ലോം പറ്റിയോ ??? “
അവളെ ചേർത്ത്നിർത്തി ചോദിക്കുമ്പോൾ എന്റെ കണ്ണുകളിലേക്ക് നോക്കി യാന്ത്രികമെന്നോണമവൾ തലയനക്കി. തൊഴുതിറങ്ങി അല്പസമയം കൂടിക്കഴിഞ്ഞ് തൃക്കേട്ടപുറപ്പാട് തുടങ്ങി. എല്ലാം കഴിഞ്ഞ് വിളക്കെഴുന്നെള്ളിപ്പും കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുമ്പോൾ അർദ്ധരാത്രി കഴിഞ്ഞിരുന്നു. കാറിൽ നിന്നിറങ്ങി അകത്തേക്ക് നടക്കുമ്പോഴാണ് ജാനകി ചെറുതായി കാലേന്തുന്നത് കണ്ടത്. മുകളിലേക്ക് പോകാൻ സ്റ്റെപ്പിനരികിലെത്തി അവൾ അവിടെത്തന്നെ നിൽക്കുന്നത് കണ്ടപ്പോഴാണ് കാലുശ്രദ്ധിച്ചത്. അവളുടെ വലതുകാൽപ്പാദം നീര് വന്ന് നന്നായി വീർത്തിരുന്നു. പിന്നൊന്നും നോക്കിയില്ല പിന്നിലൂടെ ചെന്ന് അവളെ വാരിയെടുത്ത് സ്റ്റെപ്പുകൾ കയറി. മുറിയിലെത്തി അവളെ കട്ടിലിലേക്ക് കിടത്തി അരികിലിരുന്ന് കാലിൽ നിന്നും സാരി അല്പം മാറ്റി നോക്കി. അത് നിമിഷം തോറും നീര് വച്ചുകൊണ്ടിരിക്കുകയായിരുന്നു. പറഞ്ഞില്ലെങ്കിലും നല്ല വേദനയുണ്ടെന്നവളുടെ മുഖം വിളിച്ചോതിയിരുന്നു.
” ഹോസ്പിറ്റലിൽ പോകാം “
” വേണ്ടഭിയേട്ടാ…. ഉളുക്കിയതാവും “
എന്നെ തടഞ്ഞുകൊണ്ട് അവൾ പറഞ്ഞു.
” നീ തല്ക്കാലം ഡോക്ടറുടെ ജോലി കൂടി ചെയ്യണ്ട. ഹോസ്പിറ്റലിൽ പോകാം. “
അവളുടെ എതിർപ്പുകളെ വകവെക്കാതെ അവളെയുമെടുത്ത് ഹോസ്പിറ്റലിലേക്ക് പോയി. അച്ഛനും ദേവനങ്കിളും വരാമെന്ന് പറഞ്ഞെങ്കിലും ഒറ്റക്ക് തന്നെയാണ് അവളെയും കൊണ്ട് പോയത്. ഹോസ്പിറ്റലിലെത്തുമ്പോഴേക്കും പെണ്ണ് വേദന കൊണ്ട് കരഞ്ഞുതുടങ്ങിയിരുന്നു. പരിശോധനയൊക്കെ കഴിഞ്ഞപ്പോൾ കാലിന് പൊട്ടലുണ്ടായിരുന്നു. അതുകൊണ്ട് പ്ലാസ്റ്ററിട്ട് വേദനക്കൊരിൻജക്ഷനുമൊക്കെ കഴിഞ്ഞിട്ട് വീട്ടിലേക്ക് വന്നു. വീട്ടിലെത്തി ഉറങ്ങാൻ കിടക്കുമ്പോഴേക്കും മണി മൂന്ന് കഴിഞ്ഞിരുന്നു.
” അഭിയേട്ടാ…. അമ്മേയൊന്ന് വിളിക്കുമോ ??? “
അവളെ ബെഡിൽ കിടത്തി ഷർട്ടൂരിക്കൊണ്ട് നിൽക്കുമ്പോൾ മടിച്ചുമടിച്ച് അവൾ ചോദിച്ചു.
” ഇനിയീ പാതിരാത്രി അമ്മേയെന്തിനാ വിളിക്കുന്നെ ??? “
” അത് …. എനിക്കൊന്ന്….. “
മുറിഞ്ഞവാക്കുകൾക്കിടയിൽ അവളുടെ മിഴികൾ ബാത്‌റൂമിന് നേരെ നീണ്ടപ്പോഴേ മനസ്സിലായി കക്ഷിക്ക് ബാത്‌റൂമിൽ പോണം. എടുത്തുകൊണ്ട് തന്നെ ബാത്‌റൂമിലും കൊണ്ടുപോയി തിരിച്ചുകൊണ്ട്വന്ന് കിടത്തുമ്പോൾ വല്ലാത്തൊരു ചമ്മൽ അവളുടെ മുഖത്തുണ്ടായിരുന്നു. മരുന്നിന്റെ ക്ഷീണമൊക്കെകൊണ്ടാവാം ബെഡിലേക്ക് കിടത്തിയ അവൾ വേഗം തന്നെയുറങ്ങിയിരുന്നു. ഉറക്കം വരാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കിക്കിടക്കുമ്പോൾ ഞാനറിയുകയായിരുന്നു എന്റെയുള്ളിലെവിടെയോ അവൾ വേരോടിത്തുടങ്ങിയെന്ന്.
തുടരും…..
അഭിരാമി അഭിയുടെ മറ്റു നോവലുകൾ
അഗസ്ത്യ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Nin Nizhalayi written by Sreekutty
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Daily 2 parts ittude