Skip to content

നിൻ നിഴലായ് – ഭാഗം 12

nin-nizhalayi-novel

അവളെയങ്ങനെ   നോക്കിക്കിടന്ന്   എപ്പോഴാണുറങ്ങിയതെന്നറിയില്ല.  കാലത്ത്   ഉണരുമ്പോഴും   എന്റെ   നെഞ്ചോട്   ചേർന്നുതന്നെ   അവളുണ്ടായിരുന്നു.  വിടർത്തി   വച്ച   കൈകൾക്കിടയിലൂടെ   നെഞ്ചിൽ   തല   വച്ച്   ഒരു   കൈ   കൊണ്ട്   എന്റെ   ഷർട്ടിന്റെ   ബട്ടനിൽ   തെരുപ്പിടിച്ചുകൊണ്ടുള്ള   ആ   കിടപ്പ്   കണ്ട്   ഞാനവളുടെ   നെറ്റിയിൽ   പതിയെ   തലോടി.  നെറ്റിയിലേക്ക്   വീണുകിടന്ന   കുഞ്ഞളകങ്ങളൊതുക്കി     ആ   പാതിമാഞ്ഞ   സിന്ദൂരച്ചുവപ്പിൽ    പതിയെ   ചുണ്ടുകളമർത്തി.   അപ്പോഴാണ്   എന്താണ്   ചെയ്തതെന്നുള്ള   ബോധ്യം   വന്നത്   തന്നെ. 

”  എന്നേയിങ്ങനെ   നിന്നിലേക്ക്   വലിച്ചടുപ്പിക്കാൻ   മാത്രം   എന്താണ്   പെണ്ണേ   നിന്നിലുള്ളത് ???  അറിയില്ല   പക്ഷേ   ഒന്നുമാത്രമറിയാം   നിന്നിൽ   നിന്നിനിയൊരു   തിരിച്ചുവരവില്ലെന്ന്   മാത്രം  “

അവളെയൊന്നുകൂടി   നെഞ്ചോടമർത്തുമ്പോൾ   എന്റെ   മനസ്സ്   മന്ത്രിച്ചു.  പിന്നെയും   കുറേ   സമയം   കൂടി   കഴിഞ്ഞാണ്   അവൾ   ഉണർന്നത്.      ബാത്‌റൂമിലൊക്കെ   കൊണ്ടുപോയി   തിരിച്ചുകൊണ്ടിരുത്തിയപ്പോഴാണ്   അവളുടെ   വേഷം   ഞാൻ   ശ്രദ്ധിച്ചത്.  ഇന്നലെ   വൈകുന്നേരം   അമ്പലത്തിൽ   പോകാൻ   നേരമുടുത്തിരുന്ന   സാരിയിൽ   തന്നെയായിരുന്നു   അവളപ്പോഴും.  മുഖം   കണ്ടാലേയറിയാം   കുളിക്കാത്തതിന്റെയും   ഡ്രസ്സ്‌   മാറ്റാത്തതിന്റെയുമൊക്കെ   അസ്വസ്ഥതകൾ   ഉണ്ടെന്ന്.   അല്ലെങ്കിൽ   അവൾ   രാവിലെ   എണീറ്റാലുടൻ   കുളിയൊക്കെ   കഴിയുന്നതാണല്ലോ. 

”  നിനക്ക്   ഫ്രഷാവണ്ടേ  ???  “

എന്റെ   ചോദ്യത്തിന്   തല   കുനിച്ചിരുന്നൊരു   മൂളൽ   മാത്രമായിരുന്നു   അവളുടെ   മറുപടി.  പിന്നീടൊന്നുമാലോചിച്ചില്ല   അവളെയുമെടുത്ത്   ബാത്‌റൂമിലേക്ക്   നടന്നു.  കുളിയൊക്കെ   കഴിഞ്ഞ്   ഡ്രസ്സും   മാറിയപ്പോൾ   തന്നെ   അവളുടെ   മുഖത്ത്   വല്ലാത്തൊരു   ആശ്വാസം   പടർന്നിരുന്നു.  പക്ഷേ   കക്ഷി   മുഖത്തേക്ക്   നോക്കുന്നേയുണ്ടായിരുന്നില്ല.  ബെഡിൽ   ഇരുന്നിരുന്ന   അവളുടെ   തല   മുടി   തോർത്തിക്കൊടുത്തുകൊണ്ട്   ഇരിക്കുമ്പോഴാണ്   അവളുടെ   നെറുകയിലേക്ക്   എന്റെ   കണ്ണുകളെത്തിയത്.  എപ്പോഴുമൊരു   ചുവപ്പ് രാശി   കാണാറുള്ള   അവിടം   ശൂന്യമാണെന്ന്   കണ്ടപ്പോൾ   ഉള്ളിലെന്തോ   ഒരസ്വസ്തത   പോലെ.  കണ്ണുകൾ   ഡ്രസ്സിങ്ങ്   ടേബിളിലാകെ   പരതിയൊടുവിലവളുടെ   കുങ്കുമച്ചെപ്പിലെത്തി   നിന്നു.  അതിൽ   നിന്നും   ഒരു   നുള്ളെടുത്ത്   അവളുടെ   സീമന്തരേഖയെ   ചുവപ്പിക്കുമ്പോൾ   പെട്ടന്ന്   എന്നേ   നോക്കിയ   ആ   മിഴികളൊന്ന്   പിടഞ്ഞു.   പിന്നെ   പതിയെ   ആ   മിഴിക്കോണുകളിലൊരുറവ   പൊട്ടി.   അതെന്നിൽ   നിന്നും   മറയ്ക്കാൻ   അവൾ   വല്ലാതെ   ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.  അത്   കണ്ടിട്ടും   കാണാത്ത   ഭാവത്തിൽ   നിന്ന്   ഞാനവളുടെ   നീണ്ട   മുടിയുടെ   ഉടക്കറുത്തുകൊണ്ട്   നിന്നു. 

”  ആഹാ   ഇവളെ   ബാത്‌റൂമിൽ   പോകാൻ   സഹായിക്കാനൊക്കെയാ   അമ്മയെന്നെ   ഇങ്ങോട്ട്   വിട്ടത്.  അപ്പോഴേക്കും   ഇവിടെ   കുളി   വരെക്കഴിഞ്ഞോ  ???  “

പെട്ടന്ന്   അപ്പൂന്റെ   ശബ്ദം   കേട്ട്   ഞങ്ങളിരുവരും   അങ്ങോട്ട്‌   നോക്കി.  വാതിൽക്കൽ   നിന്നിരുന്ന   അവളുടെ   മുഖം   നിറയെ   പുഞ്ചിരിയായിരുന്നു.  എന്തുപറയണമെന്നറിയാതെ    ഞങ്ങൾ   രണ്ടാളും   നിന്നു.  അത്   മനസ്സിലാക്കിയിട്ടെന്നപോലെ   അവൾ   തിരിഞ്ഞുനടക്കാനൊരുങ്ങി. 

”  ആഹ്   പിന്നേ….  ബ്രേക്ക്‌ ഫാസ്റ്റ്   റെഡിയായിട്ടുണ്ട്   വേഗം   വന്നേക്ക്   കേട്ടോ   രണ്ടാളും.  “

പോകുന്നതിനിടയിൽ    അവൾ   പറഞ്ഞു.  അപ്പോഴും   ചമ്മിയിരിക്കുകയായിരുന്നു   ജാനകി.  ഞാൻ   അവളുടെ   മുടിയൊക്കെ   നേരെയാക്കി   കാലിനടിയിലൊരു   തലയിണയൊക്കെ   വച്ചുകൊടുത്തിട്ട്   ഫ്രഷാവാൻ   വേണ്ടി   ബാത്‌റൂമിലേക്ക്   നടന്നു. 

അപർണ   തിരികെ   അടുക്കളയിലെത്തുമ്പോൾ   സിന്ധുവും   ശ്രീജയും   കൂടി   തിരക്കിട്ട   ജോലികളിലായിരുന്നു. 

”  നീയെന്താ   പോയപോലെയിങ്ങ്   പോന്നത്  ???  “

അവളെക്കണ്ട്   ശ്രീജ   ചോദിച്ചു.

”  അവിടിനി   എനിക്ക്   റോളൊന്നുമില്ല.  ജാനി   കുളിവരെ   കഴിഞ്ഞു.  “

അവൾ   ചിരിയോടെ   പറഞ്ഞു.

”  എൻറ്റീശ്വരാ….  ഈ   കുട്ടിയാ   വയ്യാത്ത   കാലും   വച്ച്   തനിയെ   കുളിച്ചോ  ???  “

വേവലാതിയോടെ   ശ്രീജ   ചോദിച്ചു.

”  ഒറ്റക്കല്ല   ഏട്ടൻ   ഹെല്പ്   ചെയ്തെന്ന്   “

അവരുടെ   വെപ്രാളം   കണ്ട്   ചിരിയോടെ   അപർണ   പറഞ്ഞു. 

”  ഏഹ്… അഭിയോ  ???  “

ആശ്വാസത്തോടെ   ചോദിക്കുമ്പോഴും   അവരുടെ   മിഴികളിൽ   അമ്പരപ്പും   ഒപ്പം   സന്തോഷവും   നിറഞ്ഞുനിന്നിരുന്നു. 

”  പിന്നല്ലാതാരാ   ???   ഈ   അമ്മേടെയൊരു   കാര്യം   “

അവളത്   പറയുമ്പോൾ   സിന്ധുവിന്റെയും   ശ്രീജയുടെയും   മുഖത്ത്   നിറഞ്ഞ   സന്തോഷമായിരുന്നു.  കാപ്പികുടിയൊക്കെ   കഴിഞ്ഞ്   പതിനൊന്നുമണിയോടെയായിരുന്നു   എല്ലാവരും   തിരിച്ചുപോകാൻ   പ്ലാനിട്ടിരുന്നത്. 

”  നിനക്കിന്ന്   പോണോ   മോളേ ???  കാല്   വയ്യാത്തതല്ലേ   ഇതൊക്കെ   ഭേദമായിട്ട്   പോയാൽ   പോരേ  ???  “

പത്തരയോടെ   എല്ലാവരും   പോകാൻ   റെഡിയായിക്കഴിഞ്ഞപ്പോൾ   മുറിയിൽ   നിന്ന്   ജാനകിയുടെ   മുടി   ചീകിക്കെട്ടിക്കൊണ്ട്   വിഷമത്തോടെ   സിന്ധു   ചോദിച്ചു.

”  പോണമമ്മേ.   അവിടെല്ലാരുമുണ്ടല്ലോ  പിന്നെന്താ   പ്രശ്നം ???  പിന്നെ   ഞാനവിടില്ലെങ്കിൽ   അഭിയേട്ടന്റെ   കാര്യമാകെ   കുഴഞ്ഞുമറിയും.  എല്ലാം   ഞാനെടുത്ത്   കയ്യിൽ   കൊടുക്കണം   “

 അവളെ   വിളിക്കാൻ   അകത്തേക്ക്   വരികയായിരുന്ന   അഭി   പെട്ടന്നവിടെ   തറഞ്ഞുനിന്നു.  അവളുടെ   വാക്കുകൾ   അവന്റെ   ചുണ്ടിലൊരു   പുഞ്ചിരി   വിടർത്തി.

”  എന്താ   അമ്മേ  ???   “

പുഞ്ചിരിയോടെ   തന്നെത്തന്നെ   നോക്കി   നിൽക്കുന്ന   സിന്ധുവിനെ   നോക്കി   ജാനകി   ചോദിച്ചു.

”  നിനക്കിപ്പോഴും   എന്റെ   വിരലിൽ   തൂങ്ങി   പിച്ചവച്ച   ആ   പഴയ   കുഞ്ഞിന്റെ   മുഖമാണെന്റെ   മനസ്സിൽ.  പക്ഷേ   നീയിപ്പോ   ഒരുപാട്   വളർന്നു.  മറ്റൊരു    കുടുംബത്തിന്റെ   മരുമകളും   നല്ലൊരു   ഭാര്യയുമായിരിക്കുന്നു.  “

അവളുടെ   തലമുടിയിൽ   പതിയെ   തലോടി   പുഞ്ചിരിയോടെ   അവർ   പറഞ്ഞു.  ജാനകി   കൈകൾ   നീട്ടി   അവരെ   ചുറ്റിപ്പിടിച്ചാ   നെഞ്ചോട്   ചേർന്നു.  സിന്ധു   അവളെ   ചേർത്ത്   പിടിച്ച്   ആ   നെറുകയിൽ  ചുംബിച്ചു.  പെട്ടന്ന്   അഭി   അകത്തേക്ക്   കയറി   വന്നു.  അവരോട്   യാത്ര  പറഞ്ഞ്   അവളെയുമെടുത്ത്   താഴേക്ക്   നടന്നു.  അതുനോക്കി   നിന്ന   സിന്ധുവിന്റെ   മനസ്സ്   നിറഞ്ഞു.  മാവിലാലിൽ   തറവാടിന്റെ   മുറ്റത്തുനിന്നും   കാർ   മുന്നോട്ട്   നീങ്ങുമ്പോൾ   ഉമ്മറത്ത്   നിന്നിരുന്ന   വിലാസിനിക്കും   മഹാദേവനും   സിന്ധുവിനും  നേരെ      തിരിഞ്ഞുനോക്കി   ജാനകി   കൈ വീശിക്കാണിച്ചു.  തിരികെ   കൈ   വീശുമ്പോൾ   വിലാസിനിയുടെയും   സിന്ധുവിന്റെയും   മിഴികൾ   നനഞ്ഞിരുന്നു. 

”  നിനക്കിനിയെങ്കിലും   ഈ   പകയൊക്കെയൊന്ന്   ഉപേക്ഷിച്ചൂടേ   ശ്രദ്ധ  ???  “

കോഫി  ഷോപ്പിൽ   ഒരു   ടേബിളിനിരുവശവുമായി   ഇരുന്നുകൊണ്ട്   ശ്രദ്ധയുടെ   മുഖത്തേക്ക്   നോക്കിക്കോണ്ട്   ദിയ   ചോദിച്ചു.  ഒന്നും   ശ്രദ്ധിക്കാതിരുന്ന്   കോഫി   കുടിച്ചുകൊണ്ടിരുന്ന   ശ്രദ്ധ   പതിയെ   അത്   താഴെ   വച്ചു.

”  എനിക്കിപ്പോ   പക   മേനോനോടല്ലെഡീ   “

”  പിന്നേ  ????  “

അന്താളിപ്പോടെ   ദിയ   ചോദിച്ചു. 

”  എനിക്കിപ്പോ   പക   ഒരേയൊരാളോടാ .  അവളോട്   ആ  ജാനകീമഹാദേവനോട്‌.  “

പല്ലുകൾ   ഞെരിച്ചമർത്തിക്കോണ്ട്   അവൾ   പറഞ്ഞു. 

”  അവളുടെ   കഴുത്തിൽ   കിടക്കുന്ന   അഭി   കെട്ടിയ    ആ  താലി   അതെന്നോടുള്ള   വെല്ലുവിളിയാണ്.   അതവളുടെ   കഴുത്തിൽ   കിടക്കുന്ന   ഓരോ   നിമിഷവും   എനിക്ക്   ഭ്രാന്ത്   പിടിച്ചുകൊണ്ടിരിക്കുകയാണ്.   ഇനിയാഭ്രാന്ത്   മാറണമെങ്കിൽ    എന്നിൽ   നിന്നും    അവൾ   തട്ടിയെടുത്ത   ആ   താലി   അവളുടെ   കഴുത്തിൽ   നിന്നും   എനിക്ക്   പൊട്ടിച്ചെടുക്കണം.  “

വല്ലാത്തൊരുതരം   പകയോടെ   അവൾ   പറഞ്ഞുനിർത്തി.  അപ്പോഴും   ദിയ   അവളെത്തന്നെ   നോക്കിയിരിക്കുകയായിരുന്നു. 

”  ശ്രദ്ധ   നീയൊന്ന്   മനസ്സിലാക്ക്   അവരുടെ   കുടുംബം   തകർക്കാൻ   നോക്കുന്നതിനൊപ്പം   തകരുന്നത്   നിന്റെ   ജീവിതം   കൂടിയാണ്.  നിന്റമ്മയ്ക്കിനി   ആകെയുള്ളത്   നീ  മാത്രമാണ്.  സ്വന്തം   ജീവിതം   വച്ച്   കളിച്ച്   ആ   പാവത്തിനെ   നീ   കരയിക്കരുത്   “

ടേബിളിൽ   വച്ചിരുന്ന   അവളുടെ   കയ്യിൽ    പിടിച്ചുകൊണ്ട്   ദിയ   പറഞ്ഞു.  

”  തകരെട്ടെഡീ   എല്ലാം   തകർന്നടിയട്ടെ.   എന്നാലും   അവനൊപ്പം   ജീവിക്കാൻ   അവളെഞാനനുവദിക്കില്ല.  ജീവിതം   കണ്മുന്നിൽ   തകർന്നടിയുന്നത്   നോക്കി   ഒന്നും   ചെയ്യാനില്ലാതെ   നിസ്സഹായയായി   അവൾ   നിൽക്കുന്നത്   കണ്ടാലേ   എന്റെയുള്ളിലെ   പകയൊടുങ്ങു.  “

എന്ത്പറഞ്ഞാലും   അവളുടെ    തലയിൽ   കയറില്ലെന്ന്   ബോധ്യമായത്കൊണ്ട്   ഒന്നും  മിണ്ടാതെ      വെറുതെ     അവളെത്തന്നെ   നോക്കിയിരിക്കുകയായിരുന്നു   ദിയ.

”  ഒരുകാര്യം   മാത്രം   ചോദിച്ചോട്ടേ  ???  “

”  എന്താ ???  “

പുരികമൽപ്പമുയർത്തി   അവളെ   നോക്കി   ശ്രദ്ധ   ചോദിച്ചു.

”  നീ   അഭിജിത്തിനെ   എപ്പോഴെങ്കിലും   സ്നേഹിച്ചിട്ടുണ്ടോ  ???  “

പെട്ടന്ന്  അവളൊന്ന്   പൊട്ടിച്ചിരിച്ചു.

”  നിന്നിൽ   നിന്നും   ഇത്ര   സില്ലിയായിട്ടൊരു   ചോദ്യം   ഞാനൊരിക്കലും   പ്രതീക്ഷിച്ചില്ല   ദിയ.   അവളോട്   ആ   ജാനകിയോട്   പറഞ്ഞ   ഉത്തരം     മാത്രമേ   നിന്നോടുമെനിക്ക്   പറയാനുള്ളൂ.  ഞാനവന്റെ   കാമുകിയായത്   അവൻ   അഡ്വക്കേറ്റ്   ബാലചന്ദ്രമേനോന്റെ   മകനായത്   കൊണ്ട്   മാത്രമായിരുന്നു.   ആ   കുടുംബത്തിന്റെ   അകത്തളത്തിലേക്കെനിക്കുള്ള    വെറുമൊരു   ചവിട്ടുപടി   മാത്രമാണ്   അഭിജിത്ത്  ബാലചന്ദ്രമേനോൻ   എന്ന   അവൻ.  “

അവൾ   പുച്ഛത്തോടെ   ചിരിച്ചുകൊണ്ട്   പറഞ്ഞു. 

”  ഇവളിലിത്രത്തോളം    വിഷം   നിറഞ്ഞിരുന്നത്   ഞാൻ    പോലുമറിഞ്ഞില്ലല്ലോ   ദൈവമേ …. “

അവളുടെ   മുഖത്തേക്ക്   നോക്കിയിരിക്കുമ്പോൾ   ഒരുൾക്കിടിലത്തോടെ   ദിയ   മനസ്സിലോർത്തു.

”  എന്താടി   ഒരാലോചന ???  “

”  ഏയ്   ഞാൻ   വെറുതെ…. എന്നാപ്പിന്നെ    നമുക്കിറങ്ങാം   സമയമൊരുപാടായില്ലേ  “

പറഞ്ഞുകൊണ്ട്   മടിയിലിരുന്ന   ബാഗുമെടുത്ത്   ദിയ   പോകാനെണിറ്റു.   അവൾക്കൊപ്പം   പുറത്തേക്ക്   നടക്കുമ്പോഴും   അഭിയുടെയും   ജാനകിയുടെയും  ഇടയിലെങ്ങനെ   വിള്ളലുകളുണ്ടാക്കാമെന്നത്   മാത്രമായിരുന്നു   ശ്രദ്ധയുടെ   ചിന്ത.  ദിവസങ്ങൾ   കടന്നുപോയി.  അപർണയുടെയും   അരുണിന്റെയും   വിവാഹനിശ്ചയ   ദിനം   വന്നെത്തി.  രാവിലെ   പത്തരയ്ക്കും   പതിനൊന്നിനുമിടയിലായിരുന്നു   മുഹൂർത്തം.  വീട്ടിൽ   വച്ചുതന്നെയായത്   കൊണ്ട്   അടുത്ത  കുറച്ച്   ബന്ധുക്കളെയൊക്കെയെ   ക്ഷണിച്ചിരുന്നുള്ളൂ. മേനോന്റെയും  ശ്രീജയുടെയും   ബന്ധുക്കളും   ജാനകിയുടെ   ബന്ധുക്കളുമെല്ലാം   കാലത്തേതന്നെ   എത്തിയിരുന്നു.  ക്ഷണിക്കപ്പെട്ട   അയൽവക്കങ്ങളിലുള്ളവരോടൊപ്പം   ശ്രദ്ധയും   അമ്മയുമുണ്ടായിരുന്നു. 

”  മോളേ   ജാനീ….  ഇങ്ങോട്ടൊന്ന്   വന്നേ   “

അഥിതികളെ   സ്വീകരിച്ചുകൊണ്ടാളുകൾക്കിടയിലൂടെ    ഓടി   നടന്നിരുന്ന   ജാനകിയെ   നോക്കി  ആരോടോ   സംസാരിച്ചുകൊണ്ട്   നിന്നിരുന്ന   മേനോൻ   വിളിച്ചു.

”  എന്താ  അച്ഛാ  ???  “

ഓടി   അയാൾക്കരികിലേക്ക്   വന്നുകൊണ്ട്   ജാനകി   ചോദിച്ചു. 

”  ഇതാണ്   ഞങ്ങടെ   ജാനിമോള്.  അഭിയുടെ   ഭാര്യ.  “

അവളെ   തന്നോട്   ചേർത്തുനിർത്തി   മുന്നിൽ   നിന്നിരുന്നവരോടായി   മേനോൻ   പറഞ്ഞു.  അവൾ   എല്ലാവരെയും   നോക്കി   പുഞ്ചിരിച്ചു. 

”  സുന്ദരിയാട്ടോ   ചേച്ചി…. “

കൂട്ടത്തിൽ   നിന്നിരുന്ന   പത്തുപതിനെട്ട്   വയസ്   തോന്നിക്കുന്ന   ഒരു   പെൺകുട്ടി   ജാനകിയുടെ   കവിളിൽ   തൊട്ടുകൊണ്ട്   ചിരിയോടെ   പറഞ്ഞു.  അതുശ്രദ്ധിച്ചുകൊണ്ട്   സ്റ്റെയർകേസിന്   മുകളിൽ   നിന്നിരുന്ന   അഭിജിത്ത്   പതിയെയൊന്ന്   പുഞ്ചിരിച്ചു.  ഇതെല്ലാം   കണ്ടുകൊണ്ട്   അല്പം   മാറി   മറ്റൊരാളും   കൂടി   നിന്നിരുന്നു.  ശ്രദ്ധ.  അവളുടെ    മുഖം   വലിഞ്ഞുമുറുകി. 

”  ജാനിച്ചേച്ചിയെ   അകത്ത്   വിളിക്കുന്നു  “

പെട്ടന്നൊരു   ചെറിയ  പെൺകുട്ടി   വന്ന്   ജാനകിയോട്   പറഞ്ഞു.  അവൾ  വേഗത്തിൽ   അകത്തേക്ക്   ചെന്നു.  അവിടെ   സാരിയുമായി   ഗുസ്തികൂടിക്കൊണ്ടിരിക്കുകയായിരുന്നു   അപർണ.

”  എന്താഡീ  ???  “

അകത്തേക്ക്   വന്ന്കൊണ്ട്   ജാനകി   ചോദിച്ചു.

”  ഈ   സാധനം   ഒന്നുടുത്ത്  താടി   പട്ടി.  ഉടുത്തിട്ടുമുടുത്തിട്ടും   തീരുന്നില്ല   കുന്തം .  “

പാതിയുടുത്ത   സാരിയുമായി   നിന്നുകൊണ്ട്   അവളെ  നോക്കി   അപർണ   പറഞ്ഞു.

”  കഷ്ടം   ഒരു   സാരിപോലുമുടുക്കാനറിയാത്ത   നിന്നെ   കെട്ടിച്ചുവിട്ടിട്ടെന്തെടുക്കാനാണോ   എന്തോ  ??  “

ചിരിയോടെ   പറഞ്ഞുകൊണ്ട്   ജാനകിയവളുടെ  അടുത്തേക്ക്   വന്നു.

”  എടുക്കുന്നതൊക്കെ   കെട്ട്   കഴിഞ്ഞ്   നിന്നെ   ഞാൻ   കാണിച്ചുതരാടി.   തല്ക്കാലം   നീയിപ്പോ   ഇതൊന്ന്   ശരിയാക്കെഡീ   ഊളെ… ”  അപർണ   പറഞ്ഞു.

വീതിയിൽ     കസവുള്ള   സെറ്റ് സാരിയായിരുന്നു   അപർണയുടെ   നിശ്ചയവേഷം.  ജാനകി   പെട്ടന്ന്   തന്നെ   അവളെ   ഭംഗിയായി   സാരിയൊക്കെയുടുപ്പിച്ച്   ഒരുക്കി.

”  ഇനി   ഞാൻ  പോയി  റെഡിയായിട്ട്   വരാം   സമയായി.  “

പറഞ്ഞുകൊണ്ട്   അവൾ   ധൃതിയിൽ   തന്റെ   മുറിയിലേക്ക്   പോയി.

കുറേ   സമയം  കൂടി   കഴിഞ്ഞപ്പോൾ   ജാനകിയെ   താഴെയെങ്ങും  കാണാതെ    അഭി   പതിയെ   മുകളിലേക്ക്   കയറിച്ചെന്നു.  അവൻ    ഡോറ്   തുറന്ന്    അകത്തേക്ക്    കയറുമ്പോൾ    നിലക്കണ്ണാടിക്ക്   മുന്നിൽ   നിന്ന്   സാരി   ഞൊറിഞ്ഞുടുത്തുകൊണ്ടിരിക്കുകയായിരുന്നു   ജാനകി.  ഡോർ   തുറക്കുന്നത്   കേട്ട്   അവൾ   ഞെട്ടിത്തിരിഞ്ഞു.  അവനെക്കണ്ട്   അവളുടെ   മുഖം   വിളറി.  അഭിയുമൊന്ന്   വല്ലാതെയായി.  മാറിൽ   വെറുതെ   ചുരുട്ടിയിട്ടിരുന്ന   സാരി   നേരെയിട്ടുകൊണ്ട്   അവൾ    അവന്റെ   മുഖത്തേക്ക്   നോക്കി.  

”  അതുപിന്നെ …. ഞാൻ…. എന്തോ   മറന്നതെടുക്കാൻ …. “

വിക്കിവിക്കി   പറഞ്ഞിട്ട്   അവൻ   വേഗം   വാതിൽ   തുറന്ന്   പുറത്തിറങ്ങി.   അവൻ   പോയതും   ജാനകിയുടെ   ചുണ്ടിലൊരു   നനുത്ത   പുഞ്ചിരി   വിടർന്നു.

”  ഈ   പെണ്ണെന്നേക്കൊണ്ട്   വീണ്ടും   അക്രമം  ചെയ്യിക്കും   “

പിറുപിറുത്തുകൊണ്ട്   അഭിജിത്ത്   താഴേക്ക്   പോയി. അപ്പോഴേക്കും   അരുണും   വീട്ടുകാരും   എത്തിയിരുന്നു.   മുഹൂർത്തസമയത്ത്   തന്നെ    അരുണിന്റെയും   അപർണയുടെയും  മോതിരംമാറ്റം   ഭംഗിയായി   നടന്നു.  പക്ഷേ   അപ്പോഴും   അഭിയുടെ   കണ്ണുകൾ  ജാനകിയെ   ചുറ്റിപ്പറ്റിത്തന്നെ   നിന്നിരുന്നു.   അത്  കണ്ടെങ്കിലും   അവളത്  മൈൻഡ്  ചെയ്യാതെ   നിന്നു. 

നിശ്ചയമൊക്കെ   കഴിഞ്ഞ്   എല്ലാവരും   ആഹാരം   കഴിച്ചുകൊണ്ടിരിക്കുമ്പോൾ  സാരിയിലെന്തോ   വീണത്   വൃത്തിയാക്കാൻ   മുകളിലേക്ക്   വന്നതായിരുന്നു   ജാനകി.  അവൾ   ബാത്‌റൂമിൽ   കയറി   ഡ്രസ്സൊക്കെ   വൃത്തിയാക്കി   പുറത്തേക്കിറങ്ങുമ്പോഴാണ്   ബാൽക്കണിയിലെന്തോ   ശബ്ദം   കേട്ടത്   പോലെ  തോന്നിയത്.  അവൾ   പതിയെ   അങ്ങോട്ട്   ചെന്നു.  പക്ഷേ   അവിടെയാരുമുണ്ടായിരുന്നില്ല.  അവിടെയൊക്കെ   നോക്കിയിട്ട്   തിരികെത്താഴേക്ക്   പോകാൻ  തുടങ്ങുമ്പോഴാണ്    പെട്ടന്ന്    പിന്നിൽ   നിന്നും   അവളുടെ   ഇരുകൈകളും   ചേർത്ത്   ബന്ധിക്കപ്പെട്ടത്.  അവൾ  ബദ്ധപ്പെട്ട്   തിരിയുമ്പോൾ   പിന്നിൽ   നിന്നിരുന്ന   ശ്രദ്ധയെക്കണ്ടവളുടെ   മുഖം   ദേഷ്യം  കൊണ്ട്   ചുവന്നു.

”  നീയെന്താ   ഇവിടെ  ???  എന്തിനാ   എന്റെ   കൈ   കെട്ടിയത് ??? “

ജാനകി   ചോദിച്ചത്   കേട്ട്   അവൾ   പതിയെയൊന്ന്   ചിരിച്ചു. 

”  എനിക്കീ   കളി   മടുത്തു   ജാനി.  ഞാൻ  നിന്നെ   വെല്ലുവിളിച്ചിടത്തൊക്കെ   നീ   ജയിച്ചു. പഠിക്കുന്ന   കാലത്ത്   കോളേജിൽ   നീയൊറ്റി   എന്നെ   പുറത്താക്കിച്ചു.  പിന്നെ  വർഷങ്ങൾക്ക്   ശേഷം   മേനോടുള്ള   പകയിൽ   ഈ   കുടുംബം   തകർക്കാൻ  അഭിയിലൂടെ   ശ്രമിച്ച   എന്നിൽ   നിന്നും   അവനെ    തട്ടിയെടുത്തുകൊണ്ട്   ഇവിടെയും   നീയെന്നെ   തോൽപ്പിച്ചു. ഇപ്പൊ   നീയന്ന്   പറഞ്ഞത്  പോലെ  ഇനിയെന്നേ   വേണ്ട   നീ   മതിയെന്നവനെക്കൊണ്ട്   പറയിക്കാനും   നിനക്ക്   പറ്റി. ഞാനാലോചിച്ചപ്പോൾ   നീ   ജീവിച്ചിരുന്നിട്ടല്ലേ  എന്റെ    പ്ലാനൊക്കെയിങ്ങനെ   ഫ്ലോപ്പാകുന്നത്.  അതുകൊണ്ട്   നിന്നെത്തന്നെയങ്ങവസാനിപ്പിച്ചേക്കാമെന്ന്   വിചാരിച്ചു.  “

പുഞ്ചിരിയോടെയുള്ള  അവളുടെ   വാക്കുകൾ   ശാന്തമായിരുന്നുവെങ്കിലും   ആ  മിഴികളിൽ  പകയെരിഞ്ഞിരുന്നു. 

”  നീ…. നീയെന്ത്  ചെയ്യാൻ   പോകുവാ  ???  “

പിന്നിലേക്ക്   തിരിഞ്ഞ്   അവളുടെ  മുഖത്ത്   നോക്കി  പകപ്പോടെ   ജാനകി  ചോദിച്ചു. 

”  ഏയ്   ഒന്നുമില്ല  നിന്നെയിവിടുന്നങ്ങ്   തള്ളിയിടാൻ   പോകുവാ.  

” മകളുടെ   എൻഗേജ്മെന്റ്   ദിവസം   അഡ്വക്കേറ്റ്   ബാലചന്ദ്രമേനോന്റെ   മരുമകൾ   ആത്മഹത്യ   ചെയ്തു.  ” ഇതാണ്   നാളെയീ   നാടറിയാൻ   പോകുന്നത്.  “

ഉന്മാദിനിയെപ്പോലെ   അവൾ   ജാനകിയോടടുത്തു.  അവൾ   പതിയെ   പിന്നിലേക്ക്   നീങ്ങിത്തുടങ്ങി.  അവസാനം   ബാൽക്കാണിയുടെ   കൈ   വരിയിലിടിച്ചുനിന്നു. 

”  ശ്രദ്ധ   വേണ്ട  …. എന്നെ   കൊന്നാലും   നീ   രക്ഷപെടില്ല.  “

ഉള്ളിലെ   ഭയം   പുറത്തുകാണിക്കാതെ   ജാനകി   പറഞ്ഞു.  അപ്പോഴും   ഒരു   ഭ്രാന്തിയെപ്പോലെ   ചിരിക്കുകയായിരുന്നു   ശ്രദ്ധ   ചെയ്തത്.

”  ശ്ശെ…. എന്റെ   ഏറ്റവും   വലിയ   എതിരാളിയായ   ജാനകീമഹാദേവന്   ഭയന്ന്   വിറച്ച   ഈ   മുഖമൊട്ടും   ചേരില്ല.  ആരെയും   കൂസാത്ത  നിന്റെയാ   തന്റേടം  ഇപ്പോഴെവിടെ  ???  “

ചോദിച്ചുകൊണ്ട്   അവൾ  വീണ്ടും   ജാനകിയോടടുത്തു. 

”  ശ്രദ്ധ  വേണ്ട… “

നിസ്സഹായതയോടെ   അവൾ  പറഞ്ഞു.

”  വേണമെഡീ… നീ   ചത്തുതുലയണം   എന്നാലേ   എനിക്ക്   സമാധാനമാവൂ   “

പല്ലുകൾ   ഞെരിച്ച്   വന്യമായ   ഭാവത്തോടെ   അവൾ   ജാനകിയുടെ   കഴുത്തിൽ  കുത്തിപ്പിടിച്ച്   പിന്നിലേക്ക്   കൊണ്ടുപോയി.  ഭയം   കൊണ്ട്  അവളുടെ   നിറഞ്ഞമിഴികൾ   പുറത്തേക്ക്   തള്ളിവന്നു.   ചെന്നിയിൽ   വിയർപ്പ്   പൊടിഞ്ഞു.  അവളുടെ  പാദങ്ങൾ   നിലത്തുനിന്നും   പറിഞ്ഞുതുടങ്ങി.

”  അഭിയേട്ടാ….. “

അവസാനമായി   ചതഞ്ഞരഞ്ഞത്   പോലെ  ആ   വാക്കവളിൽ   നിന്നും   പുറത്ത്   വന്നു.  മരണത്തെ   മുന്നിൽ   കണ്ട്   അവൾ   മിഴികളടച്ചു.

തുടരും….

 

അഭിരാമി അഭിയുടെ മറ്റു നോവലുകൾ

അഗസ്ത്യ

4.7/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!