ഏകദേശം ഒന്നരമാസങ്ങൾ കൂടി കടന്നുപോയി. അപ്പോഴേക്കും അഭി പൂർണമായും സുഖം പ്രാപിച്ചിരുന്നു. മാറ്റിവയ്ക്കപ്പെട്ട അരുണിന്റെയും അപർണയുടെയും വിവാഹത്തേപ്പറ്റിയുള്ള ചർച്ചകൾ വീണ്ടും തുടങ്ങി. ശ്രീമംഗലത്തെ മൂടി നിന്നിരുന്ന കാറുംകോളുമടങ്ങി വീണ്ടും സന്തോഷവും സമാധാനവും വിരുന്നെത്തി. അപ്പോഴേക്കും ജാനകിയുടെ അച്ഛനമ്മമാരായ മഹാദേവനും സിന്ധുവും ഡൽഹിയിലേക്ക് തിരിച്ചുപോയിരുന്നു. ശ്രീജയുടെ കോളേജിൽ ചേർന്ന് പിജി ചെയ്യാമെന്നുള്ള ജാനകിയുടെ തീരുമാനത്തെ എല്ലാവരും പിൻതുണച്ചതോടെ അവളും വളരെ സന്തോഷത്തിലായിരുന്നു.
” അഭിയേട്ടാ….. “
രാത്രി ബാൽക്കണിയിൽ അവന്റെ നെഞ്ചോട് ചേർന്നിരിക്കുമ്പോൾ ജാനകി പതിയെ വിളിച്ചു.
” മ്മ്ഹ് ??? “
” അതേ കോളേജ് തുറക്കാൻ ഇനി ഒരാഴ്ച കൂടിയുണ്ട്. ക്ലാസ്സ് തുടങ്ങിക്കഴിഞ്ഞാൽ പിന്നെ അവധിയെടുക്കാനും പറ്റില്ല. അതുകൊണ്ട് ക്ലാസ്സ് തുടങ്ങും മുൻപ് നമുക്ക് കുറച്ചുദിവസം മുത്തശ്ശിടടുത്ത് പോയി നിന്നാലോ ??? “
അവന്റെ കഴുത്തിലെ മാലയിൽ വിരൽ കൊരുത്ത് വലിച്ച് കൊഞ്ചലോടെ അവൾ ചോദിച്ചു.
” അതിനിപ്പോ ഞാൻ വരണോ നീ പോയി മുത്തശ്ശിടെ കൂടെ നിന്നിട്ട് പോന്നാൽ പോരേ ??? “
” അതെന്താ ഇയാൾക്ക് വന്നാൽ എന്നെ ഒഴിവാക്കിയിട്ടിവിടെന്താ പരുപാടി ??? “
അവന്റെ താടിയിൽ പിടിച്ചുവലിച്ചുകൊണ്ട് അവൾ ചോദിച്ചു.
” ആഹ്…. വിട് പെണ്ണേ വേദനിക്കുന്നു “
അവന്റെ നിലവിളി കേട്ട് ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അവൾ പൊട്ടിച്ചിരിച്ചു.
” പ്ലീസഭിയേട്ടാ…. എന്റെയൊരാഗ്രഹമല്ലേ “
” മതി മതി….. ഒരാഴ്ചയൊന്നും പറ്റില്ല രണ്ട് ദിവസം ഞാൻ നിൽക്കും. പിന്നേയും നിക്കണമെങ്കിൽ പൊന്നുമോളൊറ്റക്ക് നിന്നോണം. “
അവൻ പറഞ്ഞു.
” താങ്ക്സഭിയേട്ടാ…. ഉമ്മ
….. “
അവൾ സന്തോഷത്തോടെ അവന്റെ കഴുത്തിലൂടെ കയ്യിട്ട് ഇറുക്കി കെട്ടിപിടിച്ച് കവിളിൽ അമർത്തി ഉമ്മ
വച്ചു.
” എന്നാപ്പിന്നെ നാളെ രാവിലെതന്നെ പോകാം. ഞാൻ പോയി ബാഗ് പാക്ക് ചെയ്യട്ടെ “
പറഞ്ഞതും അവളെണീറ്റ് റൂമിലേക്കോടിക്കഴിഞ്ഞിരുന്നു. കുറേ സമയം കഴിഞ്ഞിട്ടും അവളെ തിരിച്ചുകാണാതെയിരുന്നപ്പോൾ അഭി പതിയെ റൂമിലേക്ക് ചെന്നു. അപ്പോഴേക്കും പാക്കിങ്ങൊക്കെ കഴിഞ്ഞ് ജാനകി കുളിക്കാൻ കയറിയിരുന്നു. ബെഡിൽ അവൾ റെഡിയാക്കി വച്ചിരുന്ന ചെറിയ ബാഗെടുത്ത് താഴെ വച്ചിട്ട് അവൻ പതിയെ ബെഡിൽ കയറിക്കിടന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ ജാനകിയും വന്ന് അവനരികിലായിട്ട് കിടന്നു.
” എത്ര നാളായെഡീ പെണ്ണേ ഇങ്ങനെയൊന്ന് ചേർത്തുപിടിച്ചിട്ട് “
പറഞ്ഞതും അവനവളെ തന്നോട് ചേർത്ത് വരിഞ്ഞുമുറുക്കിയിരുന്നു. അവന്റെ ചുടുനിശ്വാസം പിൻകഴുത്തിൽ തട്ടിയപ്പോൾ അവളുടെ മിഴികൾ കൂമ്പിയടഞ്ഞു. അവളുടെയാ നനഞ്ഞമുടിയിഴകൾ വകഞ്ഞുമാറ്റി ആ കഴുത്തിലേക്ക് മുഖമാഴ്ത്തി കിടക്കുമ്പോൾ അവളുടെ നെഞ്ചിടിപ്പിന്റെ വേഗത കൂടിവന്നു. തന്റെ വയറിനെ ഇറുകിപ്പുണർന്നിരിക്കുന്ന അവന്റെ വിരലിൽ വിരൽ കോർത്തുപിടിച്ച് കിടന്ന് അവരിരുവരും എപ്പോഴോ ഗാഡനിദ്രയിലാണ്ടു.
തറവാട്ടിലേക്ക് പോകും വഴി കുടുംബക്ഷേത്രത്തിലും കൂടി കയറിയിട്ട് പോകാമെന്ന് തീരുമാനിച്ചിരുന്നതിനാൽ അവർ അതിരാവിലെ തന്നെ പുറപ്പെട്ടു. അതിരാവിലെ ആയിരുന്നുവെങ്കിലും നല്ല തിരക്കുണ്ടായിരുന്നു ക്ഷേത്രത്തിൽ. കാറിൽ നിന്നിറങ്ങി നഗ്ന പാദങ്ങളോടെ പുല്ലുവിരിച്ച നടപ്പാദയിലൂടെ അകത്തേക്ക് നടക്കുമ്പോൾ വല്ലാത്തൊരു കുളിർമയവരെ പൊതിഞ്ഞ് നിന്നിരുന്നു. അകത്തേക്ക് കടക്കുമ്പോൾ കർപ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും നെയ്യിന്റെയുമൊക്കെ ചേർന്നുള്ള ഒരു പ്രത്യേക സുഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞ് നിന്നിരുന്നു. പിന്നിൽ വിടർന്ന് കിടന്നിരുന്ന മുടിയുടെ തുമ്പ് ചുരുട്ടിക്കെട്ടി കൂപ്പിയകൈകൾ മാറോട് ചേർത്ത് നടന്നുനീങ്ങുന്ന ജാനകിയെത്തന്നെ നോക്കി അഭിയവളുടെ ഒപ്പം നടന്നു. രസീത് കൗണ്ടറിൽ അഭിയുടെ പേരും നാളും പറഞ്ഞ് എന്തൊക്കെയോ വഴിപാടുകൾ കുറിച്ച് വാങ്ങുന്ന അവളെയവൻ ഒരു ചെറുപുഞ്ചിരിയോടെ നോക്കി നിന്നു.
ശ്രീകോവിലിന് മുന്നിൽ തൊഴുത് നിൽക്കുമ്പോഴും തന്റെ ആത്മാവിന്റെ ഭാഗമായവളിൽ തന്നെയായിരുന്നു അവന്റെ ശ്രദ്ധമുഴുവൻ. നിറമിഴികളോടെ ഉള്ളിലേക്ക് നോക്കി നിന്ന് പരാതികളും പരിഭവങ്ങളും പറഞ്ഞുതീർത്തുകൊണ്ട് നിൽക്കുമ്പോൾ ഇടയ്ക്കിടെ അവളുടെ മിഴികളിൽ കണ്ണീർ പാടകെട്ടുന്നുണ്ടായിരുന്നു.
” അഭിജിത്ത് വിശാഖം നക്ഷത്രം… “
പെട്ടന്ന് അർച്ചനകഴിപ്പിച്ച പ്രസാദവുമായി പുറത്തേക്ക് വന്ന തിരുമേനിയുടെ ശബ്ദം കേട്ട് ഒരു ഞെട്ടലോടെ അവനവളിൽ നിന്നും നോട്ടം പിൻവലിച്ചു. അവൾ വേഗം മുന്നോട്ട് ചെന്ന് ദക്ഷിണ കൊടുത്ത് പ്രസാദവുമായി പിന്നിലേക്ക് തിരിഞ്ഞുവന്നു. തൊഴുതിറങ്ങി ചുറ്റമ്പലത്തിന്റെ നീണ്ട വരാന്തയിലിരിക്കുമ്പോൾ അവൾ അല്പം ചന്ദനമെടുത്ത് അവന്റെ തിരുനെറ്റിയിൽ തൊട്ടു. ശേഷം ദേവിയുടെ കുങ്കുമം വിരലിലെടുത്ത് തന്റെ സീമന്തരേഖയിലേക്ക് നീണ്ട അവളുടെ വലതുകരം തടഞ്ഞുകൊണ്ട് അല്പം കുങ്കുമമെടുത്ത് അഭിയവളുടെ നെറുകയിൽ ചാർത്തി. വല്ലാത്തൊരു നിർവൃതിയോടെ മിഴികളടച്ച് അവളതേറ്റ് വാങ്ങി.
” അതേ ഇവിടിങ്ങനെയിരുന്നാൽ മതിയോ നമുക്ക് തറവാട്ടിലേക്ക് പോകണ്ടേ ??? “
എന്തോ ആലോചനകളിൽ മുഴുകി വിടർന്നമിഴികളോടെയിരിക്കുന്ന അവളെ തട്ടി വിളിച്ചുകൊണ്ട് അഭി ചോദിച്ചു. ഒന്ന് മൂളിക്കോണ്ട് അവൾ പതിയെ എണീറ്റു. അവർ എത്തുമ്പോൾ പടിപ്പുരയിലേക്ക് നോക്കി വിലാസിനി പൂമുഖത്ത് തന്നെയുണ്ടായിരുന്നു.
” മുത്തശ്ശി…. “
കാറിൽ നിന്നിറങ്ങി ഓടിച്ചെന്നവരെ കെട്ടിപിടിച്ചുകൊണ്ട് ജാനകി വിളിച്ചു.
അവരവളെ ചേർത്തുപിടിച്ച് കവിളിൽ ചുംബിച്ചു.
” ആഹാ മുത്തശ്ശിയെക്കിട്ടിയപ്പോ ഞാനൗട്ടായോ??? “
ചിരിയോടെ അകത്തേക്ക് വന്ന അഭി പറഞ്ഞു. അതുകേട്ട് ജാനകി ഒന്നുകൂടി അവരെ മുറുകെപ്പുണർന്നു.
” വാ മോനെ… “
അവരെ രണ്ടാളെയും കൂട്ടി അകത്തേക്ക് നടക്കുമ്പോൾ വിലാസിനി വിളിച്ചു. അവർ നേരെ ഡൈനിങ് ടേബിളിനടുത്തേക്കാണ് പോയത്. അവിടെ ചൂട് ഇടിയപ്പവും മുട്ടകറിയും റെഡിയായിരുന്നു.
” ഇരിക്ക് മക്കളെ ഇതുവരെ ഒന്നും കഴിച്ചുകാണില്ലല്ലോ “
ടേബിളിൽ പ്ലേറ്റ് വച്ചുകൊണ്ട് വിലാസിനി പറഞ്ഞു.
ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ജാനകി വളരെ സന്തോഷത്തിലായിരുന്നു. നാട്ടിലെ ഓരോ ചെറിയ കാര്യങ്ങളും ഒരു കൊച്ചുകുഞ്ഞിന്റെ കൗതുകത്തോടെ അവൾ ചോദിച്ചറിയുന്നത് നോക്കിയിരുന്ന് പുഞ്ചിരിയോടെ അവൻ ആഹാരം കഴിച്ചു.
കാപ്പികുടിയൊക്കെ കഴിഞ്ഞ് അഭിയെയും കൂട്ടി അവൾ പതിയെ തൊടിയിലേക്കിറങ്ങി. തെങ്ങും വാഴയും പച്ചക്കറികളുമെല്ലാം നിറഞ്ഞ പറമ്പിന്റെ ഒത്തനടുവിലായി ഒരു വലിയ കുളവുമുണ്ടായിരുന്നു. ആ പറമ്പിലൂടെ കലപില സംസാരിച്ചുകൊണ്ട് അവന്റെ കയ്യും പിടിച്ച് അവളോടി നടന്നു.
” പണ്ട് ഞാനിതിലൊന്ന് വീണതാ ചെറിയച്ഛൻ കണ്ടത് കൊണ്ട് രക്ഷപെട്ടു. “
കുളത്തിന്റെ പടവുകൾ ചവിട്ടിയിറങ്ങുമ്പോൾ അവൾ പറഞ്ഞു.
” കഷ്ടമായിപ്പോയി “
” എന്തോന്ന് ??? ”
” അല്ല അന്ന് ചെറിയച്ഛൻ കണ്ടത്. ഇല്ലായിരുന്നെങ്കിൽ ഞാനീ കുരിശ് ചുമക്കണ്ട വല്ല കാര്യവുമുണ്ടായിരുന്നോ “
പൊട്ടിച്ചിരിച്ചുകൊണ്ടവൻ പറഞ്ഞു. പെട്ടന്നവളുടെ മുഖം വീർത്തു.
” ഓഹോ ഇപ്പൊ ഞാനൊരു കുരിശായി “
” സംശയമുണ്ടോ “
അവളുടെ ഭാവമാറ്റം കണ്ട് ചിരിയടക്കി അവൻ പറഞ്ഞു.
” അപ്പോ ഞാൻ മരിച്ചാലും അഭിയേട്ടനൊന്നുമില്ലല്ലേ ??? “
” എനിക്കെന്താ അടുത്ത മാസം ഞാൻ വേറെ കെട്ടും “
അവന്റെ വായിൽ നിന്നതും കൂടി കേട്ടതും ജാനകിയുടെ ചുണ്ടുകൾ കൂർത്തു. ഉരുണ്ടമിഴികൾ നിറഞ്ഞുവന്നു.
” എന്നാശരി ഞാനൊഴിഞ്ഞ് തന്നേക്കാം “
പറഞ്ഞതും അവൾ നിന്നിടത്തുനിന്നും കുതിച്ച് കുളത്തിലേക്ക് ചാടി. അഭിയൊട്ടും പ്രതീക്ഷിക്കാത്തൊരു നീക്കമായിരുന്നു അത്. അവൾ ചെന്ന് വീണതിന്റെ ആഘാതത്തിൽ വെള്ളത്തുള്ളികൾ അവന്റെ ദേഹത്തെക്കും തെറിച്ചു. നോക്കി നിൽക്കുമ്പോൾ തന്നെ അവൾ കുളത്തിലെ പച്ചനിറത്തിലുള്ള ജലത്തിന്റെ ആഴങ്ങളിലേക്ക് താഴ്ന്ന് പോയി. ഒരു നിമിഷം ശ്വാസം പോലും നിലച്ചതുപോലെ തോന്നിയവന്. ശബ്ദം തൊണ്ടയിൽ കുരുങ്ങി നിന്നു.
” ജാനകീ….. “
വിളിച്ചതും ഒന്നുമാലോചിക്കാതെ അവൻ കുളത്തിലേക്കെടുത്ത് ചാടി. എങ്ങനെയൊക്കെയോ അവളുമായി തിരികെയെത്തുമ്പോൾ ജാനകിയിൽ ഒട്ടും ബോധമുണ്ടായിരുന്നില്ല. കൽപ്പടവുകളിലേക്കവളെ കിടത്തുമ്പോൾ അടഞ്ഞിരുന്ന ആ മിഴികൾ കണ്ട് അവന്റെ ഉള്ളം നീറി. വേഗം തന്നെ അവനവളുടെ നഗ്നമായ വയറിൽ പതിയെ അമർത്തി. വായിൽ നിന്നും അല്പം വെള്ളം പുറത്ത് ചാടിക്കഴിഞ്ഞപ്പോഴേക്കും ജാനകി പതിയെ കണ്ണുതുറന്നു. അത് കണ്ടതും ആശ്വാസത്തോടെ അവനവളെ വാരിപ്പുണർന്നു.
” ജാനീ…. എന്തുപണിയാ നീയീ കാണിച്ചത് ??? തമാശക്കെന്തെങ്കിലും പറഞ്ഞെന്ന് കരുതി ഇങ്ങനെയാണോ എന്നെ തോൽപ്പിക്കുന്നത് ??? “
ഇറുകെപ്പുണർന്ന് അവളുടെ മൂർദാവിൽ ചുംബിച്ചുകൊണ്ട് അവൻ ചോദിച്ചു.
” ദേഹിയില്ലാതെ ദേഹമുണ്ടെന്ന് തോന്നുന്നുണ്ടോ പെണ്ണേ നിനക്ക് ??? “
ചോദിക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ശ്വാസം കിട്ടാത്തവിധം അവനമർത്തിപ്പുണർന്നിട്ടും ജാനകിയൊന്ന് ചലിക്കുക പോലും ചെയ്തില്ല. എന്തുകൊണ്ടോ അവളുടെ മിഴികൾ കവിഞ്ഞൊഴുകി. ഹൃദയം ആർത്തലച്ച് കരഞ്ഞു. എപ്പോഴോ നിയന്ത്രിക്കാൻ കഴിയാത്ത ഒരേങ്ങൽ അവളിൽ നിന്നും ചിതറിത്തെറിച്ചു. അഭി പെട്ടന്നവളിൽ നിന്നും കൈകളയച്ചു.
” വാ എണീക്ക് “
അവന്റെ കയ്യിൽ പിടിച്ച് മുന്നോട്ട് നടക്കുമ്പോൾ നിറമിഴികളോടെ അവൾ നോക്കിക്കാണുകയായിരുന്നു തന്റെ പ്രണയത്തെ. അവർ മുറ്റത്തെത്തുമ്പോൾ അവരെ കാത്തെന്നപോലെ വിലാസിനി അവിടെയുണ്ടായിരുന്നു. അവരെ കണ്ടതും പിന്നിലേക്ക് വലിഞ്ഞ ജാനകി പിന്നാമ്പുറം വഴി അകത്തേക്ക് പോയി.
” ആഹ് എത്തിയോ രണ്ടും ??? എവിടെയായിരുന്നു ഇതുവരെ ??? “
അവർ ചിരിയോടെ ചോദിച്ചു.
” വെറുതെ പറമ്പിലൂടൊക്കെയൊന്ന് പോയതാ മുത്തശ്ശി “
മുഖത്തെ വെള്ളം കൈകൊണ്ട് തുടച്ച് ചിരിയോടെ അവൻ പറഞ്ഞു. അപ്പോഴാണ് നനഞ്ഞുകുളിച്ച അഭിയുടെ കോലം അവർ ശ്രദ്ധിച്ചത്.
” അയ്യോ ഇതെന്ത് പറ്റി ആകെ നനഞ്ഞിട്ടുണ്ടല്ലോ ??? “
വിലാസിനി അമ്പരപ്പോടെ ചോദിച്ചു. നടന്ന സംഭവങ്ങളൊക്കെ അവരോട് പറയുമ്പോഴും അഭിയുടെ ശബ്ദമിടറിയിരുന്നു. എല്ലാം കേട്ടുകഴിഞ്ഞതും വിലാസിനിയുടെ ചുണ്ടിലൊരു പുഞ്ചിരിവിരിഞ്ഞു.
” മുത്തശ്ശിയെന്താ ചിരിക്കുന്നത് ??? “
” നമ്മുടെ കുളത്തിന്റെ അടിത്തട്ടിലെ ഓരോ മണൽത്തരിക്ക് പോലും പരിചിതമാണ് ജാനി മോളേ. ആ അവളോടൊപ്പം കുളത്തിൽ ചാടണ്ട വല്ല കാര്യവുമുണ്ടായിരുന്നോ മോന് ??? “
ചിരിയോടെയുള്ള അവരുടെ വാക്കുകൾ കേട്ട് അമ്പരന്ന് നിൽക്കുകയായിരുന്നു അപ്പോഴഭി.
” ഏഹ്… അപ്പോഴവൾക്ക് നീന്താനറിയാമോ.??? “
അവന്റെ ചോദ്യം കേട്ട് അവർ വീണ്ടും ചിരിച്ചു.
” അറിയാമോന്നോ തുലാവർഷപ്പെയ്ത്തിൽ കവിഞ്ഞൊഴുകുന്ന അടിയൊഴുക്കുള്ള പുഴ കുറുകെ നീന്തിക്കടക്കുന്നവളാണ് ജാനി. “
” അപ്പോ അവളെന്നെ പറ്റിച്ചതായിരുന്നോ ??? “
” മോൻ ചെന്ന് തല തോർത്ത്. വെള്ളം താഴണ്ട. “
പിറുപിറുത്തുകൊണ്ട് നിന്ന അവനോടായി പറഞ്ഞിട്ട് അവർ അടുക്കളപ്പുറത്തേക്ക് പോയി. അഭി മുറിയിലെത്തുമ്പോൾ അലമാരയിൽ നിന്നും മാറ്റാൻ ഡ്രസ്സെടുത്ത് കൊണ്ട് നിന്ന ജാനകി വേഗത്തിൽ ബാത്‌റൂമിലേക്കോടാനൊരുങ്ങി.
” അവിടെ നിക്കഡീ…. “
പെട്ടന്നവളുടെ കയ്യിൽ കടന്നുപിടിച്ചുകൊണ്ട് അവൻ പറഞ്ഞു.
” അഭിയേട്ടാ ഞാൻ ഡ്രസ്സ് മാറിക്കോട്ടേ പ്ലീസ് “
മാറിൽ കൈ പിണച്ചുവച്ചുകൊണ്ട് അവൾ പറഞ്ഞു. അപ്പോഴാണ് അവളുടെ വേഷമവൻ ശ്രദ്ധിച്ചത്. അടിപ്പാവാടയും ബ്ലൗസും ധരിച്ച് മാറിൽ കൈകൾ പിണച്ചുകെട്ടി നിൽക്കുന്ന അവളെയവനൊന്നുഴിഞ്ഞുനോക്കി.
” നീയിതിന് സമാധാനം പറഞ്ഞിട്ട് പോയാൽ മതി തല്ക്കാലം. പിന്നിത്രയ്ക്കൊളിക്കാൻ ഞാൻ കാണാത്ത നിധിയൊന്നും നിന്റേലില്ലല്ലോ “
അവനത് പറഞ്ഞതും പിന്നീട് ബലം പിടിക്കാതെ അവളവിടെത്തന്നെ നിന്നു.
” നിനക്ക് നീന്തലറിയില്ല അല്ലേഡീ ??? “
മുഖം കുനിച്ച് മുന്നിൽ നിൽക്കുന്ന അവളുടെ താടി പിടിച്ചുയർത്തിക്കൊണ്ട് അവൻ ചോദിച്ചു.
” അതഭിയേട്ടനെന്നോട് സ്നേഹം…… “
” ഈ അതിബുദ്ധിക്കുള്ള ശിക്ഷ വേണ്ടേ നിനക്ക് ???? “
എന്തോ പറയാൻ വന്ന അവളുടെ വാക്കുകളെ തടഞ്ഞുകൊണ്ട് ഗൗരവത്തോടെ അവൻ ചോദിച്ചു.
” അഭിയേട്ടാ ഞാൻ….. “
അവളെന്തോ പറയാൻ തുടങ്ങിയതിനെ മുഴുവനാക്കും മുന്നേ അഭിയുടെ ചുണ്ടുകൾ അവളുടെ അധരങ്ങളെ ബന്ധിച്ചിരുന്നു. ദീർഘമായൊരു ചുംബനത്തിന് ശേഷം അവളെ വിട്ടകലുമ്പോൾ അവന്റെ ചുണ്ടുകളിലൊരു കള്ളച്ചിരിയുണ്ടായിരുന്നു.
” ആണുങ്ങളെ പൊട്ടൻ കളിപ്പിച്ചാൽ ഇങ്ങനിരിക്കും കേട്ടോഡീ ഉണ്ടക്കണ്ണീ…. “
ചുവന്നുതുടുത്ത് ചോര പൊടിഞ്ഞുതുടങ്ങിയ അവളുടെ അധരങ്ങളിലൂടെ ഒന്ന് വിരലോടിച്ചുകൊണ്ട് അവൻ പറയുമ്പോൾ ജാനകിയുടെ മുഖം നാണം കൊണ്ട് കുനിഞ്ഞിരുന്നു.
” നിന്ന് കളം വരച്ച് മനുഷ്യന്റെ കണ്ട്രോള് കളയാതെ പോയി ഡ്രസ്സ് മാറ്റെഡീ ഉണക്കക്കൊള്ളീ…. “
നഗ്നമായ അവളുടെ വയറിലെ കുഞ്ഞ് കുന്നിക്കുരു മറുകിൽ പതിയെ ഒന്ന് നുള്ളി പുറത്തേക്ക് പോകുമ്പോൾ അവൻ പറഞ്ഞു. ഒരു ചമ്മലോടെ ജാനകി വേഗത്തിൽ ബാത്‌റൂമിലേക്ക് നടന്നു.
” അല്ലെടി അപ്പോ ഞാൻ വയറിൽ ഞെക്കിയപ്പോൾ നിന്റെ വായിന്ന് വെള്ളം ചാടിയതോ ???
പുറത്തേക്ക് നടക്കാൻ നേരം സംശയത്തോടെ തിരിഞ്ഞുകൊണ്ടവൻ ചോദിച്ചു.
” ഈ… അത് ഞാൻ വായിൽ നിറച്ചുവച്ചിരുന്നതാ “
പല്ലുകൾ മുഴുവൻ കാട്ടി ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
” ദൈവമേ…. ഇതിനെ വേറാർക്കും കൊടുക്കാതെ നീയെനിക്ക് തന്നെ തന്നല്ലോ “
തലയിൽ കൈ വച്ചുപറഞ്ഞുകൊണ്ട് അവൻ പുറത്തേക്ക് പോയി. ഒരു ചിരിയോടെ ജാനകി ഉള്ളിലേക്കും കയറി. നാല് ദിവസത്തെ താമസം കഴിഞ്ഞ് തറവാട്ടിൽ നിന്നും തിരികെ പോകാനിറങ്ങുമ്പോൾ വിലാസിനിയെ ചുറ്റിപ്പിടിച്ച് ഒരു കൊച്ചുകുഞ്ഞിനെപ്പോലവൾ പൊട്ടിക്കരഞ്ഞു.
” പോയിട്ട് വാ മോളേ…. “
നേര്യതിന്റെ തുമ്പ് കൊണ്ട് കണ്ണുതുടച്ച് അവളെ ചേർത്തുപിടിച്ച് നെറുകയിൽ ചുംബിച്ചുകൊണ്ട് അവർ പറഞ്ഞു. മുറ്റത്ത് നിന്നും കാർ അകന്ന് പോകുന്നത് നോക്കിനിന്ന അവരുടെ മങ്ങിത്തുടങ്ങിയ മിഴികൾ നിറഞ്ഞു. അല്പനേരം കൂടി അവിടെത്തന്നെ നിന്നിട്ട് തനിക്കൊരിക്കലും പുതുമയല്ലാത്ത ഒറ്റപെടലിലേക്കവർ വീണ്ടും തിരികെ നടന്നു. ദിവസങ്ങൾ വീണ്ടും കടന്നുപോയി. ജാനകി കോളേജിലേക്കും ലോങ്ങ് ലീവ് കഴിഞ്ഞ് അഭി ഓഫീസിലേക്കും പോയിത്തുടങ്ങി.
ഒപ്പം തന്നെ അപർണയുടെ വിവാഹദിവസവും അടുത്ത് വന്നുകൊണ്ടിരുന്നു. വിവാഹ പർച്ചേസും ഓഡിറ്റോറിയം ബുക്ക് ചെയ്യലുമൊക്കെ മുറപോലെ നടന്നു.
അങ്ങനെ ആ ദിവസവും വന്നെത്തി. ശ്രീമംഗലത്തെല്ലാവരും വളരെയധികം സന്തോഷത്തിൽ തന്നെയായിരുന്നു. എല്ലാവരും നേരത്തെ തന്നെ ഓഡിറ്റോറിയത്തിൽ എത്തിയിരുന്നു. എല്ലാത്തിനും മുൻപന്തിയിൽ തന്നെ അഭിയോടൊപ്പം ജാനകിയുമുണ്ടായിരുന്നു.
” എന്താടോ ഒരു വിഷമം പോലെ ??? “
മണ്ഡപത്തിൽ നിന്നും അല്പം മാറി ഒറ്റയ്ക്ക് നിൽക്കുന്ന അഭിയുടെ അരികിലേക്ക് വന്നുകൊണ്ട് ജാനകി ചോദിച്ചു.
” ഏയ് ഒന്നുമില്ലെഡീ “
” അത് ചുമ്മാ… അപ്പു പോന്നതിൽ വിഷമമുണ്ടല്ലേ ?? “
അവൾ ചോദിച്ചു.
” എപ്പോഴും വഴക്കിടുമെങ്കിലും അവളെപ്പിരിഞ്ഞ് ഞാനൊരിക്കലും നിന്നിട്ടില്ലെഡീ. ഇനിയിപ്പോ അവൾ വേറൊരു വീട്ടിലേക്ക്…. “
” എന്താ അഭിയേട്ടായിത്. ഇത് പെണ്ണിന്റെ വിധിയാണ്. വിവാഹം കഴിഞ്ഞാൽ പിറന്നവീടിന്റെ വിരുന്നുകാരാവേണ്ടവരാണ് പെൺകുട്ടികൾ. “
അവനെ ആശ്വാസിപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു..
” മുഹൂർത്തമായി “
മണ്ഡപത്തിൽ നിന്നും ആരോ വിളിച്ചുപറഞ്ഞത് കേട്ട് അവരും അങ്ങോട്ട് ചെന്നു. സ്വർണനൂലുകൾ പാകിയ പട്ടുസാരിയിൽ വധുവിന്റെ വേഷത്തിൽ മണ്ഡപത്തിലേക്ക് വന്ന അപർണയെ നോക്കി നിന്ന അഭിജിത്തിന്റെ കണ്ണുകൾ നിറഞ്ഞു. അരികിലേക്ക് വന്ന അവളെയൊന്ന് നെഞ്ചോട് ചേർത്ത് കൈ പിടിച്ചവൻ മണ്ഡപത്തിലേക്ക് കയറ്റി. ഒൻപതിനും ഒൻപതരയ്ക്കും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ അരുൺവേണുഗോപാൽ അപർണയുടെ കഴുത്തിൽ താലി ചാർത്തി. മേനോനവളുടെ കൈ പിടിച്ച് അരുണിന്റെ ഉള്ളംകയ്യിലേക്ക് വച്ചുകൊടുക്കുമ്പോൾ ശ്രീമംഗലത്തെല്ലാവരുടെ മിഴികളും നനഞ്ഞിരുന്നു.
” അഭിയേട്ടാ…. എന്നേയൊന്ന് പിടിച്ചേ തല ചുറ്റുന്നത് പോലെ. “
അരികിൽ നിന്നിരുന്ന അഭിക്ക് നേരെ കൈ നീട്ടി മറുകൈകൊണ്ട് ശിരസിൽ അമർത്തിപ്പിടിച്ച് ജാനകി പറഞ്ഞത് കേട്ട് അവനവളെ താങ്ങിപ്പിടിച്ചു. അവൾ കുഴഞ്ഞവന്റെ മാറിലേക്ക് വീണു. വിവാഹമണ്ഡപം നിശ്ചലമായി.
” ജാനകി…. “
തുടരും…..
അഭിരാമി അഭിയുടെ മറ്റു നോവലുകൾ
അഗസ്ത്യ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Nin Nizhalayi written by Sreekutty
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
സൂപ്പർ