Skip to content

നിൻ നിഴലായ് – ഭാഗം 4

nin-nizhalayi-novel

ആ   പേപ്പർ   ഒരിക്കൽ  കൂടി   വായിച്ചശേഷം   ഭദ്രമായി   മടക്കി   പോക്കറ്റിൽ   വയ്ക്കുമ്പോൾ   ഒരുതരം   മരവിപ്പ്   അയാളിൽ   പടർന്നിരുന്നു.  അല്പനേരത്തെ   ആലോചനയ്ക്ക്   ശേഷം   മേനോൻ   തിടുക്കത്തിൽ   പുറത്തേക്ക്   വന്ന്  കാറെടുത്ത്   ഓടിച്ച്   പോയി.

”  ബാലേട്ടാ….. “

കോളേജിലേക്ക്   പോകാൻ  റെഡിയായി   താഴേക്ക്   വന്ന   ശ്രീജ   ഹാളിലും   പൂമുഖത്തുമൊന്നും  മേനോനെ   കാണാതെ   വിളിച്ചു. 

”  ഇതെവിടെപ്പോയി  ???  “

”   അവൻ   പോയി   മോളേ   നീയിനി   അഭിക്കുട്ടനോട്‌  പറ   നിന്നെയൊന്ന്   കൊണ്ടാക്കാൻ   “

പത്രം   വായിച്ചുകൊണ്ടിരുന്ന   കാർത്യായനി   പറഞ്ഞു.

”  പോയോ   എന്നേ   വിട്ടിട്ട്   ആ   വഴി   പോകാനെന്നാണല്ലോ   എന്നോട്   പറഞ്ഞത്.  “

മിഴികൾ   പുറത്തേക്കയച്ചുകൊണ്ട്   ശ്രീജ  പറഞ്ഞു. 

”  വല്ല    അത്യാവശ്യവും   കാണും   മോളെ.   നീയിനി   കാത്തുനിന്ന്  നേരം   കളയാതെ   പോകാൻ   നോക്ക്.  “

കാർത്യായനി   മുഖത്തെ   കണ്ണട   നേരെയാക്കിക്കൊണ്ട്   പറഞ്ഞു. 

”  അഭീ….  “

അവർ   പറഞ്ഞത്   കേട്ട്   നിന്ന   ശ്രീജ   മുകളിലേക്ക്   നോക്കി    ഉച്ചത്തിൽ   വിളിച്ചു.  അല്പം  കഴിഞ്ഞപ്പോൾ   അഭിജിത്തിന്റെ   തല   മുകളിൽ   പ്രത്യക്ഷപ്പെട്ടു.

”  എന്താമ്മേ  ???  “

അവിടെ  നിന്നുതന്നെ   അവൻ   വിളിച്ചുചോദിച്ചു.

”  എന്നേയൊന്ന്   കോളേജിൽ   വരെ   ആക്കിത്താടാ  നിന്റച്ഛൻ  പുതിയ   ഏതോ   പുലിവാലും   പിടിച്ച്    നിന്ന   നിൽപ്പിൽ   പുറത്തേക്ക്   പോയി.  “

ശ്രീജയുടെ   പറച്ചിൽ   കേട്ട്   അഭിയും   കാർത്യായനിയും   ഒരുപോലെ   ചിരിച്ചു.  നിമിഷങ്ങൾക്കുള്ളിൽ    അഭിജിത്ത്   ഡ്രസ്സ്‌   മാറി   താഴേക്ക്   വന്നു. 

”  ഞാനെന്നാലിറങ്ങട്ടേയമ്മേ…  “

അവന്   പിന്നാലെ   പുറത്തേക്ക്   നടക്കുമ്പോൾ   ശ്രീജ   പറഞ്ഞു.

”  മ്മ്മ്   സൂക്ഷിച്ചുപോ…  “

കാർത്യായനിയും   പറഞ്ഞു. 

”  ന്റെ   മഹാദേവാ…  എന്റെ    കുഞ്ഞുങ്ങളെ   എല്ലാവരെയും   കാത്തോളണേ….  “

അഭിയും   ശ്രീജയും   കയറി   ബൈക്ക്   ഗേറ്റ്   കടന്ന്   പോയതും   അങ്ങോട്ടേക്ക് തന്നെ   നോക്കി   നെഞ്ചിൽ   കൈ   ചേർത്ത്   അവരുടെ   മുറുക്കി   ചുവന്ന   ചുണ്ടുകൾ   മന്ത്രിച്ചു. 

”  അഭീ    കാപ്പി   കുടിച്ചിട്ടേ   പോകാവുള്ളൂ   കേട്ടോ   “

ശ്രീജയെ   കോളേജിന്   മുന്നിലിറക്കി   തിരിച്ചുപോരാൻ   വണ്ടി  തിരിക്കുമ്പോൾ   അഭിയോഡായി   അവർ   വിളിച്ചുപറഞ്ഞു.

”  ഉത്തരവ്പോലെ    പ്രൊഫസർ   ശ്രീജാബാലചന്ദ്രമേനോൻ  “

അവരുടെ   മുഖത്ത്   നോക്കി   കളിയാക്കി   ചിരിച്ചുകൊണ്ട്   അവൻ   പറഞ്ഞു.  മറുപടിയായി   ഒന്ന്   ചിരിച്ചിട്ട്   ശ്രീജയും   അകത്തേക്ക്   നടന്നു.  അഭി   തിരിച്ച്   വീട്ടിലെത്തുമ്പോൾ   എങ്ങോട്ടോ   പോകാൻ   റെഡിയായി    പുറത്തേക്കിറങ്ങുകയായിരുന്നു   അപർണയും   ജാനകിയും   കൂടി. 

”  എങ്ങോട്ടാഡീ   രണ്ടുംകൂടി ???  “

പോർച്ചിലേക്ക്   കയറി   ബൈക്ക്   സ്റ്റാൻഡിൽ   വച്ചുകൊണ്ട്   തിരിയുമ്പോൾ   അപർണയോഡായി   അവൻ   ചോദിച്ചു.

”  അതേട്ടാ   ഞങ്ങളൊന്ന്   പുറത്തോട്ട്   പോവാ.   ഇവൾക്കെന്തൊക്കെയോ   വാങ്ങാനുണ്ടെന്ന്.  എന്നാപ്പിന്നെ   ചെറിയൊരു   ഷോപ്പിങ്ങാകാമെന്ന്   ഞാനും   കരുതി.  ജാനകിയെയും   അഭിയെയും   നോക്കി   ചിരിയോടെ   അപർണ   പറഞ്ഞു.

”  മ്മ്മ്….  പൈസയുണ്ടോ  ???  “

അവൻ   പെട്ടന്ന്   ചോദിച്ചു.

”  പൈസയില്ല   പക്ഷേ   കാർഡുണ്ട്  “

”  ആരുടെ   അച്ഛന്റെയോ   “

അവൾ   പറഞ്ഞത്   കേട്ട്   അഭിജിത്ത് . ചോദിച്ചു.

”  അല്ല   ഏട്ടന്റെയാ   “

പൊട്ടിച്ചിരിച്ചുകൊണ്ട്   അവൾ   പറഞ്ഞു.  അത്   കേട്ടതും   അവന്റെ   കണ്ണുകൾ   തുറിച്ചു.

”  എന്റെ  കാർഡോ ???  “

”  അതേ…  അതിനിപ്പോ   എന്താ  ???  “

അപർണ   നിഷ്കളങ്കമായി   ചോദിച്ചു.

”  എടീ   അതിങ്ങ്   താ   ഞാൻ   പൈസ   തരാം.  “

”  വേണ്ടേട്ടാ   ഈ   പൈസയൊക്കെ   നുള്ളിപ്പെറുക്കി   നടക്കാൻ   പാടാ.  കാർഡാകുമ്പോൾ   സൗകര്യാ.  “

പറഞ്ഞുകൊണ്ട്   ജാനകിയുടെ   കയ്യിൽ   പിടിച്ചുകൊണ്ട്   ചിരിയോടെ   നടന്നുപോകുന്ന   അവളെ   നോക്കി   അവൻ  തലയിൽ   കൈ   വച്ച്   നിന്നു.

”  ദൈവമേ…  ഈ   മരംകേറിയുടെ   ചിലവ്   തന്നെ   താങ്ങാൻ   വയ്യ.   അപ്പോ   ഇനി   അവളുടെ   കൂട്ടുകാരിയെക്കൂടി   താങ്ങണോല്ലോ  “

തന്നത്താൻ   പിറുപിറുത്തുകൊണ്ട്   അഭിജിത്ത്   അകത്തേക്ക്   നടന്നു.  അവൻ   മുകളിൽ   പോയി   കുളിച്ച്   റെഡിയായി   താഴേക്ക്   വരുമ്പോഴേക്കും   കാർത്യായനി   ആഹാരമെടുത്ത്   വച്ചിരുന്നു.

”  അച്ഛമ്മ   കഴിക്കുന്നില്ലേ ???   അതോ   ഇന്നുമിനി   വല്ല   വൃതവുമുണ്ടോ  ???  “

വിളമ്പിവച്ച   ആഹാരത്തിന്   മുന്നിൽ   കസേര   വലിച്ചിട്ടിരിക്കുമ്പോൾ   ചിരിയോടെ   അഭി   ചോദിച്ചു.  അതിന്   ഒരു   പുഞ്ചിരി  മാത്രമായിരുന്നു   അവരുടെ   മറുപടി.

അപർണയും   ജാനകിയും   കൂടി   നേരെ   പോയത്   ബ്യൂട്ടി പാർലറിലേക്കായിരുന്നു.   അവിടുന്നിറങ്ങി   തുണിക്കടയിലും   ഫാൻസി   ഷോപ്പിലും   ഒക്കെ   കയറി   പന്ത്രണ്ടുമണിയോടെ   അവരൊരു   റസ്റ്റോറന്റിൽ   കയറി.

”  എടാ   നിനക്ക്   ശ്രദ്ധ   നിന്റേട്ടത്തിയാവുന്നതിഷ്ടാണോ  ???  “

ജ്യൂസിന്   ഓർഡർ   കൊടുത്ത   ശേഷം   ഫോണിലെന്തോ   നോക്കിക്കോണ്ടിരുന്ന   അപർണയോടായി   ജാനകി   ചോദിച്ചു.  അപർണ   പെട്ടന്ന്   തല   ഉയർത്തി  അവളുടെ   മുഖത്തേക്ക്   നോക്കി.

”  ഇവിടെ   എന്റെ   ഇഷ്ടത്തിനെന്താ   വില.???   ഇഷ്ടപ്പെടേണ്ടതും  കൂടെ   ജീവിക്കേണ്ടതും   ഏട്ടനല്ലേ.  ഏട്ടനവളെ   ഇഷ്ടമാണ്.  പിന്നെ   എന്റെ   അഭിപ്രായം   എന്തായാലെന്താ.  പിന്നെ   എനിക്കവളോട്   വിരോധം   തോന്നാനും   കാരണങ്ങളൊന്നുമില്ല.  “

വെയിറ്റർ   കൊണ്ടുവച്ച  ജ്യൂസ്‌   അല്പം   കുടിച്ചിട്ട്   അപർണ   പറഞ്ഞു.  അതിന്   മറുപടിയൊന്നും   പറയാതെ   എന്തൊക്കെയോ   ചിന്തകളിൽ   മുഴുകിയിരിക്കുകയായിരുന്നു    അപ്പോൾ   ജാനകി.

”  അല്ല   നീയെന്താ   ഇപ്പൊ   ഇങ്ങനെ   ചോദിക്കാൻ  ???  “

”  ഏയ്   ഞാൻ   വെറുതെ   ചോദിച്ചുവെന്നേയുള്ളൂ.  ശ്രീമംഗലത്തെ   മരുമകളാകുമ്പോൾ    അവൾക്ക്   വല്ല   നാത്തൂൻ   പോരും   നേരിടേണ്ടി   വരുമോ   എന്നറിയാൻ   ചോദിച്ചതാ  “

ചിരിയോടെ   ജാനകി   പറഞ്ഞു.

”  ഞാൻ   പോരിനൊന്നും   പോണില്ല.  നീ   പോകാതിരുന്നാൽ   മതി . “

അവളുടെ   ഭാവം   ശ്രദ്ധിച്ചുകൊണ്ട്   അപർണ   പറഞ്ഞു.

”  നിന്റെ   ചേട്ടന്റെ   ഭാര്യയോട്       ഞാനെന്തിനാ   പോരിന്   പോണത്  ???  “

താല്പര്യമില്ലാത്ത   പോലെ    അവൾ  പറഞ്ഞു.

”  ആരുടെ   ചേട്ടനായാലും   ഒരുപാട്   കാലം   ഉള്ളിൽ   മൂടി   വച്ച്   പ്രണയിച്ച  ആളിനെ  പെട്ടന്നൊരു   ദിവസം  സ്വന്തമാക്കുന്നവളോട്   ഒരു    പെണ്ണിന്   പിന്നെ   സ്നേഹം   തോന്നുമോ ???  “

ജാനകിയുടെ   മുഖത്തേക്ക്   സൂക്ഷിച്ചുനോക്കി   അവൾ   ചോദിച്ചു.  പെട്ടന്ന്   അവളുടെ   മിഴികളൊന്ന്   പിടഞ്ഞു.  കയ്യിലിരുന്ന   ഗ്ലാസ്‌   പതിയെ   ടേബിളിലേക്ക്   തന്നെ   വച്ചു.  പിന്നെ   അമ്പരപ്പോടെ   അപർണയുടെ   കണ്ണുകളിലേക്ക്   നോക്കി.

”  ഞാനിതെങ്ങനെയറിഞ്ഞെന്നാകും   നീയിപ്പോ   ചിന്തിക്കുന്നത്.  “

ജാനകിയുടെ   ഉള്ളറിഞ്ഞത്   പോലെ   ഒരൂറിയ   ചിരിയോടെ   അവൾ   പറഞ്ഞുതുടങ്ങി.

”  ഒന്നുമല്ലെങ്കിലും   മൂന്ന്   വയസ്സുമുതൽ   ഒരേ   ഉയിരായി    ജീവിച്ചവരല്ലേഡീ   നമ്മൾ. ഏകദേശം   പത്താം   ക്ലാസ്സ്‌   മുതൽ   നിന്റെയുള്ളിൽ   എന്റഭിയേട്ടൻ   മാത്രേയുള്ളൂവെന്ന്   എനിക്ക്   നന്നായറിയാമായിരുന്നു.  പത്താംക്ലാസ്സ്‌   കഴിഞ്ഞ്   ദേവനങ്കിളിന്റെയും   സിന്ധുവാന്റിയുടെയും   കൂടെ   വിദേശത്തേക്ക്   പോകാനൊരുങ്ങുമ്പോഴും   അഭിയേട്ടനിൽ   മാത്രം  തറഞ്ഞ്   നിന്നിരുന്ന   നിന്റെ   ഈ   കണ്ണുകൾ   ഞാനിപ്പോഴും   നന്നായി   ഓർക്കുന്നുണ്ട്.   “

അപർണ   പറഞ്ഞുനിർത്തുമ്പോൾ   എന്തുപറയണമെന്നറിയാതെ   ഇരിക്കുകയായിരുന്നു   ജാനകി.

”  അതൊക്കെ   ആ   പ്രായത്തിന്റെ   വെറും….. “

വാക്കുകൾ   മുഴുമിപ്പിക്കാൻ   കഴിയാതെ    അവൾ   വിഷമിച്ചു.

”  പ്രായത്തിന്റെ   ചാപല്യം   മാത്രമായിരുന്നു  ഇപ്പോൾ   നിന്റെയുള്ളിൽ    ഏട്ടനില്ലെന്ന്   വെറുതെ   കള്ളം   പറയണ്ട   ജാനി.  നീ   വന്ന   ദിവസം   ഞാൻ   ശ്രദ്ധയെ   നിനക്ക്   പരിചയപ്പെടുത്തിയ   നിമിഷം   നിന്റെ   കണ്ണിലെ   പിടച്ചിൽ   ഞാൻ   നേരിൽ   കണ്ടതാണ്.  നിന്റെ   മനസ്സിൽ   ഏട്ടന്റെ   സ്ഥാനത്തിന്   ഇന്നുമൊരിളക്കം   തട്ടിയിട്ടില്ലെന്ന്   അന്ന്   ഞാൻ   തിരിച്ചറിഞ്ഞു.  “

കള്ളത്തരം   പിടിക്കപ്പെട്ട   കുട്ടിയെപ്പോലെ   എല്ലാം   കേട്ടിരുന്ന   ജാനകിയുടെ   മിഴിയിൽ   നിന്നും   ഒരു   തുള്ളി   കണ്ണുനീർ   അടർന്ന്   താഴേക്ക്   വീണു.

”  അന്നും   ഇന്നും  എന്റെ   ഏട്ടന്റെ   വധുവിന്റെ   സ്ഥാനത്ത്   ഞാൻ   കണ്ടത്   എന്റെയീ   തലതെറിച്ച   ചങ്കിനെ   മാത്രാഡീ.  പക്ഷേ…. കാണണ്ടവർ   മാത്രം   കണ്ടില്ല.  “

അവളുടെ   കൈകളിൽ   അമർത്തിപ്പിടിച്ചത്   പറയുമ്പോൾ   അപർണയുടെ   സ്വരത്തിലും   വിഷാദം   കലർന്നിരുന്നു.

”  അച്ഛനിതുവരെ   വന്നില്ലേ   അപ്പൂ ???  “

വൈകുന്നേരം   കോളേജിൽ   നിന്നും    വന്നുകയറിയ   ഉടനെ   ശ്രീജ   ചോദിച്ചു.

”  ഇല്ല…  “

Tv   സ്ക്രീനിൽ   നിന്നും   കണ്ണുകളെടുക്കാതെ   തന്നെ  അവൾ   പറഞ്ഞു.  പിന്നീടൊന്നും   പറയാതെ   മുകളിലേക്ക്   കയറിപ്പോയ   ശ്രീജ   വേഗം   ഡ്രസ്സ്‌   മാറി   അടുക്കളയിലേക്ക്   നടന്നു. രാത്രി   എട്ടുമണിയോടെ   ബാലചന്ദ്രമേനോന്റെ   കാർ   പോർച്ചിൽ   വന്നുനിന്നു.  വന്നുകയറിയപാടെ    അയാൾ  ബെഡ്റൂമിലേക്ക്   കയറിപ്പോയി.  കുറച്ച്   കഴിഞ്ഞ്   ശ്രീജ   ചായയുമായി   മുകളിലെത്തുമ്പോൾ    ബെഡിലിരുന്ന്   എന്തോ   ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു    മേനോൻ. ഉള്ളിലെ   ടെൻഷൻ   ആ   മുഖം   വിളിച്ചോതിയിരുന്നു.

”  അഭി   വന്നില്ലേ ????  “

ശ്രീജ   കൊണ്ടുവന്ന   ചായ   ചുണ്ടോട്   ചേർക്കുമ്പോൾ   മേനോൻ    ചോദിച്ചു.

”  ഇല്ല   “

ശ്രീജയത്   പറഞ്ഞതും   പുറത്ത്   അഭിയുടെ   ബൈക്കിന്റെ    ശബ്ദം   കേട്ടു.  അല്പം   കഴിഞ്ഞപ്പോൾ   ഒരു   മൂളിപ്പാട്ടിന്റെ   അകംമ്പടിയിൽ   അവൻ    സ്റ്റെപ്പ്   കയറി    മുകളിലേക്ക്    വരുന്ന   ശബ്ദം   കേട്ടു.

”  അഭീ…..   “

അവൻ   മുകളിലെത്തി   തന്റെ    റൂമിന്റെ   വാതിലിന്റെ   ഹാൻഡിലിൽ   പിടിച്ചതും   പുറത്തേക്ക്   വന്ന   മേനോൻ   വിളിച്ചു.

”  എന്താച്ഛാ  ????  “

ചോദിച്ചുകൊണ്ട്   അവൻ   പതിയെ   അയാളുടെ   അരികിലേക്ക്   വന്നു.

”  നിനക്ക്   ശ്രദ്ധയുമായി   എന്താ    ബന്ധം  ???  “

മുഖവുരയൊന്നും   കൂടാതെ   കനത്ത   സ്വരത്തിൽ   തന്നെ   മേനോൻ   ചോദിച്ചു. 

”  അതച്ഛാ….  ഞങ്ങള്   തമ്മിൽ   ഇഷ്ടത്തിലാണ്. “

അച്ഛന്റെ   ചോദ്യത്തിന്   മുന്നിൽ    ആദ്യമൊന്ന്   പതറിയെങ്കിലും   ആത്മസംയമനം   പാലിച്ചുകൊണ്ട്   അവൻ   പറഞ്ഞു.   അപ്പോഴും   എല്ലാം   കേട്ട്   മേനോന്റെ   പിന്നിൽ   നിശബ്ദയായി   നിൽക്കുകയായിരുന്നു   ശ്രീജ.

”  എന്റെ   മകൻ   ആ   പെൺകുട്ടിയെ   വിവാഹം    കഴിക്കാൻ   ഞാനൊരിക്കലും   സമ്മതിക്കില്ല.  അത്കൊണ്ട്    നീയതെല്ലാം   മറക്കണം  “

പെട്ടന്ന്   മേനോനിൽ   നിന്നും   വന്ന   വാക്കുകൾ   ഒരു   തീഗോളമായി   അഭിജിത്തിന്റെ   നെഞ്ചിൽ   പതിച്ചു.  അയാളുടെ   പെട്ടന്നുള്ള   മാറ്റത്തിന്റെ   കാരണമറിയാതെ   അമ്പരന്ന്   നിൽക്കുകയായിരുന്നു   അപ്പോൾ   ശ്രീജയും.

”  അച്ഛൻ   പെട്ടന്നിങ്ങനെയൊരു   തീരുമാനമെടുത്തതിന്റെ   കാരണമെന്താ ????  “

അയാളുടെ   മുഖത്തേക്ക്    നോക്കി   അവൻ   ചോദിച്ചു.

”  അതെനിക്കിപ്പോ   പറയാൻ   കഴിയില്ല.  എന്റെ   രണ്ട്   മക്കളേയും   ഏറ്റവും   നന്നായിട്ട്   തന്നെയാണ്   ഇതുവരെ   ഞാൻ   വളർത്തിയത്.  അവർക്കൊരു   ദോഷവും   വരാൻ    ഇന്നുവരെ   ഞാൻ  സമ്മതിച്ചിട്ടില്ല.  അതിനിനിയും   ഞാൻ   സമ്മതിക്കില്ല.  അതുകൊണ്ടാണെന്ന്   മാത്രം   തല്ക്കാലം   അറിഞ്ഞാൽ   മതി.   “

അവസാന   വാക്കെന്നവണ്ണം   മേനോൻ   പറഞ്ഞു.

”  പക്ഷേ   അച്ഛാ….  “

”  ഇനിയൊന്നും   പറയണമെന്നില്ല   ഞാൻ   ജീവിച്ചിരിക്കുമ്പോൾ   ഇത്   നടക്കില്ല.  മാത്രമല്ല   ഒരു   മാസത്തിനുള്ളിൽ   ഞങ്ങള്   കണ്ടുപിടിക്കുന്ന   പെൺകുട്ടിയുടെ   കഴുത്തിൽ   നീ   താലി   കെട്ടുകയും   ചെയ്യും.  ” 

കല്ലുപോലെ   ഉറച്ചതായിരുന്നു    ആ   വാക്കുകൾ.

”  പിന്നെ   തന്നോട്…. ഇനി   മേലിൽ   ശ്രദ്ധ   ഈ   പടിക്കകത്ത്   കയറാൻ   പാടില്ല.  “

ശ്രീജയുടെ   നേരെ   നോക്കി   അന്ത്യശാസനം   പോലെ   പറഞ്ഞിട്ട്   ആരുടെയും   മറുപടിയ്ക്ക്   കാത്തുനില്ക്കാതെ   മേനോൻ   മുറിയിലേക്ക്   കയറിപ്പോയി.  അല്പം   നേരം   അവിടെത്തന്നെ   തറഞ്ഞ്   നിന്നിട്ട്   തളർച്ചയോടെ   അഭിയും   അകത്തേക്ക്    കയറി.  റൂമിലെത്തി   ബെഡിൽ   കിടക്കുമ്പോഴും   അച്ഛന്റെ   മാറ്റത്തിന്റെ   കാരണമറിയാതെ   ഉഴറുകയായിരുന്നു   അവന്റെ   മനസ്സ്.  ഇടയ്ക്ക്   എപ്പോഴോ   ശ്രദ്ധയുടെ   മുഖം   മനസ്സിലേക്കോടിയെത്തിയതും   അവന്റെ   നെഞ്ച്   നൊന്തു.  ഓർമകളിൽ   ചുട്ടുപൊള്ളുമ്പോൾ   രണ്ടുതുള്ളി   കണ്ണുനീർ   അവന്റെ   കണ്ണിൽ   നിന്നും   ചെവിയോരത്തുകൂടി   ഒഴുകി   മുടിയിഴകൾക്കുള്ളിലെവിടെയോ   അലിഞ്ഞുചേർന്നു.

പെട്ടന്നാണ്   അവന്റെ   അരികിൽ   ബെഡിൽ   കിടന്നിരുന്ന   ഫോൺ   റിങ്   ചെയ്യാൻ   തുടങ്ങിയത്.  അവൻ   വേഗം    കൈ   നീട്ടി   അതെടുത്തുനോക്കി.  ഡിസ്പ്ലേയിൽ   തെളിഞ്ഞ   ശ്രദ്ധയുടെ   പേര്   കണ്ടതും   അവന്റെ   ഉള്ള്   പൊള്ളി.

”  വന്നിട്ട്   കുറെ   നേരായല്ലോ    എന്നിട്ടെന്താ   അഭിയേട്ടൻ     വിളിക്കാഞ്ഞത്  ???  “

ഫോണെടുത്തതും   അപ്പുറത്ത്   നിന്നും   പരിഭവം   നിറഞ്ഞ   അവളുടെ   ചോദ്യം   വന്നു.  അവളോടെന്ത്‌   പറയണമെന്നറിയാതെ   അവൻ   നിശബ്ദനായി   തന്നെയിരുന്നു.

”  അഭിയേട്ടാ…  എന്താ   ഒന്നും   മിണ്ടാത്തത്  ???   ഞാൻ   ചോദിക്കുന്നതൊന്നും   കേൾക്കുന്നില്ലേ  ????  “

കുറെ   നേരം   കഴിഞ്ഞിട്ടും   അവനിൽ   നിന്നും   മറുപടിയൊന്നും   കിട്ടാതെ   വന്നപ്പോൾ   അവൾ   വീണ്ടും   ചോദിച്ചു. 

”  ഒന്നൂല്ല   ചെറിയൊരു   തലവേദന.  നീ  വച്ചോ   ഞാൻ   നാളെ   വിളിക്കാം  “

അഭി   പതിയെ   പറഞ്ഞു.  അവന്റെ   ഒഴിഞ്ഞുമറിയുള്ള    ആ   സംസാരം   ശ്രദ്ധയിൽ   എന്തൊക്കെയോ   ആകുലതകൾ   നിറച്ചു.

”  അഭിയേട്ടാ   എന്താ   ശബ്ദം   വല്ലാതിരിക്കുന്നേ ????    എന്താ  പ്രശ്നം  വീട്ടിൽ   എന്തെങ്കിലും   പ്രശ്നമുണ്ടോ  ???  “

”  നിന്നോടല്ലേ   പറഞ്ഞത്   തലവേദനയാണെന്ന്.  നിനക്കെന്താ   പറഞ്ഞാൽ   മനസ്സിലാവില്ലേ   ???  “

അവൾ   വീണ്ടും   കുത്തിക്കുത്തി   ചോദിച്ചപ്പോൾ   ഉള്ളിലെ    നൊമ്പരമടക്കി   ദേഷ്യത്തിന്റെ   മുഖംമൂടിയണിഞ്ഞുകൊണ്ട്   അവൻ   ചോദിച്ചു.  കുറേ   സമയത്തേക്ക്    ശ്രദ്ധയിൽ   നിന്നും   മറുപടിയൊന്നും  ഉണ്ടായില്ല.  അതവനെ   കൂടുതൽ   തളർത്തി.  അവസാനം   അവളുടെ   ചോദ്യങ്ങൾക്ക്   മുന്നിൽ   ഇനിയും   പിടിച്ചുനിൽക്കാൻ   കഴിയില്ലെന്ന്   ബോധ്യമായപ്പോൾ   അവൻ  പതിയെ   എല്ലാം   തുറന്നുപറയാൻ   തന്നെ   തീരുമാനിച്ചു.  അവൻ   പറഞ്ഞതെല്ലാം   നിശബ്ദമായി   അവൾ   കേട്ടിരുന്നു.

”  അങ്കിളെന്താ   പെട്ടന്നിങ്ങനെ… ???  “

അത്   ചോദിക്കുമ്പോൾ   അവളുടെ   ഉള്ളിലെ   ആളൽ   ആ   ശബ്ദത്തിലൂടെ   തന്നെ   അഭി   തിരിച്ചറിഞ്ഞിരുന്നു.  അവളെ   എന്ത്   പറഞ്ഞാശ്വസിപ്പിക്കുമെന്നറിയാതെ   അവനിരുന്നു. 

”  ഞാനിനി   എന്ത്   ചെയ്യണം  ???  “

പെട്ടന്ന്   അവൾ   ചോദിച്ചു.  ആ   ചോദ്യത്തിന്   എന്ത്   മറുപടി   കൊടുക്കണമെന്നും   അവനപ്പോൾ   അറിയില്ലായിരുന്നു.  കുറേ   സമയം   കഴിഞ്ഞിട്ടും   അവനിലെ   നിശബ്ദത   അവളുടെ   ഉള്ള്   കീറിമുറിച്ചത്   കൊണ്ടാവാം   മറുപുറത്ത്   ഫോൺ   കട്ടായി. 

”  ബാലേട്ടാ…. “

ചിന്തകളിൽ   മുഴുകിയിരുന്ന   അയാളെ   നോക്കി   ശ്രീജ   പതിയെ   വിളിച്ചു.  അയാൾ   ഒന്ന്   മൂളി.

” കുറച്ചുദിവസം   മുൻപും   അഭിയുടെയും   ശ്രദ്ധയുടെയും   കാര്യത്തിൽ   ബാലേട്ടന്   എതിർപ്പൊന്നുമുണ്ടായിരുന്നില്ലല്ലോ   പിന്നിപ്പോ   പെട്ടന്നിതെന്ത്‌   പറ്റി  ???    ഈ   ഇരുപത്തിയെട്ട്   കൊല്ലത്തിനിടയിൽ   ഒരിക്കൽ   പോലും   ബാലേട്ടനിൽ   ഇങ്ങനൊരു   ഭാവം   ഞാൻ   കണ്ടിട്ടില്ലല്ലോ.  എന്താ   ഉണ്ടായതെന്ന്   എന്നോടെങ്കിലും   പറഞ്ഞുടേ ????  “

അയാളിലെ   ഭാവം   ഭയപ്പെടുത്തിയിരുന്നെങ്കിലും   അവർ   ചോദിച്ചു.  മേനോൻ   മറുപടിയൊന്നും   പറയാതെ    തലയിണയുടെ   അടിയിൽ   മടക്കി   വച്ചിരുന്ന   ആ   പേപ്പറെടുത്ത്   ശ്രീജയുടെ   കയ്യിലേക്ക്   കൊടുത്തു.  അയാളെ   ഒന്ന്   നോക്കിയിട്ട്   ശ്രീജയുടെ   മിഴികൾ   ആകാംഷയോടെ  അതിലൂടെ   ഒഴുകിനടന്നു.

”  ഇങ്ങനെയൊരു   ഊമക്കത്ത്  വിശ്വസിച്ചാണോ   ബാലേട്ടൻ   ഇത്രയും   കടുത്ത   തീരുമാനങ്ങളൊക്കെ   എടുത്തത് ???  “

അത്  വായിച്ച്   തീർന്നതും   മുഖം   ചുളിച്ച്   അയാളെ   ആദ്യം   കാണുന്നത്   പോലെ   നോക്കിക്കൊണ്ട്   ശ്രീജ   ചോദിച്ചു.

”  കാള   പെറ്റെന്ന്   കേട്ടാലുടൻ   കയറെടുക്കുന്നവനാണ്   ഞാനെന്നാണോ   ശ്രീജ  നീയും   കരുതിയിരിക്കുന്നതെന്ന് ???  “

അവരുടെ   മുഖത്തേക്ക്   നോക്കിയുള്ള   മേനോന്റെ   ചോദ്യം   ശാന്തമായിരുന്നുവെങ്കിലും   സ്വരം   ഉറച്ചതായിരുന്നു.  പിന്നെ   പതിയെ   മേനോൻ   പറഞ്ഞുതുടങ്ങി.  അദ്ദേഹത്തിന്റെ    വാക്കുകളെല്ലാം   കേട്ടതിന്   ശേഷം   ശ്രീജയ്ക്ക്   പറയാൻ   മറുപടിയൊന്നുമുണ്ടായിരുന്നില്ല. 

”  ഇനിയെന്താ   ബാലേട്ടാ   നമ്മള്   ചെയ്യുക ???  “

വേവലാതിയോടെ   ശ്രീജ    ചോദിച്ചു. 

” ഇനി   ചെയ്യാനൊന്നുമില്ല.  എത്രയും   വേഗം   അഭിയുടെ   വിവാഹം   നടത്തണം.  “

ദൃഡസ്വരത്തിൽ   മേനോൻ   പറഞ്ഞു.

”  അതിനിപ്പോ   പെട്ടന്നൊരു   പെൺകുട്ടി…”

”  ഉണ്ട്   ഞാനാകുട്ടിയുടെ   വീട്ടുകാരോട്   സംസാരിച്ചിരുന്നു.  അവർക്ക്   എതിർപ്പൊന്നുമില്ല   കുട്ടിയുടെ   സമ്മതം   കൂടിയറിഞ്ഞാൽ    മതി.  അവൾക്കും   ഇഷ്ടക്കുറവൊന്നുമുണ്ടാകാൻ   വഴിയില്ല.  “

ശ്രീജയുടെ   സംശയം   ദൂരീകരിച്ചുകൊണ്ട്   മേനോൻ   പറഞ്ഞു.

”  പക്ഷേ   പെൺകുട്ടി   ഏതാ  ???  “

ശ്രീജ   സംശയത്തോടെ   ചോദിച്ചു.

”  ജനകീമഹാദേവൻ  “

തുടരും……

 

അഭിരാമി അഭിയുടെ മറ്റു നോവലുകൾ

അഗസ്ത്യ

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!