Skip to content

നിൻ നിഴലായ് – ഭാഗം 5

nin-nizhalayi-novel

”  ജാനകിയോ  ???  “

ഒരുതരം   അമ്പരപ്പോടെ   ശ്രീജ   ചോദിച്ചു.

”  അതിനെന്താഡോ  ഇത്ര   ഞെട്ടാനുള്ളത് ???   അവൾ   നമ്മുടഭിയുടെ   ഭാര്യയാവുന്നത്   തനിക്കിഷ്ടമല്ലേ ???  “

”  എനിക്കെന്താ  ബാലേട്ടാ   ഇഷ്ടക്കുറവ്  ???  അവളും   നമ്മുടെ  മോളല്ലേ  ആ   അവൾ   നമ്മുടെ   വീടിന്   സ്വന്തമാകുന്നതിൽ   എനിക്ക്   സന്തോഷമേയുള്ളൂ.  പക്ഷേ    അഭി….  അവനവളെ   ഉൾകൊള്ളാൻ   കഴിയുമോ ???  “

മേനോന്റെ   ചോദ്യത്തിന്   മറുപടി   പറയുമ്പോൾ   ശ്രീജയിൽ    സന്തോഷവും   ആശങ്കയും   ഒരുപോലെ   നിറഞ്ഞ്   നിന്നിരുന്നു.

”  എനിക്കറിയാഡോ   അവനൊരു   പെൺകുട്ടിയെ   സ്നേഹിക്കുന്നുണ്ട്   അതുകൊണ്ട്   തന്നെ   മറ്റൊരു   പെണ്ണിനെ   അവളുടെ   സ്ഥാനത്ത്   കാണാൻ   അവന്   കുറച്ച്   ബുദ്ധിമുട്ടുണ്ടാകും   എന്നുവച്ച്   അവന്റെ   ജീവിതം   കൊണ്ട്   ചൂതാടാൻ   ഞാനാരെയും   സമ്മതിക്കില്ല.  എനിക്കുറപ്പുണ്ട്   ശ്രീജേ   അഭി   പതിയെ   എല്ലാം   തിരിച്ചറിയും   പിന്നെ   ജാനകിയെ   അവൻ   ഹൃദയത്തിൽ   തന്നെ   സ്വീകരിക്കും   “

ബാലചന്ദ്രമേനോന്റെ   വാക്കുകൾ   ശ്രീജയിൽ   ആശ്വാസത്തിന്റെ   കുളിര്   പടർത്തി.  അവർ   പതിയെ   അയാൾക്കരികിലേക്ക്   കിടന്നു.   ഉറക്കത്തിലേക്ക്   വഴുതി   വീഴുമ്പോഴും   അവരുടെ   മനസ്സിൽ   നിറയെ   അഭിയുടെയും   ജാനകിയുടെയും   വിവാഹമണ്ഡപമായിരുന്നു.  രാത്രി   വളരെ   വൈകിയുറങ്ങിയത്   കൊണ്ട്   അഭി   ഉണരുമ്പോൾ   സമയം   ഒരുപാടായിരുന്നു.  അവൻ   വേഗം   എണീറ്റ്   കുളിച്ച്   ഫ്രഷായി  ഓഫീസിൽ   പോകാൻ    റെഡിയായി   താഴേക്ക്   ചെന്നു.  അപ്പോഴേക്കും   എല്ലാവരും   ബ്രേക്ക്‌ ഫാസ്റ്റ്   കഴിക്കാനായി   ഡൈനിങ്ങ്   ടേബിളിന്   ചുറ്റും   നിരന്നിരുന്നു.

”  അഭീ….  നീ   കഴിക്കുന്നില്ലേ  ????  “

അങ്ങോട്ടൊന്ന്   നോക്കാതെ   പോലും   ബൈക്കിന്റെ   ചാവിയുമായി   പുറത്തേക്ക്   നടന്ന  അഭിജിത്തിനോടായി   ശ്രീജ   വിളിച്ചുചോദിച്ചു. 

”  വേണ്ടമ്മേ   സമയം   പോയി  “

പറഞ്ഞിട്ട്   മറുപടി   ശ്രദ്ധിക്കാതെ   അവൻ   ബൈക്കുമെടുത്ത്   പുറത്തേക്ക്   പോയി.  ശ്രദ്ധയുടെ   വീടിന്   മുന്നിലെത്തുമ്പോൾ   അവളെ   ഫേസ്   ചെയ്യാനുള്ള   ബുദ്ധിമുട്ട്   കൊണ്ട്    പതിവുള്ള   ഒരു   നോട്ടത്തിന്   പോലും   മിനക്കെടാതെ   അവൻ    കടന്നുപോയി.  വണ്ടി  മെയിൻ   റോഡിലേക്ക്   കയറിയിട്ടും   അവന്റെ   ശ്രദ്ധ    ഡ്രൈവിങ്ങിൽ   ആയിരുന്നില്ല.   ഉള്ള്   നിറയെ   ശ്രദ്ധയും    അവളോടൊപ്പം    നെയ്തുകൂട്ടിയ   സ്വപ്നങ്ങളുമായിരുന്നു.

എങ്ങനെയൊക്കെയോ   ഓഫീസിലെത്തി   അവൻ   നേരെ   തന്റെ   ക്യാബിനിലേക്ക്   പോയി.   ലാപ്ടോപ്   തുറന്ന്   ജോലികളിലേക്ക്   ഊളിയിടാൻ   ശ്രമിച്ചുവെങ്കിലും   ഉള്ളിലെ   വേവ്   അവന്റെ   തലച്ചോറിനെപ്പോലും   ബന്ധിച്ചിരുന്നു.  അവൻ   പതിയെ   എണീറ്റ്   എംഡി  യുടെ   റൂമിലേക്ക്   ചെന്നു. 

”  എന്താടാ   അഭി   നിനക്കൊരു   ക്ഷീണം   പോലെ  ???  “

കമ്പനി   എംഡി   ആയിരുന്നുവെങ്കിലും   അഭിയുമായി    ഒരു    തൊഴിലാളി   എന്നതിനപ്പുറം   ആത്മബന്ധമുണ്ടായിരുന്ന   കിരൺ   ചോദിച്ചു. 

”  ഏയ്   ഒന്നുമില്ല   കിരൺ.  എനിക്കിന്ന്   ലീവ്   വേണം   എന്തോ   നല്ല   മൂഡ്   തോന്നുന്നില്ല  “

അവന്റെ   മുന്നിലെ   കസേരയിൽ   തളർന്നിരുന്നുകൊണ്ട്   അഭിജിത്ത്   പറഞ്ഞു.  കിരൺ    അവന്റെ   മുഖത്തേക്ക്   സൂക്ഷിച്ചു   നോക്കി  . പിന്നെ  പതിയെ   സീറ്റിൽ   നിന്നുമെണീറ്റ്    അവന്റെ   അരികിലേക്ക്   വന്നു.

”  എന്താടാ   എന്താ   പ്രശ്നം  ???  ” 

അഭിയുടെ   തോളിൽ   തൊട്ടുകൊണ്ട്   അവൻ    ചോദിച്ചു.  അവന്റെ   കണ്ണുകളിലേക്കൊന്ന്   നോക്കിയിട്ട്   അഭിജിത്ത്   പതിയെ   പറഞ്ഞുതുടങ്ങി.

”  നിനക്കറിയാമല്ലോ   ശ്രദ്ധയുടെ   കാര്യം    എന്റെ   ഇഷ്ടങ്ങൾക്കൊന്നും   എന്റെ   വീട്ടിലാരും   തടസ്സം   നിൽക്കില്ല   എന്ന   വിശ്വാസം   കൊണ്ടാണ്   ഒപ്പം   കൂട്ടിക്കോളാമെന്ന്   ഞാനവൾക്ക്   വാക്ക്   കൊടുത്തത്.  പക്ഷേ   ഇപ്പോ   അച്ഛൻ   തന്നെ   ഞങ്ങളുടെ   ബന്ധത്തിനെതിരാണ്.  ഒരിക്കൽ   പോലും   ഞാൻ   കണ്ടിട്ടില്ലാത്ത   ഭാവത്തിലാണ്   അച്ഛനിന്നലെ   എന്നോട്   സംസാരിച്ചത്.  അത്   മാത്രമല്ല   ജാനകിയുടെ   കഴുത്തിൽ   ഞാൻ   താലി   കെട്ടണമെന്നുമാണ്   ഇപ്പോഴത്തെ   ആവശ്യം.  “

”  അല്ല   പെട്ടന്നങ്കിളിങ്ങനൊരു   തീരുമാനമെടുക്കാനുള്ള   കാരണം   നീ   ചോദിച്ചില്ലേ  ????   “

അവൻ   പറഞ്ഞതെല്ലാം   കേട്ടിരുന്നിട്ട്   കിരൺ   ചോദിച്ചു. 

”  എനിക്കൊന്നുമറിയില്ല  “

”  മ്മ്മ്    പിന്നെ   നീ   ചെല്ല്   പുറത്തൊക്കെയൊന്ന്   കറങ്ങുമ്പോൾ   നീയൊന്ന്    ഉഷാറാകും    “

അവന്റെ   പുറത്ത്    തട്ടിക്കൊണ്ട്   കിരൺ   പറഞ്ഞു.  ഓഫീസിൽ   നിന്നിറങ്ങി  ലക്ഷ്യമില്ലാതെ   ബൈക്കോടിക്കുമ്പോഴും   ഇനിയെന്തെന്നതിനെക്കുറിച്ച്   അവനൊരു    വ്യക്തതയുണ്ടായിരുന്നില്ല.

”  ഇന്നെന്താ   ടീച്ചറമ്മ   കോളേജിൽ   പോകാതിരുന്നത്  ???  “

അടുക്കളയിലേക്ക്   വരുമ്പോൾ   കറിക്ക്   നുറുക്കിക്കോണ്ടിരുന്ന   ശ്രീജയോടായി   ജാനകി   ചോദിച്ചു. 

”  എന്താ   ഞാനില്ലാത്ത   നേരം   നോക്കി   ഇന്നലത്തെപ്പോലെ   രണ്ടിനുംകൂടി   എങ്ങോട്ടെങ്കിലും     പോകാനുദ്ദേശമുണ്ടോ ????  “

തിരിഞ്ഞവളെ   നോക്കിക്കൊണ്ട്   ശ്രീജ   ചോദിച്ചു.

”  എന്റെ   പൊന്ന്   ടീച്ചറമ്മേ    ഞാനൊരു   കുശലം   ചോദിച്ചതാ   ഈ   പാവത്തെ    വിട്ടേക്ക്   “

പറഞ്ഞിട്ട്   ചിരിയോടെ   അവൾ   പുറത്തേക്ക്   നടന്നു.

”  മോളേ   ജാനീ….  “

പെട്ടന്നെന്തോ   ഓർത്തപോലെ   ശ്രീജ   വിളിച്ചു.  ജാനകി   പെട്ടന്ന്   തിരിഞ്ഞുനിന്നു .

”  ടീച്ചർക്കെന്തോ   സാധിക്കാനുണ്ടല്ലോ   അല്ലേ   ഇത്ര   സ്നേഹത്തോടെ   വിളിക്കോ  ???  “

പുഞ്ചിരിയോടെ   ചോദിച്ചുകൊണ്ട്   അവൾ   അകത്തേക്ക്   തന്നെ   വന്ന്   അവരുടെ   അരികിലായി   സ്ലാബിൽ   ചാരി   നിന്നു. 

”   അഭിയെക്കുറിച്ച്   മോൾടെ   അഭിപ്രായമെന്താ  ???  “

പെട്ടന്നുണ്ടായ   ആ   ചോദ്യം   കേട്ട്   അവളൊന്നമ്പരന്നു.  പിന്നെ    എന്ത്   പറയണമെന്നറിയാതെ   അല്പനേരം   നിന്നു. 

”  സൽഗുണസമ്പന്നനായ   ശ്രീമംഗലത്തേ   അഭിജിത്ത്  ബാലചന്ദ്രമേനോനെപ്പറ്റി   ഈ   മരംകേറിയെന്ത്‌   പറയാൻ  ???  “

വാക്കിലും   നോക്കിലും   കുസൃതി   നിറച്ചുകൊണ്ട്   അവൾ   ചോദിച്ചു.

”  ജാനീ…. ഞാൻ   തമാശയല്ല   ചോദിച്ചത്.   എന്റഭിയുടെ   പെണ്ണായി   ഈ   വീട്ടിൽ   ജീവിക്കാൻ   നീ   തയ്യാറാണോ  ???  “

ഗൗരവം   തുളുമ്പുന്ന   ശ്രീജയുടെ   വാക്കുകൾ   ജാനകിയുടെ   ഉള്ളൊന്നുലച്ചു.  ഒരുപാട്   വർഷം   ഉള്ളിൽ   നട്ടുനനച്ചുവളർത്തിയ  തന്റെ   പ്രണയമാണ്   കയ്യെത്തും ദൂരത്ത്.  പക്ഷേ   അപ്പോഴും   എന്ത്   മറുപടി   പറയണമെന്നവൾക്കറിയില്ലായിരുന്നു. 

”  ആന്റിയെന്തൊക്കെയാ   ഈ   ചോദിക്കുന്നത്   അപ്പോൾ   ശ്രദ്ധ…..  “

അവളുടെ   വാക്കുകൾ   പാതിയിൽ   മുറിഞ്ഞു.  അത്   കേട്ട്   ശ്രീജയിൽ  നിന്നും    ഒരു   ദീർഘനിശ്വാസമുയർന്നു.

”  ആ   ബന്ധം   ഒരിക്കലും   നടക്കില്ല    മോളേ.  അവനവളെ   സ്നേഹിച്ചുവെന്നത്   നേരാണ്.   പക്ഷേ   സ്വന്തം   മകന്റെ   ജീവിതം   കൊണ്ടൊരു   പരീക്ഷണത്തിന്   ഞങ്ങൾ   തയ്യാറല്ല.   അതിന്   കാരണം   മോളിപ്പോ    ഞങ്ങളോട്   ചോദിക്കരുത്.   എനിക്കുറപ്പുണ്ട്   അഭിയുടെ    നല്ല   ഭാര്യയാവാൻ   നിനക്ക്    കഴിയുമെന്ന്   “

അവളുടെ   മുടിയിൽ   തലോടിക്കൊണ്ട്   ശ്രീജ   പറയുമ്പോൾ   ആ   കണ്ണുകളിലേക്ക്   തന്നെ   നോക്കിനിൽക്കുകയായിരുന്നു   ജാനകി.

”  മോൾക്ക്   അവനോട്   ഇഷ്ടക്കുറവൊന്നുമില്ലെന്ന്    അമ്മ   വിശ്വസിച്ചോട്ടേ  ??? “

ജാനകിയുടെ   മൗനം   കണ്ട്   ശ്രീജ   വീണ്ടും   ചോദിച്ചു.

”  എന്റെ   പ്രാണനെ   എനിക്കെങ്ങനെ   ഇഷ്ടപ്പെടാതിരിക്കാൻ   കഴിയും   “

ആ   വാക്കുകൾ   അവളുടെ   ഹൃദയത്തിന്റെ   അടിത്തട്ടിൽ   അലയടിച്ചുകൊണ്ടിരുന്നു. 

”  അവൾക്കൊരിഷ്ടക്കുറവുമില്ല.  പെട്ടന്നിങ്ങനെ   കേട്ടപ്പോൾ   അവളുടെ   കിളികളെല്ലാംകൂടി     കൂട്ടത്തോടെ   പറന്നുകാണും   അത്രേയുള്ളൂ.   “

പറഞ്ഞുകൊണ്ട്     ചിരിയോടെ   അങ്ങോട്ട്   വന്ന   അപർണയുടെ   മുഖം   സന്തോഷം   കൊണ്ട്   വെട്ടിത്തിളങ്ങിയിരുന്നു.   അപ്പോഴും   ഒരു   മറുപടി   പറയാൻ   കഴിയാതെ   കുഴങ്ങി   നിൽക്കുകയായിരുന്നു   ജാനകി. 

”  എന്തുവാ   എന്റെ   നാത്തൂനേ   ഈ   ആലോചിച്ചുകൂട്ടുന്നത്   “

അവളുടെ   നിൽപ്പ്   കണ്ട്   ചിരിയോടെ   അപർണ   ചോദിച്ചു.  അതിനൊരു    വിളറിയ   ചിരി   മാത്രമായിരുന്നു    ജാനകിയുടെ   പ്രതികരണം.

”  നീയിങ്ങോട്ട്   വന്നേ   ഞാനൊരു   കാര്യം   പറയട്ടെ    “

ജാനകിയുടെ   കയ്യിൽ   പിടിച്ച്   പുറത്തേക്ക്   നടക്കുമ്പോൾ   അപർണ   പറഞ്ഞു. 

”  എന്റെ   ദേവീ…. എല്ലാം   ഭംഗിയായിത്തന്നെ    കലാശിക്കേണമേ….”

അവർ   പുറത്തേക്ക്   പോകുന്നത്   നോക്കിനിന്ന   ശ്രീജ   പ്രാർത്ഥിച്ചു.

”  നീയെന്താഡീ   ഇങ്ങനെ   പന്തം   കണ്ട  പെരുച്ചാഴിയെപ്പോലെ   നിക്കുന്നത്  ????   എടി   പോത്തേ   നിന്റെം   അഭിയേട്ടന്റേം   കല്യാണക്കാര്യാ    അമ്മയീ   പറഞ്ഞത്  എന്നിട്ട്   നിനക്കെന്താ   ഒരു   വികാരമില്ലാത്തത് ???  “

നിർവികാരതയോടെ   നിന്ന   ജാനകിയുടെ   ചുമലിൽ   പിടിച്ചുകുലുക്കിക്കൊണ്ട്    അപർണ   പറഞ്ഞു.

”  എനിക്കറിയാടാ   പക്ഷേ….  “

”  ഇനിയെന്താ   ഒരു   പക്ഷേ  ???   നീയൊരുപാട്   സ്വപ്നം   കണ്ട   ജീവിതമല്ലേ   മോളേ   ഇപ്പോ   എല്ലാരുടേയും   അനുഗ്രഹത്തോടെ   നിന്റെ   കൈക്കുമ്പിളിലേക്ക്    കിട്ടാൻ   പോകുന്നത്  എന്നിട്ടും   നിനക്കെന്താ   ഒരു   സന്തോഷമില്ലാത്തത്  ???  “

ജാനകിയുടെ   ഇരുകവിളിലും   കൈകൾ   ചേർത്തുകൊണ്ട്   അപർണ   ചോദിച്ചു.

”  ശരിയാണ്   ഞാൻ    സ്വപ്നം   കണ്ടജീവിതം   തന്നെയാണ്   പക്ഷേ   അപ്പൂ… ഈ   ജീവിതം   ആഗ്രഹിച്ചതും   സ്വപ്നം   കണ്ടതും    ഞാൻ    മാത്രമാണ്.   അഭിയേട്ടന്റെ   സ്വപ്നത്തിലും   ഒരു   ജീവിതമുണ്ടായിരുന്നു.   പക്ഷേ   അവിടെ   അഭിയേട്ടന്റെ    നല്ലപാതി    ശ്രദ്ധയായിരുന്നില്ലേ     ഞാനല്ലല്ലോ “

അപർണയുടെ   കണ്ണിലേക്ക്   നോക്കിയത്   ചോദിക്കുമ്പോൾ   ജാനകിയുടെ   മിഴികളിൽ   നീർമുത്തുകൾ   ഉരുണ്ടുകൂടിയിരുന്നു.  അവളുടെ   ആ   ഭാവം   അപർണയെയും   വിഷമിപ്പിച്ചു.  

”  വിഷമിക്കല്ലേടാ   എല്ലാം   ശരിയാകും.  ഒരിക്കലും   കിട്ടില്ലെന്ന്   കരുതിയ   ലൈഫ്    നിനക്ക്   കിട്ടാൻ   പോവല്ലേ   അതുപോലെ   അഭിയേട്ടന്റെ   സ്നേഹവും   നിനക്ക്   കിട്ടും.  ഇപ്പൊ   തല്ക്കാലം   നീയൊന്നും   ആലോചിക്കണ്ട   എല്ലാം   നല്ലതിനാണെന്ന്   സമാധാനിക്കാം  “

ജാനകിയെ    നെഞ്ചോട്   ചേർത്തുകൊണ്ട്   അവൾ   പറഞ്ഞു.   വൈകുന്നേരത്തോടെ   അഭി   വീട്ടിലേക്ക്   വരുമ്പോൾ      ഗേറ്റിന്   മുന്നിൽ   തന്നെ    ശ്രദ്ധ   നിന്നിരുന്നു.  ദൂരെനിന്നേ   അവനെ    കണ്ട്   അവൾ   അല്പം    മുന്നോട്ട്   വന്നു.   അവളുടെ   അരികിലായി   ബൈക്ക്   നിർത്തുമ്പോൾ   എന്തുപറഞ്ഞവളെ   ആശ്വസിപ്പിക്കുമെന്നറിയാതെ   അവന്റെ   ശിരസ്സ്   കുനിഞ്ഞിരുന്നു.

”  ഫോണിൽ   വിളിച്ചാൽ   എന്റെ   ചോദ്യങ്ങൾക്കൊന്നും   ഉത്തരം   കിട്ടില്ലെന്നറിയാവുന്നത്   കൊണ്ടാണ്   ഇവിടെ   കാത്തുനിന്നത്  “

പതിഞ്ഞ  സ്വരത്തിൽ   അവളത്   പറയുമ്പോൾ   അഭിജിത്ത്   ദയനീയമായി   അവളെയൊന്ന്     നോക്കി.

”  ശ്രദ്ധ   ഞാൻ….. “

”  വേണ്ടഭിയേട്ടാ   എനിക്ക്   മനസ്സിലാകും     എന്നോടുള്ള    പ്രണയത്തിലും   മുകളിലാണ്   അഭിയേട്ടന്    അച്ഛനോടുള്ള   സ്നേഹമെന്ന്.   അതിൽ    ഞാനൊരിക്കലും   കുറ്റം   പറയില്ല  ഒരു   നല്ല    മകൻ    അങ്ങനെതന്നെയാണ്   വേണ്ടത്.  രണ്ടിലൊന്ന്   സ്വീകരിക്കേണ്ടതായി    വരുമ്പോൾ    രണ്ടിൽ    താഴ്ന്ന്    നിൽക്കുന്ന   തട്ടിനെ   തന്നെയാണ്    സ്വീകരിക്കേണ്ടത്.  “

ഓരോ   വാക്കുകൾ    പറയുമ്പോഴും   പുഞ്ചിരിക്കാൻ   അവൾ   ശ്രമിച്ചിരുന്നുവെങ്കിലും   പലപ്പോഴും   അവൾ   പരാചയപ്പെട്ടുകൊണ്ടേയിരുന്നു.  മിഴികൾ   നിറഞ്ഞൊഴുകാതിരിക്കാൻ   അവൾ   വല്ലാതെ   ബുദ്ധിമുട്ടുന്നതായി   അവന്   തോന്നി.

”  ആഹ്   പിന്നേ   എന്നെ   കല്യാണത്തിന്   വിളിക്കാതിരിക്കരുത്   കേട്ടോ   “

മുഖത്ത്   പുഞ്ചിരിയുടെ   ആവരണമണിയാൻ   അവൾ   ശ്രമിച്ചുവെങ്കിലും   സ്വയമറിയാതെ    നിറഞ്ഞ   മിഴികൾ    അവനിൽ   നിന്നും    മറയ്ക്കാനായി . അവൾ    വേഗത്തിൽ   തിരിഞ്ഞ്   അകത്തേക്ക്   കയറിപ്പോയി.

കുറച്ചുനേരം   കൂടി   അവിടെത്തന്നെ   നിന്നിട്ട്   വണ്ടി    മുന്നോട്ടെടുക്കുമ്പോൾ   കണ്ണിലെ   നനവ്   അഭിയുടെ   കാഴ്ചയെ   മറച്ചിരുന്നു.

രാത്രി   ശ്രീജയുടെ   നിർബന്ധത്തിന്   വഴങ്ങി    എല്ലാവർക്കുമൊപ്പം   അത്താഴം   കഴിക്കാനിരിക്കുമ്പോഴും   അഭിജിത്ത്    മൗനത്തിന്റെ   മൂടുപടമണിഞ്ഞിരുന്നു.  ജാനകിയുടെ   മിഴികൾ   ഇടയ്ക്കിടയ്ക്ക്   അവനെ   തേടിച്ചെന്നുകൊണ്ടിരുന്നു.  ആ   മുഖത്തെ   വേദന   അവളുടെ   ഉള്ള്    പൊള്ളിച്ചുകൊണ്ടിരുന്നു.

പിന്നീടെല്ലാം   പെട്ടന്നായിരുന്നു.  ജാനകിയുടെ   അച്ഛൻ   മഹാദേവനും   അമ്മ   സിന്ധുവുമെല്ലാം   നാട്ടിലെത്തി.  ബാലചന്ദ്രമേനോന്റെ    തീരുമാനപ്രകാരം    നിശ്ചയവും   വിവാഹവും   ഒരുമിച്ച്   തന്നെ   നടത്താമെന്ന്   തീരുമാനമായി.  രണ്ടാഴ്ചകൊണ്ട്   തന്നെ   പർച്ചേസും   ഓഡിറ്റോറിയം   ബുക്ക്   ചെയ്യലും   ക്ഷണവുമെല്ലാം    എല്ലാവരും   കൂടി   ഓടി   നടന്ന്   പൂർത്തിയാക്കി.   എല്ലാത്തിനും   അഭിജിത്തും   ജാനകിയും    പാവയെപ്പോലെ   നിന്നുകൊടുത്തു.   അങ്ങനെ   ആ   ദിവസം   വന്നെത്തി .

”  അമ്മേ….  “

വിവാഹമണ്ഡപത്തിലേക്കിറങ്ങാനൊരുങ്ങുമ്പോൾ   സിന്ധുവിന്റെ   കൈകളിൽ   പിടിച്ചുകൊണ്ട്   ജാനകി   വിളിച്ചു.

”  എന്താ   മോളേ… “

ചോദിച്ചുകൊണ്ട്   സിന്ധു   അരികിലേക്ക്   വന്നതും   എന്തുകൊണ്ടോ   ജാനകിയുടെ   മിഴികൾ   നിറഞ്ഞു.  അവളവരുടെ  അരക്കെട്ടിൽ   ചുറ്റിപ്പിടിച്ച്   ഒരു   കൊച്ചുകുഞ്ഞിനെപ്പോലെ   കരഞ്ഞു. 

”  എന്താടാ  …. “

അവളെ   ചേർത്ത്   പിടിച്ച്   മൂർധാവിൽ   ചുണ്ടമർത്തിക്കൊണ്ട്   സിന്ധു   ചോദിച്ചു.  മറുപടി   പറയാൻ   കഴിയാതെ    അവൾ   വിങ്ങിപ്പൊട്ടി.

”  എന്താ   മോളേയിത്   മുഹൂർത്തസമയത്തൊരു   കരച്ചിൽ  ???   “

തിടുക്കപ്പെട്ടങ്ങോട്ട്‌   വന്ന്കൊണ്ട്    ശ്രീജ   ചോദിച്ചു.

”  അവൾക്കൊരു   വിഷമം   പോലെ   “

ജാനകിയുടെ    തലയിൽ   തലോടിക്കൊണ്ട്   സിന്ധു   പറഞ്ഞു.

”  എന്തിനാ   മോളെ   വിഷമിക്കുന്നത്.  ഇനി   ഞങ്ങളെല്ലാം   മോളുടെ   സ്വന്തമല്ലേ  ???   “

സ്നേഹത്തോടെ   അവളെ   ചേർത്തുപിടിച്ചുകൊണ്ട്   ശ്രീജയത്   പറയുമ്പോൾ   സന്തോഷം   കൊണ്ട്   സിന്ധുവിന്റെ   മിഴികൾ   നിറഞ്ഞു. 

”  മുഹൂർത്തമായി   കുട്ടിയെ   ഇറക്ക്   “

അകത്തേക്ക്   തല   നീട്ടി   ആരോ   പറയുന്നത്   കേട്ട്   ജാനകിയെ   വേഗം   മണ്ഡപത്തിലേക്ക്   കൊണ്ടുവന്നു.  സദസ്സിന്   നേരെ   കൈകൾ   കൂപ്പി   അഭിയുടെ   ഇടതുഭാഗത്തായി   ഇരിക്കുമ്പോൾ   അവളുടെ   ഉടൽ   വിറച്ചു.  തല   പതിയെ   ചരിച്ച്   അവനെ   നോക്കുമ്പോൾ   എല്ലാവരോടുമുള്ള   പകയിൽ  ആ   മിഴികൾ   ജ്വലിച്ചുകൊണ്ടിരിക്കുകയായിരുന്നു. 

”  താലി   വാങ്ങിക്കോളൂ….  “

അത്   കേട്ട്   മേനോൻ   എടുത്ത്   നൽകിയ   താലി   വാങ്ങുമ്പോൾ   അഭിയുടെ   കൈകൾ   വല്ലാതെ   തളർന്നിരുന്നു.  ആ   താലി   ജാനകിയുടെ   മാറിലേക്ക്   നീളുമ്പോൾ   അറിയാതെ   അഭിയുടെ   കണ്ണുകൾ   ശ്രദ്ധയെത്തേടിച്ചെന്നു.   വേദിയുടെ  മുന്നിൽ   തന്നെയിരുന്നിരുന്ന   ആ   ചുവന്ന   മിഴികളിൽ   കണ്ണീർ   പാട   കെട്ടിയിരുന്നു.  തന്റെ   കഴുത്തിൽ   താലി    ചാർത്തുമ്പോഴും   അവന്റെയുള്ളിൽ   മറ്റൊരുവളാണെന്ന   തിരിച്ചറിവോടെ   തന്നെ   അവന്റെ   താലിക്ക്   മുന്നിൽ   ജാനകി   ശിരസ്സ്   കുനിച്ചു.  സീമന്തരേഖയിലെ    സിന്ദൂരച്ചുവപ്പിനൊപ്പം   അവന്റെ   വിരലിന്റെ    തണുപ്പ്   അവളുടെ   ആത്മാവിലേക്കരിച്ചിറങ്ങി.  അപ്പോൾ   അത്   കണ്ടിരുന്ന   ശ്രദ്ധയുടെ   മിഴികളിൽ   നൊമ്പരത്തിനുമപ്പുറം   എരിഞ്ഞുകൊണ്ടിരുന്ന    പക    ആരും  കണ്ടില്ല.

തുടരും…..

(  അഭിയും   ശ്രദ്ധയും   ഒന്നിക്കുമെന്ന്   പ്രതീക്ഷിച്ചവരോട് ,  അഭിയുടെ   പ്രണയവും   പ്രാണനുമെല്ലാമായവൾ   അവൾ   മാത്രമാണ്   ജാനകി… )

 

അഭിരാമി അഭിയുടെ മറ്റു നോവലുകൾ

അഗസ്ത്യ

4.8/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!