Skip to content

നിൻ നിഴലായ് – ഭാഗം 8

nin-nizhalayi-novel

അന്ന്   അഭിജിത്ത്   വീട്ടിലെത്തുമ്പോൾ   രാത്രി   വളരെ  വൈകിയിരുന്നു.  എല്ലാമുറികളിലേയും   ലൈറ്റുകൾ  ഓഫായിരുന്നു.  ബൈക്ക്   പോർച്ചിൽ   വച്ച്   അകത്തേക്ക്   കയറുമ്പോൾ   മദ്യപിച്ച്   ലക്ക്  കെട്ടിരുന്ന  അവന്റെ   കാലുകൾ    ഇടറിയിരുന്നു.  അവൻ   ശബ്ദമുണ്ടാക്കാതെ    മുൻ   വാതിൽ   തള്ളിത്തുറന്ന്   അകത്തേക്ക്   കയറി.  അകത്തും   വെളിച്ചമൊട്ടുമുണ്ടായിരുന്നില്ല.  പക്ഷേ   ലിവിങ്  റൂമിൽ   അരണ്ട   വെളിച്ചമുണ്ടായിരുന്നു.  അവൻ   വേച്ചുവേച്ച്   അങ്ങോട്ട്   നടന്നു.  അവിടെ   സോഫയിലിരുന്ന്   ടീവി   കാണുകയായിരുന്ന   ജാനകി   പിന്നിൽ   കാൽ    പെരുമാറ്റം   കേട്ട്   ഞെട്ടിത്തിരിഞ്ഞു. 

”  ഓഹ്   എത്തിയോ  ശ്രീമംഗലത്തെ   സൽപുത്രൻ  ???  “

അവനെ   കണ്ട്  പുച്ഛത്തോടെ   ചോദിച്ചിട്ട്    അവൾ   വീണ്ടും   ടീവിയിലേക്ക്   തന്നെ   നോക്കിയിരുന്നു. 

”  എന്താടീ   നിനക്കൊരു   പുച്ഛം  ????  “

  ചോദ്യം   കേട്ട്   അവൾ   വീണ്ടും   അവന്റെ   നേർക്   പുച്ഛം   നിറഞ്ഞ   ഒരു   നോട്ടമെറിഞ്ഞുകൊണ്ട്     ടീവിയിലേക്ക്   തന്നെ   മിഴിയൂന്നി.  പിന്നീടവിടെ   നിൽക്കാതെ   അഭിജിത്ത്   പതിയെ   മുകളിലേക്ക്   നടന്നു. 

”  അതേ…. പോയി   കുളിച്ചിട്ട്   വന്ന്   കിടന്നാൽ   മതി.  ” 

മുറിയിൽ   വന്ന്   നേരെ   കിടക്കയിലേക്ക്   വീഴാനൊരുങ്ങിയ   അഭിയോടായി   പിന്നാലെ   കയറി   വന്ന  ജാനകി   പറഞ്ഞു.  ശബ്ദം   കേട്ട്   അവൻ   തിരിഞ്ഞുനോക്കുമ്പോൾ   വാതിലിൽ   ചാരി   നിൽക്കുകയായിരുന്നു   അവൾ.

”  അത്   പറയാൻ   നീയാരാഡീ ???  “

”  ഞാനാരാണെന്ന്   നിങ്ങൾക്കറിയില്ലെങ്കിൽ   പോയി   നിങ്ങടച്ഛനോട്   ചോദിക്ക്.   “

”  ഡീ…..  “

അവളുടെ   മറുപടി   കേട്ട്   അവൻ   കയ്യോങ്ങിക്കൊണ്ട്   അവളുടെ  നേരെ   ചെന്നു. 

”  അയ്യോ   അച്ഛാ   ഓടി   വരണേ….  ഈ   അഭിയേട്ടനെന്നെ…. “

”  ഒന്ന്   നാവടക്കഡീ   അലവലാതി   മനുഷ്യനെ   കൊലക്ക്   കൊടുക്കാതെ   “

പെട്ടന്ന്   നിലവിളിച്ച   അവളെ   ചുറ്റിപ്പിടിച്ച്   മറുകൈകൊണ്ട്   വായ   പൊത്തിക്കോണ്ട്   അവൻ   പറഞ്ഞു.  അപ്പോഴേക്കും   മേനോന്റെ   മുറിയിൽ   ലൈറ്റ്   തെളിഞ്ഞു.  അതുകണ്ട   അഭിയവളെ    വലിച്ചകത്തേക്ക്   കയറ്റി   വേഗത്തിൽ   വാതിലടച്ച്   ബോൾട്ടിട്ടു. 

”  അപ്പോ   പേടിയുണ്ട്  “

അവന്റെ   കയ്യിൽ   നിന്നും   കുതറി   മാറിക്കൊണ്ട്   അവൾ    പറഞ്ഞു. 

”  പേടി   നിന്റച്ഛന്   “

”  ദേ…. എന്റച്ഛന്   പറഞ്ഞാലുണ്ടല്ലോ   “

”  പറഞ്ഞാൽ   നീയെന്ത്   ചെയ്യൂമെഡീ  ????  “

”  ഒന്നും    ചെയ്യില്ല    നേരെ   അച്ഛന്റെ   മുറിയിലേക്കങ്ങ്  ചെല്ലും   “

അവൾ   പറഞ്ഞത്   കേട്ട്   ഒന്നും   മിണ്ടാതെ   അവൻ   ബെഡിലേക്ക്   കയറിക്കിടന്നു.

”  മര്യാദക്ക്   പോയിക്കുളിച്ചിട്ട്‌   കിടന്നോ  കള്ളുംകുടിച്ച്   വാളും   വച്ച്   കിടക്കുന്ന  നിങ്ങടെ   കൂടെക്കിടക്കാൻ   എനിക്കൊന്നും   പറ്റില്ല   “

”  എനിക്ക്   മനസ്സില്ലെഡീ….  എന്റെ   കൂടെക്കിടക്കാൻ   ഞാൻ   നിന്നെ   വിളിച്ചോ.  പോയി  വല്ല   തറയിലും   കിടക്കെഡീ   “

അവളെ   നോക്കി   പറഞ്ഞിട്ട്   അവൻ   ചുമരിന്   നേരെ   തിരിഞ്ഞ്   കിടന്നു.  അവനെ   നോക്കി   നിന്ന്   തറയിലൊന്നാഞ്ഞ്   ചവിട്ടിയിട്ട്   ലൈറ്റണച്ചിട്ട്‌   അവളും   വന്ന്   ബെഡിലേക്ക്   കിടന്നു.

”  ദൈവമേ…   എന്റെ   വിധി   അല്ലേൽ   ഈ   നാറ്റമൊക്കെ   സഹിക്കേണ്ട   വല്ല   കാര്യവുമെനിക്കുണ്ടോ  ????  “

തല   ചരിച്ച്   അവനെ   ഒന്ന്   നോക്കിയിട്ട്   അവൾ   പറഞ്ഞു.   പെട്ടന്ന്    അവളുടെ   നേരെ   തിരിഞ്ഞുവന്ന   അഭിജിത്ത്   അവളെ   കൈകൾക്കുള്ളിലൊതുക്കി.  പെട്ടന്നുള്ള    അവന്റെ   ആ   പ്രവർത്തിയിൽ   ജാനകിയൊന്ന്   ഞെട്ടി.   അവളുടെ    ശരീരത്തിലൂടെ   ഒരു   മിന്നൽപ്പിണർ    പാഞ്ഞുപോയി. 

”  അഭിയേട്ടാ   വിട് ….  “

അവൾ   പതിഞ്ഞ   സ്വരത്തിൽ   പറഞ്ഞു.

”  അടങ്ങിക്കിടക്കെഡീയവിടെ   ഇന്നീ   നാറ്റം   സഹിച്ചുറങ്ങിയാ   മതി   നീ….  “

അവളെ   ഒന്നുകൂടി   കൈകൾക്കുള്ളിലമർത്തി   മുഖം   അവളുടെ   കഴുത്തിലേക്ക്   പൂഴ്ത്തിവച്ച്   കിടക്കുമ്പോൾ    അഭി   പറഞ്ഞു.  പിന്നീട്   ജാനകിയും   എതിർക്കാൻ   നിന്നില്ല.  മുറിയിലേ   അരണ്ട   വെളിച്ചത്തിൽ   അവനെത്തന്നെ   നോക്കി   ആ   കൈകൾക്കുള്ളിലൊതുങ്ങി   കിടക്കുമ്പോൾ   അറിയാതെ   ജാനകിയുടെ   മിഴിക്കോണിലൊരുറവ   പൊട്ടി.  ആ   കരവലയത്തിന്റെ   സുരക്ഷിതത്വത്തിൽ   കവിളോരം   അവന്റെ    ശ്വാസത്തിന്റെ   ചൂടേറ്റ്   കിടന്ന്   രാത്രിയുടെ   ഏതോ   യാമത്തിൽ   അവളും   ഉറക്കത്തിലേക്ക്   വഴുതി   വീണു.  പുലർച്ചെ   ജാനകി   കണ്ണ്   തുറക്കുമ്പോഴും   അഭിയുടെ   അവളിലേ   പിടുത്തം   അയഞ്ഞിരുന്നില്ല.     നിഷ്കളങ്കമായി   ഉറങ്ങുന്ന   അവനെയൊന്ന്   നോക്കിയിട്ട്    ആ   കൈകൾ   പതിയെ   അടർത്തി   മാറ്റി   അവൾ   എണീറ്റു.  അവൾ   താഴേക്ക്   പോയി    പിന്നെയും   ഒരുപാട്   കഴിഞ്ഞായിരുന്നു   അഭി   ഉണർന്നത്.   കണ്ണ്   തുറന്നപ്പോൾ    തന്നെ   തലേദിവസം   രാത്രിയിലെ   സംഭവങ്ങളൊക്കെ   അവന്റെ   മനസ്സിലൂടെ   കടന്നുപോയി.  അവളെ   കൈയ്യിലൊതുക്കി   ആ   കഴുത്തിൽ   മുഖമമർത്തിക്കിടന്നതോർത്തപ്പോൾ   വല്ലാത്തൊരു    നാണക്കേട്   തോന്നിയവന്.

ഞായറാഴ്ചയായത്   കൊണ്ട്   ശ്രീമംഗലത്ത്   എല്ലാവരുമുണ്ടായിരുന്നു.  മേനോനും   അഭിയും   കൂടി    എന്തൊക്കെയോ   സംസാരിച്ചുകൊണ്ട്   ലിവിങ്   റൂമിലിരിക്കുമ്പോഴാണ്   പുറത്ത്   കാളിങ്   ബെല്ല്   ചിലച്ചത്. 

”  ആരാന്ന്   നോക്ക്   മോളെ  “

അടുക്കളയിൽ   നിന്നും   അങ്ങോട്ട്   വന്ന   ജാനകിയോടായി   മേനോൻ   പറഞ്ഞു.  അത്   കേട്ട്   അവൾ   വേഗം   വാതിലിനരികിലേക്ക്   നടന്നു.  വാതിൽ   തുറക്കുമ്പോൾ    പുറത്ത്    മുണ്ടും   ഷർട്ടും   ധരിച്ച    മധ്യവയസ്കനായ   ഒരാൾ   നിന്നിരുന്നു.  വാതിൽ   തുറക്കുന്ന   ശബ്ദം   കേട്ട്   പുറത്തേക്ക്   നോക്കി   നിന്നിരുന്ന   അയാൾ   വേഗം   തിരിഞ്ഞു. 

”  അഭിമോന്റെ   ഭാര്യയാ   അല്ലേ  ???  “

ജാനകിയെ   നോക്കി   പുഞ്ചിരിയോടെ   അയാൾ   ചോദിച്ചു. 

”  മ്മ്മ്….  “

”  നിങ്ങടെ   കല്യാണത്തിന്   വരാൻ   പറ്റിയില്ല   മോളെ   കുറച്ച്   തിരക്കായിരുന്നു.  “

അയാൾ   പറഞ്ഞുകൊണ്ടേയിരുന്നു.  ഒരു   ചെറുചിരിയോടെ   ജാനകിയെല്ലാം   കേട്ടുനിന്നു.

” മേനോൻസാറില്ലേ   മോളേ   ????  “

”  അച്ഛനകത്തുണ്ട്   വരൂ….  “

പറഞ്ഞുകൊണ്ട്   ജാനകി    അകത്തേക്ക്    കയറി.  ഒപ്പം  അയാളും. 

”  ആരാ   മോളേ    വന്നത്  ???  “

”  ഞാനാ   മേനോൻ   സാറെ… “

ജാനകിയോടായുള്ള   മേനോന്റെ   ചോദ്യത്തിന്   അകത്തേക്ക്   വന്ന   അയാൾ   തന്നെയാണ്   മറുപടി   പറഞ്ഞത്.

”  ആഹാ   ചന്ദ്രനങ്കിളായിരുന്നോ   വാ    അങ്കിളെ   ഇരിക്ക്   “

അയാളെ   കണ്ടതും   ഇരിപ്പിടത്തിൽ   നിന്നും   എണീറ്റുകൊണ്ട്   അഭിജിത്ത്   പറഞ്ഞു.  ഒരു   ചിരിയോടെ   ചന്ദ്രൻ   മേനോനെതിരെ   സോഫയിൽ   ഇരുന്നു. 

”  തന്നെ   കുറേക്കാലമായല്ലോ   ഇങ്ങോട്ടൊക്കെ   കണ്ടിട്ട്   എന്താടോ   വിശേഷം  ???  “

മേനോൻ   ചോദിച്ചു.

”  ഓ   ഒന്നും   പറയണ്ട   സാറെ   ഒരു   കല്യാണം   നടത്താനുള്ള   ഓട്ടത്തിലായിരുന്നു.  ഇപ്പൊ   മാട്രിമോണിയൊക്കെ    വന്നപ്പോൾ   നമ്മള്   പാവപ്പെട്ട   ബ്രോക്കർമാർക്ക്   ഡിമാൻഡ്   പോരല്ലോ.  വല്ലപ്പോഴും   ഒരു   കല്യാണം   ഒത്താലൊത്തു.  “

അയാൾ   പറയുന്നതൊക്കെ   കേട്ട്   ചിരിയോടെ   മേനോനും   അഭിയുമിരുന്നു. 

”  വർത്തമാനം   പറഞ്ഞിരുന്ന്   വന്ന   കാര്യമങ്ങ്   വിട്ടുപോയി.  ഞാനിവിടുത്തെ   അപർണ   മോൾക്കൊരാലോചനയും    കൊണ്ടാ   വന്നത്.  മോളേ   പയ്യനേതോ   കല്യാണത്തിന്   കണ്ടിഷ്ടപ്പെട്ടതാ.  അവരുടെ   വീട്ടുകാർക്കും   താല്പര്യമാണ്.   വല്യ   തറവാട്ടുകാരാ. പയ്യൻ   ഡോക്ടറാണ്.  ഒരനിയത്തിയുണ്ട്   അതിനെ   കെട്ടിച്ചതാണ്.  ഇനിയുള്ളതെല്ലാം   ഈ   പയ്യനാണ്.  “

അയാൾ   പറഞ്ഞതെല്ലാം   കേട്ട്   പരസ്പരം   നോക്കിയിരിക്കുകയായിരുന്നു    മേനോനും   അഭിയും. 

”  പയ്യനാളെങ്ങനാഡോ  ???  “

”  ഒന്നും   പേടിക്കണ്ട   സാറെ   നല്ല   തങ്കപ്പെട്ട   കൊച്ചനാ.   വേറൊന്നും   വേണ്ട   നമ്മുടെ   അപർണക്കുഞ്ഞിനേമാത്രം    മതിയെന്നാ   പറയുന്നത്.  പയ്യന്റെ   അച്ഛനും   അമ്മയും   അധ്യാപകരായിരുന്നു.  “

മേനോന്റെ   ചോദ്യത്തിന്   മറുപടിയായി   ചന്ദ്രൻ   പറഞ്ഞു. 

”  കേട്ടിടത്തോളം   കൊള്ളാം   താനവരോട്   വന്നൊന്ന്   കാണാൻ   പറ   എന്നിട്ട്    നോക്കാം  “

മേനോന്റെ   അഭിപ്രായം   തന്നെയായിരുന്നു   അഭിക്കും. അങ്ങനെ   അടുത്ത   ഞായറാഴ്ച   അപർണയെക്കാണാൻ   ചെക്കൻ   വീട്ടുകാരെയും   കൂട്ടി   വരാമെന്ന്   പറഞ്ഞ്   ചന്ദ്രൻ   പോയി.  കാര്യമറിഞ്ഞപ്പോൾ   മുതൽ   അപർണ   നല്ല   ടെൻഷനിലായിരുന്നു.  ജാനകിയാണെങ്കിൽ   ഇടയ്ക്കിടെ   അവളെ   കളിയാക്കികൊണ്ടുമിരുന്നു.

പക്ഷേ   പുറകെപ്പുറകെ   ശ്രീമംഗലത്തേക്ക്   വരുന്ന   സന്തോഷങ്ങൾ   ശ്രദ്ധയുടെ   ഉറക്കം   കെടുത്തിക്കോണ്ടിരുന്നു.  തകർക്കാൻ   നോക്കും   തോറും   കൂടുതൽ   കൂടുതൽ    പ്രൗഡിയോടെ   നിൽക്കുന്ന   ശ്രീമംഗലം   കാണും   തോറും   അവളിൽ   പകയെരിഞ്ഞു.

”  ഇപ്പൊ   ഭയങ്കര   സന്തോഷത്തിലാണല്ലോ   അല്ലെങ്കിൽ   തന്നെ   ദുഃഖിക്കാൻ   വേണ്ടി    അഭിയേട്ടനെന്താ   നഷ്ടമായാത്  നഷ്ടങ്ങളെല്ലാം   എനിക്ക്   മാത്രമാണല്ലോ   “

ഒരുദിവസം   വൈകുന്നേരം   അമ്പലത്തിലേക്ക്   പോകും   വഴി  വീട്ടിലേക്ക്   വരികയായിരുന്ന    അഭിയെ   കണ്ട്   സംസാരിക്കുമ്പോൾ   ശ്രദ്ധ   പറഞ്ഞു. അവളുടെയാ   വാക്കുകൾ   അവന്റെ    നെഞ്ചകം   പൊള്ളിച്ചു. 

”  നീയെന്തൊക്കെയാ   മോളേയീ   പറയുന്നത്   നിന്നെ   മറന്ന്   ജാനകിയോടൊപ്പം   സന്തോഷത്തോടെ   ജീവിക്കുകയാണ്   ഞാനെന്നാണോ   നിന്റെ   വിചാരം ???   നിനക്കറിയോ   ഞാനിന്നുവരെ   അവളെയെന്റെ   ഭാര്യയായഗീകരിച്ചിട്ടില്ല. സ്നേഹത്തോടെ    ഒരു   നോട്ടം   പോലും   അവൾക്ക്   നൽകിയിട്ടില്ല.  ഈ   അഭിജിത്തിന്റെ   മനസ്സിൽ   ഒരു   പെണ്ണേയുള്ളൂ   അത്   നീ   മാത്രമാണ്.   “

അവന്റെ   വാക്കുകൾ   ഒരു   കുളിർമഴയായ്  അവളുടെ   ഉള്ളിലേക്ക്   പെയ്തിറങ്ങി.

”  ഇതൊക്കെ   കേൾക്കാൻ   കൊള്ളാം   അഭിയേട്ടാ   മനസ്സിൽ   ആരായാലും   ഈ   സമൂഹത്തിന്   മുന്നിൽ   അഭിയേട്ടന്റെ   ഭാര്യ   ജാനകിയാണ്.  “

ദൈന്യതയോടെ   അവനെ   നോക്കി   മിഴികൾ   നിറച്ചുകൊണ്ട്   അവൾ   പറഞ്ഞു. 

”  നീ   നോക്കിക്കോ   ശ്രദ്ധ….  ജാനകിയെ   ഉപേക്ഷിക്കാൻ   എനിക്ക്   കഴിയില്ലായിരിക്കാം.  പക്ഷേ   അവൾ   തന്നെ   എന്നെയും   എന്റെ   വീടുമുപേക്ഷിച്ച്   പോയിരിക്കും   ഇത്   നിനക്കുള്ള   എന്റെ   വാക്കാണ്. “

അവളുടെ    കൈവെള്ളയിൽ   തൊട്ട്   പറഞ്ഞിട്ട്   അവൻ   ബൈക്ക്   മുന്നോട്ടെടുത്ത്   പോയി.   പെട്ടന്ന്    അവനെത്തന്നെ   നോക്കി   നിന്ന   ശ്രദ്ധയുടെ   ചുണ്ടിന്റെ   കോണിലൊരു    പുച്ഛം   നിറഞ്ഞ   പുഞ്ചിരി   വിരിഞ്ഞു. 

”  വിഡ്ഢി….. നീയെന്റെ    കയ്യിലെ   മേനോനും   ജാനകിക്കുമെതിരെയുള്ള   വെറുമൊരായുധം   മാത്രമാണ്.  “

അവളുടെ   മനസ്സ്    മന്ത്രിച്ചു.

വീട്ടിലെത്തുമ്പോഴും   അഭിയുടെ   മനസ്സ്   നിറയെ   ശ്രദ്ധയുടെ   വാക്കുകളായിരുന്നു.  അവയവന്റെ   നെഞ്ചിനെ   കീറിമുറിച്ചുകൊണ്ടിരുന്നു.  അവൻ   മുറിയിലെത്തുമ്പോൾ   കിടക്കയിൽ   ചുരുണ്ടുകൂടി    മിഴികളടച്ച്   കിടക്കുകയായിരുന്നു   ജാനകി. 

”  മനുഷ്യന്റെ   സമാധാനം   മുഴുവൻ   കളഞ്ഞിട്ട്   കിടന്നുറങ്ങുന്നത്    കണ്ടില്ലേ   ശവം  “

അവളുടെ   കിടപ്പ്   കണ്ടതും   ദേഷ്യത്തോടെ   അവൻ   ചിന്തിച്ചു.  പെട്ടന്ന്   മുന്നുംപിന്നുമാലോചിക്കാതെ   തനിക്കെതിരെ   ബെഡിൽ   ചരിഞ്ഞുകിടന്നിരുന്ന  അവളുടെ   നടുവിലായി   അവനാഞ്ഞ്   ചവിട്ടി. 

”  അമ്മേ…..  “

പെട്ടന്നൊരാർത്തനാദത്തോടെ   അവൾ   കട്ടിലിൽ   നിന്നും   തറയിലേക്ക്   വീണു.  വേദന   സഹിക്കാൻ   കഴിയാതെ   നടുവിലമർത്തിപ്പിടിച്ച്    ആ   കിടപ്പിൽ   കിടന്ന്   അവൾ    പിടഞ്ഞു. അവൾ   വേദനകൊണ്ട്   പിടയുമ്പോഴും   താൻ   ചെയ്തതെന്താണെന്ന്   അമ്പരപ്പോടെ   ആലോചിച്ച്   നിൽക്കുകയായിരുന്നു   അഭി.

”  അയ്യോ   മോളേ    എന്തുപറ്റി   ????  “

പെട്ടന്ന്    മുറിയിലേക്ക്   കയറിവന്ന   ശ്രീജ   താഴെവീണുകിടക്കുന്ന   ജാനകിയെനോക്കി   ചോദിച്ചു.  പിന്നെ   തറയിലേക്കിരുന്ന്   അവളുടെ   മുഖം   നെഞ്ചോട്   ചേർത്ത്   പിടിച്ചു.

”  എന്താടാ   എന്താ   ഉണ്ടായത്  ???  “

”  അതവൾ ….  “

ശ്രീജയുടെ   ചോദ്യത്തിന്   മുന്നിൽ   വാക്കുകൾ   കിട്ടാതെ  അവൻ   നിന്ന്   പരുങ്ങി. 

”  നോക്കി   നിൽക്കാതെ   എടുക്ക്   ഹോസ്പിറ്റലിൽ   കൊണ്ട്   പോണം   “

ആവലാതിയോടെ   അവർ    പറഞ്ഞു.  അത്   കേട്ട്   അഭി   വേഗം   അവളെ   കൈകളിൽ   കോരിയെടുക്കുമ്പോൾ   തറ   മുഴുവൻ   അവളിൽ   നിന്നുമൊഴുകിയിറങ്ങിയ   രക്തം   പടർന്നിരുന്നു.  അത്   കണ്ടതും   അഭിയുടെ   നെഞ്ചിലൊരു   കൊള്ളിയാൻ   മിന്നി. 

”  എൻറ്റീശ്വരാ   എന്റെ  കുഞ്ഞിനൊന്നും    വരുത്തരുതേ…. “

അവളുമായി   പുറത്തേക്ക്   നടക്കുന്ന    അഭിയുടെ    പിന്നാലെ   ഓടുന്നതിനിടയിൽ   ശ്രീജ   കരഞ്ഞുകൊണ്ട്   പറഞ്ഞു.  അവളെയും   കൊണ്ട്   ഹോസ്പിറ്റലിലേക്ക്   പായുമ്പോഴാണ്   ശ്രീജയുടെ   വാക്കുകളിൽ   നിന്നും    അവൾ   ഉറങ്ങുകയായിരുന്നില്ല   പതിവിലും   നേരത്തെയെത്തിയ   ആർത്തവവേദന   സഹിക്കാൻ   കഴിയാതെ    കിടക്കുകയായിരുന്നുവെന്ന്    അവൻ   മനസ്സിലാക്കിയത്.  അതുകൂടിയറിഞ്ഞതും   കുറ്റബോധം   കൊണ്ട്   അവൻ   നീറി.  ക്യാഷ്വാലിറ്റി   ബെഡിൽ   മരുന്നുകളുടെ   ക്ഷീണത്തിൽ   വാടിയ   താമരത്തണ്ട്   പോലെ   കിടന്നിരുന്ന   അവളെ   നോക്കി   അവനരികിൽ   തന്നെ   നിന്നു.

”  ഇത്    നിങ്ങളുടെയാരാണ്  ???  “

പെട്ടന്ന്   അവന്   നേരെ   തിരിഞ്ഞുകൊണ്ട്   ഡോക്ടർ   അനാമിക   ചോദിച്ചു.

”  വൈ…. വൈഫാണ്  “

ഇടർച്ചയോടെ   അവൻ   പറഞ്ഞു.

”  ഇതെന്ത്   പറ്റിയതാ  ???  “

”  വീണതാ…  “

ശബ്ദം   താഴ്ത്തി   അവൻ   പറഞ്ഞു.

” മ്മ്മ്…  പേടിക്കാനൊന്നുമില്ല   ഒന്നുറങ്ങിത്തെളിയുമ്പോഴേക്കും   കൊണ്ടുപോകാം.  “

പറഞ്ഞിട്ട്   ഡോക്ടർ   പുറത്തേക്ക്   പോയി. അഭി   അവിടെക്കിടന്ന   കസേര   നീക്കിയിട്ട്   അവളുടെ   അടഞ്ഞ   മിഴികളിലേക്ക്   തന്നെ   നോക്കിയിരുന്നു.  ജാനകിക്ക്   ബോധം   വന്ന്   വീട്ടിലേക്ക്   മടങ്ങാൻ   കാറിലിരിക്കുമ്പോൾ   ആരും   ഒന്നും   സംസാരിക്കുന്നുണ്ടായിരുന്നില്ല.  അഭിജിത്ത്   ഇടയ്ക്കിടെ   അവളെ   നോക്കിയിരുന്നെങ്കിലും   അവൾ   അവനെ   ശ്രദ്ധിക്കാതെ   പുറത്തേക്ക്   തന്നെ    നോക്കിയിരുന്നു.

”  സോറി…. “

മുറിയിലെത്തി   കിടക്കയ്ക്ക്   നേരെ   നടക്കാൻ   തുനിഞ്ഞ    അവളുടെ   കയ്യിൽ   പിടിച്ചുനിർത്തിക്കോണ്ട്   ശബ്ദം   താഴ്ത്തി   അവൻ  പറഞ്ഞു.

”  തൊട്ടുപോകരുത്…..  “

അവന്റെ   കൈകൾ   കുടഞ്ഞെറിഞ്ഞ്   അവന്   നേരെ   വിരൽ   ചൂണ്ടിക്കോണ്ട്  അവൾ   പറഞ്ഞു.

”  ഞാൻ….  “

”  നിങ്ങളുടെ   ഒരു   വിശദീകരണവും   എനിക്ക്   കേൾക്കണ്ട.  നിങ്ങൾക്ക്   ഭ്രാന്താണോ   അതോ   കാമുകി   പറഞ്ഞുവിട്ടോ   എന്നെ   കൊന്നിട്ട്   ചെല്ലാൻ  ???  “

അവനെ   മുഴുമിപ്പിക്കാനനുവധിക്കാതെ    നിറഞ്ഞ   മിഴികൾ   അമർത്തിത്തുടച്ച്  ശബ്ദമടക്കിക്കോണ്ട്   അവൾ   ചോദിച്ചു.  അവളുടെ   മുന്നിൽ   ഒരു   കുറ്റവാളിയെപ്പോലെ    തല   കുനിച്ച്   നിൽക്കുകയായിരുന്നു   അപ്പോൾ   അഭിജിത്ത്.  അവനെ   ഒന്നുകൂടി   തറപ്പിച്ചുനോക്കിയിട്ട്  അവൾ  പതിയെ   ബെഡിലേക്ക്   കയറിക്കിടന്നു.

പിന്നീടവനെ   കാണുമ്പോഴെല്ലാം   വെറുപ്പോടെ   അവൾ   മുഖം   തിരിച്ചുകൊണ്ടിരുന്നു.  പക്ഷേ   ചെയ്തുപോയ   തെറ്റിന്റെ   കുറ്റബോധം   കൊണ്ടോ   എന്തോ   അഭിയവളുടെ   ഒപ്പം   തന്നെ   നിന്നു.  ഡോക്ടർ   പറഞ്ഞപ്രകാരം   ആഹാരവും   മരുന്നുമൊക്കെ    അവൻ   തന്നെയെടുത്ത്   നൽകി.  രാത്രി   വേദനകൊണ്ട്   ഉറങ്ങാൻ   കഴിയാതെ   കിടന്ന   അവളുടെ   വയറും   നടുവും   ഉഴിഞ്ഞും   വാട്ടർ  ബാഗിൽ   വെള്ളമെടുത്ത്   ചൂട്   വച്ചുകൊടുത്തും   അവൻ   പോലുമറിയാതെ   അവനൊരു   ഭർത്താവ്   മാത്രമായിക്കോണ്ടിരുന്നു.  അപ്പോഴെല്ലാം   ജാനകിക്കവനൊരൽഭുതമായിരുന്നു.  

രണ്ട്   ദിവസം   കൊണ്ട്   ജാനകിയിൽ   പഴയ   ചുറുചുറുക്കെല്ലാം   തിരികെ   വന്നു. അങ്ങനെ   ഒരാഴ്ച   വേഗത്തിൽ   കടന്നുപോയി.  അപർണയെ  പെണ്ണ്   കാണാൻ    ആള്   വരുമെന്ന്   ചന്ദ്രൻ   പറഞ്ഞ   ഞായറാഴ്ച   വന്നെത്തി.

രാവിലെമുതൽ   ജാനകി   വളരെ   ഉത്സാഹത്തിലായിരുന്നു.  അപർണ   നേരെ   തിരിച്ചും.  അവൾ   പേടിച്ച്    ആഹാരം   പോലും   കഴിക്കുന്നുണ്ടായിരുന്നില്ല.  പത്തുമണിയോടെ   ജാനകിയവളെ    സാരിയൊക്കെയുടുപ്പിച്ച്   ഒരുക്കി   നിർത്തി.  കുറച്ച്   സമയം   കൂടിക്കഴിഞ്ഞതും   മുറ്റത്തൊരുകാർ   വന്നുനിന്നു.  അതിൽ   നിന്നും   ചന്ദ്രനും     അല്പം  പ്രായമുള്ള   ഭാര്യഭർത്താക്കൻമാരെന്ന്   തോന്നിക്കുന്ന   രണ്ടുപേരും   ഒരു   പെൺകുട്ടിയും   ഡ്രൈവിംഗ്   സീറ്റിൽ   നിന്നും   സുമുഖനായ   ഒരു   ചെറുപ്പക്കാരനുമിറങ്ങി. 

മേനോന്റെ   ക്ഷണമനുസരിച്ച്   പുഞ്ചിരിയോടെ   എല്ലാവരും   അകത്തേക്ക്   കയറി. 

”  മോളേ   ജാനകി   അപ്പൂനെ   വിളിക്ക്   “

അഭിയുടെ   പിന്നിലായി   നിന്നിരുന്ന   ജാനകിയെ   നോക്കി   മേനോൻ   പറഞ്ഞു.  അത്   കേട്ട്   അവൾ   വേഗം   അകത്തേക്ക്   നടന്നു. 

”  വേഗം   വാ … “

ഡൈനിങ്ങ്   ടേബിളിൽ   വച്ചിരുന്ന   ചായ   അപർണയുടെ   കയ്യിലേക്ക്   കൊടുത്തുകൊണ്ട്   ജാനകി   പറഞ്ഞു. 

”  ഞാനൊന്നുമില്ല   നീയങ്ങ്   കൊടുത്താൽ   മതി   “

അവൾ   പറഞ്ഞത്   കേട്ട്   ജാനകി   അവളെ   നോക്കി    പൊട്ടിച്ചിരിച്ചു.

”  എന്താഡീ   അലവലാതി … “

”  അല്ല  ഞാൻ    നിന്റെ   മൂരാച്ചിയാങ്ങളയെ   കെട്ടിപ്പോയല്ലോ   ഇനി   ഞാൻ   ചായ   കൊടുത്തിട്ടെന്ത്‌   കാര്യമെന്ന്   ആലോചിച്ചതാ   “

ജാനകി   ചിരിയോടെ   പറഞ്ഞു.

”  നിന്ന്   കിണുങ്ങാതെ   വാ   പെണ്ണേ   ഇങ്ങോട്ട്  ???  “

”  ജാനീ  ….. “

ഒരു   കയ്യിൽ   ചായയും   മറുകയ്യിൽ   അപർണയുടെ   വലംകയ്യും    പിടിച്ച്   ജാനകി   ഹാളിലേക്ക്   നടന്നു. 

”  ഇന്നാ   കൊണ്ടുകൊടുക്ക്   “

വാതിൽക്കൽ   ചെന്ന്   ചായ   അവളുടെ   കയ്യിലേക്ക്   കൊടുത്ത്   അവളെ   പുറത്തേക്ക്   തള്ളിക്കൊണ്ട്   ജാനകി   പറഞ്ഞു.  അപർണ   മടിച്ചുമടിച്ച്   അങ്ങോട്ട്‌   ചെന്നു.  അവിടെയിരുന്ന   ഓരോരുത്തർക്കും   ചായ   കൊടുത്ത്   അവസാനം   ചെക്കന്റെ   മുന്നിലെത്തി  പുഞ്ചിരിയോടെ   അവളെത്തന്നെ   നോക്കിയിരുന്നിരുന്ന   ആ   മുഖത്തേക്ക്   നോക്കിയതും   അവളൊന്നമ്പരന്നു.  ഒന്നരമാസം   മുൻപ്   നടന്ന  ഒരു   വിവാഹമണ്ഡപത്തിലേക്ക്     അവളുടെ   ചിന്തകൾ   ഊളിയിട്ടിറങ്ങി

തുടരും…….

 

അഭിരാമി അഭിയുടെ മറ്റു നോവലുകൾ

അഗസ്ത്യ

4.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!