Skip to content

വൃന്ദാവനം – ഭാഗം 1

vrindavan-novel

“ഡി ഒന്നരക്കാലി ഈ  കൊച്ചു വെളുപ്പാൻ കാലത്ത് ഒരുങ്ങി കെട്ടി നീ  ഇതെങ്ങോട്ടാ..

“ഞാൻ നിന്റെ അമ്മുമ്മക്ക് വായുഗുളിക വാങ്ങാൻ പോവാണ് എന്തേ നീയും വരുന്നുണ്ടോ..

“ഹഹഹ ഇല്ല ഇല്ലേ നീ തന്നെ അങ്ങ് മേടിച്ചു കൊടുത്താൽ മതി..

“ഓ ഒരു പണിക്കും പോവാതെ രാവിലെ തന്നെ വഴിയേ പോവുന്നവരെ കളിയാക്കാൻ ഇരുന്നോളും ശവം..

“ഡി പെണ്ണെ രാവിലേ നിന്റെ വായിൽ നിന്ന് രണ്ടു ചീത്ത കെട്ടിലെങ്കിൽ പിന്നെ അന്നത്തെ ദിവസം ഒരു രസവും ഉണ്ടാവില്ല..

പിന്നെ നിന്റെ ദേഷ്യം കാണാനും ഒരു രെസമുണ്ട്..

“ഉവ്വ ഉവ്വേ..

“അതേ എന്റെ മോള് വേഗം ചെല്ലാൻ നോക്ക് ഇല്ലെങ്കിൽ നിന്റെ കൃഷ്ണൻ നിന്നെ കാണാഞ്ഞിട്ട് ചിലപ്പോൾ ഇങ്ങോട്ട് വരും..

“ആ വേണ്ടി വന്നാൽ എന്നെ കാണാൻ എന്റെ കൃഷ്ണൻ വന്നൊന്നൊക്കെ ഇരിക്കും..

“ഹഹഹ വേഗം ചെല്ല് ചെല്ല്  നീ ഈ ഒന്നരകാലും വെച്ചു ചെല്ലുമ്പോഴേക്കും ഒരു സമയം ആവൂല്ലോടി..

“ഒന്നരക്കാലി നിന്റെ..  എന്നെ കൊണ്ടൊന്നും പറയിക്കേണ്ട..

ഡാ ചെറുക്കാ  നിനക്കുള്ള മറുപടി ഞാൻ വന്നിട്ട് തരാട്ടോ എന്നും പറഞ്ഞു ഞാൻ നടന്നു..

—————————————————-

പച്ച പുതച്ചു നിൽക്കുന്ന നെൽപ്പാടങ്ങളും കരയോട് കിന്നാരം ചൊല്ലി മന്ദം മന്ദം ഒഴുകുന്ന സുന്ദരി പുഴയും ചേർന്ന പ്രകൃതിരമണീയമായ ആലത്തൂർ  ഗ്രാമത്തിലെ  പുത്തൂർ തറവാട്ടിലെ ഗോവിന്ദന്റെയും മീനാക്ഷിയുടെയും ഏക മകളായ ലക്ഷ്മി ആണ് ഞാൻ..

ചിലർ ലെച്ചു എന്നു വിളിക്കും.. പിന്നെ ഇപ്പോൾ വിവേക് വിളിച്ചത് പോലെ  മറ്റു ചിലർ  ഒന്നരക്കാലി യെന്നും വിളിക്കാറുണ്ട്..

അതു വേറൊന്നും കൊണ്ടല്ല കേട്ടോ എന്റെ ഇടതു കാലിന് അൽപ്പം സ്വാധീനകുറവുണ്ട് .. പത്താം ക്ലാസ്സ്‌ വരെ കാലിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല..  മാത്രമല്ല ഞാൻ നന്നായി നൃത്തവും കളിച്ചു കൊണ്ടിരുന്നതാണ്..  അന്നൊക്കെ നല്ലൊരു നർത്തകി ആവണം എന്നായിരുന്നു ആഗ്രഹം പക്ഷേ എന്റെ എല്ലാ സ്വപ്നങ്ങളേയും ഒരു അസുഖത്തിന്റെ രൂപത്തിൽ  വന്നു വിധി  ഇല്ലാതാക്കി കളഞ്ഞു..  കൃത്യമായ ചികിത്സ കിട്ടാഞ്ഞത് കൊണ്ട് ഇടതു കാലിന്റെ സ്വാധീനം ഭാഗികമായി  ഇല്ലാതായി .. അതോടെ   പിന്നീട്   ആ കാൽ  നിലത്തു അധികം ബലം കൊടുക്കാതെയാണ് ഞാൻ നടക്കുന്നത് ..

അതു കൊണ്ട്  എന്റെ നടപ്പ് കണ്ടാൽ ചെറിയൊരു മുടന്തു പോലെ തോന്നും ..  അതിനാണ് ഇവരെല്ലാം കൂടി എന്നെ ഒന്നരക്കാലിയെന്നു വിളിക്കുന്നത്..

ആദ്യമൊക്കെ എല്ലാവരും അങ്ങനെ വിളിക്കുന്നത് കേൾക്കുമ്പോൾ ഉള്ളിൽ  ഭയങ്കര സങ്കടമായിരുന്നു.. മരിച്ചാലോ എന്നു പോലും തോന്നി പോയിട്ടുണ്ട്..

പക്ഷേ ഇപ്പോൾ കേട്ട് കേട്ട് അതെനിക്കൊരു ശീലമായി..

പക്ഷേ അമ്മയുടെ സങ്കടം മാത്രം ഇന്നും മാറിയിട്ടില്ല.. എന്നും എന്റെ കാലിന്റെ കാര്യം പറഞ്ഞു കരയാനെ അമ്മക്ക് നേരം ഉള്ളൂ..

അതിനൊരു കാരണവും ഉണ്ട്..

ഞാൻ എട്ടാം ക്ലാസ്സിൽ  പഠിക്കുമ്പോൾ ആണ് അച്ഛൻ മരിക്കുന്നത്..

വലിയ തറവാടും തറവാട്ടു പേരും ഉണ്ടെങ്കിലും മരിക്കുന്നതിന് മുൻപ് അച്ഛൻ വരുത്തിവെച്ച കടങ്ങളുടെ പേരിൽ  സ്വത്തു ക്കളെല്ലാം  കടം വീട്ടാനായി വിൽക്കേണ്ടി വന്നു പിന്നെ ആകെ മിച്ചം വന്നത്  ഈ തറവാട് മാത്രമാണ്.. കേറി കിടക്കാൻ ആകെ ഉള്ളത് ഇതു മാത്രം ആയത് കൊണ്ട് അമ്മ ഇത് ആർക്കും  വിറ്റില്ല..

വന്നു കേറിയ നാളിൽ ഒരു രാജകുമാരിയെ പോലെ കഴിഞ്ഞ അമ്മ

പിന്നെ എന്നെ പഠിപ്പിക്കാനും പട്ടിണി കിടക്കാതെ ഇരിക്കാനും  ഒക്കെയായി  വീട്ടുജോലിക്ക്  പോയി തുടങ്ങി..  അങ്ങനെ ഇരിക്കെ ആണ് എനിക്ക് അസുഖം വന്നത്.. അതിന്റെ പേരിൽ കഴിച്ച മരുന്നിന്റെ സൈഡ് എഫക്ട് കാരണം ആണെന്റെ കാലിന്റെ സ്വാധീനം കുറഞ്ഞത്..

അതു മാറ്റിയെടുക്കാനുള്ള  ചികിത്സക്കായി അമ്മ ഒരുപാട് പേരുടെ മുന്നിൽ കൈനീട്ടി നോക്കി ആ കൂട്ടത്തിൽ അറുത്തകൈക്കു ഉപ്പു തേക്കാത്ത അമ്മയുടെ ആങ്ങളയും ഉണ്ടായിരുന്നു.. പക്ഷേ അവർ ആരും സഹായിച്ചില്ല എന്നു മാത്രമല്ല അമ്മയെ ആട്ടി ഇറക്കി വിടുകയും ചെയ്തു..

അങ്ങനെ അന്ന്  പണമില്ലാത്തതിന്റെ പേരിൽ ആണെന്റെ കാൽ ഇങ്ങനെ ആയതെന്നും

എന്റെ കൈയിൽ കാശുണ്ടായിരുന്നു എങ്കിൽ എന്റെ കുട്ടിക്ക് ഈ ഗതി വരില്ലായിരുന്നു എന്നൊക്കെ പറഞ്ഞാണ് അമ്മയുടെ കരച്ചിൽ..

പാവം..  അതുകൊണ്ട് തന്നെ അമ്മക്ക് വിഷമം ആവേണ്ട എന്നു കരുതി ആരേലും കളിയാക്കിയാൽ കൂടി ഞാനതൊന്നും അമ്മയോട് പറയാറില്ല.. എന്റെ സങ്കടങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കാനെ ഞാൻ ഇതുവരെയും ശ്രമിച്ചിട്ടുള്ളു.. കാരണം ഈ ലോകത്ത് എനിക്ക് എല്ലാം എന്റെ അമ്മയാണ് ആ അമ്മയെ വിഷമിപ്പിക്കാൻ എനിക്കാവില്ല..

അതേ നിങ്ങളോട് ഇങ്ങനെ എന്റെ കഥയും പറഞ്ഞു നിന്നാലെ എനിക്ക്  സമയത്തിന് ക്ഷേത്രത്തിൽ എത്താനാവില്ല ബാക്കി ഞാൻ സമയം പോലെ വഴിയേ പറഞ്ഞു തരാട്ടോ..

————————————————-

നിറയെ ചെടികൾ  പൂവിട്ടു നിൽക്കുന്ന വഴിയരികിൽ കൂടി പൂക്കളോടും കിളികളോടും കിന്നാരം പറഞ്ഞു

നടന്നു നടന്നു ഞാൻ നെൽക്കതിരുകൾ വിളഞ്ഞു പാകമാകിയ പച്ച പുതച്ചു നിൽക്കുന്ന പാടത്തിന് അടുത്തെത്തി..  അവിടൊരു കലുങ്കുണ്ട്.. 

അവിടെ ഇരുന്നാണ് നാട്ടിലെ പഞ്ചാര കുട്ടന്മാർ എല്ലാം ചേർന്നു വായിനോക്കി ഇരുന്നു പാടവരമ്പത്തൂടെ ക്ഷേത്രത്തിലേക്ക് പോവുകയും വരുകയും ചെയ്യുന്ന സുന്ദരികുട്ടികളെ കമന്റ്‌ അടിക്കുന്നത്..  അത്യാവശ്യം സുന്ദരി ആണെങ്കിലും പക്ഷേ എന്നെ  ഇതുവരെ ഒരുത്തനും  കമന്റ്‌ അടിക്കാൻ നിന്നിട്ട് ഇല്ല കേട്ടോ..

എന്റെ കാലിനെ കുഴപ്പം ഉള്ളൂ നാക്കിന് ഒരു കുഴപ്പവും ഇല്ലെന്നു അവന്മാർക്ക് അറിയാം അതുകൊണ്ടാണ്..

തെറിക്കുത്തരം മുറിപ്പത്തൽ എന്നു പറയും പോലെ ആരെന്തു പറഞ്ഞാലും മുഖം നോക്കാതെ ഞാൻ ചുട്ടമറുപടി കൊടുക്കാറുണ്ട് .. ചുരുക്കം പറഞ്ഞാൽ നാട്ടിൽ അറിയപ്പെടുന്ന ഒരു കാന്താരി പെണ്ണാണ് ഞാൻ.. കൂടാതെ ഒരു സ്വപ്നജീവിയും കൂടിയാണ്..

എന്താണെന്നു അറിയില്ല ഇന്ന് ഒറ്റ ഒരുത്തനെയും കാണുന്നില്ല..  ചിലപ്പോൾ

അവന്മാർക്കൊന്നും നേരം വെളുത്തു കാണില്ല..

ഞാൻ പതിയെ പാട വരമ്പത്തേക്കു ഇറങ്ങി..  കണ്ണെത്താ ദൂരം പച്ചപുതച്ചു നിൽക്കുന്ന നെൽപ്പാടം അതിനു കുറുകെയുള്ള ഈ വരമ്പിലൂടെ നേരെ ചെന്നെത്തുന്നത് ക്ഷേത്രത്തിലേക്കാണ്..

പാട വരമ്പത്തു കൂടി കൊയ്യാൻ പാകമായി കിടക്കുന്ന നെൽകതിരുകളെ മെല്ലെ ഒന്നു തഴുകി കൊണ്ട് നടന്നു..

ദൂരെ നിന്നും കാറ്റിൽ ഒഴുകി എത്തിയ  കൊയ്ത്തു പാട്ടുകൾ എന്റെ കാതുകളിൽ  മുഴങ്ങി അതിനു താളം പിടിച്ചാവണം കാതിൽ കിടന്നകമ്മലുകൾ നൃത്തം വെച്ചു..

ഓരോ ചുവടു വെപ്പിലും എന്റെ കാലിലെ പാദസ്വരങ്ങൾ കിലുങ്ങി..  അതിന്റെ ശബ്ദം കേട്ടാവണം വിളഞ്ഞു നിന്ന നെൽകതിരുകൾ കൊത്തി തിന്നാൻ എത്തിയ കുഞ്ഞി   കുരുവികൾ നാലു പാടും ചിതറി പറന്നു പോയി.. 

അങ്ങനെ കാഴ്ചകൾ ഒക്കെ കണ്ടു ഞാൻ ക്ഷേത്രത്തിന്റെ മുന്നിൽ എത്തി..

ഏതൊരു ക്ഷേത്രത്തിനും തണലേകുന്നത് താൻ ആണെന്ന അഹങ്കാരത്തിൽ ആവണം തല ഉയർത്തിപിടിച്ചു ഒരാൽ മരം ക്ഷേത്രത്തിനു മുന്നിൽ നിൽക്കുന്നു..

ഓടകുഴൽ നാദം പോലെ മധുരമായ  കാറ്റിന്റെ സംഗീതത്തിനൊത്തവണ്ണം ആലിലകൾ  നൃത്തം വെയ്ക്കുകയാണ് ..

അതും കണ്ടു കൊണ്ട് ഞാൻ ക്ഷേത്രത്തിനു മുന്നിലേക്ക്  നടന്നു..

വെട്ടുകല്ലിൽ തീർത്ത ചുറ്റുമതിൽ.. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ മയിൽപ്പീലി ചൂടി ഓടകുഴൽ ഊതി നിൽക്കുന്ന നീല വർണ്ണനായ കൃഷ്ണന്റെ അതി മനോഹരമായ ശിൽപം ഭക്തർക്ക് സ്വാഗതം അരുളി നിൽക്കുന്നു..

കണ്ണന്റെ വേണുഗാനത്തിൽ എല്ലാ മറന്നു സ്വയം അതിൽ ലയിച്ചു ചേരുമ്പോലെയാണ് ഈ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ നമുക്ക് കിട്ടുന്ന അനുഭൂതി.. എല്ലാ വിഷമങ്ങളും മറന്നു ഉണ്ണി കണ്ണനെ കൺകുളിർക്കെ കണ്ടു അങ്ങ് നിന്നു പോവും..

ഞാൻ നേരെ പ്രവേശന കവാടത്തിലൂടെ അകത്തേക്ക് കയറി.. അവിടുന്ന് അൽപ്പം ദൂരം നട പന്തലിൽ കൂടി  നടന്നാൽ ആണ് ക്ഷേത്രത്തിനുള്ളിലേക്കു പ്രവേശിക്കാൻ കഴിയുള്ളൂ ..

നടപന്തലിൽ ഒരു കല്യാണമണ്ഡപവും ഉണ്ട്..

ഞാൻ നടപന്തലിൽ കൂടി ക്ഷേത്രത്തിലേക്ക് നടന്നു..  നടപന്തലിന്റെ ഇടതു വശത്തു ഒരാൽ ഉണ്ട്..  അതിനു കീഴെ നാഗദേവതകളെ  പ്രതിഷ്ഠിച്ചിരിക്കുന്നു..

ഞാൻ അവിടെ നിന്നു നടന്നു ക്ഷേത്രത്തിനുള്ളിലൂടെ നാലമ്പലത്തിനുള്ളിലേക്ക് പ്രവേശിച്ചു..

ഇവിടത്തെ  ശ്രീകോവിലിനുള്ളിൽ

നീല കാർവർണ്ണനായ ഉണ്ണി കണ്ണനെ കിഴക്കോട്ടു ദർശനം ആയിട്ടാണ്   പ്രതിഷ്ഠിച്ചിരിക്കുന്നത്..

ഗണപതി, അയ്യപ്പന്, വനദുർഗ്ഗാഭഗവതി, എന്നിവരാണ് ഉപദേവതകള്..

ഉണ്ണിക്കണ്ണനെ കൺ കുളിർക്കെ കണ്ടു തൊഴുതു  കഴിഞ്ഞാൽ ശ്രീ കോവിലിനു ഒരു വട്ടം പ്രദക്ഷിണം വെക്കണം..  ഇവിടത്തെ ശ്രീകോവിലിലെ ചുമരിൽ എത്ര കണ്ടാലും മതി വരാത്ത കൃഷ്ണ ലീലകളുടെ ചുമർ ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു..

ഇവിടെ നിത്യേന പൂജകളും  ശീവേലികളുമുണ്ട്. 

വെണ്ണചാർത്താണ് ഇവിടുത്തെ പ്രധാന വഴിപാട് ..

ക്ഷേത്രത്തില് ഭഗവാന്റെ തൃക്കയ്യില് വെണ്ണയും കദളിപ്പഴവും വെച്ചാണ് നിവേദിക്കുന്നത് .

കാര്യസാധ്യത്തി നായി ഭക്തർ  വെണ്ണയാണ്  സമർപ്പിച്ചു പ്രാത്ഥിക്കുന്നത്..

ഇവിടെ മീനമാസത്തിലെ തിരുവോണനാളിൽ തുടങ്ങുന്ന ഉത്സവം പത്താം ദിവസമായ രോഹിണി നാളിൽ ആറാട്ടോടു സമാപിക്കും..

ശെരിക്കും ഈ ഗ്രാമത്തിന്റെ സകല ഐശ്വര്യങ്ങൾക്കും കാരണം ഈ ശ്രീകൃഷ്ണ ക്ഷേത്രം തന്നെ ആണെന്ന് പറയാം..

കൃഷ്ണ നാമവും മനസ്സിൽ ഉരുവിട്ടുകൊണ്ട് ആയി ഞാൻ നേരെ ശ്രീകോവിലിന് മുന്നിൽ എത്തി..

ചന്ദനത്താൽ  പൊതിഞ്ഞ തിരുമെയ്യും

കഴുത്തിൽ നല്ലകൃഷ്ണ തുളസിപ്പൂ മാലയും

കൊച്ചു കൈയ്യി ലൊരിത്തിരി വെണ്ണയും

മറ്റേ കയ്യിലോരോടക്കുഴലുമായ്

പുഞ്ചിരിയോടെ നിൽക്കുന്ന കണ്ണനെ കൺകുളിർക്കെ കണ്ടു ഞാൻ തൊഴുതു പ്രാത്ഥിച്ചു കൊണ്ടിരുന്നു..

ആ നീലക്കാർവണ്ണന്റെ  മനോഹര രൂപം  മനസ്സിൽ തെളിഞ്ഞതോടെ ഓടക്കുഴൽ നാദത്തിൽ എന്ന പോലെ കണ്ണീരിൽ എന്റെ സങ്കടവും അലിഞ്ഞു ഇല്ലാതായി തുടങ്ങി..

“എന്റെ കൃഷ്ണ ഗുരുവായൂരപ്പാ പതിനായിരത്തെട്ടു ഭാര്യമാരും പിന്നെ അത്രത്തോളം തന്നെ  കാമുകിമാരു മൊക്കെ ഉണ്ടായിരുന്ന നിനക്കെന്റെ വിഷമം പറഞ്ഞാൽ മനസ്സിലാവുമോ എന്നറിയില്ല എന്നാലും പറയുവാ  എങ്ങനെ എങ്കിലും അവളെ വളക്കാൻ ഉള്ള ഉള്ള ഐഡിയ നീ എനിക്ക് കാട്ടി തരണേ എന്റെ ഭഗവാനെ  എന്നാരോ അടുത്ത് നിന്ന് പ്രാത്ഥിക്കുന്നത് കേട്ട്  ചിരിയോടെ ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ കണ്ടത് നന്ദനെയാണ്..

നന്ദഗോപൻ എന്നോ മറ്റോ ആണ് മുഴുവൻ പേര്..  കുറച്ചു നാൾ മുൻപ്  രാജീവ്‌ എന്നൊരാൾ   എന്നെ പെണ്ണ് കാണാൻ വന്നിരുന്നു..  അന്ന് അയാളുടെ കൂടെ വന്ന കൂട്ടുകാരൻ ആണ് ഈ നന്ദൻ..

അന്ന് സ്ത്രീധനത്തിന്റെ പേരിൽ ആ ആലോചന മുടങ്ങി പോയിരുന്നു..  പക്ഷേ അന്ന് തൊട്ടു ഇയാൾ എന്റെ പിന്നാലെ ഉണ്ട്.. കട്ട താടിയും നെറ്റിയിൽ ചുവന്ന കുറിയും അണിഞ്ഞു ചുണ്ടിൽ  ചെറിയൊരു പുഞ്ചിരിയോടെ

ഞാൻ എവിടെ പോയാലും അവിടൊക്കെ ഇയാളെ കാണാറുണ്ട്..  കാണുബോൾ ചിരിക്കും എന്നല്ലാതെ നന്ദൻ  ഇതുവരെ എന്നോട് ഒന്നും  മിണ്ടിയിട്ടില്ല..

എന്റെ നോട്ടം കണ്ടിട്ട് ആവണം  പുള്ളിക്കാരൻ  എന്നെ നോക്കി ഒന്നു ചിരിച്ചു..

അതുകണ്ടു തിരിച്ചും ചെറിയൊരു ചിരി പാസ്സാക്കി കൊണ്ട് ഞാനും  നടന്നു..

അപ്പോഴേക്കും അമ്പലത്തിലെ പൂജാരി എന്റെ  മുന്നിലേക്ക്‌ വന്നു..

“ഹാ ലക്ഷ്മി കുട്ടി വന്നോ, ഇന്നെന്താ താമസിച്ചത്..

” അതുപിന്നെ ഇന്ന് രാവിലെ എഴുന്നേൽക്കാൻ അൽപ്പം താമസിച്ചു പോയി തിരുമേനി..

“പിന്നെ ഇന്നലെ കുട്ട്യേ  കാണാൻ വന്ന കൂട്ടർ എന്തു പറഞ്ഞു..

” ഹോ അവരും പതിവ് പല്ലവി പാടിയിട്ടു പോയി.. ഈ മുടന്തി പെണ്ണിനെ  കെട്ടണം എങ്കിൽ  സ്ത്രീധന തുക കൂടുതൽ വേണമത്രേ..

എന്തായാലും സ്ത്രീധനം മോഹിച്ചു  വരുന്നവരുടെ മുന്നിൽ കഴുത്തു നീട്ടി കൊടുക്കാൻ എന്നെ കിട്ടില്ല.. 

“ഹാ സാരമില്ല കുട്ട്യേ ഓരോന്നിനും അതിന്റെതായ സമയമില്ലേ..  സമയമാവുമ്പോൾ എല്ലാം ഭംഗിയായി നടക്കും..

“വെറുതെ പറയാമെന്നു അല്ലാതെ ഒന്നും നടക്കാൻ പോവുന്നില്ല തിരുമേനി..

“നടക്കും കുട്ട്യേ… നിനക്കുള്ള  രാജകുമാരനെ ഈ കണ്ണൻ തന്നെ നിന്റെ  മുന്നിൽ കൊണ്ടു വന്നു തരും..

എന്നു തിരുമേനി പറഞ്ഞതും എവിടെ നിന്നോ വീശിയടിച്ച കാറ്റിൽ ഇളകിയാടി അമ്പലത്തിലെ മണി കിലുങ്ങി..

“കുട്ടി കേട്ടോ മണി കുലുങ്ങിയത്  ഞാൻ പറഞ്ഞത് പോലെ തന്നെ നടക്കുമെന്ന് കണ്ണൻ പറഞ്ഞതാണ്..

“പിന്നെ  അതു കാറ്റടിച്ചപ്പോൾ കിലുങ്ങിയതാണ്.. അല്ലാതെ എന്നെ കെട്ടാൻ തുർക്കിയിൽ നിന്നിപ്പോൾ  രാജകുമാരൻ വരും ഒന്നു പോ തിരുമേനി ..

“വരും കുട്ട്യേ..ആദ്യം അൽപ്പം വേദന തന്നാലും  തന്റെ ഭക്തരെ ഭഗവാൻ അധികം പരീക്ഷിക്കാറില്ല..  എന്നും പറഞ്ഞു കൊണ്ട് തിരുമേനി  പോയി..

ഇതൊന്നും ഒരിക്കലും  നടക്കാൻ പോവുന്നില്ലെന്നു അറിയാമെങ്കിലും തിരുമേനി പറഞ്ഞ വാക്കുകൾ ഒരുകാലത്തു എന്റെ  മനസ്സിനുള്ളിൽ   ഞാൻ ഒളിച്ചു വെച്ചിരുന്ന സ്വപ്നങ്ങൾ തന്നെ ആയിരുന്നു.. കഷ്ടപ്പാടുകൾക്ക് നടുവിൽ നിന്നും എന്നെ രക്ഷിക്കാൻ സ്വർണ്ണ  കുതിരമേൽ എത്തുന്ന നക്ഷത്ര കണ്ണുള്ള  രാജകുമാരനെ  കുട്ടിക്കാലത്തു എന്നും  സ്വപ്നത്തിൽ ഞാൻ  കാണാറുണ്ടായിരുന്നു..

അതുകൊണ്ടാവും തിരുമേനിയുടെ  വാക്കുകൾ കേട്ടപ്പോൾ  ഒരിക്കൽ കൂടിയാ  സ്വപ്നങ്ങൾ ചുണ്ടിൽ ചെറു പുഞ്ചിരി സമ്മാനിച്ചു കൊണ്ടു എന്റെ മനസ്സിൽ കൂടി മിന്നി മറഞ്ഞു പോയത് ..

(തുടരും… )

(തുടർകഥകളിൽ സാധാരണ കണ്ടുവരുന്ന നായിക സങ്കൽപ്പങ്ങളെ   മാറ്റി നിർത്തി വൈകല്യം ഉള്ള ഒരു നായികയെ  നിങ്ങൾക്ക് മുന്നിൽ ഞാൻ  അവതരിപ്പിക്കുകയാണ്..

ഇത് ലക്ഷ്‌മിയുടെ കഥയാണ് അവളുടെ പ്രണയവും സങ്കടങ്ങളും എല്ലാം  ഒത്തു ചേർന്ന സസ്പെൻസുകൾ ഒന്നുമില്ലാതെ  ഇതുവരെ എഴുതിയതിൽ നിന്നും വ്യത്യസ്തമായ ശൈലിയിലുള്ള   ഒരു  സാധാരണ ഗ്രാമീണ കഥ.. എന്റെ എല്ലാ കഥകളും   ഇരുകൈകളും നീട്ടി നിങ്ങൾ  സ്വീകരിച്ച പോലെ ഈ തുടർക്കഥയും  സ്വീകരിക്കുമെന്ന വിശ്വാസത്തിൽ ഒത്തിരി സ്നേഹത്തോടെ…

സ്നേഹപൂർവ്വം… ശിവ )

 

ശിവ യുടെ മറ്റു നോവലുകൾ

ശ്രീലക്ഷ്മി

ജാതകം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Vrindavan written by Shiva

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!