അപ്രത്യക്ഷമായ മൃതദേഹം

9348 Views

aksharathalukal-malayalam-stories

പതിവുപോലെ വെളുപ്പിനെ എണീറ്റു് നെയ് ചേർത്ത ചക്കരക്കട്ടൻകാപ്പിയും കുടിച്ചു് സൊറപറഞ്ഞുകൊണ്ടു് ചാവടിയിലിരിക്കുമ്പോഴാണു് പത്രം വരുന്നതു്.
“കുറച്ചുകഴിഞ്ഞു് നമുക്കു് അവിടെവരെയൊന്നു പോകണം.”പത്രമെടുത്തു നോക്കിയിട്ടു് വിജയൻ പറഞ്ഞു.
“എന്താ സംഭവം?”ഞാൻ ചോദിച്ചു.
മറുപടിയായി വിജയൻ എന്റെ നേർക്കു് പത്രം നീട്ടി.
കൊലപാതകമെന്നു സംശയം, പ്രേതം കാണാനില്ല എന്നു് ആദ്യപേജിൽത്തന്നെ വലിയ അക്ഷരത്തിൽ വാർത്ത. താഴെ വലിയ ചിത്രവും. ചിത്രത്തിൽ ഒരു മുറിയിൽ ഒരു ജനാലയ്ക്കു സമീപം ഒരു കട്ടിൽ കിടക്കുന്നു. മെത്തയിലും താഴെയുമായി എന്തോ ദ്രാവകം കാണാം. രക്തമാണെന്നു് പത്രം വിശദമാക്കി. വാർത്ത വായിച്ചപ്പോൾ മനസ്സിലായതു് ഇത്രയുമാണു്:
മാത്യൂസ് എന്ന റിട്ടയേഡ് ബാങ്ക് ഉദ്യോഗസ്ഥനാണു് ഏതാനും വർഷമായി ആ വീട്ടിൽ താമസിച്ചിരുന്നതു്. ഒറ്റയ്ക്കു് താമസിച്ചിരുന്ന അദ്ദേഹത്തിനു് എല്ലാദിവസവും കാലത്തു് അരലിറ്റർ പാൽ കൊടുത്തിരുന്ന കുട്ടി അന്നു ചെന്നു് ബെല്ലടിച്ചിട്ടും കതകു തുറക്കാത്തതുകൊണ്ടു് സാധാരണ ചെയ്യാറുള്ളതുപോലെ ഒരു വശത്തുള്ള ജനലിലൂടെ വിളിക്കാനായി ചെന്നു നോക്കിയപ്പോഴാണു് നെഞ്ചിൽ കുത്തിയിറക്കിയ കത്തിയുമായി അദ്ദേഹം കട്ടിലിൽ കിടക്കുന്നതും അവിടെ മുഴുവനും രക്തം കിടക്കുന്നതും കണ്ടതു്. പേടിച്ചു് തിരികെ വീട്ടിലേക്കു് ഓടിപ്പോയ കുട്ടി വഴിയിൽ കണ്ടവരോടു കാര്യം പറഞ്ഞു. അവരിലൊരാളാണു് പൊലീസിനെ വിളിച്ചതു്. അവരെത്തി പൂട്ടുപൊളിച്ചു് കതകു തുറന്നു് അകത്തെത്തിയപ്പോൾ കണ്ട കാഴ്ചയാണു് ചിത്രത്തിലുള്ളതു്. മുറിയിലാകെ രക്തമുണ്ടു്, പക്ഷെ ശവശരീരം കാണാനില്ല. പിൻവശത്തെ വാതിൽ പൂട്ടിയിട്ടില്ലായിരുന്നു. അതുവഴിയാവാം പാതകി അകത്ത്കടന്നതു് എന്നാണു് പൊലിസനിന്റെ നിഗമനം. ഇതാണു് വിജയനെ അങ്ങോട്ടു് ആകർഷിച്ചതു്.
അങ്ങനെ കാപ്പികുടിയും കഴിഞ്ഞു് വിജയൻ രണ്ടു് പെഗ്ഗും അകത്താക്കിയശേഷം ഞങ്ങൾ അങ്ങോട്ടു പോയി. വിജയനെ അവിടത്തെ പൊലീസുകാർക്കും ഉദ്യോഗസ്ഥർക്കും അറിയാമായിരുന്നതുകൊണ്ടു് പൊതുജനത്തിനെ കടത്തിവിടാത്തയിടമായിരുന്നെങ്കിലും ഞങ്ങൾക്കു് അകത്തു കയറാനായി.
അവിടെയുണ്ടായിരുന്ന പൊലീസ് സബ്ഇൻക്പെക്ടറായ ജോർജാണു് ഞങ്ങളോടൊപ്പം അകത്തേക്കു വന്നതു്. മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾത്തന്നെ അവിടെ രക്തമൊഴുകി കിടക്കുന്നതു് കാണാമായിരുന്നു. നേരെ ഹൃദയത്തിൽത്തന്നെ കുത്തിയതുകൊണ്ടാവാം, ധാരാളം രക്തമുണ്ടായിരുന്നു. കേസന്വേഷണം തുടങ്ങിയതിനാൽ ഒന്നും മാറ്റിയിരുന്നില്ല. മുറിയുടെ സീൽ പൊട്ടിച്ചു് അകത്തു കടന്നപ്പോൾത്തന്നെ മരണത്തിന്റെ മണമുണ്ടായിരുന്നു. ധാരാളം രക്തവുംകൂടി ചേർന്നപ്പോൾ ആകപ്പാടെ ഒരു ഭീകരാന്തരീക്ഷം. പട്ടാളത്തിൽ ആയിരുന്നതുകൊണ്ടും മെഡിസിനിൽ പരിശീലനം കിട്ടിയിരുന്നതകൊണ്ടുമാവണം വിജയനിൽ യാതൊരു ഭാവമാറ്റവുമുണ്ടായില്ല. എന്നാൽ എനിക്കു് അവിടെനിന്നു് ഓടിപ്പോകാനാണു് തോന്നിയതു്. ഭാഗ്യത്തിനു് ചുറ്റുമൊന്നു് കണ്ണോടിച്ചിട്ടു് വിജയൻ പറഞ്ഞു, നമുക്കു് പോകാം. എനിക്കു് സന്തോഷമായി.
എന്നാൽ അവിടെനിന്നു് പുറത്തിരങ്ങിയ വിജയൻ നേരെ പോയതു് പിൻവശത്തേക്കാണു്. അവിടത്തെ കതകും അടച്ചു് മുദ്രവച്ചിരിക്കുന്നു. പിന്നീടു് തിരികെ പോകാനായി മുൻവശത്തേക്കു് വന്ന വിജയൻ ഇൻസ്പെക്ടർ ജോർജ്ജിന്റെ അടുത്തേക്കാണു് പോയതു്. കൊലപാതകമാണെന്നു് ഉറപ്പുണ്ടോ? വിജയൻ ജോർജ്ജിനോടു് ചോദിച്ചു.
വലിയ സംശയമൊന്നുമില്ല. പിൻവശത്തെ കതകു് തുറന്നു കിടക്കുകയായിരുന്നു, ബോഡിയിൽ കുത്തിയിറക്കിയ കത്തിയോടൊപ്പം കണ്ടതായിട്ടാണു് പാൽ കൊണ്ടുവരുന്ന കുട്ടി പറഞ്ഞതു്. കുട്ടിയായതുകൊണ്ടു് അതു് മനഃപൂർവ്വം പറഞ്ഞതാവാൻ സാദ്ധ്യതയില്ല എന്നു കരുതുന്നു. അതുകൊണ്ടു് കൊലപാതകമാണെന്നാണു് ഇപ്പോൾ വിചാരിക്കുന്നതു്. ഏതായാലും ബോഡിയും കാണനില്ലല്ലോ. സംഭവത്തെ സംബന്ധിച്ചു് നമുക്കു് വേറെ തെളിവൊന്നും കിട്ടിയിട്ടില്ല. എന്നായിരുന്നു ജോർജ്ജിന്റെ മറുപടി.
ആ രക്തമൊന്നു പിരിശോധിപ്പിക്കണേ, ഏതു് ഗ്രൂപ്പാണെന്നും മറ്റും അറിയണമെന്നുണ്ടു്. എന്നായിരുന്നു ഞങ്ങളെ രണ്ടുപേരെയും അത്ഭുതപ്പെടുത്തിക്കൊണ്ടു് വിജയൻ പറഞ്ഞതു്.
അതെന്താ രക്തം പരിശോധിക്കാൻ പറഞ്ഞതു്? തിരികെപ്പോകാൻ ഓട്ടോയിൽ കയറിയപ്പോൾ ഞാൻ ചോദിച്ചു.
ചുമ്മാ. അവരെന്തെങ്കിലും ചെയ്യട്ടെ. എന്തായാലും ചെയ്യേണ്ട കാര്യമാണല്ലോ. എന്നായിരുന്നു വിജയന്റെ മറുപടി. ഇതു് എപ്പോഴും ചെയ്യാറുള്ളതുപോലെ എന്നെ കളിപ്പിക്കാൻ പറഞ്ഞതാണെന്നു് എനിക്കു് പെട്ടെന്നുതന്നെ പിടികിട്ടി.
അതുകൊണ്ടു് ഞാൻ വീണ്ടും ചോദിച്ചു. തമാശ പറയാതെ, വിജയാ. എന്തോ കാര്യമുണ്ടെന്നു് എനിക്കു മനസ്സിലായി. എന്താ അതെന്നു പറ.
ഓ അതു് വളരെ സിംപിളല്ലേ, അളിയാ വിജയൻ പറഞ്ഞു. ചിലപ്പോൾ എന്നെ അങ്ങനെയാണു് വിളിക്കാറു്. കാരണം, അതു് ഒബ്വിയസ്ലി മനുഷ്യരക്തമല്ല. എന്നായിരുന്നു എന്നെ വീണ്ടും ഞെട്ടിച്ച വിജയന്റെ മറുപടി.
അതെങ്ങനെ മനസ്സിലായി? ഞാൻ വിട്ടില്ല.
എത്രപ്രാവശ്യം മൃതദേഹങ്ങളും മനുഷ്യരക്തവും കിടക്കുന്നതിന്റെ നടുക്കു് പണിയെടുത്തിട്ടുള്ളതാണു് ഞാൻ. അതിന്റെ മണം എനിക്കു് നല്ല നിശ്ചയമാണു്. എന്തായാലും പൊലീസ് ടെസ്റ്റ് ചെയ്യുമ്പോൾ ഉറപ്പിക്കാമല്ലോ. ബാ എനിക്കു് ഒരു പെഗ്ഗടിക്കണം. നമുക്കു് ആ ബാർവരെ പോകാം.
എത്ര നിരുത്സാഹപ്പെടുത്താൻ ഞാൻ ശ്രമിച്ചിട്ടും വിജയൻ സമ്മതിച്ചില്ല. അങ്ങനെ ഞങ്ങൾ ബാറിലെത്തി. വിജയൻ നേരെ പോയി ഇരുന്നതു് രണ്ടുപേർ ഇരിക്കുന്ന മേശയ്ക്കരികിലുള്ള ഒരു കസേരയിലായിരുന്നു. എന്നിട്ടു് എന്നോടു് നാലാമത്തെ കസേരയിലിരിക്കാൻ പറഞ്ഞു. അവിടെ ഇരുന്നവരിൽ ഒരാളെ എനിക്കറിയാമായിരുന്നു. അതു് ഒരു രാജനായിരുന്നു. അവിടെ ഒരു കട നടത്തിയിരുന്ന രാജൻ.
എടാ രാജാ, എനിക്കൊരു വീടു് വാടകയ്ക്കു് വേണമായിരുന്നല്ലോ, നിനക്കു് വല്ല വീടും കിടപ്പുള്ളതായി അറിയാമോ? ഇതുകേട്ടു് ഞാൻ അത്ഭുതപ്പെട്ടുപോയി. പിന്നെ വിജയന്റെ രീതികൾ അറിയാമായിരുന്നതുകൊണ്ടു് എന്തോ വിവരം കിട്ടാനായിട്ടാണു് അങ്ങനെ ചോദിച്ചതു് എന്നു് ഊഹിച്ചു. കൂടാതെ, ഇവിടെ വന്നതു് വെറുതെ പെഗ്ഗടിക്കാൻ മാത്രമല്ല എന്നും മനസ്സിലായി.
അയ്യോ, വിജയാ, നല്ലൊരു വീടുണ്ടായിരുന്നു, പക്ഷെ അതു് കുറച്ചുദിവസം മുൻപു് പോയതേയുള്ളല്ലോ. ആർക്കുവേണ്ടിയാ? രാജൻ പറഞ്ഞു.
അതുതന്നെയായിരുന്നു എന്റെ മനസ്സിലും ഉണ്ടായിരുന്ന ചോദ്യം. ആർക്കുവേണ്ടിയാ ഇപ്പോൾ വീടു് വേണ്ടതു്? വിജയൻ സ്വന്തം വീട്ടിലാണല്ലോ താമസിക്കുന്നതു്!
ഓ, അതു് എന്റെയൊരു പഴയ സുഹൃത്തു് വരുന്നുണ്ടു്. അവനുവേണ്ടിയാ. അതുപോട്ടെ, ഏതുവീടാ പോയതു്? എന്നായി വിജയൻ.
അതിനി പറഞ്ഞിട്ടെന്താ കാര്യം? അവിടെ ആളു് വന്നുപോയില്ലേ? രാജൻ ചോദിച്ചു.
എന്നാലും പറയെന്നേ. ഒന്നു പോയി കണ്ടു നോക്കാമല്ലോ. അവർ പെട്ടെന്നെങ്ങാനും മാറിയാലോ?
രാജൻ വീടിന്റെ സ്ഥാനം പറഞ്ഞുകൊടുത്തു. ഇതിനിടയിൽ ബെയറർ വന്നു. എനിക്കു് ഒന്നും വേണ്ട എന്നു പറഞ്ഞു. വിജയൻ ഒരു പെഗ് റം പറഞ്ഞു. എന്നെ നിർബ്ബന്ധിച്ചപ്പോൾ ഞാനൊരു ജിൻ വിത്ത് ലൈം കോർഡിയലും പറഞ്ഞു. അതു് വരാനുള്ള സമയം മാത്രം അവിടെയിരുന്നിട്ടു് കുടിച്ചുകഴിഞ്ഞപ്പോൾ വിജയൻ പറഞ്ഞു. ബാ, നമ്മക്കു് ആ വീടൊന്നു പോയി നോക്കാം. പോകുന്ന വഴിയിൽ ഞാൻ ചോദിച്ചു, എന്തിനാ, ആർക്കാ, എന്നൊക്കെ. ഒന്നിനും വ്യക്തമായ ഉത്തരം പറയാതെ വിജയൻ ഓരോ തമാശ പറഞ്ഞിരുന്നു.
അതൊരു സാധാരണ ഒറ്റനില വീടായിരുന്നു, കോൺക്രീറ്റ് മേൽക്കൂരയുള്ള പച്ചയും വെള്ളയും ഒക്കെ നിറം പൂശിയ സാധാരണ വീടു്. കാര്യമായ മുറ്റമൊന്നുമില്ല. റോഡിൽനിന്നു് ഒരു അഞ്ചുമീറ്റർ ദൂരംമാത്രം. പക്ഷെ അവിടെ ആൾത്താമസം തുടങ്ങിയിട്ടു് അധികകാലം ആയില്ല എന്ന തോന്നൽ പെട്ടെന്നുണ്ടായി. മുൻപിൽനിന്നു് കാണാവുന്ന ജനലുകളിലെ ഗ്ലാസിൽ ഇപ്പോഴും പൊടി പിടിച്ചിരിക്കുന്നു. മുറ്റം അടിച്ചുവാരിയിട്ടു് കുറച്ചുകാലമായതുപോലെ തോന്നും. വാതിൽക്കൽ പോയി ബെല്ലടിച്ചപ്പോൾ സുമുഖനായ ഒരു മദ്ധ്യവയസ്ക്കൻ കതകു തുറന്നു.
ഹലോ, ഒരു കാര്യമറിയാനായിരുന്നു. വിജയൻ പറഞ്ഞു.
എന്താ കാര്യം? സുമുഖൻ ചോദിച്ചു.
ഞാനൊരു വീടന്വേഷിച്ചു നടക്കുകയായിരുന്നു. അപ്പോൾ ഒരാൾ പറഞ്ഞു ഈ വീടു് വെറുതെ കിടക്കുകയായിരുന്നു എന്നു്. ഇതു് വാടകയ്ക്കു് പോയോ, ഉടനെയെങ്ങാനും ഒഴിയുമോ എന്നൊക്കെ അറിയാനായിരുന്നു. വിജയൻ പറഞ്ഞു.
നിങ്ങളോടു് പറഞ്ഞതു് ആരാ എന്നറിയില്ല, ഞാനിതു് അടുത്തകാലത്താണു് എടുത്തതു്. എന്നു് പോകും എന്നു് തീരുമാനിക്കാറായില്ല. നിങ്ങളുടെ ഭാഗ്യമനുസരിച്ചിരിക്കും. എന്നായി, സുമുഖൻ.
ഓ, എനിക്കു് വലിയ ഭാഗ്യമൊന്നുമില്ല. എന്നാലും നിങ്ങൾക്കു് വിരോധമില്ലെങ്കിൽ ഞാനീ വീടൊന്നു് കണ്ടോട്ടേ? ഇനി എന്നെങ്കിലും ഒഴിഞ്ഞാൽ എനിക്കു പറ്റുമോ എന്നറിയാമല്ലോ. എനിക്കു് ഈ സ്ഥലം വളരെ ഇഷ്ടമായി. ഇനി ഇതുപോലെ മറ്റൊരു സ്ഥലം കണ്ടെത്താൻ എളുപ്പമല്ല. അതാ ചോദിക്കുന്നെ. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടു് വിജയൻ ചോദിച്ചു.
അയാൾക്കു് വിരോധമൊന്നുമില്ലായിരുന്നു. അതുകൊണ്ടു് ഞങ്ങൾ ഉള്ളിലേക്കു് കയറി. രണ്ടു് ബെഡ്റൂമും അടുക്കളയും ഒരു കുളിമുറിയുമുള്ള ഒരു ചെറിയ വീടു്. അവിടെ കാര്യമായി ഫർണിച്ചറൊന്നും കണ്ടില്ല. ഭിത്തിയിൽത്തന്നെയുള്ള ഒരു അലമാരയിലാവണം അവരുടെ വസ്ത്രങ്ങളും മറ്റും വച്ചിരിക്കുന്നതു് എന്നു തോന്നി. ഒരർത്ഥത്തിൽ, അധികകാലം താമസിക്കാനല്ല വന്നതുതന്നെ എന്നൊരു തോന്നൽ എന്നിലുണ്ടാക്കി.
അപ്പൊ ഒന്നുകൂടി ചോദിച്ചോട്ടെ? തെറ്റിദ്ധരിക്കരുതു്, എനിക്കു് ഈ ലൊക്കേഷൻ അത്ര ഇഷ്ടമായതുകൊണ്ടാണു് ചോദിക്കുന്നതു്. നിങ്ങൾ എത്രകാലംകൂടി ഇവിടെ ഉണ്ടാകും എന്നാണു് പ്രതീക്ഷിക്കുന്നതു്? ഫർണിച്ചറൊന്നും കൊണ്ടുവന്നില്ല എന്നു തോന്നിയതുകൊണ്ടു് ചോദിക്കുവാ. വിജയൻ വിടുന്ന ലക്ഷണമില്ല.
ഞാൻ പറഞ്ഞില്ലേ? അധികകാലം താമസിക്കാൻ തയാറായി വന്നതല്ല. പക്ഷെ വന്നകാര്യം നടക്കാതെ പോകാനും പറ്റില്ല. അതാ കൃത്യമായി പറയാനാവാത്തതു്. എന്തായാലും നിങ്ങൾ ഉടമസ്ഥനോടു് പറഞ്ഞുവച്ചോളൂ. ഞാൻ പോകുന്നതിനുമുമ്പു് അദ്ദേഹത്തോടു പറയണമല്ലോ. എന്നു വീട്ടുകാരന്റെ ഉപദേശം.
ഞങ്ങൾക്കു വല്ല സഹായവും ചെയ്തുതരാൻ പറ്റുമെങ്കിൽ പറയൂ, കേട്ടോ, മടിക്കണ്ട. ഞങ്ങൾ ഇവിടത്തുകാർതന്നെയാണു്. വിജയൻ പറഞ്ഞു.
അതു വേണ്ടിവരുമെന്നു തോന്നുന്നില്ല. ഞങ്ങൾക്കു് ഒരാളെ കണ്ടാൽ മതിയായിരുന്നു. പക്ഷെ അയാളിപ്പോൾ സ്ഥലത്തില്ല എന്നു തോന്നുന്നു. അതുകൊണ്ടു് ആർക്കും ഞങ്ങളെ സഹായിക്കാനാവില്ല.
എന്തായാലും മറക്കല്ലേ. എന്റെ നമ്പർ ഇതാണു്. എന്നുപറഞ്ഞുകൊണ്ടു് വിജയൻ തന്റെ മൊബൈൽ നമ്പർ പറഞ്ഞുകൊടുത്തു.
അപ്പൊ, ശരി. എന്നാ ഞങ്ങളെറങ്ങട്ടെ? ബാ അളിയാ, പാം. വിജയൻ പോകാൻ തയാറായി.
എന്തായിരുന്നു പരിപാടി? യാത്രയ്ക്കിടയിൽ ഞാൻ ചോദിച്ചു.
ചുമ്മാതെ അവരുടെ പ്ലാനെന്താ എന്നറിയാൻ കയറിയതാ. അവർ പെട്ടെന്നു പോകാനുദ്ദേശിച്ചു വന്നതാണെങ്കിലും ഉടനെ മടക്കമില്ല എന്നു മനസ്സിലായില്ലേ? ഇനി കുറച്ചു വിവരങ്ങൾകൂടി കിട്ടാനുണ്ടു്. പൊലീസുകാർ എന്താണു് കണ്ടുപിടിക്കാൻപോകുന്നതു് എന്നു് ആദ്യമറിയട്ടെ. ഒന്നും വിട്ടുതരാൻ ഉദ്ദേശ്യമില്ല എന്നു മനസ്സിലായതുകൊണ്ടു് പിന്നൊന്നും ചോദിച്ചില്ല.
അപ്പൊ, ഇനി സ്റ്റേഷനിലേക്കാണോ? ഞാൻ ചോദിച്ചു.
ഏയ്, ഇന്നിനി അങ്ങോട്ടു പോയിട്ടു വലിയ കാര്യമൊന്നുമില്ല. അവരാ സാമ്പിൾ ലാബിലേക്കയച്ചു് അവരതു് അനലൈസ് ചെയ്തു് ബ്ലഡ് ഗ്രൂപ്പുമൊക്കെ കണ്ടുപിടിച്ചു വരുമ്പോഴേക്കു് സമയമെടുക്കും. നമുക്കിനി കുറേ പഴയ പാട്ടുംകേട്ടു് വീട്ടിലിരിക്കാം. വൈകുന്നേരം ആ ബാറിലൊന്നു പോണം. ഇത്രയും പറഞ്ഞു് ഇന്ത്യൻ കോഫി ഹൗസിൽനിന്നു് ബിരിയാണിയും കഴിച്ചു് ഞങ്ങൾ വീട്ടിൽ പോയി. പറഞ്ഞതുപോലെതന്നെ, മ്യൂസിക് സിസ്റ്റത്തിൽ മുഹമ്മദ് റഫിയുടെയും ലതാ മങ്കേഷ്ക്കറുടെയും പഴയ ഹിന്ദിപാട്ടുകളുമിട്ടു് വിജയൻ കയറിക്കിടന്നു.

* * * *

ഏതാണ്ടു് അരമണിക്കൂർ കഴിഞ്ഞപ്പോഴാണു് ചായകുടിക്കാനായി എഴുന്നേറ്റതു്. ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ചോദിച്ചു, “അപ്പോൾ ഇനിയെന്താണു് പരിപാടി?”എന്നു്.

“ഇനി നാളെയാവട്ടെ. ഇനി പൊലീസുകാർ കുറച്ചു പണിയെടുക്കട്ടെ.”എന്നാണു് വിജയൻ പറഞ്ഞതു്.എന്നിട്ടും കാലത്തെ എന്നെ കൂട്ടിക്കൊണ്ടു പോയതു് അവിടത്തെ അറവുശാലയിലേക്കാണു്. അവിടെയെത്തിയിട്ടു് നേരെ പോയി ഒരറവുകാരനോടു ചോദിച്ചതു് ഇറച്ചിയൊന്നുമല്ല, അറക്കുന്ന മാടിന്റെ ചോര കിട്ടുമോ എന്നാണു്.
“സാറേ, അതു് ഞങ്ങൾ ശേഖരിച്ചു് വയ്ക്കും. ആരോ വന്നു് എടുത്തോണ്ടുപോകും അത്രേ അറിയൂ.” എന്നായിരുന്നു കിട്ടിയ മറുപടി.
“അല്ല, സാറേ, എന്തിനാ ചോര? ഈയിടെയായിട്ടു് മുമ്പില്ലാത്തതുപോലെ ചിലരൊക്കെ വന്നു് ചോര ചോദിക്കുന്നുണ്ടല്ലോ. അതെന്തിനാണാവോ.”എന്നു് ആ അറപ്പുകാരൻ കൂട്ടിച്ചേർത്തപ്പോൾ വിജയനു് താൽപ്പര്യം കൂടിയതായി തോന്നുി.
“ഓ, അതെനിക്കറിയത്തില്ല. ഒരു സായ്പ്പൊരു പുതിയതരം ഇറച്ചിക്കറിയുണ്ടാക്കാനുള്ള റെസിപ്പി അയച്ചുതന്നു. അതിനു ചോരയുംകൂടി വേണം. അതുകൊണ്ടാ ഞാൻ വന്നു ചോദിച്ചെ. അല്ല, വേറെയാരാ വന്നു് ചോര ചോദിച്ചതു്? വിജയന്റെ മറുചോദ്യം.
“അയ്യോ, പറയാവോന്നറിയത്തില്ല. ആ മരിച്ചുപോയ മാത്യൂസാറില്ലേ? സാറുവന്നു് ചോര മേടിച്ചോണ്ടുപോയിരുന്നു. ആരോടും പറയണ്ടാന്നും പറഞ്ഞു. ഇനിയിപ്പം പൊലീസുകാരും വരുവായിരിക്കും ഇല്ലേ സാറേ?”
“ആ എനിക്കെങ്ങനെയറിയാം? വന്നാൽ ഒള്ള കാര്യമങ്ങു് പറ‍ഞ്ഞേക്കണം. എന്തായാലും സാറിനി വന്നു ചോദിക്കത്തില്ലല്ലോ.”
അവിടന്നു ഞങ്ങൾ പോയതു് നേരെ പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. ഭാഗ്യത്തിനു് ജോർജ്ജ്സാർ സീറ്റിലുണ്ടായിരുന്നു. അതുകൊണ്ടു് കാര്യങ്ങൾ എളുപ്പമായി.
ഞങ്ങളെ കണ്ടയുടനെ ജോർജ്സാർ ചോദിച്ചു, “എന്താ വിജയാ ഇങ്ങോട്ടൊക്കെ, വല്ല പ്രശ്നവുമുണ്ടോ?”
“ഒരു പ്രശ്നവുമില്ല. അല്ലെങ്കിലും എനിക്കെന്തു പ്രശ്നം? ഞാനൊരു കാര്യമന്വേഷിക്കാൻ വന്നതാണു്.”
“എന്താ കാര്യം? ചോദിക്കു്.”ജോർജ്സാർ.
“ആ മാത്യൂസാറിന്റെ വീടു് പരിശേധിച്ചപ്പോൾ പ്രസക്തമായ വല്ലതും കിട്ടിയോ?”
“ആ വീട്ടീന്നു് ഒന്നും കിട്ടിയില്ല, വിജയാ. അതുകൊണ്ടു് മോഷണമാവണം ലക്ഷ്യം എന്നാണു് അനുമാനം.”
അതു വെറുതെയാ. മോഷണമൊന്നുമല്ല. വിജയൻ തന്റെ അഭിപ്രായം പറഞ്ഞു.
ജോർജ്സാറിനു് തീരെ വിശ്വാസമായതായി തോന്നിയില്ല. എന്നിട്ടും ചോദിച്ചു, “മോഷണമല്ലെങ്കിൽ പിന്നെ കൊലപാതകലക്ഷ്യം എന്തായിരിക്കും?”
“അതു പിന്നെ പറയാം. ആ ബ്ലഡ്ടെസ്റ്റ് റിസൾട്ട് വന്നോ? ബ്ലഡ്ഗ്രൂപ്പ് കണ്ടുപിടിച്ചോ?”എന്നായി വിജയൻ.
“കിട്ടിയിട്ടില്ല. ഇന്നു് കിട്ടുമായിരിക്കും.”ജോർജ്സാർ പറഞ്ഞു.
“അതു വരട്ടെ. വന്നാൽ എന്നെയൊന്നു് അറിയിക്കണേ. എന്നിട്ടു് നമുക്കു് തീരുമാനിക്കാം.” എന്തധികാരത്തിലാണു് വിജയൻ അതു് പറഞ്ഞതെന്നറിയില്ല. എങ്കിലും ജോർജ്ജ്സാർ സമ്മതിച്ചു.
“ബാ അളിയാ, നമ്മക്കു് പോകാം.”പൊലീസ് സ്റ്റേഷനിലെ വിജയന്റെ ജോലി തീ‍ർന്നു എന്നു മനസ്സിലായി.
ഞങ്ങൾ അവിടെനിന്നു പോയതു് പത്രമേജന്റിന്റെ അടുത്തേക്കാണു്. അവിടെ എത്തിയപ്പോൾ എന്തോ കുറിച്ചു കൊടുക്കുന്നതു കണ്ടു. എന്നോടൊന്നും പറയാഞ്ഞതുകൊണ്ടു് ഞാനൊന്നും ചോദിച്ചുമില്ല.
അടുത്തദിവസം പത്രം വന്നപ്പോൾ പതിവിലുമധികം ആകാംക്ഷയോടെ ഓരോപേജും സൂക്ഷ്മമായി പരിശോധിക്കുന്നതുകണ്ടു. അതുകണ്ടു് ഞാനും സൂക്ഷ്മമായി പരതിനോക്കിയെങ്കിലും വിശേഷിച്ചൊന്നും കണ്ടില്ല. എന്തായിരുന്നു വിജയൻ പരതിയതു് എന്നകാര്യം പിന്നീടാണു് മനസ്സിലായതു്.
ഉച്ചകഴിഞ്ഞു് മൂന്നര നാലു മണിയോടെ വിജയൻ പുറത്തുപോകാൻ തയാറായി. എന്നെയും കൂട്ടി പോയതു് കവലയിലുള്ള പഴയ പത്രവും കുപ്പിയും മറ്റും വിലയ്ക്കെടുക്കുന്ന വലിയൊരു കടയിലേക്കാണു്. അവിടെ പത്രക്കെട്ടുകളും ഉപയോഗിച്ച പാക്കിങ് കേസുകളും ചിട്ടയായി മുകളറ്റംവരെ അടുക്കി വച്ചിരിക്കുന്നു. മനുഷ്യർ രണ്ടുമൂന്നുപേർ മാത്രമാണുണ്ടായിരുന്നതു്. ഒരണ്ണാച്ചി പുറത്തു് ഒരു പഴയ പ്ലാസ്റ്റിക് കസേരയിൽ ഇരിക്കുന്നു. ഉള്ളിലെ ഇരുട്ടത്തു് രണ്ടു പയ്യന്മാർ പണിയെടുക്കുന്നതു് കഷ്ടിച്ചു കാണാം. അവർ പലതരം കടലാസുകൾ തൂക്കി കെട്ടിവയ്ക്കുകയാണെന്നു തോന്നി.
“ആരെങ്കിലും അന്വേഷിച്ചുവന്നോ?”വിജയൻ ചോദിച്ചു.
“ഇല്ല” എന്നായിരുന്നു ഉത്തരം. അതുകേട്ടപ്പോൾ തിരികെ പോകും എന്നാണു് ഞാൻ കരുതിയതു്. എന്നാൽ വിജയന്റെ ഉദ്ദേശ്യം മറ്റൊന്നായിരുന്നു.
“എങ്കിൽ ഞങ്ങളിരിക്കാം.”വിജയൻ പറഞ്ഞു. കടയുടെ മുതലാളി ഉള്ളിലേക്കു് വിളിച്ചപ്പോൾ രണ്ടു് പഴയ പ്ലാസ്റ്റിക് സ്റ്റൂളുകളെത്തി. അവയിൽ ഞങ്ങൾ ഇരുപ്പുപിടിച്ചു.
കുറച്ചുകഴിഞ്ഞപ്പോൾ യൂണിഫോമില്ലാതെ എസ്ഐ ജോർജ്ജും മൂന്നാലു ആൾക്കാരും ഒരു കുട്ടിയുമായി വന്നു. ജോർജ്സാറിനെ കണ്ടതോടുകൂടി അണ്ണാച്ചിക്കു് പരിഭ്രമമായി. അയ്യോ, സാറിങ്ങോട്ടിരുന്നാട്ടെ. എന്നുപറഞ്ഞു് അണ്ണാച്ചി താനിരുന്ന പഴയ കസേരയിൽനിന്നു് എണീറ്റുകൊടുത്തു. എന്നിട്ടു് ഒരു പത്രക്കെട്ടെടുത്തുവച്ചു് അതിനുമുകളിലായി ഇരുന്നു.
“ആ രക്തപരിശോധനയുടെ ഫലം കിട്ടിയോ?” വിജയൻ ചോദിച്ചു.
“അയ്യോ, സോറി. ഞാൻ പറഞ്ഞില്ല, അല്ലേ? അതു് മനുഷ്യരക്തമൊന്നുമല്ല. ഏതോ മൃഗത്തിന്റെയാണത്രെ! എന്തൊരു കൊനഷ്ടായി! ഇനിയിപ്പൊ ഏതു മൃഗത്തെയാണു് കൊന്നതെന്നു് കണ്ടുപിടിക്കണ്ടേ?”
“അതിന്റെ കാര്യമൊന്നുമില്ല, സർ. അതു് മിക്കവാറും അബറ്റ്വാറിൽനിന്നു് മേടിച്ചതായിരിക്കും.” വിജയൻ വിശദീകരിച്ചു.
“കൊലപാതകിയെന്തിനാണു് രക്തം മേടിച്ചു് അവിടെ ഒഴിക്കുന്നതു്?” ജോർജ്ജ്സാറിനു് സംശയം തീരുന്നില്ല. എനിക്കും.
“ആരുപറഞ്ഞു കൊലപാതകി ഒഴിച്ചതാണെന്നു്?” വിജയൻ എന്നിട്ടും തുറന്നു പറഞ്ഞില്ല. “കൊലപാതകം നടന്നു എന്നുതന്നെ തെളിഞ്ഞോ?”
കുറച്ചുകഴിഞ്ഞപ്പോൾ ജോർജ്ജ്സാർ പറഞ്ഞു, “നാലുമണിയായി. ആരെയും കാണുന്നില്ലല്ലോ!”
“വരേണ്ടവരൊക്കെ വന്നോളും, സാറു വിഷമിക്കാതെ.” എന്നായി വിജയൻ. “ആവശ്യം അവരുടേതല്ലേ? അവരെത്തിക്കൊള്ളും.”
അങ്ങനെയിരിക്കുമ്പോൾ ഒരാൾവന്നു് അണ്ണാച്ചിയോടു ചോദിച്ചു, “ഒരു ബാങ്കിന്റെ കടലാസുകൾ പത്രങ്ങളുടെ ഇടയിൽനിന്നു് കിട്ടി എന്ന പരസ്യം കണ്ടിട്ടു വന്നതാണു്. അതെനിക്കു് ആവശ്യമുള്ളവയാണു്. തരൂ.”
ജോർജ്ജ്സാർ ഒരു ആംഗ്യം കാണിച്ചതു് ഞാൻപോലും കണ്ടില്ല. കൂടെ വന്നവരിൽ രണ്ടുപേർ നിമിഷനേരംകൊണ്ടു് പുതുതായി വന്ന ആളിന്റെ സമീപത്തെത്തി.
“നിങ്ങൾക്കെന്താണു് ആ കടലാസുകളുമായുള്ള ബന്ധം?” വിജയൻ ചോദിച്ചു.
“ഞാൻ ജോലിചെയ്തിരുന്ന ബാങ്കിലെ കടലാസുകളാണു്. അറിയാതെ പത്രങ്ങളുടെ ഇടയിൽപ്പെട്ടുപോയതാണു്.” അയാൾ പറഞ്ഞു.
“ശരി. തരാം. പക്ഷെ അവ ഏതു ബാങ്കിന്റെ കടലാസുകളാണു് എന്നു പറയൂ.” ജോർജ്ജ്സാർ പറഞ്ഞു.
“അതു് സ്റ്റേറ്റ് ബാങ്കിന്റെ കടലാസുകളാണു്.” അയാൾ പറഞ്ഞു.
ഉത്തരം മുഴുവനും കേൾക്കുന്നതിനുമുമ്പുതന്നെ വിജയൻ ആംഗ്യം കാട്ടി. അടുത്തു നിന്നിരുന്ന മഫ്തിയിലുള്ള രണ്ടു് പൊലീസുകാർ ആ മനുഷ്യന്റെ രണ്ടുവശത്തുമായി എത്തുകയും അയാളുടെ കൈകളിൽ ബലമായി പിടികൂടുകയും ചെയ്തു.
“നിങ്ങളാരാ? എന്റെ കയ്യിലെന്തിനാ പിടിക്കുന്നെ?” തുടങ്ങിയ ചോദ്യങ്ങളൊക്കെ അയാളിൽനിന്നുണ്ടായി, പക്ഷെ അതാരും കാര്യമായി എടുത്തില്ല.
അപ്പോഴാണു് ജോർജ്ജ്സാർ തന്റെ യഥാർത്ഥസ്ഥാനം വ്യക്തമാക്കിയതു്. പൊലീസാണെന്നു് അറിഞ്ഞതോടെ അയാളുട ഭാവം മാറി.
“അയ്യോ, സർ, ഞാനൊന്നും ചെയ്തില്ല. എന്നെ മറ്റൊരൈൾ പറഞ്ഞുവിട്ടതാണു്. ഇങ്ങനെയൊക്കെ പറഞ്ഞു് ഇവിടെനിന്നു് ആ കടലാസുകൾ വാങ്ങിക്കൊടുത്താൽ പണംതരാമെന്നു പറഞ്ഞതാണു്.”
“ഇയാൾടെ പേരെന്താഡോ?” ജോർജ്ജ്സാറിന്റെ ഭാവവും മാറിയിരുന്നു. ഇപ്പോഴദ്ദേഹം കുറ്റവാളികളെ വിരട്ടുന്ന പൊലീസുദ്യോഗസ്ഥനായിരുന്നു.
“രാജു, സാറേ”
“തന്റെ വീടെവടെയാ?”
“കരോട്ടാ സാറേ.”
“എന്താഡോ ആ സ്ഥലത്തിനു പേരില്ലേ?”
“അയ്യോ, സാറേ. എനിക്കൊന്നും അറിയത്തില്ലേ. ഞാനിവിടെ രാവിലെ പണിയന്വേഷിച്ചു വന്നതാ. ഇന്നാണേൽ കാര്യമായ പണിയൊന്നും കിട്ടിയില്ല. അപ്പഴാ രണ്ടു സാറന്മാരുവന്നു് ഇവിടന്നു് കുറച്ചു കടലാസു മേടിച്ചോണ്ടു കൊടുക്കുവാണേൽ കാശുതരാമെന്നു പറഞ്ഞതു്. അങ്ങനെയാ ഞാനിവിടെ വന്നതു്. അല്ലാതൊന്നും എനിക്കറിയത്തില്ല.”
“ആരാഡോ തനിക്കു് കാശുതരാമെന്നു പറഞ്ഞതു്?”
“എനിക്കു പരിചയമില്ലാത്തവരാ, സാറേ. ഞാനാ മുക്കിൽ പണിയന്വേഷിച്ചു നിക്കുമ്പഴാ അവർ വന്നു് പണി തരാമെന്നു പറഞ്ഞു് വിളിച്ചോണ്ടുപോയതു്.”
“താനവരെ കണ്ടാൽ തിരിച്ചറിയുമോ?”
“തീർച്ചയായും അറിയും സർ.”
“എന്നാ താൻ ഞങ്ങളെ അവരുടെ അടുത്തു് കൊണ്ടുപോ.”
“അവരാ വീട്ടിൽ പുതുതായി താമസിക്കാൻ വന്നവരാന്നു് പറയുന്നെ കേട്ടു, സർ.”
“എന്നാൽ താൻ ഞങ്ങളെ ആ വീട്ടിലോട്ടു കൊണ്ടുപോ.” അതൊരു ഉത്തരവായിരുന്നു.
വിജയൻ പരുന്നില്ല എന്നു പറഞ്ഞു. എന്നെയും അവിടെ പിടിച്ചുനിർത്തി. ബാക്കിയെല്ലാവരുംകൂടി ജീപ്പിൽ കയറിപ്പറ്റി. വഴികാട്ടാനായി രാജു ഡ്രൈവറുടെ തൊട്ടുപിന്നിലിരുന്നു.
ഞങ്ങളവിടെ ഇരിക്കുമ്പോൾ വിജയൻ ആ കുട്ടിയോടു ചോദിച്ചു, “നിന്റെ പേരെന്താ?”
“ബിന്ദു” കുട്ടി പറഞ്ഞു.
“കുട്ടിക്കു് മാത്യുസാറിനെ കണ്ടാലറിയാമോ?”
“ഓ, നന്നായി അറിയാം, സാറേ. ദിവസവും കാണുന്നതല്ലേ?”
“എന്നാൽ വഴിയിലേക്കു് നോക്കിക്കൊണ്ടിരുന്നോ. മാത്യൂസാറിനെ കണ്ടാൽ പറയണേ.” എനിക്കാണെങ്കിൽ ഒന്നും മനസ്സിലാകുന്നില്ല. മരിച്ചുപോയ മാത്യൂസാറിനെ കാണുമെന്നോ? എന്താ ഈ വിജയൻ പറയുന്നെ? വട്ടായോ?
“അയ്യോ, സാറു് മരിച്ചുപോയില്ലേ സാറേ?”
“അതു് സാരമില്ല. സാറിനെ ഇവിടെ കണ്ടാൽ പേടിക്കണ്ട കേട്ടോ!” ബിന്ദു അക്കാര്യം ഏറ്റു.
കുറച്ചു കഴിഞ്ഞപ്പോൾ വിജയൻ പ്രതീക്ഷിച്ചതുപോലെ കുട്ടി പറഞ്ഞു, “ദാ മാത്യൂസാർ വരുന്നു.” തയാറായിരുന്നോളാൻ വിജയൻ ഒരു സൂചന തന്നു. പ്രസ്തുത വ്യക്ത അടുത്തു വരികയും അണ്ണാച്ചിയോടു് കടലാസുകളുടെ കാര്യം ചോദിക്കുകയും ചെയ്തനിമിഷം വിജയൻ ചാടിയെണീറ്റു. ഒപ്പം ഞാനും. ഇതുകണ്ടു് പേടിച്ചിട്ടാണെന്നു തോന്നുന്നു, അദ്ദേഹം തിരിഞ്ഞോടാൻ ഒരു ചെറിയ ശ്രമം നടത്തി. എന്നാൽ, നിമിഷനേരംകൊണ്ടു് ഒരു സമർത്ഥനായ ഗോൾകീപ്പറെപ്പോലെ വിജയൻ ഡൈവ് ചെയ്തു് അയാളുടെ കാലിൽ പിടികൂടി. മാത്യൂസാർ നിലതെറ്റി, പക്ഷെ വീണില്ല. അതിനുമുമ്പെ വിജയൻ കൈവിടുകയും ചാടി എണീക്കുകയും ചെയ്തു. അപ്പോഴത്തേക്കു് ഞാനും അവരുടെ സമീപത്തെത്തിയിരുന്നു. മാത്യൂസാറിനു് (അല്ലെങ്കിൽ ആ വ്യക്തിക്കു്) യാതൊരു കാരണവശാലും രക്ഷപ്പെടാൻ ആകില്ലായിരുന്നു.
എന്തായാലും എല്ലാവരും ഗുസ്തിയുടെ അന്ത്യത്തിൽ സമാധാനമായപ്പോൾ വിജയൻ പരിചയപ്പെടുത്തി. “ഞാൻ വിജയൻ. എക്സ് സർവീസ്കാരനാണു്. ഇവിടെ ചില കേസുകളിൽ പൊലീസിനെ സഹായിക്കാറുണ്ടു്. താങ്കൾ മാത്യുവാണെന്നു കരുതുന്നു. കാനറാബാങ്കിൽനിന്നു് വിരമിച്ച മാത്യു. ശരിയല്ലേ?”
“അതെ. നിങ്ങൾ കരുതുന്നതുപോലെ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല.”
“എനിക്കറിയാം. പണ്ടു് ഒരു വലിയ ലോൺ നൽകിയതിൽ താങ്കളുടെ പേരുചേർത്തു് ചിലർ കുഴപ്പമുണ്ടാക്കി, അല്ലേ?”
“അതെ, സർ. അവർക്കെതിരായ രേഖകൾ ഞാൻ ശേഖരിച്ചുവച്ചു. അതു് കിട്ടാനായി അവർ എന്നെ നിരന്തരം ശല്ല്യംചെയ്യുകയായിരുന്നു.”
“അതെ. അതിൽനിന്നു് രക്ഷപ്പെടാനാണു് താങ്കൾ ഒരു കൊലപാതകനാടകം ഉണ്ടാക്കിയതു്, അല്ലേ?”
“അതൊക്കെ എങ്ങനെ മനസ്സിലാക്കി, സർ?”
“എല്ലാം പറഞ്ഞുതരാം. താങ്കളെ തേടിവന്നവരെയുംകൊണ്ടു് പൊലീസ് ഇപ്പോഴെത്തും. എന്നിട്ടാകാം.”
പറഞ്ഞുകൊണ്ടിരുന്നപ്പോൾ ജീപ്പു വരുന്നതു കണ്ടു. പക്ഷെ മാത്യൂസാറിനു് അപ്പോഴും കടലാസുകൾ കിട്ടാനുള്ള തിടുക്കമായിരുന്നു. “എന്റെ കടലാസുകളെവിടെ?” അദ്ദേഹം ചോദിച്ചു.
“സാറിന്റെ കടലാസുകൾ സാറിന്റെ വീട്ടിൽത്തന്നെയുണ്ടു്. അതൊന്നും ആരും എടുത്തിട്ടില്ല.” വിജയൻ പറഞ്ഞു.
“അപ്പോൾ ഞാൻ കണ്ട പരസ്യമോ?” മാത്യൂസിനു വിശ്വാസമായില്ല.
“അതൊരു സൂത്രമായിരുന്നില്ലേ? എല്ലാം പറഞ്ഞുതരാം. ഒരുമിനിട്ടു കഴിയട്ടെ.”
ജോർജ്ജ്സാർ എത്തിയപ്പോൾ മാത്യൂസാറിനെ കണ്ടുകൊണ്ടു ചോദിച്ചു, “ഇയാളാരാ?”
“ഇതാണു് കൊല്ലപ്പെട്ട മാത്യു.” വിജയൻ പറഞ്ഞുകൊടുത്തു.
“കൊല്ലപ്പെട്ട മാത്യുവോ? ഇയാൾക്കു് ജീവനുണ്ടല്ലോ!”
“ഉണ്ടു്, സർ. ഞാൻ പറഞ്ഞില്ലേ, കൊലപാതകമല്ല എന്നു്? മാത്യു ഒരിക്കലും മരിച്ചില്ല.”
അതിനിടയ്ക്കു് അണ്ണാച്ചി പറഞ്ഞു. “എല്ലാവർക്കുംകൂടി ഇരിക്കാൻതരാൻ ഒന്നുമില്ലല്ലോ, സാറേ.”
“എന്നാൽ വാ നമുക്കു് സ്റ്റേഷനിലേക്കു് പോകാം. ഒരു വണ്ടികൂടി വിളിയെടോ.” അവസാനത്തേതു് കോൺസ്റ്റബിളിനോടായിരുന്നു. അയാൾ അടുത്ത ജങ്ഷനിൽ കിടന്ന ഒരു ടാക്സി വിളിച്ചുകൊണ്ടുവന്നു. അങ്ങനെ ഞങ്ങളെല്ലാവരുംകൂടി പൊലീസ് സ്റ്റേഷനിലെത്തി.
എല്ലാവരും ഇരുന്നുകഴിഞ്ഞപ്പോൾ ജോർജ്ജ്സാർ പറഞ്ഞു, “ഇനി പറ, വിജയാ. ഇതു കൊലപാതകമല്ല എന്നു് താനെങ്ങനെയാണു് കണ്ടുപിടിച്ചതു്?”
“ഓ, അതിനു വലിയ പ്രയാസമൊന്നുമുണ്ടായില്ല. ബോഡി കിടന്നിരുന്നതു് എന്നു പറഞ്ഞ മുറിയിലേക്കു്, അതായതു് മാത്യൂസാറിന്റെ ബെഡ്റൂമിലേക്കു് കടന്നപ്പോഴേ എനിക്കു മനസ്സിലായി അവിടെ കൊലപാതകമൊന്നും നടന്നിട്ടില്ല എന്നു്. കാരണം അതു് മനുഷ്യരക്തത്തിന്റെ മണമല്ലായിരുന്നു. മരിച്ചുവീഴുന്ന മനുഷ്യരുടെ നടുവിൽ ജീവിച്ചവനല്ലേ സർ ഞാൻ!”
“കൊലപാതകം നടന്നിട്ടില്ല എങ്കിൽ ബോഡിയുടെ പ്രശ്നം സോൾവായി. മാത്യൂസാർ എണീറ്റു നടന്നു പോയിരിക്കണം. അപ്പോൾ ആ രക്തമോ? ഞാനും അളിയനുംകൂടി ഒരു പരീക്ഷണം നടത്തി. അറവുശാലയിൽ പോയി രക്തം കിട്ടുമോ എന്നന്വേഷിച്ചു. സംസാരത്തിനിടയിൽ മാത്യുസാർ രക്തം മേടിക്കാൻ വന്നിരുന്ന വിവരം എനിക്കു മനസ്സിലായി. അതോടെ ആ പ്രശ്നവും തീർന്നു. കൊലപാതകമേ നടന്നിട്ടില്ല എന്നുറപ്പായി.”
“എങ്കിൽ എന്തിനാവണം ഇങ്ങനെയൊരുു നാടകം അരങ്ങേറിയതു്? ഉത്തരം ബുദ്ധിമുട്ടുള്ളതല്ലായിരുന്നു. താൻ മരിച്ചുപോയി എന്നു് ആരെയോ ബോദ്ധ്യപ്പെടുത്താനാവണം. അതാരെയാവണം എന്നതു് കണ്ടുപിടിച്ചാൽ കേസ് ഏതാണ്ടു് തീരും എന്നും എനിക്കു് തോന്നി. അങ്ങനെയാണു് അളിയൻപോലുമറിയാതെ ഒരുദിവസം ഞാൻ മാത്യുസാറിന്റെ മുൻകാലചരിത്രം മനസ്സിലാക്കാനായി ഇറങ്ങിത്തിരിച്ചതു്. അങ്ങനെയാണു് പഴയൊരു ബാങ്ക് ഫ്രോഡിന്റെ കാര്യവും അതിൽ മാത്യൂസാറിനെ കുടുക്കിയ കഥയും അറിയുന്നതു്. അതോടുകൂടി തിരക്കഥയുടെ ഏകദേശരൂപം മനസ്സിലായി. കുറച്ചുകൂടി അന്വേഷിച്ചപ്പോഴാണു് മാത്യൂസാർ ഐടി പഠിക്കാൻ ചേർന്ന കാര്യവും മറ്റും മനസ്സിലായതു്. അതിന്റെ പിന്നാലെ പോയപ്പോൾ വീണുകിട്ടിയ ഒരു ക്ലൂവാണു് സാർ പലപ്പോഴും വളരെയധികം സമയം ബാങ്കിൽ ചെലവഴിക്കുമായിരുന്നു എന്നതു്. അങ്ങനെയാണു് കടലാസുകളുടെ ഒരു കഥ ഞാനുണ്ടാക്കിയതു്. കാരണം സാറിനു് അനുകൂലമായ തെളിവുകൾ തീർച്ചയായും ഡിജിറ്റലായി മാത്രം സൂക്ഷിക്കാൻ സാദ്ധ്യതയില്ല എന്നു് എനിക്കു തോന്നി. ആ തോന്നലിന്റെ അടിസ്ഥാനത്തിൽ ചുമ്മാ ഒരു പരസ്യം കൊടുത്തതാണു്. പക്ഷെ അതിനുമുമ്പുതന്നെ കടലാസുകൾ അന്വേഷിച്ചു് സാറിന്റെ താമസസ്ഥലം കണ്ടുപിടിക്കാനായി ഇവിടെ എത്തിയവരെ ഞാൻ കണ്ടെത്തിക്കഴിഞ്ഞിരുന്നു. ദാ ഈ നിൽക്കുന്നവർ. അവർ താമസിക്കുന്ന വീടു് വാടകയ്ക്കു കൊടുക്കുമോ എന്നു ചോദിച്ചുകൊണ്ടു് ഞങ്ങൾ അവിടെയെല്ലാം കയറിയിറങ്ങിയിരുന്നു.”
“ഇത്രയൊക്കെ വിവരങ്ങളേ എന്റെപക്കൽ ഉണ്ടായിരുന്നുള്ളൂ. അതുവച്ചു് ഒരു പരീക്ഷണം നടത്തിയതാണു്. അതിലേതായാലും നിങ്ങൾ രണ്ടുകൂട്ടരും വീണുപോയി.”
“അപ്പോൾ എന്തായിരുന്നു സംഭവം, മാത്യൂസ്?” ജോർജ്ജ്സാർ ചോദിച്ചു.
“ഞാൻ സർവ്വീസിലിരിക്കുമ്പോൾ ബാങ്കിൽനിന്നു് കുറേ പണം ഒരു ബിസിനസ്സിനു് ലോൺ കൊടുത്തു. അതു് സത്യത്തിൽ ഒരു വ്യാജകമ്പനിയായിരുന്നു. ലോൺ കൊടുത്തതു് ഞാനല്ലെങ്കിലും അതു് എന്റെ പേരിൽ ആക്കിത്തീർത്തതാണു്. എന്റെ മുപ്പതുവർഷത്തെ സർവ്വീസിൽ കൃത്യമായി പരിശോധിക്കാതെ ഞാനൊരു ലോണും കൊടുത്തിട്ടില്ല. അതു് എന്റെ മേലുദ്യോഗസ്ഥരായ ഇവർ കൊടുത്തിട്ടു് എന്റെ പേരിൽ ആക്കിത്തീർത്തതാണു്, സർ. ഭാഗ്യത്തിനു് ഞാൻ കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ എന്റെ സുരക്ഷക്കായി ഇവരാണു് തട്ടിപ്പു് നടത്തിയതു് എന്നതിനുള്ള ഡിജിറ്റൽ രേഖകൾ ശേഖരിച്ചു് ഇദ്ദേഹം പറഞ്ഞതുപോലെ ഡിജിറ്റലായിത്തന്നെയും പ്രിന്റെടുത്തും സൂക്ഷിച്ചുവച്ചു. അക്കാര്യം ഇവരെങ്ങനെയോ മനസ്സിലാക്കി. അന്നുമുതൽ എന്റെ ജീവിതം പ്രശ്നത്തിലായി. ആ രേഖകൾ കൈക്കലാക്കാനായി ഇവർ പല ശ്രമങ്ങളും നടത്തി, പക്ഷെ അതു് സംരക്ഷിക്കാൻ ഇതുവരെ എനിക്കു് കഴിഞ്ഞിട്ടുണ്ടു് അതെല്ലാം ആരുടെ മുമ്പിലും അവതരിപ്പിക്കാൻ ഞാൻ തയാറാണു്, സർ.”
“ഇതു് സത്യമാണോ ഡോ?” ചോദ്യം മറ്റു രണ്ടുപേരോടുമായിരുന്നു.
“അയ്യോ, അങ്ങനേയല്ല സർ. ഞങ്ങളെ കേസിൽ കുടുക്കാനായി ഇയാൾ എന്തോ രേഖകൾ കെട്ടിച്ചമച്ചിട്ടുണ്ടു് എന്നു കേട്ടു് അതെന്താണെന്നു് മനസ്സിലാക്കാനുള്ള ശ്രമമായിരുന്നു സർ. അയാൾക്കു് അർഹമായ പ്രൊമോഷൻ ഞങ്ങൾ തടഞ്ഞുവച്ചു എന്ന തെറ്റിദ്ധാരണയിലാണത്രെ ഇയാൾ കേസുണ്ടാക്കാൻ ശ്രമിക്കുന്നതു് എന്നാണു് ഞങ്ങൾ കേട്ടതു്.”
“അതെന്തായാലും ഞാനന്വേഷിച്ചോളാം. നിങ്ങൾക്കിപ്പോൾ പോകാം. പക്ഷെ ഈ സ്ഥലം വിട്ടുപോകുന്നതിനുമുമ്പു് എന്നെ അറിയിക്കണം. മാത്യൂസ് പൊയ്ക്കോളൂ.”
അങ്ങനെ ആ രഹസ്യത്തിന്റെയും ചുരുളഴിഞ്ഞു. അടുത്ത പ്രശ്നവും കാത്തു് ഞങ്ങൾ തിരികെ വീട്ടിൽ പോയി.

4/5 - (6 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “അപ്രത്യക്ഷമായ മൃതദേഹം”

Leave a Reply