നിനക്കായ് ( 19 )
താഴെ വീണുകിടന്ന ഫോണിലേക്ക് നോക്കിയ അഭിരാമിക്ക് തല കറങ്ങുന്നത് പോലെ തോന്നി. അതിന്റെ ഡിസ്പ്ലേയിൽ ആ പെൺകുട്ടിയേയും ചേർത്തുപിടിച്ച് പുഞ്ചിരിയോടെ നിൽക്കുന്ന അജിത്തിന്റെ ചിത്രം തെളിഞ്ഞിരുന്നു. വിറയാർന്ന കൈകൾ കൊണ്ട് അവളാ ഫോണെടുത്തു. വിശ്വാസം വരാതെ കണ്ണുകൾ ചിമ്മിത്തുറന്ന് അവൾ വീണ്ടും അതിലേക്ക് മിഴിച്ച് നോക്കി.
” ഇത്… ഇതാരാ ? “
ഫോൺ സ്ക്രീനിൽ നിന്നും മിഴി പറിക്കാതെ തന്നെ തനിക്കരികിലിരുന്നവളോട് വിറയ്ക്കുന്ന ശബ്ദത്തിൽ അത് ചോദിക്കുമ്പോൾ അവളുടെയുള്ളിൽ ഒരു കടലിരമ്പുന്നുണ്ടായിരുന്നു.
” ഓഹ് ഇതെന്റെ വൂട്ബിയാണ്. എന്താ പുള്ളിക്കാരനെ പരിചയമുണ്ടോ ? “
നിരയൊത്ത പല്ലുകൾ കാണിച്ച് മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു.
” ഏയ് ഇല്ല ഞാൻ വെറുതെ … “
പറഞ്ഞുകൊണ്ട് നിറഞ്ഞുവന്ന മിഴികൾ അവളിൽ നിന്നും മറച്ചുകൊണ്ട് അഭിരാമി ധൃതിയിൽ പുറത്തേക്ക് നടന്നു. റോഡിലേക്കിറങ്ങി നടക്കുമ്പോൾ ചീറിപ്പായുന്ന വാഹനങ്ങളോ ആളുകളെയോ ഒന്നും അവൾ കാണുകയോ കേൾക്കുകയോ ചെയ്തില്ല. കാലം തെറ്റി പെയ്ത മഴ അവളെ നനച്ചുകൊണ്ട് ആർത്തലച്ച് പെയ്തു. ചുട്ടുപൊള്ളുന്ന ഭൂമിയിലേക്ക് പെയ്തിറങ്ങുന്ന വേനൽ മഴയിലും തീവ്രമായി അവളുടെ മിഴികൾ പെയ്തുകൊണ്ടേയിരുന്നു.
പെട്ടന്ന് എതിരെ വന്ന ഒരു കാർ അവൾക്ക് മുന്നിലായി വന്ന് സഡൺ ബ്രേക്കിട്ടു. കാറിൽ നിന്നിറങ്ങിയ അജയ് അവളുടെ അടുത്തേക്ക് ഓടി വന്നു.
” അഭീ നീയെന്തിനാ ഇങ്ങനെ നനയുന്നത് ? “
അവൻ വന്നത് പോലുമറിയാതെ വീണ്ടും നടക്കാൻ തുനിഞ്ഞ അവളുടെ കൈയിൽ പിടിച്ചുനിർത്തിക്കൊണ്ട് അജയ് ചോദിച്ചു. അപ്പോഴും അവളിൽ നിന്നും പ്രതികരണമൊന്നുമില്ലാതെയിരുന്നപ്പോൾ അവനവളെ പിടിച്ച് കാറിലേക്ക് കയറ്റി. അപ്പോഴും അഭിരാമിയുടെ മിഴികൾ പെയ്തുകൊണ്ടേയിരുന്നു.
” ആഹാ അജയേട്ടനിവളെ എവിടുന്ന് കിട്ടി? “
പാലക്കൽ വീടിന്റെ പോർച്ചിൽ കാർ നിർത്തുമ്പോൾ പുറത്തേക്ക് വന്ന അനഘ ചോദിച്ചു.
” പെരുമഴയത്ത് നനഞ്ഞുകുളിച്ച് ബോധം പോലുമില്ലാതെ നടുറോഡിൽ കൂടെ വരുവായിരുന്നു. നീയൊന്ന് ചോദിക്ക് എന്തുപറ്റിയെന്ന് “.
അവളുടെ കയ്യിൽ നിന്നും പൊന്നുമോളെ വാങ്ങി അകത്തേക്ക് നടക്കുമ്പോൾ അജയ് പറഞ്ഞു.
” അഭീ എന്താ നീയിങ്ങനെ ? “
കാറിൽ നിന്നിറങ്ങി പൂമുഖത്തേക്ക് കയറിയ അഭിരാമിയെ നോക്കി അനഘ ചോദിച്ചു. പക്ഷേ അപ്പോഴും അവളിൽ നിന്നും മറുപടിയൊന്നുമുണ്ടായില്ല. അബോധാവസ്ഥയിലെന്ന പോലെ അവൾ അനഘയെ കടന്ന് മുകളിലേക്ക് നടന്നു. അപ്പോഴും ഒന്നും മനസ്സിലാകാതെ അമ്പരന്ന് നിൽക്കുകയായിരുന്നു അനഘ.
മുറിയിലെത്തിയ പാടെ നനഞ്ഞുകുതിർന്ന ഡ്രസ്സ് പോലും മാറ്റാതെ അഭിരാമി കിടക്കയിലേക്ക് വീണു. കട്ടിലിൽ തലയിട്ടുരുട്ടി അവൾ ആർത്തലച്ച് കരഞ്ഞു.
അജിത്ത് വീട്ടിലെത്തുമ്പോൾ ഏഴുമണി കഴിഞ്ഞിരുന്നു. അരവിന്ദനും ഗീതയും അനഘയും കൂടി ഹാളിലിരുന്ന് പൊന്നുമോളെ കളിപ്പിച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു. അവന്റെ കണ്ണുകൾ അവിടമാകെ അഭിരാമിയെ തിരഞ്ഞു. താഴെയൊന്നും അവളെ കാണാതെ അവൻ പതിയെ മുകളിലേക്ക് നടന്നു.
” അജീ നിനക്ക് ചായ എടുക്കണോ ? “
അവനെ കണ്ടുകൊണ്ട് അനഘ വിളിച്ചുചോദിച്ചു.
” ഇപ്പൊ വേണ്ടേടത്തി “
പറഞ്ഞിട്ട് അവൻ മുകളിലേക്ക് തന്നെ നടന്നു. മുകളിൽ അഭിരാമിയുടെ മുറിക്ക് മുന്നിലെത്തിയ അവൻ പതിയെ ഡോർ തുറന്ന് അകത്തേക്ക് നോക്കി.
ബെഡിൽ മലർന്ന് മാറിൽ കൈകൾ പിണച്ചുവച്ച് അവൾ കിടന്നിരുന്നു. ആ കിടപ്പിൽ എന്തോ പന്തികേട് തോന്നിയ അവൻ ആരും വരുന്നില്ല എന്ന് ഉറപ്പ് വരുത്തി വേഗം അകത്തേക്ക് കയറി. കരഞ്ഞ് തളർന്ന് ഈറൻ വസ്ത്രങ്ങളോടെ ബെഡിൽ കിടക്കുന്ന അവളെ കണ്ട് അവനൊന്ന് അമ്പരന്നു. പിന്നെ വലതുകരം അവളുടെ നെറ്റിയിൽ ചേർത്ത് വച്ചു. പെട്ടന്ന് തന്നെ പൊള്ളിയിട്ടെന്നപോലെ അവൻ കൈ പിൻവലിച്ചു.
കടുത്ത പനിയിൽ ചുട്ടുപൊള്ളുകയായിരുന്നു അവളുടെ ശരീരം.
” അഭീ … “
ബെഡിൽ അവൾക്കരികിലായി ഇരുന്ന് അവളുടെ കവിളിൽ പതിയെ തട്ടി അവൻ വിളിച്ചു. ഒന്ന് രണ്ട് വിളികൾക്ക് ശേഷം അവൾ പതിയെ കണ്ണുകൾ തുറന്നു. അവനെ കണ്ടതും വീണ്ടും ആ മിഴികൾ നിറഞ്ഞൊഴുകി.ഒന്നും മനസ്സിലാകാതെ അജിത്തവളെ തന്നെ നോക്കിയിരിക്കേ ആ മിഴികൾ വീണ്ടുമടഞ്ഞു.
” അഭീ… മോളേ… “
കണ്ണീരുണങ്ങിപ്പിടിച്ച അവളുടെ കവിളിൽ തട്ടി അവൻ അങ്കലാപ്പോടെ വിളിച്ചു. അവളിൽ നിന്നും പ്രതികരണമൊന്നും ഇല്ലാതെ വന്നപ്പോൾ അവന്റെ ഭയമിരട്ടിച്ചു. വാടിക്കുഴഞ്ഞ അവളെ കൈകളിൽ വാരിയെടുക്കുമ്പോൾ അവൻ മറ്റെല്ലാം മറന്നിരുന്നു. പനി കൂടി പിച്ചും പേയും പറയാൻ തുടങ്ങിയ അവളെയും കോരിയെടുത്ത് അവൻ താഴേക്ക് വരുമ്പോൾ ഹാളിൽ കുഞ്ഞിനെയും കളിപ്പിച്ചിരുന്ന എല്ലാവരും അമ്പരന്ന് നോക്കി.
” അയ്യോ ഇതെന്ത് പറ്റി മോളേ അഭീ… “
ഓടി വന്ന് പിന്നിലേക്ക് തളർന്ന് തൂങ്ങിക്കിടന്നിരുന്ന അഭിരാമിയുടെ തലയിൽ തലോടിക്കോണ്ട് ഗീത ചോദിച്ചു.
” ഇവളിത്ര വയ്യാതെ ഇവിടെക്കിടന്നിട്ടും നിങ്ങളാരും അറിഞ്ഞില്ലേ ? “
ചോദിക്കുമ്പോൾ ദേഷ്യവും സങ്കടവും കൊണ്ട് അജിത്തിന്റെ സ്വരമിടറിയിരുന്നു.
” വരുമ്പോൾ അവൾക്കൊരു കുഴപ്പവുമില്ലായിരുന്നു അജീ. എന്തോ സങ്കടമുണ്ടായിരുന്നു. ചോദിച്ചിട്ടൊന്നും പറഞ്ഞതുമില്ല. ഒന്ന് കിടക്കട്ടെന്ന് ഞാനും കരുതി “
അജിത്തിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് അനഘയായിരുന്നു.
” മതി…. ഇപ്പോഴെങ്കിലും കണ്ടില്ലായിരുന്നെങ്കിൽ എനിക്കിവളെ… “
വാക്കുകൾ പാതിയിൽ നിർത്തി അഭിരാമിയുമായി അവൻ പുറത്തേക്ക് നടക്കുമ്പോൾ എല്ലാവരും പരസ്പരം അമ്പരന്ന് നോക്കി.
” വണ്ടി ഞാനെടുക്കാം ഈ അവസ്ഥയിൽ നീ ഡ്രൈവ് ചെയ്യണ്ട “
പുറത്തെത്തി അവളെ കാറിലേക്ക് കിടത്തി അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറാൻ തുടങ്ങുമ്പോൾ അരവിന്ദൻ വന്ന് പറഞ്ഞു. മറുത്തൊന്നും പറയാതെ അവൻ വന്ന് കാറിൽ കയറി. അരവിന്ദൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറുമ്പോൾ ഓടി വന്ന ഗീതയും പിന്നിൽ കയറി.
” അജിത്തേട്ടാ എന്നെ…… ച…”
കാർ ഇരുളിനെ കീറി മുറിച്ച് മുന്നോട്ട് നീങ്ങുമ്പോൾ ഗീതയുടെ മടിയിൽ തല വച്ച് അബോധാവസ്തയിൽ കിടന്നിരുന്ന അഭിരാമിയുടെ ചുണ്ടുകൾ മന്ത്രിച്ചു. അത് കേട്ട അജിത്ത് നിസ്സഹായതയോടെ തല കുനിച്ചു. എല്ലാം ശ്രദ്ധിച്ചെങ്കിലും അരവിന്ദനും മൗനമായിത്തന്നെയിരുന്നു. ഹോസ്പിറ്റലിന്റെ മുന്നിൽ നിർത്തിയ കാറിൽ നിന്നും അവളെയുമെടുത്ത് അവനകത്തേക്ക് ഓടുകയായിരുന്നു.
” നിനക്കവളെ ഇഷ്ടമായിരുന്നു അല്ലേ ? “
അഭിരാമിയെ കിടത്തിയ മുറിയുടെ മുന്നിൽ ഭിത്തിയിൽ ചാരി കണ്ണുകളടച്ച് നിന്നിരുന്ന അജിത്തിന്റെ തോളിൽ തട്ടിക്കൊണ്ട് അരവിന്ദൻ പതിയെ ചോദിച്ചു. കണ്ണുകൾ തുറന്ന് അവൻ ദയനീയമായി അയാളെ നോക്കി . ആ കണ്ണുകൾ ചുവന്ന് കലങ്ങിയിരുന്നു. അയാളുടെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ അവൻ അയാളെ കെട്ടിപ്പിടിച്ചു.
” സാരമില്ലെടാ അവൾക്കൊന്നുമില്ല “
മൃദുവായി പുഞ്ചിരിച്ച് അവന്റെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു കൊണ്ട് അയാൾ പറഞ്ഞു. സമയം ഒച്ചിനെപ്പോലെ ഇഴഞ്ഞ് നീങ്ങിക്കോണ്ടിരുന്നു. ഇതിനിടയിൽ തുടരെ തുടരെ ഇൻജെക്ഷനുകളും ഡ്രിപ്പും അഭിരാമിയ്ക്ക് നൽകിക്കോണ്ടിരുന്നു. രാത്രി പത്ത് മണിയോടെ ഗീതയേയും അജിത്തിനെയും ഹോസ്പിറ്റലിൽ നിർത്തി അരവിന്ദൻ പാലക്കലേക്ക് മടങ്ങിപ്പോയി.
പിറ്റേദിവസം കാലത്ത് അഭിരാമി ഉണരുമ്പോൾ ബെഡിന്റെ കാൽക്കലേക്ക് തല വച്ച് കസേരയിൽ അജിത്തിരുന്നിരുന്നു. ഒറ്റ നോട്ടത്തിലേ അവനുറക്കമാണെന്ന് വ്യക്തമായിരുന്നു. അവനെത്തന്നെ നോക്കിയിരുന്ന അവളുടെ ഉള്ളിലൂടെ തലേദിവസം നടന്ന സംഭവങ്ങൾ മിന്നിമറഞ്ഞു. എത്ര അമർത്തിപ്പിടിച്ചിട്ടും അവളിൽ നിന്നുമൊരു തേങ്ങലുയർന്നു. അത് കേട്ട് അജിത്ത് ഞെട്ടിയുണർന്നു.
” ആഹ് ഉണർന്നോ ? “
ബെഡിൽ ചാരിയിരുന്ന അവളെ നോക്കി കണ്ണുതിരുമ്മിക്കൊണ്ട് അവൻ ചോദിച്ചു.
” അമ്മ വീട്ടിലേക്ക് പോയി ഇപ്പൊ എത്താറായിട്ടുണ്ടാവും “
അവളെ നോക്കി അവൻ വീണ്ടും പറഞ്ഞു.
അപ്പോഴും അവൾ ഒന്നും മിണ്ടാതെ അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു.
” എന്താ അഭീ ഇതൊക്കെ ഇന്നലെ ഞാനെത്ര പേടിച്ചെന്നറിയോ “
അപ്പോഴും അവളിൽ നിന്നും മറുപടിയൊന്നും ഉണ്ടായില്ല.
” ആഹ് പിന്നെ നിനക്കൊരു ഹാപ്പി ന്യൂസുണ്ട്. എല്ലാവരും എല്ലാമറിഞ്ഞു. എന്റെയീ അടക്കാക്കുരുവിയെ പാലക്കലെ മരുമകളായിട്ട് അച്ഛനുമമ്മയും മനസ്സുകൊണ്ട് സ്വീകരിച്ചുകഴിഞ്ഞു. “
ഏതോ സ്വപ്നത്തിലെന്നപോലെ അജിത്ത് പറഞ്ഞു.
” അത് നടക്കില്ല “
ഉറച്ചതായിരുന്നു അഭിരാമിയുടെ സ്വരം.
“ഇത്ര നാളും നിനക്കായിരുന്നല്ലോ തിരക്ക് ഇപ്പോ എന്താ നടക്കാത്തത് “
അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ ചോദിച്ചു.
” ശരിയാണ് പക്ഷേ ഇപ്പൊ എനിക്കാ മോഹമില്ല “
” നിനക്കിതെന്താ പറ്റിയത് അഞ്ചാറ് കുത്ത് കിട്ടിയപ്പോഴേക്കും തലേലെ കിളിയൊക്കെ പറന്നോ ? “
അവന്റെ ചോദ്യത്തിന് പുച്ഛം കലർന്ന ഒരു ചിരിയായിരുന്നു അവളുടെ മറുപടി.
” ചോദിച്ചത് കേട്ടില്ലേ ഇത്രേം കാത്തിരുന്നിട്ട് എല്ലാമൊന്ന് ശരിയായി വന്നപ്പോ പെട്ടന്ന് എന്താ ഒരു മാറ്റമെന്ന് ? “
മുഖം കുനിച്ചിരുന്ന അവളുടെ താടി പിടിച്ചുയർത്തി ആ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അവൻ ചോദിച്ചു.
” എനിക്ക് താല്പര്യമില്ല അത്രതന്നെ “
“ആ താല്പര്യമില്ലായ്മയുടെ കാരണമാണ് ഞാൻ ചോദിച്ചത്. “
ദേഷ്യവും സങ്കടവും കൊണ്ട് അജിത്തിന്റെ ശബ്ദമുയർന്നിരുന്നു.
” നിങ്ങടെ ജീവിതത്തിലെ ഒരുപാട് പെണ്ണുങ്ങളുടെ കൂട്ടത്തിൽ ഒരുവളാവേണ്ട ഗതികേട് തത്കാലം എനിക്ക് വന്നിട്ടില്ല “
നിറഞ്ഞുവന്ന കണ്ണുനീരിനെ തടുത്ത് നിർത്തി അവന്റെ നേർക്ക് നോക്കി ഉറച്ച സ്വരത്തിൽ അഭിരാമി പറഞ്ഞു.
അവളുടെ ആ വാക്കുകൾ അജിത്തിന്റെ നെഞ്ചിലൊരു വെള്ളിടിയായി പതിച്ചു. ആദ്യം കാണുന്നത് പോലെ അവനവളെ തുറിച്ച് നോക്കി.
” എന്റെ പാസ്റ്ററിഞ്ഞിട്ടും നീയെന്റെ ജീവിതത്തിലേക്ക് വന്നപ്പോൾ ഞാൻ കരുതി കീർത്തിയെപ്പോലല്ലാത്ത പെണ്ണും ഉണ്ടെന്ന്. അവസാനിച്ചു എന്ന് കരുതിയിടത്ത് നിന്നും ഞാൻ വീണ്ടും ജീവിച്ചുതുടങ്ങി. നിനക്ക് വേണ്ടി. പക്ഷേ എനിക്ക് തെറ്റി . പെണ്ണ് എന്നും പെണ്ണ് തന്നെ. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അവളവളുടെ തനി നിറം കാണിക്കും. നിന്നെയോർത്ത് ഞാൻ അഭിമാനിച്ചിട്ടുണ്ട്. അപ്പോഴൊന്നും ഇത്ര വൃത്തികെട്ട ഒരു മനസ്സ് നിന്നിലുണ്ടെന്ന് ഞാനറിഞ്ഞില്ല. എനിക്കിനി നിന്നെയൊന്നും ബോദ്യപ്പെടുത്താനില്ല. നീ പറഞ്ഞത് ശരിയാണ് എന്റെ ജീവിതത്തിലെ പല പെണ്ണുങ്ങളുടെ കൂട്ടത്തിൽ ഒരുത്തി മാത്രമാണ് നീ. ഇപ്പോഴെങ്കിലും നീയത് തിരിച്ചറിഞ്ഞല്ലോ. നീ രക്ഷപെട്ടെന്ന് കരുതിക്കോ . ഇനി നിന്നെ ശല്യപ്പെടുത്താൻ ഞാൻ വരില്ല. “
അവളുടെ മുഖത്ത് നോക്കി പറഞ്ഞവസാനിപ്പിച്ചിട്ട് അവൻ റൂമിന്റെ ഡോർ തുറന്ന് പുറത്തേക്ക് നടന്നു.
അവൻ പോയതും അതുവരെ ശിലപോലെയിരുന്ന അഭിരാമി ഇരുകൈകൾ കൊണ്ടും വായ പൊത്തി പൊട്ടിക്കരഞ്ഞു.
” അഭീ എന്താ എന്തുപറ്റി നിനക്ക് ഇപ്പൊ പെട്ടന്നിങ്ങനെ പനി വരാനെന്താ ? “
റൂമിലേക്ക് വന്നുകൊണ്ട് വീണ ചോദിച്ചു. അവളെ കണ്ടതും അഭിരാമിയുടെ ചുണ്ടുകൾ വിതുമ്പി. കണ്ണുകൾ തുളുമ്പിയൊഴുകി.
” എന്താടാ നീയെന്തിനാ കരയണത് ? “
അവളുടെ മുഖം കണ്ട് അമ്പരന്ന് വീണ ചോദിച്ചു. അപ്പോഴേക്കും അവളുടെ അരക്കെട്ടിൽ ചുറ്റിപിടിച്ച് പൊട്ടിക്കരഞ്ഞിരുന്നു അഭിരാമി. ഒന്നും മനസിലാവാതെ കുഴങ്ങി നിൽക്കുകയായിരുന്നു അപ്പോൾ വീണ.
” അഭീ… ഇങ്ങനെ കരയാതെ എന്തേലുമൊന്ന് പറയ് മോളെ “
അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് വീണ പറഞ്ഞു. അവളോട് ചേർന്നിരുന്ന് എല്ലാം പറയുമ്പോളും അഭിരാമിയുടെ മിഴികൾ നിറഞ്ഞൊഴുകിക്കോണ്ടിരുന്നു. എല്ലാം കേട്ടിരുന്ന വീണ അൽപ്പനേരം എന്ത് പറയണമെന്നറിയാതെ തളർന്നിരുന്നു.
” എന്താടാ നീയീ കാണിച്ചത് ? നിങ്ങളൊന്നിച്ച് ഇത്ര നാളായിട്ടും നിനക്കജിത്തേട്ടനെ മനസ്സിലായില്ലേ. അജിത്തേട്ടൻ അങ്ങനൊരാളാണോ ? “
അഭിരാമിയുടെ മുഖം കൈക്കുമ്പിളിലെടുത്തുകൊണ്ട് അവൾ ചോദിച്ചു.
” ശരിയാണ് ഞാൻ സ്നേഹിച്ച അജിത്തേട്ടൻ അങ്ങനൊരാളല്ല. പക്ഷേ എന്റെ കണ്ണിൽ കണ്ടതും കേട്ടതും ഞാനെങ്ങനെ ആവിശ്വസിക്കും ? “
അവളുടെ ആ ചോദ്യത്തിന് വീണയുടെ കയ്യിലും ഉത്തരമുണ്ടായിരുന്നില്ല. പിറ്റേദിവസം വൈകുന്നേരത്തോടെ അഭിരാമിയെ ഡിസ്ചാർജ് ചെയ്തു. വിശ്വനാഥനും ഗീതയും കൂടി അവളെയും കൊണ്ട് ശ്രീശൈലത്തിലേക്കാണ് പോയത്. ഹോസ്പിറ്റൽ മുറ്റത്ത് നിന്നും കാറിലേക്ക് കയറാൻ നേരം എല്ലാവരോടും യാത്ര പറഞ്ഞെങ്കിലും തന്റെ കാറിൽ ചാരി അന്യനെപ്പോലെ നിന്ന അജിത്തിനെ മാത്രം ഒന്ന് നോക്കുക കൂടി ചെയ്യാതെ അവൾ കാറിലേക്ക് കയറി. ഹോസ്പിറ്റൽ ഗേറ്റ് കടന്ന് കാർ മറയുമ്പോൾ അജിത്തിന് ചങ്ക് പൊട്ടുന്നത് പോലെ തോന്നി.
ദിവസങ്ങൾ വളരെ വേഗം കൊഴിഞ്ഞു കൊണ്ടിരുന്നു. ഓഫീസിൽ നിന്നും ഒരു മാസത്തെ ലോങ്ങ് ലീവെടുത്ത് ശ്രീശൈലത്തിൽ തന്നെ കഴിയുകയായിരുന്നു അഭിരാമി. ആഴ്ചകൾ കഴിഞ്ഞിട്ടും അവളുടെ ഫോണിൽ നിന്നും അജിത്തിനോ അവന്റെ ഫോണിൽ നിന്നും അവൾക്കോ ഒരു കാൾ പോലും ഉണ്ടായിരുന്നില്ല. വീണയുമായി മാത്രം അവളിടയ്ക്കിടെ ഫോണിൽ സംസാരിച്ചിരുന്നു. എപ്പോഴും പൊട്ടിച്ചിരിച്ച് വീട്ടിലാകെ ഓടി നടന്നിരുന്ന അവളുടെ മാറ്റം വിശ്വനും വിമലയും ശ്രദ്ധിച്ചിരുന്നു. അജിത്തും പതിയെ എല്ലാത്തിനോടും പൊരുത്തപ്പെടാൻ വ്യധാ ശ്രമിച്ചുകൊണ്ടിരുന്നു.
കാലത്ത് പറമ്പിലെ പണിയൊക്കെ കഴിഞ്ഞ് വന്ന് അരവിന്ദൻ കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്.
” ശ്രീശൈലത്തിന്നാ “
ഫോണെടുത്ത് അയാൾക്ക് നേരെ നീട്ടിക്കൊണ്ട് ഗീത പറഞ്ഞു.
” ആഹ് പറയെഡോ “
” ഓഹ് പിന്നെന്താ “
” എന്നാ ശരി നാളെ കാണാം “
പറഞ്ഞവസാനിപ്പിച്ച് അരവിന്ദൻ ഫോൺ വച്ചു.
” നാളെ ഞായറാഴ്ചയല്ലേ എല്ലാരും കൂടി ഒന്നങ്ങോട്ടിറങ്ങാൻ. എന്താണോ ആവോ “
അയാളെത്തന്നെ നോക്കി നിന്ന ഗീതയോടായി അരവിന്ദൻ പറഞ്ഞു. അവരൊന്ന് മൂളി.
” അല്ലേലും ഞാനൊന്നവിടെ വരെ പോണോന്ന് കരുതിയതാ. അജീടേം അഭി മോൾടേം കാര്യം ഇനി വച്ച് താമസിപ്പിക്കാതെ അവരോടും കൂടി ആലോചിച്ചങ്ങ് നടത്തണം. ഇനിയേതായാലും നാളെ അതുകൂടി ഒന്ന് സൂചിപ്പിക്കാം “
അയാൾ പറഞ്ഞ് നിർത്തി.
തുടരും. …
അഭിരാമി അഭിയുടെ മറ്റു നോവലുകൾ
അഗസ്ത്യ
നിൻ നിഴലായ്
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ninakayi written by Sreekutty
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Ottiri twists illand avre ang onnipichekne 😉