Skip to content

ചങ്കിലെ കാക്കി – ഭാഗം 10

ചങ്കിലെ കാക്കി

അങ്ങനെ   കോളേജിൽ  നിന്ന്  ശവർമ്മയുമായി   ഞാൻ  ആ  ടീച്ചറമ്മയുടെ  മാളികയിലേക്കു  കാലുകൾ  വെച്ചതേയുള്ളു…… കംസൻ  അങ്ങ്   വരവേറ്റു ….

“എത്തീലോ ……. ഇവിടത്തെ  മരംകയറി……  ഓപ്പേ …എത്തീട്ടോ …മ്മടെ  വൈഗാലക്ഷ്മി…….”

എന്നെ  നോക്കി  ഒരു  പുച്‌ഛ   ചിരിയും….  ഈശ്വരാ….. ദുർനിമിത്തം   ആണല്ലോ……. എന്തോ. എവിടെയോ  ചീഞ്ഞു നാറുന്നുണ്ടല്ലോ ……

“അമ്മാവൻ്റെ   പുതിയ  മൊബൈലൊക്കെ  സൂക്ഷിച്ചു  വെച്ചിട്ടില്ലേ …….”  ഞാനാട്ടോ …..  ഒന്ന്  ഓർമിപ്പിച്ചു  കൊടുത്തതാ …  പക്ഷേ   ഫലം  ഉണ്ടായില്ല…..  അമ്മാവൻ  ഒന്ന്  കുലുങ്ങി  ചിരിച്ചു  കൊണ്ട്  ജുബ്ബ  പൊക്കി …..

“ഉവ്വ്…..ഉവ്വ്…… ഈ  മടികുത്തീന്നു   കുട്ടി   അത്  എടുക്കണത്  ഒന്ന്  കാട്ടിതായോ ….”  ജുബ്ബ  പൊക്കി  വയറിൽ    കെട്ടി  വെച്ചിരിക്കുന്ന  മൊബൈൽ  കാണിച്ചു  തന്നു….

 ഈശ്വരാ…ഒരു  കീശ  പോലെ  ഒരു  ബെൽറ്റ്  തയ്പ്പിച്ചു  അതിൽ  വെച്ചിരിക്കുന്നു  മൊബൈൽ ….. കഷ്ടം…ഞാൻ  വായും പൊളിച്ചു  നിന്നു …അപ്പോഴേക്കും  ടീച്ചർ  അമ്മയും  കൃഷ്ണയും  എത്തി……ഞാൻ   ഇന്ന്  ഒരല്പം  വൈകിയിരുന്നു….

“ൻ്റെ   കുട്ട്യോൾക്ക്   കടപ്പണ്ടം  വാങ്ങി  കൊടുക്കലാ   നിന്റെ   പണി  അല്ലേ ……ആരും  ഒന്നും  അറിയില്ലാ  എന്ന്  കരുതിയോ “

‘അമ്മ  നിന്ന്  വിറയ്ക്കുന്നു…….ഓ……അപ്പൊ  അതാണ്  കാര്യം…… ഞാൻ  ആലോചിക്കുകയായിരുന്നു  എന്താ  പുതിയ  പ്രശനം  എന്ന്…..

” ഇത്രയും  ചെറിയ  കാര്യത്തിനാണോ  ‘അമ്മ  ഇങ്ങനെ  വിറയ്ക്കുന്നത് ……. ”  ഞാനാട്ടോ ……പറയാൻ  പാടില്ലായിരുന്നു

“ഓപ്പയോട്   തർക്കുത്തരം  പറയുന്നോ ….?  അധികപ്രസംഗം……. തന്നിഷ്ടം  പോലെ  ഇവിടത്തെ  കുട്ട്യോളെ  കൊണ്ട്  പോയി  വേണ്ടാത്ത  ശീലം  ഒക്കെ  പഠിപ്പിച്ചിട്ടു……  ഇനി  ഇത്  വെച്ച്  പൊറുപ്പിക്കാൻ  പറ്റില്ല…….ഞാൻ  ഉദയനെ  വിളിക്കട്ടേ …….” 

അമ്മാവനാണ്……  അച്ഛനെ  വിളിക്കും  എന്ന്  കേട്ടപ്പോൾ  എന്റെ  മനസ്സിലേക്ക്  ചെറിയമ്മയുടെ  മുഖം  ഓർമ്മ  വന്നു……ആ  പരിഹാസത്തിനു  മുന്നിൽ  വേദനയോടെ  നിൽക്കേണ്ടി  വരുന്ന  അച്ഛനെയും  ഓർമ്മ  വന്നു……

“….. ഞാൻ  വിളിക്കാം…..അല്ലെങ്കിലും  എനിക്കല്പം  സംസാരിക്കാനുണ്ട്…..’അമ്മ  ഇല്ലാത്ത   കുട്ടിയെ  ഇങ്ങനെ

ആണോ  വളർത്തുന്നത്  എന്ന്…..ഭർതൃ  ഗൃഹവുമായി    എങ്ങനെ  ഒത്തു  ചേരുന്നു  ജീവിക്കണം  എന്ന്  പോലും  അറിയില്ല……എവിടെയും  അവളുടെ  ഇഷ്ടങ്ങളും രീതിയും….ഇനിയും  സഹിക്കാൻ  ഞങ്ങൾക്ക്  കഴിയില്ല….. ……”  അമ്മയാണ്……. ഇതിക്കെ  അച്ഛനെ  വിളിച്ചറിയിക്കാനുള്ള  പുറപ്പാടാണ്…… എൻ്റെ   പിരി  അഴിയാൻ   തുടങ്ങിയിരുന്നു…അല്ലെങ്കിലും  ഇതു  മുറുക്കിയിട്ടു  കാര്യമൊന്നുമില്ല…..

“എന്നാൽ  പിന്നെ  ‘അമ്മ  ഇതും  കൂടി  കേട്ടോളു…എന്നിട്ടു  വിളിക്കുമ്പോൾ ഇതും  കൂടി  ചേർത്ത്  പറയാലോ ….   അതും പറഞ്ഞു  ബാഗിൽ  നിന്ന്  ഞാൻ  ഷവർമ്മ  എടുത്തു  പുറത്തു  വെച്ച്……

“ഇതാണല്ലേ  ഇവിടെ   ഒരു  വല്ലാത്ത  മണം …..ഞാൻ  കരുതി  ഈ  കുട്ടി  ആയിരിക്കും….എന്ന്…..”  അമ്മയാണ്….

“നാട്  മുഴുവൻ  കറങ്ങി ആയിരിക്കുമല്ലോ  വരവ്……പുറംപണിക്കു  വരുന്ന  രമണിയുടെ  വീട്ടിൽ  വരെ .  നീ  പോയി  ചായ  കുടിച്ചു  എന്ന്  ഞാൻ  അറിഞ്ഞു….”  എന്നെ നികൃഷ്ഠയെ  പോലെ  നോക്കി   മുഖം  ചുളിച്ചു…ആ  നോട്ടം  എന്നെ  വല്ലാതെ  വേദനിപ്പിച്ചു  എങ്കിലും   കുട്ടിക്കാലം  തൊട്ടു  ചെറിയമ്മയിൽ  നിന്ന്   പരിചിതമായ  ഭാവം  ആയിരുന്നതിനാൽ ഞാൻ  അത്  അവഗണിച്ചു….. പുറത്തു  കളിച്ചു  വരുമ്പോൾ  എന്നെ  അവർ  വീട്ടിൽ  പോലും  കയറ്റാറില്ലായിരുന്നു….നാറ്റം  നാറ്റം  എന്ന്  പറഞ്ഞു….. കുളിച്ചിട്ടു  വന്നാലും  പറയുമായിരുന്നു നാറ്റം  എന്ന്…. എന്നെ  ആരാണാവോ   കുഞ്ഞിലെ  കുളിപ്പിച്ചത്  എന്ന്  ഞാൻ  ഓർക്കാറുണ്ട്….

“വിഷമാണ്  ഇതൊക്കെ….   കുട്ട്യോളെ   അസുഖം  പിടിപ്പിക്കനായി  വന്നിരിക്കുന്നു……”  അമ്മാവനാണ്  ……ഞാൻ  ഒന്ന്  ദീർഘ നിശ്വാസമെടുത്തു…..

“ഇത്  വിഷം  അല്ല…..ഇത്  ശവർമ്മയാണ്…….  എനിക്ക്  കഴിക്കാൻ  അല്ല  ഞാൻ  ഇത്  വാങ്ങിയത്…..ഇവിടെ  ഞാൻ  വന്നു  കയറിയിട്ട്  ഏതാനം  മാസങ്ങളെ  ആയിട്ടുള്ളു….എന്നിട്ടു  പോലും  ആ   പിഞ്ചു കുഞ്ഞിന്  അവൾക്കിഷ്ടമുള്ള     ഒരു  പലഹാരം  എന്നോട്  ചോദിക്കാൻ  ഉള്ള   സ്വാതന്ത്ര്യം  ഉണ്ട്……അത്  ഒരു  ‘അമ്മ  എന്ന  നിലയിൽ  കൃഷ്ണേച്ചിയുടെയും  അമ്മമ്മ   ,  മാമൻ, അപ്പൂപ്പൻ  എന്നീ  നിലയിൽ  നിങ്ങൾ  ഓരോരുത്തരുടെയും  പരാജയമാണ്…. ഇതൊന്നും  നല്ല  ഭക്ഷണം  ആണ്  എന്ന്  അല്ല  ഞാൻ  പറയുന്നത്…..വല്ലപ്പോഴെങ്കിലും  അവർക്കിഷ്ടമുള്ള  എന്തെങ്കിലും  അവർ  ആഗ്രഹിക്കുന്ന  എന്തെങ്കിലും  വാങ്ങി  കൊടുത്താൽ  ആകാശം    ഇടിഞ്ഞു  വീഴാൻ  പോകുന്നില്ല…ഒരു  ദിവസം  എന്നെത്തെയും  ദിനചര്യ  ഒന്ന്  മാറി  എന്ന്  കരുതി  അവരുടെ  ഭാവിക്കു  ഒന്നും  സംഭവിക്കാൻ  പോകുന്നില്ല……. എന്നോട് ചോദിച്ചത്  പോലെ   അവൾ  ഇനിയും   ചോദിക്കും…..വീട്ടിൽ  സ്വന്തം  ആഗ്രഹങ്ങൾക്കും  മറ്റും  വിലക്ക്  ഏർപ്പെടുത്തുമ്പോൾ  സ്വാഭാവികമായും  കുട്ടികൾ  പുറത്ത്  അന്വേഷിക്കും… “

“ഒരല്പം  സ്നേഹം  കാണിക്കുന്ന  ആരോടും  പെട്ടന്നവർ  അടുക്കും….. അവരുടെ  ആവശ്യങ്ങൾ  ഒക്കെ  പറയും……എന്നാൽ  എല്ലാരും  നല്ലവരല്ല……നമ്മുടെ   മക്കളെ  നമ്മൾ  പോലും  അറിയാതെ  ചൂഷണം   ചെയ്യുന്ന  വ്യെക്തികൾ  ആണ്   പലരും………  അതിനവസരം  കൊടുത്തത്   നമ്മൾ  തന്നെയാണ്…..ഈ  വീട്ടിൽ ഈ  കുട്ടിക്ക്  ഒന്ന്  പൊട്ടിച്ചിരിക്കാനുള്ള  സ്വാതന്ത്ര്യം  ഉണ്ടോ ?..ഉടനെ  ‘അമ്മ  വരും..എന്തിനാ  ബഹളം  വെയ്ക്കുന്നത്  എന്ന്  ചോദിച്ചു…. കളിപ്പാട്ടങ്ങൾ  ഉണ്ടോ ?…..  എന്തെങ്കിലും  എടുത്തു  കളിച്ചാൽ  ഉടനെ  കൃഷ്ണേച്ചി   എത്തും  എടുത്തു  ഒതുക്കി വെയ്ക്കു   വലിച്ചു  വാരി  ഇടാതെ…. അതിനും  സമ്മതിക്കില്ല….ഒന്ന്  മുറ്റത്തു  ഓടി  കളിച്ചാലോ  അപ്പോൾ  എത്തും   അമ്മാവൻ  എന്തിനാ  ബഹളം  വെയ്ക്കുന്നത്  എന്ന്…. പെൺകുട്ടികൾ  അങ്ങനെ  ബഹളം  വെയ്ക്കാൻ  പാടില്ലാത്രേ……. ഈ  രുദ്രയും  കൃഷ്ണയും  ഒന്ന്  ഓടി കളിച്ചിട്ടുണ്ടോ..?  പൊട്ടിചിരിച്ചിട്ടുണ്ടോ……?’അമ്മ  അത്  കേട്ടിട്ടുണ്ടോ…..?”

“ഒന്ന്  നിർത്തുന്നുണ്ടോ ..  വൈഗാ ….?”  അത്  ഒരു  അലർച്ചയായിരുന്നു……ആ   ശബ്ദം    അമ്മയുടെ  ആയിരുന്നില്ല…….കൃഷ്ണേച്ചിയുടെ  ആയിരുന്നു….

“എന്റെ   മോൾക്ക്  മേലിൽ   നീ  ഒന്നും  വാങ്ങി  കൊടുത്തേക്കരുത്….. പിന്നെ ഞാൻ  ഒരു  നല്ല അമ്മയാണോ   അതോ  എൻ്റെ   മോൾ  സന്തോഷവതി  ആണോ  എന്ന്  ഒന്നും   നീ  അന്വേഷിക്കണ്ടാ….. എനിക്ക്  നല്ല  ബോധം   ഉണ്ട്…പിന്നെ  ഞങ്ങളുടെ  വീട്  ഞങ്ങൾക്ക്  സ്വർഗ്ഗമാണു ….. നിനക്ക്  അങ്ങനല്ലാത്തതു  ഈ  വീടുമായി  നിനക്ക്  പൊരുത്തപ്പെടാൻ  കഴിയാത്തതു  കൊണ്ടാണ്…… “

ചേ ച്ചിയ്ക്കു  അത്രയും   സ്വരം  ഉണ്ട്  എന്ന്  ഞാൻ  അറിഞ്ഞത്  തന്നെ  അന്നാണ്…….  കൃഷ്ണേച്ചി   അമ്മയുടെ  തനിപകർപ്പാണ്…….  ഞാൻ പെട്ടന്ന്  വാതിലിലേക്കും  മുറ്റത്തോട്ടും    നോക്കി…ഇനി  കാക്കി എങ്ങാനും  വന്നു  നിൽപ്പുണ്ടോ ….എങ്കിൽ  പിന്നെ  പൂർത്തി  ആയി…. ഭാഗ്യം  എത്തീട്ടില്ല…..  എന്നെ  നോക്കി  കൊണ്ട്  മിതുവിനെയും  രുദ്രയെയും   വലിച്ചു  കൊണ്ട് ചേച്ചി  മുറിയിലേക്ക്  പോയി……..

‘അമ്മ    വിജയഭാവത്തോടെ  എന്നെ  നോക്കുന്നുണ്ട്…..   അവരുടെ   സംഘത്തിൽ  ആള്  കൂടിയെല്ലോ …..  എനിക്ക്  ആ  നിൽപ്  കണ്ടപ്പോൾ  സഹതാപം  തോന്നി….  ഇനി  ഒരു  അങ്കത്തിനു  താല്പര്യമില്ലാത്ത  കൊണ്ട്  ഞാൻ  ഗോവണിക്കരുകിലേക്കു  നടന്നു….

“കണ്ടില്ലേ   ഓപ്പേ ……നീർക്കോലി  പോലെ ഇരിക്കുന്നെങ്കിലും   രാജവെമ്പാലയാ…….”    ഞാൻ  കേൾക്കാൻ  എന്നവണ്ണം  ശബ്ദം  താഴ്ത്തി  അമ്മയോട്  പറയുന്നു…..  ഇല്ലാ…….  മര്യാദയ്ക്ക് പോകാൻ  സമ്മതിക്കില്ലാ ….ഞാൻ  ഒന്ന്  തിരിഞ്ഞു  നിന്നു…..

“അടുത്ത  അങ്കത്തിനു  എനിക്ക്  വയ്യ  എന്റെ   വൈഗാലക്ഷ്മി …..”  എന്നും  പറഞ്ഞു  ‘അമ്മ  വെട്ടി  തിരിഞ്ഞു  പോയി …..  അമ്മാവനും   പുറകെ  തിരിയാൻ  ഭാവിച്ചതും……

“ഡോ …….”  എന്തോ  അത്യാഹിതം  സംഭവിച്ചത്  കണക്കു  അയാൾ  എന്നെ  നോക്കി….  എന്നിട്ടു  തിരിഞ്ഞു  ഒക്കെ  നോക്കുന്നുണ്ട്….

“തന്നെ  തന്നെയാ …..താൻ  ഒന്ന്  സൂക്ഷിചോ ……തന്നെ  ഞാൻ  ഉറക്കില്ലാ …… കേട്ടോടൊ   ശകുനി….”

കണ്ണും   തള്ളി   ഒറ്റ  നില്പ്പാ …ശ്വാസം  ഉണ്ടാവോ  ആവോ ..ഞാൻ  ഇങ്ങു  കയറി  പോന്നു …..

മുറിയിൽ  കയറി  കഥകടച്ചതും  കണ്ണുകൾ  നിറഞ്ഞു  പോയിരുന്നു….എന്തിനു…..? മനസ്സിനോട്  തന്നെ  ചോദിച്ചു….ഇതൊന്നും  എന്റെ  ജീവിതത്തിലെ  പുതിയ  അനുഭവങ്ങൾ  അല്ല  എന്നാലും…കുറച്ചു  നേരം  കിടന്നു….എന്തെക്കെയോ ആലോചിച്ചു  കൂട്ടി…..വൈഗയെ  തേടി  എന്നും  അവഗണനകളും ആരോപണങ്ങളും

മാത്രം  ആണ്….അമ്മയില്ലാത്ത  കുട്ടിയുടെ  കുറവുകളും   കുറ്റവും ചൂണ്ടി  കാണിക്കാൻ  നൂറു  പേരുണ്ട്…അവളെ  ഒന്ന്  സ്നേഹത്തോടെ  അണച്ച്  പിടിക്കാൻ  ഒരു  കൈ  പോലും  ഇല്ലല്ലോ…..  അച്ഛനെ  ഒന്ന്   കാണണം എന്ന്  തോന്നി……ഫോണെടുത്തു  വിളിച്ചു……എന്നെത്തെയും  പോലെ  ചെറിയമ്മ  തന്നെ  ഫോൺ  എടുത്തു…..  അവരോടു  സംസാരിക്കാൻ  താല്പര്യമില്ലാത്ത  കൊണ്ട്  തന്നെ  ഞാൻ  ഫോൺ  കട്ട്  ചെയ്തു..

കുളിച്ചു   വേഷം  മാറി  താഴേക്കു  ഇറങ്ങുമ്പോൾ  ഞാൻ  എന്നെ  ഒന്ന്  മണത്തു  നോക്കി…. മണം   ഉണ്ട്…… താഴെ  ചെന്നപ്പോൾ  എല്ലാരും  ചായ  കുടിയൊക്കെ  കഴിഞ്ഞു   ഉമ്മറത്തിരുപ്പുണ്ട്…… ഞാൻ  ചെന്നതും  എല്ലാരും  മൗനം   ആയിരുന്നു…കൃഷ്ണേച്ചി   മിഥുവുമായി  അകത്തേക്ക്  പോയി……രുദ്ര   എന്നെ  നോക്കി  ചിരിച്ചു…..മെല്ലെ  അടുത്ത്  വന്നു  പറഞ്ഞു……

“സോറി  ഏട്ടത്തി ….. ഒത്തിരി  വിഷമിച്ചോ …..”  ഞാൻ  എന്തെകിലും  പറയുന്നതിന്  മുന്നേ   ‘അമ്മ  അവളോട്  പഠിക്കാൻ  പറഞ്ഞു….. ഞാൻ  മെല്ലെ  അടുക്കളയിലേക്കു  കയറി….  എനിക്കായി  ചായ  ഇട്ടു……അമ്മാവനും  അമ്മയും  ടി.വി  കാണുന്നുണ്ട്….  ഏതോ  സീരിയലാ ……  ഞാനും  അവരുടെ ഒപ്പം  ഇരുന്നു  ചായ  കുടിച്ചു….  എന്നെ പുച്ഛത്തോടെ   നോക്കിയതല്ലാതെ   ഒന്നും  മിണ്ടിയില്ല….. …..

കുറച്ചു  കഴിഞ്ഞപ്പോൾ  അർജുനേട്ടൻ   എത്തി…..  ബുള്ളെറ്റിന്റെ  ശബ്ദം കേട്ടപ്പോൾ തന്നെ ഞാൻ  വേഗം   ഉമ്മറത്ത്   എത്തി…  ബുള്ളെറ്റ്  ശബ്ദം  കേൾക്കുമ്പോ  ഉമ്മറത്ത്  എത്തുക  എന്നത്   ഇപ്പൊ  യാന്ത്രികമായി  ഞാൻ  പോലുമറിയാതെ എന്നിൽ  നടക്കുന്ന  പ്രതിഭാസം  ആണ്….. എന്തിനാണ്…അറിയില്ല…എനിക്കായി  ഒരു  ചിരി  പോലും  ആ  ചൊടിയിൽ   ഉണ്ടാകാറില്ല…..  പിന്നെന്തിനാണ്……എന്തോ…അറിയില്ല…..പലപ്പോഴും  എനിക്ക്  അത്ഭുതം  തോന്നിയിട്ടുണ്ട്…..  ഈ  കഥയിലൊക്കെ  പറയുന്ന  പോലെ  ഈ നെഞ്ചിലമർന്നു  കിടക്കുന്ന  ഒരു  തരി  പൊന്നിന്  ഇത്ര  ശക്തിയുണ്ടോ  ഓരോ   പെണ്ണിലും ….. 

ബുള്ളറ്റ്   ഗേറ്റിനോട്  ചേർത്ത്  നിർത്തി  ഗേറ്റ്  കാലുകൊണ്ട്  തള്ളി  തുറക്കുമ്പോൾ  തന്നെ  കാണാം   ഉമ്മറത്തേക്ക്  വരുന്നവളെ …..എത്രെയോ  വാഹനങ്ങൾ  കടന്നു  പോകുന്നു…..എന്നിട്ടും  എന്റെ   ബുള്ളെറ്റ്  ശബ്ദം  ഇവൾക്ക്   തിരിച്ചറിയാമോ…..?  ഇവൾ  എന്തിനാണ്  എന്നും  ഇങ്ങനെ  വരുന്നത്  എന്ന്  ഞാൻ  ഓർക്കാറുണ്ട്….  രാത്രി  എത്ര  വൈകിയാലും  ഉറങ്ങാതിരിക്കുന്നതു എന്തിനാണ്  എന്നും  ഞാൻ  ഓർക്കാറുണ്ട്…….. വീട്ടിലേക്കു  വരുമ്പോ  തന്നെ  ചരിച്ചു  കൊണ്ട്  എന്തെങ്കിലും  ഒരു  കമന്റും  ഉണ്ട്  അവളുടെ   വക……

“എന്താ   ഏമാനെ ….എത്ര  പേരെ  ഇടിച്ചു  പരിപ്പാക്കി……”

“ഈ  മീശയും  പിരിച്ചുള്ള   ലുക്ക്  മാത്രമേയുള്ളു…..കള്ളന്മാരെ   പിടിക്കാറില്ലേ …..”

അങ്ങനെ  ഓരോ  ചോദ്യങ്ങൾ…ഒന്നിനും  ഞാൻ  മറുപടി  പറയാറില്ല……എന്തോ  എനിക്കതു കേൾക്കാൻ  പോലും  ഇഷ്ടം  ഉണ്ടായിരുന്നില്ല…… പിന്നെ  ആൾ  അത്ര  പാവം   ഒന്നുമല്ല  എന്ന്  എനിക്കറിയാം…..കാരണം   എന്നും  കാണും   അമ്മാവന്റെയും  അമ്മയുടെയു  വക   പരാതികൾ  ആരോപണങ്ങൾ …….എന്തെങ്കിലും  അവൾ  കേട്ടാൽ  മതി  അപ്പോൾ  തന്നെ  വന്നു  മറുപടിയും  പറയും…അമ്മയും  പറയും….. അമ്മാവൻ  അസ്സലായി  അമ്മയെ  മൂപ്പിക്കുന്നുണ്ട്…… …പിന്നെ  പലപ്പോഴും   ഒരുപാട്  ജോലി  ഭാരവും   ടെൻഷനും ഒക്കെ  കഴിഞ്ഞു  വീട്ടിൽ  കയറുമ്പോൾ  ഈ  പ്രശ്നങ്ങൾ  ഒന്നും   എനിക്ക്  അത്ര  വലുതായി  തോന്നാറില്ല…..

“ഇന്ന്  നേരത്തെ  ആണല്ലോ ……അർജുനേട്ടാ ……  എന്ത്  പറ്റി …….   ആരെങ്കിലും   തിരിച്ചു  തല്ലിയോ ….?”  അവളാണ്…… കുശലന്വേഷണം കേട്ടില്ലേ …. താവളക്കണ്ണി ……

അകത്തേക്ക്  കയറിയപ്പോൾ  കണ്ടു   അമ്മയെയും  അമ്മവനെയും…..എന്നെ   കണ്ടതും   ‘അമ്മ  പറഞ്ഞു……

“വേഗം  കുളിച്ചു    വരൂ   അർജ്ജുനാ …..”  അമ്മയാണ്…..ഞാൻ   മുറിയിലേക്ക്  കയറിയപ്പോൾ  കണ്ടു   ബെഡിന്മേൽ  ഇരിക്കുന്ന  കോളേജ്  ബാഗ്…….എനിക്ക്  എല്ലാ  സാധനവും   അതാത്  സ്ഥലത്തു  ഇരിക്കണം….  പക്ഷേ   അവൾക്കു എവിടെ  ഇരുന്നാലും  കുഴപ്പമില്ല…..  അടുക്കും  ചിട്ടയും  അല്പം  കുറവാണ്…എന്നാലും  ഞാൻ പറഞ്ഞാൽ  ഉടനെ  ചെയ്യുംട്ടോ …..കുളിച്ചു  താഴെ  ഇറങ്ങിയപ്പോൾ  അവൾ  എനിക്ക്  ചായ  കൊണ്ട്  വന്നു  തന്നു…പക്ഷേ  ആ  മുഖത്ത്  സന്തോഷം  ഉണ്ടായിരുന്നില്ല…… സാധരണ  മിഥുവിനോടും   രുദ്രയോടും  കലപില  സംസാരിക്കുന്നവൾക്കു  ഇന്ന്  മൗനം .അവൾക്കു  മാത്രമല്ല  രുദ്രയ്ക്കും….  മിദുവിനെ  ആ  ഭാഗത്തെ  കണ്ടില്ല….. ഇടയ്ക്കു  ഇടയ്ക്കു അവൾ  അടുക്കളയിലേക്കു  പോകുന്നത്  കാണാം ….അമ്മയുടെ  സ്വരവും  കേൾക്കാം……

“അതൊന്നും  തൊടണ്ടാ   എന്ന്  പറഞ്ഞില്ലേ ..വൈഗാ ….?

“ചപ്പാത്തി  കരിഞ്ഞു പോകും….”

“കുട്ടി  ഒന്ന്  അപ്പുറത്തു  പോയി  ഇരിക്കുന്നുണ്ടോ ……  അത്രയ്ക്ക്  നിര്ബന്ധച്ചാൽ   പാത്രം  മാത്രം  കഴുകിയാൽ  മതി…….” അമ്മയുടെ  കടുത്ത  സ്വരം…..

പിന്നെ  കണ്ടത്  ഒന്നും  മിണ്ടാതെ   ഉമ്മറത്ത്  പോയിരുന്നു  മൊബൈൽ   കുത്തുന്നവളെയാണ് …..  ആ   ഇരുപ്പു   ഒക്കെ  കണ്ടാൽ  പാവം  ആണ്  എന്ന്  തോന്നും…….എന്നാലും  എന്തോ  ഒപ്പിച്ചിട്ടുണ്ട്…..  ഭക്ഷണം   കഴിക്കാൻ  ഇരുന്നപ്പോൾ  കണ്ടു  ശോക  മൂകമായി  കഴിക്കുന്ന  രുദ്രയെയും  മിതുവിനെയും …..   അല്ലെങ്കിൽ   വൈഗയുമായി  ചേർന്ന്  ഭയങ്കര  ചിരിയും  മേളവുമാണ്….  വൈഗ  അവളുടെ  പ്ലേറ്റുമായി  വന്നു  അവർക്കൊപ്പം  ഇരുന്നപ്പോൾ   …..

“വൈഗാ…..നീ   വാങ്ങി  കൊണ്ട്  വന്ന സാധനം  എടുത്തു  കഴിക്കു……പാഴാക്കണ്ട…….ഇവിടെ  കുട്ടികൾ  ആരും  അത്  കഴിക്കില്ല…….”  അമ്മയാണ്…..

അത്  എന്ത്  സാധനം…..നോക്കിയപ്പോൾ  ദാ   പൊതി  തുറന്നു  എടുത്തു  കൊണ്ട്  വരുന്നു  ഷവർമ്മ…..    അത്  കണ്ടപ്പോൾ  ശെരിക്കും  ഞാൻ  ഞെട്ടി  പോയി…കാരണം   ഈ  പോലീസൊക്കെ  ആവുന്നതിനു  മുന്നേ  പണ്ട്  ഈ    കോളേജിലൊക്കെ  പഠിച്ചു  നടക്കുന്ന  കാലത്തു  ഞാൻ  ഈ  ശവർമ്മയും  വാങ്ങി  വീട്ടിൽ  കൊണ്ട്   വന്നതിനു   ഈ  അമ്മയും  അമ്മവാനും  കൂടി  എന്ത്  പുകിലായിരുന്നു….. ഈ  ശവർമ്മയിൽ  അടങ്ങിയിരിക്കുന്ന  ചേരുവകൾ   ഒക്കെ   ക്യാന്സറും  അൾസറും  വരുന്ന  സാധനങ്ങൾ  ആണ്  ചീഞ്ഞ  ചിക്കൻ  ആണ്  ഇതിൽ  ഉപയോഗിക്കുന്നത്   അതാണ്   ഇതിനൊരു   ചീഞ്ഞ  മണം …ഇന്നും  ആ  വാചകങ്ങൾ എന്റെ  മനസ്സിലുണ്ട്….. ആ  ശവർമ്മയും  അതും   നോക്കി  ദയനീയതയോടെ ഇരിക്കുന്ന  വൈഗയെയും   അത്  കഴിക്കാൻ  പറ്റാത്ത  ശോകത്തിലിരിക്കുന്ന   രുദ്രയെയും   മിതുവിനെയും  കൂടെ  കണ്ടപ്പോൾ   എനിക്ക്  ചിരി  വന്നു……  വൈഗ  അത്  കഴിക്കാൻ  ആരംഭിച്ചപ്പോഴേ  പണ്ട്  എനിക്ക്  തന്നെ  അതെ   ചീഞ്ഞു  അലിഞ്ഞ  ചിക്കൻ   വേവിച്ചുണ്ടാക്കുന്നതാണ്  ഷവർമ്മ   എന്ന   വിശദീകരണം   അമ്മയും  അമ്മാവനും   കൂടെ  ആരംഭിച്ചു……

ആ   ചീഞ്ഞ  വിവരണവും  കേട്ട്    വൈഗ  ഷവർമ്മ  കഷ്ടപ്പെട്ടു   കഴിച്ചു….. ബാക്കി  അവളുടെ  മുന്നിൽ  ഇരിപ്പുണ്ടായിരുന്നു……   അമ്മയും  അമ്മാവനും  ഭക്ഷണം കഴിഞ്ഞു  എഴുന്നേറ്റു……കൃഷ്ണയും  രുദ്രയും  മിതുവും   പോയി…….   വൈഗ   നിശബ്ധയായി  പ്ലേറ്റിൽ  ഇളക്കി   അവിടെ  തല   കുമ്പിട്ടിരിപ്പുണ്ടായിരുന്നു…..  ഞാൻ  എഴുന്നേറ്റു  കൈകഴുകിയിട്ടും  അവൾ  ആ  ഇരുപ്പു  തുടർന്നു   ….  എന്നത്തേയും  പോലെ  അവഗണിച്ചു  പോകണം  എന്ന്  കരുതിയിരുന്നു…..  പക്ഷേ   അവൾ  കരയുകയാണോ   എന്ന്  എനിക്ക്  സംശയം  തോന്നിയിരുന്നു…..അതുകൊണ്ടു  തന്നെ   അവളുടെ   അടുത്തു  ഇരിക്കുകയാണ്  ചെയ്തത്…..  ഞാൻ  അടുത്തിരുന്നു  എന്ന്  മനസ്സിലായതും   എന്നെ  നോക്കാതെ  അവൾ  വേഗം  പ്ലേറ്റുമായി  എഴുന്നേറ്റു.. …..അതേ   വേഗതയിൽ  ഞാൻ  അവളെ  അവിടെ  പിടിച്ചിരുത്തി….

“ഒരു  ഷവർമ്മ  തന്നിട്ട്  പോ   തവളക്കണ്ണീ …..”

അവൾ  എന്നെ  മിഴിച്ചു  നോക്കുന്നുണ്ട്…… ഞാൻ  അവളുടെ  പ്ലേറ്റിൽ  നിന്നും  ഒരു  ഷവർമ്മ  എടുത്തു  കഴിച്ചു…….

“ഈ   സാധനം  രണ്ടാം  തവണയാണ്   ഈ  വീട്ടിൽ കയറുന്നതു……ആദ്യം  കുറെ  വര്ഷങ്ങള്ക്കു  മുന്നേയായിരുന്നു ….അന്ന്  എന്റെ  അവസ്ഥയും  ഇതുപോലെയൊക്കെ  ആയിരുന്നു……പക്ഷേ  ഞാൻ  നിന്നെ പോലെ   തൊട്ടാവാടി  ആയിരുന്നില്ലാ…അതിൽ പിന്നെ  ഞാൻ   എന്ത്  കഴിക്കുന്നു   എന്ന്  വീട്ടുകാരെ  അറിയിച്ചിട്ടേയില്ല…….”

എന്നെ  അത്ഭുതത്തോടെ  നോക്കുന്നവളെ  ഞാനും    നോക്കി….  ആ  നിറഞ്ഞ  കണ്ണുകൾ  ഒക്കെ  എങ്ങോ  പോയി  മറഞ്ഞിരുന്നു……  ആ  കണ്ണ്കളിൽ   കൗതുകം  മാത്രമാണ്…..

“വൈഗ ….ഒരു  കൊച്ചു  കള്ളിയാണ്   എന്ന്  ഞാൻ  പറഞ്ഞാലോ …..?”

അവളിലെ  ചിരിക്കു  ഒരു  മങ്ങലേറ്റു ..പെട്ടന്നവളതു   ആ  ചിരി  കൊണ്ട്  തന്നെ  മായ്ച്ചു…..

“എനിക്കറിയാല്ലോ   അത്……  വൈഗ  കള്ളിയാണ്  അഹങ്കാരിയാണ്…..  പിരിപോയവളാണ്   തന്നിഷ്ടക്കാരിയാണ്  മരം  കയറിയാണ്…….  വിശേഷണങ്ങൾ    ധാരാളമാണ്……  ശകുനിയോടും 

ഗാന്ധാരിയോടും   ചോദിച്ചാൽ  മതീട്ടോ…ഇനിയും  കിട്ടും……..”

അവളുദ്ദേശിച്ചതു   അമ്മയെയും  അമ്മാവനെയുമാണ്  എന്ന്  ഗ്രഹിക്കാൻ  എനിക്കധികം  താമസം  ഉണ്ടായിരുന്നില്ല….

“ഗാനധാരിയോ…..  നിന്റെ  ഉപമ  കൊള്ളാല്ലോ …..”

“സത്യമല്ലേ ….സ്വന്തമായി  നല്ലൊരു  മനസ്സും  ബുദ്ധിയും  ഉണ്ടായിട്ടും  സഹോദര  സ്നേഹത്തിൽ  അന്ധയായ  ഗാനധാരി….. സ്വന്തം  സഹോദരനെ  മനസ്സിലാക്കാതെ  മക്കളെ പോലും   അയാൾക്ക്  വിഷം  കുത്തി  നിറയ്ക്കാൻ  വിട്ട്  കൊടുത്ത  ഗാനധാരി……”

അവളുടെ  മറുപടി  കേട്ടപ്പോൾ  എനിക്ക്  ചിരി യാണ്  വന്നത്…..

“ഭവതിക്കു  പുരാണത്തിലൊക്കെ  ഇത്ര  പാണ്ഡിത്യമോ ..?..”

“ഉവ്വല്ലോ   അർജ്ജുനാ ….. ഇവിടെ  മുഴുവൻ  പുരാണം   അല്ലെ…..  അർജുനൻ ,  സുഭദ്രാ ,കൃഷ്ണ…., ‘അമ്മ  സീതാദേവി ,  അമ്മാവൻ   ബലരാമൻ …… അർജുനേട്ടൻ്റെ   അച്ഛന്റെ  പേര്  എന്താ …..”

അച്ഛൻ …അധികമാരും  ഇപ്പോൾ  സംസാരിക്കാത്തെ   വിഷയം….. എന്റെ  അച്ഛൻ……

“അപ്പുകുട്ടൻ ……സ്കൂൾ  മാഷായിരുന്നു…..”ഞാൻ   ചിരിയോടെ  അത്യധികം  സന്തോഷത്തോടെ  പറഞ്ഞു….

“നല്ല   രസികനായിരുന്നില്ലേ …?..  കഥയും  കവിതയും  ഒക്കെ  ഇഷ്ടപെട്ടിരുന്നില്ലേ ..?.അച്ഛൻ  വെച്ചതല്ലേ   ഈ  വീട്……”  അവൾ  വേഗം  തുടരെ  തുടരെ  ചോദിച്ച  ചോദ്യങ്ങൾക്കു  എല്ലാം  ഒറ്റ മറു  ചോദ്യമേ   എനിക്ക്  ഉണ്ടായിരുന്നുള്ളു…..

“നിനക്ക്  എങ്ങനെ  അറിയാം ….?”

അവൾ   പൊട്ടി  ചിരിച്ചു  കൊണ്ട്  പറഞ്ഞു…..

“ഈ  വീട്  കണ്ടാൽ   തന്നെ  അറിയില്ലേ ……ഇത്  പണിതത്  ഒരു  കലാകാരനാണ്……ഒരു  സഹൃദയൻ…. മാത്രവുമല്ല ….അച്ഛനെ  തിരിച്ചു  കൊണ്ട്  വരാൻ  ഒന്നും  നിക്കണ്ട…..പുള്ളി  ശ്വാസം  മുട്ടി  ഇവിടന്ന്ഇറങ്ങി  ഓടിയതാ…തിരിച്ചു  വരില്ലാ …ഉറപ്പ് ……”

തവളക്കണ്ണും   ഉരുട്ടി  ഒരു  മഹാസത്യം  പറഞ്ഞിരിക്കുന്നത്  കണ്ടില്ലേ …..  ന്റെ  അച്ഛൻ   തിരിച്ചു  വരില്ലാ  പോലും…..പിശാച്…..

“പോയി  പാത്രം  കഴുകി  വെക്കെടീ ….” 

അവൾ  ഒന്ന്  ഞെട്ടി…..”ഇയാൾ  എന്താ  ഓന്തോ …..എനിക്ക്  വല്ല   അപ്പുകുട്ടൻ  മാഷിനെയും  മതിയായിരുന്നു…… ”  അതും  പറഞ്ഞു  പ്ലേറ്റും  എടുത്തു  പോവുന്നവളെ  കണ്ടപ്പോൾ  എനിക്ക്  ചിരി  വന്നു…..

അവിടെ  നിന്ന്  എണീക്കുമ്പോൾ  കണ്ടു  എന്നെ  നോക്കി  നിൽക്കുന്ന  അമ്മയെ …… ഞാൻ  അമ്മയെ  നോക്കി  ചിരിച്ചു….  ഒരു  ചെറു  ചിരി  ആ  ചൊടിയിൽ  വിരിഞ്ഞു  എങ്കിലും  പെട്ടന്നു  ‘അമ്മ  തിരിഞ്ഞു   നടന്നു…..

തിരിച്ചു  മുകപ്പിലേക്കു  വന്നിരുന്നപ്പോൾ  കുഞ്ഞുട്ടനും  എത്തി  നോക്കി…..  ഈ  കുഞ്ഞുട്ടന്  എന്റെ  അച്ഛൻ  അപ്പുക്കുട്ടനെയും  അറിയാമായിരിക്കാം….. അച്ഛൻ  ഒരു  രസികനായിരുന്നു….  എൽ.പി.  സ്‌കൂളിലെ    ഡ്രിൽ  മാഷായിരുന്നു…അമ്മയുടെ  വീട്ടുകാരുടെ  മുന്നിൽ  ഒരുപാട്  താഴെ….  ഇരുകൂട്ടരും  വലിയ  തറവാട്ടുകാരായിരുന്നത്  കൊണ്ട്  വിവാഹം  നടന്നു……  അച്ഛന്റെ     സ്നേഹവും  പ്രണയവും  ഒന്നും  അമ്മയ്ക്ക്  ആസ്വദിക്കാൻ  കഴിഞ്ഞിരുന്നില്ല…..അമ്മയ്ക്ക്  അതൊക്കെ  നേരം  കൊല്ലുന്ന  പരുപാടി  ആയിരുന്നു….ഈ  മുകപ്പിൽ പോലും  ‘അമ്മ  വന്നു  ഇരിക്കാറില്ല…..  എന്നാൽ  അച്ഛൻ  എപ്പോഴും  ഇവിടെയായിരുന്നു….  എന്നാലും   ഞങ്ങളെ  ഉപേക്ഷിച്ചു  അച്ഛൻ  നാട്  വിടുമ്പോ  ‘അമ്മ   വേദനിച്ചിരുന്നു…ഒരുപാട്……  അച്ഛൻ  അച്ഛന്റെ  സ്വത്തുക്കൾ  മുഴുവൻ   ഞങ്ങൾക്ക്  തന്നിട്ടാണ്  പോയത്…കാരണം  എന്ത്   എന്ന്  ‘അമ്മ  ഒരിക്കലും  പറഞ്ഞിരുന്നില്ല…….ഇന്ന്  എനിക്കറിയാം  കാരണം…….

എന്നാലും വൈഗ  എങ്ങനെ   അച്ഛന്റെ   സ്വഭാവം  മനസ്സിലാക്കി….. ഒടുവിൽ   അവൾ  പറഞ്ഞ  വാചകം  എന്നിൽ  വീണ്ടും  ചിരി  ഉണർത്തി…..”ഒരു  അപ്പുക്കുട്ടൻ  മാഷായിരുന്നാൽ  മതിയായിരുന്നു  എന്ന്……”

എന്തോ   ചാടുന്ന  പോലൊരു  ശബ്ദം…ഒപ്പം   ഒരു  വല്ലാത്ത  സ്ത്രീ  ശബ്ദവും ഇത്  എന്താ……ഞാൻ  ശബ്ധം  കേട്ട  ഭാഗത്തേക്ക്  നടന്നു….. എന്റെ  മുറിയിലാണ്……പെട്ടെന്ന്   മൊബൈൽ  ബെൽ  അടിച്ചു …അമ്മവാനാണ്…..

“ന്താ …അർജ്ജുനാ …ഇത്……കല്യാണം  കഴിയാത്ത  കുട്ട്യോൾ  ഉള്ള  വീട്   അല്ലേ ..ഇത്……”

എന്താ   സംഭവം  എന്ന്  മനസ്സിലാകാതെ  ഞാൻ  നിന്നു ….

“ഒന്ന്  പതുക്കെ…അർജുനാ……..”  എന്ന്  വിറയാർന്ന  ശബ്ദത്തിൽ  പറഞ്ഞു  അമ്മാവൻ  കാൾ  കട്ട്  ചെയ്തു……   ഇയാൾക്ക്  എന്താണ്….കാര്യം  അറിയാൻ  ഞാൻ  അമ്മാവൻ്റെ   മുറിയിലേക്ക്  വെച്ച്  പിടിച്ചപ്പോൾ  കണ്ടു   പുള്ളിയുടെ  മുറിയുടെ  അടഞ്ഞ  വാതിലിൽ  ഒരു  ചെറിയ  ബ്ലുടൂത്  സ്‌പീക്കറിൽ  പോൺ  വീഡിയോ  സൗണ്ട്……  വല്ലാണ്ട്  അവശതയോടെ  വിളിക്കുന്ന  പെൺസ്വരം ….ഒപ്പം  തൊട്ടു  മുകളിലെ   എന്റെ  മുറിയിൽ  നിന്നും കട്ടിൽ   ചാടുന്ന  ശബ്ദവും……ഈശ്വരാ…ഈ  പെണ്ണ് …എന്നെ  നാണം  കെടുത്തുമല്ലോ ….  ഞാൻ   ആ   സ്‌പീക്കറും  ഓഫ്  ചെയ്തു  മിന്നൽ  വേഗത്തിൽ  മുറിയിലേക്ക്  പാഞ്ഞു…..  വാതിലും  ജെന്നലും  ഒക്കെ  അടച്ചിരിക്കുന്നു……ഞാൻ  വാതിൽ തള്ളി  തുറന്നതും   കാണുന്നത്  കട്ടിലിന്റെ  പുറത്തു  നിന്ന്  ചാടുന്ന  വൈഗയെയാണ്…..  എന്നെ  കണ്ടു  ഒരു  നിമിഷം  ചാട്ടം  നിന്നു ……

ദയനീയതയോടെ  എന്നെ  നോക്കി  നിൽക്കുന്നു …നല്ല  ചമ്മലും  ഉണ്ട്….. എന്റെ  കിളികൾ  ഒന്നും  ഈ  ജില്ലയിൽ  ഉണ്ടായിരുന്നില്ലാ ……..  ഞാൻ  ഇടുപ്പിൽ  കൈകുത്തി  തലയിൽ  കൈവെച്ചു  പോയി……  ഈശ്വരാ…ഇത്രയും  വലിയ  ഒരു  പണി  എനിക്ക്  തരണമായിരുന്നോ ….?

(കാത്തിരിക്കണംട്ടോ )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇസ സാം ന്റെ മറ്റു നോവലുകൾ

ഒരു അഡാർ പെണ്ണുകാണൽ

തൈരും ബീഫും

 

Title: Read Online Malayalam Novel Chankile Kakki written by  Izah Sam

4/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!