ചങ്കിലെ കാക്കി – ഭാഗം 12

4845 Views

ചങ്കിലെ കാക്കി

ആദ്യമായി   അവളുമായി  ഞാൻ   ആ  പടി  കടക്കുമ്പോൾ  ആ  നിറഞ്ഞ  കണ്ണുകളിൽ  സന്തോഷം  നിറയ്ക്കണം  എന്ന്  മാത്രമേ  ഉണ്ടായിരുന്നുള്ളു……   ഞാനും   അറിയുകയായിരുന്നു  എന്നിലെ  മാറ്റം……

അർജുനേട്ടനോടൊപ്പം  എനിക്കും  മിതുവിനും  ഒരു  യാത്ര  അത്  എന്റെ   ജീവിതത്തിലെ  ഏറ്റവും മനോഹരമായ  പ്രണയാർദ്രമായ  നിമിഷങ്ങളായിരുന്നു…..എത്രനാൾ   എന്ന്  എനിക്കറിയില്ല…എന്നാൽ  എന്നെന്നും നെഞ്ചോടു  ചേർക്കാൻ  ഞാനാഗ്രഹിക്കുന്നു  നിമിഷം….

ദിവസങ്ങൾ  കടന്നു  പോയി …..  ഞാനും  ആ  വീട്ടിൽ  ആരെക്കെയോ  ആയി  മാറുകയായിരുന്നു…. അല്ല……ആ  വീട്ടുകാർ  എന്റെ  ആരെല്ലാമോ  ആയി  മാറുകയായിരുന്നു…. രുദ്രയും   മിതുവും   ഞാനും   അര്മാദിച്ച  ദിവസങ്ങൾ  ആയിരുന്നു…..അവധിക്കാലം …..പലപ്പോഴും  ശിവേട്ടൻ  മോളെ  കാണാൻ  വന്നിരുന്നു….  അർജുനേട്ടൻ   ഉള്ളപ്പോൾ   മാത്രം  വന്നു  പോയിരുന്നു……ഒരിക്കൽ  രുദ്ര  പറഞ്ഞു …

”  ശിവേട്ടനു   ഭയങ്കര  സിനിമാ  കമ്പമാണ് ….  നല്ല  സർക്കാർ  ജോലി  കണ്ടാണ്  കല്യാണം   കഴിപ്പിച്ചത് ….  പക്ഷേ  ആരോടും    പറയാതെ  പുള്ളി  അത് രാജിവെച്ചു ….സിനിമയിലേക്ക്  ഇറങ്ങി…..  അസിസ്റ്റന്റ്  ഡയറക്ടർ   ആയി  നടന്നു…..ഇപ്പോഴും  നടക്കുന്നു….. അന്ന്  കൃഷ്ണേച്ചിക്കു   ജോലി  ആയിട്ടില്ലായിരുന്നു…മിഥുവും   കൂടി  ജനിച്ചപ്പോൾ  പിന്നെ   ശിവേട്ടൻ്റെ   അച്ഛനും  അമ്മയും    ചേച്ചിയെ   കുറ്റം  പറയാനും  കുത്താനും  തുടങ്ങി…..  അർജുനേട്ടനാണ്   ചേച്ചിക്ക്   ചിലവിനുള്ള  കാശ്  കൊടുത്തിരുന്നത്…എന്നിട്ടും   അവരുടെ   കുത്തുവാക്കുകൾ    കേട്ട്  മടുത്തു  ചേച്ചി  കുഞ്ഞുമായി  ഇങ്ങു  പോന്നു…..   അമ്മയും  അമ്മാവനും  കൈ  നീട്ടി  സ്വീകരിച്ചു……  ശിവേട്ടൻ  വന്നു  വിളിച്ചിട്ടും  പോയില്ല….  ഒടുവിൽ  അർജുനേട്ടൻ   നിർബന്ധിച്ചു  തിരിച്ചയക്കാൻ  ശ്രമിച്ചപ്പോൾ   ഏട്ടന്   ബുദ്ധിമുട്ടാണെങ്കിൽ   പറഞ്ഞാൽ  മതി  കുഞ്ഞുമായി  എങ്ങോട്ടെങ്കിലും  പൊയ്ക്കൊള്ളാം  എന്നായി…..  പിന്നെ  ഏട്ടൻ  തന്നെയാ   ബാങ്ക്   കോച്ചിങ്ങിനു  ഒക്കെ  വിട്ടു   ജോലി   ഒക്കെ  ശെരിയാക്കിയത്……….  ചേച്ചി   സേഫ്  ആയി…..ശിവേട്ടൻ   തോൽവികൾ  ഏറ്റു   വാങ്ങി  കൊണ്ടിരിക്കുന്നു…..”

ഇതൊക്കെ  രുദ്ര  പറയുമ്പോഴും  എന്റെ  മുന്നിൽ  കുഞ്ഞു  പന്തുമായി   ഓടി  കളിക്കുന്ന  കുഞ്ഞു  മിഥുവായിരുന്നു ……  ഒരു  അച്ഛൻ്റെ   സ്നേഹത്തിനും  കരുതലിനുമപ്പുറം  അച്ഛൻ്റെ   ജോലിക്കു  സ്ഥാനം  ഉണ്ടോ …?  അമ്മായി …എന്ന്  വിളിച്ചു  അടുത്ത  വന്ന  കുഞ്ഞിന്റെ  നെറുകയിൽ  ഒരു  ഉമ്മ  വെയ്ക്കാൻ  മാത്രമേ   എനിക്ക്  കഴിഞ്ഞുള്ളു…….

ദിവസങ്ങൾ  കടന്നു  പോകവേ   അമ്മാവൻ  തിരിച്ചെത്തി…… 

അമ്പലത്തിലെ  ഉത്സവം  കൂടാനായിരുന്നു  വന്നത്……ഉത്സവം   അവിടെ  വലിയ  ആഘോഷമാണ്…എട്ടു

ദിവസത്തെ  ഉത്സവം …അമ്പലത്തിനടുത്തു  ആയതു  കൊണ്ട്  തന്നെ  എല്ലാരും  ആ  മേളത്തിലാണ്…എന്നും  അമ്പലത്തിൽ  പോവുക  ദീപാരാധന  നടത്തുക …..അങ്ങനെ  …അങ്ങനെ….എല്ലാരും   ചിട്ടയോടെ   സൂക്ഷ്മതയോടെ  അതിലേറെ  സന്തോഷത്തോടെ  ഭക്തിയോടെ  മുന്നോട്ടു  പോയി…..അർജുനേട്ടനും   ആ  കാര്യങ്ങളിൽ  തല്പരനായിരുന്നു……

എന്നാൽ  ഞാൻ  അങ്ങനായിരുന്നില്ല…..ഉത്സവ  മേളം   എന്നെ   എന്റെ  ജീവിതത്തിലെ   നിഴലാട്ടങ്ങളെ   എന്നിലേക്കു  നിറയ്ക്കുന്നു…പ്രത്യേകിച്ചും  പുലർച്ചെയുള്ള  മണി  അടി  ശബ്ദം….വൈകിട്ടത്തെ  അമ്പലത്തിലെ ശബ്ദങ്ങൾ……വഴിയോരകാഴ്ചകൾ  എന്നെ  വല്ലാതെ  അസ്വസ്ഥതപ്പെടുത്തി  കൊണ്ടിരുന്നു….  വീട്ടിലും    ഞാൻ  ഉത്സാവങ്ങൾക്കു  പോകാറില്ലായിരുന്നു……ആരും  നിര്ബന്ധിക്കാറും   ഇല്ല……എന്നാൽ  ഇവിടെ  എല്ലാരും  നിർബന്ധിക്കുന്നു…..  ബന്ധുക്കൾ  പോലും  പലരും  വീട്ടിൽ  വരുന്നു….ഉത്സവം  കൂടാൻ……

രാത്രി  പലപ്പോഴും   അർജുനേട്ടൻ   വല്ലാതെ   വൈകുമായിരുന്നു …..

രാത്രിയെ  ഞാൻ  വീണ്ടും  ഭയന്നു  തുടങ്ങിയിരുന്നു……  രാത്രിയൊക്കെ  ഞാൻ  ആ  കൊച്ചു  വൈഗ  ആയിക്കൊണ്ടിരുന്നു….. അമ്പലത്തിലെ     ഭജനയും    മണിയൊച്ചകളും  കർപ്പൂര  ഗന്ധവും എന്നെ   ഭയപ്പെടുത്തി  കൊണ്ടിരുന്നു…..നിഴലുകൾ  എന്നെ  അസ്വസ്ഥതപ്പെടുത്തി  കൊണ്ടിരുന്നു…..  അർജുനേട്ടൻ വരാൻ  വൈകുമ്പോൾ  ഞാൻ  രുദ്രയോടൊപ്പം   കിടക്കാൻ  ചെന്നു …….പക്ഷേ   ‘അമ്മ  എന്നെ  അനുവദിച്ചില്ല…..

“അത്  എന്താ പുതിയ  ശീലങ്ങൾ…… രുദ്രയ്ക്ക്  പഠിക്കാൻ  ഉണ്ടാവും…മാത്രല്ല  അർജുനൻ  വരുമ്പോ  തിരക്കില്ലേ …..?”

അമ്മാവൻ  എന്നെ  കാണുമ്പോൾ  ഒഴിഞ്ഞു  നടക്കാൻ  ശീലിച്ചു…..എന്നാൽ  അമ്മാവനെ   ഞാൻ  ശ്രദ്ധിക്കാൻ  ആരംഭിച്ചു……എന്റെ  ജീവിതത്തിൽ  ഞാൻ  ഭയപ്പെട്ട   ഏതോ  നിഴലിനു  അമ്മാവൻ്റെ സാദൃശ്യം  തോന്നി  തുടങ്ങിയിരുന്നു…… 

ആയിടയ്ക്കാണ്   ഉത്സവം  കൂടാൻ   സുഭദ്രയും  ഭർത്താവും    വന്നത്… അമ്മയ്ക്കും  അമ്മാവനും  ഭയങ്കര  സന്തോഷമായിരുന്നു…..  നഷ്ടപ്പെട്ടത്   എന്തോ  തിരിച്ചു  കിട്ടിയ  ഭാവം….  സുഭദ്രയ്ക്ക്  ആവോളം  വിളമ്പി  കൊടുക്കുന്നു…..തലമുടിയിൽ  എണ്ണ   തേക്കാറില്ലേ   എന്ന്  ചോദിക്കുന്നു…..

“വൈഗ   സൈലന്റ്  ആയല്ലോ……?കല്യാണത്തിന്  കണ്ടതിനേക്കാളും  ഒരുപാട്  മാറി……”  സുഭദ്രയാണ്…..

“ആര്  മാറി……ഞങ്ങൾ  മാറി……വൈഗയ്ക്കു  ഒരു  ആട്ടവും  ഇല്ല…..ഇല്ലേ   ഓപ്പേ ….”  എന്നെ  സഹതാപത്തോടെ  നോക്കി  അമ്മാവൻ  വിരോധാഭാസത്തിൽ   പറഞ്ഞു……

“അമ്മയില്ലാത്ത  കുട്ടിയല്ലേ …അതിന്റെ  ഒരു    പക്വതയില്ലായ്‌മ ……അത്രേയുള്ളൂ ….”  അമ്മയുടെ  വിശദീകരണം…..

എനിക്ക്  മറുപടി  പറയാൻ  തോന്നിയിരുന്നില്ല….കാരണം  കാതുകളിൽ  മുഴങ്ങുന്നത്   ഒരു  മണിയൊച്ചമാത്രമാണ്…..അതിനിടയിലൂടെ   മാത്രമേ  ഈ  ശബ്ദങ്ങൾ  കേൾക്കുന്നുള്ളു……  ഞാൻ    തിരിച്ചു  മുറിയിലേക്ക്  പോയി……അന്ന്  അവസാന  ദിവസമാണ്   ഉത്സവത്തിൻ്റെ …നേരം  വെളുക്കുവോളം    എല്ലാരും  അമ്പലത്തിലാണ് …….വൈകിട്ടു   താഴെ  ആരെക്കെയോ  ബന്ധുക്കൾ  വരുന്നു…സംസാരം  കേൾക്കാം   വിദൂരതയിലെവിടെയോ………..ഞാൻ  വാതിലും  ജന്നലും  അടച്ചു  മൂടി  കിടന്നു…….  പക്ഷേ  ഉറങ്ങാൻ  കഴിയുന്നില്ല…… വസ്ത്രങ്ങൾ  പോലും  ശരീരത്തിൽ  ഇഴയുന്ന  പോലെ……മണിയൊച്ച  വല്ലാതെ  കൂടുന്നു……

പെട്ടന്ന്  വാതിൽ  മുട്ടുന്ന  ശബ്ദം……  താഴെ  ചെല്ലാനാവും…നേരത്തെയും  ആരോ   വാതിൽ  മുട്ടിയിരുന്നു……എനിക്ക്  വയ്യ…….ഞാൻ  എഴുന്നേറ്റില്ല ..ഇപ്പോൾ …..വീണ്ടും  വീണ്ടും  ശക്തിയായി  മുട്ടുന്നു……എനിക്ക്  ദേഷ്യം  വരുന്നുണ്ടായിരുന്നു…….ഗത്യന്തരമില്ലാതെ  ഞാൻ  എഴുന്നേറ്റു  വാതിൽ  തുറന്നു……  അർജുനേട്ടൻ   ആണ് ……. എന്നെ  സംശയത്തോടെ  നോക്കുന്നു……

“എന്താ…….?”

“അതന്നെ   ഞാനും  ചോദിക്കുന്നേ …എന്താ ….?  താൻ  എന്താ   താഴെ   വരാത്തെ ..?”  അകത്തോട്ടു  കയറി  കൊണ്ടു  ചോദിച്ചു…..  എനിക്ക്  എന്താ…..എനിക്ക്  പോലും  അറിയില്ലല്ലോ …?

“ഞാൻ  എന്തിനാ  വരുന്നേ ….? നിങ്ങടെ  എല്ലാപേരുടെയും   സുഭദ്ര  ഉണ്ടല്ലോ  അവിടെ….നല്ല  പക്വതയും  അടക്കവും  ഒതുക്കവും  ഉള്ള  സുഭദ്ര…..” 

ഞാൻ   ദേഷ്യത്തിൽ  പറഞ്ഞു  വന്നു  കട്ടിലിൽ  കിടന്നു…..ഞാൻ  എന്തിനാ  അങ്ങനെ  പറഞ്ഞത്……എനിക്ക്  അറിയില്ല….എന്റെ   മനസ്സിൽ  പോലും   സുഭദ്ര  ഉണ്ടായിരുന്നില്ലല്ലോ……  പിന്നെന്താ  അങ്ങനെ  പറഞ്ഞത്…..എനിക്ക്  തല  വേദനിക്കുന്നുണ്ടായിരുന്നു…..മണിയൊച്ച   അകലുന്നത്  ഞാൻ  അറിയുന്നുണ്ടായിരുന്നു…

എനിക്കരുകിൽ  അർജുനേട്ടൻ  ഇരുന്നത്  പോലെ  തോന്നി…….ഞാൻ  പെട്ടന്ന്  എഴുന്നേറ്റു  മാറി  ഇരുന്നു……  ഞാൻ   മുഖത്തു  നോക്കാതിരുന്നു….. ഒന്നും  മിണ്ടുന്നില്ല……നോക്കിയില്ലെങ്കിലും  എനിക്ക്  അറിയാമായിരുന്നു   ആ  കണ്ണുകൾ  എന്നിലാണ്  എന്ന്……  എനിക്ക്  വല്ലാതെ  വെപ്രാളം  തോന്നുന്നുണ്ടായിരുന്നു…..  ഇത്രയും  നാൾ   അർജുനേട്ടന്റെ  മുന്നിൽ   അണിഞ്ഞ  മുഖംമൂടി   അഴിഞ്ഞു  വീഴുമോ  എന്ന്  ഞാൻ  ഭയന്നു ….

“ഞാൻ  പറഞ്ഞില്ലേ …..എന്നും  പറയാറില്ലേ ….ഈ  വൈഗാലക്ഷ്മി  ഒരു  കള്ളിയാണ്   എന്ന്…..  ഇപ്പൊ  ഞാൻ  പിടിക്കുംട്ടോ   ഈ  കള്ളിയെ ……”

എൻ്റെ     മുഖത്തേക്ക്  നോക്കി  അത്  പറയുമ്പോ   ആ  മുഖം  കാണാൻ  എനിക്ക്  ആഗ്രഹമുണ്ടായിരുന്നു……പക്ഷേ  ആ  കണ്ണുകൾ  നേരിടാൻ  എനിക്ക്  കഴിഞ്ഞില്ല…….

“ഇത്ര  പെട്ടന്ന്  എനിക്ക്  തോറ്റു   തരല്ലേ  ന്റെ  വൈകാശീ ……..  എഴുന്നേറ്റേ ……”

ഞാൻ  മൗനത്തിനു  കൂട്ടുപിടിച്ചു….ഒപ്പം   എന്നിൽ  നിന്നകന്നു  ആ  മണിയൊച്ചയെ  ഓർത്തു   ആശ്വസിച്ചു……  അർജുനേട്ടൻ  എഴുന്നേറ്റു  അലമാര  തുറന്നു   ഒരു  കവർ   എടുത്തു  എന്റെ  മടിയിൽ  വെച്ച്  തന്നു……

“ഈ   പക്വതയും  അടക്കവും   ഒതുക്കവും  ഇല്ലാത്ത  ഒരു  പെണ്ണ്  സെറ്റും   മുണ്ടും  ഉടുത്താൽ   എങ്ങനെ  ഉണ്ടാവും  …… നമുക്ക്  ഒന്ന്  ശ്രമിച്ചു  നോക്കാടോ ……ചിലപ്പോൾ  ചേർന്നാലോ……?”  ഞാൻ     അതിശയത്തോടെ  നോക്കി…….  പെട്ടന്ന്  തന്നെ  ആ   കവർ  തുറന്നു  നോക്കി…… 

നല്ല  വീതി   കസവു  കരയുള്ള  സെറ്റും  മുണ്ടും……  എനിക്ക്  ഒരുപാട്  സന്തോഷം  തോന്നി….. 

“അർജുനേട്ടൻ   എനിക്കായി  വാങ്ങിയതാണോ………..?”  ഞാൻ   തെല്ലു  സംശയത്തോടെ  ചോദിച്ചു…..

അതേ   എന്ന്   കണ്ണടച്ച്  പറഞ്ഞു…..

ഞാൻ  തിരിച്ചും  മറിച്ചും  നോക്കി….. എന്നെ  തന്നെ  നോക്കി  ഇരിക്കുന്ന  അർജുനേട്ടനെ  നോക്കി….

“അർജുനേട്ടൻ   ഏതു  നിറത്തിലെ   ഷർട്   ആണ്  ഇടുന്നത് ….ഞാൻ   അതിനു  ചേരുന്ന  ബ്ലൗസ്  ഇടാം……..”

ഞാൻ  ആവേശത്തിൽ   പറഞ്ഞു……

“അമ്മാതിരി   കോപ്രായത്തിനൊന്നും  ന്നെ  കിട്ടില്ല  മോളേ ……  വേഗം  ഒരുങ്ങാൻ  നോക്ക്…..ഞാൻ  താഴെ   കാണും…..”  അർജുനേട്ടൻ   പുറത്തേക്കു  പോയി…ഞാൻ  ആ  സാരി   നെഞ്ചോടെ   ചേർത്തു……  ഭയന്ന്  വിറച്ചിരുന്ന  വൈഗ  എങ്ങോ  പോയി  മറഞ്ഞു….. വേഗം  ഒരുങ്ങി…..  കണ്ണാടിയിൽ  നോക്കിയപ്പോൾ  സുഭദ്രയുടെ   അടുത്ത്   വരില്ലാ  എങ്കിലും   ആ  വേഷം  എനിക്ക്  ചേരുന്നുണ്ടായിരുന്നു…..  മുടി ചെറുതായി  ഒതുക്കി  അഴിച്ചിട്ടപ്പോൾ   സുഭദ്രയുടെ   തലക്കെട്ടു പോലെ   തോന്നി…..  അപ്പോൾ   അർജുനേട്ടൻ   പറഞ്ഞത്  ഓർമ്മ  വന്നു…..

“ഈ   പക്വതയും  അടക്കവും   ഒതുക്കവും  ഇല്ലാത്ത  ഒരു  പെണ്ണ്  സെറ്റും   മുണ്ടും  ഉടുത്താൽ   എങ്ങനെ  ഉണ്ടാവും  …… നമുക്ക്  ഒന്ന്  ശ്രമിച്ചു  നോക്കാടോ ……ചിലപ്പോൾ  ചേർന്നാലോ……?”  ഒരു  ചെറു  ചിരിയോടെ  മുടി  എന്നെത്തെയും   പോലെ  അഴിച്ചിട്ടു  ഇറങ്ങുമ്പോൾ   എന്റെ  കണ്ണുകൾ  തേടിയത്   അർജുനേട്ടെനെയായിരുന്നു….  പക്ഷേ   അർജുനേട്ടൻ   പുറത്തു  പോയിരുന്നു….

ഞങ്ങൾ  അമ്പലത്തിലേക്ക്  പോയി……ഞങ്ങൾക്കൊപ്പം  സുഭദ്രയും  ഉണ്ടായിരുന്നു…..  അമ്മയുമായി   കൃഷ്ണേച്ചിയുമായി  സംസാരിച്ചു   മന്ദം  മന്ദം  നടന്നു  വരുന്ന  സുഭദ്രയുടെ  ഓരോ  ചുവടിനും  മനോഹരമായ  താളം  ഉണ്ട്……  ഞാൻ  എന്നെ  നോക്കി….  എന്ത്  വേഗത്തിലാണ്  ഞാൻ  നടക്കുന്നത് …. അർജുനേട്ടൻ   സുഭദ്രയെ   വിവാഹം  കഴിച്ചിരുന്നു  എങ്കിൽ  അമ്മയും  അമ്മാവനും   ഒരുപാട്  സന്തോഷിച്ചേനെ …..അർജുനേട്ടനും…… ആ  ചിന്ത  പോലും   എന്നിൽ   ഒരു  നുള്ളു   വേദന  സമ്മാനിചു….

“അനുഭവയോഗം ഏട്ടത്തിക്കാ ……..”  രുദ്രയാണ്……ഞാൻ  അവളെ  ചോദ്യഭാവത്തിൽ  നോക്കി….

“അർജുനേട്ടനും   സുഭദ്രേച്ചിയും  ഒന്നിക്കണം  എന്നുള്ളത്  അമ്മയുടെ  ഏറ്റവും  വലിയ  ആഗ്രഹമായിരുന്നു…..അച്ഛൻപെങ്ങളാ  സുഭദ്രേച്ചിയുടെ  ‘അമ്മ…..  അമ്മാവന്  ഇഷ്ടല്ലായിരുന്നു  അച്ചൻ്റെ    വീട്ടുകാരെ ..  അമ്മയെ   ഒത്തിരി  പിന്തിരിപ്പിക്കാൻ  ശ്രമിച്ചെങ്കിലും   അർജുനേട്ടൻ്റെ    ഇഷ്ടം  അമ്മയ്ക്ക്  അറിയാമായിരുന്ന………അങ്ങനെ  ‘അമ്മ  വിവാഹാലോചനയുമായി  ചെന്നു….   സുഭദ്രേച്ചിയുടെ  അച്ഛന്   ഈ  വിവാഹത്തിന്  ഇഷ്ടല്ലായിരുന്നു…..  അമ്മയുടെ   സ്വഭാവം   കൊണ്ടാണ്  അച്ഛൻ  ഓടിപ്പോയത്  എന്നും  മറ്റും  പറഞ്ഞു  അപമാനിച്ചു….. അമ്മാവനും  വിട്ടു  കൊടുത്തില്ല…..ഒടുവിൽ  ൻ്റെ   മോന്  നിങ്ങടെ   മോളെ   വേണ്ടാ  എന്നും  പറഞ്ഞു ‘അമ്മ   അവിടന്ന്  ഇറങ്ങി….. ‘അമ്മ  ഏട്ടനോട്  പറഞ്ഞു   അച്ഛനെപ്പോലെ   നിനക്കും  അമ്മയെ   തോൽപിക്കണം  എങ്കിൽ  ആവാം  എന്ന്  പറഞ്ഞു…..   ഈ  സംഭവം  കഴിഞ്ഞു   ദിവസങ്ങൾക്കകം   സുഭദ്രേച്ചിയുടെ  വിവാഹം  നടന്നു……ഞങ്ങളെ   മാത്രം  ക്ഷണിച്ചില്ല….. ….. പിന്നെ  എന്താ   പതുക്കെ  പതുക്കെ  ബന്ധുക്കൾ  ഒന്നായി…..  ഏട്ടനും  സുഭദ്രേച്ചിക്കും    പിരിയേണ്ടിയും  വന്നു……  ഒരുപാട്  വേദനിച്ചിരുന്നു  രണ്ടു  പേരും……  ഇത്രയും  സ്നേഹിച്ചിട്ടും   പിരിയേണ്ടി  വന്നില്ലേ ……”

രുദ്രയിൽ  നിന്നറിഞ്ഞ   കാക്കിയുടെ  പ്രണയ  കഥ   എന്നെ  ചൊടിപ്പിച്ചു……

“എത്ര  സ്നേഹിച്ചിട്ടു…?……  അത്രയ്ക്ക്  സ്നേഹിച്ചിരുന്നു  എങ്കിൽ  ഇന്ന്  അവർ  ഒരുമിക്കുമായിരുന്നു…. …..  രുദ്രാ  നമ്മൾ  ഒരാളെ നമ്മൾക്കും  മേൽ  സ്നേഹിക്കുകയാണെങ്കിൽ   അവിടെ  സെക്കണ്ട്   ചോയ്സ്  ഉണ്ടാകില്ല …… ആ  സ്നേഹം  അത്രയും  ശക്തമല്ലാത്തതു  കൊണ്ടാണ്  ഇവിടെ  സെക്കണ്ട്   ചോയ്സ്  ആയി  ഞാനും  സൂരജേട്ടനും  എത്തിയത്……..”

രുദ്ര   എന്നെ  അത്ഭുതത്തോടെ   നോക്കി….. 

“ഏട്ടത്തിയുടെ   ജീവിതത്തിൽ   എന്റെ  ഏട്ടൻ  സെക്കന്റ്  ചോയ്സ്  ആണോ ….?ആണെങ്കിലും   സാരമില്ല ….ഹി  ക്യാൻ   ബി  യുവർ   ബേസ്ഡ്  ചോയ്സ്……  “

ഞാൻ  അവളെ  നോക്കി  ചിരിച്ചു  ഒപ്പം   പ്രണയിക്കാൻ  കൊതിക്കുന്ന  ൻ്റെ    മനസ്സിനെ ശാസിച്ചു……  ……എന്റെ   ശാസനകളും  മുൻധാരണകളെയും   താക്കീതിനെയും   കാറ്റിൽ  പറത്തി  കാക്കിക്കൊപ്പം നിൽക്കുന്ന  ആ  മനസ്സിനെ  ഞാൻ  കടിഞ്ഞാണിട്ടു…..കാരണം   വൈഗ  ഒരാൾക്കും  ഉൾകൊള്ളാൻ  കഴിയുന്നവളല്ല……

ആൾക്കൂട്ടത്തിൽ    മിതുവാണ്‌   അർജുനെട്ടനെ  ആദ്യം  കണ്ടത്,…….  ഒരുപാട്  നേരം  ഞാൻ  നോക്കി  നിന്നു …ആ   കണ്ണുകൾ  ഇങ്ങോട്ടു  വന്നതേയില്ല …..ഒടുവിൽ  സുഭദ്രയും  അമ്മയും  നിന്നഭാഗത്തേക്കു  നടന്നു  പോകുന്നത്  കണ്ടു..ചെറിയ  കുശുമ്പ്  തോന്നാതിരുന്നില്ല….സുന്ദരിയായ  സുഭദ്രയെ  കണ്ടു   ആൾക്കിയിട്ടത്തിനിടയിലും ..  എന്നെ  കണ്ടില്ല ….അല്ലെങ്കിൽ  തന്നെ   എന്നെ  എങ്ങനെ  കാണാനാ…. പൊക്കവും  ഇല്ല…..അത്ര  ആകര്ഷണീയതയും  ഇല്ല……ഞാനും   രുദ്രയും  മിദുവും  ചുറ്റമ്പലത്തിൽ  നിന്നു …  മിതുവിനെ  ഞാൻ  കയ്യിൽ  പിടിച്ചിട്ടുണ്ടായിരുന്നു…… അമ്പലവും  മണിയൊച്ചകളും  എന്നെ    വീണ്ടും  ആ  ഭ്രാന്തമായ  അവസ്ഥയിലേക്ക്  കൊണ്ട്  പോകുമോ  എന്ന്  ഞാൻ  ഭയന്നിരുന്നു….  അതുകൊണ്ടു  തന്നെ   ഞങ്ങൾ  വഴിയോര  കച്ചവടക്കാർക്കരുകിലേക്കു  നീങ്ങി….  മിതുവിന്  വേണ്ടിയും  രുദ്രയ്ക്ക്  വേണ്ടിയും  ഞാൻ   എന്തെക്കെയോ  പരതി  നോക്കി  നിന്നു…..

“ഏട്ടൻ …..’  രുദ്ര  പിന്നിൽ  നോക്കി  പറഞ്ഞപ്പോൾ  കണ്ടു  ഞങ്ങൾക്കരുകിലേക്കു  നടന്നുവരുന്ന   അർജുനേട്ടനെ…..

“ഞാൻ  ഓർത്തു  മൂന്നും  ഇവിടെ  ഉണ്ടാകും  എന്ന്…..  എന്തൊക്കെയാ  വേണ്ടത്……”

രുദ്രയും  മിതുവും   എന്തൊക്കെയോയോ വേണമെന്ന്  പറയുന്നു…..അതൊക്കെ  വാങ്ങി  കൊടുക്കുന്നു…ശ്രദ്ധയോടെ  അവരെ    തന്നിലേക്ക്  ചേർത്ത്  നിറുത്തി  സ്നേഹത്തോടെ  വാങ്ങി  കൊടുക്കുന്നത്  ഞാൻ  നോക്കി  നിന്നു …..  ഇടയ്ക്കു  ഇടയ്ക്കു  എന്നെ  നോക്കുന്നുണ്ട്…..

“ഇയാൾക്കൊന്നും  വേണ്ടേ ….?”  എന്നോടാണ്…..

ഞാൻ  ചെറു  ചിരിയോടെ  ഒന്നും  വേണ്ടാ    എന്ന്  തലയാട്ടി…..

രുദ്രയും മിതുവും   മുന്നിലായി  നടന്നു …തൊട്ടു  പിന്നിൽ ഞങ്ങൾ ….

ആൾത്തിരക്കു  എത്തുമ്പോ   രുദ്രയെയും  മിതുവിനെയും  ചേർത്ത്  പിടിക്കുന്നത്  പോലെ  എന്നെയും  ചേർത്ത്  പിടിക്കുന്ന  അർജുനെട്ടനെ  ഞാൻ  നോക്കിയില്ല…കാരണം  എന്റെ   കണ്ണുകളിൽ   തെളിയുന്ന  പ്രണയം   അർജുനേട്ടൻ   കാണരുത്  എന്ന്  തോന്നി…….

അമ്മയ്ക്കും  കൃഷ്ണേച്ചിക്കും   അരുകിൽ   ഞങ്ങളും   വന്നു…..  സുഭദ്രയും  അപ്പച്ചിയും  അമ്മാവനും  അങ്ങനെ  ആരെക്കെയോ  ഉണ്ടായിരുന്നു……

“അതേ   കുഞ്ഞിനെ  ശ്രദ്ധിക്കൂട്ടോ ……..”  കൃഷ്ണയോടായി  പറഞ്ഞു….. പിന്നെ  കൂട്ടുകാരോടൊപ്പം  മുന്നോട്ടു  നടന്നു…ഇടയ്ക്കു  ഒന്ന്  തിരിഞ്ഞു  നോക്കി….. സുഭദ്രയെ  അല്ലാട്ടോ…..എന്നെ   നോക്കിയതാ….. ഞാൻ  സുഭദ്രയ്ക്കരുകിലേക്കു   നീങ്ങി  നിന്നു …….  നോക്കുന്നയാൾക്കു  ഒരു  സൗകര്യം  ആയിക്കോട്ടെ ……  കുസൃതിയോടെ     എന്നെ  നോക്കി   കണ്ണ്  ചിമ്മി……..

ഞാൻ  തിരിച്ചും……എന്നിലും  വിരിഞ്ഞിരുന്നു  ഒരു  നേരിയ  ചിരി…. സുഭദ്ര  എന്നെ  നോക്കി …..   ആ  കണ്ണുകളിൽ എന്ത്  ഭാവമാണ്  എന്ന്  എനിക്കറിയില്ലായിരുന്നു….

വിളക്കെടുപ്പും …ചടങ്ങുകളും നടക്കുന്നുണ്ട്…ഒപ്പം  അല്പം  മാറി   കഥകളിയും   മറ്റും  അരങ്ങേറുന്നു…..അർജുനേട്ടൻ   തിരക്കുകളിലേക്ക്  പോയിരുന്നു…..  എനിക്ക്  ചുറ്റും  കലപില  സംസാരിക്കുന്ന   അമ്മയും  രുദ്രയും   ബന്ധുക്കളും…… എന്നോട്  കിന്നരിക്കുന്ന  മിഥുകുട്ടി ….ഒപ്പം  ഈ  ശബ്ദങ്ങൾക്ക്  എല്ലാം  മേലെ   മണിയൊച്ച  കാതുകളിൽ മുഴങ്ങുന്നു…..   ഇടയ്ക്കു  ഇടയ്ക്കു  ഒച്ച  കൂടുന്നു..ചിലപ്പോൾ  കുറയുന്നു……  തല   വേദനിക്കുന്നത്  പോലെ…..രാത്രിയേറെ   ആയിരിക്കുന്നു …. നിഴലുകളും  എന്നെ  തേടിയെത്തുന്നുണ്ടായിരുന്നു……

ആരോടും  അധികം  സംസാരിക്കാതെ   മാറിയിരിക്കുന്ന  വൈഗ  എനിക്ക്  അത്ഭുതമായിരുന്നു…..ചിലപ്പോൾ  സുഭദ്ര  വന്നപ്പോൾ   ‘അമ്മ  എന്തെങ്കിലും  പറഞ്ഞിട്ടുണ്ടാവും…..എന്നാലും  അതൊക്കെ  ഇവൾക്കു  ഇത്രയും  വിഷമം   ഉണ്ടാക്കുമോ …..ആ  മുഖത്ത്  ചിരി  ഇല്ലാതെ  ഞാൻ  കണ്ടിട്ടില്ല …പക്ഷേ  ഇപ്പോൾ   ഒരു   ഭയമാണ്  ആ  മുഖത്ത്……വല്ലാത്തെ   ഭാവം……രുദ്രയോടും   പോലും  സംസാരിക്കുന്നില്ല……  അമ്പല   കമ്മിറ്റിയിൽ  ഉള്ളത്  കൊണ്ട്  തന്നെ  തിരക്കായിരുന്നു…എങ്കിലും   ഇടയ്ക്കു ഇടയ്ക്കു  ഞാൻ  അവളെ  ശ്രദ്ധിക്കുന്നുണ്ടായിരുന്നു…..  കഥകളി  ആരംഭിച്ചപ്പോൾ  ഞാൻ  കണ്ടു  വെപ്രാളത്തോടെ  ചുറ്റും  നോക്കുന്ന   വൈഗയെ ….. കഥകളി  പൊടി   പൊടിക്കുമ്പോഴും  അവളുടെ  വെപ്രാളവും    കൂടി  വരുന്നുണ്ടായിരുന്നു….

അസ്വസ്ഥതയോടെ   ചെവി  പൊത്തുന്ന  വൈഗ…..ഇടയ്ക്കു  ഇടയ്ക്കു    അവൾ   തല  വെട്ടിക്കുന്നുണ്ട്…..  അവളുടെ  മുഖത്തെ  ഭാവം   ഒരിക്കലും   പരിചിതമല്ല …..  പെട്ടന്ന്  അവൾ   കൃഷ്ണയോട്  എന്തോ  ചോദിക്കുന്നു…… എന്തോ  അവളോട്‌   പറയുന്നു….അസ്വസ്ഥയോടെ  തിരിച്ചു  വരുന്നു…..  ദേഷ്യത്തോടെ  മുടിയിഴകളിലൂടെ  വിരലോടിക്കുന്നു….അവളുടെ  അസ്വസ്ഥതത  എന്നിലേക്ക്‌  പടരുന്നത്  പോലെ  തോന്നി……

“വിശാലെ ….ഞാൻ   ഒന്ന്   വീടുവരെ പോയിട്ട്  വരാം……നീ  ഒന്ന്  ഇവിടത്തെ   കാര്യം  ഒന്ന്  നോക്കിയേക്ക് …….”  അവന്റെ  മറുപടിക്കു   പോലും  കാക്കാതെ   ഞാൻ  അവൾക്കരുകിലേക്കു  എത്തുമ്പോൾ  അവിടെ  അവൾ  ഉണ്ടായിരുന്നില്ല…….

“കൃഷ്ണാ ….വൈഗ  എവിടെ ….?” 

“ഇവിടെ   ഉണ്ടായിരുന്നല്ലോ   ഏട്ടാ …..”  അവളും  രുദ്രയും  ചുറ്റും  നോക്കി….. അവളുടെ  മുഖം  എന്റെ  മനസ്സിൽ  തെളിഞ്ഞു  കൊണ്ടിരുന്നു…

“ഇപ്പൊ  എന്നോട്  മിതുവിനെ  ചോദിച്ചു   വഴക്കുണ്ടാക്കിയതേയുള്ളു…..   എന്തിനാ   മോളെ   വീട്ടിൽ  വിട്ടത്  എന്ന്….ഞാൻ   പറഞ്ഞു  അമ്മാവനോടൊപ്പം  ആണ്   വിട്ടത്  എന്ന്……. “

“ഏട്ടത്തി  ചിലപ്പോൾ  വീട്ടിൽ  പോയിട്ടുണ്ടാവും  ഏട്ടാ …… “

“ഞാൻ  നോക്കാം…… ..”

ഞാൻ  അവരെ  കടന്നു   മുന്നോട്ടു  പോയി…..ബുള്ളെറ്റിന്റെ  ചാവി  വിശാലിന്റെ  കയ്യിലായിരുന്നു……വീട്ടിലേക്കു  ഞാൻ  ഓടുകയായിരുന്നു……  കാരണം  ഓടുന്ന  വഴികളിൽ  ഞാൻ  അറിയുന്നുണ്ടായിരുന്നു   വൈഗയുടെ  ഭയന്ന  മുഖം  അത്രയ്ക്ക്  ഉള്ളിൽ  പതഞ്ഞു  പോയിരുന്നു…..ഇന്നല്ല…..ഞങ്ങളുടെ  ആദ്യരാത്രി  മുതൽ ….. ഓടുന്ന  വഴികളിൽ  ഞാൻ  കണ്ടു  അവളുടെ  ചെരുപ്പ്…….  വീടിനു  മുന്നിൽ  എത്തുമ്പോൾ  കണ്ടു  തള്ളി  തുറന്നിരിക്കുന്ന  ഗേറ്റ്……   അകത്തെ   വാതിലിൽ  ഒരു  ഭ്രാന്തിയായ  പോലെ  കൈമുറുക്കി അടിച്ചു  കൊണ്ടിരിക്കുന്ന  വൈഗയെ……  പെട്ടന്ന്  വിളക്കുകൾ തെളിഞ്ഞു…അമ്മാവൻ  വാതിൽ  തുറന്നു……

“ന്താ  കുട്ടിയേ ……?.”  വൈഗ  അമ്മാവനെ  തള്ളിമാറ്റി  അകത്തേക്ക്  കടന്നു….ഓടി  അയാളുടെ  മുറിയിലേക്ക്  പോയി…..  അമ്മാവൻ  പകച്ചു  എന്നെ  നോക്കി…….

“ന്താ   അർജുനാ  ഇത്…….”   ഞാനും  അമ്മാവനെ  കടന്നു  അകത്തേക്ക്  ചെന്നപ്പോൾ  കണ്ടു…വൈഗാ   അമ്മാവന്റെ  മുറിയിൽ  നിന്നും   ഉറങ്ങിക്കിടക്കുന്ന  മിഥുവിനെ  എടുത്തു  കൊണ്ട്  വരുന്നു……  അവളുടെ  മുഖം  വിയർത്തു  ചുവന്നു   വല്ലാത്തൊരവസ്ഥയിൽ  ആയിരുന്നു…..

“ഡോ …താനെന്താടോ ..കൊച്ചിനെ  ചെയ്‌തേ…….? “

“കൃഷ്ണാ……….  ഇത്  എന്താ  ഈ    കുട്ടി  പറയണേ …..മോനെ   അർജ്ജുനാ …….”    എന്റെ  കണ്ണുകൾ  വൈഗയുടെ  മേലെ  ആയിരുന്നു…അവളുടെ  രൗദ്ര  ഭാവത്തിൽ……

“ഡോ ….തൻ്റെ   കുപ്പായം  എവിടെടോ…..  കുഞ്ഞിൻ്റെ   ഉടുപ്പ്  എവിടെ……. ഇതൊക്കെ  മാറ്റി  താൻ  എന്താടോ  ഇവിടെ  ചെയ്‌തേ….  സത്യം  പറയെടോ …തന്നെ   ഞാൻ…..”  എന്നും  പറഞ്ഞു  അടുത്തിരുന്ന  ഫ്ലവർ  വേസ്  എടുത്തു  അയാളുടെ  നേരെ  വീശാൻ  പോയ  വൈഗയെ   ഞാൻ  പിടിച്ചു  മാറ്റി….ഫ്ലവർ  വേസ്    ബലമായി  പിടിച്ചു  വാങ്ങി……അമ്മാവൻ  ഓടി  മുറിയിൽ  കയറി  വാതിലടച്ചു….. മിതു  ഉണർന്നു   കരയാൻ  തുടങ്ങി…… ഞാൻ  വൈഗയിൽ  നിന്നും  കുഞ്ഞിനെ  വാങ്ങി…..

“ഒന്ന്  നിർത്തുന്നുണ്ടോ  വൈഗാ……”  അവൾ  എന്നെ  നോക്കി …… വല്ലാതെ  കിതയ്ക്കുന്നുണ്ടായിരുന്നു  അവൾ ……

അമ്മാവന്റെ  മുറിയിലേക്ക്  ചെന്ന്  അവൾ വാതിലിൽ  അടിച്ചു  കൊണ്ടിരുന്നു…..

“ടോ…..  തന്റെ   മനസ്സിലിരുപ്പ്  ഒന്നും  നടക്കില്ല….ഞാൻ  വിടില്ല……നോക്കിക്കോ…..”    എന്തെക്കെയോ  പറഞ്ഞു  കൊണ്ട്  അവൾ  എന്നിൽ  നിന്നും  മിതുവിനെ  വാങ്ങി  മുറിയിലേക്ക്‌  പോയി……  ഗോവണി  കയറുമ്പോഴും  അവളുടെ  പുലമ്പലുകൾ  എനിക്ക്  കേൾക്കാമായിരുന്നു……  ഉമ്മറത്തെ  വാതിൽ  അടച്ചു  മുറിയിലേക്ക്  ചെല്ലുമ്പോൾ കണ്ടു…..  മിതുവിനെ     പുതപ്പിച്ചു  ഒപ്പം  ഇരുന്നു  തട്ടി  ഉറക്കുന്ന  വൈഗയെ….. എന്തെക്കെയോ  ആ  അധരങ്ങളിൽ  മൊഴിയുന്നു……

“പേടിക്കണ്ടാട്ടൊ…….’അമ്മ  ഉണ്ട്……..”  ശ്രദ്ധിച്ചപ്പോൾ  മനസ്സിലായി……  ആ  കാഴ്ച  എന്നെ  വല്ലാതെ  വേദനിപ്പിച്ചു…..  മുറിയിൽ  നിന്നും  മുകപ്പിലേക്കു  ഇറങ്ങുമ്പോൾ  എന്റെ  കണ്ണുകൾ  നിറയുന്നുണ്ട്…..

ഇത്രയും  നാൾ  ഞാൻ  അവളോട്‌  പറഞ്ഞ  ഈ  ചിരിക്കുന്ന വൈഗാലക്ഷ്മിക്കുള്ളിലെ   വൈഗയെ   ഞാൻ    ഇന്ന്  കണ്ടു  പിടിച്ചു……ഞാൻ   ഉദ്ദേശിച്ചിരുന്ന  ആൾ   ഇത്  അല്ലാ  എന്ന്  മാത്രം…..പക്ഷേ   ആ  ഭയന്ന  കണ്ണുകളും   നിറയുന്ന  കണ്ണുകളും  എന്നും  അർജുനനുമാത്രം  സ്വന്തമാണ്  ….

(കാത്തിരിക്കണംട്ടോ )

എനിക്ക്  ചുറ്റും   ഞാൻ   കണ്ട  ഒന്ന്  രണ്ടു  ജീവിതങ്ങളും  എന്റെ  ഭാവനയും  കോർത്തിണക്കിയ  കഥയാണ്….  നിങ്ങൾക്ക്  സ്വീകരിക്കാൻ  കഴിയട്ടെ ….. 

Thanks  a lot for your  wonderful comments and your  patience too….

ഇസ സാം

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇസ സാം ന്റെ മറ്റു നോവലുകൾ

ഒരു അഡാർ പെണ്ണുകാണൽ

തൈരും ബീഫും

 

Title: Read Online Malayalam Novel Chankile Kakki written by  Izah Sam

3.2/5 - (4 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “ചങ്കിലെ കാക്കി – ഭാഗം 12”

  1. ഒരു ചെറിയ frame ഇൽ ഒതുങ്ങി പോവേണ്ട എഴുത്തുകാരി അല്ല ഇസ സാം…. ഓരോ വരിയും ഓരോ വാക്കും ഓരോരോ അക്ഷരവും അതിന് തെളിവാണ്..

    കഥ ഒത്തിരി ഇഷ്ടമായി എന്ന് മാത്രമല്ല.. ഇസയുടെ ഒരു fan കൂടി ആയി മാറിയിരിക്കുകയാണ് ഞാൻ.

    ഒരുദിവസം double update ചെയ്യുമോ… ക്ഷമിച്ചിരിക്കാൻ ത്രാണി ഇല്ലാത്തത് കൊണ്ടാണ് 😁

Leave a Reply