Skip to content

ദേവാസുരം – 3

devasuram

“അമ്മേ നമ്മുടെ അലീനയെ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നാലോ?”

“അതെന്താ ഇപ്പോൾ പ്രത്യേകിച്ച് ചോദിക്കാൻ? നിങ്ങൾ മൂന്നാളും എപ്പോളും ഇവടൊക്കെ തന്നെയല്ലേ?”

“അതല്ല അമ്മക്കുട്ടി. അമ്മയുടെ മരുമകളായി കൊണ്ട് വരട്ടെ എന്ന്..”

ഞെട്ടലോടെ ഉഷ ഇന്ദ്രനെ നോക്കി. അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നു.

“എന്തൊക്കെയാ നീ പറയുന്നത്? നിന്റെ തമാശ അൽപം കൂടുന്നുണ്ട് കേട്ടോ?”

“തമാശ ഒന്നുമല്ല. അവൾ… അവൾ നല്ല കുട്ടി അല്ലേ. കുഞ്ഞുനാൾ തൊട്ട് ഇന്ന് വരെ എപ്പോളും നിഴലു പോലെ അവളും അലെക്സും ഉണ്ടായിരുന്നു. ഇനിയും അങ്ങനെ കൂടെ കൂട്ടാനാണ് മോഹം.”

“അതിനാണോ കല്യാണം കഴിക്കണത്?”

“അത് കൊണ്ട് മാത്രമല്ല. എനിക്ക് കുട്ടിക്കാലം തൊട്ടേ അവളോട് ഇഷ്ടമായിരുന്നു. തിരിച്ചറിവ് വന്ന പ്രായത്തിലാണ് അതാണ് പ്രണയമെന്ന് മനസിലായത്.”

ഒരു ചെറു ചിരിയോടെ അവൻ പറഞ്ഞു.

“എനിക്ക് ഇഷ്ടമല്ല. എന്റെ  മകന്റെ ഭാര്യയായി വരുന്ന കുട്ടിയെ പറ്റി എനിക്കും കുറച്ചു ആഗ്രഹങ്ങൾ ഉണ്ട്.”

“അതെന്താ അമ്മയ്ക്ക് അവളെ ഇഷ്ടമല്ലേ. അമ്മ പറയാറുണ്ടല്ലോ അവൾ നല്ല കുട്ടി ആണെന്ന്”

“ഇഷ്ടമില്ലാഞ്ഞിട്ടല്ല. ജീവിതത്തിൽ നിന്റെ സ്വഭാവത്തിന് ഇണങ്ങുന്ന കുട്ടി അല്ല അവൾ.

അങ്ങനെ എനിക്ക് തോന്നിയിട്ടില്ല.

നിങ്ങൾ രണ്ടു പേരെയും എനിക്കറിയാം. നിങ്ങൾ ചേരില്ല. നീ ഇത് അവളോട് പറഞ്ഞിരുന്നോ?”

“അമ്മയോടാണ് ആദ്യം പറയുന്നത്.”

“അലെക്സിന് അറിയുമോ?”

“അറിയില്ല.”

“ആഹ് എങ്കിൽ ഇനി ആരോടും പറയണ്ട. അവളും നിന്നെ അങ്ങനെ കണ്ടിട്ടുണ്ടാവില്ല. നല്ലൊരു സൗഹൃദം ഇത് പറഞ്ഞ് നശിപ്പിക്കല്ലേ.”

“അവൾക്കെന്നെ ഇഷ്ടമാണ്.”

“എന്ന് നിന്നോട് ആരാണ് പറഞ്ഞത്.”

“എനിക്ക് തോന്നി. അവളെന്നോട് പലപ്പോഴും ആ ഒരു അടുപ്പം കാണിക്കാറുണ്ട്. ഞങ്ങൾ മൂന്നാളും ഒന്നിച്ചുള്ളപ്പോളും അവൾ എന്നോടാണ് കൂടുതൽ ഇടപെടുന്നത്.”

“അതൊക്കെ പ്രണയം കൊണ്ടാണെന്നു പറയാൻ പറ്റില്ല ഇന്ദ്രാ.. ഞാൻ പറഞ്ഞില്ലേ നീ അത് മറന്നു കളയൂ. എനിക്ക് ഇഷ്ടമല്ല.”

“അമ്മയുടെ സമ്മതം എനിക്ക് ആവശ്യമില്ല. ഞാൻ അവളോട് പറഞ്ഞോളാം. അവൾക്ക് ഇഷ്ടമാണെങ്കിൽ ഇന്ദ്രന്റെ ഭാര്യ അലീന ആയിരിക്കും.”

“ഇതൊന്നും നടക്കില്ല. എനിക്ക് ഉറപ്പുണ്ട്.”

അമ്മയുടെ മുഖത്തെ ആത്മവിശ്വാസം അത് അവന്റെ മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ലായിരുന്നു.

പെട്ടെന്ന് തന്നെ അവൻ തന്റെ ചിന്തകളിൽ നിന്ന് തിരിച്ചു വന്നു.

അമ്മയാണ് എല്ലാത്തിനും കാരണം. അവൾക്ക് എന്നേക്കാൾ ഇഷ്ടം അമ്മയോടായിരുന്നു. അതാവും അവൾ… അമ്മ അറിയാതെ ഒന്നും നടക്കില്ല. എങ്കിലും സ്വന്തം സ്വാർത്ഥ താല്പര്യത്തിന് വേണ്ടി മകന്റെ ജീവിതം തകർക്കാനും മാത്രം അധപതിച്ചു പോകുമോ എന്റെ അമ്മ. അറിയില്ല. അവൾക്ക് എങ്ങനെ ഇത്രത്തോളം എന്നെ അകറ്റി നിർത്താൻ കഴിയുന്നു. അധിക കാലം പ്രണയം മറച്ചു വയ്ക്കാൻ എങ്ങനെ കഴിയും. കല്യാണം അടുക്കുമ്പോളെങ്കിലും അവളിലൊരു മാറ്റം ഞാൻ പ്രതീക്ഷിച്ചിരുന്നു. ഇനി അമ്മ പറഞ്ഞ പോലെ അവൾക്ക് ഒരിക്കലും എന്നോട് ഇഷ്ടം തോന്നിയിട്ടില്ലേ? ഇല്ല അങ്ങനെ വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

എന്തോ ഗൗരവമേറിയ കാരണം ആയത് കൊണ്ടാവാം രുദ്രേച്ചി എന്നെ നേരിട്ട് കാണണമെന്ന് പറഞ്ഞത്. അച്ഛനെയും അമ്മയെയും പോലെ തന്നെ രുദ്രേച്ചിക്കും നല്ല സ്നേഹമാണ്. പണ്ട് മുതൽക്കേ കാണുമ്പോളൊക്കെ ഒത്തിരി സംസാരിക്കുമായിരുന്നു. ഇന്ദ്രേട്ടന്റെ ആലോചന വന്നതിനു ശേഷം നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും മിക്കപ്പോഴും ചേച്ചി വിളിക്കാറുണ്ട്. എപ്പോളും വാ തോരാതെ സംസാരിച്ചു കൊണ്ടേ ഇരിക്കും. കൂടുതലും ഏട്ടന്റെ കാര്യങ്ങൾ ആവും പറയുക. പലപ്പോഴും ചേച്ചിക്ക് ഏട്ടനോടുള്ള സ്നേഹം കാണുമ്പോൾ കൊതി ആവാറുണ്ട്. ഒരു ചേട്ടനോ ചേച്ചിയോ ആരും എനിക്ക് ഇല്ലാതെ ആയി പോയതിൽ പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട്.

ഓരോന്നും ആലോചിച്ചു പാർക്കിൽ ഇരിക്കുമ്പോളാണ് ചേച്ചി അങ്ങോട്ടേക്ക് വന്നത്. വളരെ ശ്രദ്ധിച്ചാണ് ചേച്ചി ഓരോ ചുവടും വെച്ചിരുന്നത്. ചെക്ക് അപ്പിന് പോയിട്ട് വരുന്ന വഴിയാണ്. എന്റെ അടുത്ത് വന്നു കയ്യിലൊക്കെ പിടിച്ചു പതിവ് പോലെ ആള് സംസാരിക്കാൻ തുടങ്ങി.

വിശേഷം പറച്ചിലൊക്കെ കഴിഞ്ഞ് ചേച്ചി അല്പസമയം മൗനം പാലിച്ചു. എന്തോ ആലോചിക്കുന്നത് പോലെ.

“ജാനുവിനെ ഞാൻ നേരിട്ട് കാണണമെന്ന് പറഞ്ഞത് അൽപം ഗൗരവമുള്ള കാര്യം സംസാരിക്കാൻ ആണ്. അമ്മയ്ക്ക് ഇത് പറയാൻ കഴിയാത്തത് കൊണ്ടാണ് എന്നെ ഇങ്ങോട്ടേക്കു വിട്ടത്.”

“എന്താണ് ചേച്ചി? എന്താണെങ്കിലും പറഞ്ഞോളൂ.”

“അത്.. അത് ഇന്ദ്രന്റെ കാര്യമാണ്. അവന് ഈ വിവാഹത്തിന് അൽപം താല്പര്യ കുറവ് ഉണ്ട്.”

അത് നേരത്തേ അറിയുന്ന കാര്യമായത് കൊണ്ട് ഞെട്ടലൊന്നും തോന്നിയില്ല.

“അതെനിക്ക് മനസിലായിരുന്നു ചേച്ചി.”

“അവന്റെ പെരുമാറ്റത്തിൽ നിന്നും നീ അത് ഊഹിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു.

കുറച്ചു കാലമായി അവൻ ആളാകെ മാറിയിരിക്കുന്നു. എന്നോട് മാത്രേ അൽപം സ്നേഹം കാണിക്കുള്ളു. അമ്മയോട് എപ്പോളും ദേഷ്യമാണ്. കാരണം എന്താണെന്ന് അമ്മയ്ക്കും വലിയ നിശ്ചയമില്ല. ഈ ഒരു കല്യാണത്തിലൂടെയെങ്കിലും അവനിലൊരു മാറ്റം ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിച്ചു. അത് കൊണ്ടാണ് ഞാനവനെ വിവാഹത്തിന് നിർബന്ധിച്ചത്. അവൻ മനസില്ലാ മനസോടെ സമ്മതിച്ചു.”

ഇത് പറഞ്ഞ് ചേച്ചി എന്റെ മുഖത്തേക്ക് നോക്കി.

“മുഹൂർത്തം കുറിക്കുന്നതിന് മുൻപ് നീ ഇത് അറിയണം എന്ന് അമ്മയാണ് പറഞ്ഞത്. ഒരു പരീക്ഷണത്തിന് ഉപയോഗിക്കുന്നെന്ന് വിചാരിക്കരുത്. നിന്നെ പോലൊരു കുട്ടിയെ ആണ് ഞങ്ങൾ ആഗ്രഹിച്ചത് അല്ലാതെ മറ്റൊന്നും ഉണ്ടായ കൊണ്ടല്ല. തീരുമാനം നിന്റേതാണ്. അതിപ്പോൾ സമ്മതം അല്ലെങ്കിലും ഞങ്ങളുടെ സ്നേഹത്തിന് ഒരു കുറവും ഉണ്ടാവില്ല കേട്ടോ. നീ എന്റെ കുഞ്ഞനിയത്തി ആയിരിക്കും.”

ഒരു ചെറു പുഞ്ചിരിയോടെയാണ് ചേച്ചി അത് പറഞ്ഞത്.

അൽപ നേരം ഞാൻ ശൂന്യതയിലേക്ക് നോക്കി ഇരുന്നു. ഞാൻ ഊഹിച്ചിരുന്ന കാര്യങ്ങൾ തന്നെയാണ് ചേച്ചി പറഞ്ഞത്. ഒന്നോർത്താൽ ഞാനും ഈ വിവാഹത്തിന് മനസ് കൊണ്ട് തയ്യാറായിട്ടില്ല. മറ്റുള്ളവരുടെ സന്തോഷത്തിനായാവും ഇന്ദ്രേട്ടനും വിവാഹത്തിന് സമ്മതിച്ചത് ആ ഒരു അവസ്ഥ എന്നേക്കാൾ നന്നായി വേറെ ആര് മനസിലാക്കാൻ ആണ്. ആ അമ്മയ്ക്ക് മകനെ തിരിച്ചു കൊടുക്കാൻ എന്തെങ്കിലും സഹായം എന്നെ കൊണ്ട് ചെയ്യാനാവും എന്ന് അവർ പ്രതീക്ഷിക്കുമ്പോൾ അതെനിക്ക് തല്ലി കെടുത്താനാവില്ല. ഒരു ഭാരമായി മാത്രേ എല്ലാവരും കണ്ടിട്ടുള്ളു. ആർക്കെങ്കിലും ഞാനൊരു പ്രതീക്ഷ ആവുന്നത് ഇപ്പോളാണ്. ചിലപ്പോൾ ഇനി ഒരിക്കലും ഇങ്ങനൊരു അവസരം കിട്ടിയെന്നും വരില്ല. അത് കൊണ്ട് തന്നെ മറുത്തൊന്നും ആലോചിക്കാതെ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു.

“എനിക്ക് സമ്മതമാണ് ചേച്ചി. ഇന്ദ്രേട്ടൻ എങ്ങനെയുള്ള ആളാണെങ്കിലും എനിക്ക്  ഈ വിവാഹത്തിന് സമ്മതമാണ്. പിന്നെ സ്നേഹം കൊണ്ട് ഉണങ്ങാത്ത മുറിവുകൾ ഉണ്ടാവില്ല. എന്റെ അമ്മ പറഞ്ഞു പഠിപ്പിച്ച വാക്കുകളാണ്. പക്ഷെ അമ്മ പരാജയപ്പെട്ടു പോയി. എങ്കിലും ഞാനും ശ്രമിക്കും ഇന്ദ്രേട്ടനെ പഴയ ആളാക്കാൻ.”

ചേച്ചിയെന്നെ വാരി പുണർന്നു. എന്റെ തലയിലൂടെ മെല്ലെ വിരലോടിച്ചു.

“എനിക്കുറപ്പുണ്ട് നിനക്ക് അതിന് പറ്റും. ഒത്തിരി സന്തോഷമുണ്ട് മോളേ. നീ ഇങ്ങനെ പറയുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.”

“നിങ്ങളുടെ സ്നേഹം കാണുമ്പോൾ എനിക്ക് ഉപേക്ഷിച്ചു പോവാൻ പറ്റണില്ല ചേച്ചി.”

എന്റെ കണ്ണുകളും അറിയാതെ നിറഞ്ഞിരുന്നു.

“ഞങ്ങളെല്ലാരും നിന്റെ കൂടെ ഉണ്ട്. പിന്നെ കല്യാണം കഴിഞ്ഞ് ഇങ്ങനെ കണ്ണും നിറച്ചു നടക്കരുത് കേട്ടോ. നല്ല സ്‌ട്രോങ് ആയിട്ട് നിന്നോണം. അല്ലെങ്കിലേ അവൻ നിന്റെ തലയിൽ കയറി നിരങ്ങും. ആഹ് കല്യാണത്തിന് മുൻപ് അതിനായിട്ടൊരു ക്ലാസ്സ് ഞാൻ എടുത്തു തരാം. ഇപ്പോൾ അതിന് പ്രിപ്പയർ ചെയ്തിട്ടില്ല.”

പിന്നെയും കുറേ സമയം സംസാരിച്ചിട്ടാണ് ഞങ്ങൾ പിരിഞ്ഞത്.

വീട്ടിൽ ചെന്നപ്പോളേ മാമൻ പറഞ്ഞു കല്യാണത്തിന് മുഹൂർത്തം ശെരിയായെന്ന്. അടുത്ത ആഴ്ചയാണത്രെ നല്ല മുഹൂർത്തം ഉള്ളത്. അത് കഴിഞ്ഞാൽ പിന്നെയും ഒരു മാസം കൂടെ കഴിയണമെന്ന്. തീയതി നിശ്ചയിച്ചെന്ന് അറിഞ്ഞപ്പോൾ മുതൽ അത്രയും സമയം ഉണ്ടായിരുന്ന ധൈര്യം എന്നിൽ നിന്ന് അകലാൻ തുടങ്ങിയിരുന്നു. എന്തെന്നില്ലാത്ത ഭയം എന്നിലേക്ക് ഇരച്ചു കയറുന്നുണ്ടായിരുന്നു. ഇത്രയും കാലം ജീവിതത്തിൽ നടന്ന സംഭവങ്ങളെക്കാൾ വലുതൊന്നും ഇനി വരാനിലെങ്കിലും അറിയാത്തൊരു ലോകത്തേക്ക് ചെന്നു പെടുന്നത് എന്നെ അസ്വസ്ഥമാക്കി കൊണ്ടിരുന്നു. മാമന്റെ മുഖത്തെ സന്തോഷമാണ് അല്പമെങ്കിലും എന്നിൽ ആശ്വാസം നിറച്ചത്. അതെന്നും മായാതെ കണ്ടാൽ മതിയായിരുന്നു. നിർമല അമ്മയ്ക്കും എന്നോടുള്ള പെരുമാറ്റത്തിൽ മാറ്റമുണ്ടായിരുന്നു. അന്ന് ആശുപത്രിയിൽ പോയതിന് ശേഷം ഇങ്ങനെയാണ്. ചിലപ്പോൾ കുറച്ചു കാലം കൂടി സഹിച്ചാൽ മതിയല്ലോ അതാവും. പെട്ടെന്ന് വിഷ്ണു ഏട്ടന്റെ മുഖം മനസിലേക്ക് വന്നു. ഉള്ളിലെവിടെയോ നോവ് അനുഭവപ്പെട്ടു. ഇനിയേട്ടനെ മനസിൽ പോലും സൂക്ഷിച്ചു കൂടാ. പരസ്പരം ഇഷ്ടത്തോടെയല്ല വിവാഹമെങ്കിലും താലി കഴുത്തിലിട്ടു അന്യ പുരുഷനെ മനസിൽ വയ്ക്കാൻ ജാനകിക്ക് കഴിയില്ല. പറ്റുമെങ്കിൽ വിവാഹത്തിന് മുൻപ് വിഷ്ണു ഏട്ടനോട് എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞു മാപ്പ് ചോദിക്കണം. തിരുത്താൻ കഴിയാത്ത തെറ്റാണ് ചെയ്തതെങ്കിലും അല്പമെങ്കിലും കുറ്റബോധം കുറയാൻ ചിലപ്പോൾ കഴിയുമായിരിക്കും.

സമയം പെട്ടെന്ന് കടന്നു പൊയ്ക്കൊണ്ടിരുന്നു. മാമൻ ഓടി നടന്നു ബന്ധുക്കളെയൊക്കെ ക്ഷണിച്ചു. പാവം പൈസക്ക് വേണ്ടി കുറേ കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഞാൻ എതിർത്തിട്ടും വസ്തു പണയം വെച്ചു വരെ പണം നേടാൻ മാമൻ ശ്രമിച്ചു. ഒരു ദിവസം അവിടുത്തെ അമ്മയും അച്ഛനും വന്നിരുന്നു. എല്ലാവർക്കും കുറേ ഡ്രെസ്സും ആഭരണങ്ങളും കൊണ്ട് വന്നു. അതൊക്കെ വാങ്ങാൻ ആദ്യം മാമൻ തയ്യാറായില്ല. പക്ഷെ അവിടുത്തെ അച്ഛന്റെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു. അതൊക്കെ വാങ്ങുമ്പോൾ അർഹതപ്പെടാത്തത് വാങ്ങുന്നതിന് ജാള്യത തോന്നിയെങ്കിലും മാമന്റെ കഷ്ടപ്പാട് കുറഞ്ഞതിൽ ആശ്വാസം തോന്നി..

ദേവിക വഴി വിഷ്ണു ഏട്ടനെ പലപ്പോഴും കോൺടാക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും ഒരു അറിവും ഉണ്ടായിരുന്നില്ല. സ്റ്റഡി ലീവൊക്കെ ആയത് കൊണ്ട് ഏട്ടന്റെ ഫ്രണ്ട്സ് വഴിയും ഒന്നും അറിയാൻ കഴിഞ്ഞില്ല. പല തവണ ഏട്ടന്റെ നമ്പറിൽ വിളിച്ചെങ്കിലും ഫോൺ ഓഫ്‌ ആയിരുന്നു. അവസാനം എനിക്ക് പറയാനുള്ളതെല്ലാം ഞാൻ ഏട്ടന് മെസ്സേജ് അയച്ചു. എന്നെങ്കിലും കാണുമായിരിക്കും എന്ന പ്രതീക്ഷയിൽ..

നേരിട്ടല്ലെങ്കിലും തെറ്റുകൾ ഏറ്റു പറഞ്ഞതിന്റെ ഒരു സമാധാനം ഉണ്ടായിരുന്നു. ഞാനങ്ങനെ ഒരു തീരുമാനമെടുക്കാൻ ഉണ്ടായ സാഹചര്യവും ഏട്ടനിൽ നിന്നും മറച്ചു പിടിച്ചതിന്റെ കാരണവും എല്ലാം.. വിഷ്ണു ഏട്ടന് വേണ്ടി എന്റെ മിഴികൾ തോരാതെ പെയ്തു കൊണ്ടിരുന്നു. ചിലപ്പോൾ ഇനി ഒരിക്കലും ഏട്ടന് വേണ്ടി എന്റെ മിഴികൾ നിറയ്ക്കാൻ എനിക്ക് കഴിഞ്ഞില്ലെന്ന് വരാം.

“നിർമ്മലേ ഇത് വരെ കുട്ടിയെ ഒരുക്കി കഴിഞ്ഞില്ലേ?”

വീട്ടിൽ വരുന്ന അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു നിർമ്മല.

“എന്റെ മാധവേട്ടാ സമയം ഇനിയും ഉണ്ടല്ലോ. ഇങ്ങനെ ഓരോ മിനിറ്റും ഇടവിട്ട് ഈ ചോദ്യം തന്നെ ചോദിക്കല്ലേ. അവിടെങ്ങാനും സമാധാനത്തോടെ ഇരിക്ക് ഇങ്ങനെ ഓടി നടക്കാതെ.”

“എനിക്ക് എങ്ങനെ സമാധാനം ഉണ്ടാവാനാണ്. എന്റെ കുട്ടിയുടെ കല്യാണം കഴിയണത് വരെ എനിക്കങ്ങനെ അടങ്ങി ഇരിക്കാൻ പറ്റില്ലല്ലോ.”

മാധവനെ നോക്കി ചിരിച്ചു കൊണ്ട് നിർമ്മല കുട്ടികളുടെ അടുത്തേക്ക് പോയി.

അവിടെ ദേവികയും കൂട്ടുകാരും ജാനുവിനെ ഒരുക്കുകയാണ്. വേറെ രണ്ടുപേർ അവിടെ ഉണ്ടെങ്കിലും സ്വന്തമായിട്ട് ഒരുങ്ങി ഇത് വരെ സംതൃപ്തരായിട്ടില്ല.

“ജാനു ചേച്ചി… എത്ര വരച്ചിട്ടും ശെരിയാവണില്ല. എനിക്ക് ഒന്ന് കണ്ണെഴുതി തരുവോ?”

അനുവായിരുന്നു അത്.അനുവിനെയും ശിവയേയും കുഞ്ഞിലേ മുതൽ ഒരുക്കാറുള്ളത് ജാനു ആണ്.

“അതിനെന്താ രണ്ടാളും ഇങ്ങു വാ.”

അപ്പോളാണ് നിർമ്മല അങ്ങോട്ടേക്ക് വന്നത്.

“ആഹാ ഇവിടെ നിങ്ങളാണോ അതോ ജാനു ആണോ കല്യാണ പെണ്ണ്. അടി കൊള്ളും രണ്ടിനും. അവിടെ അച്ഛനാണേൽ ഒരുക്കി കഴിഞ്ഞോ എന്ന് ചോദിച്ചു ബഹളം വെക്കുവാ അതിനിടയ്ക്കാണ്.”

“വേണ്ട അമ്മായി. അവരെ ഒന്നും പറയല്ലേ. ഞാൻ വേഗം അവരെ ഒരുക്കി കൊള്ളാം.”

“നീയാണ് രണ്ടിനെയും ഇത്രയും വഷളാക്കിയത്. ഇനി നീ പോയി കഴിയുമ്പോ ഈ വേഷം കെട്ടും കൊണ്ട് എന്റടുത്തു വന്നാൽ രണ്ടിനും നല്ലത് കിട്ടും പറഞ്ഞേക്കാം.”

അത് പറഞ്ഞപ്പോ രണ്ടാളും സങ്കടത്തോടെ ജാനുവിനെ നോക്കി. എന്തോ അവൾക്കും ഉള്ളിലൊരു നോവ് തോന്നി. കുറേ വർഷങ്ങളായി ഇവരാണ് അവളുടെ ലോകം. പെട്ടെന്ന് അവരെ പിരിയുന്നത് ഉൾക്കൊള്ളാൻ അവൾക്ക് കഴിയുമായിരുന്നില്ല. കുട്ടികളുടെ കാര്യവും വത്യസ്ഥമായിരുന്നില്ല. അച്ഛനെക്കാളും അമ്മയെക്കാളും അവരെ മനസിലാക്കി ചേർത്ത് നിർത്തിയിരുന്നത് അവരുടെ ജാനു ചേച്ചി ആയിരുന്നു. രണ്ടാളുടെയും വിഷമം കണ്ടു ജാനു അവരെ ചേർത്ത് നിർത്തി.

“എപ്പോ ന്റെ കുട്ടികൾ വിളിച്ചാലും ഞാൻ വരുമല്ലോ. എന്തിനാ വിഷമിക്കണേ? വേഗം ഒരുക്കി തരാം ഇങ്ങു വാ..”

അവൾ അവരെ ഒരുക്കുന്നത് നോക്കി നിന്ന നിർമ്മലയുടെ കണ്ണുകളും അറിയാതെ നിറഞ്ഞു. ഇത്രയും കാലം അവളെ ദ്രോഹിച്ചത് ഓർക്കുമ്പോൾ അവർ കുറ്റബോധം കൊണ്ട് നീറുകയായിരുന്നു.

ഒരു ചില്ലി റെഡ് നിറത്തിലെ സാരി ആയിരുന്നു അവൾ ധരിച്ചിരുന്നത്. തലയിൽ മുല്ലപ്പൂ ഒക്കെ വെച്ച് ആഭരണങ്ങളൊക്കെ ഇട്ടു നല്ല സുന്ദരിയായിട്ടുണ്ടായിരുന്നു.

“ദേ അവർ വന്നു ട്ടോ. വേഗം അങ്ങോട്ടേക്ക് എത്തിക്കൊള്ളൂ.”

മാധവന്റെ ശബ്ദം കേട്ടതും ജാനിയുടെ നെഞ്ചിൽ പെരുമ്പറ മുഴക്കം കേട്ടു തുടങ്ങി. എന്തെന്നില്ലാത്ത ഭയം അവളെ മൂടിയിരുന്നു. ചുറ്റിനും നടക്കുന്നതൊന്നും അവൾക്ക് ശ്രദ്ധിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ആരൊക്കെയോ പറയുന്നത് കേട്ട് യാന്ത്രികമായി അവൾ ചലിച്ചുകൊണ്ടിരുന്നു. കതിർമണ്ഡപത്തിൽ ഇന്ദ്രന് അടുത്ത് ഇരിക്കുമ്പോളും അവളിൽ നിർവികാരത മാത്രമാണ് ഉണ്ടായിരുന്നത്. മാധവന്റെ മുഖത്തു ഒരു ആശ്വാസമായിരുന്നു നിഴലിച്ചിരുന്നത്. കുഞ്ഞു നാൾ മുതൽ സങ്കടങ്ങൾ മാത്രം അനുഭവിച്ച തന്റെ സഹോദരിയുടെ മകൾക്ക് ഇനിയെങ്കിലുമൊരു നല്ല ജീവിതം അയാൾ പ്രതീക്ഷിച്ചിരുന്നു. ഉഷയിലും സേതുവിലും എന്തെന്നില്ലാത്ത സന്തോഷമായിരുന്നു രുദ്രയ്ക്കും മറിച്ചായിരുന്നില്ല. ഇന്ദ്രന്റെ കണ്ണുകൾ അപ്പോഴും പ്രതീക്ഷയോടെ ആരെയോ തിരഞ്ഞു കൊണ്ടിരുന്നു. താലി രുദ്രൻ ചാർത്തി കൊടുത്തപ്പോൾ തന്റെ മരണം വരെ ഈ താലി കൂടെ ഉണ്ടാകണേ എന്ന പ്രാർത്ഥന മാത്രമേ ജാനുവിന് ഉണ്ടായിരുന്നുള്ളു. തന്റെ സീമന്ത രേഖയിൽ ചുവപ്പ് പടർന്നപ്പോൾ കണ്ണുകൾ അടച്ചു കൊണ്ട് അവൾ സ്വീകരിച്ചു. കണ്ണുകൾ തുറന്നപ്പോൾ ക്ഷണിച്ച അതിഥികൾക്ക് ഇടയിൽ തന്നെ മാത്രം ഉറ്റു നോക്കുന്ന ആ നിറഞ്ഞ കണ്ണുകളെ തിരിച്ചറിയാൻ അവൾക്ക് അധികം താമസം ഉണ്ടായില്ല. പെട്ടെന്നുണ്ടായ കുറ്റ ബോധത്തിൽ ശിരസു താണപ്പോളും ആ കണ്ണുകൾ അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു. പിന്നീട് അവളുടെ നിറഞ്ഞു വന്ന കണ്ണുനീർ കാഴ്ച മറച്ചെങ്കിലും വിഷ്ണുവിനെ തേടി വീണ്ടുമെത്തിയിരുന്നു. പക്ഷെ അവനെ കണ്ടെത്താൻ അവൾക്ക് പിന്നീട് കഴിഞ്ഞില്ല.

എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോളും കണ്ണുകൾ നിറഞ്ഞു തന്നെ ഇരുന്നിരുന്നു. ഇന്ദ്രന്റെ മുഖത്തു നിരാശ തളം കെട്ടി കിടന്നു. ഇന്ദ്രിയത്തിൽ എത്തും വരെയും ഒരു വാക്ക് പോലും ഇരുവരും സംസാരിച്ചില്ല. നില വിളക്ക് കൊടുത്ത് ഉഷ ജാനുവിനെ സ്വീകരിക്കുമ്പോളും ഇന്ദ്രൻ തന്റെ ഇഷ്ടമില്ലായ്മ പ്രകടിപ്പിച്ചിരുന്നു. ഉഷയെയും സേതുവിനെയും ഇന്ദ്രന്റെ സ്വഭാവം വേദനിപ്പിച്ചെങ്കിലും ജാനുവിന് ഒന്നും തോന്നിയില്ല. തനിക്കൊരു അമ്മയുടെ സ്നേഹവും കരുതലും കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു അവൾ. കൂടുതലായൊന്നും ആരിൽ നിന്നും അവൾ പ്രതീക്ഷിച്ചിരുന്നില്ല.

വൈകിട്ട് റിസപ്ഷൻ ഒക്കെ കഴിഞ്ഞ് ബന്ധുക്കളുടെ പൊങ്ങച്ചങ്ങൾക്കിടയിൽ നിന്ന് രുദ്രയാണ് ജാനുവിനെ രക്ഷിച്ചത്. ഇന്ദ്രന്റെ മുറിയിലേക്ക് കൊണ്ട് പോയി അവൾക്ക് മാറി ഇടാനുള്ള ഡ്രെസ്സും രുദ്ര കാട്ടി കൊടുത്തു. അവൾ ഫ്രഷ് ആയി ഇറങ്ങും വരെ രുദ്ര അവൾക്ക് കൂട്ടായി ഇരുന്നു. ഇതിനിടയിലാണ് ഇന്ദ്രൻ മുറിയിലേക്ക് വന്നത്.

“ചേച്ചി എന്താ ഇവിടെ ഇരിക്കുന്നത്.”

“ജാനു ഫ്രഷ് ആകുവാണ്. ഞാൻ അവൾക്ക് കൂട്ടിരുന്നതാ.”

“ഈ വയ്യാത്ത നീയെന്തിനാ അവളുടെ പുറകേ നടക്കുന്നത്?”

“നീ നടക്കാത്തത് കൊണ്ട്. നീ അവളോട് കാണിക്കുന്നതൊക്കെ ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട്. ആദ്യായിട്ട് വീട് മാറി നിക്കുന്ന പെൺകുട്ടികളുടെ മനസ് നിനക്കൊന്നും അറിയില്ല. ഭർത്താവാണ് അവർക്ക് ഒരു സമാധാനം കൊടുക്കേണ്ടത്. എപ്പോളും കൂടെ ഉണ്ടാവുമെന്ന ഉറപ്പു മാത്രം മതി ജീവിത കാലം മുഴുവൻ അവൾ നിന്റെ കൂടെ ഉണ്ടാവാൻ.”

അവൻ ഒന്നും മിണ്ടാതെ രുദ്ര പറയുന്നതൊക്കെയും ശ്രദ്ധിച്ചു.

“എനിക്ക് ഏതായാലും അവളെ ഒറ്റക്കാക്കാൻ കഴിയില്ല. നിന്റെ ഭാര്യയെന്നതിൽ ഉപരി അവളെന്റെ അനിയത്തി ആണ്. അങ്ങനെ കാണാനാണ് എനിക്ക് ഇഷ്ടം.”

“നിനക്ക് അല്ലെങ്കിലും എല്ലാവരെയും വിശ്വാസം ആണല്ലോ. ഞാനൊന്നും പറയുന്നില്ല.”

“നീ ഒന്നും പറയണ്ട.”

“ഞാൻ പോകുവാണ്. ആ സാധനത്തിന്റെ നീരാട്ട് കഴിയുമ്പോ പറ. എനിക്ക് ഒന്ന് ഫ്രഷ് ആവണം.”

“ഇത് നിന്റെ റൂമല്ലേ നിനക്ക് ഇഷ്ടമുള്ളപ്പോ കുളിച്ചോ ആരെങ്കിലും തടഞ്ഞോ അതിന്.”

അവൻ ദേഷ്യത്തിൽ ചവിട്ടി തുള്ളി പുറത്തേക്ക് പോകുന്നത് ഒരു ചിരിയോടെ രുദ്ര നോക്കിയിരുന്നു. അപ്പോളേക്കും ജാനു കുളി കഴിഞ്ഞ് ഇറങ്ങി.

“ആഹാ നീ ഫ്രഷ് ആയി കഴിഞ്ഞിരുന്നോ?  ദേ അവനിപ്പോ വന്നു പോയതേ ഉള്ളൂ.”

“ഇന്ദ്രേട്ടന്റെ സംസാരം ഞാൻ കേട്ടിരുന്നു. ഏട്ടൻ പോയിട്ട് ഇറങ്ങാൻ നോക്കി നിക്കുവായിരുന്നു.”

“ആഹാ ബെസ്റ്റ്. നന്നായി.”

“നീ ഏതായാലും വാ. നമുക്ക് ഇവടൊക്കെ കണ്ടു എല്ലാരുമായും പരിചയപ്പെടാം. അല്ലെങ്കിൽ ആ കഴുത ഇനിയും ഇങ്ങോട്ട് വന്നു വഴക്ക് കൂടും.

ആഹ് പിന്നെ അവൻ എന്തെങ്കിലും പറയുമ്പോ മിണ്ടാതെ ഇരുന്നാൽ അവന് അഹങ്കാരം കൂടും. അവൻ മോശമായി എന്തെങ്കിലും പറഞ്ഞാൽ എതിർത്തു പറയണം. അല്ലെങ്കിൽ നിന്റെ ഭാഗത്തു എന്തെങ്കിലും തെറ്റുണ്ടെന്ന് അവൻ വിചാരിക്കും.”

ഇതും പറഞ്ഞ് ജാനുവിന്റെ കയ്യും പിടിച്ചു രുദ്ര പുറത്തേക്കിറങ്ങി.

ഫ്രഷ് ആയി പുറത്തേക്ക് വന്നപ്പോളാണ് ഫോൺ ബെൽ ചെയ്യുന്നത് ഇന്ദ്രൻ കണ്ടത്. പ്രതീക്ഷിച്ചത് പോലെ അലീന ആയിരുന്നു അത്. പതിവ് പോലെ സൗഹൃദത്തോടെ ആണ് അവൾ അന്നും അവനോട് സംസാരിച്ചത്. ജാനുവിന്റെ കാര്യങ്ങൾ ഉത്സാഹത്തോടെ അവൾ തിരക്കുന്നതിൽ അവന് ദേഷ്യം തോന്നി. തന്നെ ഒരിക്കലും അലീന പ്രണയിച്ചിരുന്നില്ലെന്ന തോന്നൽ അവനിലും ഉടലെടുത്തു തുടങ്ങിയിരുന്നു. അലീന ഫോൺ വെച്ചതിനു ശേഷവും അവൻ ചിന്തയിലാണ്ടിരുന്നു. അപ്പോളാണ് ജാനു പാലുമായി മുറിയിലേക്ക് വരുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്. അവളെ മൈൻഡ് ചെയ്യാതെ അവനവിടെ തന്നെ ഇരുന്നു. അവനിൽ നിന്നും ഒരു പ്രതികരണവും കാണാത്തതിനാൽ അവൾ അവനരികിലേക്ക് ചെന്നു. അവൾ അവനരികിലായി ബെഡിൽ ഇരുന്നതും ഇന്ദ്രൻ ഇരുന്നിടത്തു നിന്നും ചാടി പിടഞ്ഞെഴുന്നേറ്റു. ഏതോ ജീവിയെ കണ്ടത് പോലെ ഞെട്ടിയെഴുന്നേറ്റ അവനെ അവളും ഭയത്തോടെ നോക്കി.

“എന്താ ഏട്ടാ? എന്ത് പറ്റി?”

“നിന്നോട് ആരാ പറഞ്ഞേ എന്റെ കട്ടിലിൽ ഇരിക്കാൻ.”

“അത്.. ഞാൻ.. “

“ദേ എന്നെ മയക്കി എടുക്കാമെന്ന് വല്ല ചിന്തയും ഉണ്ടെങ്കിൽ അത് കയ്യിൽ തന്നെ വെച്ചേച്ചാൽ മതി. നിന്റെ അഭിനയമൊന്നും എന്റെ അടുത്ത് നടക്കില്ല.”

“അതിന് ഞാൻ അഭിനയിച്ചില്ലല്ലോ?

പിന്നെ ഇനി ഈ മുറി എന്റെ കൂടെ ആണ്. ഞാൻ എവിടെ വേണമെങ്കിലും ഇരിക്കും.”

“അവളുടെ ഒരു മുറി! നിന്നെ ഇവിടുന്ന് ഓടിക്കാൻ എനിക്ക് അറിയാം.”

“ചേട്ടൻ അതിന് കഷ്ടപ്പെടണ്ട

എന്തൊക്കെ ചെയ്‌തെന്ന് പറഞ്ഞാലും എന്നെ ഇപ്പൊ കൊല്ലുമെന്ന് പറഞ്ഞാൽ പോലും ഞാൻ ഇവിടുന്ന് പോകില്ല. ഇനിയും മാമനെ ബുദ്ധിമുട്ടിക്കാൻ എനിക്ക് കഴിയില്ല. പഠിത്തം കഴിഞ്ഞ് നല്ലൊരു ജോലി കിട്ടും വരെ എനിക്ക് ഇവിടെ നിന്നേ പറ്റുള്ളൂ.”

“ഓ ഇത് വലിയ ശല്യമായല്ലോ?”

“ചേട്ടൻ എന്തിനാ പേടിക്കുന്നത്? നമുക്ക് നല്ല ഫ്രണ്ട്‌സ് ആയി കഴിയാമെന്നേ.”

“നീ ഇതും ഇതിനപ്പുറവും പറയുമെന്ന് എനിക്ക് അറിയാം. എന്റെ പൈസ കണ്ടല്ലേ നീ നിന്റെ കാമുകനെ ഉപേക്ഷിച്ചത്?”

ഇന്ദ്രൻ പെട്ടെന്നത് പറഞ്ഞപ്പോൾ അവൾക്ക് ആദ്യമൊരു ഞെട്ടലാണ് ഉണ്ടായത്.

“എന്താ നിന്റെ നാവിറങ്ങി പോയോ?  നിന്റെ എല്ലാ ചരിത്രവും എനിക്കറിയാം. എന്റെ വീട്ടുകാരെ പറ്റിക്കുന്നത് പോലെ എന്നെ പറ്റിക്കാമെന്ന് വിചാരിക്കണ്ട.”

“ഞാൻ ആരെയും പറ്റിച്ചിട്ടില്ല. പിന്നെ ഇപ്പോൾ ഏട്ടൻ പറഞ്ഞത് സത്യമാണ്. ഞാനങ്ങനെ ചെയ്തതിനു എന്റേതായ കാരണമുണ്ട്. ഇപ്പോൾ ഏട്ടനോട് അത് പറഞ്ഞാൽ വീണ്ടും ഏട്ടന് മുന്നിൽ ഒരു പരിഹാസ പാത്രം ആകാമെന്നേ ഉള്ളൂ. എന്നെങ്കിലും ഏട്ടനായിട്ട് എന്നെ മനസിലാക്കുമെങ്കിൽ മനസിലാക്കു.”

ഇത്രയും പറഞ്ഞ് അവൾ ഒരു തലയിണയും ഷീറ്റുമായി താഴേക്ക് ഇറങ്ങി കിടന്നു. അവളെന്തെങ്കിലും ന്യായീകരണങ്ങൾ നിരത്തുമെന്നാണ് അവൻ വിചാരിച്ചിരുന്നത്. പക്ഷെ പെട്ടെന്നുള്ള അവളുടെ ഈ പ്രവൃത്തിയിൽ അവന് ആശ്ചര്യം തോന്നി.

തുടരും…

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devasuram written by Anjali Anju

4.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!