Skip to content

എന്റെ മാത്രം – 1

എന്റെ മാത്രം

തീ പിടിച്ച ചിന്തകളിൽ സ്വയം എരിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് കതകിന് തട്ടുന്നത് കേട്ടത്.. മഹേഷ്‌ പതിയെ എഴുന്നേറ്റ് പോയി തുറന്നു…കയ്യിൽ ഒരു ബോട്ടിൽ തണുത്ത വെള്ളവുമായി ഭരതൻ നിൽപ്പുണ്ട്…

“നീ ഇത് മറന്നു,.. ”  അയാൾ അത് അവന് നേരെ നീട്ടി.. രാത്രി കിടക്കാൻ പോകുമ്പോൾ എന്നും ഒരു കുപ്പി വെള്ളം എടുക്കാറുണ്ട്… ഇന്നത് ഓർമ്മയുണ്ടായില്ല.. ഇന്ന് മാത്രമല്ല… ഈയിടെയായി പതിവുകളെല്ലാം തെറ്റുകയാണ്… അവൻ  ബോട്ടിൽ വാങ്ങി… ഭരതൻ അകത്തേക്ക് കയറി.. വർഷങ്ങൾക്ക് ശേഷമാണ് അയാൾ  അവിടെ പ്രവേശിക്കുന്നത്… അലങ്കോലമായി കിടക്കുന്ന മുറിയിൽ ഒന്ന് കണ്ണോടിച്ച ശേഷം അയാൾ കട്ടിലിൽ ഇരുന്നു…

“ഒരു കാര്യം പറഞ്ഞോട്ടെ?”  നീണ്ട മൗനത്തിനൊടുവിൽ ഭരതൻ  സംസാരിച്ചു തുടങ്ങി…. അവൻ അയാളുടെ മുഖത്തേക്ക് നോക്കി..

“നിന്നെ ഉപദേശിക്കാനുള്ള യോഗ്യത ഒന്നും എനിക്കില്ല..എന്നാലും,.. കണ്മുന്നിൽ കിടന്ന്  നശിക്കുന്നത് കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു…ശോഭ ഉണ്ടായിരുന്നെങ്കിൽ നീ ഇങ്ങനൊന്നും ആകില്ലായിരുന്നു..”

മഹേഷ്‌ ചുമരിൽ  ചാരി  തല കുനിച്ച് നിൽക്കുകയാണ്,…

“സംഭവിച്ചതൊക്കെ ഏകദേശം എനിക്കറിയാം…അതും ചിന്തിച്ച് എത്ര നാളിങ്ങനെ?.. ഞാൻ  പണ്ട് കുടിച്ചിരുന്നത് ജോലി ചെയ്ത ക്ഷീണം മാറ്റാനാ.. നീയോ?.. സങ്കടം വരുമ്പോൾ കുടിക്കാൻ തുടങ്ങിയാൽ  ലോകത്തിൽ മദ്യപാനികൾ മാത്രമേ ഉണ്ടാകൂ..”

ഭരതൻ എഴുന്നേറ്റു പുറത്തേക്ക് നടന്നു.. കതകിനടുത്ത് ചെന്ന്  അവന്റെ നേരെ തിരിഞ്ഞു..

” അവളെയൊന്നു പോയി കണ്ടൂടെ?.. ഒരു തെറ്റ് പറ്റി.. അതിന് ഇത്രയും വലിയ ശിക്ഷ വേണോ? “

അതിനും മറുപടി കിട്ടാതായപ്പോൾ അയാൾ തന്റെ മുറിയിലേക്ക് പോയി.. മഹേഷ്‌ വാതിലടച്ച് കട്ടിലിൽ വീണു… തലയിണയുടെ മുകളിൽ ഫോൺ വിറച്ചപ്പോൾ എടുത്തു നോക്കി.. സൈനുദ്ദീൻ ആണ്..

“സൈനുക്കാ… പറഞ്ഞോ..”

“മഹീ… നീ എപ്പോഴാ വരുന്നേ?”

“അത്.. കുറച്ചു ദിവസം കൂടി കഴിയട്ടെ..”

“നിന്റെ ഇഷ്ടമാ.. എന്നാലും വര്ഷങ്ങളായി കൂടെയുള്ളവൻ ഇങ്ങനെ ഉരുകുന്നത് കാണുമ്പോൾ  വിഷമമുണ്ട്… വെറുതെ ഇരിക്കുമ്പോഴാ  മനസ്സ് കലങ്ങുന്നത്.. നീ പെട്ടെന്ന് വാ.. എല്ലാം ശരിയാകും..”

ഫോൺ  കട്ട് ചെയ്ത്  മഹേഷ്‌ കണ്ണുകൾ അടച്ചു.വൈകുന്നേരം മുതൽ  രാത്രി വരെ കഴിച്ച മദ്യത്തിന്റെ വീര്യം അവസാനിച്ചു കഴിഞ്ഞു.. അതുവരെ മയങ്ങിക്കിടന്ന ഓർമ്മകൾ വീണ്ടും അലട്ടാൻ തുടങ്ങി.ചങ്ങല പോലെ നീളുന്ന അതിന്റെ ആരംഭം എവിടെയാണ് ?മദീന ബസിൽ ജോലിക്ക് പോയ നാൾ മുതൽ ഇങ്ങോട്ടോ? അതോ  അതിനും മുൻപ്  അവഗണനയും പരിഹാസവും നിറഞ്ഞ സ്കൂൾ കാലഘട്ടം മുതലോ?…. അല്ല… അതിനും  ഒരുപാട് കാലം  മുൻപ്….

മൺകട്ടകൾ കൊണ്ട് ചുവരുകൾ  തീർത്ത, ചാണകം മെഴുകിയ ഒറ്റമുറി വീടിന്റെ കോണിൽ കാൽമുട്ടുകളിൽ  മുഖം ചേർത്തുവച്ചിരുന്ന രാത്രി  മുതൽ…അവിടെ വച്ചാണ് ഓർമ്മകൾ ആരംഭിക്കുന്നത്…

ആകെ ഉണ്ടായിരുന്ന പായയിൽ  വെള്ളപുതപ്പിച്ചു കിടത്തിയ  രൂപം അച്ഛന്റേത് ആണ്… പക്ഷേ ആ മുഖം ഓർമയിൽ തെളിയുന്നില്ല.. പകരം എല്ലാം നഷ്ടപ്പെട്ട്, കരയാൻ പോലും പറ്റാതെ അച്ഛന്റെ കാൽ ചുവട്ടിലിരിക്കുന്ന അമ്മയെ ഇന്നും കാണാം…. അടുത്ത വീട്ടിലെ ത്രേസ്യ ചേടത്തി  ആരോടോ പതിഞ്ഞ സ്വരത്തിൽ പറയുന്നത് കേട്ടു..

“അവന്റെ കുടി കാരണമാ… എത്ര പറഞ്ഞിട്ടും കേട്ടില്ല… ഈ പെണ്ണും കൊച്ചും ഇനിയെന്ത് ചെയ്യും? “

അതൊരു വലിയ ചോദ്യമായിരുന്നു.. ഇനിയെന്ത്…?  കുടുംബം നോക്കാതെ മദ്യപിച്ചു നടന്ന് ഒടുവിൽ ഷാപ്പിൽ തന്നെ മരിച്ചു വീണ  രാജപ്പന്റെ  ഭാര്യയും  മകനും  ആരുമില്ലാത്തവരായി മാറി.. അന്ന് മനസിലാകാത്തതും , ഇന്ന് ജീവിതത്തിൽ  നിന്ന് കണ്ടു പഠിച്ചതുമായ ഒരു പാഠം ഉണ്ട്..

സ്വന്തം പേരിന് പിന്നിൽ അച്ഛന്റെയോ ഭർത്താവിന്റെയോ പേര് നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് ഒരു ബലം തന്നെയാണ്.. കാരണം, സഹതാപം പറഞ്ഞു  വേട്ടയാടാൻ വരുന്ന കഴുകന്മാരെ പ്രതിരോധിക്കുക എന്നത് കഠിനമാണ്.. അതിന് എല്ലാവർക്കും സാധിച്ചെന്നു വരില്ല… അച്ഛന്റെ മരണത്തിൽ അനുശോചനം  അറിയിക്കാനും, കൂടെയുണ്ടെന്ന് ധൈര്യം പകരാനും വന്ന നല്ല മനുഷ്യരുടെ കണ്ണുകളിൽ, ശോഭ എന്ന വിധവയും സുന്ദരിയുമായ യുവതിയോടുള്ള കാമാസക്തി ആയിരുന്നു എന്നറിയാനുള്ള പ്രായമോ പക്വതയോ  അന്ന് മഹേഷിനു ഉണ്ടായിരുന്നില്ല…

രാജപ്പന്റെ ആണ്ട് തികയും മുൻപ് തന്നെ  രാത്രികളിൽ  വീടിനു പുറത്തു നിന്ന് ചൂളം വിളികളും  കതകിൽ തട്ടുന്ന ശബ്ദവും പതിവായി… മകനെയും കെട്ടിപ്പിച്ച് ഉറങ്ങാതെ  നേരം  വെളുപ്പിക്കുന്ന ഒരു പെണ്ണ്….. ഭവാനിയമ്മയുടെ  അടുക്കളയിലും പറമ്പിലും  സന്ധ്യ വരെ ജോലി ചെയ്തു വിയർത്തൊലിച്ച് വീട്ടിൽ വന്നാൽ ഒന്നു കുളിക്കാൻ പോലും  ഭയമാണ്… ഓല കൊണ്ട് തയാറാക്കിയ കുളിമുറിയുടെ വിടവിലൂടെ  തന്നെ നോക്കുന്ന കണ്ണുകൾ കണ്ടു നിലവിളിച്ച  അമ്മ….. ഒടുവിൽ അടുക്കളയുടെ ഇരുട്ടിൽ നിന്ന് തോർത്തിൽ വെള്ളം മുക്കി ശരീരം തുടച്ചു വൃത്തിയാക്കേണ്ടി വന്ന  ഗതികെട്ട ജീവിതം….

അതിനൊരു മാറ്റം  വന്നത് ഭരതന്റെ വരവോടെയാണ്… മഹേഷിന് പേടിയും വെറുപ്പുമായിരുന്ന ഒരു മനുഷ്യൻ…ആ നാട്ടിൽ എന്തു ജോലിയും ചെയ്യുന്ന ആളാണ് ഭരതൻ..  കിണറു കുഴിക്കൽ, പാറ പൊട്ടിക്കൽ, മരം വെട്ടൽ, തുടങ്ങി എല്ലാം…..ഒറ്റയ്ക്കാണ് താമസം… പക്ഷേ എന്തിനും ഏതിനും  നാട്ടുകാർക്ക് ഭരതൻ വേണം… അയാൾക് അറിയാത്തതായി ഒന്നുമില്ല എന്നത് തന്നെയാണ് കാരണം.. വിവാഹങ്ങൾക്ക് പാചകപ്പുരയിലും, മരണവീടുകളിൽ  ശവം കുളിപ്പിക്കുന്നത് തൊട്ട് ചിതയിൽ വച്ചു കത്തിക്കുന്നിടത്തും എല്ലാം ഭരതനുണ്ടാകും… കുളത്തിൽ വീണു മരിച്ച ഒരാളുടെ ജീർണ്ണിച്ച ശരീരം  മുങ്ങിയെടുത്ത് തോളത്തിട്ട് വരുന്ന  ഭരതനെ കണ്ട അന്ന് തൊട്ട് മഹേഷിന്  അയാളെ പേടി ആയിരുന്നു,..

ആരോടും അധികം  സംസാരിക്കാത്ത പ്രകൃതം… രാത്രി കശുമാവിൻ തോട്ടത്തിന് നടുവിലൂടെ  ടോർച്ചും മിന്നിച്ച് പോകുമ്പോൾ അയാൾ ഉറക്കെ പാടും..

“ദുഖഭാരം  ചുമക്കുന്ന

ദുശ്ശകുനമാണ്  ഞാൻ..

ചില്ലുമേടയിലിരുന്നെന്നെ

കല്ലെറിയല്ലേ..”

അത് കേൾക്കുമ്പോൾ അമ്മ മഹേഷിനോട് പറയും..

“മോനുറങ്ങിക്കേ… പത്തുമണി ആകാറായി..”

ഒരു ക്ലോക്ക് പോലുമില്ലാത്ത ആ  വീട്ടിൽ സമയമറിയുന്നത് അങ്ങനെയാണ്.. രാവിലെ അമ്പലത്തിൽ നിന്നും പാട്ട് കേൾക്കുമ്പോ അമ്മ ഉണരും… പഴയ സാരികൾ കൊണ്ട് മറച്ച കുഴിക്കക്കൂസിൽ  നേരം പുലർന്നാൽ പോകാൻ ആ  സ്ത്രീക്ക് ഭയമായിരുന്നു… കാരണം  അതിന്റെ തൊട്ടടുത്ത പറമ്പിൽ എന്നും ജോലിക്കാർ ഉണ്ടാകും…. വൃത്തികെട്ട നോട്ടവും സംസാരവും  നേരിടാനുള്ള ത്രാണിഅവർക്കില്ല…. ഒടുവിൽ ആരുടെയൊക്കെയോ കാല് പിടിച്ച് പഞ്ചായത്തിൽ നിന്നും കക്കൂസ് നിർമ്മിക്കാനുള്ള ധനസഹായം നേടിയെടുത്തു… പണിക്ക് വന്നത് ഭരതനാണ്… അന്ന് മഹേഷ്‌  ആറാം ക്‌ളാസിൽ പഠിക്കുന്നു….പണി തീർന്ന ദിവസം ശോഭ , തെല്ലു മടിയോടെ  അയാളോട് ചോദിച്ചു…

“ഭരതേട്ടാ… വീടിന്റെ കതക് എന്തെങ്കിലും ഒന്ന് ചെയ്തു തരാൻ പറ്റുമോ? “

കട്ടിളപ്പടിയുടെയും ചിതലരിച്ച വാതിലിന്റെയും ഇടയിൽ  വലിയൊരു  വിടവുണ്ടായിരുന്നു….ഒരു വിരലോ  കമ്പോ കൊണ്ട് പുറത്തുനിന്ന് ആർക്കും നിസ്സാരമായി അകത്തെ കുറ്റിയെടുക്കാം… രാത്രി ഉറങ്ങും മുൻപ് അവിടം പഴന്തുണികൾ  കുത്തിനിറച്ച് അടയ്ക്കാറാണ് പതിവ്…

“ഇതിന്റെ പലക മൊത്തം പോയിരിക്കുകയാ… മാറ്റേണ്ടി വരും… ആശാരിപ്പണി എനിക്ക് വശമില്ല…”

ശോഭയുടെ പ്രതീക്ഷയറ്റു…പുതിയ പലക വാങ്ങാനും ആശാരിക്ക് കൂലി കൊടുക്കാനുമൊന്നുമുള്ള പണം അവളുടെ കൈയ്യിൽ ഇല്ല..

“നോക്കട്ടെ… എന്റെ വീട്ടിൽ പഴയ മരം വല്ലതും ഉണ്ടെങ്കിൽ ഞാനൊന്ന് ശ്രമിക്കാം… “

അവളുടെ ദൈന്യത കണ്ടിട്ടാവണം , ഭരതൻ പറഞ്ഞു… പിറ്റേന്ന് അയാൾ  വാക്ക് പാലിച്ചു… അടച്ചുറപ്പുള്ള ഒരു വാതിൽ അയാൾ പണിതു നൽകി… പിന്നെയും പല സഹായങ്ങൾ  അവരാവശ്യപ്പെടാതെ തന്നെ  അയാൾ  ചെയ്തു കൊടുത്തു.. പൊട്ടിയ ഓടുകൾ മാറ്റി.. കുളിമുറിയുടെ ഓലകൾക്ക് മീതെ പ്ലാസ്റ്റിക് ഷീറ്റുകൾ  ചുറ്റി വരിഞ്ഞു….. ഇതിനൊന്നും അയാൾ കാശ് വാങ്ങിയില്ല…. അവൾ വച്ചു നീട്ടിയ മുഷിഞ്ഞ ഏതാനും നോട്ടുകളിൽ നോക്കുക പോലും ചെയ്യാതെ  തന്റെ പണിയായുധങ്ങളുമായി അയാൾ  നടന്നകന്നു…

പക്ഷേ നാട്ടുകാർ വെറുതെയിരുന്നില്ല.. ശോഭയെയും  ഭരതനെയും കുറിച്ച് പല കഥകളും  ഉണ്ടാക്കി… അങ്ങനെയൊന്ന് പറഞ്ഞ് മഹേഷിന്റെ കുഞ്ഞുമനസ്സിൽ മുറിവേല്പിച്ചത് ക്ലാസ്ടീച്ചറായിരുന്ന  തോമസ്  മാഷ് ആയിരുന്നു…ഒരേ നാട്ടുകാരൻ..ശിശുദിനത്തിന്റെ സ്റ്റാമ്പ്‌ വാങ്ങാൻ എല്ലാവരും കാശ് കൊണ്ടുവന്നു.. പക്ഷേ അവന്റെ കയ്യിൽ ഉണ്ടായിരുന്നില്ല…

“നീയെന്നതാ കൊണ്ടുവരാഞ്ഞേ?”…എഴുന്നേൽപ്പിച്ചു നിർത്തി പരുക്കൻ സ്വരത്തിൽ മാഷ്  ചോദിച്ചു..

“നാളെ  തരാന്ന് അമ്മ പറഞ്ഞു…”  തന്നെ നോക്കുന്ന അനേകം കണ്ണുകളെ  നേരിടാനാവാതെ  അവൻ തലകുനിച്ചു…

“നിന്റെ പുതിയ അച്ഛനോട് ചോദിച്ചൂടായിരുന്നോ ?..” മുറുക്കാൻ കറ പിടിച്ച പല്ലുകൾ  കാട്ടി തോമസ് മാഷ് ഒന്നു ചിരിച്ചു… ആ  ചിരി  മറ്റു കുട്ടികളിലും പടർന്നു….അന്ന് ആരംഭിച്ച പരിഹാസം പിന്നെ പതിവായി.. ക്ലാസ് മുറിയിൽ, ഗ്രൗണ്ടിൽ, കടയിൽ സാധനം വാങ്ങാൻ പോയാൽ  തുടങ്ങി എല്ലായിടത്തും അർത്ഥം വച്ച  വാക്കുകളാൽ അവന് മുറിവേറ്റു തുടങ്ങി..

ഒരു ദിവസം അമ്മയുടെ കൂടെ  റേഷൻ കടയിൽ  പോയി വരുമ്പോൾ ചായക്കടയുടെ മുന്നിൽ കൂടി  നില്കുന്നവരിൽ ഒരാൾ  ഉറക്കെ പറഞ്ഞു..

“എന്നാലും ഭരതന്റെയൊക്കെ ഒരു യോഗം…”

“അവന് ഇതിനും മാത്രം എന്തു പ്രത്യേകതയാണുള്ളത് എന്നാ എനിക്കറിയാത്തത്…”   വേറൊരാൾ..

അമ്മ അവന്റെ കൈ  മുറുകെ പിടിച്ചു മുന്നോട്ട് നടന്നു…

“ഇടയ്ക്ക് ഞങ്ങളേം കൂടി ഒന്നു പരിഗണിക്കണം കേട്ടോ..”

അയാൾ പറഞ്ഞു തീരും മുൻപ് ചായക്കടയുടെ  തൊട്ടടുത്ത ബാർബർ ഷാപ്പിൽ നിന്നും ഭരതൻ ഇറങ്ങി വന്നു… അയാളെ ആരും അവിടെ പ്രതീക്ഷിച്ചിരുന്നില്ല.. അയാൾ നേരെ ശോഭയുടെ അടുത്ത് ചെന്നു…

“നിൽക്ക്… പോകാൻ വരട്ടെ…”  അവളോട് പറഞ്ഞ ശേഷം അയാൾ  ചായക്കടയുടെ മുന്നിൽ ചെന്ന് മുണ്ട് മടക്കി കുത്തി..

“ദാമോദരാ.. എനിക്കെന്ത് പ്രത്യേകതയാണുള്ളത് എന്നാണോ നിന്റെ സംശയം? നിന്റെ പെണ്ണുമ്പിള്ളയെ എന്റടുത്തോട്ട്  വിട്….നിനക്ക് ഇല്ലാത്ത എന്താണ് എനിക്കുള്ളത് എന്നവൾ പറഞ്ഞു  തരും…”

അയാൾ ഒരു ബീഡി കത്തിച്ച് എല്ലാവരെയും നോക്കി..

“പരിഗണന ആവശ്യം ഉള്ളത് ആർക്കാടാ ? ഞാൻ പരിഗണിച്ചാൽ  മതിയോ? പക്ഷേ നീയൊന്നും താങ്ങില്ല… ഒറ്റയ്ക്ക് താമസിക്കുന്ന ഒരു പെണ്ണിനെ നീയൊക്കെ കുറേ ആയി ദ്രോഹിക്കുന്നു.. ഇപ്പൊ ഇവിടിരിക്കുന്ന പല മാന്യന്മാരും രാത്രി അവളുടെ വീടിനു ചുറ്റും നടക്കാറുണ്ടെന്നും എനിക്കറിയാം… എല്ലാത്തിനോടുമായാ പറയുന്നേ… ഇനി വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ ഇവളെ വേദനിപ്പിച്ചാൽ  അവനൊന്നും രണ്ടുകാലിൽ നിൽക്കില്ല…..കേട്ടല്ലോ?”

ആ കവല നിശബ്ദമായി… ഭരതനോട് നേരിട്ട് ഏറ്റുമുട്ടാൻ ആർക്കും ധൈര്യമില്ല.. അയാളുടെ  ബലിഷ്ഠമായ ശരീരവും  എന്തും ചെയ്യുമെന്ന മുഖഭാവവും  എല്ലാവരിലും നേരിയ ഭയം ഉണ്ടാക്കി… ബീഡി പുകച്ചു കൊണ്ട് അയാൾ നടന്നകന്നു.. പിന്നാലെ ശോഭയും  മഹേഷും… അന്നത്തോടെ പരസ്യമായ  പരിഹാസങ്ങൾ  അവസാനിച്ചു..

രണ്ട് ദിവസം കഴിഞ്ഞപ്പോൾ  മഹേഷിന്  നല്ല പനി… ആദ്യം  വീടിന്റെ അടുത്തുള്ള ഹോമിയോ ഡോക്ടർ രാധാകൃഷ്ണനെ കാണിച്ചു.കുറവില്ലാത്തതിനാൽ  നേരെ ടൗണിലെ ഗവർമെന്റ് ആശുപത്രിയിലേക്ക് പോയി… അവിടെ കാണിച്ച് മരുന്ന് വാങ്ങി തിരിച്ചു നാട്ടിലേക്കുള്ള ബസ് കാത്തു നിൽകുമ്പോൾ മഹേഷ്‌ തലകറങ്ങി  വീണു… ശോഭയുടെ നിലവിളി കേട്ട് ഓടിക്കൂടിയ ആളുകൾ അവരെ ഓട്ടോയിൽ കയറ്റി  കുട്ടികളുടെ ഹോസ്പിറ്റലിൽ എത്തിച്ചു… തനിച്ചാവുന്നത്  എത്ര ഭീകരമാണെന്ന്  അവൾ അനുഭവിച്ചറിയുകയായിരുന്നു.. മഹേഷിനെ അഡ്മിറ്റ് ചെയ്തു… മരുന്ന് മേടിക്കാനും, ടെസ്റ്റ്‌ റിപ്പോർട്ടുകൾ ഡോക്ടറെ കാണിക്കാണും  ഭക്ഷണം വാങ്ങാനുമെല്ലാം ഓടി അവൾ  ക്ഷീണിച്ചു… അന്ന് സന്ധ്യയ്ക്ക് മഹേഷിന്  കഞ്ഞി കോരികൊടുക്കുകയായിരുന്നു ശോഭ.. അടുത്തുള്ള ബെഡിൽ കിടക്കുന്ന കുട്ടികളുടെ ചുറ്റും ബന്ധുക്കൾ കൂട്ടമായി നിൽക്കുന്നു… സുഖവിവരം  തിരക്കുന്നു… മഹേഷ്‌ അത് നോക്കി കിടന്നു…

“എന്താ മോനേ? നീയെന്താ ആലോചിക്കുന്നെ?”

“എന്നെ കാണാൻ വരാൻ ആരുമില്ല  അല്ലേ അമ്മേ?”

അവന്റെ ചോദ്യം  കേട്ട് ശോഭയുടെ നെഞ്ചു പിടഞ്ഞു…

“നോക്കിക്കേ… ഇവരെയൊക്കെ കാണാൻ എത്രയാളുകളാ… നമ്മളെയെന്താ ആർക്കും വേണ്ടാത്തത്..?.”

ഒഴുകുന്ന കണ്ണുനീർ  പുറം കൈ കൊണ്ട് അവൾ  തുടയ്ക്കുന്നതിനിടെ  അടുത്ത ബെഡിൽ ഇരുന്ന സ്ത്രീ എഴുന്നേറ്റു വന്നു..

“കുഞ്ഞിന് എന്തു പറ്റിയതാ..?” അവർ സ്നേഹത്തോടെ ചോദിച്ചു..

“പനി…”

“ഇപ്പൊ എല്ലായിടത്തും ഈ പനിയുണ്ട്… കാലാവസ്ഥയുടെ പ്രശ്നമാ… എന്റെ പേര് കദീജ… ഈ കിടക്കുന്നത്  എന്റെ മോനാ ഷഫീഖ്…പേരക്ക പറിക്കാൻ കേറി കാലൊടിച്ചു…”

അവർ  രണ്ടുമൂന്ന് ആപ്പിളും ഓറഞ്ചും എടുത്ത് ശോഭയ്ക്ക് നീട്ടി..

“ഏയ്‌… ഇതൊന്നും വേണ്ട…” അവൾ നിരസിച്ചു.. പക്ഷേ ആ സ്ത്രീ സ്നേഹത്തോടെ വീണ്ടും നിർബന്ധിച്ചപ്പോൾ അവൾ  വാങ്ങി..

“മോളുടെ കൂടെ ആരുമില്ലേ? ”  ശോഭയുടെ മുഖം വിവർണ്ണമായി… എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും  വാതിൽ കടന്ന് ഭരതൻ അങ്ങോട്ടേക്ക് വന്നു..

“ഡോക്ടർ എന്തു പറഞ്ഞു?”   അയാൾ  വെപ്രാളത്തോടെ ചോദിച്ചു…

“നല്ല പനിയുണ്ട്.. പിന്നെ ശ്വാസം മുട്ടലും..രണ്ടുമൂന്നു ദിവസം എന്തായാലും കിടക്കേണ്ടി വരും..”

അവൾ പതിഞ്ഞ സ്വരത്തിൽ മറുപടി നൽകി.. ഒരു നേഴ്സ് അങ്ങോട്ട്  വന്നു..

“നിങ്ങൾ ഇവരുടെ കൂടെ ഉള്ളതാണോ?”

“അതെ..”

“ഒരു ബിൽ അടക്കാനുണ്ടല്ലോ? രണ്ടു തവണ ഞാൻ വന്നു പറഞ്ഞതാ…”

അവർ പരുഷമായ സ്വരത്തിൽ പറഞ്ഞതോടെ  ഭരതന് ദേഷ്യം വന്നു.

“ഈ പെണ്ണും കൊച്ചും ഇവിടുന്ന് എങ്ങോട്ടും ഓടിപ്പോകുകയൊന്നുമില്ല സിസ്റ്ററേ… ഞാൻ ഒത്തിരി ദൂരെന്ന് വരുന്നതാ… അതാ വൈകിയത് .. ഒരാളുടെ ബിൽ അടക്കാൻ കുറച്ച് താമസിച്ചാൽ നിങ്ങളുടെ ആശുപത്രി പൂട്ടിപ്പോകുമോ?”

അയാളുടെ ശബ്ദം ഉയർന്നതോടെ അവർ മിണ്ടാതെ പുറത്തേക്ക് പോയി..

“ബിൽ എവിടെ?” ഭരതൻ ശോഭയോട് ചോദിച്ചു…അവൾ അതെടുത്ത് അവന് നൽകി..

“വേറെ മരുന്ന് വല്ലതും വാങ്ങാനുണ്ടോ?”

“ഇല്ല.. ഇനി നാളെ രാവിലെ മതിയെന്ന് പറഞ്ഞു..”

“എന്തെങ്കിലും കഴിച്ചോ?”

അവൾ തലയാട്ടി.. അത് കള്ളമാണെന്ന് അയാൾക്ക് മനസിലായി..

“മോനോ?”

“ഇപ്പൊ കഞ്ഞി കൊടുത്തു..”

“ശരി.. ഞാൻ ബില്ലടച്ച് എന്തെങ്കിലും കഴിക്കാനും വാങ്ങിയിട്ട് വരാം..”

മുണ്ട് മടക്കി കുത്തി പോകുന്ന ഭരതനെ  നോക്കി കദീജ ചോദിച്ചു,

“ആരാ അത്? മോളുടെ ഭർത്താവാണോ?”

അവൾ അതേയെന്നോ അല്ലെന്നോ പറഞ്ഞില്ല..കുറച്ചു നേരം കഴിഞ്ഞപ്പോൾ കയ്യിലൊരു കവറുമായി  അയാൾ തിരിച്ചു വന്നു..

“ഞാൻ പുറത്തു തന്നെയുണ്ട്… എന്താവശ്യമുണ്ടെങ്കിലും വിളിച്ചോ..”

മറുപടി കാത്തു നില്കാതെ അയാൾ പോയി…. ശോഭ കവർ തുറന്നു  നോക്കി..പൊതിച്ചോറ്, ഒരു കുപ്പി വെള്ളം, പിന്നെ തോർത്ത്‌, സോപ്പ്, പേസ്റ്റ്,  ബ്രഷ്,ഒരു നൈറ്റി, പിന്നെ മഹേഷിന്റെ അളവിൽ ഒരു ഷർട്ടും ട്രൗസറും..

അവളുടെ മിഴികൾ നിറഞ്ഞു പോയി.. ജീവിതത്തിൽ ആദ്യമായാണ്  ഒരാൾ ഒന്നുമാവശ്യപ്പെടാതെ അറിഞ്ഞു ചെയ്യുന്നത്.. ഭർത്താവ് മരിച്ച ശേഷം  അവളുടെ മുന്നിൽ വന്നു നിന്ന പുരുഷന്മാരുടെയൊക്കെ കണ്ണുകളിൽ കാമം മാത്രമേ കണ്ടിരുന്നുള്ളൂ… എന്നാൽ ഭരതന്റേതിൽ സ്നേഹവും അനുതാപവുമാണ് ഉണ്ടായിരുന്നത്… അവൾക്കു സന്തോഷവും അതോടൊപ്പം തന്നെ പേടിയും തോന്നി…

പിറ്റേന്ന് പുലർച്ചെ തന്നെ കുളിച്ച് അയാൾ വാങ്ങികൊടുത്ത നൈറ്റിയും ഇട്ട് അവൾ വാർഡിന് വെളിയിൽ ഇറങ്ങി.. അവിടെ കസേരയിൽ ചാരിയിരുന്നു ഉറങ്ങുകയായിരുന്നു ഭരതൻ.. അവൾ പതിയെ അടുത്ത് ചെന്നിരുന്നപ്പോൾ അയാൾ ഞെട്ടി കണ്ണു തുറന്നു…

“എന്താ.. എന്തേലും പ്രശ്നമുണ്ടോ?” അയാൾ പരിഭ്രമിച്ചു..

“ഇല്ല…”

അയാൾ വാച്ചിൽ നോക്കി..

“സമയം അഞ്ചര ആവുന്നതല്ലേ ഉള്ളൂ..? എന്തിനാ ഇത്രയും നേരത്തെ എണീറ്റത്?”

“ഉറക്കം വന്നില്ല..”

“മോന് രാത്രി പനിച്ചോ?”

“ഇടയ്ക്ക്..”

പിന്നെ  മൗനം… അവൾക്ക് നന്ദി പറയണമെന്നുണ്ടായിരുന്നു. പക്ഷേ വാക്കുകൾ കിട്ടുന്നില്ല.. കുറച്ചു നേരം കൂടി ഇരുന്ന ശേഷം അവൾ  അകത്തേക്ക് നടന്നു…ഏഴു മണി കഴിഞ്ഞപ്പോൾ  ഭരതൻ അങ്ങോട്ട് വന്നു.. കയ്യിൽ ഒരു സ്റ്റീൽ പാത്രത്തിൽ ചൂട് ചായയും  ഇലയിൽ പൊതിഞ്ഞ  ദോശയും  ചമ്മന്തിയും ഉണ്ടായിരുന്നു… ഒരു പാക്കറ്റ് ബ്രെഡും…

“ഞാനൊന്ന് വീട്ടിൽ പോയി വരാം…എന്തെങ്കിലും എടുക്കണോ?”

അടിവസ്ത്രങ്ങൾ ഉൾപ്പെടെ ഒന്നു രണ്ടു ഡ്രസ്സ്‌ കിട്ടിയാൽ നന്നായിരുന്നു എന്നവൾ ചിന്തിച്ചു. പക്ഷേ അത് അയാളോട് പറയാൻ പറ്റില്ല.. പക്ഷേ അവളുടെ മനസ്സ് വായിച്ചിട്ടെന്ന പോലെ അയാൾ പറഞ്ഞു,..

“താക്കോൽ തന്നേക്ക്… ത്രേസ്യാചേടത്തിയോട് നിങ്ങൾക്ക് ആവശ്യമുള്ള  കുപ്പായവും സാധനങ്ങളും എടുത്തു തരാൻ പറയാം..”

അവൾ വീടിന്റെ താക്കോൽ അയാളെ ഏല്പിച്ചു..നടക്കാൻ തുടങ്ങിയ ഭരതൻ എന്തോ ഓർത്തപോലെ നിന്നു.. പിന്നെ പോക്കറ്റിൽ കയ്യിട്ട് കുറച്ചു കാശ് എടുത്ത് അവൾക്കു നേരെ നീട്ടി..

“ഇത് വച്ചോ… ഞാൻ വരുന്നതിനിടയ്ക്ക് മരുന്നോ മറ്റോ വാങ്ങാൻ പറഞ്ഞാലോ?”

“വേണ്ട… എന്റെ കയ്യിൽ ഉണ്ട്..”

അയാൾ അവളുടെ കൈയിൽ അത് ബലമായി പിടിപ്പിച്ചു…

“എനിക്ക് കള്ളം പറയുന്നവരെ ഇഷ്ടമല്ല.”

അയാൾ പുറത്തേക്ക് പോയ ഉടനെ  ശോഭ ബാത്‌റൂമിൽ കയറി കതകടച്ചു… അതുവരെ പിടിച്ചു നിർത്തിയ കരച്ചിൽ  പെയ്തിറങ്ങി…

ഉച്ചയാകാറായപ്പോഴാണ്  ഭരതൻ തിരിച്ചെത്തിയത്.. ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ  അത്യാവശ്യം വേണ്ട വസ്ത്രങ്ങളും രണ്ടു പ്ളേറ്റുകളും കൊണ്ടുവന്നിരുന്നു..

“ഡോക്ടർ ഇങ്ങോട്ട് വന്നോ?”

“ഉവ്വ്‌… ഇപ്പൊ വലിയ കുഴപ്പമൊന്നും ഇല്ലെന്ന് പറഞ്ഞു… രണ്ടു ദിവസം കൂടി നോക്കിയിട്ട് വീട്ടിൽ പോകാമത്രേ..”

അയാൾ  മഹേഷിന്റെ  നെറ്റി തൊട്ട് നോക്കി..

“ഇവന് ഒരസുഖവും ഇല്ല… മിടുക്കനായി…”  പുഞ്ചിരിയോടെ അയാൾ പറഞ്ഞു… മഹേഷ്‌ അയാളുടെ മുഖത്ത് നോക്കിയില്ല.. അവിടെ നോക്കുമ്പോൾ ജീർണിച്ച ശവം തോളിലിട്ട് വരുന്ന കാഴ്ച അവന്റെ മനസിലെത്തും….

മൂന്നാമത്തെ ദിവസം വൈകിട്ടാണ് അവനെ ഡിസ്ചാർജ് ചെയ്തത്.. ബില്ലുകളെല്ലാം അടച്ച് മരുന്നും വാങ്ങി അയാൾ  അവരെയും കൂട്ടി ബസ്സ്റ്റാൻഡിൽ എത്തി..അവിടെയുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം പാർസൽ വാങ്ങി അയാൾ അവൾക്ക് കൊടുത്തു..

“ഇനി രാത്രി ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട..”

“ഒത്തിരി രൂപ ചിലവായി അല്ലേ?”… ശോഭ  വ്യസനത്തോടെ  ചോദിച്ചു..

“ഞാൻ കുറേശ്ശേ തന്ന് തീർക്കാം..”

ഭരതൻ അവളെയൊന്ന് അടിമുടി നോക്കി..

“ഭവാനിയമ്മയുടെ വീട്ട് ജോലി ചെയ്താൽ കിട്ടുന്നത് എത്രയാണെന്ന് എനിക്കറിയാം.. പിന്നെ ആകെയുള്ളത് ഈ കടുക്മണി പോലത്തെ കമ്മലാണ്… അത് വിറ്റിട്ട് കടം വീട്ടാനാണ് ഉദ്ദേശമെങ്കിൽ വേണ്ട… ഞാനീ ചെയ്തതൊന്നും  തിരിച്ചു കിട്ടാൻ വേണ്ടിയുമല്ല… എന്നെങ്കിലും ഞാൻ വീണു പോയാൽ ഒരു ഗ്ലാസ്‌ വെള്ളം തരാനുള്ള  മനസ്സ് ഉണ്ടായാൽ മതി..”

ബസ്സ്‌ വന്നപ്പോൾ അവരെ മുന്നിൽ കയറ്റി ഇരുത്തി അയാൾ ഏറ്റവും പിറകിൽ പോയി ഇരുന്നു .. ഇടയ്ക്ക് ശോഭ തിരിഞ്ഞു നോക്കിയപ്പോൾ അയാൾ  തല പിന്നോട്ട് ചായ്ച്ചു വച്ച് നല്ല ഉറക്കമായിരുന്നു…..

വീട്ടിൽ അവരെ കൊണ്ടു വിട്ടിട്ട് ഒന്നും മിണ്ടാതെ അയാൾ നടന്നകന്നു.. പിന്നെ അങ്ങോട്ട് വന്നതേയില്ല…..

“മോളേ…എത്ര നാൾ നീയിങ്ങനെ കഴിയും?”

ത്രേസ്യ ചേടത്തി  ഒരുദിവസം അവളോട്‌ ചോദിച്ചു..

“നിനക്ക് ചെറു പ്രായമാ… ജീവിതം ഒരുപാട് ബാക്കി കിടപ്പുണ്ട്…”

“അതല്ല  ചേടത്തീ.. ഞാൻ ഇതുവരെ അങ്ങനൊന്നും…”   അവൾ  പതിയെ പറഞ്ഞു.

“അങ്ങനൊന്നും ചിന്തിച്ചിട്ടില്ല അല്ലേ? അത് തന്നെ തെറ്റാണ്..നിന്നെ കുറിച്ച് ചിന്തിക്കാൻ നീ മാത്രമേ ഉള്ളൂ.. “

ശോഭ ഒന്നും മിണ്ടിയില്ല…

“ഭരതൻ നല്ലവനാ…ചീത്തകൂട്ടുകെട്ട് ഒന്നുമില്ല… പോരാഞ്ഞിട്ട് ഒറ്റത്തടിയും.. ആകെയുള്ള ദുശീലം  വൈകിട്ട് രണ്ടെണ്ണം അടിക്കും എന്നതാ… പക്ഷേ രാജപ്പനെ പോലെ ഷാപ്പിൽ തന്നെ കിടക്കാറൊന്നുമില്ല… അവന് നിന്റെ ഒത്തിരി ഇഷ്ടമാ… നേരിട്ട് പറയാനൊരു മടി. അതാണ് എന്നെ ഏല്പിച്ചത്..”

അവർ അവളുടെ തൊട്ടടുത്ത് വന്നിരുന്നു..

“എന്റെ മോളെപ്പോലെ കരുതിയാ ഞാനീ പറയുന്നത്.. നിനക്കും വേണ്ടേ സമാധാനവും സുരക്ഷിതത്വവും?”

ആ വാക്കുകൾ അവളുടെ മനസ്സിൽ തട്ടി.. സമാധാനം, സുരക്ഷിതത്വം.. അതു രണ്ടും തനിക്ക് ഇല്ല…

അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ മഹേഷ്‌ പതിയെ വിളിച്ചു..

“അമ്മേ..”

“ഉം?”

“അമ്മ, ഭരതേട്ടനെ കല്യാണം കഴിക്കാൻ പോവാണോ?”

അവൾ ഒന്ന് പതറി… കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ  അവന്റെ അടുത്തേക്ക് ചേർന്നു കിടന്നു..

“അമ്മ, പറയുന്നത് മനസിലാക്കാനുള്ള പ്രായവും പക്വതയും മോന് ആയിട്ടില്ല എന്നറിയാം… എന്നാലും പറയുകയാ,… എന്റെ പതിനേഴാമത്തെ വയസിലാ  നിന്റെ അച്ഛൻ എന്നെ കല്യാണം കഴിക്കുന്നേ,.. എനിക്ക് അച്ഛനും അമ്മയുമൊന്നും ഇല്ലാന്ന് അറിയാല്ലോ?.. ബന്ധുക്കളൊക്കെ ചേർന്ന് ബാധ്യത ഒഴിവാക്കിയതാ.. ഒന്നും അന്വേഷിക്കാതെ തിടുക്കപ്പെട്ടു കെട്ടിച്ചു… ജോലിക്ക് പോലും പോകാതെ കുടിച്ചു നടപ്പായിരുന്നു നിന്റെ അച്ഛൻ… കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല…നിന്നെ പ്രസവിച്ച് ഞാൻ ആശുപത്രിയിൽ കിടക്കുമ്പോഴും ഏതോ കള്ളുഷാപ്പിൽ ആയിരുന്നു ആ മനുഷ്യൻ… അന്ന് തൊട്ട് അമ്മ ഒറ്റയ്ക്കാ…”

അവൾ മഹേഷിന്റെ മുടിയിലൂടെ വിരലോടിച്ചു…

“ഒരുപാട് അനുഭവിച്ചു… ഒന്ന് പേടിയില്ലാതെ ഉറങ്ങിയിട്ട് നാളുകൾ ഒരുപാടായി…ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു പെണ്ണിന് ഇവിടെ ജീവിക്കാൻ പ്രയാസമാണ്…. നിനക്ക് ഇഷ്ടമല്ല എന്നെനിക്ക് അറിയാം… പക്ഷേ ഇത് നിനക്കു കൂടി വേണ്ടിയാ… അമ്മയുടെ തീരുമാനം ശരിയായിരുന്നു എന്ന് എന്റെ മോന് ഒരിക്കൽ മനസിലാകും.. തീർച്ച…”

എനിക്ക് അയാളെ വെറുപ്പാണ്, എന്ന് ഉറക്കെ വിളിച്ചു പറയാൻ  മഹേഷ്‌ ആഗ്രഹിച്ചു.. പക്ഷേ എന്തോ , അതിന് കഴിഞ്ഞില്ല..

ഒരാഴ്ചയ്ക്ക് ശേഷം  ആ  നാട്ടിലെ അമ്പലത്തിൽ വച്ച് ഭരതൻ  ശോഭയുടെ കഴുത്തിൽ  താലി  ചാർത്തി…. തന്റെ ജീവിതത്തിലേക്ക് അനുവാദമില്ലാതെ കടന്നു വന്ന അയാളെ  അടങ്ങാത്ത പകയോടെ  മഹേഷ്‌ നോക്കി നിന്നു….

(തുടരും )

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

4.7/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!