Skip to content

എന്റെ മാത്രം – 10

എന്റെ മാത്രം

തിരിച്ചുള്ള യാത്രയിൽ രേഷ്മയും  മഹേഷും ഒന്നും സംസാരിച്ചില്ല… അവരുടെ   വീടിന്റെ പോർച്ചിൽ കാർ കയറ്റിയിട്ട് അവൻ  കീ  രേഷ്മയ്ക്ക് നീട്ടി…

“മഹീ… സോറി…”  അവൾ തലകുനിച്ചു നിന്നുകൊണ്ട് പതിയെ പറഞ്ഞു..

“ഏയ്‌…. സാരമില്ല..”അവൻ സമാധാനിപ്പിച്ചു..

“സങ്കടങ്ങൾ തുറന്നു പറയാനോ  ചേർത്തു പിടിക്കാനോ ആരും ഇല്ലാത്തത് കൊണ്ട് എന്റെ നിയന്ത്രണം വിട്ടുപോയി… നീ അന്യനല്ല എന്നൊരു തോന്നൽ…. തെറ്റ്‌ തന്നെയാ … ക്ഷമിക്ക്… എന്നെ വെറുക്കരുത്…”

മറുപടിക്ക് കാത്തു നില്കാതെ രേഷ്മ അകത്തേക്കു നടന്നു… കലങ്ങിയ മനസുമായി  മഹേഷ്‌ അവിടെ നിർത്തിയിട്ടിരുന്ന തന്റെ ബൈക്കുമെടുത്ത്  റോഡിലേക്കിറങ്ങി.. അവൻ അസ്വസ്ഥനായിരുന്നു.. രേഷ്മയുടെ തറവാട്ടിൽ വച്ച് ഏതാനും നിമിഷങ്ങൾ  സ്വയം മറന്നുപോയ പോലെ…. ഹൃദയം പൊട്ടി കരയുന്ന ഒരു പെണ്ണിനെ തള്ളി മാറ്റാൻ തോന്നിയില്ല.. വേറൊരു ഉദ്ദേശവും മനസ്സിൽ ഇല്ലായിരുന്നു… അവളെ ആശ്വസിപ്പിക്കാൻ വേണ്ടി പുറത്ത് മെല്ലെ തട്ടി… പക്ഷേ ദീർഘനേരത്തെ കരച്ചിലിന് ശേഷം  അവൾ  മുഖമുയർത്തി കവിളിൽ ഒരു ചുംബനം നൽകിയപ്പോഴാണ്  അവന് പരിസരബോധം വീണത്… ബലം പ്രയോഗിച്ച് പിടിച്ചു മാറ്റിയപ്പോൾ ദയനീയമായ  മുഖഭാവത്തോടെ  രേഷ്മ ചോദിച്ചു…

“മഹീ… നിനക്കെന്നെ സ്നേഹിക്കാൻ കഴിയുമോ?”

അവൻ സ്തംഭിച്ചു പോയി… തീരെ പ്രതീക്ഷിച്ചിരുന്നില്ല… അവളോട് ആ അർത്ഥത്തിൽ പെരുമാറിയിട്ടേ ഇല്ല… ബസിൽ എന്നും വരുമ്പോൾ തമാശകൾ പറയും.. കളിയാക്കും…. അതൊരു ഉറച്ച സൗഹൃദമായി മാറി… പരസ്പരം എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞ നല്ലൊരു കൂട്ടുകാരിയോ, ചേച്ചിയോ ആയി മാത്രമേ അവളെ കണ്ടിരുന്നുള്ളൂ…

“യോഗ്യത ഇല്ലെന്നറിയാം… എന്നാലും നിന്നെ കാണുമ്പോഴും സംസാരിക്കുമ്പോഴും  ഒക്കെയാ ഞാൻ ജീവിച്ചിരിക്കുന്നു എന്നെനിക്ക് അനുഭവപ്പെടുന്നത്… മറ്റുള്ളവർ പറയാതെ തന്നെ സഹായിക്കുന്ന നീയെന്താ മഹീ ഇത്രയും നാൾ കൂടെയുണ്ടായിരുന്ന എന്റെ മനസ്സറിയാഞ്ഞത്?”

വാക്കുകളൊന്നും കിട്ടാതെ അവൻ വലഞ്ഞു… തൊണ്ട വരളുന്നു… ഒടുവിൽ അവളെ ഒന്ന് നോക്കിയിട്ട് അവൻ വീടിനു പുറത്തിറങ്ങി കാറിൽ കയറുകയായിരുന്നു..

 നീണ്ട ഹോണടി കേട്ടപ്പോൾ അവനൊന്നു വിറച്ചു… ബൈക്ക് റോഡിന്റെ ഒത്ത നടുക്ക് കൂടെയാണ് പോകുന്നത്..അവൻ സൈഡിലേക്ക് മാറ്റി നിർത്തി… ഒരു ജീപ്പ് വേഗം കുറച്ച് അടുത്തെത്തി…

“ചാകാനിറങ്ങിയതാണോടാ?” അതിലെ ഡ്രൈവർ ഉറക്കെ ചോദിച്ചു..

“സോറി ചേട്ടാ..”

“വണ്ടിക്ക് അടിയിൽ കേറിയാൽ മറ്റുള്ളോർക്കാ കുറ്റം… വെള്ളമടിച്ചാൽ എവിടെങ്കിലും പോയി കിടക്കണം… റോഡിലല്ല..”

എന്തൊക്കെയോ തെറി വിളിച്ചു കൊണ്ട് അയാൾ ജീപ്പ് മുന്നോട്ടെടുത്തു..മഹേഷ്‌ ബൈക്ക് സ്റ്റാൻഡിൽ നിർത്തി അവിടെ കണ്ടൊരു കല്ലിലിരുന്നു…എന്താ ചെയ്യേണ്ടത് എന്നറിയില്ല…ആരോടെങ്കിലും ഇതൊക്കെ പറയണമെന്നവന് തോന്നി.. പിന്നെ വേണ്ടെന്ന് വച്ചു… ടീച്ചറെ കുറിച്ച് ആരും  മോശമായി ചിന്തിക്കരുത്… അവളോട് പതുക്കെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതാണ് നല്ലത്… കുറച്ചു നേരം കൂടി അവിടിരുന്ന ശേഷം അവൻ വീട്ടിലേക്ക് യാത്ര തുടർന്നു..

*********

“ശ്രീ…. താനിത് വരെ ഇറങ്ങിയില്ലേ?”  വരുൺ അത്ഭുതപ്പെട്ടു…

“എല്ലാരും അടുത്ത ഷിഫ്റ്റിനു  ഹാൻഡോവർ ചെയ്തല്ലോ? “

“മൂന്നൂറ്റി നാലിലെ ചേച്ചിക്ക് കാണണമെന്ന് പറഞ്ഞിട്ട് പോയതാ.. അവർക്ക് ഇടയ്ക്കിടെ എന്നെ കണ്ടോണ്ടിരിക്കണം.”

ശ്രീബാല ചിരിച്ചു..

“ശരി… ചേഞ്ച് ചെയ്തിട്ട് വാ.. ഒരു കോഫി കുടിക്കാം..”

അവൾ തലയാട്ടി.. പിന്നെ ഡ്രെസ്സിങ് റൂമിലേക്ക് കയറി… പത്തു മിനിറ്റിനുള്ളിൽ അവൾ പുറത്തേക്ക് വന്നപ്പോൾ വരുൺ ഫോണിൽ സംസാരിക്കുകയായിരുന്നു..

“ഇല്ലമ്മാ… ഈ ആഴ്ച്ച വരാൻ പറ്റില്ല… കുറച്ചു ദിവസം കഴിയട്ടെ… ഇതുവരെ തീരുമാനമായില്ല,… ഞാൻ വിളിച്ചോളാം..”

അവൻ ഫോൺ പാന്റിന്റെ പോക്കറ്റിൽ ഇട്ടു..

“അമ്മയാണോ?”

“അതെ… അവിടുന്ന് ഇങ്ങോട്ട് വന്നിട്ട് പത്തു ദിവസം ആയില്ല… പിന്നേം പോകാൻ പറയുകയാ…”

“മോനെ മിസ്സ്‌ ചെയ്യുന്നുണ്ടാകും..”

“സത്യമാടോ… രണ്ട് ആൺമക്കൾ… ഒരാള് വേറെ രാജ്യത്ത്…. നാട്ടിൽ ഉള്ള ഞാൻ ഇത്രയും ദൂരെയും… വീട്ടിൽ അച്ഛനും അമ്മയും മാത്രമല്ലെ ഉള്ളൂ? ബോറടിച്ചിട്ടുണ്ടാകും…”

“തനിക്കു വീടിനടുത്തുള്ള ഏതേലും ഹോസ്പിറ്റലിൽ ട്രൈ ചെയ്തൂടെ?”

“അത് പറയാം… കുറച്ചു ഡീറ്റെയിൽ ആയി സംസാരിക്കാൻ ഉണ്ട്… അതിനാ ഞാൻ കാത്തു നിന്നത്… വാ..”

ഹോസ്പിറ്റലിന് അടുത്തുള്ള കോഫി ഷോപ്പിൽ രണ്ടുപേരും ഇരുന്നു…

“ശ്രീ… സ്ട്രൈറ്റ് ആയി കാര്യത്തിലേക്ക് കടക്കാം.. ഇച്ചിരി ചമ്മൽ ഒക്കെയുണ്ട്.. പക്ഷേ ഇനിയും പറയാൻ മടിച്ചാൽ  കൈവിട്ട് പോകും എന്നൊരു തോന്നൽ..”

“എന്താ”

“അത്…”

വരുൺ  ടിഷ്യൂ എടുത്ത് മുഖം തുടച്ചു.. പിന്നെ അവളുടെ കണ്ണുകളിലേക്ക് നോക്കി..

“എടോ.. തന്നെ എനിക്ക് ഒത്തിരി ഇഷ്ടമാണ്… വിവാഹം കഴിക്കാൻ താല്പര്യമുണ്ട്..”

ശ്രീബാല ഒന്ന് അന്ധാളിച്ചു… പിന്നെ പൊട്ടിച്ചിരിച്ചു തുടങ്ങി..

“ചുമ്മാ തമാശ പറയാതെ വരുണേ…എനിക്ക് തോന്നിയതാ , നിനക്ക് കളിയാക്കാനുള്ള ഇന്നത്തെ ഇര ഞാനാണെന്ന്.. അതുകൊണ്ടല്ലേ മഹാ പിശുക്കനായ നീ  കോഫി വാങ്ങി തരുന്നത്..”

“ശ്രീ… ഐആം സീരിയസ്..” വരുണിന്റെ സ്വരത്തിൽ ഗൗരവം കലർന്നു..

“താൻ പറഞ്ഞത് ശരിയാ… ഞാൻ ഇതുപോലെ ജോക്ക് അടിക്കാറുണ്ട്… പക്ഷേ തന്നോട് കാര്യമായിട്ടാ…. എടോ വിവാഹം കഴിക്കാൻ സത്യമായും എനിക്ക് ആഗ്രഹം ഉണ്ട്.. അമ്മയോടാ തന്നെപ്പറ്റി ആദ്യം സംസാരിച്ചത്… അമ്മ പറഞ്ഞു  തന്നോട് നേരിട്ട് പ്രൊപ്പോസ് ചെയ്യാൻ.. അതിന് ശേഷം അവർ വന്നു തന്നെ കാണും…”

അവളുടെ മുഖഭാവം  മാറി… അത് ശ്രദ്ധിക്കാത്ത മട്ടിൽ വരുൺ തുടർന്നു..

“എന്റെ ചേട്ടൻ കാനഡയിൽ ആണെന്നറിയാല്ലോ? അവിടൊരു ഹോസ്പിറ്റലിൽ എനിക്ക് ജോലി റെഡി ആണ്.. വിവാഹം കഴിഞ്ഞ് ഞാൻ ആദ്യം പോകും.. പിന്നെ തന്നെയും കൊണ്ടുപോകും… ഇതാണ് ആഗ്രഹം..”

അവൾ കുറച്ചു നേരം ഒന്നും മിണ്ടിയില്ല… അവന്റെ ക്ഷമ കെട്ടു…

“എന്തെങ്കിലും ഒന്ന് പറയെടോ?”

അവൾ കോഫി ഒരിറക്ക് കുടിച്ചു… പിന്നെ അവനെ നോക്കി…

“നഴ്സിംഗ് പഠിക്കുന്ന കാലം തൊട്ടുള്ള എന്റെ നല്ലൊരു ഫ്രണ്ട് ആണ്  നീ… ഇപ്പൊ ഒരേ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു… നമുക്ക് പരസ്പരം എല്ലാം അറിയാം.. ആ സൗഹൃദം എനിക്ക് അത്രമേൽ പ്രിയപ്പെട്ടതായത് കൊണ്ടാ നിന്റെ കൂടെ  ഷോപ്പിങ്ങിനും ഫുഡ് കഴിക്കാനുമൊക്കെ ഞാൻ വരുന്നത്… മറ്റൊരു അർത്ഥത്തിൽ നിന്നെ കണ്ടിട്ട് പോലുമില്ല…”

“സൊ വാട്ട്? നല്ല സുഹൃത്തുക്കൾ ആയിരുന്നവർ വിവാഹം കഴിച്ചു ജീവിക്കുന്നില്ലേ? പരസ്പരം എല്ലാം അറിയുന്നത് കൊണ്ടാണ് തന്നോട് എനിക്ക് ഇഷ്ടവും… തന്റെ കഥകൾ എല്ലാം അറിഞ്ഞപ്പോൾ അമ്മയ്ക്കും അച്ഛനും നല്ല  താല്പര്യം ഉണ്ട്…”

“ആയിരിക്കും… പക്ഷേ അതെനിക്ക് കൂടി തോന്നണ്ടേ?”

വരുൺ നിരാശയോടെ തലകുനിച്ചു…

“സോറി ഡാ… നിനക്ക്  എന്നേക്കാൾ നല്ലൊരു പെണ്ണിനെ കിട്ടും. പ്രൊപ്പോസ് ചെയ്തത്  ഇവിടെ മറന്നേക്ക്… എന്നിട്ട് നമുക്ക് പഴയ പോലെ ബെസ്റ്റ് ഫ്രണ്ട്‌സ് ആയി അടിച്ചു പൊളിക്കാം… ഈ നാട്ടിൽ എനിക്ക് എന്തെങ്കിലും ആവശ്യം വന്നാൽ വിശ്വസിച്ചു വിളിക്കാൻ പറ്റുന്നത് നിന്നെ മാത്രമാ….അത് കളയാൻ എനിക്ക് ആഗ്രഹമില്ല..”

“ഓക്കേ… വിട്ടേക്ക്.. പക്ഷേ ഞാൻ ഒന്ന് ചോദിച്ചോട്ടെ ശ്രീ? റിജെക്റ്റ് ചെയ്യാൻ മാത്രം എന്ത് കുറവാ എനിക്കുള്ളത്?”

“എന്ന് ഞാൻ പറഞ്ഞോ? എടാ നീ  സുന്ദരനാ… നല്ല സ്വഭാവം… വല്ലപ്പോഴും ഒന്നോ രണ്ടോ പെഗ് കഴിക്കും എന്നല്ലാതെ വേറെ ദുശീലങ്ങൾ ഒന്നുമില്ല…സാമ്പത്തികമായി നല്ല നിലയിൽ ഉള്ള കുടുംബവും… ഞാൻ നോ പറയാനുള്ള കാരണം നിന്നെ കാമുകനായോ  ഭർത്താവായോ കാണാൻ പറ്റാത്തത് കൊണ്ടാ….”

“അതായത്  വേറെ ആരോ  നിന്റെ മനസ്സിൽ ഉണ്ട് എന്ന്.. അല്ലേ?”

വരുൺ ചോദിച്ചു..

“അതെ…”

“ആരാ?”

“നിനക്ക് അറിയാവുന്ന ആള് തന്നെ.. മഹിയേട്ടൻ…”

“വാട്ട്?.. ആർ  യൂ  ക്രേസി?”

അവൻ പിന്നോട്ട് ചാരിയിരുന്നു അത്ഭുതത്തോടെ അവളെ നോക്കി..

“സ്വബോധത്തോടെ തന്നാണോ ശ്രീ,  നീ  പറയുന്നേ? ഒരു സാധാരണ  ബസ് കണ്ടക്ടർ… അതും  അമ്മയുടെ രണ്ടാം ഭർത്താവിന്റെ കൂടെ ജീവിക്കുന്ന ആൾ… നിന്നെ പഠിപ്പിച്ചിട്ടുണ്ട്, സഹായിച്ചിട്ടുണ്ട്… എന്നുവച്ച് ജീവിതം പകരം കൊടുക്കണോ? എടോ  താനൊക്കെ ഇന്ത്യക്ക് വെളിയിൽ ജോലി ചെയ്‌താൽ മാസം ലക്ഷങ്ങൾ  സാലറി കിട്ടും.. നിനക്ക് ഇപ്പൊ സ്വന്തമെന്ന് പറയാൻ ആരുമില്ല… എന്റെ കാര്യം വിട്.. അത്യാവശ്യം ബന്ധുബലം ഒക്കെ ഉള്ള ഒരാളെ കല്യാണം കഴിച്ച് ലൈഫ് സെറ്റിൽ ചെയ്യാൻ നോക്കാതെ ഒരനാഥന് വേണ്ടി ത്യാഗം ചെയ്യാനൊരുങ്ങുന്നോ? “

“വരുൺ… മൈൻഡ് യുവർ വേർഡ്‌സ്…”

ശ്രീബാലയുടെ സ്വരമുയർന്നു… ദേഷ്യം കൊണ്ട് അവളുടെ മുഖം ചുവക്കുന്നത് കണ്ടപ്പോൾ പറഞ്ഞത് കൂടിപ്പോയി എന്നവന് തോന്നി…

“സോറി.. ഞാൻ അങ്ങനെ…”

അവൻ പരുങ്ങി.

“അതെ… നീ പറഞ്ഞതൊക്കെ ശരിയാ.. ഒരു സാധാരണ ബസ് കണ്ടക്ടറാ  മഹിയേട്ടൻ… അമ്മ മരിച്ചു… രണ്ടാനച്ഛനാ വളർത്തിയത്… പക്ഷേ ആ വ്യക്തിയേ ഉണ്ടായിരുന്നുള്ളൂ ശ്രീബാല എന്ന പെണ്ണിനെ സഹായിക്കാൻ…  ബന്ധുക്കളൊക്കെ ഉണ്ടായിട്ടും മൂന്ന് നേരം  ആഹാരം കഴിച്ചത് മഹിയേട്ടന്റെ കാരുണ്യം കൊണ്ടാ… ഈ ശരീരം ഇങ്ങനെ ആയത്  അദ്ദേഹം കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയിലാ… നിനക്ക് പകരം വേറെ ആരെങ്കിലുമാണ് ഇത് പറഞ്ഞതെങ്കിൽ ഞാൻ ചെരിപ്പ് ഊരി അടിച്ചേനെ…”

അപമാനഭാരവും കുറ്റബോധവും കാരണം അവന്റെ ശിരസ് താഴ്ന്നു…

“ലക്ഷങ്ങളല്ല, കോടികൾ  കിട്ടിയാലും പകരമാവാത്ത ചിലതുണ്ട്… അത് നിനക്ക് മനസിലാവില്ല… പ്രൈസ് ടാഗില്ലാത്ത സ്നേഹം തരുന്നവരെ  നീ കാണാത്തത് കൊണ്ടാ… മഹിയേട്ടൻ, അച്ഛൻ , മാതുവമ്മ, ഹരിയേട്ടൻ, സൈനുക്ക, ഹാജിക്ക.. ഇവരൊന്നും എന്റെ ആരുമല്ല… പക്ഷേ ഞാൻ ജീവിതത്തിൽ പകച്ചു നിന്നപ്പോൾ എനിക്ക് താങ്ങായി  വന്നത് ഇവരൊക്കെയാ… നിന്റെ സൗഹൃദം പോലും എന്നെ സ്വന്തമാക്കുക എന്ന ഉദ്ദേശത്തോടെ ആയിരുന്നില്ലേ? പക്ഷേ ഇത്രേം വർഷം കൂടെ നിന്നിട്ടും അത്തരം ഒരാഗ്രഹം മഹിയേട്ടൻ പറഞ്ഞിട്ടില്ല… അപ്പൊ ആലോചിച്ചു നോക്ക് ആരാണ് നല്ലതെന്ന്…”

അവൾ  കിതച്ചു…

“എന്റെ മനസും  ശരീരവും എല്ലാം ആ മനുഷ്യന് വേണ്ടി മാറ്റി വച്ചിട്ട് വര്ഷങ്ങളായി.. ആ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകണമെങ്കിൽ  ശ്രീബാല മരിക്കണം.. എനിക്ക് ബന്ധുബലം ഇല്ലെന്ന് നിന്നോടാരാ  പറഞ്ഞേ….?. എനിക്കൊരു ആവശ്യം വന്നാൽ ഓടിയെത്തുന്ന, എന്നെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്നവരാ എന്റെ ബന്ധുക്കൾ… രക്തബന്ധം തള്ളിപ്പറഞ്ഞിടത്ത് , സ്നേഹബന്ധം കൊണ്ട് എനിക്ക് ചുറ്റും സംരക്ഷണം തീർത്ത കുറച്ചു പേർ… അതു മതി  എനിക്ക്.. ഇനി മഹിയേട്ടന് എന്നോട് പ്രണയം ഇല്ലെങ്കിലും ഞാൻ കരയില്ല… പക്ഷേ ആ സ്ഥാനത്തു വേറൊരുത്തനും വരില്ല… അവൻ ഏത് കോടീശ്വരൻ ആയാലും,..”

അവൾ എഴുന്നേറ്റു…

“സ്വർണകൊട്ടാരത്തിൽ നോട്ട് കെട്ടുകൾ കൊണ്ട് മെത്ത പണിഞ്ഞു തന്നാലും , മഹിയേട്ടന്റെ കൊച്ചു വീടും  പുക നിറഞ്ഞ അടുക്കളയും തന്നെയാ  എനിക്ക് വലുത്… മേലിൽ ഇതുപോലെ ഇൻസൾട്ട് ചെയ്ത് സംസാരിച്ചു പോകരുത്…. കോഫിക്ക് നന്ദി.. പക്ഷേ ഞാൻ കുടിച്ചതിന്റെ കാശ് ഞാൻ കൊടുത്തോളാം..”

അവൾ വെട്ടിത്തിരിഞ്ഞു പുറത്തേക്ക് നടന്നു…..കണ്ണുകൾ കലങ്ങിയതിനാൽ  കാഴ്ചകൾ അവ്യക്തമായി  തോന്നി… അവിടുന്ന് അഞ്ച് മിനിട്ട് നടന്നാൽ  താമസ സ്ഥലം എത്തും… കാലുകൾ തളരുന്നത് പോലെ തോന്നിയപ്പോൾ അവൾ ഒരു ഓട്ടോ പിടിച്ചു… ദേഷ്യവും സങ്കടവും കൊണ്ട് ശരീരം മൊത്തം വിറയ്ക്കുന്നതായി അവൾക്ക് അനുഭവപ്പെട്ടു… ദൈവത്തെ പോലെ താൻ കാണുന്ന ഒരാളെ കുറിച്ചാണ് വരുൺ അങ്ങനെയൊക്കെ പറഞ്ഞത്… അത് ഓർക്കുമ്പോൾ തന്നെ അവളുടെ രക്തം തിളച്ചു…

“നീ എന്താ വൈകിയത്?” 

പ്രിയ ചോദിച്ചു..

“ഞാൻ പറയാം കുറച്ചു നേരം ഞാൻ ഒറ്റയ്ക്ക് ഇരിക്കട്ടെ പ്ലീസ്..”

യാചന പോലെ പറഞ്ഞിട്ട് അവൾ മുറിക്കുള്ളിൽ കയറി കതകടച്ചു… ബെഡിലേക്ക് വീണപ്പോൾ അവളെറിയാതെ തന്നെ കരഞ്ഞു പോയി..

പെട്ടെന്ന് ഫോൺ അടിച്ചു.. എടുത്ത് നോക്കിയപ്പോൾ മഹേഷാണ്..

“മഹിയേട്ടാ…”

“നീ റൂമിൽ എത്തിയോ?”

“ഉവ്‌.. ഇപ്പൊ വന്നതേ ഉള്ളൂ..”

“എന്താ നിന്റെ ശബ്ദം വല്ലാതെ? സുഖമില്ലേ?”

“ഏയ്‌… മഹിയേട്ടന് തോന്നുന്നതാ..”

“ബാലേ… കള്ളം പറയരുത്.. എന്താടീ? പനിക്കുന്നുണ്ടോ?”

“ഇല്ല..”

“പിന്നെന്ത് പറ്റി? വേറെന്തെങ്കിലും ടെൻഷൻ ഉണ്ടോ..?”

“ഇല്ല..”

“നീ കരയുകയാണോ?”

“അല്ല…”

“പിന്നെന്താ? വെറുതെ എന്നെ വിഷമിപ്പിക്കല്ലേ… കാര്യം പറ?”

“എനിക്ക് മഹിയേട്ടനെ കാണാൻ  കൊതിയാവുന്നു…”

“നീ  അങ്ങോട്ട് പോയിട്ട് കുറച്ചു ദിവസമല്ലേ ആയിട്ടുള്ളൂ..”

“എന്നാലും… എന്തോ ഒരു സങ്കടം… ഒറ്റപ്പെട്ടത് പോലെ…”

“വെറുതേ ഓരോന്ന് ആലോചിച്ചിട്ടാ… നീ എങ്ങനാ ഒറ്റയ്ക്ക് ആകുന്നത്? ഞാനില്ലേ?”

പെട്ടെന്ന് തന്നെ അവൻ  തിരുത്തി..

“എന്നുവച്ചാൽ, ഞാനുണ്ട്… അച്ഛനുണ്ട്.. മാതുവമ്മ ഉണ്ട്… പോരേ?”

അവൾക്ക് ഹൃദയം മുറിയുന്നത് പോലെ തോന്നി… ഉള്ളിലെ സ്നേഹം അവൻ മറച്ചു വയ്ക്കുകയാണ്… എന്തിന്?..

“ഞാൻ രണ്ടു ദിവസം കഴിഞ്ഞ് ലീവാണ്.. അങ്ങോട്ട് വരാം,… മതിയോ..?”

“കുഴപ്പമില്ല… ബുദ്ധിമുട്ടണ്ട മഹിയേട്ടാ.. ഞാൻ ഓക്കേ ആണ്…”

അവൾക്കു വാശി  തോന്നി…

“ഇത്തിരി ബുദ്ധിമുട്ടിക്കോളാം… എന്തായാലും വരും… നീ വല്ലതും കഴിച്ചോ?”

“കഴിച്ചോളാം…”

“എന്നാൽ പോയി കഴിക്ക്.. ഞാൻ രാത്രി വിളിക്കാം.. ബസിൽ നല്ല തിരക്കുണ്ട്..”

അവൻ കട്ട് ചെയ്തു..അടക്കി വച്ച വികാരങ്ങളെല്ലാം ഒന്നിച്ചു ഒഴുകിയിറങ്ങി അവളുടെ തലയിണ കുതിർന്നു….

*********

രാത്രി  മുറ്റത്തിരുന്ന് ബീഡി വലിക്കുകയാണ് ഭരതൻ..  കുളി കഴിഞ്ഞ് തലയും തോർത്തിക്കൊണ്ട് മഹേഷ്‌ അങ്ങോട്ട് വന്നു..

“ഇതിന് കുറവൊന്നുമില്ല അല്ലേ?”

അവൻ ചോദിച്ചു..

“ഇപ്പൊ പണ്ടത്തെ പോലെ ഇല്ലെടാ… ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ  ദഹിക്കാൻ വേണ്ടി ഓരോന്ന്…”

“ദഹിക്കാൻ വാഴപ്പഴം  ഇരിപ്പുണ്ട്.. അത് കഴിക്ക്.. അല്ലാതെ ബീഡി അല്ല വലിച്ചു കേറ്റേണ്ടത്…”

അതോടെ ഭരതൻ  അത് നിലത്തിട്ട് ചവിട്ടി കെടുത്തി..

“മോള് വിളിച്ചോ?”

“ഉം… ഞാൻ മറ്റന്നാൾ ഒന്നവിടേക്ക് പോയാലോ എന്നാലോചിക്കുകയാ..”

“എന്താ പെട്ടെന്നങ്ങനെ തോന്നാൻ?”

അവനൊന്നും മിണ്ടിയില്ല….

“മഹീ.. എത്ര നാളിങ്ങനെ ഒളിച്ചു കളിക്കും?”

“മനസിലായില്ല?”

“എടാ നിനക്ക് അവളെ ഇഷ്ടമാണെന്ന് എനിക്ക് അറിയാം… പിന്നെന്തിനാ മറച്ചു വയ്ക്കുന്നെ? നല്ലൊരു ദിവസം നോക്കി കഴുത്തിലൊരു താലിയും കെട്ടി ഇവിടേക്ക് കൊണ്ടു വരണം…”

“അച്ഛൻ എന്തറിഞ്ഞിട്ടാ?.. ഓർമ്മയുണ്ടോ  പണ്ട് പലവട്ടം അവൾ പറഞ്ഞിട്ടുണ്ട് ഒന്നും പ്രതീക്ഷിക്കാതെ അവളെ സഹായിച്ച ഒരേ ഒരാൾ ഞാൻ മാത്രമാണെന്ന്..എന്നിട്ട് ആ ഞാൻ അവളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടാൽ  ഇതും മനസിലിട്ടാണ് അവളെ പഠിപ്പിച്ചതും  ജോലി കിട്ടാൻ സഹായിച്ചതും എന്ന് വിചാരിക്കില്ലേ? “

“നീ  എന്ത് മണ്ടനാടാ? കോളേജിൽ പോയി പഠിക്ക് എന്ന് പറഞ്ഞിട്ട് കേൾക്കാതെ പണിക്ക് പോയതിന്റെ ദോഷമാ ഇതൊക്കെ… എടാ ഇത്രേം  കാലം കൂടെ നടന്നിട്ടും അവളെ മനസിലാക്കാൻ നിനക്ക് കഴിഞ്ഞില്ല അല്ലേ…”

“ചിലപ്പോൾ അവൾക്കു ഒരിഷ്ടം തോന്നിയിട്ടുണ്ടാകും… സ്വാഭാവികം.. അശരണയായ പെൺകുട്ടിക്ക് തനിക്കു താങ്ങായി നിന്നവനോട് തോന്നുന്ന ഒരു ആരാധന.. അതിലപ്പുറം ഒന്നുമില്ല… പക്ഷേ അവൾക്കൊരു  ഭാവി ഉണ്ട്.. നല്ല ജോലിയും സമ്പത്തും ഒക്കെ ഉള്ള ഒരുത്തന്റെ കൂടെ ജീവിക്കേണ്ടതിനു പകരം ഈ  കുഗ്രാമത്തിൽ അത് നശിപ്പിക്കരുത്..”

“അവളുടെ ആഗ്രഹങ്ങളെല്ലാം  നീ സാധിച്ചു കൊടുത്തില്ലേ? പക്ഷേ ഏറ്റവും വലിയ ആഗ്രഹം  ഇതുവരെ നടന്നിട്ടില്ല.. അത് നിന്റെ ഭാര്യ ആകുക എന്നതാ…”

“എന്നവൾ പറഞ്ഞോ?”

“ഉവ്വ്‌… ഇപ്പോഴല്ല… പണ്ടേ പറഞ്ഞതാ… മാതുവമ്മയോട്…”

ഭരതൻ  മഹേഷിന്റെ തോളിൽ കയ്യിട്ടു…

“നീ കരുതുന്നത് പോലെയൊന്നും അവൾ ചിന്തിക്കുന്നില്ല… നമ്മള് കഴിഞ്ഞേ അവൾക്ക് ഈ ലോകത്ത് എന്തും ഉള്ളൂ..നിന്റെ നാവിൽ നിന്നും ഇഷ്ടമാണ് എന്നൊരു വാക്ക് കേൾക്കാൻ ആ കുട്ടി കാത്തിരിക്കുകയാ…. മാതുവമ്മയ്ക്ക് തീരെ വയ്യാതായി… എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം.. നിങ്ങളുടെ കല്യാണം നടന്നു കാണണം എന്ന് എപ്പോഴും പറയും… വൈകിക്കണ്ട.. ഇത്തവണ അവളെ കാണാൻ പോയാൽ  ഇതിന് ഒരു തീരുമാനം ഉണ്ടാക്ക്….”

അയാൾ അകത്തേക്ക് നടന്നു… മഹേഷ്‌ ചവിട്ട് പടിയിൽ ഇരുന്ന്  നെറ്റിയിൽ കൈകൾ അമർത്തി…. ശ്രീബാലയോടുള്ള ഇഷ്ടം പ്രണയമായി മാറിയിട്ട് വര്ഷങ്ങളായി… പക്ഷേ അത് തുറന്നു പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല… ആ കണ്ണുകളിൽ നോക്കുമ്പോൾ ശക്തിയെല്ലാം ചോർന്നു പോകുന്നത് പോലെ… അവളെടുത്ത് വരുമ്പോഴും  ചേർന്ന് നിൽക്കുമ്പോഴും പ്രണയപൂർവ്വം കെട്ടിപ്പിടിച്ച് നെറ്റിയിൽ ഉമ്മ

വയ്ക്കാൻ തോന്നിയിട്ടുണ്ടെങ്കിലും അത് അടക്കി വയ്ക്കുകയായിരുന്നു…. ആർക്കും വിട്ടുകൊടുക്കാൻ കഴിയില്ല എന്നറിഞ്ഞിട്ടും താനെന്തിനു ത്യാഗിയെ പോലെ പെരുമാറുന്നു എന്നോർത്ത് അവന് അത്ഭുതം തോന്നി…. ഇനി വൈകിക്കുന്നതിൽ അർത്ഥമില്ല… അവളോട് എല്ലാം തുറന്നു പറയണം…. അവൻ മനസ്സിൽ ഉറപ്പിച്ചു…

പക്ഷേ വിധി കാത്തു വച്ചത് മറ്റൊന്നായിരുന്നു… എല്ലാവരുടെയും ജീവിതം മാറ്റി മറിക്കുന്ന ഒന്ന്….

(തുടരും )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “എന്റെ മാത്രം – 10”

  1. സൂര്യപുത്രി

    വിധി ഇനിയും ക്രൂരത കാണിക്കരുതെ ബാലയോട്..മഹിയോടും..😔
    എപ്പോളും എന്തേലും ഒര് കൊനഷ്ട്ട് കേറി വരുമല്ലോ..സമാധാനം നശിപ്പിക്കാൻ ആയിട്ട്..അത് കഥയിലായാലും ജീവിതത്തിൽ ആയാലും☹️..ഹൊ!!

    ഈ twist ആണ് കുഴപ്പിക്കുന്നത്!!
    അടുത്ത എപ്പിസോഡിനായി അക്ഷമയോടെ ഒപ്പം 😒സമാധാനക്കേടോടെ..

    ✍🏻
    സൂര്യപുത്രി.

    കലക്കൻ👌എഴുത്താ ട്ടൊ👏.

Leave a Reply

Don`t copy text!