Skip to content

എന്റെ മാത്രം – 11

എന്റെ മാത്രം

“സിസ്റ്ററെ കാണാൻ ഒരാൾ വന്നിട്ടുണ്ട്..”

നഴ്സിങ് അസിസ്റ്റന്റ് സുമ  പറഞ്ഞപ്പോൾ  ശ്രീബാല  ലഞ്ച് കഴിക്കുന്നത് മതിയാക്കി ..

“ആരാ ചേച്ചീ?”

“രാജേഷ് എന്നാ പേര് പറഞ്ഞത്..”

അവൾക്കു ആളെ മനസിലായി.പ്രിയയുടെ ഏട്ടൻ…

“ഇപ്പൊ വരാം.. കൈ കഴുകട്ടെ…”  അവൾ വാഷ്ബേസിനു നേരെ നടന്നു.പാത്രങ്ങളൊക്കെ തിരിച്ചു ബാഗിലിട്ട് പുറത്തെത്തിയപ്പോൾ രാജേഷ് അവിടെ കസേരയിൽ ഇരിപ്പുണ്ടായിരുന്നു…

“പ്രിയക്ക് നൈറ്റ്‌ ആണല്ലോ രാജേഷേട്ടാ… റൂമിൽ ഉണ്ടാകും…”

അവൾ പുഞ്ചിരിയോടെ പറഞ്ഞു.

“അറിയാം.. ഞാൻ വന്നത് ശ്രീബാലയെ കാണാനാ…”

അയാളുടെ മുഖത്തെ ഗൗരവം കണ്ടപ്പോൾ എന്തോ പ്രശ്നം ഉണ്ടെന്ന് അവൾക്ക് തോന്നി.

“എനിക്കൊന്ന് സംസാരിക്കണം… നമുക്ക് എങ്ങോട്ടെങ്കിലും മാറി ഇരുന്നാലോ..?”

“പെർമിഷൻ വാങ്ങിയിട്ട് വരാം…”

“ശരി.. എന്റെ കാർ പുറത്ത് പാർക്കിങ്ങിൽ ഉണ്ട്… അതിൽ ഇരിക്കാം..”

അവൾ തലയാട്ടി…. അനുവാദം ചോദിച്ച് പുറത്ത് വന്ന് അവൾ രാജേഷിന്റെ കാറിന്റെ മുൻസീറ്റിൽ കയറി  ഇരുന്നു… അയാൾ  ഏസി കൂട്ടിയിട്ടു..

“എന്താ രാജേഷേട്ടാ..” ശ്രീബാല ആകാംഷയോടെ ചോദിച്ചു..

“ആദ്യമേ പറയാം.. ഞാൻ ഇച്ചിരി മദ്യം കഴിച്ചിട്ടുണ്ട്… നിന്നോട് സംസാരിക്കാൻ ഒരു ധൈര്യത്തിന് വേണ്ടിയാ…”

“അത് സ്മെൽ അടിച്ചപ്പോഴേ മനസിലായി… രാജേഷേട്ടൻ കാര്യം പറ..”

“എനിക്ക് പ്രിയയെ പോലെ തന്നാ  നീയും… ആ സ്നേഹം ഉള്ളത് കൊണ്ടാ ഇത് നിന്നെ അറിയിക്കണം എന്ന് തോന്നിയത്..”

അയാൾ ഒന്ന് ശ്വാസം വലിച്ചു വിട്ടു. പിന്നെ അവളെ നോക്കി.

“നീ ചതിക്കപ്പെടുകയാണ് കുട്ടീ…”

അവൾ ഒന്നും മനസിലാകാതെ മിഴിച്ചിരുന്നു…

“മഹേഷിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ചോരയും നീരുമുള്ള ഏത് ചെറുപ്പക്കാരനും  ഇത് പറ്റിപ്പോകും… അവളല്ലേ ശ്രദ്ധിക്കേണ്ടത്?”

“ആരുടേ കാര്യമാ  രാജേഷേട്ടൻ പറയുന്നത്?”

കരച്ചിലിന്റെ സ്വരത്തിൽ ശ്രീബാല ചോദിച്ചു.

“രേഷ്മ…. അവളെന്റെ അനിയന്റെ ഭാര്യയാ.. പക്ഷേ തെറ്റ്‌ കണ്ടാൽ മിണ്ടാതെ പോകാൻ എനിക്ക് വയ്യ.. അവളും മഹേഷും  തമ്മിൽ  വഴിവിട്ട ബന്ധം ഉണ്ട്..”

“അനാവശ്യം പറയരുത്…”    ശ്രീബാല അലറി..

“സ്വന്തം കുടുംബം തകർത്തിട്ട് ആരെങ്കിലും കള്ളക്കഥ ഉണ്ടാക്കുമോ ശ്രീബാലേ?… അവര് നല്ല സൗഹൃദം മാത്രമാണെന്നാ ഞാനും കരുതിയത്.. പക്ഷേ തെളിവ് സഹിതം കണ്ടപ്പോൾ വിശ്വസിക്കാതിരിക്കാൻ കഴിഞ്ഞില്ല… അവര് രണ്ടും അവളുടെ തറവാട്ടിൽ പോയത് നീ അറിഞ്ഞിരുന്നോ?.. അതും സ്നേഹ മോളെ അവളുടെ  ചേട്ടന്റെ വീട്ടിൽ വിട്ടിട്ട്…”

ശ്രീബാല  ഇല്ലെന്ന് തലയാട്ടി…. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..

“അതിന് ശേഷവും പല തവണ  അവരെ പല സ്ഥലങ്ങളിലും വച്ച് കണ്ടവരുണ്ട്..  ഞാനും നേരിട്ട് കണ്ടു…”

അയാൾ ഒന്ന് നിർത്തി…

“അവനോടു ചോദിക്കാൻ എനിക്ക് തോന്നിയില്ല… കാരണം അവൾ  എല്ലാം സമ്മതിച്ചു…”

രാജേഷ് പോക്കറ്റിൽ നിന്നു ഫോൺ എടുത്ത് ഒരു ഓഡിയോ ഫയൽ ഓപ്പൺ ചെയ്തു….

“അതെ… ഞാനും മഹിയും ഇഷ്ടത്തിലാ… ഞങ്ങൾ കെട്ടിപിടിച്ചിട്ടുണ്ട്.. ഉമ്മ

വച്ചിട്ടുണ്ട്.. ഫിസിക്കൽ റിലേഷൻ ഷിപ്പിൽ ഏർപ്പെട്ടിട്ടുണ്ട്… നിങ്ങൾക്ക് എന്താണ് പ്രശ്നം? ഇതെന്റെ ലൈഫാ… എന്നെ തടയാൻ ഒരാൾക്കും അവകാശമില്ല…”

ഒരു സ്ത്രീ അട്ടഹസിക്കും പോലെ പറയുന്നത് ശ്രീബാല കേട്ടു… അവളുടെ തല കറങ്ങി… കണ്ണിൽ ഇരുട്ട് കയറി…. വിശ്വസിക്കാനാകുന്നില്ല… തന്റെ മഹിയേട്ടൻ…. അവൾ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു….അയാൾ ഫോൺ  തിരികെ വച്ചു.

“ഇതിനെ പറ്റി ചോദിച്ചപ്പോൾ രേഷ്മ എന്നോട് സംസാരിക്കുന്നത് റെക്കോർഡ് ചെയ്തതാണ്… ഇത് മാത്രമല്ല… ശ്രീബാലയെ കേൾപ്പിക്കാൻ പറ്റാത്ത പലതും ഉണ്ട്.. ഞാനിത് എടുത്ത് വയ്ക്കാൻ കാരണം, നാളെ അവളിത് നിഷേധിച്ചാൽ  ഞാൻ നുണയാനാവില്ലേ? അതുകൊണ്ടാ..”

അയാൾ ബോട്ടിൽ തുറന്ന് കുറച്ചു വെള്ളം എടുത്ത് കുടിച്ചു..

“ഞാൻ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ്… സതീഷും രേഷ്മയും തമ്മിൽ ഒരുപാട് ഇഷ്യൂസ് ഉണ്ട്.. പക്ഷേ അതൊക്കെ സോൾവ് ചെയ്യാൻ വേണ്ടി കഷ്ടപ്പെടുന്നതിനിടയിലാ  ഈ ചതി അവൾ ചെയ്തത്… ശ്രീബാലയോട് പറയണോ വേണ്ടയോ എന്ന് ഒരുപാട് ആലോചിച്ചു.. മഹേഷിന്റെ കൂടെയൊരു ജീവിതം സ്വപ്നം കണ്ടു നടക്കുന്ന പെണ്ണല്ലേ നീ? എന്റെ അനിയൻ വഞ്ചിക്കപ്പെട്ടത് പോലെ നീയും ആകരുത് എന്ന് കരുതിയാ  പറയുന്നത്… ഒന്ന് അവനെ നിയന്ത്രിക്കണം… കഴിഞ്ഞത് കഴിഞ്ഞു..ഇനി ഇതാവർത്തിക്കരുത്… നാട്ടുകാരുടെ മുന്നിൽ ഞങ്ങളെ നാണം കെടുത്തരുത്… ഹൃദ്രോഗി ആയ ഒരു മകളാണ്  സ്നേഹ… ഇതൊക്കെ അവളറിഞ്ഞാൽ ചിലപ്പോൾ മരിച്ചു പോകും..”

ശ്രീബാല കണ്ണുകൾ തുടച്ച് അയാളെ നോക്കി..

“ഞാനെന്തു ചെയ്യും?”

“മഹേഷിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം… അവർ തമ്മിൽ കാണരുത്… അടുത്ത് ഇടപഴകരുത്… അതിലും വലിയ പ്രശ്നമാ എന്റെ വീട്ടിൽ… ഇതൊക്കെ സതീഷിനോട് ആരോ വിളിച്ചു പറഞ്ഞു… അവനിങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്…. എന്തൊക്കെ നടക്കും എന്നെനിക്കും അറിയില്ല..അവനെ ഞാനെങ്ങനെയെങ്കിലും തണുപ്പിച്ചോളാം… ശ്രീബാല  മഹേഷിനോട് സംസാരിക്ക്… ഞാൻ പറഞ്ഞതായി  അവൻ അറിയണ്ട.. കാരണം  പിന്നെ എന്റെ മുന്നിൽ നില്കാൻ അവനൊരു മടി ഉണ്ടാകും….മനുഷ്യരാണ്… തെറ്റുകൾ പറ്റും… പക്ഷേ ആ തെറ്റുകൾ കൊണ്ട് മറ്റുള്ളവരുടെ ജീവിതം തകരരുത്…”

ശ്രീബാല  ഒന്നും മിണ്ടാതെ ഡോർ  തുറന്ന് പുറത്തിറങ്ങി… അവൾക്ക് തല ചുറ്റുന്നുണ്ടായിരുന്നു… കാഴ്ചകൾ അവ്യക്തമാകുന്നു…ഒരു വിധത്തിൽ അവൾ ഹോസ്പിറ്റലിനു അകത്തെത്തി… കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ് ജീന അവളുടെ ഭാവം കണ്ട് അമ്പരന്നു…

“എന്നാ പറ്റിയെടീ? നിനക്ക് വയ്യേ?”

അവൾ  ജീനയെ മിഴിച്ചു നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല… അതുവഴി പോകുന്ന വരുണിനെ ജീന കൈകാട്ടി വിളിച്ചു..

“എടാ… ഇവൾക്ക് സുഖമില്ലെന്നു തോന്നുന്നു..”

“അയ്യോ… എന്തുപറ്റി?”

“ഒന്നുമില്ല… എനിക്ക് കുറച്ചു നേരം കിടക്കണം… വരുണേ…താനൊന്ന് നഴ്സിംഗ് സൂപ്രണ്ടിനോട് പറയാമോ?”

“യെസ് ഷുവർ… ഡോക്ടറെ കാണിച്ചിട്ട് പോയി റസ്റ്റ് എടുത്തോ… “

“എനിക്ക് ശരീരത്തിനല്ല… മനസിനാ അസുഖം… അത് ചികിൽസിക്കാനുള്ള ഡോക്ടർ ഇവിടില്ല…”

ചുവരിൽ പിടിച്ച് മെല്ലെ നടന്നു പോകുന്ന ശ്രീബാലയെ നോക്കി വരുൺ കുറച്ചു നേരം  നിന്നു… പിന്നെ നഴ്സിങ് സൂപ്രണ്ടിന്റെ അടുത്തേക്ക് നടന്നു…

***********

രാത്രി അവസാനത്തെ ട്രിപ്പ്‌ ആയിരുന്നു അത്.. ബസിൽ വലിയ തിരക്കൊന്നും ഇല്ല.. സ്ഥിരമായി വരുന്ന യാത്രക്കാർ മാത്രം..മുന്നിൽ ഇരുന്ന് കണക്കുകൾ നോക്കുകയാണ് മഹേഷ്‌…

“രാവിലെ മുപ്പത്, ഉച്ചയ്ക്ക് അൻപത്.. വൈകിട്ട് അൻപത്.. അങ്ങനെ നൂറ്റി മുപ്പത് അല്ലേ വാങ്ങിയത് ഇക്കാ?”

“ഇരുന്നൂറ് വേറെ വാങ്ങിച്ചാരുന്നു.. നാലുമണിക്ക്…”

ഹനീഫ ഓർമിപ്പിച്ചു..

“അയ്യോ അത് ഞാനെഴുതിയില്ല… മറന്നു പോയി..”

“ഈയിടെയായി നിനക്കിച്ചിരി മറവി കൂടുന്നുണ്ട്… ഇനി കെട്ട് കഴിഞ്ഞാൽ  നീ ഞങ്ങളെയും മറക്കുമോ?”

“കെട്ടോ?”

“അതെ… ഹരി പറഞ്ഞു  നീയാ നേഴ്സ് കൊച്ചിനെ കെട്ടാൻ പോകുകയാണെന്ന്… എന്തൊക്കെയായിരുന്നു പണ്ട് ഡയലോഗ്.. എനിക്കവളോട് പ്രണയമില്ല, സഹതാപം മാത്രം… ഞാൻ അവളെ കെട്ടില്ല…….അപ്പഴേ എനിക്കറിയാമായിരുന്നു ഇതൊക്കെ ഇങ്ങനെയേ വരൂ എന്ന്…”

“അങ്ങനെ ഒരു തീരുമാനം ആയാൽ ഞാനെന്തായാലും ഇക്കയോട് പറയില്ലേ? ഇതുവരെ അവളോട് സംസാരിച്ചില്ല..”

“വൈകിക്കണ്ട… അതൊരു നല്ല കുട്ടിയാ… ആ ഒരുകാര്യം പറയാൻ മറന്നു… സൈനുദ്ദീൻ ഗൾഫിൽ പോകാനുള്ള പരിപാടി ഉണ്ട്…”

“അയ്യോ ഞാനറിഞ്ഞില്ല…”

“ഉറപ്പിച്ചില്ല… അവന്റെ ചേച്ചി അവിടുണ്ടല്ലോ.. ചേച്ചീടെ പുയ്യാപ്ലയും ഇവനും  ചേർന്ന് എന്തോ ബിസിനസ് തുടങ്ങാനുള്ള പ്ലാനാ….”

“മൂപ്പര് പോയാൽ  ബസിന്റെ കാര്യം കുഴയുമല്ലോ? ഹാജിക്കയ്ക്ക് വയ്യാതിരിക്കുകയാ… നമ്മുടെ കഞ്ഞികുടി മുട്ടുമോ?”

“ജീവിതകാലം മുഴുവൻ  കണ്ടക്ടർ ആകാനാണോ നിന്റെ തീരുമാനം? ഞാൻ ഒരു ഡ്രൈവർ വിസ നോക്കുന്നുണ്ട്… കിട്ടിയാൽ പോകും… കുഞ്ഞുമോനും ഭാര്യയും  ചേർന്ന് ഒരു ഹോട്ടൽ നടത്താനുള്ള പ്ലാൻ ആണ്… നീയും  എന്തെങ്കിലും വഴി നോക്കിക്കോ… മദീന ബസ് വേറെ ഏതേലും മുതലാളി  ഏറ്റെടുത്താൽ ജോലി ചെയ്യാൻ പാടായിരിക്കും…. ഈ സ്വാതന്ത്ര്യം ഒന്നും കിട്ടില്ല… തന്നെയുമല്ല, ഈ പണികൊണ്ടൊന്നും ഒരു കാര്യവുമില്ലെടാ.. ഇത്രേം കാലമായിട്ടും ഞാനൊന്നും ഒന്നും ഉണ്ടാക്കിയിട്ടില്ല… ദിവസവും ചിലവ് കഴിഞ്ഞു പോകും…. പിള്ളേരൊക്കെ വലുതായി വരികയല്ലേ? എന്തെങ്കിലും സമ്പാദിക്കണം…”

ഹനീഫ പറയുന്നതിൽ കാര്യമുണ്ട് എന്ന് അവനറിയാം… പക്ഷേ വേറൊരു ജോലിയെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല….അഹമ്മദ് ഹാജിക്ക് പണ്ടത്തെ പോലെ ഒന്നിനും വയ്യ.. സൈനുദ്ദീൻ ഗൾഫിൽ പോകുകയും ചെയ്‍താൽ ഉറപ്പായും മദീന ബസ്  ആർകെങ്കിലും കൊടുക്കും… മറ്റ് ബസുകളിൽ പണി കിട്ടിയേക്കാം. പക്ഷേ ഈ റൂട്ടും യാത്രക്കാരുമെല്ലാം ജീവിതത്തിന്റെ ഭാഗമായതാണ്…അത് മാറുക എന്നത് ചിന്തിക്കാൻ പോലും പ്രയാസം…

“മഹീ…. ഇതെന്താ സംഭവം?” ഹനീഫയുടെ ചോദ്യം കേട്ട് അവൻ മുന്നോട്ട് നോക്കി… റോഡിൽ കുറച്ചു ആളുകൾ ബസ് നിർത്താൻ ആവശ്യപ്പെടുന്നുണ്ട്.അവിടെ സ്റ്റോപ്പ്‌ ഒന്നും ഇല്ല..

“വല്ല കല്യാണപ്പാർട്ടിക്കൊ മറ്റോ വന്നവരായിരിക്കും… നിർത്തിയേക്ക്… ഇന്ന് കളക്ഷൻ കുറവാ… കിട്ടുന്നത് കളയണ്ട..”

“ബസിൽ കയറാൻ നടുറോട്ടിൽ നിന്നാണോ കൈ കാട്ടേണ്ടത്? കള്ളുകുടിയന്മാർ ആയിരിക്കും…”

“സാരമില്ല ഇക്കാ… “

ഹനീഫ ബസ്സ്‌ നിർത്തി…നാല് പേർ മുൻവശത്തെ ഡോർ വഴി അകത്തു കയറി.. ബാക്കിയുള്ളവർ റോഡിൽ തന്നെ നിന്നതേ ഉള്ളൂ…

“നീയാണോടാ  മഹേഷ്‌?”

ഒരാൾ ചോദിച്ചു…

“അതെ… എന്താ…?”

“നിനക്ക് രേഷ്മയെ അറിയുമോ?”

അതോടെ അവന് കാര്യം മനസ്സിലായി… ആ മനുഷ്യനെ എവിടെയോ കണ്ടിട്ടുണ്ട് എന്ന് ആദ്യം തന്നെ തോന്നിയിരുന്നു… ഭർത്താവിന്റെ പഴയ ഫോട്ടോസ് രേഷ്മ കാണിച്ചു കൊടുത്തിട്ടുണ്ട്…

“നീയെന്താ ഒന്നും മിണ്ടാത്തെ?അവളെ അറിയുമോ ഇല്ലയോ?”

യാത്രക്കാർ കാര്യം മനസിലാകാതെ പരസ്പരം നോക്കി..

“അറിയാം…” അവൻ പതിയെ പറഞ്ഞു..

“നിനക്ക് കൂടെ കിടക്കാൻ എന്റെ ഭാര്യ തന്നെ വേണം അല്ലേടാ പട്ടീ…?”

സതീഷ്  അവന്റെ ഷർട്ടിൽ പിടിച്ചുലച്ചു.. പിന്നെ വയറിൽ ആഞ്ഞു ചവിട്ടി… അവൻ ബസ്സിന്റെ പ്ലാറ്റുഫോമിൽ മലർന്നടിച്ചു വീണു… ബാഗിൽ നിന്നും ചില്ലറത്തുട്ടുകൾ  ചിതറി….

“എല്ലാരും കേട്ടോ…. ഇവന്റെ പരിപാടി ഈ ബസിൽ യാത്ര ചെയ്യുന്ന പെണ്ണുങ്ങളെ വളച്ചെടുക്കലാ… ഞാൻ കുറേ കാലം ഗൾഫിലായിരുന്നു… എന്റെ ഭാര്യയാ ഇപ്പൊ ഇവന്റെ ഇര… അവസാനം വീട്ടിനകത്തു വരെയായി… അതിനുള്ള സമ്മാനം കൊടുത്തില്ലെങ്കിൽ പിന്നെ ഞാനീ മീശയും വച്ച് നടക്കുന്നതിൽ എന്തർത്ഥം?”

സതീഷ്  മഹേഷിന്റെ അടുത്തേക്ക് നടന്നു..

“എടാ…”  പിന്നിൽ ഒരലർച്ച കേട്ട് അവർ അയാളും കൂട്ടുകാരും തിരിഞ്ഞു നോക്കി… ഹനീഫ ഡ്രൈവിംഗ് സീറ്റിൽ നിന്നും എണീറ്റു നിൽക്കുകയാണ്..

“പെർമിറ്റ് എടുത്ത് ഓടുന്ന ബസിൽ ഡ്യൂട്ടിയിലുള്ള കണ്ടക്ടറെയാണ് നീ മർദിച്ചത്…. അത് നമുക്ക് നിയമപരമായി നോക്കാം… പക്ഷേ അവൻ എന്റെ അനിയനാ… അവനെ തൊട്ടാൽ തൊടുന്നവന്റെ കൈ ഞാനൊടിക്കും…”

ഹനീഫ കുഞ്ഞുമോനെ നോക്കി.. അയാൾ പിൻസീറ്റിനടിയിലെ  ബോക്സിൽ നിന്ന് വീൽ സ്പാനർ എടുത്ത് എന്തിനും തയ്യാറായി…

“പ്രൈവറ്റ് ബസുകാര് എന്താടാ നിനക്കൊക്കെ എടുത്തു കൊട്ടാനുള്ള ചെണ്ടയാണോ?.. വര്ഷങ്ങളായി എന്റെ കൂടെ ജോലി ചെയ്യുന്ന ചെറുക്കനാ ഇത്.. ഇന്നേവരെ ഒരു പെണ്ണിനോടും മോശമായി പെരുമാറിയിട്ടില്ല… ഇനി നിന്റെ ഭാര്യയുടെ കാര്യം…ഇവൻ അവളെ ബലാത്സംഗം ചെയ്തതൊന്നുമല്ലല്ലോ? ഇവര് തമ്മിൽ അങ്ങനൊരു ബന്ധം ഉണ്ടെങ്കിൽ അതിലൊരു പങ്ക് അവൾക്കും ഉണ്ടാകില്ലേ?.. ആദ്യം അവളെ വിളിച്ചോണ്ട് വാ… എന്നിട്ട് എല്ലാരും ഒന്നിച്ചിരുന്ന് സംസാരിക്കാം.. അല്ലാതെ കയ്യാങ്കളിക്കുള്ള പരിപാടി ആണേൽ, നീ വിവരമറിയും…”

സതീഷ്  ഹനീഫയോട് എന്തോ പറയാനൊരുങ്ങിയതും  സീറ്റിലിരുന്ന യാത്രക്കാർ എഴുന്നേറ്റു.. അതിൽ രണ്ടുപേർ മഹേഷിനെ പിടിച്ച് എഴുന്നേൽപ്പിച്ചു…വേറെ രണ്ടുപേർ നിലത്തു വീണ നാണയങ്ങൾ പെറുക്കി എടുത്ത് തുടങ്ങി…

“അതേയ്… ഷോ ഇറക്കാതെ  മക്കള് ചെല്ല്… ഇത് ഞങ്ങളുടെ ബസാ… ഇതിലെ ജോലിക്കാർ ഞങ്ങളുടെ കുടുംബം പോലെയും…. ഗുണ്ടായിസംകാണിക്കാനാണ് പരിപാടിയെങ്കിൽ എല്ലാത്തിനേം ചവിട്ടികൂട്ടും…”

ടൗണിൽ ലോഡിങ് ജോലിക്ക് പോകുന്ന ഒരാൾ പറഞ്ഞു.മറ്റുള്ളവരും അതിനെ അനുകൂലിച്ച് നില്കുന്നത് കണ്ടപ്പോൾ സതീഷിന്റെ കൂട്ടുകാരിൽ ഒരാൾ പതിയെ പറഞ്ഞു..

“വാ  പോകാം….”

അയാൾ പകയോടെ മഹേഷിനെ നോക്കി..

“നീ രക്ഷപെട്ടു എന്ന് വിചാരിക്കണ്ട…എന്നെങ്കിലും എന്റെ കയ്യിൽ കിട്ടും…”

അയാളും കൂട്ടുകാരും പുറത്തേക്കിറങ്ങി.. ഹനീഫ ബസ് സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തു… ആരും ഒന്നും സംസാരിച്ചില്ല.. യാത്രക്കാർ അവർക്കിറങ്ങേണ്ട സ്റ്റോപ്പുകളിൽ ഇറങ്ങി.. ചിലർ  മഹേഷിനെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു… അവർക്ക് ഉറപ്പാണ് അവൻ തെറ്റൊന്നും ചെയ്യില്ല എന്ന്… ട്രിപ്പ്‌ കഴിഞ്ഞു ബസ് പാർക്ക് ചെയ്തപ്പോൾ  നിറഞ്ഞു വരുന്ന കണ്ണുകൾ മറച്ചു പിടിക്കാൻ അവൻ പാടുപെടുന്നത് ഹനീഫ കണ്ടു…

“ഒരു മിനിറ്റ് ഇക്കാ… ഞാൻ പൈസ തരാം.. കണക്ക് ഒന്നൂടെ നോക്കട്ടെ..”

“വേണ്ടെടാ… നാളെ മതി.. നീ വീട്ടിൽ പോ..”

“എനിക്ക് കുഴപ്പമൊന്നും ഇല്ല..”

“അതറിയാം… നാളെ സംസാരിക്കുന്നതാ നല്ലത്… നീ പൊയ്ക്കോ… ഞാൻ കൊണ്ടുവിടണോ?”

“വേണ്ട… പൊയ്ക്കോളാം..”

അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോകുന്നത് നോക്കി നിൽക്കവേ ഹനീഫ വേദനയോടെ കുഞ്ഞുമോനോട് പറഞ്ഞു…

“പാവം ചെറുക്കൻ…. മറ്റുള്ളവരുടെ സങ്കടം കണ്ട് സഹായിച്ചു എന്നൊരു തെറ്റ്‌ മാത്രമേ ചെയ്തിട്ടുള്ളൂ… അതിനാ എല്ലാരും കൂടി ഇങ്ങനെ……. പടച്ചോൻ രക്ഷിക്കട്ടെ…”

മഹേഷ്‌ വീട്ടുമുറ്റത്ത് എത്തിയപ്പോൾ മാതുവമ്മയുടെ വീടിന്റെ ചവിട്ടു പടിയിൽ ഇരിക്കുന്ന ശ്രീബാലയെ  കണ്ട് അമ്പരന്നു.. ബൈക്ക് സ്റ്റാൻഡിൽ ഇട്ട് അവൻ അങ്ങോട്ട് പോയി…

“നീയെന്താടീ  പെട്ടെന്ന്?”

“വരേണ്ട ആവശ്യം ഉണ്ടായിരുന്നു…. ഇതെന്താ മഹിയേട്ടന്റെ ചുണ്ട് പൊട്ടിയിരിക്കുന്നെ?”

അവളുടെ  സ്വരത്തിൽ എന്തോ മാറ്റം അവന് അനുഭവപ്പെട്ടു…

“അതോ… ഒന്ന് വീണു… മാതുവമ്മയും അച്ഛനും ഉറങ്ങിയോ..?”

“ഉം…എനിക്ക് കുറച്ചു സംസാരിക്കണം…”

“എന്താ?..”

“പറയാം… വാ..”

അവൾ  മഹേഷിന്റെ വീടിനു നേരെ നടന്നു.. എന്താണ് അവൾ ചോദിക്കാൻ പോകുന്നത് എന്ന് അവനൊരു ഊഹം ഉണ്ടായിരുന്നു…പ്രിയ എന്തെങ്കിലും പറഞ്ഞു കാണും… അവൾ ചെന്ന് നിന്നത് അവന്റെ അമ്മയുടെ  അസ്ഥിതറയ്ക്ക് മുന്നിലാണ്..

“ഇവിടുന്ന് മഹിയേട്ടൻ കള്ളം പറയില്ല എന്നാണ് എന്റെ വിശ്വാസം… ഞാൻ ചോദിക്കുന്നതിനു യെസ് ഓർ നോ മാത്രം പറഞ്ഞാൽ മതി.. വിശദീകരണം വേണ്ട.. അതുകേൾക്കാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ…”

ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും ശ്രീബാലയുടെ ശബ്ദം ഇടറുന്നുണ്ട്….അവൾ കൈകൾ മാറിൽ കെട്ടി അവന്റെ മുഖത്ത് നോക്കി….  നിലാവെളിച്ചത്തിൽ അവിടെ വിയർപ്പ് തുള്ളികൾ തിളങ്ങുന്നത് അവൾ കണ്ടു..

“രേഷ്മ ടീച്ചറുടെ കൂടെ അവരുടെ തറവാട്ടിലേക്ക് മഹിയേട്ടൻ പോയിരുന്നോ? വേറെ ആരും ഇല്ലാതെ?”

“എടീ… അത്….”

“പോയിരുന്നോ ഇല്ലയോ?അതുമാത്രം പറ..”

“ഉവ്വ്‌… പോയിരുന്നു.”

“അവരുടെ ഭർത്താവിന്റെ വീട്ടിൽ ആരുമില്ലാത്തപ്പോൾ പോയിരുന്നോ?”

“അത്…”

“പോയിരുന്നു അല്ലേ?”

അവനൊന്നും മിണ്ടിയില്ല..

“കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും ചെയ്തിരുന്നോ?”

“ബാലേ….”  ദയനീയമായി അവൻ വിളിച്ചു..

“മഹിയേട്ടാ അമ്മയെ സാക്ഷിയാക്കിയാ ചോദിക്കുന്നെ… കള്ളം പറയരുത്…”

“നീ വിചാരിക്കുന്നതല്ല….”

“യെസ് ഓർ നോ എന്ന് മാത്രം പറഞ്ഞാൽ മതി..”

അതോടെ മഹേഷിന് ദേഷ്യം വന്നു…

“യെസ്…മതിയോ…?”

“മതി… മഹിയേട്ടന്റെ വായിൽ നിന്നു കേൾക്കാനാ ഇത്രേം ദൂരംയാത്ര ചെയ്തു വന്നത്…”

അവൾ നിലത്തേക്ക് ഇരുന്ന് ഏങ്ങികരഞ്ഞു…

“ഞാനൊരു പൊട്ടിയാ….ആരുമില്ലാതായ എന്നെ സഹായിച്ച പുരുഷനെ പ്രണയിച്ചു… കൂടെ ജീവിക്കാൻ ആഗ്രഹിച്ചു… അതിന് മഹിയേട്ടൻ ക്ഷണിക്കുന്നതും കാത്ത് ഇത്രയും നാൾ നോക്കിയിരുന്നു.. പക്ഷേ മഹിയേട്ടനോ?… തന്നെക്കാൾ വയസിനു മൂത്ത, വിവാഹം കഴിഞ്ഞു ഒരു പെൺകുട്ടിയുടെ അമ്മയായ സ്ത്രീയോട് സ്നേഹം…. അത് സ്നേഹമാണോ, അതോ…?”

“ബാലേ  നീ അതിരു വിടുന്നു…”

“ഒരു പെണ്ണിന്റെ ശരീരമാണ് ആവശ്യമെങ്കിൽ എന്നോട് പറഞ്ഞൂടായിരുന്നോ? മഹിയേട്ടന് വേണ്ടി സന്തോഷത്തോടെ ഞാനത് നൽകിയേനെ… ഇത് മറ്റൊരു കുടുംബം നശിപ്പിച്ചിട്ട് എന്തിനാ?.. ഞാൻ മനസ്സിൽ അത്രയും ഉയരത്തിൽ ഇരുത്തിയ ആള് വേറൊരു പെണ്ണിന്റെ ഭർത്താവിന്റെ അടി കൊണ്ടതൊക്കെ ഇവിടെ എല്ലാരും അറിഞ്ഞു….”

കരച്ചിൽ കാരണം അവൾക്ക് ശ്വാസം മുട്ടി…മഹേഷ്‌ അവളുടെ തോളിൽ പിടിച്ചു.. അവൾ ആ കൈ തട്ടി മാറ്റി…

“ഞാൻ രേഷ്മടീച്ചറുടെ അത്ര സുന്ദരി അല്ലായിരിക്കാം… അവരുടെ പോലെ നൃത്തം ചെയ്യാനോ, മറ്റു കഴിവുകളോ ഒന്നും ഇല്ലായിരിക്കാം… പക്ഷേ എനിക്ക് മഹിയേട്ടനെ ജീവനായിരുന്നു,… അത് കാണാതെ പോയില്ലേ… സാരമില്ല… എന്റെ വിധിയാണ്….. നാളെ രാവിലെ ഞാൻ പോകും… ഇനി ചിലപ്പോൾ കണ്ടില്ല എന്ന് വരാം… അതിൽ മഹിയേട്ടന് സങ്കടമൊന്നും ഉണ്ടാവില്ല എന്നും അറിയാം… എന്നാലും ഒരു കാര്യം പറഞ്ഞോട്ടെ,… അച്ഛനെയും മാതുവമ്മയെയും വിഷമിപ്പിക്കരുത്…”

“നീ കാര്യമറിയാതെയാണ് എന്നെ കുറ്റപ്പെടുത്തുന്നത്…”   അവൻ നേർത്ത സ്വരത്തിൽ പറഞ്ഞു…

“അറിയാനൊന്നും ബാക്കിയില്ല…ടീച്ചർ പറയുന്നതും കേട്ടു… നിങ്ങൾ എല്ലാ അർത്ഥത്തിലും ഒന്നായി എന്നവർ സമ്മതിച്ചു കഴിഞ്ഞു…”

എങ്ങനെ ശ്രീബാലയെ പറഞ്ഞു മനസിലാക്കും എന്നറിയാതെ അവൻ കുഴങ്ങി… പെട്ടന്ന് അവന്റെ ഫോൺ അടിച്ചു… അവൻ എടുത്തു നോക്കി,… രേഷ്മയാണ്… സ്‌ക്രീനിൽ ആ പേര് കണ്ടതോടെ ശ്രീബാലയുടെ മുഖത്ത് പുച്ഛം നിറഞ്ഞു…

“സംസാരിക്ക്… രാത്രി പതിനൊന്നു മണിക്ക്… അതും ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ട്, ഭർത്താവ് നാട്ടിൽ വന്നിട്ടും അവർ വിളിക്കണമെങ്കിൽ നിങ്ങൾ തമ്മിലുള്ള ബന്ധം അത്രയും  വലുതായിരിക്കും..”

“അതേടീ… ഞങ്ങൾ പ്രണയത്തിലാ… പ്രണയം മാത്രമല്ല, കാമവും പങ്കു വച്ചിട്ടുണ്ട്.. നിന്നെ പേടിക്കണോ? നീയെന്റെ ആരാ?”

അവന്റെ നിയന്ത്രണം വിട്ടു…

“കുറേ നേരമായി സഹിക്കുന്നു… എന്നെ ചോദ്യം ചെയ്യാനുള്ള അധികാരമൊന്നും നിനക്കില്ല… എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കും..”

ശ്രീബാല എഴുന്നേറ്റു കണ്ണുകൾ തുടച്ചു… എന്നിട്ട് നടക്കാൻ തുനിഞ്ഞു..പിന്നെ തിരിഞ്ഞ് അവന്റെ അടുത്ത് വന്നു കെട്ടിപിടിച്ചു…

“എല്ലാത്തിനും നന്ദിയുണ്ട്… എനിക്ക് വേണ്ടി നഷ്ടപ്പെടുത്തിയതൊക്കെ തിരിച്ചു തരാൻ ശ്രമിക്കും… ഒരുപാട് ഇഷ്ടമായിരുന്നു മഹിയേട്ടാ… എല്ലാം ഇന്നത്തോടെ തീർന്നു.. ഇനി ഒരു തടസമായി ശ്രീബാല ഉണ്ടാകില്ല…”

ചേർത്തു പിടിക്കാൻ ശ്രമിച്ച മഹേഷിനെ തള്ളിമാറ്റി  അവൾ  മാതുവമ്മയുടെ വീട്ടിലേക്ക് ഓടി… രേഷ്മയുടെ കാൾ വീണ്ടും വന്നു… അവൻ ഫോൺ നിലത്തേക്ക് ആഞ്ഞെറിഞ്ഞു…. അത് പല കഷണങ്ങളായി ചിതറി… അമ്മയുടെ അസ്ഥിതറയിൽ  തല ചേർത്തു വച്ച് അവൻ  പൊട്ടിക്കരഞ്ഞു…. മതിവരുവോളം…….

(തുടരും )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “എന്റെ മാത്രം – 11”

  1. സൂര്യപുത്രി

    😑😑😐എങ്ങോട്ടാണോ എന്തോ ഈ പോക്ക്…
    പെട്ടെന്ന് തന്നെ അടുത്ത എപ്പിസോഡ് വന്നപ്പോ ഹൃദയാഘാതം വരാതെ രക്ഷപ്പെട്ടൂ ന്ന് കരുതിയതാ.. ഇതിപ്പോ ഇടിവെട്ട് ഏറ്റവനെ പാമ്പ് കടിച്ച പോലായിപ്പോയി..

    Waiting for 12th episode..

Leave a Reply

Don`t copy text!