Skip to content

എന്റെ മാത്രം – 2

എന്റെ മാത്രം

ഭരതന്റെ വീട്ടിലെ പുതിയ ജീവിതവുമായി പൊരുത്തപ്പെടാൻ മഹേഷിന് ബുദ്ധിമുട്ടായിരുന്നു.. അതുവരെ തന്നെ കെട്ടിപിടിച്ചു കിടന്നിരുന്ന അമ്മ അയാളുടെ കൂടെ  ഒരു മുറിയിൽ… അതവന് സഹിക്കാൻ പറ്റിയില്ല.പക്ഷെ അമ്മയെ ഓർത്ത് അവൻ മിണ്ടാതെ , ദേഷ്യവും സങ്കടവുമെല്ലാം  ഉള്ളിലൊതുക്കി നിന്നു…രണ്ടു ബെഡ്‌റൂമും അടുക്കളയുമുള്ള വീട്..മുറ്റത്തു നിന്നും മുല്ലവള്ളികൾ ഓടിന് മീതെ പടർന്നു പന്തലിച്ചിട്ടുണ്ട്… പറമ്പ് മുഴുവൻ  പല വിധത്തിലുള്ള ചെടികളാണ്… ഒരു വശത്ത്  ചെറിയൊരു കുളം… അത് അയാൾ സ്വയം നിർമിച്ചതാണെന്ന് അറിഞ്ഞപ്പോൾ അവന് അത്ഭുതം തോന്നി… അയൽക്കാർ എന്ന് പറയാൻ  ആകെ ഉള്ളത് ഒരു വൃദ്ധ  മാത്രമാണ്…. മാതുവമ്മ… അവർ തനിച്ചാണ് താമസം. ആത്മീയതയുടെ  മാർഗം സ്വീകരിച്ച മകൻ  വല്ലപ്പോഴും ഒന്ന് വരും.. പക്ഷേ അവർക്ക് പരാതിയില്ല… എന്തിനും  ഏതിനും ഭരതൻ സഹായത്തിനു എത്തും…ശോഭ ആ വീട്ടിൽ വന്നപ്പോൾ വിളക്ക് കൊളുത്തി സ്വീകരിച്ചത് മാതുവമ്മ ആയിരുന്നു.. മഹേഷിന് ഒരു പരിധി വരെ ആശ്വാസവും അവർതന്നെ.. സ്കൂൾ വിട്ട് വന്നാൽ അവൻ   നേരെ മാതുവമ്മയുടെ വീട്ടിൽ പോയി ഇരിക്കും..

“കുട്ടാ… കാണാൻ ഭീകരനാണെങ്കിലും ഭരതൻ ആളൊരു പാവമാ…”

ഉമ്മറത്ത് കാലും  നീട്ടിയിരുന്നു മാതുവമ്മ പറഞ്ഞു… അവർക്ക് മുറുക്കാൻ ഇടിച്ചു കൊടുക്കുകയായിരുന്നു മഹേഷ്..

“വല്യ പൈസക്കാരന്റെ മോനാ… മോനെന്ന് വച്ചാൽ  ആദ്യ ഭാര്യയിൽ ഉണ്ടായത്… അയാൾ രണ്ടാമത് കെട്ടി… അവൾക്ക് ഇവനെ കണ്ണെടുത്താൽ കണ്ടൂടാ… എന്നും ഓരോ കാരണങ്ങളുണ്ടാക്കി  വഴക്കു കൊള്ളിക്കും… സഹികെട്ട് ഇവൻ  വീട്ടിൽ നിന്നിറങ്ങി… കുറേ കാലം  മദിരാശിയിൽ ആയിരുന്നു… കുടുംബസ്വത്ത്‌ വീതം വച്ചപ്പോൾ കിട്ടിയ കാശ് കൊണ്ട് ഇവിടെ സ്ഥലം വാങ്ങി വീടു വച്ചു… ആദ്യമൊക്കെ  ദിവസവും രാവിലെ തൊട്ട് കുടി ആയിരുന്നു.. ഞാൻ കുറെ ഉപദേശിച്ചു.. വഴക്കു പറഞ്ഞു… അങ്ങനാ  അതൊക്കെ നിർത്തി ജോലിക്ക് പോയി തുടങ്ങിയത്… ആരോടും പെട്ടെന്ന് അടുക്കില്ല… പെണ്ണ് കെട്ടിക്കാൻ കുറേ നോക്കിയതാ.. പക്ഷേ അവന് താല്പര്യം ഇല്ലാരുന്നു.. മോന്റെ അമ്മയെ ഇഷ്ടപ്പെടാൻ എന്താ കാരണം എന്ന് ഞാനൊരിക്കൽ ചോദിച്ചതാ… അപ്പോ പറയുകയാ, ശോഭയേക്കാൾ അവളുടെ മോനെ എനിക്ക് ഒത്തിരി ഇഷ്ടമാ, ആ കുട്ടി അനുഭവിക്കുന്നത് എനിക്ക് മനസിലാകുമെന്ന്,..”

മാതുവമ്മ  ഒരു ദീർഘനിശ്വാസത്തോടെ  മഹേഷിന്റെ കവിളിൽ തലോടി…

“ജന്മം തന്നില്ലെങ്കിലും കർമ്മം കൊണ്ട് അവൻ  നിന്റെ അച്ഛൻ തന്നെയാ.. ആ ബഹുമാനം എന്നും ഉണ്ടാകണം..”

പൂർണമായും മനസിലായില്ലെങ്കിലും ഭരതൻ  കുഴപ്പക്കാരനൊന്നും അല്ല എന്ന് മഹേഷിന് തോന്നി …

ശോഭയുടെ വരവോടെ അയാൾ ആകെ മാറിയിരുന്നു… വൈകിട്ട് ജോലി കഴിഞ്ഞാൽ  ഷാപ്പിൽ പോയിരിക്കാതെ നേരെ വീട്ടിലേക്ക് വരാൻ  തുടങ്ങി.. എന്നും കയ്യിൽ പലഹാരപ്പൊതി ഉണ്ടാകും… കൂലി കിട്ടുന്ന പൈസ  അവളെ ഏല്പിക്കും..

“എന്റെ കയ്യിൽ എന്തിനാ തരുന്നേ?”  ആദ്യം അവൾ  വ്യസനത്തോടെ ചോദിച്ചു… കാരണം ഇതൊക്കെ അവൾക്ക് പുതിയതായിരുന്നു… രാജപ്പൻ  ഒരിക്കൽ പോലും അങ്ങനെ കൊടുത്തിട്ടില്ല.. ആവശ്യങ്ങൾ പറഞ്ഞാൽ പോലും കാശ് നൽകാറുമില്ല..

“അവിടെ വച്ചോ…. എന്റെ കയ്യിലിരുന്നാൽ ചിലവായിപ്പോകും… അഞ്ചോ പത്തോ വേണമെങ്കിൽ നിന്നോട് ചോദിച്ചോളാം.. നിയന്ത്രിക്കാൻ ആരെങ്കിലും ഉണ്ടെന്നുള്ളത് ഒരു സുഖമാ… പോരാഞ്ഞിട്ട്  മോന് വല്ല ആവശ്യങ്ങളും ഉണ്ടെങ്കിൽ എന്നോട് നേരിട്ട്  പറയാൻ അവന് മടിയുണ്ടാകും…”

ഇതൊക്കെ മഹേഷും കേൾക്കുന്നുണ്ടായിരുന്നു… അയാളോട് വെറുപ്പ് കുറഞ്ഞെങ്കിലും സ്നേഹമൊന്നും അവന് തോന്നിയില്ല…എന്തെങ്കിലും ചോദിച്ചാൽ തന്നെ ഒന്നോ രണ്ടോ വാക്കുകളിൽ മറുപടി ഒതുക്കും..പക്ഷേ അയാൾ അതിൽ പരാതിയൊന്നും പറഞ്ഞില്ല… ഒരു കുറവും വരുത്താതെ ആ  അമ്മയെയും മകനെയും അയാൾ  നോക്കി.. ഇടയ്ക്ക് അവരെയും കൂട്ടി ടൗണിൽ പോകും..നല്ല ഹോട്ടലുകളിൽ കയറി ഭക്ഷണം കഴിക്കും.. ചിലപ്പോൾ ഒരു സിനിമ, അല്ലെങ്കിൽ, പാർക്കിലോ ബീച്ചിലോ കുറച്ച് നേരം ചിലവഴിക്കും…ഡ്രെസ്സും മറ്റുമായി കുറെയേറെ സാധനങ്ങൾ  തിരിച്ചു വരുമ്പോൾ അവരുടെ കയ്യിൽ ഉണ്ടാകും..

അവരുടെ സന്തോഷകരമായ ജീവിതത്തിൽ പലർക്കും അസൂയ തോന്നിയിരുന്നു… പക്ഷേ ഭരതനെ പേടിയായത് കൊണ്ട് ഒന്നും പരസ്യമായി പറഞ്ഞില്ല എന്ന് മാത്രം… മഹേഷിനോട് ചിലരൊക്കെ അർത്ഥം വച്ചു സംസാരിക്കും… ആദ്യമൊക്കെ വിഷമവും  ദേഷ്യവും തോന്നിയിരുന്നെങ്കിലും പിന്നീട് അതിനോട് പൊരുത്തപ്പെട്ടു…ജീവിതം സമാധാനപൂർണമായി മുന്നോട്ട് പോകുന്നതിനിടയിലാണ് അത് സംഭവിച്ചത്….മഹേഷ്‌ പത്താം ക്ലാസിൽ പഠിക്കുന്ന സമയം.

..ഒരു നെഞ്ചു വേദനയുടെ രൂപത്തിൽ കടന്നു വന്ന മരണം  ശോഭയെ  കൊണ്ടുപോയി… അവനത് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. അമ്മ ഇനി ഇല്ലെന്ന തിരിച്ചറിവ് അവനെ തളർത്തി… ഭരതനും അതേ അവസ്ഥ തന്നെ… നാട്ടിലെ  എല്ലാ മൃതദേഹങ്ങളും ദഹിപ്പിക്കാനോ, മറവു ചെയ്യാനോ ഒരു മടിയുമില്ലാത്ത അയാൾ  ശോഭയുടെ  ചിതയ്ക്ക് മുന്നിൽ കുഴഞ്ഞു  വീണു…

ആളുകളൊക്കെ പിരിഞ്ഞു പോയി…ആ വീട്ടിൽ ഭരതനും  മഹേഷും  മാതുവമ്മയും മാത്രമായി…അവൻ മുറിക്കുള്ളിൽ തന്നെ ഇരിക്കുകയാണ്… അവിടെ അമ്മയുടെ ഗന്ധം നിറഞ്ഞു നിൽപ്പുണ്ട്… പാതിവഴിയിൽ  ജീവിതത്തിന്റെ യാത്ര അവസാനിച്ച ഒരു പാവം സ്ത്രീ… നരകയാതനകളിൽ നിന്ന് മോചനം നേടി, സന്തോഷങ്ങളും സമാധാനവും എന്തെന്ന് അറിഞ്ഞു വന്നപ്പോഴേക്കും എല്ലാം  കഴിഞ്ഞു…

ഭരതൻ  മുറ്റത്ത് നിന്ന് തെക്കേ മൂലയിൽ  പുകയുന്ന ചിതയിലേക്ക് നോക്കി നില്കുകയായിരുന്നു…. എന്തിനാണ് വിധി തന്നോട് ഇത്ര ക്രൂരത കാണിക്കുന്നത് എന്നയാൾക്ക് മനസിലായില്ല… അമ്മയെ നഷ്ടമായി.. അച്ഛൻ ഉപേക്ഷിച്ചു…. മനം മടുപ്പിക്കുന്ന ഏകാന്തതയെ തോല്പിക്കാൻ വേണ്ടിയാണ് മദ്യപാനം തുടങ്ങിയത്… അതെല്ലാം നിർത്താൻ കാരണമായ, ഇരുളടഞ്ഞ ജീവിതത്തിൽ വെളിച്ചം പരത്തിയ  ആളാണ്  അവിടെ ചാരവും  കനലുകളുമായി തീർന്നിരിക്കുന്നത്… മരിച്ചത് ശോഭ മാത്രമല്ല, താനും കൂടിയാണെന്ന് അയാൾക്ക് തോന്നി…

പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ പരിതാപകരമായിരുന്നു… രണ്ടു പേരും രണ്ടു മുറികളിൽ…. മാതുവമ്മ  എന്തെങ്കിലും ഭക്ഷണമുണ്ടാക്കി അവരെ കഴിക്കാൻ നിർബന്ധിക്കും… പക്ഷേ അന്നോളം അടുത്തിരുന്ന് ഊട്ടിയ ഒരാളുടെ അഭാവം വിശപ്പിനെ അകറ്റി…. ഇത് പതിവായപ്പോൾ  മാതുവമ്മ  ഭരതനോട് ദേഷ്യപ്പെട്ടു..

“ഈ വയസാം കാലത്ത്  നിനക്കൊക്കെ വച്ചു വിളമ്പി തരുന്ന എന്നെ വേണം പറയാൻ.. കൊച്ചു കുട്ടിയൊന്നുമല്ലല്ലോ..? നീ പട്ടിണി കിടന്നാൽ മരിച്ചവർ  തിരിച്ചു വരുമോ?”

അയാൾ ഒന്നും മിണ്ടാതെ കണ്ണുമടച്ചു കിടപ്പാണ്… ആ മുഖത്തേക്ക് നോക്കിയപ്പോൾ അവർക്ക് സങ്കടം വന്നു..

“ഞാൻ നിന്റെ ആരുമല്ല, എന്നാലും അമ്മയെ പോലാ നീ എന്നെ സ്നേഹിച്ചത്.. ആ സ്വാതന്ത്ര്യം ഉള്ളത് കൊണ്ടു പറയുകയാ… ശോഭയേ പോയിട്ടുള്ളൂ… അവളുടെ മോൻ ഇവിടെയുണ്ട്.. നീയാണ് ആ കുഞ്ഞിന് ധൈര്യം കൊടുക്കേണ്ടത്.. പ്രായവും പക്വതയും ലോകപരിചയവുമുള്ള  നീ ഇങ്ങനെ തളർന്നാൽ അവന്റെ ഗതിയെന്താകും? കഴിഞ്ഞത് കഴിഞ്ഞു… ഇനി മുന്നോട്ടുള്ള ജീവിതം നോക്ക്… നീ ഇങ്ങനെ സ്വയം ഉരുകി തീരുന്നത് കണ്ടാൽ അവളുടെ ആത്മാവിനു സഹിക്കാൻ പറ്റില്ല..”

കണ്ണുകൾ തുടച്ചു കൊണ്ട് അവർ പുറത്തേക്കിറങ്ങി… ചുവരിൽ തൂക്കിയ ശോഭയുടെ  ഫോട്ടോയിലേക്ക് കണ്ണും നട്ട് അയാൾ അവിടെ തന്നെ കിടന്നു..

“പാതിയിൽ വിട്ട് പോകാനായിരുന്നെങ്കിൽ എന്തിനാ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്? ഒരുപാട് സ്നേഹം കുറച്ചു നാള് കൊണ്ട് തന്നിട്ട് നീ പോയി.. ഇനി ഞാനെന്ത് ചെയ്യും? മോന് ഇപ്പഴും എന്നെ ഉൾകൊള്ളാനായിട്ടില്ല… അവന്റെ കാര്യം ഓർക്കുമ്പോഴാ പേടി…. “

തലയിണയിൽ മുഖമമർത്തി അയാൾ പൊട്ടിക്കരഞ്ഞു….

അടുത്ത ദിവസം രാവിലെ  ഭരതൻ  ഒരു ഗ്ലാസ് കട്ടൻ ചായയുമായി  മഹേഷിന്റെ മുറിയിലേക്ക് ചെന്നു… അവൻ  കട്ടിലിൽ ചാരികിടക്കുകയാണ്… അയാൾ ചായ  മേശപ്പുറത്ത് വച്ച്  അരികിൽ ഇരുന്നു,..എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നെങ്കിലും അവന്റെ മുഖത്തെ താല്പര്യമില്ലായ്മ അയാളെ  തടഞ്ഞു…. കുറേ നേരത്തിനു ശേഷം അവന്റെ കൈ പിടിച്ചമർത്തി..

“സങ്കടപ്പെടരുത്… ഞാനുണ്ട് നിനക്ക്…. നാളെ മുതൽ സ്കൂളിൽ പോണം..”

അത്ര മാത്രം പറഞ്ഞു കൊണ്ട് അയാൾ പുറത്തേക്കിറങ്ങി…

പിറ്റേന്ന് മുതൽ  മഹേഷ്‌ സ്കൂളിലേക്കും, ഭരതൻ ജോലിക്കും പോയി തുടങ്ങി.. അതിരാവിലെ അയാൾ എഴുന്നേറ്റ് ചായയും  പ്രാതലും അവന് കൊണ്ടുപോകാനുള്ള ഉച്ചഭക്ഷണവും തയ്യാറാക്കും..പിന്നെ യൂണിഫോം ഇസ്തിരിയിട്ട് മേശപ്പുറത്തു വയ്ക്കും.. അതിന്റെ കൂടെ കാശും… കാരണം  ഹൈസ്കൂൾ കുറച്ച് ദൂരെയാണ്.. പത്തു മിനിട്ടോളം ബസിൽ യാത്ര ചെയ്യണം… അവൻ ചോദിക്കില്ല എന്നറിയാവുന്നത് കൊണ്ട് തന്നെ  എന്നും പൈസ  ബാഗിന് മുകളിൽ  വയ്ക്കും…. വേറെ വല്ലതും വേണോ എന്ന് ചോദിക്കാൻ മാതുവമ്മയെയും  ചുമതലപ്പെടുത്തി..

സ്കൂളിൽ അവന് കൂട്ടുകാർ ആരുമുണ്ടായിരുന്നില്ല… ആരോടും മിണ്ടാതെ ഒതുങ്ങിക്കൂടിയ അവന്റെ ഒരേയൊരു സുഹൃത്ത്, എന്നും രാവിലെയും വൈകിട്ടും യാത്ര ചെയ്യുന്ന  ശിവശക്തി ബസിലെ കണ്ടക്ടർ  ഹരി ആണ്…ബഹളം വയ്ക്കുന്ന മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തനായി മാറി നിൽക്കുന്ന അവനെ അയാൾക്ക് ഇഷ്ടപ്പെട്ടു… ആ ബസിന്റെ ലാസ്റ്റ് സ്റ്റോപ്പ്‌ മഹേഷിന്റെ നാട്ടിലാണ്… അവിടെ എത്തുന്നതിനു കുറച്ചു ദൂരം മുൻപ് തന്നെ  ഏകദേശം യാത്രക്കാരെല്ലാം ഇറങ്ങും… അയാൾ അവന്റെ അടുത്ത് വന്നിരുന്ന് സംസാരിക്കും… ആദ്യമൊക്കെ മടിച്ചെങ്കിലും പിന്നീട് അവൻ  എല്ലാം തുറന്നു പറഞ്ഞു… അച്ഛനും അമ്മയും നഷ്ടപ്പെട്ടവനാണെന്ന് അറിഞ്ഞപ്പോൾ അയാൾക്ക് അവനോട് പ്രത്യേക വാത്സല്യം തോന്നി.. ബസ്സ്‌ ആ കവലയിലെത്തിയാൽ  അര മണിക്കൂർ കഴിഞ്ഞേ തിരിച്ച് പോകൂ.. അതു വരെ അവർ ഓരോന്ന് പറഞ്ഞിരിക്കും….

“മഹീ… ശരിക്കും നീ ഭാഗ്യവാൻ തന്നെയാ.. തന്റേത് അല്ലാത്ത കുട്ടിയെ സ്നേഹിക്കാൻ എല്ലാർക്കും കഴിഞ്ഞെന്ന് വരില്ല.. പക്ഷേ അമ്മ പോയിട്ടും അദ്ദേഹം നിനക്ക് വേണ്ടതൊക്കെ ചെയ്തു തരുന്നില്ലേ..? നിന്നോട് മുഖം കറുപ്പിച്ച് ഒരു വാക്ക് പോലും പറഞ്ഞിട്ടുമില്ല… അങ്ങനെയൊരാളെ വേദനിപ്പിക്കരുത്… നന്നായി പഠിച്ച് നല്ല ജോലിയൊക്കെ നേടി അദ്ദേഹത്തെ സംരക്ഷിക്കണം…”

ഒരു ദിവസം  ഹരി പറഞ്ഞു…

“നീ അനുഭവിക്കുന്ന ഒറ്റപ്പെടൽ തന്നെയല്ലേ  അദ്ദേഹത്തിനും? ഞാനിതുവരെ നേരിൽ കണ്ടിട്ടില്ലെങ്കിലും കുറച്ചൊക്കെ എനിക്കും മനസിലാകും…വേറെ പെണ്ണ് കിട്ടാഞ്ഞിട്ടൊന്നും അല്ലല്ലോ നിന്റെ അമ്മയെ അദ്ദേഹം കല്യാണം കഴിച്ചത്?.. മരിക്കുന്നത് വരെ നിന്റെ അമ്മയെ ഒന്ന് വഴക്കു പറഞ്ഞിട്ട് പോലുമില്ല… അപ്പൊ ആ സ്നേഹം ആത്മാർത്ഥമാണ്… പെട്ടെന്ന് തനിച്ചായി പോയിട്ടും പതറാതെ, നിനക്ക് വേണ്ടി മാത്രമല്ലെ  ഇപ്പോഴും ജീവിക്കുന്നത്?..”

“ഞാനെന്ത് ചെയ്യണമെന്നാ  ഹരിയേട്ടൻ പറയുന്നത്?”

“എടാ..  അദ്ദേഹത്തോട് സംസാരിക്കണം…നീ കൊച്ചു കുട്ടിയൊന്നും അല്ലല്ലോ?.. വീട്ടിലെ ജോലിയിലൊക്കെ സഹായിക്ക്.. വെയിലും മഴയും കൊണ്ട് പണിയെടുക്കുന്ന മനുഷ്യനല്ലേ,..നിന്റെ ചെറിയ സഹായങ്ങൾ പോലും വളരെ വലുതായിരിക്കും… നിനക്ക് അദ്ദേഹവും, അദ്ദേഹത്തിന് നീയും  മാത്രമേ ഉള്ളൂ.. അതോർമ്മ വേണം… ആദ്യം കാരണമില്ലാത്ത വെറുപ്പ് മനസ്സിൽ നിന്ന് എടുത്ത് കള…”

“എനിക്കു വെറുപ്പ് ഒന്നുമില്ല..”

“സ്നേഹമുണ്ടോ?”

ആ ചോദ്യത്തിന് മഹേഷിന്റെ കയ്യിൽ ഉത്തരം ഇല്ലായിരുന്നു.. തന്നോട് തന്നെ പലവട്ടം ചോദിച്ചതാണ്…

“അറിയില്ല ഹരിയേട്ടാ….”  അവന്റെ കണ്ണുകൾ നിറഞ്ഞു..അയാൾ  അവന്റെ തോളിൽ തട്ടി..

“വിഷമിപ്പിക്കാൻ പറഞ്ഞതല്ല..നാളെ അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ  നിനക്ക് കുറ്റബോധം കൊണ്ട് ഉറങ്ങാൻ പറ്റാതെ വരും.. “

ഹരിയുടെ വാക്കുകൾ അവന്റെ മനസ്സിൽ  മുഴങ്ങിക്കൊണ്ടിരുന്നു.. അന്ന് വീട്ടിൽ ചെന്നയുടൻ അവൻ അടുക്കളയിൽ കയറി.. ഭരതൻ വരാറാകുന്നതേയുള്ളൂ…അടുപ്പ് കത്തിച്ച് വെള്ളം ചൂടാക്കി… അയാൾ ചൂടുവെള്ളത്തിലാണ് വൈകിട്ട് കുളിക്കുക എന്നറിയാം… രണ്ടു ഗ്ലാസ് ചായ ഉണ്ടാക്കിയപ്പോഴേക്കും ഭരതൻ വന്നു.. മുറ്റത്ത് നിന്ന് കാല് കഴുകി തിരിഞ്ഞ അയാൾ  ചായഗ്ലാസും  നീട്ടി പിടിച്ചു നിൽക്കുന്ന മഹേഷിനെ കണ്ട് അമ്പരന്നു..

“നീയെന്തിനാ ഇതൊക്കെ ചെയ്തത്? കൈ പൊള്ളിയാലോ?”

“ഏയ്‌… സാരമില്ല…കുളിക്കാൻ വെള്ളം തിളപ്പിച്ചിട്ടുണ്ട്…”

അവൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു കൊണ്ട് അകത്തേക്ക് നടന്നു..ഭരതൻ ഗ്ലാസ്‌ കൈയിൽ പിടിച്ചു കൊണ്ട് ഉമ്മറത്തിരുന്നു.. അയാൾക്ക് സങ്കടവും സന്തോഷവും ഒരുമിച്ചു വന്നു…. മുറിയിൽ നിന്ന് മഹേഷ്‌  ഉറക്കെ പുസ്തകം വായിക്കുന്നത് കേട്ടപ്പോൾ അയാൾ അങ്ങോട്ട് പോയി..കയ്യിലിരുന്ന പൊതി അവന്റെ അടുത്തു വച്ചു…അതിൽ പലഹാരങ്ങളാണ് എന്ന് അവൻ ഊഹിച്ചു ..

“നാളെ ശനിയാഴ്ച അല്ലേ? നിനക്ക് ക്ലാസ്സില്ലല്ലോ..?”

“ഇല്ല..”

“എനിക്കും ജോലിയില്ല.. നമുക്ക് ടൗണിൽ പോയാലോ..?”

അവൻ തലയാട്ടി…

“ശരി.. നീ ഇത് കഴിക്ക്… ഞാൻ കുളിച്ചിട്ട് വരാം…”

അയാൾ ആഹ്ലാദത്തോടെ പോകുന്നത് കണ്ടപ്പോൾ അവന്റെ മുഖത്തൊരു ചിരി വിരിഞ്ഞു… ഹരിയേട്ടൻ പറഞ്ഞത് സത്യമാണ്.. ഈ മനുഷ്യൻ തനിക്കു വേണ്ടി മാത്രമാണ് ജീവിക്കുന്നത്…അമ്മയുടെ തീരുമാനം ശരിയായിരുന്നു… എന്നെങ്കിലും അത് തനിക്ക് മനസിലാകുമെന്ന് അമ്മ പറഞ്ഞത് അവന്റെ മനസിലേക്ക് ഓടിയെത്തി…

പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം  രണ്ടുപേരും നഗരത്തിലേക്കുള്ള ബസ് കയറി… അവൻ തൊട്ടരികിൽ ഇരുന്നപ്പോൾ ഭരതന് അഭിമാനം തോന്നി… ആദ്യമായിട്ടാണ് അവർ അങ്ങനെ യാത്ര ചെയ്യുന്നത്… ടൗണിൽ എത്തി ഭക്ഷണം കഴിച്ചു കഴിഞ്ഞ് അയാൾ ചോദിച്ചു..

“എങ്ങോട്ടാ പോകേണ്ടത്?”

“എങ്ങോട്ടെങ്കിലും..”

“സർക്കസ് കാണാൻ പോയാലോ?”

“ഉം.. “

ഒരു ഓട്ടോ പിടിച്ച് അവർ അങ്ങോട്ട് പോയി.. ടിക്കറ്റ് എടുത്ത് അകത്തു കയറിയിരുന്ന ശേഷം അയാൾ  അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു..

“എന്താ…?” അവൻ ചോദിച്ചു..

“ശോഭ അടുത്തുള്ളത് പോലെ തോന്നുകയാ… അവളെനിക്ക് തന്ന ഏറ്റവും വലിയ നിധി  നീയാണ് ..”

അമ്മയുടെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ അവന് വേദന  തോന്നി..

“നന്നായി പഠിക്കണം… എന്ത് വേണമെങ്കിലും ചോദിക്കാൻ മടിക്കേണ്ട.. നിനക്ക് വേണ്ടിയാ ഞാൻ കഷ്ടപ്പെടുന്നത്…എനിക്ക് വേറെ ആരുമില്ല..”

അയാളുടെ ശബ്ദമിടറി… നിറയുന്ന കണ്ണുകൾ അവനിൽ നിന്നും മറയ്ക്കാൻ അയാൾ മുഖം തിരിച്ചു… സർക്കസ് തുടങ്ങിയതും  തീർന്നതുമൊന്നും രണ്ടാളും അറിഞ്ഞതേയില്ല…എന്തിനോ തേങ്ങുന്ന രണ്ടു ഹൃദയങ്ങൾ….

പിന്നീടങ്ങോട്ട് അവരുടെ നാളുകൾ സന്തോഷപൂർണ്ണമായിരുന്നു.. അധികം സംസാരിക്കില്ല എങ്കിലും എല്ലാം പരസ്പരം അറിഞ്ഞു ചെയ്തു… വീട്ടുജോലികൾ മുക്കാൽ ഭാഗവും  മഹേഷ്‌ ഏറ്റെടുത്തു… അവധിദിവസങ്ങളിൽ  അവൻ  ഹരി ജോലി ചെയ്യുന്ന ബസിൽ വെറുതെ പോകും… ചിലപ്പോൾ ഒന്നോ രണ്ടോ ട്രിപ്പ്‌ കിളിയുടെ പണി ഏറ്റെടുക്കും.. ടൗണിലെ സ്റ്റാൻഡിൽ എത്തിയാൽ ഹരി അവനെയും  കൊണ്ട് മറ്റു ബസ് ജീവനക്കാരുടെ അടുത്ത് പോയി സംസാരിക്കും… അവനത് വലിയ സന്തോഷമായിരുന്നു.. ദേഷ്യമായാലും സന്തോഷമായാലും ഉറക്കെ വെട്ടിത്തുറന്ന് സംസാരിക്കുന്ന സാധാരണ മനുഷ്യർ…. സമയത്തെ ചൊല്ലി വഴക്കടിക്കുമ്പോൾ ചിലപ്പോൾ പച്ചത്തെറികളൊക്കെ കടന്നു വരും… പക്ഷേ കുറച്ചു കഴിയുമ്പോൾ വഴക്കു കൂടിയവർ തന്നെ തോളിൽ കയ്യിട്ടു നടക്കുന്നതും കാണാം…. ആൾകാരോട് ഇടപഴകാൻ മടിയായിരുന്ന  അവന്റെ സ്വഭാവത്തെ മാറ്റിയെടുക്കുന്നതിൽ ഒരു പരിധി വരെ  ഹരി  വിജയിച്ചു….

നാളുകൾ പിന്നെയും കടന്നു പോയി..മഹേഷ്‌ പ്ലസ്ടുവിന് പഠിക്കുന്നു..പരീക്ഷ നടന്നു കൊണ്ടിരിക്കുന്ന സമയം.. അവരുടെ ജീവിതത്തിൽ  വിധി  ക്രൂരത വീണ്ടും കാട്ടി.. ആഴമേറിയ ഒരു കിണറു വൃത്തിയാക്കി  കയറുന്നതിനിടെ  ഭരതന്റെ ചുവട് പിഴച്ചു… പിടി വിട്ട് അയാൾ താഴേക്ക്  വീണു… കൂടെ ജോലി ചെയ്യുന്നവരും  മറ്റും കഷ്ടപ്പെട്ട് പുറത്തേതെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചു.. അവിടുന്നു മെഡിക്കൽ കോളേജിലേക്കും… അബോധാവസ്ഥയിലും  അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു…

“മഹീ…”

പിന്നീടങ്ങോട്ട് ആശുപത്രിവാസം…. മാതുവമ്മയുടെയും ഹരിയുടെയും നിർബന്ധത്തിന് വഴങ്ങി  മഹേഷ്‌ പരീക്ഷകളൊക്കെ ഒരുവിധം എഴുതി…പക്ഷേ മുന്നോട്ടുള്ള വഴികൾ അടഞ്ഞു എന്ന സത്യം അവനറിയാമായിരുന്നു.. ഒരിക്കലും കഠിനമായ ജോലികളൊന്നും ചെയ്യാൻ പാടില്ല എന്ന് ഡോക്ടർ  ഭരതനെ കർശനമായി വിലക്കി… അയാൾ അത് അനുസരിക്കാൻ തയ്യാറായിരുന്നില്ല..വിശ്രമിക്കാനുള്ള സമയപരിധി കഴിഞ്ഞാൽ  വീണ്ടും ജോലിക്കിറങ്ങും എന്നയാൾ ഉറപ്പിച്ചു.. മഹേഷിന്റെ ഭാവി മാത്രമായിരുന്നു അയാളുടെ ലക്ഷ്യം…

ഒരു സായാഹ്നത്തിൽ പറമ്പിലെ കുളക്കരയിൽ ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്നു മഹേഷ്‌.. ഇനിയെന്ത് ചെയ്യും  എന്ന ചോദ്യം അവനെ അലട്ടി… പ്ലസ്ടു തരക്കേടില്ലാതെ പാസായി… വീട്ടു ചിലവുകൾക്ക് വരെ ബുദ്ധിമുട്ടുന്ന ഈ സമയത്ത് പഠനം  ഒരു ബാധ്യതയാണ്… എങ്ങനെയെങ്കിലും ഭരതനെ സമ്മതിപ്പിച്ച്  ജോലിക്ക് ഇറങ്ങാം എന്നവൻ  തീരുമാനിച്ചു… മാതുവമ്മ  അങ്ങോട്ട് വന്നു…

“നീയെന്താ കുട്ടാ ഇവിടെ ഇരിക്കുന്നേ?”

“വെറുതെ..”

“ഭരതൻ ഉറക്കമാണോ?”

“അതെ… മരുന്ന് കഴിച്ച്  മയങ്ങുകയാ…”

അവർ  അവന്റെ അടുത്ത് ഇരുന്നു..

“ഓരോ കാലക്കേട്.. അല്ലാണ്ട് എന്താ പറയുക.. അവന് ഇങ്ങനെ സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല… ദൈവത്തിന്റെ പരീക്ഷണം..”

മഹേഷ്‌ പുച്ഛത്തോടെ ഒന്ന് ചിരിച്ചു..

“ആർക്കും  ഒരു ഉപദ്രവവും ചെയ്യാത്ത രണ്ടുപേരെ ശിക്ഷിക്കുന്നതാണോ  മാതുവമ്മേ പരീക്ഷണം? ഇത്രയും ക്രൂരനാണോ ദൈവം?”

“അങ്ങനൊന്നും പറയല്ലേ മോനേ… ഇതിനൊക്കെ ഒരു പരിധിയുണ്ടാകും.. അത് കഴിഞ്ഞാൽ  ദൈവം തന്നെ  നിങ്ങൾക്കൊരു നല്ല കാലം വരുത്തും..”

“അതൊക്കെ വെറുതെയാ… എന്റെ അമ്മയുടെ കാര്യം തന്നെ നോക്ക്.. സന്തോഷത്തോടെ  ജീവിച്ചത് വളരെ കുറച്ച് നാൾ മാത്രമല്ലേ? ഇതാണോ  നീതി? “

“തർക്കിക്കാനൊന്നും ഞാനില്ല കുഞ്ഞേ… എന്നാലും പറയുകയാ… നമ്മുടെ ദുഃഖങ്ങൾക്കുള്ള പരിഹാരവും ദൈവം തന്നെ  തരും… ഭരതനെ നിനക്ക് തന്നത് പോലെ… ലോകത്ത് ആരെങ്കിലും ഭാര്യയുടെ ആദ്യ ബന്ധത്തിലെ കുട്ടിയെ വിചാരിച്ച് സ്വന്തം കുഞ്ഞെന്ന സ്വപ്നം വേണ്ടെന്ന് വെക്കുമോ?”

മഹേഷ്‌ ഞെട്ടിത്തരിച്ചു പോയി…

“എന്താ മാതുവമ്മ പറഞ്ഞത്…?”

“അതെ  കുട്ടാ… നീയെന്നല്ല, ആരും  അറിയരുത് എന്ന് അവന് നിർബന്ധം ഉണ്ടായിരുന്നു… പക്ഷേ അത് ശരിയല്ല… പണ്ട് അവനോടു ഞാൻ ചോദിച്ചു കല്യാണം കഴിഞ്ഞിട്ട് കുറച്ചു നാളായില്ലേ, ഒരു കുഞ്ഞിനെ പറ്റി ചിന്തിച്ചൂടെ എന്ന്.. അപ്പൊ അവൻ പറഞ്ഞു അങ്ങനെ ഒരു കുഞ്ഞ് ജനിച്ചാൽ  മഹിക്ക് അത് സങ്കടമാകും, തന്നെ ആർക്കും വേണ്ട എന്ന തോന്നൽ  അധികമാകുമെന്ന്… “

അവർ ഒന്ന് നിർത്തി..

“നിനക്ക് വേണ്ടിയാ, സ്വന്തം രക്തത്തിൽ ഒരു കുട്ടി എന്ന ആഗ്രഹം അവൻ ഉപേക്ഷിച്ചത്… അങ്ങനെയൊരാളെ  നിനക്ക് കിട്ടിയെങ്കിൽ അത് ദൈവത്തിന്റെ അനുഗ്രഹം തന്നെയല്ലേ….? ബാക്കിയൊക്കെ വിധിയാണ്… ആർക്കും തടയാൻ പറ്റില്ല..”

മാതുവമ്മ  എഴുന്നേറ്റു..

“നീയിത് അവനോട് ചോദിക്കാനൊന്നും നിൽക്കണ്ട… “

അവർ പോയിട്ടും മഹേഷ്‌ തരിച്ച് ഇരിക്കുകയായിരുന്നു… ഇങ്ങനെയൊക്കെ ഒരാൾക്ക് സ്നേഹിക്കാൻ കഴിയുമോ? അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല… ദീർഘനേരത്തെ ആലോചനകൾക്കൊടുവിൽ എന്തെങ്കിലും ജോലിക്ക് പോകാൻ അവൻ ഉറപ്പിച്ചു..അടുത്ത ദിവസം ബസിൽ പോയി ഹരിയെ കണ്ടു..

“ഹരിയേട്ടാ.. എനിക്ക് കണ്ടക്ടർ ആകണം..”

മുഖവുരയൊന്നും ഇല്ലാതെ അവൻ പറഞ്ഞു…

“എന്താ പറഞ്ഞേ? കേട്ടില്ല..”

“എനിക്ക് കണ്ടക്ടർ ആകണമെന്ന്..”

ഹരി  ഉറക്കെ ചിരിച്ചു…

“കലക്ടർ ആകണമെന്നൊക്കെ പറയുന്നത് പോലെയാണല്ലോ..”

“ഹരിയേട്ടാ… ഞാൻ തമാശ പറഞ്ഞതല്ല… എന്റെ ഇപ്പോഴത്തെ അവസ്ഥയൊക്കെ അറിയാല്ലോ?”

“എടാ അതൊക്കെ എനിക്കറിയാം… പക്ഷേ ഈ ജോലി കൊണ്ട് നിനക്ക് ഒരു കാര്യവുമുണ്ടാകില്ല… എനിക്കൊന്നും വേറെ വഴിയില്ലാത്തത് കൊണ്ട് മാത്രമാ ഇത് ചെയ്യുന്നത്… അന്നന്നത്തെ ദിവസം തട്ടിമുട്ടി കഴിക്കാം എന്നല്ലാതെ  വണ്ടിപ്പണി എടുത്ത് ആരും നന്നായിട്ടില്ല…ചുമ്മാ ജീവിതം നശിച്ചു പോകും…”

“അതൊന്നുമില്ല… എന്നിട്ട് എത്രപേർ  ഈ പണി എടുക്കുന്നുണ്ട്?”

“അതുണ്ട്.. പക്ഷേ നീ ആരോടു വേണമെങ്കിലും ചോദിച്ചു നോക്ക്… ഒരാളും  നിന്നെ പ്രോത്സാഹിപ്പിക്കില്ല.. കാരണം ഇതിന്റെ കഷ്ടപ്പാടുകൾ വേറൊരാള് കൂടി അനുഭവിക്കണ്ട എന്ന് അവരും ചിന്തിക്കും. അങ്ങോട്ടുമിങ്ങോട്ടും നാല് ട്രിപ്പ്‌ ഓട്ടം കഴിഞ്ഞ് വീട്ടിലെത്തുമ്പോ പാതിര ആകും.. പുലർച്ചെ എഴുന്നേറ്റ് വീണ്ടും ഓട്ടം… ഒന്നോ രണ്ടോ മിനിറ്റ് ലേറ്റ് ആയിപ്പോയാൽ സമയം  ഒപ്പിച്ചു വയ്ക്കാൻ വേണ്ടി മരണപ്പാച്ചിൽ… നാട്ടുകാരുടെ പ്രാക്കും തെറിയും കേട്ട് വൈകിട്ട് മുതലാളിക്ക് കളക്ഷൻ കൊടുക്കുമ്പോൾ ഇത്തിരി കുറവാണെങ്കിൽ  അങ്ങേരുടെ മുഖം കറുക്കുന്നത് കാണാം… വേണ്ടെടാ… ഇതൊരിക്കലും നിനക്ക് സെറ്റ് ആവാത്ത ഫീൽഡ് ആണ്… നീ ഡിഗ്രിക്ക് അഡ്മിഷൻ കിട്ടാനുള്ള വഴി നോക്ക്.. എന്നെ കൊണ്ട് പറ്റുന്ന സഹായം ഞാനും  ചെയ്യാം…”

പക്ഷേ മഹേഷ്‌ പിന്മാറിയില്ല… അവന്റെ നിർബന്ധം സഹിക്കാൻ വയ്യാതെ  ജോലി പഠിപ്പിക്കാം എന്ന് ഹരി സമ്മതിച്ചു… വിവരമറിഞ്ഞപ്പോൾ  ഭരതൻ ശക്തമായി എതിർത്തെങ്കിലും, ഡിഗ്രിക്ക് എവിടെയും അഡ്മിഷൻ കിട്ടിയില്ല, കുറച്ചു നാൾ ജോലി ചെയ്തു കാശ് ഉണ്ടാക്കിയ ശേഷം പ്രൈവറ്റ് ആയി പഠിക്കാമെന്ന  അവന്റെ കള്ളം വിശ്വസിച്ച് നിഷ്കളങ്കനായ ആ മനുഷ്യൻ അർദ്ധസമ്മതം മൂളി…. പണി പഠിപ്പിച്ചതും  കണ്ടക്ടർ ലൈസൻസ് എടുക്കാനുള്ള എല്ലാ ഏർപ്പാടുകളും ചെയ്തു കൊടുത്തതും ഹരി  തന്നെയാണ്… അത് കിട്ടിയപ്പോൾ വേറൊരു റൂട്ടിൽ ഓടുന്ന മദീന  ബസിൽ  ജോലിയും അയാൾ തന്നെ  ഒപ്പിച്ചു കൊടുത്തു…

അഹമ്മദ് ഹാജിയുടെ മദീന ബസ്… അപ്രതീക്ഷിതമായ ചില വഴിത്തിരിവുകൾക്ക് കാരണമായത് ആ ബസിലെ ജോലിയാണ്… പുതിയൊരാളുടെ കടന്നുവരവ്…. മഹേഷിന്റെ ജീവിതത്തിന്റെ അടുത്ത അദ്ധ്യായം….

(തുടരും )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

3.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “എന്റെ മാത്രം – 2”

  1. സൂപ്പർ കഥ.. സ്നേഹബന്ധത്തിന്റെ വില അത്രക്കും വില പെട്ടതാണെന്നു ഈ കഥയിലൂടെ മനസിലാക്കാൻ സാധിച്ചു.. ഈ കഥ എഴുതിയ കർണ്ണൻ സൂര്യപുത്രനു ഇനിയും ഒത്തിരി കഥകൾ എഴുതാൻ കഴിയട്ടെന്നു പ്രാർത്ഥിക്കുന്നു..

Leave a Reply

Don`t copy text!