Skip to content

എന്റെ മാത്രം – 4

എന്റെ മാത്രം

“ഞാനും കുറച്ചു നാളായി ശ്രദ്ധിക്കുന്നു.. നിനക്ക് ആ കൊച്ചിനെ കാണുമ്പോ ഒരിളക്കം..”

ഹനീഫ , മഹേഷിന്റെ കണ്ണുകളിൽ  തന്നെ  നോക്കി… ടൗണിലെ  വർക്ക്ഷോപ്പിൽ നിർത്തിയിട്ട ശിവശക്തി ബസിൽ ആയിരുന്നു അവർ.. ഹനീഫയുടെ അനിയത്തി പ്രസവിച്ച് ഹോസ്പിറ്റലിൽ കിടക്കുകയാണ്.. അത് പ്രമാണിച്ച് അയാൾ ലീവിൽ ആയിരുന്നു… കുഞ്ഞിനെ കാണാൻ വേണ്ടി മഹേഷും ലീവ് എടുത്തു… ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയപ്പോഴാണ് ഹരിയുടെ ബസ് വർക്ക്ഷോപ്പിൽ ഉണ്ടെന്നറിഞ്ഞത്… അതോടെ രണ്ടുപേരും ഇങ്ങോട്ടു വന്നു.. ബസിന്റെ പുറകിലിരുന്ന് ഹരിയും , മെക്കാനിക്ക് മണിയും മദ്യപിക്കുന്നുണ്ട്…

“ഛെ… ചുമ്മാ ഓരോന്ന് പറയല്ലേ.. ഒരു പാവം കുട്ടിയാ… അതിന്റെ അവസ്ഥയൊക്കെ അറിഞ്ഞപ്പോൾ ഒരു സഹതാപം,.”.

“സഹതാപം മൂത്ത് പ്രേമം ആകാതിരുന്നാൽ മതി. കഴിഞ്ഞ  കുറച്ച് നാളുകൾക്കുള്ളിൽ നാല് ബസ് തൊഴിലാളികളാ  അവരുടെ ബസിൽ വന്നോണ്ടിരുന്ന കൊച്ചുങ്ങളെ വളച്ചെടുത്ത്  ഒളിച്ചോടി കല്യാണം കഴിച്ചത്.. “

“ഞാനങ്ങനെ ആവില്ല പോരേ..?”

“പ്രേമിക്കുന്നതിനും കല്യാണം കഴിക്കുന്നതിനൊന്നും ഞാൻ എതിരല്ല.. പക്ഷേ ആദ്യം ഒരു പെണ്ണിനെ പോറ്റാനുള്ള പ്രാപ്തി ഉണ്ടാവണം.എന്നിട്ട് അന്തസായി വീട്ടിൽ പോയി ചോദിക്കണം… അവരു സമ്മതിച്ചു എന്ന് വരില്ല.. പക്ഷേ ശ്രമിക്കണം.. അല്ലാതെ വളർത്തി വലുതാക്കിയ വീട്ടുകാരെ കരയിച്ചു കൊണ്ട്  സ്വന്തം ഇഷ്ടം നോക്കി പോകരുത്..”

“ഇക്ക പറയുന്നത് കേട്ടാൽ ഞാനാ പെണ്ണിനെ കെട്ടാൻ പോകുവാണെന്ന് തോന്നുമല്ലോ..”

അവന് ദേഷ്യം വന്നു..

“നിന്നെയല്ലെടാ.. ഞാൻ പൊതുവെ പറഞ്ഞതാ..”

“ഹനീഫിക്ക കുടിക്കില്ല എന്നറിയാം… നിനക്ക് വേണോ മഹീ?”

പുറകിൽ നിന്ന് മണി  ചോദിച്ചു..

“അയ്യോ വേണ്ടായേ…”

“നിന്റെ ഗുരു ഇവിടെ ഇരിക്കുന്നത് കൊണ്ടാണോ? മദ്യത്തിന് വലിപ്പചെറുപ്പം ഒന്നുമില്ലെടാ..”

“അതു കൊണ്ടല്ല.. ഞാൻ ഇതുവരെ കഴിക്കാൻ തുടങ്ങിയിട്ടില്ല,. തുടങ്ങിയാൽ  ഒരു ഫുള്ളും മേടിച്ച് ഇങ്ങോട്ട് വരാം..”

“എന്നാൽ കൊല്ലും നിന്നെ ഞാൻ..”

ഹരി  വാട്ടർ ബോട്ടിൽ എടുത്ത് അവനെ എറിഞ്ഞു..

“നീയെങ്ങാനും കുടിച്ചു എന്നറിഞ്ഞാൽ കൊന്നിട്ട് ജയിലിൽ പോകും… പട്ടീ..”

“നല്ല ഫോമിൽ ആയല്ലോ..? മതിയാക്ക് ഹരിയേട്ടാ..”

“നിർത്തിയെടാ.. ഇനി ഒന്ന് ഉറങ്ങണം.. വൈകിട്ട് കെട്ടു വിട്ടാലേ വീട്ടിൽ കേറാൻ പറ്റൂ…”

“നിങ്ങളൊരുത്തനാ  ഇങ്ങേരെ ചീത്തയാക്കുന്നത്..”

അവൻ  മണിയോട് ചൂടായി…

“ഇത്രേം വണ്ടികൾ  ഇവിടെ ഉണ്ടായിട്ടും നിങ്ങള് കള്ളു കുടിച്ച് ഇരിക്കുവാണോ, പണി എടുക്കണ്ടേ?”

“ഞാനിന്നു ലീവാ… പണിയെടുക്കാനല്ലേ  എന്റെ ശിഷ്യന്മാർ…? അവരത് കൃത്യമായി ചെയ്യും.. പിന്നെ, ഇവനെ ചീത്തയാക്കിയത് ഞാനൊന്നുമല്ല,.. ഞങ്ങൾ ക്‌ളാസ്‌മേറ്റ്സ് ആയിരുന്നു.. പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ പൗഡറിന്റെ ടിന്നിൽ ബ്രാണ്ടി മിക്സ്‌ ചെയ്തു കൊണ്ടുവന്ന മാന്യനാ  നിന്റെയീ ഹരിയേട്ടൻ…”

മണി  ഗ്ലാസ്‌ വായിലേക്ക് കമഴ്ത്തി…

“നീയും ഇക്കയും സംസാരിക്കുന്നത് ഞങ്ങൾ കേട്ടു…ഉപദേശിക്കുകയാണെന് കരുതരുത് മഹീ..ബസിലെ ജോലി ഒരുപാട് പ്രലോഭനങ്ങൾ  നിറഞ്ഞതാണ്… കാണാൻ  സുന്ദരനും  സൽസ്വഭാവിയുമായ ഒരു ചെറുപ്പക്കാരനെ  സ്ത്രീകൾക്ക് ഇഷ്ടപ്പെടും..അവരുടെ ചിരിയിൽ  മയങ്ങിയാൽ  അവിടെ തീർന്നു… പിന്നെ ജീവിതകാലം മുഴുവൻ നരകിക്കേണ്ടി വരും… അതാണ് ഞാൻ പെണ്ണുകെട്ടാത്തത്..”

“അല്ലാതെ നിങ്ങൾക്ക് ആരും പെണ്ണ് തരാഞ്ഞിട്ടല്ല… അല്ലേ?”

തൊട്ടു മുന്നിൽ നിർത്തിയിട്ട ബസിലെ ചെറുപ്പക്കാരനായ കണ്ടക്ടർ അവരുടെ അടുത്തേക്ക് വന്നു..

“മണിയേട്ടാ…ലിസ്റ്റ് തന്നാൽ  സാധനങ്ങൾ വാങ്ങിയിട്ട് എനിക്ക് പോയി ഊണ് കഴിക്കാമായിരുന്നു.. വിശക്കുന്നു..”

“നിന്റെ ബസിനടിയിൽ ഒരുത്തൻ മലർന്നു കിടക്കുന്നുണ്ടാകും.. അവനോട് ചോദിക്ക്..”

“അയാള് ഫോണും വിളിച്ചോണ്ട്  നടക്കുവാ.. കുറെ നേരമായി.. “

“കണ്ടോടാ.. നേരത്തെ ഞാൻ പറഞ്ഞില്ലേ.. പ്രലോഭനങ്ങൾ…? അതിൽ വീണു പോയ ഒരുത്തനാ… ഇപ്പൊ ഫോൺ ചെവിയിൽ നിന്ന് മാറ്റാറില്ല … ബസ്റ്റാന്റിലെ ലോട്ടറിക്കടയിൽ ജോലി ചെയ്യുന്ന ചേച്ചിയാ.. അവനെക്കാൾ പത്തു പതിനഞ്ച് വയസ്സ് കൂടുതലുണ്ട്.. ഇവന്റെ പ്രായത്തിലുള്ള രണ്ടു മക്കളുമുണ്ട്..അവരെ  മോളേ, മുത്തേ എന്നൊക്കെ വിളിച്ചു കൊഞ്ചുന്നത് കേൾക്കുമ്പോ എനിക്കങ്ങു ചൊറിഞ്ഞു വരും…”

മണി , മഹേഷിനോട് പറഞ്ഞു..എന്നിട്ട് ആ കണ്ടക്ടറുടെ നേരെ തിരിഞ്ഞു..

“നീ തത്കാലം ഓയിൽ സീലും  പാക്കിങ്ങും വാങ്ങിയിട്ട് വാ… പിന്നെ ഒരു സെന്റർ ബോൾട്ടും…ആ മെഹബൂബ് ബസിൽ ഒരുത്തൻ ബ്രേക്ക് ലൈനർ അടിക്കുന്നുണ്ട്.. പേര് ഷിബു.. അവനോട്‌ പറഞ്ഞാൽ  മതി..”

“ഈ സാധനങ്ങളൊക്കെ എവിടുന്നാ വാങ്ങുക, മണിയേട്ടാ?”

അവൻ നിഷ്കളങ്കമായി ചോദിച്ചു..മണി അവനെ അടിമുടി നോക്കി..

“ആ വളവിൽ  ഒരു വെജിറ്റേറിയൻ ഹോട്ടൽ ഉണ്ട്… അവിടെ പോയി ചോദിച്ചാൽ മതി… ഓയിൽ സീൽ നല്ലോണം  നെയ്യിൽ മുക്കി ഫ്രൈ ചെയ്യാൻ പ്രത്യേകം പറയണേ….”

ബോട്ടിൽ തുറന്ന് വെള്ളം കുടിക്കുകയായിരുന്ന മഹേഷ്‌ പൊട്ടിച്ചിരിച്ചു… വെള്ളം മൂക്കിൽ കയറി… അവൻ ചുമച്ചു തുടങ്ങി…

“എടാ പൊട്ടാ.. സ്പെയർ പാർട്സ് കടയിലല്ലാതെ വേറെവിടുന്നാ ഇത് കിട്ടുക? നീ എത്ര നാളായി കണ്ടക്ടറായിട്ട്?”

ഹരി ചോദിച്ചു..

“കഴിഞ്ഞ ആഴ്ച മുതലാ..”

“ചുമ്മാതല്ല…. എന്റെ കുഞ്ഞേ നിന്റെ മുതലാളി  നാരായണൻ അല്ലെങ്കിലേ അര വട്ടനാ… ഇതൊന്നും അങ്ങേരുടെ മുന്നിൽ നിന്നും പറഞ്ഞേക്കല്ലേ.. പണി പോകും.. ദാ, ആ കാണുന്നതാ പാർട്സ് കട… പോയി വാങ്ങിക്കോ..”

ഹരി കൈ ചൂണ്ടിയ ഭാഗത്തേക്ക്‌ അവൻ നടന്നു…മഹേഷ്‌ എഴുന്നേറ്റു..

“ഞാൻ പോകുവാ..”

“എവിടെക്കാടാ?”

“സ്റ്റാന്റിൽ ഒന്ന് പോണം.. ഒരു മൊബൈൽ വാങ്ങാനാ..”

“നിന്റെ കയ്യിൽ ഉണ്ടല്ലോ?” ഹനീഫ ചോദിച്ചു

“എനിക്കല്ല.. വീട്ടിലേക്കാ..”

“നല്ല കാര്യം.. പോയിട്ട് ഇങ്ങോട്ട് വരണേ… എന്നെയൊന്നു വീട്ടിൽ എത്തിക്കണം.. അതുവരെ ഞാൻ ഉറങ്ങട്ടെ..”

ഹരി  ബാക്ക് സീറ്റിൽ പോയി കിടന്നു..

ഹനീഫയെ തിരിച്ച് ഹോസ്പിറ്റലിൽ എത്തിച്ച് അവൻ ബസ്റ്റാന്റിലെത്തി.. അവിടുത്തെ മൊബൈൽ ഷോപ്പിൽ നിന്ന് ഭരതന് വേണ്ടി ഒരു ഫോണും വാങ്ങി പുറത്തിറങ്ങിയപ്പോഴാണ്  ബസ് കാത്തു നിൽക്കുന്ന ശ്രീബാലയെ കണ്ടത്…

അവൻ അവളുടെ അടുത്തേക് ചെന്നു. അവൾ പരിചയഭാവത്തിൽ പുഞ്ചിരിച്ചു..

“ഇന്ന് ക്‌ളാസില്ലേ..?”

“ഉണ്ട്… ഞാൻ നേരത്തെ ഇറങ്ങി.. തലവേദന..”

“ഉം..”

“ലീവാണോ?”

“ഉം.. കുറച്ചു ആവശ്യങ്ങളുണ്ട്.. ഇനി അടുത്ത ആഴ്ചയേ ജോലിക്ക് കേറുന്നുള്ളൂ..താൻ ഫുഡ് കഴിച്ചോ?”

“ഉവ്വ്‌.”

അത് കള്ളമാണെന്ന് അവളുടെ തളർന്ന മുഖം കണ്ടപ്പോൾ തന്നെ അവന് മനസിലായി..

“എടോ.. എനിക്കും തലവേദനിക്കുന്നു… സ്ട്രോങ്ങ്‌ ചായ കുടിച്ചാൽ മാറും.. തനിക്കു വിരോധമില്ലെങ്കിൽ കൂടെ വാ..”

“അയ്യോ വേണ്ട…”

“അതെന്താ..ആ കാണുന്ന ഹോട്ടലിലാ.. ദൂരെ എവിടേം അല്ല..”

“വേണ്ടാഞ്ഞിട്ടാ…”

“എന്നെ പേടിയാണോ?”

അല്ല എന്നർത്ഥത്തിൽ അവൾ തലയാട്ടി..

“ഈ ബസ് സ്റ്റാന്റിലും ചുറ്റുമുള്ള കടകളിലുമൊക്കെ എന്നെ അറിയാത്തതായി ആരുമില്ല.. എന്നിട്ടും ഞാൻ തന്നെ  ധൈര്യത്തിൽ വിളിക്കുന്നത് മനസ്സിൽ വേറെ ഉദ്ദേശമൊന്നും ഇല്ലാത്തത് കൊണ്ടാ…താൻ വാ…”

അവൻ പിന്നെയും പിന്നെയും നിർബന്ധിച്ചപ്പോൾ അവൾ മനസ്സില്ലമനസോടെ കൂടെ ചെന്നു..ഉച്ച സമയം ആയതിനാലാവണം  നല്ല തിരക്കുണ്ട്… കാഷ് കൗണ്ടറിൽ ഇരുന്നയാൾ അവനെ കണ്ടു..

“മഹീ.. മുകളിലേക്ക് പൊയ്ക്കോ. ” അയാൾ പറഞ്ഞു..

അവൻ അവളെയും കൂട്ടി പടികൾ കയറി.. ഫാമിലി റൂം ആണ്… അവർ അതിനുള്ളിൽ ഇരുന്നതും  വെയ്റ്റർ വന്നു..

“രണ്ടു ചിക്കൻ ബിരിയാണി..” അവൻ ഓർഡർ കൊടുത്തു.

“എനിക്ക് വേണ്ട..” അവൾ  തടഞ്ഞു

“അതെന്താ.? താൻ  ചിക്കൻ കഴിക്കാറില്ലേ? എന്നാൽ ബീഫ് പറയാം… ഇതൊന്നും കഴിക്കാറില്ലെങ്കിൽ വെജ് ബിരിയാണി ഉണ്ടാകും..”

“ചായ മാത്രം എന്ന് പറഞ്ഞിട്ടല്ലേ ഞാൻ കൂടെ വന്നത്?”

“അത് കുടിക്കാം…അതിന് മുൻപ് എന്തെങ്കിലും കഴിക്കണം…”

അവൻ  വെയ്റ്ററെ നോക്കി..

“നിങ്ങളിതൊന്നും കാര്യമാക്കണ്ട.. ബിരിയാണി എടുത്തോ… പെട്ടെന്ന് വേണം..”

അയാൾ പുറത്തേക്ക് പോയി..

“എടോ.. ഇതിനുള്ളിൽ കയറി ഇരിക്കുമ്പോ മിനിമം ബിരിയാണി എങ്കിലും കഴിക്കണം ,.. ഇല്ലെങ്കിൽ അവർ മനസ്സിൽ തെറി വിളിക്കും..”

അവൾ ഒന്നും മിണ്ടാതെ തലകുനിച്ചു..

“ബാലയ്ക്കു പേടി മാറിയിട്ടില്ല അല്ലേ?”

അവൾ  ഞെട്ടലോടെ അവനെ നോക്കി…

“അങ്ങനെ വിളിച്ചത് ഇഷ്ടപ്പെട്ടില്ലേ?”

“അമ്മയൊഴികെ ആരും  ആ പേര് വിളിക്കാറില്ല..”

“ഞാൻ അങ്ങനെയേ വിളിക്കൂ… ‘ബാല ‘.. “

അവൾ മഹേഷിന്റെ കണ്ണുകളിൽ നോട്ടം കൊരുത്തു.

“തുറന്നു ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്… എന്താ ഉദ്ദേശം?”

“ഒരു ഉദ്ദേശവും ഇല്ലെന്ന് നേരത്തെ പറഞ്ഞല്ലോ.?”

“അത് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്..”

“ശരി… എങ്കിൽ പറയാം.. എനിക്ക് ബാലയുടെ ഫ്രണ്ട് ആകണം… ബെസ്റ്റ് ഫ്രണ്ട്..”

ശ്രീബാല  ഒന്ന് ചിരിച്ചു..

“എന്നെപ്പോലെ ഒരുത്തി തന്നെ വേണം അല്ലേ? “

“പോലെയല്ല,.. ബാലയെ തന്നെ  വേണം..”

“എന്തറിയാം എന്നെ പറ്റി?”

“അധികമൊന്നും അറിയില്ല.. പേര് ശ്രീബാല.. പ്ലസ് ടു സയൻസ് ഗ്രൂപ്പ്.. നന്നായി പഠിക്കും.. അമ്മ രോഗിയാണ്… അച്ഛൻ കടമകളിൽ നിന്ന് ഒളിച്ചോടി മദ്യപിച്ചു നടക്കുന്നു… ഒരു സഹോദരൻ ഉണ്ടായിരുന്നത് വർഷങ്ങൾക്ക് മുൻപേ നഷ്ടമായി… അമ്മാവന്റെ സഹായം കൊണ്ട് ജീവിച്ചു പോകുന്നു…”

അവൾ കൗതുകത്തോടെ അവനെ നോക്കി..

“ഒരുപാട് പഠിച്ചു വച്ചിട്ടുണ്ടല്ലോ? ഇത്രയും ആളുകൾ യാത്ര ചെയ്യുന്ന ബസിൽ എന്നെ മാത്രം എന്തുകൊണ്ടാ ശ്രദ്ധിച്ചത്?”

“അതിനു ഉത്തരം ഇല്ല.. പക്ഷേ തന്നെ പറ്റി ചിന്തിക്കുമ്പോഴൊക്കെ എന്റെ അമ്മയെ ഓർമ്മ വരും.. അതാവാം  തന്റെ സൗഹൃദം ആഗ്രഹിക്കുന്നതിന് കാരണം..”

“അമ്മ ഇപ്പോൾ?”

“മരിച്ചു…”

അതോടെ അവൾ നിശബ്ദയായി..വെയ്റ്റർ ബിരിയാണി കൊണ്ടുവന്നു മുന്നിൽ വച്ചു.

“കഴിക്ക്…”

അവൾ ശ്രീബാല പതിയെ കഴിച്ചു  തുടങ്ങി..

“കൊള്ളാമോ? ഇവിടുത്തെ ബിരിയാണിക്ക് പ്രത്യേക രുചിയാണ്… “

“ആ പ്രത്യേകത എന്താണെന്നറിയണമെങ്കിൽ  മറ്റു സ്ഥലങ്ങളിൽ നിന്നും ഇതിനു മുൻപ് കഴിച്ചിട്ടുണ്ടാവണ്ടേ? ഞാനിത് ആദ്യമായാ..”

അവളുടെ വാക്കുകൾ മഹേഷിന്റെ ഹൃദയത്തിൽ  മുറിവുണ്ടാക്കി….

“മാമന്റെ  വീട്ടിൽ ആരെങ്കിലും വിരുന്ന് വന്നാൽ എന്തെങ്കിലും സ്പെഷ്യൽ ഫുഡ് ഉണ്ടാക്കും… ബാക്കിയാവുന്നത് അന്ന് തരില്ല… പിറ്റേന്ന് ആർക്കും വേണ്ടതാകുമ്പോൾ അമ്മായി കൊണ്ടുവന്ന് തരും… പലപ്പോഴും ചീത്തയായിട്ടുണ്ടാകും…. എന്നാലും എടുത്ത് കഴിക്കും.. രുചി അറിയാനുള്ള ആഗ്രഹം കൊണ്ടാ… അങ്ങനെ കഴിച്ചതല്ലാതെ  ഹോട്ടലിലൊന്നും ഇന്ന് വരെ കയറിയിട്ടില്ല…”

അവളുടെ കണ്ണിൽ നിന്നും ഒരിറ്റ് നീർതുള്ളി  ഭക്ഷണത്തിലേക്ക്  വീണു..

“സോറീട്ടോ.. സഹതാപം ഉണ്ടാക്കാൻ വേണ്ടി പറഞ്ഞതല്ല… ആർക്കും വേണ്ടാത്ത ഒരു പെണ്ണിനോട് ചങ്ങാത്തം കൂടാൻ വന്ന ആള് എല്ലാം അറിഞ്ഞിരിക്കണമല്ലോ..”

അവൻ മുന്നോട്ടാഞ്ഞ് അവളുടെ കയ്യിൽ പിടിച്ചു..ശരീരത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്നത് പോലെ തോന്നിയെങ്കിലും ശ്രീബാല  കൈ പിൻവലിച്ചില്ല..

“ഇതിലും അധികം കഷ്ടപ്പാടും ദുരിതവും നിറഞ്ഞ കുട്ടിക്കാലം താണ്ടിയവനാ ഞാൻ.. എനിക്ക് മനസിലാകും… തനിക്കു കിടപ്പിലാണെങ്കിലും ഒരമ്മ അടുത്ത് ഉണ്ടല്ലോ? എനിക്കതുമില്ല…പോട്ടെ, താൻ  കഴിക്ക്….”

അവൾ വീണ്ടും കഴിച്ചു തുടങ്ങി.. പിന്നെ മുഖമുയർത്തി അവനെ നോക്കി.

“എന്റെ കാര്യങ്ങളൊക്കെ ആരാ പറഞ്ഞു തന്നത്?”

“എന്തിനാ, ആളെ കിട്ടിയാൽ വഴക്കു പറയാനാണോ?”

“അല്ല.. വെറുതേ.. ഒന്നറിയാൻ..”

“തന്റെ അയൽക്കാരൻ… പ്രജീഷ്..”

“എനിക്ക് തോന്നിയിരുന്നു..”

“ഇനി അവന്റെ ആവശ്യമില്ലല്ലോ… നേരിട്ട് ചോദിക്കാം..”

“ബസിൽ വച്ചോ? വേണ്ട… ആരെങ്കിലും കണ്ടാൽ  പ്രശ്നമാ… “

“അത് ശ്രദ്ധിക്കാം… താൻ നന്നായി പഠിക്കണം…. എന്നിട്ട് ഒരു ജോലിയൊക്കെ വാങ്ങി അമ്മയെ നോക്കണം.. മറ്റുള്ളവരെ ആശ്രയിക്കുമ്പോഴാ  അവർക്ക് കീഴിൽ ഭയന്നു ജീവിക്കേണ്ടി വരുന്നത്…തനിക്കു എന്തു ജോലി ചെയ്യാനാ ആഗ്രഹം?”

“നേഴ്സ്…”

“കൊള്ളാലോ… നല്ല ജോലി ആണ്…”

സംസാരിച്ചു കൊണ്ട് തന്നെ  അവർ  ഭക്ഷണം കഴിച്ചു തീർത്തു…കാശ് കൊടുത്ത് പുറത്തിറങ്ങി സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ അവിടെയുള്ള ഷോപ്പിൽ നിന്ന് ഒരാൾ ഉറക്കെ വിളിച്ചു..

“മഹീ.. നീ പറഞ്ഞ കളിപ്പാട്ടം എത്തിച്ചിട്ടുണ്ട് .”

“ഞാനിപ്പോ വരാം ഗോപിയേട്ടാ..”

അവൻ മുന്നോട്ട് നടന്നു..

“ഇവിടെ എല്ലായിടത്തും പരിചയക്കാരാണല്ലോ?” അവൾ അത്ഭുതപ്പെട്ടു..

“എന്റെ മുതലാളിയുടെ കൊച്ചുമകന്റെ പിറന്നാളാ ഈ ശനിയാഴ്ച….. അതിനൊരു ഗിഫ്റ്റ് ഞാൻ ഏല്പിച്ചിരുന്നു. അതാണ്‌  മൂപ്പര് പറഞ്ഞത്..പിന്നെ, താൻ പറഞ്ഞത് ശരിയാ, ഇവിടുള്ള എല്ലാവരോടും നല്ല കമ്പനിയാണ്…ഞാൻ പണ്ട് തന്നെപ്പോലെ ഒതുങ്ങി കൂടുന്ന ടൈപ്പ് ആയിരുന്നു… ഈ ബസ് സ്റ്റാൻഡും ഇവിടുത്തെ ആളുകളുമാ എന്നെ മാറ്റിയെടുത്തത്.. “

അവൻ എന്തോ ഓർത്തപോലെ അവളുടെ നേരെ മുഖം തിരിച്ചു..

“ബസിൽ നിന്നും സംസാരിക്കാനല്ലേ ബാലയ്ക്ക് പേടിയുള്ളൂ? ഗോപിയേട്ടന്റെ കടയിൽ  വച്ചു കാണാല്ലോ? അതിനുള്ളിൽ ഒരു ചെറിയ മുറിയുണ്ട്.. അകത്തോട്ടു വേറാരും വരില്ല…”

“അയ്യേ.. എന്നെകൊണ്ട് പറ്റില്ല,..”

“തന്റെ ഭാവം കണ്ടാൽ ഞാൻ വേറെന്തോ ചെയ്യാൻ വിളിക്കുന്നത് പോലാണല്ലോ..? എടോ ഇച്ചിരി നേരം സംസാരിക്കാൻ മാത്രമാ… ഞാനൊന്നു തൊടുക പോലുമില്ല..”

“അതൊക്കെ മോശമല്ലേ? ആ ചേട്ടൻ എന്നെപ്പറ്റി എന്തു വിചാരിക്കും… തന്നെയുമല്ല, സ്കൂൾ യൂണിഫോമിൽ ഒരു പെണ്ണ് അതിനകത്തോട്ട് കയറുന്നത് ആരേലും കണ്ടാലോ…”

“അവിടെ ലേഡീസിന് ആവശ്യമായ സാധനങ്ങളുടെ  ഒരു സെക്ഷൻ തന്നെയുണ്ട്… അതുകൊണ്ട് ആരും സംശയിക്കില്ല.. ഗോപിയേട്ടന് എന്നെ നന്നായി അറിയാം.. അതോണ്ട് താൻ അതൊന്നും ആലോചിച്ച് ടെൻഷൻ അടിക്കേണ്ട… നാല് മുപ്പത്തി അഞ്ചിനാ വൈകിട്ട്, ബസ് ഇവിടുന്ന് പോകുന്നത് …ക്ലാസ്സ്‌ കഴിഞ്ഞ് താൻ വരുമ്പോഴേക്കും ഞാൻ അവിടെ ഉണ്ടാകും… കുറച്ചു നേരം സംസാരിച്ചിട്ട് ഇറങ്ങിക്കോ..ദിവസവും വേണ്ട.. വല്ലപ്പോഴും മാത്രം.. അത് എപ്പോഴാണെന്ന് ഞാൻ തലേദിവസം  ബസിൽ വച്ച് പറയാം..”

“എനിക്ക് ആലോചിക്കണം..”

“ശരി..”

“ഫ്രണ്ട്സ് മാത്രമാണ്  കേട്ടോ… അതെപ്പോഴും ഓർമ്മ വേണം..”

അവൻ പരിസരം മറന്ന് അവളെ കൈകൂപ്പി..

“എന്റെ പൊന്നോ..ഇനി എവിടെങ്കിലും വന്ന് സത്യം ചെയ്യണോ…? അതിനും റെഡി..”

അവളുടെ നാട്ടിലേക്കുള്ള ബസ് പോകാൻ തയ്യാറായി നിൽപ്പുണ്ട്..

“കേറിക്കോ… കാശുണ്ടോ കയ്യിൽ..?”

അവൾ  തലയാട്ടി..

“താങ്ക്സ്..”

“എന്തിനാ?”

“ഫുഡ് വാങ്ങി തന്നതിന്..”

“അതിന്റെ ക്രെഡിറ്റ് എനിക്കല്ല.. ഒരാളുടെ മുഖത്തെ വിശപ്പ് വായിച്ചറിഞ്ഞ് ഭക്ഷണം വാങ്ങിക്കൊടുക്കുന്ന ഒരാൾ എന്റെ വീട്ടിലുണ്ട്… അദ്ദേഹത്തിൽ നിന്നും കിട്ടിയ ഗുണമാ…ഒക്കെ വിശദമായി പിന്നെ പറയാം..”

അവൻ നേർത്ത ചിരിയോടെ പറഞ്ഞു.

“താൻ പൊയ്ക്കോ…തലവേദന കള്ളമാണ് എനിക്കറിയാം.. വേറെന്തോ കാരണമുണ്ട്..അത് കണ്ടുപിടിച്ചോളാം..”

ശ്രീബാലയുടെ മുഖം വിവർണ്ണമായി.. ഒന്നും മിണ്ടാതെ അവൾ ബസിൽ കയറി…

അന്ന് വൈകിട്ട് വരെ  മഹേഷ്‌  ടൗണിൽ കറങ്ങി നടന്നു.. വീട്ടിലേക്കു ആവശ്യമായ ചില സാധനങ്ങൾ വാങ്ങി.. മദീന ബസ് ട്രാക്കിൽ നിർത്തിയപ്പോൾ അങ്ങോട്ട് ചെന്നു… അവനെ കണ്ടതും  സ്റ്റുഡന്റ്സ് ഓടിയെത്തി…

“നല്ലയാളാ,. എവിടേക്കാ മുങ്ങിയത്?”

ദീപു ചോദിച്ചു..

“ഒരിടം വരെ പോകാനുണ്ടായിരുന്നെടാ.”

“ലീവായിട്ട് ഇവിടെന്തിനാ നില്കുന്നതെന്ന് ഞങ്ങൾക്കറിയാം… ശ്രീബാലയെ കാണാനല്ലേ? പക്ഷേ അവള് നേരത്തെ പോയി…”

പ്രജീഷ് അർത്ഥം വച്ചു ചിരിച്ചു..

“ഞാൻ കണ്ടിരുന്നു.. നീയിങ്ങ് വന്നേ ചോദിക്കട്ടെ..”

മഹേഷ്‌ അവന്റെ തോളിൽ കയ്യിട്ടു കുറച്ചു മാറ്റി നിർത്തി..

“എന്തിനാ അവളിന്ന് നേരത്തെ ഇറങ്ങിയത്?”

“മാത്‍സ് പഠിപ്പിക്കുന്നത് പുതിയ സാറാ.. ആളൊരു മുരടനാണ്.. ഇവളുടെ നോട്ട് നോക്കിയപ്പോൾ അതിന്റെ പിറകിൽ വേറൊരു സബ്ജക്റ്റ് എഴുതിയത് കണ്ട് കുറേ കളിയാക്കി… ഇവള് കുറേ കരഞ്ഞു… പിന്നെ ഓഫിസിൽ പോയി പറഞ്ഞ് ലീവ് എടുത്തു.”

മഹേഷിന് വല്ലാതെ നോവ് അനുഭവപ്പെട്ടു… ഇല്ലായ്മയെ പരിഹസിക്കുമ്പോഴുള്ള വേദന ഒരിക്കൽ അറിഞ്ഞതാണ്…

“പ്രജീഷേ… നീയെനിക്കൊരു ഉപകാരം ചെയ്യാമോ?”

“ഏട്ടൻ പറഞ്ഞോ…”

“ഞാൻ പൈസ തരാം.. അത്യാവശ്യം വേണ്ട പുസ്തകങ്ങളൊക്കെ വാങ്ങി അവൾക്ക് കൊടുക്കണം.. ഞാൻ നേരിട്ട് കൊടുത്താൽ അവൾ വാങ്ങില്ല,.. നീ  തെറ്റിദ്ധരിക്കണ്ട കേട്ടോ…? അവളുടെ അതേ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്,. അത്രേ ഉള്ളൂ..”

പ്രജീഷ് കുറച്ചു നേരം അവനെ തന്നെ നോക്കി നിന്നു..

“എന്താടാ?”

“നിങ്ങളോടുള്ള ഇഷ്ടം കൂടി വരികയാ.. എന്തു സഹായവും  ഞങ്ങൾ  ചെയ്യും….”

അവൻ വാക്ക് കൊടുത്തു.. ബസ് പോകാറായപ്പോൾ കുട്ടികൾയാത്ര പറഞ്ഞ് ഓടിക്കയറി…മഹേഷ്‌ ബൈക്കുമെടുത്ത് നാട്ടിലേക്ക് തിരിച്ചു…

വീടിന് മുൻപിൽ ബൈക്ക് നിർത്തി അവൻ  മാതുവമ്മയുടെ അടുത്തേക്ക് പോയി.. അവർ  ഉമ്മറത്ത് എന്തോ ആലോചനയിലാണ്..

“സുന്ദരിക്കുട്ടി ഏത് ലോകത്താ?”

അവൻ അവരുടെ ചുളിവ് വീണ കവിളിൽ  നുള്ളി…

“ഞാൻ വെറുതെ ഓരോന്ന് ഓർത്തോണ്ടിരിക്കുകയായിരുന്നു..”

“മുറുക്കാൻ വാങ്ങിച്ചിട്ടുണ്ട്…”

അവൻ പൊതി അവർക്ക് നൽകി…വേറൊരു കവർ കൂടി  നീട്ടി…

“ഇത് രാത്രിയിലേക്കുള്ള ഭക്ഷണം “

“എന്തിനാ കുട്ടാ നീ  കാശ് വെറുതെ കളഞ്ഞത്…എനിക്ക് വേണ്ടത് ഭരതൻ തരുന്നുണ്ടല്ലോ..”

മാതുവമ്മയ്ക്ക് പ്രായാധിക്യം കാരണം  ഒന്നിനും വയ്യാതായി…. അതുകൊണ്ട് തന്നെ മൂന്ന് നേരം ഭക്ഷണം ഭരതൻ തയ്യാറാക്കി കൊണ്ടു കൊടുക്കും…വീട്ടിൽ വന്ന് കിടക്കാൻ അയാൾ ഒരുപാട് നിർബന്ധിച്ചുവെങ്കിലും അവർ തയ്യാറായില്ല,. മരിക്കുന്നെങ്കിൽ അത് സ്വന്തം വീട്ടിൽ വച്ചാകണം എന്ന് അവർക്ക് വാശി ഉണ്ട്…

“അത് സാരമില്ല… വല്ലപ്പോഴും അല്ലേ…? ഞാൻ പോയി ഒന്ന് കുളിക്കട്ടെ…”

അവൻ  വീട്ടിലേക്ക് നടന്നു…കുളി കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും ഭരതൻ എത്തി..

“നീ നേരത്തെ വന്നോ?”

“കുറച്ചു സമയമായി..”

അയാൾ അടുക്കളയിലേക്ക് നടക്കാൻ ഭാവിച്ചു..

“ഒന്നും ഉണ്ടാക്കേണ്ട.. രാത്രിക്ക് കഴിക്കാനുള്ളത് ഞാൻ വാങ്ങിയിട്ടുണ്ട്…”

അയാൾ മറുപടി പറയാതെ കുളിമുറിയിൽ കയറി… രാത്രി ഒരുമിച്ച് ഇരുന്ന് അത്താഴം കഴിച്ച ശേഷം അയാൾ  മുറ്റത്തിരുന്ന് ബീഡി വലിക്കുകയായിരുന്നു.. മഹേഷ്‌ അവിടെ ചെന്ന് കയ്യിലെ മൊബൈൽ അയാൾക്ക് നീട്ടി…

“എന്തായിത്?”

“ഫോൺ..”

“എനിക്കിതിന്റെ ആവശ്യമില്ല..”

“അറിയാം.. പക്ഷേ എനിക്ക് സംസാരിക്കാൻ വേറാരുമില്ലല്ലോ..”

അയാൾ ഒന്നും മിണ്ടാതെ പുക വലിച്ചൂതി..

“ഞാൻ വരാൻ ഇത്തിരി വൈകിയാൽ ഇവിടെ പേടിച്ച് കാത്തിരിക്കുകയാണ് എന്നറിയാം.. ഇത് ഉണ്ടെങ്കിൽ ആ പ്രശ്നം വരുന്നില്ല..”

കുറച്ചു നേരം പ്രതികരിക്കാതെ നിന്ന ശേഷം അയാൾ അത് വാങ്ങി… എന്നിട്ട് അകത്തേക്ക് നടന്നു…

“അച്ഛാ…”   മഹേഷിന്റെ  വിളി കേട്ട് ഷോക്കേറ്റത് പോലെ അയാൾ ഞെട്ടി… പിന്നെ അവന്റെ നേരെ തിരിഞ്ഞു…

“എന്താ വിളിച്ചത്?”

“അച്ഛൻ ഈ പിണക്കം അവസാനിപ്പിക്കണം… എന്റെ ജോലിയിൽ ഞാൻ പൂർണ്ണമായും സംതൃപ്തനാണ്…മനസമാധാനവും ഉണ്ട്… ഈ പണിയെടുത്തും ഒരുപാട് പേർ ജീവിക്കുന്നില്ലേ? “

അയാൾ തലകുനിച്ച് വീടിനുള്ളിലേക്ക് കയറിപ്പോയി.. ആ മനസ്സിൽ ഒരു കടൽ ഇരമ്പുന്നുണ്ടെന്ന് മഹേഷിന് അറിയാമായിരുന്നു… മുറിക്കുള്ളിൽ കടന്നയുടൻ  ഭരതൻ വാതിലടച്ചു കുറ്റിയിട്ടു.. വര്ഷങ്ങളായി കേൾക്കാനാഗ്രഹിച്ചതാണ് അവൻ വിളിച്ചത്… ജന്മം കൊടുത്തില്ലെങ്കിലും തന്നെ അച്ഛനായി അവൻ അംഗീകരിച്ചു കഴിഞ്ഞു..ഈ നിമിഷം മരിച്ചു പോയാലും  സന്തോഷമാണെന്ന്അയാൾക്ക് തോന്നി.. അവൻ സമ്മാനിച്ച ഫോൺ അയാൾ  നെഞ്ചോട് ചേർത്തു… ഒരു പൊട്ടിക്കരച്ചിൽ അണമുറിഞ്ഞൊഴുകി… ശബ്ദം അവൻ കേൾക്കാതിരിക്കാൻ ഭരതൻ  തോളത്തിരുന്ന തോർത്ത്‌ വായിൽ കടിച്ചു പിടിച്ചു…..

(തുടരും )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

5/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!