Skip to content

എന്റെ മാത്രം – 5

എന്റെ മാത്രം

സമയം  രാത്രി ആയി….കാരമുള്ളുകൾ  പച്ചമാംസത്തിൽ ആഴ്ന്നിറങ്ങുന്നത് പോലൊരു വേദന ആരംഭിച്ചപ്പോൾ  സാവിത്രി ഞരങ്ങി… ഒന്ന് എഴുന്നേറ്റിരിക്കാൻ ആഗ്രഹമുണ്ട്,. പക്ഷേ തനിച്ച് സാധിക്കില്ല.. നേർത്ത ശബ്ദത്തിൽ അവർ വിളിച്ചു,

“മോളേ, ബാലേ…”

ശ്രീബാല  ഓടിയെത്തി…

“എന്താമ്മേ? “

“ആ മരുന്ന്  താ… വേദനിക്കുന്നു..”

“ഞാൻ കഞ്ഞി എടുക്കുകയാ… അത് കഴിച്ച ശേഷം മരുന്ന് തരാം…”

“എന്നെ ഒന്നിരുത്ത്…”

അവൾ  തലയിണ ചുമരിലേക്ക് ചേർത്തു വച്ചു… അതിന് ശേഷം  സാവിത്രിയെ പിടിച്ച് ചാരിയിരുത്തി. പിന്നെ അടുക്കളയിലേക്ക് പോയി..കഞ്ഞിയും ചുട്ട പപ്പടവും  പ്ളേറ്റിൽ ആക്കി കൊണ്ടുവന്നു…കട്ടിലിൽ ഇരുന്ന് സ്പൂണ് കൊണ്ട് അമ്മയ്ക്ക് കോരിക്കൊടുത്തു…

“നീ കഴിച്ചോ മോളേ?”

“പിന്നെ കഴിക്കാം..”

അവർ  അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു..

“എന്താമ്മേ?”

“നീ വല്ലാതെ ക്ഷീണിച്ചു പോയി… “

“അമ്മയ്ക്ക് വെറുതേ തോന്നുന്നതാ.. എനിക്ക് കുഴപ്പമൊന്നുമില്ല..”

അവൾ  പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു..

“എനിക്ക് വേണ്ടി നീ കഷ്ടപ്പെടണത് കാണുമ്പോ മരിക്കുന്നതാ നല്ലതെന്നു തോന്നും..”

“അപ്പൊ പിന്നെ എനിക്കാരാ ഉള്ളത്? ഈ അസുഖങ്ങളൊക്കെ മാറും… എന്നിട്ട് നമ്മൾ സന്തോഷത്തോടെ ജീവിക്കും..”

അത് വെറും ഒരാശ്വാസവാക്കാണെന്ന് രണ്ടുപേർക്കും അറിയാം…

അമ്മയ്ക്ക് കഞ്ഞിയും മരുന്നും കൊടുത്ത് കഴിഞ്ഞ് അവൾ  വരാന്തയിൽ പോയിരുന്നു… തുറന്നു വച്ച പുസ്തകത്തിലെ അക്ഷരങ്ങൾ  തന്നെ നോക്കി പരിഹസിക്കുന്നതായി അവൾക്ക് തോന്നി… പഠിക്കുന്നത് കൊണ്ട് ഒരു കാര്യവുമില്ല… തുടർന്ന് പഠിപ്പിക്കാൻ ആരുമില്ലാത്തവർ ഭാവിയെ കുറിച്ച് സ്വപ്നം കാണുന്നത് വെറുതെയാണ്… പ്ലസ് ടു കഴിഞ്ഞ് എന്തെങ്കിലും ജോലിക്ക് പോകുന്നതാണ് നല്ലത്.. പക്ഷെ മനസിന്റെ ഒരു കോണിൽ, കുട്ടിക്കാലം മുതൽ  ആഗ്രഹിച്ച ഒരു നഴ്സിന്റെ യുണിഫോം തെളിഞ്ഞു നില്കുന്നുണ്ട്… അതിമോഹം… അവൾ സ്വയം പറഞ്ഞു…

അവളുടെ അമ്മാവൻ  ദിനേശൻ മുറ്റത്തേക്ക് കയറിവന്നു…തൊട്ട് മുന്നിൽ തന്നെയാണ് അയാളുടെ  വീട്..

“നിന്റെ അമ്മ ഉറങ്ങുകയാണോ?”  അയാൾ ചോദിച്ചു..

“അതെ… വേദന തുടങ്ങിയപ്പോ മരുന്നും കഴിച്ചു കിടന്നു …”

“മുരളിയോ?”

“അച്ഛൻ ഇന്നലെ രാവിലെ പോയതാ.. ഇതുവരെ വന്നില്ല..”

“വല്ല കള്ളു ഷാപ്പിലും കിടപ്പുണ്ടാവും… നാറി..”

അയാൾ ദേഷ്യത്തോടെ പല്ലിറുമ്മി..

“എന്റെ മുന്നിലൊന്നും വന്നു നിന്നേക്കരുത് എന്ന് അവനോട് പറഞ്ഞേക്ക്.. ചെകിടടിച്ചു പൊളിക്കും ഞാൻ..”

ദിനേശൻ  കയ്യിലിരുന്ന പൊതി അവൾക്ക് നൽകി…

“ഇത് കുറച്ചു ആയുർവേദമരുന്നാ.. കൊടുക്കേണ്ട വിധമൊക്കെ  ഒരു കടലാസിൽ എഴുതി  ഇതിനുള്ളിൽ വച്ചിട്ടുണ്ട്… ഒരാഴ്ച ഇതു കൊടുക്കാൻ പറഞ്ഞു… അലോപ്പതി കഴിച്ചിട്ട് ഇത്രേം കാലമായിട്ടും മാറ്റമൊന്നും ഉണ്ടായില്ലല്ലോ.. ഇനി ഇത് നോക്കാം..”

ഇന്നലെ രാവിലെ അയാൾ ഒരു വൈദ്യനെയും കൊണ്ടുവന്ന് സാവിത്രിയെ പരിശോധിപ്പിച്ചിരുന്നു..

“മറ്റേ മരുന്നിന്റെയൊക്കെ കൂടെ ഇത് കൊടുത്താൽ എന്തേലും പ്രശ്നം ഉണ്ടാകുമോ?”

ശ്രീബാല ചോദിച്ചു..

“വേദനയ്ക്കുള്ള ഗുളിക മാത്രം കൊടുത്താൽ മതി..”

അയാൾ  തിരിച്ചു നടന്നു..

“മാമാ..”  അവൾ പെട്ടെന്ന് വിളിച്ചു.. അയാൾ തിരിഞ്ഞു നിന്ന് ചോദ്യഭാവത്തിൽ  നോക്കി..

“എനിക്കൊരു നൂറു രൂപ തരാമോ?”

“എന്തിനാ?”

“രണ്ടുമൂന്നു നോട്ടുബുക്ക് വാങ്ങണം.. പിന്നെ ബസ്സിന് കൊടുക്കാനും പൈസ ഇല്ല.”

“നിനക്ക് കഴിഞ്ഞയാഴ്ച ഞാൻ തന്നത് തീർന്നോ?”

അവൾ തലകുനിച്ചു  നിന്നു.. ആ  കാശ്  അവളുടെ അച്ഛൻ കള്ളുകുടിക്കാൻ എടുത്തു കൊണ്ടുപോയി എന്ന് പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല..

“എന്റെ വീട്ടിൽ പണം കായ്ക്കുന്ന മരമൊന്നും  ഇല്ല.. മറ്റുള്ളവർ നോക്കുമ്പോ ദിനേശൻ കെ സ് ആർ ടി സി യിൽ ഡ്രൈവർ,…. ഗവണ്മെന്റ് ജോലിക്കാരൻ.. പക്ഷേ എന്റെ അവസ്ഥ എനിക്കും ദൈവത്തിനും അറിയാം.. രണ്ടു പെണ്മക്കളാ എനിക്ക് വളർന്നു വരുന്നേ,. വീട് പണിയാൻ എടുത്ത ലോൺ വേറെയും.. അതിന്റെ കൂടെ  നിന്നേം നിന്റെ അമ്മയെയും പോറ്റണം.. സുഖമില്ലാത്ത ചേച്ചിയെ തിരിഞ്ഞു നോക്കുന്നില്ല എന്ന് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കണ്ട എന്ന് കരുതിയാ  ഈ  ഭാരം  ഞാൻ ചുമക്കുന്നത്..എന്ന് വച്ച് അത് മുതലെടുക്കരുത്… “

പിന്നെയും എന്തൊക്കെയോ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് അയാൾ  നടന്നു..

ശ്രീബാലയ്ക്ക് സങ്കടമൊന്നും തോന്നിയില്ല.പറഞ്ഞതൊക്കെ കാര്യമാണ്..മാമൻ സഹായിക്കുന്നത് അമ്മായിക്ക് തീരെ ഇഷ്ടമല്ല… അതിന്റെ പേരിൽ അവിടെ നടക്കുന്ന വഴക്കുകൾ  അവളുടെ കാതിൽ വീഴാറുണ്ട്..അതു കേൾക്കുമ്പോൾ അവൾക്ക് അച്ഛനെ കൊല്ലാനുള്ള ദേഷ്യം തോന്നും…

“നിങ്ങളെ പോലൊരാൾ  ഇല്ലാതിരിക്കുന്നതാ  നല്ലത്… പോയി ചത്തൂടെ?..”

എന്ന് പലവട്ടം അവൾ  മുരളിയുടെ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട്… അയാൾ അതൊന്നും കേട്ട ഭാവം  നടിക്കാറില്ല.. വല്ലപ്പോഴും കയറി വരും, അവൾ ഒളിപ്പിച്ചു വച്ച പൈസ  തേടി കണ്ടുപിടിച്ച് എടുക്കും..

ശ്രീബാല പുസ്തകം അടച്ചു… ഇനി ഇന്നൊന്നും പഠിക്കാൻ വയ്യ… മനസ്സ് മടുത്തു… അവൾ എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ ഒരു കാലൊച്ച കേട്ടു.. ടോർച്ചു തെളിച്ചു കൊണ്ട് പ്രജീഷ് മുറ്റത്തേക്ക് കയറി…

“ഉറങ്ങാൻ പോവുകയായിരുന്നോ?”

“ഏയ്‌ അല്ല… നീയെന്താടാ ഈ സമയത്ത്?”

അവൻ  ഒരു പ്ലാസ്റ്റിക് കവർ  അവൾക്കു നീട്ടി..

“എന്തായിത്?”

“തുറന്നു നോക്ക്..”

അവൾ  അതു തുറന്നു… ആറു നോട്ട്ബുക്കുകൾ, പേന, പെൻസിൽ..

അവൾ ഒന്നും മനസിലാക്കാതെ അവനെ  നോക്കി..

“എന്റെ ഒരു ചെറിയ ഗിഫ്റ്റ് ആണ്..”

പ്രജീഷ് പുഞ്ചിരിച്ചു…

“ഞാൻ പോട്ടെ… നാളെ കാണാം..”

“പ്രജീ… നീയൊന്ന് നിന്നേ..”

അവളുടെ ശബ്ദം കനത്തു..

“ഇതൊക്കെ ആര് വാങ്ങി തന്നതാ..?”

“പറഞ്ഞില്ലെടീ,.. എന്റെ വകയാണെന്ന്?”

“വെറുതെ ചീത്ത വിളിപ്പിക്കരുത്.. നിന്റെ അച്ഛനും അമ്മയും നിന്നെ പഠിപ്പിക്കാൻ തന്നെ കഷ്ടപ്പെടുകയാണെന്ന് എനിക്ക് അറിയാം.. നിനക്ക് വേറെ വരുമാനം ഒന്നുമില്ല… സത്യം പറ…”

“എടീ… എന്റെ കയ്യിൽ എക്സ്ട്രാ ഉണ്ടായിരുന്നതാ..”

അവൻ പരുങ്ങി..

“അപ്പോ ഇതോ?”

അവൾ  കവറിനുള്ളിൽ  നിന്ന് രണ്ടു നൂറു രൂപ നോട്ടുകൾ എടുത്ത് അവനെ കാണിച്ചു… പ്രജീഷിന്റെ മുഖം വിളറി..

“കുട്ടിക്കാലം മുതൽ കാണുന്നതാ  നിന്നെ, കള്ളം പറഞ്ഞാൽ എനിക്ക് പെട്ടെന്ന് മനസിലാകും… “

“ശരി… നിന്റെ മുന്നിൽ അഭിനയിക്കാൻ എനിക്ക് കഴിയില്ല.. മഹിയേട്ടൻ തന്ന പൈസയാ.. നിനക്ക് ആവശ്യമുള്ള ബുക്ക്‌ വാങ്ങാൻ പറഞ്ഞു,.. നേരിട്ട് തന്നാൽ നീ വാങ്ങില്ല എന്ന് പേടിച്ചാ എന്നെ ഏല്പിച്ചത്.. നീ അറിയേണ്ട, എന്നും പറഞ്ഞു.. പക്ഷേ ഞാനൊരു മണ്ടൻ… എല്ലാം വാങ്ങി ബാക്കി പൈസ ആ  കവറിൽ  തന്നെ  ഇട്ടു.. അതോണ്ടല്ലേ നിനക്ക് സംശയം തോന്നിയത്…”

ശ്രീബാല ഇത് ഊഹിച്ചിരുന്നു..

“എടീ… മഹിയേട്ടൻ പാവമാ… ആരും കാണാതെയാ  എനിക്ക് പൈസ തന്നത്..സ്കൂളിലോ  നാട്ടിലോ വേറൊരാളും  ഇത് അറിയരുതെന്ന് എന്നെ കൊണ്ട് സത്യം ചെയ്യിച്ചു… നീ  തെറ്റിദ്ധരിക്കണ്ട.. ഏട്ടന് മറ്റ് ഉദ്ദേശമൊന്നും ഇല്ല…”

അവൻ റോഡിലേക്ക് നടന്നു.. ശ്രീബാല  അകത്തു കയറി വാതിൽ അടച്ചു… അമ്മ നല്ല ഉറക്കത്തിലാണ്… പുസ്തകങ്ങൾ  മേശപ്പുറത്ത് വച്ച് അവൾ നിലത്ത് പായ വിരിച്ചു കിടന്നു… മഹേഷിന്റെ  പുഞ്ചിരിക്കുന്ന മുഖം അവളുടെ മനസിലേക്ക് ഓടിയെത്തി… ഒരാളോട് പോലും ദേഷ്യപ്പെട്ട് സംസാരിക്കാത്ത ചെറുപ്പക്കാരൻ….തന്റെ കൈയിൽ കാശില്ല എന്നറിഞ്ഞ് അമ്പത് രൂപ എടുത്തു തന്നതും, ആദ്യമായി ഒരു നല്ല ഹോട്ടലിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങി തന്നതും  ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെയാണ്… കൂടാതെ അവൻ പറഞ്ഞ ഒരു വാക്ക് വല്ലാതെ മനസ്സിൽ തട്ടി,.. തന്നെ കുറിച്ചോർക്കുമ്പോൾ മരിച്ചു പോയ അമ്മയുടെ ഓർമകളും കടന്നു വരുന്നു എന്നത്… ക്ലാസിലെ പെൺകുട്ടികളൊക്കെ  ചില ബസ് ജീവനക്കാരിൽ  നിന്ന് ഉണ്ടായ മോശം പെരുമാറ്റത്തെ കുറിച്ച് പറയാറുണ്ട്… പക്ഷേ മദീനയിലെ  പണിക്കാരെ പറ്റി എല്ലാർക്കും നല്ല അഭിപ്രായമാണ്… പ്രത്യേകിച്ച് മഹേഷ്‌…. സ്റ്റാൻഡിൽ ബസ് കാത്തു നിൽകുമ്പോൾ ടി ടി സിക്ക് പഠിക്കുന്ന ചേച്ചിമാർ പ്രണയം കലർന്ന ആരാധനയോടെ മഹേഷിനെ കുറിച്ച് സംസാരിക്കുന്നത് അവൾ കേട്ടിട്ടുണ്ട്… ആ  വ്യക്തി തന്റെ സൗഹൃദം ആഗ്രഹിക്കുന്നു എന്നതും, തനിക്കു വേണ്ടി പൈസ ചിലവാക്കുന്നു എന്നതും അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല…മനസിനെ ശാന്തമാക്കാൻ ശ്രമിച്ചു കൊണ്ട് അവൾ കണ്ണുകളടച്ചു…

***********

“കുട്ടൻ വന്നില്ലേ ഭരതാ?”

മാതുവമ്മ ചോദിച്ചു..

“ഇല്ല, കുറച്ചു വൈകുമെന്ന് പറഞ്ഞു. അവന്റെ മുതലാളിയുടെ വീട്ടിൽ  ഒരു കുഞ്ഞിന്റെ പിറന്നാൾ ആഘോഷമുണ്ട്…”

ചോറും കറികളും  അയാൾ അവരുടെ മുൻപിലേക്ക് വച്ചു.. പിന്നെ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് അവരെ കാണിച്ചു..

“ഇത് അവൻ  വാങ്ങി തന്നതാ..”  അയാളുടെ സ്വരത്തിൽ അഭിമാനം കലർന്നിരുന്നു..

“പിന്നെ, വേറൊരു സംഭവം ഉണ്ടായി..”

“എന്താ?”

“അവൻ  മിനിയാന്ന് രാത്രി എന്നെ അച്ഛാ എന്ന് വിളിച്ചു…”

“നേരാണോ?”  അവർ അമ്പരപ്പോടെ ചോദിച്ചു..

“അതേന്ന്…. ഞാൻ  ഞെട്ടിപ്പോയി… ശരിക്കും കരഞ്ഞു.. ശോഭ കൂടി ഉണ്ടായിരുന്നെങ്കിൽ ഇത്ര സന്തോഷമായേനെ…”

മാതുവമ്മ അയാളുടെ  തലയിൽ തഴുകി…

“സാരമില്ല… അവൾക്കു അത്രയേ ദൈവം ആയുസ്സ് വിധിച്ചിട്ടുള്ളൂ… കുട്ടന് നിന്നെ ഒത്തിരി ഇഷ്ടമാ… നിന്നെ ബുദ്ധിമുട്ടിക്കാതിരിക്കാനല്ലേ അവൻ ജോലിക്ക് പോയിതുടങ്ങിയത്…? ഇനി അകൽച്ച കാട്ടരുത്…”

“എനിക്ക് അകൽച്ചയൊന്നുമില്ല… പഠിച്ച് നല്ലൊരു ജോലി വാങ്ങേണ്ടവൻ  ഇങ്ങനെ കഷ്ടപ്പെടുന്നത് കാണുമ്പോ മനസ്സിനൊരു വേദന… അതേയുള്ളൂ..ഇപ്പൊ അതങ്ങ് വിട്ടു..അവന്റെ സന്തോഷം അല്ലേ വലുത്…? ഇഷ്ടമുള്ളത് ചെയ്യട്ടെ..”

“അതെ,.. ഇനി കുറച്ചു കാലം കഴിഞ്ഞ് നല്ലൊരു പെൺകുട്ടിയെ കണ്ടെത്തി അവനെക്കൊണ്ട് കെട്ടിക്കണം… അതു കാണാൻ എനിക്ക് ആയുസ്സ് ഉണ്ടാകുമോ എന്നറിയില്ല…”

മാതുവമ്മ ദീർഘമായി ഒന്ന് നിശ്വസിച്ചു…അവർ കഴിച്ചു കഴിഞ്ഞപ്പോൾ  പാത്രങ്ങളുമെടുത്ത് ഭരതൻ  വീട്ടിലേക്ക് വന്നു… ശ്രദ്ധയോടെ ഫോണെടുത്തു മേശപ്പുറത്തു ചാർജിനിട്ടു… ഒരു കുഞ്ഞിനെ എന്നപോലെയാണ് അയാൾ ആ മൊബൈൽ പരിപാലിക്കുന്നത്.. കാരണം അത് അത്രയ്ക്കു പ്രിയപ്പെട്ട ഒരാളുടെ സമ്മാനമാണ്… മത്സ്യക്കച്ചവടത്തിനു പോയാൽ  രണ്ടോ മൂന്നോ പ്ലാസ്റ്റിക് സഞ്ചികളിൽ പൊതിഞ്ഞു  ഭദ്രമായി വയ്ക്കും… അതു കണ്ട് മറ്റുള്ളവർ കളിയാക്കുന്നത് അയാൾ  ഗൗനിച്ചില്ല… അവർക്കറിയില്ലല്ലോ ഒരു മകന്റെ സ്നേഹവും കരുതലുമാണ് അതെന്ന്…

പാത്രങ്ങൾ കഴുകി, അടുക്കള വൃത്തിയാക്കിയപ്പോഴേക്കും അയാൾ തളർന്നു…നടുവേദന അലട്ടുന്നുണ്ട്…. കസേരയിൽ ഇരുന്നപ്പോഴേക്കും ഫോൺ ശബ്ദിച്ചു… മഹേഷ്‌ ആണ്..

“അച്ഛൻ ഭക്ഷണം കഴിച്ചോ?”

“ഉവ്വ്‌… നീയോ?”

“ഉം.. ഇപ്പൊ കഴിച്ചു..”

“വരാറായില്ലേ? സമയം ഒരുപാട് ആയല്ലോ?”

“ഇറങ്ങുകയാ… ഹനീഫിക്കയെ വീട്ടിൽ എത്തിക്കണം… എന്നിട്ട് വരാം… അച്ഛൻ ഉറങ്ങിക്കോ..”

“സൂക്ഷിച്ചു വാ.. രാത്രിയാണ്.. ബൈക്ക് മെല്ലെ ഓടിക്കണം..”

“അച്ഛാ..”

“എന്താ  മഹീ?”

ഒരു നിമിഷം നിശബ്ദത..

“ഒന്നുമില്ല.. ഒരു കാര്യം പറയാനുണ്ട്… നേരിട്ട്.. ഉറങ്ങിക്കോ.. നാളെ സംസാരിക്കാം..”

“ഉം..”

ലൈൻ കട്ടായതിന് ശേഷം അയാൾ ഫോണിന് പുറത്തൂടെ അരുമയായി  തലോടി.. വേറെ ആർക്കോ ജനിച്ച  ഒരു ആൺകുട്ടി തന്റെ  പ്രാണനായി മാറിയത്  അയാൾക്ക് തന്നെ അവിശ്വസനീയമായിരുന്നു… സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും വേറെ ആരുമില്ലാത്ത രണ്ടു മനുഷ്യർ…. ഊരിയിട്ട ഷർട്ടിന്റെ പോക്കറ്റിൽ നിന്നും അയാൾ  ഒരു പാസ്സ്ബുക്ക്‌ എടുത്തു.. ദിവസവും ഒരു നിശ്ചിത സംഖ്യ  ബാങ്കിൽ നിക്ഷേപിക്കുന്നുണ്ട്… ഒരു ഇൻഷുറൻസ് പോളിസിക്കും ചേർന്നു.. നാളെ  താൻ ഇല്ലാതെയായാലും അവന് ഒരു ബുദ്ധിമുട്ടും വരരുത് എന്ന ചിന്ത മാത്രമേ ഉള്ളൂ…

പുറത്തെ വാതിൽ ചാരിയശേഷം അയാൾ ജനൽ തുറന്ന് മാതുവമ്മയുടെ വീട്ടിലേക്ക് നോക്കി… വെളിച്ചം അണഞ്ഞിട്ടുണ്ട്… ഉറങ്ങിക്കാണും.. കട്ടിലിൽ  കിടന്നിട്ടും അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല… മഹേഷിന് തന്നോട് എന്തോ പറയാനുണ്ട്… എന്തായിരിക്കും അത്?… ആ ചോദ്യം അയാളെ അലട്ടി…

*************

അഹമ്മദ് ഹാജിയുടെ  വീട്ടിൽ ഉത്സവമേളം ആയിരുന്നു… സൈനുദ്ദീന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷം…  അതിഥികൾക്കിടയിലൂടെ  എല്ലായിടത്തും മഹേഷും  ഹനീഫയും   കുഞ്ഞുമോനും ഓടി നടന്നു.. എല്ലാത്തിനും അവരുടെ മേൽനോട്ടം ഉണ്ടാകണമെന്ന് വീട്ടുകാർക്ക് നിർബന്ധം ഉണ്ടായിരുന്നു..ഒടുവിൽ തിരക്കുകൾ ഒഴിയുമ്പോഴേക്കും രാത്രി പതിനൊന്ന് മണി ആയി…

“മഹീ… നിന്റെ അച്ഛന് ഫുഡ് എടുത്തോ?”

സൈനുദ്ദീൻ അടുത്ത് വന്ന് ചോദിച്ചു.

“അച്ഛൻ ഉറങ്ങിയിട്ടുണ്ടാകും… തന്നെയുമല്ല  മൂപ്പർക്ക് ഇതുപോലത്തെ ഐറ്റംസ് ഒന്നും ഇഷ്ടമല്ല  ഇക്കാ.”

“എന്നാൽ കേക്കും കുറച്ചു സ്വീറ്റ്സും കൊണ്ടുപോ..”

“അത് നോക്കാം..”

“നീയെപ്പോഴാ ഡ്യൂട്ടിക്ക് കേറുന്നേ?”

“മറ്റേ കണ്ടക്ടർ  രണ്ടു ദിവസം കൂടി പണി തരുമോ എന്ന് ചോദിച്ചിരുന്നു.. പാവം,.. എന്തോ പൈസക്ക് ആവശ്യം ഉണ്ട്.. ഞാൻ ഓക്കേ പറഞ്ഞു..”

“രണ്ടു ദിവസം കഴിഞ്ഞാൽ  നീ  കേറിക്കോളണം…”

“ശരി..”

ഹനീഫയെ വീട്ടിൽ എത്തിച്ച് തിരിച്ചു പോകും വഴി അവന്റെ ഫോൺ റിങ് ചെയ്തു.. ബൈക്ക് ഒതുക്കി നിർത്തി അവൻ എടുത്തു നോക്കി.. ഏതോ ലാൻഡ് ഫോൺ നമ്പറാണ്..

“ഹലോ..”

“മഹിയേട്ടാ.. ഞാനാ പ്രജീഷ്..”

“എന്താടാ  ഈ നേരത്ത്..?”

“ഒരു ചെറിയ പ്രശ്നം ഉണ്ട്.. ശ്രീബാല ഇവിടെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആണ്.”

അവന്റെയുള്ളിൽ ഒരു വെള്ളിടി വെട്ടി..

“എന്താ? എന്തു പറ്റി..?”

“ഒന്ന് വീണു..”

“നീ അവിടെ ഉണ്ടോ?”

“ഉണ്ട്..”

“ഞാനിപ്പോ അങ്ങോട്ട് വരാം..”

“മഹിയേട്ടൻ വീട്ടിലല്ലേ?”

“ഞാനിവിടെ അടുത്ത് ഉണ്ട്.. അഞ്ചു മിനിറ്റ്.. അവിടെത്താം..”

ഫോൺ പോക്കറ്റിലിട്ട് അവൻ ബൈക്ക് തിരിച്ചു.. തന്റെ ആരുമല്ലാത്ത ഒരു പെൺകുട്ടിക്ക് വേണ്ടി എന്തിനാണ് ഇങ്ങനെ ധൃതിപിടിച്ചു പായുന്നത് എന്ന് അവന് തന്നെ അറിയില്ലായിരുന്നു.. പക്ഷേ ശരീരം  വിറയ്ക്കുന്നുണ്ട്.. ബൈക്ക് വിജനമായ റോഡിലൂടെ ഇരമ്പികുതിച്ചു.

ഹോസ്പിറ്റലിൽ എത്തിയപ്പോൾ റിസപ്‌ഷന്റെ അടുത്ത് തന്നെ  പ്രജീഷ് നിൽപ്പുണ്ട്..

“പ്രജീഷേ… എന്താ സംഭവിച്ചത്?”

“അവളുടെ അച്ഛൻ കള്ളുകുടിച്ചു വന്ന് പൈസ  ചോദിച്ചു… അവൾ ഇല്ല എന്ന് പറഞ്ഞിട്ടും കേട്ടില്ല… വീടു മുഴുവൻ പരതി  നോക്കി.. മഹിയേട്ടൻ തന്നതിന്റെ ബാക്കി ഇരുന്നൂറ്‌ രൂപ ഉണ്ടായിരുന്നത് കണ്ടുപിടിച്ചു. അതെടുക്കാൻ നോക്കിയപ്പോ അവള് തടയാൻ ശ്രമിച്ചതാ.. അയാള് പിടിച്ചു തള്ളി.. നെറ്റി ചുമരിലിടിച്ചു വീണു..അവളുടെ അമ്മയുടെ കരച്ചിൽ കേട്ട് ഞാനും  എന്റെ അമ്മയും ഓടിച്ചെന്നു.. അവള് ബോധമില്ലാതെ കിടപ്പായിരുന്നു.. ഒരു ഓട്ടോ പിടിച്ച് ഇങ്ങോട്ട് കൊണ്ടുവന്നതാ..സ്റ്റിച്ച് ഇട്ടിട്ടുണ്ട്…ഇന്ന് ഇവിടെ കിടന്നിട്ട് നാളെ പോകാമെന്നാ ഡ്യൂട്ടി ഡോക്ടർ പറഞ്ഞത്… എന്റെ കയ്യിലാണേൽ പൈസ ഒന്നുമില്ല. അഥവാ പുറത്ത് നിന്ന് എന്തെങ്കിലും വാങ്ങാൻ പറഞ്ഞാൽ  പെട്ടു പോകും…അതാ മഹിയേട്ടനെ വിളിച്ചത്..”

അവന്റെ നിസ്സഹായാവസ്ഥ  മഹേഷിന് മനസിലായി… പ്രജീഷിന്റെ അച്ഛൻ നാഷണൽ പെർമിറ്റ് ലോറിയിൽ ക്ളീനറായി ജോലി ചെയ്യുകയാണ്… സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബം…

“ബാലയുടെ അമ്മാവൻ വന്നില്ലേ?”

“കുറച്ചു നേരം ഇവിടെ ഉണ്ടായിരുന്നു.. വീട്ടിൽ ആളില്ല എന്ന് പറഞ്ഞു പോയി….ആരെങ്കിലും ചോദിച്ചാൽ കാല് വഴുതി വീണതാണെന്ന് പറഞ്ഞാൽ മതി  എന്നും പറഞ്ഞു.. പോലീസ് കേസ് ആയാൽ പുറകെ നടക്കേണ്ടി വരുമത്രേ..”

“അവളുടെ അമ്മ ഒറ്റയ്ക്ക് അല്ലേ അവിടെ?”

“എന്റെ ചേച്ചി കൂട്ട് കിടന്നോളും…”

മഹേഷ്‌, അവന്റെ കൂടെ  അകത്തേക്ക് നടന്നു… അവരെ കണ്ടതും  പ്രജീഷിന്റെ അമ്മ എഴുന്നേറ്റു..

“ഇതാരാ പ്രജീ?” അവർ  ചോദിച്ചു..

“ഇത് മഹിയേട്ടൻ.. ഞാൻ പറയാറില്ലേ? ബസിലെ….?”

മഹേഷ്‌ ശ്രീബാലയെ തന്നെ  നോക്കി നില്കുകയായിരുന്നു… മിഴികളടച്ചു കിടക്കുകയാണ് അവൾ… തലയിൽ ഒരു കെട്ട് ഉണ്ട്… വാടിത്തളർന്ന ആ മുഖം കണ്ടപ്പോൾ അവന്  സങ്കടം  സഹിക്കാൻ കഴിഞ്ഞില്ല…

“ഇപ്പൊ ഉറങ്ങിയതാ… നല്ല ക്ഷീണം ഉണ്ടായിരുന്നു… ഈ കൊച്ചിനോട് ഇങ്ങനെയൊക്കെ ചെയ്യാൻ ആ ചെകുത്താന് മനസ്സ് വന്നല്ലോ… അവന്റെ തലയിൽ  ഇടിത്തീ  വീഴണേ ഈശ്വരാ..”

പ്രജീഷിന്റെ അമ്മ, തലയിൽ കൈ വച്ചു പ്രാകി..

“അമ്മയൊന്നു മിണ്ടാതിരിക്കാമോ? ആരെങ്കിലും കേട്ടാൽ അത് മതി…. വഴുതി വീണതാണെന്നാ ഡോക്ടറോട് പറഞ്ഞത്..”

പ്രജീഷ് ശാസിച്ചു.. കുറച്ചു നേരം അവളെ നോക്കി നിന്ന ശേഷം മഹേഷ്‌ പുറത്തിറങ്ങി കസേരയിൽ ഇരുന്നു…അടുത്ത് തന്നെ പ്രജീഷും….

“ഞാൻ ഈ രാത്രി വിളിച്ചു വരുത്തിയത് ഏട്ടന് ബുദ്ധിമുട്ടായോ?”

“ഏയ്‌ ഇല്ല.. സന്തോഷമേ ഉള്ളൂ.. ഇങ്ങനൊരു സമയത്ത് നീയെന്നെ ഓർത്തല്ലോ… നിനക്ക് നാളെ ക്ലാസില്ലേ?”

“ഉണ്ട്..”

“ഞാൻ നിന്നെ വീട്ടിൽ കൊണ്ടു വിട്ടിട്ട് ഇങ്ങോട്ട് വരാം… വെറുതെ ക്ലാസ് കളയണ്ട.. “

“അപ്പൊ മഹിയേട്ടന് വീട്ടിൽ പോകണ്ടേ?”

“അത് കുഴപ്പമില്ലെടാ.. ആരും സഹായത്തിനില്ലാത്തവരെ തേടിപ്പിടിച്ചു കൂടെ നിൽക്കുന്ന ഒരാളാണ് എന്റെ വീട്ടിൽ.. മൂപ്പര് ഇതൊക്കെ മനസിലാക്കിക്കോളും..”

“എന്നാൽ ഞാൻ അമ്മയോട് പറഞ്ഞിട്ട് വരാം..”

പ്രജീഷിനെ കൊണ്ടുവിട്ട്  തിരിച്ച് ആശുപത്രിയിലേക്കുള്ള യാത്രയിൽ  അവന്റെ മനസ്സ് കലങ്ങിമറിയുകയായിരുന്നു…പ്രതീക്ഷകളറ്റു പോയ ആ പെൺകുട്ടിയെ എങ്ങനെയെങ്കിലും കൈപിടിച്ച് ഉയർത്തണമെന്ന് അവന്  തോന്നി… അവളുടെ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാൻ താങ്ങായി നിൽക്കണമെന്ന തീരുമാനത്തോടെ അവൻ ബൈക്കിന്റെ വേഗം കൂട്ടി….

(തുടരും )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “എന്റെ മാത്രം – 5”

Leave a Reply

Don`t copy text!