പദ്മ – മിഴി നിലാ ✨
Love · 10 അധ്യായങ്ങൾ
📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →
അധ്യായം 1 – പദ്മ
പ്രണയനായവന്റെ വിളി അവളുടെ കർണപുടങ്ങളിൽ മുഴങ്ങിയതോ? ഹൃദയം തേങ്ങുമ്പോൾ ഗംഗ അവളെ മാടി വിളിച്ചു…
വെള്ളി നാരുകൾ പാകി തുടങ്ങിയ തലയിലൂടെ ചുവപ്പും കറുപ്പും കലർന്ന ആ കോട്ടൺ സാരിയുടെ തലപ്പ് ഒരിക്കൽ കൂടി വലിച്ചിട്ട് അതിന്റെ ഒരു വശം കൊണ്ട് മുഖത്തെ വിയർപ്പൊപ്പി, ഘട്ടിലേക്കുള്ള ആ വഴിയെ നടക്കുമ്പോൾ അവൾ ചുറ്റുമുള്ളവയിലേക്കൊന്നും ശ്രദ്ധ കൊടുക്കാൻ പോയില്ല. പോവുക, ലക്ഷ്യം നിറവേറ്റുക, മടങ്ങുക എന്നത് മാത്രമായിരുന്നു അപ്പോൾ അവളുടെ ഉള്ളിൽ.
അത് കൊണ്ട് തന്നെ ചുറ്റുപാട് നിന്നും കേൾക്കുന്ന ആളുകളുടെ സംസാരം പോലും അവൾക്കാ സമയം അരോചകമായി തോന്നി.
നേരം പുലർന്ന് ഇത്രയുമേ ആയിട്ടുള്ളൂ എങ്കിലും അന്തരീക്ഷം ആകെ ശബ്ദമുഖരിതമാണ്. എവിടെ നിന്നൊക്കെയോ കേൾക്കുന്ന ശംഖനാദങ്ങൾ, മണിയൊച്ചകൾ, കാറ്റിൽ ഭ്രാന്തമായ് അലഞ്ഞു നടക്കുന്ന എന്തിന്റെയൊക്കെയോ സമ്മിശ്രഗന്ധം ഇവയെല്ലാം കൂടി താനേതോ ദുഃസ്വപ്നത്തിലാണെന്ന് അവൾക്ക് തോന്നി പോയി. ആളുകളുടെ ഇടയിലൂടെ ആ ഇടുങ്ങിയ വഴിയെ നടന്ന് ഗംഗയിലേക്കുള്ള പടവുകൾ ഇറങ്ങവേ അവളുടെ മിഴികൾ അവിടം ആകെയും പാഞ്ഞു നടന്നു. തോളിൽ കിടന്നിരുന്ന കറുപ്പ് നിറത്തിലെ തോൾ സഞ്ചിയുടെ ഒരറയിൽ ആ കലശം ഭദ്രമായി തന്നെ ഇല്ലേയെന്ന് കൈ കൊണ്ട് തഴുകി ഉറപ്പിച്ച് അവൾ ആ പടവുകൾക്ക് താഴെയായി ഇരുന്നിരുന്ന കർമ്മിയെ ലക്ഷ്യമാക്കി ചുവടുകൾ വെച്ചു. അയാളെ പോലെ നിരവധി പേർ അവിടെയും ഇവിടെയും ആയി പൂജാദ്രവ്യങ്ങളുമായി നിരന്ന് ഇരിപ്പുണ്ടായിരുന്നു. തന്റെ മിഴികളിൽ ആദ്യം പതിഞ്ഞ കർമ്മിയുടെ അടുത്ത് ചെന്ന് നിന്ന് അയാളോട് തന്റെ ആവശ്യം പറയുമ്പോൾ ” അസ്ഥി വിസർജൻ ” പൂജയ്ക്കുള്ള തയ്യാറെടുപ്പുകൾ അയാൾ ആരംഭിക്കുന്നത് ഒട്ടൊരു കൗതുകത്തോടെ അവൾ നോക്കി നിന്നു.
” ഗംഗയിൽ മുങ്ങി വരൂ ” അയാളുടെ ഭാഷയിൽ അയാൾ പറഞ്ഞത് മനസ്സിലായതും തോൾ സഞ്ചി ഊരി അയാൾക്കരികിൽ വെച്ച് അതിൽ നിന്നും ഒരു വെളുത്ത ഒറ്റമുണ്ടെടുത്ത് സാരിയ്ക്ക് മുകളിലൂടെ അരയിൽ മുറുക്കി ഉടുത്ത് അവൾ ഗംഗയിലേക്കുള്ള പടവുകൾ ഇറങ്ങി. ഒരു നിമിഷം ഗംഗയിലെ ഓളങ്ങളിലേക്ക് നോക്കി നിന്നവൾ പതിയെ തന്റെ വലം കാലിലെ പെരുവിരൽ കൊണ്ട് ആ വെള്ളത്തിൽ ഒന്ന് സ്പർശിച്ചു. അവിടെ നിന്നും ദേഹമാകെ പടർന്നു കയറിയ തണുപ്പിൽ അവളൊന്നു കണ്ണടച്ചു.
‘ പാമീ.. ‘ പ്രാണനായവന്റെ വിളി അവളുടെ കർണപുടങ്ങളിൽ മുഴങ്ങി കേട്ടത് പോൽ അവൾ മിഴികൾ വലിച്ച് തുറന്നിരുന്നു. നടക്കില്ലെന്നറിഞ്ഞിട്ടും വെറുതെ ചുറ്റും ഒന്ന് കണ്ണോടിച്ചു അവൾ.
‘ ഇല്ല. അങ്ങനെ ആരും തന്നെ യഥാർത്ഥത്തിൽ ഈ നിമിഷം വിളിച്ചിട്ടില്ല. അങ്ങനൊരു വിളി കേട്ടു എങ്കിൽ അത് തന്റെ ഹൃദയത്തിൽ നിന്ന് തന്നെയാണ് ‘ എന്ന തിരിച്ചറിവിൽ ഒരു നിശ്വാസത്തോടെ അവൾ ഗംഗയിലേക്ക് തന്റെ ശരീരത്തെ ആഴ്ത്തി. നിമിഷങ്ങൾക്കകം ഉയർന്നു പൊങ്ങിയവളുടെ മുഖത്ത് നിന്നും താഴേക്കു ചാലുതീർത്തൊഴുകിയ ജലകണങ്ങൾക്കൊപ്പം കണ്ണുനീർ മുത്തുകളും കൂട്ടിനെത്തിയിരുന്നു. പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ അവളതിനെ പുറം കൈ കൊണ്ട് അമർത്തി തുടച്ച് കളഞ്ഞു.
ആ കർമ്മിയ്ക്ക് മുൻപിൽ അയാൾ ചൊല്ലി തന്ന മന്ത്രങ്ങൾ ഏറ്റു ചൊല്ലി അയാൾ പറഞ്ഞതിൻ പ്രകാരം കർമ്മങ്ങൾ ചെയ്യുമ്പോൾ അവളുടെ മനസ്സിൽ നിറഞ്ഞു നിന്നത് ഒരുവന്റെ മുഖമായിരുന്നു. നുണക്കുഴി ചിരിയോടെ പാമീ എന്ന് വിളിച്ചു തനിക്കരികിലേക്ക് നടന്ന് വരുന്നൊരുവന്റെ, തന്റെ ജിതേന്ദ്രന്റെ , പാമിയുടെ മാത്രം ജിതന്റെ. ജീവിച്ചു കൊതി തീരും മുമ്പേ തന്നെ തനിച്ചാക്കി വേറൊരു ലോകത്തേക്ക് പോയവന് മോക്ഷം നൽകാൻ അയാളുടെ പാമിയ്ക്ക് ഇത്രയുമേ ചെയ്യാൻ കഴിയൂ. എപ്പോഴോ ഒരിക്കൽ അയാൾ തന്നോട് പറഞ്ഞൊരാഗ്രഹം. അത് താനിന്ന് പൂർണ്ണ സംതൃപ്തിയോടെ നടത്തുന്നു.
‘ ഞാൻ മരിച്ചാൽ എന്റെ ചിതാഭസ്മം നീ ഗംഗയിൽ ഒഴുക്കിയേക്കണേടീ പെണ്ണേ.. ‘ ഒരിക്കൽ കളിയായി എങ്കിലും തന്നോട് പറഞ്ഞ ആ വാക്കുകൾ ചെവിയിൽ മുഴങ്ങുന്നു. തോന്നലാണ്. വെറും തോന്നൽ. മനസ്സിന്റെ മായാജാലം എന്ന് അവളോർത്തു.
തുടരും . . .
🍁🌝 മിഴി നിലാ 🌝🍁
📖 കഥ തുടരാം
“പദ്മ”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →
📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ
- ✓ കൂടുതൽ സൗകര്യപ്രദമായ വായന
- ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
- ✓ ഏകദേശം 7 MB മാത്രം
✍️ എഴുതി വരുമാനം നേടൂ
നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission





