Skip to content

ഒറ്റപ്പെടലിന്റെ ആഴങ്ങളിൽ…

പുനർജ്ജനി 💓 മലയാളം നോവൽ

പുനർജ്ജനി 💓 – സൗമ്യ ജാൻവി

Love, Drama · 75 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – പുനർജ്ജനി 💓

അവളുടെ പ്രണയവും സൗഹൃദവും ഒരുപോലെ തകരുമ്പോൾ, ഇനിയെന്ത്? 💔


“മനുഷ്യനായാൽ നാണോം മാനോം വേണമെടി.ഇന്ന് തരാം,നാളെ തരാമെന്നു പറഞ്ഞു പറ്റിക്കാൻ തുടങ്ങീട്ട് കാലം കുറച്ചായി.ഇനിയീ രാധാമണിയെ ഒതുക്കത്തിലങ്ങു പറഞ്ഞയ്ക്കാമെന്നു കരുതണ്ട.”

കുളി കഴിഞ്ഞ് ഇറങ്ങി തോർത്ത്‌  പിന്നിലെ ഇറയത്ത് കെട്ടിയിട്ടിരിക്കുന്ന ഈറ്റ കമ്പിലേക്കു വിരിച്ചിടുമ്പോൾ രാധാമണിയുടെ ശാപ വാക്കുകൾ ഇന്ദു കേൾക്കുന്നുണ്ടായിരുന്നു.

അമ്മയുടെ മറുപടിയും ഒട്ടും മോശമല്ല.കാശിനു മാത്രമേ കുറവുള്ളൂ.പോരെടുക്കാനും നല്ല നാല് പറയാനും സുശീലയും മോശമല്ല.ഇന്ദു ഓർത്തു.

അടുക്കള വഴി അവൾ അകത്തേക്ക് കയറി. വാതിൽക്കൽ കാൽ ചവിട്ടി തുടയ്ക്കാൻ ഇട്ടിരിക്കുന്ന ചണച്ചാക്ക് കർക്കിടക മഴയിൽ പാതിയോളം നനഞ്ഞിട്ടുണ്ട്.അതിനൊരറ്റത്തേക്ക് കാൽ തുടച്ച് അകത്തേക്ക് നടക്കുമ്പോൾ തറയിൽ അവളുടെ പാദങ്ങളുടെ ജലചിത്രം പതിഞ്ഞു കൊണ്ടിരുന്നു.

ചാരയും മറൂണും നിറത്തിലുള്ള ഒരു ചുരിദാർ ആയിരുന്നു അവളുടെ വേഷം. മുറിയിലേക്ക് കയറി അവൾ മുടി ഉണങ്ങിയ ഒരു തോർത്ത്‌ കൊണ്ട് വീണ്ടും ഒന്നുകൂടി തോർത്തി. നല്ല ഉള്ളുള്ള നീണ്ട മുടിയാണ് അവൾക്ക്. അച്ഛമ്മയുടേത് പോലെ.മുടി കോതി ഉടക്ക് കളഞ്ഞ ശേഷം അല്പം ഇടതു വശത്തു നിന്ന് വകുപ്പെടുത്ത് കുളിപ്പിന്നൽ പിന്നിയിട്ടു.. മുഖത്ത് ചെറിയൊരു കറുത്ത പൊട്ടും ഭസ്മം കൊണ്ടൊരു കുറിയും തൊട്ടു..

അടുക്കളയിലേക്ക് കഴിക്കാൻ ചെല്ലുമ്പോഴും വീടിനു മുന്നിൽ രാധാമണിയുടെ മേളം തീർന്നിട്ടില്ല.

അവൾ രണ്ടു ഗോതമ്പു ദോശയും വെളിച്ചെണ്ണയൊഴിച്ച് ഇളക്കിയ ചുട്ടരച്ച മുളക് ചമ്മന്തിയും ഒരു പ്ലെയിറ്റിൽ എടുത്തു കൊണ്ട് ആ കുഞ്ഞ് അടുക്കളയിൽ കിടന്ന  സ്റ്റൂളിൽ ഇരുന്നു. ഒരു കഷ്ണം ദോശ  ചമ്മന്തിയിൽ തൊട്ടു കഴിച്ചു.. നല്ല രുചി…

രണ്ടാമതൊരു കഷ്ണം വായിലേക്ക് വെക്കാൻ തുടങ്ങുമ്പോഴാണ് അവൾ അത് കേട്ടത്..

“ഇങ്ങനെ നാട്ടുകാരെ പറ്റിച്ചു കടം വാങ്ങി തെണ്ടി തിന്നാൽ നിനക്കൊക്കെ ദേഹത്ത് പിടിക്കുവോടി…?”

മനസും വായും ഒരു പോലെ മടുത്തു പോയി.ഇന്ദു എടുത്ത ദോശ കഴിക്കാതെ കുറിഞ്ഞിയുടെ പാത്രത്തിലേക്കിട്ടു കൊടുത്തു.മ്യാവൂ പറഞ്ഞു കൊണ്ട് കുറിഞ്ഞി അത് കഴിക്കുന്നതും നോക്കി നിൽകുമ്പോൾ ഇന്ദുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. ചമ്മന്തിയുടെ എരിവോ.. അതോ കഠിനമായ ജീവിത സാഹചര്യങ്ങളുടെ നീറ്റലോ… എന്താവാം കാരണം?

ഇന്ദു കൈ കഴുകി മുറിയിലേക്ക് ചെന്നു.മറൂൺ ഷാൾ എടുത്തിട്ടു.ബാഗിൽ എല്ലാം വെച്ചിട്ടില്ലേ എന്ന് നോക്കി ഉറപ്പു വരുത്തിയിട്ട് പുറത്തേക്കിറങ്ങി.

മേശയിൽ അമ്മ പൊതി കെട്ടി വെച്ചിരിക്കുന്നത് കണ്ടിട്ടും അവൾ അത് എടുക്കാൻ പോയില്ല.
മുൻവശത്തേക്ക് ചെന്നപ്പോൾ വേലിക്കപ്പുറവും ഇപ്പുറവും  പോര് കോഴികളെ പോലെ നിൽക്കുന്ന അമ്മയെയും രാധാമണിയെയും കണ്ടു.മഴച്ചാറ്റലിനെ പോലും വക വെക്കാതെ വാക്പോര് നടത്തുന്ന രണ്ടു പഴയ സ്നേഹിതകൾ..

“ഓ ചമഞ്ഞിറങ്ങിയല്ലോ ചിങ്കാരി…”

രാധാമണി പുച്ഛത്തോടെ പറഞ്ഞപ്പോളാണ് സുശീല തിരിഞ്ഞു നോക്കിയത്. പടിയിൽ കിടന്ന ചെരുപ്പ് കാലിൽ ഇട്ടു കൊണ്ട് ഇന്ദു കുട നിവർത്തി മുറ്റത്തേക്കിറങ്ങി.

“മോളെ നീ ഇറങ്ങിയോ.. ചോറെടുത്തില്ലേ…? മേശമേൽ വെച്ചിട്ടുണ്ടായിരുന്നു “സുശീല ചോദിച്ചു.

“ഇപ്പോൾ തന്നെ വയറു വല്ലാതെ നിറഞ്ഞമ്മേ… ഉച്ചക്കിനി വിശക്കില്ല… ഞാൻ പോയിട്ടു വരാം.”

പറഞ്ഞു കൊണ്ടവൾ കമ്പു കൊണ്ട് കെട്ടിയുണ്ടാക്കിയ വേലി വാതിൽ തുറന്നു വഴിയിലേക്കിറങ്ങി..

“രാധമ്മേ… “

അവൾ വിളിക്കുന്നത്‌ കേട്ട് രാധ നെറ്റി ചുളിച്ചു നോക്കി.

“കാശ് കൈയിൽ വെച്ച് കൊണ്ട് തരാതിരിക്കുന്നതല്ല.. പറ്റിക്കുകയുമില്ല. ജീവനുണ്ടെങ്കിൽ ഇന്ന് കുറച്ചു കാശെങ്കിലും ഞാൻ എങ്ങനെയെങ്കിലും ഒപ്പിച്ചു തരാം.അത് വരെ ഒന്ന് ക്ഷമയോടിരിക്കണം.ഒന്നുമില്ലെങ്കിലും കുറെ നാൾ അമ്മേയെന്നു വിളിച്ചതല്ലേ ഞാനും…”

അതും പറഞ്ഞവൾ ഇറങ്ങി പോകുമ്പോൾ രാധ വാക്കുകൾ നഷ്ട്ടപ്പെട്ട് അവിടെ നിൽക്കുന്നുണ്ടായിരുന്നു.

മൺറോഡിലൂടെ താഴത്തു ജങ്ഷനിലേക്ക് നടന്നു പോകുന്ന ഇന്ദുവിനെ നോക്കി നിൽകുമ്പോൾ സുശീലക്കു നെഞ്ച് പിടഞ്ഞു.

ഇവൾ ഇന്ദുജ. ചുമട്ടു തൊഴിലാളിയായിരുന്ന സദാനന്ദന്റെയും സുശീലയുടെയും രണ്ടു പെണ്മക്കളിൽ മൂത്തവൾ.. ഇളയവൾ പ്ലസ് ടു വിദ്യാർത്ഥി ആയ വിന്ദുജ.

വണ്ടിയിൽ നിന്ന് ചുമടിറക്കുന്നതിനിടയിൽ സംഭവിച്ച അപകടം സദാനന്ദനെ തളർത്തി. അതോടെ ആ കുടുംബവും തളർന്നു.അത് വരെ കൊച്ചൊരു സ്വർഗ്ഗമായിരുന്ന ആ വീട് പകച്ചു നിന്ന നിമിഷങ്ങൾ..

ഉള്ളതെല്ലാം വിറ്റു പെറുക്കിയും കടം വാങ്ങിയും സദാനന്ദന്റെ ചികിത്സ നടത്തിയെങ്കിലും വൈകാതെ ആ കിടപ്പിൽ നിന്നയാൾ ഉയിരും ഉടലും വിട്ടു സ്വതന്ത്രനായിരുന്നു.

ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥി ആയിരുന്നു അപ്പോൾ ഇന്ദുജ.തുടർ പഠനത്തിന് സഹായിക്കാമെന്ന് അധ്യാപകർ പറഞ്ഞെങ്കിലും അവൾ അത് സ്നേഹപൂർവ്വം നിരസിച്ചു.ഡിസ്റ്റൻസ് എജ്യൂക്കേഷൻ വഴി തുടർ പഠനം നടത്താമെന്നുറപ്പിച്ച് അവൾ കോളേജിന്റെ പടിയിറങ്ങി.

അവൾ എത്തി നിന്നത് ‘പുനർജ്ജനി’ ആയുർവേദ ഹോസ്പിറ്റലിൽ ആണ്. അവളുടെ അവസ്ഥ അറിഞ്ഞു ശ്രീകല ഡോക്ടർ അവളെ അവിടെ ജോലിക്കെടുത്തു.

ആദ്യം റിസെപ്ഷനിലും തുടർന്ന് ഉഴിച്ചിലും മറ്റും നടത്തുന്ന ഇടത്ത് സഹായിയായും ഒക്കെ അവൾ മടിയേതുമില്ലാതെ ജോലി ചെയ്തു. വളരെ വേഗം അവൾ ഉഴിച്ചിലും തിരുമ്മലുമൊക്കെ ഹൃദിസ്ഥമാക്കി.

അവിടെക്കാണീ രാവിലെ ഇന്ദുവിന്റെ യാത്ര…

തുടരും… 💗

ചെറിയൊരു തുടർക്കഥ തുടങ്ങുകയാണ് . ‘പുനർജ്ജനി’. ഈ യാത്രയിൽ ഇന്ദുവിന് കൂട്ടായുണ്ടാവുമല്ലോ നിങ്ങൾ…

കഥയിലെ സ്ഥാപനങ്ങൾ, കഥാ പാത്രങ്ങൾ, സംഭവങ്ങൾ എല്ലാം തികച്ചും സാങ്കൽപ്പികം മാത്രം.


📖 കഥ തുടരാം

“പുനർജ്ജനി 💓”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ സൗമ്യ ജാൻവി-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!