മോഹപ്പറവകൾ – ശിവപ്രിയ ദ്യുതി
Love, Suspense · 151 അധ്യായങ്ങൾ
📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →
അധ്യായം 1 – മോഹപ്പറവകൾ
അവൾ കള്ളിയാണോ? അതോ ഹരി അവളെ ചതിച്ചതാണോ? ഉത്തരം തേടി ഹിമ.
Copyright protected
സ്റ്റോറിയ്ക്ക് കോപ്പിറൈറ്റ് ഉണ്ട്.. അനുവാദമില്ലാതെ പകർത്തരുത്
കഥ ആരംഭിക്കുന്നു
ഏറെ നേരമായി ഹിമ ആ ഇരുനില വീടിന്റെ ഗേറ്റിനരികിൽ നിൽക്കാൻ തുടങ്ങിയിട്ട്..
ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്..വീടിനുള്ളിൽ ആളനക്കം കാണുന്നുണ്ട് പക്ഷേ ആരും പുറത്തേക്ക് വന്നതേയില്ല..
അവൾ കൈയിലിരുന്ന ഫോണിൽ സമയം നോക്കി..മണി ആറാവാൻ പോകുന്നു.. അഞ്ചിന് മുൻപ് വന്നതാണ്.. ഇപ്പോഴേ മങ്ങിത്തുടങ്ങി ഇനിയും നിന്നാൽ ഇരുട്ടും.. എന്ത് ചെയ്യണമെന്നവൾക്കറിയില്ല..
രണ്ടിലൊന്ന് അറിഞ്ഞിട്ട് വീട്ടിൽ കേറിയാൽ മതിയെന്ന് അന്ത്യശാസനം തന്ന് വിട്ടതാണമ്മ..
അവൾ ഹരിയേട്ടൻ എന്ന പേരിൽ സേവ് ചെയ്തുവെച്ചിരിക്കുന്ന നമ്പറിലേക്ക് വെറുതെയൊന്നു വിളിച്ചു നോക്കി..
ഒരായിരം തവണയെങ്കിലും വിളിച്ചിട്ടുണ്ടായിരിക്കും.. മറുതലയ്ക്കൽ കോളേടുക്കില്ലെന്നും ആ നമ്പർ സ്വിച്ഡ് ഓഫ് ആണെന്ന അറിയിപ്പായിരിക്കും കിട്ടുകയെന്നും അവൾക്ക് നന്നായറിയാം എങ്കിലും ഒരു പാഴ്ശ്രമം കൂടി
ഫോൺ കാതോട് ചേർത്തുപിടിച്ചു നിൽക്കെ ഹിമ അത് കണ്ടു, മുറ്റത്തെ മാവിനരികെ ഒരു പെൺകുട്ടി നിൽക്കുന്നു..
ഒരു നിമിഷം തന്റെ ശ്രദ്ധ ഫോണിലേക്കായിരുന്നു അപ്പോഴായിരിക്കും അവൾ അങ്ങോട്ട് ഇറങ്ങി വന്നത്.. അവൾ തന്നെ നോക്കുന്നത് ഹിമ ശ്രദ്ധിച്ചു..
കോട്ടൺ സാരിയാണ് വേഷം.. മെലിഞ്ഞു വെളുത്തു കൊലുന്നനെയൊരു പെണ്ണ്.. മൈഥിലിയല്ലേയത്.. ഹിമ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.. മൈഥിലി തന്നെ.. വീടിന് നേർക്കൊന്ന് നോക്കിയിട്ട് അവൾ തന്റെ നേർക്ക് നടന്നുവരുന്നത് കണ്ടു
“നീ.. നീയെന്തിനാ ഇവിടെ വന്ന് നിൽക്കുന്നത്.. വീട്ടിൽ പൊയ്ക്കൂടേ?
ഗേറ്റിൽ പിടിച്ചു നിൽക്കുന്ന ഹിമയുടെ മുഖത്തേക്കൊന്ന് നോക്കിയിട്ട് മൈഥിലി മുഖം താഴ്ത്തി..അവൾ തൊട്ടടുത്ത് കണ്ട ചെടിയിലെ പൂക്കൾ ഇറുത്തെടുത്തുകൊണ്ടിരുന്നു..
ഏറെ നേരമായുള്ള തന്റെ നിൽപ്പ് കണ്ട് ദയ തോന്നി തന്നോട് സംസാരിക്കാൻ വന്നതാണവൾ.. എന്നാൽ അതിന് വന്നതാണെന്ന് മറ്റുള്ളവർക്ക് തോന്നുകയുമരുത്.. അതിനാണ് പൂവ് ഇറുക്കുന്നതും ഇടയ്ക്കിടെ മാവിലേക്ക് നോക്കുന്നതും.. നിറഞ്ഞ കണ്ണുകളോടെ ഹിമയവളെ നോക്കി നിന്നു
” പോകാൻ നോക്ക്.. ഇവിടെയാരിൽ നിന്നും നിനക്കനുകൂലമായ മറുപടിയൊന്നും കിട്ടില്ല..സംസാരിക്കാൻ കൂട്ടാക്കുമെന്ന് പോലും തോന്നുന്നില്ല പിന്നെന്തിനാ നിക്കുന്നേ.. ആറേ കാലിന്റെ ‘സനം’ പോയിക്കഴിഞ്ഞാപ്പിന്നെ അടുത്ത ബസ് കുറച്ചു കഴിഞ്ഞിട്ടാ.. ഇരുട്ടിയാ ഒറ്റയ്ക്ക് പോകാൻ പേടിയാവില്ലേ നിനക്ക് “
പിറുപിറുക്കുന്നതുപോലെയാണവൾ സംസാരിക്കുന്നത്
” ഹരിയേട്ടൻ എവിടെപ്പോയതാന്നറിയുവോ?”
ചിലമ്പിയ സ്വരത്തിൽ ഹിമ ചോദിച്ചു
” എവിടെയാണെന്ന് എനിക്കറിയില്ല .. അറിഞ്ഞാലും പറഞ്ഞു തരാനും പറ്റില്ല.. ഇനിയും ഇവിടെ കഴിഞ്ഞുകൂടണമല്ലോയെനിക്ക്.. ഒരു കുഞ്ഞായിപ്പോയില്ലേ “
” എന്റെ വയറ്റിൽക്കിടക്കണ കുഞ്ഞിനെ ഞാനെന്ത് ചെയ്യണം മൈഥിലി.. കൊന്നുകളയണോ.. അതോ ഞാൻ തന്നെ പോയി ചാവണോ.. “
ഹൃദയം പൊട്ടിയുള്ള ആ ചോദ്യവും കരച്ചിലും കേട്ട് മൈഥിലിയുടെ കണ്ണുകളും നിറഞ്ഞുവന്നു
” പറ “
” ഇതൊക്കെ നീ എന്നോട് ചോദിച്ചിട്ട് ഞാനെന്താ പറയുക.. ഓരോന്നിന് ഇറങ്ങിപ്പുറപ്പെടുമ്പോ അവനവൻ ആലോചിക്കണം..
ഇവരാരും നിന്നെ സ്വീകരിക്കാൻ തയ്യാറാവുമെന്ന് തോന്നുന്നില്ല..
ഇവിടുത്തെ അമ്മ പറയുന്നത് നീ ഭയങ്കര കള്ളിയാണെന്നാ..നിനക്ക് പലരുമായും ബന്ധമുള്ളത് അമ്മയ്ക്കറിയാമെന്ന്..
മറ്റാരുടെയോ കുഞ്ഞിനെ അമ്മേടെ മോന്റെ തലയിൽ കെട്ടിവെക്കാനോ അതല്ലെങ്കി ഇവിടുന്ന് പണം മേടിച്ചെടുക്കാനോ ഉള്ള ശ്രമമാണെന്ന് “
” എന്റെ കുഞ്ഞിന്റെ അച്ഛൻ പറയട്ടെ ഇതയാളുടെ കുട്ടിയല്ലാന്ന്…. ഹരിയേട്ടനെ എനിക്കൊന്ന് കാണണം എവിടെയുണ്ടെന്ന് ഒന്ന് പറയ് നീ “
ഹിമ യാചനയോടെ മൈഥിലിയേ നോക്കി
മൈഥിലി അവളുടെ നേർക്കും പിന്നെ തിരിഞ്ഞ് വീടിന് നേർക്കും നോക്കി..
തുറന്ന് കിടക്കുന്ന ജനൽപ്പാളിയുടെ അടുത്ത് ആരോ ഒരാൾ തങ്ങളെ നോക്കി നിൽക്കുന്നത് അവൾ കണ്ടു..താൻ അങ്ങോട്ട് നോക്കുന്നത് കണ്ടതും അവർ അവിടെ നിന്ന് മാറുന്നതും കണ്ടു
” അമ്മയാണെന്ന് തോന്നുന്നു നമ്മളെ നോക്കി നിൽക്കുന്നുണ്ട്.. നീ പൊയ്ക്കോ.. “
മൈഥിലി തിടുക്കത്തിൽ തിരികെ പോകാൻ ഭാവിച്ചു
” ഓടിച്ചു വിടല്ലേ.. എന്റെ കുഞ്ഞിനെ ഞാനെന്ത് ചെയ്യണം അതൊന്ന് പറ..? “
ക്ഷമ നശിച്ച മട്ടിൽ രണ്ട് കൈകൾ കൊണ്ടും ഗേറ്റിൽ പിടിച്ചു നിന്ന് അവൾ പൊട്ടിക്കരഞ്ഞു
” നിന്നോട് പറയാനുള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു .. ഇനിയെന്നോടൊന്നും ചോദിക്കരുത്.. പ്ലീസ് “
മൈഥിലി ധൃതിയിൽ തിരിഞ്ഞു നടക്കുന്നത് കണ്ട് ഹിമ ഇനിയെന്ത് വേണമെന്നറിയാതെ നിന്നു
❤️❤️❤️❤️
” അമ്മേ ഒന്ന് പെട്ടെന്ന് വാ.. നേരം പോകുന്നു”
തൊഴുത് പ്രാർത്ഥിച്ചു വഴിപാടും കഴിപ്പിച്ച് പ്രസാദം വാങ്ങി പുറത്തിറങ്ങിയിട്ട് പിന്നെയും ക്ഷേത്രത്തിന് നേർക്ക് നോക്കി കണ്ണടച്ചു പ്രാർത്ഥിക്കുന്ന അമ്മയെ വേദ തോണ്ടി വിളിച്ചു
ഒരനക്കവുമില്ല.. ആള് അറിഞ്ഞിട്ടുപോലുമില്ലെന്ന് തോന്നി
“അമ്പലത്തിനകത്ത് നിന്ന് അര മണിക്കൂർ പ്രാർത്ഥനയോട് പ്രാർത്ഥനയായിരുന്നല്ലോ.. ഇനി പറയാനുള്ളത് നാളെ പറയാം ഒന്ന് വാ ഇങ്ങോട്ട്”
അക്ഷമയോടെ തന്നെ പിടിച്ചു വലിക്കുന്ന മകളുടെ നേർക്ക് കനപ്പിച്ചൊന്ന് നോക്കി സുമലത.. ഉടനെ തന്നെ വീണ്ടും അമ്പലത്തിന് നേരെ തിരിയുകയും ചെയ്തു
” ഓ.. ദേവിയേ ഈ ഭക്തയെ ഒന്നെന്റെ കൂടെ പറഞ്ഞു വിട് “
അമ്മ കാണാൻ പാകത്തിന് നിന്നിട്ട് ക്ഷേത്രത്തിന് നേർക്ക് നോക്കി ഒന്ന് തൊഴുതിട്ട് വേദ ഒരൊറ്റ പോക്ക് പോയി..
നാല് ചുവട് വെച്ചിട്ട് അവളൊന്ന് തിരിഞ്ഞുനോക്കി.. സുമലത പതിയെ നടക്കാൻ തുടങ്ങിയത് കണ്ടു.. ഹാവൂ ആശ്വാസം, പോന്നു.. സ്വയം പറഞ്ഞിട്ട് അവൾ മുന്നോട്ട് നടന്നു..
ക്ഷേത്രപരിസരത്ത് പാർക്ക് ചെയ്തിട്ടിരിക്കുന്ന കാറുകളിലേക്കായിരുന്നു അവളുടെ ശ്രദ്ധയത്രയും
ഇടയ്ക്ക് പിന്നെയും ഒന്ന് തിരിഞ്ഞുനോക്കി… പരിചയക്കാരെ ആരെയെങ്കിലും കണ്ട് അമ്മ വിശേഷം പറഞ്ഞു നിൽക്കുന്നുണ്ടോ അതോ തൊട്ടുപിന്നാലെത്തന്നെയുണ്ടോ എന്നറിയാനായിരുന്നു ആ നോട്ടം..
അമ്മ പൊന്നോ എന്ന് കാണും മുൻപേ അവൾ മറ്റൊരാളെ കണ്ടു.. തേടി നടന്ന മുഖം..ഹൃദയത്തിലൂടെ ഒരു കുളിർമിന്നൽ പാഞ്ഞത് വേദയറിഞ്ഞു..
ആഴ്ച്ച ഒന്നായി ഈ മുഖം കാണാൻ തുടങ്ങിയിട്ട്..ആരാ എന്താന്നൊന്നുമറിയില്ല.. ഒന്ന് മാത്രം വേദയ്ക്കറിയാം ഈ സുന്ദരമുഖം ഹൃദയത്തിൽ പതിഞ്ഞുപോയിട്ടുണ്ട്..
ആദ്യം കണ്ടപ്പോഴേ നോട്ടമിട്ടതാണ്.. പിറ്റേന്ന് വീണ്ടും കണ്ടു.. ആള് പക്ഷേ മൈൻഡ് ചെയ്തതേയില്ല..
സാധാരണ സുന്ദരിപെണ്ണുങ്ങൾ അടുത്ത് നിന്ന് ഏറുകണ്ണിട്ട് നോക്കുന്നത് കണ്ടാൽ പയ്യന്മാർ പിന്നെയും പിന്നെയും നോട്ടമെറിയും ഇവിടെ അതുണ്ടായില്ല അതുതന്നെയാണ് വേദയ്ക്ക് കൂടുതൽ ഇഷ്ട്ടമായതും
ഇപ്പോൾ ആരോടോ ഫോണിൽ സംസാരിക്കുകയാണ് ഫോണിലേക്ക് മാത്രമാണ് ശ്രദ്ധ.. ചുറ്റുമുള്ളതൊന്നും കാണുന്നില്ല
“ഹരീ.. ആരാ മോനെ വിളിച്ചേ?”
ആളുടെയടുത്തേക്ക് 50 വയസ് തോന്നിക്കുന്ന ഒരു സ്ത്രീ നടന്നുവരുന്നത് വേദ കണ്ടു.. അവരാണ് ചോദിച്ചത് ആരാ വിളിച്ചതെന്ന്..
“അത് എന്റെയൊരു പേഷ്യന്റാണ് ചെറിയമ്മേ”
ആള് മറുപടി പറയുന്നത് കേട്ടു
അപ്പൊ ആള് ഡോക്ടറാണ്.. പേര് ഹരി.. ഹരീന്ന് മാത്രമായിട്ട് പേരുണ്ടാവുമോ.. ഹരികൃഷ്ണൻ.. ഹരിനന്ദൻ.. ഹരിഹരൻ.. എന്താണോ..
ഇനി കല്യാണം കഴിഞ്ഞതാണോന്ന് അറിയണം.. അതും കൂടി അറിഞ്ഞാലേ ഒരു സമാധാനം കിട്ടൂ..
കൂടെയുള്ള സ്ത്രീയെ എവിടെയോ കണ്ട് പരിചയമുള്ളതുപോലെ.. ഒരുപക്ഷെ അമ്മയ്ക്കൊക്കെ അറിയാമായിരിക്കും..
അമ്മയോട് കാര്യം പറയണം .. ആളുടെ കല്യാണം കഴിഞ്ഞിട്ടില്ലെങ്കിൽ തനിക്ക് വേറെ ആലോചനകളൊന്നും നോക്കണ്ട ഇത് തന്നെ മതിയെന്ന് പറയണം വേദ മനസിലുറപ്പിച്ചു
തുടരും
📖 കഥ തുടരാം
“മോഹപ്പറവകൾ”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →
📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ
- ✓ കൂടുതൽ സൗകര്യപ്രദമായ വായന
- ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
- ✓ ഏകദേശം 7 MB മാത്രം
✍️ എഴുതി വരുമാനം നേടൂ
നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.
✍️ ശിവപ്രിയ ദ്യുതി-ന്റെ കൂടുതൽ കഥകൾ →
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission









