ചിരാത് … – Ansi Achu
Love, Suspense, Thriller · 102 അധ്യായങ്ങൾ
📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →
അധ്യായം 1 – ചിരാത് … 1
അവളുടെ പതിനഞ്ചാം വയസ്സിൽ ഒരു ചോദ്യം… ആ ചോദ്യം അവരെ എവിടെ എത്തിക്കും?
അപ്പായീ..
മുതുകിൽ തലയിണ കൊണ്ടുള്ള അടിക്കൊപ്പം തന്നെ കാറി കൊണ്ടുള്ള വിളിയും കൂടി കേട്ടതോടെ റോയ് പതിയെ ഒരു കണ്ണ് തുറന്നു നോക്കി.
മുന്നിൽ സ്കൂൾ യൂണിഫോമിൽ മുടി രണ്ട് വശവും പിന്നി കെട്ടി തലയിണയും കയ്യിൽ ഓങ്ങി പിടിച്ചു കൊണ്ട് നിക്കുന്ന ദച്ചു.
അപ്പായീ.. എഴുനേൽക്കുന്നൊ അതൊ ഞാൻ തണുത്ത വെള്ളം തലയിൽ കൂടി കമിഴ്ത്തണൊ.
ദച്ചുവിന്റെ പതിനെട്ടാമത്തെ അടവാണ് അവൾ ഇപ്പൊ എടുത്ത് പയറ്റിയിരിക്കുന്നെ
എന്ന് മനസിലായതും റോയ് കമിഴ്ന്നുള്ള ആ കിടപ്പിൽ ചിരി കടിച്ചമർത്തി.
ഇത് ഇത്തിരി കഷ്ടം ഉണ്ട് ട്ടൊ അപ്പായീ.
ഇന്നലെ രാത്രി കിടക്കാൻ നേരം കൂടി ഞാൻ ഓർമിപ്പിച്ചതാ രാവിലെ എന്നെ സ്കൂളിൽ കൊണ്ട് വിടണമെന്ന്.ഇതിപ്പൊ സമയം ഏട്ടര ആയി.എന്നിട്ടും നോക്ക് എഴുന്നേൽക്കണം എന്ന വല്ല ചിന്തയും ഉണ്ടോന്ന്.ഇപ്പോഴും പോത്ത് പോലെ കിടന്നുറങ്ങാ.
കയ്യിലിരുന്ന തലയിണ തനിക്ക് മേലേക്ക് എറിഞ്ഞു കൊണ്ട് നിന്ന് പിറു പിറുക്കുന്നവളെ ഒന്നുമറിയാത്ത ഭാവത്തിൽ റോയ് ഒന്ന് പാളി നോക്കി.പിന്നെ അവൻ ഉറക്കം വിടാത്ത കണ്ണുകളോടെ മിഴികൾ അടച്ചു കൊണ്ട് തന്നെ അവളോടായി ചോദിച്ചു.
എന്താ ദച്ചൂട്ടി..
ഹും…
അവൾ മുഖം വെട്ടി തിരിച്ചതും റോയ് ഒന്ന് കൂടി ഉറങ്ങാനുള്ള ഭാവത്തിൽ തിരിഞ്ഞു കിടന്നതും ദക്ഷിണ എന്ന ദച്ചുവിന്റെ സർവ്വ ക്ഷമയും കെട്ടു.
അപ്പായീ …
അവളുടെ കാറൽ ആ ഫ്ലാറ്റ് മുഴുവൻ മുഴങ്ങി കേട്ടു എന്നതിന്റെ സൂചനയായി വാതിൽക്കൽ അനുപമയുടെ നിഴലനക്കം കണ്ടു.ഒപ്പം തന്നെ ദച്ചൂ എന്ന ശാസന പൂർവ്വമുള്ള വിളിയും കൂടി ഉയർന്നു കേട്ടതോടെ ദിയയുടെ നോട്ടം പിന്നിലേക്കായി.
പ്രതീക്ഷിച്ചത് പോലെ തന്നെ അമ്മയുടെ മുഖവും മൂക്കിൻ തുമ്പുമൊക്കെ ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്.
കുളിച്ച് ഈറൻ ചുറ്റിയ ടർക്കി തലയിൽ നിന്നും ഇപ്പോഴും അഴിച്ചു മാറ്റിയിട്ടില്ല അനുപമ വിശ്വനാഥ് എന്ന റോയിയുടെ പ്രിയ പത്നി അനു.നെറ്റിയിൽ ഒരു നുള്ള് ചന്ദനം പരത്തിയ തൊടു കുറി,നെറുകയിൽ അവൾക്ക് മാത്രം കാണാൻ പാകത്തിന് ഒരു നുള്ള് കുങ്കുമം.നേർത്ത സ്വർണ മാലയിൽ കൊരുത്തിട്ട കുഞ്ഞു താലി,കാതിൽ ചെറിയൊരു വൈര കമ്മൽ കയ്യിൽ മാലയുടെ വണ്ണത്തിൽ തന്നെ നേർത്ത രണ്ട് വളകൾ. പിന്നെ വിരലിൽ വിവാഹ സമ്മാനം പോലെ റോയ് ഇട്ട് കൊടുത്ത വൈര കല്ല് പതിപ്പിച്ച ഒരു മോതിരം.കാലിൽ വെള്ളി കൊലുസ്.അവൾ ഉടുത്തിരുന്ന കോട്ടൺ സാരിയിയുടെ തുമ്പ് ഇടുപ്പിലേക്ക് എടുത്ത് കുത്തി വച്ചിട്ടുണ്ട്.തനി നാട്ടിൻ പുറത്തെ ഒരു അമ്പല വാസി പെണ്ണ്..അതാണ് അനുപമയെ കാണുമ്പോൾ കാണുന്നവരുടെ കണ്ണിൽ തെളിയുന്ന അനു എന്ന അനുപമ വിശ്വനാഥ്.
എന്താ ദച്ചൂ ഇവിടെ ഒരു ബഹളം..
പെൺകുട്ടികൾ ആയാൽ ഇത്തിരി അടക്കവും ഒതുക്കവും ഒക്കെ വേണംന്ന് എത്ര പറഞ്ഞാലും കേൾക്കില്ല ല്ലെ നീ.
അനുപമ ദേഷ്യം കടിച്ചമർത്തി കൊണ്ട് പറയുമ്പോൾ അവളുടെ ദേഷ്യത്തിൽ രസിച്ചു കൊണ്ട് അവളിലേക്ക് മാത്രമായി മിഴി നട്ടു കിടക്കുകയാണ് റോയ്.
അപ്പായീ..
ദക്ഷിണയുടെ ചീറൽ റോയിയെ ഒന്ന് ഞെട്ടിച്ചു.
ഞാൻ പറഞ്ഞത് വല്ലോം കേട്ടൊ അപ്പായി. അതോ ഇപ്പോഴും അനുപമയെ പ്രേമിച്ചോണ്ട് നടക്കുന്ന പഴയ റോയി ആയി അമ്മയെ വായ് നോക്കി കൊണ്ട് കിടക്കുവാണൊ.
ദച്ചുവിന്റെ പെട്ടന്നുള്ള ചോദ്യത്തിന് മുന്നിൽ റോയ് ഒന്ന് ചമ്മി.എങ്കിലും മകൾക്ക് മുന്നിൽ അങ്ങനെ തോൽവി സമ്മതിക്കാൻ മനസില്ലാത്തവനെ പോലെ അവൻ പിടിച്ചു നിൽക്കാൻ ഒരു ശ്രമം നടത്തി നോക്കി.
നീ അങ്ങ് കയറി വളർന്നു എന്ന് കരുതി എനിക്ക് എന്റെ ഭാര്യയെ ഒന്ന് പ്രേമിക്കാനും പറ്റില്ലെ ന്റെ ദച്ചു .ഞാൻ അനു എന്നൊന്ന് നീട്ടി വിളിക്കുന്നതും കാതോർത്ത് നിൽക്കുവല്ലെ നിന്റെ അമ്മ ഇപ്പോഴും.ഇല്ലെങ്കിൽ ദേ നിക്കുന്ന അവൾ തന്നെ പറയട്ടെ അല്ല എന്ന്.
റോയ് അനുപമയെ നോക്കി ഒന്ന് കണ്ണിറുക്കിയതും അവൾ അവനെ തറപ്പിച്ചൊന്നു നോക്കി.
ഇപ്പോഴെങ്കിലും ബോധം വന്നല്ലൊ റോയ്ച്ചന് മകൾ മുതിർന്നു എന്ന്.എന്തിനും ഏതിനും സപ്പോർട് പിടിക്കുന്ന ഒരു അപ്പായി കൂടെ ഉണ്ട് എന്ന അഹങ്കാരം ആണ് മോൾക്ക്.അവൾ ഒരു പെൺകുട്ടി ആണെന്നുള്ളത് പോലും പലപ്പോഴും റോയ്ച്ചായൻ മറന്നു പോകുന്നു.
പറഞ്ഞ് പറഞ്ഞ് അവളുടെ സ്വരം ഒന്ന് ഇടറി. അത് നിമിഷ നേരം കൊണ്ട് റോയ് തിരിച്ചറിയുകയും ചെയ്തു.
അപ്പായി ഇനി അമ്മയെ സമാധാനിപ്പിക്കാൻ നിക്കുന്നൊ അതോ എന്നെ സമയത്തിന് സ്കൂളിൽ കൊണ്ട് വിടുന്നൊ.
കയ്യിൽ കെട്ടിയ വാചിലേക്ക് മിഴി നീട്ടി കൊണ്ട് ദച്ചു ചോദിക്കുമ്പോൾ അനുപമ അവളെ നോക്കി പറഞ്ഞു.
അപ്പായിക്കൊപ്പം പോകാൻ ആയിരുന്നേൽ പിന്നെ എന്തിനാ ദച്ചു സ്കൂൾ ബസിന് മാസം പൈസ അടയ്ക്കുന്നെ.
അമ്മാ.. ഇന്ന് ഒരു ദിവസം.. ഒരേ ഒരു ദിവസം ഞാൻ ഒന്ന് അപ്പായിക്കൊപ്പം പൊയ്ക്കോട്ടെ. പ്ലീസ്,ഇനി ഇതിന്റെ പേരിൽ അമ്മ എന്നോട് വഴക്കിനു വരല്ലെ.ഇത് ആ ജിച്ചനും ഞാനും തമ്മിലുള്ള ബെറ്റിന്റെ പ്രശ്നാ.എന്നും ഞാനാ ലേറ്റ് ആയി എത്തുന്നത്.അവനാണേൽ അവന്റെ പപ്പേടെ കാറിൽ ഫസ്റ്റ് എത്തും സ്കൂളിൽ.ഇന്ന് ഞാൻ ആയിരിക്കും ഫസ്റ്റ് എന്ന് ഞാൻ ഇന്നലെ അവന്റെ മുന്നിൽ വീമ്പു പറഞ്ഞു പോയി.എന്റെ പൊന്ന് അപ്പായി എന്റെ മാനം പോക്കല്ലേ.
ദക്ഷിണ താണ് വണങ്ങി പറയുമ്പോൾ റോയ് ആക്കിയ മട്ടിൽ അവളോടായി ചോദിച്ചു.
അതിന് എന്റെ ദാക്ഷായണിക്ക് മാനം ഒക്കെ ഉണ്ടോ..
ദാക്ഷായണി എന്ന പേര് കേട്ടതും ദക്ഷിണ കണ്ണ് തുറിപ്പിച്ച് റോയിയെ ഒന്ന് നോക്കി.പിന്നെ ചവിട്ടി കുലുക്കി മുറി വിട്ടിറങ്ങി പോയി.
ഒന്ന് മാറി നിക്ക് അമ്മാ..
അനുപമയെ വാതിൽക്കൽ നിന്നും പിടിച്ചു മാറ്റി കൊണ്ട് ദേഷ്യത്തിൽ പുറത്തേക്ക് പോയ ദക്ഷിണ സ്വയം പറഞ്ഞു.
ആ പാട്ട സൈക്കിള് ചവിട്ടി നടു ഒടിയാനാകും ഇന്ന് തന്റെ വിധി..
ദക്ഷിണ സ്കൂൾ ബാഗും എടുത്തിട്ട് പുറത്തേക്ക് പോയി എന്ന് മനസിലായതും
റോയ് ബെഡിൽ നിന്നും എഴുനേറ്റ് അനുപമക്കരികിൽ ചെന്ന് അവളുടെ മിഴികളിലേക്ക് ഒന്ന് നോട്ടം കൊരുത്തു.ഒളിപ്പിച്ചു പിടിക്കാൻ ശ്രമിക്കുന്ന രണ്ടിറ്റ് കണ്ണുനീർ തുള്ളി അവളുടെ കൺപീലികളിൽ തെളിഞ്ഞു കാണാം.
ഹേയ് അനു..
താൻ ചില നേരം തനി നാട്ടിൻ പുറങ്ങളിലെ അമ്മമാരെ പോലെ ആകുന്നുണ്ട് ട്ടൊ.മകൾ ഒന്ന് ഒച്ച വച്ചാൽ അവൾ ഒന്ന് ഉറക്കെ പൊട്ടി ചിരിച്ചാൽ മറ്റുള്ളവർ എന്ത് കരുതും,അവളെ കുറ്റപെടുത്തുമൊ അങ്ങനെ എന്തൊക്കെയൊ അബദ്ധ ധാരണകൾ ഈ മനസിൽ കുടിയേറി പാർത്തിട്ടുണ്ട്.അറിയാം അതിന് തനിക്ക് വിരൽ ചൂണ്ടി കാണിക്കാൻ താൻ തന്നെ ഉദാഹരണമായി തന്റെ മനസാക്ഷിക്ക് മുന്നിൽ ഉണ്ട് എന്നത്.
അനു തന്റെ മുഖം അന്നും ഇന്നും എനിക്ക് ഏറെ പ്രിയപെട്ടതാണ്.ഈ മിഴികൾ ഒഴിച്ച്..
എപ്പോഴും ഒരു കടലോളം സങ്കടം ഈ മിഴികളിൽ നീ ഒളിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അതിന്റെ പൊട്ടലും ചീറ്റലുമൊക്കെയാണ് നീ ദച്ചുവിന്റെ നേർക്ക് കാണിക്കുന്നത്.പക്ഷെ അതവൾ മനസിലാക്കികൊള്ളണമെന്നില്ല.നമ്മുടെ ദച്ചുവിനെ നമുക്കറിയില്ലെ അനു.അവൾ ഇപ്പൊ കൊച്ചു കുട്ടിയൊന്നുമല്ല.പതിനഞ്ചു വയസുണ്ട് അവൾക്ക്.അതിന്റേതായ ഒരു പക്വതയൊക്കെ അവൾക്കുണ്ട്.അത് കൊണ്ട് അവൾ ഒരിക്കലും വഴി തെറ്റി പോകില്ല.അവൾ മൂലം തന്റെ താലി അറുക്കപെടില്ല.
റോയ് അനുപമയിലേക്ക് തന്നെ മിഴി നട്ടു കൊണ്ട് പറയുമ്പോൾ അവളുടെ കണ്ണുകൾ ഈറാനായി.അത് വരെ വിങ്ങി തുടിച്ച സങ്കടത്തെ അവന്റെ നെഞ്ചിലേക്ക് പെയ്തൊഴിക്കാനായി അനുപമ റോയിയുടെ ചുമലിലേക്ക് മുഖം ചേർത്ത് വച്ചു.അവന്റെ ചേർത്ത് പിടിക്കലിൽ അവൾ ഒന്ന് ഏങ്ങി.ആ നിമിഷം റോയ് തന്റെ അധരങ്ങളെ അവളുടെ നെറുകയിൽ പതിപ്പിച്ചു.അത് അനുപമക്കുള്ള അവന്റെ ആശ്വാസ വാക്കാണ്.
(തുടരും )
📖 കഥ തുടരാം
“ചിരാത് …”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →
Hot New Releases in Books
CONTINUE READING
📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ
- ✓ കൂടുതൽ സൗകര്യപ്രദമായ വായന
- ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
- ✓ ഏകദേശം 7 MB മാത്രം
OPEN ANDROID APP
✍️ എഴുതി വരുമാനം നേടൂ
നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.
ഇപ്പോൾ എഴുതിത്തുടങ്ങൂ →
✍️ Ansi Achu-ന്റെ കൂടുതൽ കഥകൾ →