Skip to content

വെള്ളാരം കണ്ണിനെ പ്രണയിച്ചവൾ – Part 2 | Malayalam Novel

read malayalam story
“നീ ഇത്ര പെട്ടെന്ന് വന്നോ….” ആമിത്തയുടെ സംസാരം കേട്ട ഷഹാന തിരിഞ്ഞു കൊണ്ടു ചോദിച്ചു….
“ആമിത്താ നന്ദേട്ടൻ വന്നോ… നന്ദേട്ടാ…എവിടെ…. “. അതു കേട്ടതും നന്ദൻ ഓടി വന്നു അവളുടെ കയ്യിൽ പിടിച്ചു പറഞ്ഞു.. “ഞാൻ ഇവിടെ ഉണ്ട് വാവേ…..”
അവൾ നന്ദന്റെ മുഖത്തു കൈ കൊണ്ട് പരതി ഇരുട്ട് കയറിയ കണ്ണിലൂടെ കണ്ണുനീർ പൊഴിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…..
“ഒന്നും ഇല്ലടാ. ഒന്നും ഇല്ല. ഞാൻ വന്നില്ലേ. പിന്നെ എന്തിനാ കരയുന്നേ..?” അവൻ സങ്കടത്തോടെ അവളുടെ തലയിൽ തലോടിക്കൊണ്ട്  ആമിത്തയോട് ചോദിച്ചു…. “എന്താ പറ്റിയത് ആമിത്താ എന്റെ വാവക്ക്.. ?” അതു കേട്ട ആമിത്ത ചിരിച്ചു കൊണ്ട് സന്തോഷത്തോടെ പറഞ്ഞു…..
“ഒന്നും ഇല്ലടാ എല്ലാ പെണ്ണുങ്ങൾക്കും പറ്റുന്നത് തന്നെയാ അവൾക്കും പറ്റിയത്…. നീ ഒരു അച്ഛനാകാൻ പോകുന്നു… നിന്റെ വാവ ഗർഭിണിയാണ്….”
അതു കേട്ടതും സന്തോഷം കൊണ്ട് നന്ദന്റെ വെള്ളാരം കണ്ണുകൾ നിറഞ്ഞു. അവൻ ഷഹാനയുടെ മുഖം സ്നേഹത്തോടെ അവന്റെ മുഖത്തിന്റെ നേരെ പിടിച്ചു കൊണ്ട് ചോദിച്ചു…..
“സത്യമാണോ വാവേ ഞാൻ ഈ കേട്ടത്.. ഞാൻ ഒരു അച്ഛനാകാൻ പോവുകയാണോ….? ” നന്ദന്റെ സന്തോഷത്തോടെയും ആകാംഷയോടെയും ഉള്ള ചോദ്യം കേട്ടപ്പോൾ…. ഷഹാന ചിരിച്ചു കൊണ്ട് സ്നേഹത്തോടെ കണ്ണിൽ നിന്നും ഒഴുകി കൊണ്ടിരിക്കുന്ന കണ്ണുനീർ തുടച്ചു കൊണ്ട് നന്ദന്റെ മുഖത്തെല്ലാം കൈ കൊണ്ട് തലോടികൊണ്ട് പറഞ്ഞു…..
“അതേ നന്ദേട്ടാ ഞാൻ അമ്മയാകാൻ പോകുന്നു. നന്ദേട്ടൻ അച്ഛനാകാനും… എന്റെ നന്ദേട്ടന് സന്തോഷമായില്ലേ…..നമ്മുക്ക് കുഞ്ഞു വരാൻ പോകുന്നു…..” അതു കേട്ടതും നന്ദന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. അവൻ അവളുടെ മുഖം പിടിച്ചു തുരു തുരാ ഉമ്മവെച്ചു.എന്നിട്ട് പറഞ്ഞു…
“സന്തോഷമായി. എന്റ വാവക്ക് സന്തോഷമായില്ലേ. ആരും ഇല്ലാത്ത നമ്മൾക്ക് ഒരു കുഞ്ഞു വരാൻ പോകുന്നു… ഇതിനും വലിയ സന്തോഷം വേറെ എന്താ എനിക്ക്….. എന്റെ വാവക്ക് എന്താ വേണ്ടത് പറ”. അവൻ അവളോട്‌ ചോദിച്ചു…. അതു കേട്ട ഷഹാന പറഞ്ഞു.
“എനിക്ക് ഒന്നും വേണ്ട. എനിക്ക് എന്റെ നന്ദേട്ടന്റെ നെഞ്ചിൽ കുറച്ചു നേരം ഇങ്ങനെ കിടന്നാൽ മതി…” അതു കേട്ട നന്ദൻ അവളെ ആ നെഞ്ചോട് ചേർത്തു പിടിച്ചു. അവൾ ഒരു കൊച്ചു കുട്ടിയെ പോലെ അവന്റെ നെഞ്ചിൽ ചേർന്നു കിടന്നു. അവരുടെ സ്നേഹത്തിനും സന്തോഷത്തിനും സാക്ഷ്യം വഹിച്ച ആമിത്തയുടെ കണ്ണും നിറഞ്ഞു.അവർ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു….
“മോനെ. നിന്നോട് ഡോക്ടർ ഒന്നു കാണണം എന്ന് പറഞ്ഞിരുന്നു… മോൻ ചെല്ലു ഡോക്ടറെ കണ്ടിട്ട് വാ….” അതു കേട്ട നന്ദൻ ഷഹാനയെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി അവളോട്‌ പറഞ്ഞു….
“മോള് ഇവിടെ ഇരി… ഞാൻ ഡോക്ടറെ കണ്ടിട്ട് വരാം”. എന്നിട്ട് ആമിത്തയോട് പറഞ്ഞു…..
“ആമിത്ത…. ഇത്തയോട് ഞാൻ എങ്ങനെയാ നന്ദി പറയാ….എന്താ ഞാൻ എന്റെ ഇത്തക്ക് തരാ. എന്റെ വാവയെ ഇങ്ങനെ നോക്കുന്നതിന്. ആരും ഇല്ലാത്ത ഞങ്ങൾക്ക് അമ്മയായതിന്…”
അതു കേട്ട ആമിത്ത അണപൊട്ടി വന്ന കരച്ചിൽ അടക്കി പിടിച്ചു, നിറഞ്ഞു തുളുമ്പിയ കണ്ണുകളുമായി പറഞ്ഞു…..
“നിങ്ങൾ രണ്ടാളും എന്റെ മക്കളല്ലേ…. മക്കളില്ലാത്ത എനിക്ക് പടച്ചോൻ കൊണ്ടു തന്നതാ നിങ്ങളെ… ഞാനുണ്ടാകും മോനെ നിങ്ങൾക്ക്…. എന്റെ മക്കളാ നിങ്ങൾ “. അതും പറഞ്ഞു അവർ ഷഹാനയുടെ ശിരസ്സ് എടുത്ത് ആ മാറോട് അണച്ചു പിടിച്ചു. അതു കണ്ട നന്ദന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. നിറഞ്ഞു വന്ന കണ്ണുനീർ നന്ദൻ തുടച്ചു കൊണ്ട് പറഞ്ഞു…..
“സന്തോഷമായി ആമിത്ത. സന്തോഷമായി. ഞങ്ങളുടെ വീട്ടുകാർ ഞങ്ങളെ കൈ വിട്ടപ്പോൾ ഈശ്വരൻ കൊണ്ടു തന്നതാ ഞങ്ങൾക്ക് ഇത്തയെ “. അതും പറഞ്ഞു നന്ദൻ ഡോക്ടറെ കാണാൻ പോയി.ഡോക്ടർ നന്ദനോട് ഇരിക്കാൻ പറഞ്ഞു.എന്നിട്ട് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു…..
“ഷഹാനയുടെ ഹസ്ബന്റ് അല്ലേ….?”
“അതേ ഡോക്ടർ” ….
“വാർത്തയെല്ലാം അറിഞ്ഞല്ലോ അല്ലേ… സന്തോഷമായില്ലേ…” അതു കേട്ട നന്ദൻ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു…..
“സന്തോഷമായോന്നോ… ഇതിൽ പരം സന്തോഷം ഉള്ള എന്താണ് ഡോക്ടർ വേറെ ഉള്ളത്… ഒത്തിരി ഒത്തിരി സന്തോഷമായി “….
“അതേ ഇതിലും വലിയ സന്തോഷം വേറെ എന്താ ഉള്ളത്… അപ്പൊ ഞാൻ വിളിപ്പിച്ചത്… ഷഹാനക്ക് ഒരു മൂന്നു മാസം ബെഡ് റസ്റ്റ് വേണം… അധികം അനങ്ങാനൊന്നും പാടില്ല……”  പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു…. “ഇനി പഴയപോലെ അവളോട്‌ വല്ലാതെ അങ്ങോട്ട് ചേർന്നു കിടക്കണ്ടാ….. ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായല്ലോ. ഒരു മൂന്നു മാസം അവളെ വെറുതെ വിട്ടേക്കൂ….ok…”
അതു കേട്ടപ്പോൾ ഡോക്ടർ എന്താ ഉദ്ദേശിച്ചത് എന്ന് നന്ദന് മനസ്സിലായി. നന്ദൻ ഒരു നാണം വന്ന ചിരിയാലെ ഡോക്ടറോട് പറഞ്ഞു…. ” ഇല്ല ഡോക്ടർ ഇനി അധികം അവളെ ചാരാതെ നോക്കാം “…. അതു കേട്ട ഡോക്ടർ ചോദിച്ചു….
“നിങ്ങൾക്ക് പേരൻസ് ആരും ഇല്ലേ…. നിങ്ങളുടേത് ലൗ മാരേജ് ആണോ…. അല്ല ഷഹാന ഒരു മുസ്ലിമും നന്ദൻ ഒരു ഹിന്ദുവും ആയതു കൊണ്ട് ചോദിച്ചതാ…..”അതു കേട്ട നന്ദൻ ഒരു വിഷമത്തോടെ പറഞ്ഞു…..
“അതേ ഡോക്ടർ ഞങ്ങളുടേത് ലൗ മാരേജ് ആണ്… ഞങ്ങളുടെ കൂടിച്ചേരലോടെ  ഞങ്ങളുടെ വീട്ടുകാർ ഞങ്ങളെ ഒഴിവാക്കി… ഇപ്പൊ അവൾക്ക് ഞാനും എനിക്ക് അവളും മാത്രമേ… ഉള്ളൂ “…
അതുകേട്ട ഡോക്ടർക്ക് വിഷമമായി. ഡോക്ടർ പറഞ്ഞു….
“നിങ്ങൾ വലിയവനാണ്… കണ്ണു കാണാത്ത അവളെ സ്നേഹിച്ചു സ്വന്തമാക്കിയ നിങ്ങൾ ആണ് യഥാർത്ഥ കാമുകൻ….സത്യത്തിൽ നിങ്ങളോട് എനിക്ക് അസൂയ തോന്നുകയാണ് “.
“ആരാ പറഞ്ഞതു ഡോക്ടർ അവൾക്ക് കണ്ണു കാണില്ലാന്നു. അവൾ എല്ലാം കാണുന്നുണ്ട് എന്റെ ഈ രണ്ട് കണ്ണിലൂടെ. അവളുടെ കണ്ണുകളിലെ അണഞ്ഞു പോയ വെളിച്ചം ഞാനാണ് ഡോക്ടർ. എന്റെ ജീവിതത്തിലോട്ട് അവൾ വന്നതിന് ശേഷം ഒരിടത്തു പോലും അവളുടെ കാലിടറിയിട്ടല്ല “.
“നിങ്ങളെ ദൈവം അനുഗ്രഹിക്കും. പിന്നെ ഇനി ഇവിടന്നങ്ങോട്ടുള്ള ഓരോ  മാസവും ചെക്കപ്പ് ചെയ്യണം. പിന്നെ സ്‌കാനിങ്ങും… ok ബാക്കി അടുത്ത മാസം സ്കാനിംഗിന് ശേഷം പറയാം… പിന്നെ ഞാൻ പറഞ്ഞതൊന്നും മറക്കണ്ട. കണ്ണുകാണാത്ത അവളുടെ കൂടെയും നിങ്ങളുടെ കൂടെയും ഇനി കുറച്ചു മാസങ്ങൾ ഞാനും ഉണ്ടാകും, അവൾക്ക് ഒരു വെളിച്ചമായി. എന്നാ ശരി നന്ദൻ പൊക്കോളൂ “.
ഡോക്ടറുടെ സ്നേഹമേറിയ വാക്കുകൾ കേട്ട നന്ദൻ സന്തോഷത്തോടെ കൈകൂപ്പി എണീറ്റ്‌ റൂമിലോട്ട് പോയി…… നന്ദൻ സന്തോഷണത്തിന്റെ പ്രതീകമായി സ്വീറ്റ്‌സ് വാങ്ങി ഹോസ്പിറ്റലിൽ മൊത്തം കൊടുത്തു….. അന്ന് പിന്നെ നന്ദൻ സ്റ്റുഡിയോയിൽ പോയില്ല. എല്ലാ സമയവും ഷഹാനയുടെ കൂടെ ഇരുന്നു.അവളെ കൊഞ്ചിച്ചും ലാളിച്ചും ഭക്ഷണം കഴിപ്പിച്ചും എല്ലാം. തപ്പി തടഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന അവളുടെ കൂടെ എപ്പോഴും നന്ദന്റെ കണ്ണുകൾ ഉണ്ടായിരുന്നു.
രാത്രി പൂര്ണചന്ദ്രന്റെ നിലാവെളിച്ചത്തിൽ ഉമ്മറ കോലായിയുടെ തിണ്ണയിൽ നന്ദന്റെ മടിയിൽ ചാരി കിടന്നു കൊണ്ട് ഷഹാന ചോദിച്ചു….
“നന്ദേട്ടാ…നന്ദേട്ടന് ഏതു കുട്ടിയെ ആണ് വേണ്ടത്. ആണോ ? പെണ്ണോ ?”.
നന്ദൻ അവളുടെ മുടികൾക്ക് ഇടയിലൂടെ തലോടിക്കൊണ്ട് പറഞ്ഞു…
“എനിക്ക് ഏതു കുട്ടിയായാലും കുഴപ്പമില്ല. ആണായാലും പെണ്ണായാലും നമ്മുടെ മക്കളല്ലേ….?’ അതു കേട്ട ഷഹാന…
“എന്നാലും നന്ദേട്ടന്റെ മനസ്സിൽ ഒരു ആഗ്രഹം ഉണ്ടാകുമല്ലോ.പറ നന്ദേട്ടാ… ആണോ പെണ്ണോ… എനിക്ക് ഒന്നു അറിയാനാ നന്ദേട്ടാ… എന്റെ നന്ദേട്ടനല്ലേ….. “അതു കേട്ട നന്ദൻ സ്നേഹത്തോടെ ശാസിക്കുമ്പോലെ പറഞ്ഞു.
“നീ ഒന്ന് മിണ്ടാതിരി വാവേ… ഞാൻ പറഞ്ഞില്ലേ എനിക്ക് രണ്ടും ഒരു പോലെ ആണെന്ന്…” നന്ദന്റെ സ്വരം മാറിയതും അവളുടെ മുഖം വാടി…. അവൾ പിണങ്ങിയ പോലെ കിടന്നു. അതു കണ്ട നന്ദന് വിഷമമായി. അവൻ അവളുടെ നെറ്റിയിൽ ചുണ്ട് അമർത്തി കൊണ്ട് പറഞ്ഞു….
“അപ്പോഴേക്കും എന്റെ പൊന്നും കുടം പിണങ്ങിയോ… എന്നാ ഞാൻ പറയാം എനിക്ക് എന്റെ വാവയെ പോലത്തെ ഒരു പെണ്കുഞ്ഞിനെ മതി…ഇപ്പൊ പിണക്കം മാറിയോ ?” അതു കേട്ടതും അവളുടെ ഇരുട്ട് കയറിയ കണ്ണുകൾ പ്രകാശിച്ചു. അവളുടെ മുഖം സന്തോഷം കൊണ്ട് തുടുത്തു. പിന്നെ അവൾ പറഞ്ഞു….
“നന്ദേട്ടൻ ആ മുഖം ഒന്നിങ്ങു  കാണിച്ചേ…” നന്ദൻ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു. അവൾ അവന്റെ മുഖം പിടിച്ചു അവന്റെ വെള്ളാരം കണ്ണുകളിലിലും കവിളിലും മുത്തം കൊണ്ട് പൊതിഞ്ഞു…. അതു കണ്ട നന്ദൻ അവളെ ഒന്നും കൂടി അവളിലേക്ക് അടുപ്പിച്ചു കൊണ്ടു ചോദിച്ചു…
“ഇനി നീ പറ, എന്റെ വാവക്ക് ഏതു കുഞ്ഞിനെ ആണ് വേണ്ടത്….” അതു കേട്ട അവൾ ആകാംഷയോടെ ചോദിച്ചു ….
“പറയട്ടെ… “
“ഹാ. പറയടി.. എന്റെ തങ്കക്കുടത്തിന്…. ഏതു പൊന്നും കുടത്തിനെ ആണ് വേണ്ടത്….. ഒരു ജൂനിയർ നന്ദനെയോ അതോ ഒരു ജൂനിയർ വാവയെയോ…???”
അതു കേട്ട ഷഹാന അവളുടെ മൃദുലമേറിയ കൈകൾ കൊണ്ട് അവന്റെ വെള്ളാരം കണ്ണുകളിൽ തലോടിക്കൊണ്ട് വികാരഭരിതമായി പറഞ്ഞു….
“എനിക്ക് എന്റെ നന്ദേട്ടന്റെ ആഗ്രഹം പോലെയുള്ള ഒരു വെള്ളാരം കണ്ണുള്ള ഒരു പെണ്കുഞ്ഞിന്‌ ജന്മം നൽകിയാൽ മതി….എനിക്ക് എന്റെ നന്ദേട്ടനെ അവളിലൂടെ കാണണം… അവൾ വലുതായി വരുമ്പോൾ എനിക്ക് അവളോട്‌ പറയണം അവളുടെ ആ കണ്ണുകളാണ് അമ്മയുടെ ജീവിതത്തിലെ വെളിച്ചം ആയിരുന്നതെന്ന്. ആ വെളിച്ചമായിരുന്നു അമ്മയുടെ ജീവിതത്തിലെ എല്ലാം എന്ന് “. അതു പറഞ്ഞു തീർന്നപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. അവളുടെ സ്നേഹം നിറഞ്ഞു തുളുമ്പിയ വാക്കുകളും കണ്ണുകളും  കേട്ടും കണ്ടും നന്ദന്റെ മനസ്സും കണ്ണും നിറഞ്ഞു. നന്ദൻ ചുണ്ടുകൾ കൊണ്ട് തുളുമ്പി ഒഴുകുവാൻ നിന്ന അവളുടെ കണ്ണുകളിൽ ചുണ്ടമർത്തി. അവളുടെ മുഖം കൈകകളിൽ കോരിയെടുത്തു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു;
“അയ്യേ എന്റെ വാവ കരയാണോ….. ഇതാപ്പോ നന്നായെ…. പിന്നെ വാവേ.. ഞാൻ ഇന്നലെ നിന്നോട് പറയാതെ ഒരു കാര്യം ചെയ്തു….. ” അതു കേട്ട അവൾ എന്തു കാര്യം എന്നു ചോദിച്ചു.
“പറയാം… അതു കേൾക്കുമ്പോൾ നീ ദേഷ്യപ്പെടുകയും പിണങ്ങുകയും ചെയ്യരുത്…..ചെയ്യോ….. ?” അതു കേട്ട അവൾ അവന്റെ ദേഹത്ത് ഒന്നും കൂടി ചേർന്നു കിടന്നു കൊണ്ട് പറഞ്ഞു….
“ഇല്ല ദേഷ്യപ്പെടില്ല… പിണങ്ങുകയും ഇല്ല… നന്ദേട്ടൻ പറ എന്താ ഇന്നലെ ചെയ്തത്…..?”
“ഞാൻ ഇന്നലെ വാവക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള എന്റെ ഈ വെള്ളാരം കണ്ണുകൾ എന്റെ മരണത്തിന് ശേഷം ദാനം ചയ്യാം എന്ന് എഴുതി കൊടുത്തു “.അതു കേട്ടതും ഷഹാന ഒന്ന് ഞെട്ടി അതു കണ്ട നന്ദൻ പറഞ്ഞു. “ഞെട്ടാനായിട്ടില്ല…. മുഴുവനും പറയട്ടെ… എന്നിട്ട് ഒരുമിച്ചു ഞെട്ടാം….അതായത് എന്റെ വാവ മരിക്കുന്നതിന് മുമ്പ് ഞാൻ മരിച്ചാൽ എന്റെ ഈ രണ്ടു കണ്ണും എന്റെ വാവക്ക് കൊടുക്കണം  എന്നും.. എന്നിട്ട് എന്റെ വാവയുടെ ഈ കണ്ണിലിരുന്നു എനിക്ക് എന്റെ വാവയെയും ഈ ലോകത്തെയും കാണണം എന്നും ഞാൻ എഴുതി കൊടുത്തു……. ഇപ്പൊ എന്റെ വാവക്ക് സന്തോഷായോ…” അതു പറഞ്ഞു മുഴുമിപ്പിക്കും മുമ്പേ ഷഹാന നന്ദന്റെ വാ പൊത്തി . നിറഞ്ഞു നിൽക്കുന്ന കണ്ണുകളോടെ  പറഞ്ഞു…..
“എന്റെ നന്ദേട്ടൻ ഞാൻ മരിക്കുന്നതിന് മുമ്പേ മരിക്കുകയോ…. ഇല്ല, ഒരു മരണത്തിനും ഞാൻ വിട്ടു കൊടുക്കില്ല എന്റെ നന്ദേട്ടനെ. എനിക്ക് വേണം എന്റെ നന്ദേട്ടനെ, എന്റെ മരണം വരെ.. എന്റെ നന്ദേട്ടന്റെ ഈ മടിയിൽ കിടന്നു വേണം എനിക്ക് മരിക്കാൻ… അതു വരെ ഞാൻ ഒന്നിനും വിട്ടു കൊടുക്കില്ല…” പിന്നെ ശകാരിക്കും പോലെ അവൾ പറഞ്ഞു…. “ഇനി നന്ദേട്ടൻ ഇങ്ങനത്തെ വർത്തമാനം ഒന്നും പറയരുത്. അതു എനിക്ക് സഹിക്കാൻ കഴിയില്ല… നന്ദേട്ടൻ എന്റെ കൂടെ ഇല്ലാത്ത ഒരു ജീവിതം പിന്നെ ഈ വാവക്ക് ഉണ്ടാകില്ല….”
അതു കേട്ടതും നന്ദന് ശരിക്കും വിഷമം ആയി. അതു രണ്ടു തുള്ളി കണ്ണീരായി നന്ദന്റെ മടിയിൽ കിടക്കുന്ന ഷഹാനയുടെ മുഖത്തേക്ക് വന്നു വീണു…..
“ഇല്ലടി മോളേ… മോളേ വിട്ട് നന്ദേട്ടൻ എങ്ങും പോകില്ല”. പിന്നെ കണ്ണീര് തുടച്ചു കൊണ്ട് നന്ദൻ പറഞ്ഞു…..
“എനിക്കിന്ന് നിന്റെ ഗിറ്റാർ വായന ഒന്നു കേൾക്കണം… നിന്റെയും എന്റെയും  ഫേവറെറ്റ് സോങ്ങായ… തളിരണിഞ്ഞൊരു കിളിമരത്തിന്റെ … എന്ന മിന്നാരത്തിലെ ആ സോങ്ങില്ലേ. അത് എനിക്ക് ഇന്ന് ഒന്നു കേൾക്കണം. എന്റെ മടിയിൽ ചാരി ഇരുന്ന് നീ വായിക്കണം…” അതു കേട്ട അവൾ കണ്ണിൽ നിറഞ്ഞു നിന്നിരുന്ന കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു.
 “പിന്നെന്താ വായിക്കാമല്ലോ നന്ദേട്ടൻ ഇവിടെ ഇരി. ഞാൻ പോയി ഗിറ്റാർ എടുത്തോണ്ട് വരാം….” അതുകേട്ട നന്ദൻ പറഞ്ഞു….
“വേണ്ട വേണ്ട… നീ ഇവിടെ ഇരി ഞാൻ പോയി എടുത്തോണ്ട് വരാം… എന്റെ വാവക്ക് ഇപ്പൊ അധികം ഒന്നും അനങ്ങാൻ പാടില്ല…. അതു എന്റെ കുഞ്ഞു വാവക്ക് വേദനിക്കും. അല്ലെ മോളേ ?” നന്ദൻ അവളുടെ വയറ്റിൽ തലോടി കൊണ്ട് പറഞ്ഞു.അതു കേട്ട ഷഹാന ചിരിച്ചു…..
നന്ദൻ പോയി ഗിറ്റാർ എടുത്തു കൊണ്ട് വന്നു എന്നിട്ട് അവളുടെ കയ്യിൽ കൊടുത്തു. പിന്നെ അവളെ അവന്റെ നെഞ്ചോട് ചാരി ഇരുത്തി. അവൾ ഗിറ്റാറിൽ വിരലുകൾ കൊണ്ട് ഒന്ന് അനക്കി അപ്പോൾ ഗിറ്റാറിൽ നിന്നും ഇമ്പമേറിയ ശബ്ദ കിരണങ്ങൾ പുറത്തോട്ട് വന്നു…. പിന്നെ അവൾ കണ്ണുകൾ അടച്ചു വിരലുകൾ കൊണ്ട് ഗിറ്റാറിൽ സാഗരം തീർത്തു………..
ഷഹാന ബ്രഷ് ചെയ്തു വന്നതും നന്ദൻ അവളുടെ കയ്യും പിടിച്ചു മുറ്റത്തേക്ക് ഇറങ്ങി. ഷഹാന വെള്ളത്തിൽ കാൽ വെച്ചതും തണുപ്പുകൊണ്ടു അവൾ കാൽ വലിച്ചു.  പിന്നെ നന്ദന്റെ കയ്യും പിടിച്ചു ഇറങ്ങി നിന്നു. കാലിന്റെ ഉപ്പൂറ്റിയോളം വെള്ളം ഉണ്ടായിരുന്നു മുറ്റത്ത്. പെട്ടന്നാണ് ഇറയത്തു തണുത്തു വിറച്ചു ഇരുന്നിരുന്ന ഒരു മാക്രികുട്ടൻ വെള്ളത്തിലേക്ക് എടുത്തു ചാടിയത്. മാക്രി അവരെ രണ്ടാളെയും നോക്കി ക്രോം ക്രോം എന്ന ശബ്ദവും ഉണ്ടാക്കി ദൂരേക്ക് ചാടി ചാടി പോയി… കാർമേഘങ്ങൾക്ക് ഇടയിൽ നിന്നും ചിന്നി ചിതറി വീഴുന്ന മഴത്തുള്ളികൾ അവരുടെ ദേഹത്തെ തഴുകി കൊണ്ടിരുന്നു. നന്ദൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് പൊൻ പുലരിയിൽ ഭൂമിയിലോട്ട് പതിച്ചു കൊണ്ടിരിക്കുന്ന മഴത്തുള്ളികളെ കീറി മുറിച്ചു കൊണ്ട് മുറ്റത്തു കൂടെ നടന്നു.. നിറ വയറുമായ അവളെയും കൊണ്ട് നന്ദൻ മുവ്വാണ്ടൻ മാവിന്റെ ചുവട്ടിൽ എത്തിയതും, വീശിയടിച്ച കാറ്റിൽ മാവിന്റെ ഇലകളിലെ വെള്ളങ്ങൾ മഴത്തുള്ളികളായി അവരുടെ ദേഹത്ത് പെയ്തിറങ്ങി. ആ വെള്ളത്തിന് ഒരു പ്രത്യേക തണുപ്പായിരുന്നു. നന്ദൻ അവളുടെ കയ്യും പിടിച്ചു തൊടി മുഴുവൻ പെയ്തിറങ്ങുന്ന മഴനൂലുകളെ കീറി മുറിച്ചു നടന്നു….
“തണുക്കുന്നു നന്ദേട്ടാ…. ” അതു കേട്ട അവൻ അവളെ അവന്റെ മാറോട് അണച്ചു പിടിച്ചു ചോദിച്ചു…..
“ഇപ്പൊ തണുക്കുന്നുണ്ടോ….?” അതു കേട്ട അവൾ അവന്റെ രോമം നിറഞ്ഞ നെഞ്ചിലോട്ട് തല ചായിച്ചു പിടിച്ചു. ആ നെഞ്ചിലെ ഇളം ചൂടിൽ പറ്റി നിന്നു കൊണ്ട് പറഞ്ഞു…
“ഇല്ല ഇപ്പോൾ തണുക്കുന്നില്ല… എന്റെ നന്ദേട്ടന്റെ നെഞ്ചിന് നല്ല ചൂടാണ്. എന്നെ ഒന്ന് വരിഞ്ഞു പിടിക്കൂ നന്ദേട്ടാ….” അതു കേട്ടതും അവൻ അവളെ ഒന്നു കൂടി വരിഞ്ഞു പിടിച്ചു. ആ നെറുകയിൽ ചുംബിച്ചു. കുറേ നേരം അങ്ങനെ നിന്നു….
പേമാരിക്കു ശക്തി കൂടി വന്നു മഴത്തുള്ളികൾ ശക്തിയോടെ അവരുടെ ദേഹത്ത് പതിക്കാൻ തുടങ്ങി..”ഇനി നമുക്ക് അകത്തോട്ട് പോകാം. ഇനിയും മഴ നനഞ്ഞാൽ എന്റെ വാവക്ക് പനി പിടിക്കും…” അതു കേട്ടതും അവൾ പറഞ്ഞു…..”കുറച്ചും കൂടി കഴിഞ്ഞിട്ട് പോകാം….”
“അതു വേണ്ട…. ഇനി പിന്നെ ഒരു ദിവസം മഴ നനയാം വാ” .  അതും പറഞ്ഞു നന്ദൻ അവളെയും കൂട്ടി അകത്തോട്ട് പോയി…. എന്നിട്ട് ഒരു തോർത്തു മുണ്ട് എടുത്തു അവളുടെ തല തോർത്തി കൊടുത്തു.  തോർത്തുന്നതിന് ഇടയിൽ അവൾ തുമ്മിയപ്പോൾ നന്ദൻ അകത്തു പോയി രാസനാദി പൊടി എടുത്തു കൊണ്ട് വന്നു അവളുടെ നെറുകയിൽ തിരുമ്മി…..
ഒൻപതാം മാസത്തിലെ സ്‌കാനിങ്ങും കഴിഞ്ഞതും ഡോക്ടർ ഷഹാനയെ മാറ്റി നിർത്തി, നന്ദനെ മാത്രം ക്യാബിനിലോട്ട് വിളിപ്പിച്ചു…..
“നന്ദൻ ഷഹാനയുടെ പ്രെഗ്നന്സിയിൽ ഒരു ചെറിയ പ്രോബ്ലം ഉണ്ട് “.അതു കേട്ടതും നന്ദന്റെ ഉള്ളിൽ ഭയം ഉരുണ്ടു കൂടി…
“എന്താണ് ഡോക്ടർ കുഞ്ഞിന് എന്തെങ്കിലും …….?”
“yes. കുഞ്ഞിന് ഒരു ചെറിയ പ്രോബ്ലം ഉണ്ട് പേടിക്കാനൊന്നും ഇല്ല… കുഞ്ഞു തല തിരിഞ്ഞാണ് കിടക്കുന്നത്…പിന്നെ വയറ്റിൽ വെള്ളത്തിന്റെ കുറവ് നല്ലവണ്ണം ഉണ്ട്. അതു കുഞ്ഞിന് കിട്ടുന്ന ഓക്സിജൻ കുറക്കും.അങ്ങനെ വരുമ്പോൾ അതു അമ്മക്കും ബാധിക്കും. സുഖ പ്രസവം ബുദ്ധിമുട്ടാണ്.ചിലപ്പോൾ സിസേറിയൻ വേണ്ടി വരും. ചിലപ്പോൾ ബ്ലീഡിങ് ഉണ്ടാകാൻ സാധ്യത ഉണ്ട്. അങ്ങനെ വന്നാൽ ബ്ലഡ് വേണ്ടി വരും.അതിന് രണ്ട് മൂന്ന് ഡോണറെ കാണണം… ഷഹാനയുടെ ബ്ലഡ് ഗ്രൂപ്പ് AB നെഗറ്റീവ് ആണ്. ആ ഗ്രൂപ്പുള്ള ബ്ലഡ് കുറച്ചു റെയർ ആണ്. ആ ഗ്രൂപ്പ്  ബ്ലഡ് ഹോസ്പിറ്റലിൽ അവയ്ലബിൾ അല്ല… പുറത്തു ബ്ലഡ് ബാങ്കുമായി കോണ്ടാക്റ്റ്  ചെയ്യണം.ഈ ഗ്രൂപ്പ്  100 ൽ ഒരാൾക്കെ കാണൂ… അതു കൊണ്ട് ഡോണർമാരെ ഇപ്പൊ തന്നെ കണ്ടു പിടിക്കണം. പിന്നെ ഡേറ്റിന്റെ ഒരു രണ്ട് ദിവസം മുന്നേ ഇവിടെ അഡ്മിറ്റ് ചെയ്യണം. വല്ലാതെ ക്ഷീണം കാണുകയാണെങ്കിൽ ഉടൻ തന്നെ ഇങ്ങോട്ട് കൊണ്ട് വന്ന് ട്രിപ്പ് കൊടുക്കണം.  പിന്നെ പെയിൻ വല്ലതും വന്നാൽ ഉടൻ ഇങ്ങോട്ട് കൊണ്ടു വരണം.. പിന്നെ ഷഹാനയോട് ഈ കാര്യം ഇപ്പോൾ പറയണ്ട… അറിഞ്ഞാൽ അവൾ ചിലപ്പോൾ ഭയപ്പെടും… അതു ചിലപ്പോൾ കുഞ്ഞിനെയും അമ്മയെയും ബാധിക്കും. ബാക്കിയെല്ലാം ഈശ്വരന്റെ കൈകളിലാണ്…നമുക്ക് പ്രാർത്ഥിക്കാം…”  നന്ദൻ ആകെ തളർന്നു… അവന് എന്തു പറയണം ചെയ്യണം എന്ന് അറിയാതെ ആയി…അവൻ തളർന്ന മനസ്സാലെ ചോദിച്ചു…
“ഡോക്ടർ എന്റെ ഷഹാനക്കും കുഞ്ഞിനും ഒന്നും സംഭവിക്കില്ലല്ലോ അല്ലേ ….?”
“പേടിക്കണ്ട നന്ദൻ… ഒന്നും സംഭവിക്കില്ല… ദൈവം കൈവിടില്ല നിങ്ങളെ… നല്ലോണം ദൈവത്തിനോട് പ്രാർത്ഥിക്കുക .. താൻ പാതി ദൈവം പാതി എന്നാണല്ലോ.. നമ്മുടെ പാതി നമ്മൾ ചെയ്യുക. ബാക്കി ദൈവം നോക്കിക്കൊള്ളും”. അതും കൂടി കേട്ടതോടെ നന്ദൻ ഒന്നും കൂടി തളർന്നു. അവന്റെ കണ്ണുകളിൽ കണ്ണുനീർ തുള്ളികൾ കുമിഞ്ഞു കൂടി..
“ഡോക്ടർ ഈ ഡോണറെ എങ്ങനെയാണ്  കണ്ടു പിടിക്കുക… എനിക്ക് അറിയില്ല, അതുകൊണ്ടാണ്… ഡോക്ടർക്ക് അറിയാല്ലോ ഞങ്ങൾക്ക് ആരും ഇല്ലായെന്ന്… അതുകൊണ്ട് ചോദിച്ചതാ “. അതു കേട്ടതും ഡോക്ടർക്ക് നന്ദനോട് സഹതാപം  തോന്നി….
“അതു നമുക്ക് അന്വേഷിക്കാം… ഏതെങ്കിലും രക്ത നിർണയ ക്യാമ്പുമായോ, അല്ലങ്കിൽ ബ്ലഡ് ബാങ്ക്മായോ കോണ്ടാക്റ്റ് ചെയ്താൽ മതി.. എന്റെ ഭാഗത്തു നിന്ന് ഞാൻ അന്വേഷിക്കാം… നന്ദനും അന്വേഷിച്ചോളൂ….”
“ഞാൻ അന്വേഷിച്ചോളാം ഡോക്ടർ…എവിടെ ഉണ്ടെങ്കിലും ഞാൻ കൊണ്ടു വന്നോളം ഡോണറെ. എന്റെ വാവക്കും കുഞ്ഞിനും ഒന്നും സംഭവിക്കാതെ ഇരുന്നാൽ മതി. എനിക്ക് അവളല്ലാതെ വേറെ ആരും ഇല്ല. അവൾ എന്റെ ജീവിതത്തിലോട്ട് കടന്നു വന്നതിന് ശേഷം ഞാൻ അവളെ സ്നേഹിച്ച പോലെ വേറെ ഒന്നിനെയും സ്നേഹിച്ചിട്ടില്ല…. അത്രക്കും പാവാണ് അവൾ. ഒരു പാവം പൊട്ടി പെണ്ണാണ് ഡോക്ടർ അവൾ… എനിക്ക് അവളെ ഇങ്ങു തിരിച്ചു തന്നേക്കണേ ഡോക്ടർ. അവളോടൊപ്പം ജീവിച്ചു കൊതി തീർന്നിട്ടില്ല അതു കൊണ്ടാണ്…”  അതു പറഞ്ഞു തീന്നപ്പോഴേക്കും നന്ദന്റെ കണ്ണിൽ നിറഞ്ഞു നിന്നിരുന്ന കണ്ണുനീർ താഴേക്ക്  വീണു.അതു ഡോക്ടറുടെ കണ്ണും നിറച്ചു.അവൻ ക്യാബിൻ വിട്ട് പുറത്തു വന്നപോൾ ഷഹാന അവനെ കാത്തു പുറത്തു കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. അവൻ കണ്ണെല്ലാം തുടച്ചു മുഖത്തു ഒരു ചിരി പിടിപ്പിച്ചു.അവളുടെ അടുത്തേക്ക് നടന്നു.അവന്റെ കണ്ണൊന്ന് കലങ്ങിയാൽ അല്ലെങ്കിൽ അവന്റെ മുഖമൊന്നു വാടിയാൽ അതു അവൾക്ക് കാണാൻ കഴിയും….
“പോകാം…” നന്ദൻ അവളുടെ കൈ പിടിച്ചു പറഞ്ഞു.
“എന്തിനാ നന്ദേട്ടാ ഡോക്ടർ വിളിപ്പിച്ചത്…വല്ല പ്രശ്നവും. ഉണ്ടോ … ഇതിന്റെ മുന്നേ ഇങ്ങനെ എന്നെ മാറ്റി നിർത്തി നന്ദേട്ടനെ മാത്രം വിളിപ്പിച്ചിട്ടില്ലല്ലോ…” അതു കേട്ടതും നന്ദന്റെ മുഖത്ത് ഒരു ഭയത്തിന്റെ നിഴൽ വന്നു.എന്താ ഇവളോടിപ്പോ പറയുക. അവളോട് ഇന്നേ വരെ നന്ദൻ കള്ളം പറഞ്ഞിട്ടില്ല.ഇവിടെ ഇപ്പോൾ കള്ളം പറഞ്ഞേ പറ്റൂ..
“അതു വെറുതെ വിളിപ്പിച്ചതാ… ഡെയ്റ്റിന്റെ കാര്യം ഒക്കെ പറയാൻ… രണ്ട് ദിവസം മുന്നേ ഇവിടെ അഡ്മിറ്റ് ആകാൻ പറഞ്ഞു…അല്ലാതെ വേറെ ഒന്നിനും അല്ല…”നന്ദൻ അവിടെയും ഇവിടെയും തട്ടാതെ പറഞ്ഞു.
“ഹാവൂ ഞാൻ പേടിച്ചു പോയി… എന്നാൽ പോകാം..”അവൾ ചിരിച്ചു കൊണ്ട് നന്ദന്റെ കയ്യിൽ പിടിച്ചു. പറഞ്ഞു.
“പോകാം….” പോകുന്നവഴിയിൽ അവൾ അവനോട് ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു.അവൻ അതിനെല്ലാം മൂളുക മാത്രമാണ് ചെയ്തത്.അവന്റെ മനസ്സിൽ മുഴുവൻ ഡോക്ടർ പറഞ്ഞ കാര്യം ആയിരുന്നു…
ദിവസങ്ങൾ  വീണ്ടും മുന്നോട്ട് പോയി ഷഹാനയുടെ പ്രസവം അടുത്തു വന്നു. ഡോക്ടർ പറഞ്ഞ പോലെ നന്ദൻ ഓടി നടന്നു. രക്തത്തിനു വേണ്ടി രണ്ടാളെ അവൻ തയ്യാറാക്കിയിരുന്നു ഇനി ഡോക്ടർ പറഞ്ഞ ഡെയ്റ്റിന് ഒരാഴ്ച മാത്രം.. ഓരോ ദിവസം മുന്നോട്ട് പോകുന്തോറും. നന്ദന്റെ മനസ്സിൽ പേടി കൂടിക്കൂടി വന്നു. ഇപ്പോൾ കുറച്ചു ദിവസമായി അവളുടെ പഴയ കളിയും ചിരിയും ഒന്നും അങ്ങനെ ഇല്ല. എപ്പോഴും ഒരു മൂകത മാത്രം… അവളുടെ കയ്യിലും കാലിലും മുഖത്തും എല്ലാം എല്ലാം നീര് വന്നു തടിച്ചിരുന്നു…
രാത്രി നന്ദൻ അവളുടെ നീരു വന്ന കാൽ പാദങ്ങളിൽ ചൂട്  വെള്ളം കൊണ്ട് തുടച്ചു കൊടുക്കും. അവളുടെ കയ്യും കാലും എല്ലാം ഉഴിഞ്ഞു കൊടുക്കും… അതൊക്കെ അവൾ അവളുടെ ഉൾക്കണ്ണ് കൊണ്ട് കാണുന്നുണ്ടായിരുന്നു. നന്ദന്റെ സ്നേഹവും കഷ്ടപ്പാടും കാണുമ്പോൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു. ഷഹാനക്ക് പഴയ പോലെ ഇരുന്ന് നിസ്ക്കരിക്കാൻ പറ്റാത്തത് കൊണ്ട് അവൾ ഇപ്പോൾ കസേരയിൽ ഇരുന്നാണ് നിസ്ക്കരിക്കാറ്. ഡേറ്റ് അടുത്തിട്ടു പോലും അവൾ അഞ്ച് നേരത്തെ നമസ്ക്കാരം ഒഴിവാക്കിയിരുന്നില്ല.
പ്രസവം അടുത്തത് കൊണ്ട് നന്ദൻ ഇപ്പോൾ സ്റ്റുഡിയോയിൽ അങ്ങനെ പോകാറില്ല.. രാത്രി നന്ദന്റെ മടിയിൽ തല വെച്ചു കിടന്നു കൊണ്ട് ഷഹാന പറഞ്ഞു…..
“എനിക്കെന്തോ നന്ദേട്ടാ ഒരു വല്ലാത്ത പേടി… ഇപ്പൊ എപ്പോഴും ഓരോ പേടിപ്പെടുത്തുന്ന സ്വപ്നങ്ങളാണ് കാണുന്നത്… എനിക്ക് എന്റെ നന്ദേട്ടനെ നഷ്ടപ്പെടുന്ന പോലെ… ഞാൻ എന്റെ നന്ദേട്ടനെ വിട്ടു എങ്ങോട്ടോ പോകുന്നത് പോലെ..”
അതു കേട്ട നന്ദന്റെ ഉള്ളു പിടഞ്ഞു.. അവന്റെ മനസ്സിൽ ഡോക്ടർ പറഞ്ഞ കാര്യം ഓർമ വന്നു.അവൻ അവളുടെ കവിളിൽ തലോടികൊണ്ട് പറഞ്ഞു….
“അതൊക്കെ നിന്റെ തോന്നലാണ് വാവേ… എന്റെ വാവക്ക് ഒന്നും സംഭവിക്കില്ല.. സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല… ” അതു പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…..
“അല്ല നന്ദേട്ടാ… എനിക്ക് ഡെയ്റ്റ് അടുക്കുന്തോറും ഒരു പേടി, ഞാൻ മരിച്ചു പോകുമോ എന്ന്. മുന്നേ എനിക്ക് മരിക്കാനായിരുന്നു ഇഷ്ടം,  ഇപ്പൊ എനിക്ക് അതിന് പറ്റില്ല. എന്റെ നന്ദേട്ടനെ വിട്ട് പോകാൻ എനിക്ക് പറ്റില്ല. സ്നേഹിച്ചു കൊതി തീർന്നില്ല നന്ദേട്ടാ എനിക്ക്. എനിക്ക് ഇനിയും ഒരു പാട് കാലം എന്റെ നന്ദേട്ടന്റെ കൂടെ ജീവിക്കണം. നമ്മുടെ കുഞ്ഞിന്റെ കൂടെയും  എന്റെ നന്ദേട്ടന്റെ കൂടെയും ജീവിക്കണം…..” അതു കേട്ടതും നന്ദന്റെ നിറഞ്ഞ കണ്ണുകൾ തുളുമ്പാൻ തുടങ്ങി
“ഒന്നും ഇല്ലടാ നിനക്കൊന്നും സംഭവിക്കില്ല…ഞാൻ ജീവിച്ചിരിക്കുന്നടത്തോളം കാലം നീ എന്റെ കൂടെയുണ്ടാകും… ഒരു മരണത്തിനും ഞാൻ നിന്നെ വിട്ടു കൊടുക്കില്ല”.അതും പറഞ്ഞു അവൻ അവളെ മാറോട് അണച്ചു പിടിച്ചു…..
“നന്ദേട്ടാ ഞാൻ ഒരു കാര്യം ചോദിച്ചാൽ നന്ദേട്ടൻ സത്യം പറയോ…?”
“ഊം എന്താ…ചോദിക്ക് ….”
“നന്ദേട്ടൻ എന്നോട് എപ്പോഴെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ… ഉണ്ട് എനിക്കറിയാം… അന്ന് ഡോക്ടർ വിളിപ്പിച്ചതിനു ശേഷം നന്ദേട്ടൻ നല്ലപോലെ ഒന്ന് ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല…. എപ്പോഴും നന്ദേട്ടന് ഒരു ഒരു വിഷമം ആണ്…നന്ദേട്ടൻ എന്നിൽ നിന്നും എന്തൊക്കെയോ മറയ്ക്കുന്നു. പറ നന്ദേട്ടാ.. എനിക്കോ കുഞ്ഞിനോ വല്ല കുഴപ്പവും ഉണ്ടോ……?”
അതു കേട്ടതും നന്ദന്റെ കണ്ണുകൾ നിറഞ്ഞു…അവൻ നിറഞ്ഞ കണ്ണുകളോടെ അവളുടെ മുഖത്ത് മുഖം അമർത്തി….അവന്റെ കണ്ണീർ അവളുടെ മുഖത്ത് പതിഞ്ഞതും….
“നന്ദേട്ടൻ എന്തിനാ കരയുന്നത്…എന്താ എന്റെ നന്ദേട്ടന് പറ്റിയത്… ?”
“ഒന്നും ഇല്ലടി മോളേ… ഞാൻ നിന്നോട് കള്ളം പറഞ്ഞു… ആദ്യമായിട്ട് നിന്റെ നന്ദേട്ടൻ നിന്നോട് കള്ളം പറഞ്ഞു… ഇനിയും എനിക്ക് ഇതു കൊണ്ട് നടക്കാൻ വയ്യ…” ഡോക്ടർ അന്ന് പറഞ്ഞെതെല്ലാം നന്ദൻ അവളോട് പറഞ്ഞു.അതെല്ലാം കേട്ട അവൾ നന്ദനെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു….
“അയ്യേ ഇതിനാണോ എന്റെ നന്ദേട്ടൻ കരഞ്ഞത്. നന്ദേട്ടൻ എന്തൊരു പാവാ.. ഇത്രക്കെ എന്റെ നന്ദേട്ടൻ ഉള്ളൂ. നന്ദേട്ടൻ വിഷമിക്കണ്ട. ഞാൻ നന്ദേട്ടനെ വിട്ട് എങ്ങും പോകില്ല. നന്ദേട്ടന് വാവ എന്ന് വിളിക്കാൻ ഈ വാവ എന്നും കൂടെയുണ്ടാകും. എന്നെ ജീവിതത്തിൽ ഇത്ര സ്നേഹത്തോടെ വാവ എന്നു വിളിച്ചിട്ടുള്ളത് നന്ദേട്ടൻ മാത്രമാണ്. ആ നന്ദേട്ടനെ വിട്ട് ഞാൻ പോകുവോ….” അതു പറഞ്ഞു തീർന്നപ്പോഴേക്കും അവളുടെ കണ്ണുകളും തുളുമ്പിയിരുന്നു.  അതു കേട്ടതും നന്ദന്റെ കണ്ണുകൾ ഒന്നും കൂടി നിറഞ്ഞു തുളുമ്പി അവൻ അവളുടെ കവിളിലും മുഖത്തും ചുണ്ടിലും എല്ലാം മുത്തം കൊണ്ട് പൊതിഞ്ഞു കൊണ്ട് പറഞ്ഞു….
“മതി. ഇതു മതി എനിക്ക്… ഇതു കേട്ടാൽ മതി. എന്താന്നറിയില്ല ഡോക്ടർ അന്നങ്ങനെ പറഞ്ഞപ്പോൾ മുതൽ എനിക്ക് എന്തോ ഒരു പേടി. എനിക്കൊണ് ഉള്ളു തുറന്ന് പറയാൻ, ഒന്നു പൊട്ടികരയാൻ പോലും ആരും ഇല്ലാതെ ഇത്രയും ദിവസം ഞാൻ ഉരുകുകയായിരുന്നു “.
“ഇപ്പൊ ആ വിഷമം മാറിയോ… ?” നന്ദൻ ആ എന്നു പറഞ്ഞു…. “എന്നാൽ എനിക്ക് ഒരു ആഗ്രഹം ഉണ്ട്….” അതു കേട്ടതും നന്ദൻ അവളെ വാരിപുണർന്നു കൊണ്ട് ചോദിച്ചു…
“പറ. എന്താ നിന്റെ ആഗ്രഹം… നിന്റെ എന്തു ആഗ്രഹവും ഞാൻ നടത്തും…. “
“അത്ര വലിയ ആഗ്രഹങ്ങളൊന്നും എനിക്കില്ല…. എനിക്കിന്ന് നന്ദേട്ടന്റെ കൂടെ ഈ രാത്രി ബൈക്കിൽ പോയി. നന്ദേട്ടൻ എനിക്ക് ഇടക്ക് മസാല ദോശ വാങ്ങിച്ചു കൊണ്ടു വരുന്ന ആ തട്ടു കടയില്ലേ,  അവിടെ  പോയി ഭക്ഷണം കഴിക്കണം.. അതു കഴിഞ്ഞു… നമുക്ക് ഈ രാത്രി ആളും ബഹളവും എല്ലാം ഒഴിഞ്ഞ ബീച്ചിൽ നന്ദേട്ടന്റെ കൂടെ കുറച്ചു നേരം ഇരിക്കണം.  കരയെ തഴുകി കൊണ്ടിരിക്കുന്ന തിരമാലകളെയും നോക്കി നന്ദേട്ടന്റെ മടിയിൽ തല വെച്ചു കിടക്കണം.. എന്നിട്ട് എനിക്ക് കടലിനോട് വിളിച്ചു  പറയണം. എന്റെ നന്ദേട്ടന്റെ മനസ്സും കടല് പോലെ ശുദ്ധിയുള്ളതാണെന്ന്. കടലെ നിന്നെ പോലെ വിശാലമാണ് എന്റെ നന്ദേട്ടന്റെ മനസ്സും എന്ന്. ഇത്രയും മാത്രമാണ് എന്റെ ആഗ്രഹം…..” അതു കേട്ടതും നന്ദൻ ഒരു പുഞ്ചിരിയോടെ അവളുടെ കവിളിൽ കവിൾ ചേർത്തു കൊണ്ട് പറഞ്ഞു…
“Ok നമുക്ക് നിന്റെ ഗിറ്റാറും കൂടി എടുക്കാം. എന്നിട്ട് ഏകാന്തമായി ആരും തഴുകാൻ ഇല്ലാതെ ശാന്തമായി ഇരമ്പി കൊണ്ടിരിക്കുന്ന കടൽ തീരത്തു ഇരുന്ന്, ആകാശത്തേക്കും കടലിലേക്കും നോക്കിയിരുന്നു, എനിക്കും നമ്മുടെ കുഞ്ഞിനും നിന്റെ ഗിറ്റാർ വായനയും ഒന്നു കേൾക്കണം…..”
“Ok എന്നാൽ പോകാം”. അവൾ ആവേശത്തോടെയും ആഹ്ലാദത്തോടെയും പറഞ്ഞു. അതു കണ്ട നന്ദന് അവളെ ഇത്ര സന്തോഷത്തോടെ മുന്നേ കണ്ടിട്ടില്ല എന്നു തോന്നി……
നന്ദൻ അവളെയും കൂട്ടി  അവൾ പറഞ്ഞ പോലെ ജംഗ്ഷനിലെ തട്ടുകടയിൽ ഇരുന്ന് മസാലദോശ  കഴിച്ചു… എന്നിട്ട് അവളെയും കൂട്ടി…. അസ്തമയം കഴിഞ്ഞു ശാന്തമായി, ഒഴിഞ്ഞു ആരും കൂട്ടിനില്ലാതെ തനിച്ചു കിടക്കുന്ന കടപ്പുറത്തെ മഞ്ഞ പുതച്ചു കിടക്കുന്ന മണൽ പരപ്പിലൂടെ, ഉദിച്ചു നിൽക്കുന്ന ചന്ദ്രക്കലയുടെ അരണ്ട വെളിച്ചത്തിൽ  അവളുടെ കയ്യും പിടിച്ചു കുറച്ചു നേരം നടന്നു…. എന്നിട്ട് ആർത്തിരമ്പി കരയെ തഴുകാൻ വരുന്ന തിരമാലകളെയും നോക്കി കടലിനോട് ചേർന്നിരുന്നു. ഇടക്ക് തിരമാലകൾ അവരുടെ കാൽ പാദങ്ങൾ തഴുകിക്കൊണ്ടിരുന്നു…. കടലിന്റെ വിദൂരതയിൽ നിന്നും ആർത്തു ഇരമ്പിച്ചു വരുന്ന തിരമാലകളുടെ ശബ്ദം അവരുടെ കാതിൽ മുഴങ്ങി കൊണ്ടിരുന്നു… ഷഹാന നന്ദന്റെ മാറോട് ചാരി കിടന്നു കൊണ്ടു ചോദിച്ചു…..
“നന്ദേട്ടാ ആകാശത്ത് നക്ഷത്രങ്ങൾ ഉണ്ടോ. ചന്ദ്രനും നക്ഷത്രങ്ങളും നമ്മളെ അസൂയയോടെ നോക്കുന്നുണ്ടോ…?” അതു കേട്ടതും നന്ദൻ ആകാശത്തേക്ക് നോക്കി പറഞ്ഞു….
“ഉണ്ട്. ഒരുപാട് നക്ഷത്രങ്ങൾ ഉണ്ട് ഇന്ന്.  കാരണം ഇന്ന് ഈ നക്ഷത്രങ്ങൾ മുഴുവൻ നമ്മളെ മാത്രമാണ് നോക്കുന്നത്. അവരെല്ലാം നമ്മളെ സന്തോഷത്തോടെയും അസൂയയോടും ആണ് നോക്കുന്നത്… അവരെല്ലാം ഇന്ന് നമ്മുടെ സന്തോഷത്തിൽ പങ്ക് ചേരാൻ വന്നവരാണ് “.
“ശരിയാണ് അവയെല്ലാം നമ്മളെ മാത്രം നോക്കുകയാണ്. ഇന്ന് അവർ ഒട്ടും പ്രതീക്ഷിക്കാത്ത അതിഥികളാണ് നമ്മൾ.. ഈ ദിവസം ഞാൻ ഒരിക്കലും മറക്കില്ല നന്ദേട്ടാ. ഈ ഒരു രാത്രി എനിക്ക് ഏറ്റവും സന്തോഷം തന്ന രാത്രിയാണ്… ഇതല്ലേ നന്ദേട്ടാ റൊമാന്റിക്… ഉദിച്ചു നിൽക്കുന്ന ചന്ദ്രക്കലയുടെ ചുറ്റുപാടും അംഗരക്ഷകരെ പോലെ ആയിരക്കണക്കിന് നക്ഷത്രത്തിനും താഴെ കടലിന്റെ ഇരമ്പലും തഴുകലും അനുഭവിച്ചു, ഈ കടപ്പുറത്ത് ഇങ്ങനെ നമ്മൾ ഒട്ടി ചേർന്ന് ഇരിക്കുന്ന ഈ രാത്രിയാണ് നന്ദേട്ടാ എന്റെ ജീവിതത്തിലെ ഏറ്റവും ഭംഗിയേറിയ രാത്രി “.
“എന്നാൽ നമ്മൾ ഈ സന്തോഷം ഒന്നു കൊഴുപ്പിച്ചാലോ… നക്ഷത്രങ്ങളെയും കടലിനെയും പൂർണ ചന്ദ്രനെയും കാണികളാക്കി നമുക്ക് ഗിറ്റാർ വായിച്ചാലോ….?”
“വായിക്കാം ഏതു പാട്ടാണ് വായിക്കേണ്ടത്….നന്ദേട്ടന് ഇഷ്ട്ടമുള്ള പാട്ടു പറ.. അതു വായിക്കാം “.
അതു കേട്ടതും നന്ദൻ കുറച്ചു നേരം ആലോചിച്ചതിനു ശേഷം ഒപ്പത്തിലെ… മിനുങ്ങും മിന്നാമിനുങ്ങേ.. എന്ന പാട്ട് വായിക്കാൻ പറഞ്ഞു.അവൻ ഗിറ്റാർ എടുത്തു അവളുടെ കയ്യിൽ കൊടുത്തു.അവൾ അവന്റെ നെഞ്ചിൽ ചാരി കിടന്നു കണ്ണുകളടച്ചു ഗിറ്റാർ നെഞ്ചോട് ചേർത്തു പിടിച്ചു… ഗിറ്റാറിൽ കൈവിരലുകളാൽ… ആ പാട്ടിനെ തഴുകി ഉണർത്തി.. അതു ഒരു സാഗരം കണക്കെ കടൽ കരയിൽ ഓളം തള്ളി കൊണ്ടിരുന്നു. ഗിറ്റാറിൽ നിന്നും വരുന്ന പാട്ടിന്റെ ഈണത്തിൽ തിരമാലകൾ താളം ചവിട്ടി കൊണ്ടിരുന്നു… അതെല്ലാം കണ്ടു കൊണ്ട് ആകാശത്തു നിന്നും ചന്ദ്രനും നക്ഷത്രങ്ങളും കാണികളായി നിൽക്കുന്നുണ്ടായിരുന്നു……..
ഡോക്ടർ പറഞ്ഞ പോലെ ഷഹാനയെ രണ്ട് ദിവസം മുന്നേ തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. അവർക്ക് എന്തിനും സഹായിയായി ആമിത്തയും കൂടെയുണ്ടായിരുന്നു…..
                                              #തുടരും….
#ഫൈസൽ_കണിയാരി..
5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!