വെള്ളാരം കണ്ണിനെ പ്രണയിച്ചവൾ – Part 1 | Malayalam Novel

9630 Views

read malayalam story
ജാലകത്തിന്റെ ഇടയിലൂടെ തെറിച്ചു വീണ മഴ തുള്ളികൾ മുഖത്തു വീണപ്പോഴാണ് ഷഹാന ഉറക്കമുണർന്നത്. പുറത്ത് ഇടവപ്പാതി തകർത്തു പെയ്യുകയാണ്. വീശിയടിച്ച തെക്കൻ കാറ്റിൽ മുറ്റത്തെ മൂവ്വാണ്ടൻ മാവിൽ നിന്നും പച്ചയും പഴുത്തതുമായ ഇലകളും മാങ്ങകളും മുറ്റത്ത് വീണു കിടക്കുന്നു. ഷഹാന ജനൽ പാളികളിലൂടെ പുറത്തോട്ടു നോക്കി. മഴവെള്ളം വീണു തളിർത്തു തണുത്തു വിറച്ചു നിൽക്കുന്ന വള്ളിപയറും, ചുവന്ന ചീരയും, വെണ്ടയുമെല്ലാം തല ഉയർത്തി അവളെ നോക്കുന്നുണ്ടായിരുന്നു…തണുത്ത ശീതകാറ്റിന്റെ ശക്തിക്ക് അനുസരിച്ചു മഴത്തുള്ളികൾ വീണ്ടും അവളുടെ മുഖത്തേക്ക് തെറിച്ചു വീണു. ഷഹാന ജനലുകൾക്കിടയിലൂടെ കൈ പുറത്തേക്കിട്ടു. ഇറയത്തു നിന്നും ഇറ്റ് വീഴുന്ന മഴത്തുള്ളികളെ കൈകൊണ്ട് എത്തി പിടിച്ചു കൈ കുമ്പിളിൽ വെള്ളത്തിന് അപ്പോൾ ഉദയ സൂര്യന്റെ പൊന്നിൻ നിറമായിരുന്നു…അവൾ കൈ ഉള്ളിലേക്ക് വലിച്ചു കൈ കുമ്പിളിൽ പിടിച്ച വെള്ളം കൊണ്ട് മുഖം തുടച്ചു. ഒരു ദീർഘ ശ്വാസം ഉള്ളിലോട്ട് വലിച്ചപ്പോഴാണ്. മൂക്കിലോട്ട് നല്ല കട്ടൻ കാപ്പിയുടെ മണം അടിച്ചു കയറിയത്…..
“ഗുഡ് മോർണിങ് വാവേ…. അതുകേട്ടതും ഷഹാന…..
“ഗുഡ് മോർണിങ് നന്ദേട്ടാ…നന്ദേട്ടാ പുറത്ത് നല്ല മഴ. കണ്ടില്ലേ നമ്മുടെ വള്ളി പയറും വേണ്ടയുമെല്ലാം തണുത്തു വിറച്ചു നിക്കുന്നത്… അവൾ ജനാലയിലൂടെ വിരൽ ചൂണ്ടി പറഞ്ഞു…. ഈ മഴ കാണാൻ നല്ല രസമാണ് അല്ലേ നന്ദേട്ടാ….. അതു കേട്ട നന്ദൻ ചായ കപ്പ് അവളുടെ കയ്യിൽ കൊടുത്തു ബെഡിലിരുന്നു, അവളെ ദേഹത്തോട് അടുപ്പിച്ചു ചേർത്തു പിടിച്ചു, അവളുടെ പിൻ കഴുത്തിൽ ചുണ്ടുകൾ ചേർത്തു വെച്ചു കൊണ്ട് പറഞ്ഞു…..
“മഴ കാണാനും മഴ കൊള്ളാനും നല്ല രസമാണ്… എന്തേ എന്റെ വാവക്ക് മഴ കൊള്ളണോ.
അതു കേട്ട അവളുടെ കണ്ണിലെ തിളക്കം നന്ദൻ കണ്ടു. അവൾ ഒന്നും കൂടി അവനോട് ചേർന്നിരുന്നു ചോദിച്ചു…
“നന്ദേട്ടനും വരോ എന്റെ കൂടെ. മഴ നനയാൻ. എനിക്ക് നന്ദേട്ടന്റെ ഈ നെഞ്ചിൽ ചാരിനിന്നു മഴ നനയണം. വരോ…അവൾ കൊഞ്ചിക്കൊണ്ടു ചോദിച്ചു…..
അതു കേട്ട നന്ദൻ അവളെ ഒന്നും കൂടി oവാരി പുണർന്നു തോളിൽ തല ചായിച്ചു അവളുടെ കവിളിൽ അധരം അമർത്തി കൊണ്ട് പറഞ്ഞു……
“ഞാൻ വരാണ്ടിരിക്കോ എന്റെ വാവേടെ കൂടെ മഴ നനയാൻ. അല്ലാ നമ്മൾ മഴ നനയുന്നത് നമ്മുടെ കുഞ്ഞു വാവക്ക് ഇഷ്ടമാവുമോ…. ?”
“അതു കേട്ടതും ഷഹാന അവളുടെ ഉയർന്നു നിൽക്കുന്ന ഉദരത്തിൽ കൈ കൊണ്ട് തലോടിക്കൊണ്ട് ചോദിച്ചു….
“മോളൂസിന്റെ അച്ഛനും അമ്മയും മഴ നനയട്ടെ…?” അതു കേട്ടതും അവളുടെ അടി വയറ്റിൽ ഒരു ചെറിയ അനക്കം ഷഹാനക്ക് അനുഭവപ്പെട്ടു… ഷഹാന സന്തോഷത്തോടെ നന്ദനോട് പറഞ്ഞു….
“നന്ദേട്ടാ നോക്കിയെ അവൾ മഴ നനയാൻ സമ്മതിച്ചു….” അതു കേട്ടതും നന്ദൻ അവളുടെ വയറ്റത്തു ചെവി ചേർത്തു വെച്ചുകൊണ്ട് പറഞ്ഞു…
“ഞാനൊന്ന് ചോദിച്ചു നോക്കട്ടെ എന്റെ മോളോട്… ” നന്ദൻ ഏഴാം മാസം ആയ അവളുടെ പൊങ്ങി നിൽക്കുന്ന ഉദരത്തിൽ ഒരു ഉമ്മ വെച്ചു കൊണ്ട് ചോദിച്ചു….
“അച്ഛന്റെ കുഞ്ഞാവക്ക് സമ്മതമാണോ… അമ്മയും അച്ഛനും മഴ കൊള്ളുന്നത്…. ” അതു കേട്ടതും അവൾ ഒന്നു അനങ്ങി അതു കണ്ട നന്ദൻ പറഞ്ഞു….
“വാവേ നോക്കിയേ അവൾക്ക് സമ്മതമാണെന്ന് “. അതും പറഞ്ഞു നന്ദൻ ഒരു ഉമ്മയും കൂടി കൊടുത്തു ഷഹാനയുടെ വയറ്റിൽ. അതു കണ്ട സഹാനയുടെ കണ്ണും മനസ്സും നിറഞ്ഞു…..
“എന്നാ പോകാം നന്ദേട്ടാ മഴ നനയാൻ…”
“ആ പോകാം. ആദ്യം എന്റെ വാവ വായ കഴുകി ഈ കാപ്പി അങ്ങു കുടി…..” അതു കേട്ടതും അവൾ കൊഞ്ചി കൊണ്ട് പറഞ്ഞു….
“നമുക്ക് മുറ്റത്ത് ഇറങ്ങി മഴ കൊണ്ടതിനു ശേഷം കുടിക്കാം നന്ദേട്ടാ….”
“ങാ… അതു പറ്റില്ല…ബ്രഷ് ചെയ്തു ഈ കാപ്പി കുടിച്ചതിനു ശേഷം നമുക്ക് മഴ നനയാം…നീ ബ്രഷ് ചെയ്യുമ്പോഴേക്കും ഞാൻ പോയി ഉച്ച ഊണിനുള്ള അരി ഇട്ടു വരാം….” അതും പറഞ്ഞു നന്ദൻ തിരിഞ്ഞു. നടന്നു പെട്ടന്നാണ് ബെഡിൽ നിന്നും ബ്രഷ് ചെയ്യാൻ ബാത്റൂമിലോട്ടു പോകാൻ ഇറങ്ങിയ ഷഹാനയുടെ കാൽ തെറ്റി അവൾ വീഴാൻ പോയത്. അതു കണ്ട നന്ദൻ ഓടി വന്നു അവളെ പിടിച്ചു കൊണ്ട് പറഞ്ഞു……
“നിനക്ക് ഇപ്പോഴും ഈ റൂം മുഴുവൻ പരിചയം ആയില്ലേ വാവേ… നിനക്കു തെറ്റില്ല എന്നു വിചാരിച്ചല്ലേ ഞാൻ പോകാൻ നിന്നത്. വാ ഞാൻ ആക്കി തരാം “.
അതു കേട്ടതും ഷഹാന പറഞ്ഞു…
“എനിക്ക് പരിചയം ആണ് നന്ദേട്ടാ ഈ വീട് മൊത്തം. എന്നാലും ചിലപ്പോൾ പലയിടത്തും കാലിടറും… ഞാൻ പലപ്പോഴും മറന്നു പോകും നന്ദേട്ടാ… എനിക്ക് കണ്ണു കാണില്ലാന്നുള്ള കാര്യം”.
അതു കേട്ടതും നന്ദന്റെ മനസ്സൊന്നു നീറി.പിന്നെ ഉള്ളിലെ നീറ്റൽ പുറത്തു കാണിക്കാതെ നന്ദൻ പറഞ്ഞു….
“ആരു പറഞ്ഞു എന്റെ വാവക്ക് കണ്ണു കാണില്ല എന്ന്. എന്റെ ഈ രണ്ട് കണ്ണും എന്റെ വാവയ്ക്കുള്ളതല്ലേ. എന്റെ വാവ എവിടെ പോകുമ്പോഴും എന്റെ രണ്ടു കണ്ണുകളും എപ്പോഴും വാവയുടെ കൂടെ ഉണ്ടാകില്ലേ. നീ പോയി പെട്ടന്ന് ബ്രഷ് ചെയ്തു വാ.. എന്നിട്ട് വേണം എനിക്കും നിനക്കും നമ്മുടെ കുഞ്ഞിനും കൂടി മഴ നനയാൻ…”
”””””””ഇപ്പൊ നിങ്ങൾക്ക് മനസ്സിലായില്ലേ. എന്റ വാവക്ക് കണ്ണു കാണില്ല എന്ന്..
അപ്പോൾ നിങ്ങൾ ചോദിക്കും പിന്നെ എങ്ങനെയാണ് ഇടവപ്പാതിയിലെ കോരിച്ചൊരിയുന്ന മഴയും, തൊടിയിലെ വള്ളിപയറും, ചീരയും, വെണ്ടയും എല്ലാം അവൾ കണ്ടതെന്ന്. അവൾക്ക് ഈ വീടിന്റെ ചുറ്റുമുള്ളതും വീട്ടിലുള്ളതും മുഴുവൻ കാണാൻ കഴിയും. എന്തിന് പറയുന്നു ക്ളോക്കിലെ സമയം വരെ അവൾ കൃത്യമായി പറയും. അതാണ്. എന്റ വാവ….പിന്നെ നിങ്ങളുടെ ഉള്ളിൽ ഒരു ചോദ്യം കൂടി ഉണ്ടാകും. ഹിന്ദുവായ നന്ദന് എങ്ങനെ മുസ്ലിമായ ഷഹാനയെ കിട്ടിയെന്ന്…..?
ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫറും, ടൗണിലെ സിനി സ്റ്റുഡിയോ ഉടമയുമായ നന്ദൻ മേനോൻ ആദ്യമായി ഷഹാനയെ കാണുന്നത് അവളുടെ മാമന്റെ മകളുടെ വിവാഹത്തിന് ഫോട്ടോ എടുക്കാൻ പോയപ്പോഴാണ്. വിവാഹ വർക്കുകൾ ഒരു പാട് കിട്ടാറുണ്ട് നന്ദന്. അങ്ങനെ കിട്ടിയ ഒരു വർക്കാണ് ഷഹാനയുടെ മാമന്റെ മകളുടെ വിവാഹ വർക്ക്…..
വിവാഹ വേദിയിൽ ചെറുക്കൻ വന്നത് കൊണ്ട് ഓടി നടന്നു ഫോട്ടോ എടുക്കുന്നതിന് ഇടയിലാണ്, പെണ്ണ് ഇറങ്ങാറായി അതിനു മുന്നേ അവളുടെ കുറച്ചു ഫോട്ടോസ് എടുക്കണം എന്നു ഒരാൾ വന്നു പറഞ്ഞത്. ഞാൻ ക്യാമറയും കൊണ്ട് അകത്തോട്ട് പോയി. ഡ്രസ്സ് ചെയ്യിച്ചിരുന്ന റൂമിൽ ആയിരുന്നു പെണ്ണ് ഇരുന്നിരുന്നത്. ഞാൻ റൂമിൽ ചെന്ന് കല്യാണപെണ്ണിന്റെ ഫോട്ടോസ് എടുക്കാൻ ക്യാമറ അവളുടെ നേരെ ഫോക്കസ് ചെയ്തപ്പോഴാണ്, അവിടെ എന്റെ ക്യാമറയിലോട്ട് നോക്കി പുഞ്ചിരിച്ചു ഇരിക്കുന്ന ഒരു തട്ടമിട്ട ഒരു മൊഞ്ചത്തി കുട്ടിയെ കണ്ടത്..എന്തോ എന്റെ ക്യാമറയുടെ ആദ്യത്തെ ഫ്‌ളാഷ് അറിയാതെ ആദ്യം മിന്നിയത് അവളുടെ മുഖത്തേക്കായിരുന്നു. അതു കണ്ട കല്യാണപ്പെണ്ണ് ചിരിച്ചു കൊണ്ട് പറഞ്ഞു…..അതേ മാഷെ അവളുടെ അല്ല കല്യാണം, എന്റെയാണ് എന്ന്. അതുകേട്ട ഞാൻ ഒരു ചമ്മലോടെ അവളുടെ മുഖത്തു നിന്നു കണ്ണെടുത്തു. കല്യാണപെണ്ണിന്റെ കുറെ ഫോട്ടോകൾ എടുത്തു. അവസാനം ഞാൻ കല്യാണ പെണ്ണിനോടും അവളോടും പറഞ്ഞു. നിങ്ങൾ രണ്ടാളും ഒരുമിച്ചു നിൽക്കൂ. ഒരു ഫോട്ടോ എടുക്കാം. അതു കേട്ട കല്യാണ പെണ്ണ് നമ്മുടെ തട്ടമിട്ട സുന്ദരിയുടെ അടുത്തു പോയി അവളുടെ തോളിൽ തല വെച്ചു നിന്നു എന്നോട് പറഞ്ഞു ഒരു ഫോട്ടോ എടുക്കാൻ..ഞാൻ അവരുടെ രണ്ടാളുടെയും ചിരിക്കുന്ന മുഖം മാത്രം ഫോക്കസ് ചെയ്തു ഒരു കിടിലൻ ഫോട്ടോ എടുത്തു. പിന്നെ ഞാൻ പറഞ്ഞു, ഇനിയുള്ള ഫോട്ടോ നമുക്ക് ഹാളിൽ വെച്ചു എടുക്കാം എന്ന്. അതും പറഞ്ഞു ഞാൻ തിരിഞ്ഞു നടക്കാൻ നിന്നതും, പിന്നിൽ നിന്നും നമ്മുടെ തട്ടമിട്ട സുന്ദരി കല്യാണപെണ്ണിനോട് പറയുന്നത് കേട്ടു… ഡീ, ഞാനും ഉണ്ട് ഹാളിലോട്ട്. എന്നേം കൂടി കൊണ്ട് പോ.. എന്ന്. അതു കേട്ടതും ഞാൻ തിരിഞ്ഞു നിന്നു. കല്യാണ പെണ്ണിനോട് ഒരു ചിരിയോടെ തമാശയാൽ പറഞ്ഞു… അതെന്താ തന്റെ സഹോദരിക്ക്. ഹാളിലേക്കുള്ള വഴി അറിയില്ലേ എന്ന്… അതു കേട്ട കല്യാണ പെണ്ണ് പറഞ്ഞു…. അവൾക്ക് വഴി അറിയാഞ്ഞിട്ടല്ല… കണ്ണു കാണാഞ്ഞിട്ടാണ്. അവൾ അന്ധയാണെന്ന്. അതു കേട്ട എനിക്ക് ആകെ വിഷമം ആയി. എനിക്കെന്തോ അവളോട്‌ സഹതാപം തോന്നി… പിന്നെ ഫോട്ടോ പിടുത്തം ഹാളിൽ വെച്ചായിരുന്നു… ഹാളിൽ പെണ്ണിന്റെയും ചെറുക്കന്റെയും കൂടെ കുടുംബാംഗംങ്ങൾ എല്ലാവരും നിരന്നു നിന്നു ഒരു ഫോട്ടോ എടുക്കാൻ നിന്നതും. അവരുടെ ഇടയിൽ നിന്ന ഷഹാനയെ നോക്കി കല്യാണ പെണ്ണിന്റെ വാപ്പ പറഞ്ഞു. നീ അങ്ങു മാറി നിൽക്കൂ. ഇതു ഞങ്ങൾ കുടുംബക്കാർ മാത്രം ഉള്ള ഫോട്ടോയാണ്. അതിൽ ഒരു വകയിലെ പെങ്ങളുടെ മകളായ ഒരു പൊട്ടക്കണ്ണി വേണ്ടാ എന്ന്. അതു കേട്ട അവളുടെ നിറം മങ്ങിയ കണ്ണുകളെല്ലാം നിറഞ്ഞു തുളുമ്പി… അതു കണ്ട എനിക്കും വിഷമമായി. അവൾ ഒന്നും പറയാതെ നിറഞ്ഞു തുളുമ്പിയ കണ്ണുകളും തുടച്ചു കൊണ്ട് സൈഡിലോട്ട് മാറി നിന്നു… ഞാൻ എല്ലാവരോടും ചേർന്നു നിൽക്കാൻ പറഞ്ഞു. അവർ എല്ലാവരും ചേർന്ന് നിന്നതും എന്റെ ക്യാമറയുടെ ഫ്‌ളാഷ് മിന്നി… പക്ഷെ എന്റെ ഫ്‌ളാഷ് മിന്നിയത് അവരുടെ നേരെ അല്ലായിരുന്നു.. കുടുംബക്കാരിൽ നിന്നും അകന്നു മാറി നിൽക്കുന്ന ഷഹാനയുടെ മുഖത്തേക്കായിരുന്നു. അവളുടെ നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ നിൽക്കുന്ന വാടിയ മുഖത്തേക്കായിരുന്നു. ആ ഫോട്ടോ പ്രതിബിംബം പോലെ പതിഞ്ഞത് എന്റെ ക്യാമറയിൽ അല്ലായിരുന്നു എന്റെ മനസ്സിലായിരുന്നു… ഫോട്ടോ എടുത്തതും കല്യാണ പെണ്ണിന്റെ വാപ്പ ചോദിച്ചു. എല്ലാവരെയും കിട്ടിയില്ലേ… കിട്ടിയില്ലെങ്കിൽ ഒന്നും കൂടി എടുക്കാം എന്ന്. അതു കേട്ട ഞാൻ അയാളോട് പറഞ്ഞു… കിട്ടി.. എല്ലാവരെയും കിട്ടി അതു മതിയെന്ന്… പക്ഷെ അയാൾക്ക് അറിയില്ലല്ലോ എനിക്ക് കിട്ടിയത് നമ്മുടെ തട്ടമിട്ട സുന്ദരിയുടെ ഫോട്ടോയാണെന്ന്. മണ്ടൻ…. പെണ്ണും ചെക്കനും പോയി കഴിഞ്ഞപ്പോൾ ഞാൻ ക്യാമറയും എടുത്തു സ്റ്റുഡിയോയിലോട്ട് പോകാൻ നിന്നപ്പോഴാണ്, ഒരു ഗിറ്റാറിന്റെ ശബ്ദം സാഗരം കണക്കെ എന്റെ കാതിൽ മുഴങ്ങിയത്..ഞാൻ എന്റെ മനസ്സിൽ പറഞ്ഞു. ആരാണ് ഇത്രയും മനോഹരമായി ഗിറ്റാർ വായിക്കുന്നത്. ഞാൻ ആ ശബ്ദം കേൾക്കുന്ന ഭാഗം ലക്ഷ്യമാക്കി നടന്നു…. അപ്പോൾ അതാ എന്റെ ഖൽബിൽ പതിഞ്ഞ നമ്മുടെ തട്ടമിട്ട സുന്ദരി കുറെ കുട്ടികൾക്ക് ഇടയിൽ ഇരുന്നു ഗിറ്റാർ വായിക്കുന്നു… അതും നമ്മുടെ മിന്നാരത്തിലെ… തളിരണിഞ്ഞൊരു കിളിമരത്തിന്റെ എന്ന റൊമാന്റിക് സോങ്… അതും എന്റെ ഫേവറേറ്റ് സോങ്. ഞാൻ കുറച്ചു നേരം അവളുടെ ഇമ്പമേറിയ ഗിറ്റാർ വായന നോക്കി നിന്നു. അവൾ ഗിറ്റാർ വായിക്കുന്നത് കണ്ടാൽ ഒരിക്കലും പറയില്ല അവൾക്ക് കണ്ണ് കാണില്ല എന്ന്. ഞാൻ ക്യാമറ എടുത്തു അവളുടെ ഗിറ്റാർ പിടിച്ചു ഇരിക്കുന്ന മൊഞ്ചുള്ള മുഖത്തിന്റെ പല ആംഗിളിൽ ഉള്ള കുറച്ചു പിക്കുകൾ എടുത്തു. ഓരോ ഫോട്ടോ എടുക്കുമ്പോഴും എനിക്ക് തോന്നി. ഞാൻ ഇന്നേ വരെ എടുത്ത ഫോട്ടോകളിൽ ഏറ്റവും മനോഹരമേറിയ ഫോട്ടോ ഇതാണെന്ന്. ഞാൻ അവളെയൊന്നു പരിചയപ്പെടാൻ അവളുടെ അടുത്തേക്ക് ചെന്നു ഞാൻ.. ഹായ്..” എന്ന് പറഞ്ഞതും ..എന്റെ ശബ്ദം കേട്ടതും അവൾ ഗിറ്റാറിൽ നിന്നും വിരലുകളടർത്തി കാഴ്ചയില്ലാ കണ്ണുകൾ കൊണ്ട് പരതിക്കൊണ്ടു എന്നോട് ചോദിച്ചു..
“ആരാ….?”
ഞാൻ ആദ്യം എന്നെ പരിചയപ്പെടുത്തി. ഞാൻ അവളുടെ പേര് ചോദിച്ചു.. അവൾ ഷഹാന എന്ന് പറഞ്ഞു… പിന്നെ ഞാൻ അവളോട്‌ ചോദിച്ചു….
“താൻ ഈ വീട്ടിലെ അല്ലെ…?”
“എന്താ അങ്ങനെ ചോദിക്കാൻ…?”
“അല്ല കല്യാണ പെണ്ണിന്റെ വാപ്പ ഫോട്ടോ എടുക്കുന്നതിന്റെ ഇടയിൽ തന്നെ മാറ്റി നിർത്തി പറയുന്നത് കേട്ടത് കൊണ്ട് ചോദിച്ചതാ…”
“ഓ അതോ. അല്ല ഞാൻ ഈ വീട്ടിലെ അല്ല എന്നാൽ ആണോ എന്ന് ചോദിച്ചാൽ ആണ്…”
“അതെന്തൊഡോ അങ്ങനെ ഒരു ഉത്തരം.. ഒന്ന് തെളിയിച്ചു പറ….”
അതു കേട്ട അവൾ പറഞ്ഞു…
കല്യാണ പെണ്ണിന്റെ വാപ്പായുടെ വാപ്പാടെ ആദ്യത്തെ ഭാര്യയുടെ മകളുടെ മകൾ ആണെന്നും. ഉമ്മയും വാപ്പയും മരിച്ചപ്പോൾ ആരുമില്ലാത്ത അവളെ ഇങ്ങോട്ട് കൊണ്ടു വന്നതാണെന്നും. പക്ഷെ ഇവിടെ എല്ലാവർക്കും അവൾ അധിക പറ്റ് ആണെന്നും….. കാരണം കണ്ണു കാണാത്തവളല്ലേ ഒരു ബാധ്യത ആണെന്നും.
അതു കേട്ട എനിക്കാകെ വിഷമമായി. പിന്നെ ഞാൻ അവളോട് ചോദിച്ചു…
“താൻ ഈ ഗിറ്റാർ വായന എവിടന്നു പഠിച്ചു.. ?” അതു കേട്ട അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
“ടൗണിൽ കണ്ണു കാണാത്തവരെ ഗിറ്റാർ വായന പഠിപ്പിക്കുന്ന സ്ഥലം ഉണ്ട് അവിടെ പഠിക്കുന്നുണ്ട് ഞാൻ….” ഞാൻ അവളോട് ചോദിച്ചു..
“താൻ ഇപ്പോൾ വായിച്ച ആ പാട്ട് ഒന്നും കൂടി വായിക്കാൻ പറ്റുമോ. അത് എന്റെ ഫേവറേറ്റ് സോങ്ങാണ്.. താൻ അതു വായിച്ചു കേട്ടപ്പോൾ ആ പാട്ടിനു വല്ലത്തൊരു ഫീൽ. ബുദ്ധിമുട്ടില്ലങ്കിൽ എനിക്കും വേണ്ടി ഒന്നും കൂടി വായിക്കോ ? “
ഞാൻ ആവശ്യപ്പെട്ടപ്പോൾ. അവൾ ഒരു മടിയും കൂടാതെ വായിക്കാം എന്ന് പറഞ്ഞു.. അവൾ ഗിറ്റാർ നെഞ്ചോട് അടുക്കി പിടിച്ചു. വിരലുകൾ അതിൽ ഒന്നോടിച്ചതും. അതിൽ നിന്നും ശബ്ദ തരംഗങ്ങൾ പെയ്തിറങ്ങി. പിന്നെ വെളിച്ചം നഷ്ടപ്പെട്ട കണ്ണുകൾ അടച്ചു പിടിച്ചു അധരങ്ങൾ കൊണ്ട് ആ ഗാനം ഒരു നേർത്ത ശബ്ദത്തിൽ ഉരുവിട്ടുകൊണ്ട്… കൈ വിരലുകളാൽ ഗിറ്റാറിൽ ആ വരികൾക്കനുസരിച്ചു സാഗരം തീർത്തു…. വായിച്ചു തീർന്നതും അവളുടെ അടഞ്ഞു കിടക്കുന്ന കണ്ണുകൾക്കിടയിലൂടെ കണ്ണുനീര് നീരുറവ പോലെ വരുന്നത് ഞാൻ കണ്ടു…
“താൻ എന്തിനാ കരയുന്നത്…..?” അതു കേട്ട അവൾ നിറം മങ്ങിയ കണ്ണുകളിലെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു…..
“ഈ സോങ് എന്റെയും ഫേവറേറ്റ് ആണ്… ഈ സോങ് വായിക്കുമ്പോൾ എപ്പോഴും എനിക്ക് സങ്കടം വരും. ഈ സോങ്ങും എന്റെ ജീവിതവും തമ്മിൽ എന്തോ ബന്ധമുള്ളപോലെ. ഈ സോങ് വായിക്കുമ്പോഴെല്ലാം എനിക്ക് ഒരു നഷ്ടബോധമാണ്. ഞാൻ പോലുമറിയാതെ എന്റ കണ്ണുകൾ നിറയും.. ഇതു കേട്ടപ്പോൾ നിങ്ങൾക്കും ഒരു ഫീലിംഗ്‌സ് ഇല്ലേ…. ഉണ്ടാകും അത്രക്കും മനോഹരമാണ് ഇതിലെ വരികൾ…..”
അവളുടെ ആ പാട്ടിനെ കുറിച്ചുള്ള വർണ്ണന കേട്ടപ്പോൾ ഞാൻ പോലും ആ പാട്ടിനെ കുറിച്ചു അപ്പോഴാണ് ചിന്തിച്ചു തുടങ്ങിയത്… സംഭവം ശരിയാണല്ലോ.. ആ പാട്ട് എപ്പോഴും നമുക്ക് ഫീലിംഗ്‌സ് തന്നെയല്ലേ…..ഞാൻ അവളോട്‌ പറഞ്ഞു…
“താൻ പറഞ്ഞത് ശരിയാണ്… മനോഹരമാണ് അതിലെ വരികൾ… ഒരു വട്ടം ആര് കേട്ടാലും പിന്നെ ഒരിക്കലും മറക്കില്ല.. അതു മനസ്സിൽ കൊത്തിവച്ച പോലെയിരിക്കും…”
“എന്താ നിങ്ങളുടെ. പേര്….. ?” അതു കേട്ട ഞാൻ പറഞ്ഞു…..
“നന്ദൻ…. നന്ദൻ മേനോൻ……”
“ഞാൻ നിങ്ങളോടു ഒരു ചോദ്യം ചോദിച്ചാൽ സത്യം പറയോ…?” അതു കേട്ട ഞാൻ ചോദിച്ചു….
“ഊം എന്താ… ചോദിക്ക്…. ?” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു…..
“നിങ്ങളുടെ കണ്ണ് വെള്ളാരം കണ്ണല്ലേ…. അതായത് പൂച്ചക്കണ്ണ്… “അതു കേട്ട ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി….അവൾ പറഞ്ഞത് ശരിയാണ് എന്റെ കണ്ണ് വെള്ളാരം കണ്ണ് ആണ്….. അതു കേട്ട ഞാൻ ആകാംഷയോടെ ചോദിച്ചു….
“തനിക്ക് എങ്ങനെ മനസ്സിലായി എന്റെ കണ്ണ് വെള്ളാരം കണ്ണാണെന്ന്… സത്യം പറ തനിക്ക് കണ്ണ് കാണില്ലേ.. താൻ എന്നെ പറ്റിക്കുകയല്ലേ..?” അതു കേട്ട അവൾ പുഞ്ചിരിയോടെ വിഷാദം കലർന്ന മുഖത്താലെ പറഞ്ഞു…..
“എനിക്ക് അറിയാൻ പറ്റും…. കാരണം ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് കാഴ്ചയുള്ള കണ്ണുകളെയാണ്. വെളിച്ചമില്ലാത്ത എന്റെ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ സ്വപ്നം കണ്ടിട്ടുള്ളതും കാഴ്ചയുള്ള തിളക്കമുള്ള കണ്ണുകളാണ്. വെളിച്ചവും ഇരുട്ടും ഒരേ സമയം പല വർണ്ണങ്ങളിൽ കാണുന്ന നിങ്ങൾക്കറിയില്ല ആ കണ്ണിന്റ വില. പക്ഷെ എനിക്കറിയാം കാരണം എന്റെ കണ്ണിൽ എപ്പോഴും ഇരുട്ട് മാത്രം ആണ്…. ഇരുട്ട് മാത്രമുള്ള എന്റ കണ്ണുകളിൽ ഈ ലോകത്തിന്റെ ഭംഗി നിങ്ങളുടെ കണ്ണുകളിൽ കാണുന്നതിനെക്കാളും മനോഹരമാണ്…. ആ എനിക്ക് നിങ്ങളുടെ കണ്ണുകളെ കാണാൻ പറ്റും. പിന്നെ പൂച്ചക്കണ്ണുകൾ എനിക്ക് വളരെ ഇഷ്ടമാണ്.. ആ കണ്ണുകൾ ഏതു സമയവും തിളക്കമുള്ളതായിരിക്കും ആ കണ്ണുകൾ ഉള്ള മുഖത്തിന് ഒരു പ്രത്യേക തിളക്കമായിരിക്കും….”
അവളുടെ കണ്ണുകളെ കുറിച്ചുള്ള വർണ്ണന എന്നെ അത്ഭുതപ്പെടുത്തി… അവൾ ഈ ലോകത്ത് കണ്ണുകളെ അത്രയും സ്നേഹിക്കുന്നുണ്ട്…. എനിക്ക് അവളോട് സഹതാപം തോന്നി.. ഞാൻ മനസ്സിൽ ദൈവത്തിനോട് ചോദിച്ചു… എന്തിനാ ഈശ്വരാ നീ ഈ പാവത്തിന്റെ വെളിച്ചം നഷ്ടപ്പെടുത്തിയെ… എല്ലാ രീതിയിലും എന്തിനാ ഈ പാവത്തിനെ ശിക്ഷിച്ചത്… ആദ്യം നീ ആ പാവത്തിന്റെ വെളിച്ചം കളഞ്ഞു… പിന്നെ അവളുടെ ഉറ്റവരുടെ ജീവൻ നീ കൊണ്ടു പോയി. എന്തിനാ ഈ ഇരുണ്ട ലോകത്തോട്ട് അവളെ വെളിച്ചമില്ലാതെ പറഞ്ഞയച്ചതു…..
അവളോട്‌ യാത്ര പറഞ്ഞു പോരുമ്പോൾ എനിക്ക് എന്തോ ഒരു നഷ്ട ബോധം തോന്നി… വീട്ടിലെത്തി രാത്രി ഉറങ്ങാൻ കിടന്ന സമയത്തെല്ലാം, അവളുടെ തട്ടമിട്ടു ഗിറ്റാറും നെഞ്ചോട് ചേർത്തു പിടിച്ചു ചെറു പുഞ്ചിരിയോടെ ഇരിക്കുന്ന തിളങ്ങുന്ന മുഖമായിരുന്നു മനസ്സിൽ മുഴുവൻ. ഞാൻ അവളെ അറിയാതെ സ്നേഹിച്ചു തുടങ്ങിയിരുന്നു. ഞാൻ പോലുമറിയാതെ എന്റെ മനസ്സ് അവളോട്‌ അടുക്കുകയായിരുന്നു…. എനിക്ക് അവളെ വീണ്ടും കാണണമെന്നു തോന്നി….. പിറ്റേ ദിവസം അവൾ ഗിറ്റാർ പഠിക്കുന്ന സ്ഥലത്ത് അവളെ ഞാൻ പോയി കണ്ടു.
അവൾ എന്തിനാ വന്നത് എന്ന് ചോദിച്ചപ്പോൾ. വെറുതെ ഒന്ന് കാണാൻ വന്നതാണ് എന്ന് പറഞ്ഞു… പിന്നെ ഞാൻ ചോദിച്ചു… എനിക്ക് തന്നെ കാണണം എന്ന് തോന്നുമ്പോൾ ഞാൻ വന്നു കണ്ടോട്ടെ എന്ന്… അതു കേട്ട അവൾ ചോദിച്ചു… എന്തിനാ കാണുന്നത് എന്ന് അതുകേട്ട ഞാൻ പറഞ്ഞു…. വെറുതെ കാണാൻ… അതു കേട്ട അവൾ ചിരിച്ചു….
പിന്നീടുള്ള മിക്ക ദിവസങ്ങളിലും ഞാൻ അവളെ കാണാൻ അവിടെ പോകുമായിരുന്നു.. ഓരോ ദിവസം മുന്നോട്ട് പോകുന്തോറും ഞങ്ങൾ ഒരുപാട് അടുത്ത സുഹൃത്തുക്കളുമായി. ഞാൻ അവളോടും അവൾ എന്നോടും എല്ലാം പരസ്പരം തുറന്നു പറഞ്ഞിരുന്നു. അവൾ അവളുടെ പല സ്വപ്നങ്ങളും സങ്കടങ്ങളും എല്ലാം എന്നോട് പറഞ്ഞു…. ആകെ ആ വീട്ടിൽ ഒരു തണലുണ്ടായിരുന്നത് അമ്മാവന്റെ മകളായിരുന്നു. അവൾ വിവാഹം കഴിഞ്ഞു പോയതോടെ അമ്മാവന്റെ വീട്ടിലെ ജീവിതം ഓരോ ദിവസം മുന്നോട്ട് പോകുന്തോറും ദാരുണമായി വന്നു… എന്നും അവർക്ക് കുത്തുവാക്കുകൾ പറഞ്ഞു മുറിവേല്പിക്കാൻ അവൾ ഒരു കാരണമായി… അവളുടെ വാടി തളർന്ന മുഖം കണ്ടപ്പോൾ എനിക്ക് വല്ലാത്ത വേദന തോന്നി. ഒരു ദിവസം അവൾ എന്നോട് ചോദിച്ചു….
“അതേ മാഷെ എനിക്കൊരു കാര്യം മാഷിനോട് ചോദിക്കാനുണ്ട്. ചോദിക്കട്ടെ….?”
“എന്താ ചോദിച്ചോളൂ….”
“മാഷ്‌ക്ക് എന്നോട് ഇഷ്ടമുണ്ടോ… അല്ല മാഷിന്റെ ചില നേരത്തെ സംസാരത്തിൽ നിന്നും എനിക്കങ്ങനെ തോന്നി….” അവളുടെ തുറന്നടിച്ചുള്ള പെട്ടന്നുള്ള ചോദ്യത്തിൽ ഞാൻ അന്തം വിട്ടു….
“ആ.. ഉണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്. നിനക്കത് ഇപ്പോഴാണോ മനസ്സിലായത്. എന്താ നിനക്കെന്നെ ഇഷ്ടമല്ലേ….. ?” എന്റെ മറുപടി കേട്ട അവൾ ഒന്നു പകച്ചെങ്കിലും… പിന്നെ ഒരു വിഷാദം നിറഞ്ഞ ചിരിയോടെ പറഞ്ഞു…..
“എന്നാലേ അതു വേണ്ട….വെറുതെ എന്തിനാ മാഷെ… അറിഞ്ഞു കൊണ്ട് ട്രെയിനിന് തലവെക്കുന്നത്… മാഷ്‌ക്ക് നല്ല വെള്ളാരം കണ്ണുള്ള മൊഞ്ചത്തി മേനോൻ കുട്ടികളെ കിട്ടും.. എന്നെ കെട്ടി വെറുതെ മാഷിന്റെ ജീവിതം കളയണ്ടാ. ഒരു മുസ്ലിമായ എന്നെ പോലത്തെ ഒരു പൊട്ടക്കണ്ണിയെ കെട്ടി എന്റെ ലോകത്തോട്ട് മാഷ് വന്നാൽ.. പിന്നെ മാഷിന്റെ ജീവിതവും മൊത്തം ഇരുട്ടാകും…. ” അതു പറഞ്ഞു തീർന്നപ്പോഴേക്കും അവളുടെ കണ്ണുകൾ എല്ലാം നിറഞ്ഞിരുന്നു. അവൾ എന്നെ സ്നേഹിക്കുന്നുണ്ട്. പക്ഷെ അത് അവൾ പറയില്ല എന്ന് എനിക്ക് മനസ്സിലായി… കാരണം എന്റെ ജീവിതം അവൾ കാരണം ഇരുട്ട് കയറണ്ട എന്ന് വിചാരിച്ചാണ്. അവസാനം ഞാൻ തന്നെ അവളുടെ നിറഞ്ഞു നിൽക്കുന്ന ആ കണ്ണുകളിൽ നോക്കി ചോദിച്ചു.
“ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ എന്നോട് സത്യം പറയോ….?”
“എന്താ… ചോദിച്ചോളൂ…”
“താൻ എന്നെ സ്നേഹിക്കുന്നില്ലേ…നീ കാരണം എന്റെ ജീവിതം നശിക്കണ്ടാ എന്നു വിചാരിച്ചല്ലേ. തനിക്കെന്നൊടുള്ള ഇഷ്ടം താൻ മറച്ചു വെച്ചത്.. പറ ഞാൻ നിന്നെ സ്നേഹിക്കുന്ന പോലെ നീ എന്നെയും സ്നേഹിക്കുന്നില്ലേ…?” എന്റെ വാക്കുകൾ കേട്ട അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു. മൗനം വെടിഞ്ഞു എനിക്ക് എന്ത് മറുപടി തരണം എന്നു ചിന്തിച്ചുകൊണ്ടിരിക്കുന്ന അവളോട് ഞാൻ ചോദിച്ചു…
“ഞാൻ തന്നെ വിവാഹം കഴിച്ചോട്ടെ ? ..എനിക്ക് തന്നൂടെ നിന്റെ ഈ മനസ്സ്. ആരുമില്ലാത്ത നിന്നെ ഞാൻ എടുത്തോട്ടെ…?”
എന്റെ ചോദ്യം കേട്ട അവൾ ഞെട്ടി തരിച്ചു കൊണ്ട് എന്നെ കാഴ്ചയില്ലാ കണ്ണുകളുമായി നോക്കി….അതു കണ്ട ഞാൻ അവളോട് പറഞ്ഞു….
“ജാതിയും മതവും ഒന്നും എനിക്ക് പ്രശ്‌നമല്ല. വിവാഹം കഴിഞ്ഞാലും തനിക്ക് തന്റെ മതവുമായി ജീവിക്കാം. എനിക്ക് എന്റെ മതവുമായി ജീവിക്കാം. തനിക്ക് സമ്മതമാണെങ്കിൽ ഞാൻ വിവാഹം കഴിക്കാം. സഹതാപം കൊണ്ട് പറയുകയല്ല. സത്യമായിട്ടും എനിക്ക് തന്നെ ഇഷ്ടമാണ്… നമ്മുടെ രണ്ടു വീട്ടുകാരും സമ്മതിക്കില്ല എന്നറിയാം. എനിക്കൊരു ജോലിയുണ്ട് സ്വന്തമായി ഒരു സ്റ്റുഡിയോയും ഉണ്ട്. നമുക്ക് സുഖമായി ജീവിക്കാനുള്ള വരുമാനം അതിൽ നിന്നും കിട്ടും. നമ്മുടെ രണ്ടു വീട്ടുകാരും നമ്മളെ അംഗീകരിക്കില്ല. ചിലപ്പോൾ നമ്മളെ ഒഴിവാക്കി എന്നും വരും… എന്തു സംഭവിച്ചാലും… ഞാൻ നിന്നെ ഒഴിവാക്കില്ല. ഞാൻ അത്രയേറെ നിന്നെ സ്നേഹിക്കുന്നുണ്ട്… നിന്റെ വെളിച്ചമില്ലാ ലോകത്തോട്ട് ഞാനും വരട്ടെ… നീ പറഞ്ഞിട്ടില്ലേ നിനക്ക് എന്റെ വെള്ളാരം കണ്ണുകൾ ഇഷ്ടമാണെന്നു…ആ കണ്ണുകളുടെ കൂടെ എന്നെയും ഇഷ്ടപ്പെട്ടു കൂടെ….?”
എന്റെ വാക്കുകൾ കേട്ട അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ തുടങ്ങി. ആദ്യം കുറച്ചൊക്കെ അവൾ എതിർത്തെങ്കിലും പിന്നെ അവൾ സമ്മതിച്ചു… കാരണം അവൾ എന്നെ അത്രമാത്രം സ്നേഹിക്കുന്നുണ്ടായിരുന്നു. അവൾക്ക് ഒഴിവാക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല ഞാൻ. സ്നേഹം എന്ന് പറയുന്നത് അങ്ങനെയാണല്ലോ. അസ്ഥിക്ക് കയറി പിടിച്ചാൽ പിന്നെ അതിന്റെ മുന്നിൽ ജാതിയും മതവും ഒന്നും ഒരു പ്രശ്നമാവില്ല…..
പിറ്റേ ദിവസം രജിസ്റ്ററോഫീസിൽ വെച്ചു ഞങ്ങളുടെ വിവാഹമായിരുന്നു. ആളും ബഹളവും ഒന്നും ഇല്ലാത്ത വിവാഹം . വിവാഹത്തിൽ പങ്കെടുക്കാൻ വിരലിൽ എണ്ണിയാൽ തീരുന്ന എന്റെ കുറച്ചു സുഹൃത്തുക്കൾ മാത്രം . ഞങ്ങൾ രജിസ്റ്ററിൽ ഒപ്പിട്ടു…സാക്ഷികളായി എന്റെ സുഹൃത്തുക്കളും ഒപ്പിട്ടു. കൊട്ടും കുരവയും വിവാഹ പന്തലും. നിക്കാഹും ജാതിയും മതവും ഒന്നും ഇല്ലാതെ…. ഒരു മൂർത്തിയുടെയും മുന്നിൽ പോവാതെ ഞാൻ മനസ്സിൽ ദൈവങ്ങളെ സാക്ഷി നിർത്തി അവളുടെ കഴുത്തിൽ ചരടിൽ കോർത്ത ഒരു താലിയും കെട്ടി. അതു വരെ അവൾക്ക് വഴി കാട്ടിയായിരുന്ന വലത്തെ കയ്യിൽ പിടിച്ചിരുന്ന വടി എടുത്തു ദൂരെ കളഞ്ഞ് എന്റെ വലങ്കയ്യിൽ അവളുടെ ഇടം കയ്യും പിടിച്ചു ഒരു വഴികാട്ടിയായി ഞാൻ അവളെയും കൂട്ടി എന്റെ വീട്ടിലോട്ട് പോയി…
മകൻ ഒരു അന്യ ജാതിയിൽ പെട്ട പെണ്കുട്ടിയെ താലി കെട്ടി കൊണ്ട് വന്നത് കണ്ട അച്ഛൻ. ഞങ്ങളെ രണ്ടാളെയും വീട്ടിൽ കയറ്റിയില്ല. തറവാടിന്റെ ആഭിജാത്യവും അച്ഛന്റെ ദുരഭിമാനവും ഞങ്ങളെ സ്വീകരിക്കാതിരിക്കുവാനുള്ള ഒരു കാരണമായി.. എനിക്ക് താഴെ ഒരു പെണ്കുട്ടിയുണ്ട് അവളുടെ ഭാവി നോക്കണം, എന്നോട് അവളെയും കൂട്ടി അവിടെ നിന്നും ഇറങ്ങാൻ പറഞ്ഞു… അമ്മയും പെങ്ങളും അച്ഛനെ എതിർത്തെങ്കിലും, അതൊന്നും അച്ഛന്റെ മുന്നിൽ വില പോയില്ല… അമ്മയുടെ പേരിൽ ഒരു വീടുണ്ടായിരുന്നു… വേണമെങ്കിൽ ഞങ്ങളോട് അവിടെ പോയി താമസിക്കാം എന്നു പറഞ്ഞു… ഇനി ഒരു കാര്യത്തിനുമായി ഈ വീട്ടിലോട്ട് വരരുത് എന്നും പറഞ്ഞു… ഇതെല്ലാം ഞാൻ ആദ്യം തന്നെ പ്രതീക്ഷിച്ചതായിരുന്നു.. അതു കൊണ്ട് എനിക്ക് വലിയ വിഷമമൊന്നും തോന്നിയില്ല… എനിക്കറിയാം എന്റെ അച്ഛനെയും അമ്മയെയും. ഇപ്പൊ അവർ അംഗീകരിച്ചില്ലെങ്കിലും പിന്നെ എപ്പോഴെങ്കിലും അവർ ഞങ്ങളെ അംഗീകരിക്കും എന്നും. അവർ ഒരിക്കലും ഞങ്ങളെ ശപിക്കില്ല അനുഗ്രഹിക്കുകയെ ഉള്ളൂ.. ഞാൻ അവളേയും കൂട്ടി വേറെ എവിടെയും പോവാതിരിക്കാൻ വേണ്ടിയാണ് അച്ഛൻ അവിടെ താമസിക്കാൻ പറഞ്ഞത്. അച്ഛന് ഒരിക്കലും എന്നെ കളയാൻ പറ്റില്ല. കാരണം ഞാൻ അച്ഛന്റെ ആദ്യത്തെ കണ്മണിയാണ്. എന്തായാലും അച്ഛന്റെ നല്ല മനസ്സുകൊണ്ട് കയറി കിടക്കാൻ ഒരു വീട് കിട്ടിയതു തന്നെ ഭാഗ്യം എന്ന് ഞാൻ കരുതി .. പിന്നെ അവളുടെ അമ്മാവന്റെ ഭാഗത്തു നിന്നും ചെറിയ പ്രശ്നം എല്ലാം ഉണ്ടായി. അവൾ അവർക്ക് ഒരു ബാധ്യത ആയതു കൊണ്ട് പിന്നെ പതുക്കെ പിൻവലിഞ്ഞു.
വീട്ടിൽ നിന്നും ഞാൻ അവളെയും കൊണ്ടു അമ്മയുടെ പേരിലുള്ള ആ വീട്ടിലോട്ട് പോകുന്ന വഴിക്ക്, ഞാൻ കവലയിൽ നിന്നും അവൾക്കു ഒരു നിസ്ക്കാര കുപ്പായവും ഒരു പായയും വാങ്ങി … പിന്നെ കുറച്ചു ഡ്രസ്സും… പിന്നെ വീട്ടിലേക്ക് അത്യാവിശ്യത്തിനുള്ള കുറച്ചു സാധനങ്ങളും…. ഞങ്ങൾ രണ്ടാളും വലതു കാൽ വെച്ചു ആ വീട്ടിലോട്ട് കയറിയത് മുതൽ അതു വരെ ഷഹാന എന്നു വിളിച്ചിരുന്ന ഞാൻ അവളെ വാവ എന്നു വിളിച്ചു തുടങ്ങി. അവൾ എന്നെ നന്ദേട്ടാ എന്നും… പിന്നെ ആ വീടും അവളുമായി എന്റെ ലോകം. അപ്പോഴും അവളുടെ ലോകം ഞാൻ മാത്രമായിരുന്നു. അവൾക്ക് ആ വീടും പരിസരവും പരിചയം ആവുന്നത് വരെ ഞാൻ തന്നെ ആയിരുന്നു വീട്ടിലെ എല്ലാ ജോലിയും ചെയ്തിരുന്നത്. അവളും എന്റെ ഒപ്പം കൂടും.
അതു വരെ ആളും ബഹളവും അനക്കവും ഒന്നും ഇല്ലാതെ കിടന്നിരുന്ന ആ വീടിനെ ഞങ്ങൾ ചിരിയും കളിയും കൊണ്ട്. ആദവും ഹവ്വയും പാർത്ത ഏദൻ തോട്ടം പോലെയാക്കി.. ഓരോ ദിവസം മുന്നോട്ട് പോകുന്തോറും ആ വീടും പരിസരവും അവളുമായി ഇണങ്ങി ചേർന്നു. പിന്നെ അവൾ എന്നിൽ നിന്നും വീട്ടു ഭരണം ഏറ്റെടുത്തു. . ഇപ്പോൾ എന്നെക്കാളും അവൾക്ക് ആ വീടിനെയും പരിസരത്തെയും അറിയാം. എല്ലാ ഇടത്തും അവൾ തപ്പി തടയാതെ എത്തും… ഞാൻ സ്റ്റുഡിയോയിൽ പോകുമ്പോൾ അവളെ നോക്കാൻ ഞാൻ പറഞ്ഞേൽപ്പിക്കാറു അയൽപക്കത്തുള്ള ആമിത്തായെ ആണ്. ആമിത്ത ഞങ്ങൾക്ക് അമ്മയെ പോലെയാണ്. ആമിത്താക്ക് കുട്ടികളൊന്നും ഇല്ലാത്തത് കൊണ്ട് ഞങ്ങൾ അവർക്ക് മക്കളെ പോലെ ആയിരുന്നു…. എന്നെക്കാളും അവർക്ക് ഇഷ്ട്ടം അവളോടായിരുന്നു. ഒരു ദിവസം അവളെയും കൊണ്ട് ഞാൻ ഹോസ്പിറ്റലിൽ പോയി. അതും ഒരു കണ്ണ് ഡോക്റ്ററെ കാണാൻ. ഡോക്റ്റർ കുറേ ടെസ്റ്റുകളെല്ലാം നടത്തിയതിന് ശേഷം പറഞ്ഞു… കണ്ണ് മാറ്റിവെച്ചാൽ അവൾക്ക് കാഴ്ച കിട്ടും എന്ന്. പക്ഷെ അതിന് ഒരു പാട് പണചെലവ് ഉണ്ട് എന്ന്…. പണം ഞങ്ങളുടെ മുന്നിൽ ഒരു വില്ലനായി നിൽക്കുന്നത് കൊണ്ട് ആ ആഗ്രഹം അകന്നു പോയി…. അവൾക്ക് കാഴ്ച നൽകാൻ എന്നെക്കൊണ്ട് കൊണ്ടു സാധിക്കാത്തതിനുള്ള വിഷമം എന്നെ വല്ലാണ്ട് വേദനിപ്പിച്ചു. അതു മനസ്സിലായ അവൾ പറഞ്ഞു… അവൾക്ക് വേറെ കണ്ണുവേണ്ട അവൾക്ക് എന്റെ കണ്ണിലൂടെ എന്റെ കയ്യും പിടിച്ചു നടന്ന് ഈ ലോകം കണ്ടാൽ മതി എന്ന്…. അതു കേട്ട ഞാൻ അവളെ എന്റെ നെഞ്ചോട് ചേർത്തു അവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്തുകൊണ്ട് പറഞ്ഞു… എന്റെ ഈ കൈകളിൽ നിന്നും ഞാൻ നിന്നെ എവിടേക്കും വിടില്ല മരണം വരെ നിനക്ക് വെളിച്ചമായി എന്നും ഞാൻ ഉണ്ടാകും നിന്റെ കൂടെ എന്ന്…..
അവിടന്നിങ്ങോട്ട് നാലു മാസം കഴിഞ്ഞപ്പോൾ ഒരു ദിവസം സ്റ്റുഡിയോയിൽ ഇരിക്കുമ്പോൾ ആണ് ആമിത്തയുടെ ഫോൺ വന്നത്…….
“എന്താ ആമിത്താ…
“മോനേ നീ പെട്ടന്ന് ഇങ്ങു വാ ഷഹാന മോള് തല ചുറ്റി വീണു”.
“അയ്യോ എന്തു പറ്റി ആമിത്താ. എന്താ എന്റെ വാവക്ക് പറ്റിയത്… ?” നന്ദൻ ഇരിക്കുന്ന സീറ്റിൽ നിന്നും പരവേശത്തോടെ ചാടി എണീറ്റുകൊണ്ട് ചോദിച്ചു….
“പേടിക്കാൻ ഒന്നും ഇല്ല. ഞാൻ ഇവളെയും കൊണ്ട് കരുണ ഹോസ്പിറ്റലിലോട്ട് പോകാൻ നിൽക്കാണ് മോൻ അങ്ങോട്ട് വന്നാൽ മതി….”
“കുഴപ്പമൊന്നും ഇല്ലല്ലോ. ആമിത്ത കള്ളം പറയല്ലാല്ലോ. നിങ്ങൾ ഹോസ്പിറ്റലിലോട്ട് പൊക്കോ ഞാൻ അവിടെ എത്തിക്കോളാം….”
“ഇല്ല മോനെ കുഴപ്പം ഒന്നും ഇല്ല… ഞാൻ അവൾക്ക് ഫോണ് കൊടുക്കാം…”
ആമിത്ത ഷഹാനക്ക് ഫോണ് കൊടുത്തതും. അവൾ വികാരഭരിതമായി നന്ദേട്ടാ എന്ന് വിളിച്ചതും നന്ദൻ ഇടറുന്ന വാക്കുകളോടെ ചോദിച്ചു….
“വാവേ എന്താ പറ്റിയത് ? ” നന്ദന്റെ ഇടറുന്ന വാക്കുകൾ കേട്ട ഷഹാന കണ്ണിൽ നിന്നും അടർന്ന് വീണുകൊണ്ടിരിക്കുന്ന കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു….
“എനിക്ക് ഒന്നും ഇല്ല നന്ദേട്ടാ… ഒന്നു തലകറങ്ങി വീണു. ഇപ്പൊ ശരിയായി നന്ദേട്ടൻ പേടിക്കണ്ട കേട്ടോ…” അവളുടെ ഇടറുന്ന സ്നേഹമേറിയ വാക്കുകൾ കേട്ട നന്ദൻ പറഞ്ഞു…
“വാവയോട് ഞാൻ പറഞ്ഞതല്ലേ സൂക്ഷിച്ചു നടക്കണം എന്ന്. നിനക്ക് എന്തെങ്കിലും പറ്റിയാൽ എനിക്ക് പിന്നെ ആരാ ഉള്ളത്…?” നന്ദൻ സ്നേഹത്തോടെ ശാസിച്ചു കൊണ്ട് പറഞ്ഞു. നന്ദന്റെ ആ വാക്കുകൾ കേട്ട ഷഹാന ഖൽബു നിറഞ്ഞ സന്തോഷത്തോടെ പറഞ്ഞു…
“അതിന് എനിക്ക് ഒന്നും പറ്റിയില്ലല്ലോ… നന്ദേട്ടൻ ടെൻഷനടിക്കാതെ…ഞങ്ങൾ ഹോസ്പിറ്റലിലോട്ട് പോകാണു. നന്ദേട്ടൻ അങ്ങോട്ട് വന്നാൽ മതി.. പിന്നെ വെപ്രാളപ്പെട്ട് സ്‌കൂട്ടർ ഓടിക്കുക ഒന്നും ചെയ്യരുത്.. പതുക്കെ വന്നാൽ മതി….”
“എന്നാൽ ശരി. നിങ്ങൾ ഹോസ്പിറ്റലിലോട്ട് പൊക്കോ ഞാൻ അങ്ങോട്ട് വരാം…. ” അതും പറഞ്ഞു സ്റ്റുഡിയോയിലെ ജോലിക്ക് നിൽക്കുന്ന റാമിനോട് ഇപ്പൊ വരാം എന്നും പറഞ്ഞു. നന്ദൻ സ്റ്റുഡിയോയിൽ നിന്നും ഇറങ്ങി നേരെ ഹോസ്പിറ്റലിലോട്ടു പോയി.
നന്ദൻ സ്‌കൂട്ടർ ഹോസ്പിറ്റൽ കോംബൗണ്ടിൽ പാർക്ക് ചെയ്തു ആമിത്താക്കു ഫോൺ വിളിച്ചു. ആമിത്ത അവർ റൂം 31 ൽ ഉണ്ടെന്നു പറഞ്ഞു. നന്ദൻ റിസപ്‌ഷനിൽ ചെന്ന് റൂം എവിടെ ആണെന്ന് അന്വേഷിച്ചു. അവർ മുകളിലത്തെ നിലയിൽ ആണെന്ന് പറഞ്ഞു.
നന്ദൻ കോണിപടികൾ ഓടിക്കയറി റൂ 31 ന്റെ ഡോർ തള്ളി തുറന്നു അകത്തു കയറിയപ്പോൾ കണ്ടത്. ഷഹാനയെ ട്രിപ്പ് കൊടുത്ത് കിടത്തിയിരിക്കുന്നതാണ്…..
നന്ദൻ പേടിച്ച മനസ്സാലെ കിതച്ചു കൊണ്ട് വിളിച്ചു… വാവേ…
#തുടരും…..
Writer: #ഫൈസൽ_കണിയാരി.
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply