വെള്ളാരം കണ്ണിനെ പ്രണയിച്ചവൾ – Part 3 | Malayalam Novel

6205 Views

read malayalam story
ഷഹാന ഹോസ്പിറ്റൽ ഡ്രസ് മാറി വന്നതും സിസ്റ്റർ വന്നു അവളെ ട്രിപ്പ് കൊടുത്തു കിടത്തി. ഇടയ്ക്ക് ഡോക്ടർ  ഷഹാനയെ വന്നു നോക്കി. ഡോക്ടർ നന്ദനോട് പെയിൻ ഉണ്ടെങ്കിൽ പറയണം എന്ന് പറഞ്ഞു… ഷഹാനയുടെ മുഖത്ത് നല്ല പേടിയുണ്ടായിരുന്നു.. പോരാത്തതിന് നല്ല ക്ഷീണവും ഉണ്ടായിരുന്നു. അതു മനസ്സിലായ നന്ദൻ അവളെ എഴുന്നേൽപ്പിച്ചു അവന്റെ നെഞ്ചോട് ചാരിയിരുത്തി…..
“നിനക്ക് കുറച്ചു കഞ്ഞി എടുക്കട്ടെ വാവേ…?”
“എനിക്കൊന്നും വേണ്ട നന്ദേട്ടാ, എനിക്ക് വിശപ്പില്ല…നന്ദേട്ടൻ വല്ലതും കഴിച്ചോ ?” അവൾ അവളുടെ ട്രിപ്പ് കുത്തിയ കൈ കൊണ്ട് അവന്റെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു…
“എനിക്കും വിശപ്പില്ല…. ഞാൻ പിന്നെ കഴിച്ചോളാം…”
 പിന്നെ നന്ദൻ ആമിത്തയോട് ചോദിച്ചു. ആമിത്താക്കു വിശക്കുന്നില്ലേ എന്ന്. അപ്പൊ അവരും പറഞ്ഞു അവർക്ക് വിശപ്പില്ല എന്ന് …ഷഹാന നന്ദന്റെ നെഞ്ചിൽ ചാരിക്കിടന്നു. വികാരഭരിതമായി നന്ദനോട് ചോദിച്ചു…
“എനിക്കൊരു കാര്യം നന്ദേട്ടനോട് പറയാനുണ്ട്..നന്ദേട്ടന് വിഷമാവോ…ചിലപ്പോൾ എനിക്ക് പിന്നെ ഇതു പറയാൻ പറ്റിയില്ലങ്കിലോ…അതു കേട്ടതും നന്ദന്റെ കണ്ണുകൾ നിറഞ്ഞു… അവൻ അവളെ ഒന്നും കൂടി അവന്റെ ദേഹത്തോട്ട് ചേർത്തു പിടിച്ചു. കൊണ്ട് പറയാൻ പറഞ്ഞു….
“എനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ.. നന്ദേട്ടന്റെ ആഗ്രഹം പോലെ ഒരു പെണ്കുഞ്ഞിനെ തന്നിട്ടേ ഞാൻ പോകൂ. നാളെ അവൾ വളർന്നു വലുതായാൽ. എനിക്ക് എന്റെ മോൾക്ക്‌ കൊടുക്കാൻ പറ്റാത്ത സ്നേഹം മുഴുവൻ നന്ദേട്ടൻ അവൾക്കു കൊടുക്കണം. എന്നിട്ട് അവളോട് പറയണം അവളുടെ അമ്മ സ്നേഹിക്കാൻ മാത്രം അറിയാവുന്ന നന്ദേട്ടന്റെ വാവയായിരുന്നു എന്ന് “. അതു കേട്ടതും നന്ദൻ നിറഞ്ഞു തൂവിയ അവളുടെ കണ്ണുകളിലും മുഖത്തും ചുണ്ടുകൾ അമർത്തി വിറയാർന്ന ശബ്ദത്തോടെ പറഞ്ഞു….
“നീ പോയിട്ട് അവളെ മാത്രം കിട്ടിയിട്ട് എന്തിനാ വാവേ എനിക്ക്.. എനിക്ക് നീയും അവളും വേണം. നീ ഇല്ലാതെ അവളെ എനിക്ക് വേണ്ട വാവേ…”
അതു കേട്ടതും ഷഹാന ഒരു കരച്ചിലോടെ അവനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു…
“എന്റെ നന്ദേട്ടൻ അങ്ങനെ പറയരുത്… ഞാൻ നാളെ മരിച്ചു പോകുകയാണെങ്കിൽ എന്റെ നന്ദേട്ടന് ഒരു കുഞ്ഞിനെ തന്നിട്ട് പോകുകയാണെന്നുള്ള ആശ്വാസത്തിൽ എനിക്ക് പോകാല്ലോ. എന്നെ നന്ദേട്ടൻ സ്നേഹിച്ച പോലെ അവളെയും നന്ദേട്ടൻ സ്നേഹിക്കണം. ഈ കരങ്ങളിൽ നിന്നും ഒരിക്കലും അവളെ നന്ദേട്ടൻ ആർക്കും വിട്ട് കൊടുക്കരുത്. എന്നും ഈ നെഞ്ചോട് ചേർത്തു പിടിച്ചു ഉറക്കണം അവളെ. അമ്മയില്ലാത്തതിന്റെ വിഷമം ഒരിക്കലും അവളെ അറിയിക്കരുത്. അവളുടെ കണ്ണുകൾ ഒരിക്കൽ പോലും നിറയരുത് “.
“ഇല്ലടാ നിനക്കൊന്നും വരില്ല. ദൈവം നമ്മളെ കൈ വിടില്ല. എനിക്ക് വാവേ എന്നു വിളിക്കാൻ നീ എന്നും എന്റെ കൂടെയുണ്ടാകും ” ….അതു പറയുമ്പോൾ നന്ദനും കരഞ്ഞിരുന്നു…
“നന്ദേട്ടാ എനിക്ക് ഒരു ആഗ്രഹം ഉണ്ട് “…
“എന്താ എന്താ എന്റെ മോൾക്ക്‌ വേണ്ടത്……”   നന്ദൻ അവളുടെ മുഖത്തേക്ക് വീണ മുടി മാടിയൊതുക്കി നെറുകയിൽ തലോടിക്കൊണ്ട് ചോദിച്ചു….അതു കേട്ട അവൾ വികാരഭരിതയായി നിറഞ്ഞ കണ്ണുകളോടെയും വിറച്ച ചുണ്ടുകളോടെയും പറഞ്ഞു….
“എനിക്ക് നന്ദേട്ടന്റെ അച്ഛനെയും അമ്മയെയും  ഒന്നു കാണണം. എനിക്ക് അവരുടെ സ്വരമൊന്നു കേൾക്കണം… എനിക്ക് അവരോട് മാപ്പ് ചോദിക്കണം. അവരുടെ മകനെ അവരിൽ നിന്നും അകറ്റിയതിന്. ഒന്നു പറയോ നന്ദേട്ടാ… അവരോട് ഒന്നു വരാൻ. ഞാൻ അവരുടെ കാലിൽ വീണു മാപ്പു പറഞ്ഞോളാം. പിന്നെ ചിലപ്പോ എനിക്ക് അവരെ കാണാൻ പറ്റിയില്ലെങ്കിലോ.  പക്ഷെ അവർക്ക് എന്റെ മനസ്സിൽ ഒരു മുഖം ഉണ്ട്. അവർ ഒന്നു വന്നു എന്നെ മോളേ എന്ന് ഒന്നു വിളിച്ചാൽ മതി. ആ വിളി മതി പിന്നീട് എനിക്ക് നിങ്ങളെ എല്ലാവരെയും ഓർക്കാൻ .  എന്നെ ഇതു വരെ ആരും മോളേ എന്ന് വിളിച്ചിട്ടില്ല. അതിന് എനിക്ക് ആരും ഉണ്ടായിട്ടില്ല. എന്നെ ലേബർ റൂമിലോട്ട് കൊണ്ടു പോകുമ്പോൾ നന്ദേട്ടന്റെ കൂടെ എനിക്ക് അവരെയും കാണണം. ഈ പൊട്ടക്കണ്ണിയുടെ ജീവിതത്തിലെ അവസാനത്തെ ഒരു ആഗ്രഹമാകും ചിലപ്പോൾ ഇത്. ലേബർ റൂമിൽ നിന്നും കുഞ്ഞിനെ ഏറ്റു വാങ്ങുമ്പോൾ അവരും വേണം എന്റെ നന്ദേട്ടന്റെ കൂടെ.  ഞാൻ മരിച്ചാൽ എന്റെ നന്ദേട്ടനും കുഞ്ഞും ആരും ഇല്ലാത്തവർ ആകരുത്. ഒന്നു ചെന്നു കൂട്ടി കൊണ്ടു വരോ നന്ദേട്ടാ അവരെ….” അതു കേട്ട നന്ദന്റെ കണ്ണുകൾ നിറഞ്ഞു തൂവി. അവൻ അവളുടെ കരഞ്ഞു കലങ്ങിയ മുഖം പിടിച്ചു നെറ്റിയിൽ ചുണ്ടമർത്തിക്കൊണ്ടു പറഞ്ഞു….
“അവർ വരില്ല വാവേ… ഞാൻ നീ അറിയാതെ ഒന്നു രണ്ട് വട്ടം അവിടെ പോയിരുന്നു. നീ ഗർഭിണിയാണെന്ന വിവരവും ഇന്ന് നിന്നെ ഇവിടെ അഡ്മിറ്റ് ചെയ്യും എന്ന വിവരവും എല്ലാം ഞാൻ അവരോട് പറഞ്ഞിരുന്നു .. എന്നിട്ടും അവർ നമ്മളെ അംഗീകരിക്കാൻ തയ്യാറായില്ല… നിനക്കു വേണ്ടി ഞാൻ ഇനിയും പോകാം, കാലുപിടിക്കാം”…
പെട്ടന്നാണ് നന്ദന്റെ മൊബൈൽ ശബ്‌ദിച്ചത്. നന്ദൻ മൊബൈൽ എടുത്തു നോക്കി. സ്‌ക്രീനിൽ അച്ഛൻ എന്നു കണ്ടതും നന്ദന്റെ കണ്ണുകൾ വിടർന്നു… അവൻ ആവേശത്തോടെ ഷഹാനയോട് പറഞ്ഞു…
“വാവേ അച്ഛനാണ്..” അതു കേട്ടതും ഷഹാനയുടെ മുഖം വിടർന്നു…
നന്ദൻ കോൾ ഓണ് ചെയ്തു……
“അച്ഛാ…നന്ദൻ വികാരഭരിതമായി വിളിച്ചു. ആ വിളിയിൽ തന്നെ അവന്റെ കണ്ഡം ഇടറിയിരുന്നു. അതു രണ്ടു തുള്ളി കണ്ണീരായി അവന്റെ കണ്ണിൽ നിറഞ്ഞു നിന്നു…..
“നന്ദു ഏതു ഹോസ്പിറ്റലിൽ ആണ് നിങ്ങൾ….?”
നന്ദൻ ഹോസ്പിറ്റലിന്റെ പേര് പറഞ്ഞു കൊടുത്തു.. അതുകേട്ട അച്ഛൻ പറഞ്ഞു. അച്ഛനും അമ്മയും അങ്ങോട്ട് വരുന്നുണ്ട് എന്ന്… ആ വാർത്ത കേട്ടതും.. നന്ദന് സന്തോഷം കൊണ്ട് നിറഞ്ഞു നിന്നിരുന്ന കണ്ണുകൾ നിറഞ്ഞു തൂവി… നന്ദൻ ഫോൺ വെച്ചു ഷഹാനയോടും ആമിത്തയോടും. കാര്യം പറഞ്ഞു.. അതു കേട്ട ഏവരുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു…..
“ഞാൻ പറഞ്ഞില്ലേ നന്ദേട്ടാ. അച്ഛൻ വരുമെന്ന്…എനിക്ക് വിശ്വാസം ഉണ്ടായിരുന്നു പടച്ചവൻ നമ്മളെ കൈവിടില്ലായെന്ന്. സ്നേഹിക്കാൻ മാത്രം അറിയാവുന്ന എന്റെ നന്ദേട്ടന്റെ അച്ഛനല്ലേ. ആ അച്ഛനും സ്നേഹിക്കാൻ മാത്രമേ അറിയൂ….” അതും പറഞ്ഞു ഷഹാന അവന്റെ വെള്ളാരം കണ്ണിൽ ചുണ്ടമർത്തി… സത്യത്തിൽ അവർക്ക് ലോകം വെട്ടിപിടിച്ച സന്തോഷം ആയിരുന്നു…ഇതെല്ലാം കണ്ടു കൊണ്ടു നിൽക്കുന്ന ആമിത്ത നിറഞ്ഞ കണ്ണുകൾ തുടച്ചു ഷഹാനയുടെ തലയിൽ തലോടികൊണ്ട് പറഞ്ഞു..
“ഇപ്പൊ എന്റെ മോൾക്ക്‌ സന്തോഷമായില്ലേ… പടച്ചോൻ എന്റെ മോളേ മനമുരുകിയുള്ള ദുവാ കേൾക്കാതിരിക്കില്ല…”
സിസ്റ്റർ വന്നു നന്ദനോട് ഡോക്ടർ വിളിക്കുന്നു.ഡോക്ടറുടെ ക്യാബിനിലോട്ട് ചെല്ലാൻ പറഞ്ഞു. നന്ദൻ ഷഹാനയോടും ആമിത്തയോടും ഇപ്പൊ വരാം എന്നും പറഞ്ഞു ഡോക്ടറുടെ അടുത്തോട്ട് പോയി….
“നന്ദൻ ഷഹാനക്ക് പെയിനൊന്നും തുടങ്ങിയിട്ട് ഇല്ലല്ലോ…?”
“ഇല്ല ഡോക്ടർ…”
“പെയിൻ തുടങ്ങിയാൽ പറയണം. വൈകീട്ട് ആയിട്ടും പെയിൻ തുടങ്ങിയിട്ടില്ലെങ്കിൽ നമുക്ക് ലേബർ റൂമിലോട്ട് മാറ്റാം. ബ്ലഡ് കൊടുക്കാനുള്ള ആളുകളൊക്കെ റെഡിയായിട്ടില്ലേ ?”
“അവർ റെഡിയാണ് ഡോക്റ്റർ. എപ്പോ വിളിച്ചാലും അവർ വരും “.
“എന്നാൽ നന്ദൻ ഒരു കാര്യം ചെയ്യൂ അവരോട് രണ്ട് പേരോട് വന്നു ബ്ലഡ് കൊടുക്കാൻ പറയൂ “.
“Ok ഡോക്ടർ. ഞാൻ അവരെ വിളിച്ചു ഇപ്പൊ തന്നെ വരാം പറയാം”.പിന്നെ നന്ദൻ വളരെ വിഷമത്തോടെ ചോദിച്ചു…
“ഡോക്ടർ സിസേറിയൻ വേണ്ടി വരുമോ…?”
“ഇതു വരെ പെയിൻ ഇല്ലാത്ത സ്ഥിതിക്ക് മിക്കവാറും വേണ്ടിവരും… കുറച്ചു സമയം കൂടി നമുക്ക് വെയ്റ്റ് ചെയ്യാം… പിന്നെ നിങ്ങൾ ഇങ്ങനെ വിഷമിച്ചു നിൽക്കുന്നത് കാണുമ്പോൾ ഷഹാനക്ക് അതു കൂടുതൽ ടെൻഷനുണ്ടാക്കും. ഇപ്പൊ നിങ്ങളുടെ കരുത്തും സ്നേഹവും ആണ് അവൾക്കു കൂടുതൽ വേണ്ടത്. അവളെ സന്തോഷിപ്പിക്കാനും അവൾക്കു കരുത്തു നൽകുവാനും നിങ്ങൾ മാത്രമേ ഉള്ളൂ എന്ന കാര്യം നിങ്ങൾ മറക്കരുത്. അവളെ ഒരിക്കലും ടെൻഷൻ ആക്കരുത് അതു അപകടം ആണ്… പിന്നെ പ്രാർത്ഥിക്കുക. എല്ലാം ശുഭമായി കലാശിക്കാൻ.. പ്രാർത്ഥനയോളം ശക്തി വേറെ ഒന്നിനും കിട്ടില്ല “…
“സോറി ഡോക്ടർ.. എത്ര ശ്രമിച്ചിട്ടും എനിക്ക് അതിന് പറ്റുന്നില്ല… ഞാൻ ഇനി ശ്രദ്ധിച്ചോളാം.എനിക്ക് അവളെയും കുഞ്ഞിനെയും ഒരു കേടുപാടും ഇല്ലാതെ കിട്ടിയാൽ മതി… പിന്നെ ഒരു സന്തോഷവാർത്തയുണ്ട് എന്റെ അച്ഛനും അമ്മയും എല്ലാ തെറ്റുകളും പൊറുത്ത് ഇങ്ങോട്ട് വരുന്നുണ്ട് “.
” ഗുഡ് ഇതിനും വലിയ ഒരു സന്തോഷവാർത്ത വേറെ എന്താണ്. കണ്ടില്ലേ എല്ലാം ശരിയായി വരുന്നത്… ഈശ്വരൻ നിങ്ങളെ കൈ വിടില്ല നന്ദൻ “. അതുകേട്ടപ്പോൾ നന്ദന് കുറച്ചു സമാധാനം ആയി. നന്ദൻ ഷഹാനയുടെ അടുത്തോട്ട് തിരിച്ചു പോയി. നന്ദൻ റൂമിൽ എത്തിയതും ഷഹാന ചോദിച്ചു…
“എന്തിനാ നന്ദേട്ടാ ഡോക്ടർ വിളിപ്പിച്ചത്. എന്തെങ്കിലും പ്രശ്നം ഉണ്ടോ…?”
നന്ദൻ. ഡോക്ടർ പറഞ്ഞ കാര്യമെല്ലാം ഷഹാനയോട് പറഞ്ഞു. പെട്ടന്നാണ് ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടത്. നന്ദൻ പോയി ഡോർ തുറന്നപ്പോൾ കണ്ടത് അച്ഛനെയും അമ്മയെയുമാണ്. അച്ഛനെ കണ്ടതും അവന്റെ കണ്ണെല്ലാം നിറഞ്ഞു.. അവൻ അച്ഛാ എന്നും വിളിച്ചു അച്ഛന്റെ നെഞ്ചിലോട്ട് മുഖം ചേർത്തു വെച്ചു. മകന്റെ സങ്കടം കണ്ട വിശ്വനാഥൻ മേനോന്റെ അതുവരെയുള്ള ദേഷ്യവും അമർഷവും എല്ലാം ആ നിമിഷം അലിഞ്ഞു പോയി. പിന്നെ അത് കണ്ണീർ തുള്ളികളായി അയാളുടെ കണ്ണിൽ നിറഞ്ഞു നിന്നു.. അതു കണ്ട  അമ്മയുടെയും കണ്ണുകൾ നിറഞ്ഞു…
അപ്പോഴാണ് പിന്നിൽ നിന്നും ഷഹാന വിളിച്ചു ചോദിച്ചത്…
“നന്ദേട്ടാ.. ആരാ വന്നത് അച്ഛനും അമ്മയും ആണോ…?” അതു കേട്ട നന്ദൻ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു…
“അതേ അച്ഛനും അമ്മയുമാണ് “… അതു കേട്ടതും വെളിച്ചം നഷ്ടപ്പെട്ട അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി. അവൾ കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചതും അമ്മ നിറഞ്ഞു തൂവിയ കണ്ണുകളുമായി ഓടിച്ചെന്ന് അവളുടെ മുഖം പിടിച്ചു, ആ മാറോട് ചേർത്തു പിടിച്ചു പറഞ്ഞു… “മാപ്പ് മോളേ… അമ്മയും അച്ഛനും ഒരു പാട് വേദനിപ്പിച്ചു നിങ്ങളെ. ഇനി ഒരിക്കലും വേദനിപ്പിക്കില്ല. മക്കള് ഞങ്ങളോട് ക്ഷമിക്കൂ “.അതു കേട്ടതും അവൾ ഒരു കരച്ചിലോടെ അമ്മയെ ട്രിപ്പ് കുത്തിയ കയ്യുമായി കെട്ടിപിടിച്ചു.. അതു കണ്ട നന്ദന്റെയും അച്ഛന്റെയും കണ്ണുകൾ നിറഞ്ഞു തൂവി… വിശ്വനാഥൻ മേനോൻ ഷഹാനയുടെ അടുത്തേക്ക് ചെന്നു അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു….
“മോള് ഒന്നുകൊണ്ടും പേടിക്കണ്ട എല്ലാം ഇനി അച്ഛൻ നോക്കിക്കൊള്ളാം.. പ്രസവം കഴിഞ്ഞിട്ട് നമുക്ക് കുഞ്ഞിനെയും കൊണ്ടു നമ്മുടെ വീട്ടിലോട്ട് പോകാം. ഇനി അതാണ് മോളുടെ വീട് “… അതു കേട്ടതും ഷഹാന അച്ഛന്റെ രണ്ടുകയ്യും കൂട്ടി പിടിച്ചു അതിൽ മുഖം അമർത്തിക്കൊണ്ട് കരഞ്ഞു കൊണ്ട് പറഞ്ഞു…
“അച്ഛാ മാപ്പ് എല്ലാത്തിനും മാപ്പ്. നന്ദേട്ടൻ പാവാണ്. നന്ദേട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഈ പൊട്ടക്കണ്ണിയെ സ്നേഹിച്ചു പോയി എന്ന ഒരു തെറ്റ് മാത്രമേ നന്ദേട്ടൻ ചെയ്തൊള്ളൂ. സ്നേഹിക്കാൻ ആരും ഇല്ലാത്ത എന്നെ നന്ദേട്ടൻ വിവാഹം കഴിക്കട്ടെ എന്നു ചോദിച്ചപ്പോൾ, ഞാനും ഒരു പാട് മോഹിച്ചു പോയി നന്ദേട്ടനെ. ആ സ്നേഹം തട്ടിക്കളയാൻ തോന്നിയില്ല. അല്ലാതെ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. ഇപ്പൊ അച്ഛൻ എന്നെ മോളേ എന്നു വിളിച്ചപ്പോൾ എനിക്ക് എന്തൊക്കെയോ കിട്ടിയ പോലെയാണ് ആരൊക്കെയോ എന്നെ സ്നേഹിക്കാൻ ഉള്ള പോലെയാണ്. എനിക്ക് അച്ഛനെയും അമ്മയെയും ഒന്നും കാണാൻ കഴിയില്ല… പക്ഷെ നിങ്ങൾക്കെല്ലാം എന്റെ മനസ്സിൽ ഒരു മുഖമുണ്ട്. ആ മുഖത്തു നോക്കി ഒരു ആയിരം വട്ടം ഞാൻ മാപ്പ് ചോദിച്ചു കഴിഞ്ഞു”..അതു കേട്ടതും വിശ്വനാഥൻ മേനോന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…
“എന്തിനു മോളേ മാപ്പ് ചോദിക്കുന്നത് ?  അതൊക്കെ കഴിഞ്ഞില്ലേ… ഇവൻ നിന്നെ വിളിച്ചിറക്കിക്കൊണ്ട് വന്നപ്പോൾ അച്ഛൻ ഒരു നിമിഷം സ്വാര്ഥനായി പോയി . പക്ഷെ ഇവൻ നിന്നെയും കൊണ്ട് അവിടെനിന്നും ഇറങ്ങിപോയപ്പോൾ എന്റെ നെഞ്ചു പിടയുകയായിരുന്നു. പിന്നെ ഞാൻ വിചാരിച്ചു കുറച്ചു ദിവസം കഴിഞ്ഞാൽ ഇവൻ നിന്നെയും കൊണ്ട് തിരിച്ചു വരും എന്ന്. പക്ഷെ നിങ്ങൾ വന്നില്ല… നിങ്ങളെ അവിടെ നിന്നും ഇറക്കിവിട്ടതിന് മാപ്പ് പറഞ്ഞു തിരിച്ചു വിളിക്കണമെന്നുണ്ടായിരുന്നു അച്ഛന്, പക്ഷെ അപ്പോഴും എന്റെ ദുരഭിമാനം അതിനു സമ്മതിച്ചില്ല… സത്യത്തിൽ എല്ലാത്തിനും ഞാനാണ് നിങ്ങളോട് മാപ്പ് ചോദിക്കേണ്ടത്. ഞാനല്ലേ നിങ്ങളെ വേദനിപ്പിച്ചത്.. എല്ലാം നമുക്ക് മറക്കാം… ഇനി അതൊന്നും ഓർക്കേണ്ട “. പിന്നെ ഷഹാനയുടെ നിറഞ്ഞു തൂവിയ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു… “ഇനി ഒരിക്കലും നിന്റെ ഈ കണ്ണുകൾ നിറയരുത്. നിനക്ക് ഇപ്പൊ അച്ഛനും അമ്മയും ഒരു അനുജത്തിയും എല്ലാം ഉണ്ട് “.. അതു കേട്ടതും ഷഹാന നെഞ്ചിലോട്ട് മുഖം ചായിച്ചു. സത്യത്തിൽ അവൾക്ക് നഷ്ടപ്പെട്ടതെല്ലാം അവിടെ മുതൽ തിരികെ  കിട്ടുകയായിരുന്നു.അവൾ അച്ഛന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി ചോദിച്ചു…
“രാഖി എന്താ വരാഞ്ഞത് അച്ഛാ …?”
“അവൾ കോളേജിൽ പോയിരിക്കാ, ക്‌ളാസ് കഴിഞ്ഞാൽ അവൾ നേരെ ഇങ്ങോട്ട് വരും. ഇനി മോളുടെ  പ്രസവവും കഴിഞ്ഞു, കുഞ്ഞുമായി നമ്മൾ എല്ലാവരും കൂടിയേ ഇനി വീട്ടിലോട്ട് മടങ്ങൂ “…..
അമ്മ വന്നു ആമിത്തയുടെ കയ്യിൽ പിടിച്ചു പറഞ്ഞു…
“ആമിയോട് എങ്ങനെയാ നന്ദി പറയാ… എന്റെ മക്കളെ സ്വന്തം മക്കളെ പോലെ നോക്കിയതിന് .. ?” അതു കേട്ട ആമിത്ത വികാരഭരിതയായി പറഞ്ഞു….
“അങ്ങനെ ഒന്നും പറയരുത് മാലതി… ഇവർ എനിക്ക് മക്കളെ പോലെ അല്ല.. മക്കൾ തന്നെയാ.. ഇവരെ കിട്ടിയതിന് ശേഷമാണ്.. ഞാനും ഒരു ഉമ്മയായത് “.  ആ വാക്കുകൾ ഷഹാനയുടെയും നന്ദന്റെയും കണ്ണും മനസ്സും നിറച്ചു…
അച്ഛനും അമ്മയും വന്നതിനു ശേഷം ഷഹാനയുടെയും നന്ദന്റെയും മനസ്സിന്റെ വേദന ഒരുപാട് കുറഞ്ഞിരുന്നു. അതു അവരുടെ മുഖത്തു കാണാമായിരുന്നു.എന്തും നേരിടാനുള്ള ഒരു ശക്തി അവർക്ക് ഇപ്പോൾ കിട്ടിയ പോലെ….
നന്ദൻ വിളിച്ചു പറഞ്ഞ പ്രകാരം ബ്ലഡ് കൊടുക്കാം എന്നു പറഞ്ഞ ആളുകൾ വന്നു ബ്ലഡ് കൊടുത്തു. നന്ദൻ കണ്ണീരോടെ അവന്റെ നന്ദിയും കടപ്പാടും അവരെ അറിയിച്ചു. വൈകിട്ട് ആയിട്ടും ഷഹാനക്ക് പെയിൻ വന്നില്ല…..
കുറച്ചു സമയത്തിന് ശേഷം സിസ്റ്റർ വന്നു. ഷഹാനയെ ലേബർ റൂമിലോട്ട് മാറ്റുകയാണ് എന്നറിയിച്ചു. ഷഹാനയുടെ കയ്യിലെയും കാലിലെയും കാതിലെയും ആഭരണങ്ങൾ എല്ലാം സിസ്റ്റർ അഴിച്ചു അമ്മയുടെ കയ്യിൽ കൊടുത്തു. കഴുത്തിലെ താലിയും അഴിച്ചു അമ്മയുടെ അടുത്തു കൊടുക്കുമ്പോൾ ഷഹാനയുടെ കണ്ണ് അറിയാതെ നിറഞ്ഞു.. ഷഹാനയെ സ്‌ട്രച്ചറിലോട്ട് കിടത്തി ലേബർ റൂമിലോട്ട് നടന്നു. അച്ഛനും അമ്മയും നന്ദനും ആമിത്തയും ലേബർ റൂം വരെ ഷഹാനയുടെ കൂടെ ഉണ്ടായിരുന്നു… നന്ദൻ അവളുടെ കയ്യിൽ പിടിച്ചിരുന്നു.. ലേബർ റൂമിന്റെ മുന്നിൽ എത്തിയതും ഷഹാനയുടെ നന്ദന്റെ കയ്യിലെ പിടുത്തം മുറുകി.. നന്ദൻ നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചു കൊണ്ട് അവളുടെ നെറ്റിത്തടത്തിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു…
“പോയിട്ട് വാ… എന്റെ വാവയെയും കുഞ്ഞിനെയും കാത്തു നിന്റെ നന്ദേട്ടൻ  ഈ വാതിൽക്കൽ ഉണ്ടാകും “… അതു കേട്ടതും ഷഹാനയുടെ വെളിച്ചം നഷ്ട്ടപ്പെട്ട കണ്ണുകൾ നിറഞ്ഞു. അവൾ അവന്റെ വെള്ളാരം കണ്ണുകളിൽ ഉമ്മ വെച്ചു കൊണ്ടു പറഞ്ഞു…
“നന്ദേട്ടന്റെ ആഗ്രഹം പോലെ ഒരു വെള്ളാരം കണ്ണുള്ള ഒരു മോൾക്ക്‌  ജന്മം നൽകിയിട്ട് ഞാൻ വരും നന്ദേട്ടാ… എന്റെ നന്ദേട്ടന്റെ കൂടെ ഇനിയും ഒരു പാട് കാലം ജീവിക്കാൻ “.
അതു പറയുമ്പോൾ നിറഞ്ഞു നിന്നിരുന്ന അവളുടെ കണ്ണുകൾ  തുളുമ്പി. അതു കണ്ട അച്ഛന്റെയും അമ്മയുടെയും ആമിത്തയുടെയും കണ്ണുകൾ നിറഞ്ഞു .അച്ഛനും അമ്മയും ആമിത്തയും ഷഹാനക്ക് മുത്തം നൽകി ഷഹാന തിരിച്ചു അവർക്കും മുത്തം കൊടുത്തു.സിസ്റ്റർ ലേബർ റൂമിന്റെ ഡോർ തള്ളി തുറന്നു ഷഹാനയെയും കൊണ്ട് അകത്തു കയറി. വാതിൽ പതിയെ അടയുമ്പോഴും ഷഹാന അവരെ എല്ലാവരെയും പുഞ്ചിരിയോടെ നിറഞ്ഞ കണ്ണുകളോടെ നോക്കുകയായിരുന്നു,അവർ തിരിച്ചു അവളെയും……
#തുടരും….
#ഫൈസൽ_കണിയാരി..
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply