മേഘമൽഹാർ – Part 3 | Malayalam Novel

7767 Views

മേഘമൽഹാർ part 3

‘മേഘമല്‍ഹാര്‍ ‘

ആ പേര് വായിക്കും തോറും ഉണ്ണിയുടെ ഹ്യദയതാളം മുറുകി കൊണ്ടിരുന്നു..

‘ഇവളെന്താ ഇവിടെ ?എന്നെ എന്തിനാ ഇവിടേക്ക്…?’

ഓരോ നിമിഷവും എന്തോ മാളുവില്‍ ഉണ്ണിക്ക് സംശയം ഏറി വന്നു..

‘ഉണ്ണീ..ഇറങ്ങുന്നില്ലേ..വരൂ..’

അവള്‍ ഉമ്മറത്ത് തിരിഞ്ഞുനിന്ന് അവനെ  വിളിച്ചു.
അവനവളെ പിന്തുടര്‍ന്ന് അകത്തേക്ക് പോയി.

ഇന്നും ഈ വീടിന് മാറ്റമൊന്നുമില്ല..എല്ലാം പഴയ പോലെ തന്നെയുണ്ട്..മാറിയത് ഇവിടെ താമസിച്ചിരുന്ന മനുഷ്യരുടെ മനസ്സ് മാത്രം…

ഉണ്ണി  ഓര്‍ത്തു..

‘അമ്മേ…ഒന്നിവടം വരെ വായോ..ഇതാരാ വന്നിരിക്കണേന്ന് നോക്കിയേ..’

മാളു ഉള്ളിലേക്ക് നോക്കി വിളിക്കണുണ്ട്.

‘താനെന്താ നില്‍ക്കണേ..ഇരിക്കെടോ ഉണ്ണി…’

പിന്നേ ഈ വീട്ടില്‍ ഇരിക്കാന്‍ പറയാന്‍ ഇവളാരാ…ഈ വീട്ടില്‍ ഇരിക്കാന്‍  ഇവള്‍ടെയെന്നല്ല ആരുടേയും അനുവാദം ആവശ്യമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു..പക്ഷേ ഇന്ന്……

അവള്‍ക്ക് നേരെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഉണ്ണി ഇരുന്നു…

‘ആരാ..മാളൂട്ടിയേ..വന്നത് ..’

അകത്തുനിന്ന് കേട്ട ചിലമ്പിച്ച സ്വരം അവനു മനസ്സിലായില്ലങ്കിലും ആ രൂപം അവന് ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടേണ്ടി വന്നില്ല.

‘സുമിത്രാമ്മ..!’

അവനറിയാതെ ആ പേര് പുറത്തേക്ക് വന്നു.
ആ അമ്മയെ അവനവിടെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒരിക്കലും ഇങ്ങനെ ആയിരുന്നില്ല. പഴയ പ്രതാപിയായ അമ്മയ്ക്ക് പകരം വയസ്സായ ഒരമ്മ..കണ്ണെല്ലാം കുഴിഞ്ഞ് ആ പഴയ ഐശ്വര്യം എല്ലാം നഷ്ടായിരിക്കുന്നു…

ഉണ്ണി അറിയാതെ കസേരയില്‍ നിന്നെഴുന്നേറ്റു..

‘അമ്മേ..ഇതാരാന്ന് മനസ്സിലായോ..?’

മാളു അമ്മയെ കസേരയില്‍ ഇരുത്തി.

‘ഉണ്ണീ…മോനേ…’

അമ്മയുടെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി.
അമ്മയുടെ കണ്ണീര്‍ താങ്ങാവുന്നതിലും അപ്പുറമായിരുന്നു…

‘അമ്മേ…ന്താ ഇവിടെല്ലാര്‍ക്കും പറ്റിയേ…ഹരി…എങ്ങനെ …’

വാക്കുകള്‍ മുഴുവിക്കാന്‍ ആകും മുന്‍പ് ഉണ്ണി കടിച്ച് പിടിച്ച് വച്ചിരുന്ന സങ്കടം കണ്ണിലൂടെ പൊട്ടി ഒഴുകി…

‘അറിയില്യ മോനേ..അമ്മയ്ക്ക് …ഒന്നും …’

വിതുമ്പലിലൂടെ അവര്‍ പറഞ്ഞു.

‘എന്താ അമ്മേയിത്…ഉണ്ണിയെ കൂടി കരയിപിക്യാണോ..?’

പെട്ടന്ന് മാളു അമ്മയ്ക്ക് അരികിലേക്ക് വന്ന് കൊണ്ട് പറഞ്ഞു.

‘ഉണ്ണീ താന്‍ വാ….തന്‍റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി വേണ്ടേ…അമ്മ റെസ്റ്റ് എടുക്കട്ടേ…’

അവള്‍ മുന്നോട്ട് നടന്നു…

നീണ്ടു കിടക്കണ ഇടനാഴിയിലൂടെ അവളെ പിന്തുടര്‍ന്ന് നടക്കുമ്പോള്‍ ഉണ്ണിക്ക് അത്ഭുതമായിരുന്നു മാളുവിന്‍റെ ഈ മാറ്റത്തില്‍…

പെട്ടന്ന് ഒരു മുറിക്ക് മുന്നില്‍ അവള്‍ നിന്നു..

‌’ഉണ്ണീ..തന്നോടെനിക്ക് ഒന്നേ പറയാനുള്ളൂ…പ്ലീസ്സ്..തന്നെ ഇവിടെ  കാത്തിരിക്കുന്നത് എന്തായാലും താന്‍ സംയമനം പാലിക്കണം..’

‌അവളകത്തേക്ക് കയറി..

‌ഇവളെന്തൊക്കയാ ഈ പറയണേ…എന്താ ഇതിനുള്ളില്‍…ഇൗ മുറി മുന്‍പ്  അടച്ചിട്ടിരുന്നതല്ലേ…
അവനും അവളെ പിന്തുടര്‍ന്നു..

അകത്ത് കണ്ട കാഴ്ച്ച അവനെ തളര്‍ത്തി…ആ നിമിഷം ഭൂമി പിളര്‍ന്നില്ലാതായെങ്കിലെന്ന് അവനാശിച്ചു..
അവന്‍റെ കാലുകള്‍ക്ക് ഭാരമില്ലാതായ  പോലെ നിലത്തേക്ക് വീണു..

‘ഉണ്ണീ..’

മാളു ഓടി വന്നവനെ താങ്ങി നിര്‍ത്തി .

‘മാളൂ…ഇതെന്താടീ…ന്‍റെ പാത്തു..എന്താടി ഇങ്ങനെ…’

‘ഞാന്‍ പറഞ്ഞില്ലേ നിന്നോട്…അവള്‍ക്കൂടി നീയല്ലേ ധൈര്യം കൊടുക്കേണ്ടത്…അപ്പോള്‍ നീയിങ്ങനെ….’

അവന്‍ പതുക്കെ അവളുടെ അടുത്തേക്ക് ചെന്നു…
അവനാ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം ഉണ്ണിക്ക് ഉണ്ടായില്ല..പാതി കരിഞ്ഞ ആ മുഖം അവന് താങ്ങാവുന്നതിലും  അപ്പുറായിരുന്നു…

‘പാത്തൂ….’

അവന്‍റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.

‘അവള്‍ വിളി കേള്‍ക്കില്ല ഉണ്ണീ…അവള്‍ പാതി മരിച്ചു കഴിഞ്ഞു…ഇനി ജീവനുള്ളതാ ശരീരത്തിനു മാത്രമാണ്….’

മാളുവിന്‍റെ വാക്ക് കേട്ട് അവന്‍ ഭ്രാന്തമായി അലറിക്കരഞ്ഞു..
അതേ സമയം വാതില്‍ പടിയില്‍ നിന്ന സുമിത്രാമ്മ തളര്‍ന്നിരുന്നു…
മാളു ഓടി വന്നവരെ താങ്ങി..

‘ഉണ്ണീ ..പ്ലീസ്സ് ….’

അവള്‍ ദയനീയതയമായി അവനെ നോക്കി …

‘മാളൂ..ന്താടി പറ്റിയത് പാത്തൂന്…ഒന്നു പറ…’

‘എനിക്കോ ഈ അമ്മയ്ക്കോ ഒന്നുമറിയില്ല….അറിയാവുന്നവര്‍ ആരും ഒന്നും പറയാനാവതെയും….ഒന്നറിയാം  നിന്‍റെ പാത്തുവിനെ ആരോ…ശേഷം അസിഡ് കൊണ്ട്…

‘നോ….പ്ലീസ്സ്

‘അതെന്തായാലും അതിന്‍റെ പേരിലാണ് ഹരി മരണം കാത്ത് കഴിയുന്നത്……’

അവനൊന്നു ഞെട്ടി…..

‘ദേവ…ഹരീടെ ദേവു ….എവിടെ…’

‘ഒന്നിനും എനിക്ക് ഉത്തരം അറിയില്ല…ഒരു വ്യദ്ധാശ്രമത്തില്‍ നിന്നാ ഇവരെ എനിക്ക് കിട്ടിയത്…ദേവയെ പറ്റി  പറയേണ്ടത് ഞങ്ങളല്ല…ഹരിയാണ്…അവന്‍ ഒളിപ്പിച്ചു വച്ചത് നിന്നോടെ അവന്‍ പറയൂ…..’

പിന്നിലെ ഭിത്തിയില്‍ പൂമാലയിട്ട ചിത്രത്തിലേക്ക് ചൂണ്ടി അവള്‍ പറഞ്ഞു

അവിടെ നിന്നും  തിരികെ പോകുമ്പോള്‍ അവന്‍ ഉറപ്പിച്ചിരുന്നു…സത്യം അത് കണ്ടെത്തണം…ന്‍റെ കൂട്ടുകാര്‍ക്കായി….

(തുടരും )

Written by – Darsana S Pillai

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “മേഘമൽഹാർ – Part 3 | Malayalam Novel”

Leave a Reply