ഇന്ന് അയനം… രാവിലെ, ലക്ഷ്മിയമ്മയും മാലതിയും രേവതിയും കൂടി ശിവരാമൻ നായർക്കും ദിവാകരനും ശേഖരനും ഓരോ കാപ്പിയും കൊടുത്തു, രമണിയെ പ്രാതലിന്റെ കാര്യങ്ങളെല്ലാം ഏൽപ്പിച്ചു കാർത്തുവുനേയും അപ്പുവുനേയും അച്ചുവുനേയും കൂട്ടി അമ്പലത്തിലോട്ട് തൊഴാൻ പോയി. കണ്ണനും അനിലും നേരത്തെ തന്നെ തൊഴുതു വന്നിരുന്നു. ദേവിയുടെ മുന്നിൽ ലക്ഷ്മിയമ്മയും മറ്റുള്ളവരും നാളത്തെ വിവാഹം മംഗളമാക്കി തീർക്കേണമേയെന്നും കണ്ണന്റെയും അച്ചുവിന്റെയും മേൽ എല്ലാ അനുഗ്രഹവും ചൊരിയേണമേയെന്നും മനമുരുകി പ്രാർത്ഥിച്ചു. അച്ചു അവളുടെ അച്ഛനെയും അമ്മയെയും അവൾക്ക് തിരിച്ചു കിട്ടിയതിന് ദേവിയോട് കണ്ണീരോടെ നന്ദി പറഞ്ഞു. കൂടാതെ അവൾക്ക് വന്നു ചേർന്ന എല്ലാ സൗഭാഗ്യത്തിനു കാരണക്കാരായ എല്ലാവർക്കും എല്ലാ വിധ ഐശ്വര്യവും നൽകേണമേ എന്നും മനമുരുകി പ്രാർത്ഥിച്ചു. തിരുമേനിക്ക് ദക്ഷിണ കൊടുത്തു പ്രസാദം ഏറ്റുവാങ്ങിയ ശേഷം ലക്ഷ്മിയമ്മ അച്ചുവിന്റെ പേരിൽ ഒരു പുഷ്പാഞ്ജലിയും കണ്ണന്റെ പേരിൽ ഒരു ഭാഗ്യസൂക്തവും വഴിപാട് കഴിക്കാൻ തിരുമേനിയെ പറഞ്ഞേല്പിച്ചു. തിരുമേനി അച്ചുവിന്റെ തലയിൽ കൈവെച്ചു ഭഗവതിയുടെ എല്ലാ അനുഗ്രവും ഉണ്ടാകും എന്ന് പറഞ്ഞു പ്രാര്ഥിച്ചനുഗ്രഹിച്ചു…
Hot New Releases in Books
നാളത്തെ വിവാഹത്തെ വരവേൽക്കാൻ ചിറക്കൽ തറവാടൊരുങ്ങി.. മുറ്റത്തെ പന്തലിന്റെയും കതിർമണ്ഡപത്തിന്റെയും ഒരുക്കങ്ങളെല്ലാം പൂർത്തിയായി. പടിപ്പുര മുതൽ വീടിന്റെ ഉമ്മറപടിവരെയുള്ള നീണ്ട നടപ്പാത മുഴുവൻ ചുമന്ന പരവതാനി വിരിച്ചു , മുറ്റത്തെ പന്തൽ മുഴുവൻ വെള്ള പട്ട് തുണികൊണ്ട് മുകളിലും സൈഡിലുമെല്ലാം ധർബാൾ ഹാൾ പോലെ അലങ്കരിച്ചു. ക്ഷണം സ്വീകരിച്ചു വധൂവരന്മാരെ അനുഗ്രഹിക്കാൻ വരുന്ന ആളുകളെ സ്വീകരിച്ചിരുത്തുവാനുള്ള വെള്ള പട്ട് വിരിച്ച കസേരകളും മറ്റും മുറ്റത്ത് കൂട്ടി വെച്ചു.. കാർത്തികേയനും ടീമും വീടിന്റെ ചുറ്റും നടപ്പാതയിലും കലവറയിലും നടുമുറ്റത്തുമെല്ലാം ബാക്കിയുള്ള ലൈറ്റിന്റെയും ഇലുമിനേഷൻ ബൾബുകളുടെയും പണി പൂർത്തിയാക്കി കൊണ്ടിരുന്നു. രാവിലെ അരവിന്ദാക്ഷൻ വന്നതും കണ്ണനും ദിവാകരനും റഹ്‌മാനും കൂടി സദ്യക്കുള്ള പച്ചക്കറിയും പലചരക്കും പലവ്യഞ്ജനവും എടുക്കാൻ പോയി. അനിലും അരുണും അവിടെത്തന്നെ ഓരോ കാര്യങ്ങൾ നോക്കി നിന്നു. വിവാഹത്തിന്റെ തലേ ദിവസമായത് റഹ്‌മാനും അരുണും നേരത്തെ തന്നെ വന്നിരുന്നു.
അമ്മയും അച്ഛനും ഒന്നിച്ചതോടെ അച്ചു എല്ലാ അർത്ഥത്തിലും സന്തോഷവതിയായിരുന്നു. അവളുടെ മനസ്സിലിപ്പോൾ നാളെയും കൂടി കഴിഞ്ഞാൽ അവൾ കണ്ണേട്ടന്റെ സ്വന്തമാകുന്ന സ്വപ്നങ്ങളും കണ്ണേട്ടന്റെ കൂടെയുള്ള ജീവിതവും മാത്രമായിരുന്നു. അപ്പുവാണെങ്കിൽ, ഏട്ടന്റെ വിവാഹത്തോടെ അച്ചുവിനെ അവൾക്ക് നാത്തൂനായി കിട്ടുന്ന സന്തോഷത്തിൽ കല്യാണ ചെറുക്കന്റെ അനിയത്തികുട്ടിയായി ആ വീട്ടിൽ ഓടി നടന്നു…. വിവാഹത്തിന്റെ തലേ ദിവസമായത് കൊണ്ട് ചിറക്കൽ തറവാടിന്റെ അകത്തും പുറത്തും പണിക്കാരെ കൊണ്ട് നിറഞ്ഞിരുന്നു. അടുക്കളയിൽ ലക്ഷ്മിയമ്മയും മാലതിയും രേവതിയും കാർത്തികയും രമണിയും കൂടി ഉച്ചയൂണിനുള്ള ഒരുക്കങ്ങൾ തകൃതിയിൽ വട്ടമൊരുക്കുമ്പോഴാണ് ഹസനിക്കയുടെ കെട്ടിയോൾ ജമീലത്ത അങ്ങോട്ട് വന്നത്. ലക്ഷ്മിയമ്മ അവരെ സ്നേഹത്തോടെ സ്വീകരിച്ചു പരിഭവം പോലെ പറഞ്ഞു…
“നല്ല അയൽവാസിയാ താൻ. ഇവിടെ ഒരു മംഗളകർമ്മം നടക്കാൻ പോകുമ്പോൾ നിങ്ങളൊക്കെയാണ് രണ്ട് മൂന്ന് ദിവസം മുമ്പേ വരേണ്ടത്. ഒരു വീടുപോലെ കഴിഞ്ഞവരല്ലേ നമ്മള്. എന്നിട്ട് ഇപ്പഴാണോ വരുന്നേ.. ഞാൻ വിചാരിച്ചു താൻ ഇന്നലെ ഇങ്ങോട്ട് വരുമെന്ന്…”
“ഞാൻ ഇന്നലെ ഇങ്ങോട്ട് വരാൻ നിന്നതാണ് ലക്ഷ്മീ.. അപ്പോഴാണ് ഹസനിക്കയുടെ പെങ്ങളും അളിയനും വന്നത്. അവര് തിരിച്ചു പോയപ്പോഴേക്കും രാത്രിയായി. അതുകൊണ്ടാ വരാതിരുന്നത്. അല്ലാതെ വേറെന്നും കൊണ്ടല്ല.”.
രേവതിക്ക് ലക്ഷ്മിയമ്മ ജമീലത്തയെ പരിചയപ്പെടുത്തി കൊടുത്തു. രേവതി ജമീലത്തയോട് ഓരോ കാര്യങ്ങൾ സംസാരിച്ചു നിൽക്കുമ്പോഴാണ്. അച്ചുവും അപ്പുവും അങ്ങോട്ട് ചാടി തുള്ളികൊണ്ട് വന്നത്. അച്ചുവിനെ കണ്ട ജമീലത്ത പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു..
“ആഹാ… കല്യാണ പെണ്ണ് ഇതുവരെ ഒരുങ്ങിയില്ലേ.. ഇന്ന് വിവാഹ പെണ്ണ് നല്ല മൊഞ്ചത്തിയായി ഒരുങ്ങിയിരിക്കണം…” അതു കേട്ട അച്ചു സ്നേഹത്തോടെ ജമീലത്തയുടെ കയ്യിൽ പിടിച്ചു. അപ്പോഴാണ് ലക്ഷ്മിയമ്മ പറഞ്ഞത്..
“സമയം പത്തല്ലേ ആയോള്ളൂ ജമീല. ഊണുകാലം കഴിഞ്ഞല്ലേ ആളുകളൊക്കെ വന്നു തുടങ്ങൂ. അപ്പോഴത്തിനൊക്കെ ഒരുങ്ങിയാൽ പോരേ…” അപ്പോഴാണ് അപ്പു ജമീലത്തയോട് ചോദിച്ചത്…
“ജമീലത്ത. എവിടെ രഹനയും മുംതാസും ? അവരെ എന്താ ഇവിടേക്കൊന്നും കാണാത്തത്…”
“അവർ സ്കൂളിൽ പോയിരിക്കാ മോളേ..” അതു കേട്ട അപ്പു പരിഭവത്തോടെ പറഞ്ഞു..
“അവരെയെന്തിനാ ഇന്ന് സ്‌കൂളിൽ വിട്ടത്.. അവരും കൂടി ഉണ്ടങ്കിൽ എന്ത് രസമായിരുന്നിവിടെ….?”
“അവർ സ്ക്കൂളുവിട്ടാൽ ഇങ്ങോട്ട് വരില്ലേ.. സ്കൂളിൽ പോകില്ല എന്നൊക്കെ പറഞ്ഞു രണ്ടും ഒറ്റക്കാലിൽ നിന്നതാണ്.. പിന്നെ ഒരുവിധമാണ് ഞാൻ രണ്ടിനെയും ഉന്തി വിട്ടത്…” അതു കേട്ട അപ്പു ലക്ഷ്മിയമ്മയോട് ചോദിച്ചു..
“അമ്മാ.. അനിലേട്ടനെ കണ്ടോ..?”
“ഊം.. നിനക്കെന്തിനാ അവനെയിപ്പൊ.. അവനോരൊ ഓരോ കാര്യത്തിനും വേണ്ടി ഓടി നടക്കാ… “
“അച്ചൂനെ ഒരുക്കാൻ ബ്യുട്ടിഷൻ എപ്പോഴാ വരാന്ന് ചോദിക്കാനാ. അമ്മയോട് വല്ലതും പറഞ്ഞിരുന്നോ…”
“എന്നോടൊന്നും പറഞ്ഞിട്ടില്ല, അവനും അരുണും കൂടി കലവറയിൽ എന്തൊക്കെയോ ചെയ്യുന്നുണ്ട്. നീ അവനോട് പോയി ചോദിക്ക് “. അതു കേട്ട അപ്പു അച്ചുവിനെയും വലിച്ചു കൊണ്ട് കലവറയിലേക്ക് പോകാൻ നിന്നതും ലക്ഷ്മിയമ്മ അച്ചുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു….
“നീ എവിടേക്കാ ഇവളേയും വലിച്ചു കൊണ്ട് ചാടിതുള്ളി പോണേ..?”
“അനിലേട്ടന്റെടുത്തേക്ക്.. ബ്യുട്ടീഷ്യൻ എപ്പോ വരൂന്നു ചോദിക്കാൻ..”
“ഇവളിവിടെ നിൽക്കട്ടെ. ഇവള് വിവാഹപെണ്ണാണ്. നീ ഓടി നടക്കുന്ന പോലെ ഇവൾക്കിനി അതിനൊന്നും പറ്റില്ല്യ. ഇവളെ കാണാൻ ഓരോരുത്തർ ഇപ്പൊ വന്നു തുടങ്ങും. അതിനിടയിൽ നീ ഇവളെയും കൊണ്ട് ഓടി നടക്കാ “. ലക്ഷ്മിയമ്മ ശകാരിക്കും പോലെ പറഞ്ഞു.. അതു കേട്ട അപ്പു അമ്മയുടെ നേരെ കൊഞ്ഞനം കുത്തി മുഖം തിരിച്ചു “ഹും..” എന്നും പറഞ്ഞു അനിലിന്റെ അടുത്തോട്ട് പോയി… അപ്പു ശുണ്ഠി പിടിച്ചു പോകുന്നതും നോക്കി രേവതി ഒരു പുഞ്ചിരിയോടെ പറഞ്ഞു…
“അവൾ ഓടി നടക്കട്ടെ ചേച്ചി. വഴക്ക് പറയണ്ട. അവളുടെ ചിരിയും കളിയും ഇല്ലെങ്കിൽ പിന്നെ എന്താ ഇവിടെ ഒരു രസം. ഇപ്പൊ തന്നെ ചെറിയ ഒരു നീരസത്തോടെയാണ് പോയതെന്ന് തോന്നുന്നു..”
“അതൊക്കെ ഒരു അഞ്ചു മിനുട്ട് കൊണ്ട് മാറും രേവതീ.. എന്നിട്ട് ഇപ്പൊ തന്നെ ഇങ്ങോട്ടോടിവരും.. ഇവളുടെ അതേ പ്രായമാ അവൾക്കും. പക്ഷെ ഇവളുടെ പോലെയല്ല സ്വഭാവം എപ്പോഴും പൊട്ടിത്തെറിച്ചു കൊണ്ടാ. ഒരു സ്ഥലത്ത് നിർത്തിയാൽ അവിടെ നിൽക്കില്ല്യ. അച്ഛന് ഇഷ്ടല്ല. അവളെ വഴക്ക് പറയുന്നത്. അച്ഛന്റെ പുന്നാര മോളാണവൾ, എന്നാലും ഞാൻ അച്ഛൻ കേൾക്കാതെ ശകാരിക്കും “. ലക്ഷ്മിയമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു…
മാലതി കറിക്ക് വറുത്ത തേങ്ങായുമായി അമ്മിയിലിട്ട് അരയ്ക്കാൻ പോകാൻ നിൽക്കുമ്പോൾ ജമീലത്ത വറുത്ത തേങ്ങ നിറച്ച പാത്രത്തിൽ പിടിച്ചു കൊണ്ട് സ്നേഹത്തോടെ പറഞ്ഞു…
“ഇങ്ങു താ മാലതി ഞാനരച്ചോളാം…”
“വേണ്ട ജമീലത്താ.. ജമീലത്ത അവിടെയിരുന്നോ ഞാനരച്ചോളാം..”
“ഞാനിവിടെ വിരുന്നുകാരിയായി ഇരിക്കാൻ വന്നതല്ല. നിങ്ങളുടെ കൂടെ കൂടാൻ വന്നതാ. മാലതി ആ തേങ്ങ ഇങ്ങു തന്നേ..” അതും പറഞ്ഞു ജമീലത്ത തേങ്ങയും വാങ്ങി സാരിത്തുമ്പ് കയറ്റി കുത്തി അമ്മിയുടെ അടുത്തോട്ട് പോയി….
അപ്പു കലവറയിലോട്ട് ചെന്നപ്പോൾ അനിലും അരുണും പന്തിക്ക് നിരത്താനുള്ള സ്റ്റൂളും ടേബിളും എല്ലാം തുടച്ചു വൃത്തിയാക്കുകയായിരുന്നു. അപ്പുവിനെ കണ്ട അനില് ചോദിച്ചു.
“നീ എവിടേക്കാടി. ചാടിതുള്ളി പോകുന്നത്…” അതു കേട്ട അപ്പു ശുണ്ഠിയെടുത്തു കൊണ്ട് പറഞ്ഞു…
“ഞാൻ എവിടേക്കും ചാടിതുള്ളി പോകുന്നില്ല. ഞാൻ അനിലേട്ടനെ തിരഞ്ഞു വന്നതാണ്..”
“എന്നെ തിരഞ്ഞോ ,എന്തിന്..?”
“ബ്യുട്ടിഷൻ എപ്പഴാ വരുന്നേന്നറിയാൻ…”
“അവരൊക്കെ അച്ചുവിനെ ഒരുക്കേണ്ട സമയമാവുമ്പോൾ ഇവിടെ എത്തിക്കോളും..” അതു കേട്ട അപ്പുവിന് ദേഷ്യം വന്നു അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു…
“സമയം പറ ഏട്ടാ.. എപ്പഴാ വരുന്നേന്ന്..?”
“നീ ഇവിടെ കിടന്ന് കയറു പൊട്ടിക്കണ്ട. അവര് രണ്ട് മണിയാവുമ്പോഴത്തിന് എത്തും പോരേ..” അതു കേട്ട അപ്പുവിന് സമാധാനമായി.. പിന്നെ അവൾ ചോദിച്ചു…
“മുല്ലപ്പൂവ് എല്ലാം എൽപ്പിച്ചോ.. ഇന്ന് ചൂടാനുള്ളതും നാളെ ചൂടാനുള്ളതും എല്ലാം…”
“അതൊക്കെ ഏല്പിച്ചിട്ടുണ്ട്… അച്ചുവിനെ ഒരുക്കുമ്പോൾ എല്ലാം അവിടെ എത്തിക്കോളും..”
“എത്ര മുഴം ഏൽപ്പിച്ചു ഇന്നേക്കും നാളേക്കുമൊക്കെ…”
“അതൊക്കെ ആവശ്യത്തിൽ കൂടുതൽ ഏല്പിച്ചിട്ടുണ്ട്. ഇന്നേക്ക് 25 മുഴവും നാളേക്ക് 50 മുഴവും. എന്താ അതു പോരെ…?” അതു കേട്ട അപ്പു ശുണ്ഠിയെടുത്തു വാപൊളിച്ചു കൊണ്ട് പറഞ്ഞു…
“അമ്പതും ഇരുപത്തിയഞ്ചോ… അതൊന്നും പോരാ.. ഇന്നേക്ക് ഒരു 40 മുഴവും നാളേക്ക് ഒരു 80 മുഴവും വേണം…” അതു കേട്ട അരുൺ വാ പൊളിച്ചു കൊണ്ട് ചോദിച്ചു..
“ഇതെന്തിനാടി അപ്പൂ ഇത്രയും പൂ , കൊണ്ട് നടന്നു വിൽക്കാനോ… ?” അതു കേട്ട അപ്പുവിന് ദേഷ്യം വന്നു …
“വിൽക്കാനൊന്നും അല്ല തലയിൽ ചൂടാനാ… നിങ്ങൾ ആണുങ്ങൾക്ക് മുല്ലപ്പൂവിനെ പറ്റി ഒന്നും അറിയില്ല.. മുല്ലപ്പൂവ് ഞങ്ങൾ പെണ്ണുങ്ങളുടെ ഒരു വീക്ക്നസാ. അത് എത്ര കിട്ടിയാലും ഞങ്ങൾക്ക് തികയില്ല്യ “. അതു കേട്ട അനില് പറഞ്ഞു…
“ഈ 80 മുഴത്തിന്റെ കാര്യം കണ്ണേട്ടണറിഞ്ഞാലെ.. നിങ്ങളുടെ വീക്ക്നസിന് പകരം നല്ല വീക്കായിരിക്കും നിനക്ക് കിട്ടാ..” അത് കേട്ട അരുണിന്റെ ചിരികണ്ട അപ്പുവിന് ദേഷ്യം ഒന്നും കൂടി ഇരച്ചു കയറി. അവൾ മുഖം വീർപ്പിച്ചു കൊണ്ട് രണ്ടാളെയും തുറിച്ചു നോക്കി. അപ്പോഴാണ് അനിലിനും അരുണിനും കുടിക്കാനുള്ള സംഭാരവുമായി കാർത്തു അങ്ങോട്ട് വന്നത്.. കാർത്തുവിനെ കണ്ട അനില് പറഞ്ഞു…
“എത്ര നേരമായടി കുറച്ചു വെള്ളം ചോദിച്ചിട്ട്.. ദാഹിച്ചിട്ട് മനുഷ്യന്റെ തൊണ്ട വരണ്ടു..”
“ഞാൻ അടുക്കളയിൽ ഓരോ തിരക്കിൽ പെട്ട് മറന്നു പോയി ഏട്ടാ…” കാർത്തു അനിലിനും അരുണിനും സംഭാരം കൊടുത്തു മുഖം വീർപ്പിച്ചു നിൽക്കുന്ന അപ്പുവിനെ നോക്കി ചോദിച്ചു…
“എന്താ നീ മുഖം ഇങ്ങനെ വീർപ്പിച്ചു പിടിച്ചിരിക്കുന്നെ. എന്താ ഏട്ടാ ഇവൾക്ക് പറ്റിയത്. അടുക്കളേന്ന് ചാടിതുള്ളി പോന്ന ഉഷാറൊന്നും ഇല്ലല്ലോ ഇപ്പൊ..” അതു കേട്ട അരുൺ പറഞ്ഞു..
“അത് മുല്ലപ്പൂ പ്രശ്നം “.
“മുല്ലപ്പൂ പ്രശ്നമോ.. എനിക്കൊന്നും മനസ്സിലായില്ല. എന്താ അപ്പൂ… നീ പറ..” അതു കേട്ട അനില് പറഞ്ഞു…
“വേണ്ട ഞാൻ പറയാം ഇവൾക്ക് ഇന്ന് അച്ചൂനെ ഒരുക്കാൻ 40 മുഴം മുല്ലപ്പൂവും നാളേക്കു 80 മുഴവും വേണമെന്ന്. ഞാൻ പറഞ്ഞു അത്രയൊന്നും വാങ്ങിത്തരില്ലാന്നു ഇന്നേക്ക് ഇരുപത്തഞ്ചും നാളേക്ക് അമ്പതും എന്ന് അതിന്റെ പിണക്കത്തിലാ…”
“അതൊന്നും പോരയേട്ടാ ഇന്നേക്ക് 40 മുഴവും നാളേക്ക് 100 മുഴവും വേണ്ടി വരും..” അതു കേട്ട അനില് വാ പൊളിച്ചു കൊണ്ട് രണ്ടാളെയും മാറി മാറി നോക്കി .അപ്പു ആവേശത്തോടെ കാർത്തുവിന്റെ പക്ഷത്ത് കൂടി പറഞ്ഞു…
“ഞാനും ഇതു തന്നെയാ പറഞ്ഞത്. അപ്പൊ അനിലേട്ടൻ പറയാ പറ്റില്ലാന്ന്…”
“അതൊന്നും പറഞ്ഞാൽ പറ്റില്ല. നിങ്ങൾക്കെന്തറിയാം പെണ്ണിനെ ഒരുക്കുന്നതിനെ പറ്റി.. ഞാൻ പറഞ്ഞത് വേണം”. അതു കേട്ട അനിൽ ദേഷ്യത്തോടെ പറഞ്ഞു..
“ഇതിപ്പോ പിടിച്ചതിനെക്കാളും വലുത് മടയില് എന്ന് പറഞ്ഞ പോലെയായല്ലോ.. ഇതെന്തിനാടി ഇത്ര പൂ , തുണി തോരാനിടാൻ അയല് കെട്ടാണോ.. ഇതിപ്പോ പടിപ്പുര മുതൽ ഉമ്മറം വരെ നീളം കാണുമല്ലോ. ഇതൊക്കെപ്പാടെ നിങ്ങൾ അച്ചൂന്റെ ദേഹത്ത് എവിടെ കെട്ടാനാണ്…?”
“അച്ചൂനെ ഒരുക്കാൻ മാത്രമല്ല. ഞങ്ങൾക്കൊക്കെ വേണം .ഞങ്ങളും പെണ്ണുങ്ങളാണ്. ഞങ്ങൾക്കും വേണം മുടിയിൽ ചൂടാൻ മുല്ലപ്പൂവ്. മാത്രമല്ല ജമീലത്തയുടെ കുട്ടികൾക്കും വേണ്ടിവരും.. 100 മുഴം തന്നെ തികയുമൊന്നാ എന്റെ സംശയം…” അതു കേട്ട അനിലിന്റെ തല പെരുത്തു കയറി..
“ഈഹ്.. മതി മതി നിർത്ത്.. നിങ്ങൾക്കിപ്പോ എന്താ വേണ്ടത്. പൂ.. 100 മുഴം വേണം അത്രയല്ലേ ഉള്ളൂ.. എന്റെ ഫോണിൽ പൂക്കച്ചവടക്കാരന്റെ നമ്പറുണ്ട്. പോയി അതിൽ വിളിച്ചു പറ, എന്നിട്ട് നൂറോ ഇരുന്നൂറോ മുഴം വാങ്ങിച്ചോ. ചെല്ലു..” അപ്പോഴാണ് മാലതി അങ്ങോട്ട് അനിലിന്റെ ഫോണും കൊണ്ട് വന്നത്..
“ഇന്നാ അനിക്കുട്ടാ കണ്ണൻ വിളിക്കുന്നു..” കണ്ണൻ അമ്മയുടെ കയ്യിൽ നിന്നും ഫോണ് വാങ്ങി..
“എന്താ ഏട്ടാ..?”
“എടാ ശരത്ത് ഇപ്പൊ അവിടെ വരും. അവന് ക്യാമറ എവിടേക്കെയോ സെറ്റ് ചെയ്യാനുണ്ടെന്ന്. അവന്റെ കൂടെ ഒന്നു നിന്നു കൊടുക്ക്…”
“ആ വന്നോട്ടെ ഞാൻ ഇവിടെയുണ്ട്.. നിങ്ങൾ വരാറായോ..?”
“ആ ഞങ്ങൾ ഒരുമണിക്കൂറിനുള്ളിൽ എത്തും.. നീ എവിടേക്കും പോകരുത് അവിടെത്തന്നെ വേണം..” അനിൽ ശരി എന്നും പറഞ്ഞു ഫോണ് വെച്ചു.. അപ്പൊ കാർത്തുവും അപ്പുവും അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു…
“ഇനിയെന്തിനാ ഇവിടെ നിൽക്കുന്നത്. തീർന്നില്ലേ നിങ്ങളുടെ പ്രശ്നം..?” അതു കേട്ട അപ്പു പറഞ്ഞു..
“ഇല്ല തീർന്നില്ല. അനിലേട്ടൻ ഫോണ് താ വിളിച്ചു പറയട്ടെ…”
“നിങ്ങൾ പൊക്കോ ഞാൻ വിളിച്ചു പറഞ്ഞോളാം. ഫോണ് എനിക്കാവശ്യംണ്ട്..” അതു കേട്ട അപ്പു ഒരു വിജയിയെ പോലെ നോക്കി കൊഞ്ഞനം കുത്തി കാർത്തുവും കൂടി അകത്തേക്ക് പോയി.. അപ്പുവിന്റെ ശുണ്ഠി കണ്ട അരുൺ പറഞ്ഞു…
“നിനക്ക് അവളെ അറിയില്ലേ വാശി പിടിച്ചാൽ പിടിച്ചതാ.. പിന്നെ അവൾ പറയുന്നിടത്തും കാര്യമുണ്ട്. ഈ മുല്ലപ്പൂവ് എന്ന സാധനം പെണ്ണുങ്ങൾക്ക് തികച്ചാ തികയാത്ത സാധനമാണ്…………..”
ലക്ഷ്മിയമ്മ ശിവരാമൻ നായർക്കും ശേഖരനും ചായയുണ്ടാക്കി ഒരു ട്രേയിൽ വെച്ചു അച്ചുവിന്റെ കയ്യിൽ കൊടുത്തു പറഞ്ഞു..
“മോളേ.. ഇത് അച്ഛന്മാർക്ക് കൊണ്ട് പോയി കൊടുക്ക്….” അച്ചു ചായയും കൊണ്ട് പോകാൻ നിന്നതും ലക്ഷ്മിയമ്മ അവളുടെ കൈ പിടിച്ചു നിർത്തി സാരിതുമ്പു കൊണ്ട് അവളുടെ മുഖം തുടച്ചു കൊണ്ട് സ്നേഹത്തോടെ പറഞ്ഞു..
“മോളേ കാണാൻ ആളുകളൊക്കെ ഇപ്പൊ വന്നു തുടങ്ങും. മോള് എല്ലാവരെയും സ്വീകരിച്ചു ഇരുത്തണംട്ടൊ.. അമ്മക്കറിയാം മോൾക്കാരെയും പരിചയം കാണില്ല്യാന്ന്. എന്നാലും മോള് അവരോടൊക്കെ സംസാരിച്ചു സ്നേഹത്തോടെ സ്വീകരിക്കണം..” അതു കേട്ട അച്ചു മനസ്സ് നിറഞ്ഞു, “ഊം..” എന്നും പറഞ്ഞു തലയാട്ടി.. ലക്ഷ്മിയമ്മ അവൾക്ക് ഉപദേശം കൊടുക്കുന്നത് മനസ്സ് നിറഞ്ഞ സന്തോഷത്തോടെ രേവതി നോക്കി നിൽക്കുന്നുണ്ടായിരുന്നു.. അച്ചു ചായയും കൊണ്ട് ഉമ്മറത്തേക്ക് പോകുന്നതും നോക്കി ലക്ഷ്മിയമ്മ രേവതിയോട് പറഞ്ഞു..
“കണ്ടില്ലേ രേവതി മോളുടെ ഒരു സന്തോഷം. ഇതിന് കാരണക്കാർ നിങ്ങളാണ്.. നിങ്ങൾ ഒന്നിച്ചതിന് ശേഷമാണ് അവളുടെ മുഖം ഒന്നു തെളിഞ്ഞത്..” അതു കേട്ടതും രേവതിക്കും സന്തോഷായി..
അച്ചു ചായയും കൊണ്ട് ഉമ്മറത്ത് ചെന്നപ്പോൾ ശിവരാമൻ നായർ മുറ്റത്ത് നിൽക്കുകയായിരുന്നു… അച്ചു ചായകൊടുത്തു ശേഖരനെ അവിടെ കാണാഞ്ഞത് കൊണ്ട് ചോദിച്ചു…
“അച്ഛാ… അച്ഛനവിടെപോയി… ?”
“ഇവിടെ ഉണ്ടായിരുന്നല്ലോ ഇപ്പൊ..” അതും പറഞ്ഞു ശിവരാമൻ നായർ നാലു പാടും നോക്കിയപ്പോൾ ശേഖരൻ ഒരു നിരാശയോടെ അർജ്ജുന്റെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു. അച്ചുവിന്റെ കയ്യിൽ നിന്നും ശേഖരനുള്ള ചായവാങ്ങി പറഞ്ഞു..
“മോള് പൊക്കോ അച്ഛന് ഞാൻ കൊടുത്തോളാം ചായ..” അതും പറഞ്ഞു ശിവരാമൻ നായർ ശേഖരന്റെ അടുത്തോട്ട് പോയി..
“ഏയ് എന്താ ഇവിടെ ഒറ്റക്ക് നിൽക്കുന്നത്.. ഇന്നാ ചായ കുടിക്ക്..”
“അയ്യോ ഏട്ടനെന്തിനാ ചായയും കൊണ്ട് ഇങ്ങോട്ട് വന്നത് ഞാൻ അങ്ങോട്ട് വരുമായിരുന്നല്ലോ..?”
“അതൊന്നും സാരല്ല്യാ….” ശേഖരൻ അർജ്ജുന്റെ തുമ്പികയ്യിൽ തലോടി കൊണ്ട് ചോദിച്ചു..
“ഇവനാളെങ്ങനേയാ. കുസൃതിക്കാരനാണോ..?”
“ഏയ് . ഇവൻ പാവമാ.. ഇവനെനിക്ക് മോനെ പോലെയാ… അല്ലേ അര്ജുനാ…?” ശിവരാമൻ നായർ അർജ്ജുനെ നോക്കി പറഞ്ഞു അതു കേട്ട അവൻ തലയൊന്നാട്ടി. പിന്നെ ശേഖരനോട് ചോദിച്ചു…
“എന്തു പറ്റി ശേഖരാ.. മുഖത്തൊരു വിഷമം…?”
“ഏയ് ഒന്നുല്ലേട്ടാ..” പിന്നെ ഒരു വിഷമത്തോടെ തുടർന്നു.. “ഞാൻ ചിന്തിക്കുകയായിരുന്നു. ഞങ്ങൾക്കൊരു വീടുണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ മോളുടെ വിവാഹം അവിടെ വെച്ചു നടത്താമായിരുന്നു എന്ന്. അങ്ങനെയാവുമ്പോൾ ഞങ്ങളുടെ കുടുംബങ്ങൾ മൊത്തം ഞങ്ങളുടെ കൂടെ ഉണ്ടാവില്ലേ എന്ന്. ഇതു ഇപ്പൊ മോളുടെ ആളുകൾ എന്നു പറയാൻ ഞാനും അവളുടെ അമ്മയും മാത്രം. വിവാഹം നടത്താൻ വീടും ഇല്യാ… കൂട്ടും കുടുംബവും അതും ഇല്ല്യാ. പോരാത്തതിന് ചെറുക്കനും പെണ്ണും ഒരേ വീട്ടിൽ നിന്നും ഇറങ്ങാ എന്നൊക്കെ ആലോചിച്ചപ്പോൾ മനസ്സിനൊരു വിഷമം..”
“എന്തിനാ വെറുതെ ഓരോന്നാലോചിച്ചു മനസ്സു വിഷമിപ്പിച്ചു ഈ സന്തോഷം കളയുന്നേ.. ഇതും നിങ്ങളുടെ വീടല്ലേ. എനിക്ക് മനസ്സിലാകും നിങ്ങളുടെ വിഷമം.. എല്ലാം ഈശ്വരനിശ്ചയമാണെന്നു കരുതുക.. അവളുടെ വിവാഹം ഈ വീട്ടിൽ വെച്ചു നടന്നു ഈ വീട്ടിലേക്ക് തന്നെ കയറാനാണ് യോഗം.. പിന്നെ ചെറുക്കനും പെണ്ണും ഒരേ വീട്ടിൽ നിന്നും ഇറങ്ങുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്യാ.. രണ്ടും നമ്മുടെ മക്കളാണ്.. ആചാരങ്ങളും ചടങ്ങുകളൊന്നും നാട്ടു നടപ്പൊന്നും നോക്കേണ്ട. പ്രധാനപ്പെട്ട ചടങ്ങ് താലികെട്ടാണ് അതു ഇവിടെ വച്ചും അല്ല അമ്പലത്തിൽ വെച്ചാണ്.. ബാക്കിയെല്ലാ ചടങ്ങും ഒരു അലങ്കാരം മാത്രല്ലേ… എല്ലാം അതിന്റെ മുറപോലെ നടക്കും..”
“ഞാനും രേവതിയും കൂടി ഒരു തീരുമാനം എടുത്തിട്ടുണ്ട് .വിവാഹമെല്ലാം കഴിഞ്ഞതിനു ശേഷം ഒരു വീട് വാങ്ങി താമസം മാറണമെന്ന്. പിന്നെ കണ്ണന്റെയും അച്ചുവിന്റെയും പേരിൽ ആ വീടും പറമ്പും എഴുതി വെക്കാമെന്നും കുറച്ചു പണം അവരുടെ പേരിൽ ഇടാമെന്നും. ഇപ്പൊ ഈ വിവാഹം തന്നെ നിങ്ങളാണ് നടത്തുന്നത്. ഞങ്ങൾക്ക് ഒരു അവസരം തരാതെ.. അപ്പൊ ഞങ്ങൾ അതു മനസ്സിലാക്കേണ്ടേ…” അതു കേട്ട ശിവരാമൻ നായർ ശേഖരന്റെ തോളിൽ പിടിച്ചു സൗമ്യമായി പറഞ്ഞു…
“ശേഖരാ… നിങ്ങൾ ഒന്നും അവരുടെ പേരിൽ കൊടുക്കണ്ട. അവർക്കുള്ളത് ആവശ്യത്തിലധികം ഇവിടെയുണ്ട്.. ഞങ്ങളാകെ ആഗ്രഹിച്ചത് അച്ചുമോളേ മാത്രമാണ്.. പിന്നെ ഞാൻ ഇതൊക്കെ ചെയ്യുന്നത്. അത് നിങ്ങളെ മാറ്റി നിർത്തുന്നതോ തോല്പിക്കുന്നതോ അല്ല. അച്ചുമോളെ ഞാൻ ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ അവളെ മോളായി സ്വീകരിച്ചു. നിങ്ങൾ ഈ വിവാഹത്തിന് വന്നില്ലെങ്കിലും ഞാൻ ഇത് പോലെത്തന്നെ ചെയ്യുമായിരുന്നു. കാരണം അവൾ ഒരു അനാഥ കുട്ടിയെ പോലെ ഈ വീട്ടിലോട്ട് വരരുത്. നിങ്ങൾ ഇല്ലാത്ത ദുഃഖം അവൾക്കുണ്ടാവാൻ പാടില്ല്യ. പിന്നെ നിങ്ങൾ ഇപ്പോൾ അവൾക്ക് ഒന്നും കൊടുക്കേണ്ട അവൾക്ക് കൊടുക്കാനുള്ളതെല്ലാം നിങ്ങൾ കൊടുത്തു കഴിഞ്ഞു.. അവൾ ആകെ ആഗ്രഹിച്ചത് അവളുടെ അച്ഛനെയും അമ്മയെയും ആണ്. നിങ്ങളുടെ പിണക്കം തീർത്ത് നിങ്ങൾ ഒന്നാകണം എന്നാണ് അതു സാധിച്ചില്ലേ… അതിലും വലുതായിട്ടു ഇനി ഒന്നും നിങ്ങൾ അവൾക്ക് കൊടുക്കാനില്ല്യ. കൊടുത്തോളൂ. നിങ്ങൾ അവൾക്ക് ആ മനസ്സ് നിറച്ചു സ്നേഹം. അതു നിങ്ങൾക്ക് പത്തിരട്ടിയായി അവൾ തിരിച്ചു തരും.. പിന്നെ അവളുടെ പേരിൽ നിങ്ങൾ ഒന്നും എഴുതി വെക്കുകയൊന്നും വേണ്ട നിങ്ങളുടെ കാലശേഷം എല്ലാം അവൾക്കുള്ളതല്ലേ.. കല്ലിലും മരത്തിലും പണിത വീടും മണ്ണും ഒന്നുമല്ല ശേഖരാ വലുത്, നമ്മുടെ മക്കളാണ് വലുത്. അവരുടെ സന്തോഷമാണ് വലുത്. എനിക്കുറപ്പുണ്ടായിരുന്നു നിങ്ങൾ ഒരുമിക്കുമെന്നും നിങ്ങൾ തന്നെ നിറഞ്ഞ മനസ്സോടെ അവളെ ഞങ്ങളുടെ കയ്യിൽ ഏല്പിക്കുമെന്നും. മക്കളും അച്ഛനമ്മമാരും തമ്മിലുള്ള ബന്ധം അങ്ങനെയൊന്നും മുറിച്ചു മാറ്റാൻ പറ്റില്ല്യ. ഈ നാട്ടുകാർ ഈ വീടിനെ വിളിക്കുന്ന ഒരു പേരുണ്ട് അതെന്താനന്നാറിയോ ശേഖരന്.. സ്നേഹ വീട് എന്ന്. ഇവിടെയുള്ള ആരും പണത്തിന്റെ കാര്യം സംസാരിക്കാറില്ല്യ. സ്നേഹത്തിന്റെ കാര്യം മാത്രമേ സംസാരിക്കാറുള്ളൂ..കാരണം എന്താന്നറിയോ ഈ വീട്ടിൽ പണത്തിനെക്കാളും മൂല്യം സ്നേഹത്തിനാണ്…” അതെല്ലാം കേട്ടതും ശേഖരന്റെ മനസ്സു നിറഞ്ഞു… പിന്നെ ശേഖരൻ നിറഞ്ഞ മനസ്സോടെ പറഞ്ഞു…
“നാട്ടുകാർ പറഞ്ഞത് ശരിയാണേട്ടാ. ഈ വീട് സ്നേഹവീട് തന്നെയാണ്. അതു എനിക്ക് മനസ്സിലായി ,നിങ്ങൾ മനസ്സിലാക്കി തന്നു. ഞങ്ങൾ സമ്പാദിച്ച പണത്തിനെക്കാളും എത്രയോ വലുതാണ് സ്നേഹമെന്നും ഈ വീട് ഞങ്ങൾക്ക് കാണിച്ചു തന്നു. ഒരു പക്ഷെ ഈ വീട്ടിലോട്ടല്ല ഞങ്ങളുടെ മകൾ വരുന്നതെങ്കിൽ ഞങ്ങൾ ഒരിക്കലും ഒന്നിക്കില്ല്യാരുന്നു. ഞങ്ങളെ ഒന്നിപ്പിച്ചതും ഞങ്ങളുടെ മോളേ ഞങ്ങൾക്ക് തിരിച്ചു കിട്ടിയതും. എല്ലാം ഈ വീട് കാരണമാണ് നിങ്ങളെല്ലാവരും അതിനു കാരണക്കാരാണ്… സത്യത്തിൽ ഇന്നലെ മുതലാണ് ഏട്ടാ ഞാൻ ജീവിച്ചു തുടങ്ങിയത്.. എന്റെ മനസ്സൊന്നു ശാന്തമായത്…” അതു പറയുമ്പോൾ സന്തോഷം കൊണ്ട് ആ കണ്ണുകളിൽ ചെറുതായി നനവ് പടർന്നിരുന്നു… അപ്പോഴാണ് ഹസ്സനിക്ക അങ്ങോട്ട് വന്നത്.
“അല്ലാ രണ്ടാളും എന്തോ കാര്യമായ ചർച്ചയിൽ ആണല്ലോ…”ഹസ്സനിക്ക ചിരിച്ചു കൊണ്ട് പറഞ്ഞു അവരുടെ ഇടയിലേക്ക് വന്നു… ഹസനിക്കയെ കണ്ട ശിവരാമൻ നായർ പരിഭവം പോലെ പറഞ്ഞു…
“എവിടെയായിരുന്നു ഹസ്സാ നീ. ഇപ്പോഴാണോ വരുന്നത്. നിന്നോട് പറഞ്ഞതല്ലേ ഞാൻ നീ എന്റെ കൂടെ വേണമെന്ന്…”
“ഞാൻ രാവിലെ ടൗണ് വരെ ഒന്നു പോയി അതാ വൈകിയത്. പിന്നെ ഞാൻ വന്നില്ലെങ്കിലും എന്താ എന്റെ കെട്ടിയോൾ നേരത്തേ ഇങ്ങെത്തിയില്ലേ. വന്നല്ലോ ഞാൻ, ഇനി വിവാഹം കഴിഞ്ഞേ പോകൂ പോരേ…” ഹസ്സനിക്ക ഒരു ചിരിയോടെ പറഞ്ഞു… ശിവരാമൻ നായർ ശേഖരന് ഹസനിക്കയെ പരിചയപെടുത്താൻ നിന്നതും…
“നീ പരിചയപ്പെടുത്തുകയൊന്നും വേണ്ട എനിക്ക് മനസ്സിലായി. അച്ചുമോളുടെ അച്ഛനല്ലേ.. ഈ മുഖം വാർത്തു വെച്ചപോലെയല്ലേ അച്ചുമോളിരിക്കുന്നത്…” ഹസനിക്ക ശേഖരന് കൈ കൊടുത്തു കൊണ്ട് പറഞ്ഞു…. അപ്പോഴാണ് ശിവൻ അങ്ങോട്ട് വന്നത്.. ശിവനെ കണ്ടതും ശിവരാമൻ നായർ ചോദിച്ചു….
“ശിവാ.. അർജ്ജുനെ കുളിപ്പിക്കുന്നില്ലേ.. ?”
“പിന്നെ കുളിപ്പിക്കാതെ.. ദാ പോവ്വായി..”
“ആ എന്നാ പെട്ടന്ന് പോയി കുളിപ്പിച്ചോണ്ട് വാ.. പിന്നെ ഇന്നും നാളെയും ഇവന്റെ മേൽ ഒരു ശ്രദ്ധവേണം നിനക്ക്.. ആളും ബഹളവും കൂടുമ്പോൾ ഇവന്റെ കാര്യം മറക്കരുത്.. പിന്നെ കുട്ടികൾ ഇവന്റെ അടുത്തോട്ട് പോകുന്നതൊക്കെ ശ്രദ്ധിക്കണം.. ഇവൻ ഒന്നും ചെയ്യില്ല എന്നാലും നമ്മൾ ശ്രദ്ധിക്കണം അതുപോലെ നാളെ ഇവനെ ഇവിടെ തളക്കേണ്ട.. തൊടിയിൽ തളച്ചാൽ മതി മനസ്സിലായോ…?”
“അതൊക്കെ ഞാൻ നോക്കിക്കോളാം ശിവേട്ടാ… ഇവൻ ആരെയും ഒന്നും ചെയ്യില്ല.. ഇവൻ എന്റെ കൂടപിറപ്പല്ലേ. ഇവന്റെ കാര്യത്തെ പറ്റി നിങ്ങളാരും പേടിക്കണ്ട അതൊക്കെ ഞാൻ നോക്കിക്കോളാം.. അല്ലേ അര്ജുനാ..?” ശിവൻ അവന്റെ തുമ്പികയ്യിൽ തലോടി കൊണ്ട് പറഞ്ഞു…..
ടൗണിൽ പോയ അരവിന്ദാക്ഷനും ദിവാകരനും കണ്ണനും സദ്യ വട്ടത്തിനുള്ള സാധനങ്ങളുമായി തിരിച്ചു വന്നു. അരവിന്ദാക്ഷനും അനുയായികളും വൈകീട്ടുള്ള സദ്യക്കും ചായസൽക്കാരത്തിനുമുള്ള പണികൾ ആരംഭിച്ചു. ഊണു കാലം കഴിഞ്ഞതും അച്ചുവിനെ ഒരുക്കാനുള്ള ബ്യുട്ടീഷ്യൻസ് വന്നു, അപ്പുവും കാർത്തുവും അമ്മമാരും കൂടി അച്ചുവിനെ മഞ്ഞളും ചന്ദനവും തേച്ചു കുളിപ്പിച്ചു. ബ്യുട്ടീഷ്യന്റെ കൂടെ അച്ചുവിനെ ഒരുക്കാൻ അവരും കൂടി. വിവാഹ തലേന്ന് ചുറ്റുവാനുള്ള പാട്ടു സാരി അപ്പുവും കാർത്തുവും കൂടി ഞൊറിയെല്ലാം ശരിയാക്കി അച്ചുവിനെ ഉടുപ്പിച്ചു. നിലകണ്ണാടിക്കു മുമ്പിൽ അച്ചുവിനെ ഇരുത്തി ബ്യുട്ടീഷ്യൻ അവളുടെ മുഖത്തും കയ്യിലുമെല്ലാം ചായങ്ങൾ പൂശി. വാൽ കാണ്ണാടിയിൽ നോക്കി വാലിട്ടു കണ്ണെഴുതി, മുടിയെല്ലാം ഒതുക്കിയെടുത്തു മുല്ലപ്പൂവു ചൂടി മണവാട്ടിയാക്കി. ലക്ഷ്മിയമ്മയും രേവതിയും മാലതിയും അവളുടെ കയ്യിലും കഴുത്തിലും കാതിലും കാലിലുമെല്ലാം കുറച്ചു ആലങ്കാരികമായി സ്വർണ്ണാഭരണം കെട്ടി. ചന്ദനം തേച്ചു കുളിപ്പിച്ചു മിനുക്കിയ അച്ചുവിന്റെ ദേഹത്ത് പാട്ടുസാരിയും സ്വര്ണാഭരണങ്ങളും കൊണ്ട് അണിയിച്ചൊരുക്കുന്നതും നോക്കി കൊണ്ട് ജമീലത്തയുടെ കുട്ടികൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു. അച്ചു അവർക്ക് ഒരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു. അണിഞ്ഞൊരുങ്ങിയ അച്ചുവിന്റെ കവിളത്ത് ലക്ഷ്മിയമ്മയും രേവതിയും മാലതിയും അപ്പുവും കാർത്തുവും ഓരോ ഉമ്മ കൊടുത്തു അവളെയും കൊണ്ട് അച്ഛന്മാരുടെ അടുത്തോട്ട് വന്നു. അവൾ അനുഗ്രഹത്തിനായി ആ കാലുകളിൽ തൊട്ടു നിറഞ്ഞ മനസ്സോടെ അവർ അവളുടെ ശിരസ്സിൽ കൈവച്ചനുഗ്രഹിച്ചു കവിളത്ത് സ്നേഹ ചുംബനം നൽകി. അപ്പോഴാണ് കണ്ണൻ സ്വർണ്ണ കരയുള്ള കസവ് മുണ്ടും ചന്ദനക്കളറുള്ള ജുബ്ബയുമണിഞ്ഞു ചെറിയ രീതിയിൽ ഒരുങ്ങി കൊണ്ട് അങ്ങോട്ട് വന്നത്. അവനും അച്ഛന്മാരുടെ കാലു തൊട്ട് അനുഗ്രഹം വാങ്ങി. കണ്ണന്റെയും അച്ചുവിന്റെയും കണ്ണുകൾ തമ്മിൽ തമ്മിൽ ഉടക്കിയതും അവരുടെ മുഖത്തു പ്രണയമന്ദാരം മിന്നിമറഞ്ഞു.. അവരുടെ കണ്ണുകൾ തമ്മിൽ കഥപറഞ്ഞു. അവളുടെ വാലിട്ടെഴുതിയ കണ്ണുകൾ മുഖത്തു വിരിഞ്ഞ ഒരു മന്ദാര ചിരിയോടെ കൂമ്പിയടയുന്നതും നോക്കി കണ്ണൻ അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചതും അവരുടെ മനസ്സിൽ , ..സീതാ കല്യാണം.. എന്ന രാഗം വീണമീട്ടുന്നുണ്ടായിരുന്നു. അതെല്ലാം ശരത്ത് ദൃശ്യ വിസ്മയമാക്കി വീഡിയോ ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു. ചിറക്കൽ തറവാട്ടിൽ ക്ഷണിക്കപ്പെട്ട നാട്ടുകാരും കുടുംബക്കാരും ചായസൽക്കാരത്തിന് വന്നു തുടങ്ങി. അവർ വധൂവരന്മാർക്ക് ആശീർവാദം നേർന്നു. മുതിർന്ന ആളുകളെല്ലാം അച്ചുവിനെ ശിരസ്സിൽ തൊട്ട് ആശീർവദിച്ചു. അറിയാത്ത ആളുകളെ പരിചയപ്പെടുത്തി അവളുടെ കൂടെ അപ്പുവുമുണ്ടായിരുന്നു. ചിറക്കൽ തറവാടിന്റെ അകവും പുറവും ആളുകളെ കൊണ്ട് നിറഞ്ഞു. കുട്ടികളെല്ലാം നടുമുറ്റത്തും മറ്റും ഓടികളിച്ചു. കണ്ണനും ശിവരാമൻ നായരും ശേഖരനും ദിവാകരനും കൂടി ആളുകളെയെല്ലാം സ്വീകരിച്ചിരുത്തി.
സന്ധ്യാദീപം കൊളുത്തേണ്ട സമയമായതും ലക്ഷ്മിയമ്മ പൂജാമുറിയിൽ കയറി വിളക്ക് കൊളുത്തി. അതിൽ നിന്നും ഒരു വിളക്കും കൂടി കൊളുത്തി അപ്പുവിന്റെ കയ്യിൽ കൊടുത്തു. ഇന്ന് അപ്പുവാണ് വിളക്ക് വെക്കുന്നത്. അവൾ നഗ്നപാദത്തോടെ ദീപം എന്നുരുവിട്ടു നടന്നു നടുമുറ്റത്തെ തുളസിതറയിലും മുറ്റത്തെ തുളസി തറയിലും വിളക്ക് വെച്ചു.. ക്ഷണം സ്വീകരിച്ചു വന്നവരല്ലാം ലക്ഷ്മീ ദേവി സങ്കല്പമായ നിലവിളക്കിനെയും ദീപത്തെയും തൊഴുതു. അഗ്നി ശോഭയാൽ തെളിഞ്ഞ ലക്ഷ്മീ ദേവിയെയും കൊണ്ട് അപ്പു സർപ്പക്കാവിലോട്ടു പോയി വിളക്ക് വെച്ചു തിരിച്ചു വന്നു ,ഉമ്മറത്തെ പീഠത്തിൽ വിളക്ക് വച്ചു… സന്ധ്യാ ദീപം വച്ചു കഴിഞ്ഞതും ചിറക്കൽ തറവാട് മുഴുവും ലൈറ്റ് തെളിയിച്ചു. പല നിറത്തിലുള്ള ഇലുമിനേഷൻ ബൾബുകൾ കൊണ്ടും റ്റ്യുബ് ലൈറ്റ് കൊണ്ടും ചിറക്കൽ തറവാട് വർണശോഭയിൽ തെളിഞ്ഞു നിന്നു…. ഇതേ സമയം കലവറയിൽ ചായസൽക്കാരവും ഒരു ശർക്കര പ്രഥമനോട് കൂടിയ സദ്യയും പൊടിപൊടിക്കുന്നുണ്ടായിരുന്നു. പന്തിയിൽ ആളെ ക്ഷണിച്ചിരുത്താനും ഇലയിടാനും സദ്യ വിളമ്പാനും. കൂട്ടുകൾ വിളമ്പാനും പായസം വിളമ്പാനും എല്ലാത്തിനും അനിലും കണ്ണനും അരുണും റഹ്‌മാനും നാട്ടുകാരും കൂടി ഓടി നടക്കുന്നുണ്ടായിരുന്നു……..
#തുടരും…
Read complete
സ്നേഹവീട് Malayalam online novel here