8 മണി ആയിട്ടും അയനത്തിന് കണ്ണനും അച്ചുവിനും ആശീർവാദം അറിയിക്കാൻ വരുന്ന ആളുകളുടെ തിരക്ക് ഒട്ടും കുറഞ്ഞിരുന്നില്ല. നാടറിഞ്ഞുള്ള വിവാഹമായത് കൊണ്ട് ചിറക്കൽ തറവാട്ടിലോട്ടു ആളുകളുടെ വരവിന് ഒട്ടും കുറവുണ്ടായിരുന്നില്ല. കണ്ണൻ കസവ് മുണ്ടും ജുബ്ബയുമെല്ലാം അണിഞ്ഞു പടിപ്പുരയുടെയവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു ആളുകളെ സ്വാഗതം ചെയ്യാൻ. കൂടെ ശിവരാമൻ നായരും ശേഖരനും ഉണ്ടായിരുന്നു. വരുന്ന ആളുകളെയെല്ലാം കണ്ണന്റെ കൂടെ നിർത്തി ശരത്ത് ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. ശേഖരനെ ആർക്കും പരിചയമില്ലാത്തത് കൊണ്ട് ശിവരാമൻ നായർ അവർക്കെല്ലാം പെണ്കുട്ടിയുടെ അച്ഛനാണെന്നും പറഞ്ഞു പരിചയപെടുത്തി കൊടുത്തു. ആളുകൾക്ക് ശിവരാമൻ നായരോടും ആ വീടിനോടും ഉള്ള സ്നേഹവും ബഹുമാനവും കണ്ടപ്പോഴേ ശേഖരന് മനസ്സിലായി. ചിറക്കൽ തറവാട് ആ നാട്ടിലുള്ള ജനങ്ങൾക്ക് എത്ര വലുതാണെന്നും. ആ നാട് ആ വീടിനെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്നും.
ആളുകളുടെ തിരക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത് പന്തിയിൽ ആയിരുന്നു. ഒരു സൈഡിൽ ചായ സൽക്കാരവും മറു സൈഡിൽ സദ്യയുമാരുന്നു ഒരുക്കിയിരുന്നത്…. എല്ലാത്തിനും മുന്നിൽ റഹ്‌മാനും അരുണും അനിലും ദിവാകരനും ഹസനിക്കയും ശിവനും നാട്ടുകാരും ഉണ്ടായിരുന്നു… അവർ നാട്ടുകാരെ ഇലയിട്ട് സ്വീകരിച്ചു സദ്യ കൊടുത്തു കൊണ്ടിരുന്നു. ആശീർവാദം അറിയിക്കാൻ വന്നവർ മനസ്സു നിറഞ്ഞു അനുഗ്രഹിച്ചു വയറു നിറച്ചു ശർക്കര പ്രഥമനും കൂട്ടി സദ്യയും കഴിച്ചു പോയിക്കൊണ്ടിരുന്നു..
അയനത്തിന് വന്ന ആളുകളുടെ തിരക്കും ബഹളവുമെല്ലാം കുറഞ്ഞപ്പോഴേക്കും സമയം പത്തുമണി കഴിഞ്ഞിരുന്നു. ക്ഷണം സ്വീകരിച്ചു വന്ന ആളുകളെല്ലാം പോയി കഴിഞ്ഞപ്പോഴേക്കും ചിറക്കൽവീട്ടുകാരും, ചുരുക്കം കുറച്ചു അയൽവാസികളും, ദേഹണ്ണക്കാരും, ഹസനിക്കയും കുടുംബവും, ശരത്തും, റഹ്‌മാനും ,അരുണും, ശിവനും മാത്രം ബാക്കിയായി.
കണ്ണൻ ഡ്രെസ്സെല്ലാം മാറിനേരെ കലവറയിലേക്ക് വന്നപ്പോൾ, ലക്ഷ്മിയമ്മയും മാലതിയും രേവതിയും കാർത്തികയും അപ്പുവും അച്ചുവും ജമീലത്തയും കുട്ടികളും റഹ്‌മാനും അവിടെ നിൽക്കുന്നുണ്ടായിരുന്നു. അച്ചുവും ഡ്രസ്സെല്ലാം മാറിയിരുന്നു. കണ്ണനെ കണ്ടതും അപ്പുവും അച്ചുവും അവന്റടുത്തേക്ക് വന്നു, അപ്പു ചോദിച്ചു…
“ഏട്ടാ നാളേക്കുള്ള മുല്ലപ്പൂന്റെയും മാലയുടെയും തുളസി മാലയുടെയും ബൊക്കയുടെയും കാര്യമെല്ലാം ok അല്ലേ…
“അതൊക്കെ അനികുട്ടനല്ലേ ഏല്പിച്ചിരിക്കുന്നത്. അവനേ അറിയൂ അതെല്ലാം..”
“അനിയേട്ടൻ എല്ലാം ok ആണെന്ന് പറഞ്ഞു. എന്നാലും ഒന്നും കൂടി ഓര്മിപ്പിക്കായിരുന്നു. ഏട്ടൻ അനിയേട്ടനോട് ഒന്നു വിളിച്ചോർമിപ്പിക്കാൻ പറ. ഞാൻ പറഞ്ഞാൽ കേൾക്കില്ല എന്നെ ചാടി കടിക്കാൻ വരും ഏട്ടൻ പറഞ്ഞാലേ അനിയേട്ടൻ കേൾക്കൂ….”
“ഞാൻ പറയാം അവനോട്, അവനെവിടെ പോയി ഇവിടെയൊന്നും കാണാനില്ലല്ലോ. അരുണിനെയും ശിവനേയും അവരേയും കാണാനില്ലല്ലോ…”
“ആ അറിയില്ല കുറച്ചു മുന്നേ ഇവിടെയുണ്ടായിരുന്നല്ലാവർക്കും..” അനിലിനെയും അരുണിനെയും ശിവനേയും അവിടെ കാണാത്തത് കൊണ്ട് കണ്ണൻ റഹ്‌മാനോട് ചോദിച്ചു..
“ഡാ.. അനികുട്ടനും അരുണും ശിവനും എവിടെ പോയി… ?”
“പാല് ഏൽപിച്ച ആള് വിളിച്ചിരുന്നു. അവർ ടൗണിൽ എത്തിയിട്ടുണ്ട് എന്നു പാറഞ്ഞു. അവർക്ക് ഇങ്ങോട്ടുള്ള വഴി അറിയാത്തത് കൊണ്ട് അവരെ കൂട്ടാൻ അനിലും അരുണും കൂടി പോയി..”
“ആണോ.. അപ്പൊ ശിവനോ..?”
“അവൻ അര്ജ്ജുന് ഒന്നും കൊടുത്തിട്ടില്ലാന്നും പറഞ്ഞു. അവനു കൊടുക്കാൻ ഇപ്പൊ ഒരു ബക്കറ്റ് ചോറും കൊണ്ട് അവന്റെ അടുത്തോട്ട് പോയിട്ടുണ്ട്…” അപ്പോഴാണ് ശരത് കണ്ണന്റെ അടുത്തേക്ക് വന്നു പറഞ്ഞത്…
“ഡാ.. ഞാൻ പോവ്വാണ് രാവിലെ വരാം” .
“എവിടെ പോണു.. ഇനി നാളെ വിവാഹം കഴിഞ്ഞു പോകാം.. രാവിലെ ഇങ്ങോട്ട് തന്നെ വരാനുള്ളതല്ലേ..?”
“അതൊക്കെ ശരിയാണ്. പക്ഷെ പോയേ പറ്റൂ.. കെട്ടിയോളും മോളും അവിടെ ഒറ്റക്കാണ്.. ഇപ്പൊ തന്നെ ഒരു പതിനാറ് തവണ വിളിച്ചു കഴിഞ്ഞു അവള്. പോന്നില്ലേ പോന്നില്ലേന്നും പറഞ്ഞോണ്ട്… തന്നെയുമല്ല രാവിലെ വരുമ്പോൾ എനിക്ക് സ്റ്റുഡിയോയിൽ നിന്നു രണ്ട് ക്യാമറയും കൂടി എടുക്കാനുണ്ട്. പിന്നേ ഞാൻ കേമറയെല്ലാം നിന്റെ റൂമിൽ വച്ചിട്ടുണ്ട്. ഒന്നു നോക്കി കോണം….”
“അതാരും തൊടില്ല, ഞാൻ നോക്കി കോളാം, എന്നാ ശരി. നാളെ പ്രിയേയും മോളേയും കൂട്ടി നേരത്തെ വാ.. അല്ലാ നിന്റെ കൂടെയുണ്ടായിരുന്നവർ എവിടെ പോയി..?”
“അവർ കുറച്ചു നേരത്തേ പോയി.. നിന്നെ കാണാൻ നിന്നതാണ്. നീ ഓരോ തിരക്കിലായത് കൊണ്ട് ഞാനാ പറഞ്ഞത് ഞാൻ പറഞ്ഞോളാമെന്ന്..”
“ആണോ. ഞാൻ ആളുകളെ ക്ഷണിച്ചിരിത്തുന്നതിനിടയിൽ നിങ്ങളുടെ കാര്യം വിട്ട് പോയി. അല്ലാ നീ ഭക്ഷണം കഴിച്ചതാണോ…?”
“പിന്നെ കഴിക്കാതെ അതൊക്കെ ഞാൻ നേരത്തേ കഴിച്ചു.. വയറു വിശന്ന് പണിയെടുക്കുന്നത് എനിക്ക് പണ്ടേ ഇഷ്ടമെല്ലാന്ന് നിനക്ക് അറിയുന്നതല്ലേ..” ശരത്ത് ഒരു ചിരിയോടെ പറഞ്ഞു..
“എന്നാ ഒരു കാര്യം ചെയ്യ്. കുറച്ചു പായസം കൊണ്ട് പൊക്കോ. പ്രിയക്കും മോൾക്കും..’ അതും പറഞ്ഞു കലവറയിലേക്ക് നോക്കി. നാളെത്തെ സദ്യക്ക് നാക്കില മുറിച്ചു കൊണ്ടിരിക്കുന്ന അരവിന്ദാക്ഷൻ നായരോട് ചോദിച്ചു.. “അരവിന്ദേട്ടാ.. പായസം ഇരുപ്പില്ലേ..?”
“ഉണ്ട്.. ആ ഉരുളിയിൽ ഉണ്ട് ” . അരവിന്ദാക്ഷൻ നായർ വാഴയില ഇട്ട് മൂടിയ ഉരുളിലേക്ക് നോക്കി പറഞ്ഞു.. കണ്ണൻ ഉരുളിയിലേക്ക് നോക്കി അമ്മയോട് പറഞ്ഞു…
“അമ്മാ അകത്തു നിന്നു ഒരു പാത്രമെടുത്തു കുറച്ചു പായസം അതിലാക്കി ശരത്തിനു കൊടുക്കൂ…” അതു കേട്ട ലക്ഷ്മിയമ്മ അകത്തു പോയി ഒരു തൂക്കുപാത്രം എടുത്തു അതിൽ പായസം നിറച്ചു പാത്രത്തിന്റെ പുറം തുടച്ചു ശരത്തിന്റെ കയ്യിൽ കൊടുത്തു പുഞ്ചിരിച്ചു പറഞ്ഞു…
“നാളെ രാവിലെ നേരത്തെ തന്നെ ഭാര്യയെയും കുഞ്ഞിനെയും കൂട്ടി വന്നോണം ട്ടോ…”
“പിന്നെ വരാതെ. സൂര്യനുദിക്കുന്നതിനു മുമ്പ് ഞങ്ങളിവിടെത്തിയിരിക്കും പോരേ…?” ശരത്ത് ഒരു ചിരിയോടെ പറഞ്ഞു. കണ്ണൻ ശരത്തിനെ യാത്രയാക്കാൻ ആനയിച്ചു മുറ്റത്തെത്തിയപ്പോഴാണ്, ശിവരാമൻ നായരും ശേഖരനും ദിവാകരനും ഹസനിക്കയും അവിടെ ഇരിക്കുന്നത് കണ്ടത്. ശിവരാമൻ നായർ ശരത്തിനെ കണ്ടതും ചോദിച്ചു…
“മോൻ പോവ്വാണോ… ?”
“അതേ അച്ഛാ… ഭാര്യയും മോളും വീട്ടിൽ ഒറ്റക്കാണ്…” ശരത്ത് വിനയത്തോടെ പറഞ്ഞു..
“ആണോ.. എന്നാ പെട്ടന്ന് പൊക്കോളൂ.. എന്നിട്ട് രാവിലെ നേരത്തെ കുട്ടികളെല്ലാം കൂട്ടി ഇങ്ങോട്ട് വന്നോണം..”
“ശരിയച്ചാ.. എന്നാ ശരി”. എല്ലാവരോടും കണ്ണൻ ഒരു പുഞ്ചിരിയോടെ എല്ലാവരെയും നോക്കി പറഞ്ഞു പോയി… ശരത്ത് പോയതും കണ്ണൻ കലവറയിലോട്ട് വന്നു അമ്മയോട് ചോദിച്ചു…
“അമ്മാ നിങ്ങളെല്ലാവരും ഭക്ഷണം കഴിച്ചതാണോ…?”
“ഇല്ല്യാ… ആരും കഴിച്ചിട്ടില്ല്യാ…”
“അച്ഛനും, അച്ചൂന്റെഛനും, അമ്മാവനും കഴിച്ചതാണോ…?” അതിനുള്ള ഉത്തരം റഹ്മാനാണ് പറഞ്ഞത്..
“അവര് കഴിച്ചു. അവരെ നേരത്തെ ഞാൻ വിളിച്ചിരുത്തി കൊടുത്തു…”
“എന്നാ എന്താ എല്ലാരും വട്ടം കൂടി നിൽക്കുന്നെ. ഇങ്ങോട്ടിരുന്നോളൂ എല്ലാവരും. ഞാനും കഴിച്ചിട്ടില്ല. വരൂ എല്ലാവരും..” കണ്ണൻ എല്ലാവരെയും നോക്കി നിരത്തിയിരിക്കുന്ന പന്തിയിലേക്ക് നോക്കി പറഞ്ഞു.. അതു കേട്ടതും രേവതിയും ലക്ഷ്മിയമ്മയും പറഞ്ഞു..
“മക്കളിരുന്നോ ഞങ്ങളെടുത്തു തരാം..” അതു കേട്ട കണ്ണൻ അച്ചുവിനെ നോക്കി ഒരു പുഞ്ചിരിയോടെ മറ്റുള്ളവരോട് പറഞ്ഞു..
“അതു വേണ്ട നിങ്ങളിരിക്കൂ… ഇന്ന് ഞാനും അച്ചുവും കൂടി നിങ്ങൾക്ക് വിളമ്പാം..” അത് കേട്ട അച്ചുവിന് സന്തോഷായി.. അവൾ പറഞ്ഞു..
“അതേ ഇന്ന് ഞാനും കണ്ണേട്ടനും വിളമ്പാം നിങ്ങൾക്ക് സദ്യ.. അതു കേട്ട അപ്പു പന്തിയിൽ ഇരുന്നു കൊണ്ട് ആവേശത്തോടെ പറഞ്ഞു…
“ആ അതു കൊള്ളാം, എന്നാ പെണ്ണും ചെറുക്കനും കൂടി ഞങ്ങൾക്ക് ഇലയിട്ടോളൂ.. ഇനി നിങ്ങൾക്ക് ഞങ്ങളെ ഊട്ടാൻ അവസരം തന്നില്ലാന്ന് വേണ്ട.. അല്ലേ റഹ്‌മാനിക്കാ. ഇക്ക വാ ഇങ്ങോട്ടിരിക്കു, അവർ വിളമ്പിക്കോളും.. അമ്മാ എല്ലാവരും ഇരുന്നോളൂ…” അതു കേട്ട റഹ്മാൻ അപ്പൂന്റെ അടുത്ത് പോയിരുന്നു. മറ്റുള്ളവരും ഇരുന്നു. എല്ലാവരും ഇരുന്നതും അപ്പു വയറ് ഉഴിഞ്ഞു കൊണ്ട് കണ്ണനെയും അച്ചുവിനെയും നോക്കി കളിയാക്കി കൊണ്ട് പറഞ്ഞു…
“കിന്നാരം പറഞ്ഞു കൊണ്ട് നിൽക്കാതെ ഒന്ന് പെട്ടന്ന് ഇലയിട്ടേ രണ്ടാളും. മനുഷ്യന്റെ വയറിവിടെ വിശന്ന് കരിഞ്ഞു തുടങ്ങി…” അത് കേട്ട കണ്ണൻ അതേ നാണയത്തിൽ തിരിച്ചടിച്ചു കൊണ്ട് പറഞ്ഞു..
“ഓ ഉത്തരവ് തമ്പുരാട്ടി. അല്ലെങ്കിൽ നിന്റെ വയറ് എപ്പോഴാ കരിയാത്തത് നിനക്ക് ഏതു നേരവും വിശപ്പല്ലേ..?” അത് കേട്ടതും അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു…
“അമ്മാ.. ഇത് നോക്കിയേ ഏട്ടൻ കളിയാക്കുന്നു…” അതു കേട്ടതും. ലക്ഷമിയമ്മ. അപ്പുവിനെ നോക്കി ശകാരിക്കും പോലെ പറഞ്ഞു…
“ഒന്നടങ്ങിയിരിയപ്പൂ.. പാതിരാത്രിക്കാ രണ്ടിന്റെയും ഒരു തല്ല് കൂടല്..”
“ഇപ്പൊ എനിക്കായോ കുറ്റം. ഞാനല്ല ഏട്ടൻ എന്നെയാണ് കളിയാക്കിയത്…”
“അവൻ കളിയാക്കിയാലും നിനക്കൊന്നു താന്ന് കൊടുത്താലെന്താ. നിന്റെ മൂത്തതെല്ലേ അവൻ..?” അതു കേട്ട കണ്ണൻ പറഞ്ഞു…
“ആ അങ്ങനെ പറഞ്ഞു കൊടമ്മാ.. ഡീ.. നീ ഇനി മിണ്ടിയാൽ ഈ സാമ്പാറെടുത്ത് ഞാൻ നിന്റെ തലവഴിയൊഴിക്കും പറഞ്ഞേക്കാം..”
“ആ ഏട്ടൻ ഇങ്ങോട്ട് വാ സാമ്പാറും കൊണ്ട് ഒഴിക്കാൻ. ഞാനത് വാങ്ങി ഏട്ടന്റെ തലേക്കൂടിയാവും ഒഴിക്കാ. ബാക്കി ചിരിച്ചു കൊണ്ടിരിക്കുന്ന ഇവളുടെയും..” അപ്പു അച്ചുവിനെ നോക്കി പറഞ്ഞു… അപ്പോഴാണ് മാലതി അപ്പുവിനെ ഒന്നു എത്തി നോക്കി പറഞ്ഞത്…
“അപ്പൂ ഞാൻ നിന്റെ അടുത്തോട്ട് ഇരിക്കണോ. അതോ നീയ്യവിടെ മിണ്ടാതിരിക്കുന്നോ…” ആ വാക്കിലെ ഭീഷണി മനസ്സിലായ അപ്പു സ്വരം താഴ്ത്തി സൗമ്യം വെടിഞ്ഞു പറഞ്ഞു…
“അയ്യോ വേണ്ട അമ്മായി അവിടെ ഇരുന്നാൽ മതി. ഞാനിവിടെ മിണ്ടാതിരുന്നോളാം..” ലക്ഷ്മിയമ്മ കണ്ണനേയും അച്ചൂനേയും നോക്കി രേവതിയോട് ഒരു പുഞ്ചിരിയോടെ പറഞ്ഞു…
“ഇനി മക്കൾക്ക് നമ്മളെ ഊട്ടാൻ അവസരം കൊടുത്തില്ലാന്ന് വേണ്ട. അല്ലേ രേവതി..?” രേവതി അതേ.. എന്നു പറഞ്ഞതും ലക്ഷ്മിയമ്മ കണ്ണനോട് പറഞ്ഞു.. “ഞങ്ങൾ കഴിച്ചതിന് ശേഷം ഞങ്ങൾ എല്ലാവരും കൂടി മക്കളെ രണ്ടാളെയും ഊട്ടാം ട്ടോ..”‘ പിന്നെ അരവിന്ദാക്ഷൻ നായരോടും പണിക്കാരോടും ചോദിച്ചു… “അരവിന്ദാക്ഷാ, നിങ്ങളെല്ലാവരും കഴിച്ചതാണോ.. ഇല്ലെങ്കിൽ ഇങ്ങോട്ടിരുന്നോളൂ എല്ലാരും….”
“അതു ഞങ്ങളോട് പ്രത്യേകിച്ചു ചോദിക്കൊന്നും വേണ്ട ചേച്ചി.. ഞങ്ങൾ ഈ വിളമ്പുന്നതിനിടയിൽ തൊട്ടൂം കൂട്ടീം ഞങ്ങളുടെ വയറങ്ങു നിറയും നിങ്ങള് കഴിച്ചാട്ടെ “.അരവിന്ദാക്ഷൻ നായര് ഒരു ചിരിയോടെ പറഞ്ഞു..
അതു കേട്ടതും, കണ്ണനും അച്ചുവും കൂടി എല്ലാവർക്കും ഇലയിട്ടു. പിന്നെ ഇലയുടെ ഇടത്തു സൈഡിൽ തുമ്പത്ത് വറവുകളും ഉപ്പും വച്ചു. പിന്നെ തൊട്ട് കറികളും കൂട്ട് കറികളും പപ്പടവും പഴവും വെച്ചു വിളമ്പി. കണ്ണൻ ചോറു വിളമ്പിയതും അച്ചു സാമ്പാർ ഒഴിച്ചു കൊടുത്തു. എല്ലാവരും ഊണു കഴിച്ചു തുടങ്ങി. ഊണു കഴിച്ചു കഴിയാറായതും കണ്ണൻ എല്ലാവരുടെയും ഇലയിൽ ശർക്കര പായസം വിളമ്പി.. എല്ലാവരും സദ്യയും കഴിച്ചു ഏമ്പക്കം വിട്ട് എഴുന്നേറ്റ് കൈ കഴുകി വന്നു.. കണ്ണനെയും അച്ചുവിനെയും ഒരുമിച്ചിരുത്തി സദ്യവിളമ്പി ഓരോ നർമങ്ങളും പറഞ്ഞു, അവരുടെ ചുറ്റും വട്ടം കൂടി നിന്നു, അവരെ സ്നേഹത്തോടെ ഊട്ടി……
കലവറയിൽ നാളേക്കുള്ള സദ്യയുടെ ഒരുക്കങ്ങൾ തുടങ്ങി.. എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയിപ്പ്, ചവർപ്പ്, എന്നീ ആറു രസങ്ങൾ ചേർന്ന. 24 കൂട്ടോടുകൂടിയ, നാല് പ്രഥമനോട് കൂടിയ സദ്യക്കുള്ള. ഒരുക്കങ്ങൾ തകൃതിയായി നടന്നു. വലിയ കല്ലടുപ്പുകളിൽ വാർപ്പുകൾ വച്ചു ചോറിനുള്ള വെള്ളം നിറച്ചു. ചകിരിയിൽ കർപ്പൂരം കത്തിച്ചു ഭഗവാനെ മനസ്സിൽ ധ്യാനിച്ചു അരവിന്ദാക്ഷൻ നായർ താഴെ തീ പിടിപ്പിച്ചു. കയ്യാളായ വേലായുധൻ സാമ്പാറിനുള്ള കഷ്ണങ്ങൾ വെട്ടി കൂട്ടി കൊണ്ടിരുന്നു. കയ്യാൾ മാധവൻ അവിയലിനുള്ള ചേനയും മുരിങ്ങക്കായും പടവലവും പയറും ബീൻസും കാരറ്റും മത്തങ്ങയും മുളകും, പാകത്തിനുള്ള നീളത്തിലും വണ്ണത്തിലും അരിഞ്ഞു കൊണ്ടിരുന്നു. മറ്റൊരു കയ്യാളായ കൃഷ്ണൻ കുട്ടി, ശർക്കര വരട്ടിക്കുള്ള എത്താക്കായ നെടുനീളെ കീറി മുറിച്ചു കനത്തിലുള്ള ചെറിയ കഷ്ണങ്ങളാക്കി ശർക്കരയിൽ പാവുകാച്ചി. ശർക്കര വരട്ടി തയ്യാറാക്കി കൊണ്ടിരുന്നു. കൂടെ കായവറവും കൊണ്ടാട്ടവും തയ്യാറാക്കുന്നുണ്ടായിരുന്നു.. മറ്റു കയ്യാളായ രാധയും ശാന്തയും തേങ്ങ ചിരവി. തോർത്തു മുണ്ടിൽ കെട്ടി പാല് പിഴിഞ്ഞു കൊണ്ടിരുന്നു. വാർപ്പിലെ വെള്ളത്തിന് നേരിയ ചൂട് പിടിച്ചു തുടങ്ങിയതും അരവിന്ദാക്ഷൻ നായർ പറഞ്ഞു…
“രാധ പെങ്ങളെ, കഴുകിയെടുത്ത അരി ഇങ്ങെടുത്തോളൂട്ടോ, വെള്ളത്തിന് ചൂട് പിടിച്ചു തുടങ്ങി… രാധയും ശാന്തയും തേങ്ങ പിഴിയൽ നിർത്തി കൈ കഴുകി തൊളിലിട്ട തോർത്തിൽ കൈ തുടച്ചു സാരിതുമ്പെല്ലാം അരയിലേക്ക് കയറ്റി കുത്തി. കുട്ടയിൽ കഴുകി വെച്ച അരിയെടുത്തു കൊണ്ട് വന്നു താങ്ങി പിടിച്ചു കൊണ്ട് ചോദിച്ചു..
“ഇടാറായോ അരവിന്ദേട്ടാ…
“ആയിട്ടില്ല ആ കട്ടിലിലോട്ട് വച്ചോളൂ.. എന്നിട്ട് രണ്ടാളും ആ ഇരിക്കുന്ന ഒരു അണ്ടാവും. പ്രഥമൻ തയ്യാറാക്കാനുള്ള ഉരുളികളെല്ലാം കഴുകിയെടുത്തോളൂ.. മാധവാ. സാമ്പാറിനുള്ള കഷ്ണങ്ങൾ അരിഞ്ഞു കഴിഞ്ഞെങ്കിൽ, പരിപ്പ് വേവിച്ചോളൂ ട്ടൊ…” അപ്പോഴാണ് അരുണും കണ്ണനും അനിലും റഹ്‌മാനും അങ്ങോട്ട് വന്നത്.കണ്ണനെ കണ്ടതും അരവിന്ദാക്ഷൻ ചോദിച്ചു..
“അല്ലാ മോനുറങ്ങിയില്ലേ. എന്തിനാ ഉറക്കം കളയണേ. ഉറങ്ങിയാലെ നാളെ നല്ല ഉഷാറിൽ അണിഞ്ഞൊരുങ്ങി നിൽക്കാൻ പറ്റൂ…” അതു കേട്ട അരുൺ പറഞ്ഞു…
“ഞങ്ങൾ പറഞ്ഞതാണ് അവനോട് പോയി കിടന്നുറങ്ങാൻ. അപ്പൊ അവൻ പറയാ അവന് ഉറക്കം വരണില്ലാന്നു..”
“ആ അതങ്ങനെയാ. വിവാഹത്തലേന്നു. അവിടെയുള്ള എല്ലാവർക്കുറക്കം വന്നാലും ചെറുക്കനും പെണ്ണിനും ഉറക്കം കാണില്ല്യ. കാരണം അവർ ഒരു സ്വപ്ന ലോകത്തല്ലേ….” അതു കേട്ടതും എല്ലാവരും ചിരിച്ചു. അപ്പോഴാണ് അനില് ചോദിച്ചത്…
“ഞങ്ങൾ സഹായിക്കണോ അരവിന്ദേട്ടാ.. എന്തെങ്കിലും സഹായം വേണമെങ്കിൽ പറഞ്ഞോളൂ ട്ടോ…?” അതു കേട്ടതും അരവിന്ദാക്ഷൻ പറഞ്ഞു..
“എന്നാ ഒരു കാര്യം ചെയ്യൂ. ആ ചിരകിവച്ച തേങ്ങ അങ്ങു പിഴിഞ്ഞോളൂ..” അതു കേട്ടതും റഹ്‌മാനും അനിലും അരുണും കൂടി തേങ്ങ പിഴിയാൻ തുടങ്ങി. കണ്ണൻ ഒരു കാരറ്റ് കടിച്ചു കൊണ്ട് അവരുടെടുത്തിരുന്നു… അപ്പോഴാണ് ശിവരാമൻ നായരും ശേഖരനും ഹസനിക്കയും. അങ്ങോട്ട് വന്നത്. ശിവരാമൻ നായരെ കണ്ടതും കണ്ണനും മറ്റുള്ളവരും എഴുന്നേറ്റ് നിന്നു ബഹുമാനിച്ചു. ശിവരാമൻ നായർ അരവിന്ദാക്ഷനോട് ചോദിച്ചു..
“അരവിന്ദാ എന്തായി വിഭവങ്ങളെല്ലാം ആയി തുടങ്ങിയോ..?”
“ആയി തുടങ്ങുന്നു ശിവേട്ടാ..” അരവിന്ദാക്ഷൻ പച്ചക്കറി അരിയുന്നതിനിടയിൽ പറഞ്ഞു. അപ്പോഴാണ് ഹസ്സനിക്ക ചോദിച്ചത്
“അരവിന്ദാ.. താനാ വിഭവങ്ങളുടെ പേരൊക്കെ ഒന്നു പറയടോ ഒന്നു കേൾക്കട്ടെ “.
“അതിപ്പോ എന്താ ഇത്ര പറയാനുള്ളതസനിക്കാ.. ഒരു സദ്യക്കുള്ള എല്ലാം ഉണ്ട്.. തുമ്പപ്പൂ ചോറ്, സാമ്പാറ്, പരിപ്പ്, മോരുകറി, കായവറവ്, ശർക്കര വരട്ടി, മുളക് കൊണ്ടാട്ടം, തോരൻ, സ്റ്റൂ, പച്ചടി, കിച്ചടി, അവിയൽ, ഓലൻ, കാളൻ, എരിശ്ശേരി, പുളിശ്ശേരി, ഇഞ്ചിക്കറി, പുളിയിഞ്ചി, നാരങ്ങാ അച്ചാർ ,മാങ്ങാ അച്ചാർ, രസം, മോര്, നെയ്യ്, പഴം, പപ്പടം,.. പിന്നെ. പാലട പ്രഥമൻ, ഗോതമ്പ് പ്രഥമൻ, പഴം പ്രഥമൻ, പരിപ്പ് പ്രഥമൻ”. അതെല്ലാം കേട്ടപ്പോഴേക്കും എല്ലാവരുടെയും വായിൽ വെള്ളമൂറി ഉമിനീരിറക്കി.. പിന്നെയും അരവിന്ദാക്ഷൻ വിരല് മടക്കി എണ്ണി പറയാൻ നിന്നതും ഹസ്സനിക്ക പറഞ്ഞു…
“മതി നിർത്ത്.. എല്ലാം കൂടി കേട്ടപ്പോൾ ഇപ്പോതന്നെ വയറു നിറഞ്ഞു. ഇനി പറയണ്ട” . അതു കേട്ടതും എല്ലാവരും ചിരിച്ചു… പിന്നെ ഹസാനിക്ക അരവിന്ദാക്ഷന്റെ കഷണ്ടി തലയിൽ തടവികൊണ്ടു ഒരു ചിരിയോടെ പറഞ്ഞു.
“ഡാ.. നിന്റെ തല കുട്ടനാശാരിയുടെ കയ്യിലെ ചിറ്റ് കെട്ടിയ വടക്കനുളിയുടെ പിടി പോലെ ആയല്ലോടാ..?”
“പ്രായമായില്ലേ ഹസ്സനിക്കാ.. അപ്പൊ മുടിയും പോകും തൊലിയും ചുളിയും. നിങ്ങളിപ്പോഴും ചെറുപ്പക്കാരനല്ലേ..?”
“അത് നീ എനിക്കിട്ടൊന്നു വച്ചതാണല്ലോ അരവിന്ദാ..?” ഹസനിക്ക ഒരു ചിരിയോടെ പറഞ്ഞു അവരുടെ നർമം കലർന്ന സംസാരം കേട്ടതും എല്ലാവരും ചിരിച്ചു. പിന്നെ അണ്ടാവ് കഴുകികൊണ്ടിരിക്കുന്ന ശാന്തയെ നോക്കി കൊണ്ട് ഹസ്സനിക്ക പറഞ്ഞു..
“ശാന്തേ നീ ഇപ്പോഴും ഇവന്റെ കൂടെ ഉണ്ടോടി…?”
“പിന്നെ ഇല്യാണ്ട്. ജീവിക്കണ്ടേ ഹസ്സനിക്കാ. രണ്ട് മൂന്ന് വയറ് പോറ്റാനുള്ളതല്ലേ..?”
“കുട്ടികൾക്കൊക്കെ സുഖാണോഡി.. മൂത്തപെണ്ണിനെ കെട്ടിക്കാറായില്ലോടി. വല്ല ആലോചനയും വന്നിരുന്നോ..?”
“ആലോചനയൊക്കെ വരുന്നുണ്ട് പക്ഷെ പിടിച്ചു കൊടുക്കാൻ കയ്യിൽ വല്ലതും വേണ്ടേ. എന്റെ ഈ കൈ കൊണ്ട് കിട്ടിയിട്ട് വേണ്ടേ എല്ലാത്തിനും. അങ്ങേര് പറക്കമുറ്റാതെ എന്റെ കുഞ്ഞുങ്ങളെയും എന്നെയും വിട്ട് നേരത്തെ അങ്ങു പോയില്ലേ..?” അതു കേട്ടതും എല്ലാവർക്കും വിഷമായി.. ശിവരാമൻ നായര് പറഞ്ഞു..
“ശാന്തേ.. ഇനി നല്ല ആലോചന വല്ലതും വന്നാൽ നീ എന്നെ ഒന്നറിയിക്കു. നമുക്കൊത്തതാണെങ്കിൽ നമുക്ക് എല്ലാവർക്കും കൂടി അങ്ങു നടത്തിക്കളയാം. പ്രായം ചെന്ന പെൺകുട്ടികൾ വീട്ടിലിരിക്കാൻ പാടില്ല്യ..” അതു കേട്ടതും എല്ലാവർക്കും സന്തോഷായി. അതിൽ ഏറ്റവും സന്തോഷായത് ശാന്തക്കായിരുന്നു. സന്തോഷം കൊണ്ട് ആ കണ്ണുകൾ നിറഞ്ഞിരുന്നു.. അവർ ഒരു നിറഞ്ഞ പുഞ്ചിരിയോടെ ശരി എന്ന് പറഞ്ഞു.. പിന്നെ കണ്ണനോട് പറഞ്ഞു..
“കണ്ണാ പക്കമേളക്കാരെയും നാദസ്വരക്കാരെയും വിളിച്ചിരുന്നോ നീ..?”
“ആ വിളിച്ചിരുന്നു.. അവർ രാവിലെ എത്തും..” അപ്പോഴാണ് അരവിന്ദാക്ഷൻ ചോദിച്ചത്..
“ശിവേട്ടാ താലികെട്ട് അമ്പലത്തിൽ വച്ചല്ലേ.. അപ്പൊ ഇവിടെ മണ്ഡപത്തിൽ കർമ്മങ്ങളെല്ലാം ചെയ്യാൻ ആരെയാ ഏൽപ്പിച്ചത്.. അതും അമ്പലത്തിലെ തിരുമേനിയെ തന്നെയാണോ..?”
“അല്ല. തിരുമേനി താലികെട്ടിനു മാത്രമേ നേതൃത്വം കൊടുക്കുന്നുള്ളൂ.. ഇവിടെ മണ്ഡപം ഒരുക്കിയ സ്ഥിതിക്ക് കർമങ്ങൾ നടത്താൻ കീഴപ്പയ്യൂർ മാനവേദൻ നമ്പൂതിരിയെയാണ് ഏല്പിച്ചിട്ടുള്ളത്, താലികെട്ട് അമ്പലത്തിൽ വച്ചു കഴിഞ്ഞാൽ വിവാഹം കഴിഞ്ഞു.. പിന്നെയുള്ള ചടങ്ങുകളെല്ലാം ഇവിടെയാക്കിയത്. എല്ലാവർക്കും കാണാൻ വേണ്ടിയാണ്. ക്ഷണിക്കപ്പെട്ടവരെല്ലാം ഇങ്ങോട്ടല്ലേ വരുന്നത്…”
“അതും ശരിയാണ്.. ഇതിപ്പോ ചെറുക്കനും പെണ്ണും ഒരേ വീട്ടിൽനിന്നും ഇറങ്ങുന്നതു കൊണ്ട് ആളുകൾക്ക് ഒരു പിടിയും കിട്ടില്ല…”
“അതൊക്കെ പിടികിട്ടിക്കോളും. ചടങ്ങുകളെല്ലാം അതിന്റെ മുറപോലെ. നടക്കും…” പിന്നെ കണ്ണനോട് പറഞ്ഞു… “കണ്ണാ നീ പോയി കിടന്നോളൂ ഉറക്കം കളയണ്ട….” അതു കേട്ട കണ്ണൻ പറഞ്ഞു…
“അച്ഛനും കിടന്നോളൂ.. അച്ഛന് വയ്യാത്തതാണ്. അതു മറക്കണ്ട…”
“ഞങ്ങൾ കുറച്ചും കൂടി കഴിഞ്ഞു കിടന്നോളാം. ഇന്നൊരീസമല്ലേ ഇങ്ങനെ ഉറക്കമൊഴിക്കാൻ പറ്റൂ. ഇനി അടുത്ത ഒരു ഉറക്കം ഇതു പോലെ ഒഴിക്കണമെങ്കിൽ അപ്പൂന്റെ വിവാഹം വരെ കാത്തിരിക്കണം.. നീ പോയി കിടന്നോ. അനികുട്ടാ , അരുണേ. നിങ്ങളും പോയി കിടന്നോളൂ. എന്തിനാ ഉറക്കം കളയുന്നേ…?” അതു കേട്ട അവരെല്ലാം അവിടെനിന്നും സ്ഥലം കാലിയാക്കി.. അരുണും റഹ്‌മാനും രാവിലെ വരാന്നും പറഞ്ഞു വീട്ടിലോട്ട് പോയി. അനില് പോയി കിടന്നു. കണ്ണൻ അവന്റെ റൂമിലോട്ട് പോകാൻ നിൽക്കുമ്പോഴാണ് അച്ചു പതുങ്ങി പതുങ്ങി കണ്ണന്റെ പിന്നിലൂടെ വന്നു പുറത്തു തൊണ്ടിയത്. കണ്ണൻ ഞെട്ടി തിരിഞ്ഞു അച്ചുവിനെ നോക്കി. അച്ചു ചുണ്ടത്ത് വിരൽ വച്ചു,,, ശൂ .. പതുക്കെ എന്നു പറഞ്ഞു അതു കേട്ട കണ്ണൻ സ്വരം താഴ്ത്തി കൊണ്ട് പറഞ്ഞു…
“ഹോ.. നീയായിരുന്നോ. നിനക്കൊന്നു വിളിച്ചിട്ടു തൊണ്ടിയാലെന്താ.. പെട്ടന്ന് ആരാ പിന്നിൽ നിന്നും തൊണ്ടിയതെന്ന് ചിന്തിച്ചു ഞാൻ പേടിച്ചു പോയി…”
“സോറി കണ്ണേട്ടാ. ഞാൻ വിചാരിച്ചില്ല കണ്ണേട്ടൻ പേടിക്കുമെന്ന്..”
“അല്ലാ നിനക്കെന്താ ഇന്ന് ഉറക്കമില്ലേ. അപ്പുവിടെ..?”
“അവളുറങ്ങി, എല്ലാവരും ഉറങ്ങി എനിക്കെന്തോ ഉറക്കം വരണില്ല്യാ.. കണ്ണടക്കുമ്പോൾ നാളെ കണ്ണേട്ടൻ എന്റെ കഴുത്തിൽ താലികെട്ടുന്നത് കാണുവാ..അപ്പൊ എനിക്ക് കണ്ണേട്ടനെ കാണാൻ തോന്നി .അതാ ഞാനിവിടെ കാത്തു നിന്നത്..”അതു കേട്ടതും കണ്ണൻ അവളുടെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി. അതു കണ്ട അവളുടെ കണ്ണുകൾ പ്രണയം കൊണ്ട് കൂമ്പിയടഞ്ഞു… പിന്നെ കണ്ണൻ അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു…
“ഇനി കുറച്ചു മണിക്കൂറുകൾ കഴിഞ്ഞാൽ നീ എന്റേതാവല്ലേ അച്ചൂ.. എനിക്കും ഉറക്കം വരുന്നില്ല ഓരോന്നാലോചിച്ചു . ഞങ്ങൾ കലവറയിലിരിക്കായിരുന്നു. അച്ഛൻ ഞങ്ങളെ അവിടെ വന്നോടിച്ചു പോയി കിടന്നുറങ്ങാൻ പറഞ്ഞു..”
“ഞാൻ കണ്ടു അച്ഛൻ നിങ്ങളെ ഓടിക്കുന്നത്. ഞാൻ എല്ലാം ജനലിലൂടെ നോക്കിയിരിക്കുന്നുണ്ടായിരുന്നു….”അതു കേട്ട കണ്ണൻ സ്വരം പതുക്കി കൊണ്ട് ചോദിച്ചു.. “നീ ഹാപ്പിയല്ലേ…?” അതു കേട്ട അവൾ,,, ഊം.. എന്ന് മന്ദഹാസത്തോടെ മൂളി.. അത് കേട്ടതും കണ്ണൻ പറഞ്ഞു.. “എന്നാ പോയി കിടന്നോ.. പുലർച്ചെ എണീക്കാനുള്ളതല്ലേ…?” അവൾ ശരി എന്നും പറഞ്ഞു കണ്ണന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് പിപിന്തിരിഞ്ഞു നോക്കി കൊണ്ട് കിടക്കാൻ പോയി. അവൾ റൂമിലോട്ട് കടന്നു പോകുന്നതും നോക്കി കണ്ണൻ അവിടെ തന്നെ നിന്നു. ഒരു മന്ദഹാസത്തോടെ, നാളെ അവൾ അവന്റെ സ്വന്തമാകുന്ന മധുരിക്കുന്ന ചിന്തകളുമായി…………………………….
പുലർച്ചെ നാലു മണിക്ക് തന്നെ ചിറക്കൽ തറവാട്ടിലെ എല്ലാവരും ഉണർന്നു. ലക്ഷ്മിയമ്മ കുളിച്ചു പൂജാമുറിയിൽ വിളക്ക് വച്ചു സർവ്വഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിച്ചു. പിന്നെ ഓരോരുത്തരായി കുളിച്ചിരുങ്ങി പൂജാമുറിയിൽ പോയി തൊഴുതു. ചിറക്കൽ തറവാടിന്റെ മുറ്റത്ത് ക്ഷണിക്കപെട്ട അതിഥികളെ വരവേറ്റു സ്വീകരിച്ചിരുത്തുവാനുള്ള വെള്ള പട്ട് വിരിച്ച കസേരകളും മറ്റും അണിനിരത്തി… ശരത്തും ടീമും ഫാമിലിയും നേരത്തെ തന്നെ അവിടെയെത്തിയിരുന്നു. ശരത്തിന്റെ നിർദ്ദേശപ്രകാരം അച്ചുവും അപ്പുവും കണ്ണനും കുളിച്ചൊരുങ്ങി അമ്പലത്തിൽ പോയി കൂടെ അവനും പോയി ക്യാമറയുമായി. അവർ ഒരുമിച്ചു നിന്നു തൊഴുന്നതും പൂവും പ്രസാദവുമായി തിരിച്ചു വരുന്നതുമെല്ലാം ശരത്ത് ക്യാമറയിൽ പകർത്തി കൊണ്ടിരുന്നു. തിരിച്ചു വീട്ടിലെത്തിയപ്പോഴേക്കും വിവാഹത്തിനു ക്ഷണിച്ച കുടുംബക്കാരും നാട്ടുകാരും വന്നു തുടങ്ങിയിരുന്നു. അവരെയെല്ലാം ശിവരാമൻ നായരും ശേഖരനും ദിവാകരനും അനിലും കൂടി സ്വീകരിച്ചിരുത്തുന്നുണ്ടായിരുന്നു..
ബ്യുട്ടീഷ്യൻ വന്നതും അവർ ആദ്യം ഒരുക്കിയത് അപ്പുവിനേയും കാർത്തുവിനേയുമായിരുന്നു. കാർത്തു ആകാശനീല പാട്ടുസാരിയായിരുന്നു ധരിച്ചിരുന്നത്. അപ്പു കസവ് കരയോട് കൂടിയ ദാവണിയും. കസവ് കരയോട് കൂടിയ ദാവണിയും ചുറ്റി മുല്ലപ്പൂ ചൂടി നിൽക്കുന്ന അപ്പുവിനെ കാണാൻ ഒരു അനിയത്തി കുട്ടി ലുക്കായിരുന്നു..
ബ്യുട്ടീഷ്യനും കാർത്തികയും അപ്പുവും കൂടി അച്ചുവിനെ ഒരുക്കാൻ തുടങ്ങി. കാർത്തു അച്ചുവിന് വിവാഹത്തിന് ചുറ്റുവാനുള്ള, ചുവപ്പിൽ സ്വർണ്ണ നിറത്തിൽ അലങ്കാരത്തുന്നൽ ചെയ്ത കാഞ്ചിപുരം പട്ടു സാരിയെടുത്തുടുപ്പിച്ചു, സാരിയുടെ മുന്താണിയും ഞൊറിയും ശരിയാക്കി അവരെല്ലാവരും കൂടി അച്ചുവിനെ സാരിയുടുപ്പിച്ചു നില കണ്ണാടിയുടെ മുന്നിലിരുത്തി. മുഖം ചായം തേച്ചു മിനുക്കി ,കരിമഷിയിട്ടു വാൽ കണ്ണാടിയിൽ നോക്കി കണ്ണെഴുതി റെഡിയാക്കി. താളി തേച്ചു വാസനസോപ്പിട്ടു കഴുകിയ കേശഭാരം ഒതുക്കി കെട്ടി മുല്ലപ്പൂ ചൂടി. അപ്പോഴാണ് ശരത്തങ്ങോട്ട് ക്യാമറയും ഒരു വലിയ വാഴയിലയും കൊണ്ട് വന്നത് .വാഴയില കണ്ടതും അപ്പു ഒരു ചിരിയോടെ ചോദിച്ചു..
“ഇതെന്തിനാ ശരത്തേട്ടാ വാഴയില. ഇവിടെയന്താ സദ്യ വിളമ്പുന്നുണ്ടോ…?”
“ഇത് സദ്യയുണ്ണാനല്ലപ്പൂ.. ഇത് എന്തിനാണെന്ന് ഞാൻ നിനക്ക് കാണിച്ചു തരാം. അതിനു മുമ്പ് ഞാൻ ഈ ലൈറ്റൊന്നു ഇവിടെ സെറ്റ് ചെയ്തോട്ടെ “. ശരത്ത് ലൈറ്റ് അച്ചുവിനെ ഒരുക്കുന്ന ടേബിളിന് മുഖമാക്കി സെറ്റ് ചെയ്തു .ലൈറ്റ് ഓണാക്കിയതും അച്ചുവിന്റെ മുഖം വെട്ടി തിളങ്ങി. കണ്ണൻ ക്യാമറ സ്റ്റാന്റിൽ സെറ്റ് ചെയ്തു അച്ചുവിനെ ഫോക്കസ് ചെയ്തു ഓണാക്കി വച്ചു. ലക്ഷ്മിയമ്മയും രേവതിയും മാലതിയും അച്ചുവിനണിയാണുള്ള ആഭരങ്ങൾ നിറച്ച പെട്ടിയുമായി അങ്ങോട്ട് വന്നു. ലക്ഷ്മിയമ്മ പെട്ടി തുറന്നു എല്ലാ ആഭരണവും എടുത്തു കട്ടിലിൽ നിരത്തി വച്ചു. അപ്പോഴാണ് ശരത്ത് പറഞ്ഞത്..
“അമ്മാ ആഭരണങ്ങളണിയിക്കാൻ പോവ്വാണോ..?
“അതേ.. എന്താ മോനേ..?
“അണിയിക്കാൻ വരട്ടെ. കെട്ടറാവുമ്പോൾ ഞാൻ പറയാം”. അവർ ശരി എന്ന് പറഞ്ഞു എല്ലാവരും ശരത്ത് എന്താ ചെയ്യുന്നത് എന്ന് നോക്കി നിന്നു. ശരത്ത് കൊണ്ടു വന്ന വാഴയില കട്ടിലിലിൽ നിവർത്തി വച്ചു ആഭരണ പെട്ടിയിൽ നിന്നും ഓരോ അഭരങ്ങളുമെടുത്തു അച്ചുവിന്റെ കഴുത്തിൽ ആഭരണം കെട്ടുന്ന പോലെ.. വാഴയില തുമ്പത്ത് പൂത്താലിയും അതിനു താഴെ കഴുത്തില, ചെറു താലി, കാശുമാല, മാങ്ങാ മാല, പാലക്ക്യ മാല, മുല്ലമൊട്ടു മാല, അവിൽ മാല, ലക്ഷ്മീ മാല, ഗജമാല, പതക്കം,.. പാലക്ക്യ വള, പ്രൗവിക വള, ഭാഗ്യലക്ഷ്മി വള, പാലക്ക്യ മാങ്ങാ വള, നെറ്റി ചുട്ടി, അരപട്ട, ഒടിയാനം, തോട, ഭരതനാട്യം ജിമിക്കി, പവിത്രകെട്ട് മോതിരം, കല്ലു മോതിരം. വാഴയിലയിൽ സെറ്റ് ചെയ്തതു. ക്യാമറയും ലൈറ്റും അങ്ങോട്ട് സെറ്റ് ചെയ്തു വച്ചു അച്ചുവിനെ അതിന്റടുത്തിരുത്തി. ലക്ഷ്മിയമ്മയെയും രേവതിയേയും അപ്പുവിനെയും കാർത്തികയെയും അവളുടെ അടുത്തു നിർത്തി. അച്ചുവിനെ ഒരുക്കുന്നത് നോക്കി നിക്കുന്ന എല്ലാവരേയും ബ്യുട്ടീഷ്യനേയും ഫ്രെയിമിൽ നിന്നും മാറ്റി നിർത്തി. പറഞ്ഞു…
“അച്ചൂ ,ഇനി നിങ്ങളെല്ലാവരും ഞാൻ പറയും പോലെ ചെയ്യുക.. ഞാൻ പറയുമ്പോൾ നീ ഒരു നറു പുഞ്ചിരിയോടെ ആഭരങ്ങളിൽ നോക്കി ഇടതു കൈ കൊണ്ട് അതിൽ തലോടി മുഖമുയർത്തി നിന്റെ അമ്മയേയും കണ്ണന്റെമ്മയെയും നോക്കുക. അതുകണ്ട അമ്മ അവളുടെ മുഖം പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ നൽകുക. പിന്നെ കണ്ണന്റെ അമ്മയും ഉമ്മ നൽകുക ബാക്കി എല്ലാവരും അതു നോക്കി പുഞ്ചിരിതൂകി നിൽക്കുക. പിന്നെ നിന്റെ അമ്മ ആദ്യം വച്ച പൂത്താലി എടുത്തു നിന്റെ കഴുത്തിൽ വച്ചു തന്നു തലയിൽ തലോടുക. അപ്പൊ നീ ഒരു പുഞ്ചിരിയോടെ ആ പൂത്താലിയിലും കഴുത്തിലും ഒന്നു തടവികൊണ്ട് തല ഉയർത്തി അമ്മയെനോക്കുക, പിന്നെ കണ്ണന്റെ അമ്മ കഴുത്തില എടുത്തു അതിനു താഴെ കെട്ടുക, അതിലും നീ ഒന്നു തടവി തലയുയർത്തി അമ്മയെ നോക്കുക. പിന്നെ അമ്മായി ജിമിക്കിയെടുത്തു അച്ചുവിന്റെ കാതിൽ അണിയുക പിന്നെ കാർത്തിക നെറ്റി ചുട്ടിയെടുത്തു അച്ചുവിന്റെ നെറ്റിയിൽ കെട്ടുക… അവസാനം അപ്പു പാലക്ക്യാ വളയെടുത്തു അച്ചുവിന്റെ ഇടത്തേ കൈ പിടിച്ചു ഒരു പുഞ്ചിരിയോടെ ഇട്ടു കൊടുത്ത് പിന്നിൽ നിന്നും അച്ചുവിനെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ നൽകി അവളുടെ കവിളോട് കവിൾ ചേർത്ത് വെക്കുക. അപ്പൊ അച്ചു ഇടതു കൈ കൊണ്ട് അപ്പുവിന്റെ കവിളിൽ ഒരു ചിരിയോടെ തലോടുക… ok യല്ലേ എല്ലാവരും.. പിന്നെ ആരും എന്നെയോ ക്യാമറയിലേക്കോ നോക്കരുത്. നിങ്ങൾ നാച്ചുറലായി അങ്ങു ചെയ്താൽ മതി…” അവർ ശരി എന്ന് പറഞ്ഞു… ശരത്ത് ക്യാമറ ഓണാക്കി റെഡി എന്നു പറഞ്ഞതും എല്ലാവരും ശരത്ത് പറഞ്ഞപോലെ ചെയ്തു കൊണ്ടിരുന്നു.. അവസാനം അപ്പു വളയിട്ട് കഴിഞ്ഞതും ശരത്ത് ക്യാമറ കട്ട് ചെയ്തു പറഞ്ഞു..
“ഇനി വേണമെങ്കിൽ നിങ്ങൾ എല്ലാം അഴിച്ചു നിങ്ങൾ അതിന്റെ രീതിയിൽ അണിയിച്ചോളൂ ” . അതു കേട്ടതും ബ്യുട്ടീഷ്യൻസും അപ്പുവും കാർത്തുവും കൂടി അച്ചുവിനെ നല്ല ഭംഗിയായി ആഭരണങ്ങളണിയിച്ചു മണവാട്ടിയാക്കി. ശരത്ത് വീണ്ടും ക്യാമറ ഓണാക്കി അച്ചുവിനെ നില കണ്ണാടിക്കു മുഖമാക്കി മുഖം കണ്ണാടിയിൽ പ്രതിബിംബം കാണുന്ന പോലെ നിർത്തി ഒരു പുഞ്ചിരിയോടെ ആഭരണത്തിൽ മൊത്തം തലോടി കാതിലെ ജിമിക്കിയിൽ ഒരു വിരൽകൊണ്ട് തട്ടി ചിരിച്ചു, കൈകൾ കൊണ്ട് മുഖം പൊത്തി ഒരു കൈ കുറച്ചു നിവർത്തി ചെറു ചിരിയോടെ കണ്പീലികൾ പിടപ്പിച്ചു. അതെല്ലാം ശരത്ത് പല ആങ്കിളിലും കേമറയിൽ പടർത്തി. പിന്നെ ലക്ഷ്മിയമ്മയോട് പറഞ്ഞു..
“അമ്മാ ഇനി അച്ചുവിനെയും കൊണ്ട് പടിഞ്ഞാറ്റിനി കോലായിലേക്ക് പൊക്കോളൂ. അവിടെ നിന്നോളൂ. ഞാൻ കണ്ണന്റെയാടുത്തോട്ട് ചെല്ലട്ടെ. കണ്ണനെയും കൊണ്ട് ഞങ്ങൾ അങ്ങോട്ട് വന്നോളാം…”
ശരത്ത് കണ്ണനെ ഒരുക്കുന്ന റൂമിൽ എത്തിയതും ശരത്തിന്റെ അസിസ്റ്റന്റ് കിഷോർ അവിടെ ക്യാമറയെല്ലാം സെറ്റ് ചെയ്തു ലൈറ്റപ്പ് ചെയ്തു കണ്ണനെ ഒരുക്കാനുള്ള വസ്ത്രങ്ങളും ബ്രേസ്ലറ്റും വാച്ചും എല്ലാം ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു.. കണ്ണന്റെ അടുത്ത് അനിലും അരുണും ശിവനും റഹ്‌മാനും കുറച്ചു നാട്ടുകാരുമുണ്ടായിരുന്നു… ശരത്ത് കണ്ണനോട് ചോദിച്ചു..
“ഡാ നിന്റെ ഒരുക്കം ഇതു വരെ കഴിഞ്ഞില്ലേ…?”
“ഞങ്ങൾ നിന്നെ കാത്തു നിൽക്കല്ലേ. നീ വന്നതിന് ശേഷം തുടങ്ങാമെന്നു വെച്ച്. നിനക്കാകുമ്പോൾ വിവാഹം കഴിച്ചതിന്റെയും ഒരുങ്ങിയതിന്റെയുമെല്ലാം എക്സ്പീരിയൻസ് ഉണ്ടല്ലോ “.
“എടാ നമ്മൾ ആണുങ്ങൾക്ക് അത്ര വലിയ ഒരുക്കമൊന്നുമില്ല ഒരു ക്രീം കളർ ഷർട്ടും ഒരു കസവ് മുണ്ടും ഒരു ചെറിയ നാച്ചുറൽ മേക്കപ്പും ഒരു സ്പ്രേയടിയും കഴിഞ്ഞു ഒരുക്കം.. പെണ്ണിനാണ് ഒരുക്കം വിവാഹ ദിവസം വിവാഹ വസ്ത്രത്തിൽ ചെറുക്കാനേക്കാളും കൂടുതൽ തിളങ്ങാ പെണ്ണാണ്…”
“അതൊക്കെ എനിക്കറിയാം..അവിടെ എന്തായി അച്ചുവിനെ ഒരുക്കി കഴിഞ്ഞോ..?”
“ആ അവളുടെ ഒരുക്കമെല്ലാം കഴിഞ്ഞു. അതു കഴിഞ്ഞാ ഞാൻ ഇങ്ങോട്ട് വന്നേ.. എന്നാ തുടങ്ങാം…” പിന്നെ കിഷോറിനോട് ചോദിച്ചു… “നീ എടുക്കുമല്ലോ അല്ലേ ? ഞാൻ ഇവനെ ഒന്ന് ഒരുക്കട്ടെ…”
“ആ… ഞാൻ ഷൂട്ട് ചെയ്തോളാം. നിങ്ങൾ അണിയിച്ചൊരുക്കിക്കോളൂ..”
കണ്ണൻ മുടിയിൽ ജെല്ലിട്ട് മുടി ചീകി സൈഡിലൊട്ടാക്കി മുഖത്ത് ഒരു ചെറിയ മേക്കപ്പും ചെയ്തു. കസവ് തുണിയെടുത്തുടുത്തു. ശരത്ത് ക്രീം ഷർട്ട് അവനെ ധരിപ്പിച്ചു. റഹ്മാൻ ഷർട്ടിന്റെ കൈ കുറച്ചു മടക്കി വച്ചു. അനിൽ കയ്യിൽ ബ്രെസ്ലേറ്റ് കെട്ടി. അരുൺ വാച്ചു കെട്ടി. ഒരുക്കം കഴിഞ്ഞു. അതെല്ലാം കിഷോർ ക്യാമറയിൽ പകർത്തി. പിന്നെ അവരെല്ലാം ഒരുമിച്ചു നിന്നു കുറേ ഫോട്ടോസും വീഡിയോസും എടുത്തു.. അപ്പോഴാണ് അങ്ങോട്ട് ദിവാകരൻ വന്നത്…
#തുടരും
Read complete സ്‌നേഹവീട് Malayalam online novel here
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission