Skip to content

സ്‌നേഹവീട് Part 18 | Malayalam Novel

Malayalam online novel

കണ്ണനെ കസവ് മുണ്ട് ചുറ്റിച്ചു, ക്രീം കളർ ഷർട്ട് ധരിപ്പിച്ചു വാച്ചും ബ്രെസ്ലേറ്റും കെട്ടി മേക്കപ്പ് ചെയ്തു ഒരുക്കി. അവരെല്ലാവരും കൂടിനിന്നു ഫോട്ടോസ് എടുക്കുമ്പോഴാണ് അമ്മാവൻ ദിവാകരനങ്ങോട്ടു വന്നത്…

“കണ്ണാ ഒരുക്കം കഴിഞ്ഞില്ലേ.. സമയം ഏഴര കഴിഞ്ഞു “.

“കഴിഞ്ഞമ്മാവാ.. ദാ ഇറങ്ങാറായി…”

“എന്നാ പെട്ടന്നിറങ്ങാ.. താഴത്ത് മുതിർന്നവരവിടെ കാത്ത് നിൽക്ക്യാ , നമസ്ക്കാരമറിയിക്കാൻ, ഒന്നു പെട്ടന്നിറങ്ങാ.. ഒൻപതരക്ക് ഇവിടെ നിന്നും ക്ഷേത്രത്തിലോട്ടു പുറപ്പെടണം” ദിവാകരൻ പോയതും ശരത്ത് കണ്ണനോട് പറഞ്ഞു..

“ഡാ, ഞാൻ താഴോട്ട് പോകുകയാണ്. പടിഞ്ഞാറ്റിനി കോലായിൽ ലൈറ്റപ്പ് ചെയ്തു ക്യാമറ സെറ്റ് ചെയ്യട്ടെ. അനിൽ നിങ്ങൾ ഇവനെയും കൊണ്ടു വന്നോളൂ….”

ചിറക്കൽ തറവാടിന്റെ മുറ്റവും നടുമുറ്റവും അകത്തളങ്ങളും ആളുകളെ കൊണ്ട് നിറഞ്ഞു.. കലവറയിൽ കേരള സദ്യയായ ആറ് രസങ്ങൾ ചേർന്ന. 24 കൂട്ടടങ്ങിയ 4 പ്രഥമനോട് കൂടിയ സദ്യ ഒരുങ്ങി കഴിഞ്ഞു. കീഴ്പ്പയ്യൂർ മാനവേദൻ നമ്പൂതിരി വന്നതും ലക്ഷിമിയമ്മയും രേവതിയും ദിവാകരനും തിരുമേനിയുടെ നേതൃത്വംത്തിൽ കതിർമണ്ഡപത്തിൽ, എട്ട് മംഗല വസ്തുക്കളായ, അരി, നെല്ല്, കമുകിൻ പൂക്കുല, വാൽക്കണ്ണാടി, വസ്ത്രം, കത്തുന്ന വിളക്ക്, കുങ്കുമ ചെപ്പ്, ഗ്രന്ഥം, മുതലായവ അടങ്ങിയ അഷ്ടമംഗല്ല്യം ഒരുക്കാൻ തുടങ്ങി. സ്വർണ്ണ നിറത്തിലുള്ള പറയിൽ പൂങ്കുല കുത്തി രേവതി നെല്ല് നിറച്ചതും, ലക്ഷ്മിയമ്മ നാഴിയിൽ അരി നിറച്ചു. കൃഷ്ണ രാധാ വിഗ്രഹം വച്ചു ദശപുഷ്പം വച്ചു. വാൽക്കണ്ണാടിയും കുങ്കുമവും ഗ്രന്ഥവും പുഷ്പവും കൂട്ടി താലത്തിൽ വച്ചു. ഒരു ചെറിയ നിലവിളക്കും അലങ്കാരത്തിനായി വലിയ ഒരു മയിൽ ശിലയോട് കൂടിയ നാല് നിലവിളക്കും വച്ചു ദീപം കൊളുത്തി. ചെറുക്കനും പെണ്ണിനും ഇടാനുള്ള മാലയും ബൊക്കെയും സന്തോഷമറിയിക്കാനുള്ള ചെറുനാരങ്ങയും വിവരനേയും വധുവിനെയും സ്വീകരിക്കാനുള്ള താലങ്ങളും ഒരുക്കി വച്ചു മണ്ഡപം അലങ്കരിച്ചു നിർത്തി.. നാദസ്വരക്കാരും പക്കമേളക്കാരും കതിർ മണ്ഡപത്തോട് ചേർന്നിരുന്നു ചെറുക്കനെയും പെണ്ണിനേയും ആശീർവദിച്ചു കൊണ്ട് നാദസ്വരത്തിന്റെ ഈണത്തിനനുസരിച്ചു പക്കമേളം കൊട്ടി കൊണ്ടിരുന്നു…..

കണ്ണനും അച്ചുവിനും അമ്പലത്തിൽ പോകാനുള്ള കാറുകളായ ചിറക്കൽ തറവാട്ടിലെ ബെൻസും, അനിലിന്റെ ഔഡിയും പൂക്കൾ കൊണ്ട് അലങ്കരിച്ചു നിർത്തി. കണ്ണനും അച്ചുവും ഒരുങ്ങി ഇറങ്ങുന്നതും നോക്കി അകത്തളത്തിലും നടുമുറ്റത്തും പടിഞ്ഞാറ്റിനിയിലും തെക്കിനിയിലും കുടുംബത്തെയും ദേശത്തെയും പെണ്ണുങ്ങളും കുട്ടികളും തടിച്ചു കൂടി. പടിഞ്ഞാറ്റിനി കോലായിൽ നമസ്ക്കാരം അറിയിക്കാനുള്ള വെറ്റിലയും അടക്കയും ഒരു നാണയവും സ്വർണ്ണനിറത്തിലുള്ള ചെമ്പു താലത്തിൽ ഒരുക്കി വച്ചു…

അപ്പുവും കാർത്തിയും കുറച്ചു സ്ത്രീകളും ഇടവും വലവും നിന്നു, അണിയിച്ചൊരുക്കിയ അച്ചുവിനെയും ആനയിച്ചു കൊണ്ട് റൂമിൽ നിന്നും പുറത്തോട്ട് വന്നതും, അനിലും അരുണും റഹ്‌മാനും കണ്ണനെയും കൊണ്ട് ഗോവണി ഇറങ്ങി താഴോട്ട് വന്നതും ഒരുമിച്ചായിരുന്നു.. കണ്ണനും അച്ചുവും ഇടനാഴികയിൽ വച്ചു കണ്ട് മുട്ടിയതും അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി നിന്നു. രണ്ടാളും പരസ്പരം ഒരു പുഞ്ചിരി കൈമാറി. അവരുടെ മുഖങ്ങളിൽ വികാരഭരിതമായ പല ഭാവങ്ങളും വിരിഞ്ഞു നിന്നു… വരനും വധുവും കുടുബങ്ങളുടെ കൂടെ അണിഞ്ഞൊരുങ്ങി, മുറ്റത്തു കൊട്ടികൊണ്ടിരിക്കുന്ന നാദസ്വരത്തിന്റെ ഈണത്തിലും താളത്തിലും, തെക്കിനി കോലായിലൂടെ നടുമുറ്റത്തിന്റെ വരാന്തയിൽ കൂടി നടന്നു പടിഞ്ഞാറ്റിനി കോലായിലോട്ടു വരുന്നത്, ക്ഷണിക്കപെട്ട അതിഥികളെല്ലാം നിറഞ്ഞമനസ്സോടെ ആശീർവദിച്ചു കൊണ്ട് നോക്കി നിന്നു. അവർ പടിഞ്ഞാറ്റിനി കോലായിൽ എത്തിയതും രണ്ടാളും കൂടി നിൽക്കുന്ന എല്ലാവർക്കും കൂപ്പ് കയ്യോടെ നമസ്ക്കാരം പറഞ്ഞു. ശരത്തും കിഷോറും കണ്ണനേയും അച്ചുവിനെയും ക്യാമറക്കും ലൈറ്റപ്പിനും മുഖാമുഖമാക്കി നിർത്തി, അവിടെ മൊത്തം സിനിമക്ക് സെറ്റിട്ടപോലെ പ്രകാശപൂരിതമായിരുന്നു. ശരത്ത് വധുവിനെയും വരനേയും അവരുടെ അച്ഛന്റെയും അമ്മയുടെയും കുടുംബാംഗങ്ങളുടെയും കൂടെ നിർത്തി പല ആങ്കിളിലും ഫോട്ടോയും വീഡിയോസും എടുത്തു… ശിവരാമൻ നായർ താലത്തിൽ നിന്നും ഒരു വെറ്റിലയെടുത്തു ഒരു നാണയവും അടക്കയും കൂട്ടി കണ്ണന്റെ കയ്യിൽ കൊടുത്തു ദിവാകരനെ നോക്കി പറഞ്ഞു…

“കണ്ണാ… അമ്മാവന്റെ അനുഗ്രഹം വാങ്ങിക്ക്യാ..” കണ്ണൻ നാണയവും അടക്കയും ഒരു വെറ്റിലായിൽ കൂട്ടിപിടിച്ചു ദിവാകരന്റെ കയ്യിൽ കൊടുത്തു ആ പാദങ്ങളിൽ തൊട്ടതും ദിവാകരൻ രണ്ടു കയ്യും അവന്റെ നെറുകയിൽ വച്ചനുഗ്രഹിച്ചു.. അടുത്തത് അച്ചുവിന്റെ ഊഴമായിരുന്നു..

ശേഖരൻ താലത്തിൽ നിന്നും ഒരു നാണയവും അടക്കയും വെറ്റിലയിൽ കൂട്ടിപിടിച്ചു അച്ചുവിന്റെ കയ്യിൽ കൊടുത്തു പറഞ്ഞു….

“മോളേ.. അമ്മാവന്റെ അനുഗ്രഹം വാങ്ങിക്ക്യാ..” അച്ചു നാണയവും അടക്കയും കൂട്ടിപിടച്ച വെറ്റില ദിവാകരന്റെ കയ്യിൽ കൊടുത്തു ആ പാദങ്ങളിൽ തൊട്ട് അനുഗ്രഹം വാങ്ങിച്ചു.. പിന്നെ മാലതിയും അവിടെ കൂടി നിന്ന മുതിർന്നവരുമെല്ലാം കണ്ണനെയും അച്ചുവിനെയും അനുഗ്രഹിച്ചു.. അപ്പോഴാണ് കാർത്തികയുടെ അച്ഛൻ മാധവൻ നായരും അമ്മ സുമതിയും സഹോദരൻ വിപിനും ഉമ്മറത്ത് നിന്നും അകത്തേക്ക് വരുന്നത് കാർത്തിക കണ്ടത് .അവൾ അച്ഛനെയും അമ്മയെയും സ്വീകരിച്ചു കൊണ്ട് പരിഭവം പോലെ പറഞ്ഞു..

“എന്താ ഇത്ര വൈകിയേ. ഞാൻ എത്രനേരമായി നിങ്ങള് വരുന്നതും നോക്കി നിൽക്കാൻ തുടങ്ങിയിട്ടന്നറിയോ ?”. പെങ്ങളുടെ പരിഭവം പറച്ചിൽ കേട്ട വിപിൻ അവളുടെ കവിളിൽ പിച്ചികൊണ്ട് പറഞ്ഞു…

“ചടങ്ങുകൾ തുടങ്ങിയിട്ടല്ലേ ഉള്ളു കാർത്തൂ.. പിന്നെ അവിടന്ന് ഇതു വരെ വണ്ടിയോടിച്ചത്തേണ്ടേ..?”

കാർത്തിക അവരേയും കൂട്ടി ശിവരാമൻ നായരുടെ അടുത്തോട്ട് ചെന്നു. ശിവരാമൻ നായർ മാധവന് കൈ കൊടുത്തു സ്വീകരിച്ചു ചോദിച്ചു….

“എന്താ ഇത്ര വൈകിയേ മാധവാ. നിങ്ങളൊക്കെ നേരത്തെ വരണ്ട ആളുകളല്ലേ..?”

“അവിടന്ന് ഇവിടം വരേ വണ്ടിയോടിച്ചു എത്തണ്ടേ ശിവേട്ടാ ?”

“എന്നാ വരൂ കുട്ടികൾക്ക് നമസ്ക്കാരമറിയിക്കാം “. ശിവരാമൻ നായർ മാധവനേയും സുമതിയെയും കൂട്ടി കണ്ണന്റെയും അപ്പുവിന്റെയും അടുത്തേക്ക് ചെന്നു. കണ്ണൻ അവരെ അച്ചുവിന് പരിചയപ്പെടുത്തി കൊടുത്തു. അവർ രണ്ടാളും അവരുടെ അനുഗ്രഹം വാങ്ങി.. ലക്ഷ്മിയമ്മയും മാലതിയും സുമതിയോട് കുശലാന്വേഷണം നടത്തി രേവതിക്ക് സുമതിയെ പരിചയപ്പെടുത്തി കൊടുത്തു. ശരത്ത് അതെല്ലാം ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു.

കാർത്തികയും വിപിനും ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് അപ്പുവും അനിലും അങ്ങോട്ട് വന്നത്. അനിൽ വിപിന് കൈ കൊടുത്തു കൊണ്ട് ചോദിച്ചു..

“ഇപ്പൊ വന്നേ ഉള്ളു. അതോ വന്നിട്ട് കുറേ നേരായോ.. അച്ഛനും അമ്മയും എവിടെ..?”

“ഇല്ലളിയാ. ഇതാ വന്നു കയറിയേ ഉള്ളു .. അച്ഛനും അമ്മയും നമസ്ക്കാരം അറിയിക്കുന്നടത്തോട്ട് പോയി” .

“ഞാൻ ഓരോ തിരക്കുമായി നടക്കുന്നത് കൊണ്ട്. നിങ്ങൾ വന്നത് കണ്ടില്ല. അതാ ചോദിച്ചേ..?” അപ്പുവിന് വിപിനെ പരിചയമില്ലായിരുന്നു. കാരണം അവർ തമ്മിൽ ആദ്യമായിട്ടാണ് കാണുന്നത്. വിപിൻ കാനഡയിലായിരുന്നു. ലീവിന് നാട്ടിൽ വന്നിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളൂ..”

“നിനക്ക് മനസ്സിലായോ ആളെ. ഇതാണ് എന്റെ ചേട്ടൻ വിപിൻ. ഏട്ടാ ഇതാണ് ഞാൻ എപ്പോഴും പറയാറുള്ള ഞങ്ങളുടെ അപ്പൂസ്..” കാർത്തിക പറഞ്ഞു വിപിന് അപ്പുവിനെ മനസ്സിലായതും, അവൻ ഒരു ചിരിയോടെ പറഞ്ഞു

“ഓ നീ എപ്പോഴും പറയാറുള്ള. കുറുമ്പി, കാന്താരി ,വഴക്കാളി അപ്പൂസ്..” അതു കേട്ടതും അപ്പു കണ്ണുരുട്ടി കാർത്തുവിനെ തുറിച്ചു നോക്കി പറഞ്ഞു..

“ഞാൻ വഴക്കാളിയും കുറുമ്പിയുമാണല്ലേ. ചേച്ചി എന്നെ പറ്റി ഇങ്ങനെയാണല്ലേ ചേട്ടനോട് പറഞ്ഞിട്ടുള്ളത്. വിവാഹം കഴിയട്ടെ കാണിച്ചു തരാം ഞാൻ ചേച്ചിക്ക്. ഈ അപ്പു ആരാണെന്ന് ?”

“അയ്യോ ഞാനങ്ങനെയൊന്നും പറഞ്ഞിട്ടില്ല അപ്പൂസേ, അത് ഏട്ടൻ ചുമ്മാ നിന്നെ ശുണ്ഠി പിടിപ്പിക്കാൻ അങ്ങനെ വിളിച്ചതാണ്…”

“അങ്ങനെയാണെങ്കിൽ കുഴപ്പമില്ല. പിന്നെ വിപിനെ നോക്കി ചൊടിയോടെ ചിരിച്ചു കൊണ്ട് ചോദിച്ചു.. അല്ലാ വിപിൻ ചേട്ടന് വിവാഹമൊന്നും കഴിക്കണ്ടേ. ചേട്ടന്റെ സങ്കല്പത്തിലുള്ള പെണ്ണ് കിട്ടാഞ്ഞിട്ടാണോ വിവാഹം കഴിക്കാതെ നടക്കുന്നേ.. ലീവ് കഴിഞ്ഞു പോകുന്നതിനു മുന്നേ ഞങ്ങൾക്കൊരു സദ്യ തരോ ?” അതു കേട്ടതും വിപിൻ ഒരു ചിരിയോടെ പറഞ്ഞു..

“അതിന് എനിക്ക് അപ്പുവിനെ പോലത്തെ ഒരു പെണ്ണ് കിട്ടണ്ടേ. എന്റെ സങ്കല്പത്തിൽ നിന്നെ പോലത്തെ ഒരു പെണ്ണിനെയാണ് എനിക്ക് വേണ്ടത്..” അളിയന്റെ കമന്റ് കേട്ട അനില് ചിരിച്ചു കൊണ്ട് പറഞ്ഞു…

“എന്നാ നീ ഇവളെ തന്നെ കെട്ടിക്കോടാ.. ഇവളെ പോലത്തെ വേറെ ഒരു പെണ്ണ് ഇനി വേറെ ഉണ്ടാകില്ല. ഓണ്ലീ വാണ് പീസ് “. അവരുടെ അസ്ഥാനത്തുള്ള കമന്റ് കേട്ടതും അപ്പു വിളറി വെളുത്ത മുഖത്താലെ മൂവരെയും നോക്കി. അനിൽ അവളെ ഒരു മന്ദാര ചിരിയോടെ നോക്കി നിന്നു. അവൾ ഒരിക്കലും വിചാരിച്ചിട്ടില്ല അവർ അങ്ങനെ പറയുമെന്ന്. അപ്പു ഒരു പരവേശത്തോടെ വിപിനെ നോക്കി. അവളുടെ മൂക്കിൻ തുമ്പിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞു നിന്നു. അതു കണ്ട വിപിൻ ഒരു നറു പുഞ്ചിരിയോടെ അവളെ നോക്കി കണ്ണിറുക്കി . അതു അപ്പുവിന്റെ മനസ്സിൽ എവിടെയോ കയറി ഉടക്കി. അവളുടെ മനസ്സിൽ വിപിന്റെ മുഖം സ്ഥാനം പിടിക്കുന്ന പോലെ അവൾക്ക് തോന്നി…

അപ്പോഴാണങ്ങോട്ട് അവളുടെ കോളേജിലെ ഫ്രണ്ട്സും ടീച്ചേഴ്‌സും വന്നത്. അപ്പു അവരെ സ്നേഹത്തോടെ സ്വീകച്ചു. അനിലിനും വിപിനും കാർത്തികയ്ക്കും പരിചയപ്പെടുത്തി കൊടുത്തു. പിന്നെ അവരെയും അവരെയും കൂട്ടി കണ്ണന്റെയും അച്ചുവിന്റെയും അടുത്തേക്ക് നടന്നു. ഇടക്കവൾ വിപിനെ ഒന്നു തിരിഞ്ഞു നോക്കി. അപ്പൊ വിപിൻ അവളെ തന്നെ നോക്കി നിൽക്കായിരുന്നു. അതു കണ്ട അപ്പുവിന്റെ മുഖത്തു ആദ്യമായി ഒരു മന്ദഹാസം മിന്നി മറഞ്ഞു.. ടീച്ചേഴ്‌സും ഫ്രണ്ട്സുമെല്ലാം അച്ചുവിന്റെ കയ്യിൽ ഗിഫ്റ്റെല്ലാം കൊടുത്തു രണ്ടാൾക്കും വിവാഹ മംഗളാശംസകൾ നേർന്നു. അച്ചു പുഞ്ചിരിച്ചു കൊണ്ട് ഓരോരുത്തരെയും കണ്ണന് പരിചയപ്പെടുത്തി കൊടുത്തു.

അപ്പു അച്ചുവിന്റെ നെറ്റി ചുട്ടിയിൽ ഉടക്കി കിടന്ന മുടിയിഴകൾ വേർപെടുത്തി നേരെയാക്കുമ്പോഴാണ് വിപിൻ മംഗളാശംസകളറിയിക്കാൻ അങ്ങോട്ട് വന്നത്. കണ്ണൻ വിപിനെ അച്ചുവിന് പരിചയപെടുത്തി കൊടുത്തു. വിപിൻ അവർക്ക് രണ്ടാൾക്കും കൈ കൊടുത്തു പറഞ്ഞു.

“രണ്ടാൾക്കും എന്റെ വിവാഹങ്ങളാശംസകൾ നിങ്ങളുടെ ജീവിതത്തിൽ സർവ്വ ഐശ്വര്യവും ഉണ്ടാവട്ടെ”. അവർ രണ്ടാളും ഒരേ ശ്വാസത്തിൽ പുഞ്ചിരിച്ചു കൊണ്ട് താങ്ക്സ് എന്നു പറഞ്ഞു. കണ്ണൻ അപ്പുവിനെ ചേർത്തു പിടിച്ചു കൊണ്ട് വിപിനോട് ചോദിച്ചു..

“നീ എന്താ വിപിൻ എന്റെ കാന്താരിയോട് ഒന്നും സംസാരിക്കാത്തത്. നിനക്ക് മനസ്സിലായില്ലേ ഇവളെ..?”

“പിന്നെ മനസ്സിലാവാതെ. ഞങ്ങൾ വന്നപാടെ പരിചയപ്പെട്ടില്ലേ. അല്ലേ അപ്പൂ..?”

“ആണോ. പക്ഷെ അതിന്റെ ഒരു ലക്ഷണമൊന്നും ഇവളുടെ മുഖത്ത് കാണുന്നില്ലല്ലോ. സാധാരണ ഇവൾ ഇങ്ങനെയല്ല പരിചയം ഇല്ലാത്തവരെ കണ്ടാലും കലപിലാന്ന് സംസാരിക്കും. എന്ത് പറ്റിയടി നിനക്ക് ?” കണ്ണൻ അവളെ ഒന്നും കൂടി ചേർത്ത് പിടിച്ചു ചോദിച്ചു..

“ഏയ് ഒന്നുല്ലേട്ടാ. ഞങ്ങൾ നേരത്തെ പരിചയപ്പെട്ടതല്ലേ..?” അവൾ മൂവരെയും നോക്കി വിളറി ചിരിച്ചു കൊണ്ട് പറഞ്ഞു..

“നീ എന്നാ വിപിൻ ഞങ്ങൾക്ക് ഒരു സദ്യ തരുന്നത്. ലീവ് കഴിഞ്ഞു പോകുന്നതിന് മുന്നേ ഉണ്ടാവുമോ..?”

“അതൊന്നും പറയാറായിട്ടില്ല ഞാൻ ശ്രമിച്ചു കൊണ്ടിരിക്കാണ്, നിങ്ങൾക്ക് ലീവ് കഴിഞ്ഞു പോകുന്നതിന് മുന്നേ ഒരു സദ്യ തരാൻ പറ്റുമോന്ന് “. അതും പറഞ്ഞു അവൻ അപ്പുവിനെ നോക്കി ഒന്നു പുഞ്ചിരിച്ചു. ആ പുഞ്ചിരി ഒരു പ്രണയ പൂമൊട്ടായി അവളുടെ മനസ്സിൽ വിരിയാൻ തുടങ്ങിരുന്നു…

റഹ്മാനും അരുണും നമസ്ക്കാരം അറിയിക്കുന്നിടത്തോട്ട് വന്നതും , കണ്ണൻ അവരെ അടുത്തേക്ക് വിളിച്ചു സ്വരം പതുക്കി ചോദിച്ചു..

“നിങ്ങളെവിടെയായിരുന്നിതുവരെ. കുറേ നേരമായല്ലോ ഇവിടന്നു പോയിട്ട്. ഞാൻ പറഞ്ഞതല്ലേ ഞങ്ങളുടെ അടുത്ത് ഉണ്ടാകണമെന്ന് “.

“ഞങ്ങൾ ഓരോ കാര്യങ്ങൾക്കും വേണ്ടി ഓടുകയല്ലേ. ഞങ്ങൾക്ക് നിന്റെ അടുത്ത് നിന്നാൽ മതിയോ. ആട്ടെ എന്താ കാര്യം ?” റഹ്മാൻ പറഞ്ഞു..

“ഡാ അമ്പലത്തിലോട്ട് ആളുകൾക്ക് പോകാനുള്ള വണ്ടിയെല്ലാം റെഡിയല്ലേ ?” കണ്ണൻ അരുണിനോട് ചോദിച്ചു..

“അതൊക്കെ റെഡിയാണ്. നിങ്ങൾക്ക് പോകാനുള്ള വണ്ടിയും റെഡിയാണ്.. “

“എല്ലാം നിങ്ങൾ നോക്കിക്കോണം. പിന്നെ താലി കെട്ടുമ്പോൾ രണ്ടാളും ഞങ്ങളുടെ അടുത്തു തന്നെ വേണം, മനസ്സിലായോ. നിങ്ങൾ അടുത്തുണ്ടാകുമ്പോൾ എനിക്കൊരു ധൈര്യമാണ്. അല്ലെങ്കിൽ എനിക്ക് ഒരു വിറയലാണ്…” അതു കേട്ട അരുൺ ചിരിച്ചു കൊണ്ട് പറഞ്ഞു..

“നീ പേടിക്കണ്ട നിന്നെ കൊണ്ട് ഇവളുടെ കഴുത്തിൽ താലികെട്ടിച്ചു സദ്യയും കഴുപ്പിച്ചു രണ്ടാളെയും നിങ്ങളുടെ റൂമിലോട്ട് ആക്കിയിട്ടെ ഞങ്ങൾ പോകൂ പോരേ..?” പിന്നെ അച്ചൂനോട് പറഞ്ഞു. “അച്ചു ഇവന് വല്ല വിറയലും വന്നാൽ ഇവന്റെ കയ്യിൽ ഒന്നു മുറുകെ പിടിച്ചോണം. മുന്നേ വിവാഹം കഴിച്ചു പരിചയമില്ലാത്ത ചെറുക്കാനാണെ..” അതു കേട്ടതും അച്ചുവിന് ചിരിയും നാണവും ഒരുമിച്ചു വന്നു…

നമസ്ക്കാരം അറിയിക്കൽ തകൃതിയായി നടന്നു കൊണ്ടിരിക്കാണ്. മുതിർന്നവർ ഓരോരുത്തരായി വധൂവരന്മാരെ അനുഗ്രഹിച്ചും ആശീർവദിച്ചും കൊണ്ടിരുന്നു. 9 മണി ആയതോടെ വിവാഹത്തിന് വന്ന ആളുകളെ കൊണ്ട് ചിറക്കൽ തറവാടും അകത്തളവും നിറഞ്ഞു. അപ്പു അവളുടെ കോളേജിലെ ഫ്രണ്ട്സിനോട് സംസാരിച്ചു കൊണ്ട് നിൽക്കുന്നതിനിടയിലാണ്, പടിഞ്ഞാറ്റിനി കോലായിലേ തൂണിൽ ചാരിനിന്നു ഒരു പുഞ്ചിരിയോടെ അവളെ തന്നെ നോക്കി നിൽക്കുന്ന വിപിനെ അവൾ ശ്രദ്ധിച്ചത്. വിപിന്റെ കാന്തിക ശക്തിയുള്ള കണ്ണുകൊണ്ടുള്ള നോട്ടം അവളുടെ മനസ്സിൽ എവിടക്കെയോ പോയി പതിക്കുന്നുണ്ടായിരുന്നു. വിപിൻ അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വന്ന്, സ്വരം താഴ്ത്തി ,കൂമ്പിയടഞ്ഞ കണ്ണുകളോടെ ദാവണിയണിഞ്ഞു നിൽക്കുന്ന അവളോട് പറഞ്ഞു.

“അതേ.. നിന്റെ ഈ വേഷവും കുറുമ്പും കുസൃതിയും. എനിക്ക് ഒരുപാട് ഇഷ്ടമായിട്ടൊ. പിന്നെ നിന്നെയും…” അതു കേട്ടതും അപ്പുവിന് നാണം കൊണ്ട് മുഖം ചുവന്നു തുടുത്തു. അവൾ ഒരു മന്ദാര ചിരിയോടെ ചോദിച്ചു..

“എന്താ മാഷേ.. മാഷ്‌ക്ക് എന്നോട് വല്ല പ്രേമവും തോന്നുന്നുണ്ടോ. മാഷിന്റെ സങ്കല്പത്തിലെ പെണ്ണിന്റെ മുഖം വല്ലതുമാണോ എനിക്ക്..?”

“ആ ചെറുതായിട്ട്…” അതു കേട്ടതും അപ്പുവിന്റെ നാസിക തുമ്പിൽ വിയർപ്പുകണങ്ങൾ പൊടിഞ്ഞു നിന്നു. അവൾ ലിപ്റ്റിക്കിട്ട കീഴ്ചുണ്ടു കടിച്ചു കൊണ്ട് ഒരു നറു പുഞ്ചിരിയോടെ അവനെ നോക്കി കിലുങ്ങി ചിരിച്ചു കൊണ്ട് ,നമസ്ക്കാരം നോക്കി നിൽക്കുന്ന കാർത്തികയുടെ പിന്നിൽ പോയി ഒളിച്ചു നിന്നു, അവനെ ഇടം കണ്ണാലെ നോക്കി. അതു കണ്ട വിപിൻ അവൾക്ക് ഒരു നിറ പുഞ്ചിരി സമ്മാനിച്ചു…

കണ്ണനും അച്ചുവും, മണ്ഡപത്തിൽ കർമങ്ങൾ ചെയ്യാൻ വന്ന കീഴ്ശ്ശേരി മാനവേദൻ നമ്പൂതിരിയുടെയും പാദം തൊട്ടനുഗ്രഹം വാങ്ങിച്ചതും നമസ്ക്കാരം ഒരു വിധം അവസാനിച്ചു, ഇനി അവർക്ക് അനുഗ്രഹം വാങ്ങാനുള്ളത് അവരുടെ അച്ഛനമ്മമാരുടെയാണ് .

കണ്ണൻ നാണയവും അടക്കയും അടങ്ങിയ വെറ്റില ശിവരാമൻ നായരുടെ കയ്യിൽ കൊടുത്തു ആ പാദങ്ങളിൽ സ്പര്ശിച്ചതും അദ്ദേഹം നിറഞ്ഞ മനസ്സോടെ കണ്ണന്റെ ശിരസ്സിൽ കൈ വെച്ചനുഗ്രഹിച്ചു. പിന്നെ ലക്ഷ്മിയമ്മ നിറഞ്ഞമനസ്സോടെ അവന്റെ നെറുകയിൽ കൈവച്ചനുഗ്രഹിച്ചു. ആ കവിളിൽ ഒരു സ്നേഹ ചുംബനം നൽകി..

അച്ചു അനുഗ്രത്തിനായി ശേഖരന്റെ പാദങ്ങളിൽ തൊട്ടതും. അദ്ദേഹം ഈറനണിഞ്ഞ കണ്ണുകളോടെ നിറഞ്ഞ മനസ്സോടെ അവളുടെ നെറുകയിൽ കൈവച്ചനുഗ്രഹിച്ചു, കവിളിൽ ഒരു സ്നേഹ ചുംബനം നൽകി.. പിന്നെ അവൾ രേവതിയുടെ പാദങ്ങളിൽ തൊട്ടനുഗ്രഹം വാങ്ങിച്ചു അവരും കൊടുത്തു മകളുടെ കവിളിൽ ഒരു സ്നേഹ ചുംബനം.. കണ്ണൻ അച്ചുവിന്റെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങിക്കാൻ ആ പാദങ്ങളിൽ തൊട്ടതും അവർ രണ്ടാളും നിറഞ്ഞ മനസ്സോടെ അവനെ അനുഗ്രഹിച്ചു..

അച്ചു അനുഗ്രഹത്തിനായി ശിവരാമൻ നായരുടെയും ലക്ഷ്മിയമ്മയുടെയും പാദങ്ങളിൽ തൊട്ടതും അവർ രണ്ടാളും അവളുടെ നെറുകയിൽ കൈവച്ചനുഗ്രഹിച്ചു കവിളിൽ ഓരോ സ്നേഹ ചുംബനം നൽകി.. വരനും വധുവിനും നമസ്ക്കാരം അറിയിക്കൽ കഴിഞ്ഞതും. ശരത് ക്യാമറയും കൊണ്ട് കണ്ണന്റെ അടുത്തു വന്നു പറഞ്ഞു…

“ഡാ, ഞാൻ അമ്പലത്തിലോട്ട് പോകാ. എനിക്ക് അവിടെ മൊത്തം ഒന്നു ഷൂട്ട് ചെയ്യാനുണ്ട്. നിങ്ങളുടെ കൂടെ കിഷോറും ദിലീപും ഉണ്ടാകും.. പിന്നെ കിഷോറിനോട് പറഞ്ഞു.. ഡാ.. നീ ഇവരുടെ വണ്ടിയുടെ മുന്നിൽ വീഡിയോ ഷൂട്ട് ചെയ്തു കൊണ്ട് വരണം. OK..” ശിവരാമൻ നായർ വാച്ചിലേക്ക് നോക്കി എല്ലാവരോടും കൂടി പറഞ്ഞു..

“എന്നാ അമ്പലത്തിലോട്ട് പുറപ്പെടാ.. സമയം ഒമ്പതര കഴിഞ്ഞു. മുഹൂർത്തം തുടങ്ങാൻ. ഇനി അരമണിക്കൂറെ ഒള്ളൂ.. താലികെട്ട് കാണാനുള്ളവരെല്ലാം അമ്പലത്തിലോട്ട് പുറപ്പെട്ടോളൂ.. ശേഖരാ രേവതീ ലക്ഷ്മീ.. കുട്ടികളെയും കൊണ്ടിറങ്ങാ..”

താലി കെട്ടാൻ കുടുംബാംഗങ്ങളുടെ കൂടെ ക്ഷേത്രത്തിലോട്ടു പുറപ്പെടാൻ മുറ്റത്തേക്കിറങ്ങിയ കണ്ണനും അച്ചുവും കണ്ടു, അഷ്ടമംഗല്ല്യം ഒരുക്കി നിറ ദീപത്താൽ തെളിഞ്ഞു നിൽക്കുന്ന കതിർമണ്ഡപത്തെ. നിറപറയും നിലവിളക്കും നാദസ്വരവും പക്കമേളവും അതിഥികളുമെല്ലാം അവരെ ആശീർവദിച്ചു ക്ഷേത്രത്തിലൊട്ടാനയിച്ചു. കണ്ണനും അച്ചുവും കൂപ്പ് കയ്യോടെ എല്ലാവർക്കും നമസ്ക്കാരം അറിയിച്ചു നടന്നു നീങ്ങി…
കാറിന്റടുത്തെത്തിയതും ശിവരാമൻ നായർ ഹസനിക്കയോട് ചോദിച്ചു..

“ഹസ്സാ.. നീ വരുന്നില്ലേ അമ്പലത്തിലോട്ട്…

“ഇല്ല.. ഞാൻ ഇവിടെ നിന്നോളാം.. നിങ്ങൾ പോയിട്ട് വരിൻ..

“എന്നാ ഇവിടത്തെ കാര്യങ്ങളെല്ലാം ഒന്നു ശ്രദ്ധിച്ചോണം. ഒന്നിനും ഒരു കുറവും വരരുത്. താലികെട്ട് കഴിഞ്ഞു ഞങ്ങൾ തിരിച്ചെത്തിയാൽ ഉടൻ തന്നെ അരവിന്ദാക്ഷനോട് സദ്യ വിളമ്പാൻ പറഞ്ഞോണം. എല്ലാ കാര്യവും ഞാൻ നിന്നെ ഏൽപ്പിക്ക്യാ. എല്ലാം അതിന്റെ മട്ടം പോലെ ചെയ്തോണം….”

“അതൊക്കെ ഞാൻ നോക്കിക്കോളാം. നീ അതിനെ പറ്റിയൊന്നും ബേജാറാവേണ്ട. നിങ്ങൾ പോയിട്ട് വാ…” അപ്പോഴാണ് ശേഖരൻ അനിലിനോട് ചോദിച്ചത്..

“അനികുട്ടാ.. അമ്പലത്തിൽ നിന്നും താലികെട്ടിനു ശേഷം ഇടാനുള്ള മാലയെല്ലാം റെഡിയല്ലേ…?”

“റെഡിയാണ്. അവിടന്നിടാനുള്ള തുളസി മാലയും കൊണ്ട് റഹ്‌മാനും അരുണും ശിവനും കൂടി അമ്പലത്തിലോട്ട് പോയിട്ടുണ്ട്…”

കണ്ണനും ശിവരാമൻ നായരും ലക്ഷ്മിയമ്മയും അപ്പുവും ദിവാകരനും ബെൻസിലും. അച്ചുവും ശേഖരനും രേവതിയും മാലതിയും അനിലും കാർത്തികയും അനിലിന്റെ ഔഡിയിലും അമ്പലത്തിലോട്ട് പുറപ്പെട്ടു… അവർ അമ്പലത്തിലോട്ട് എത്തിയപ്പോഴേക്കും കുറേ ആളുകൾ കാൽനടയായും വണ്ടിയിലായും അവിടെ എത്തിയിരുന്നു.. കണ്ണനും അച്ചുവും കാറിൽ നിന്നും ഇറങ്ങുന്നതും മറ്റും ശരത്തും കിഷോറും ക്യാമറയിൽ പകർത്തിക്കൊണ്ടിരുന്നു. അവർ രണ്ടാളും വധൂവരന്മാരുടെ കൂടെ ഒരു നിഴലായി സഞ്ചരിച്ചു കൊണ്ടിരുന്നു..

ശിവരാമൻ നായരും ശേഖരനും ദിവാകരനും ലക്ഷ്മിയമ്മയും രേവതിയും മാലതിയും അപ്പുവും കാർത്തികയും കാർത്തികയുടെ അച്ഛനുമമ്മയും മറ്റു കുടുംബാംഗങ്ങളും നാട്ടുകാരും കൂടെ കണ്ണനെയും അച്ചുവിനെയും കൊണ്ട് ശ്രീ കോവിലിന്റെ മുന്നിലേക്ക് നടന്നു. കണ്ണനും അച്ചുവും ദേവിയുടെ മുന്നിൽ തൊഴുതു പ്രാർത്ഥിച്ചതും തിരുമേനി അവർക്ക് തീർത്ഥം കൊടുത്തനുഗ്രഹിച്ചു. താലികെട്ടിനുള്ള എല്ലാ ഒരുക്കവും തെയ്യാറാക്കി കഴിഞ്ഞിരുന്നു.. അച്ചുവിന്റെ കഴുത്തിൽ കെട്ടാനുള്ള താലി തിരുമേനി പൂജിച്ചു പൂവും പ്രസാദവും കുങ്കുമവുമടങ്ങിയ ഒരു താലത്തിൽ തയ്യാറാക്കി വച്ചിരുന്നു… താലി കെട്ടുമ്പോൾ വരന്റെയും വധുവിനെയും മേൽ ചൊരിയാനുള്ള പൂക്കളും പൂമാലയും കൊണ്ട് അരുൺ അനിലിന്റെ അടുത്ത് വന്നു മാല അവന്റെ കയ്യിൽ കൊടുത്ത് ഒരേ പിടി പൂക്കൾ വാരി കൂടിനിൽക്കുന്ന എല്ലാവരുടെയും കയ്യിൽ കൊടുത്തു. അമ്പലത്തിലോട്ടു വന്ന എല്ലാവരും കണ്ണനും അച്ചുവിനും ചുറ്റും കൂടിനിന്നു. ശരത്ത് ക്യാമറ ഓണാക്കി കണ്ണനെയും അച്ചുവിനെയും ഫോക്കസ് ചെയ്തു സ്റ്റാന്റിൽ നിർത്തി. ലക്ഷ്മിയമ്മയും രേവതിയും മാലതിയും കാർത്തികയും കാർത്തികയുടെ കുടുംബവും ജമീലത്തയും രമണിയുമെല്ലാം അവർക്ക് ചുറ്റും പുഞ്ചിരിതൂകിനിന്നു.

തിരുമേനി ശ്രീ കോവിൽ നിന്നും ഇറങ്ങി വന്നു വാച്ചിൽ നോക്കി ശിവരാമൻ നായരോടും ശേഖരനോടും പറഞ്ഞു…

“എന്നാ താലി കെട്ടാം അല്ലേ.. മുഹൂർത്തായി… ഇനി ആരെങ്കിലും വരാനുണ്ടോ..?”

“ആ തുടങ്ങാം തിരുമേനി. ഇനി ആരും വരാനില്ല…” അതു കേട്ടതും കണ്ണനും അച്ചുവും പരസ്പരം നോക്കി. അവരുടെ മനസ്സൊരുങ്ങി. കണ്ണൻ നിറഞ്ഞ മനസ്സാലെ അവളെ നോക്കി പുഞ്ചിരിച്ചു.. അപ്പുവും കാർത്തികയും അച്ചുവിന്റെ പിന്നിൽ നിന്നു…

തിരുമേനി താലത്തിൽ നിന്നും മഞ്ഞ ചരടിൽ കോർത്ത താലിയെടുത്തു രണ്ട് കയ്യിലും കൂട്ടിപിടിച്ചു കൂപ്പ് കയ്യോടെ ശ്രീ കോവിലിന് നേരെ തിരിഞ്ഞു പ്രാർത്ഥിച്ചു കൊണ്ട് ചരടിന്റെ രണ്ടറ്റത്തു പിടിച്ചു കണ്ണന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു.

“കണ്ണാ. ഭഗവതിയെ മനസ്സിൽ ധ്യാനിച്ചു കെട്ടിക്കോളൂ. മോളേ പ്രാർത്ഥിച്ചോളൂ ട്ടോ…..” കണ്ണൻ താലി വാങ്ങി ശിവരാമൻ നായരേയും ലക്ഷ്മിയമ്മയെയും ശേഖരനെയും രേവതിയേയും മറ്റുള്ളവരെയും നോക്കി. അവർ നിറഞ്ഞ മനസ്സോടെ പുഞ്ചിരിച്ചു കൊണ്ട് കെട്ടാൻ പറഞ്ഞു.. അപ്പു അച്ചുവിന്റെ മുല്ലപ്പൂ ചൂടിയ മുടി പൊക്കി പിടിച്ചു കൊടുത്തു, കണ്ണൻ അച്ചുവിന്റെ നെഞ്ചോട് ചേർന്നു നിന്ന് അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ട് മുപ്പത്തി മുക്കോടി ദൈവങ്ങളെയും മനസ്സിൽ പ്രാർത്ഥിച്ചു, കൂടി നിൽക്കുന്ന എല്ലാവരെയും സാക്ഷി നിർത്തി താലി അച്ചുവിന്റെ കഴുത്തിലേക്ക് വെച്ചതും, അച്ചു കൂപ്പ് കയ്യോടെ കണ്ണടച്ചു പ്രാർത്ഥിച്ചു താലി കെട്ടാൻ കഴുത്തു നീട്ടി കൊടുത്തു. കണ്ണൻ മംഗല്ല്യ സൂത്രം അവളുടെ കഴുത്തിൽ അണിയിച്ചതും കൂടി നിന്ന എല്ലാവരും അവരുടെ മേൽ കുരവയിട്ടു പുഷ്‌പാർച്ചന നടത്തി… താലി കെട്ടി കഴിഞ്ഞതും ശേഖരൻ അനിലിന്റെ കയ്യിൽ നിന്നും തുളസി മാല വാങ്ങി അച്ചുവിന്റെ കയ്യിൽ കൊടുത്തു പറഞ്ഞു.

“മോളേ ഇത് കണ്ണന്റെ കഴുത്തിലിട്ടു കൊടുക്കൂ ..” അച്ചു ഒരു നിറഞ്ഞ പുഞ്ചിരിയോടെ മന്ദാര ചിരിയോടെ നിൽക്കുന്ന കണ്ണന്റെ കഴുത്തിൽ തുളസിമാലയണിയിച്ചു.. കണ്ണൻ തിരിച്ചു അവളുടെ കഴുത്തിലും തുളസിമാല അണിയിച്ചു.

അടുത്തത് അച്ചുവിന്റെ സീമന്ദരേഖയിൽ സിന്ദൂരമണിയിക്കുന്ന ചടങ്ങായിരുന്നു.. തിരുമേനി സിന്ദൂരമെടുത്തു കണ്ണന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു..

“സിന്ദൂരം. വധുവിന്റെ സീമന്ദരേഖയിൽ ചാർത്തിക്കോളൂ..”

കണ്ണൻ ഒരു നുള്ള് സിന്ദൂരം എടുത്തു പിടിച്ചു അച്ചുവിനെ നോക്കി പുഞ്ചിരിച്ചു.. അപ്പു അച്ചുവിന്റെ നെറ്റിച്ചുട്ടി പൊക്കി പിടിച്ചു കണ്ണന് സിന്ദൂരം അണിയിക്കാൻ സൗകര്യം ഉണ്ടാക്കി കൊടുത്തു. കണ്ണൻ അച്ചുവിന്റെ നെറ്റിയിൽ സിന്ദൂരമണിയിച്ചു.

അച്ചുവിന്റെ കയ്യിൽ തിരുമേനി ചന്ദനം കൊടുത്തു .കണ്ണന്റെ നെറ്റിയിൽ തൊട്ടു കൊടുക്കാൻ പറഞ്ഞു. അച്ചു ചന്ദനമെടുത്തു കണ്ണന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു ,കണ്ണു പൊത്തി ചന്ദനം ഊതിയുണക്കി. അച്ചുവിന്റെ ആധരത്തിൽ നിന്നുള്ള നനുത്ത കാറ്റ് കണ്ണന്റെ നെറ്റിയിലെ ചന്ദനത്തിൽ തട്ടിയതും തണുപ്പ് കൊണ്ട് അവന്റെ കണ്ണുകൾ കൂമ്പിയടഞ്ഞു. അവൻ ഒരു മന്ദാര ചിരിയോടെ അച്ചുവിനെ നോക്കി കണ്ണിറുക്കി. ഇതെല്ലാം ശരത്ത് ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു………..

ചടങ്ങുകൾ കഴിഞ്ഞതും വരനും വധുവും ഒരുമിച്ച് നിന്നു ദേവിയുടെ മുന്നിൽ പ്രാർത്തിച്ചു. അച്ചു പൂർണ്ണ അർത്ഥത്തിലിപ്പോൾ കണ്ണന്റെ സ്വന്തമായിരിക്കുന്നു. കണ്ണൻ അണിയിച്ചു താലിയും സീമന്തരേഖയിലെ സിന്ദൂരവും അച്ചുവിനെ സുമംഗലി ആക്കിയിരിക്കുന്നു. ഈ നിമിഷം മുതൽ അവർ രണ്ട് ശരീരവും ഒരു മനസ്സുമായി. ശരത്ത് അച്ചുവിനെ കണ്ണന്റെ നെഞ്ചോട് ചേർത്തു നിർത്തി ക്ഷേത്രത്തിലെ കൽവിളക്കിനും ശ്രീ കോവിലിന് ചുറ്റും നിർത്തി വീഡിയോസും പൊട്ടോസും എടുത്തു. ക്ഷേത്രത്തിന് ചുറ്റുമുള്ള കല്ല് പതിച്ച നടപ്പാതയിലൂടെ അച്ചു കണ്ണന്റെ കൈപിടിച്ചു നടക്കുന്ന ഒരു റൊമാന്റിക് സീൻ ശരത് ചിത്രീകരിച്ചു. അവരുടെ ഇടയിൽ പെങ്ങളൂട്ടിയായ അപ്പു കടന്നു വരുന്നതും ശരത്ത് വീഡിയോയിൽ പകർത്തി കൊണ്ടിരുന്നു. ഇതിനിടയിൽ വിപിനും അപ്പുവുമായുള്ള ചെറിയ പ്രണയം ആ ക്ഷേത്രവളപ്പിൽ ചെറിയ രീതിയിൽ അരങ്ങേരുന്നുണ്ടായിരുന്നു. ഒരു ചെറിയ കണ്ണു പൊത്തി പ്രണയം…

വരനേയും വധുവിനെയും താലമെടുത്തു സ്വീകരിക്കാൻ രേവതിയും മാലതിയും കാർത്തികയും കുറച്ചു കുടുംബങ്ങളും നേരത്തേ വീട്ടിലോട്ട് പുറപ്പെട്ടു. അവർ അഷ്ടമംഗല്ല്യം ഒരുക്കിയ താലവും നിലവിളക്കും അരിയും പൂവുമായി വരനേയും വധുവിനെയും സ്വീകരിച്ചു, കതിർ മണ്ഡപത്തിലോട്ടു കൊണ്ട് പോകാൻ പടിപ്പുരയിൽ കാത്തു നിന്നു………

#തുടരും..

Read complete സ്‌നേഹവീട് Malayalam online novel here

4.8/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!