മരണങ്ങളുടെ തുരുത്ത് Part 19

  • by

4608 Views

മരണങ്ങളുടെ തുരുത്ത് Malayalam Novel

പോലീസ് ക്ലബിന് മുന്നിൽ പ്രതാപിന്റെയും സംഘത്തിന്റെയും ജീപ്പ് ബ്രേക്കിട്ട് നിന്നു. ഫ്രണ്ടിലെ ഡോറിലൂടെ പ്രതാപ് ഇറങ്ങി അകത്തേക്ക് പോയി.

“അനസേ, അവനെ ഇങ്ങ് ഇറക്കി റൂമിൽ കേറ്റിക്കോ”

സൈഡിലെ ഡോർ തുറന്ന് ആദ്യം അനീഷ് ഇറങ്ങി. പിറകെ കുട്ടായിയും അനസും പോലീസുകാരനും ഇറങ്ങി. അനസും അനീഷും കുട്ടായിയുടെ രണ്ട് സൈഡിലായി നടന്ന് കുട്ടായിയെ അകത്തേക്ക് കയറ്റി. അകത്തേക്കു ചെന്ന് ഇടത്തേക്കുള്ള ഇടനാഴിയിലൂടെ ചെന്ന് അതിന്റെ അവസാനമുള്ള റൂമിലേക്ക് അനസ് കുട്ടായിയെ പിറകിൽ നിന്ന് തള്ളി. അപ്രതീക്ഷിതമായ തളളിൽ കുട്ടായി മുന്നോട്ട് ആഞ്ഞെങ്കിലും താഴെ വീഴാതെ ബാലൻസ് ചെയ്തു നിന്നു.

അപ്പോഴേക്കും പ്രതാപ് അങ്ങോട്ട് വന്നു.

“അനീഷേ, ഏതെങ്കിലും പൊലീസുകാരെ കൊണ്ട് നമുക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങിപ്പിക്ക്. വിശന്നിട്ട് വയ്യ. ഇവനും എന്തെങ്കിലും വാങ്ങി കൊടുക്ക്”

“ശരി സർ”

“അനസേ, ഇവൻ പുറത്തേക്ക് പോകാതെ നോക്കണം. കഴിച്ചിട്ട് നമുക്ക് തുടങ്ങാം കലാപരിപാടികൾ. ആദ്യം അവനെ മൊത്തം ഒന്ന് പരിശോധിച്ചേക്ക്. ചിലപ്പോ എന്തെങ്കിലുമൊക്കെ കയ്യിൽ ഉണ്ടെങ്കിൽ വല്ലതും കാണിച്ചാൽ നമ്മൾ സമാധാനം പറയേണ്ടി വരും”

“ശരി സർ”

കുട്ടായിയെ പരിശോധിക്കാൻ അനസ് അകത്തേക്ക് കയറി.

പുറത്തു നിന്ന് വന്ന ഒരു പോലീസുകാരൻ പ്രതാപിനെ സല്യൂട്ട് ചെയ്തു

“എന്താടോ ?”

“സർ ഒരു കാറുകരൻ സാറിനെ കാണാൻ വന്നിട്ടുണ്ട്”

“അയാളോട് ഞാൻ സ്റ്റേഷനിൽ അല്ലെ വരാൻ പറഞ്ഞത്. അയാൾ എന്തിനാ ഇങ്ങോട്ട് വന്നത്. താൻ പൊക്കോ. ഞാൻ വരാം എന്ന് പറയ്”

പ്രതാപിനെ സല്യൂട്ട് ചെയ്ത ശേഷം പോലീസുകാരൻ തിരികെ പോയി.

“അനസേ, അവനെ ശരിക്കും പരിശോധിച്ച ശേഷം റൂം അടച്ച് താൻ വാ. ആ ഡ്രൈവറുടെ സ്റേറ്മെന്റ് എടുക്കണം. പിന്നെ ഒരു പൊലീസുകാരനെ ഇവിടെ നിർത്തിയേര്”

“ശരി സർ”

പുറത്തെ കസേരയിൽ ഇരുന്നിരുന്ന സജിയുടെ അടുത്ത് ചെന്ന്

“ഞാൻ സ്റ്റേഷനിലേക്ക് വരാൻ അല്ലെ പറഞ്ഞത്. പിന്നെന്തിനാ ഇങ്ങോട്ട് വന്നത്”

“അത് ഞാൻ സാറിന്റെ വണ്ടിയുടെ പിറകെ പോന്നതാണ്. ഞാൻ കരുതി സർ സ്റ്റേഷനിലേക്ക് ആണെന്ന്. അതാ അങ്ങിനെ ചെയ്തത്. ഞാൻ സ്റ്റേഷനിൽ വരണമെങ്കിൽ അവിടെ വരാം”

“വേണ്ട, എന്തായാലും ഇവിടെ വരെ വന്നതല്ലേ. ഒരു കാര്യം ചെയ്യൂ, നേരത്തെ എന്റെ കൂടെ ഉണ്ടായിരുന്ന പോലീസുകാരൻ വരും. അയാൾ പറയുന്ന പേപ്പറിൽ ഒന്ന് ഒപ്പിട്ട് കൊടുത്താൽ മതി. ഒപ്പിടുന്നതിന് മുൻപ് പേപ്പർ നന്നായി വായിച്ചു നോക്കണം. പിന്നെ ചിലപ്പോൾ കോടതിയിൽ വന്ന് സാക്ഷി പറയേണ്ടി വരും. ഞാൻ അത് പരമാവധി ഒഴിവാക്കാൻ നോക്കാം”

“സർ അത് ഒഴിവാക്കി കിട്ടിയാൽ വലിയ ഉപകാരം ആയിരുന്നു. ഇയാൾ ആരാണെന്നോ എന്താണെന്നോ അറിഞ്ഞിരുന്നെങ്കിൽ ഞാൻ വണ്ടിയിൽ കയറ്റില്ലായിരുന്നു”

“അത് സാരമില്ല. ആ പേപ്പർ വായിച്ച് നോക്കി ഒപ്പിട്ടോളൂ. അപ്പോൾ ശരി”

“ശരി സർ”

“സർ”

തിരിഞ്ഞു നടക്കാൻ തുടങ്ങിയ പ്രതാപ് സജിയുടെ വിളി കേട്ട് വീണ്ടും തിരിഞ്ഞു നോക്കി.

“എന്തെടോ ?”

കയ്യിലിരുന്ന ബാഗ് പ്രതാപിന് നേരെ നീട്ടി കൊണ്ട്

“സർ, ഈ ബാഗ് അയാൾ വണ്ടിയിൽ കയറിയപ്പോൾ കയ്യിൽ ഉണ്ടായിരുന്നതാണ്. നേരത്തെ വെപ്രാളത്തിനിടയിൽ ഞാൻ പറയാൻ മറന്നു പോയി”

“ശരി, താങ്ക്സ്”

പ്രതാപ് സജിയോട് കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കെ ഭക്ഷണം വാങ്ങി കൊണ്ട് വന്ന് അനീഷ് വിളിച്ചപ്പോൾ പ്രതാപ് അത് കഴിക്കാനായി പോയി.

പ്രതാപ് പോയതിന്റെ പിറകെ അനസ് സജിയെ കൊണ്ട് സ്റേറ്മെന്റിൽ ഒപ്പ് മേടിച്ച് സജിയെ പറഞ്ഞു വിട്ടു. അതിന് ശേഷം ഭക്ഷണം കഴിക്കുന്ന പ്രതാപിന്റെയും അനീഷിന്റെയും അടുത്തേക്ക് ചെന്ന് അവർക്കൊപ്പം ഭക്ഷണം കഴിക്കാനിരുന്നു.

“ഒപ്പ് വാങ്ങിയോ അനസേ”

“ഉവ്വ് സർ”

“അയാൾ പോയോ”

“പറഞ്ഞു വിട്ടു”

“എന്തൊക്കെയാടോ അതിൽ എഴുതി പിടിപ്പിച്ചത്”

“ഒന്നുമില്ല സർ. അദ്ദേഹത്തിന് കുട്ടായിയെ ആരാണെന്ന് അറിയാതെയാണ് വാഹനത്തിൽ കയറ്റിയത്. കുട്ടായി പറഞ്ഞത് പ്രകാരം തിരുവന്തപുരത്തേക്ക് പോകുന്ന വഴി പോലീസിന്റെ നിർദ്ദേശപ്രകാരം വാഹനം നിർത്തുകയും, അതിൽ നിന്നും കുട്ടായിയെ പോലീസ് അറസ്റ്റ് ചെയ്യുന്നതിന് അദ്ദേഹം സാക്ഷി ആണെന്നും. അത്ര പോരെ”

“മതി. പിന്നെ ആ കുട്ടായിയെ പരിശോധിച്ചില്ലേ”

“ഉവ്വ് സർ. ഉടുത്തിരിക്കുന്ന വസ്‌ത്രം മാത്രേ ഉള്ളു. മൊബൈൽ ഫോൺ ഒന്നും കയ്യിൽ ഇല്ല. പാന്റിന്റെ പോക്കറ്റിൽ ഉള്ള പേഴ്സിൽ മൂന്ന് എ ടി എം കാർഡ്, രണ്ട് ക്രെഡിറ്റ് കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, അയ്യായിരം രൂപ ഇത്രയും ഉണ്ടായിരുന്നു. എല്ലാം എഴുതി ഒപ്പിട്ട് വാങ്ങിയിട്ടുണ്ട്”

“വെരി ഗുഡ്. റൂമിന് പുറത്ത് ആളെ നിർത്തിയിട്ടില്ലേ”

“ഉവ്വ് സർ”

“ആ പിന്നെ ആ സജി വന്നപ്പോൾ കുട്ടായി കാറിൽ കയറിയപ്പോൾ അയാളുടെ കയ്യിൽ ഉണ്ടായിരുന്ന ഒരു ബാഗ് തന്നിട്ടുണ്ട്. താൻ അത് കൂടി ഒന്ന് നോക്കണം”

“ശരി സർ”

“ഓക്കെ, രണ്ടാളും വേഗം കഴിച്ച് എഴുന്നേൽക്ക് കുട്ടായിയെ ചോദ്യം ചെയ്യാൻ ഉള്ളതാണ്. എന്നിട്ട് വേണം ഇതിന്റെ പിന്നിലെ എം എൽ എ യുടെ പങ്ക് അറിയാനും ആ പുന്നാര മോനെ കസ്റ്റഡിയിൽ എടുക്കാനും. ഇന്നത്തോടെ നമുക്ക് ഈ കേസിന് ഒരു തീരുമാനം ഉണ്ടാക്കണം”

“അഞ്ച് മിനിറ്റ് സർ. ഇപ്പോൾ വരാം”

“ഞാൻ എഴുന്നേറ്റ് കൈ കഴുകട്ടെ, നിങ്ങൾ വരുമ്പോൾ വിളിക്ക് ഞാൻ റൂമിൽ ഉണ്ടാകും”

“ശരി സർ”

ഭക്ഷണം കഴിച്ചു കഴിഞ്ഞ പ്രതാപ് കസേരയിൽ നിന്ന് എഴുന്നേറ്റ് കൈ കഴുകി റൂമിലേക്ക് പോയി.

പോകുന്ന വഴിയിൽ തിരിഞ്ഞ് നിന്ന്

“അനീഷേ, അവന് കഴിക്കാൻ വല്ലതും കൊടുത്തോടോ ?”

“കൊടുത്തു സർ”

“ഓക്കെ, വേഗം വാ”

“ശരി സർ”

ഭക്ഷണം കഴിച്ചു കഴിഞ്ഞ അനീഷും അനസും പ്രതാപിനെ റൂമിൽ പോയി വിളിച്ചു. അവർ മൂന്ന് പേരും കൂടി കുട്ടായിയെ ചോദ്യം ചെയ്യാനായി ചോദ്യം ചെയ്യുന്ന റൂമിലേക് പോയി. പുറത്ത് നിന്ന പോലീസുകാരനോട്

“എടോ അയാൾക്ക് കഴിക്കാൻ കൊടുത്തത് കഴിച്ചോ ?”

“അറിയില്ല സർ. കഴിക്കാൻ കൊടുത്ത ശേഷം ഞാൻ അകത്തേക്ക് കയറിയില്ല”

“എടോ തനിക്ക് അതൊന്ന് നോക്കായിരുന്നില്ലേ”

“സോറി സർ”

റൂമിൽ റെസ്റ്റ് ചെയ്യാനായി കയറിയ പ്രതാപിനെ അനസ് ചെന്ന് വിളിച്ച ശേഷം അവർ ആ റൂമിലേക്ക് ചെല്ലുമ്പോൾ ,അവിടെ ഇട്ടിരുന്ന കസേരയിൽ ഇരുന്ന് മുന്നിലെ മേശയിൽ തലവെച്ച് കിടക്കുന്ന കുട്ടായിയെ ആണ് കണ്ടത്.

“കുട്ടായി”

മേശയിൽ നിന്നും തല ഉയർത്തി പ്രതാപിനെ നോക്കി.

“കുട്ടായി ഭക്ഷണം കഴിച്ചോ ?”

അയാൾ തലയാട്ടി.

“അപ്പോൾ നമുക്ക് തുടങ്ങാം. ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായുള്ളതും സത്യസന്ധവുമായ മറുപടി പറഞ്ഞാൽ ഈ കലാപരിപാടി നമുക്ക് വേഗം അവസാനിപ്പിക്കാം. അല്ലെങ്കിൽ ഇത് ഇങ്ങിനെ നീണ്ട് പോകും. വെറുതെ കള്ളം പറഞ്ഞ് ഇതിൽ നിന്നും രക്ഷപ്പെടാം എന്നു കരുതണ്ട. തന്റെയും തന്റെ കൂടെയുള്ളവരുടെയും കൃത്യമായ വിവരങ്ങൾ എന്റെ കയ്യിൽ ഉണ്ട്. എല്ലാ തെളിവുകളും സംഘടിപ്പിച്ച ശേഷം ആണ് ഞാൻ നിന്നെ അറസ്റ്റ് ചെയ്തത്. അത് കൊണ്ട് വെറുതെ കള്ളം പറയാൻ നിൽക്കേണ്ട. പറയുന്നത് കള്ളം ആണെന്ന് എനിക്ക് മനസ്സിലായാൽ നീ വെറുതെ ഇടിയും കൊള്ളും അവസാനം സത്യം പറയേണ്ടിയും വരും. അപ്പോൾ ആദ്യമേ സത്യം പറയുന്നതാണ് നല്ലത്. അപ്പോൾ നമുക്ക് തുടങ്ങാം”

“സർ ഞാൻ സത്യങ്ങൾ എല്ലാം പറയാം. എന്നെ ഉപദ്രവിക്കരുത്. ഞാനൊരു ഹാർട്ട് പെഷൻറ് ആണ്”

“നിനക്ക് ഹൃദയമൊക്കെ ഉണ്ടോ ?” പ്രതാപിന്റെ ചോദ്യം കേട്ടതോടെ കുട്ടായി തല താഴ്ത്തി.

“അനസേ ക്യാമറ ഓണാക്കിയോ ?”

“യെസ് സർ”

“അപ്പോൾ തുടങ്ങാം. ആദ്യത്തെ ചോദ്യം നീ എങ്ങോട്ടാണ് രക്ഷപെടാൻ ശ്രമിച്ചത് ?”

“ഇവിടെ നിന്ന് നേരെ തിരുവനന്തപുരം. തിരുവനന്തപുരത്ത് നിന്ന് ഉച്ചക്ക് രണ്ട് മണിക്കുള്ള ഫ്ലൈറ്റിൽ ദുബായിലേക്ക്”

“ദുബായിൽ ആരാണ് ഉള്ളത് ?”

“എനിക്ക് അവിടെ ബിസിനസ്സ് ഉണ്ട്”

“എന്ത് ബിസിനസ്സ് ?”

“കഫ്റ്റേറിയ”

“പുഴയക്കര ഗ്രാമത്തിൽ നിന്ന് വെറുമൊരു മൽസ്യത്തൊഴിലാളിയായി ജീവിതം തുടങ്ങിയ നീ എങ്ങിനെയാണ് ഇത്ര വലിയ പണക്കാരൻ ആയത് ?”

“അച്ഛനും അമ്മയും മരിച്ച ശേഷം അവിടെ എനിക്ക് ആരും ഉണ്ടായിരുന്നില്ല. അവിടെ നിന്നാൽ ജീവിതത്തിൽ രക്ഷപ്പെടാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ഞാൻ ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് എന്റെ ഇരുപതാമത്തെ വയസ്സിൽ നാട് വിട്ടു. നേരെ ചെന്നത് ബോംബെയിൽ ആണ്. അവിടെ നിന്ന് കൽക്കട്ട, സൂററ്റ് അങ്ങിനെ കുറെ സ്ഥലങ്ങളിൽ കറങ്ങി. പല പണികൾ ചെയ്തു. അവസാനം ബാംഗ്ലൂരിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന സമയത്താണ് ഞാൻ ദുബായിലുള്ള പാലക്കാട് കൈപ്പുറം സ്വദേശിയായ ഷാഫി കൈപ്പുറം എന്ന ആളെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന് അവിടെ ഒരുപാട് ബിസിനസ്സ് സാമ്രാജ്യങ്ങൾ ഉണ്ടായിരുന്നു. ഇന്നത്തെ ലുലു ഗ്രൂപ്പിനെക്കാളും വലിയ ബിസിനസ്സ് ഗ്രൂപ്പ് ആയിരുന്നു അന്ന് അദ്ദേഹത്തിന് അവിടെ. അദേഹമാണ് എനിക്ക് ദുബായിലെ അദ്ദേഹത്തിന്റെ ഒരു കമ്പനിയിൽ ഒരു ജോലി ശരിയാക്കി തന്നത്. വളരെ നല്ലൊരു മനുഷ്യ സ്നേഹി ആണ്. എന്നെ ഈ നിലയിൽ എത്താൻ ഒരുപാട് സഹായിച്ചത് അദ്ദേഹം ആണ്. ആദ്യ എട്ട് വർഷം ഞാൻ നാട്ടിലേക്ക് വരാതെ അവിടെ തന്നെ നിന്ന് സമ്പാദിച്ചു. അതിന് ശേഷം അവിടെയുള്ള മറ്റൊരു മലയാളിയായ മുജീബ് എന്നയാളുമായി ചേർന്ന് കഫ്റ്റീരിയ തുടങ്ങി. ഇപ്പോൾ യു എ ഇയിൽ മാത്രം ഞങ്ങൾക്ക് 25 കഫ്റ്റീരിയകൾ ഉണ്ട്. ഞാൻ നാട്ടിൽ വരുമ്പോൾ മുജീബ് ആണ് അവിടുത്തെ കാര്യങ്ങൾ നോക്കിയിരുന്നത്. യാദൃശ്ചികമായി പരിചയപ്പെട്ടത് ആണെങ്കിലും ഇപ്പോൾ എന്റെ എന്റെ ജേഷ്‌ഠസഹോദരൻ ആണ്. പിന്നീട് നാട്ടിൽ വന്ന ഞാൻ റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഇറങ്ങി. വലിയ സ്ഥലങ്ങൾ മൊത്തമായി എടുത്ത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു മറിച്ചു കൊടുക്കുക, സ്ഥലങ്ങൾ വാങ്ങി മറിച്ച് വിൽക്കുക, കാലി സ്ഥലം വാങ്ങി വീട് ഉണ്ടാക്കി വിൽക്കുക തുടങ്ങിയ പരിപാടികൾ ആയിരുന്നു. കൂടാതെ മൂന്നാറിലും കോവളത്തും രണ്ട് റിസോർട്ടുകൾ ഉണ്ട്. ടൗണിലെ രണ്ട് ഷോപ്പിംഗ് കോംപ്ലക്സുകൾ എന്റെയാണ്. ഇപ്പോൾ ടൗണിൽ പണി നടക്കുന്ന വലിയ മാൾ എന്റെയാണ്”

“നിന്റെ നാട്ടിലെ ഇപ്പോഴത്തെ പരിപാടികളിൽ നിന്റെ ജേഷ്ഠസഹോദരൻ എന്ന മുജീബിനും പങ്കുണ്ടോ”

“ഇല്ല സർ. അദ്ദേഹത്തിന് നാട്ടിലെ എന്റെ പരിപാടികൾ ഒന്നും അറിയില്ല. നാട്ടിൽ റിയൽ എസ്റ്റേറ്റ് പരിപാടികൾ ആണെന്ന് മാത്രമേ അറിയൂ. ഉടായിപ്പുകൾ ഉണ്ടെന്ന് അറിഞ്ഞാൽ അപ്പോ അദ്ദേഹം എന്നെ ഒഴിവാക്കുമെന്ന് എനിക്ക് അറിയാം”

“അതിപ്പോ നിന്നെ അറസ്റ്റ് ചെയ്ത വാർത്ത പത്രത്തിലൂടെ അറിഞ്ഞാൽ അയാൾ തന്നെ പുറത്താക്കും”

അത് കേട്ടതോടെ കുട്ടായിയുടെ മുഖം താഴേക്ക് കുനിഞ്ഞു.

“കുട്ടായിയുടെ വീട്ടിൽ ആരൊക്കെയുണ്ട് ?”

“ഞാൻ പറഞ്ഞില്ലേ സർ. എന്റെ അച്ഛനും അമ്മയും മരിച്ച ശേഷം ഞാൻ ഒറ്റക്കായിരുന്നു. ആ ഗ്രാമത്തിൽ നിന്ന് പോയതിന് ശേഷം ആദ്യമായി നാട്ടിലേക്ക് എത്തിയത് പത്ത് വർഷങ്ങൾക്ക് ശേഷം ആണ്. അപ്പോഴാണ് എനിക്കൊരു കൂട്ട് വേണം എന്ന് തോന്നിയത്. ഒറ്റയാനായിരുന്ന എനിക്ക് ആര് പെണ്ണ് തരാൻ ആണ്. ആദ്യം ചെയ്തത് ആ ഗ്രാമത്തിൽ പോയി അവിടെയുള്ളവരുമായി ബന്ധം പുനസ്ഥാപിച്ചു. അന്ന് ഞാൻ ആറ് മാസം നാട്ടിൽ ഉണ്ടായിരുന്നു. അപ്പോൾ ഗൾഫിലെ കാര്യങ്ങൾ നോക്കിയിരുന്നത് മുജീബ് ആയിരുന്നു. കുറെ വിവാഹാലോചനകൾ വന്നെങ്കിലും ഞാൻ ഒറ്റക്കാണ് എന്ന കാരണം കൊണ്ട് എല്ലാം മുടങ്ങി. അങ്ങനെയിരിക്കെയാണ് നെയ്യാറ്റിൻകരയിൽ ഉള്ള അഖില എന്ന യുവതിയുടെ ആലോചന വരുന്നത്. എനിക്ക് ആരും ഇല്ലെന്നത് അവർക്കൊരു വിഷയം ആയിരുന്നില്ല. അങ്ങിനെ ആ വിവാഹം നടന്നു. വിവാഹം നടന്ന ശേഷം ആണ് ഞാൻ ടൗണിൽ പുതിയ വീട് ഉണ്ടാക്കി അവിടേക്ക് താമസം മാറിയത്. മൂന്ന് മക്കൾ ആണ് സർ എനിക്കുള്ളത്”

“അവർ എന്താ ചെയ്യുന്നത് ?”

“മൂത്തയാൾ ഒൻപതാം ക്ലസ്സിൽ ആണ് സർ. രണ്ടാമത്തെയാൾ അഞ്ചിലും മൂന്നാമത്തെയാൾക്ക് നാല് വയസ്സും ആണ് സർ പ്രായം”

“നീ എന്തിനാണ് രക്ഷപെടാൻ ശ്രമിച്ചത്?”

“നിങ്ങൾ എന്നെ അറസ്റ്റ് ചെയ്യാൻ വരുമെന്ന് അറിയാവുന്നത് കൊണ്ട്”

“ഞങ്ങൾ എന്തിനാണ് നിന്നെ അറസ്റ്റ് ചെയ്യുന്നത്”

“സർ ഫെമിനയെയും ഐഷയെയും അറസ്റ്റ് ചെയ്തത് ഞാൻ അറിഞ്ഞിരുന്നു”

“എങ്ങിനെ ?” പ്രതാപ് ആ ചോദ്യം ചോദിച്ച ഉടനെ പ്രതാപിന്റെ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി. പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത ശേഷം സ്ക്രീനിൽ നോക്കിയപ്പോൾ എസ് പിയാണ് വിളിക്കുന്നത്.

“അനീഷേ ഇവനെ ഒന്ന് നോക്കിക്കോ. എസ് പി യാണ് വിളിക്കുന്നത്. ഞാൻ സംസാരിച്ചിട്ട് ഉടനെ വരാം. ബാക്കി നമുക്ക് ഞാൻ വന്നിട്ട് ചോദിക്കാം”

“ശരി സർ”

കോൾ അറ്റൻഡ് ചെയ്തു കൊണ്ട് പ്രതാപ് പുറത്തേക്ക് നടന്നു.

“ഹലോ സർ”

“താൻ ഇപ്പോൾ എവിടെയാണ്”

“ഞാൻ പോലീസ് ക്ലബ്ബിൽ ഉണ്ട് സർ. കുട്ടായിയെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. എന്താണ് സർ”

“എന്തായെടോ തന്റെ ചോദ്യം ചെയ്യൽ. കഴിഞ്ഞോ ?”

“ഇല്ല സർ. തുടങ്ങിയിട്ടുള്ളൂ”

“എടോ ഞാൻ വിളിച്ചത് വേറൊരു കാര്യത്തിനാണ്”

“എന്താണ് സർ ?”

“കുറച്ചു മുന്നേ സീഎം ആമിന മാഡം വിളിച്ചിരുന്നു. തന്നെ അത്യാവശ്യമായി കാണണം എന്നും പറഞ്ഞാണ് വിളിച്ചത്. താൻ ഉടനെ ഇങ്ങോട്ട് വാ. മാഡം ഇപ്പോൾ റെസ്റ്റ് ഹൗസിൽ എത്തും”

“സർ, ഞാനിപ്പോൾ ഇതിന്റെ ഉള്ളിൽ നിന്നും എങ്ങിനെയാണ് വരിക. ഇത് പൂർത്തിയാക്കണ്ടേ ?”

“താൻ ആദ്യം ഞാൻ പറയുന്നത് കേൾക്ക്. എന്നെ ഡി ജി പി അനിലൻ സാറും വിളിച്ചിരുന്നു. സാറും പറഞ്ഞത് സീ എം നല്ല ചൂടിലാണെന്നാണ്”

“എന്താണ് കാര്യമെന്ന് ഡി ജി പി സർ പറഞ്ഞിരുന്നോ ?”

“ഇല്ലെടോ, ചിലപ്പോൾ കേസന്വേഷണത്തിന്റെ പുരോഗതി അറിയാൻ ആയിരിക്കും”

“എല്ലാം ഞാൻ സാറിനോട് പറഞ്ഞതല്ലേ. അത് സർ അങ്ങ് പറഞ്ഞാൽ പോരെ”

“ഞാൻ പറയുന്നത് താൻ കേട്ടാൽ മതി. അര മണിക്കൂറിനുള്ളിൽ താൻ ഇവിടെ റിപ്പോർട്ട് ചെയ്യണം. ഓക്കെ”

“ഓക്കെ സർ”

ഫോൺ കാട്ടാക്കിയ പ്രതാപ് കുട്ടായിയെ ചോദ്യം ചെയ്യുന്ന റൂമിലേക്ക് ചെന്നു. നടന്ന് വരുന്ന പ്രതാപിനെ കണ്ട അനീഷ് സീറ്റിൽ നിന്ന് എഴുന്നേറ്റ് നിന്നു. അവർക്കരികിൽ എത്തിയ പ്രതാപ് കുട്ടായിയെ നോക്കി

“അനീഷേ, ഇവനെ നോക്കിക്കോ, എനിക്ക് അത്യാവശ്യമായി എസ് പി ഓഫീസിൽ പോകണം. ബാക്കി ഞാൻ തിരിച്ചു വന്നിട്ട് ചോദിക്കാം. ഞങ്ങൾ നിന്നെ അറസ്റ്റ് ചെയ്യാൻ വരുമെന്നുള്ളത് നീ എങ്ങനെ അറിഞ്ഞു എന്നുള്ളതും, നിന്റെ ബാക്കി ചരിത്രവും എല്ലാം ഞാൻ തിരിച്ചു വന്നിട്ട് നിന്നെ കൊണ്ട് പറയിക്കാം”

“എന്ത് പറ്റി സർ ,പെട്ടെന്ന് എസ് പി ഓഫിസിൽ പോകുന്നത് ?”

“അറിയില്ലെടോ, സീ എം റെസ്റ്റ് ഹൗസിൽ വരുന്നുണ്ട്. അദ്ദേഹത്തിന് ഉടനെ എന്നെ കാണണമെന്ന്. അതിന് എന്നോട് അങ്ങോട്ട് ചെല്ലാൻ പറയാനാണ് എസ് പി വിളിച്ചത്. നിങ്ങൾ ഇവനെ നോക്കിക്കോ. ഞാൻ പോയിട്ട് വേഗം വരാം”

സീ എമ്മിനെ കാണാനാണ് പ്രതാപ് പോകുന്നതെന്ന് കേട്ടതോടെ കുട്ടായിയുടെ മുഖത്ത് ആശ്വാസവും ചുണ്ടിൽ ഒരു ഗൂഢസ്മിതവും തെളിഞ്ഞു….

തുടരും…

Read complete മരണങ്ങളുടെ തുരുത്ത് Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply