“തുരുത്തിലെ കാര്യങ്ങൾ നടത്തുന്നതിന് വേണ്ടി ഐഷയെയും ഫെമിനയെയും ഏൽപ്പിച്ചു അവരെ എന്റെ വീട്ടിൽ നിർത്തിയ ശേഷം അവർ അവിടുത്തെ കാര്യങ്ങൾ നന്നായി നടത്തിയിരുന്നെങ്കിലും, അവരിൽ എനിക്ക് എന്തോ പൂർണ വിശ്വാസം ഉണ്ടായിരുന്നില്ല. അവരുടെ അവിടെയുള്ള കാര്യങ്ങൾ അറിയുന്നതിന് വേണ്ടിയും, അവിടെ അവരെ കാണാൻ വേണ്ടിയും ആരൊക്കെ വരുന്നു, അവർ ആരോടൊക്കെ സംസാരിക്കുന്നു തുടങ്ങിയ കാര്യങ്ങൾ അറിയുന്നതിന് വേണ്ടിയും ,അവർ അറിയാതെ ആ വീടിന്റെ അകത്ത് ഞാൻ ക്യാമറകൾ വെച്ചിരുന്നു. അതിന്റെ വീഡിയോ എന്റെ വീട്ടിലേക്കാണ് കണക്ട് ചെയ്തിരിക്കുന്നത്. എന്നും രാവിലെ ഞാൻ എഴുന്നേറ്റ് ആദ്യം നോക്കുന്നത് ആ ക്യാമറയുടെ വീഡിയോയിൽ അവിടെ എന്തൊക്കെ നടന്നു എന്നതാണ്. ഇന്ന് രാവിലെ ഞാൻ എഴുന്നേറ്റ് അതിൽ നോക്കിയപ്പോൾ നിങ്ങൾ അവിടെ വന്നതും അവിടെ നിന്ന് അവരെയും കൊണ്ട് പോരുന്നതും കണ്ടു. അപ്പോൾ ഞാൻ ഉറപ്പിച്ചു, എന്നെ അറസ്റ്റ് ചെയ്യാൻ നിങ്ങൾ എന്തായാലും വീട്ടിൽ എത്തുമെന്ന്. അതാണ് അത്ര രാവിലെ വീട്ടിൽ നിന്ന് പോന്നത്. വീട്ടിൽ പറഞ്ഞിരുന്നത് ആരെങ്കിലും എന്നെ അന്വേഷിച്ചാൽ ഞാൻ ഇന്നലെ രാത്രി അവിടെ നിന്നും പോയി എന്ന് പറയാൻ ആണ്. എന്നാലും നിങ്ങൾ എന്നെ നിങ്ങൾ ഇത്ര പെട്ടെന്ന് പിടിക്കുമെന്ന് ഞാൻ കരുതിയില്ല”
“അതല്ലേടോ പറയുന്നത്, എല്ലാവരെയും എല്ലാ കാലവും പറ്റിക്കാൻ കഴിയില്ലെന്ന്. നീ പോലും അറിയാതെ നീ അവിടെ നിന്ന് പോയതിന്റെ തെളിവ് ഞങ്ങൾക്ക് കിട്ടി. അത് ഞങ്ങൾക്ക് കാണിച്ചു തന്നത് നിന്റെ വീടിന്റെ മുന്നിലെ വീടിന് പുറത്തുള്ള ക്യാമറ ആണ്. അതിൽ കണ്ടിരുന്നു നീ പുറത്തേക്ക് പോയ സമയം. പിന്നെ ദൈവാധീനം ഞങ്ങൾക്ക് നിന്നെ കിട്ടിയത്”
ഇത് കേട്ടതോടെ കുട്ടായി അത്ഭുതത്തോടെ പ്രതാപിന്റെ മുഖത്തേക്ക് നോക്കി.
“ഇനി അടുത്തത്, നിന്നെ അറസ്റ്റ് ചെയ്തത് സി എം മും പാർട്ടി പ്രസിഡന്റും എങ്ങിനെയാണ് അറിഞ്ഞത് ?”
“അത് ഞാൻ വീട്ടിൽ നിന്നും പോരുമ്പോൾ അവരോട് പറഞ്ഞിരുന്നു. ഒരു മണിക്കൂറിനുള്ളിൽ ഞാൻ വിളിച്ചില്ലെങ്കിൽ, എന്റെ കൂട്ടുകാരനെ വിളിച്ച് എന്നെ പോലീസ് അറസ്റ്റ് ചെയ്തോ എന്നൊരു സംശയം ഉണ്ടെന്ന് പറയണം എന്ന്. അവൻ ആയിരിക്കും എന്നെ ഇവിടെ നിന്ന് ഇറക്കാൻ അവരോട് സംസാരിച്ചത്. ഒരു മണിക്കൂർ കൊണ്ട് ഈ നഗരം വിടാം എന്നായിരുന്നു പ്ലാൻ. ഈ നഗരം വിട്ടാൽ പിന്നെ നിങ്ങൾക്ക് എന്നെ പിടിക്കാൻ കഴിയില്ല എന്ന് കരുതി”
“അതാരാടാ അത്രക്ക് മുകളിൽ പിടിയുള്ള നിന്റെ ഫ്രണ്ട് ? ഒരു കാര്യം കൂടി, നിന്നെ എന്തിന് അറസ്റ്റ് ചെയ്യുന്നു എന്നാണ് നീ വീട്ടിൽ പറഞ്ഞത് ?”
“ഒരു ഭൂമി കേസിൽ ചിലപ്പോ എന്നെ അറസ്റ്റ് ചെയ്യാൻ സാധ്യത ഉണ്ട് എന്നാണ് ഞാൻ പറഞ്ഞിരുന്നത് ?”
“നന്നായി. പാവം നിന്റെ വീട്ടുകാർ, ഒന്നുമറിയാതെ നീ പറഞ്ഞത് അതേ പോലെ കേട്ട് അയാളെ വിളിച്ചു പറഞ്ഞു അല്ലെ ?”
“ആയിരിക്കും സർ”
“നീയും എം എൽ എ ഫൈസലും തമ്മിൽ എന്താണ് ബന്ധം ?”
ആ പേര് കേട്ടതോടെ കുട്ടായി ഞെട്ടി.
“നീ ഞെട്ടുകയൊന്നും വേണ്ട. ചോദിച്ചതിന് മറുപടി താ. നീയും അവനും തമ്മിൽ എന്താണ് ബന്ധം ? മാത്രമല്ല നിന്റെ ഭാര്യ വിളിച്ചു പറഞ്ഞ ഉന്നതൻ എന്നത് അവൻ ആണെന്നും എനിക്കറിയാം”
“ഞങ്ങൾ തമ്മിൽ ബന്ധം ഒന്നുമില്ല സർ. സാധാരണ ഒരു ബിസിനസുകാരനും രാഷ്ട്രീയ നേതാവും തമ്മിലുള്ള ബന്ധത്തിന് അപ്പുറം ഞങ്ങൾ തമ്മിൽ യാതൊരു ബിസിനസ്സ് ഇടപാടുകളും ഇല്ല സർ”
“മോനെ കുട്ടായി, നിന്നോട് ഞാൻ ചോദിച്ചത് നീയും അവനും തമ്മിൽ ബിസിനസ്സ് പങ്കാളിത്തം ഉണ്ടോ എന്നല്ല, മറിച്ച് നിങ്ങൾ തമ്മിൽ എന്താണ് ബന്ധം എന്നാണ്. അതിന് നീ തന്നെ പറഞ്ഞു, ബിസിനസ്സ് പങ്കാളിത്തം ഇല്ലെന്ന്. അപ്പോ അതിൽ എന്തോ ഇല്ലേ. രണ്ടാമത്, ഐഷയും ഫെമിനയും ഇന്നലെ രാത്രി മുതൽ ഞങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി തന്നിട്ടുണ്ട്. അതിൽ ആരൊക്കെയാണ് ഇതിന്റെ പിന്നിലെന്നതും പറഞ്ഞിട്ടുണ്ട്. അത് നിന്റെ വായിൽ നിന്ന് കേൾക്കാൻ ആണ് ഞാൻ നിന്നോട് ചോദിച്ചത്”
“അതിന് അവർക്ക് അദ്ദേഹത്തെ അറിയില്ലാലോ. പിന്നെങ്ങനെ അവർ ഈ നുണകൾ സാറിനോട് പറയും. ഇതിന്റെ പിന്നിൽ ഞാൻ മാത്രമേ ഉള്ളു. ആ സ്ഥലങ്ങൾ കുറഞ്ഞ വിലക്ക് വാങ്ങി പിന്നീട് മറിച്ചു കൊടുക്കാൻ ഞാൻ ഉണ്ടാക്കിയ പദ്ധതിയാണ് അവിടെ നടന്ന കൊലപാതകങ്ങൾ”
“കുട്ടായി #@$%@ മോനെ, എന്റെ ക്ഷമക്ക് ഒരു പരിധിയുണ്ട്. നിന്നോട് ഞാൻ പറഞ്ഞു, എല്ലാം അറിഞ്ഞിട്ടാണ് നിന്നെ ഇവിടെ ഇരുത്തിയിരുക്കുന്നതെന്ന്. പിന്നേം നീ ഓരോ നുണകൾ പറഞ്ഞിരുന്നാൽ കേടായ നിന്റെ ഹൃദയം ഞാൻ ഇടിച്ച് പിഴിയും. അത് കൊണ്ട് മര്യാദക്ക് ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞോ. നീയും ഫൈസലും തമ്മിലുള്ള ബന്ധം എന്താണ് ?”
“ഞങ്ങൾ തമ്മിൽ വേറെ ബന്ധങ്ങൾ ഒന്നുമില്ല സർ”
“അനസേ, വീഡിയോ ഓഫാക്കിക്കോ, ഇവനോട് മര്യാദക്ക് ചോദിച്ചാൽ മറുപടി പറയില്ല. മര്യാദക്ക് പറയെടാ, അവനും നീയും തമ്മിൽ എന്തൊക്കെ ബിസിനസിൽ ആണ് പങ്കാളിത്തം ഉള്ളത് ?” പറഞ്ഞതും പ്രതാപ് കുട്ടായിയുടെ കഴുത്തിൽ പിടിച്ചു. പിടുത്തം മുറുക്കി കൊണ്ട് കുട്ടായിയെ ഇരുന്നിരുന്ന കസേരയിൽ നിന്ന് പൊക്കി പിടിച്ചു. കാൽ നിലത്ത് മുട്ടാതെ കുട്ടായി വായുവിൽ നിന്ന് ശ്വാസം കിട്ടാതെ കുട്ടായി പിടഞ്ഞു…
കുട്ടായി പിടയുന്നത് കണ്ട അനീഷ് പ്രതാപിന്റെ കയ്യിൽ കയറി പിടിച്ച്
“സാറേ, അവനെ നിലത്ത് നിർത്ത്, ചത്ത് പോകും അവൻ”
“ഇവനോട് മര്യാദക്ക് ചോദിച്ചാൽ പറയില്ല എന്നുണ്ടെങ്കിൽ പിന്നെ എന്താടോ ചെയ്യുക”
താഴെ നിർത്തിയ കുട്ടായി ശ്വാസം കിട്ടാതെ ചുമച്ചു.
“പറയെടാ, ഇല്ലെങ്കിൽ നിന്റെ നെഞ്ചിന്കൂട് ഇടിച്ചു ഞാൻ പൊളിക്കും”
“അനസേ, വീഡിയോ ഓണക്കിക്കോ. ഇനി ഇവൻ എല്ലാം പറഞ്ഞോളും”
“സർ, എന്റെ ചില ബിസിനസുകളിൽ അയാൾ പാർട്ണറാണ്. പിന്നെ അയാളുടെ പല കാര്യങ്ങളിലും ഞാൻ ബിനാമിയാണ്”
“നിങ്ങൾ എങ്ങിനെയാണ് പരിചയം ?”
“അദ്ദേഹം ഒരു തവണ ഗൾഫിൽ വന്നപ്പോൾ പരിചയപ്പെട്ടതാണ്. അതിന് ശേഷം ആണ് ആ ബന്ധം ദൃഢമായതും, നാട്ടിലെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ പങ്കാളിയായതും”
“നീയും അവനും കൂടിയാണോ തുരുത്തിലെ കാര്യങ്ങൾ ചെയ്യുന്നത് ?”
“അതേ സർ”
“രണ്ട് ദിവസം മുൻപ് ഫെമിനയും ഐഷയും നിന്റെ വീട്ടിൽ വന്നപ്പോൾ ഫൈസൽ അവിടെ വന്നത് എന്തിനാണ് ?”
“തുരുത്തിലെ ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ”
“എന്നിട്ട് തീരുമാനിച്ചോ ?”
“ഉവ്വ് സർ. ജോണികുട്ടിയുടെ മരണം നടന്ന ശേഷം അവിടെ വേറെ കൊലപാതകങ്ങൾ നടത്താൻ, അവിടെയുള്ളവർ ആരും രാത്രി പുറത്തിറങ്ങാത്തത് കൊണ്ട് നടന്നിരുന്നില്ല. അത് കൊണ്ട് ഇനി മുതൽ പകലോ രാത്രിയോ എന്ന് നോക്കാതെ കൊലപാതകങ്ങൾ നടത്താൻ ആണ് അന്ന് തീരുമാനിച്ചത്. അതിന്റെ പിറ്റേദിവസം ആണ് അവിടെയുള്ളവരെ സർ അറസ്റ്റ് ചെയ്തത്”
“ഇത്രയധികം കൊലപാതകങ്ങൾ അവിടെ നടത്താൻ എന്താണ് കാരണം ?”
“ഞാൻ പറഞ്ഞില്ലേ സർ. അവിടെയുള്ളവരെ ഭയപ്പെടുത്തി അവിടെ നിന്നും മാറ്റിയ ശേഷം അവരുടെ സ്ഥലങ്ങൾ ചെറിയ വിലക്ക് വാങ്ങി, പിന്നീട് അത് വലിയ വിലക്ക് മറിച്ചു വിൽക്കാൻ ആയിരുന്നു”
“നീ സത്യം പറഞ്ഞില്ലെങ്കിൽ ഇനിയും എന്റെ കയ്യിൽ നിന്നും വാങ്ങിക്കും”
“ഞാൻ സത്യമാണ് സർ പറഞ്ഞത്”
“അവിടെ ആളുകളെ കൊല്ലുന്നതിന് നീ എത്രയാണ് ഐഷക്കും ഫെമിനക്കും കൊടുക്കാൻ സമ്മതിച്ചിരുന്നത്”
“ആ സ്ഥലം വാങ്ങി കഴിഞ്ഞാൽ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് അവർക്ക് കൊടുക്കാമെന്ന് പറഞ്ഞിരുന്നത്. അതിൽ നിന്ന് അൻപത് ലക്ഷം അനൂപിന് കൊടുക്കും അവർ. ബാക്കി എഴുപത്തിയഞ്ച് ലക്ഷം അവർ രണ്ടാളും കൂടി വീതിച്ചെടുക്കും”
“ഇത്രയധികം പണം മുടക്കി ആളുകളെ കൊല്ലാൻ നീ അവരെ ഏൽപ്പിച്ചത് അവിടെയുള്ള സ്ഥലം കുറഞ്ഞ വിലക്ക് വാങ്ങി, കൂടിയ വിലക്ക് മറിച്ചു വിൽക്കാൻ ആണെന്ന് ഞാൻ വിശ്വസിക്കണം അല്ലെടാ നാ@$%^## മോനെ”
പറഞ്ഞതും പ്രതാപിന്റെ കൈ കുട്ടായിയുടെ വലത്തെ ചെകിടിൽ പതിച്ചു. വേദന കൊണ്ട് പുളഞ്ഞ കുട്ടായിയുടെ വായിൽ ചോരയുടെ രുചി തോന്നി .തുപ്പിയപ്പോൾ തുപ്പലിനൊപ്പം ചോരയും പുറത്തേക്ക് വന്നു.
“ഒന്നേകാൽ കോടി മുടക്കി നീ അവിടെ ഇങ്ങിനെ ചെയ്യണമെങ്കിൽ നിനക്ക് ചുരുങ്ങിയത് അഞ്ച് കോടിയെങ്കിലും ലാഭം ഉണ്ടാകണം. പറയെടാ, എന്തിനാ നീ ആ സ്ഥലങ്ങൾ വാങ്ങിക്കുന്നത് ?”
“സർ അത്, ഫൈസൽ മുഖേന വന്നൊരു ബിസിനസ്സ് ഡീൽ ആണ്”
“എന്ത് ബിസിനസ്സ് ഡീൽ ?”
“കണ്ണൂരിലുള്ള അനസ്, തൃശ്ശൂര്ക്കാരൻ സുനിൽ, പിന്നെ ബോംബെയിൽ ഉള്ള ലിജു, കോഴിക്കോടുകാരി ഷംസി ഇവർ നാല് പേരും കൂടി അമേരിക്ക ബേസ് ചെയ്തു കൊണ്ട് ഒരു ഹോസ്പിറ്റൽ ചെയിൻ നടത്തുന്നുണ്ട്. അതിന്റെ ഒരു ബ്രാഞ്ച് കേരളത്തിൽ തുടങ്ങുന്നതിന് അവർക്ക് ഇവിടെ കുറച്ചു സ്ഥലം വേണമെന്ന് പറഞ്ഞിരുന്നു. അതിനാണ് ഞങ്ങൾ ഇങ്ങിനെ ചെയ്തത്”
“ഈ ഗ്രൂപ്പിന് നിങ്ങളെ എങ്ങിനെ അറിയാം ?”
“ആ ഗ്രൂപ്പിന്റെ എം ഡി യാണ് അനസ്. അദ്ദേഹത്തിന്റെ പരിചയക്കാരനാണ് ഫൈസൽ. അവർ തമ്മിൽ നേരത്തെ അറിയും. അങ്ങിനെ ഫൈസൽ മുഖേനയാണ് ഈ ആവശ്യം ഞങ്ങൾക്ക് വരുന്നത്”
“ഹോസ്പിറ്റൽ തുടങ്ങാൻ എന്തിനാണ് ഇങ്ങിനെ സ്ഥലം മേടിക്കുന്നത്. അതിന് അല്ലെങ്കിലും സ്ഥലങ്ങൾ കേരളത്തിൽ എവിടെയും കിട്ടുമല്ലോ. പിന്നെന്താ ഈ സ്ഥലം തന്നെ വേണമെന്ന് നിർബന്ധം ?”
“അവർ അവിടെ നടത്താൻ ഉദ്ദേശിക്കുന്നത് ഹോസ്പിറ്റൽ മാത്രമല്ല. പുറമെ നോക്കുന്നവർക്ക് അതൊരു റിസോർട്ട് കൂടിയുള്ള ഹോസ്പിറ്റൽ ആയിരിക്കും. പക്ഷെ യഥാർത്ഥത്തിൽ അവിടെ നടക്കുന്നത് മരുന്ന് പരീക്ഷണങ്ങളും അവയവ കച്ചവടവും ആണ്. നഗരത്തിൽ ആരും ചോദിക്കാനും പറയാനുമില്ലാത്ത ആളുകളെ, തെരുവിൽ ജീവിക്കുന്ന നാടോടികൾ, ഭിക്ഷയെടുക്കുന്നവർ, അസുഖങ്ങൾ മൂലം വീട്ടുകാർ ഉപേക്ഷിച്ചവർ എന്നിവരെ സംരക്ഷിക്കാൻ എന്ന പേരിൽ ഇവർ ഏറ്റെടുത്ത് ഇവരുടെ ആശുപത്രിക്ക് അടുത്ത് നടത്തുന്ന ചാരിറ്റി ഹോമിൽ താമസിപ്പിക്കും. കുറച്ച് നാളുകൾ കഴിയുമ്പോൾ അവരെ എന്തെങ്കിലും അസുഖത്തിന്റെ പേരിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യും. അവിടെ വെച്ച് ഒന്നുകിൽ മരുന്നുകളുടെ പരീക്ഷണം അല്ലെങ്കിൽ അവരുടെ അവയവം എടുക്കും .എന്നിട്ട് മരിക്കാൻ ഭയമുള്ള , പൈസയുള്ള വേറെ ആർക്കെങ്കിലും കൊടുക്കും. അതിലൂടെ അവർ കോടികൾ ഉണ്ടാക്കും. ഇന്ത്യയിലെ പല നഗരങ്ങളിലും അവർക്ക് ഇതേപോലെയുള്ള ആശുപത്രികൾ ഉണ്ട്. അതെല്ലാം ഇതേ പോലെ ആരും പെട്ടെന്ന് എത്തിപ്പെടാൻ സാധ്യത ഇല്ലാത്ത സ്ഥലങ്ങളിൽ ആണ്. കേരളത്തിലും അതേപോലെ സ്ഥലം വേണമെന്നായിരുന്നു അവരുടെ ആവശ്യം.”
“അതിന് ഈ തുരുത്തിനെ കുറിച്ച് അവർ എങ്ങിനെയാണ് അറിഞ്ഞത് ? “
“മുൻപ് അവിടെയൊരു നോർത്ത് ഇന്ത്യൻ കമ്പനി ടൂറിസ്റ്റ് കേന്ദ്രം തുടങ്ങുന്നതിന് ഗവണ്മെന്റിനെ സമീപിച്ചിരുന്നതും, പിന്നെ അതിന്റെ പിന്നാലെ ഉണ്ടായിരുന്ന പ്രശ്നങ്ങളും എല്ലാം പത്രങ്ങളിലും സോഷ്യൽ മീഡിയയിലും ഒരുപാട് വാർത്തകൾ ആയതാണ്. അങ്ങിനെയാണ് അവർ ഈ സ്ഥലത്തെ കുറിച്ച് അറിയുന്നത്”
“ഇങ്ങിനെ ഒരു പ്രോജക്ടിന് നിങ്ങൾക്ക് അവിടെയുള്ളവരുടെ കയ്യിൽ നിന്നും നേരിട്ട് സ്ഥലം വാങ്ങിയാൽ പോരായിരുന്നോ. അതിന് പകരം എന്തിനാ ഇങ്ങിനെയൊരു മാർഗം തിരഞ്ഞെടുത്തത് ?”
“അവിടെയുള്ള പലരേയും ഞങ്ങൾ സ്ഥലം വിൽക്കാൻ സമീപിച്ചിരുന്നു. പക്ഷെ അവർക്ക് ആർക്കും താല്പര്യം ഉണ്ടായിരുന്നില്ല”
“ഇതിന് എത്ര രൂപയാണ് അവരുടെ പ്ലാൻ ?”
“നൂറ്റിയമ്പത് കോടിയുടെ പ്രോജക്റ്റ് ആണ് അവർ അവിടെ പ്ലാൻ ചെയ്യുന്നത്. അതിൽ നിന്ന് പതിനഞ്ച് കോടിയാണ് അവർ സ്ഥലം വാങ്ങിക്കാൻ മാറ്റിവെച്ചത്. അവിടെയുള്ളവരോട് നേരിട്ട് സ്ഥലം വാങ്ങിക്കാൻ പലർക്കും ഞങ്ങൾ സെന്റിന് ഒന്നര ലക്ഷം വരെ പറഞ്ഞിരുന്നു. പക്ഷെ അവർക്ക് ആ സ്ഥലം വിട്ട് പോകാൻ താൽപര്യമില്ല എന്നത് കൊണ്ടാണ് അവർ പലരും ഒഴിവായത്”
“നിനക്കും നിന്റെ കൂട്ടുകാരനും എത്രയായിരുന്നു ഇതിലെ ലാഭം ?”
“ആ സ്ഥലം വാങ്ങി കൊടുത്താൽ സ്ഥലത്തിന്റെ വിലക്ക് പുറമെ അഞ്ച് കോടി”
“അതിൽ നിന്നാണ് ഒന്നേകാൽ കോടി അവർക്ക് കൊടുത്തത്”
“ആ ഗ്രൂപ്പ് പറഞ്ഞിട്ടാണോ നിങ്ങൾ അവിടെ കൊലപാതകങ്ങൾ നടത്തിയത്”
“അവർക്ക് ഇതിൽ നേരിട്ട് പങ്കില്ല. കാരണം അവർക്ക് ഈ സ്ഥലം വേണം എന്ന് മാത്രമേ ഉള്ളു. അതിന് വേണ്ടി ഞങ്ങൾ പറഞ്ഞ പൈസ അവർ ഞങ്ങൾക്ക് തന്നു. നേരിട്ട് ചോദിച്ചിട്ടും സ്ഥലങ്ങൾ വിൽക്കാൻ അവർ തയ്യാറാകാതിരുന്നത് കൊണ്ടാണ് ഞങ്ങൾ ഇങ്ങിനെയൊരു പ്ലാൻ ഉണ്ടാക്കിയത്. അവിടെ വിൽക്കുന്ന സ്ഥലങ്ങൾ എന്റെയും ഫെമിനയുടെയും ഐഷയുടെയും പേരിൽ വാങ്ങി അവസാനം ഒരുമിച്ച് ഹോസ്പിറ്റൽ ഗ്രൂപ്പിന് ഒരുമിച്ച് കൊടുക്കാം എന്നായിരുന്നു പ്ലാൻ”
“ഈ കൊലപാതകങ്ങൾ നടത്തുന്നതിനുള്ള മരുന്ന് നീ അല്ലേ അവർക്ക് കൊടുത്തിരുന്നത് ?”
“അതേ സർ”
“നിനക്ക് ഇത് എവിടുന്നാണ് കിട്ടിയിരുന്നത് ?”
“ചാവക്കാടുള്ള ഒരു ഷൗക്കു എന്നയാൾ ആണ് എനിക്ക് ഈ മരുന്നുകൾ തന്നിരുന്നത്. അതിന്റെ മിക്‌സിങ്ങും ബാക്കി കാര്യങ്ങളും എല്ലാം അവൻ ആണ് പറഞ്ഞു തന്നിരുന്നത്”
“എത്ര നാൾ കൊണ്ട് സ്ഥലം അവർക്ക് കൊടുക്കാൻ ആയിരുന്നു കരാർ ?”
“അവർ ആദ്യം പറഞ്ഞത് മൂന്ന് മാസം കൊണ്ട് എന്നായിരുന്നു. പക്ഷെ ഇവിടെയുള്ള ബുദ്ധിമുട്ടുകൾ പറഞ്ഞപ്പോൾ അത് ഒൻപത് മാസം ആക്കി മാറ്റി”
“അവർക്ക് അറിയാമോ നിങ്ങൾ ഈ സ്ഥലം വാങ്ങുന്നത് ഇങ്ങിനെയാണെന്ന്”
“അവർക്ക് അറിയില്ല സർ. അവരോട് പറഞ്ഞിരിക്കുന്നത് അവർക്ക് നേരിട്ട് വിൽക്കാൻ കഴിയാത്തത് കൊണ്ട് ഞങ്ങളുടെ പേരിൽ വാങ്ങി, അവർക്ക് രജിസ്റ്റർ ചെയ്ത് കൊടുക്കാം എന്നാണ്”
“ആരുടെ ഐഡിയ ആയിരുന്നു ഇങ്ങിനെ കൊലപാതകങ്ങൾ നടത്തി ഈ സ്ഥലം വാങ്ങിക്കാം എന്നത് ?”
“അത് ഫൈസലിന്റെ ആയിരുന്നു. മുൻപ് ഒരു സ്ഥലം വാങ്ങിക്കാൻ അവിടെയുള്ളവരെ ഭയപ്പെടുത്തി ഒഴിവാക്കിയിട്ടുണ്ട്. ഇതിൽ പക്ഷെ അങ്ങിനെ നോക്കിയെങ്കിലും അത് വർക്ക്ഔട്ട് ആയില്ല. തുടർന്ന് എങ്ങനെ വേണം എന്ന ചിന്തയിൽ നിന്നാണ് ഫൈസലിന്റെ പരിചയക്കാരൻ ഷൗക്കുവിനെ വിളിക്കുന്നതും ഈ മരുന്ന് സംഘടിപ്പിക്കുന്നതും. ഇത് ഞങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ ഉള്ളതാണോ എന്നറിയാൻ തെരുവിൽ ജീവിച്ചിരുന്ന ഒരാളുടെ ശരീരത്തിൽ പരീക്ഷിച്ചിരുന്നു. അതിന് ശേഷം ആണ് ഫെമിനയെ ഏല്പിച്ചതും, അവർ വഴി ഐഷുവിനെയും അനൂപിനെയും സംഘടിപ്പിച്ചതും”
“ശരി ഫൈസൽ ഇപ്പോൾ എവിടെയുണ്ട് ?”
“അറിയില്ല സർ. ഇന്നലെ സംസാരിച്ചപ്പോൾ ഇന്ന് അയാൾ ചിലപ്പോൾ ഡൽഹിക്ക് പോകും എന്നു പറഞ്ഞിരുന്നു”
“ലാസ്റ്റ് ക്വസ്റ്റിൻ. നിന്റെ ഭാര്യ നീ അറസ്റ്റിലായത് വിളിച്ചു പറഞ്ഞത് ഫൈസലിനോട് അല്ലെ ?”
“അതേ സർ”
“ശരി ,നിനക്ക് സുഖവാസത്തിന് പോകാനുള്ള കടലാസുകൾ റെഡി ആക്കിയ ശേഷം നമുക്ക് വീണ്ടും കാണാം”
“അനസേ, എല്ലാം റെക്കോര്ഡഡ് അല്ലെ ?”
“അതേ സർ, എല്ലാം റെക്കോര്ഡഡ് ആണ്”
“എടോ, കളയാനുള്ളത് എല്ലാം കളഞ്ഞ് അതിങ്ങ് എടുത്തോ. എനിക്ക് മിനിസ്റ്ററെ കാണാൻ പോകണം”
“അനീഷേ, ഇവനെ നോക്കിക്കോ. ഞാൻ എസ്പിയെ വിളിച്ചിട്ട് വരാം”
“ശരി സർ”
പ്രതാപ് എസ്പിയെ വിളിച്ചു. കുട്ടായി പറഞ്ഞ കാര്യങ്ങൾ എല്ലാം എസ് പിയെ ധരിപ്പിച്ചു.
“സർ, ചാവക്കാട് നിന്ന് ഷൗക്കുവിനെ അറസ്റ്റ് ചെയ്യാനുള്ള ഏർപ്പാട് ഉണ്ടാക്കണം. അതേ പോലെ മിനിസ്റ്ററെ കണ്ട് ഫൈസലിനെയും. ഞാൻ എന്താണ് സർ ഇനി വേണ്ടത് ?”
“താൻ ഒരു കാര്യം ചെയ്യ്. എല്ലാവരും കുറ്റസമ്മതം നടത്തിയത് താൻ വീഡിയോ എടുത്തിട്ടില്ലേ ?”
“ഉവ്വ് സർ”
“ശരി, താൻ ആ വീഡിയോകളും പോസ്റ്റുമോർട്ടം റിപ്പോർട്ടുമായി നേരെ ഓഫീസിലേക്ക് വാ. ഞാൻ അപ്പോഴേക്കും മിനിസ്റ്ററെയും ഡി ഐ ജി യേയും വിളിച്ച് കാര്യങ്ങൾ സംസാരിക്കട്ടെ”
“ശരി സർ. പരമാവധി അര മണിക്കൂർ അതിനുള്ളിൽ ഞാൻ അങ്ങോട്ട് വരാം”
“ശരി. രേഖകളും ഫയലുകളും ഒന്നും മിസ്സാകാതെ എല്ലാം എടുത്ത് കൊണ്ടു വരണം”
“ഓക്കെ സർ”
ഫോൺ കട്ടാക്കിയ പ്രതാപ് കുട്ടായിയെ ലോക്കപ്പ് ചെയ്യാൻ അനീഷിനെ ഏൽപ്പിച്ചു. കുട്ടായിയെ ലോക്കപ്പ് ചെയ്ത് തിരികെ വന്ന അനീഷിനെ വിളിച്ച്;
“അനീഷേ, താനും അനസും കൂടി ഒരു കാര്യം ചെയ്യണം”
“എന്താണ് സർ ?”
“നിങ്ങൾ ഇപ്പോൾ തന്നെ കുട്ടായിയുടെ വീട് സെർച്ച് ചെയ്യണം. ആവശ്യത്തിനുള്ള ഫോഴ്സിനെ സ്റ്റേഷനിൽ നിന്ന് കൂട്ടിക്കോ. ഫൈസലിനെയും, കുട്ടായിയെയും ആ കമ്പനിയേയും തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന എല്ലാം തെളിവുകളും അത് രേഖകളോ, വീഡിയോ, ഫോട്ടോ, ഫോൺ സംഭാഷണങ്ങൾ, മൊബൈൽ ഫോണുകൾ അങ്ങിനെ എത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും അവിടെ നിന്ന് എടുക്കണം. ഒരു പൊട്ട് പോലും വിട്ടു കളയരുത്. എങ്കിലേ നമുക്ക് അവനെ കോടതിയിൽ ഹാജരാക്കി പരമാവധി ശിക്ഷ വാങ്ങി കൊടുക്കാൻ കഴിയുകയുള്ളൂ”
“ശരി സർ”
“ഞാൻ എസ് പി ഓഫീസിലേക്ക് പോകുകയാണ്. അവിടെ നിന്ന് നേരെ മിനിസ്റ്ററെ കണ്ട് ആ കള്ള @#$%മോനെ അറസ്റ്റ് ചെയ്യാനുള്ള ഓര്ഡറുമായി മാത്രമേ ഞാൻ വരികയുള്ളൂ. നിങ്ങൾ റെയ്ഡ് കഴിഞ്ഞാൽ എന്നെ വിളിക്കുക. ബാക്കി എന്ത് വേണമെന്ന് ഞാൻ എസ് പി യോടും കൂടി ആലോചിച്ചിട്ട് പറയാം”
“ശരി സർ”
അനീഷും അനസും പ്രതാപിനെ സല്യൂട്ട് ചെയ്ത ശേഷം അവിടെ നിന്ന് ഇറങ്ങി.
അവർ അവിടെ നിന്ന് ഇറങ്ങിയ ശേഷം കേസുമായി ബന്ധപ്പെട്ട് അവിടെ ഉണ്ടായിരുന്ന രേഖകളും വീഡിയോകളും എല്ലാവരുടെയും കുറ്റസമ്മത മൊഴികളും എടുത്ത് അനസിനെയും കൂട്ടി അവിടെ നിന്നും എസ്പി ഓഫീസിലേക്ക് പോകാൻ ഇറങ്ങി.
പോകുന്ന വഴി പ്രതാപ് വീട്ടിൽ കയറി പോസ്റ്റുമോർട്ടം റിപ്പോർട്ടും വീട്ടിൽ ഇരിക്കുന്ന ബാക്കി രേഖകളും കൂടി എടുത്തു നേരെ എസ്പി ഓഫീസിലേക്ക് പോയി.
എസ്. പി ഓഫിസിൽ എത്തിയ പ്രതാപ് എസ് .പിയുടെ റൂമിൽ കയറി എസ് പിയെ സല്യൂട്ട് ചെയ്തു.
സല്യൂട്ട് സ്വീകരിച്ച ശേഷം എസ് പി പ്രതാപിന് നേരെ ഷേക്ക് ഹാൻഡ് കൊടുത്തു കൊണ്ട്
“കണ്ഗ്രാജുലെഷൻ മിസ്റ്റർ പ്രതാപ്. സമീപ ഭാവിയിൽ നടക്കാനിരുന്ന വലിയൊരു ദുരന്തത്തിൽ നിന്ന് കേരളത്തെ രക്ഷിച്ചതിന്”
“താങ്ക്യൂ സർ”
“എല്ലാ തെളിവുകളും എടുത്തോ താൻ ?”
“ഉവ്വ് സർ. സർ അനിലൻ സാറിനെയും, മിനിസ്റ്ററെയും വിളിച്ചിരുന്നോ ?”
“യെസ് ഞാൻ വിളിച്ചിരുന്നു. മിനിസ്റ്റർ ഇപ്പോൾ ഒരു അർജൻറ് മീറ്റിംഗിലാണ്. ഒന്നര മണിക്കൂർ കൂടി കഴിഞ്ഞേ മാഡം ഫ്രീ ആകുകയുള്ളൂ. അനിലൻ സർ അപ്പോഴേക്കും റെസ്റ്റ് ഹൗസിൽ എത്താം എന്നു പറഞ്ഞിട്ടുണ്ട്”
“സർ, അത്ര വൈകിയാൽ ഒരു പ്രശ്നമുണ്ട് സർ”
“എന്താടോ ?”
“എം എൽ എ ചിലപ്പോൾ അപ്പോഴേക്കും രക്ഷപ്പെടാൻ സാധ്യത ഉണ്ട്”
“എങ്ങിനെ, തനിക്ക് അങ്ങിനെ തോന്നാൻ കാരണം ?”
“ഞാൻ പറഞ്ഞല്ലോ, കുട്ടായിയെ അറസ്റ്റ് ചെയ്തത് കുട്ടായിയുടെ ഭാര്യ ഫൈസലിനെ വിളിച്ചു പറഞ്ഞത് പ്രകാരം ആണ് സി എം നമ്മെ വിളിപ്പിച്ചത്. അയാളെ അറസ്റ്റ് ചെയ്തു എന്നറിഞ്ഞാൽ അയാൾ രക്ഷപ്പെടും”
“എടോ, അതിൽ താൻ പേടിക്കണ്ട. കാരണം അയാളൊരു എം എൽ എ ആണ്. അയാൾക്ക് രക്ഷപെട്ട് പോകുന്നതിന് ഒരു പരിധിയുണ്ട്. ഇനി തന്റെ സമാധാനത്തിന് ഞാൻ വേണമെങ്കിൽ സി എമ്മിനെ ഒന്നു കൂടി വിളിക്കാം”
എസ് പി ഫോൺ എടുത്ത് സി എമ്മിനെ വിളിച്ചു.
“മാഡം, ഒരു അർജൻറ് മാറ്റർ”
“എന്താ മനു. ഞാനൊരു മീറ്റിങ്ങിൽ ആണെന്ന് തന്നോട് പറഞ്ഞതല്ലേ ?”
“എനിക്കറിയാം മാഡം, ഇത് കുറച്ച് അർജൻറ് ആണ്. അതാണ് ഞാൻ വിളിച്ചത്”
“എന്താ കാര്യം. വേഗം പറയ്”
“മാഡം ഫൈസൽ ഇപ്പോൾ എവിടെയാണെന്ന് അറിയാമോ ?”
“അയാൾ എവിടെയാണെങ്കിലും വൈകീട്ട് മൂന്ന് മണിക്ക് എന്നെ വന്ന് കാണാൻ പറഞ്ഞിട്ടുണ്ട്. അതിൽ താൻ പേടിക്കണ്ട”
“ശരി മാഡം”
ഫോൺ കട്ടാക്കിയ ശേഷം പ്രതാപിനോടായി എസ് പി പറഞ്ഞു.
“എടോ, താൻ ടെൻഷൻ ആകണ്ട. വൈകീട്ട് മൂന്ന് മണിക്ക് എം എൽ എയോട് മിനിസ്റ്ററെ കാണാൻ പറഞ്ഞിട്ടുണ്ട്”
“ശരി സർ. അനീഷിനെയും അനസിനെയും കുട്ടായിയുടെ വീട് സെർച്ച് ചെയ്യാൻ വിട്ടിട്ടുണ്ട്”
“വെരി ഗുഡ്”
“തനിക്ക് ആ സിറിഞ്ചിന്റെ ഫോറൻസിക്ക് റിപ്പോർട്ട് കിട്ടിയോ ?”
“ഇല്ല സർ. ഇന്നലെയും ഞാൻ വിളിച്ചിരുന്നു. ഇന്ന് വരുമെന്നാണ് പറഞ്ഞത്. ഞാൻ അവരെ വിളിച്ചിട്ട് വരാം”
“വേഗം നോക്ക്”
“ശരി സർ”
സല്യൂട്ട് ചെയ്ത് പുറത്തേക്ക് പോയ പ്രതാപ് അല്പം കഴിഞ്ഞപ്പോൾ തിരികെ വന്നു.
“സർ, റിപ്പോർട്ട് വന്നിട്ടുണ്ട്. ഞാൻ അത് വാങ്ങിയിട്ട് നേരെ റെസ്റ്റ് ഹൗസിലേക്ക് വരാം”
“ശരി”
പ്രതാപ് റിപ്പോർട്ട് വാങ്ങിക്കുന്നതിനായയി ഫോറൻസിക് ലാബിലേക്ക് പോയി.
പോകുന്ന വഴിയിൽ അനീഷിനെ പ്രതാപ് വിളിച്ചു.
“അനീഷേ, എന്തായി കാര്യങ്ങൾ കഴിഞ്ഞോ ?”
“സർ, ഏകദേശം പൂർത്തിയായി”
“എന്തെങ്കിലും കിട്ടിയോ”
“കുട്ടായിയുടെ ഫോൺ കിട്ടിയിട്ടുണ്ട്. അതിൽ നിന്നും ഇന്നലെ വൈകുന്നേരം വരെ അയാളെ കോണ്ടാക്റ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഇവർ രണ്ടുപേരും നിൽക്കുന്ന കുറച്ച് ഫോട്ടോസും”
“പൂർത്തിയായിട്ട് താൻ വിളിക്ക്”
“ശരി സർ” ഫോൺ കട്ടാക്കിയ ശേഷം പ്രതാപ് തന്റെ യാത്ര തുടർന്നു.
ഫോറൻസിക് ലാബിൽ ചെന്ന് റിസൾട്ട് വാങ്ങിയ ശേഷം പ്രതാപ് എസ് പിയെ വിളിച്ചു
“സർ, റിസൾട്ട് കിട്ടി”
“എന്താ റിസൾട്ട് ?”
“അതിൽ ഉണ്ടായിരുന്നത് കാൽസിയം ഗ്ലുക്കോനെറ്റ് തന്നെയാണ്. പിന്നെ സിറിഞ്ചിൽ ഉണ്ടായിരുന്ന ഫിംഗർ പ്രിന്റും കിട്ടിയിട്ടുണ്ട്”
“വെരി ഗുഡ്. അത് ഫൈസലിന്റെ തന്നെയാണോ എന്നതും കൂടി നോക്ക്. അത് നോക്കാൻ അനീഷിനെ ഏൽപ്പിച്ച ശേഷം താൻ റെസ്റ്റ് ഹൗസിലോട്ട് വേഗം വാ”
“ശരി സർ”
തുടർന്ന് പ്രതാപ് അനീഷിനെ വിളിച്ചു.
“അനീഷേ, ഒരു കാര്യം പറയാൻ മറന്നു. താൻ അവന്റെ വീട്ടിൽ സി സി ടീ വി ക്യാമറ ഉണ്ടോ എന്ന് നോക്കണം. പിന്നെ തുരുത്തിലെ വീട്ടിൽ ഉള്ള ക്യാമറയുടെ വിഷ്വൽസും എടുക്കണം”.
“ശരി സർ”
“ഒരു കാര്യം കൂടി. താൻ അവിടുത്തെ റെയ്ഡ് കഴിഞ്ഞാൽ ഫൈസലിന്റെ ഫിംഗർ പ്രിന്റ് എടുക്കണം. ഞാൻ കോണ്സറ്റബിളിന്റെ കയ്യിൽ സിറിഞ്ചിന്റെ ഫോറൻസിക് റിപ്പോർട്ട് കൊടുത്തയക്കുന്നുണ്ട് സ്റ്റേഷനിലേക്ക്. അതിൽ ഉള്ള ഫിംഗർ പ്രിന്റും ഫൈസലിന്റെ ഫിംഗർ പ്രിന്റും മാച്ച് ആകുന്നുണ്ടോ എന്നു കൂടി നോക്കണം”
“ശരി സർ”
“റിപ്പോർട്ട് കിട്ടിയിട്ട് താൻ എന്നെ വിളിക്ക്. ഞാൻ പറയാം അപ്പോൾ എന്താ ചെയ്യേണ്ടതെന്ന്”
“ഓക്കെ സർ”
അനീഷുമായുള്ള സംഭാഷണം അവസാനിപ്പിച്ച ശേഷം ഫൈസലിനെ കുടുക്കാനുള്ള കുടുക്കുമായി പ്രതാപ് റെസ്റ്റ്ഹൗസിലേക്ക് യാത്രയായി.
റെസ്റ്റ് ഹൗസിൽ എത്തിയ പ്രതാപ് ചുറ്റുമൊന്ന് കണ്ണോടിച്ചു. പാർക്കിങ് ഏരിയയിൽ ഡി ജി പി യുടേയും സി എമ്മിന്റെയും വാഹനങ്ങൾ കിടക്കുന്നത് കണ്ടു.
“എല്ലാവരും എത്തിയല്ലോ, നേരം വൈകി എന്നും പറഞ്ഞ് മിക്കവാറും അവരുടെ വായിൽ ഇരിക്കുന്നത് ഞാനിന്ന് കേൾക്കേണ്ടി വരുമെന്ന് തോന്നുന്നു. എന്തായാലും എസ് പി യെ വിളിച്ചു നോക്കാം” എന്ന് സ്വയം കരുതി പ്രതാപ് പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് എസ് പി യെ വിളിച്ചു.
“സർ ഞാൻ ഇവിടെ എത്തി”
“എടോ, ഞാൻ എത്തിയില്ല. അഞ്ച് മിനിറ്റ് ഇപ്പോൾ എത്താം. ഞാൻ വന്നിട്ട് ഒരുമിച്ച് അകത്തേക്ക് കയറാം”
“ശരി സർ”
പ്രതാപ് ഫോൺ പോക്കറ്റിൽ ഇട്ട ശേഷം ജീപ്പിന്റെ ഡ്രൈവറെ അടുത്തേക്ക് വിളിപ്പിച്ചു. ഹോസ്പിറ്റലിൽ നിന്നും വാങ്ങി തന്റെ കയ്യിൽ വെച്ചിരുന്ന ഫിംഗർപ്രിന്റ് റിപ്പോർട്ടിന്റെ ഒരു കോപ്പി അയാളുടെ കയ്യിൽ കൊടുത്ത് സ്റ്റേഷനിൽ അനീഷിനെ ഏൽപ്പിക്കാൻ പറഞ്ഞു. മറ്റൊരു കോപ്പി സ്വന്തം ഫയലിലും വെച്ചു. ഡ്രൈവർ ജീപ്പ് എടുത്ത് പോയതിന് ശേഷം ഫോൺ എടുത്ത് അനീഷിനെ വീണ്ടും വിളിച്ചു.
“എടോ എന്തായി. കഴിഞ്ഞോ ?”
“കഴിഞ്ഞു സർ”
“ഞാൻ പറഞ്ഞതെല്ലാം കിട്ടിയോ?”
“കിട്ടി സർ. ഫൈസൽ രണ്ട് ദിവസം മുൻപ് അവിടെ ചെന്നിരുന്നതിന്റെ വീഡിയോ കിട്ടിയിട്ടുണ്ട്. പിന്നെ കുട്ടായിയുടെ ഫോൺ നമ്പറിന്റെ കോൾ ലിസ്റ്റ് എടുക്കാൻ സൈബറിലെ അഷ്‌റഫിനെ ഏൽപ്പിച്ചു. സർ അതൊന്ന് വിളിച്ചു പറയണം. അല്ലെങ്കിൽ അവൻ ഇട്ട് വലിപ്പിക്കും”
“അവൻ വലിപ്പിക്കില്ല. കഴിഞ്ഞ തവണ കുട്ടായിയുടെ നമ്പർ ലൊക്കേഷൻ എടുക്കാൻ കൊടുത്തിട്ട് എന്നെ വലിപ്പിച്ചതിന് ഞാൻ അവന് കൊടുത്തതാണ്. എനിക്ക് വേണ്ടിയാണെന്ന് അനീഷ് പറഞ്ഞാൽ മതി”
“പിന്നെ സാറേ, തുരുത്തിലെ ക്യാമറയുടെ വിഷ്വൽസ് കുറച്ച് ഡിലീറ്റഡ് ആണ്. അത് റിക്കവറി ചെയ്യാൻ ഞാൻ ഫോറൻസിക്കിൽ കൊടുക്കുന്നുണ്ട്. എന്റെ ബലമായ സംശയം അതിലും ഫൈസൽ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ്”
“ശരി, ആ വീഡിയോ കൊടുക്കുന്നതിന് മുൻപ് അതിൽ ഇപ്പോഴുള്ള വീഡിയോസ് കോപ്പി എടുക്കണം. അതിൽ കുട്ടായി അവിടെ ചെന്നിരുന്നു എന്നതിന്റെ എന്തെങ്കിലും വിഷ്വൽസ് ഉണ്ടോ എന്ന് നോക്കണം”
“ശരി സർ”
“ഫൈസലിന്റെ ഫിംഗർപ്രിന്റ് എടുത്തോ ?”
“എടുത്തു സർ”
“ശരി ഞാൻ സുദേവന്റെ കയ്യിൽ ഫോറൻസിക്ക് ലാബിൽ നിന്ന് കിട്ടിയ ഫിംഗർപ്രിന്റ് കൊടുത്തയച്ചിട്ടുണ്ട്. അത് ഞാൻ നേരത്തെ പറഞ്ഞത് പോലെ ചെക്ക് ചെയ്യണം. പിന്നെ അനസിനെ വിട്ടിട്ട് മെഡിക്കൽ കോളേജിൽ ചെന്ന് ഡോക്ടർ രഞ്ജിത്തിന്റെ കയ്യിൽ നിന്ന് ജോണികുട്ടിയുടെ ആന്തരികാവയവങ്ങളുടെ ഡൽഹിയിൽ ടെസ്റ്റ് ചെയ്ത റിപ്പോർട്ട് എടുപ്പിക്കണം. ഞാൻ മിനിസ്റ്ററുമായുള്ള മീറ്റിംഗിന് കയറുകയാണ്. എന്തെങ്കിലും ഉണ്ടെങ്കിൽ എനിക്ക് മെസേജ് അയച്ചാൽ മതി”
“ശരി സർ”
തുടരും…
Read complete മരണങ്ങളുടെ തുരുത്ത് Malayalam online novel here
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission