മരണങ്ങളുടെ തുരുത്ത് Part 20

  • by

5195 Views

മരണങ്ങളുടെ തുരുത്ത് Malayalam Novel

“എന്താടാ, നിനക്കൊരു പുഞ്ചിരി ?ഇനി നിന്നെ തുറന്ന് വിടാൻ എങ്ങാനും ആണോ മിനിസ്റ്റർ എന്നെ വിളിപ്പിച്ചത് ?”

“അറിയില്ല സർ”

“ഇനിയിപ്പോ അതിന് ആണെങ്കിലും നീ ഇനി പുറംലോകം കാണണമെങ്കിൽ, സി എം അല്ല ദൈവം തമ്പുരാൻ വിചാരിച്ചാലും നടക്കില്ല. കാരണം നിന്നെ പൂട്ടാനുള്ള എല്ലാ കുരുക്കും മുറുക്കിയ ശേഷം ആണ് ഞാൻ നിന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഞാൻ വിചാരിച്ചാൽ മാത്രമേ ഇനി നിനക്ക് പുറത്ത് കടക്കാൻ കഴിയൂ. അത്കൊണ്ട് അത്തരം മോഹങ്ങൾ ഉണ്ടെങ്കിൽ ഇപ്പോഴേ കുഴിച്ചു മൂടിക്കോ.കേട്ടല്ലോ”

“അനസേ, ഇവന്റെ ബാഗ് നോക്കിയോ ?”

“ഇല്ല സർ. ഇപ്പോൾ നോക്കാം”

“ഞാൻ വരുമ്പോഴേക്കും അതൊന്ന് നോക്കി വെക്ക്. അതിൽ എന്തൊക്കെ ഉണ്ടെന്ന് ഒരു ലിസ്റ്റ് റെഡി ആക്കിക്കോ”

“ശരി സർ”

പ്രതാപ് എല്ലാ കാര്യങ്ങളും അവരെ ഏൽപ്പിച്ച ശേഷം പുറത്തേക്ക് പോയി. പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ജീപ്പിൽ കയറി ഡ്രൈവറുടെ അടുത്ത് ;

“എസ് പി ഓഫീസിലേക്ക് പോട്ടേടോ”

പ്രതാപിന്റെ നിർദ്ദേശം കിട്ടിയ ഉടനെ ഡ്രൈവർ വാഹനം എസ് പി ഓഫിസിനെ ലക്ഷ്യമാക്കി യാത്ര തുടങ്ങി.

പത്ത് മിനിറ്റിന്റെ യാത്രക്ക് ശേഷം അവരുടെ വാഹനം എസ് പി ഓഫീസിനു മുന്നിൽ ചെന്ന് നിന്നു.

ഓഫീസിലേക്ക് കയറുന്ന പ്രതാപിനെ വാതിലിൽ നിന്ന് സല്യൂട്ട് ചെയ്ത കോണ്സ്റ്റബിളിന് തിരികെ സല്യൂട്ട് കൊടുത്തുകൊണ്ട് പ്രതാപ് അകത്തേക്ക് കയറി പോയി. നേരെ ചെന്ന് എസ് പിയുടെ റൂമിൽ കയറിയ പ്രതാപ് ,എസ് പി മനു മാത്യുവിനെ സല്യൂട്ട് ചെയ്തു.

“ഇരിക്കെടോ”

“താങ്ക്യൂ സർ” എന്നും പറഞ്ഞ് കൊണ്ട് അദ്ദേഹത്തിന്റെ മുന്നിൽ കിടന്നിരുന്ന ഒരു കസേരയിൽ ഇരുന്നു.

“സർ, സി എം എന്നെ കാണണം എന്ന് പറഞ്ഞത് എന്തിനാണെന്ന് അറിയാമോ ?”

“അറിയില്ലെടോ. ആ കേസിന്റെ ഇത് വരെയുള്ള പ്രോഗ്രസ് എല്ലാം തന്റെ കയ്യിൽ ഇല്ലേ ?”

“യെസ് സർ”

“വെരി ഗുഡ്”

“സർ, സി എം എപ്പോഴാണ് എത്തുന്നത്?”

“പതിനഞ്ച് മിനിറ്റിൽ എത്തും എന്നാണ് പറഞ്ഞത്. താൻ വാ നമുക്ക് റെസ്റ്റ് ഹൗസിലേക്ക് പോകാം”

“ഓക്കെ സർ”

അവിടെ നിന്നും എഴുന്നേറ്റ് പ്രതാപും എസ് പിയും റെസ്റ്റ് ഹൗസിലേക്ക് പുറപ്പെട്ടു.

റെസ്റ്റ് ഹൗസിന്റെ പാർക്കിങ്ങിൽ നിർത്തിയ ജീപ്പിൽ നിന്നും ഇറങ്ങി വരുന്ന പ്രതാപിനെയും മനുവിനെയും കണ്ട ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ് ഐ സിജു സല്യൂട്ട് ചെയ്തു. തിരികെ വിഷ് ചെയ്ത ശേഷം എസ്പി സിജുവിനോട് ചോദിച്ചു.

“എന്താടോ താൻ ഇവിടെ ?”

“വി ഐ പി ഡ്യൂട്ടി ആണ് സർ”

“എന്നിട്ട് മിനിസ്റ്റർ എത്തിയോ ?”

“ഇല്ല സർ. ഉടനെ എത്തുമെന്ന് മെസേജ് ഉണ്ടായിരുന്നു. സർ സി എമ്മിനെ കാണാൻ വന്നതാണോ ?”

“അതേടോ”

“പ്രതാപ് സർ ഇങ്ങോട്ട് ട്രാൻസഫർ ആയല്ലേ ?”

“അതേ. സിജു ഇപ്പോൾ എവിടെയാ ?”

“അവന്റെ കയ്യിലിരിപ്പ് കൊണ്ട് ഡിപ്പാർട്ടമെന്റ് അവന് ട്രാഫിക്കിലോട്ട് ട്രാൻസ്ഫർ കൊടുത്തു.”

പ്രതാപിന്റെ ചോദ്യത്തിന് എസ് പിയാണ് മറുപടി കൊടുത്തത്.

“അതെന്ത് പറ്റിയെടോ ?”

“ചൂടിൽ നിന്റെ അപ്പുറത്ത് ആണ് അവൻ. മദ്യപിച്ച് വാഹനം ഓടിച്ച ചോട്ടാ നേതാവിനെ പൊക്കി. അവനെ വിടാൻ പറഞ്ഞ് സ്റ്റേഷനിലേക്ക് വിളിച്ച പാർട്ടിയുടെ ജില്ലാ നേതാവിന്റെ തന്തക്കും വിളിച്ചു. പിറ്റേന്ന് നേരം വെളുത്തപ്പോൾ ട്രാൻസ്ഫർ ഓർഡർ വന്നു, ട്രാഫിക്കിലേക്ക്”

“അത് പിന്നെ അവനെ വിട്ടിലെങ്കിൽ എന്നെ അങ്ങ് ചെത്തി കളയും എന്നു പറഞ്ഞപ്പോൾ, എനിക്ക് അവനെ വിടാൻ സൗകര്യമില്ല. പോയി നിന്റെ തന്തയെ ഭീഷണിപ്പെടുത്താൻ പറഞ്ഞു”

“കൊള്ളാം” പ്രതാപ് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ സിജുവിന്റെ വയര്ലെസ്സിൽ മിനിസ്റ്റർ തൊട്ടുമുൻപുള്ള ജംക്ഷൻ പാസ് ചെയ്‌ത മെസേജ് വന്നു.

“വാടോ, അവിടെ പോയി ഇരിക്കാം. സ്വീകരിക്കാൻ മുന്നിൽ കണ്ടില്ലെങ്കിൽ ആ പെണ്ണുംപിള്ളക്ക് കലികയറും”

അതും പറഞ്ഞ് നടന്ന എസ് പി യുടെ പിറകിലൂടെ പ്രതാപും സിജുവും നടന്നു. റെസ്റ്റ് ഹൗസിന്റെ പ്രധാന വാതിലിൽ കാവൽ നിന്ന കൊണ്സ്റ്റബിൾ ഇവർ വരുന്നത് കണ്ടപ്പോൾ അറ്റൻഷൻ ആയി നിന്ന് സല്യൂട്ട് കൊടുത്തു.

വരാന്തയിൽ കയറി നിന്നപ്പോഴേക്കും റെസ്റ്റ്ഹൗസിന്റെ ഗേറ്റിലൂടെ ഹെഡ് ലൈറ്റും ,ബീക്കണ് ലൈറ്റും ,സൈറണും ഇട്ട് സി എമ്മിന് പൈലറ്റ് പോകുന്ന പോലീസിന്റെ ബൊലേറോ കടന്നു വന്നു. തൊട്ടു പിറകെ സി എമ്മിന്റെ 01 നമ്പർ ഉള്ള വൈറ്റ് ഇന്നോവ ഹെഡ് ലൈറ്റ് ഇട്ട് കടന്നു വന്നു. പിറകെ മറ്റൊരു പോലീസ് ജീപ്പും മറ്റൊരു കാറും.

റെസ്റ്റ് ഹൗസിന്റെ പോർച്ചിൽ നിന്നും മുന്നിലേക്ക് കയറ്റി നിർത്തിയ പോലീസ് വണ്ടിയുടെ പിറകിൽ ,പോർച്ചിൽ നിർത്തിയ ഇന്നോവയുടെ മുന്നിലെ സീറ്റിൽ നിന്നും ഇറങ്ങിയ പി എ നജ്മൽ തുറന്നു കൊടുത്ത ഡോറിലൂടെ പുറത്തേക്ക് ആമിന മാഡം ഇറങ്ങി. സാധാരണ ഒരു സ്റ്റേറ്റ് ഭരിക്കുന്ന ആളാണെന്ന യാതൊരു ഗാംഭീര്യവും ഇല്ലാത്ത മുഖം ഇപ്പോൾ വലിയ സംഘർഷഭരിതം ആണ്. ആളെ കണ്ടാലും വലിയ ദേഷ്യത്തിൽ ആണെന്ന് മനസ്സിലാകും.

സി എം ഇറങ്ങുന്നത് കണ്ട എസ്പിയും പ്രതാപും സി എമ്മിനെ സല്യൂട്ട് ചെയ്തു. സല്യൂട്ട് കഴിഞ്ഞപ്പോൾ

“മനു, അകത്തേക്ക് വായോ. കൂടെ പ്രതാപിനെയും കൂട്ടിക്കോ. കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്”

അതിന് ശേഷം പിറകിലേക്ക് തിരിഞ്ഞ്

“നജ്മലെ, ഇവരുമായുള്ള മീറ്റിംഗ് കഴിയുന്നത് വരെ ആരെയും അകത്തേക്ക് വിടരുത്. വെരി ഇമ്പോർട്ടന്റ്. കേട്ടല്ലോ”

“ശരി, മാഡം”

നജ്മലിനോട് സംസാരിച്ച ശേഷം അകത്തേക്ക് കയറിയ സി എമ്മിന്റെ പിറകെ എസ് പിയും പ്രതാപും അകത്തേക്ക് കയറി. വി ഐ പി റൂമിൽ കയറി അവിടെയുള്ള ചെയറിൽ ഇരുന്ന സി എമ്മിന്റെ ഓപ്പോസിറ്റിലായി രണ്ട് പേരും നിന്നു.

“പ്രതാപേ, ആ വാതിൽ അങ്ങ് അടച്ചേക്ക്. ഇല്ലെങ്കിൽ ഇടക്ക് ആരെങ്കിലും കയറി വരും”

വാതിൽ അടക്കാനായി മുന്നോട്ട് നീങ്ങിയ പ്രതാപിനോട്

“അല്ലെങ്കിൽ ഒരു മിനിറ്റ്. ആ റിസപ്ഷനിൽ ചെന്ന് കുറച്ചു വെള്ളം കൊണ്ട് വരാൻ ആ പുറത്ത് നിൽക്കുന്ന പോലീസുകാരനോട് പറയ്. അത് കൊണ്ടു വന്നിട്ട് അടക്കാം വാതിൽ”

“മാഡം, മേശയിൽ ഇരിക്കുന്ന ജഗ്ഗിൽ വെള്ളം ഉണ്ടല്ലോ. അത് പോരെ”

“അതിന് ചൂട് ഉണ്ടാകില്ല, എനിക്ക് തൊണ്ടക്ക് നല്ല സുഖമില്ല. താൻ കുറച്ച് ചൂട് വെള്ളം എടുക്കാൻ പറയ് അയാളോട്”

സി എം പറഞ്ഞത് പ്രകാരം പ്രതാപ് പുറത്ത് നിന്ന പോലീസുകാരനോട് ചൂട് വെള്ളം കൊണ്ട് വരാൻ പറഞ്ഞു.

പോലീസുകാരൻ കൊണ്ടു വന്ന ചൂട് വെള്ളം വാങ്ങി അകത്ത് വെച്ച് അതിൽ നിന്ന് ഒരു ഗ്ലാസ് എടുത്ത് മിനിസ്റ്റർക്ക് കൊടുത്തു. പ്രതാപിന്റെ കയ്യിൽ നിന്നും വെള്ളം വാങ്ങി കുടിച്ച ശേഷം മിനിസ്റ്റർ സംസാരിക്കാൻ തുടങ്ങി.

“എസ് പി, എന്തായി ആ തുരുത്തിലെ മരണങ്ങളുടെ അന്വേഷണം. അന്വേഷണം ആരംഭിച്ച ശേഷവും അവിടെ മരണം നടന്നു അല്ലെ ?”

“മാഡം, അന്വേഷണം അതിന്റെ അവസാന ഘട്ടത്തിൽ ആണ്. അവിടെ നടന്നിരിക്കുന്നത് കൊലപാതകങ്ങൾ ആണെന്നാണ് പോലീസിന്റെ നിഗമനം. അതിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതിലെ ഒരു പ്രധാന പ്രതിയെ ചോദ്യം ചെയ്യുന്നതിന്റെ ഇടയിലാണ് മാഡം കാണണം എന്ന് പറഞ്ഞത് കൊണ്ട് ഞാൻ പ്രതാപിനെ വിളിച്ചു വരുത്തിയത്”

“എന്നിട്ട് പോലീസ് നിഷ്‌ക്രിയം ആണെന്നാണല്ലോ പത്രങ്ങൾ എഴുതുന്നത്. ഇയാളുടെ കയ്യിൽ നിന്നും അന്വേഷണം മാറ്റാൻ എനിക്ക് പാർട്ടിയിൽ നിന്ന് നല്ല പ്രഷർ ഉണ്ട്. ഇന്ന് രാവിലെയും പാർട്ടി പ്രസിഡന്റ് എന്നെ വിളിച്ചിരുന്നു. അവർക്കൊക്കെ ഞാൻ എന്താണ് മറുപടി കൊടുക്കേണ്ടത് ?”

“മാഡം, എന്റെ അന്വേഷണം അതിന്റെ ശരിയായ ദിശയിലാണ്. എനിക്ക് തോന്നുന്നത് ഇതിന്റെ പിറകിൽ പ്രമുഖരായ ചില ആളുകൾ ഉണ്ടെന്നാണ്. അവരിലേക്കുള്ള ദൂരം കുറഞ്ഞു എന്നാണ് എന്റെ വിശ്വാസം. പിന്നെ പത്രക്കാർക്ക് എന്താണ് മാഡം പറയാൻ കഴിയാത്തത്. അവർക്ക് ഈ കേസിനെ സംബന്ധിച്ച് ഇന്ന് വരെ ഞാൻ വാർത്തകൾ ഒന്നും കൊടുത്തിട്ടില്ല. അവിടെ നടന്നത് കൊലപാതകം ആണെന്ന് നമുക്ക് മൂന്ന് പേർക്കും പിന്നെ എന്റെ സംഘത്തിലുള്ളവർക്കും മാത്രമേ അറിയൂ”

“തനിക്ക് അറിയാലോ, ഈ കസേര എന്നത് വെറും അലങ്കാരം മാത്രമാണ്. ഭരണം മുഴുവൻ പാർട്ടി പറയുന്നത് പോലെയാണ്. ഇന്ന് രാവിലെ പ്രസിഡന്റ് എന്നെ വിളിച്ച് പറഞ്ഞത് ഇന്ന് തന്നെ തന്നിൽ നിന്നും അന്വേഷണം മാറ്റണം എന്നാണ്. പക്ഷെ തന്റെ അന്വേഷണം ശരിയായ ദിശയിൽ ആണെങ്കിൽ പിന്നെ ഞാൻ എന്താണ് പറയുക”

“മാഡം നാളെ രാവിലെ വരെ എനിക്ക് സമയം തരൂ. ഇതിന്റെ പിന്നിലെ ആളുകളെ ഞാൻ നാളെ രാവിലെ മാഡത്തിന്റെ മുന്നിൽ ഹാജരാക്കാം”

“എടോ, അതുവരെ എനിക്ക് നൽകാൻ കഴിയുമോ എന്നറിയില്ല”

“മാഡം, ഇന്ന് രാവിലെ തന്നെ മാഡത്തിനെ പ്രസിഡന്റ് വിളിക്കാൻ കാരണം എന്താണെന്ന് അറിയാമോ ?”

“ഇല്ല, എന്താണ് കാരണം”

“ഇതിന്റെ പിറകിൽ മാഡത്തിനും പാർട്ടിക്കും വളരെ അധികം വേണ്ടപ്പെട്ട ഒരാൾ ആണെന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. അയാളിലേക്കുള്ള വഴിയുടെ അവസാന തിരിവിൽ ആണ് ഞാൻ. ഇന്ന് ഞാൻ കസ്റ്റഡിയിൽ എടുത്തിരിക്കുന്ന ആളെ ചോദ്യം ചെയ്തു കഴിഞ്ഞാൽ എല്ലാം തെളിയും എന്നാണ് എന്റെ വിശ്വാസം. ഞാൻ അറിഞ്ഞ പേര് സത്യമാണെന്ന് എനിക്ക് ബോധ്യപ്പെടാതിരിക്കാനാണ് എന്റെ കയ്യിൽ നിന്നും അന്വേഷണം ഇന്ന് തന്നെ മാറ്റുവാൻ ഉള്ള പ്രഷർ വരാനുള്ള കാരണം. മാഡം പറഞ്ഞാൽ ഞാൻ ഈ കേസ് അന്വേഷണത്തിൽ നിന്നും ഒഴിവാകും. കാരണം മാഡം ആണ് എന്നെ ഈ കേസ് അന്വേഷണത്തിന്റെ ചുമതല തന്നത്. അത് കൊണ്ട് മാഡം പറയുന്നത് ഞാൻ അനുസരിക്കും. പക്ഷെ മാഡം അങ്ങിനെയൊരു ഓർഡർ ഇട്ടാൽ അത് കൈപറ്റുന്നതിന് മുൻപായി ഞാനൊരു പത്ര സമ്മേളനം വിളിക്കും. അതിൽ ഞാൻ എല്ലാം പറയും. എന്നെ ഈ അന്വേഷണത്തിൽ നിന്നും മാറ്റുവാനുള്ള കാരണവും ഇതുവരെയുള്ള എന്റെ അന്വേഷണ റിപ്പോർട്ടും ഞാൻ കൊടുക്കും പത്രക്കാർക്ക്. കൂടെ ഞാൻ കസ്റ്റഡിയിൽ എടുത്തിരിക്കുന്ന പ്രതികളുടെ കുറ്റസമ്മത മൊഴിയുടെ വീഡിയോ ഞാൻ സോഷ്യൽ മീഡിയയിൽ കൊടുക്കും. അതിന്റെ പേരിൽ എന്റെ ജോലിയോ ജീവനോ പോയാൽ അതങ്ങ് പോകട്ടെ എന്നു വെക്കും. കാരണം ഇതിലെ പ്രതികളെ ഞാൻ ഇപ്പോൾ വിട്ടാൽ അവർ ഇനിയും കൊലകൾ ആവർത്തിക്കും. ഇതൊരു ഭീഷണിയായി കാണണ്ട. ഞാൻ ചെയ്യാൻ പോകുന്നത് മുൻകൂട്ടി പറഞ്ഞു എന്നെ ഉള്ളു”

“താൻ ഇത്രക്ക് ഇമോഷൻ ആകേണ്ട പ്രതാപ്. എന്റെ മേലുള്ള പ്രഷർ ഞാൻ നിങ്ങളെ അറിയിച്ചു എന്നെ ഉള്ളു. ആരാണ് ആ ആൾ എന്ന് എന്നോട് കൂടി പറയൂ പ്രതാപ്”

“എന്റെ നിഗമനം ശരിയാണെങ്കിൽ, മാഡത്തിന്റെ പാർട്ടിയുടെ എം എൽ എ ഫൈസൽ കുറ്റിപ്പുറം …അയാളുടെ ഒരു കൂട്ടാളിയെ ഞാൻ ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. അയാളെ ചോദ്യം ചെയ്തു കൊണ്ടിരുന്നപ്പോഴാണ് മാഡം വിളിച്ചത് കൊണ്ട് ഞാൻ ഇങ്ങോട്ട് പോന്നത്”

“ഓക്കെ, പ്രതാപ്. ഈ പേര് എന്നിൽ നിന്നും പുറത്ത് പോകില്ല. അത് തനിക്ക് ധൈര്യമായി വിശ്വസിക്കാം. അല്ലെടോ അവർക്ക് ഈ കൊലകൾ കൊണ്ടുള്ള ഉദ്ദേശം എന്താണെന്ന് വല്ല ഊഹവും ഉണ്ടോ”

“ഇത് വരെ അങ്ങിനെ ഒരു ഊഹവും ഇല്ല മാഡം, ഇന്ന് വൈകുന്നേരത്തോടെ അവന്റെ കൂട്ടാളിയെ ഞാൻ ചോദ്യം ചെയ്തു കഴിഞ്ഞാൽ ഫൈസൽ ആണ് ഇതിന്റെ പിറകിൽ എന്ന് തെളിവ് സഹിതം മാഡത്തിനെ അറിയിച്ചാൽ അയാളെ അറസ്റ്റ് ചെയ്യാനുള്ള പെർമിഷൻ മാഡം എനിക്ക് നൽകണം”

“ഓക്കെ, തനിക്ക് ധൈര്യമായി മുന്നോട്ട് പോകാം. ഇതിന്റെ പിന്നിൽ ആരാണെങ്കിലും തനിക്ക് അവരെ ധൈര്യമായി അറസ്റ്റ് ചെയ്യാം. നാളെ രാവിലെ വരെ തനിക്ക് യാതൊരു പ്രശ്നവും ഇല്ലാതെ ഞാൻ നോക്കിക്കൊള്ളാം.”

“താങ്ക്യൂ മാഡം. എങ്കിൽ ഞാൻ അങ്ങോട്ട് പൊക്കോട്ടെ”

“ഓക്കെ പ്രതാപ്, ഇന്ന് രാത്രി മുഴുവൻ ഞാൻ ഇവിടെ ഉണ്ടാകും. തനിക്ക് എപ്പോൾ വേണമെങ്കിലും എന്നെ കോണ്ടാക്റ്റ് ചെയ്യാം”

“താങ്ക്യൂ മാഡം”

സി എമ്മിനെ സല്യൂട്ട് ചെയ്ത ശേഷം മുറിയുടെ വാതിൽ തുറന്ന് പ്രതാപ് പുറത്തേക്ക് ഇറങ്ങി.

പ്രതാപ് പുറത്തിറങ്ങിയതിന്റെ പിറകെ സി എമ്മിന്റെ പി എ നജ്മൽ അകത്തേക്ക് കയറി.

“എന്തേ നജ്മലെ ?”

“പാർട്ടി പ്രസിഡന്റ് ലെനീഷ് പൂക്കോം വിളിച്ചിരുന്നു. മാഡത്തിനോട് അത്യാവശ്യമായി സംസാരിക്കണം എന്നും പറഞ്ഞ് മൂന്ന്, നാല് വട്ടം ആയി വിളിക്കുന്നു”

“നീ പറഞ്ഞില്ലേ, ഞാൻ മീറ്റിംഗിൽ ആണെന്ന്”

“ഞാൻ പറഞ്ഞിരുന്നു, എസ് പിയുമായി എന്തോ മീറ്റിങ്ങിൽ ആണെന്ന്”

“പ്രതാപ് ഉണ്ടായിരുന്നത് നീ പറഞ്ഞിരുന്നോ”

“ഇല്ല മാഡം, സി ഐ ഉണ്ടായിരുന്നത് ഞാൻ പറഞ്ഞില്ല. മീറ്റിംഗ് കഴിഞ്ഞാൽ ഉടനെ മാഡത്തിനോട് തിരികെ വിളിക്കാൻ പറഞ്ഞിട്ടുണ്ട്”

“ശരി ലെനീഷിനെ ഞാൻ വിളിക്കാം”

“ശരി മാഡം”

“നജ്മൽ പുറത്ത് വൈറ്റ് ചെയ്യ് “.

“ശരി മാഡം”

നജ്മൽ പുറത്തേക്ക് പോയ ശേഷം സി എം ,എസ്പിയോട് സംസാരിക്കാൻ തുടങ്ങി.

“മനു, താൻ എന്റെ പ്രോഗ്രാം ചാർട്ട് കണ്ടില്ലേ ?”

“ഉവ്വ് മാഡം. ആ ചാർട്ടിൽ വൈകുന്നേരം നാല് മണി വരെ മാഡത്തിന് ഇവിടെ നാല് പ്രോഗ്രാമുകൾ ഉണ്ട്”

“അതേ. പക്ഷെ അതിന് ശേഷം ചാർട്ടിൽ ഇല്ലാത്ത ഒരു പ്രോഗ്രാം ഉണ്ട്. മലയാള അക്ഷരങ്ങളെ ഇഷ്ടപ്പെടുന്ന കുറച്ചാളുകളുടെ കൂട്ടായ്മയായ തൂലിക എന്ന ഗ്രൂപ്പ് നവ എഴുത്തുകാരുടെ രചനകളെ ഉൾകൊള്ളിച്ചു കൊണ്ട് പുറത്തിറക്കുന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകീട്ട് 5 മണിക്ക് ഇവിടെ ടൗൺഹാളിൽ നടക്കുന്നുണ്ട്. എനിക്ക് ആ പ്രോഗ്രാമിന് മുഖ്യമന്ത്രി അല്ലാത്ത, വെറും ആമിനയായി പോകണം. യാതൊരു പോലീസ് പ്രൊട്ടക്ഷനും എനിക്ക് വേണ്ട”

“അല്ല മാഡം, മാഡത്തിന്റെ പ്രൊട്ടക്ഷൻ”

മനു പറയുന്നത് മുഴുവനക്കാതെ സി എം ഇടയിൽ കയറി.

“മനു, എന്നെ ബോംബിട്ട് കൊല്ലാനും മാത്രമുള്ള ആരും അവിടെ വരില്ലെടോ. അക്ഷരങ്ങളെ സ്നേഹിക്കുന്ന കുറച്ചാളുകൾ മാത്രമേ അവിടെ ഉണ്ടാകു. അവരിൽ ഒരാളായി എനിക്ക് കുറച്ചു സമയം ആ ആളുകൾക്കിടയിൽ ഇരിക്കണം. ഇതുവരെ ഞാൻ പ്രസംഗിക്കുന്നത് ആളുകൾ കേൾക്കുകയായിരുന്നു. ഇന്ന് മറ്റുള്ളവരുടെ പ്രസംഗം ഞാനും കേൾക്കട്ടെ”

“മാഡം അങ്ങിനെ പറയരുത്. എന്തെങ്കിലും മാഡത്തിന് സംഭവിച്ചാൽ ഞാൻ ആണ് മറുപടി പറയേണ്ടത്. പോലീസ് ഫോഴ്സിനെ കരിവാരി തേക്കാൻ ഒരു കാരണം നോക്കി നടക്കുകയാണ് ഇവിടുത്തെ പത്രങ്ങളും മീഡിയയും. അത് കൊണ്ട് മാഡം ഞാൻ പറയുന്നത് കേൾക്കണം”

“ഇറ്റ്സ് മൈ ഓർഡർ . ഞാൻ പറയുന്നത് താൻ കേട്ടാൽ മതി. എന്റെ പ്രൊട്ടക്ഷൻ എന്നും പറഞ്ഞ് യൂണിഫോമിലുള്ള ഏതെങ്കിലും ഒരു പോലീസുകാരനെ ആ ഏരിയയിൽ കണ്ടാൽ തെറിക്കുന്നത് തന്റെ തൊപ്പി ആയിരിക്കും. ഞാനും നജ്‌മലും മാത്രം മതി ആ പ്രോഗ്രാമിന്. എന്തെങ്കിലും ഉണ്ടായാൽ തന്നെ അവൻ നോക്കിക്കോളും. അവന്റെ നെഞ്ചിൽ ചവിട്ടി മാത്രമേ ആർക്കും എന്റെ മുന്നിൽ എത്താൻ കഴിയൂ. അതെനിക്ക് ഉറപ്പുണ്ട്. എനിക്ക് ഇത് തന്നോട് പറയാതെ പോകാമായിരുന്നു. പിന്നെ പറയാൻ കാരണം, തന്റെ ഏരിയയിൽ വന്ന സി എമ്മിനെ കാണ്മാനില്ല എന്നൊരു വാർത്ത വരരുത് എന്നു കരുതിയാണ്. ഈ കാര്യം നമ്മൾ രണ്ടാളും അല്ലാതെ വേറെ ആരും അറിയരുത്. കേട്ടല്ലോ. മനുവിന് പോകാം”

“ശരി മാഡം” സി എമ്മിനെ സല്യൂട്ട് ചെയ്ത ശേഷം പുറത്തേക്ക് പോകാനായി തിരിഞ്ഞ മനുവിനെ വിളിച്ച്

“താൻ പോകുമ്പോൾ നജ്മലിനോട് ഇങ്ങോട്ട് വരാൻ പറയ്”

“ശരി മാഡം”

മനു പുറത്തേക്ക് പോയ ഉടനെ നജ്മൽ അകത്തേക്ക് വന്നു.

“എടാ, വൈകീട്ട് ചാർട്ടിലുള്ള നമ്മുടെ പ്രോഗ്രാമുകൾ കൂടാതെ വേറെയൊരു പ്രോഗ്രാം കൂടി ഉണ്ട്. അതിന് നമ്മൾ രണ്ടാളും മാത്രം മതി. പൊലീസോ, ഡ്രൈവറോ വേണ്ട”

“എന്ത് പ്രോഗ്രാം ആണ് മാഡം ?”

“ഇവിടെ ടൗൺഹാളിൽ ഒരു പുസ്തക പ്രകാശനം”

“അല്ല മാഡം, അതൊരു പബ്ലിക്ക് പ്രോഗ്രാം അല്ലെ. അതിന് പ്രൊട്ടക്ഷൻ ഇല്ലാതെ എങ്ങിനെയാണ് പോകുന്നത്”

“ഞാൻ പറയുന്നത് നീ കേട്ടാൽ മതി”

“ശരി മാഡം”

“നീ ആ ലെനീഷിനെ ഒന്ന് വിളിച്ചേ. അയാൾ എന്തിനാണ് വിളിച്ചതെന്ന് അറിയട്ടെ”

“ശരി മാഡം”

നജ്മൽ സി എമ്മിന്റെ ഫോണിൽ പ്രസിഡന്റിന്റെ നമ്പർ ഡയൽ ചെയ്തു കൊടുത്തു.

“ഹലോ, നജ്മൽ പറഞ്ഞു പ്രസിഡന്റ് വിളിച്ചിരുന്നു എന്ന്. എന്തേ ഇത്ര അർജൻറ് ആയി വിളിച്ചത് ?”

“എന്തായി ഞാൻ പറഞ്ഞ പ്രതാപിന്റെ കാര്യം. അന്വേഷണം അവന്റെ കയ്യിൽ നിന്നും മാറ്റിയോ ?”

“അങ്ങിനെയൊന്നും ഒരാളെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റാൻ കഴിയില്ല. അതിന് അതിന്റെതായ വഴികൾ ഇല്ലേ”

“അതൊന്നും മിനിസ്റ്റർ എന്നെ പഠിപ്പിക്കേണ്ട. അന്വേഷണത്തിൽ പുരോഗതിയില്ല എന്ന് പറഞ്ഞ് മാറ്റാൻ കഴിയില്ലേ ?”

“പ്രസിഡന്റിന് അയാളെ മാറ്റണം എന്നതിന് എന്താ ഇത്ര വാശി”

“ഇത് വരെ കേസ് അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഇല്ല. എന്താണ് അവിടെ നടക്കുന്നത് എന്നു പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല”

“പ്രതാപ് നാളെ രാവിലെ വരെ എന്നു പറഞ്ഞാലും ഈ കേസ് പ്രതാപ് തന്നെ അന്വേഷിക്കും. നാളെ വൈകുന്നേരത്തോടെ ഇതിന്റെ റിപ്പോർട്ട് എനിക്ക് നൽകാം എന്നാണ് എസ് പി പറഞ്ഞത്”

“അതിൽ കാര്യമില്ലാലോ. ഇത്ര ദിവസം ആയിട്ടും അവിടെ എന്ത് കൊണ്ടാണ് മരണങ്ങൾ നടക്കുന്നതെന്നോ, എന്താണ് മരണ കാരണം എന്നത് അയാൾക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇനി ഇന്നും നാളെയും കൊണ്ട് അയാൾ എന്ത് കണ്ടെത്താൻ ആണ്”

“ഇത്ര ദിവസം നമ്മൾ വെയ്റ്റ് ചെയ്തില്ലേ, നാളെ വൈകുന്നേരം വരെ നമുക്ക് വെയ്റ്റ് ചെയ്യാം. അല്ല പ്രസിഡന്റേ, ഇത് വരെ ഒരു കേസിലും ഇല്ലാത്ത താല്പര്യം എന്താണ് ഈ കേസിൽ മാത്രം ?”

“അങ്ങിനെയൊന്നും ഇല്ല. കേരളം മുഴുവനും അറിഞ്ഞ ഒരു കേസ് അല്ലെ. അതിന്റെ ഒരു ആകാംഷ”

“ശരി മിനിസ്റ്ററെ. ഒരു കാര്യം കൂടി. എന്താണ് മരണ കാരണം എന്നോ, ആരാണ് ഇതിന്റെ പിന്നിലെന്നോ, എസ് പി പറഞ്ഞോ”

“ഇല്ല, എന്തേ പ്രസിഡന്റിന് ആരെയെങ്കിലും സംശയം ഉണ്ടോ ? പോലീസ് പോലും പറഞ്ഞിട്ടില്ലലോ ഇതിന്റെ പിന്നിൽ ആളുകൾ ഉണ്ടെന്ന് ? പിന്നെങ്ങനെ പ്രസിഡന്റിന് മനസ്സിലായി അത് ?”

“അത് പിന്നെ ഇത്ര മരണങ്ങൾ നടന്നതിൽ അസ്വാഭാവികത ഉണ്ടാകില്ലേ. അതാണ് ഞാൻ ഉദ്ദേശിച്ചത്”

“ശരി പ്രസിഡന്റേ. എന്തെങ്കിലും അറിഞ്ഞാൽ ഞാൻ പ്രസിഡന്റിനെ വിളിക്കാം. എനിക്ക് കളക്ടറുമായി ഒരു മീറ്റിംഗ് ഉണ്ട്”

“ശരി”

ഫോൺ കട്ടാക്കിയ മിനിസ്റ്റർ

“നജ്മലെ, കളക്ടർ എപ്പോഴാണ് എത്തുക ?”

“പത്ത് മിനിറ്റിൽ എത്തും എന്നാണ് പറഞ്ഞത്”

“ശരി കളക്ടർ വരുമ്പോൾ വിളിച്ചാൽ മതി. ഞാൻ റെസ്റ്റ് ചെയ്യട്ടെ”

“ശരി മാഡം”

നജ്മൽ പുറത്തേക്ക് പോയി. മിനിസ്റ്റർ റെസ്റ്റ് എടുക്കാനും കിടന്നു.

*************************************

പോലീസ് ക്ലബ്ബിൽ തിരിച്ചെത്തിയ പ്രതാപ് കുട്ടായിയെ ചോദ്യം ചെയ്യാനായി വീണ്ടും റൂമിലേക്ക് പോയി.

“എന്തായി അനസേ, ഇവന്റെ ബാഗ് പരിശോധിച്ചോ ?”

“ഉവ്വ് സർ. ബാഗിൽ പാസ്പ്പോര്ട്ടും ദുബായിലേക്കുള്ള ഒരു ടിക്കറ്റും ഉണ്ട്. രണ്ട് ജോടി ഡ്രസ്സ്, പിന്നെയൊരു ഡയറി. ഇത്ര മാത്രമേ ഉണ്ടായിരുന്നുള്ളു”

“ഇവനെ അറസ്റ്റ് ചെയ്തത് ഉന്നതങ്ങളിൽ അറിഞ്ഞെടോ. ഇവനെ അറസ്റ്റ് ചെയ്യാൻ നമ്മൾ ചെല്ലുമെന്ന് ഇവൻ എങ്ങിനെ അറിഞ്ഞെന്നും, ഇവനെ അറസ്റ്റ് ചെയ്തത് മുകളിൽ ഉള്ളവർ അറിഞ്ഞതെന്നും നമുക്ക് ഇവനെ കൊണ്ട് തന്നെ പറയിക്കണം. കുട്ടായി, നമുക്ക് നിർത്തിയിടത്ത് നിന്ന് വീണ്ടും തുടങ്ങാം കഥ പറയാൻ”

“ശരി സർ”

“നിന്നെ വിടാൻ പറയാനാണ് മിനിസ്റ്റർ എന്നെ വിളിപ്പിച്ചത്. പക്ഷെ കാര്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ മിനിസ്റ്റർ എനിക്ക് ഫുൾ സപ്പോർട്ട് ആണ് തന്നത്”

അത് കേട്ടതോടെ കുട്ടായിയുടെ മുഖത്ത് അതുവരെ ഉണ്ടായിരുന്ന എല്ലാ സന്തോഷങ്ങളും പോയി.

“കുട്ടായി തുടങ്ങിക്കോ, നിന്നെ അറസ്റ്റ് ചെയ്യാൻ ഞങ്ങൾ വരുമെന്ന് നീ എങ്ങിനെയാണ് അറിഞ്ഞത്”

കുട്ടായി പറയാൻ തുടങ്ങി….

തുടരും…

Read complete മരണങ്ങളുടെ തുരുത്ത് Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply