പൊറ്റാളിലെ ഇടവഴികൾ | Pottalile Itavazhikal Book Review

  • by

2496 Views

Pottalile Itavazhikal book review

പൊറ്റാളിലെ ഇടവഴികൾ
അഭിലാഷ് മേലേതിൽ

Book review of പൊറ്റാളിലെ ഇടവഴികൾ | Pottalile Itavazhikal by Abhilash Melethil

ആരോ പറഞ്ഞത് കേട്ടിട്ടുണ്ട് ഏതൊരു എഴുത്തുകാരനും താൻ 50 പേജുകൾ ആണ് നൽകാറ്.അതിനുള്ളിൽ വായനക്കാരന് കഥയിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിച്ചില്ലെങ്കിൽ താൻ അത് ഉപേക്ഷിക്കുമെന്ന്. എന്നാൽ പൊറ്റാളിലെ ഇടവഴികൾ ആദ്യത്തെ 50 പേജുകൾ താണ്ടുക തന്നെ കുറച്ചു ശ്രമകരമായിരുന്നു. കഥാപാത്രങ്ങളുടെ ആധിക്യവും ഇവരു തമ്മിലുള്ള കണക്ഷൻ ശരിയായി മനസിലാക്കാൻ പറ്റാത്തതും ഒരുപോലെയുള്ള പേരുകളും സമപ്രായവും ഒക്കെ കൂടി പൊറ്റാൾ ഒരു അന്യഗ്രഹം പോലെ നിലനിൽക്കുന്നു.പൊറ്റാളിലെ ഇടവഴികൾ യഥാർത്ഥത്തിൽ വഴി തെറ്റിച്ച അവസ്ഥ.

എന്നാൽ 50 പേജിനപ്പുറമുള്ള വായന പൊറ്റാളിനെ സ്വന്തം ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ട് വരുന്നുണ്ട്. അതുവരെ അവ്യക്തമായി നിന്ന പൊറ്റാൾ പോകെ പോകെ അരികിലേക്ക് വരുന്നു. മുഖമില്ലാതെ മനസിൽ നിന്ന കഥാപാത്രങ്ങൾക്ക് മുഖം തെളിയുന്നു.വഴിയറിയാതെ പെട്ടു പോയവന് മുന്നിൽ ഇടവഴികൾ വഴി കാട്ടുന്നു.റിയാസിനെയും, രാജേഷിനെയും, പ്രദീപേട്ടനെയും നേരിൽ കാണാൻ പറ്റുന്നു.ഷിഹാബിന്റെ കവിത കേൾക്കുന്നു.അതിലൊക്കെയുപരി പൊറ്റാൾ വ്യക്തമായ രാഷ്രീയം പറയുന്നു.

നോവലിന്റെ ഉള്ളടക്കത്തേക്കാൾ ആഖ്യാനമാണ് കൂടുതൽ ആകർഷിക്കുന്നത്.റാഷോമോൺ സ്റ്റൈലിൽ ഉള്ള അവതരണം ഒരു ത്രില്ലെർ സ്വാഭാവം കൈവരിക്കുന്നുണ്ട്. തുടക്കത്തിൽ ഈ കഥപറച്ചിൽ സങ്കീർണത ഉളവാക്കുന്നുണ്ടെങ്കിലും അത് തന്നെയാണ് പൊറ്റാളിന്റെ സൗന്ദര്യവും.എന്നാൽ പാർട്ട്‌ നാലിലെത്തുമ്പോൾ ഈ നറേഷൻ സ്റ്റൈൽ കുറച്ച് വ്യതിചലിക്കുന്നതായി തോന്നി.അത് അതുവരെയുള്ള കഥപറച്ചിലിനെ ചെറിയ തോതിൽ ബാധിക്കുന്നുണ്ട്..

നാട്ടിൻപുറത്തെ കുറച്ചു മനുഷ്യരിലൂടെ ഒരു ഗ്രാമത്തെ വരച്ചിടുകയാണ് പൊറ്റാളിൽ. കേവലം നൊസ്റ്റാൾജിയ എന്നതിൽ ഒതുക്കാതെ കൃത്യമായ രാഷ്ട്രീയം അടയാളപ്പെടുത്തുന്നിടതാണ് പൊറ്റാൾ വേറിട്ട് നിൽക്കുന്നത്.ഉത്തരേന്ത്യയിൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ രാജ്യത്താകമാനം വീശിയ കാറ്റ് പൊറ്റാളിലും വീശിയടിക്കുന്നുണ്ട്.അവിടുത്തെ സൗഹൃദങ്ങളേയും,കളിയിടങ്ങളേയും, കുടുംബങ്ങളേയും വരെ അത് സ്വാധീനിക്കുന്നത് നമുക്ക് കാണാം.(എന്റെ ചെറുപ്പത്തിൽ പാടത്തു ക്രിക്കറ്റ്‌ കളി നടക്കുമ്പോൾ ടീം തിരഞ്ഞെടുപ്പിൽ വരെ വന്ന ഹിന്ദു -മുസ്ലിം വേർതിരിവ് ഞാനോർക്കുന്നുണ്ട്)

ഒറ്റ വായനയിൽ വലിച്ചെറിയാതെ ഓർത്തുവയ്ക്കാൻ ചിലതുണ്ട് പൊറ്റാളിൽ.നിതിന്റെ ചേട്ടൻ നീരജ് കണ്ണ് നനയിച്ചു കൊണ്ട് തൊണ്ണൂറുകളിലെ കൗമാരത്തിലേക്ക് ഒരു ഫ്ലാഷ്ബാക്ക് നടത്തുന്നുണ്ട്.നാട്ടുകാരുടെ മുന്നിൽ ഒരു ചിരി മാത്രമാകുന്ന, കൂട്ടുകാരില്ലാത്ത, വാപ്പയും ഇത്താത്തയും ചാകണം എന്ന് പറയുന്ന ആദിബിനെ തോളിൽ കൈയിട്ട് ചേർത്തിരുത്തണം എന്നുണ്ട്.പിന്നെ ഷിഹാബ്… അവനവിടെ തന്നെ നിൽക്കുകയല്ലേ..
He was everywhere like the evening hour..

പൊറ്റാളിലെ ഇടവഴികൾ | Pottalile Itavazhikal ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ നിന്ന് ലഭ്യമാകാന്‍ സന്ദര്‍ശിക്കുക

പലവരും വായനയുടെ ബുദ്ദിമുട്ട് കൊണ്ട് പൊറ്റാൾ ഉപേക്ഷിച്ചതായി അറിഞ്ഞു.എന്റെ അഭിപ്രായത്തിൽ പാർട്ട്‌ വൺ മല കയറുന്നത് പോലെ ക്ലേശകരമാണെങ്കിൽ തുടർന്നുള്ള അഞ്ചു ഭാഗം മല ഇറങ്ങുന്നത് പോലെ ലളിതമാണ്.

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply