“സേതുവേട്ടാ.. അമ്മൂനെ കണ്ടാൽ അമേരിക്കയിൽ പഠിച്ചു വളർന്നതാന്നൊന്നും പറയില്ലാട്ടോ, തനി നാടൻ കുട്ടി തന്നെ !”
ഭാമയുടെ വാക്കുകൾ കേട്ട് സേതുമാധവൻ പുഞ്ചിരിച്ചു,..
ഭാനുവിന്റെ മരണശേഷം അമേരിക്കയിലേക്ക് പോയപ്പോൾ അമ്മുവിനെ കൂടെ കൂട്ടിയതിൽ എല്ലാവർക്കും അമർഷമുണ്ടായിരുന്നു,. ഭാമയുടെ വാക്കുകൾ കേൾക്കുമ്പോൾ ഒരച്ഛനെന്ന നിലയിൽ തനിക്ക് അഭിമാനിക്കാവുന്ന നിമിഷം തന്നെയാണ്,.. പക്ഷേ ഇത് തനി നാടൻ കാന്താരിയാണെന്ന് തനിക്ക് മാത്രമല്ലേ അറിയൂ,.
“ഈ നാടൻ കോഴി എന്നൊക്കെ പറേണപോലെ എന്തേലും ആവും ല്ലേ അമ്മേ ഈ നാടൻ കുട്ടിയും,… ”
“ഒന്ന് പോടാ അവിടന്ന്,.. ” ഭാമ ശ്രീരാഗിനെ തല്ലാൻ കയ്യോങ്ങി,. പ്ലസ് ടു വിൽ പഠിക്കുന്ന ശ്രീ,. അല്പമൊക്കെ മോഡേൺ ചിന്തകനാണ്,..
“അമ്മു ഓപ്പോളിന്റെ തനി പകർപ്പാ,.. ദാ ഇപ്പോ തന്നെ ഭാനുഓപ്പു ഇന്റെ മുന്നിൽ വന്ന് നിക്കാണെന്നാ തോന്നണത് !” ഭാമ മിഴികൾ തുടച്ചു,
ചിറ്റയ്ക്കൊപ്പം അച്ഛന്റെയും മുഖം വല്ലാതായത് അമ്മുവിനെയും വിഷമത്തിലാക്കി,.
“എന്റമ്മേ അമ്മുവേച്ചി വന്ന് കേറീതല്ലേ ഉള്ളൂ,. അപ്പോഴേക്കും സെന്റി അടിക്കണോ,.. ഭാനു അമ്മായിയെപ്പോലെ ആണെന്നല്ല,.. ഭാനു അമ്മായി ആണെന്നങ്ങ് കരുതിക്കോളുക, അല്ലേ അമ്മായി ?” അവൻ ചിരിച്ചുകൊണ്ട് അമ്മുവിനെ നോക്കി കണ്ണിറുക്കി,.. അമ്മു അവന് നേരെ പുഞ്ചിരിച്ചു.
“ഈയിടെയായി ചെക്കന്റെ നാക്കിനിത്തിരി നീളം കൂടീട്ടുണ്ടോ എന്നൊരു സംശയം !”
“ഹേയ് ഇല്ലന്നേ,.. അതൊക്കെ അമ്മേന്റെ ഓരോരോ തോന്നലല്ലേ ?”
“ഭാമേ,. സേതുവും അമ്മുവും എത്തിയോ ?” കല്ല്യാണിയമ്മ വിളിച്ചു ചോദിച്ചു,.
വീട്ടുകാരുടെ എതിർപ്പിനെ മറികടന്നു വിവാഹം ചെയ്തവരായിരുന്നു സേതുമാധവനും ഭാനുമതിയും,. താഴ്ന്ന ജാതിയിൽ പെട്ട ഒരാളെ വിവാഹം കഴിച്ചുവെന്നതിന്റെ പേരിൽ ഭാനുവിനെ വീട്ടിൽ നിന്നും പുറത്താക്കി,. .
“ആ അമ്മേ,… ”
“കുട്ടി വരൂ .. മുത്തശ്ശി വിളിക്കുന്നു !”
അവൾ അനുവാദത്തിനായി സേതുവിനെ നോക്കി,.
“ചെല്ല്,… ” അമ്മു ഭാമയ്‌ക്കൊപ്പം അകത്തേക്ക് കയറി,.
വാതിൽക്കൽ തന്നെ മുത്തശ്ശന്റെ വലിയ ഫോട്ടോ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്,. ഭാനുമതി ഇറങ്ങിപോയ വിഷമത്തിൽ ഹൃദയാഘാതം വന്നാണ് മരിച്ചത്,. അവസാനമായി അച്ഛനെ ഒരു നോക്ക് കാണാൻ വന്ന ഭാനുമതിയെ ആങ്ങളയായ രവീന്ദ്രവർമ്മ ആട്ടിയോടിച്ചു,.. ആ അപമാനഭാരം സേതുവിനെ ഇപ്പോഴും വേട്ടയാടുന്നുണ്ട്,.
“വാ,.. മുത്തശ്ശിയുടെ അടുത്തേക്ക് വാ !”
അമ്മു പതിയെ കട്ടിലിനരികിൽ ഇരിപ്പുറപ്പിച്ചു,.
പ്രായം മാത്രമല്ല, ഈയിടയ്ക്ക് വന്ന അറ്റാക്കും അവരെ ശാരീരികമായി തളർത്തിയിരുന്നു,.
ശുഷ്കിച്ച കൈകളാൽ അവർ അമ്മുവിന്റെ കവിളിൽ തലോടി,…
“ന്റെ കുട്ടിക്ക്,. ഞങ്ങളുടെ അടുത്തൊക്കെ ദേഷ്യണ്ടോ ?”
“എന്തിന് മുത്തശ്ശി ?”
അഞ്ചു വർഷങ്ങൾക്ക് മുൻപാണ് ഭാനുമതി,. മുംബൈയിൽ വെച്ച് ഒരു ആക്‌സിഡന്റിൽ മരണമടഞ്ഞത്,. മുത്തശ്ശിയുടെ നിർബന്ധപ്രകാരമാണ് ഭാനുവിനെ തറവാട്ട് മണ്ണിൽ അടക്കം ചെയ്തത്, ജീവിച്ചിരുന്നപ്പോൾ കൊടുക്കാത്ത സ്നേഹം മരണശേഷം,..
“തെറ്റ് പറ്റി കുട്ടി,. ” അവരുടെ ശബ്ദമിടറി, കണ്ണുകൾ നിറഞ്ഞു,..
“അതെല്ലാം കഴിഞ്ഞ കാര്യല്ലേ ന്റെ അമ്മേ,.. ഇനി പറഞ്ഞിട്ടെന്താ കാര്യം,.. അമ്മു വന്നിട്ടല്ലേ ഉള്ളു,.. ഒന്ന് കുളിച്ചിട്ടൊക്കെ വരട്ടെ,.. സേതുവേട്ടന് വെള്ളം ചൂടാക്കണോ ? ”
“ഇപ്പോൾ വേണ്ട ഭാമേ,. ഇത്തിരി കഴിഞ്ഞിട്ടാവാം,.. ”
അമ്മു ചിറ്റയ്ക്കൊപ്പം വെളിയിലേക്കിറങ്ങി ,. സേതു മാധവൻ അവിടെ തന്നെ നിന്നു,.. കല്യാണിയമ്മയ്ക്കും, സേതുമാധവനും ഇടയിൽ ഒരു നിശബ്ദത തളം കെട്ടി നിന്നു,…
*********
ഇതുവരെ കണ്ടുപരിചയമില്ലാത്ത ബന്ധുമിത്രാതികളുടെയും, അയൽക്കാരുടെയും സ്നേഹത്താൽ അമ്മു വീർപ്പു മുട്ടി,…
“ചിറ്റേ,.. ബാലേച്ചി എവിടെ ?”
“അവൾക്കിന്ന് എക്സാമാ, പോണില്ലാന്ന് കുറെ വാശിപിടിച്ചു,. എന്റെ നിർബന്ധം കൊണ്ട് പോയതാ,. ആ അഞ്ച് മണി ആവാനായില്ലേ എത്താനായി !”
ഭാമച്ചിറ്റയുടെ മൂത്ത മകളാണ് ശ്രീബാല,. അമ്മുവിനേക്കാൾ രണ്ടു വയസിന്റെ മൂപ്പുണ്ട് ബാലയ്ക്ക്,. ഭാമ ഭാനുവിന്റെ ഇളയതാണെങ്കിലും ബാല എങ്ങനെ അമ്മുവിനേക്കാൾ മൂത്തതായി എന്ന് ചോദിച്ചാൽ,. കുറേ വർഷത്തെ പ്രാർത്ഥനയുടെ ഫലമാണ് അമ്മു എന്ന് പറയും സേതു,..
” അമ്മു കുളിച്ചിട്ട് വരൂ,. ചിറ്റ ചായയെടുക്കാം,.. ”
“എനിക്ക് ഇവിടത്തെ കുളത്തിൽ കുളിച്ചാൽ മതി !”
“കുളത്തിലൊക്കെ കുളിച്ചു പരിചയമുണ്ടോ അമ്മൂന് ?”
“മ്മ്,.. അവിടെ സ്വിമ്മിങ് പൂൾ ഒക്കെ ഉള്ളതല്ലേ,… ”
“ഇന്നെന്തായാലും വേണ്ട,.. നേരം ഇരുളാനായില്ലേ ? നാളെയാവട്ടെ,. ”
ചെറിയൊരു നിരാശ തോന്നിയെങ്കിലും അമ്മു സമ്മതിച്ചു,.. നല്ല തണുത്ത വെള്ളം മേത്തൊഴിച്ചപ്പോൾ അവളെ ചെറുതായൊന്ന് വിറച്ചു,…
അമ്മു കണ്ണാടിയിൽ നോക്കി,. ചിറ്റയും, മുത്തശ്ശിയുമൊക്കെ പറഞ്ഞത് ശരിയാണ്,. അമ്മയുടെ തനി പകർപ്പാണ് താൻ,.
അവൾ ബാഗ് തുറന്നു ഒരു ചുരിദാർ എടുത്തിട്ടു,.
അപ്പോഴാണ് ആരോ കതകിൽ മുട്ടിയത്,. വാതിൽ തുറന്നതും ബാല അവളെ കെട്ടിപ്പിടിച്ചു,…
“ബാലേച്ചി,… ”
“എപ്പോ എത്തി നീയ് ?”
“കുറച്ചു നേരായിട്ടേ ഉള്ളൂ,. എക്സാം ഒക്കെ നന്നായി എഴുതിയോ ?”
“ഓ ഒപ്പിച്ചു,.. എന്റമ്മൂ നീ വന്നതേ ഇതൊക്കെയാണോ ചോദിക്കണേ വേറെന്തെല്ലാം ഉണ്ട് !”
“ഓക്കേ,.. സോറി സോറി,.. ”
“അയ്യേ നീയെന്താ ഈ ഇട്ടേക്കണേ ?”
“എന്തേ,.. എന്താ കുഴപ്പം ?”
ബാല അമ്മുവിന്റെ ബാഗ് പരിശോധിച്ചു,..
“നീ അമേരിക്കയിൽ നിന്ന് തന്നെയാണോ വന്നത് ? ഇത്തിരി മോഡേൺ ഡ്രസ്സ് ഒക്കെ ഞാൻ പ്രതീക്ഷിച്ചു !”
“ഞാനെടുത്തില്ല, അല്ലേലും ഇവിടതൊക്കെ എങ്ങനെയാ ഇടുക ? ”
“നീയെന്റെ സർവ്വ പ്രതീക്ഷയും തെറ്റിച്ചു അമ്മു,.. ”
ഭാമ ചിറ്റ ചായയും ആയി വന്നു,..
“ഇതാട്ടോ അമ്മു,.. നല്ല ചൂട് ചായയും ഉണ്ണിയപ്പവും,.. ”
“ഇതൊക്കെയെന്തിനാ ചിറ്റേ ഇങ്ങോട്ടേക്ക് കൊണ്ട് വന്നത് ? ഞാൻ അവിടേക്ക് വന്നു കഴിക്കുമായിരുന്നല്ലോ !”
“നീയായതോണ്ടാ നിന്റെ സ്ഥാനത്ത് ഞാനെങ്ങാനും ആയിരുന്നെങ്കിൽ അമ്മ എന്നെ തിരിഞ്ഞു നോക്കില്ലായിരുന്നു !”
ബാല ഒരുണ്ണിയപ്പം കയ്യിലെടുത്തു,…
“ന്റെ ബാലേ,. നിനക്കാ കൈയ്യും മുഖവും ഒന്ന് കഴുകീട്ടു വന്നൂടെ ?”
“ഓ,.. കൈ കഴുകീട്ടിപ്പോ എന്തിനാ,.. അമ്മയൊന്നു പൊയ്ക്കെ,.. ഞങ്ങൾക്ക് കുറേ രഹസ്യം പറയാനുണ്ട് !”
” രഹസ്യം ഒക്കെ പിന്നെ പറയാം,.. വേഗം കുളിച്ചിട്ട് വന്നോളൂ,. വിളക്ക് വെയ്ക്കണം … ”
“ഓ ആയിക്കോട്ടെ,.. ” ബാല കതക് കുറ്റിയിട്ടു,..
“അല്ലമ്മൂ,. നിന്റെ ബോയ്‌ഫ്രണ്ട് അമേരിക്കക്കാരൻ സായിപ്പ് എന്ത് പറയുന്നു ?”
“എനിക്ക് ബോയ്ഫ്രണ്ട് ഒന്നൂല്ല്യ !”
“ഹേ,.. വെറുതെ കള്ളം പറയണ്ട നീയ്,..”
“സത്യായിട്ടും ഇല്ലന്നേ !”
“വീണ്ടും വീണ്ടും നീയെന്റെ പ്രതീക്ഷകൾ തകർത്തു കളയുവാണല്ലോ, മോളെന്താ സന്യാസജീവിതം നയിക്കാനാണോ ഉദ്ദേശം ? !”
” എനിക്കായി പിറന്നവൻ എന്റെ അരികിലെത്തും വരെ സിംഗിൾ ആയിരിക്കാനാ ഉദ്ദേശം,. ന്തേ ? അല്ല ബാലേച്ചീന്റെ ആളെന്ത് പറയുന്നു,. നമ്മുടെ ബാംഗ്ലൂർക്കാരൻ മുറച്ചെറുക്കൻ ?”
“വിളക്ക് വെക്കണം ഞാൻ കുളിച്ചിട്ട് വരാം !” ബാല ഒഴിഞ്ഞുമാറാൻ ഒരു ശ്രമം നടത്തി,…
“അപ്പോഴേക്കും നാണം വന്നോ ?”
“വരുമായിരിക്കും,.. ”
“വിളിച്ചോ ?”
“അമ്മ പറേണത് കേട്ടു,.. ”
“മ്മ്,.. എന്നാ വേഗം കുളിച്ചിട്ട് വാ ഞാൻ താഴേക്ക് ചെല്ലട്ടെ,… ”
********
ഏറെ കാലത്തിന് ശേഷം അമ്മയുടെ കുഴിമാടത്തിനരികിൽ നിന്നപ്പോൾ അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു, അച്ഛൻ പറയാറുള്ളത് പോലെ,. അമ്മയുടെ സാന്നിധ്യം ഇവിടെവിടൊക്കെയോ തനിക്കും അനുഭവിക്കാൻ കഴിയുന്നുണ്ട്,..
“അമ്മൂ,… ” സേതു അമ്മുവിന്റെ ചുമലിൽ കൈ വെച്ചു,.
“അച്ഛൻ കരയുവാണോ ?”
“ഇല്ല കുട്ടി,… ” അമ്മു അയാളുടെ ചുമലിലേക്ക് മുഖം പൂഴ്ത്തി,.
“അമ്മയെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് അല്ലേ അച്ഛാ ?. ”
“മ്മ്,… ”
അവളുടെ ചുടുകണ്ണീർ അയാളുടെ ഹൃദയത്തെ പൊള്ളിച്ചു,…
ഇളം കാറ്റിൽ ഒരു നറുമണം അവളുടെ നാസ്യരന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തി,..
“ഇത് എന്തിന്റെ സ്മെല്ലാ അച്ഛാ ?”
“പാരിജാതം !” അമ്മു സേതുവിൻറെ കൈപിടിച്ച് പാരിജാതചുവട്ടിലേക്ക് നടന്നു,.. നിലത്ത് വീണു കിടന്ന ഒരു പൂവെടുത്ത് അവൾ നാസികയോട് ചേർത്തു,..
“നിന്റെ അമ്മയുടെ ഫേവറൈറ്റ് ആയിരുന്നു,.. ”
“ഇത് പെറുക്കിക്കൊടുത്താണോ മേലേപ്പാട്ടില്ലത്തെ ഭാനുമതി തമ്പുരാട്ടിയെ അച്ഛൻ വളച്ചെടുത്തത് ?”
സേതുവിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു,..
“അപ്പോൾ സത്യാണ് അല്ലേ ?
അയാൾ തലയാട്ടി,.
*********
” ഭാമേ, രവീന്ദ്രൻ വിളിച്ചിരുന്നോ ?”
രവീന്ദ്രൻ എന്ന പേര് കേട്ടതും സേതുമാധവന്റെ മുഖം മങ്ങി,..
“ആ അമ്മേ … ഏട്ടൻ രാവിലെ എത്തുമെന്ന് പറഞ്ഞൂ !”
” എന്നത്തെപ്പോലെയും അവൻ ഒറ്റയ്ക്കാണോ അതോ കണ്ണനും ലതികയും ഉണ്ടോ കൂടെ?”
“വരുമെന്നാ പറഞ്ഞത് !”
അമ്മു ബാലയ്ക്കരികിലേക്ക് ഓടി,..
“ബാലേച്ചി,.. ”
“എന്താ പെണ്ണേ ?”
“വാർത്ത കൺഫോം ചെയ്തു,. ഫൈനലി ഹീ ഈസ് കമിങ്,. വർഷങ്ങളായുള്ള ബാലേച്ചിയുടെ കാത്തിരിപ്പിന് അവസാനം കുറിയ്ക്കാൻ അവൻ വരുന്നു,. കാർത്തിക്ക് രവീന്ദ്രൻ !”
ബാലയുടെ മുഖത്ത് അമ്മു പ്രതീക്ഷിച്ച സന്തോഷം കണ്ടില്ല,.
“എന്താ ഒരു സന്തോഷമില്ലാത്തെ ?”
“എത്ര കാലത്തിന് ശേഷവാ കണ്ണേട്ടൻ ഇവിടേക്കൊക്കെ വരണത് ? എന്നെ ഓർമ്മ ഉണ്ടാകുമോ എന്തോ ?”
“അങ്ങനെ മറക്കാൻ പറ്റുവൊന്നും ഇല്ലാലോ,.. ”
“ആവോ അറിയില്ല !” ബാലയുടെ ശബ്ദത്തിൽ നഷ്ടബോധം പ്രകടമായിരുന്നു,…
*******
“അമ്മൂ,… ”
“എന്തേ ബാലേച്ചി ?” അമ്മു ബാലയോട് ചേർന്നു കിടന്നു,…
“അന്ന് കണ്ണേട്ടന്റെ ഉള്ളിൽ എന്നോട് അങ്ങനൊരിഷ്ടം ഉള്ളതായി നിനക്ക് തോന്നിയോ ?”
“പിന്നെ തോന്നാതെ,.. അന്ന് കണ്ണേട്ടൻ ബാലേച്ചിയുടെ പുറകെ തന്നെയായിരുന്നു,.. ”
“എന്ന് കരുതി ?”
“എന്ന് കരുതി എന്താ, ഇത്തവണ അത് നമ്മൾ ഉറപ്പിക്കുന്നു !”
“തുറന്നു പറയാനോ ?”
“അല്ലാതെ പിന്നെ,.. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ പേടിച്ചു നിന്നാൽ ഞാനൊന്നും നോക്കൂല്ല വിളിച്ചങ്ങ് ചോദിക്കും,.
മിസ്റ്റർ കാർത്തിക്ക് രവീന്ദ്രൻ,.. എന്റെ അളിയനാവാൻ സമ്മതമാണോ എന്ന് ?”
“അയ്യോ അതൊന്നും വേണ്ട,.. കണ്ണേട്ടൻ എന്ത് വിചാരിക്കും ?”
“ഇത്രേം നേരം പുലിയായി നിന്ന ബാലേച്ചിക്ക് ഇതെന്തു പറ്റി ?”
“അത് നിനക്ക് ഇപ്പോൾ പറഞ്ഞാൽ മനസിലാവില്ല,.. അതിന് നീ ആരെയെങ്കിലും പ്രേമിക്കണം, മനസ്സിലായോ ?”
“ഓ മനസിലായി,.. !”
“എന്ത് ?”
“എനിക്ക് വേണ്ടി പാരിജാതപ്പൂക്കൾ പെറുക്കി തരുന്ന ഒരാൾ വരുമ്പോഴേ ഇതൊക്കെ എനിക്കും മനസ്സിലാവൂ എന്നല്ലേ ?”
“പാരിജാതപ്പൂക്കളോ ?”
“ആ,. എന്റച്ഛൻ പാരിജാതപ്പൂക്കൾ കൊടുത്തല്ലേ എന്റെ അമ്മയെ വളച്ചത്,.. അതേ പോലെ,.. ആ എനിക്കിപ്പോ ഉറക്കം വരുന്നു,.. ഗുഡ് നൈറ്റ് ”
അമ്മു ഉറക്കം പിടിച്ചിരുന്നു,. ബാലയുടെ മനസ്സിൽ നിറയെ കാർത്തിക്ക് ആയിരുന്നു,.
അന്ന് തന്നോട് പറയാൻ അവൻ ബാക്കി വെച്ചത് എന്താവും ?
“വിൽ യൂ ബീ മൈൻ?”
“ആ നാളെയാവട്ടെ,. !”
ഈ പെണ്ണിന്റെയൊരു കാര്യം ! ബാല തിരിഞ്ഞു കിടന്നു,.
*****
രാവിലെ കാറിന്റെ ഹോൺ കേട്ടതും ബാല ചാടി എഴുന്നേറ്റു,. ഉറങ്ങിയേ ഇല്ലെന്ന് പറയുന്നതാവും ശരി,.
അവൾ ഓടിഎത്തിയതും രാമേട്ടൻ ഗേറ്റ് തുറന്നു കൊടുത്തിരുന്നു,.. അവിടെ അമ്മയെക്കൂടി കണ്ടതും ബാല വാതിലിന് പിന്നിലേക്ക് മറഞ്ഞു നിന്നു,.
“എങ്ങനുണ്ടായിരുന്നു ഏട്ടാ യാത്രയൊക്കെ ?”
“കുഴപ്പമില്ല ഭാമേ,… ”
“ലതികേടത്തി അൽപ്പം തടി വെച്ചു,.. ”
“അത് നീയെന്നെ കുറേ കാലം കൂടി കാണുന്നത് കൊണ്ട് തോന്നണതാ,.”
“അല്ല കണ്ണനെവിടെ ?”
ബാലയ്ക്കും കാണേണ്ടിയിരുന്നത് കണ്ണനെ ആയിരുന്നു,..
“ഞാനിവിടെ ഉണ്ട് ആന്റി !” അവൻ ബാഗ് എടുക്കുന്ന തിരക്കിലായിരുന്നു,.
അവന്റെ ശബ്ദം കേട്ടതും ബാലയുടെ ഉള്ളിലൊരു ആളൽ ഉണ്ടായി,.
“അതൊക്കെ ഞാനെടുത്തോളാം കുഞ്ഞേ,. ”
“കുഴപ്പമില്ല രാമേട്ടാ,. ”
ബാല അവനെ എത്തി വലിഞ്ഞു നോക്കി,..
“കള്ളി,.. ”
ബാല ഞെട്ടലിൽ തിരിഞ്ഞു ..
(തുടരും )
പാരിജാതം പൂക്കുമ്പോൾ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission