Skip to content

പാരിജാതം പൂക്കുമ്പോൾ – 21

പാരിജാതം പൂക്കുമ്പോൾ

“രോഹിത്? ”

“ബാല തമ്പുരാട്ടിക്ക് മനസിലായില്ല എന്നുണ്ടോ? ”

“നിനക്കെന്താ വേണ്ടത്? ”

“എനിക്കൊന്ന് കാണണമായിരുന്നു, എന്താ പറ്റില്ലേ? ”

“താല്പര്യമില്ല !”

“ഓക്കേ സോറി, മോൾ മിസ്സായതിന്റെ ടെൻഷനിടക്ക് ഞാൻ വിളിച്ചു കാണണമെന്ന് പറഞ്ഞാൽ വരാൻ പറ്റുവോ അല്ലേ? ”

ബാലയുടെ ഉള്ളിൽ ഒരു ഭയം തോന്നി,. ഇനി രോഹിത് എങ്ങാനും,..

“നിനക്ക്,. നിനക്കറിയുമോ എന്റെ മോളെവിടുണ്ടെന്ന്? ”

“ഹാ,. അതാണല്ലോ കാണണമെന്ന് പറഞ്ഞത്? ”

“പറയ്,.. എവിടെയാ, എവിടെയാ എന്റെ ഷ്യൂലി !”

“തിരക്ക് പിടിക്കാതെടോ,. ഷ്യൂലിക്ക് തൽക്കാലം ഒരു കുഴപ്പവും ഇല്ല !”

“അപ്പോൾ നീയാലേ അവളെ തട്ടിക്കൊണ്ടു പോയത്? ”

“അതേ ഞാനാണ് !”

“നിന്നെ ഞാൻ, .. ”

“ഡോണ്ട് ബി ഇമോഷണൽ,. ബാല ഞാൻ പറയുന്ന ഒരു സ്ഥലത്തേക്ക് വരണം,…”

“പറ എവിടെയാ ഞാൻ വരേണ്ടത്? ”

“അതൊക്കെ പറയാം,. ബട്ട്‌ ഓവർ സ്മാർട്നെസ്സ് കാണിക്കരുത്,.. അറിയാലോ എന്നെ !”

“ഇല്ല പറ, എവിടേക്കാ വരേണ്ടത് !”

“സി. എം. എസ് കോളേജ് !”

“കോളേജിലേക്കോ? ”

“കോളേജിലേക്കല്ല അവിടത്തെ കോട്ടയിലേക്ക് !”

“ശരി ഞാൻ വരാം.. ” കോൾ കട്ട്‌ ആയി,…

“ധ്യാൻ ചന്ദ്, സി. എം. എസ് കോളേജ്,.. ”

“മാഡം കോയി പ്രോബ്ലെം ഹേ ക്യാ? ”

“ഒന്നൂല്ല,. വേഗം !”

സി.എം.എസ് കോളേജിന് മുന്നിൽ വണ്ടി നിർത്തി,.. ഇന്ന് അവധി ദിവസമായതിനാൽ കുട്ടികളൊന്നും ഉണ്ടായിരുന്നില്ല,. സെക്യൂരിറ്റി അവർക്ക് ഗേറ്റ് തുറന്നു കൊടുത്തു,. ധ്യാൻ ചന്ദ് കാർ ഉള്ളിലേക്ക് കയറ്റി പാർക്ക്‌ ചെയ്തു,…

“മാഡം,.. ഹം ഭീ ആപ്കേ സാത് !”

“വേണ്ട ധ്യാൻ ചന്ദ്,. നിങ്ങളിവിടെ നിന്നോളൂ,. ”

“ഷ്യൂലി ബേബി കോ സഹി സലാമത് സാത് ലേകർ ആനാ !”

“ഷ്യൂലിയെയും കൊണ്ടേ ഞാൻ മടങ്ങി വരുള്ളൂ !”

രവി അമ്മാവനും, സേതു അങ്കിളും കൂടെ വരാമെന്ന് പറഞ്ഞിട്ടും താനാണ് വേണ്ടെന്ന് പറഞ്ഞത്,. പക്ഷേ ഇപ്പോൾ തോന്നുന്നു, അവരും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന്,.

അമ്മുവും കണ്ണേട്ടനും രോഹിത്തുമെല്ലാം പഠിച്ച കോളേജ്,. ഇവിടെ വെച്ചാണവരുടെ പ്രണയം മൊട്ടിട്ടത്,. തനിക്കും അറിയാൻ കഴിയുന്നുണ്ട് ആ പ്രണയത്തിന്റെ തീവ്രത,…
ബാല നടത്തത്തിന്റെ സ്പീഡ് കൂട്ടി,..

ഗേറ്റ് ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ,. ബാല ഗേറ്റ് തുറന്നു ഉള്ളിലേക്ക് കടന്നു,..

അമ്മു പറഞ്ഞു കേട്ടൊരു അറിവ് മാത്രമേ തനിക്ക് ഇവിടത്തെ കുറിച്ചുള്ളൂ,. ഇവിടെവിടെയോ ഒരു പാരിജാതമരം,. അതിൽ മൊട്ടുകളുണ്ട്,.. വാടിയും കരിഞ്ഞതുമായ പൂക്കൾ നിലത്ത് വീണു കിടക്കുന്നു,…

കോട്ടവാതിൽ അതാരോ തുറന്നിട്ടുണ്ട്,. രോഹിത്താവും,. ഹർഷന്റെ പുനർജ്ജന്മം,… അവൾ വിറയ്ക്കുന്ന കാൽവെയ്പ്പുകളോടെ പടികൾ കയറി,.. ബാല പതിയെ വാതിൽ മലർക്കെ തുറന്നു,…

ഇത്രയും മനോഹരമായൊരു സൃഷ്ടി താനിതിന് മുൻപ് കണ്ടിട്ടില്ല,.. ചിത്രപ്പണികളാൽ സവിശേഷമായ ഒരു മഹാസൗധം,…

“ശ്രീബാല !”

അവൾ ഞെട്ടലിൽ തിരിഞ്ഞു,. പുറകിൽ രോഹിത്,.. ഒരു ഭ്രാന്തനെ പോലെ,. മുടിയും താടിയുമൊക്കെ വളർത്തി,. ആ രൂപം കണ്ടു തന്നെ അവളൊന്ന് പേടിച്ചു,. പിന്നെ ധൈര്യം സംഭരിച്ചു ചോദിച്ചു,.

“എന്റെ മോളെവിടെ രോഹിത്? ”

അവൻ ചിരിച്ചു,…

“പ്ലീസ് രോഹിത്,. അവൾ സേഫ് അല്ലേ? ”

“മ്മ് !”

“എനിക്കവളെ കാണണം!” ബാലയുടെ മിഴികൾ നിറഞ്ഞു,. എത്രയൊക്കെ പിടിച്ചു നിന്നാലും മകളുടെ കാര്യം വരുമ്പോൾ ഒരമ്മ തളർന്നു പോകും,..

“പറയാം,.. അതിന് മുൻപ് ഈ കൊട്ടാരത്തെ കുറിച്ച് അറിയണ്ടേ? ”

“വേണ്ട രോഹിത്,. എനിക്കെന്റെ മോളെ കണ്ടാൽ മാത്രം മതി,.. ”

“നീ തിരക്ക് കൂട്ടാതെ,. നീ വായിച്ച താളിയോല ഗ്രന്ഥങ്ങളിൽ ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടുണ്ടാവില്ല,. !”

ശരിയാണ് ഒന്നും പറഞ്ഞിട്ടില്ല,.. പക്ഷേ രോഹിത് എങ്ങനെ ആ താളിയോല കെട്ടുകളെ കുറിച്ച് അറിഞ്ഞു?

“പക്ഷേ ഇതിനും ഒരു കഥയുണ്ട്,. അളകനന്,ദ ഹർഷൻ, അഭിമന്യു,. ഇവരുടെ ട്രയാങ്കിൾ ലവ് സ്റ്റോറിയുടെ കഥ !”

രോഹിത് എന്താണ് പറയാൻ പോകുന്നത്,. എന്തായാലും ക്ഷമയോടെ കേട്ട് നിന്നേ പറ്റുള്ളൂ,. അല്ലെങ്കിൽ ചിലപ്പോൾ ഷ്യൂലി,..

“കൃഷ്ണപുരിയിലെ യുവരാജാവ് അഭിമന്യു പണി കഴിപ്പിച്ചതാണ് ഈ സൗധം ,. തന്റെ പ്രണയിനിയായ അളകനന്ദയ്ക്ക് വേണ്ടിയുള്ള വിവാഹസമ്മാനം !”

ബാല ചുറ്റും നോക്കി,.. അതി മനോഹരമെന്ന് വിശേഷിപ്പിക്കാം,. അല്ലെങ്കിൽ അതിലുമേറെ !

“ദൃശ്യഭംഗി മാത്രമല്ല ഈ സൗധത്തിന്റെ പ്രേത്യേകത,.. ഒരുപാട് സവിശേഷതകൾ വേറെയുമുണ്ട്,… ഇത് തുറക്കാൻ അഭിമന്യുവിനും അളകനന്ദയ്ക്കും മാത്രമേ കഴിയൂ !”

ബാല വിശ്വസിക്കാനാവാതെ അവനെ നോക്കി,. അന്ന് അമ്മു പറഞ്ഞത്, രാജകുമാരിക്കും,. ചിത്രകാരനും മാത്രേ തുറക്കാനാവുകയുള്ളൂ എന്നല്ലേ?

അതിനർത്ഥം,.. അളകനന്ദ സ്നേഹിച്ചിരുന്ന ഹർഷന്റെ പുനർജ്ജന്മം രോഹിത്ത് ആയിരുന്നില്ല അത് കണ്ണേട്ടനായിരുന്നു,..
പക്ഷേ അമ്മു പറഞ്ഞത് !

“എന്താണ് ശ്രീബാല ആലോചിക്കുന്നതെന്ന് ഞാൻ പറഞ്ഞു തരട്ടെ? ”

“അപ്പോൾ കണ്ണേട്ടനെ നീ,… ”

“അന്നെന്താ സംഭവിച്ചതെന്ന് ഞാൻ പറയാം ”

*********

കാർത്തിക്ക് നിലത്തേക്ക് വീണു,…

“കാർത്തി,.. ” അമ്മു ഉറക്കെ വിളിച്ചു,….

അമ്മുവിന് തല പെരുക്കുന്നത് പോലെ തോന്നി,.. കണ്ണുകളിൽ പല ചിത്രങ്ങളും തെളിയുന്നു,,.. ചോരപ്പാടുകൾ,.. നിറയെ പാരിജാതപ്പൂക്കൾ,.. ഓർമ്മകൾ നൂറ്റാണ്ടുകൾ പുറകിലേക്ക് സഞ്ചരിക്കുകയാണ്,..

“അ,.. അഭിമന്യൂ,… ”
കാർത്തിക്ക് ഒന്ന് പിടഞ്ഞു,.. അമ്മു എല്ലാം നഷ്ടപ്പെട്ടവളെപോലെ, അവന്റെ അരികിൽ ഇരുന്നു,

അഭിമന്യൂ,.. കണ്ണേട്ടനാണോ അപ്പോൾ അഭിമന്യൂ,….

“ഒരു മിനിറ്റ് രോഹിത് !”

“എന്താ? ”

” കണ്ണേട്ടനാണ് അഭിമന്യുവെങ്കിൽ, അളകനന്ദ സ്നേഹിച്ചത് ഹർഷനെ അല്ലേ? ”

“പറയാം ആരാണ് ഹർഷനെന്നും,. അഭിമന്യുവെന്നും !”

*******

പാരിജാതപ്പൂക്കളിൽ രക്തത്തുള്ളികൾ പടർന്നിരുന്നു,…

“ഹർഷൻ !” അളകനന്ദ അവന് നേരെ പാഞ്ഞടുത്തു,…

“കണ്ണ് തുറക്ക് ഹർഷൻ !”

“നീ പറഞ്ഞത് ശരിയാണ് അളകനന്ദ,.. ഞാൻ നിന്റെ സ്നേഹം മനസിലാക്കുന്ന നിമിഷം ഈ മരം പൂക്കൾ പൊഴിക്കും,. അത് നിന്റെ കണ്ണീരായിരിക്കും !”

“ഇല്ല ഹർഷൻ !”

“ഞാൻ നിന്റെ പ്രണയത്തിന് വില നൽകിയില്ല,. അതിന്റെ മൂല്യബോധത്തെ, എല്ലായിപ്പോഴും സംശയിച്ചു,.. ചതിയനാണ് ഞാൻ അളകനന്ദ !”

“ഇല്ല ഹർഷൻ !” അവളുടെ കണ്ണുനീർ തുള്ളികളേറ്റ് അവൻ പിടഞ്ഞു,…

അവളുടെ കൈകളിൽ അവന്റെ ചോരത്തുള്ളികൾ പടർന്നു,…

“ഞാൻ നിന്നെ ഒരുപാട്,… !” അവന്റെ കണ്ണുകളടഞ്ഞു,…

“ഇതാണോ നിങ്ങളുടെ ധർമയുദ്ധം? പോരാടാതെ ഒന്നും ഈ അഭിമന്യൂ ആർക്കും വിട്ട് കൊടുത്തിട്ടില്ല അല്ലേ? പുറകിൽ നിന്നും ചതിച്ചു വീഴ്ത്തുന്നതാണോ കൃഷ്ണപുരിയിലെ യുവരാജന്റെ പാരമ്പര്യം? ”

അവൾ കോപത്താൽ വിറയ്ക്കുകയായിരുന്നു,..

“കണ്ണ് തുറക്ക് ഹർഷൻ !” അവളവനെ കുലുക്കി വിളിച്ചു,…

“ഹർഷനല്ല അഭിമന്യൂ,… ” അളകനന്ദ ഞെട്ടലിൽ, അവനെ നോക്കി,..

“നീ പ്രണയിച്ച, മരണം വരിച്ച ഈ ചിത്രകാരൻ ഹർഷനല്ല,. കൃഷ്ണപുരിയിലെ യുവരാജാവ് അഭിമന്യുവാണ് !”

“എന്താ നിങ്ങളീ പറയുന്നത്? എന്റെ ഹർഷൻ അഭിമന്യു ആണെന്നോ? ”

“അതേ കുമാരി,.. ആദ്യ ദർശനത്തിൽ തന്നെ കുമാരിയോട് തീവ്ര അനുരാഗം തോന്നിയ കൃഷ്ണപുരിയിലെ യുവരാജാവ് അഭിമന്യൂ !”

***********

“ഏതാണ് നമ്മുടെ മനസ്സ് കവർന്ന ആ പെൺകുട്ടി? ”

“അവൾ അനന്തപുരിയിലെ ചിത്രാംഗത മഹാരാജാവിന്റെ ഇളയ പുത്രി അളകാനന്ദയാണ് !”

“അതീവസുന്ദരിയാണവൾ !”

“സുന്ദരി മാത്രമല്ല യുവരാജൻ,. അതീവ സമർത്ഥയും, സ്വഭാവസമ്പത്തുമുള്ളവൾ !”

“ആഹാ !”

“എങ്കിൽ രാജാവിനെ വിവരമറിയിക്കട്ടെ യുവരാജൻ? ”

“ഇപ്പോൾ വേണ്ട,. നാം അറിയിക്കാം,. ഇപ്പോൾ നമ്മുടെ മിത്രം ഹർഷവർദ്ധനോട്‌ വരാൻ പറയുക !”

“ശരി യുവരാജൻ !”

******

ഹർഷവർദ്ധൻ എത്തിയപ്പോൾ അഭിമന്യു ചിത്രത്തിന്റെ അവസാന മിനുക്ക്‌പണികളിൽ ആയിരുന്നു,…

“അടിയനെ വിളിപ്പിച്ചോ? ”

“അടിയനല്ല, നീ നമ്മുടെ മിത്രമാണ് ഹർഷവർദ്ധൻ !”

അഭിമന്യു അവനെ ആലിംഗനം ചെയ്തു,.

“അല്ല,. ഇതാരാണ് ഈ യുവസുന്ദരി? ” ഹർഷൻ ചിത്രത്തിലേക്ക് നോക്കി ചോദിച്ചു,…

“ഇത് അനന്തപുരിയിലെ രാജകുമാരി അളകനന്ദ !”

“അതീവ സുന്ദരിയായ അളകനന്ദയുടെ ചിത്രം യുവരാജാവ് അഭിമന്യുവിന്റെ മനസ്സിൽ പതിഞ്ഞതെപ്പോഴാണ്?

“കഴിഞ്ഞ ദിവസം നായാട്ടിന് പോയപ്പോൾ !”

” പടവാളുകളെ മാത്രം, സ്നേഹിച്ച അഭിമന്യുവിന്റെ മനസ്സിൽ അനുരാഗം തോന്നണമെങ്കിൽ ചില്ലറക്കാരിയല്ല അവൾ !”

“തീർച്ചയായും, സമർത്ഥയും ബുദ്ധിശാലിയുമാണവൾ !”

“അങ്ങനെയെങ്കിൽ മഹാരാജാവിനോട് പറയുന്നതല്ലേ, ഉത്തമം? ”

“അതിന് മുൻപ് അവളുടെ ബുദ്ധിസാമർഥ്യവും സ്വഭാവഗുണങ്ങളും എല്ലാം തന്നെ നാമൊന്ന് പരീക്ഷിച്ചറിയുന്നുണ്ട് !”

അളകനന്ദ എല്ലാം കേട്ടിരുന്നു,…

“അങ്ങനെ ഞങ്ങൾ പരസ്പരം വേഷം മാറി കുമാരിയുടെ മുന്നിലെത്തി, അഭിമന്യു ചിത്രകാരനായ ഹർഷവർദ്ധനായും,. ഞാൻ യുവരാജാവ് അഭിമന്യു ആയും,.. ചിത്രകാരനെ മനസാൽ വരിച്ച കുമാരി രാജകുമാരനെ കണ്ടപ്പോഴും തീരുമാനത്തിൽ മാറ്റമൊന്നും വരുത്താതെ ഉറച്ചു നിന്നു,. എത്രയൊക്കെ പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടും, അവഗണനയും, പരീക്ഷണങ്ങളും അഭിമുഖീകരിക്കേണ്ടി വന്നിട്ടും തന്റെ പ്രണയത്തിന് മറ്റെല്ലാത്തിനേക്കാളും വില കൊടുത്തു,. അതാണ്പിന്നീട് അഭിമന്യുവിനെ കുറ്റബോധത്തിൽ ആഴ്ത്തിയത്,.. ഒടുവിൽ എല്ലാം തുറന്നു പറയാൻ തന്നെ തീരുമാനിച്ചു,.. ഒരു നാടിനെ മുഴുവൻ കാത്തിരിക്കാൻ വിട്ടും,. കുമാരി തന്നെ തേടിയെത്തുമെന്ന് അവന് ഉറപ്പായിരുന്നു,.

കുമാരിയോട് ക്ഷമ ചോദിച്ചു ധർമ്മപത്നിയായി കുമാരിക്കായി പണി കഴിപ്പിച്ച മണിമാളികയിലേക്ക് കൂട്ടിക്കൊണ്ട് പോകുക എന്നതായിരുന്നു ലക്ഷ്യം !”

പരീക്ഷണമായിരുന്നത്രെ,. തന്റെ പ്രണയത്തിനേകിയ അഗ്നിപരീക്ഷ,… അളകനന്ദയുടെ മിഴികൾ നിറഞ്ഞു,. പക്ഷേ ആരായിരുന്നാലും ഇന്നദ്ദേഹം തന്നെ വിട്ട് പോയിരിക്കുകയാണ്,…

“പിന്നെന്തിനാണ് ഇത്തരത്തിലൊരു ചതി നീ ചെയ്തത് ? ”

“അതിനുകാരണം നീയാണ് കുമാരി ആരെയും മയക്കുന്ന നിന്റെ ഈ സൗന്ദര്യം,. അതാണ് സൗഹൃദത്തെ മറക്കാൻ എന്നെ പ്രേരിപ്പിച്ചത് ! പ്രണയം അതൊരു ഭ്രാന്താണ് കുമാരി !”

“നീയും എന്നെ പ്രണയിക്കുന്നുവെന്നാണോ പറയുന്നത്? ”

“അതേ കുമാരി,.ആദ്യ കാഴ്ച്ചയിൽ അഭിമന്യുവിന്റെ മാത്രമല്ല, എന്റെ ഹൃദയത്തെയും നീ കീഴ്പ്പെടുത്തിക്കളഞ്ഞു, എത്ര നേരം കണ്ണെടുക്കാതെ ഞാനാ ചിത്രത്തിൽ നോക്കി നിന്നുവെന്നറിയുമോ? ”

“പ്രണയത്തിന്റെ പേരിൽ,. നിങ്ങൾ അദ്ദേഹത്തെ ചതിച്ചു കൊന്നു? പുറകിൽ നിന്നും കുത്തി വീഴ്ത്തി,.. ലജ്ജാകരം ! ”

“പ്രേമത്തിന് മുന്നിൽ ശരിതെറ്റുകൾ ഇല്ല കുമാരി, . ചതിയും വഞ്ചനയുമില്ല, അവിടെ പ്രണയം മാത്രം !”

“അഭിമന്യൂ ഇല്ലാതായാൽ ഞാൻ നിങ്ങൾക്കൊപ്പം ജീവിക്കുമെന്ന് തോന്നുണ്ടോ? ”

“അവനായിയിരുന്നു നമുക്കിടയിലെ ശത്രു !”

“ഇല്ല ഹർഷൻ,.. നമുക്കിടയിലെ ശത്രു ഇല്ലാതായിട്ടില്ല ! ”

അഭിമന്യുവിന് മേൽ കുത്തിയിറക്കിയ വാൾ വലിച്ചൂരി സ്വന്തം നെഞ്ചിൽ കുത്തിയിറക്കാൻ നേരം അളകനന്ദ മറ്റൊന്നും ആലോചിച്ചില്ല,…

“അളകനന്ദ !”

“ഈ ജന്മത്തിൽ സുഹൃത്തിനെ ചതിച്ച നിനക്ക് വരും ജന്മത്തിലൊന്നും സൗഹൃദങ്ങളോട് നീതി പുലർത്താൻ കഴിയില്ല,.. എത്രയൊക്കെ സത്യസന്ധനായി നീ ജീവിച്ചാലും പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും പേരിൽ ശാന്തി കിട്ടാതെ നീ അലയും !”

********

“അതേ പോലെ ഈ ജന്മത്തിലും നീ? ” ബാലയുടെ വാക്കുകൾ ഇടറി,….

“ഞാനല്ല ബാക്കി കൂടിയൊന്ന് കേൾക്കാൻ ക്ഷമ കാണിച്ചേ പറ്റൂ ശ്രീബാല, ഈ കാര്യത്തിൽ ഞാൻ തീർത്തും നിരപരാധി ആണ് , അന്ന് സംഭവിച്ചത് ഇതാണ് !.. ”

******

“കണ്ണ് തുറക്ക് അഭിമന്യൂ !” അമ്മു അവനെ വിളിച്ചു,…

രോഹിത് ഞെട്ടലിൽ തിരിഞ്ഞു നോക്കി,… പുറകിൽ ജിൻസ്,.. അവന്റെ കയ്യിലിരിക്കുന്ന തോക്കിൽ നിന്നുമാണ് കാർത്തിക്കിന് വെടിയേറ്റിരിക്കുന്നത്,…

“ഡാ !” രോഹിത് അവന്റെ അരികിലേക്ക് ചെന്നു,.. ജിൻസ് രോഹിത്തിനെ തട്ടി മാറ്റി കാട്ടിലേക്കോടി,.. അജയ് അവന്റെ പുറകെയും,…

കാർത്തിയെ എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കണം,. അല്ലെങ്കിൽ,..

“കണ്ണ് തുറക്ക് പ്ലീസ്,.. അളകനന്ദയാ വിളിക്കണത്,.. അഭിമന്യൂ !” അവളുടെ കണ്ണുനീർ തുള്ളികൾ അവന്റെ നെറുകയിൽ ഇറ്റ് വീണു,…

“അമ്മൂ !” കാർത്തിക്ക് വിളിച്ചു,…

“എന്നെ ഒറ്റയ്ക്കാക്കി പോകാനാവില്ല അഭിമന്യുവിന്,.. എനിക്ക് ദേഷ്യവും വെറുപ്പും ഒന്നുമില്ല,.. സ്നേഹം മാത്രേ ഉള്ളൂ,… ” അവൾ പൂർണമായും അളകാനന്ദയായി മാറുകയായിരുന്നു അപ്പോൾ,..

“അമ്മൂ ഞാൻ,.. ” കാർത്തിക്ക് വേദനയടക്കി അവളെ വിളിച്ചു,…

“ഭവ്യാ,.. കാർത്തിയെ ഹോസ്പിറ്റലിൽ എത്തിക്കാം നമുക്ക്,… ”

“തൊടരുത് നീ,.. ”

“ഭവ്യ,.. ഹീ ഈസ്‌ ഇൻ ഡേയ്ഞ്ചർ,… ”

അവളെ തള്ളിമാറ്റി രോഹിത് അവനെ എടുക്കാൻ ശ്രമിച്ചു, ..

“ഒരിക്കലെങ്കിലും എന്നെ അളകനന്ദ എന്നൊന്ന് വിളിക്ക് അഭിമന്യൂ,.. എന്നെ ഇഷ്ടമാണെന്നൊന്ന് പറ !” അമ്മു എഴുന്നേറ്റു ചെന്നു,..

“അ,.. ” അവനെന്തോ പറയാൻ ശ്രമിച്ചു,.. അടുത്ത നിമിഷം കാർത്തിക്കിൻറെ ഹൃദയമിടിപ്പുകൾ നിലച്ചു,…

അവിടമാകെ ഒരു നിശബ്ദത തളം കെട്ടി നിന്നു,. രോഹിത് കാർത്തിയുമായ് നിലത്തേക്ക് വീണു,..

“അറസ്റ്റ് ഹിം !”

കമ്മീഷണറുടെ നിർദേശപ്രകാരം,. ഒന്ന് രണ്ട് പോലീസുകാർ ചേർന്ന് അവനെ വട്ടം പിടിച്ചു… കാർത്തിക്കിനെ ജീവനോടെ തിരിച്ചു കൊടുക്കാമെന്ന് രവീന്ദ്രന് വാക്ക് കൊടുത്തതാണ് താൻ,..
എന്നിട്ടും കഴിഞ്ഞില്ല,.. കാർത്തിയുടെ മൃതദേഹത്തിനരികിൽ ജീവച്ഛവം കണക്കെ അമ്മു ഇരുന്നു,…

“ഞാനല്ല സാർ കാർത്തിയെ,.. ” അവൻ പറയാൻ ശ്രമിച്ചു,…

“ഒന്ന് പറ ഭവ്യ ഞാനല്ലെന്ന് !”

“ഭവ്യ അല്ല,. അളകനന്ദ ”
അവൾ പിറുപിറുക്കുന്നുണ്ടായിരുന്നു !”

********

ബാല പൊട്ടിക്കരഞ്ഞു, .

“ഞാനിത് വിശ്വസിക്കില്ല രോഹിത് !”

“അതാണ് സത്യം,.. ” കാർത്തിക്ക് അവൾക്ക് മുന്നിലേക്ക് കുറച്ചു ന്യൂസ്‌ പേപ്പേഴ്സ് നീട്ടി,..

അതിൽ ജിൻസിനെയും അജയ്നെയും ഏതോ സ്മഗ്ലിങ് കേസിൽ അറസ്റ്റ് ചെയ്ത വാർത്തയായിരുന്നു,…

“ഞാനെത്ര പറഞ്ഞിട്ടും ആരും ഒന്നും വിശ്വസിക്കാൻ തയ്യാറായില്ല,.. എല്ലാത്തിനും മൂകസാക്ഷിയായിരുന്നിട്ടും ഭവ്യയും എനിക്ക് അനുകൂലമായി മൊഴി കൊടുത്തില്ല,… ദേഷ്യം തീർത്തതാണ് എന്റെ അടുത്ത് അന്നത്തെ ഫോട്ടോ ഇൻസിഡന്റിന്,. പക്ഷേ കാർത്തിയോട് എങ്ങനെ? ഒടുവിൽ അവർക്കുള്ള ശിക്ഷ ഞാൻ വിധിച്ചു, നരകിക്കും ജയിലിൽ കിടന്ന്,. ഞാൻ അനുഭവിച്ചത് പോലെ !”

ബാല ഒന്നും മിണ്ടിയില്ല,.. കണ്ണേട്ടൻ പോയതിൽ പിന്നെ അവൾ ഒന്നും മിണ്ടിയിട്ടില്ല,.. രോഹിത്ത് എങ്ങനെയാണ് നിരപരാധി ആകുന്നത്,. രോഹിത്താണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കമിട്ടത്,. അമ്മു കണ്ണേട്ടന്റെ ഭാര്യയാണെന്നറിഞ്ഞിട്ടും അവരെ സ്വസ്ഥമായി ജീവിക്കാൻ വിടാതെ, അവളെ തട്ടിക്കൊണ്ടു പോയത് രോഹിത്താണ്,… അവൻ അനുഭവിക്കേണ്ടത് തന്നെയാണ് അനുഭവിച്ചു തീർത്തത്,.

പക്ഷേ,. അഭിമന്യുവിനാലും അളകനന്ദയാലും മാത്രം തുറക്കപ്പെടുമായിരുന്ന ഈ കോട്ട,. അത് തുറന്നതാരാണ്,.. രോഹിത് അല്ലെങ്കിൽ പിന്നെ?

“ഷ്യൂലി !”

ബാല ഞെട്ടലിൽ രോഹിത്തിനെ നോക്കി,..

“ഈ വാതിൽ തുറന്നത് ഷ്യൂലിയാണ് !”

“നോ !”

“സത്യമാണ്,.. അളകനന്ദയുടെ,. പുനർജ്ജന്മം ഷ്യൂലിയാണ്,… ”

“ഇറ്റ് ഈസ്‌ നോട്ട് പോസ്സിബിൾ,.. ആരൊക്കെയോ എന്തൊക്കെയോ കഥകൾ പറയുന്നു,.. ഞാനിതെല്ലാം വിശ്വസിക്കണം എന്നാണോ? ”

“തെളിവല്ലേ വേണ്ടത്,.. വാ കാണിച്ചു തരാം,… ”

രോഹിത്ത് അവളെ ഒരു മുറിയിലേക്ക് വിളിച്ചു കൊണ്ട് പോയി,. അതിൽ നിറയെ ഷ്യൂലിയുടെ ചിത്രങ്ങളായിരുന്നു,…

“ഇത് ഷ്യൂലിയുടെ ചിത്രങ്ങൾ അല്ല !”

“പിന്നെ? ”

“അളകനന്ദയുടെ,. ” ബാല ഞെട്ടലോടെ ആ ചിത്രങ്ങളിലേക്ക് ഒരിക്കൽ കൂടി നോക്കി,..

“ഇനി വിശ്വസിക്കാമോ? ”

ഷ്യൂലി ആണ് അളകാനന്ദയെങ്കിൽ പിന്നെ അമ്മു,?…

***********

“നോക്ക് മിസ്റ്റർ സേതുമാധവൻ,. ഒന്നില്ലെങ്കിൽ അമ്മ, അല്ലെങ്കിൽ കുഞ്ഞ്,.. രണ്ടിൽ ഒരാളെയേ ഞങ്ങൾക്ക് രക്ഷിക്കാനാകൂ,… ”

കാർത്തിക്കിന്റെ മരണശേഷം മാനസിക നില തെറ്റിയ അമ്മുവിനെ ചികിത്സിക്കാത്ത ഇടങ്ങൾ ഉണ്ടായിരുന്നില്ല,.. അബോർഷനെ കുറിച്ചാണ് ആദ്യം ചിന്തിച്ചത്,. എന്നാൽ ആ സാഹചര്യത്തിൽ അവളെ അബോർഷന് വിധേയമാക്കുക എന്നത്, അതിലും അപകടം പിടിച്ചതായിരുന്നു,…. കാത്തിരിക്കുക എന്നതല്ലാതെ മറ്റൊരു വഴിയില്ലാതിരുന്ന നിമിഷം,…

ലേബർ റൂമിലേക്ക് കയറുന്നതിന് തൊട്ട് മുൻപാണ്, അമ്മു ബാലയോട് സംസാരിക്കണമെന്ന് പറഞ്ഞത്,…

“അമ്മു, പേടിക്കണ്ടാട്ടോ,. അമ്മൂനും വാവയ്ക്കും ഒന്നും സംഭവിക്കില്ല,… ” ബാല അവളുടെ നെറുകിൽ ചുംബിച്ചു,…

“അമ്മൂന് കാർത്തിയുടെ അടുത്ത് പോണം ബാലേച്ചി,.. ”

കാലങ്ങൾക്ക് ശേഷം സംസാരിച്ചപ്പോഴും അവൾക്ക് മരണത്തെക്കുറിച്ചാണോ സംസാരിക്കാനുള്ളത്,…

“അപ്പോൾ വാവ എന്ത് ചെയ്യും? ”

“ബാലേച്ചി നോക്കൂല്ലേ എന്റെ മോളെ? ”

“അമ്മൂ,… ”

“അവൾക്ക് ഷ്യൂലി എന്ന് പേരിടണം,… ”

“അത് നമുക്ക് ഒരുമിച്ചിടാം അമ്മു,… ”

“ഇല്ല ബാലേച്ചി,.. ഞാനുണ്ടാവില്ല,… ”

“അങ്ങനൊന്നും പറയല്ലേ അമ്മൂ,.. ”

“ചേച്ചീടെ കണ്ണേട്ടനെ തിരികെ തരാൻ എന്നെക്കൊണ്ടായില്ല,. പകരം അതേ കണ്ണേട്ടന്റെ ജീവൻ ഞാൻ ചേച്ചീനെ ഏൽപ്പിക്കുവാ !”

“അമ്മൂ !” ബാലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി,…

“എനിക്ക് കുറച്ചു പാരിജാതപ്പൂക്കൾ കൊണ്ട് തരാവോ !”

“മ്മ്,. അമ്മു,. ധൈര്യമായിരിക്ക്,.. ചേച്ചി കൊണ്ട് തരാം !”

അവൾ ബാലയുടെ കൈകളിൽ ചുംബിച്ചു, ..

അവളെങ്ങനെയൊക്കെ പറഞ്ഞപ്പോഴും മനസ്സിൽ തോന്നിയ എന്തൊക്കെയോ ചിന്തകളാണെന്നാണ് കരുതിയത്,…

പാരിജാതപ്പൂക്കളുമായി എത്തിയ തന്റെ കൈകളിലേക്ക് ഷ്യൂലിയെ വെച്ച് തരുമ്പോൾ അമ്മുവിന്റെ ശരീരം മോർച്ചറിയിൽ മരവിച്ചു കിടക്കുകയായിരുന്നു,…

പാരിജാതയുടെ ശവകുടീരത്തിൽ നിന്നും പാരിജാതമരം ജന്മം കൊണ്ടത് പോലെ,.. അവളുടെ രണ്ടാം ജന്മം അവളിലൂടെ തന്നെ,…. ബാലയുടെ കൈകൾ വിറച്ചു,. അന്ന് മുതൽ താനവൾക്ക് അമ്മയാവുകയായിരുന്നു,…

ബാലയുടെ ഉള്ളിൽ ഭയം നിറഞ്ഞുവന്നു,…
രോഹിത് ഷ്യൂലിയെയും,…

“എന്റെ മോളെവിടെ രോഹിത് എനിക്കവളെ കാണണം ! ”

“തിരക്ക് കൂട്ടണ്ട,.. വാ,… ”

അവൾ രോഹിത്തിനൊപ്പം പുറത്തേക്കിറങ്ങി,…

പാരിജാതമാരത്തിന്റെ ചുവട്ടിൽ ഷ്യൂലി,…

“ഷ്യൂലി,… ” അവൾ വിളിച്ചു,…

“അമ്മേ ദേ നോക്ക് പാരിജാതം !” അവൾ കൈകളുയർത്തി കാണിച്ചു,…

ഷ്യൂലിയല്ല മറിച്ച് അമ്മുവാണ് തന്റെ മുന്നിലിരിക്കുന്നതെന്ന് ഒരു നിമിഷത്തേക്ക് ബാലയ്ക്ക് തോന്നി,…

“അവള്,. അവൾക്ക് നിന്റെ മോളുടെ പ്രായം ഉണ്ടാകും രോഹിത്ത്,.. അവളെ ഒന്നും ചെയ്യരുത് !”

രോഹിത്ത് ഒരു നിമിഷം ആലോചിച്ചു,…

ഷ്യൂലി പൂക്കളുമായി അവർക്കരികിലേക്ക് ഓടി വന്നു,..

“നോക്ക്,. ഈ അങ്കിളാണ് എന്നെ രക്ഷിച്ചത്,.. വെള്ളത്തിലേക്ക് വീണപ്പോൾ എനിക്ക് ബാലൻസ് കിട്ടിയില്ല,.. നീന്താൻ പറ്റിയില്ല,. ഒഴുകിപ്പോയി,. എന്റെ കരച്ചിൽ കേട്ട് വന്ന ഈ രോഹിത്‌ അങ്കിളാ എന്നെ സേവ് ചെയ്തത്,.. നോക്ക് എന്തോരും ഫ്‌ളവേഴ്‌സ് ആണ് കിട്ടിയതെന്ന്,… ”

ബാല അവളെ കെട്ടിപിടിച്ചു,… നെറുകിലും കവിളിലും തെരുതെരെ ചുംബിച്ചു !”

“അമ്മ പേടിച്ചു പോയീല്ലേ? ”

“മ്മ്,… ”

“ഇനി എന്റെ ഇഷ്ടത്തിന് ഞാനൊന്നും ചെയ്യില്ലാട്ടോ !”

ബാലയ്ക്ക് കണ്ണുനീർ അടക്കാനായില്ല,..

“എനിക്കൊന്നും പറ്റീല്ലല്ലോ,.. അമ്മ ഇനി കരയല്ലേ? ഒന്ന് പറ അങ്കിൾ കരയരുതെന്ന് !”

രോഹിത് പുഞ്ചിരിച്ചു,..

“ഈ ജന്മത്തിലെങ്കിലും എനിക്കെന്റെ തെറ്റ് തിരുത്തണ്ടേ ബാലേ,… ”

അവൾ മറുപടി പറഞ്ഞില്ല,..

“ഇനി അധികം നേരം വൈകണ്ട,. എല്ലാവരും ടെൻഷൻ അടിച്ചിരിക്കുകയാവും ! ചെല്ല് !”

“സീ യൂ അങ്കിൾ !”

രോഹിത് അവളുടെ മുടിയിഴകളിൽ തലോടി,. എന്ത് കൊണ്ടോ ബാലയും അവനെ എതിർത്തില്ല,…

“ഇനി കാണുമ്പോൾ എനിക്ക് ഇതിന്റെ ഒരു തൈ തരണേ !”

“ഓ ഷുവർ !”

രോഹിത് ആ വാതിലടച്ചു,…

“ആർക്കെങ്കിലും എന്തെങ്കിലും ഉപകാരം ഉണ്ടാവട്ടെ,. ഇതിങ്ങനെ പൊടി പിടിച്ചു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറേ ആയില്ലേ? ”

ഷ്യൂലി മുൻപിൽ നടന്നു,…

“കാർത്തിയും എവിടെയെങ്കിലും പുനർജനിച്ചിട്ടുണ്ടാകും,. ഈ മൂന്നാം ജന്മത്തിലെങ്കിലും അവർ തീർച്ചയായും ഒന്നാകും !”
രോഹിത് പറഞ്ഞു,. അവന്റെ ശബ്ദത്തിൽ നഷ്ടബോധമുണ്ടായിരുന്നു,.

അങ്ങനെ തന്നെയാണ് താനും ആഗ്രഹിക്കുന്നത്,. എങ്കിലും ഷ്യൂലി അമ്മുവിനെപ്പോലെ പെരുമാറുമ്പോൾ ഉള്ളിലൊരു ഭയം ഇല്ലാതില്ല,. അറിയണ്ട ഇപ്പോൾ അവൾ ഒന്നും,..

അവർക്കൊപ്പം രോഹിത്തിനെ കണ്ട,.. ധ്യാൻ ചന്ദ് അല്പമൊന്ന് അമ്പരന്നു,…

“ചാച്ചു,.. ”

ഷ്യൂലി അയാൾക്കരികിലേക്ക് ചെന്നു,..

“ആർ യൂ ഓക്കേ ബേബി? ”

ഷ്യൂലി അയാൾക്ക് ഒരു ഹൈഫൈ കൊടുത്തു,…

“ഈ രോഹിത് അങ്കിൾ ഇല്ലായിരുന്നെങ്കിൽ !”

ധ്യാൻ ചന്ദിന്റെ ഭയം അപ്പോഴും മാറിയിട്ടില്ലെന്ന് ബാലയ്ക്ക് തോന്നി,…

“വരട്ടെ രോഹിത് !”

“ടേക്ക് കെയർ !”

“ബൈ അങ്കിൾ !”

“ബൈ മോളേ,.. ”

ഷ്യൂലി അവന് നേരെ കൈ വീശി,..

“താങ്ക് യൂ രോഹിത് !”

“ഫ്രണ്ട്സിന്റെ ഇടക്ക്,. നോ താങ്ക് യൂ, നോ സോറി !”

അവൻ കരഞ്ഞു പോയി,.. ബാലയും,…

“പ്ലീസ് ഗോ !” അവൻ അപേക്ഷയെന്നവണ്ണം പറഞ്ഞു,…

കാർ മുന്നോട്ടേക്ക് നീങ്ങി,..

ഷ്യൂലി,. ഒന്നും മനസിലാവാതെ ഇരുന്നു,..

“എന്താ അമ്മേ ആ അങ്കിൾ കരഞ്ഞത്? ”

“ഒന്നൂല്ല മോളെ,.. ” ബാല കണ്ണു തുടച്ചു,..

ഷ്യൂലി അവളുടെ തോളിൽ ചാരിയിരുന്നു,… കുറച്ചു നേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ പറഞ്ഞു,…

“ഞാൻ ഒരു കാര്യം പറഞ്ഞാൽ അമ്മ കേൾക്കുവോ? ”

“എന്താടോ? ”

“രോഹിത് അങ്കിളിന്റെ നമ്പർ വാങ്ങിയിട്ടുണ്ട് !”

“എന്തിന്? ”

“അതൊക്കെ ഞാൻ മുത്തശ്ശനോട് പറഞ്ഞോളാം,. അമ്മ ഞാൻ പറഞ്ഞാൽ അനുസരിച്ചാൽ മതി,… ”

“എന്താണ് ഷ്യൂലി,.. ”

“ഇപ്പോൾ പറയണോ? ”

“മ്മ്,.. ”

“രോഹിത് അങ്കിളിനെ കൂടി നമുക്ക് വീട്ടിലേക്ക് കൊണ്ടോവാം? ”

“അതെന്തിനാ? ”

“ഐ നീഡ് എ ഫാദർ,… ”

ബാല ഞെട്ടിപ്പോയി,..

“എന്താ നീ പറഞ്ഞത്? ” ബാലയുടെ ശബ്ദം കനത്തു,.

“അങ്കിൾ പറഞ്ഞു,. നമുക്ക് ദ്രോഹം മാത്രേ ചെയ്തിട്ടുള്ളൂ എന്ന്,. എന്നാലും എനിക്ക് അങ്കിളിനെ കണ്ടിട്ട് പാവം തോന്നി അമ്മേ,. ഒന്നൂല്ലേലും മോളെ രക്ഷിച്ചത് അങ്കിൾ അല്ലേ? ”

ബാലയ്ക്ക് ഉത്തരം നഷ്ടപ്പെട്ടിരുന്നു,.. വീടെത്തുന്നത് വരെ അവളൊന്നും മിണ്ടിയില്ല,… ഷ്യൂലിയും,… ശരിയാണ് അമ്മുവിന്റെ കുറവ് അറിയിക്കാതെ അവളെ നോക്കാൻ ശ്രമിക്കുന്നുണ്ട്,. എന്നാൽ കണ്ണേട്ടന്റെ കുറവ് അതൊരു കുറവായിതന്നെ അവൾക്ക് ഫീൽ ചെയ്യും, .

********

കാർ വീട്ടുമുറ്റത്ത് കയറിയതും അവൾ ഇറങ്ങി പാരിജാതച്ചുവട്ടിലേക്കോടി,…

“ഷ്യൂലി,.. ” ബാല ശാസനയിൽ വിളിച്ചു,..

“നോക്കമ്മേ നമ്മുടെ പാരിജാതം പൂത്തു,.. ”

ബാലയ്ക്കും അത് അത്ഭുതമായി തോന്നി, പതിനഞ്ചു വർഷത്തിന് ശേഷം,..

എല്ലാവരും ഇറങ്ങി വന്നു,…

“മോളെവിടെ? ”

“ദേ പാരിജാതത്തിന്റെ ചുവട്ടിൽ,…” ബാല അവിടേക്ക് കൈ ചൂണ്ടി,..

“മ്മ്,.. നമ്മുടെ പാരിജാതം പൂത്തൂട്ടോ, കോടാലി കണ്ടപ്പോൾ ഭയന്ന് കാണും !” രാമേട്ടൻ പറഞ്ഞു,.. .

“കോടാലിയോ? ” കൈകളിൽ നിറയെ പൂക്കളുമായി ഷ്യൂലി അവിടേക്ക് വന്നു,..

“ആ അത് പിന്നെ,.. ” രവീന്ദ്രൻ ഒന്ന് വിക്കി,..

“ഞങ്ങളെ പേടിപ്പിച്ചൂട്ടോ കുട്ടി നീയ്യ്‌ !” സേതു അവളെ കെട്ടിപ്പിടിച്ചു,…

“വേറെ ഞെട്ടിക്കുന്ന ഒരു വാർത്തയുണ്ട്,.. പറയട്ടേ,.. പറയട്ടേ അമ്മേ,…”

“അടി കിട്ടും ഷ്യൂലി നിനക്ക് !” ബാല ദേഷ്യത്തോടെ അകത്തേക്ക് കയറി,…

“വെറുതെ ഒന്നും പറയൂല്ല, കനമായി എന്തേലും വാങ്ങിത്തരണം !”

ബാല ഒന്ന് നിന്നു,. സംസാരരീതി പോലും അമ്മുവിനെപ്പോലെ,..

“ഓ ആയിക്കോട്ടെ,..എന്ത് വേണം ”

“ഐസ് ക്രീം !”

“നാളെ വാങ്ങി തരാം !”

“എന്നാൽ നാളെ പറയാം !”

. “ഈ കുട്ടീടെ ഒരു കാര്യം !”

അവൾ പൂക്കൾ നാസികത്തുമ്പോട് ചേർത്തു,…

“ചാച്ചു.. ഷ്യൂലി എന്ന് വെച്ചാൽ എന്താ? ”

“ഞങ്ങൾ ബംഗാളികൾ ഈ പൂക്കൾക്ക് ഷ്യൂലി എന്നാ പറയുക !”

“അപ്പോൾ എന്റെ പേരിനർത്ഥം പാരിജാതം എന്നാണോ? ”

“മ്മ്,.. ”

“കൊള്ളാലോ!” ഷ്യൂലി മുറിയിലേക്ക് നടന്നു,..

അവൾ പൂക്കൾ ടേബിളിൽ വെച്ചു,..

പിന്നെ ബാഗിൽ നിന്നും താളിയോല എടുത്തു,. അത് പൂജാമുറിയിലെ താളിയോലക്കെട്ടുകളിലെ കാണാതെ പോയ ഭാഗങ്ങൾ ആയിരുന്നു,..

“അളകനന്ദ,. ഭവ്യ,. ഷ്യൂലി,…. അഭിമന്യൂ, കാർത്തിക്ക്,.. പിന്നെ !”

അവൾ ലൈറ്റർ ഉപയോഗിച്ച് അത് കത്തിച്ചു,…

“എന്താ മോളേ അവിടെ? ”

“ഒന്നൂല്ലമ്മേ !”

അവൾ ചാരം വാരി വേസ്റ്റ് ബിന്നിൽ ഇട്ടു,…

പിന്നെ പാരിജാതപ്പൂക്കളെടുത്ത് ജനലരികിലേക്ക് നടന്നു,…

പൂക്കൾ ഇനിയും കൊഴിഞ്ഞു തീർന്നിട്ടില്ല,. ഇനിയും ഒരുപാട് കാലം പൂക്കും,…

അളകനന്ദക്കും, അമ്മുവിനും ഇത് ദുഃഖപുഷ്പമാണെങ്കിൽ, ഷ്യൂലിക്കിത് പ്രത്യാശയുടെ പ്രണയപുഷ്പമാണ്,..

അവളത് ഒന്ന് കൂടി മണത്തു നോക്കി,.. മനം മയക്കുന്ന സുഗന്ധമാണ്,…

“അഭിമന്യൂ,… ഐ ആം വെയ്റ്റിംഗ് !”

—-ശുഭം —

പാരിജാതം പൂക്കുമ്പോൾ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.8/5 - (15 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “പാരിജാതം പൂക്കുമ്പോൾ – 21”

Leave a Reply

Don`t copy text!