Skip to content

മാംഗ്യല്യം തന്തുനാനേന – 20

mangalyam thanthunanena story

വിഗ്നെഷിനു എന്ത് ചെയ്യണം എന്നറിയാതെ ആയിപോയിരുന്നു.. “പലപ്പോഴും താൻ അറിയാതെ തന്റെ മനസ്സ് അവളുടെ അടുത്തേക്ക് എത്താറുണ്ട്… കോളേജ് കാലം മുതൽ ഒപ്പമുള്ള മെഹ്‌റിനോട് തോന്നാത്ത എന്തൊക്കെയോ വികാരങ്ങൾ പലപ്പോഴും ഇവളോട് തോന്നിയിരുന്നു”..

“കോളേജിൽ വെച്ചോ അതിനു ശേഷമോ പപ്പ ഒക്കെ അറിഞ്ഞു തന്നെ അവിടുന്നു മാറ്റി ബാംഗ്ലൂർക്ക് അയച്ചപ്പോഴോ തിരികെ വന്നിട്ടോ ഒരിക്കൽ പോലും അവളുടെ വിരൽത്തുമ്പിൽ പോലും തൊടാൻ തോന്നിയിട്ടില്ല.. തൊട്ടിട്ടുമില്ല… പക്ഷെ നച്ചുവിനെ അടുത്ത് കാണുമ്പോൾ ബുദ്ധി പറയുന്നത് കേൾക്കാതെ മനസ്സ് വികാരത്തിന് അടിമപ്പെടുന്നു.. ആ അടിമത്തിൽ നിന്നാണ് ഈ തെറ്റ് വന്നത്.. ഈശ്വരാ നച്ചു”…

അപ്പോഴാണ് അവൾ നടന്നു പോയി എന്നത് അവൻ നോക്കുന്നത്.. വിഗ്നേഷ് വേഗം എണീറ്റ് ബൈക്ക് എടുത്തു വളച്ചു..തിരികെ എടുത്തു ചെല്ലുമ്പോൾ കണ്ടു.. മഴ വകവെയ്ക്കാതെ ഇരു കയ്യാലും
കണ്ണീർ തുടച്ചു കൊണ്ട് മഴയിലൂടെ നടന്നു പോകുന്ന അവളെ.. അവൻ അവൾക്ക് മുന്നിലായി വണ്ടി കൊണ്ട് വന്നു ചവിട്ടി നിർത്തി അവളെ നോക്കി.. അവനെ നോക്കാതെ മുന്നോട്ട് നടക്കാൻ തുടങ്ങിയ അവൾക്ക് കുറുകെ വീണ്ടും വണ്ടി കയറ്റി നിർത്തി ബുള്ളറ്റ് ഇരപ്പിച്ചു..

അൽപനേരം ആ മഴയിൽ അവനെ നോക്കി നിന്നു കൊണ്ട് നച്ചു വണ്ടിയിലേക്ക് കയറി ഇരുന്നു.. തിരികെ ഫ്ലാറ്റിലേക്ക് പോകുമ്പോൾ അവൾ അവനിൽ നിന്നും അകന്നു മാറി ഇരുന്നു..പാർക്കിങ്ങിൽ ബുള്ളറ്റ് നിർത്തി ലിഫ്റ്റിലേക്ക് കയറുമ്പോളും അവൾ അവനെയൊന്ന് നോക്കിയ കൂടിയില്ല.. ലിഫ്റ്റ് ഇറങ്ങി ഫ്ലാറ്റിനു മുന്നിൽ ചെന്ന് അവൻ ഡോർ തുറന്നതും അവൾ അകത്തേക്ക് ഓടിക്കയറി.. അവൻ കൂടെ ചെല്ലുമ്പോൾ അവൾ ബെഡിൽ വീണു കരയുകയാണ്.. ഒന്നും പറയാൻ ആകാതെ അവൻ ഡ്രസ്സ് മാറി തല തുവർത്തി.. അല്പം കഴിഞ്ഞു അവൾക്ക് നേരെ തിരിഞ്ഞു വന്നു അവളുടെ കയ്യിൽ പിടിച്ചു എണീപ്പിച്ചു..

അവൾ അന്തം വിട്ടവനെ നോക്കി അവൻ ടൗവൽ അവൾക്ക് കൊടുത്തു…എന്നിട്ട് ലിവിങ്‌റൂമിലെ സെറ്റിയിലേക്ക് വന്നിരുന്നു. നച്ചു പതിയെ വേഷം മാറ്റി മുറിയിൽ തന്നെ ഇരുന്നു അവൾ.. വിഗ്നെഷിനു ചെയ്തത് ആലോചിക്കെ വട്ടുപിടിക്കും എന്ന് തോന്നി.. ഗിരി എത്തിച്ച ഫുഡ് പോലും കഴിച്ചില്ല രണ്ടാളും..

“നച്ചൂന് തന്നോടെന്തോ ഉണ്ടെന്ന് ചിലപ്പോളൊക്കെ തോന്നിയിട്ടുണ്ട്. പക്ഷെ ഒരിക്കൽ പോലും അവൾ തെറ്റായി അത് പ്രകടിപ്പിച്ചിട്ടില്ല. എന്നിട്ടും ഞാൻ…ഒരു രക്ഷപെടൽ ആയിരുന്നു എങ്കിൽപ്പോലും അവളെ ആണ് ഞാൻ എന്റെ നല്ലപാതിയായി സ്വീകരിച്ചത് മറ്റൊരുവളെ മനസിൽ സൂക്ഷിച്ചു കൊണ്ട്…”

“മനസിൽ സൂക്ഷിച്ചോ ഞാൻ ശരിക്കും മെഹ്‌റൂനെ.. അവളെ ഞാൻ ശരിക്കും സ്നേഹിച്ചോ അതോ പപ്പയോടുള്ള വാശി തീർത്തതോ… എന്ത് കോപ്പയാലും ശരി എന്തൊക്കെ നശിച്ചാലും നഷ്ടമായാലും ശരി നീ മിണ്ടാതെ ഇരിക്കുന്നതും നീ കരയുന്നതും എനിക്ക് സഹിക്കാൻ പറ്റുന്നില്ല… എനിക്ക് പറ്റില്ല നച്ചു അത്.. ഐ വാണ്ട് യൂ.. യുവർ പ്രസൻസ്.. യുവർ ഹാപ്പിനെസ്സ്..യുവർ സ്‌മൈൽ.. നിനക്കറിയോ നിന്റെ ചിരി എത്ര ഭംഗി ആണെന്ന്… എനിക്ക് കാണണം അത്… എപ്പോഴൊക്കെ തോന്നുന്നോ അപ്പോഴൊക്കെ കാണണം”. …

അവൻ എണീറ്റ് അകത്തേക്ക് ചെന്നു..അവൾ കട്ടിലിൽ ചരിഞ്ഞു കിടക്കയാണ്.. കണ്ണുകൾ ഇറുകെപ്പൂട്ടി എങ്കിലും അതിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീർ അവൾ ഉറങ്ങിയിട്ടില്ല എന്നവന് കാണിച്ചുകൊടുത്തു…അവൻ അവൾക്ക് അരികിലേക്ക് വന്നു ബെഡിലായി ഇരുന്നു.. അടുത്ത് അവന്റെ സാമീപ്യം അറിഞ്ഞതും നച്ചു കണ്ണുകൾ തുറന്നു. അരികിൽ ഇരിക്കുന്ന അവനെക്കണ്ടു അവൾ പിടഞ്ഞെണീറ്റു.. അവൻ അവളെ നോക്കി..

“ഇല്ല ആ മുഖം എനിക്ക് തരാതെ കുനിച്ചു ഇരിക്കയാണ്”..

വിഗ്നേഷ് : ഫുഡ് വന്നിട്ടുണ്ട്.. കഴിക്കാൻ വാ..

അവൾ ഒന്നും മിണ്ടാതെ ഇരുന്നു..

വിഗ്നേഷ് : നിന്നോടാ എണീറ്റ് വരാൻ.

നച്ചു : എനിക്ക് വേണ്ട.

വിഗ്നേഷ് : അത് നീയല്ല ഞാനാ തീരുമാനിക്കുന്നത്.. എണീറ്റ് വരാൻ പറഞ്ഞാൽ വന്നോളണം.. വരാൻ..

അവന്റെ ശബ്ദത്തിലെ ദേഷ്യം തിരിച്ചറിഞ്ഞു അവൾ മുഖം വെട്ടിച്ചു മാറ്റിക്കൊണ്ട് മറുവശത്തേക്ക് തിരിഞ്ഞു കിടന്നു.. വിഗ്നേഷ് ദേഷ്യത്തോടെ തിരിഞ്ഞു ചുറ്റും നോക്കി മേശപ്പുറത്തു ഇരുന്ന അവന്റെ ലാമിനേറ്റ് ചെയ്‌ത ഫോട്ടോ അവന്റെ കണ്ണിൽ ഉടക്കി..അവൻ അതെടുത്തു തറയിലേക്ക് എറിഞ്ഞു.. ശബ്ദം കേട്ട് അവൾ പേടിച്ചു ചാടിയെണീറ്റു നോക്കുമ്പോൾ അവന്റെ ഫോട്ടോ പൊട്ടിച്ചിതറി തറയിൽ കിടപ്പുണ്ട്..

അവൻ അവൾക്ക് നേരെ വന്നു കയ്യിൽ പിടിച്ചു വലിച്ചു ബെഡിൽ നിന്നും ഇറക്കി നിർത്തി.. അവനിപ്പോ ദേഷ്യം കൊണ്ട് കയറി നിൽക്കയാണെന്ന് നച്ചൂന് മനസിലായി.. അവൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ഡൈനിങ് ടേബിളിനു മുന്നിൽ കൊണ്ടിരുത്തി.. കാസറോൾ തുറന്നു ഒരു പ്ളേറ്റിലേക്ക് ചപ്പാത്തിയും കറിയും വിളമ്പി അവൾക്ക് മുന്നിലേക്ക് വെച്ച് അലറും പോലെ പറഞ്ഞു…

വിഗ്നേഷ് : മര്യാദയ്ക്ക് കഴിച്ചോ.. ഇല്ലേൽ കുത്തിയിറക്കും ഞാൻ.. ഇനി ഇതിന്റെ പേരിൽ എന്നെ നീ കളഞ്ഞിട്ട് പോയാലും ശരി..

അവൾ അവനെ ഒന്ന് നോക്കികൊണ്ട് നിറഞ്ഞ കണ്ണുകളോടെ മനസില്ലാമനസോടെ അത് കഴിച്ചു.. അവൾ കഴിച്ചു കഴിഞ്ഞതും അവൻ ആ പ്ളേറ്റ് എടുത്തു കിച്ചണിലേക്ക് കൊണ്ടുപോയി കഴുകി.. അവൾ എണീറ്റ് കൈ കഴുകി.. മുറിയിലേക്ക് വന്നു

“എന്തൊക്കെയാ ഇവൻ ഈ കാണിച്ചു കൂട്ടുന്നത്.. മെഹ്‌റൂനെ ഓർക്കാത്തതു എന്താ നീ വിനോ… എന്നോട് എന്തിനാ ഇങ്ങനെ സ്നേഹം കാട്ടുന്നെ.. ഒരുപാട് എന്തൊക്കൊയോ തന്നിട്ട് ഒടുക്കം എല്ലാം തിരിച്ചെടുക്കുമ്പോൾ അത് സഹിക്കാൻ പറ്റിയില്ലേൽ നെഞ്ചുപൊട്ടി മരിച്ചുപോകും ഞാൻ.. എന്നെയൊന്ന് വെറുതെ വിട്.. പ്ലീസ് വിനോ”…

അവൾ പിറുപിറുത്തുകൊണ്ട് ബെഡിൽ ഇരുന്നു കരഞ്ഞു… പിന്നിൽ വന്നു അത് കേട്ട് നിന്ന വിഗ്നെഷിന്റെ ഉള്ളം നീറി..
അവനൊന്നും പറയാതെ കട്ടിലിലേക്ക് അവൾക്ക് എതിരെ തിരിഞ്ഞു കിടന്നു..നച്ചു അവൻ വന്നെന്ന് അറിഞ്ഞതും പില്ലോ എടുത്തു തറയിൽ ഇട്ടു . എന്നിട്ട് അവിടെ ഇറങ്ങി കിടന്നു.. അല്പം കഴിഞ്ഞും അവളുടെ അനക്കം ഇല്ലാത്തതു കൊണ്ട് വിഗ്നേഷ് ഒന്ന് തിരിഞ്ഞു നോക്കി.. നച്ചു അരികിൽ ഇല്ല.. അവൻ എണീറ്റ് നോക്കിയപ്പോൾ കണ്ടു തറയിൽ കിടക്കുന്ന അവളെ.. അവൻ എണീറ്റു അവൾക്ക് അരികിലായി വന്നു പറഞ്ഞു

വിഗ്നേഷ് : നച്ചു ബെഡിൽ കയറികിടക്ക്..

നച്ചു : വേണമെന്നില്ല..

വിഗ്നേഷ് : നിന്നോട് കിടക്കാനാണ് പറഞ്ഞത്..

നച്ചു : വേണ്ടാന്നു ഞാനും പറഞ്ഞല്ലോ..

വിഗ്നേഷ് : എന്ത്കൊണ്ട് വേണ്ട..

നച്ചു : എനിക്ക് ഇയാൾക്കൊപ്പം ഇനിയും ആ ബെഡ് ഷെയർ ചെയ്യണ്ട..

ആ വാക്കുകൾ അവന്റെ നെഞ്ചിൽ തറച്ചു കയറി.. അവന്റെ കണ്ണുകൾ നിറഞ്ഞു അവൻ കലിയോടെ അവളുടെ കയ്യിൽ പിടിച്ചു പൊക്കി.. നച്ചു അന്തം വിട്ടവനെ നോക്കി..പറഞ്ഞ വാക്കിന്റെ നോവ് ആ മുഖത്തുനിന്നും അവൾക്ക് മനസിലായി അവൻ പറഞ്ഞു

വിഗ്നേഷ് : എനിക്കൊപ്പം ഈ ബെഡ് പോലും ഷെയർ ചെയ്യാൻ നിനക്ക് പറ്റില്ല എന്ന് പറയാനും വേണ്ടി ചീത്ത ആണോ ഞാൻ നച്ചു.. അത്ര വെറുപ്പാണോ എന്നെ.. എങ്കിൽ അതിനൊപ്പം ഞാൻ കെട്ടിയ ആ താലി കൂടി ഊരി താ എന്നിട്ട് നീ പൊയ്ക്കോ.. ഞാൻ ഇപ്പൊത്തന്നെ നിന്നെ വീട്ടിൽ എത്തിക്കാനുള്ള വഴി ഉണ്ടാക്കാം..

ആ വാക്കുകൾ അവളുടെ നെഞ്ചിൽ ഒരു ഈർച്ചവാൾ പോലെ ഇറങ്ങി..

“കഴിയുമോ ഇത് പൊട്ടിച്ചു കൊടുക്കാൻ മുരുകാ ഇത്രയും വല്യ ദ്രോഹം എന്നോട് വേണായിരുന്നോ”..

അവൾ നിറമിഴിയോടെ അവനെ നോക്കി.. അവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല..

“പറ്റില്ല പെണ്ണെ നിന്നെ ഇങ്ങനെ ഉരുകി ഉരുകി കാണാൻ… അപ്പോഴൊക്കെ എനിക്ക് എന്നെ നഷ്ടപ്പെടുന്നു.. നിന്റെ മുന്നിൽ ഇനി ശല്യം ആവില്ല ഞാൻ.. സത്യം.. പക്ഷെ ഇങ്ങനെ സ്വയം നോവാൻ ഞാൻ സമ്മതിക്കില്ല”..

അവൾ അവന്റെ പിടി വിടുവിച്ചു.. കട്ടിലിന്റെ ഒരു ഓരത്തേക്ക് ചരിഞ്ഞു കിടന്നു…ലൈറ്റ് ഓഫ് ആക്കി അവനും അവളുടെ അടക്കിപ്പിടിച്ച കരച്ചിൽ ശബ്ദം കേട്ട് അവൻ അവൾക്ക് അരികിലേക്ക് നീങ്ങികിടന്നു കൊണ്ട് വലതു കയ്യാൽ അവളുടെ വയറിലേക്ക് ചുറ്റിപിടിച്ചു.. നച്ചു ഒന്ന് ഞെട്ടി.. ആ കൈ വിടുവിക്കാൻ നോക്കിയതും അവന്റെ ചുടുനിശ്വാസം കാതിൽ തട്ടി..

“ഐആം സോറി… റിയലി സോറി…ഞാൻ എപ്പോഴോ അറിയാതെ നിന്നോട് ചേർന്ന് പോയതാ.. ഇനി ശല്യമാവില്ല…നിന്റെ അനുവാദം ഇല്ലാതെ ഒരിക്കലും ഈ വിരൽത്തുമ്പിൽ പോലും തൊടില്ല”…

അവൾക്ക് ദേഹം തളരും പോലെ തോന്നി.. അവൻ അവളിലെ പിടി വിട്ടു എണീറ്റ് പുറത്തേക്ക് നടന്നു.. അവൻ പോയിക്കഴിഞ്ഞും അവന്റെ ശരീരത്തിന്റെ ചൂട് തന്നിൽ തങ്ങി നിൽക്കുന്നതായി തോന്നി അവൾക്ക്… ദേഹത്തിന്റെ ആ തളർച്ച മാറി എന്ന് തോന്നിയപ്പോൾ നച്ചു എഴുന്നേറ്റ് അവനെ നോക്കി. ലിവിങ് റൂമിലെ സെറ്റിയിൽ കിടക്കുയാണ് അവൻ..
അവൾ തിരികെ വന്നു കിടന്നു… വിഗ്നേഷ് ഒന്ന് തിരിഞ്ഞു നോക്കി..അവൾ വന്നു നോക്കിയ പോലൊരു ഫീൽ ഉണ്ടായി അവന്.. അല്പം മുൻപ് വരെ ഒരുമിച്ചു കളിച്ചും ചിരിച്ചും തൊട്ടുരുമ്മി നടന്ന രണ്ടുപേരാണ് ഇപ്പൊ അന്യരെ പോലെ കിടക്കുന്നത് എന്നാലോചിക്കെ അവന് അവൻ ചെയ്ത കാര്യങ്ങളോട് വെറുപ്പ് തോന്നി…

“അവൾ ഇങ്ങനെ അകന്നു മാറാൻ കാരണം അവളോട് തെണ്ടിത്തരം കാണിക്കാൻ ശ്രമിച്ചിട്ടല്ലേ.. പോയി ചത്തൂടെ കോപ്പേ നിനക്ക്.. ഒരു പെണ്ണിന്റെ ജീവിതം കളയാതെ”..

അവൻ എണീറ്റ് സ്വയം ചീത്ത പറഞ്ഞു..
ഫോൺ ബെല്ലടിക്കുന്ന കേട്ട് നോക്കുമ്പോൾ മെഹ്റു ആണ്.. എല്ലാ ദേഷ്യവും സങ്കടവും കൊണ്ട് അവൻ ആ ഫോൺ എടുത്തു..

വിഗ്നേഷ് : ഹലോ

മെഹ്‌റു : ഹലോ.. വിച്ചു എപ്പോഴേ ട്രൈ ചെയ്യുന്നു നിന്നെ.. നീയെന്താ എന്റെ കോൾസ് എടുക്കാത്തത്.. അവള് നിന്നെ മയക്കി എടുത്തോ.. ഇനിഅവളെ മതിയോ നിനക്കു.. പറയ് വിച്ചു..

വിഗ്നേഷ് : ഒന്ന് നിർത്തുവോ മെഹ്റു നീ.. ഞാൻ… എനിക്ക്… ഞാൻ ചെയ്യുന്ന ശരിയാണോ തെറ്റാണോ എന്നൊന്നും എനിക്കറിയില്ല..പപ്പയോടുള്ള വാശിക്ക് നിന്നെ ഇഷ്ടം ആണെന്ന് ഞാൻ പറഞ്ഞതാണ് എന്റെ ആദ്യ തെറ്റ്..പിന്നെ നിന്റെ ആത്മഹത്യ ഭീഷണിക്ക് മുന്നിൽ വഴങ്ങി നച്ചൂനെ താലികെട്ടിയതാണ് ചെയ്തത് രണ്ടാമത്തെ തെറ്റ്.. അവളെപ്പോലെ നല്ല മനസുള്ള ഒരു പെണ്ണിന്റെ ജീവിതം വെച്ച് എന്റെ ജീവിതം നേരെയാക്കാൻ നോക്കിയത് മൂന്നാമത്തെ തെറ്റ്.. ഒടുക്കം എപ്പോഴോ എനിക്ക് എന്നെ കൈവിട്ടു പോയി..

എന്നെ മറന്നു ഞാൻ അവളോട് മോശമായി പെരുമാറാൻ പോയി.. ആ നിമിഷം ഒരുപക്ഷെ അവൾ നിന്നെ ഓർത്തു കാണും അതാവും അവളെന്നിൽ നിന്നും കുതറി മാറിയത് അല്ലായിരുന്നു എങ്കിൽ.. വയ്യ മെഹ്റു എനിക്കിത്.. താങ്ങാൻ പറ്റുന്നില്ല.. അവളുടെ കണ്ണീരും നിന്റെ ഫീലിങ്ങ്സും.. മരിച്ചാൽ മതി എന്ന് തോന്നിപോകുവാ എനിക്ക്..ഐആം സോറി മെഹ്റു..
അവളോടുള്ള ഇന്ന് നിന്നെ ഞാൻ മറന്നുപോയതിന്.. ഐആം സോറി..

മെഹ്റു ഒന്നും മിണ്ടാതെ അൽപനേരം കഴിഞ്ഞു പറഞ്ഞു..

മെഹ്റു : ഒടുക്കം നീയായി എന്നെ തോൽപിച്ചു അല്ലെ…

വിഗ്നേഷ് : മെഹ്റു.. ഞാൻ..

അവൾ ഫോൺ കട്ട് ആക്കി അവൻ വീണ്ടും വിളിക്കാൻ ശ്രമിച്ചപ്പോൾ സ്വിച്ചോഫ് എന്ന് പറയുന്നത് കേട്ട് വിഗ്നേഷ് കൈ നെറ്റിയിൽ താങ്ങി കുനിഞ്ഞു ഇരുന്നു… ആ ഇരുപ്പ് എത്ര നേരം ഇരുന്നുവെന്ന് അവന് അറിയില്ല ഇടയ്ക്കെപ്പഴോ അവൻ സെറ്റിയിലേക്ക് കിടന്നു.. നേരം വെളുത്തു നച്ചു എണീറ്റു.. തൊണ്ടയ്ക്ക് ഒക്കെ ഒരു വേദന. മഴ കൊണ്ടിട്ട് ആവും..എങ്കിലും കുളിച്ചു വേഷം മാറി കിച്ചണിലേക്ക് നടക്കുമ്പോൾ അവനെ ഒന്ന് നോക്കി.. ഉറക്കമാണ്അവന്റെ കിടപ്പ് കണ്ടപ്പോൾ പാവം തോന്നി നച്ചൂന്..

വിളിക്കാം എന്ന് കരുതി അടുത്തേക്ക് ചെന്നപ്പോൾ തലേന്ന് നടന്ന കാര്യങ്ങൾ ഓരോന്നും ഓർമ്മയിലേക്ക് പാഞ്ഞെത്തി.. പിന്നെ അവനെ വിളിക്കാതെ അവൾ തിരിഞ്ഞു കിച്ചണിൽ കയറി ചുറ്റും നോക്കി.. അവിടെ കണ്ട ഒരു സ്റ്റീൽ പ്ളേറ്റ് എടുത്തു തറയിലേക്ക് ഇട്ടു… അതിന്റെ ഒച്ചയിൽ വിഗ്നേഷ് ചാടിയെണീറ്റു.. സ്ഥലകാല ബോധം വന്നതും അവൻ അടുക്കളയിലേക്ക് ചെന്ന് നോക്കി.. അവൾ ഭാവഭേദം ഒന്നുമില്ലാതെ കോഫി ഇടുകയാണ്..

എന്താ ശബ്ദം കേട്ടത് എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു എങ്കിലും അവളുടെ മൈൻഡ് ഇല്ലാത്ത നിൽപ്പ് കണ്ടിട്ട് ചോദിക്കാൻ തോന്നിയില്ല.. പതിയെ റൂമിലേക്ക് നടന്നു. ബെഡിൽ കിടന്നു കൊണ്ട് അവൾ കിടന്നിരുന്ന സ്ഥലത്തേക്ക് കൈയ്യാൽ ഒന്ന് തലോടി അവൻ.. പിന്നെ പതിയെ എണീറ്റ് ഫ്രഷ് ആകാൻ പോയി.. നച്ചു കോഫി ഇട്ടു രണ്ടു കപ്പിലായി അത് പകരുമ്പോൾ കോളിംഗ് ബെൽ അടിച്ചത് പോലെ തോന്നി.. അവൾ കോഫി കിച്ചണിൽ വച്ചിട്ട് വാതിൽ തുറന്നു.. ഗിരിധർ ആണ്.. അവൻ അകത്തേക്ക് കയറി ചോദിച്ചു..

ഗിരി : എവിടെ എന്റെ മൊയലാളി..

നച്ചു : ഫ്രഷ് ആകുവാണെന്നു തോന്നുന്നു.. ഗിരിയേട്ടൻ ഇരിക്ക് കോഫി എടുക്കാം..

ഗിരി : അത് അവിടെ നിൽക്കട്ടെ.. ആദ്യം ഇത് പറയ്.. ഇന്നലെ ഞാൻ കൊണ്ട് വന്ന ടിക്കെറ്റ് രണ്ടും കൂടി വെള്ളത്തിൽ കളഞ്ഞത് എന്തിനാ.. എന്താ സിനിമയ്ക്കു പോകാഞ്ഞത്..

അവളുടെ മുഖം മങ്ങിയത് കണ്ട അവൻ ചോദിച്ചു..

ഗിരി : എന്തെ രണ്ടും ഉടക്കിയോ..

അവൾ ഒന്നും മിണ്ടാതെ കിച്ചണിലേക്ക് നടന്നു..ആ പോക്ക് അത്ര പന്തിയായി തോന്നാത്തത് കൊണ്ട് ഗിരിധർ അവൾക്കൊപ്പം ചെന്നു അടുക്കളയിലെ സ്ലാബിലേക്ക് ഇരുന്നു.. നച്ചു അവനു ഒരു കപ്പിലേക്ക് കോഫി എടുക്കുകയാണ്..

ഗിരി : നച്ചു

അവൾ അവനെ നോക്കി.. അവൻ ഒന്ന് പുഞ്ചിരിച്ചു പറഞ്ഞു

ഗിരി : നിന്റെ പ്രായത്തിൽ എനിക്കും ഉണ്ട് ഒരു വായാടി പെങ്ങൾ… നിന്നെക്കുറിച്ചു അവൻ ആദ്യം എന്നോട് പറയുമ്പോൾ തന്നെ എനിക്ക് മനസിലായി അവൻ പോലും അറിയാതെ അവൻ നിന്റെ കുരുത്തക്കേടുകൾ ആസ്വദിക്കുന്നുണ്ടെന്ന്..

നച്ചു ഒന്നും മനസിലാകാതെ അവനെ നോക്കി.. പിന്നെ കോഫി അവനു നീട്ടി അവനതു വാങ്ങി ചുണ്ടോടു ചേർത്തു പറഞ്ഞു..

ഗിരി : അവനും ഞാനും കോളേജ്‌മേറ്റ് ആണ് നച്ചു.. ഞങ്ങൾ മൂന്നും കട്ടഫ്രണ്ട്സ് ആയിരുന്നു.. ഗിരിധർ ദേവ് , വിഗ്നേഷ് വിനായകൻ, മെഹ്റിൻ റഹ്‌മാൻ… എന്നും എവിടെയും ഒറ്റക്കെട്ട്.. ഒരു ഡേ ഞങ്ങൾ ഒരുമിച്ചു ഒന്ന് ചുറ്റിക്കറങ്ങി വരുന്നത് രാഘവ് അങ്കിൾ കണ്ടു.. മെഹ്റു അവന്റെ ബൈക്കിന്റെ പിന്നിൽ ആയിരുന്നു
പിന്നീടുള്ള ദിവസങ്ങളിൽ ഒക്കെ രാഘവ് അങ്കിൾ ഞങ്ങൾ അറിയാതെ ഞങ്ങൾക്ക് ഒപ്പം ഉണ്ടായിരുന്നു..

മെഹ്‌റിന്റെ ഫ്രണ്ട്ഷിപ്പ് അങ്കിൾ തെറ്റിധരിച്ചു.. അതും വിനുവും ആയി.. അതിന്റെ പേരിൽ അങ്കിൾ ആന്റി ഇല്ലാത്ത ഒരു ദിവസം അവനോട് ചൂടായി.. കാര്യം അറിയാതെ അങ്കിൾ വായിതോന്നിയ ഒക്കെ വിളിച്ചു പറഞ്ഞപ്പോൾ അവൻ പ്രതികരിച്ചു ശക്തമായിത്തന്നെ.. ഒടുക്കം അങ്കിൾ അവനെ തല്ലി അതിന്റെ വാശിയിൽ
അവൻ മെഹ്‌റൂനെ ഇഷ്ടം ആണെന്നു പറഞ്ഞു..ഒരിക്കലും സമ്മതിക്കില്ല എന്ന് അങ്കിളും.. അതോടെ അതൊരുതരം മത്സരം ആയി..

അങ്കിൾ അവന്റെ പഠിപ്പ് ബാംഗ്ലൂർക്ക് മാറ്റി. ആന്റി ഒരു ഹാർട്ട് പേഷ്യന്റ് ആയത് കൊണ്ട് അവർ ഒന്നും അറിയരുത് എന്ന് രണ്ടാൾക്കും നിർബന്ധം ആയിരുന്നു.. അവനെ മാറ്റിയിട്ട് എന്ത് കാര്യം.. ഞാനും അവളും ഒരുമിച്ചല്ലേ.. ഞങ്ങൾ വീണ്ടും ഫോണിലൂടെ മെസ്സേജിലൂടെ ഒക്കെ കമ്പനി കൂടി.. താമസിക്കാതെ അങ്കിൾ എന്നേം പൊക്കി..
ബാംഗ്ലൂർ ഓഫിസിൽ പാർട്ട് ടൈം ജോബും പഠിപ്പും.. അതോടെ മെഹ്റു ഒറ്റയ്ക്കായി..

ആ വാശിയിലാണ് അവൻ അവളെ പ്രേമിക്കുന്നു എന്നും പറഞ്ഞു നടന്നത്… പക്ഷെ എനിക്കുറപ്പാ നച്ചു അതൊരു വാശിയിന്മേലുള്ള മത്സരം ആയിരുന്നു… പിന്നെ മെഹ്റു ആ വാശി അങ്ങ് സ്വന്തം പോലെ ആക്കി..അല്ലാതെ അവന്റെ ഉള്ളിൽ തൊട്ട പെണ്ണല്ല അവൾ.. പക്ഷെ നീ അങ്ങനെയല്ല.അവന്റെ മനസ്സ് അവൻ പോലും അറിയാതെ കൈവിട്ടുപോയതാ നിന്നിൽ..

നച്ചു അവനെത്തന്നെ നോക്കി.. ഉള്ളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുതരം ഫീൽ നിറയുന്നത് അവൾ അറിഞ്ഞു… അപ്പോഴേക്കും ഗിരിയുടെ ഫോൺ ബെല്ലടിച്ചു.. അവൻ പറഞ്ഞു.

ഗിരി : അയ്യോ എന്റെ കുരുത്തംകെട്ട പെങ്ങളൂട്ടി ആണ് ഹരിപ്രിയ.. അച്ഛൻ ഇല്ലേ കുഞ്ഞിലേ പോയതാ. പിന്നെ ഇപ്പൊ ഞാൻ അമ്മേം അവളേം കൂടി ഇങ്ങു കൊണ്ട് പോന്നു..

അവൻ ഫോൺ എടുത്തു ചെവിയോട് ചേർത്തു

ഗിരി : ആഹ് പറയെടി

“എവിടെയാ.. ഞാൻ പറഞ്ഞതല്ലേ.. എനിക്ക് ടാറ്റൂ ചെയ്യാൻ പോവാൻ കൂടെ വരണം എന്ന്.. പിന്നെ നീ ഏത് പാതാളത്തിൽ പോയി കിടക്കുവാ.. അരമണിക്കൂറിനു ഉള്ളിൽ വന്നില്ലേൽ ഉണ്ടല്ലോ.. ചവിട്ടിക്കൂട്ടും ഞാൻ വീട്ടിൽ വരുമ്പോ.”.

ഗിരി : അയ്യോ വേണ്ട കുട്ടിത്തേവാങ്കെ.. ധാ വരുവാ…

അവൻ ഫോൺ കട്ട് ആക്കി പറഞ്ഞു

ഗിരി : ടാറ്റൂ അടിക്കണം എന്നും പറഞ്ഞു കുറെയായി അമ്മയോടും എന്നോടും തെണ്ടുന്നു..ഇന്നലെ അങ്ങ് സമ്മതിച്ചു കൊടുത്തു.. കൊണ്ടുപോകാം എന്ന് പറഞ്ഞിട്ടു നിങ്ങൾക്ക് ഫുഡുമായി വന്നതാ ഞാൻ.. അപ്പോഴല്ലേ ഇവിടുത്തെ പെങ്ങളുടെ മുഖം മങ്ങി കിടക്കുന്നെ..

നച്ചു : ഗിരിയേട്ടാ ഞാനൂടെ വന്നോട്ടെ.

ഗിരി : എങ്ങോട്ട്..

നച്ചു : ടാറ്റൂ അടിക്കുന്നത് കാണാൻ..

ഗിരി : ഓഹ് വന്നോ.. അവനേം കൂട്ടി ആവണം എന്ന് മാത്രം..

അവൾ ഗിരിയെ ദയനീയമായി ഒന്ന് നോക്കി.. അപ്പോഴേക്ക് വാതിലിൽ കേട്ടു അവന്റെ ശബ്ദം

വിഗ്നേഷ് : എങ്ങോട്ട് പോകാനാടാ…….

നച്ചുവും ഗിരിയും പരസ്പരം നോക്കി

തുടരും….

മാംഗ്യല്യം തന്തുനാനേന മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.3/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!