Skip to content

മാംഗ്യല്യം തന്തുനാനേന – 27

mangalyam thanthunanena story

കാതറിൻ നച്ചുവിനെ പിടിച്ചു അരികിൽ ഇരുത്തി..പറഞ്ഞു തുടങ്ങി

കാതറിൻ : ഈ കഥ സ്റ്റാർട്ടിങ് നമ്മുടെ കോളേജ് കാലം തൊട്ടാണ്.. സീനിയർ ബാച്ചും ജൂനിയർ ബാച്ചും ആയി ഇത്രേം പൊളിപ്പൻ കമ്പനി ഉള്ള പിള്ളേര് വേറെ ഇല്ല… ആയിടെ സീനിയേഴ്സ് ഒരു മൈസൂർ ട്രിപ്പ് പ്ലാൻ ചെയ്യുന്നു.. വിത്ത് ജൂനിയർ തല്ലിപൊളീസ്

മഹാദേവൻ : ഏക്സ്ക്യൂസ്മി മാഡം.. ഐ ഹാവ് ഒൺ ഡൗട്ട് .

കാതറിൻ : ടോ ഏട്ടാ…ചവിട്ടികസേരയോടെ ഞാനങ്ങു മറിക്കും.. ഇടയ്ക്ക് കേറിയാൽ..

മഹി : ഹാ അതല്ല ന്റെ വടയക്ഷി… ഈ കഥ എപ്പോഴായിരുന്നു… ഞാൻ അറിഞ്ഞില്ലല്ലോ

കാതറിൻ : അതിനെ കോളേജിൽ കയറണം.. എഴുത്തും കുത്തുമായി വായിനോക്കി തെണ്ടി നടക്കരുത്… ചുപ് രഹോ..

മഹി : തിരുപ്പതിയായി… നീ പറഞ്ഞോ ഞാൻ നിർത്തി..

ചിരിയോടെ എല്ലാരും അവളെനോക്കി

കാതറിൻ : ആഹ് അങ്ങനെ യാത്ര തുടങ്ങി മൈസൂർ എത്തി… പിള്ളേർ കറങ്ങാൻ ഇറങ്ങുമ്പോൾ… കൂട്ടത്തിൽ ഉള്ള ഒരു പെണ്ണിനെ അത് വഴി വന്ന അലവലാതികൾ ആയ മൂന്നാലു ചെക്കന്മാർ കേറി തട്ടുന്നു..അപ്പോൾ ഒരിത്തിരി ഡ്രിങ് അടിച്ചു നിൽക്കുന്ന സീനിയേഴ്സും ജൂനിയേഴ്സും കൂടി അവന്മാരെ അങ്ങ് പൊക്കി വട്ടം കൂടി പെരുക്കുന്നു.. പെട്ടെന്ന് എവിടെ നിന്നോ
മുഖം പാതി മറച്ചൊരു പെണ്ണ് അവർക്ക് ഇടയിലേക്ക് കയറി വന്നു..

കൂട്ടത്തിലേക്ക് ഇടിച്ചു കയറി ജൂനിയറിലെ ഒരുത്തനെ തള്ളി വീഴ്ത്തികൊണ്ട് അലമ്പ് ഉണ്ടാക്കിയ ആൺപിള്ളേരിൽ ഒരുത്തന്റെ കരണം നോക്കി അടിച്ചിട്ട് കൊടുത്തു..

“എന്റെ കൂടെപ്പിറപ്പിനെ ചൊരണ്ടീട്ട് നീയൊക്കെ ഏത് അമ്മായിന്റെ കല്യാണം കൂടാൻ പോകുവാടാ പന്ന മോനെ.. എന്നൊരു ഡയലോഗും”..

സ്കാർഫ് കൊണ്ട് മുഖം മറച്ചിരുന്ന ആ അവളെ വേറെ ഒരു പെണ്ണ് വന്നു പിടിച്ചു വലിച്ചു കൊണ്ട് പോകുവായിരുന്നു..
അവളുടെ പിടിച്ചു തള്ളിമാറ്റലിൽ താഴെ ഉള്ള കുഴിയിലേക്ക് വീണുപോയ ആ ജൂനിയർ ചെക്കനെ എണീപ്പിക്കാൻ സീനിയർ ആൺപിള്ളേർ നിന്നപ്പോൾ…. അവരുടെ കൂട്ടത്തിലെ ഒരു സീനിയർ പെണ്ണ് ആ പെൺപുലിക്ക് പിന്നാലെ ഓടിച്ചെന്നു..

കൂടെയുള്ളവൾ വലിച്ചു പിടിച്ചു അവളെ… അവരുടെ കോളേജ് ബസിനു ഉള്ളിലേക്ക് കൊണ്ട് പോകുമ്പോൾ മുഖം മറച്ചിരുന്ന സ്കാർഫ് വലിച്ചൂരി തറയിൽ എറിഞ്ഞു അവൾ തിരിഞ്ഞു നോക്കി ചീത്ത പറയുന്നുണ്ടായിരുന്നു..സീനിയർ ചേച്ചി അവരുടെ കൂടെ എത്താൻ ശ്രമിച്ചു എങ്കിലും നടന്നില്ല.. അവരുടെ വണ്ടി പോയി.. അപ്പോഴേക്കും ആ ജൂനിയറിനെയും കൊണ്ട് എല്ലാരും സീനിയർ ചേച്ചിക്ക് അരികിൽ എത്തി..

ഏതാ ആ പെൺപുലി എന്ന് ഒന്നടങ്കം എല്ലാരും ചോദിക്കുമ്പോൾ ആ ജൂനിയർ ചെക്കൻ അവന്റെ കയ്യിൽ കിടന്ന രുദ്രാക്ഷമണി കെട്ടിയ ലക്കി ചെയിൻ നോക്കുകയായിരുന്നു.. അത് ആ പെണ്ണ് പിടിച്ചു തള്ളിയപ്പോൾ എങ്ങനെയോ നഷ്ടമായി… അവിടെ മുഴുവൻ നോക്കിയിട്ടും അവനത് കിട്ടിയില്ല.. ഒടുവിൽ തറയിൽ കിടന്ന അവളുടെ സ്കാർഫ് എടുത്തു കൊണ്ട് പാതി ദേഷ്യത്തിലും പാതി തമാശയിലും അവൻ പറഞ്ഞത്…

“ഇവളാര് ജൻസിറാണിയോ..പെണ്ണ് കൊള്ളാം പക്ഷെ എന്റെ ലക്കി ചെയിൻ നഷ്ടമാക്കിയ അവളെ എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ കെട്ടി കൂടെ പൊറുപ്പിച്ചു പണ്ടാരടക്കി എന്റെ വക അഞ്ചു ട്രോഫിയും കൊടുക്കും”… എന്നാണ്..

അവളുടെ കോളേജ് ബസിന് പിന്നിൽ എഴുതിയ പേര് വെച്ച് അവൻ ആ കോളേജിൽ പോയി അന്വേഷിച്ചു പക്ഷെ അവളെ കാണാൻ കഴിഞ്ഞില്ല…. സീനിയർ ചേട്ടന്മാരുടെ തീകോരിയിടൽ കൂടി ആയപ്പോൾ അവന്റെ ഉള്ളിൽ ആ മുഖമറിയാപ്പെണ്ണിനെ കാണാൻ മോഹം തോന്നി… രണ്ടുമൂന്നു വട്ടം ആ കോളേജിൽ അവളെയും തപ്പി പോയി പക്ഷെ നിരാശ ആയിരുന്നു ഫലം… പിന്നീട് അവൻ പഠിത്തം കംപ്ലീറ്റ് ആകും മുന്നേ നാട്ടിലെ നമ്മുടെ കോളേജ് വിട്ടു… പഠനം കഴിഞ്ഞു തിരികെ വന്നു പെണ്ണും കെട്ടി”..

കഥ കേൾക്കെ തന്നെ വിഗ്നേഷും നച്ചുവും പരസ്പരം അന്തം വിട്ടു നോക്കാൻ തുടങ്ങി…കാത്തി തുടർന്നു….

“പിന്നെ ബാക്കി ഉള്ളത് ആ പുലിക്കുട്ടിയാണ്… അവളെ ഇങ്ങനെ ഒരുത്തൻ തേടി നടന്നത് അവൾ അറിഞ്ഞു… പക്ഷെ കാര്യമാക്കിയില്ല…അവൾ പോലും അറിയാതെ അവന്റെ ആ ലക്കി ചെയിൻ അവളുടെ ഉടുപ്പിൽ കുരുങ്ങി കിടപ്പുണ്ടായിരുന്നു.. അവളത് കണ്ടതുമില്ല.. അവളുടെ അമ്മയാണ് ആ ചെയിൻ എടുത്തു അവൾക്ക് കൊടുക്കുന്നത്..

അപ്പോഴാണ് അതിനുടമ ആ ചെക്കൻ ആകും അതിനാവും അവൻ വന്നത് എന്നും അവൾ ഓർക്കുന്നത്..അപ്പോഴേക്കും ചെക്കൻ പോയില്ലേ.. പിന്നീട് അവനെ കാണാൻ അവൾക്കും പറ്റിയില്ല..

പക്ഷെ ഇന്ന് ഇവിടെ വെച്ച് അവര് കാണാൻ പോകുവാ.. ആ ജൂനിയർ ചെക്കൻ നമ്മുടെ അനിയൻകുട്ടി വിക്കി ആണേ..പെണ്ണ് അവന്റെ ഈ ഇരിക്കുന്ന കെട്ടിയോളും..

അമ്പരപ്പോടെ എല്ലാരും അവരെ നോക്കി. വിഗ്നേഷ് കണ്ണുമിഴിച്ചു നച്ചൂനെ നോക്കി.. അവളും അതെ അവസ്ഥയിൽ ആയിരുന്നു..

കാതറിൻ : ചുമ്മാ ആണേലും ജോയിച്ചൻ അന്ന് പറഞ്ഞിരുന്നു… ആ ജാൻസിറാണിക്ക് ചേരുന്നത് ഈ തല്ലിപ്പൊളി തെമ്മാടി ആണെന്ന് നീണ്ട മൂന്നു വർഷങ്ങൾക്ക് ഇപ്പുറം ഇവരുടെ കല്യാണ ഫോട്ടോ കണ്ടപ്പോഴാ ഇവളെ ഞാൻ തിരിച്ചറിഞ്ഞത്..അപ്പൊ മുതൽ നോക്കിയിരിക്കുവാ ഞാൻ..ബാക്കി ഇപ്പൊ ചോദിച്ചു മനസിലാക്കിയേ..

ഫാസി വിഗ്നെഷിന്റെ തോളിൽ ഒന്ന് തട്ടിപറഞ്ഞു

ഫാസി : ഇതിപ്പോ തട്ടത്തിൻ മറയത്തിൽ അജു വർഗീസ് പറയും പോലെ ചില പ്രാർത്ഥനകൾ നമ്മൾ മറന്നാലും പടച്ചോൻ മറക്കൂല എന്ന പോലെയായിപ്പോയി

വിഗ്നേഷ് ഒന്ന് ചിരിച്ചു കേട്ടത് ഒക്കെ സത്യമാണോ എന്ന് ചോദിക്കും പോലെ അവൻ നച്ചൂനെ ഒന്ന് നോക്കി…അവൾ മറ്റേതോ ലോകത്തെന്ന പോലെ ഇരിക്കയാണ്…

“അപ്പൊ അവളി ഡയറിയിൽ എഴുതിയ ആ തേടിനടന്നവൻ ഞാനായിരുന്നോ…
കോളേജിൽ തിരക്കിയപ്പോൾ അറിഞ്ഞ നക്ഷ എന്ന നക്ഷത്ര നീയായിരുന്നോ നച്ചു…നക്ഷ എന്ന ഡയറിയിൽ കണ്ടിട്ടും എനിക്ക് മനസിലായില്ലലോ പെണ്ണെ നിന്നെ..”

അവൻ അവളെ നോക്കി.. ജോയൽ പറഞ്ഞു..

ജോയൽ : സംഗതി പൊളിച്ചു മോനെ… ആഹ് പിന്നെ ഒരു കാര്യം പറയാം.. നമ്മൾ ഏറ്റവും കൂടുതൽ വഴക്കിടുകയും തല്ലുപിടിക്കയും ഒക്കെ ചെയ്യുന്നത് നമ്മൾ ഏറ്റവും കൂടുതൽ
സ്നേഹിക്കുന്നവരോടാകും.. അവരുടെ കണ്ണ് നിറയുമ്പോൾ നമ്മുടെ ചങ്ക് വിലങ്ങുന്ന പോലെ തോന്നും… അവരൊന്ന് മിണ്ടാതെ ആയാൽ ലോകം തന്ന അവസാനിക്കുന്ന ഒരു ഫീൽ ഒരാളോടെ നമുക്ക് തോന്നു വിക്കി.. ആ ഒരാളെ കിട്ടിയാൽ നഷ്ടപ്പെടുത്താതെ ചേർത്തങ്ങു പിടിച്ചേക്കണം…കൈവിട്ടു പോയാൽ തിരികെ കിട്ടിയെന്നു വരില്ല പിള്ളേരെ…
അച്ചായൻ ഫിലോസഫി പറയുന്ന അല്ല… സ്വന്തം അനുഭവം പറഞ്ഞതാ..

കാതറിൻ ആ നേരം ചിരിയോടെ എണീറ്റ് അവനു പിന്നിൽ വന്നു അവന്റെ കഴുത്തിലൂടെ കയ്യിട്ട് ചുറ്റിപിടിച്ചു തോളിലേക്ക് ചാഞ്ഞു ഇടതു കവിളിൽ ഒരുമ്മ നൽകി… ജോയൽ ഒന്ന് പുഞ്ചിരിച്ചു അവളെ നോക്കി..

ഫാസി : പടച്ചോനെ കെട്ടും കഴിഞ്ഞു കുട്ടീം ആയിട്ടും ദേ പബ്ലിക് ആയി റൊമാൻസോ…

ജോയൽ ചിരിച്ചു കൊണ്ട് പറഞ്ഞു..

ജോയൽ : ഡാ കോഴി വേണ്ട വേണ്ട…

എല്ലാരുടേം ചിരി അവിടെ മുഴങ്ങുമ്പോൾ വിഗ്നേഷ് നച്ചുവിനെ തന്നെ നോക്കി..

ഒരിക്കൽ താൻ തേടിയലഞ്ഞ മുഖം..സ്വന്തം പ്രാണന്റെ പാതിയായി വന്നിട്ടും തിരിച്ചറിഞ്ഞില്ല…ഇപ്പോൾ അറിയാതെ തന്നെ പ്രണയത്തിന്റെ കൊടുമുടിയിൽ കൊണ്ടെത്തിച്ചവൾ…

നച്ചു ഒന്നും പറയാൻ ആകാതെ തലയും കുനിച്ചു ഇരുന്നു..

ഈശ്വരാ എഴുതിക്കൂട്ടിയ വരികൾക്ക് അർഥം ഉണ്ടായത് പോലെ..

മറ്റുള്ളവരുടെ തമാശകൾക്ക് ഇടയിലും ഒക്കെയും അവരെ ശ്രദ്ധിച്ചു ഇരുന്ന ജോയൽ പതിയെ എണീറ്റ് വന്നു നച്ചുവിന്റെ കയ്യിൽ പിടിച്ചു… അവൾ മുഖം ഉയർത്തി നോക്കി..വാ എന്നും പറഞ്ഞു അവളെയും കൂട്ടി അവൻ നടന്നു പോകുന്നത് നോക്കിയിരുന്ന വിഗ്നെഷിനോട് ജിഷ്ണു പറഞ്ഞു…

ജിഷ്ണു : ഡാ വിക്കി.. നീ വിഷമിക്കണ്ട.. മെഹ്റു പറഞ്ഞു എല്ലാം ഞങ്ങൾക്ക് അറിയാം… ഇനിയും നിങ്ങൾ ഇങ്ങനെ അകന്നു ഇരിക്കേണ്ടി വരില്ലെടാ..

അവനൊന്നു ചിരിച്ചു.. ജോയൽ അവളെയും കൂട്ടി അല്പം നടന്നു കൊണ്ട് പറഞ്ഞു…

ജോയൽ : നക്ഷത്ര…. ഇത്രയും നാൾ നിങ്ങൾക്ക് ഇടയിൽ മെഹ്റു എന്നൊരു നിഴൽ ഉണ്ടായിരുന്നു… ഇന്ന് നിങ്ങൾക്ക് ഇടയിൽ അതില്ല…നിങ്ങൾക്ക് ഇടയിലുള്ള ഈ അകലം ഇനിയും കൊണ്ട് നടക്കരുത്…
അവൻ ഒരിക്കൽ നിന്നെത്തേടി ഒരുപാട് അലഞ്ഞതാ കൊച്ചെ… ഇനിയെങ്കിലും അവന്റെ ഇഷ്ടം അതങ്ങു തിരിച്ചു കൊടുത്തേക്ക്…

നച്ചു : കൊടുക്കില്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ ചേട്ടായി… ഇഷ്ടമാണ് എന്നേക്കാൾ ഏറെ… മെഹ്റുവിനെ കണ്ടു ചോദിക്കാൻ വന്നതാ എനിക്ക് തന്നൂടെ അവനെ എന്ന്… അത്രയ്ക്ക് ഇഷ്ടം ഉണ്ടായിട്ട് തന്നെയാ.. പക്ഷെ അവനെ ഓർത്തു ഒരു പെണ്ണ് ജീവിതം ഇല്ലാതെ നിൽക്കുമ്പോൾ ഞാൻ എങ്ങനെ… അതോർത്തു മാത്രമാണ് ഞാൻ ഇങ്ങനെ ഒക്കെ…

ജോയലൊന്നു ചിരിച്ചു..

ജോയൽ : ആഹാ അപ്പൊ ഞങ്ങടെ ചെക്കനെ ഇനി നട്ടം തിരിക്കില്ലലോ അല്ലെ..

നച്ചു : മ്മ്മ്മ്ഹ്ഹ്ഹ് ഇല്ല ചേട്ടായി…

ജോയൽ : ഹാ ഈ ചേട്ടായി വിളി ഒരു സുഖമില്ല കൊച്ചെ… ജോയിച്ചൻ അത് മതി.. എന്റെ പെങ്ങന്മാർ എന്നെ അങ്ങനെ വിളിക്കാറാ പതിവ്..

നച്ചു : ആണോ… എന്നാലെന്നെ കൂടി ആ കൂട്ടത്തിലേക്ക് ദത്തു എടുത്തോ ജോയിച്ചാ…

ജോയൽ : ഡബിൾ ഓക്കേടി കാന്താരിക്കുട്ടി..

അവർ ചിരിയോടെ തിരികെ നടന്നു… മെഹ്റുവിന്റെ വീട്ടിലെ ചടങ്ങുകൾ കഴിഞ്ഞു ജോയലും കൂട്ടരും മടങ്ങി… അവരോട് യാത്ര പറഞ്ഞു വിഗ്നേഷും നച്ചുവും ഗിരിയും ഇറങ്ങി.. ഗിരിക്ക് അന്ന് തന്നെ മടങ്ങേണ്ടിയിരുന്നത് കൊണ്ട് അവനെ റെയിൽവേസ്റ്റേഷനിൽ കൊണ്ടാക്കി ട്രെയിൻ വരും വരെ അവനോടൊപ്പം ഇരുന്നു അവരും..ട്രെയിൻ എത്തി കയറാൻ നേരം ഗിരി പറഞ്ഞു..

ഗിരി : അതെ രണ്ടിനോടും കൂടിയ.. ഈ മസിലുപിടിത്തം നിർത്തിയിട്ട് എനിക്ക് ഒരു അനിന്തിരവനെയോ അനിന്തിരവളെയോ തരാൻ നോക്ക് കുരിപ്പുകളെ..

വിഗ്നേഷ് : പോടാ നാറി…

ഗിരി ചിരിയോടെ ട്രെയിനിൽ കയറി.. അവൻ കൈ വീശികാണിച്ചു വിഗ്നേഷും നച്ചുവും…
ട്രെയിൻ പോയി വിഗ്നേഷ് നച്ചുവിനെ നോക്കി… അവന്റെ നോട്ടം അവളിൽ എത്തിയതും അവൾ തിരിഞ്ഞു ഓടി ആദ്യം അമ്പരന്നു എങ്കിലും തൊട്ടു പിന്നാലെ അവനും എത്തി.. അവളോടി കാറിലേക്ക് കയറി ഇരുന്നു… അവൻ വന്നു കാറിൽ കയറി അവളോട് എന്തോ ചോദിക്കാൻ ഒരുങ്ങിയതും നച്ചു പറഞ്ഞു..

നച്ചു : എനിക്കൊന്നും ഇപ്പൊ പറയാനും ഇല്ല കേൾക്കാനുമില്ല.. വീട്ടിൽ പോണം…

വിഗ്നേഷ് : എനിക്കൊന്ന് പറയാൻ ഉണ്ട്…

നച്ചു : കേൾക്കാൻ താല്പര്യമില്ല… വണ്ടിയെടുക്ക്…

അവളുടെ പരുക്കൻ ഭാവം കണ്ടു വിഗ്നേഷ് വല്ലാതെയായി..എല്ലാം അറിഞ്ഞിട്ടും ഇവളെന്താ ഇങ്ങനെ… അവൻ വിഷമത്തോടെ വണ്ടി എടുത്തു…വീട്ടിൽ എത്തിയതും നച്ചു റൂമിലേക്ക് ഓടിക്കയറി..വിഗ്നേഷ് മുറിയിലേക്ക് ചെല്ലുമ്പോൾ അവൾ ഫ്രഷ് ആകുകയാണ്.. അവൻ കട്ടിലിൽ ഇരുന്നു.. കുറച്ചു കഴിഞ്ഞു അവൾ ഇറങ്ങി വന്നു.. ഒരു ബ്ലൂ ചുരിദാർ ആണ് വേഷം.. പുറത്തേക്ക് ഇറങ്ങി നച്ചു പറഞ്ഞു..

നച്ചു : ഒന്ന് വേഗം ഫ്രഷ് ആയി വാ..
ഇയാളുടെ വീട്ടിലേക്ക് ഒന്ന് പോകാം

വിഗ്നേഷ് : അതിനു അവിടെ ആരുമില്ല. ജോലിക്കാരെ കാണൂ..

നച്ചു : മതി റൂം ഒക്കെ ഒന്ന് ക്ലീൻ ആക്കി ഇടാൻ പറയ്..

വിഗ്നേഷ് : എന്താ അത്യാവശ്യം..

നച്ചു : പറയാനിപ്പൊ മനസില്ല.. വരുന്നേൽ വാ ഇല്ലേൽ ഞാൻ തനിച്ചു പൊക്കോളാം..

അവൻ കലിയോടെ ഫ്രഷ് ആകാൻ പോയി..
ചിരി അടക്കി അവൾ കണ്ണാടിയിലേക്ക് നോക്കി.. തലമുടി ഉണക്കി ഒരു സൈഡിൽ സ്ലൈഡ് പിൻ ചെയ്തു ബാക്കി മുടി അഴിച്ചിട്ടു.. നെറുകയിൽ സിന്ദൂരം ചാർത്താൻ എടുത്തിട്ട് അവൾ ഒരിളം ചിരിയോടെ ഇടാതെ അത് തിരികെ വച്ച് റെഡി ആയി.. താഴേക്ക് ചെന്നു എല്ലാം ഗീതുവിനോട് പറഞ്ഞു നരേഷിന്റെ ബൈക്ക് ചാവി വാങ്ങി സെറ്റിയിൽ അവനെ കാത്തിരുന്നു..അല്പം കഴിഞ്ഞു വിഗ്നേഷ് റെഡി ആയിറങ്ങി വന്നു..ഗീതുവിനോട് പറഞ്ഞിട്ട് അവൾ വിഗ്നെഷിനു നേരെ ബൈക്ക് ചാവി നീട്ടി.. ഒന്നും മനസിലാകാതെ അവൻ അത് വാങ്ങി ഗീതുവിനെ നോക്കി.. അവൾ ചിരിച്ചു കൊണ്ട് കണ്ണിറുക്കി കാട്ടി പറഞ്ഞു .

“വിഷ് യൂ ഓൾ ദി ബെസ്റ്റ് ചേട്ടാ”..

വിഗ്നേഷ് : എന്തിന്..

ഗീതു : ചുമ്മാ ഇരിക്കട്ടെന്നേ..

അവൻ അവളെനോക്കി വോൾട്ടേജ് ഇല്ലാത്ത ഒരു ചിരി ചിരിച്ചു കൊണ്ട് ബൈക്കിൽ കയറി വണ്ടി എടുത്തു.. നച്ചു ഇരുസൈഡിലും കാലുകൾ ഇട്ടുകൊണ്ട് അതിലേക്ക് കയറി ഇരുന്നു.. അവൻ വണ്ടി പുറത്തേക്ക് എടുത്തു.. ഗീതുവിന്‌ ഒരു ഫ്ലയിങ് കിസ്സും കൊടുത്തു നച്ചു റ്റാ റ്റാ കാണിച്ചു.. ചിരിയോടെ ഗീതുവും.. റോഡിലേക്ക് പോകുമ്പോൾ നച്ചു പറഞ്ഞു

നച്ചു : ടേൺ ലെഫ്റ്റ്..

വിഗ്നേഷ് : ഇത് ചുറ്റാണ്…

നച്ചു : ആയിക്കോട്ടെ..അധികം തിരക്കില്ലാത്ത റോഡാ… ഇത് മതി…

“ഇവക്ക് ഇതെന്തിന്റെ കേടാണ്… പുല്ല്.. എന്നെ അറിഞ്ഞിട്ടും എല്ലാം പറഞ്ഞിട്ടും കോപ്പിലെ ജാഡ.. ചവിട്ടി താഴേക്ക് ഇടണം”

അവൻ പിറുപിറുത്തുകൊണ്ട് വണ്ടി ആ വഴി വിട്ടു… നച്ചു ചിരിയോടെ അവനോട് ഒരല്പം കൂടി ചേർന്നിരുന്നു…ഇരു കൈയാലും അവന്റെ വയറിലൂടെ ചുറ്റിപിടിച്ചു അവന്റെ ദേഹത്തേക്ക് ചാഞ്ഞു മുഖം ചരിച്ചു മുതുകിലേക്ക് വെച്ചു കണ്ണുകൾ അടച്ചു.. ദേഹത്തിലാകെ ഒരു മിന്നൽപിണർ പാഞ്ഞത്പോലെ തോന്നി അവന് .. അവൻ കണ്ണാടിയിലൂടെ അവളെ നോക്കി.. അപ്പോഴേക്കും നച്ചുവിന്റെ ശ്വാസം അവന്റെ കാതിൽ തട്ടി

നച്ചു : നിന്നോടുള്ള പ്രണയത്തിലാണ് ഇപ്പോളെന്റെ പ്രാണൻ മിടിക്കുന്നത്… എനിക്ക് ഇഷ്ടമാണ് എന്നെക്കാളേറെ…ഐ ലവ് യൂ വിഗ്‌നേഷേട്ടാ

അവൻ വണ്ടി ചവിട്ടി നിർത്തി.. അവളെ തിരിഞ്ഞു നോക്കി..ചോദിച്ചു..

വിഗ്നേഷ് : എന്താ നീയിപ്പോ പറഞ്ഞെ

നച്ചു അവനെ ഒന്നുകൂടി മുറുകെ പുണർന്നു പറഞ്ഞു..

നച്ചു : ഐ ലവ് യൂ… എന്ന്…. വണ്ടി എടുക്ക് ചെക്കാ.. എന്നെ ഞാൻ തരുവാ ചെക്കാ ഇയാൾക്ക്…

അവനിൽ ഒരു ചിരി ഉണ്ടായി.. അവൻ വണ്ടി എടുത്തു… അല്പം കൂടി പോയപ്പോൾ നച്ചു തലയുയർത്തി അവനെ നോക്കി…അവന്റെ ചുണ്ടിലെ ചിരി അവളിലേക്കും പടർന്നു… വീട് എത്തി രണ്ടാളും അകത്തേക്ക് കയറി..
ജോലിക്കാരോട് ഭക്ഷണം ഉണ്ടാക്കി വെക്കണം എന്ന് പറഞ്ഞിട്ട് മുറിയിലേക്ക് പോയ അവൾക്ക് പിന്നാലെ ചെന്നു അവൻ..

കണ്ണാടിക്ക് എതിരെ നിൽക്കുന്ന അവൾക്ക് അരികിലേക്ക് ചെന്ന് അവളുടെ ചുമലിൽ പിടിച്ചു അവൻ.. അവൾ അവനു നേരെ തിരിഞ്ഞു…ഇടതു വശത്തിരുന്ന സിന്ദൂരച്ചെപ്പ് അവനു നേരെ നീട്ടി.. വിഗ്നേഷ് പുഞ്ചിരിയോടെ അതിൽനിന്നും ഒരുനുള്ള് സിന്ദൂരം എടുത്തു ആ നെറുകയിലേക്ക് ചാർത്തി.. അവൾ കണ്ണുകൾ അടച്ചു നിന്നു… അവൻ സിന്ദൂരം ഇട്ടുകൊടുത്തു മാറിയതും നച്ചു കണ്ണുകൾ തുറന്നു മുറുകെ പിടിച്ചിരുന്ന അവളുടെ വലതു ഉള്ളം കൈ കാണിച്ചു പറഞ്ഞു

നച്ചു : ഇത് വിഗ്‌നേഷേട്ടന്…

അവൻ ആ കയ്യിലേക്ക് നോക്കി.. പണ്ട് നഷ്ടമായിപോയ അവന്റെ ലക്കി ചെയിൻ..

വിഗ്നേഷ് : ഇത് സൂക്ഷിച്ചു വെച്ചിരുന്നോ…

നച്ചു : മ്മ്മ് എന്നേലും ഇതും തിരക്കിവന്ന ഇതിനുടമയെ കണ്ടുമുട്ടിയാലോ എന്ന് കരുതി.. പക്ഷെ അതിങ്ങനെ ആകുമെന്ന് കരുതീല..

വിഗ്നേഷ് : അങ്ങനെ എങ്കിൽ എനിക്കും ഉണ്ട് തരാൻ..

അവൾ അത് അവന്റെ കയ്യിൽ ഇട്ടുകൊടുത്തു.. അവൻ ചിരിയോടെ തിരിഞ്ഞു കബോർഡ് തുറന്നു ഡ്രെസ്സുകൾക്ക് ഏറ്റവും അടിയിൽ തപ്പി ഒരു ചെറിയ കവർ എടുത്തു തുറന്നു അതിൽ നിന്നും അവളുടെ അന്ന് നഷ്‌ടമായ ആ സ്കാർഫ്….അത് എടുത്തു അവൾക്ക് അരികിലേക്ക് വന്നു…

അവൻ അത് നീട്ടി അവളുടെ മുഖത്തേക്ക് പാതിമറച്ചു കെട്ടി…നച്ചു കണ്ണുകൾ അടച്ചു നിന്നു.. കെട്ടിക്കഴിഞ്ഞു അവൻ മാറിയതും അവൾ കണ്ണുകൾ തുറന്നവനെ ഒരു നോട്ടം നോക്കി… തന്റെ നെഞ്ചിടിപ്പ് നിലച്ചുവെന്നു തോന്നി അവനു ആ നോട്ടം കണ്ടപ്പോൾ.. അവൻ അവൾക്ക് അരികിലേക്ക് അടുത്തു.. നച്ചു പിന്നിലേക്ക് നടന്നു ഭിത്തിയിൽ തട്ടിനിന്നു… അവൻ അവളുടെ മുഖം പിടിച്ചുയർത്തി..

വിഗ്നേഷ് : ഒരുപാട് തേടിയലഞ്ഞതാ ഈ മുഖം… അരികിൽ ഉണ്ടായിട്ടും തിരിച്ചറിഞ്ഞില്ല നിന്നെ…ഒരിക്കൽ നിന്നെ തേടിയലഞ്ഞ ഈ മുഖമറിയാ ചങ്ങാതി ഇപ്പൊ സ്വന്തമാക്കിക്കോട്ടെ ഈ വായാടിപ്പെണ്ണിനെ…

നച്ചു ഒരു പിടച്ചിലോടെ അവനെ നോക്കി.. അവൻ അവളുടെ നെറുകയിലേക്ക് ചുണ്ടു ചേർത്തു…നച്ചു കണ്ണുകൾ അടച്ചു നിന്നു.. അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലേക്ക് അടുപ്പിച്ചു കൊണ്ട് ആ സ്കാർഫ് കടിച്ചു വലിച്ചു താഴേക്ക് വീഴ്ത്തി… നച്ചു അവന്റെ കയ്യിലേക്ക് അള്ളിപ്പിടിച്ചു.. അവളുടെ ഇടുപ്പിൽ കൂടി കൈചുറ്റി അവളെ വലിച്ചു അവനിലേക്ക് അടുപ്പിച്ചു വിഗ്നേഷ്.. അവൾ അവളിൽ എഴുതിയ അവന്റെ പേരിലേക്ക് അവന്റെ മുഖം അമർന്നു… അവളുമായി കിടക്കയിലേക്ക് വീഴുമ്പോൾ ആ കാതിലായി അവൻ പറഞ്ഞു ..

ഡി ഞാൻ ഈ ബ്ലാക്ക് സ്പോട്ട് എന്റേതാക്കുവാ…നിന്നേം..നിന്റെ മൗനാനുവാദത്തോടെ.. ലവ് യൂ നക്ഷ…നീ എഴുതിയ വരികളിലെ പ്രണയം ഇനി ഞാൻ ആണ്…

അവൾ ഒന്ന് പിടഞ്ഞു കൊണ്ട് അവനിലേക്ക് പറ്റി ചേർന്നു കിടന്നു…അവന്റെ പെണ്ണിനെ അവന്റേതാക്കികൊണ്ട് അവൾക്കരികിലായി അവളെ ചുറ്റിപിടിച്ചു കിടന്നു വിഗ്നേഷ് ..
ആ രാവ് പുലരുമ്പോൾ നച്ചു അവന്റെ നെഞ്ചിലെ ചൂടിൽ അവന്റെ പെണ്ണായി ഉറങ്ങി ഉണർന്നു…ഇനിയങ്ങോട്ട് എന്നും വിനോയുടെ മാത്രം നച്ചുവായി,..ഈ വെള്ളരിക്ക കൃഷ്‌ണന്റെ സ്വന്തം ചട്ടമ്പിക്കല്യാണി ആയി ജീവിക്കാൻ…
കുറുമ്പിലും കുസൃതിയിലും ഒരുമിച്ചൊരു ലോകം കെട്ടിപ്പടുക്കാനായി….

അവസാനിച്ചു….

മാംഗ്യല്യം തന്തുനാനേന മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.9/5 - (35 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “മാംഗ്യല്യം തന്തുനാനേന – 27”

Leave a Reply

Don`t copy text!