Skip to content

പ്രണയിനി – ഭാഗം 18

malayalam pranaya novel

നിങ്ങൾ പറഞ്ഞു വരുന്നത്…” ബാലന്റെ ശബ്ദം ഉറച്ചു..

“ബാല…എന്റെ മകൾ ദേവികയും ദത്തനും…”

“അതു നടക്കില്ല സാർ”അശോകിനെ പറഞ്ഞു മുഴുവിപ്പിക്കാൻ സമ്മതിക്കാതെ ബാലൻ തടഞ്ഞു.

“അങ്ങനെ ഉറപ്പിച്ചു ഒരു തീരുമാനം പറയാൻ വരട്ടെ ബാല”

“കാശിയും ദുർഗയും തമ്മിലുള്ള കാര്യത്തിൽ വേണമെങ്കിൽ നമുക്ക് ഒരു തീരുമാനം ആക്കാം. ദത്തന്റെ കാര്യം മറന്നേക്കൂ” ബാലൻ തറപ്പിച്ചു തന്നെ പറഞ്ഞു.

“നമ്മൾ വിചാരിക്കുന്നതുപോലെ അല്ല കുട്ടികളുടെ സ്നേഹബന്ധം…. പലപ്പോഴും അവർ അതിരു കടന്നു കഴിഞ്ഞിരിക്കുന്നു…. അതുകൊണ്ടു ബാലൻ കുറച്ചു ഒന്നു അഴയുന്നതാ നല്ലതു… നിങ്ങളുടെ മകളുടെ ഭാവി” അശോകിന്റെ വാക്കുകളിൽ ഒരു ചെറിയ ഭീഷണിയുടെ സ്വരമുതിർന്നു.

ദേവ ദത്തൻ ദേഷ്യം കൊണ്ടു കണ്ണൊക്കെ ചുവന്നു… ദുർഗ പേടിച്ചു…എങ്കിലും ഒരു പ്രതീക്ഷ എന്നോണം കാശിയെ നോക്കി… അവന്റെ നിസ്സംഗമായ ഇരുപ്പ് അവളിൽ അമ്പരപ്പ് ഉണ്ടാക്കി..

“അവരുടെ സ്നേഹ ബന്ധം ഒരു തെറ്റവാതെ ഇരിക്കണമെങ്കിൽ കാശി ദുർഗയുടെ കഴുത്തിൽ താലി കെട്ടുക തന്നെ വേണം…ബാലന് ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിൽ ആയല്ലോ” ബാലനെ രൂക്ഷമായി നോക്കിയിട്ട് അശോക് എണീറ്റു…

“തീരുമാനം അറിയിച്ചാൽ മതി…”

“സാർ…” ആ വിളി കേട്ടു പോകാൻ നിന്ന അശോക് തിരിഞ്ഞു നിന്നു…എല്ലാവരുടെയും കണ്ണുകൾ ദുർഗയിൽ നീണ്ടു.

“ഞാൻ കാശിയേട്ടനെ സ്നേഹിച്ചിരുന്നു…ഇപ്പോഴും സ്നേഹിക്കുന്നു… അതിനു എന്റെ ഏട്ടനെ കാശിയേട്ടന്റെ സഹോദരിയെ കൊണ്ടു കല്യാണം കഴിപ്പിക്കാം എന്നൊരു ഉടമ്പടി ഇല്ലായിരുന്നു ഞങ്ങൾ തമ്മിൽ. എന്റെ ഏട്ടനു ഒരു ഇഷ്ടമുണ്ട്… വളരെ നാളുകൾ മുന്നേ വീട്ടുകാരെല്ലാം അതു സമ്മദിച്ചതും ആണ്… കാശിയേട്ടനും അതിനെ കുറിച്ചു അറിയാം എന്നാണ് എന്റെ വിശ്വാസം… അതുകൊണ്ടു എന്റെ പേരിൽ ഒരു വിലപേശൽ വേണ്ട സാർ… ” ദുർഗ കൈ കൂപ്പി കൊണ്ട് വിതുമ്പലിൽ അത്രയും പറഞ്ഞൊപ്പിച്ചു…

കാശിയുടെ നേർക്കു തിരിഞ്ഞു ദുർഗ പറഞ്ഞു… “ഏട്ടൻ പറഞ്ഞിരുന്നു കാശിനാഥ്‌നു വാക്കു ഒന്നേയുള്ളൂ എന്നു… ഞാൻ ഇപ്പോഴും ആ വാക്കിൽ വിശ്വസിക്കുന്നു…എന്റെ കഴുത്തിൽ താലി കെട്ടുമെന്നു”

കാശി അവളെ തന്നെ നോക്കി…അവന്റെ കണ്ണുകൾ നിറയുന്നത് അവൾ കണ്ടു…
“കാശി…നീ…വാ”അശോക് മകന്റെ കൈ പിടിച്ചു പുറത്തേക്കു നടന്നു.

അടക്കിപ്പിടിച്ച തേങ്ങലോടെ ദുർഗ തന്റെ മുറിയിലേക്ക് ഓടി… ദേവ ദത്തനും ബാലനും അവിടെ തന്നെ തറഞ്ഞു നിന്നുപോയി…. അശോക് പറഞ്ഞതിന്റെ പൊരുൾ മനസ്സിലായെന്ന വണ്ണം… കുറച്ചു സമയം കഴിഞ്ഞു ദേവ ദത്തൻ ദുർഗയുടെ അടുത്തേക്ക് ചെന്നു… അവൾ കട്ടിലിന്റെ താഴെ മുട്ടുകാലിൽ മുഖം അമർത്തി അപ്പോഴും കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.

“ദുർഗാ…” അവന്റെ തറപ്പിച്ചുള്ള വിളിയിൽ അവൾ ഞെട്ടി എഴുനേറ്റു… ഏട്ടനെ നേരിടാൻ കഴിയാതെ അവൾ മുഖം കുനിച്ചു നിന്നു..

“ഇത്രയൊക്കെ ചെയ്തു വച്ചതും പോരാ…. അവളുടെ ഒരു നിൽപ്പ്… അവളുടെ മുഖത്തേക്ക് ആഞ്ഞടിക്കാൻ കൈ ഓങ്ങിയ അവൻ അവളുടെ കരഞ്ഞു കലങ്ങിയ മിഴികൾ കണ്ടു കൈകൾ താഴ്ത്തി….ഒരു നിമിഷം അവന്റെ മനസ്സിൽ കഴിഞ്ഞുപോയ നിമിഷങ്ങൾ ഓടി വന്നു….. തന്റെ ഇഷ്ടത്തെക്കാൾ ഏട്ടന്റെ ഇഷ്ടത്തിന് വേണ്ടിയാണ് അവൾ സംസാരിച്ചത്.
“എന്നോട് ക്ഷമിക്കണം…. വാക്കുകൾ തൊണ്ടയിൽ കുടുങ്ങി അവൾ പറഞ്ഞു…വിമ്മി പൊട്ടി കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ വീണു…എന്തു പറഞ്ഞു അവളെ അശ്വസിപ്പിക്കും എന്നറിയാതെ… അവളുടെ മുടിയിൽ തലോടി കൊണ്ടിരുന്നു…

“കാശി നെറികേട് കാണിക്കില്ല മോളെ… എനിക്ക് ഉറപ്പുണ്ട്…. ഞാൻ അറിയുന്ന കാശി അങ്ങനെ ഒരാള് അല്ല… പക്ഷെ അവന്റെ അച്ഛന് എന്തൊക്കെയോ കണക്കു കൂട്ടലുകൾ ഉണ്ട്” ദേവ ദത്തന്റെ വാക്കുകളിൽ ദേഷ്യം കലർന്നിരുന്നു..

“എനിക്കും അറിയാം ഏട്ടാ… എനിക്കും വിശ്വാസം ആണ് കാശിയേട്ടനെ…”

ദേവ ദത്തൻ അവളെ സമാധാനിപ്പിച്ചു തിരിഞ്ഞു നടന്നു…”ഏട്ടാ..” അവളുടെ പിൻവിളി അവനെ നിർത്തി… തിരിഞ്ഞു ദുർഗയെ നോക്കി.

“അമ്മയും ഭദ്രയും ഒന്നുമറിയില്ല..പേടിക്കേണ്ട” ദുർഗയെ നോക്കി ചിരിക്കാൻ ശ്രമിച്ചു കൊണ്ടു പറഞ്ഞു അവൻ പുറത്തേക്കു നടന്നു… ഒരു സഹോദരന്റെ എല്ലാ വ്യാകുലതകളും നെഞ്ചിൽ ഒളിപ്പിച്ചുകൊണ്ടു.

ദുർഗയെ പിന്നെ എല്ലാവരും മൂടി കെട്ടിയ മുഖ ഭാവത്തോടെ മാത്രേ കാണാൻ സാധിച്ചുള്ളൂ… അമ്മയും ഭദ്രയും പലവട്ടം ചോദിച്ചിട്ടും അവൾ ഒന്നും തന്നെ പറഞ്ഞില്ല… ദേവ ദത്തനും ഇരുണ്ടു മൂടിയതുപോലെ … അവന്റെ ദേഷ്യം കണ്ടു ആരും ഒന്നും ചോദിക്കാൻ പോയില്ല… ബാലനും സങ്കടപ്പെട്ടു കണ്ടു.. മൂവരും തുറന്നു സംസാരിക്കാതെ… ഇരുൾ വന്നു മൂടി കെട്ടിയ ഒരു അവസ്ഥ…

കാശി ഇന്നും ഫോൺ എടുക്കുന്നില്ല… ദുർഗ ആലോചിച്ചു.. അവസാനം വിളിച്ചപ്പോഴും പറഞ്ഞതു ദത്തൻ ദേവികയെ കല്യാണം കഴിക്കാൻ തയ്യാറാകണം എന്നു മാത്രം ആയിരുന്നു. കാശിയേട്ടനും…

പിന്നെയും ദിവസങ്ങൾ കൊഴിഞ്ഞു… പിന്നീട് കാശിയെ വിളിക്കാൻ ദുർഗ ശ്രമിച്ചില്ല…. അവളുടെ മൂകത എല്ലാവരെയും ഒരുപോലെ വിഷമിപ്പിച്ചു…

ഒരു ദിവസം ജോലി കഴിഞ്ഞു വന്ന ദത്തൻ കാണുന്നത് ചിരിച്ച മുഖത്തോടെ നിൽക്കുന്ന ദുർഗയെ ആയിരുന്നു… ഒരു വേള അവനും അതിശയിച്ചുപോയി… ചിലപ്പോ കാശി വന്നു വിവാഹത്തിന് സമ്മദിച്ചിരികണം.. അതായിരിക്കാം ഈ സന്തോഷത്തിനു കാരണമെന്ന് അവൻ ഊഹിച്ചു.

അന്ന് മുഴുവൻ ദുർഗ വളരെ സന്തോഷവതിയാണെന്നു അമ്മയും പറഞ്ഞു അറിഞ്ഞു. രാത്രിയിൽ അവർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു…പഴയതു പോലെ ചിരിച്ചു കളിച്ചു…കളിയാക്കി…

ഉറങ്ങാൻ കിടന്നിട്ടും ദേവ ദത്തനു മനസിന്റെ ഒരു കോണിൽ വല്ലാത്ത ഭാരം പോലെ…ദുർഗയുടെ ഈ മാറ്റത്തിന് പിന്നിലുള്ള കാരണം അവൾ പറഞ്ഞില്ല…കല്യാണത്തിന് സമ്മദിച്ചിരുനെങ്കിൽ അതു ആദ്യം പറയുമായിരുന്നു അവൾ..പിന്നെ… കിടന്നാൽ ഉറക്കം വരില്ലെന്ന് തോന്നി… അവൻ എഴുനേറ്റു ദുർഗയുടെ അടുത്തേക്ക് ചെന്നു.

വാതിലിൽ കൊട്ടി… പല വട്ടം കൊട്ടി… അതിനു ശേഷം ആയിരുന്നു വാതിൽ തുറന്നത്. അപ്പോകണ്ട അവളുടെ ഭാവം അവനെ പേടി പെടുത്തി. തൊട്ടു മുൻപ് വരെ കണ്ട സന്തോഷം എവിടേക്കോ പോയി മറഞ്ഞിരുന്നു. മുടിയെല്ലാം അഴിച്ചു…കരഞ്ഞു കലങ്ങിയ മിഴികളും… എന്തോ മനസ്സിൽ തീരുമാനിച്ച ഒരു ഭാവം… അതു മാത്രം അവനു മനസിലായി. അവൻ അവളെ വക വയ്ക്കാതെ അകത്തേക്ക് കടന്നു. ചുറ്റും കണ്ണോടിച്ചപ്പോൾ കണ്ടത് ടേബിളിൽ ഒരു കടലാസിൽ കുന്നു കൂട്ടി വച്ചിരിക്കുന്ന ടാബ്ലറ്റ്‌സ്… അവനു കാര്യം മനസ്സിലായി. വാതിൽ കുറ്റിയിട്ടു. അരിശത്തോടെ ഇതുവരെയുള്ള അടക്കി വച്ചിരുന്ന എല്ലാ ദേഷ്യവും സങ്കടവും അവനുള്ളിൽ നിന്നും പുറത്തേക്ക് വന്നു.

അവളുടെ ഒരുകവിളിൽ ആഞ്ഞു തല്ലി. ആദ്യ അടിയിൽ തന്നെ അവൾ വീണു പോയിരുന്നു. പിന്നെയും എഴുന്നേൽപ്പിച്ചു രണ്ടു കവിളിലും മാറി മാറി തല്ലി… ദേഷ്യം തീരും വരെ… അവൾ കൊണ്ടു നിന്നത് അല്ലാതെ ഒരു തുള്ളി കണ്ണുനീർ വന്നില്ല… അവളൊന്നു വേദനിച്ചു പോലും കരഞ്ഞില്ല…അതവനെ കൂടുതൽ ദേഷ്യപ്പെടുത്തി…. പിന്നെയും പിന്നെയും തല്ലുകയും… തള്ളി ഇടുകയുമൊക്കെ ചെയ്തു… ഒടുവിൽ…അവൻ കരച്ചിലിന്റെ വക്കിൽ എത്തി… അവളുടെ മുടിയിൽ ശക്തമായി കുത്തി പിടിച്ചു കൊണ്ട് ചോദിച്ചു… “എന്തിനാ മോളെ… ഇതിനു വേണ്ടിയാണോ ഇന്ന് മുഴുവൻ സന്തോഷം അഭിനയിച്ചത്…” ചോദിച്ചു കഴിയുമ്പോൾക്കും അവനും കരഞ്ഞു പോയിരുന്നു.

ദുർഗ അവന്റെ നെഞ്ചിൽ വീണു പൊട്ടി കരഞ്ഞു… ഷർട്ട് കൂട്ടി പിടിച്ചു നിലവിളിക്കുകയായിരുന്നു അവൾ… വാക്കുകൾ മുറിഞ്ഞു പോകുന്നു അവളുടെ കരച്ചിലിന്റെ ആധിക്യത്തിൽ.. പതം പറഞ്ഞുള്ള അവളുടെ കരച്ചിലിൽ ഒന്നും മനസ്സിലായില്ല അവൾ പറയുന്നത്…അവൻ അവളുടെ മുടി ഇഴകൾ തലോടി കൊണ്ടിരുന്നു… തേങ്ങലുകൾ മാത്രമായ അവസ്ഥയിൽ അവൻ ഒന്നുകൂടി ചേർത്തു കൊണ്ടു പറഞ്ഞു…

“ഏട്ടൻ ഉണ്ട് മോൾക്ക്‌…. എന്താണെങ്കിലും പറഞ്ഞോ… അവനെ പെട്ടന്ന് മറക്കാൻ കഴിയില്ല എന്നറിയാം…മറക്കണം …കുറച്ചു താമസം എടുക്കും…എത്ര സമയം വേണമെങ്കിലും മോളെടുത്തോ… അതുവരെ ..മോളുടെ മനസ്സു ശാന്തമാകുന്ന വരെ ഏട്ടൻ മോളെ മറ്റൊന്നിനും വേണ്ടിയും നിർബന്ധിക്കില്ല…”

അവൾ അവന്റെ നെഞ്ചിൽ പിടിച്ചു താഴേക്കു ഊർന്നു കൊണ്ടു കാലുകളിൽ വീണു …. ഇരു കാലുകളിലും പിടിച്ചു ഇരുന്നു… “ഒരിക്കലും മറക്കാൻ കഴിയാത്തതു പോലെ… ഒരു വലിയ തെറ്റു ആയി എന്റെ ജീവന്റെ ഭാഗമായി മാറി… ഏട്ടാ….ഞാൻ…ഞാൻ..”

എന്തു ചെയ്യണം എന്നറിയാതെ അവൻ തറഞ്ഞു നിന്നു പോയി… ഇനി തന്റെ സഹോദരിക്ക് ഒരു ജീവിതമില്ല…. ആളുകളുടെ മുഖത്തേക്ക് എങ്ങനെ നോക്കും… എങ്ങനെ ഇതിനൊരു പരിഹാരം കാണും.. ഭൂമി പിളർന്നു പോയെങ്കിൽ എന്നു വരെ തോന്നിച്ചു ദേവ ദത്തനു.

“ഒരു നിമിഷം…ഒരു നിമിഷം ഞാൻ സ്വാർത്ഥയായി പോയി… എനിക്ക് വേണ്ടി…. എനിക്ക് വേണ്ടി ഏട്ടന്റെ ജീവിതം ആണ് ഞാൻ ചോദിക്കുന്നത്… ” അവൾ കരച്ചിലോടെ തന്നെ പറഞ്ഞു…അവളുടെ കണ്ണുനീർ അവന്റെ പാദം മുതൽ ശരീരം മുഴുവൻ ചുട്ടു പൊള്ളിക്കും പോലെ തോന്നിപ്പിച്ചു.

“മോളെ നീ…” അവനും കരഞ്ഞു പോയിരുന്നു. അവൾ തൊഴുകയ്യോടെ നിന്നു അവന്റെ മുന്നിൽ കരഞ്ഞു… അവനു വാക്കുകൾ കിട്ടുന്നില്ല.. എങ്കിലും കണ്ണുനീർ ഒഴുകുന്നു… അവന്റെ മനസ്സിൽ ഒരു നാമം മാത്രം അവൻ മന്ത്രിച്ചു കൊണ്ടിരുന്നു…”എന്റെ നന്ദുട്ടൻ”

എന്റെ ജീവിതം ആണ് അവൾ ചോദിക്കുന്നത്… ചങ്കു പറയും പോലെ വേദന… തൊണ്ട കുഴിയിൽ ശ്വാസം മുട്ടിച്ചു…ആ വേദന പുറത്തേക്കു വരുന്നത് കണ്ണീർ തുള്ളികൾ ആയാണ്…. ഒരാൾക്കും വിട്ടു കൊടുക്കാതെ ഞാൻ സൂക്ഷിച്ച എന്റെ സ്വകാര്യ അഹങ്കാരം ആണ് എന്റെ നന്ദുട്ടൻ…അവളെ…അവളെ മറന്നൊരിക്കലും എനിക്ക് ജീവിക്കാൻ കഴിയില്ല. എന്നെ മാത്രം വിശ്വസിച്ചു എന്നെ കാത്തിരിക്കുന്ന അവളോട്‌ ഞാൻ എന്താ പറയ..

ദുർഗയോട് ഒന്നും പറയാൻ ആകാതെ നെഞ്ചു വിമ്മി നിന്നു… അവളെ ദയനീയമായി കുറച്ചു സമയം നോക്കി നിന്നു അവളുടെ മുറിയിൽ നിന്നു ഇറങ്ങി…

“ഏട്ടന്റെ നെഞ്ചു പൊടിയുന്നത് ഞാൻ അറിയുന്നുണ്ട്… എന്നോട് ക്ഷമിക്കണം ഏട്ടാ… ഇപ്പൊ ഞാൻ അതു കണ്ടില്ല എന്നു വയ്ക്കുകയാണ്…സ്വാർത്ഥ യാണ് ഞാൻ.. അവൾ പതുകെ അവളുടെ വയറിൽ തലോടി നിന്നു.

ദേവ ദത്തൻ മുറിയിൽ ചെന്നു കട്ടിലിൽ ഇരുന്നു. എന്ത്‌ ചെയ്യും… എന്താണ് ഇതിനൊരു പരിഹാരം. പല വഴിയിലും അവൻ ആലോചിച്ചു. അവനും ഒരു നിമിഷം സ്വർഥൻ ആയി തന്നെ ചിന്തിച്ചു… പക്ഷെ സഹോദരോടുള്ള സ്നേഹം അവന്റെ കണ്ണുകളെ ഈറൻ അണിയിച്ചു.

വാതിലിൽ ആളനക്കം കേട്ടു കൊണ്ടാണ് ദേവ ദത്തൻ തിരിഞ്ഞു നോക്കിയത്. “അച്ഛൻ ഉറങ്ങിയില്ലേ ”

“ഉറങ്ങാതെ ഇരുന്നത് കൊണ്ടു പലതും കണ്ടു… കേട്ടു ” അച്ഛന്റെ മിഴികളും കലങ്ങി ഇരിക്കുന്നു.

അച്ഛൻ എല്ലാം അറിഞ്ഞിരിക്കുന്നു. ദത്തൻ മുഖം താഴ്ത്തി.

അച്ഛൻ അവന്റെ അടുത്തു ചെന്നു നിന്നു … കൈകൾ കൂപ്പി കൊണ്ടു പറഞ്ഞു.

“അവളെ എനിക്ക് വേണം മോനെ…. അച്ഛൻ മോന്റെ കാലു പിടിച്ചു പറയുകയ… മോൻ… മോൻ കല്യാണത്തിന് സമ്മതിക്കണം…”ആ വൃദ്ധന്റെ വാക്കുകൾ മുറിഞ്ഞു പോയിരുന്നു. മകനോട് പറയാനുള്ള ത്രാണി ഇല്ലായിരുന്നു.

“സ്വന്തം അല്ലാത്ത സഹോദരിക്ക് വേണ്ടി ത്യാഗം ചെയ്യാൻ മോന്റെ മനസ്സു അനുവദിക്കില്ല എന്നുണ്ടോ…അവൾ…”

“അച്ഛാ…”ദേവ ദത്തന്റെ ശബ്ദം വല്ലാതെ ഉച്ചത്തിൽ ഉയർന്നു.

“അവൾ നമ്മുടെ സ്വന്തം അല്ല എന്നൊരു വാക്കു ഒരിക്കൽ കൂടി അച്ഛന്റെ വായിൽ നിന്നും വീഴരുത്” ഒരു താക്കീതോടെ അവൻ പറയുമ്പോഴും ശബ്ദം സങ്കടത്താൽ വിറങ്ങലിച്ചു…

“അച്ഛന്റെ ഉറ്റ സുഹൃത്തിന്റെ മകൾ ആണ്… ജനിച്ചു കുറച്ചു കഴിഞ്ഞപ്പോൾ അനാഥ ആയവൾ… പക്ഷെ അവളെ നമ്മുടെ വീടിന്റെ പടി കടന്നു കൊണ്ടു വന്നതിനു ശേഷം അവൾ അനാഥയല്ല…എന്റെ ഭദ്രയെ പോലെ…ചിലപ്പോൾ അതിനേക്കാൾ അധികം ആണ് ഞാൻ അവളെ സ്നേഹിച്ചിരുന്നത്… ഇപ്പോഴും സ്നേഹിക്കുന്നതും… ഇതിനെ കുറിച്ചു അച്ഛൻ ഇനി സംസാരിക്കരുത്… ഞാൻ ചെയ്യുന്നത് ത്യാഗം ഒന്നുമല്ല… ഒരനിയതിയുടെ ജീവിതത്തിനു വേണ്ടി ഏതൊരു സഹോദരനും ചെയുന്ന കാര്യം…എനിക്ക് സമ്മതം ആണ് കല്യാണത്തിന്…. അശോക് നമ്പ്യാരെ ഞാൻ നേരിട്ടു അറിയിച്ചു കൊള്ളാം…. നാളെ തന്നെ ഞാൻ ഡൽഹിയിൽ പോകും…അതിനു മുന്നേ ശിവനെ ഒന്നു കാണണം” അവന്റെ വാക്കുകൾ ദൃഢമായിരുന്നു.

അടക്കി പിടിച്ച തേങ്ങലുകൾ കേട്ടു ദേവ ദത്തൻ തിരിഞ്ഞു നോക്കുമ്പോൾ ദുർഗ… എല്ലാം കേട്ടു കൊണ്ടു…

അവൾ ഓടി വന്നു അവരുടെ കാൽക്കൽ വീണു കരഞ്ഞു

“മോളെ…എന്താ കാണിക്കുന്നത്” അച്ഛനും അവനും അവളെ വളരെ പണി പെട്ടു എഴുനേല്പിക്കാൻ ശ്രമിച്ചു…

“ഞാൻ നിങ്ങളുടെ ആരുമല്ലേ… അങ്ങനെ പറയല്ലേ ഏട്ടാ..എനിക്…എനിക് സഹിക്കാൻ പറ്റുന്നില്ല…എനിക്ക് ഒന്നും വേണ്ട..കല്യാണോം ജീവിതോം ഒന്നും വേണ്ട… എനിക് ഇവിടെ ഈ ഏട്ടന്റെ അനിയത്തി ആയി ഇരുന്നാൽ മതി.. അച്ഛന്റെ മോളായി ഇരുന്നാൽ മതി…” അവൾ പൊട്ടി കരഞ്ഞുകൊണ്ട് ദേവ ദത്തന്റെ നെഞ്ചിൽ വീണു കരഞ്ഞു…

“എന്നെ ഇത്രയും സ്നേഹിച്ചിട്ടു ഞാൻ തിരിച്ചു തന്നത് എത്ര വലിയ അപമാനം ആണ് … എന്തൊരു പാപിയ ഞാൻ…സ്വന്തം രക്തത്തോടുള്ള സ്നേഹത്തെക്കാൾ എന്നെ സ്നേഹിച്ച ഈ ഏട്ടന്റെ ജീവിതം ആണല്ലോ ഞാൻ ചോദിച്ചത്… എന്നോട് പൊറുക്കണേ ഏട്ടാ… ഏട്ടാ … ഏട്ടൻ എന്തു തീരുമാനിച്ചാലും ഞാൻ അനുസരിക്കും…എനിക്ക് എന്നും ഏട്ടന്റെ അനിയത്തി ആയി ഇരുന്നാൽ മതി…വേറൊന്നും വേണ്ട…എന്റെ ജന്മ രഹസ്യം പോലും…ഞാൻ നിങ്ങളുടെ സ്വന്തം അല്ലെന്നു മാത്രം പറയല്ലേ ഏട്ടാ… അതു മാത്രം എനിക്ക് സഹിക്കില്ല..” കരച്ചിലിനിടയിലും അവൾ പറഞ്ഞൊപ്പിച്ചു.. ദേവ ദത്തൻ അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു… “നീ ഈ ഏട്ടന്റെ കുസൃതി തന്നെയാ… എന്നും … ഇനി ഒരിക്കലും സ്വന്തം അല്ല എന്നൊരു വാക്കു പുറത്തേക്കു വരരുത്… മനസ്സിൽ പോലും ചിന്തിക്കരുത്… സമാധാനമായി ഇരിക്ക്.. എനിക് എല്ലാത്തിലും വലുത് എന്റെ മോളുടെ ജീവിതം തന്നെയാ… മോളു വാ… എനിക്കറിയാം എന്തിനാ നീ പിന്നെയും വന്നതെന്ന്… അച്ഛൻ പോയി കിടന്നോളൂ… ” ബാലൻ ചിരിച്ചുകൊണ്ട് മുറി വിട്ടു ഇറങ്ങി…ആ ചിരിയിലും സ്വന്തം മകന്റെ സ്വപ്നങ്ങൾ എരിഞ്ഞടങ്ങിയ ഒരു അച്ഛന്റെ എല്ലാ വ്യാധിയും ഉണ്ടായിരുന്നു…

ദുർഗ ദത്തന്റെ മടിയിൽ കിടന്നു… കുറെ കരഞ്ഞു… പെട്ടന്ന് മിഴികൾ ഉയർത്തി അവനെ നോക്കി…”എന്താ മോളെ” ദത്തൻ അലിവോടെ ചോദിച്ചു…”എനിക്ക് മാത്രമാണോ ഈ രഹസ്യം അറിയാതെ പോയത്” വിതുമ്പി കൊണ്ടിരുന്നു അവൾ

“നിനക്കൊഴികെ പിന്നെ എല്ലാവർക്കും അറിയാം…എല്ലാവർക്കും” ദത്തൻ പറയുന്നത് കേട്ടു കണ്ണുനീർ ഈറനോടെ തല ചായ്ച്ചു കിടന്നു…അവൻ അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു…എപ്പോഴോ അവൾ മയക്കത്തിൽ വീണു പോയി… അവളെ നോക്കി ഉറച്ച ഒരു തീരുമാനം എടുത്തു കഴിഞ്ഞിരുന്നു അവൻ….”എന്നോട് ക്ഷമിക്കണം നന്ദുട്ട”

പിന്നീട് എല്ലാം വേഗത്തിൽ ആയിരുന്നു…. ദുർഗയുടെ വാക്കുകൾ ഭൂതകാലത്തിൽ നിന്നും അവരെ എല്ലാവരെയും കൊണ്ടു വന്നു. ഡൽഹിയിൽ വച്ചു ആയിരുന്നു കല്യാണം ഉറപ്പിച്ചത്… ആ സമയം ഏട്ടൻ ദേവു ഏടത്തിയെ ഒന്നു കണ്ടതുപോലും ഇല്ലായിരുന്നു.

“അന്ന് അവസാനമായി നിങ്ങളെ ഞാൻ കണ്ടത് കല്യാണം ഉറപ്പിച്ചു മടങ്ങുമ്പോൾ ആയിരുന്നു. അന്ന് ഒരായിരം തവണ നിന്റെ കാലുകളിൽ വീണു മാപ്പിരന്നിരുന്നു ഞാൻ എന്റെ മനസ്സിൽ” കാശി നന്ദുവിന്റെ കൈകളില് പിടിച്ചു കൊണ്ട് പറഞ്ഞു…രണ്ടു തുള്ളി കണ്ണുനീർ അവളുടെ കൈകളിൽ വീണു.

കിച്ചു ദുർഗയുടെ തോളിൽ പിടിച്ചു “മോളെ നിന്നോട് ഞാൻ അന്ന് അടുപ്പം കൂടുതൽ കാണിച്ചു എന്നുള്ളത് നേരാണ്… പക്ഷെ നിന്നിൽ ഞാൻ കണ്ടത് എന്റെ നന്ദുവിനെ തന്നെ ആയിരുന്നു. അവളുടെ കുസൃതികളും കുറുമ്പുകളും അതേപടി നിനക്കും ഉണ്ടായിരുന്നല്ലോ… ഭദ്രയെ എനിക് ഓർമ വച്ചപ്പോൾ മുതൽ എന്റെ നെഞ്ചിൽ കൊണ്ടു നടന്ന ഒരു മോഹം ആയിരുന്നു… വെറും മോഹം മാത്രം അല്ല.എന്റെ കുഞ്ഞു ജീവൻ… എപ്പോഴും പുസ്തക പുഴുവായി നടന്നിരുന്ന അവളുടെ മനസ്സ് അറിയാൻ നിന്നെ കൊണ്ടു കഴിയുമെന്ന് എനിക് തോന്നിയത് കൊണ്ടു ആയിരുന്നു… അവളുടെ ഉള്ളിൽ ഞാൻ ഉണ്ടോയെന്ന് എനിക്കറിയാൻ ..എനിക്ക് വേണ്ടി അവളോട്‌ സംസാരിക്കാൻ വേണ്ടി ആയിരുന്നു നിന്നോട് അടുപ്പം കാണിച്ചത്…” ദുർഗയുടെ മിഴികൾ ഈറൻ ആയി…” ഒരു തുറന്നു പറച്ചിൽ നമുക്കിടയിൽ ഉണ്ടായിരുന്നു എങ്കിൽ കാര്യങ്ങൾ ഇത്രക്കും ആകില്ലയിരുന്നു…”കിച്ചു പറഞ്ഞു “അന്ന് അവിടെ നിന്നും എല്ലാം അവസാനിപ്പിച്ചു തിരിക്കുമ്പോഴും ഭദ്ര ഒരു വിങ്ങൽ ആയി മനസ്സിൽ ഉണ്ടായിരുന്നു”

ദുർഗ ചിരിച്ചു കൊണ്ട് പറഞ്ഞു “ഇവൾ ഒന്നും അറിഞ്ഞിരുന്നില്ല…കല്യാണം കാശിയേട്ടൻ ആയിട്ടാണെന്നും…ദേവു ഏടത്തിയെ ഏട്ടൻ കെട്ടുമെന്നും പറഞ്ഞപ്പോൾ ആദ്യമായി ഇവൾ പ്രതികരിച്ചു. അപ്പോഴും ഇവളുടെ മനസ്സിൽ ഉള്ളത് പറഞ്ഞില്ല…പക്ഷെ അന്ന് മുതൽ ഒരു പേടി ഇവളെ വലയം ചെയ്തു…ജീവന്റെ പാതി നഷ്ടപ്പെടുമോ എന്നു…അവളുടെ നന്ദേട്ടനെ… അതു പൂര്ണമായത് അന്ന് നിങ്ങൾ തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ ആയിരുന്നു… അല്ലെങ്കിലും നഷ്ടപ്പെടുമെന്ന് തോന്നുമ്പോൾ ആണല്ലോ വെട്ടി പിടിക്കാൻ വെമ്പുന്നത്.. ഞങ്ങൾ ആഗ്രഹിച്ചത് തന്നെ അപ്രതീക്ഷിതമായി അന്നവിടെ നടന്നു…” ദുർഗ അത്രയും പറഞ്ഞപ്പോൾ എല്ലാവരുടെയും ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു.

“കാശിയേട്ടന് ഇതു എന്താ പറ്റിയത്..അതു പറഞ്ഞില്ല ആരും ” നന്ദു പിന്നെയും ചോദിച്ചു.

“രണ്ടു വർഷം മുൻപ് നടന്ന ഒരു അക്‌സിഡന്റ… മുഴുവൻ ആയി തളർന്നു പോയ എനിക്ക് താങ്ങും തണലുമായി ദേ ഈ എന്റെ പെണ്ണിന്റെ സ്നേഹവും പരിചരണവും കൂടെ ഉണ്ടായത് കൊണ്ടു വീൽ ചെയർ വരെ എത്തി… എനിക്ക് ഉറപ്പുണ്ട് നന്ദു… ഞാൻ എന്റെ പെണ്ണിന്റെ കൈ പിടിച്ചു നടക്കും…അല്ലെടി പെണ്ണേ..” അവൻ ദുർഗയെ നോക്കി കണ്ണിറുക്കി കൊണ്ടു ചോദിച്ചു…. ദുർഗ മിഴിനീരോടെ ചിരിച്ചുകൊണ്ട് തലയാട്ടി…

“ഈ ആക്‌സിഡന്റ എനിക് ഒരു അനുഗ്രഹം ആയിട്ട തോന്നിയത്….അതുകൊണ്ടു മാത്രമാണ് ഇവളുടെ പ്രണയം ഞാൻ തിരിച്ചറിഞ്ഞത്…ആദ്യമൊക്കെ ഇവളുടെ ജീവിതം ഞാൻ കാരണം നശിച്ചല്ലോ എന്ന നിരാശ ആയിരുന്നു…പക്ഷെ… അവളുടെ ജീവനും ജീവിതവും ഞാൻ മാത്രം ആണെന്ന തിരിച്ചറിവ്…” കാശി പറഞ്ഞതു മുഴുവിപ്പിക്കാതെ ദുർഗയുടെ കൈ പിടിച്ചു ചുംബിച്ചു….

എല്ലാവരും അവരുടെ പ്രണയ നിമിഷങ്ങൾ കണ്ടു സന്തോഷത്തോടെ മിഴിനീർ തുടച്ചു.

ദേവ ദത്തൻ നന്ദുവിനു അരികിലെത്തി…”നന്ദുട്ട…എന്നോട് ക്ഷമിക്കില്ലേ നീ…”അവളെ നോക്കി ചോദിച്ചു…

“ദേവേട്ടാ… അന്നും ഇന്നും എനിക്ക് ദേവേട്ടനോട് ദേഷ്യം ഉണ്ടായിരുന്നില്ല…എനിക്ക് അറിയുന്ന ദേവേട്ടന് എന്നെ വെറുക്കാൻ കഴിയില്ല…ദേവേട്ടാ…”

“ശരിയാ നന്ദുട്ട…ദേവേട്ടന് ഒരിക്കലും നന്ദുട്ടനെ ഉപേക്ഷിക്കാൻ കഴിയില്ല…വെറുക്കാനും… അദ്ദേഹത്തിന്റെ മനസ്സിന്റെ ഓരോ കോണിലും ഇപ്പോഴും നന്ദുട്ടൻ മാത്രേ ഉള്ളു” നന്ദു പറഞ്ഞു തീരും മുന്നേ വേറെ ഒരാളുടെ ശബ്ദം അവിടെ നിറഞ്ഞു…എല്ലാവരുടെയും കണ്ണുകൾ അവിടേക്ക് നീണ്ടു.

“ദേവിക” നന്ദുവിന്റെ ചുണ്ടുകൾ മന്ത്രിച്ചു.

“ഇനി പറയാനുള്ളത് എനിക്ക് ആണ്.. ” ദേവിക ചിരിച്ചു കൊണ്ട് അവിടേക്ക് വന്നു…

അതേ ഭാവത്തോടെ നന്ദുവിന്റെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു…

“ദേവേട്ടനു ഒരിക്കലും നിന്റെ സ്ഥാനത്തു വേറെ ഒരാളെ പ്രതിഷ്ഠിക്കാൻ കഴിയില്ല… അദ്ദേഹത്തിന്റെ ഹൃദയത്തിൽ അത്രയും ആഴത്തിൽ പതിഞ്ഞു പോയ മുഖം ആണ് നന്ദുവിന്റെ… അല്ല നന്ദുട്ടന്റെ…”ദേവിക വിഷാദം കലർന്ന ഒരു പുഞ്ചിരി നൽകി പിന്നെയും തുടർന്നു…

“അദ്ദേഹത്തിന്റെ ജീവനും ജീവിതവും സ്വപ്നങ്ങളും ഒന്നും…ഒന്നും തന്നെ മറ്റൊരാളോടും പങ്കു വച്ചിട്ടില്ല… അതിനു നിനക്കു പകരം ആകുവാൻ ആർക്കും ആകില്ല…എനിക്കും” അവസാനത്തെ വാക്കുകൾ ദേവിക പറഞ്ഞപ്പോൾ നന്ദുവിൽ സംശയം ജനിപ്പിച്ചു…അതു മനസ്സിലാക്കിയ പോലെ ദേവിക തുടർന്നു…

“നിന്റെ സംശയം മോളെ കുറിച്ചു അല്ലെ… ദേവ നന്ദ എന്റെ മാത്രം മകൾ ആണ്…!!!”

തുടരും….!!

 

പ്രണയിനി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

3.5/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!