Skip to content

പ്രണയിനി – ഭാഗം 19

malayalam pranaya novel

നിന്റെ സംശയം മോളെ കുറിച്ചു അല്ലെ… ദേവ നന്ദ എന്റെ മാത്രം മകൾ ആണ്…!!!”

ദേവിക പറഞ്ഞു തുടങ്ങി…. “വിവാഹത്തിന് മുന്നേ ഉണ്ടായിരുന്ന ആത്മാർത്ഥ പ്രണയം… അച്ഛൻ നീട്ടിയ നോട്ടു കെട്ടുകളിലും ആറക്ക ശമ്പളം കിട്ടുന്ന ജോലിയിലും കഴിഞ്ഞിരുന്നു അവന്റെ ആത്മാർത്ഥത. ” ദേവികയുടെ വാക്കുകളിൽ തന്നോട് തന്നെ തോനുന്ന ഒരു തരം പുച്ഛം നിറഞ്ഞു നിന്നു.

“ചതിക്കപെട്ടു എന്നു തിരിച്ചറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകി പോയി… ” ദേവികയുടെ വാക്കുകളിൽ തേങ്ങലിന്റെ അകമ്പടി ഉണ്ടായിരുന്നു.

“സ്വന്തം സഹോദരിക്കുവേണ്ടി എനിക്കും കൂട്ടു നിൽക്കേണ്ടി വന്നു… ദത്തൻ സമ്മതിക്കുമെന്നു എനിക്ക് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല” കാശി അപേക്ഷയെന്നോണം പറഞ്ഞു.

“കല്യാണതിനു മുൻപ് ദത്തേട്ടനെ കണ്ടു സംസാരിക്കാൻ ശ്രമിച്ചു… കഴിഞ്ഞില്ല… എല്ലാം പറയണമെന്നു കരുതിയത് ആയിരുന്നു… പിന്നെ അതിനുള്ള അവസരം ലഭിച്ചത് വിവാഹ രാത്രിയിൽ ആയിരുന്നു… ഞാൻ സത്യങ്ങളെല്ലാം പറയുമ്പോൾ പൊട്ടിത്തെറിക്കുമെന്നു പ്രതീക്ഷിച്ചു നിന്നു… ദത്തേട്ടന്റെ നിസ്സംഗ ഭാവം എന്നെ കൂടുതൽ വിഷമിപ്പിക്കുകയാണ് ചെയ്തത്…പിന്നീട് കാശിയും ദുർഗയും പറഞ്ഞു തന്നു… നന്ദുട്ടനെ കുറിച്ചു…ദത്തേട്ടന്റെ പ്രണയത്തെ കുറിച്ചു… ദേവേട്ടന്റെ മാത്രം നന്ദുട്ടനെ…..കണ്ടതുപോലെ എനിക്ക് എല്ലാവരേയും അറിയാമായിരുന്നു” ദേവിക ഒരു ചിരിയോടെ പറഞ്ഞു നിർത്തി….

“നന്ദു…എനിക് ഒരു കാര്യം പറയാൻ ഉണ്ട്…”ദേവിക അതു പറഞ്ഞപ്പോൾ ദേവ ദത്തന്റെ മിഴികൾ ദേവികയിൽ തറച്ചു നിന്നു… നന്ദു അതു നോക്കി കാണുകയായിരുന്നു.

“ഒരിക്കൽ ഞാനും കാശിയും കാരണം നഷ്ടപെട്ടതു ആയിരുന്നു നിങ്ങളുടെ പ്രണയം. അന്നെനിക്ക് അച്ഛനെ എതിർക്കാൻ കഴിയുമായിരുന്നില്ല… പക്ഷെ ഇന്നു …ഇന്നെനിക്കു അതിനുള്ള ധൈര്യമുണ്ട്‌… നിങ്ങൾക്കിടയിൽ ഞാൻ ആണ് വില്ലത്തി… ഞാൻ ഒഴിഞ്ഞു തരുവാൻ തയ്യാർ ആണ്… അദ്ദേഹത്തിന് നഷ്ടപെട്ട ജീവിതം നിനക്കു മാത്രമേ തിരിച്ചു നേടി കൊടുക്കാൻ ആകൂ… അതുകൊണ്ടു…” അത്രയും പറഞ്ഞു ഒപ്പിച്ചപ്പോൾ തന്നെ ദേവിക കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു… തന്റെ ജീവൻ പറിയുന്ന വേദന അറിയുന്നു… വാക്കുകൾ പുറത്തു വരാൻ ആകാതെ നെഞ്ചിൽ വല്ലാത്ത പിരിമുറുക്കവും…. നന്ദു ദേവികയെയും ദേവ ദത്തനെയും മാറി മാറി നോക്കി… പണ്ട് ദേവാദത്തന്റെ കണ്ണുകളിൽ കാണാറുള്ള ആ കാന്തികത… ആ നോട്ടം അതെല്ലാം വീണ്ടും ആ കണ്ണുകളിൽ മിന്നി മായുന്നത് നന്ദു അറിഞ്ഞു. പക്ഷെ ഒരു കാര്യം കൂടി മനസ്സിലായി…ആ നോട്ടം തനിക്കു നേരെയല്ല… ചെന്ന് നിൽക്കുന്നത് ദേവികയുടെ മിഴികളിലാണ്. അതുകണ്ട് നന്ദു ഹൃദ്യമായി പുഞ്ചിരിച്ചു. ദേവ ദത്തന്റെ മിഴികൾ തന്നിൽ ഊന്നി നിൽക്കുന്നത് ദേവിക അറിയുന്നേയില്ല…അവളുടെ മിഴിനീരിനെ ഒഴുക്കി വിടാനുള്ള തിരക്കിലായിരുന്നു അവൾ.

“ദേവിക പറഞ്ഞതു ശരിയാണ്…. എനിക്ക് ഒരിക്കലും നന്ദുട്ടന്റെ സ്ഥാനത്തു ദേവികയെ സങ്കൽപ്പിക്കാൻ പോലും ആകില്ല…ആരുമാരും ആർക്കും ഈ ലോകത്തു പകരമാകില്ല. അതുപോലെ തന്നെ ദേവികയ്ക്കു പകരമാകാൻ നന്ദുട്ടനും കഴിയില്ല…” ദേവ ദത്തൻ ഒരു ചിരിയോടെ പറഞ്ഞു നിർത്തിയപ്പോൾ ദേവിക ഞെട്ടി തിരിഞ്ഞു അവനെ നോക്കി… അവളെ നോക്കുന്ന എല്ലാവരുടെയും ചുണ്ടുകളിൽ പുഞ്ചിരി ആയിരുന്നു…. ദേവ ദത്തൻ എന്താ പറയുന്നത് എന്നറിയാൻ അവനെ തന്നെ ദേവിക നോക്കി നിന്നു.

ദേവികയുടെ കണ്ണുകളിൽ തന്നെ തന്റെ മിഴികൾ ആർപ്പിച്ചുകൊണ്ടു അവളിലേക്ക് ചേർന്നു നിന്നു കൊണ്ടു ദേവ ദത്തൻ പറഞ്ഞു തുടങ്ങി…”എന്നിൽ നിന്നും ഒരു നോട്ടം പോലും തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാതെ കഴിഞ്ഞ അഞ്ചു വർഷങ്ങളായി നീയെന്നെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് പെണ്ണേ….. എത്ര മാത്രം എന്നെ പ്രണയിക്കുന്നുണ്ട്… എന്നോടുള്ള സ്നേഹത്താൽ നീ സ്വയം ഉരുകിയല്ലേ നന്ദുവിനെ എന്നെ ഏൽപ്പിക്കാൻ നീ ഒരുങ്ങുന്നത്….ഇതൊന്നും ഞാൻ തിരിച്ചറിയില്ല എന്നു കരുതിയോ…. എന്നിലേക്ക്‌ നീളുന്ന നിന്റെ നോട്ടങ്ങളെ അവഗണിക്കുമ്പോഴും നിന്റെ ചുണ്ടുകളിൽ വിടരുന്ന പുഞ്ചിരി എപ്പോഴൊക്കെയോ എന്റെ ഹൃദയത്തെ കീറിമുറിക്കുന്നുണ്ടായിരുന്നു. എനിക്ക് നിന്നെ ഉൾകൊള്ളാൻ സമയം വേണമായിരുന്നു. നീയിപ്പോ നന്ദുട്ടനോട് പറഞ്ഞത് നീ കാരണം എന്റെ സ്വപ്നങ്ങളും ജീവിതവും നശിച്ചുവെന്നു തോന്നിയതുകൊണ്ടല്ലേ… ഒരിക്കലുമില്ല… നിനക്കു ഇപ്പോൾ സംശയം തോന്നാം ഒരു നോട്ടം കൊണ്ടുപോലും നിന്നെ ഇഷ്ടപ്പെടുന്നുവെന്നു ഒരു പ്രതീക്ഷയും തന്നില്ലലോ എന്നു… മനപൂർവ്വം ആയിരുന്നു തരാതിരുന്നത്…” അവളുടെ കണ്ണിൽ നോക്കി അവളുടെ വലതു കൈപത്തി തന്റെ കൈകളിൽ കൂട്ടി പിടിച്ചു കൊണ്ടു പിന്നെയും പറഞ്ഞു”എനിക്ക് ഇഷ്ടമാണ് നിന്നെ.. ഒരുപാട്… നന്ദുട്ടന്റെ മുൻപിൽ വച്ചുതന്നെ പറയണം എന്നു തോന്നി… എന്റെ മനസ്സിന്റെ ഉള്ളിൽ നീ മാത്രേ ഉള്ളു എന്നു തെളിയിക്കാൻ ഇതിൽ കൂടുതൽ എനിക്ക് കഴിയില്ല” ദേവിക ഇപ്പോൾ പൊട്ടി കരായനാണ് തോന്നിയത്….അവന്റെ നെഞ്ചിൽ ചേർന്നു അണയാൻ കൊതിച്ചു വിതുമ്പി പൊട്ടി നിന്നു.

പെട്ടന്നു തന്നെ അവന്റെ മുഖ ഭാവം മാറി… ദേഷ്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ ചെവിയിൽ പിടിച്ചു നോവിക്കാതെ തിരിച്ചു കൊണ്ട് അവൻ പറഞ്ഞു…”ഇനി ഒരിക്കൽ കൂടി മാളു എന്റെ മോളല്ല എന്നു നിന്റെ നാവിൽ നിന്നു വന്നാൽ…അന്ന് തന്നെ നിന്നെ ഡിവോഴ്സ് ചെയ്തു ഞാൻ എന്റെ മോളേയും കൊണ്ട് പോകും..കേട്ടോടി ഉണ്ടക്കണ്ണി” അതും പറഞ്ഞു അവളെ കണ്ണുരുട്ടി പേടിപ്പിച്ചു. അവൾ വർധിച്ചു വന്ന എങ്ങലോടെ അവന്റെ നെഞ്ചിൽ വീണു കരഞ്ഞു…മുറുകെ പുണർന്നു കൊണ്ടു… “എന്റെ മോളു അല്ല അവളെന്നു പറയല്ലേ… അതു കേൾക്കുമ്പോൾ എന്നെ ഒരുപാട് വേദനിപ്പിക്കുന്നു…. എന്റെ നെഞ്ചിലെ ചൂട് തട്ടിയ അവൾ വളരുന്നത്… എന്റെ മോളാ… എന്നിൽ നിന്നും അകറ്റി നിർത്തല്ലേ പെണ്ണേ…”അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ അവളുടെ തോളിൽ പതിച്ചു…

“എന്നോട് ക്ഷമിക്കൂ ഏട്ടാ… ഞാൻ…ഞാൻ അറിഞ്ഞില്ല ഈ നെഞ്ചിൽ എനിക്കായി ഒരു സ്ഥാനം ഉണ്ടാകുമെന്നു…”അതും പറഞ്ഞു ദേവിക മുഖം ഉയർത്തി അവനെ നോക്കിയപ്പോൾ അവളുടെ നെറ്റിയിൽ അവൻ അധരങ്ങൾ അർപ്പിച്ചു… പെട്ടെന്ന് ആയിരുന്നു ഒരു കയ്യടി… നോക്കിയപ്പോൾ നന്ദു ആയിരുന്നു… ചിരിച്ചുകൊണ്ട് …എങ്കിലും അവളുടെ കണ്ണുകളിൽ മിഴിനീർ തിളക്കവും ഉണ്ടായിരുന്നു…. സന്തോഷത്തിന്റെ മിഴിനീർ… മറ്റുള്ളവരും ചിരിയോടെ സന്തോഷത്തോടെ കയ്യടിച്ചു.

ദേവികയെ അടർത്തി മാറ്റിക്കൊണ്ട് കണ്ണുകൾ ഒന്നമർത്തി തുടച്ചു കൊണ്ടു നന്ദുവിന്റെ അരികിലേക്ക് ദേവ ദത്തൻ ചെന്നു. അവളുടെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി. “നിന്നെ എനിക്ക് ഒറ്റക്ക് വിടുവാൻ കഴിയുമായിരുന്നില്ല…ഡൽഹിയിൽ ചെന്നു ശിവനോട് എല്ലാം സംസാരിച്ചിരുന്നു. നിന്നെ ജീവിതത്തിൽ ഒരിക്കലും ഒറ്റക്കു വിടില്ല എന്നവൻ എനിക്കു ഉറപ്പു തന്നിരുന്നു. എനിക് ദേവികയുമായി മനസ്സറിഞ്ഞു ജീവിക്കണം എങ്കിൽ ഞാൻ കാരണം നീറുന്ന നിനക്കു ഒരു കൂട്ടു വേണമെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. ഇത്രയും നാളുകൾ അതിനായി ആയിരുന്നു കാത്തിരുന്നത്. എനിക്കിപ്പോൾ അറിയാം…നിന്റെയുള്ളിൽ ശിവനായി ഒരു സ്ഥാനം ഉണ്ടെന്നു…” ദേവ ദത്തൻ പറഞ്ഞു നിർത്തിയപ്പോൾ നന്ദുവിന്റെ മുഖത്തു മിന്നി മറിഞ്ഞത് ദേഷ്യം ആയിരുന്നു.

“ദേവേട്ടന് നൽകാൻ കഴിയാത്ത ജീവിതം കൂട്ടുകാരനെ കൊണ്ടു വച്ചു നീട്ടിക്കുകയാണോ”

നന്ദു കുറച്ചു ദേഷ്യത്തോടെ വാക്കുകൾ കട്ടിയായി തന്നെ ചോദിച്ചു.

“ഒരിക്കലുമല്ല… അവൻ എന്നെ ഏൽപിച്ച അവന്റെ ജീവനെ തന്നെ ഞാൻ അവനു തിരികെ ഏൽപ്പിക്കുകയായിരുന്നു. അവന്റെ പാതിയെ അവനു മാത്രമേ സംരക്ഷിക്കാൻ കഴിയു എന്ന തിരിച്ചറിവ്… അതു നിനക്കു കുറെയൊക്കെ മനസ്സിലായത് ആണെന്ന് നിന്റെ മുഖം പറയുന്നുണ്ട്” ദേവ ദത്തൻ ഒരു ചിരിയോടെ പറഞ്ഞു നിർത്തിയപ്പോൾ നന്ദു പെട്ടന്ന് കണ്ണുകൾ ദൂരേക്ക്‌ പായിച്ചു…തന്റെ കണ്ണു പറയുന്നത് ആരും പിടിക്കപ്പെടാതെ ഇരിക്കാൻ.

ദേവ ദത്തൻ അവളുടെ മുഖം പിടിച്ചു നേരെ നിർത്തി..”ഇതു വായിക്കുമ്പോൾ നിനക്കു മനസ്സിലാകും”അതും പറഞ്ഞു ഒരു ഡയറി അവളുടെ കൈകളിൽ പിടിപ്പിച്ചു.

“ദത്ത…. കല്യാണത്തിന് മുന്നേ നിനക്കു ഞങ്ങളോട് എല്ലാം പറയാമായിരുന്നില്ലേ.. എന്തിനായിരുന്നു ഈ ഒളിച്ചു കളിയുടെ ആവശ്യം” കിച്ചു ആയിരുന്നു ചോദിച്ചത്…

“ശരിയാ കിച്ചു… ഞാനും ആദ്യം അങ്ങനെ തന്നെയാ കരുതിയത്… പക്ഷെ പിന്നെ തോന്നി സത്യങ്ങൾ അറിഞ്ഞാലും നന്ദുട്ടൻ ഒഴിഞ്ഞു തരുമായിരുന്നു… പക്ഷെ അതൊരു ത്യാഗം ആകുമായിരുന്നു… പിന്നീട് ചിലപ്പോ ഇവൾ വേറെ ഒരു ജീവിതം തിരഞ്ഞെടുത്തില്ലെങ്കിലോ എന്നു പേടിച്ചു ഞാൻ…അതുകൊണ്ടാ കിച്ചു… 3 വർഷം ശിവന് ഡൽഹിയിൽ നിന്നെ മതിയാകു എന്ന അവസ്ഥ ആയിരുന്നു… അതിനു ശേഷം ആണ് അവൻ വന്നത്… അതുകൊണ്ടാ കാര്യങ്ങൾ ഇത്ര താമസിച്ചത്..ആദ്യം തന്നെ ഇവളുടെ മനസ്സു ആയിരുന്നു മാറ്റിയെടുക്കേണ്ടത് എന്നു തോന്നി…എങ്കിൽ മാത്രേ സത്യങ്ങൾ ഉൾക്കൊള്ളാനും ഒരു ജീവിതം തുടങ്ങുവാനും ഇവൾക്ക് കഴിയൂ എന്ന് തോന്നി”

ദേവ ദത്തൻ നന്ദുവിനു അരികിൽ എത്തി. “ഇപ്പോ ശിവനെ സ്നേഹിക്കാൻ നിന്റെ മനസ്സു പറഞ്ഞു തുടങ്ങിയെന്ന് ശിവനെ കാണുമ്പോൾ നിന്റെ കണ്ണുകളിൽ നിന്നും മനസ്സിലാകുന്നുണ്ട്..” ദേവ ദത്തൻ അതു പറഞ്ഞപ്പോൾ നന്ദു ശിവനെ ഒന്നു പാളി നോക്കി. തന്നെ തന്നെ നോക്കി നിൽക്കുന്ന ശിവൻ അവളിൽ ഒരു തരിപ്പ് ഉണ്ടാക്കി.

“നിന്റെ വാശി എനിക്ക് അറിയാലോ… നീയത് പെട്ടന്ന് സമ്മതിക്കില്ല എന്നു… നന്ദുട്ട…”
അവന്റെ ആ വിളി പഴയ കാലത്തിലേക്ക് പോയി.

“ഈ ജന്മം നമുക്ക് ഇങ്ങനെയ വിധിച്ചത്.. എനിക് ദേവികയെയും നിനക്കു ശിവനെയും. ഇടയ്ക്കെപ്പോഴോ നമുക്ക് പരസ്പരം സ്നേഹിക്കാൻ കഴിഞ്ഞെന്നു മാത്രം… നമ്മുടെ ഏറ്റവും വലിയ ഭാഗ്യം നമ്മളെ മനസ്സിലാക്കുന്നവർ ആണ് കൂടെയുള്ളത് എന്നു തന്നെയാണ്… ദേവികയ്ക്കു എന്നെയും ശിവന് നിന്നെയും മനസ്സിലാക്കാൻ സാധിക്കും. അടുത്ത ജന്മം നിന്നെ തിരികെ തരണമെന്ന് ഞാൻ അവനോടു പറഞ്ഞിട്ടുണ്ട്…ഈ ജന്മത്തിൽ എല്ലാ സ്നേഹവും നിന്നിൽ പെയ്തു തീർത്ത്‌അടുത്ത ജന്മം എനിക്ക് തിരികെ തരാൻ” ദത്തൻ അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾക്കും നഷ്ടപ്രണയത്തിന്റെ മിഴിനീർ അവന്റെ കവിളിലൂടെ പെയ്തു ഇറങ്ങി. നന്ദു ആകട്ടെ തന്റെ കണ്ണുനീരിനെ ശാസനയോടെ പിടിച്ചു നിർത്തി. അവളെ ചേർത്തു പിടിച്ചു മൂർധവിൽ ചുംബിച്ചു. ശേഷം അവളുടെ കൈ പിടിച്ചു ശിവന്റെ മുൻപിൽ നിർത്തി അവൻ തുടർന്നു. “ഇനിയെങ്കിലും നിന്റെ മനസ്സിൽ ഉള്ളത് തുറന്നു പറയണം…അവളെ കാണുമ്പോൾ ഉള്ള മുട്ടിടി നിർത്തി മര്യാദക്ക് കാര്യം പറയട ചെക്കാ… വലിയ IPS ആണ്…ഒരു പെണ്ണിന്റെ മുന്നിൽ നിന്നു ഇഷ്ടം പറയാൻ അവൻ ഇപ്പോഴും നിന്നു വിറയ്ക്കും” ദേവ ദത്തൻ പറഞ്ഞപ്പോഴേക്കും അവിടെ കൂട്ട ചിരി നിറഞ്ഞു… നന്ദുവും ചിരിച്ചു. ശിവൻ ദത്തനെ തല്ലാൻ കൈ ഓങ്ങി.

“അയ്യോ ചേട്ടച്ഛൻ അച്ഛയെ തല്ലുന്നേ” അവിടേക്ക് ഓടി വന്ന ദേവ നന്ദ പറഞ്ഞു…

“ഡി… ഡി… കാന്താരി… “ശിവൻ അവളെ കോരി എടുത്തു… കവിളിൽ കടിച്ചു.

“ചേട്ടച്ഛ അവളുടെ മറ്റേ കവിളിലും കൊടുക്ക് കടി…എനിക്ക് ചോക്ലേറ്റ് തന്നില്ല”ശബ്ദം കേട്ട ഭാഗത്തേക്ക് എല്ലാവരും നോക്കെ കയ്യിൽ ഒരു കവറും പിടിച്ചു ഒരു കുസൃതി കുറുമ്പൻ”ആണൊടി കുറുമ്പി”

“ഇല്ല… ഉണ്ണി നുണയനാ…നുണ പറയാ”

“ഉണ്ണിക്കുട്ട”…കാശി വിളിച്ചപ്പോൾ അവൻ “അച്ഛേ” എന്നു വിളിച്ചുകൊണ്ടു കാശിയുടെ മടിയിൽ കയറി ഇരുന്നു. കാശിയുടെയും ദുർഗയുടെയും മകൻ ഉണ്ണിക്കുട്ടൻ…

ഭദ്ര അവരുടെ അടുത്തു ചെന്നു ഉണ്ണികുട്ടന്റെ താടിയിൽ പിടിച്ചു…”ചെറിയമ്മ തരലോ ചോക്ലേറ്സ് എത്ര വേണമെങ്കിലും…എന്താ പേര്” അവൾ കൊഞ്ചിക്കുന്നത് കിച്ചു ചിരിയോടെ സാകൂതം നോക്കി കണ്ടു.

“ആദിത്യൻ…ഉണ്ണി ന്നു വിളിക്കും..”

“അതേ നിങ്ങളൊക്കെ ഇനി പോയേ …നമുക്കും പോകാം…അച്ചയുടെ കുറുമ്പി വന്നേ…”ദേവ ദത്തൻ ശിവന്റെ കയ്യിൽ നിന്നും മോളെ വാങ്ങി. ശിവന്റെ തോളിൽ ഒന്നു തട്ടിക്കൊണ്ടു ദേവികയെയും ചേർത്തു പിടിച്ചു നടന്നു. പുറകെ മറ്റുള്ളവരും…അവർ പോകുന്നത് നോക്കി നന്ദു നിന്നു.

“ഗൗരി…”

ശിവൻ വിളിച്ചു…നന്ദു പക്ഷെ അവന്റെ മുഖത്തു നോക്കാതെ മുന്നോട്ടു കുറച്ചു നടന്നു താഴെ ചെമ്പക മരത്തെ നോക്കി നിന്നു. എങ്കിലും അവളുടെ കയ്യിലുള്ള ഡയറി അവൾ മുറുകെ പിടിച്ചിരുന്നു.

ഒരു നിമിഷം അവൻ അവളെ തന്നെ നോക്കി നിന്നു. തൊട്ടു പുറകിൽ ശ്വാസം തട്ടിയപ്പോൾ ശിവൻ അരികിൽ തന്നെയുണ്ടെന്നു അവൾക്കു മനസിലായി..

അവൾ പെട്ടന്നു തിരിഞ്ഞു നിന്നു. അവരുടെ മിഴികൾ തമ്മിൽ മൗനമായി പ്രണയിച്ചു. ആ നിമിഷം ഒരു ചെറുകാറ്റു വന്നവരെ തഴുകി തലോടി…കാറ്റിൽ അവരുടെ പ്രിയപ്പെട്ട ചെമ്പകത്തിന്റെ മണം അലതല്ലിയിരുന്നു. ചെമ്പക മണം വല്ലാത്തൊരു വശ്യതയിൽ അവനെ എത്തിച്ചിരുന്നു…കാറ്റിൽ അവളുടെ മുടിയിഴകൾ കവിളിനെ പൊതിഞ്ഞു… അവൻ കൈ നീട്ടി മുടി ഇഴകളെ ചെവിക്കു പിറകിലേക്കു തള്ളി വച്ചു കൊടുത്തു..

“ഗൗരി….”

“ഉം”

“ഇനി ഒരു തുറന്നു പറച്ചിലിന്റെ ആവശ്യമുണ്ടോ നമുക്കിടയിൽ… എനിക്കു… എനിക്ക് നിന്നെ ഇഷ്ടം എന്നു പറയുന്നതിനേക്കാൾ… പ്രണയിക്കുന്നു എന്നു പറയുന്നതിനേക്കാൾ… എന്റെ ജീവൻ നീ മാത്രം ആണ്…..ഒരുമിച്ചു കളിച്ചു വളർന്നപ്പോൾ എന്റെ ഹൃദയത്തിലും കൂടിയാണ് നീയെന്ന മോഹം വളർന്നത്… എന്റെ ഇഷ്ടം നിന്നോട് വഴക്കിട്ടും നിന്നെ ദേഷ്യം പിടിപ്പിച്ചും ആയിരുന്നു അറിയിച്ചത്… ആദ്യമായി നിന്റെ കണ്ണിൽ കണ്ട പ്രണയാതുരമായ നോട്ടം…അതു…അതു എന്റെ നേർക്കല്ല എന്നു എനിക്ക് ബോധ്യപ്പെട്ടപ്പോൾ… ” ശിവന്റെ വാക്കുകൾ ഇടറിയിരുന്നു…
നെഞ്ചിനുള്ളിലെ ചൂടു ജല കണങ്ങൾ ആയി അവന്റെ കണ്ണിൽ മുത്തുപോലെ തിളങ്ങി നിന്നു.
അവൻ കണ്ണുകൾ അമർത്തി തുടച്ചു.

പിന്നെയും തുടർന്നു…

“എനിക്ക് എവിടേക്കെങ്കിലും പോകുവാൻ ആയിരുന്നു തോന്നിയത്…അതിന്റെ ഭാഗമായുള്ള ഒളിച്ചോട്ടം ആയിരുന്നു ഡൽഹിയിലേക്ക്… എവിടെപ്പോയാലും…എവിടെയൊക്കെ പോയി ഒളിച്ചാലും നീയെന്റെ നെഞ്ചിൽ ആഴത്തിൽ പതിഞ്ഞുപോയ എന്റെ ദേവി രൂപമാണ്…ഓരോ ദിവസത്തിലും കൂടുതൽ തെളിമയോടെ എന്റെ നെഞ്ചിൽ കുടികൊള്ളുന്ന ദേവി ശിൽപം.. നിന്നെ കണ്ടിരുന്നില്ല എങ്കിലും നിന്നോട് വഴകിടുമായിരുന്നു…പരിഭവിക്കുമായിരുന്നു… എന്റെ എല്ലാ രഹസ്യങ്ങളും പറയുമായിരുന്നു…

വാക്കുകൾക്കായി അവൻ ബുദ്ധിമുട്ടി… നന്ദു ആലോചിക്കുകയായിരുന്നു… ഇത്രയും വാചാലനായി സംസാരിക്കാൻ ശിവേട്ടന് അറിയുമോ എന്നു…ഈ മനുഷ്യൻ തിരിച്ചു കിട്ടില്ല എന്നു അറിഞ്ഞിട്ടും എത്രയാ സ്നേഹിക്കുന്നത്…ഒരു വേള അവളുടെ കണ്ണുകളിലും നീർക്കണം ഉരുണ്ടുകൂടി.

“ദത്തൻ കാര്യങ്ങൾ വന്നു പറയുമ്പോൾ ഞാൻ കരഞ്ഞത് അത്രയും നിന്റെ മനസിന്റെ വിങ്ങൽ ആലോചിച്ചു കൊണ്ടായിരുന്നു… നിനക്കു ഒരിക്കലും അതു സഹിക്കാൻ കഴിയില്ലെന്ന് എനിക്ക് അറിയാമായിരുന്നു…പക്ഷെ…നീ വളരെ സ്‌ട്രോങ് ആണ് ഗൗരി…വളരെ ബോൾഡ്… ഞാൻ പോലും ഇത്രയും പ്രതീക്ഷിച്ചില്ല….”

അവൻ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു ചെപ്പ് എടുത്തു നന്ദുവിന്റെ കൈ വെള്ളയിൽ വച്ചു കൊടുത്തു…” നിന്റെ മനസ്സു എന്നെ സ്വീകരിക്കാൻ ഇനിയും പാകപ്പെട്ടിട്ടില്ല എന്നെനിക്കു മനസ്സിലായി…. അതുകൊണ്ടാണല്ലോ ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും മറുപടി ഒന്നും തരാതെ ഇരുന്നത്.” ശിവന്റെ വാക്കുകളിൽ നിരാശ നിറഞ്ഞു നിന്നിരുന്നു.

“തുറന്നു നോക്കു “…നന്ദു ഒരു ആകാംഷയോടെ അതു തുറന്നു നോക്കി…. മഞ്ഞ ചരടിൽ കോർത്ത ഒരു ആലിലതാലി.
“ഇതു വെറുമൊരു മഞ്ഞ ലോഹം മാത്രമല്ല ഗൗരി…എന്റെ ഹൃദയത്തിന്റെ തീ ചൂളയിൽ നിന്നോടുള്ള പ്രണയം ചേർത്തു ഉരുക്കി നിനക്കു മാത്രമായി നിന്റെ ഇടനെഞ്ചിൽ ചേർത്തു വയ്ക്കാൻ എന്റെ ഹൃദയം തന്നെയാണ് ഇതു. എന്നു നീയിതു പൂർണ്ണ മനസോടെ എന്നെ തിരികെ ഏല്പിക്കുന്നുവോ അന്നു ഞാൻ ഇത് എന്റെ പ്രണയം കൊണ്ടു തന്നെ നിന്റെ കഴുത്തിൽ ചാർത്തും…അതുവരെ…അതുവരെ ഇനി എന്റെ പ്രണയത്തിന്റെ പേരും പറഞ്ഞു നിന്റെ മുന്നിൽ വരില്ല…” അത്രയും പറഞ്ഞു ശിവൻ നടന്നകന്നു.

നന്ദു അവൻ പോകുന്നതും നോക്കി അവിടെ തന്നെ നിന്നു…കണ്ണിൽ നിന്നും അവൻ മറഞ്ഞിട്ടും എത്ര നേരം അതേ നിൽപ്പു നിന്നുവെന്നു അവൾ അറിഞ്ഞില്ല…

കുറെ നാളുകൾ കൂടി എല്ലാവരും ഒത്തു കൂടിയത് ആയിരുന്നു. അതുകൊണ്ടു തന്നെ രണ്ടു അമ്മമാരും വിഭവ സമൃദ്ധമായ സദ്യ തന്നെ ഒരുക്കിയിരുന്നു…. ഇന്ന് ഇവിടെ കൂടിയിട്ടു പിറ്റേന്ന് തിരിക്കാൻ ആയിരുന്നു അവരുടെ പ്ലാൻ.. ഇനി കുറച്ചു നാളുകൾ ശിവന്റെ കൂടെ നിൽക്കാൻ ആയിരുന്നു ബാലന്റെ തീരുമാനം.

ഇതിനിടയിൽ ഉണ്ണിയും മാളുവുമായി നന്ദു വല്ലാതെ കൂട്ടായി…ചെമ്പകമരത്തിന്റെ ഊഞ്ഞാലിൽ കേറ്റി ആടിക്കാനും… പറമ്പിലും തോട്ടിലുമൊക്കെ ചുറ്റി നടത്തി കൊണ്ടു നടക്കുവാനും…കുളത്തിൽ കുളിപ്പിക്കുവാനും… അങ്ങനെ അങ്ങനെ അവരുടെ കുറുമ്പുകൾക്കു നന്ദു കൂട്ടായി.ഭദ്രയും ദുർഗയും ദേവികയും അടുക്കളയിൽ അമ്മമാരോടൊപ്പം കൂടി.. കാശിയും ഇതിനോടകം തൃമൂർത്തികളുടെ മനസ്സിൽ ഇടം നേടിയിരുന്നു.

ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതിനു ഇടയിൽ ആയിരുന്നു കിച്ചു കാശിയുടെ മുൻപോട്ടുള്ള ട്രീട്മെന്റിനെ കുറിച്ചു ചോദിച്ചത്.
“അമേരിക്കയിൽ പ്രശസ്തൻ ആയ ഒരു ഡോക്ടർ ഉണ്ട്…dr. ഫ്രാൻസിസ്… അപ്പോയിന്റിമെന്റ് കിട്ടാൻ വളരെ ബുദ്ധിമുട്ടു ആണ്…അച്ഛൻ പലവഴിക്കും ശ്രമിച്ചു നോക്കിയതാ… അദ്ദേഹത്തിന്റെ ട്രീട്മെന്റിൽ ഒരു വിശ്വാസം ഉണ്ട്…നമ്മുടെ ആയുർവേദവും അലോപതിയും കൂടാതെ വേറെയും പാരമ്പര്യ ട്രീട്മെന്റ് കൂടിയുണ്ട്… യൂട്യൂബിൽ എല്ലാം വീഡിയോ കാണാറുണ്ട്… ശ്രമിക്കുന്നുണ്ട് ഒരു അപ്പോയിന്റിമെന്റിന് ആയി… അദ്ദേഹത്തിന്റെ ട്രീട്മെന്റിൽ എനിക്ക് ഉറപ്പായും നടക്കാൻ കഴിയും..” കാശി പ്രതീക്ഷയോടെ പറഞ്ഞു.

“അച്ചായെ…അച്ഛാ…കേൾക്കുന്നുണ്ടോ മാളു വിളിക്കുന്നത്” ഉറക്കെ തന്നെ മാളു സംസാരിച്ചത് എല്ലാവരും ശ്രദ്ധിച്ചു…

“എന്താണ് അച്ഛന്റെ കാന്താരിക്കു വേണ്ടത്… പായസം വേണോ ”

“അതല്ല അച്ഛാ…ഞാനും ഉണ്ണിയുമില്ലേ…നന്ദു ആന്റിയെ ചേച്ചിയമ്മന്നു വിച്ചോട്ടെ…”മാളു കൊഞ്ചി കൊണ്ടു ചോദിച്ചതും ശിവന്റെ തെരുപ്പിൽ കയറി ചുമച്ചു.. സുമിത്ര അമ്മ വേഗം വെള്ളം എടുത്തു കൊടുത്തു അവന്റെ തലയിൽ പതുക്കെ തട്ടി കൊടുത്തു…പിന്നെയുള്ളവർ എല്ലാവരും അടക്കി ചിരിച്ചു… നന്ദു ശിവനെ രൂക്ഷമായി നോക്കി…

“അതെന്താ മോളു അങ്ങനെ ചോദിച്ചേ” ദത്തൻ വിടാൻ ഉദ്ദേശം ഇല്ല…ശിവൻ അവനു നേരെ കണ്ണുരുട്ടി…

“അതില്ലേ…ആന്റി അല്ല…ചേച്ചിയമ്മ ഒരുപാട് കഥകളും പാട്ടും പാടി തന്നു… ചേട്ടച്ഛനെ പോലെ. കുറുമ്പ് എടുത്തപ്പോഴും ഞാനും ഉണ്ണിയും വഴക്കിട്ടപ്പോഴും ഞങ്ങളെ വഴക്കു പറഞ്ഞില്ല… അല്ലെ ഉണ്ണി “അവൾ കൊഞ്ചി കൊണ്ടു പറഞ്ഞു….അതു കേട്ടു എല്ലാവരും ചിരിച്ചു.

നന്ദു പെട്ടന്ന് എഴുനേറ്റു പോയി… അവളുടെ ചുണ്ടിൽ ഒളിപ്പിച്ചുവച്ച ചിരി ആരും കാണാതെ ഇരിക്കാൻ…അതുകണ്ട് ശിവൻ മാളുവിനെ തോണ്ടി പറഞ്ഞു.
“ഡി… കാന്താരി നീയെന്റെ കഞ്ഞിയിൽ പാറ്റ ഇടുമോ”

“ചേട്ടച്ഛൻ ചോറു അല്ലെ കഴിക്കുന്നെ…എനിച്ചു പാറ്റയെ പേടിയാ…ഞാൻ വേണേ മണ്ണ് വാരി ഇടാവേ”
അതുകേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു… ശിവൻ വീണ്ടും അവളെ കണ്ണുരുട്ടി ….

പിറ്റേന്ന് എല്ലാവരും പ്രഭാത ഭക്ഷണം കഴിച്ചാണ് ഇറങ്ങാൻ നിന്നതു…അപ്പോൾ കിച്ചു അവിടേക്ക് ഒരു കടലാസ് കൊണ്ടു വന്നു… എല്ലാവരോടും യാത്ര പറയും നേരം കിച്ചു കാശിയുടെ അടുത്തു ചെന്നു നിന്നു പറഞ്ഞു…”എഴുനേറ്റു നടക്കാൻ റെഡി ആയിക്കൊള്ളു…ഇതു താൻ പറഞ്ഞ dr. കാണാനുള്ള അപ്പോയിന്റിമെന്റ് ആണ്…അച്ഛനോട് പറഞ്ഞു വിസ പ്രോസസ്സിംഗ് സ്പീഡ് അപ് ആക്കിക്കൊള്ളു..” കാശിയും ദുർഗയും അത്ഭുതപ്പെട്ടു കിച്ചുവിനെ നോക്കി…

ദേവ ദത്തൻ ഉണ്ണിയെ എടുത്തും ശിവന്റെ കയ്യിൽ മാളുവുമായി അവർ അവരുടെ അരികിൽ എത്തി… ശിവൻ തന്നെ പറഞ്ഞു തുടങ്ങി…”കാശി നിന്റെ ഞെട്ടൽ ഞങ്ങൾക്ക് മനസ്സിലാകും…ഇവനുണ്ടല്ലോ ഈ കിച്ചു…നിസാരക്കാരൻ അല്ല കേട്ടോ. പാടത്തും പറമ്പിലും മാത്രമല്ല പണിയെടുക്കുന്നത്… മണിക്കൂറുകൾക്കു ലക്ഷങ്ങൾ വിലയുള്ള നല്ല ഒന്നാംതരം ഹാക്കറും പ്രോഗ്രാമേറും ഒക്കെയാണ്… പല അമേരിക്കൻ കമ്പനികളും യൂറോപ്യൻ കമ്പനികളും ഇവന്റെ പുറകെയാണ്. ആ ഇവന് ഒരു dr.അപ്പോയിന്റിമെന്റ് എളുപ്പത്തിൽ കിട്ടും” കാശിയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു…അവൻ എന്തോ പറയാൻ തുടങ്ങിയതും കിച്ചു അവനെ തടഞ്ഞു.

“എന്നോട് നന്ദിയൊന്നും പറയരുത് കാശി… നിങ്ങൾ ചെല്ലു” എല്ലാവരും ഇറങ്ങി…ശിവന്റെ കണ്ണുകൾ അവിടെ എല്ലായിടത്തും തിരഞ്ഞെങ്കിലും ഒരു മുഖം അവിടെ അന്യമായിരുന്നു…അവനു ചെറിയ നിരാശ തോന്നി…

ഇതേ സമയം നന്ദു ശിവന്റെ ഡയറിയുമായി സംവാദത്തിൽ ആയിരുന്നു…നന്ദുട്ടനിൽ നിന്നും ഗൗരിയായി മാറുവാൻ മനസ്സു കൊണ്ടു തയ്യാറായി….

വൈകീട്ട് ചായ കുടിച്ചു കൊണ്ടിരിക്കുന്ന സമയത്തു ശിവനും ദത്തനും കൂടി വന്നു. നന്ദു അവർക്കും കൂടി ചായ എടുത്തു കൊണ്ട് വന്നു.
“ദേവേട്ടൻ ലീവിൽ ആണോ… എന്ന തിരിച്ചു ജോയിൻ ചെയ്യുന്നത്…” ചായ കൊടുക്കുന്നതിനു ഇടയിൽ നന്ദു ചോദിച്ചു.

“രണ്ടു ദിവസം കൂടിയുണ്ട് ലീവ്…അതുകഴിഞ്ഞാൽ ഞാൻ മാത്രം പോകും. അല്ല കഴിക്കാൻ ഒന്നുമില്ലേ” ചായ എടുക്കുന്നതിനു ഇടയിൽ ദേവ ദത്തൻ പറഞ്ഞു.

“ചൂടോടെ ചക്ക അട കഴിക്കു…ഇതു മതിയില്ലേ” ഭദ്ര ഒരു പ്ലേറ്റിൽ അട കൊണ്ടു വന്നു വെച്ചു.

നന്ദു ശിവനെ വെറുതെയൊന്നു നോക്കി…അവിടെ മ്ലാനം ആയിരുന്നു… എന്താണാവോ..

“എന്തു പറ്റി ശിവാ…മുഖം വല്ലാതെ…ചക്ക അട കിട്ടിയാൽ നിങ്ങൾ മൂന്നും യുദ്ധം ഉണ്ടാകാറുണ്ടല്ലോ… ഇന്നെന്തു പറ്റി” കൃഷ്ണൻ വാരിയർ ചോദിച്ചു…

“അച്ഛാ… എനിക് അത്യാവശ്യം ആയി മുംബൈ വരെ പോകണം….. നാളെ ഉച്ചയോടെ തിരിക്കണം… പെട്ടന്ന് വിളിച്ചു ജോയിൻ ചെയ്യാൻ പറഞ്ഞു” ശിവൻ പറഞ്ഞു നന്ദുവിനെ നോക്കി…നന്ദു അവനെ ഒന്നു നോക്കിയത് അല്ലാതെ ഒന്നും പറയാതെ പോയി.

“പോയിട്ടു വായോ…ഒരു കുഴപ്പവും വരില്ല…”

“നാളെ ഞങ്ങൾ അവിടേക്ക് വരാം “കിച്ചു പറഞ്ഞു..

രാത്രിയിൽ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോഴും നന്ദു വേണ്ട എന്നു പറഞ്ഞു ഒഴിഞ്ഞു…അവളെ വല്ലാതെ ശല്യപ്പെടുത്തണ്ട എന്നു കിച്ചുവും പറഞ്ഞു…മനസ്സു അസ്വസ്ഥമാണ്…

അർദ്ധ രാത്രിയിൽ വാതിലിൽ തുടരെയുള്ള മുട്ടു കെട്ടുകൊണ്ടാണ് ഭദ്ര കിച്ചുവിന്റെ നെഞ്ചിൽ നിന്നും എഴുന്നേറ്റത്. “കിച്ചുവെട്ട…എഴുന്നേൽക്കു…നന്ദു ആണെന്ന് തോന്നുന്നു” ഭദ്ര കിച്ചുവിനെ വിളിച്ചുകൊണ്ടു അഴിഞ്ഞു കിടന്ന മുടി വാരി കെട്ടി കൈകൾ കൊണ്ട് മുഖവും കഴുതുമൊക്കെ തുടച്ചു എഴുനേറ്റു..

വാതിൽ തുറന്നു നന്ദുവിനെ കണ്ടു ഭദ്ര അവളുടെ കവിളിൽ തലോടി “എന്തു പറ്റി നന്ദു കുട്ടിയെ”

“സോറി ഡി…”അതും പറഞ്ഞു അവൾ അകത്തേക്ക് കടന്നു…കിച്ചു ബെഡിൽ എഴുനേറ്റു ഇരുന്നു ബനിയൻ വിടുകയായിരുന്നു. നന്ദു കിച്ചുവിന്റെ താഴെ കാട്ടിലിനോട് ചേർന്നു ഇരുന്നു അവന്റെ മടിയിൽ തല വച്ചു….അവൻ അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു.

“ഏട്ടാ…ഏട്ടൻ എന്റെ കൂടെ നിൽക്കുമോ..”

“ഏട്ടൻ എന്നും മോളുടെ കൂടെ നില്ക്കു”

“ഞാൻ എന്ത് തീരുമാനിച്ചാലും…”

“മോളെന്തു തീരുമാനിച്ചാലും അച്ഛനും ഏട്ടനും അമ്മയും ഭദ്രയും…എല്ലാവരും മോളുടെ കൂടെയുണ്ടാകും”

അവൻ അവളുടെ നെറ്റിയിൽ തലോടി കൊണ്ടിരുന്നു…കുറച്ചു കഴിഞ്ഞു ഭദ്ര അവന്റെ തോളിൽ കൈ വച്ചു. മുഖം ഉയർത്തി നോക്കിയപ്പോൾ നന്ദു ഉറങ്ങിയെന്നു അവൾ ആഗ്യം കാണിച്ചു…അവൻ ചിരിച്ചു കൊണ്ട് നന്ദുവിനെ എടുത്തു കട്ടിലിൽ കിടത്തി…ഭദ്രയോട് അവിടെ അവളുടെ കൂടെ കിടന്നോളാൻ പറഞ്ഞു അവൻ അവിടെ കിടന്ന സെറ്റിയിൽ ചുരുണ്ടു കൂടി.

പിറ്റേന്ന് രാവിലെ തന്നെ എല്ലാവരും ശിവന്റെ വീട്ടിലേക്കു പോകുവാൻ തീരുമാനിച്ചിരുന്നു. റെഡി ആയി വന്നപ്പോൾ നന്ദു മാത്രം ഇല്ല…..
“നമ്മളോട് പോയിക്കൊള്ളാൻ പറഞ്ഞു നന്ദേട്ട…അവൾ അമ്പലത്തിൽ നിന്നും നേരിട്ടു അവിടേക്ക് വരാമെന്നു പറഞ്ഞു”ഭദ്ര വന്നു പറഞ്ഞു.

കിച്ചുവിന്റെ കാർ പടിപ്പുര കടന്നു വീട്ടിലേക്കു കടക്കുമ്പോൾ തന്നെ നന്ദു അവിടെ എത്തിയിരുന്നു…..എല്ലാവരും കൂടി ഒരുമിച്ചു വീട്ടിലേക്കു കടന്നു. ശിവൻ പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു…

ശിവന്റെ മുറിയിൽ ചെല്ലുമ്പോൾ അവൻ ബാഗ് പാക്ക് ചെയ്യുകയായിരുന്നു….എല്ലാവരെയും കണ്ടു അവൻ ഒന്നു ചിരിച്ചു…

“നീയൊറ്റക്കു ആണോ മോനെ പോകുന്നത്”

“അല്ല അച്ഛാ എയർപോർട്ട്‌ വരെ ദത്തനും കിച്ചുവും വരും”

“എനിക്കൊരു കാര്യം ശിവേട്ടനോട് പറയാനുണ്ട്” നന്ദു പെട്ടന്ന് അതു പറഞ്ഞപ്പോൾ ശിവൻ ഒന്നു ഞെട്ടി…മറ്റെല്ലാവരും പുറത്തേക്കു ഇറങ്ങി… ശിവൻ നന്ദുവിനെ ഒന്നു നോക്കി… പിന്നെ ബാഗ് പാക്ക് ചെയ്യാൻ തുടങ്ങി..

“എന്താണ് ഗൗരി കൊച്ചേ…മൂക്കുള രാമനോട് പറയാൻ ഉള്ളത്” അവൻ ചിരിച്ചു കൊണ്ട് അവളോട്‌ ചോദിച്ചു…

“ഇതെനിക്കു കെട്ടി തരണം…ശിവേട്ടന്റെ പ്രണയം ആകുന്ന ഈ കുഞ്ഞു ഹൃദയം എന്റെ നെഞ്ചോടു ചേർത്തു വയ്ക്കണം…എന്റെ സീമന്ത രേഖയിൽ ചുംബിച്ചുകൊണ്ടു ചുവപ്പു നിറം പടർതണം…” തന്റെ കയ്യിലെ ഇല ചീന്തിലെ പൂജിച്ച താലിയും സിന്ദൂരവും നീട്ടി കൊണ്ടു നന്ദു പറഞ്ഞു…

അവളെ തന്നെ ഉറ്റു നോക്കി അവളുടെ കണ്ണുകളിൽ നോക്കി അവൻ പറഞ്ഞു…

“എനിക്ക് കഴിയില്ല ഗൗരി… നിന്റെ കഴുത്തിൽ താലി ചാർത്താൻ എനിക്ക് ആകില്ല…എന്നോടു… എന്നോട് ക്ഷമിക്കണം”

തുടരും…!!

 

പ്രണയിനി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.3/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!