Skip to content

പ്രണയിനി – ഭാഗം 22

malayalam pranaya novel

അല്ല…ഇതു ആപത്തിന്റെ സൂചനയല്ല… തന്റെ പ്രിയപ്പെട്ടവന്റെ…ശിവേട്ടന്റെ സാന്നിധ്യം തിരിച്ചറിയുന്നു….എത്ര അകലത്തിൽ ആണെങ്കിലും എവിടെയൊക്കെ മറഞ്ഞിരുന്നാലും ശിവേട്ടൻ അടുത്തുണ്ടെങ്കി തന്റെ ഹൃദയം ഇതുപോലെ തന്നെ മിടിക്കാറുണ്ട്. ഒരു കിതപ്പോടെ നന്ദു തന്റെ താലിയിൽ മുറുകെ പിടിച്ചു മുന്നിലെ ഭഗവതിയെ കണ്ണീരോടെ നോക്കി. അവളെ തഴുകി ഒരു ചെറു കാറ്റു വന്നു…അപ്പോഴും അവളുടെ കണ്ണുകൾ ദേവി വിഗ്രഹത്തിൽ ആയിരുന്നു… കാറ്റിന്റെ കൈ പിടിച്ചു ചെറു ചാറ്റൽ മഴയും ചേർന്നു…അപ്പോഴും അവൾ താലിയിൽ മുറുകെ പിടിച്ചു വിഗ്രഹത്തിൽ നോക്കി തന്റെ നല്ല പാതിയെ തിരികെ തരാൻ ആവശ്യപ്പെട്ടു കൊണ്ടേ ഇരുന്നു. പെട്ടന്ന് ഒരു മിന്നൽ.. ആ മിന്നലിൽ ദേവി വിഗ്രഹം പ്രകാശിച്ചപോലെ.. ആ പ്രകാശത്തെ നേരിടാൻ ആകാതെ നന്ദു മുഖം തിരിച്ചു. അപ്പോൾ കണ്ട കാഴ്ച…..

അവളുടെ കണ്ണുകൾ ചെറു ചാറ്റൽ മഴയ്ക്കു ഒപ്പം ഒരു പേമാരിയായി പെയ്തു. ആ നടയിൽ നന്ദു മുട്ടു കുത്തി ഇരുന്നു രണ്ടു കൈകൾ കൊണ്ട് കൈ കൂപ്പി ദേവിയെ നോക്കി നമിച്ചു..

അവളുടെ തോളിൽ പതിഞ്ഞ കര സ്പർശം… അവളെ എണീപ്പിച്ചു. മുഖത്തേക്ക് നോക്കാതെ ആ നെഞ്ചിൽ മുഖം പൂഴ്ത്തി നിന്നു.തന്റെ താലിയുടെ ഉടമയുടെ ഹൃദയത്തോട് ചേർന്നു നിന്നു. അവളുടെ കരച്ചിൽ തേങ്ങലുകൾ ആയി മാറുവാൻ അവനും കാത്തിരുന്നു. ഒടുവിൽ സങ്കടപെയ്തു ചാറ്റൽ മഴയിലേക്കു നീങ്ങിയപ്പോൾ അവൾ നെഞ്ചിൽ നിന്നും മുഖം ഉയർത്തി ശിവനെ നോക്കി. അവൻ ഒരു കുസൃതി ചിരിയോടെ അവളെയും നോക്കി മൂക്കിന് തുമ്പിൽ പിടിച്ചു വലിച്ചു. പെട്ടന്ന് നന്ദുവിനു ദേവി നടയാണെന്നു ഓർമ വന്നു. അവനിൽ നിന്നും മാറി. ശേഷം രണ്ടുപേരും ഒരുമിച്ചു നിന്നു തൊഴുതു പ്രാർത്ഥിച്ചു. തന്റെ നല്ല പാതിയെ അതുപോലെ തന്നെ തിരികെ തന്ന ദേവിയോട് എത്ര നന്ദി പറഞ്ഞിട്ടും മതിയാകാതെ.

നാഗതറയിലേക്കു തൊഴുവാൻ രണ്ടുപേരും കൈ കോർത്തു പിടിച്ചുകൊണ്ടു പോയി. തറയിൽ ഇട്ടിരുന്ന മഞ്ഞൾ നന്ദു ശിവനും ശിവൻ നന്ദുവിനും തൊട്ടുകൊടുത്തു. തിരിച്ചു തേവരെയും തൊഴുതു മടങ്ങും വരെ രണ്ടുപേരും തമ്മിൽ ഒന്നും സംസാരിച്ചില്ല. ശിവൻ ബുള്ളെറ്റ്‌ കൊണ്ടായിരുന്നു വന്നത്. ഒട്ടും അമാന്തിക്കാതെ അവൾ അവന്റെ തോളിൽ പിടിച്ചു ഇരുന്നു. അവളെയും കൊണ്ടു സ്പീഡിൽ തന്നെ ശിവൻ വീട്ടിലേക്കു വിട്ടു.

വീടുഎത്തും വരെ അവർ പരസ്പരം ഒന്നും സംസാരിച്ചില്ല…പക്ഷെ അവളുടെ പരിഭവങ്ങൾ തോളിൽ മുറുകിയ നന്ദുവിന്റെ കൈകൾ പറയുന്നുണ്ടായിരുന്നു. പോകുന്ന വഴിയിൽ ശിവൻ ഒരിക്കൽ പറഞ്ഞതു നന്ദു ഓർത്തു. വ്യഥ പൂണ്ടു കിടക്കുന്ന മനസ്സിനെ നിയന്ത്രിക്കാനാണ് നമ്മൾ പഠിക്കേണ്ടത്. കാണാതെ ഇരിക്കുമ്പോൾ സംസാരിക്കാതെ ഇരിക്കുമ്പോൾ എല്ലാം ഉണ്ടാകുന്ന മനസ്സിന്റെ വേവലാതി പിന്നീട് കാണുന്ന ആദ്യ കാഴ്ചയിൽ ഒരു ആവേശത്തോടെ തീർക്കരുത്… ആ ആവേശത്തെ നിയന്ത്രിക്കാൻ പഠിക്കണം….. കുറച്ചു സെക്കന്റുകൾ …. ആ ഒരു ആത്മ നിയന്ത്രണം തന്നെയാണ് ഇപ്പൊ ശിവൻ കാണിക്കുന്നതും…. അതാലോചിച്ചപ്പോൾ നന്ദുവിന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു… മിററിൽ കൂടി ശിവൻ ആ ചിരിയെ അതിന്റെ അർത്ഥം മനസ്സിലാക്കിയപ്പോലെ നോക്കി കണ്ടു.

അവർ വീട്ടിലേക്കു എത്തുമ്പോൾ അവരെ കാതെന്നോണം എല്ലാവരും മുന്നിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. എല്ലാവരോടും വിശേഷങ്ങൾ പറഞ്ഞു ശിവൻ അവരുടെ കൂടെ കൂടി. നന്ദു അമ്പലത്തിലേക്കു ഇറങ്ങിയത്തിനു ശേഷം ആയിരുന്നു ശിവൻ എത്തിയത്. വളരെ രഹസ്യമായി നടന്ന ഓപ്പറേഷൻ ആയിരുന്നുവെന്നും കുറെ ആയുധങ്ങൾ പിടികൂടിയതും… അവനു ഒരു പോറൽ പോലും ഏറ്റിരുന്നില്ല… അതിനിടക്ക് ഫോൺ നഷ്ടപ്പെടുകയും…പിന്നെ അത് ഉപയോഗിക്കാൻ റീസ്‌ട്രീക്ഷൻ ഉള്ളതും വിളിക്കാതിരുന്നതിനു ഒരു കാരണം ആയെന്നും പറഞ്ഞു. അതു കഴിഞ്ഞു മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് പോകേണ്ടതായും വന്നു. ഓപ്പറേഷൻ മുന്നിൽ നിന്നും നയിച്ച ടീം ലീഡേഴ്സിനെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നേരിട്ടു വിളിപ്പിച്ചിരുന്നു. ഒരു മീറ്റിംഗ് കൂടി ഉണ്ടായിരുന്നു. അതും തിരികെ എത്താൻ വൈകിയതിന് ഒരു കാരണമായി. ഒരു വിധം എല്ലാം വിശദീകരിച്ചു ശിവൻ ഇരുന്നു. കിച്ചുവും ദേവ ദത്തനും ബാലനും കൃഷ്ണ വാര്യരും കൂടെ ഉണ്ടായിരുന്നു. ശിവൻ വന്നത് അറിഞ്ഞു കൃഷ്ണൻ വാര്യരെ കിച്ചു വിളിച്ചു വരുത്തിയത് ആയിരുന്നു.

പ്രഭാത ഭക്ഷണം കഴിക്കാൻ എല്ലാവരെയും വിളിച്ചിരുത്തി. ശിവൻ നന്ദുവിനെ കണ്ണു കൊണ്ടു മുറിയിലേക്ക് വരുവാൻ ആഗ്യം കാണിച്ചു.. ശിവനു നേരെ ഒരു കുസൃതി ചിരി ചിരിച്ച ദത്തന്റെ തോളിൽ തട്ടി ശിവൻ ഒരു നാണിച്ച ചിരിയോടെ അവന്റെ റൂമിലേക്ക് നടന്നു. ദത്തന്റെ കുസൃതി ചിരി ദേവികയുടെ മുഖത്തേക്ക് നീണ്ടപ്പോൾ കണ്ണുകൾ കൊണ്ടു ശാസനയോടെ ആ ചിരിയെ പിടിച്ചു നിർത്തി അവൾ.

കതകു തുറന്നു അകത്തേക്ക് കടന്ന നന്ദു അവിടെയൊക്കെ അവനെ നോക്കി… ഒരു ഇളം തെന്നൽ അവളെ തഴുകി പോയപ്പോൾ അവൾക്കു മനസ്സിലായി ബാൽക്കണിയിൽ ശിവൻ നിൽക്കുന്നുണ്ടെന്നു.

പുറം തിരിഞ്ഞു നിൽക്കുന്ന ശിവന്റെ തോളിൽ അവൾ കൈ അമർത്തി. അവൻ തിരിഞ്ഞു നോക്കിയപ്പോൾ നന്ദു കണ്ടു ആ കണ്ണുകളിൽ മിഴിനീർ തിളക്കവും. നന്ദുവിനെ തന്നെ നോക്കി നിന്നു … കുറച്ചു നിമിഷങ്ങൾ…. അവളുടെ കണ്ണുകൾ ചിരിക്കുന്നു… അവൻ പെട്ടന്ന് അവളെ ഇറുകെ പുണർന്നു. ഭ്രാന്തമായ ആവേശത്തോടെ… അതുവരെ അവനെ നിയന്ത്രിച്ച മനസ്സിലെ വ്യഥകൾ ആ പുണരലിൽ അവൾ അറിഞ്ഞു. കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവളെ പുണർന്ന കൈകൾ അഴഞ്ഞു. നെഞ്ചോട്‌ചേർത്തു പിടിച്ചു അവൻ ചോദിച്ചു… “പേടിച്ചോ എന്റെ ഗൗരി കൊച്ചു”

“ഒരുപാട്”അവൾ ചെറു വിതുമ്പലോടെ പറഞ്ഞു.

“ദാ…ഈ താലി … എന്റെ ഹൃദയം നിന്നോട് ചേർത്തതു കൊണ്ടു തന്നെയാ ഞാൻ ഇപ്പോഴും ഇവിടെ ഇങ്ങനെ നിൽക്കുന്നത്… ഈ കുഞ്ഞു താലിയിൽ ആണ് എന്റെ ലോകം” അവളെ ചേർത്തണച്ചു കൊണ്ടു ശിവൻ പറഞ്ഞു.

“ഈ കുഞ്ഞു താലിയിൽ മാത്രമാണ് ഇന്നെന്റെ ജീവനും ജീവിതവും “നന്ദു പറഞ്ഞുകൊണ്ട് അവനെ ഒന്നുകൂടി ചേർത്തണച്ചു.

ശിവാ…കിച്ചുവിന്റെ വിളിയാണ് ഇരുവരെയും ഉണർത്തിയത്. അവർ താഴേക്കു കൈ പിടിച്ചു ചെന്നു. എല്ലാവരും അവിടെ ഉണ്ടായിരുന്നു. മാളുവും ഉണ്ണിയും ശിവനെ കണ്ടതും ചേട്ടച്ച എന്നും വിളിച്ചു കൈകളിലേക്ക് ചാടി. അവരെ രണ്ടു കൈകളിലും എടുത്തുകൊണ്ടു അവൻ നിന്നു.

“അപ്പൊ കാര്യങ്ങൾ എല്ലാം എങ്ങനെയാ ബാലാ”കൃഷ്ണൻ വാരിയർ തുടക്കം ഇട്ടു…

“ഇന്ന് തിങ്കൾ ….ഈ വരുന്ന ഞായറാഴ്ച നമുക്ക് അതങ്ങു നടത്താം…ഒരാഴ്ചയെ ഉള്ളു… എങ്കിലും എല്ലാവരും കൂടി ഒത്തുപിടിച്ചാൽ ഒരു ബുദ്ധിമുട്ടും ഇല്ല….കലക്ടർ സാർ ലീവു എടുത്തോളൂ…മുൻകൂട്ടി നിശ്ചയിച്ചത് കൊണ്ടു പ്രശ്നം ഒന്നുമില്ലലോ” ബാലൻ പറഞ്ഞു നിർത്തി ദേവ ദത്തനു നേരെ നോക്കി.

“ഇല്ല അച്ഛാ..ഞാൻ ഇന്ന് പോയി ഒഫീഷ്യൽ ആയി ലീവു കൊടുത്തിട്ട് വരാം…അത്യാവശ്യമായി ഒന്നു രണ്ടു ഫയൽ എത്തിക്കാൻ ഉണ്ട്”

ശിവൻ കാര്യമാറിയൻ ദേവികയെ തോണ്ടി.

“പോലീസ് ഏമാന്റെ കല്യാണം ആണ്‌… ഒരു വട്ടം കഴിഞ്ഞത് ആണ്… പക്ഷെ ഞങ്ങൾക്ക് സദ്യ തരാതെ പെണ്ണിനെ ഞങ്ങൾ തരില്ല കേട്ടോ” അവൾ കളിയായി പറഞ്ഞു. അതു കേട്ടു നന്ദുവും ചിരി കടിച്ചു പിടിച്ചു നിന്നു.

“ശിവാ…നിന്റെ കൈ പിടിച്ചേ അവൾ വീട്ടിലേക്കു വരു എന്നു വാശി പിടിച്ചിരുന്നു. അന്ന് നിങ്ങളുടെ ഇഷ്ടം നടക്കട്ടെ എന്നു ഞങ്ങൾ കരുതി…എനിക്കും ഒരു ആഗ്രഹം കാണില്ലേ മോനെ…. നാലാൾ കാണ്കെ നിന്റെ കൈ പിടിച്ചു തന്നെ ഞങ്ങൾ അവളെ തരാം…. ഇപ്പൊ അവളെ വീട്ടിലേക്കു കൊണ്ടു പോവുകയാണ്. നീ വേണം ഞങ്ങളെ കൊണ്ടു വിടാൻ… ഞാറാഴച്ച നിന്റെ കയ്യിൽ തന്നെ തിരിച്ചേല്പിക്കാം ” കൃഷ്ണൻ വാരിയർ പറഞ്ഞു നിർത്തുമ്പോൾ മിഴിനീർ പൊടിഞ്ഞിരുന്നു. അതു കണ്ടു കിച്ചു അച്ഛന്റെ വലതു കൈയിൽ അമർത്തി പിടിച്ചു. ശിവൻ വാര്യരുടെ അടുത്തു ചെന്നു പറഞ്ഞു

“അച്ഛന്റെ ഇഷ്ടംപോലെ …” അയാൾ ശിവനെ വാത്സല്യത്തോടെ തലോടി. കിച്ചു ശിവനെ ആശ്ലേഷിച്ചു….കുറച്ചു നിമിഷത്തിന്‌ശേഷം ദേവ ദത്തനും ഒപ്പം കൂടി… അവരുടെ ആ നിൽപ്പു മറ്റുള്ളവരുടെ കണ്ണുകളിൽ മിഴിനീർ തിളക്കം കൂട്ടി.

ശിവൻ തന്നെ കാറിൽ അവരെ മുത്തേഴത്തു എത്തിച്ചു. അവനും അകത്തേക്ക് കേറി… കുറച്ചു സമയം ചിലവിട്ടു യാത്ര പറഞ്ഞു ഇറങ്ങി. നന്ദുവിനോട് പതിവുപോലെ ചിരിച്ചു. അവൻ ഇറങ്ങുന്നതും നോക്കി അവൾ നിന്നു…പിന്നീട് അവളുടെ ചെമ്പക മരത്തിന്റെ അടുത്തേക്ക് നടന്നു. വിശേഷങ്ങൾ പങ്കു വയ്ക്കാൻ….

പിന്നീടുള്ള ദിവസങ്ങൾ വളരെ തിരക്ക് പിടിച്ചതായിരുന്നു. കല്യാണം വിളിയും സദ്യ ഏല്പിക്കലും ഡ്രസ് എടുക്കലും ആഭരണം എടുക്കലുമൊക്കെയായി തിരക്കോട് തിരക്ക് തന്നെ.

പഴയ ഫ്രണ്ട്സ്‌നേ ഫേസ്ബുക്കിൽ ഇവന്റ് ക്രീയേറ്റു ചെയ്തു ക്ഷണിച്ചു. അറിയുന്നവരെ ഫോണിൽ വിളിച്ചും മറ്റും പറഞ്ഞിരുന്നു. ആ നാട് മുഴുവൻ കാത്തിരുന്ന കല്യാണം ആയിരുന്നു. അതുകൊണ്ടു തന്നെ എല്ലാവരും ഉണ്ടായിരുന്നു സഹായത്തിനു.എല്ലാവരും എല്ല കാര്യത്തിനും ഓടി നടന്നു.

ഒരു വ്യാഴാഴ്ച ഉച്ചയോടെ ഒരു കാറ് പടിപ്പുര കടന്നു വന്നു. വിരുന്നുകാർ ആരെങ്കിലും ആയിരിക്കുമെന്ന് കരുതി. നന്ദു ചെമ്പകമരത്തിന്റെ ചോട്ടിൽ നിന്നും നടന്നു വന്നു. കാർ തുറന്നു ഇറങ്ങിയ ആളെ കണ്ടു എല്ലാവരും ഞെട്ടി പോയി.

“കാശിയേട്ടൻ..”നന്ദു ഞെട്ടലോടെ മന്ത്രിച്ചു..

പോകുമ്പോൾ വീൽ ചെയറിൽ ആയിരുന്നു. ഇപ്പോൾ ഒരു വാക്കിങ് സ്റ്റിക് സഹായത്തോടെ എഴുനേറ്റു നിൽക്കുന്നു…സന്തോഷം കൊണ്ട് എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു. ദുർഗയും ഇറങ്ങി. അവൾക്കു വലിയ മാറ്റമൊന്നുമില്ല. കുറച്ചു കളർ വച്ചിട്ടുണ്ട്.

നന്ദു ഓടിച്ചെന്നു കാശിയുടെ കൈകളിൽ പിടിച്ചു. “കല്യാണ പെണ്ണേ”കാശി നന്ദുവിന്റെ കവിളിൽ തലോടി വിളിച്ചു.

“ഒരുപാട് സന്തോഷമായി കാശിയേട്ട…നിങ്ങൾ വന്നല്ലോ…എനിക്കു ഭയങ്കര സങ്കടമായിരുന്നു നിങ്ങൾക്ക് കല്യാണത്തിന് വരാൻ കഴിഞ്ഞില്ലെങ്കിലോ എന്നു കരുതി. “നന്ദു കൈ പിടിച്ചു അകത്തേക്ക് നടക്കുന്നതിനു ഇടയിൽ പറഞ്ഞു.

“കല്യാണ ദിവസം അറിഞ്ഞതുമുതൽ ആ ഡോക്ടറോട് തല്ലിട്ട ഇപ്പൊ വന്നത്…ഇനി പോകേണ്ട…നാട്ടിലുള്ള ഡോക്ടറുമായി സംസാരിച്ചു ബാക്കി ട്രീട്മെന്റ് ഇവിടെ ചെയ്യാം ” ദുർഗ പറഞ്ഞു.

“എന്റെ ഇടവും വലവും നിങ്ങൾ വേണം…. എപ്പോഴോ നമ്മൾ തീരുമാനിച്ചത് ആണ്” നന്ദു പറയുമ്പോൾ കണ്ണീരിന്റെ നനവുണ്ടായിരുന്നു.

“നീ വന്നേ…എനിക്ക് സാരിയും ആഭരണവുമൊക്കെ കാണിച്ചു തായോ” കണ്ണീരിനെ മറയ്ക്കാൻ എന്നോണം ദുർഗ വിഷയം മാറ്റി.

കാത്തിരുന്നു കല്യാണത്തിന്റെ തലേ ദിവസം വന്നെത്തി. മുത്തേഴത്തു വലിയ പന്തൽ ഒരുക്കിയിരുന്നു….. ഒരുപാട് സ്ഥലം ഉള്ളതുകൊണ്ട് തന്നെ ഹാൾ ഒന്നും വേണ്ട വീട്ടിൽ തന്നെ മതി എന്നു തീരുമാനിച്ചിരുന്നു. കിച്ചുവിന്റെ കല്യാണം നടത്താൻ പറ്റാത്ത ക്ഷീണം കൂടി നന്ദുവിന്റെ കല്യാണത്തിന് തീർക്കാം എന്നു കരുതിയിരുന്നു.

വൈകീട്ടോടെ ആളും അനക്കവും വച്ചു തുടങ്ങിയിരുന്നു. നന്ദു ഒരു മഞ്ഞ കളർ ധാവണി ആയിരുന്നു ഉടുത്തത്… അതേ കളറിൽ സാരിയിൽ ദുർഗയും ഭദ്രയും ദേവികയും തിളങ്ങി. വൈകീട്ട് വന്ന ദേവ ദത്തനും ദേവികയും ഒപ്പം ഒരു ജ്വല്ലറി ബോക്സ് കൂടി കൊണ്ടു വന്നു. ദേവ ദത്തൻ തന്നെ ആ ബോക്സ് അവളുടെ കൈകളിൽ വച്ചു കൊടുത്തു…അവളുടെ കവിളിൽ തലോടി അവളെ ചേർത്തു പിടിച്ചു. അറിയാതെ രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു.

ദേവിക അവളെയും കൊണ്ടു ഒരുക്കാൻ പോയി. ദേവ ദത്തൻ കൊടുത്ത നെക്ലേസ് കമ്മലും വളയും മോതിരവും ആയിരുന്നു നന്ദു ഇട്ടതു. വേറെ ഒന്നും ഇടാൻ അവൾ കൂട്ടാക്കിയില്ല. മുടിയിൽ മുല്ല പൂ വച്ചു…. സുന്ദരി ആയി ഒരുക്കി… പന്തലിലേക്കു പോകും മുന്നേ എല്ലാവരുടെയും അനുഗ്രഹം വാങ്ങി… കിച്ചു അവളുടെ അടുത്തേക്ക് വന്നു… കുറച്ചു ദിവസമായി ഓട്ടത്തിൽ ആയതുകൊണ്ട് കിച്ചുവിനെ അടുത്തു കണ്ടു കുറെ ആയി.. അവനും മഞ്ഞ കളർ കുർത്ത ആയിരുന്നു.. പിന്നെ വെള്ളി കസവു മുണ്ടും.

അവൾ കിച്ചുവിന്റെ അനുഗ്രഹത്തിനായി കുമ്പിടുമ്പോഴേക്കും അവളെ തടഞ്ഞു കെട്ടി പിടിച്ചു. അവളെ അടർത്തി മാറ്റി തിരിച്ചു നിർത്തി. അവൻ കയ്യിൽ കരുതിയ ചെമ്പക പൂ അവളുടെ മുടിയിൽ തിരുകി. പിന്നെയും നെഞ്ചോടു ചേർത്തു പന്തലിൽ ഒരുക്കിയിരുന്ന സ്റ്റേജിലേക്ക് കൊണ്ടുപോയി.

കൂട്ടുകാരൻ ഹബീബും അവന്റെ മൊഞ്ചത്തിയും ഹാജർ ആയിരുന്നു. സൈനബ എല്ലാവർക്കും മൈലാഞ്ചി അണിയിച്ചു. നന്ദുവിനു ഒപ്പം തന്നെ ദേവികയും ഭദ്രയും ദുർഗയും കൂടി മൈലാഞ്ചി ഇട്ടു. ഹബീബിന്റെ പഴയ തമാശകളൊക്കെ പറഞ്ഞു അവർ പൊട്ടി ചിരിച്ചു…

പിന്നെയും കുറെ കഴിഞ്ഞപ്പോഴേക്കും ആളുകളുടെ വരവ് കൂടി തുടങ്ങി. നന്ദുവിന്റെ കയ്യിലെ മൈലാഞ്ചി നന്നായി ചുവന്നു വന്നു. ഇപ്പൊ ഉണ്ണിക്കും മാളുവിനും ഇട്ടു കൊടുക്കുകയായിരുന്നു.

ഭഗവതി കാവിലെ കാരണവർ പറഞ്ഞു….”എത്ര നാളുകൾ ആയി ഇവർ മൂവരും ചുവടു വച്ചിട്ട്… നിങ്ങളുടെ സ്വര മാധുര്യം കേട്ടിട്ടു… ഇന്ന് ഞങ്ങൾ അതും കൂടി പ്രതീക്ഷിച്ച ഇവിടെ വന്നത്”

“അതൊക്കെ നമുക്ക് ശരിയാക്കാം”കിച്ചു സമാധാനപ്പെടുത്തി പറഞ്ഞു. സ്റ്റേജിൽ ഒരു ഭാഗത്തു പാടുവാൻ ഉള്ള തയ്യാറെടുപ്പ് തുടങ്ങി…

സീതമ്മ തന്നെ തുടങ്ങി….ഗണപതി സ്തുതിയും ദേവി സ്തുതിയും…. ദേവ ദത്തനും ഏറ്റു പിടിച്ചു. കിച്ചു വയലിനും വായിച്ചു. ഭദ്ര വീണ മീട്ടി…

കുറച്ചു സമയത്തേക്ക് വർഷങ്ങൾക്കു മുൻപ്‌ ഉണ്ടായ അതേ അവസ്ഥയിലേക്ക് അവരെത്തിയത് പോലെ… എല്ലാവർക്കും വളരെ സന്തോഷമായി… ദേവ ദത്തൻ പാടുമെങ്കിലും ഇത്ര നന്നായി പാടുമെന്നു ദേവികയ്ക്കു അറിയില്ലായിരുന്നു. അവൾ അത്ഭുതം വിടർന്ന കണ്ണുകളോടെ ദേവ ദത്തനെതന്നെ നോക്കി നിന്നു.

ശിവൻ തോളിൽ തട്ടിയപ്പോൾ ദേവിക തിരിഞ്ഞു നോക്കി “സ്വന്തം കെട്ടിയോനെ തന്നെ ഇങ്ങനെ വായിനോക്കി ചോര ഊറ്റുന്നോ…”അവൻ കളിയാക്കി ചോദിച്ചു. ദേവിക അവന്റെ വയറിൽ മുഷ്ടി ചുരുട്ടി ഇടിച്ചു…നാണത്തോടെ ചിരിച്ചു.

അടുത്തത് പാട്ടു പാടുവാൻ കിച്ചു ശിവനെ വിളിച്ചു… രണ്ടു മൈക്ക് കയ്യിൽ എടുത്തു… ശിവൻ അതിലൊന്ന് ദേവികയ്ക്കു നേരെ നീട്ടി.. അവൾക്കു അതിശയം തോന്നി… താൻ പാടുമെന് ആർക്കും അറിയില്ല…പിന്നെ ശിവേട്ടന് എങ്ങനെ അറിഞ്ഞു…

ശിവൻ ശ്രുതിയിട്ടു… പാടുവാൻ തുടങ്ങി… നന്ദുവിനെ നോക്കി തന്നെ

നിന്റെ നൂപുരമര്മരം
ഒന്ന് കേള്ക്കാനായ്
വന്നു ഞാന്

നിന്റെ
സ്വാന്തനവേണുവില്
രാഗലോലമായ് ജീവിതം…. (ദേവികയുടെ മിഴികൾ ദേവ ദത്തനെയും തേടി)

ഇനിയും ചിലമ്പണിയൂ
എന്തിനു വേറൊരു
മധുവസന്തം

ശ്യാമാഗോപികേ ഈ
മിഴിപൂക്കളിന്നെന്റെ
ജീവനായ്
താവകാങ്കുലി
ലാളനങ്ങളില്
ആദ്രമായ് മാനസം

പൂ കൊണ്ട് മൂടുന്നു
വൃന്ദാവനം
സിന്ദൂരമണിയുന്നു
രാഗാംബരം
പാടൂ സ്വരയമുനേ

എന്തിനു വേറൊരു
സൂര്യോദയം
നീയെന്
പൊന്നുഷസന്ധ്യയല്ലേ

നീയെന്റെ
ആനന്ദനീലാംബാരി
നീയെന്നുമണയാത്ത
ദീപാഞ്ജലി

എന്തിനു വേറൊരു
മധുവസന്തം
ഇന്ന്
നീയെന്നരികിലില്ലേ

മലര്വനിയില് വെറുത
എന്തിനു വേറൊരു
മധുവസന്തം

ദേവിക പാടി അവസാനിപ്പിച്ചു കണ്ണു തുറന്നു നോക്കിയപ്പോൾ നിറഞ്ഞ മിഴികളോടെ കയ്യടിക്കുന്ന ദേവ ദത്തനെ കണ്ടു…. ഒരു നിമിഷം അവനോടു ചേർന്നു നിൽക്കാൻ അവൾ കൊതിച്ചു പോയി….അതു മനസിലാക്കിയെന്നോണം ദേവ ദത്തൻ ഇരു കരങ്ങളും വിടർത്തി…അവൾ ഓടി അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു…. അതു കണ്ട എല്ലാവരും ഒരുപോലെ കയ്യടിച്ചു…. ശിവനു നേരെ നന്ദു തംസ് അപ്പ്‌ കാണിച്ചു ചിരിച്ചു.

പിന്നെ ഭദ്രയും കിച്ചുവും ഓരോ പാട്ടു പാടി… ധത്തനും ഒരുപാട് കൂടി പാടി… രാത്രി ഏറെ വൈകുന്നുവെന്നു അച്ഛൻ പറഞ്ഞപ്പോൾ ആണ് എല്ലാവരും സമയം പോലും നോക്കുന്നത്… അതുവരെയും ആരും തന്നെ പോയിരുന്നില്ല. അവസാനം ഇവരുടെ നൃത്തം കൂടി വേണം… എങ്കിലേ ഒരു പൂർണ്ണത വരൂയെന്ന് എല്ലാവരും പറഞ്ഞു.

കിച്ചു കയ്യിൽ കുറെ ചിലങ്കകളും ആയി വന്നു. ഇത്തവണ കിച്ചു തന്നെ നന്ദുവിന്റെ കാലിൽ ചിലങ്ക കെട്ടി… സന്തോഷത്തിന്റെ മിഴിനീർ അവളുടെ കാലിൽ പതിച്ചു…ചേർത്തു നിർത്തി നെറ്റിയിൽ ചുണ്ടമർത്തി… ദേവ ദത്തൻ ഭദ്രക്കും ശിവൻ ദുർഗയ്ക്കും കെട്ടി കൊടുത്തു… കാശിയുടെ കയ്യിലും ഉണ്ടായിരുന്നു ചിലങ്ക. അവൻ ദേവികയുടെ തോളിൽ കൈ വച്ചു… കുറച്ചു പ്രയാസപ്പെട്ടു നിലത്തിരിക്കാൻ…എങ്കിലും ആരും പറഞ്ഞിട്ടു കൂട്ടാക്കിയില്ല അവൻ…ചിലങ്ക ദേവികയുടെ കാലിൽ കെട്ടി കൊടുത്തു…. തന്റെ കണ്മുന്നിൽ പഴയ കാശിയേട്ടനെ കിട്ടിയ സന്തോഷം ആയിരുന്നു അവളുടെ മുഖത്തു…അവളെ നെഞ്ചോടു ചേർത്തു പിടിച്ചു…കുറെ നാളുകൾക്കു ശേഷം….രണ്ടു പേരുടെയും കണ്ണുകൾ ഈറനായി….

പാട്ടു പ്ലെ ചെയ്തു ശിവൻ….

എന്തേ കണ്ണാ വന്നേയില്ല..
മുരളികയോതും ഗാനം കേട്ടേയില്ലാ..
എന്തേ കണ്ണാ വന്നേയില്ല…
മഴമുകിലോമൽ രൂപം കണ്ടേയില്ലാ…
വിരഹാർദ്രയായ് ഏകയായ്
മധുവനിയിൽ നിൽപ്പൂ ഞാൻ…

എന്തേ കണ്ണാ വന്നേയില്ല..
മുരളികയോതും ഗാനം കേട്ടേയില്ലാ..

നീ എൻ കനവിലേ ഓരോ നിനവിലും…
മയിൽപ്പീലി തൻ തുമ്പാൽ തൊട്ടൂ മെല്ലേ…
ഞാനോ യമുനതൻ ഒരോ വനികളും
നിലയ്‌ക്കാതെ തവ പാദം തേടീ ദേവാ..
യദുനാഥൻ്റെ ഇരുകരമതിലിവളുടെ
നീറുന്ന മനമൊരുനവനിയിതൾ
പോൽ… തരാം… വരൂ… ചടുലമരികേ…
ഒരു രാക്കടമ്പായിവൾ മലരിടുമവനണയാനായ്…

എന്തേ കണ്ണാ വന്നേയില്ല..
മുരളികയോതും ഗാനം കേട്ടേയില്ലാ..
വിരഹാർദ്രയായ് ഏകയായ്
മധുവനിയിൽ നിൽപ്പൂ ഞാൻ…

പാട്ടിൽ ലയിച്ചു നാലു പേരും നൃത്തത്തിൽ അലിഞ്ഞു ചേർന്നു… എല്ലാവരുടെയും കണ്ണിനു കുളിര്മയേകി ആ കാഴ്ച…ഒരേ സമയം കണ്ണു നിറയുകയും പുഞ്ചിരി വിടരുകയും ചെയ്തു… നിറഞ്ഞ കയ്യടി ആയിരുന്നു… ഓരോരുത്തരും അവരുടെ സ്വന്തം പെണ്ണിനെ നോക്കി കാണുകയായിരുന്നു…ഒരുപാട് നാളുകൾക്കു ശേഷമുള്ള അവരുടെ ഒത്തു ചേരൽ ശരിക്കും ഒരു ഉത്സവം പോലെ ആഘോഷിച്ചു….

ഭക്ഷണം കഴിച്ചു എല്ലാവരും പിരിഞ്ഞു പോകുവാൻ തുടങ്ങി… എല്ലാവരും മുത്തേഴത്തു തന്നെയാണ് തങ്ങിയത്…ഡ്രസ് മാറ്റി നന്ദു ഒന്നു ഫ്രഷ് ആയി വന്നു. പതിയെ അവളുടെ മുറിയിൽ നിന്നും ഇറങ്ങി ടെറസിലേക്ക് കയറി… ആകാശത്തു പൂർണ ശോഭയോടെ ചന്ദ്രൻ നിൽക്കുന്ന കാഴ്ച അവൾ കണ്ടു…

പിന്നിലൂടെ രണ്ടു കൈകൾ അവളെ ചുറ്റി വരിഞ്ഞു. അവൾ അനങ്ങാതെ നിന്നു…പതിയെ ആ നെഞ്ചിൽ തല ചായ്ച്ചു… “നിനക്കു എങ്ങനെയാ കൃത്യമായി ഞാൻ ആണെന് മനസ്സിലായത്…” ശിവൻ അതിശയത്തോടെ ചോദിച്ചു…

“ശിവേട്ടൻ അടുത്തു എത്തും മുന്നേ എന്റെ ഹൃദയം എനിക്ക് warning തരും…” നന്ദു പറഞ്ഞു ചിരിച്ചു…

“പഴയ ഓർമകൾ അയവിറക്കുകയാണോ എന്റെ ഗൗരി കൊച്ചു” ശിവൻ ചോദിച്ചു…

“ഓർക്കാൻ മാത്രം ഓർമകളുടെ ഒരു അവശേഷിപ്പും എന്നിൽ ഇല്ല” നന്ദു മറുപടി പറഞ്ഞു.

ശിവൻ പതുക്കെ അവളെ ചുറ്റിയ കൈകൾ എടുത്തു ….അവളെ തിരിച്ചു നിർത്തി..

“ഉണ്ട്…ഇപ്പോഴും ആ ഓർമകൾ നിന്നിലുണ്ട്” ഗൗരവത്തോടെയുള്ള അവന്റെ മുഖം അവളിൽ ഭാവ ചലനം ഉണ്ടാക്കി.

“എന്താ ശിവേട്ട ഇങ്ങനെ പറയുന്നത്..എന്റെ സ്നേഹത്തിൽ സംശയം ആണോ”നന്ദു ഒരു ആധിയോടെ അവനോടു ചോദിച്ചു…

മറുപടി പറയാതെ അവൻ തിരിഞ്ഞു പോകുവാൻ നടന്നു… അവന്റെ കൈകളിൽ പിടി മുറുക്കി…അവളുടെ കണ്ണുകളിൽ പെയ്യാൻ വിതുമ്പിയ കണ്ണുനീരിനെ ശാസനയോടെ പിടിച്ചു നിർത്തി…വിതുമ്പി കൊണ്ടവൾ ചോദിച്ചു…

“എന്റെ സ്നേഹത്തിൽ സംശയം ഉണ്ടോ…. എന്നെ സംശയം ഉണ്ടോ”

തുടരും…!

 

പ്രണയിനി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

3.5/5 - (22 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!