Skip to content

നന്ദ്യാർവട്ടം – ഭാഗം 3

നന്ദ്യാർവട്ടം

വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് എത്തിയ ശേഷം വിനയ് ആദിയെ കൂട്ടാൻ കുടംബ വീട്ടിലെത്തി …

അവൻ വരുമ്പോൾ ആദിയും , ഏട്ടന്റെ മകൾ ശ്രിയയും കൂടി വീർപ്പിച്ച പന്ത് തട്ടിക്കളിക്കുകയാണ് .. ആദി പന്ത് എടുത്ത് ശ്രിയയുടെ മേലെക്കാണ് എറിയുന്നത് ….

അവൾ കൈ കൊണ്ട് തടുക്കുകയും ഓടി മാറുകയും ചെയ്യുന്നത് കാണുമ്പോൾ ആദി പൊട്ടിച്ചിരിക്കും …

വിനയ് അൽപനേരം അത് നോക്കി നിന്നു ..

” ആ നീ വന്നോ ……” സരള ചോദിച്ചു കൊണ്ട് അങ്ങോട്ട് വന്നു …

അവൻ അമ്മയെ നോക്കി ..

” നാളെ നീ ലീവെടുക്കണം …..” സരള പറഞ്ഞു ..

” ലീവോ .. എന്തിന് ….?” അവൻ മനസിലാകാതെ നെറ്റി ചുളിച്ചു ..

” അത് കൊള്ളാം .. കല്ല്യാണത്തിനിനി അഞ്ച് ദിവസമേയുള്ളു … സ്വർണം എടുക്കുന്നത് നമ്മൾ ഈ ആഴ്ചയിലേക്ക് മാറ്റി വച്ചത് നീ മറന്നോ … നാളെ പോയി എടുക്കണം …… ”

” ഓ .. അത് അമ്മയും പ്രീതേടത്തിയുമൊക്കെ കൂടി അങ്ങ് പോയാൽ മതി …… ഞാൻ കാർഡ് തരാം .. ” അവൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു …

” പറ്റില്ല … നീ കൂടി വരണം .. അന്ന് ഡ്രസെടുക്കാനോ നീ വന്നില്ല … ആ കുട്ടി എന്ത് വിചാരിക്കും …..”

” അമ്മേ … എനിക്ക് വരാൻ പറ്റില്ല … ഹോസ്പിറ്റലിൽ ഒരു കേസിൽ ഞാൻ കമിറ്റഡ് ആണ് .. ”

” എങ്കിൽ പിന്നെ നീയെന്തിനാ വീട്ടിലേക്ക് വരുന്നേ .. അവിടെ തന്നങ്ങ് കിടന്നാൽ പോരെ .. കേരളത്തിലെ പ്രധാന സർക്കാർ മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗത്തിൽ എന്റെ മോൻ മാത്രമല്ലേ ഡോക്ടറായിട്ടുള്ളു … ” സരളക്ക് ദേഷ്യം വന്നു ….

” അമ്മേ … ഇതങ്ങനെയല്ല … എന്റെ ശ്രദ്ധ വേണ്ട ഒരു കേസാണ് … ”

” നീയൊന്നും പറയണ്ട .. നിന്റെ ഇഷ്ടം പോലെ ചെയ്യ് … അല്ലെങ്കിലും ഇത് ഞാൻ കണ്ടു പിടിച്ച പെൺകുട്ടിയായിപ്പോയില്ലേ .. എന്റെ ഇഷ്ടത്തിന് നീയെന്ത് വിലയാ കൽപിച്ചിട്ടുള്ളത് … മൂന്നാല് വർഷം മുൻപ് നീ നിന്റെ സ്വന്തം ഇഷ്ടത്തിന് ഒരുത്തിയെ കണ്ടു പിടിച്ചിട്ട് എന്തായി .. അവസാനം നിന്റെ കുഞ്ഞിനെ വരെ തള്ളിക്കളഞ്ഞിട്ട് അവൾ പോയി .. നിന്റെ ചോരയിൽ പിറന്ന കുഞ്ഞിന്റെ മുഖം കാണുന്നത് തന്നെ വെറുപ്പാണെന്നല്ലേടാ അവൾ നിന്റെ മുഖത്ത് നോക്കി പറഞ്ഞത് …….” സരള കലിയോടെ ചോദിച്ചു ..

അവന്റെ മുഖം കുനിഞ്ഞു….

” അമ്മ എഴുതാപ്പുറം വായിക്കണ്ട .. കല്ല്യാണത്തിന് തന്നെ രണ്ട് ദിവസം മാറി നിൽക്കുന്ന കാര്യം ഓർത്തിട്ട് എനിക്ക് ടെൻഷനാണ് .. ഇതിപ്പോ താലിയും മോതിരവും എടുക്കാനല്ലേ .. അതിനിപ്പോ എന്റെ ആവശ്യമൊന്നുമില്ല …. ” അവൻ അക്ഷമയോടെ പറഞ്ഞു …

” നീയെന്താ പറഞ്ഞത് … കല്യാണത്തിന് രണ്ട് ദിവസമോ …. അത് മോനങ്ങ് മനസ്സിൽ വച്ച് നാലായിട്ട് കീറി കളഞ്ഞേക്ക് .. കല്ല്യാണം കഴിഞ്ഞ് ഒരാഴ്ചയെങ്കിലും ലീവ് എടുത്തേ പറ്റൂ …. ”
” അമ്മ നടക്കുന്ന കാര്യം വല്ലോം പറയ് …. ” വിനയ് ചിരിച്ചു….

” എന്തുകൊണ്ടാ നടക്കാത്തത് … എടാ സെക്കന്റ് മാരേജ് നിന്റെ മാത്രമാണ് … അഭിരാമിയുടെ ആദ്യ വിവാഹമാണിത് .. അവളെ സംബന്ധിച്ച് ഒരു വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന എല്ലാ ആശങ്കകളും ഉണ്ടാകും … അവൾക്ക് ഭർത്താവിനോട് മാത്രമല്ല ഭർത്താവിന്റെ ആദ്യവിവാഹത്തിലുള്ള മകനോട് കൂടി പൊരുത്തപ്പെടാനുള്ള സാവകാശം വേണം .. അതിന് നീയവൾക്കൊപ്പം വേണം . … എല്ലാം പറഞ്ഞ് മനസിലാക്കി കൊടുക്കണം .. ആദിയെ അവളോട് അടുപ്പിക്കേണ്ടത് നിന്റെ ചുമതലയാണ് .. ഇനിയുള്ള കാലം ആദിയുടെ പപ്പയും മമ്മയും നീയും അഭിരാമി മോളുമാണ് … ” വിനയ് മിണ്ടാതെ നിന്നു ….

അമ്മ പറയുന്നതൊന്നും അവന് നിഷേധിക്കാൻ പറ്റുന്ന കാര്യങ്ങളല്ല .. പക്ഷെ …

” അവൾ പാവമാണ് മോനേ .. ആദിക്ക് അവൾ നല്ല അമ്മയാവുമെന്ന് എന്റെ മനസ് പറയുന്നു … അല്ലെങ്കിലന്ന് ബാങ്കിൽ വച്ച് എനിക്ക് വയ്യാതായപ്പോൾ അത് മനസിലാക്കി എന്നെ സഹായിക്കാനും , അവിടുന്ന് എന്നെ ഹോസ്പിറ്റലിൽ കൊണ്ട് വരാനും അച്ഛനും നീയുമൊക്കെ വരുന്നത് വരെ എനിക്ക് കൂട്ടിരിക്കാനും ഭക്ഷണം വാങ്ങി തരാനുമൊക്കെയുള്ള മനസ് അവൾക്കുണ്ടാകുമായിരുന്നോ … അന്നവിടെ വേറെ എത്ര ആളുകളുണ്ടായിരുന്നു .. പക്ഷെ അവൾക്കല്ലേ അത് തോന്നിയുളളു … അതൊക്കെയൊരു നിയോഗമാണ് മോനേ … അവളൊരു കോളേജദ്ധ്യാപികയല്ലേ … ആൾക്കാരുമായി ഇടപഴകാനും മനസിലാക്കാനുമൊക്കെ അവൾക്ക് കഴിയും …… ” സരള ഭാവിമരുമകളെ കുറിച്ച് വാചാലയായി ….

അവനൊന്നും മിണ്ടാതെ നിന്നു … അമ്മയോട് തർക്കിച്ചിട്ട് കാര്യമില്ല …

” അമ്മേ .. ആമി നാളെ സിറ്റിയിൽ നിൽക്കും .. നമുക്ക് പോകുന്ന വഴിക്ക് അവളെ പിക് ചെയ്യാം …..” ഫോണും കൈയിൽ പിടിച്ചു കൊണ്ട് പ്രീത അങ്ങോട്ടു വന്നു …

” പറഞ്ഞിട്ടെന്താ .. അവന് സമയമില്ലെന്ന് …” സരള മൂത്ത മരുമകളെ നോക്കി പറഞ്ഞു ..

” എന്താ വിനയ് ഇത് .. നീ വരുമെന്ന് പറഞ്ഞ് ഞാനാ ആമിയെ നിർബന്ധിച്ചത് .. അവളാദ്യം ഒഴിഞ്ഞ് മാറിയതാ .. ഇതിപ്പോ ഞാൻ നാണം കെടുമല്ലോ ….” പ്രീതക്ക് ദേഷ്യം വന്നു ..

” ഏട്ടത്തി ഒരു എമർജൻസി ആയി പോയി … ”

” നീ നിന്റെ ഏട്ടനോട് പറഞ്ഞേക്ക് … അല്ലാതെ ഞാനെന്ത് പറയാനാ …” പ്രീത മൂഷിഞ്ഞു പറഞ്ഞിട്ട് അകത്തേക്ക് കയറിപ്പോയി …

അവൾക്ക് വിഷമമായെന്ന് സരളക്ക് മനസിലായി .. വിനയ് യെ രൂക്ഷമായൊന്നു നോക്കിയിട്ട് സരളയും അകത്തേക്ക് കയറിപ്പോയി …

വീട്ടിലെല്ലാവർക്കും തന്നോട് കലിപ്പായെന്ന് വിനയ്ക്ക് ഉറപ്പായി .. ഇനി നിന്നാൽ അച്ഛന്റെ വായിൽ നിന്നു കൂടി കേൾക്കേണ്ടി വരും എന്നുള്ളത് കൊണ്ട് അവൻ അപ്പോ തന്നെ മോനെയുമെടുത്തു കൊണ്ട് അവിടെ നിന്നിറങ്ങി ….

* * * * * * * * * * * * * * * * * *

ആദി തത്തി തത്തി നടന്ന് വരുമ്പോഴാണ് ബെഡിൽ പപ്പയുടെ പാന്റ് കിടക്കുന്നത് കണ്ടത് .. അവൻ ചിരിച്ചു കൊണ്ട് ചെന്ന് ഒറ്റ നീക്കിന് അത് തറയിലേക്കെറിഞ്ഞു … വിനയ് ആ സമയം റൂമിന് പുറത്ത് നിന്ന് ഫോൺ ചെയ്യുകയായിരുന്നു ..

ക്ടിം …….

പാന്റിന്റെ പോക്കറ്റിൽ നിന്ന് ഒരു പെൻഡ്രൈവ് പുറത്തേക്ക് തെറിച്ചു വീണു….

ആദി അത് കണ്ടു … അവൻ ചിരിച്ചു ചിരിച്ചു ചെന്ന് അത് കൈയിലെടുത്തു ..

ഇത്തിരി നേരം അവനത് കൈയിൽ വച്ച് നോക്കി .. പിന്നെ കടിച്ചു നോക്കി …

പിന്നെ അതുമായി തന്റെ കളിപ്പാട്ടങ്ങൾ നിറഞ്ഞ മുറിയുടെ നേർക്ക് നടന്നു പോയി …..

വിനയ് ഫോൺ ചെയ്ത് കഴിഞ്ഞ് മുറിയിലേക്ക് വരുമ്പോൾ താൻ ബെഡിലൂരിയിട്ട പാന്റ് നിലത്ത് കിടക്കുന്നത് കണ്ടു … ആദിയുടെ പണിയാവുമെന്ന് അവന് മനസിലായി …

അവൻ കുനിഞ്ഞ് പാന്റ് കൈയിലെടുത്തു ..

അപ്പോഴാണ് പെൻഡ്രൈവിന്റെ കാര്യം അവന് ഒർമ വന്നത് ..

അവൻ പോക്കറ്റിൽ കൈയിട്ട് നോക്കി ….

ഇല്ല ….!

രണ്ടു പോക്കറ്റിലുമില്ല ….

അവൻ കുനിഞ്ഞ് തറയിലും ബെഡിനിടയിലും ടേബിളിനടിയിലും എല്ലായിടവും നോക്കി .. എങ്ങുമില്ല ….

” ആദീ ………….” വിനയ് ഉറക്കെ വിളിച്ചു ..

അപ്പുറത്തെ മുറിയിൽ കളിപ്പാട്ടങ്ങളിളകുന്ന ശബ്ദം കേൾക്കാം ..

അതവന്റെ മുറിയാണ് .. അവന് കളിക്കാനായി മാത്രം വിട്ടുകൊടുത്തിരിക്കുന്ന മുറി …

വിനയ് അങ്ങോട്ട് ചെന്നു ..

ആദി തന്റെ ടോയ് കാറിൽ കയറിയിരുന്ന് അങ്ങോട്ടുമിങ്ങോട്ടും നിരക്കുന്നുണ്ട് .. സ്റ്റിയറിംഗ് കറക്കി ഓടിക്കാൻ അവനത്ര വശമില്ല .. ആരെങ്കിലും സഹായിച്ചു കൊടുക്കണം …

വിനയ് അങ്ങോട്ടു ചെന്നു .. ആദിയുടെ കൈപിടിച്ചു നോക്കി … അവന്റെ ഉടുപ്പിനു പുറത്തു കൂടിയും നിക്കറിന് പുറത്തു കൂടിയും പോലും തപ്പി നോക്കി …

ഇല്ല …..!

അവനിരുന്ന കാറിനുള്ളിലും മറ്റ് കളിപ്പാട്ടങ്ങൾക്കിടയിലും എല്ലാം നോക്കി ..

” ആദി പപ്പയുടെ പോക്കറ്റിൽ നിന്ന് എന്തെങ്കിലും എടുത്താരുന്നോ ……?” അവൻ ഇടക്കിടെ ചോദിക്കുന്നുണ്ടായിരുന്നു ..

പപ്പയുടെ ശബ്ദം കേൾക്കുമ്പോൾ മാത്രം അവൻ വിനയ് യെ തിരിഞ്ഞ് നോക്കും …. അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടിൽ പിന്നെയും അവൻ അവന്റെ കുറുമ്പുകളിലേക്ക് തിരിയും …

വിനയ് പോയി തന്റെ പാന്റ് എടുത്തു കൊണ്ട് വന്ന് ആദിയെ കാട്ടി ..

” ആദിയാണോ ഇത് നിലത്തിട്ടത് …..?”

അതവന് മനസിലായെന്ന് തോന്നുന്നു ..

അവൻ പപ്പയെ നോക്കി നിഷ്കളങ്കമായി ചിരിച്ചു…

” ആ … രി ….. ” അവൻ പപ്പയെ നോക്കി പറഞ്ഞു ..

അതവൻ കുറ്റം സമ്മതിച്ചതാണ് ..

” പോക്കറ്റിൽ ഒരു ടോയ് ഉണ്ടായിരുന്നില്ലെ … അതെവിടെ ………..?” പോക്കറ്റിനകം കാണിച്ചും വിരൽ കൊണ്ട് ആഗ്യം കാണിച്ചുമൊക്കെ അവൻ ആദിയോട് ചോദിച്ചു ..

ആദി പപ്പയെ നോക്കി ചിരിച്ചു .. അവനത് മനസിലായിട്ടില്ല ..

വിനയ് തിരിച്ചും മറിച്ചുമൊക്കെ ചോദിച്ചു നോക്കി .. ഒരു രക്ഷയുമില്ല …

അവൻ തളർന്ന് നിലത്തേക്കിരുന്നു ..

കുറച്ചു കഴിഞ്ഞപ്പോൾ ആദി പറഞ്ഞു ..

” കാ …ക്ക … കാ .. കാ ………”

അതാണ് .. അവന് കാര്യം മനസിലായിട്ടുണ്ട് .. സംഗതി കാക്ക കൊണ്ട് പോയെന്നാണ് അവന്റെ വാദം …

അവൻ കണ്ടിഷ്ടപ്പെടുന്ന പല സാധനങ്ങൾക്കു വേണ്ടിയും അവൻ കരഞ്ഞ് വാശി പിടിക്കുമ്പോൾ അതെല്ലാം കാക്ക കൊണ്ട് പോകാറാണ് പതിവ് .. കാക്കയെ അവൻ കാണാറില്ലെങ്കിലും അച്ഛച്ചനും അച്ഛമ്മയും പപ്പയുമൊക്കെ അവനോട് എത്ര വട്ടം അങ്ങനെ പറഞ്ഞിരിക്കുന്നു …

ഇത്തവണ അവനും അത് തന്നെ പറഞ്ഞു …

” ആദി … അതെവിടെ …….” വിനയ് ക്ക് ദേഷ്യം പോലും വന്നു പോയി ..

അവനപ്പോഴും നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് പറഞ്ഞു ..

” കാക്ക … കാ …..കാ …. കാ ….”

പുറത്തെവിടെയോ കാക്കകൾ കലപില കൂട്ടുന്നത് വിനയ് കേട്ടു ..

അവൻ തലയ്ക്ക് കൈ കൊടുത്തിരുന്നു പോയി ..

അവന്റെ തലക്കുള്ളിലും അപ്പോൾ കാക്കകൾ കലപില കൂട്ടി പറന്നിളകുന്നുണ്ടായിരുന്നു …

** ** ** ** ** ** ** * * * * * * * * * * *
പിറ്റേന്ന്

ഓപി കഴിഞ്ഞ് വിനയ് ഡ്യൂട്ടി റൂമിൽ ഇരിക്കുമ്പോഴാണ് ഒരാൾ അകത്തേക്ക് വന്നത് ..

” ഡാ … വിനയ് …..” വന്നയാൾ സ്വാതന്ത്ര്യത്തോടെ വിളിച്ചു …

അവൻ തലയുയർത്തി നോക്കി … അവൻ ആശ്ചര്യത്തോടെ എഴുന്നേറ്റു ചെന്നു …

” അളിയാ …. വാട്ട് എ സർപ്രൈസ് ….. ……” അവൻ ഓടി ചെന്ന് അതിഥിയെ കെട്ടിപ്പിടിച്ചു …

ആലിംഗനവും സൗഹൃദം പുതുക്കലിനും ശേഷം ഇരുവരും ചെയർ വലിച്ചിട്ട് ഇരുന്നു ..

” നീയങ്ങ് ചീർത്തല്ലോ … ” വിനയ് പറഞ്ഞു ..

” പക്ഷെ നിനക്ക് വലിയ മാറ്റമൊന്നുമില്ല .. ” വന്നയാൾ പറഞ്ഞു….

” നീ നമ്മുടെ ജൂനിയർ നിരഞ്ജനയെ വിവാഹം കഴിച്ചതൊക്കെ ഞാനറിഞ്ഞു … അത് നന്നായി … പഠിക്കുന്ന കാലത്ത് അവള് കുറേ നടന്നതല്ലേ നിന്റെ പിന്നാലെ … എന്നിട്ടും നീ വലിയ ജാഡയിട്ട് നടന്നു … എന്തായാലും അവളെ കെട്ടിയല്ലോ …. പിന്നെ സുഖമാണോ അവൾക്ക് …? അവളെവിടെയാ വർക്ക് ചെയ്യുന്നേ … ” അയാൾ ചോദിച്ചു …

വിനയ് ഒന്നും മിണ്ടിയില്ല .. അവന്റെ മുഖം മങ്ങിയിരുന്നു …

” നീയത് വിട് .. അതൊക്കെ നമുക്ക് പിന്നെ സംസാരിക്കാം … നീയെന്താ ഇപ്പോ ഇങ്ങോട്ട് വന്നത് …… അത് പറ ” വിനയ് വിഷയം മാറ്റി ..

” അളിയാ … എനിക്കിങ്ങോട്ട് ട്രാൻസ്ഫർ ആയി …. ലാസ്റ്റ് ഞാൻ മലപ്പുറത്തായിരുന്നു .. ”

” വൗ …… കൺഗ്രാറ്റ്സ് അളിയാ … ” വിനയ് അത്ഭുതം വിടാതെ പറഞ്ഞു …

Dr ശബരി മുകുന്ദൻ ആയിരുന്നു അത് എം ബി ബി എസ് ന് അവർ ഒരുമിച്ചായിരുന്നു .. പിന്നീട് പി ജിയും സൂപ്പർ സ്പെഷ്യാലിറ്റിയും അവർ രണ്ട് സംസ്ഥാനങ്ങളിലായിരുന്നു .. വിനയ് കേരളത്തിലും ശബരി ബാംഗ്ലൂരും .. അതിനാൽ തന്നെ തമ്മിലുള്ള കോൺടാക്റ്റ് ഒക്കെ കുറഞ്ഞിരുന്നു .. അന്ന് കൂടെയുണ്ടായിരുന്നവരിൽ ചിലർ മാത്രമേ വിനയ് യുടെ സൗഹൃദ വലയത്തിൽ ഇപ്പോഴുള്ളു .. ജീവിത പ്രശ്നങ്ങളും ലക്ഷ്യങ്ങളുമായി പല വഴിക്ക് പിരിഞ്ഞവരിൽ ശബരിയും പെടും … സോഷ്യൽ മീഡിയയിലൊക്കെയുണ്ടെങ്കിലും ചാറ്റ് ചെയ്ത് സൗഹൃദം പുതുക്കാനൊന്നും ആരും മിനക്കെടാറില്ല ..

” നീയിവിടെയുണ്ടെന്ന് അശോക് പറഞ്ഞിരുന്നു .. നമ്മുടെ പഴേ കപ്പലണ്ടി .. നമ്പർ അവൻ തന്നു .. ഇവിടെ വന്ന് സർപ്രെസ് തരാൻ പറ്റിയില്ലെങ്കിൽ വിളിക്കാം എന്ന് വിചാരിച്ചു .. താഴെ റിസപ്ഷനിൽ ചോദിച്ചപ്പോ നീ ഡ്യൂട്ടിയിൽ ഉണ്ടെന്നറിഞ്ഞു .. ” ശബരി പറഞ്ഞു ..

” നീയെവിടാ … താമസം …..”

” ആക്ച്വലി ഒരെണ്ണം അറേഞ്ച് ചെയ്യണം … തത്ക്കാലം ഹോട്ടലിലെവിടെയെങ്കിലും റൂമെടുക്കാം …”

” ഹോട്ടലിലോ .. ഞാനിവിടെയുള്ളപ്പോഴോ … അതൊന്നും വേണ്ട മോനേ .. മര്യാദക്ക് എന്റെ കൂടെ വന്നോ ….. ”

” എന്തായാലും ഞാൻ വേറെയൊരു സ്ഥലം കണ്ടു പിടിക്കും .. നിങ്ങൾക്കിടയിൽ ഞാൻ കട്ടുറുമ്പാകുന്നില്ല .. ”

വിനയ് ഒന്ന് മൗനമായി …

” അതൊക്കെ സാവകാശം നീ കണ്ടു പിടിച്ചോ ……..” അവൻ എങ്ങും തൊടാതെ പറഞ്ഞു …..

* * * * * * * * * * * * * * * * * * * * * *

ശബരിയെ വിനയ് തന്നെ ഡിപ്പാർട്ട്മെന്റിൽ എല്ലാവർക്കും പരിചയപ്പെടുത്തി ..

പോസ്റ്റ് ഓപ്പറേറ്റീവ് ഐ സി യു വിൽ ഷംന സിസ്റ്ററും ഡ്യൂട്ടിയിലുണ്ടായിരുന്നു .. അമലാ കാന്തിയെ വാർഡിലെ ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു ..

ശബരി അവിടെ എല്ലാവരെയും പരിചയപ്പെടുന്നതിനിടയിൽ സീനിയറായ Drരാജീവ് കിരൺ അങ്ങോട്ടു വന്നു …

” എല്ലാവരും കൂടി എന്താ ഒരു ഡിസ്കഷൻ …..” രാജീവ് കിരൺ അവർക്കൊപ്പം കൂടി …

” ഒരു ചിലവിനുള്ള കോള് ഒത്തിട്ടുണ്ട് സർ …. പുതിയ ഡോക്ടർ വന്നല്ലോ ..” സിസ്റ്റർ ഇൻ ചാർജ് ആയ ശ്യാമള പറഞ്ഞു …

” ആ … അങ്ങനെ … പക്ഷെ ഞാനിന്ന് BP നോക്കിയപ്പോൾ കുറച്ച് ഹൈ ആണ് …. ഫുഡ് കൺട്രോൾ വേണ്ടി വരും ….. ” രാജീവ് കിരൺ ഒന്ന് നീട്ടി തമാശ കലർത്തി പറഞ്ഞു …

” അങ്ങനാണെൽ ചിലവ് വേണം ഡോകു … ” ഷംന സിസ്റ്റർ ഉടൻ പറഞ്ഞു ..

അവിടെയൊരു ചിരിയുയർന്നു ….

” ബി പി കൂടിയതിനും ചിലവോ … കർത്താവേ ഇതേതാ നാട് ….” രാജീവ് കിരണിന്റെ ചോദ്യം കൂടിയായപ്പോൾ ചിരിയുടെ ശബ്ദം കൂടി …

പോകാൻ നേരം വിനയ് ഷംന സിസ്റ്ററിനെ ഒന്ന് നോക്കി .. ആ നോട്ടത്തിന്റെയർത്ഥം സിസ്റ്റർക്ക് അറിയാമായിരുന്നു .. കണ്ണുകൾ കൊണ്ട് അവർ സംസാരിച്ചത് മറ്റാരും കണ്ടില്ലെങ്കിലും രണ്ട് കണ്ണുകൾ അവരെ മാത്രം വീക്ഷിക്കുന്നുണ്ടായിരുന്നു ..

* * * * * * * * * * * * * * * * * *

ശബരിയെയും കൂട്ടി വിനയ് നേരത്തെ വീട്ടിലെത്തി .. അവനെ മുറി കാണിച്ചു കൊടുത്ത് ഫ്രഷാകാൻ വിട്ടിട്ട് വിനയ് കിച്ചണിൽ കയറി .. ചപ്പാത്തിയോ മറ്റോ ഉണ്ടാക്കാം ….

വീട്ടിൽ അമ്മയൊന്നുമില്ല .. അവർ സ്വർണമെടുക്കാൻ പോയിരിക്കുകയാണ് .. ആദിയെയും അവർ കൊണ്ട് പോയി ..

അപ്പോഴാണ് കിച്ചൺ സ്ലാബിലിരുന്ന് ഫോൺ ശബ്ദിച്ചത് ..

അവൻ കോളെടുത്തു നോക്കി …

ഷംന സിസ്റ്റർ …….!

” സർ തിരക്കിലാണോ ….” ഷംന സിസ്റ്റർ ചോദിച്ചു ..

ഷംന സിസ്റ്റർ സർ എന്ന് വിളിച്ചപ്പോൾ തന്നെ വിനയ്ക്ക് മനസിലായി എന്തോ സീരിയസ് മാറ്ററാണെന്ന് ..

” ഇല്ല ..സിസ്റ്റർ പറഞ്ഞോളൂ ……”

” ഞാൻ വാർഡിൽ നിന്നാ വിളിക്കുന്നേ .. അനീറ്റ സിസ്റ്റർ ഡ്യൂട്ടിയിലുണ്ട് .. സിസ്റ്ററോട് ഞാൻ സൂചിപ്പിച്ചിട്ടുണ്ട് … ”

” അമല കാന്തിയെ കയറി നോക്കിയോ സിസ്റ്റർ…”

” നോക്കി സർ .. അതാ ഞാൻ വിളിച്ചത് .. ഇപ്പോ വിസിറ്റേർസ് ടൈം ആണല്ലോ … ഞാൻ ഇങ്ങോട്ട് വരുമ്പോൾ തന്നെ ആറേഴ് പുരുഷന്മാർ നടന്നു പോകുന്നത് കണ്ടു .. നോക്കിയപ്പോൾ അമലയെ കാണാൻ വന്നവരാ … അവര് പോയി കഴിഞ്ഞാ ഞാൻ ഐസൊലേഷനിൽ ചെന്ന് അമലയെ നോക്കിയത് .. ആ കുട്ടീടെ പാരന്റ്സ് പറഞ്ഞത് വന്നവരെല്ലാം അമലാ കാന്തിയുടെ കോളേജിലെ പയ്യന്മാരാണെന്നാ .. പക്ഷെ അവർക്കിവരെ
മുൻപരിജയം ഒന്നുമില്ല .. കോളേജിലെ അവളുടെ ഫ്രണ്ട്സിനെ പറ്റി അവൾ പറഞ്ഞുള്ള അറിവേ അവർക്കുളളു ..ആരെയും അങ്ങനെ കണ്ടിട്ടൊന്നുമില്ലത്രേ .. പക്ഷെ എനിക്കെന്തോ സംശയമുണ്ട് സർ … കാരണം ആ വന്നവരിൽ കോളേജ് സ്റ്റുഡൻസ് എന്ന് തോന്നിക്കുന്ന മൂന്നാല് പേരെ ഉണ്ടായിരുന്നുള്ളു .. ബാക്കി ഒന്ന് രണ്ട്‌ പേരെ കണ്ടാൽ കുറച്ച് മുതിർന്ന വ്യക്തികളായിട്ടാ തോന്നിയത് .. ചിലപ്പോ എന്റെ സംശയ ദൃഷ്ടി കൊണ്ട് നോക്കിയപ്പോൾ തോന്നുന്നതുമാകാം സർ .. ” ഷംന സിസ്റ്റർ പറഞ്ഞു ..

വിനയ് ജാഗരൂഗനായി ….

” സിസ്റ്റർ അമലയെ നോക്കിയോ .. അവൾക്കെന്തെങ്കിലും ചെയ്ഞ്ച് തോന്നിയോ …. ”

” നോക്കി സർ .. പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലായിരുന്നു .. ഫ്ലൂയിഡ് പോകുന്നുണ്ട് .. ”

അതിനിടയിൽ അനീറ്റ സിസ്റ്ററും അറ്റന്റർസും കൂടി ട്രോളി ഉന്തിക്കൊണ്ട് പോകുന്നത് ഷംന സിസ്റ്റർ കണ്ടു ..

” പിന്നെ സർ , അവിടെ കിറ്റിൽ കുറച്ച് ഫ്രൂട്സ് ഇരിപ്പുണ്ട് .. ഇവർ കൊണ്ട് വന്നതാണെന്ന് തോന്നുന്നു .. കരിക്കു വെള്ളവും കഞ്ഞിയും ജ്യൂസും മാത്രമല്ലേ കൊടുക്കാൻ പാടുള്ളു .. ആ ഫ്രൂട്സ് ജ്യൂസടിച്ച് കുട്ടിക്ക് നൽകരുതെന്ന് എങ്ങനെ പറയും .. പാരന്റ്സ് പേടിക്കില്ലേ .. ഇപ്പോ തന്നെ അവരാകെ തകർന്ന് നിൽക്കുവാ …”

” നോ സിസ്റ്റർ .. അവരോട് പറയൂ അത് കൊടുക്കരുതെന്ന് . . പുറത്തു നിന്ന് ആര് കൊണ്ടുവരുന്നതും കുട്ടിക്ക് കൊടുക്കരുതെന്ന് അവരോട് പറയണം .. അവരൽപം പേടിച്ചാലും സാരമില്ല … അവളുടെ ജീവനാണ് വലുത് .. ഞാനൊരു ഒരു മണിക്കൂർ കഴിഞ്ഞിട്ട് അങ്ങോട്ട് വരും .. നാഗയ്യയോട് ഞാൻ സംസാരിക്കാം .. സിസ്റ്ററിപ്പോ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയതല്ലേ .. അവരോട് ആ ഫ്രൂട്സ് അവൾക്ക് കൊടുക്കരുതെന്ന് പറഞ്ഞാൽ മതി .. ബാക്കി കാര്യം ഞാൻ വന്ന് സംസാരിച്ചോളുമെന്നും പറയണം .. എന്നിട്ട് സിസ്റ്റർ പൊയ്ക്കോളൂ ….. ”

” ഒക്കെ സർ ……”

കാൾ കട്ട് ചെയ്തിട്ട് ഷംന സിസ്റ്റർ ഓടി ഐസൊലേഷൻ റൂമിലേക്ക് ചെന്നു .. അവിടെ മെഡിസിൻ ട്രോളിയുണ്ടായിരുന്നു ..
അവൾ അകത്തേക്ക് നോക്കി .. അമലയുടെ അടുത്ത് സ്റ്റൂളിലിരുന്ന് അനീറ്റ സിസ്റ്റർ അവളുടെ മൂക്കിൽ ഘടിപ്പിച്ചിരുന്ന NG ട്യൂബ് വഴി ഓറഞ്ച് ദ്രാവകം കൊടുക്കുന്നുണ്ടായിരുന്നു …

റൂമിലെ ടേബിളിലിരുന്ന ഫ്രൂട്സ് കിറ്റ് തുറന്ന നിലയിലായിരുന്നു .. ഒരു ഓറഞ്ചും കുറച്ച് ഓറഞ്ച് പൊളിച്ച തോടും ടേബിളിലിരിക്കുന്നത് ഷംന സിസ്റ്റർ ഒരാന്തലോടെ കണ്ടു ..

(തുടരും )

 

Click Here to read full parts of the novel

3.5/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!