Skip to content

നന്ദ്യാർവട്ടം – ഭാഗം 4

നന്ദ്യാർവട്ടം

ഷംന സിസ്റ്റർ നിസഹായയായി നോക്കി നിന്നു ..

അനീറ്റ സിസ്റ്റർ അവൾക്ക് ജ്യൂസ് കൊടുത്തിട്ട് എഴുന്നേറ്റു ….

ഷംന സിസ്റ്റർ അൽപം മാറി നിന്ന് ഫോണെടുത്ത് വിനയ് യെ വിളിച്ചു …

” സർ .. ഞാൻ ചെല്ലുമ്പോഴേക്കും അനീറ്റ സിസ്റ്റർ അവൾക്ക് ജ്യൂസ് നൽകുവാരുന്നു .. അവർ കൊണ്ടുവന്ന ഓറഞ്ചിന്റെ ജ്യൂസാ നൽകിയത് .. ” മറു വശത്ത് വിനയ് കോളെടുത്തതും ഷംന സിസ്റ്റർ ഒറ്റ ശ്വാസത്തിൽ പറഞ്ഞു ..

” ഛെ …. ….” അവൻ തലകുടഞ്ഞു …

” ഒരു കാര്യം ചെയ്യൂ സിസ്റ്റർ … അനീറ്റ സിസ്റ്ററോട് പറയണം ഫിഫ്റ്റീൻ മിനിട്ട്സ് ഇടവിട്ട് അവളുടെ TPR മോണിറ്റർ ചെയ്യാനും അവൾ വൊമിറ്റ് ചെയ്യുന്നുണ്ടോ എന്ന് നോക്കാനും .. TPR ൽ വേരിയേഷനുണ്ടെങ്കിലോ വൊമിറ്റ് ചെയ്താലോ അപ്പോ എന്നെ വിളിച്ചു പറയാൻ പറയണം .. അപ്പോ തന്നെ അവളെ ഐസിയു വിലേക്ക് മാറ്റാനുള്ള പ്രൊസീഡിയേർസ് ചെയ്യാനും പറയണം .. പിന്നെ നാഗയ്യയോട് പറഞ്ഞേക്കൂ ഇനിയാ ഫ്രൂട്സ് കൊടുക്കരുത് എന്ന് …..”

” ഒക്കെ സർ ….. ”

ഷംന സിസ്റ്റർ കോൾ കട്ട് ചെയ്തു ….

* * * * * * * * * * * *

” നീ ഡിവോർസ് ആയ കാര്യമൊന്നും ഞാനറിഞ്ഞിരുന്നില്ല …. ” വിനയ് കൊടുത്ത ചായ ഊതി കുടിച്ചു കൊണ്ട് ശബരി അവനെ നോക്കി …

” നീ ഇരിക്ക് … ചപ്പാത്തി , പനീർ റോസ്റ്റ് ഉണ്ട് … ” വിനയ് പറഞ്ഞു …

” എന്താടാ പിരിയാൻ കാരണം … അവൾക്ക് നിന്നെ വലിയ ഇഷ്ടമായിരുന്നല്ലോ .. നമ്മൾ ഹൗസ് സർജൻസി കഴിയും വരെയും അവൾ നിന്റെ പിന്നാലെ ഉണ്ടായിരുന്നല്ലോ … നീയവളെ വിവാഹം കഴിച്ചത് ഞാൻ ബാംഗ്ലൂര് വച്ചാ അറിഞ്ഞത് … ” ശബരി അവിശ്വസനീയതയോടെ പറഞ്ഞു ..

” വിവാഹം കഴിയുമ്പോ പഴയ പ്രണയം മാത്രമായിരിക്കില്ലല്ലോ …..” വിനയ് പറഞ്ഞു ..

” അതെ എന്നാലും … അവള് നിന്റെ ലൈഫിൽ നിന്ന് പോകാൻ മാത്രം എന്താണെന്നാ എനിക്ക് മനസിലാകാത്തത് …. നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയണ്ട ….” ശബരി കപ്പ് ടേബിളിൽ വച്ചിട്ട് ചെയർ വലിച്ചിട്ടിരുന്നു …

അവന്റെ മുന്നിലേക്ക് വിനയ് ചപ്പാത്തിയും പനീർ റോസ്റ്റും എടുത്ത് വച്ചു …

” പ്രശ്നം പലതാണ് .. ഗവർണമെന്റ് സർവീസ് രാജി വച്ച് അവളുടെ അങ്കിളിന്റെ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ന്യൂറോളജി വിഭാഗം ഞാനേറ്റെടുക്കണം … അത് പറ്റില്ല എന്ന് ഞാൻ പറഞ്ഞു .. അതു മുതലാണ് തുടക്കം … ”

” പറഞ്ഞു തീർക്കാവുന്ന പ്രശ്നമായിരുന്നെങ്കിൽ അതായിരുന്നു നല്ലത് .. ഇനിയും വൈകിയിട്ടില്ല … നിനക്ക് സമയമുണ്ട് .. ഞാൻ വേണമെങ്കിൽ നിരഞ്ജനയെ കാണാം … ”

” ഏയ് … ഞാൻ പറഞ്ഞല്ലോ .. അതൊരു തുടക്കം മാത്രമായിരുന്നു … അതിനെ തുടർന്ന് പൊരുത്തക്കേടുകൾ ഒരുപാടുണ്ടായി ….. പല പ്രോബ്ലംസ് .. ” വിനയ് പറഞ്ഞു …

” ഒരു കോളേജ് അദ്ധ്യാപികയെക്കാൾ നിനക്ക് നല്ലത് ഡോക്ടർ തന്നെയായിരുന്നു .. ” ശബരി പറഞ്ഞു ….

അതിന് വിനയ് മറുപടിയൊന്നും പറഞ്ഞില്ല …

” ആദിയുടെ കാര്യം കൂടി ഓർക്കണ്ടെ …… അവനെ സ്നേഹിക്കാൻ അവർക്ക് കഴിഞ്ഞില്ലെങ്കിൽ ……..” ശബരിക്ക് വിടാൻ ഭാവമില്ലായിരുന്നു …

” അവനെ അവന്റെ പെറ്റമ്മ പോലും നന്നായി നോക്കിയിട്ടില്ല …. പക്ഷെ എനിക്ക് അവൻ കഴിഞ്ഞേ മറ്റാരുമുള്ളു …. അവനെ വേണ്ടാത്തവർക്ക് എന്റെ ലൈഫിൽ സ്ഥാനമുണ്ടാവില്ല …..” വിനയ് ഉറപ്പിച്ചു പറഞ്ഞു …..

ശബരി അവനെയൊന്ന് നോക്കി …. പിന്നെ ചപ്പാത്തി കഴിക്കാൻ തുടങ്ങി …..

* * * * * * * * * * * * * * * * * * * *

മൂന്ന് ദിവസം കൂടി കടന്നു പോയി …..

അമലാ കാന്തിയുടെ നിലയിൽ ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങി .. ഇടക്കിടെ അവൾക്ക് ബോധം വീഴും .. പക്ഷെ സംസാരിക്കാറായില്ല ….

വൈകുന്നേരം …

വിനയ് യുടെ വീട്ടിൽ …..

” നീയിപ്പോ ധൃതി പിടിച്ച് മാറുകയൊന്നും വേണ്ട .. ഇവിടെ ഒരു റൂം നിനക്ക് തരുന്നതിൽ എനിക്ക് വിരോധമൊന്നുമില്ല …..” വിനയ് പറഞ്ഞു …

” ഞാനിന്നും നോക്കി .. ബട്ട് റെന്റ് എന്റെ ബഡ്ജറ്റിൽ ഒതുങ്ങുന്നില്ല .. വലിയൊരു ഫിനാൻഷ്യൽ ക്രൈസിസിലാ എന്റെ ഫാമിലി … അതാണ് … ” ശബരി തന്റെ മനസ് തുറന്നു …

” അതുകൊണ്ടാ പറയുന്നത് .. നീയിവിടുന്ന് ഉടനെ മാറേണ്ട ആവശ്യമൊന്നുമില്ല … ഇവിടെ ആവശ്യത്തിലധികം റൂമുകളുണ്ട് … ” വിനയ് പറഞ്ഞു …

” അഭിരാമിക്കത് ബുദ്ധിമുട്ടാകില്ലെ …. ”

” അതൊന്നും അവളല്ല തീരുമാനിക്കുന്നത് .. ” വിനയ് പറഞ്ഞു …

ശബരി അവനെയൊന്ന് നോക്കി ….

” നിന്നോടെനിക്ക് മറ്റൊരു കാര്യം പറയാനുണ്ട് … നീയിങ്ങോട് ട്രാൻസ്ഫറായത് എനിക്ക് രക്ഷയായി … ” വിനയ് ആശ്വാസത്തോടെ പറഞ്ഞു ..

” എന്താടാ …….” ശബരി ചോദിച്ചു …

” നാളെയും മറ്റന്നാളും ഞാൻ ലീവാണ് … രണ്ട് ദിവസവും എന്റെ പേഷ്യന്റ് അമലാ കാന്തിയുടെ മേൽ നിന്റെ പൂർണ ശ്രദ്ധ വേണം …….. ” വിനയ് അവനോട് പറഞ്ഞു ..

” തീർച്ചയായും … അതിരിക്കട്ടെ ശരിക്കും നീയെന്താണ് ആ കുട്ടിയുടെ കാര്യത്തിൽ ഇത്രയഥികം കെയർഫുൾ ആകുന്നത് .. എന്താ ആ കുട്ടിയുടെ പ്രശ്‌നം …” ശബരി ചോദിച്ചു ..

” ശരിക്കും പ്രശ്നമെന്താണ് എന്ന് എനിക്കുമറിയില്ല … പക്ഷെ അവളെ സംബന്ധിക്കുന്ന എന്തൊക്കെയോ പ്രശ്നങ്ങളുണ്ട് .. അവൾക്ക് പിന്നിൽ ഒരപകടം പതിയിരിക്കുന്നുണ്ട് എന്ന് തോന്നുന്നു … ” വിനയ് സംശയത്തോടെ പറഞ്ഞു ..

” എന്തപകടം ….? ” ശബരിക്ക് ജിഞ്ജാസയായി ..

” അതറിയില്ല .. അത് സംബന്ധിച്ച് ഒരു തെളിവ് എന്റെ കൈവശം കിട്ടിയതാണ് … ബട്ട് അൺഫോർച്യുണേറ്റ്ലി അത് എന്റെ കയ്യിൽ നിന്ന് മിസ്സായി .. അത് കിട്ടിയാൽ എല്ലാമറിയാൻ കഴിയുമായിരുന്നു … അത് മാത്രമല്ല ആ കുട്ടിക്ക് ചിലപ്പോൾ ഒരു സർജറി കൂടി വേണ്ടിവരും ….”

” എന്ത് തെളിവ് …. എന്ത് തെളിവാ നിനക്ക് കിട്ടിയത് …” ശബരി ചോദിച്ചു ..

” ഒരു പെൻഡ്രൈവ് … ബട്ട് അത് ആദിയുടെ കയ്യിൽ കിട്ടി .. ഞാനത് കണ്ടിരുന്നില്ല … അവന്റെ ടോയിസ് കിടക്കുന്ന റൂമിലായിരുന്നു ആ സമയം അവൻ .. അവിടെ നോക്കി .. ഈ വീടും മുറ്റവും മുഴുവൻ ഞാൻ സെർച്ച് ചെയ്തു .. കിട്ടിയില്ല … അവനത് എന്ത് ചെയ്തുവെന്ന് എനിക്കറിയില്ല ….. ചിലപ്പോ എപ്പോഴെങ്കിലും അവൻ തന്നെ അത് പോയി എടുത്തിട്ട് വരും …..”

ശബരി മെല്ലെ തലയിളക്കി …

“സമയമൊത്തിരിയായില്ലേ .. നീ കിടന്നോ … ഞാനൊന്ന് ഫോൺ ചെയ്തിട്ട് വരാം .. ” വിനയ് പറഞ്ഞിട്ട് ഫോണുമായി എഴുന്നേറ്റു ….

” അഭിരാമിയെയായിരിക്കും …. ” ശബരി കളിയാക്കി …

” നോ … ഹോസ്പിറ്റലിലേക്കാ …..”

” അവിടെയാരെ ….”

” നെസ്സി സിസ്റ്റർ .. അമല കിടക്കുന്ന വാർഡിൽ ഇന്ന് നൈറ്റ് ഡ്യൂട്ടി സിസ്റ്റർക്കാണ്…” വിനയ് പറഞ്ഞു …

” ശരി …..”

പറഞ്ഞിട്ട് ശബരിയെഴുന്നേറ്റ് പോയി ..

വിനയ് ഫോണുമായി ബാൽക്കണിയിൽ പോയി നിന്നു ….

ഫോൺ വിളിച്ചു അമലാ കാന്തിയുടെ വിവരങ്ങൾ ചോദിച്ചു മനസിലാക്കിയ ശേഷം അവൻ കോൾ കട്ട് ചെയ്തു …..

തിരികെ റൂമിലേക്ക് വരുമ്പോൾ ശബരി , ആദിയുടെ റൂമിലായിരുന്നു .. അവനെന്തോ തിരയുന്ന പോലെ വിനയ് ക്ക് തോന്നി …

” നീയെന്താ നോക്കുന്നേ …..” വിനയ് അങ്ങോട്ട് ചെന്നു …

” ഞാൻ റൂമിലേക്ക് പോയതാ … അപ്പോ ഇവിടെയെന്തോ അനങ്ങുന്ന പോലെ തോന്നി .. അതാ കയറി നോക്കിയത് … ഞാനോർത്തു ആദി ഉറങ്ങിയില്ലെന്ന് … ”
ശബരി പറഞ്ഞു ..

” ആദിയെയാണോ നീയിങ്ങനെ തിരഞ്ഞത് …” വിനയ് ചിരിച്ചു …

” ഏയ് അവനിവിടെയില്ലല്ലോ .. അനങ്ങിയത് പിന്നെയെന്താണെന്ന് നോക്കിയതാ ……” ശബരി പുറത്തേക്കിറങ്ങിക്കൊണ്ട് പറഞ്ഞു …

” നിന്റെ റൂം താഴെയാണ് .. താഴേക്ക് പോകാനാണോ നീയിങ്ങോട്ട് വന്നത് …..”

” ഓ … ശരിയാണല്ലോ …. സ്റ്റെയർ ആ ഡോറിലല്ലേ … എനിക്കെപ്പോഴും മാറിപ്പോകും .. ” ശബരി ചിരിച്ചു കൊണ്ട് തലയിലൊന്ന് കൊട്ടി ..

വിനയ് യും ചിരിച്ചു ……..

* * * * * * * * * * * * * * * *

പിറ്റേന്ന് മുതൽ വിനയ് വിവാഹത്തിന്റെ തിരക്കിലായിരുന്നു … ഹോസ്പിറ്റലിൽ അമലാ കാന്തിയുടെ മുഴുവൻ ചുമതലയും അവൻ ശബരിയെ ഏൽപിച്ചു …….

വൈകുന്നേരത്തോടെ തന്നെ അടുത്ത ബന്ധുക്കളെല്ലാം എത്തിയിരുന്നു …..

പിറ്റേന്ന് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വച്ചായിരുന്നു വിനയ് യുടെയും അഭിരാമിയുടെയും താലികെട്ട് …. ചടങ്ങിന് ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ സംബന്ധിച്ചു …

സെറ്റ് സാരിയായിരുന്നു അഭിരാമിയുടെ വേഷം …. സർവാഭരണ വിഭൂഷിതയായി സുന്ദരിയായി അവൾ ദേവി സന്നിധിയിൽ നിന്നു … അരികിൽ വിനയ് …

വിനയ്ക്ക് എന്തുകൊണ്ടോ ഒരു ഭയമുണ്ടായിരുന്നു ..

9.15 നുളള ശുഭ മുഹുർത്തത്തിൽ വിനയ് അഭിരാമിയുടെ കഴുത്തിൽ താലി കെട്ടി ….. അവൾ കൈകൂപ്പി കണ്ണടച്ചു പ്രാർത്ഥിച്ചു കൊണ്ടാണ് ആ താലി കഴുത്തിലേറ്റു വാങ്ങിയത് …

തൊട്ടടുത്ത ഹാളിൽ അറേഞ്ച് ചെയ്തിരുന്ന വിഭവസമൃദ്ധമായ സദ്യക്ക് ശേഷം 1.45 ടു കൂടി അവൾ വിനയ് യുടെ വീട്ടിലേക്ക് വലതുകാൽ വച്ചു കയറി ….

പിന്നീട് സിറ്റിയിലെ കൺവൻഷൻ സെന്റ്റിൽ വച്ച് ഗ്രാന്റ് റിസപ്ഷൻ അറേഞ്ച് ചെയ്തിരുന്നു …

വന്നയുടൻ തന്നെ അഭിരാമിയെ റിസപ്ഷനു വേണ്ടി ഒരുക്കുന്ന തിരക്കായിരുന്നു … ബ്യൂട്ടിഷൻ അവളെയും കൊണ്ട് റൂമിലേക്ക് കയറി …

മനോഹരമായ കല്ലുകൾ പാകിയ പച്ച ഗൗണായിരുന്നു അവൾ റിസപ്ഷന് അണിഞ്ഞത് … സാരിയേക്കാൾ നന്നായി ആ വേഷം അവൾക്കിണങ്ങുന്നുണ്ടായിരുന്നു …

നാലരയോടെ അവർ കൺവെൻഷൻ സെന്ററിലേക്ക് പോയി …..

വിനയ് യുടെയും അഭിരാമിയുടെയും സഹപ്രവർത്തകരുൾപ്പെടെ ഒരു പാട് പേർ റിസപ്ഷന് എത്തിയിരുന്നു ….

ആദി ആ സമയമൊക്കെ അവന്റെ അച്ഛമ്മയുടെയും പ്രീതാമ്മയുടെയും ശ്രീചേച്ചിയുടെയും കൂടെയായിരുന്നു … ആ സമയങ്ങളിലൊന്നും അല്ലെങ്കിലും അവന് പപ്പ വേണമെന്നില്ല …

എട്ടരയോടെ റിസപ്ഷനവസാനിച്ചു ..

വീട്ടിലെത്തിയപ്പോഴേക്കും എല്ലാവരും നന്നായി ക്ഷീണിച്ചിരുന്നു ….

ഇനി നവദമ്പതികളെ മണിയറയിലേക്ക് പറഞ്ഞു വിട്ടാൽ തങ്ങളുടെ കടമ കഴിഞ്ഞുവെന്ന് ആരോ തമാശയായി പറഞ്ഞു ….

ആദിയെ അന്ന് അച്ഛമ്മയുടെ കൂടെ കൊണ്ടുപോകാമെന്ന് മുതിർന്നവർ തീരുമാനിച്ചു …

വസ്ത്രങ്ങളൊക്കെ മാറ്റി കുളിച്ച് ഫ്രഷായി , ഒരു ക്രോപ് ടോപ്പും ലോങ്ങ് സ്കർട്ടും ധരിച്ചു കൊണ്ട് അഭിരാമി താഴേക്കിറങ്ങി വന്നു .. പ്രീതയുടെ സെലക്ഷനായിരുന്നു ആ ഡ്രസ് ..

സരളയുടെ കയ്യിലിരുന്ന് ആദി അവളെ സൂക്ഷിച്ചു നോക്കി …

” എന്താടാ ചക്കരെ നോക്കുന്നേ … മോന്റെ മമ്മയാണ് …. ” പ്രീത അവന്റെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു …

അഭിരാമി ഹൃദ്യമായി ചിരിച്ചു …

” മോളൊന്ന് എടുത്ത് നോക്കിയേ … വരുമോന്നറിയാല്ലോ …” സരള പറഞ്ഞു ..

അഭിരാമി അവന്റെ നേരെ കൈനീട്ടി….

അവൻ മുഖം തിരിച്ചു കളഞ്ഞു .. ഒപ്പം കൈ രണ്ടും പിന്നിലേക്ക് മാറ്റി സരളയുടെ നെഞ്ചിലേക്ക് ഒന്ന് കൂടി കുറുകി ….

” അച്ചോടാ … മോൻ മറന്നു പോയോ … നമ്മൾ മമ്മയുടെ വീട്ടിലൊക്കെ പോയതല്ലേ ….. ” സരള അവനെ കൊഞ്ചിച്ചു …

അഭിരാമി പുഞ്ചിരിച്ചു …

പ്രീത അപ്പോഴേക്കും ഒരു ഗ്ലാസിൽ പാലുമായി വന്നു …

” ദാ … ആമി …… നീയിതുമായി റൂമിലേക്ക് പൊയ്‌ക്കോ …. അവനെയിപ്പോ പറഞ്ഞു വിടാം ….. ഞാൻ വരണോ മുകളിലേക്ക് .. ” പ്രീത ചോദിച്ചു …

” വേണ്ട ചേച്ചി .. ഞാൻ പൊയ്ക്കോളാം …..”

എങ്കിലും പ്രീത ശ്രിയയെക്കൂടി അവൾക്കൊപ്പം വിട്ടു ….

അഭിരാമി പാലുമായി സ്റ്റെപ് കയറി മുകളിലേക്ക് പോയി …

ആദിയെ എവിടെ കിടത്തുമെന്നോ , ആരുടെയൊപ്പം ഉറങ്ങുമെന്നോ ഒന്നും അവൾ അന്വേഷിച്ചില്ലല്ലോ എന്ന് സരള മനസിലോർത്തു ..

തന്റെയൊരാളിന്റെ പിടിവാശിക്കുമേലാണ് അവനീ വിവാഹത്തിന് സമ്മതിച്ചത് … ഈശ്വരാ താൻ ചെയ്തത് അബദ്ധമാകുമോ എന്നവർ ഒരു നിമിഷം ഭയന്നു ….

ചിലപ്പോ ഈ ദിവസത്തിന്റെ ടെൻഷനും ക്ഷീണവുമൊക്കെ കൊണ്ട് അവൾ മറന്നതുമാവാം … അവളുടെ ജീവിതത്തിലെ ആദ്യത്തെ വിവാഹരാത്രിയാണ് .. അതിന്റെ പേടിയുമുണ്ടാകും … അവർ സ്വയം സമാധാനിച്ചു …

സരളയുടെ കൈയിലിരുന്ന് ആദി കുഞ്ഞു വാ തുറന്ന് കോട്ടുവായിട്ടു ..

അപ്പോഴേക്കും പ്രീതയും വിമലും കൂടി വിനയ് യെ അകത്തേക്ക് കൂട്ടിക്കൊണ്ട് വന്നു …

വിനയ് യെ കണ്ടതും ആദി രണ്ടും കൈയും നീട്ടി അവന്റെ നേരെ ആഞ്ഞു ….

” അയ്യോ …. ആദിയിന്ന് അച്ഛമ്മയുടെ കൂടെയല്ലേ ഉറങ്ങുന്നേ ….. ” സരള അവനെ സമാധാനിപ്പിച്ചു ..

പകലൊക്കെ അവൻ മറ്റുള്ളവർക്കൊപ്പം നിൽക്കും .. പക്ഷെ രാത്രി ഉറങ്ങാൻ നേരം അവൻ പപ്പയെ തിരക്കും .. വിനയ് നൈറ്റ് ഡ്യൂട്ടിയിലായിരിക്കുമ്പോഴൊക്കെ ആദിയെ ഉറക്കാൻ സരള നന്നേ പാട് പെടാറുണ്ട് ..

വിനയ് ആദിയുടെ നേർക്ക് വന്നു ..

” നീ പൊയ്ക്കോ … അവനെ ഞങ്ങൾ നോക്കിക്കോളാം … ” പ്രീത പറഞ്ഞു ..

പക്ഷെ ആദി വാശി പിടിച്ചു വിനയ് ക്ക് നേരെ ചാടിക്കൊണ്ടിരുന്നു …

” അവനെന്റെ കൂടെ വരട്ടെയമ്മേ ….” വിനയ് പറഞ്ഞു ..

” കയറിപ്പോടാ …..” സരളയവനെ രൂക്ഷമായി നോക്കി …

” നീ ചെല്ല് …ഇവിടെ ഞങ്ങളില്ലേ … നീയില്ലാതെ അവനുറങ്ങുന്നത് ആദ്യത്തെ സംഭവമൊന്നുമല്ലല്ലോ ….” വിമൽ അവന്റെ മുതുകത്ത് തട്ടി …

വിനയ്ക്ക് അനുസരിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ … മനസില്ലാ മനസോടെ വിനയ് മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി …

അടുത്ത നിമിഷം ആദി അവനെ കൂട്ടാതെ മുകളിലേക്ക് പോകുന്ന പപ്പയെ നോക്കി നിലവിളിച്ചു കരയാൻ തുടങ്ങി ….

” പപ്പാ………. പപ്പാ ………” അവന്റെ കരച്ചിൽ ആ വീട് മുഴുവനുയർന്നു …..

വിനയ് സ്വിച്ചിട്ടത് പോലെ നിന്നു …

അവന്റെ കാതുകൾക്ക് ആ കരച്ചിൽ അവഗണിക്കുവാനുള്ള ശക്തിയില്ലായിരുന്നു …

അവൻ തിരിഞ്ഞ് സ്റ്റെപ്പിറങ്ങി താഴെ വന്നു …

സരളയുടെ കൈയിൽ നിന്ന് മകനെ പിടിച്ചു വാങ്ങി നെഞ്ചിലേക്ക് ചേർത്തു … .

ആ നിമിഷം ആദിയുടെ കരച്ചിൽ നിന്നു ….

അവൻ വിനയ് യുടെ നെഞ്ചിലേക്ക് തല ചാച്ചു …

വിനയ് അവനുമായി സ്‌റ്റെപ്പ് കയറി ….

മണിയറയിൽ അഭിരാമി വിനയ്ക്കായി കാത്തിരിക്കുകയായിരുന്നു …

ആദ്യരാത്രിക്കു വേണ്ടി അലങ്കരിച്ച മണിയറയിലേക്ക് മകനെയുമെടുത്തു കൊണ്ട് ഭർത്താവ് കടന്നു വരുന്നത് അഭിരാമി കണ്ടു ….

വിനയ് അകത്തു കയറി … കതകടച്ചു …

അഭിരാമി ബെഡിൽ നിന്നെഴുന്നേറ്റു …

(തുടരും )

 

Click Here to read full parts of the novel

4.7/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!